മറന്നു പോയൊരു പ്രസ്ഥാനം: പാനൂരിൽ നിന്ന് പാർലമെന്റ് വരെയുള്ള സോഷ്യലിസ്റ്റ് യാത്ര 

വി. കരുണാകരന്റെ ‘ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം’ എന്ന പുസ്തകത്തെ മുൻനിർത്തി  എഴുതട്ടെ

കരുണാകരൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് കോൺഗ്രസിന്റെ കരുത്തനായ നേതാവ് കെ. കരുണാകരനെയാണ്. ഞാൻ ഏറെ ആരാധിച്ച നേതാവ്. ഇന്ന് കോൺഗ്രസ്സ് പ്രസ്ഥാനത്തോട് അകന്നു നിൽക്കുമ്പോഴും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾക്ക് മങ്ങലേറ്റിട്ടില്ല. എന്നാൽ ഇവിടെ പറയുന്നത് മറ്റൊരു കരുണാകരനെ പറ്റിയാണ് – സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം തപ്പിയെടുത്ത് എഴുതിയ എഴുത്തുകാരൻ വി. കരുണാകരനെ പറ്റി.

ഈ പുസ്തകം ഇറങ്ങിയ വിവരം കോഴിക്കോട് നിന്ന് സുഹൃത്ത് പ്രേംചന്ദ് ആണ് അറിയിച്ചത്. ഇതിന്റെ ഒരു കോപ്പിക്കായി അന്വേഷിച്ചപ്പോൾ റിട്ട. പ്രൊഫസർ മഹേഷ് മംഗലാട്ട് ഒരു കോംപ്ലിമെന്ററി കോപ്പി അയച്ചു തന്നു. ഞാൻ ഈ പുസ്തകം വായിച്ചത് എന്റെ പിതാവ് പുത്തൻപുരയിൽ നാരായണൻ നായർ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകൻ കൂടിയായിരുന്നതുകൊണ്ട് കൂടിയാണ്.

അച്ഛനിൽ നിന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ പറ്റിയും പി.ആർ. കുറുപ്പിനെ പറ്റിയും ഒക്കെ സംസാരിക്കുന്നത് ഞാൻ ഏറെ കേട്ടിട്ടുണ്ട്.

അച്ഛന് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോട് അടുപ്പമുള്ള കുറെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു, അഴിയൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച്.

പലരുടെയും പേരുകൾ എടുത്തു പറയാൻ ബുദ്ധിമുട്ടാണ്.

എങ്കിലും എടുത്തു പറയേണ്ട ചിലരുണ്ട് – ഗോപാലക്കുറുപ്പ്, വാസൂട്ടിയേട്ടൻ, ബാലകൃഷ്ണേട്ടൻ, ശ്രീധരേട്ടൻ.

രാവിലെയായാലും വൈകുന്നേരമായാലും ഇവരൊക്കെ ഒത്തുകൂടുന്ന സ്ഥലം വാസൂട്ടിയേട്ടന്റെ കടയാണ്.

അവിടെ ചർച്ച ചെയ്യാത്ത ഒരു വിഷയവുമില്ലായിരുന്നു.

ആ ഓർമ്മകൾ വെച്ച് വാസൂട്ടിയേട്ടനെ കഥാപാത്രമാക്കി ഒരു ബ്ലോഗ് ചെയ്തിട്ടുണ്ട്

വാസൂട്ടി ദ് ഗ്രെറ്റ് https://chuvannakatukanittamayyazhi.com/2021/07/16/

പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മ, പേജ് 102 – 103 ൽ മയ്യഴി വിപ്ലവത്തെ പറ്റി പറയുമ്പോൾ ശ്രീ മംഗലാട്ട് രാഘവന്റെ പേരിനൊപ്പം “കുമ്മായ രാഘവൻ, കുമ്മായ മുകുന്ദൻ, പുത്തൻ പുരയിൽ നാരായണൻ നായർ, സി.ഇ ഭരതൻ, പി.കെ രാമൻ, ഉസ്മാൻ മാസ്റ്റർ” എന്നീ ചെറിയ പേരുകൾ കൂടി പരാമർശിക്കുന്നു എന്നതാണ്. വലിയ ചരിത്രകാരന്മാർ വിട്ടുകളയുന്ന ചെറിയ പേരുകളാണ് യഥാർത്ഥ ചരിത്രം.

മയ്യഴി – ഇന്ത്യയുടെ ഭൂപടത്തിൽ ഒരു ചെറിയ അടയാളം. പക്ഷെ 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായിട്ടും ഫ്രഞ്ച് പതാക പാറിയ നാട്. ഒരു വശത്ത് സ്വതന്ത്ര ഇന്ത്യയുടെ ത്രിവർണ്ണം, മറുവശത്ത് ഫ്രഞ്ച് ഇന്ത്യയുടെ ത്രിവർണ്ണം.

അന്ന് മയ്യഴിപ്പുഴയിൽ ഒഴുകിയത് വെള്ളം മാത്രമായിരുന്നില്ല. അച്ചുതന്റെയും അനന്തന്റെയും രക്തവും, ദാസന്റെയും ചന്ദ്രികയുടെയും കണ്ണീരും, രണ്ടു രാജ്യങ്ങൾക്കിടയിൽ പെട്ടുപോയ ഒരു ജനതയുടെ ഭയവും പ്രതീക്ഷയും കൂടിയായിരുന്നു.

ദാസനെ പോലെ, കുഞ്ഞനന്തൻ മാഷെ പോലെ, മയ്യഴിയിലെ ഓരോ ചെറുപ്പക്കാരനും രണ്ടു ലോകത്തിനിടയിൽ പെട്ടുനിന്നു – ഒന്ന് ‘ബോൺഷ്വർ’ പറയുന്ന ലോകം, മറ്റൊന്ന് ‘ഇൻക്വിലാബ്’ വിളിക്കുന്ന ലോകം. എന്റെ പിതാവ് രണ്ടാമത്തെ ലോകത്താണ് നിന്നത്.

1948 ലെ മയ്യഴി വിപ്ലവം – എന്റെ പിതാവിന്റെ കഥ എന്നോട് പറയുന്നത് അന്ന് അത് നടന്നില്ലായിരുന്നുവെങ്കിൽ ഞാനും ഒരു ഫ്രഞ്ച് കാരനായിരുന്നേനെ

1948 ൽ ഫ്രഞ്ച് മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ മറവിൽ തിരിച്ചറിയൽ കാർഡ് വിതരണം വൈകിപ്പിക്കുകയും ഒടുവിൽ ഫ്രഞ്ച് വിരോധികൾ എന്നാക്ഷേപിച് തിരിച്ചറിയൽ കാർഡ്   നിഷേധിക്കുകയും ചെയ്തപ്പോൾ ?  വൈകുന്നേരം മറിയാപ്പീസ് പൂട്ടാൻ നേരം വിവരം അന്വേഷിക്കാൻ സമരനേതാവ് ഐ.കെ. കുമാരൻ മാഷ് ഓഫീസിനുള്ളിൽ കയറി. കൂടാതെ ധർണ്ണക്കാരുടെ കൂട്ടത്തിൽനിന്നു (മഹാജന
സഭക്കാരുടെ) നാരായണൻ നായരും കൂടെപ്പോയി

ഫ്രഞ്ച് ഉദ്യോഗസ്ഥരോട് കാര്യമന്വേഷിച്ചു.അദ്ദേഹം കാർഡ് നിഷേധിക്കുക മാത്രമല്ല കുമാരൻ മാഷെ അധിക്ഷേപിക്കുയ്യുകയും, ഉദ്യോഗസ്ഥർ കുമാരൻ മാഷെ കയ്യേറ്റം  ചെയ്തപ്പോൾ? പുത്തൻപുരയിൽ നാരായണൻ നായർക്ക് ദേഷ്യം അടക്കാനായില്ല. അദ്ദേഹം ആ ഉദ്യോഗസ്ഥനെ അടിച്ച് നിലത്തിട്ടു. ഫ്രഞ്ച് ഭരണത്തിൽ അത് മരണത്തെ വിളിച്ചുവരുത്തുന്ന കാര്യമായിരുന്നു. പക്ഷെ, എന്റെ പിതാവ് അത് ചെയ്തു.

തുടർന്നുണ്ടായ ബഹളത്തിൽ കുമ്മായ  രാഘവന്റെ നേതൃത്വത്തിൽ മണ്ണെണ്ണ കൊണ്ടുവന്ന് പൈതൽ നായരും ഒപ്പം കുറെ ആളുകളും കൂടി ഓഫീസിലെ ഫയലുകൾ എടുത്ത് റോഡിലിട്ട് കത്തിച്ചു.

അതോടെ സമരത്തിന്റെ മുഖംതന്നെ മാറി. പുസ്തകം പറയുന്നു – “വെടിയ്ക്ക് വെടി! കത്തിക്ക് കത്തി!” എന്ന് പറഞ്ഞ് ബയണറ്റിന് നേരെ നിന്നവരാണ് മയ്യഴിയിലെ സോഷ്യലിസ്റ്റുകൾ

1948 ലെ മയ്യഴി കലാപത്തിന് നേതൃത്വം കൊടുത്തവരുടെ മുൻപന്തിയിൽ ശ്രീ മംഗലാട്ട് രാഘവന്റെ പേരുണ്ട്.

എന്റെ ഓർമ്മശരിയാണെങ്കിൽ ബഹളം കഴിഞ്ഞു മഹാജന സഭക്കാർ ജാഥയായി മൂപ്പൻ സായ്‌വിന്റെ ഓഫീസിലേക്ക് മാർച്ച് ചെയ്തു. ഇതിനിടയിൽ ഈ വിവരമറിഞ്ഞു മൂപ്പൻസായ്‌വ് ഇവരെ തടയാൻ തോക്കുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. 

പോലീസ് തോക്കുചൂണ്ടി. ജനക്കൂട്ടം പിന്നോട്ട് മാറി.

അതേ നിമിഷം

വിരിമാറ് കാട്ടി “വെക്കടാ വെടി” എന്ന് പറഞ്ഞ് ആൾക്കൂട്ടത്തിൽ നിന്ന് മുന്നോട്ട് അലറി ഓടിയത് മറ്റാരുമായിരുന്നില്ല, ശ്രീ മംഗലാട്ട് രാഘവൻ ആയിരുന്നു.

ഷർട്ട് കീറി, നെഞ്ച് കാട്ടി, ബയണറ്റിന് നേരെ നിന്ന് അദ്ദേഹം അലറി.

അതാണ് മയ്യഴി സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകകരിൽ ഒരാളായ മംഗലാട്ട് രാഘവൻ (1921 – 2021).

1942 ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ ചോമ്പാൽ റെയിൽവേ സ്റ്റേഷൻ കത്തിച്ചതിന് ബ്രിട്ടീഷുകാർ മർദ്ദിച്ച അതേ രാഘവൻ. 1948 ൽ ഫ്രഞ്ച് പോലീസിനെ തോക്കിൻ മുനയിൽ നേരിട്ട് മയ്യഴി ഭരണം പിടിച്ചെടുത്ത വിപ്ലവകാരി.

ആ ഒരു അലർച്ചയോടെ സമരത്തിന്റെ മുഖം മാറി. പിന്നാലെ കുമ്മായ രാഘവേട്ടന്റെ നേതൃത്വത്തിൽ പൈതൽ നായരും കൂട്ടരും മണ്ണെണ്ണ കൊണ്ടുവന്ന് ഫയലുകൾ റോഡിലിട്ട് കത്തിച്ചു.

ആ ധൈര്യത്തിന് ഫ്രഞ്ചുകാർ രാഘവന് 20 വർഷം തടവ് വിധിച്ചു.

ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം അദ്ദേഹം ആയുധം താഴെ വെച്ച് പേന എടുത്തു. മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയൽ സ്റ്റാഫായി. ഫ്രഞ്ച് കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് കേരള സാഹിത്യ അക്കാദമി അവാർഡ് വാങ്ങി. തോക്കിന് മുന്നിൽ നെഞ്ച് കാട്ടിയ മനുഷ്യൻ, പിന്നീട് ഫ്രഞ്ച് കവിതയെ മലയാളത്തിലാക്കിയ കഥാകാരനായി.

101-ാം വയസ്സിൽ 2021 സെപ്റ്റംബർ 4 ന് തലശ്ശേരിയിൽ സ്വവസതിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു.

ഇദ്ദേഹത്തെ പറ്റി എന്റെ ബ്ലോഗിൽ ഞാൻ ഒരോർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.

എന്റെ ഓർമയിലെ ശ്രീ. മംഗലാട്ട് രാഘവേട്ടൻ! https://chuvannakatukanittamayyazhi.com/2021/09/05/

എന്റെ അച്ഛനും അതേ കേസിൽ 20 വർഷത്തിലധികം ശിക്ഷിക്കപ്പെട്ടതിനാൽ പിന്നീട് മയ്യഴിയിൽ ബിസിനസ്സ് നടത്താൻ കഴിയാതെ അഴിയൂരിലേക്ക് മാറേണ്ടി വന്നു.

1948 ഒക്ടോബർ 21ൽ മറ്റൊരു പേരുകൂടി ഓർക്കേണ്ടതുണ്ട് ശ്രി ഉസ്മാൻ മാസ്റ്ററുടേത്

മയ്യഴി മെറിയാപ്പീസിൽ ദേശീയവാദികൾ വിപ്ലവ സമരം നടത്തി. ഒടുവിൽ മയ്യഴിയെ ഫ്രഞ്ചുകാരിൽ നിന്ന് മഹാജനസഭ പിടിച്ചെടുത്തു.

സ്വതന്ത്ര മയ്യഴി പിറന്നു.

പക്ഷെ ആ സ്വാതന്ത്ര്യത്തിന് ഒരാഴ്ചത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

ഫ്രഞ്ച് ഭരണകൂടം പട്ടാളത്തെ ഇറക്കി മയ്യഴി തിരിച്ചു പിടിച്ചു. ദേശീയവാദികൾക്കെതിരെ കേസെടുത്തു.

ഇതോടെ എല്ലാവർക്കും പലായനം ചെയ്യേണ്ടി വന്നു. കുടുംബവുമായി ഇന്ത്യൻ പ്രദേശങ്ങളിലേക്ക് മാറി.

ഉസ്മാൻ മാസ്റ്ററും മറ്റു ചിലരും ഒഴികെ, ബാക്കി എല്ലാ മഹാജനസഭാ പ്രവർത്തകരും മയ്യഴിയുടെ അതിർത്തിക്കപ്പുറത്തേക്ക് താമസം മാറ്റി.

ഉസ്മാൻ മാസ്റ്റർക്ക് വേണ്ടി അമ്മാവൻ അന്ത്രു ഇന്ത്യൻ പ്രദേശമായ പാറാലിൽ വീട് വരെ എടുത്തു കൊടുത്തു.

എന്നിട്ടും അദ്ദേഹം മാറാൻ തയ്യാറായില്ല!

ജയിലിൽ നിന്ന് ഇറങ്ങിയിട്ടും അദ്ദേഹം നേരെ വീട്ടിലേക്ക് പോയില്ല.

അഴിയൂർ മനങ്കര ക്ഷേത്രത്തിനടുത്ത്, അച്ഛൻ താമസിച്ചിരുന്ന ‘മഠത്തിൽ’ എന്ന വീട്ടിലേക്കാണ് ആദ്യം വന്നത്.

അവിടെ കുളിച്ചു, വസ്ത്രം മാറി, ഭക്ഷണം കഴിച്ചിട്ടാണ് സ്വന്തം വീട്ടിലേക്ക് പോയത്.

ഈ കഥകളൊക്കെ ഒരിക്കൽ സി.എച്ച്. ഗംഗാധരൻ ഓൾ ഇന്ത്യാ റേഡിയോ ടീമിനോടൊപ്പം വന്നപ്പോൾ, അച്ഛൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

മയ്യഴി 1954 നവംബർ 1 ന് മയ്യഴി ഇന്ത്യയോട് ചേർന്നു. അതിനു മുൻപ് 1954 ഒക്ടോബർ 18 ന് കീഴൂരിൽ വെച്ച് ഫ്രഞ്ച് ഇന്ത്യയിലെ ജനപ്രതിനിധികളുടെ ഹിതപരിശോധന നടന്നു. 178 പേരിൽ 170 പേരും ഇന്ത്യയോട് ചേരാൻ വോട്ട് ചെയ്തു. ഒക്ടോബർ 21 ന് കരാർ ഒപ്പിട്ടു, നവംബർ 1 ന് അധികാരം കൈമാറി. ഇതിനെയാണ് ‘ഡി ഫാക്ടോ’ ലയനം എന്ന് പറയുന്നത്. നിയമപരമായ ‘ഡി ജൂറി’ ലയനം 1962 ഓഗസ്റ്റ് 16 നാണ്.

1954 ന് ശേഷം മയ്യഴി പുതുച്ചേരിയുടെ ഭാഗമായി. 1963 ൽ പുതുച്ചേരി യൂണിയൻ ടെറിട്ടറിയായി. ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് 1964 ലായിരുന്നു. ആ തിരഞ്ഞെടുപ്പിൽ ഐ.കെ. കുമാരൻ മാസ്റ്റർ വെറും 13 വോട്ടിന് തോറ്റു. പക്ഷെ 1969 ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ച് മയ്യഴിയുടെ ആദ്യത്തെ എം.എൽ.എമാരിൽ ഒരാളായി. ജനങ്ങൾ അദ്ദേഹത്തെ ‘മയ്യഴിയുടെ ഗാന്ധി’ എന്നാണ് വിളിച്ചിരുന്നത്.

ശ്രീ. ഐ. കെ. കുമാരൻ മാസ്റ്റർ എന്റെ ഓർമ്മയിലൂടെ … https://chuvannakatukanittamayyazhi.com/2021/07/26/

വി. കരുണാകരന്റെ പുസ്തകം വായിക്കുമ്പോൾ നമ്മൾ ഓർക്കുന്നത് കോൺഗ്രസ്സിനും കമ്മ്യൂണിസത്തിനും ഇടയിൽ മൂന്നാമതൊരു വഴി സ്വപ്നം കണ്ട ഒരു തലമുറയെയാണ്. ഇന്ന് നമ്മൾ കാണുന്ന സോഷ്യലിസ്റ്റ് പാർട്ടികൾ, ഇടതു പാർട്ടികൾ ഒക്കെ ഉണ്ടായത് കോൺഗ്രസ്സിന്റെ ഉദരത്തിൽ നിന്നാണ്.

1934 ൽ CSP ഉണ്ടായതിന് ചില പ്രധാന കാരണങ്ങൾ ഉണ്ടെന്നു വിശ്വസിക്കുന്നു:

ഗാന്ധിജിയുടെ രീതിയോടുള്ള മടുപ്പ്: 1930 – 1932 കാലത്തെ ഉപ്പുസത്യാഗ്രഹം, നിസ്സഹകരണം ഒക്കെ വലിയ ആവേശമായി. പക്ഷേ പെട്ടെന്ന് ഗാന്ധിജി സമരം നിർത്തി വൈസ്രോയിയുമായി ഒത്തുതീർപ്പുണ്ടാക്കും. 1931 ലെ ഗാന്ധി – ഇർവിൻ ഉടമ്പടി, 1934 ൽ സമരം പിൻവലിച്ചത്!  ഇതൊക്കെ യുവാക്കളിൽ വലിയ നിരാശ ഉണ്ടാക്കി. “സ്വാതന്ത്ര്യം വെറും അധികാര കൈമാറ്റമല്ല, സാമൂഹിക നീതി കൂടി വേണം” എന്ന് അവർ ചിന്തിച്ചു.

മറ്റൊരു കാരണം 1929 ലെ ലോക സാമ്പത്തിക തകർച്ച: അമേരിക്കൻ മുതലാളിത്തം തകർന്നു.

എന്നാൽ സോവിയറ്റ് റഷ്യയിൽ പഞ്ചവത്സര പദ്ധതികൾ വിജയിക്കുന്നു. കേരളത്തിലെപ്പോലെ ഇന്ത്യയിലെ കർഷകർക്കും തൊഴിലാളികൾക്കും ജന്മിമാരുടെയും ബ്രിട്ടീഷുകാരുടെയും ചൂഷണം സഹിക്കാൻ വയ്യാതായി. മുതലാളിത്തം അല്ല, സോഷ്യലിസം ആണ് പരിഹാരം എന്ന് യുവാക്കൾ വിശ്വസിച്ചു.

നെഹ്റു അന്ന് കോൺഗ്രസ്സിനുള്ളിലെ ഇടതുപക്ഷത്തിന്റെ ഹീറോ ആയിരുന്നു. യൂറോപ്പിൽ പോയി സോഷ്യലിസ്റ്റ് ആശയങ്ങൾ കണ്ടു വന്ന അദ്ദേഹം 1929 ലെ ലാഹോർ കോൺഗ്രസ്സിൽ “പൂർണ്ണ സ്വരാജ്യം” മാത്രമല്ല “സോഷ്യലിസ്റ്റ് സമൂഹം” കൂടി വേണമെന്ന് പറഞ്ഞു. ജയപ്രകാശ് നാരായണൻ, നരേന്ദ്രദേവ്, അച്യുത പടവർദ്ധൻ ഇവരൊക്കെ നെഹ്റുവിന്റെ ആശയങ്ങളാൽ ആകർഷിക്കപ്പെട്ടവരാണ്.

അന്ന് കോൺഗ്രസ്സിനുള്ളിൽ സർദാർ പട്ടേൽ, രാജേന്ദ്രപ്രസാദ്, രാജാജി തുടങ്ങിയ വലതുപക്ഷ യാഥാസ്ഥിതികർക്ക് വലിയ പിടിയുണ്ടായിരുന്നു. അവർ ജന്മിമാരെയും വ്യവസായികളെയും പിണക്കാൻ ഇഷ്ടപ്പെട്ടില്ല. അതിനെതിരെ കോൺഗ്രസ്സിനുള്ളിൽ തന്നെ ഒരു സമ്മർദ്ദ ഗ്രൂപ്പ് (Pressure Group) ആയിട്ടാണ് CSP രൂപം കൊണ്ടത്. കോൺഗ്രസ്സ് വിടാനല്ല, കോൺഗ്രസ്സിനെ ഇടത്തോട്ട് തിരിക്കാനായിരുന്നു ലക്ഷ്യം.

ചുരുക്കത്തിൽ  “രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടിയിട്ട് കാര്യമില്ല, അത് കർഷകനും തൊഴിലാളിക്കും ഭക്ഷണം കൊടുക്കുന്നില്ലെങ്കിൽ” എന്ന ചിന്തയാണ് പി.ആർ. കുറുപ്പിനെപ്പോലുള്ളവരെ കോൺഗ്രസ്സ് സോഷ്യലിസ്റ്റാക്കിയത്.

സ്വാതന്ത്ര്യം ലഭിച്ചതോടെ നെഹ്റുവിന്റെ സോഷ്യലിസത്തിൽ ഘട്ടം ഘട്ടമായുള്ള മാറ്റങ്ങൾ കണ്ടുതുടങ്ങി. 1962 ന് ശേഷം ഇൻഡോ – ചൈന തോൽവിയോടെ പൂർണ്ണമായും മാറി. 1962 ലെ ചൈന യുദ്ധത്തിലെ തോൽവി നെഹ്റുവിനെ ആകെ തളർത്തി. അമേരിക്കയെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങി.

“ലാഹോറിൽ സോഷ്യലിസം പറഞ്ഞ നെഹ്റു, ഡൽഹിയിൽ എത്തിയപ്പോൾ മിക്സഡ് എക്കോണമിയുടെ ആളായി.”

അതുകൊണ്ടാണ് 1967 ൽ ഒരുകാലത്ത് നെഹ്റുവിനെ നെഞ്ചിലേറ്റിയ സോഷ്യലിസ്റ്റുകൾ തന്നെ ഇ.എം.എസിനൊപ്പം ചേർന്ന് ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ്സിനെതിരെ സപ്തകക്ഷി മുന്നണി ഉണ്ടാക്കിയത്.

കേരളത്തിൽ ഈ പ്രസ്ഥാനത്തിന് രണ്ട് മുഖങ്ങളുണ്ടായിരുന്നു.

തെക്കൻ കേരളത്തിൽ മത്തായി മാഞ്ചൂരാൻ, എൻ. ശ്രീകണ്ഠൻ നായർ, ബേബി ജോൺ തുടങ്ങിയവർ ചേർന്ന് ഉണ്ടാക്കിയ കേരള സോഷ്യലിസ്റ്റ് പാർട്ടി (KSP).

വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് കണ്ണൂരിൽ, ശക്തമായത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ആയിരുന്നു.

കേരളത്തിൽ പി.എസ്.പി എന്നാൽ പട്ടം താണുപിള്ള മാത്രമായിരുന്നില്ല. പട്ടത്തിന്റെ മന്ത്രിസഭയെ നിലനിർത്തിയതും നിയമസഭയിൽ ഇടതുപക്ഷ സർക്കാരിനെ വിമർശിച്ചതും മലബാറിൽ നിന്നുള്ള ഒരു കൂട്ടം യുവാക്കളായിരുന്നു.

ഫ്രഞ്ച് ഭരണ പ്രദേശമായ മാഹിയിൽ എന്റെ പിതാവ് അടക്കം കുറെ യുവാക്കൾ പി.എസ്.പിയിൽ ആകൃഷ്ടരായി പി.ആർ. കുറുപ്പിനോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്നു.

1915 ൽ പാനൂരിനടുത്ത് പുത്തൂരിൽ ജനിച്ച പുത്തൻപുരയിൽ രാമുണ്ണി കുറുപ്പ്, കോൺഗ്രസ്സിലൂടെയാണ് രാഷ്ട്രീയത്തിൽ വന്നത്. പിന്നീട് പൂർണ്ണമായും സോഷ്യലിസ്റ്റായി. അദ്ദേഹത്തെ ഓർക്കുന്നത് രണ്ട് കാരണങ്ങളാലാണ് – കാട്ടാമ്പള്ളി സമരവും മലബാർ കിസാൻ പഞ്ചായത്തിന്റെ പ്രസിഡന്റ് എന്ന നിലയിലും.

കണ്ണൂരിനടുത്ത് കണ്ണൂർ പഴയങ്ങാടി റൂട്ടിൽ ഏകദേശം 2000 ഏക്കറോളം വരുന്ന കായൽ നിലം.. കടലിനോട് ചേർന്ന് കിടക്കുന്ന വിശാലമായ തരിശുനിലം. വർഷക്കാലത്ത് വെള്ളം കയറി കായലായി, വേനലിൽ ഉപ്പുവെള്ളം കെട്ടിനിൽക്കുന്ന സ്ഥലം. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ചിറക്കൽ കോവിലകത്തിനും കാട്ടാമ്പള്ളി തറവാട്ടിലെ ജന്മിമാർക്കുമായിരുന്നു. പക്ഷേ കൃഷി ചെയ്തിരുന്നില്ല.

1950 കളിൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഭക്ഷ്യക്ഷാമം രൂക്ഷം. സർക്കാർ പറയുന്നു “തരിശ് നിലങ്ങൾ കൃഷി ചെയ്യുക”. പക്ഷേ ജന്മിമാർ കാട്ടാമ്പള്ളി കായലിൽ ആരെയും കൃഷി ചെയ്യാൻ അനുവദിച്ചില്ല. പാട്ടം കൊടുക്കില്ല, കൃഷി ചെയ്യാൻ സമ്മതിക്കില്ല, എന്നാൽ തരിശായി ഇടുകയും ചെയ്യും.

അന്നാണ് പി.ആർ. കുറുപ്പ് ഇടപെടുന്നത്. പാനൂർ, പെരിങ്ങളം, കൊളവല്ലൂർ, കൂത്തുപറമ്പ് മേഖലയിലെ കർഷകരെ “ഭൂമി കൃഷി ചെയ്യുന്നവന്” എന്ന മുദ്രാവാക്യത്തിൽ അണിനിരത്തി.

1954 മുതൽ 1957 വരെ ജന്മിമാർ തരിശായി ഇട്ടിരുന്ന ഭൂമിയിൽ കർഷകർ കൂട്ടമായി ഇറങ്ങി നെൽകൃഷി തുടങ്ങി. ജന്മിമാർ അതിനെ “അതിക്രമ കൃഷി” എന്ന് വിളിച്ചു, പോലീസിനെ വിളിച്ചു. ലാത്തിച്ചാർജ്ജും അറസ്റ്റും ഉണ്ടായി. കുറുപ്പ് ഉൾപ്പെടെ നൂറുകണക്കിന് കർഷകർ ജയിലിലായി.

പക്ഷേ ഈ സമരം കേരളമെങ്ങും വാർത്തയായി. ഈ സമരകാലത്താണ് കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും തമ്മിലുള്ള അപൂർവ്വ സൗഹൃദം ഉണ്ടാകുന്നത്. ഇ.എം.എസിന് അറിയാമായിരുന്നു കമ്മ്യൂണിസ്റ്റുകാർക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന്, അതുകൊണ്ട് PSPയെ കൂടെ നിർത്താൻ അദ്ദേഹം ശ്രമിച്ചു.

PSPക്കാരെ “വഴിതെറ്റിയ സഖാക്കൾ” ആയാണ് കണ്ടത്. എ.കെ.ജി സമരവേദികളിൽ PSPക്കാർക്കൊപ്പം നിന്നു. താഴെത്തട്ടിൽ ആ സഹകരണം ഉണ്ടാക്കിയത് കണ്ണൂർ – കോഴിക്കോട് ജില്ലകളുടെ ചുമതലയുണ്ടായിരുന്നത് ഇ.കെ. നായനാർക്കായിരുന്നു.

ഈ സമ്മർദ്ദം ഫലം കണ്ടു. 1957 ൽ ഇ.എം.എസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യം ചെയ്ത കാര്യങ്ങളിൽ ഒന്ന് കാട്ടാമ്പള്ളി കായൽ ഏറ്റെടുത്ത് കർഷകർക്ക് പതിച്ചു നൽകുക എന്നതായിരുന്നു.

ഇതേ പോരാട്ടം തൊട്ടടുത്ത മാഹിയിലും കണ്ടു. മാഹി അന്ന് ഫ്രഞ്ചുകാരുടെ കൈവശമായിരുന്നു. പെരിങ്ങളത്തു നിന്ന് 10 കിലോമീറ്റർ മാത്രം അകലെയുള്ള മാഹിയുടെ വിമോചനത്തിന് ഭക്ഷണവും ഒളിസങ്കേതവും കൊടുത്തത് ഈ കർഷകർ തന്നെയായിരുന്നു എന്ന കേട്ടറിവ്

അങ്ങനെ അഭയം കൊടുത്ത ഒരു തറവാടായിരുന്നു കോവ്ക്കൽ തറവാട് തറവാട്ടു കാരണവർ കോവ്ക്കൽ ബാലൻ

കോവുക്കൽ ചരിത്രവും … ഫ്രാൻസിൽ നിന്നുമുള്ള ഒരറിവും… https://chuvannakatukanittamayyazhi.com/2021/07/27/

ഇതോടെയാണ് കാട്ടാമ്പള്ളി സമരം കേരളത്തിലെ ആദ്യത്തെ ഭൂസമര വിജയങ്ങളിലൊന്നായി മാറിയത്. കയ്യൂർ, കരിവെള്ളൂർ, കാവുമ്പായി സമരങ്ങളുടെ തുടർച്ചയായിട്ടാണ് ചരിത്രകാരന്മാർ ഇതിനെ കാണുന്നത്. ചുരുക്കത്തിൽ, കാട്ടാമ്പള്ളി സമരം ജന്മിത്തത്തിനെതിരായ വെറും ഒരു സമരമായിരുന്നില്ല, കൃഷി ചെയ്യാൻ ഭൂമി വേണം എന്ന അടിസ്ഥാന മനുഷ്യാവകാശത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു.

പിന്നീടുള്ള കഥ എല്ലാവർക്കും അറിയാം. 1964 ൽ CPI(M) ഉണ്ടായപ്പോൾ പി.ആർ. കുറുപ്പ് ഉൾപ്പെടെയുള്ള PSPക്കാരിൽ പലരും ഇടതുപക്ഷത്തേക്ക് വന്നു. പെരിങ്ങളത്തു നിന്നും കൂത്തുപറമ്പിൽ നിന്നുമായി 1957 മുതൽ 1996 വരെ ആറു തവണ അദ്ദേഹം നിയമസഭയിൽ എത്തി.

1967 ൽ ഇ.എം.എസിന്റെ സപ്തകക്ഷി മന്ത്രിസഭയിൽ ജലസേചന – സഹകരണ മന്ത്രിയും, 1996 – ൽ നായനാരുടെ മന്ത്രിസഭയിൽ വനം – ഗതാഗത മന്ത്രിയുമായി. കക്ഷി മാറിയെങ്കിലും ആശയം മാറാത്ത നേതാവ് എന്നാണ് എതിരാളികൾ പോലും അദ്ദേഹത്തെ വിളിച്ചത്.

1969 ൽ തന്നെ കേരള രാഷ്ട്രീയത്തിൽ ഒരു ചാണക്യ നീക്കം നടന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന കെ. കരുണാകരന്റെ ബുദ്ധിയിലാണ് സി. അച്യുതമേനോന് മന്ത്രിസഭ രൂപീകരിക്കാൻ വേണ്ട വഴി തുറന്നത്. സോഷ്യലിസ്റ്റ് നിരയിലെ കരുത്തരായ പി.ആർ. കുറുപ്പിനെയും കെ.എം. സൂപ്പിയെയും അടർത്തിയെടുത്തു. അവരുടെ പിന്തുണയോടെ കോൺഗ്രസ്സിന്റെ പുറത്തുനിന്നുള്ള പിന്തുണയിൽ അച്യുതമേനോൻ ഭരണം പിടിച്ചു.

എന്നാൽ ആ സഭയ്ക്കും അധിക കാലം ആയുസ്സുണ്ടായിരുന്നില്ല. തുടർന്ന് നിയമസഭ പിരിച്ചുവിട്ടു.

ഇത് ഇപ്പോൾ ഇവിടെ എടുത്തു പറയാൻ കാരണമുണ്ട്. ഒരുകാലത്ത് ഭാരതം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്സ്. “ഏഴു കക്ഷികൾ ഒന്നിക്കുമ്പോൾ ഭരണം കിട്ടിയാൽ തമ്മിലടിക്കും” എന്നായിരുന്നു അന്ന് കോൺഗ്രസ്സിന്റെ പരിഹാസ മുദ്രാവാക്യം. കാലം അതിനെ ശരിവെച്ചു. കൃത്യം 2 വർഷം 8 മാസം കൊണ്ട് ആ മഹാ മുന്നണി നിലംപതിച്ചു. മുന്നണിക്കുള്ളിലെ അനൈക്യവും വടംവലിയുമായിരുന്നു കാരണം.

കാലം മാറി. ഇന്ന് ആ കോൺഗ്രസ്സ് തന്നെ ഏഴിന്റെ നാലിരട്ടി, 28 പാർട്ടികളെ ചേർത്ത് ഒരു മുന്നണി ഉണ്ടാക്കിയിരിക്കുന്നു – INDIA മുന്നണി. അന്ന് 7 പേരെ കളിയാക്കിയവർ, ഇന്ന് 28 പേരെ ചേർത്തിട്ടും തെരഞ്ഞെടുപ്പിൽ ഒരു ഗതി കിട്ടുന്നില്ല. ഇപ്പോൾ ആ മുന്നണിയിൽ 28 ഉണ്ടോ, 26 ഉണ്ടോ, അതോ 23 ആയി ചുരുങ്ങിയോ? നേതാവാര്? മുന്നണി നിലവിൽ ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്ന അവസ്ഥയല്ലേ?

പി ആർ കുറുപ്പിനെ പറ്റി പറയുമ്പോൾ കെ എം സൂപ്പിയെ പറ്റി പറയേണ്ടിയിരിക്കുന്നു കെ.എം. സൂപ്പി – കുറുപ്പിന്റെ നിഴലിൽ നിന്ന് ഉയർന്ന സഹയാത്രികൻ

പി.ആർ. കുറുപ്പ് എന്ന് പറയുമ്പോൾ ഒപ്പം പറയേണ്ട പേരാണ് കെ.എം. സൂപ്പിയുടേത്. കുറുപ്പിന്റെ വിശ്വസ്തൻ, സന്തത സഹചാരി. പെരിങ്ങളം എന്ന മണ്ഡലം രണ്ടു പേരുടെയും കോട്ടയായിരുന്നു. കുറുപ്പ് മാറുമ്പോൾ സൂപ്പി, സൂപ്പി മാറുമ്പോൾ കുറുപ്പ്.

ഇരുവരും തമ്മിലുള്ള ഈ കൈമാറ്റം 1973 ൽ കേരള രാഷ്ട്രീയത്തെ തന്നെ മാറ്റിമറിച്ചു.

സി. അച്യുതമേനോൻ മന്ത്രിസഭയ്ക്ക് ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവുണ്ടായിരുന്ന സമയം. അന്ന് പി.ആർ. കുറുപ്പിന്റെയും കെ.എം. സൂപ്പിയുടെയും നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ഗ്രൂപ്പ് പാനൂർ ഹൈസ്കൂളിൽ വെച്ച് കോൺഗ്രസ്സിൽ ലയിച്ചു.

ആ തീരുമാനം അച്യുതമേനോൻ സർക്കാരിനെ രക്ഷിച്ചു. പാനൂരിലെ പി.ആർ. മന്ദിരം – 1972 ൽ അരങ്ങിൽ ശ്രീധരൻ തറക്കല്ലിട്ട്, 1974 ൽ എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത ആ കെട്ടിടം – ഈ രാഷ്ട്രീയ മാറ്റത്തിന്റെ സ്മാരകമാണ്.

സൂപ്പി കുറുപ്പിന്റെ ഏറ്റവും വിശ്വസ്തനായിരുന്നു. 1970 ൽ കുറുപ്പ് പെരിങ്ങളം സീറ്റ് ഒഴിഞ്ഞു കൊടുത്തിട്ടാണ് സൂപ്പിയെ ISP സ്ഥാനാർത്ഥിയായി മത്സരിപ്പിച്ച് ജയിപ്പിച്ചത്.

കെ. കരുണാകരൻ കോൺഗ്രസ്സിലേക്ക് കൊണ്ടുവന്നപ്പോഴും ഇരുവരും ഒന്നിച്ചാണ് കോൺഗ്രസ്സിൽ ചേർന്നത്.

പിന്നീട് രാഷ്ട്രീയം മാറി. കുറുപ്പ് കോൺഗ്രസ്സ് വിട്ട് ജനതാ പാർട്ടിയിലും പിന്നീട് ജനതാദളിലും ആയി. സൂപ്പി മുസ്ലിം ലീഗിൽ ഉറച്ചുനിന്നു.

അങ്ങനെ പെരിങ്ങളത്ത് കെ.എം. സൂപ്പിയും പി.ആർ. കുറുപ്പും തമ്മിൽ നടന്ന തിരഞ്ഞെടുപ്പുകൾ കേരളം കണ്ട വാശിയേറിയ സൗഹൃദ മത്സരങ്ങളായിരുന്നു. വ്യക്തിഹത്യയില്ലാത്ത, തികച്ചും ആശയങ്ങൾ തമ്മിലുള്ള പോരാട്ടം.

1991ൽ സൂപ്പി 1649 വോട്ടിന് ജയിച്ചിടത്ത്, 1996 ലെ പെരിങ്ങളം തെരഞ്ഞെടുപ്പ് – നേർക്കുനേർ പോരാട്ടം:
പി.ആർ. കുറുപ്പ് – ജനതാദൾ (JD) – 51,921 വോട്ട്
കെ.എം. സൂപ്പി – മുസ്ലിം ലീഗ് (IUML) – 37,841 വോട്ട്
കുറുപ്പ് 14,080 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തന്റെ പഴയ ശിഷ്യനെ തോൽപ്പിച്ചു.

വടകരയുടെ രാഷ്ട്രീയ ചരിത്രം പറയുമ്പോൾ അരങ്ങിൽ ശ്രീധരനെ മറക്കാനാവില്ല. 1923 ൽ വടകരയിൽ ജനിച്ച അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തിലൂടെയാണ് വന്നത്.

1946 ൽ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു, പിന്നീട് 1948 ൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ടപ്പോൾ അതിൽ അംഗമായി.

1960ൽ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള PSP മുന്നണി സർക്കാർ രൂപീകരിക്കപ്പെട്ടപ്പോൾ അദ്ദേഹം PSP യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് 1969 -1972 കാലഘട്ടത്തിൽ അരങ്ങിൽ ശ്രീധരൻ (കേരള SSP യിൽ നിന്ന് പിരിഞ്ഞുണ്ടായ) ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചെയർമാനും, 1980 – 1984 ൽ ജനതാ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റും, 1987-1990 ൽ ജനതാദളിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു.

1990 ൽ വി.പി. സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ കേന്ദ്ര വാണിജ്യ സഹമന്ത്രിയായി. ജനതാദളിന്റെ സംസ്ഥാന പ്രസിഡന്റ് വരെ ആയി ഉയർന്ന അപൂർവ്വം മലബാറുകാരിൽ ഒരാളായിരുന്നു അദ്ദേഹം. കോവ്ക്കൽ തറവാടുമായും ബന്ധമുണ്ട്

അരങ്ങിൽ ശ്രീധരൻ https://chuvannakatukanittamayyazhi.com/2026/10/09/

മയ്യഴിയിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായ മംഗലാട്ട് രാഘവൻ?

1948 ൽ ഫ്രഞ്ച് പോലീസിനെ തോക്കിൻ മുനയിൽ നേരിട്ട് മയ്യഴി ഭരണം പിടിച്ചെടുത്ത വിപ്ലവകാരി. 20 വർഷം തടവ് ശിക്ഷ കിട്ടിയ നേതാവ്. 1942 ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ ചോമ്പാൽ റെയിൽവേ സ്റ്റേഷൻ കത്തിച്ച കേസിൽ ബ്രിട്ടീഷ് പോലീസ് പിടിച്ച് മർദ്ദിച്ചു.

മയ്യഴി സ്വതന്ത്രമായ ശേഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയൽ സ്റ്റാഫായി. ഫ്രഞ്ച് കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് കേരള സാഹിത്യ അക്കാദമി അവാർഡ് വാങ്ങി. 101-ാം വയസ്സിൽ 2021 സെപ്റ്റംബർ 4-ന് അന്തരിച്ചു.

അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച മറ്റൊരു നേതാവായിരുന്നു പി.കെ. രാമൻ. മയ്യഴിയിലും പള്ളൂരിലും പന്തക്കലിലും ചെമ്പ്രയിലും ജനപിന്തുണ നേടിയ അദ്ദേഹം വെറും ഒരു എം.എൽ.എ ആയിരുന്നില്ല.

ഫ്രഞ്ച് ഭരണകാലത്ത് മയ്യഴിയിൽ ഒരു കൃഷ്ണക്ഷേത്രം പോലും ഇല്ലായിരുന്നു. അന്ന് ഹിന്ദുക്കൾക്ക് പ്രാർത്ഥിക്കാൻ ഒരു പൊതു സ്ഥലം വേണം എന്ന് ആഗ്രഹിച്ച് ശ്രീ പി.കെ. രാമൻ തന്റെ കുടുംബ വക ഭൂമിയിൽ നിന്ന് കുറച്ച് സ്ഥലം നൽകി ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരു ചെറിയ ഭജന സമിതി തുടങ്ങി – മയ്യഴി ശ്രീകൃഷ്ണ ഭജന സമിതി.

ആ ചെറിയ ഭജന സമിതിയാണ് പിന്നീട് ഇന്ന് നാം കാണുന്ന മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രമായി മാറിയത്.

‘മലബാറിലെ കൊച്ചു ഗുരുവായൂർ’ എന്നാണ് ഇന്ന് വിളിക്കുന്നത്. അതിന്റെ പ്രത്യേകത എന്തെന്നാൽ, അവിടെ ശ്രീകൃഷ്ണൻ മാത്രമല്ല, ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി എന്നിവരുടെ പ്രതിമകളും ഉണ്ട്.

ശ്രീകൃഷ്ണ ഭജന സമിതിയിൽ നിന്നും ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് …. https://chuvannakatukanittamayyazhi.com/2021/08/29/

1959 ൽ PSP യിൽ നിന്ന് പള്ളൂരിൽ നിന്ന് ജയിച്ച് തുടങ്ങി, പിന്നീട് കോൺഗ്രസ്സിൽ ചേർന്നു. മയ്യഴിയിൽ കോൺഗ്രസ്സ് നേതാവ് സി.ഇ. ഭരതൻ മന്ത്രിയായപ്പോൾ, പള്ളൂരിൽ PSP നേതാവ് പി.കെ. രാമൻ ജനങ്ങളുടെ നേതാവായി. രണ്ടു പേരും രണ്ട് പാർട്ടിയിൽ ആയിരുന്നെങ്കിലും മയ്യഴിയെ ഫ്രഞ്ചിൽ നിന്ന് ഭാരതത്തിലേക്ക് കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിച്ചു.

അവസാന കണ്ണി – പി.ആർ. കുറുപ്പിൽ നിന്ന് കെ.പി. മോഹനനിലേക്ക്

പി.എസ്.പി നേതാവായ പി.കെ. രാമൻ മയ്യഴിയിൽ സ്ഥാപിച്ച ശ്രീകൃഷ്ണ ഭജന സമിതിയും, പി.ആർ. കുറുപ്പ് കൂത്തുപറമ്പിലും പെരിങ്ങളത്തും വളർത്തിയ സോഷ്യലിസ്റ്റ് പ്രസ്ഥാനവും ഒരേ വേരിൽ നിന്നുള്ളതാണ്. ആ വേരിൽ നിന്നാണ് കെ.പി. മോഹനൻ വന്നത്.

മോഹനന്റെ രാഷ്ട്രീയ പ്രവേശനം അച്ഛന്റെ പേരിൽ പെട്ടെന്ന് എം.എൽ.എ ആയതല്ല. ISO (Indian Socialist Organisation) എന്ന സോഷ്യലിസ്റ്റ് വിദ്യാർത്ഥി സംഘടനയിൽ ചേർന്നു, അവിടെ സ്റ്റേറ്റ് ട്രഷറർ ആയി. പിന്നീട് ജനതാ പാർട്ടി വന്നപ്പോൾ യുവജനതയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി.

7 വർഷം കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ആയി. രാഷ്ട്രീയത്തിന് മുൻപ് ‘പടയണി’ എന്ന സായാഹ്ന പത്രത്തിന്റെ ചീഫ് എഡിറ്റർ ആയിരുന്നു. കുറച്ചു കാലം ഖത്തറിൽ ഫോട്ടോഗ്രാഫി, കളർ ലാബിലും ജോലി ചെയ്തു.

2001 ൽ അച്ഛൻ പി.ആർ. കുറുപ്പ് മരിച്ച അതേ വർഷം, അച്ഛന്റെ തട്ടകമായ പെരിങ്ങളം മണ്ഡലത്തിൽ നിന്ന് ആദ്യമായി എം.എൽ.എ ആയി – ജനതാദൾ (എസ്) ടിക്കറ്റിൽ. 2006 ൽ വീണ്ടും പെരിങ്ങളത്ത് നിന്ന് ജയിച്ചു. 2011ൽ മണ്ഡലം ഇല്ലാതായി, കൂത്തുപറമ്പിലേക്ക് മാറി.

അവിടെ നിന്ന് ജയിച്ച് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രി ആയി (2011 – 2016). 2021ൽ വീണ്ടും കൂത്തുപറമ്പിൽ നിന്ന് എൽ.ഡി.എഫിനൊപ്പം നിന്ന് ജയിച്ചു  ഇപ്പോൾ RJD/LJD നേതാവ്.

അടിയന്തരാവസ്ഥയാണ് എല്ലാം മാറ്റിയത്. 1977 ൽ എല്ലാ സോഷ്യലിസ്റ്റ് പാർട്ടികളും ചേർന്ന് ജനതാ പാർട്ടിയായി. പിന്നീട് അത് ജനതാദളായി. കേരളത്തിൽ PSP എന്ന പേര് ഇല്ലാതായി. നേതാക്കൾ പല വഴിക്ക് പോയി. ചിലർ കോൺഗ്രസ്സിൽ, ചിലർ ഇടതുപക്ഷത്ത്, ചിലർ ജനതാദളിൽ.

ഇന്ന് പാനൂരിൽ ആ പഴയ സോഷ്യലിസ്റ്റ് ഓഫീസുകൾ ഇല്ല. പക്ഷേ, ജന്മിത്തത്തിനെതിരെ, കർഷകർക്ക് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുടെ ഓർമ്മകൾ ഇപ്പോഴും ആ മണ്ണിൽ ഉണ്ട്.

അക്കാലത്ത് നാട്ടിൽ ഒരു ചൊല്ലുണ്ടായിരുന്നു – “കുറുപ്പിന്റെ ഉറപ്പ് പോലെ”. കുറുപ്പ് പറഞ്ഞാൽ അത് നടക്കും.

ജലസേചന മന്ത്രി ആയിരുന്നപ്പോൾ കാട്ടാമ്പള്ളി കായലിൽ കർഷകർക്ക് വെള്ളം എത്തിക്കുമെന്ന് പറഞ്ഞ് അത് നടപ്പാക്കിയതിൽ നിന്ന് വന്ന വിശ്വാസമാണത്.

അതുകൊണ്ടാണ് ഫ്രഞ്ച് മയ്യഴിയിലെ സോഷ്യലിസ്റ്റ് ചിന്ത ഇന്നും കൂത്തുപറമ്പിൽ ജീവിക്കുന്നു എന്ന് പറയുന്നത്.

ഒരു കുറിപ്പ്:

ഈ ലേഖനം തയ്യാറാക്കാൻ വി. കരുണാകരൻ്റെ പുസ്തകം, നിയമസഭാ രേഖകൾ, പഴയ പത്രവാർത്തകൾ എന്നിവ ആധാരമാക്കിയിട്ടുണ്ട്. ഒപ്പം

എന്റെ അച്ഛൻ ശ്രീ. സി.എച്ച്. ഗംഗാധരനോടും ഓൾ ഇന്ത്യാ റേഡിയോ ഡോക്യുമെന്ററി ടീമിനോടും പറഞ്ഞ കാര്യങ്ങൾ, എന്റെ ഓർമ്മയിൽ നിന്ന് എടുത്ത് എഴുതിയതാണ്.

ശ്രീ. ഉസ്മാൻ മാസ്റ്ററുടെയും മാധവക്കുറുപ്പിനേയും പോലെ, മയ്യഴി വിമോചന സമരത്തിൽ പങ്കെടുത്ത് അറിയാതെ പോയ ഒട്ടേറെ പേരുണ്ട്.

അവരുടെ അനുഭവങ്ങൾ ഇതുവരെ വെളിച്ചത്ത് വന്നിട്ടില്ല.

നമ്മുടെ തലമുറയോടെ അത് ഇല്ലാതാകും.

അറിയാവുന്നവർ ആ കഥകൾ പങ്കുവെച്ചാൽ, എല്ലാം ചേർത്ത് ഒരു പുസ്തകമാക്കാം.

അറിയാവുന്നവർ പങ്കുവെക്കും എന്ന വിശ്വാസത്തോടെ.

ഈ ലേഖനത്തിൽ ചില പിഴവുകൾ കണ്ടേക്കാം, ക്ഷമിക്കുക. മൺമറഞ്ഞു പോകാവുന്ന ഒരു ചരിത്രമാണ് എഴുതുന്നത്. തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ പറയുക, തിരുത്താൻ തയ്യാറാണ്.

എം ബാബു ജയപ്രകാശ്

Leave a Comment