Time Taken To Read 5 Minutes
ദിവസങ്ങളായി സോഷ്യൽ മീഡിയയിലും പത്രങ്ങളിലും നിറഞ്ഞുനിൽക്കുന്ന പ്രാധാന്യമുള്ള വാർത്തയാണ് മയ്യഴി സെന്റ് തെരേസാ ചർച്ചിന് മാർപാപ്പ ബസിലിക്ക എന്ന ശ്രേഷ്ഠ പദവി നൽകി അംഗീകരിച്ചത്. മയ്യഴിയെ സംബന്ധിച്ചിടത്തോളം നാനാ മതസ്ഥർക്കും ഇനിമുതൽ സെന്റ് തെരേസാ ചർച്ച്, സെന്റ് തെരേസാ ബസിലിക്കയായി അറിയപ്പെടും.
പുതുതായി ലഭിച്ച ശ്രേഷ്ഠ പദവിയെക്കുറിച്ച് മയ്യഴിയിലെ ജനപ്രതിനിധി ശ്രീ. രമേഷ് പറമ്പത്തും, മയ്യഴിയുടെ കഥാകാരൻ ശ്രീ. എം. മുകുന്ദനും, മയ്യഴി ഇടവക വികാരി റവ. ഫാ. വിൻസന്റ് പുളിക്കലും സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള വാർത്തകളും വായിച്ചു.
ഈ വാർത്തകളൊക്കെ വായിച്ചപ്പോൾ ബസിലിക്ക എന്നത് എന്തെന്നറിയാത്ത എനിക്കും ഏറെ സന്തോഷം തോന്നി. കാരണം എന്റെ ചെറുപ്പകാലം ഏറെയും ചെലവഴിച്ചത് ഈ പള്ളിയിലും അതിനോട് ചേർന്നുള്ള ചായിപ്പ് പോലുള്ള കെട്ടിടത്തിലുമായിരുന്നു. പിന്നീട് ഈ സ്ഥലത്ത് ലോഡ്ജും കന്യാമഠവും സ്കൂളും ഇപ്പോൾ കമ്മ്യൂണിറ്റി ഹാളുമൊക്കെയായി വളർന്നിരിക്കുന്നു.
ഇപ്പോൾ ആ ചെറിയ വലിയ പള്ളി ബസിലിക്കയായി തീർന്നതിൽ സന്തോഷമുണ്ടെങ്കിലും അത്രത്തോളം സങ്കടവുമുണ്ട്. അതിന്റെ കാരണം ഒടുവിൽ എഴുതാം. ഒരു മതേതര രാജ്യത്ത് ആ കാരണം എഴുതാമോ എന്ന് ചോദിക്കുന്നവരുണ്ടാകാം, എങ്കിലും എഴുതണമെന്ന് എന്റെ ബോധ്യം എന്നെ പ്രേരിപ്പിക്കുന്നു.
ബസിലിക്കയെപ്പറ്റി പല വാർത്തകളും വായിച്ചെങ്കിലും എല്ലാം സമാനമായ വാർത്തകൾ തന്നെ. ഇതിൽ കൂടുതൽ ഈ വിഷയത്തെപ്പറ്റി വായനക്കാർക്കും വിശ്വാസികൾക്കും എന്ത് അറിവ് നൽകാൻ പറ്റും എന്ന ചിന്തയിൽ, ഗൂഗിളിലെ വിവിധ സൈറ്റുകളിൽ നിന്നും ലഭിച്ച വിവരത്തിന്റെ ഒരു ചെറു വിവരണം എന്റേതായ ശൈലിയിലൂടെ നിങ്ങളിലെത്തിക്കാനുള്ള ശ്രമം. അപാകതകൾ കണ്ടേക്കാം. അത് ചൂണ്ടിക്കാണിച്ച് തിരുത്താനുള്ള അവകാശം വായിക്കുന്നവർക്ക് നൽകി എന്റെ അറിവ് എഴുതട്ടെ.
ആദ്യം നമുക്ക് ചാപ്പലും പള്ളിയും കത്തീഡ്രലും ബസിലിക്കയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം. ആശുപത്രികൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ സാധാരണയായി ചെറിയ പ്രാർത്ഥനാലയങ്ങൾ നാം കണ്ടിട്ടുണ്ടാകും. മയ്യഴി പള്ളിയെപ്പറ്റി ‘പള്ളിയും പള്ളിക്കൂടവും’ എന്നതിൽ ഒരു ചെറു വിവരണം എഴുതിയിരുന്നു. ഇതിനെ ചാപ്പലുകൾ എന്ന വിശേഷണത്തിലാണ് അറിയപ്പെടുന്നത്. ഇവ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ചാപ്പലുകളും പള്ളികളും ആളുകൾ ആരാധനയ്ക്കായി പോകുന്ന മതപരമായ ഇടങ്ങളാണ്.
ഒരു കത്തീഡ്രൽ ഒരു രൂപതയുടെ പ്രധാന പള്ളി കെട്ടിടവും ബിഷപ്പിന്റെ ഇരിപ്പിടവും കൂടിയാണ്. ‘ഇരിപ്പിടം’ എന്നർത്ഥമുള്ള ലാറ്റിൻ പദത്തിൽ നിന്നാണ് ‘കത്തീഡ്രൽ’ എന്ന വാക്ക് വന്നത്. കത്തീഡ്രലുമായി ബന്ധപ്പെട്ട് പറയുമ്പോൾ, ഒരു കൂട്ടം പള്ളികളുടെ നേതാവായ ബിഷപ്പ് വസിക്കുന്ന സ്ഥലം, അഥവാ ബിഷപ്പിന്റെ ‘അധികാരത്തിന്റെ ഇരിപ്പിടം’ എന്ന നിലയിലും കത്തീഡ്രലിനുള്ളിലെ ‘കത്തീഡ്ര’ എന്ന അദ്ദേഹത്തിന്റെ യഥാർത്ഥ കസേരയായും കത്തീഡ്രലിന്റെ രൂപകങ്ങളായി കരുതിപ്പോരുന്നു.
ബസിലിക്ക എന്നത് ഒരു പുരാതന ക്രൈസ്തവ ആരാധനാലയത്തിന്റെ പ്രാധാന്യവും കാലപ്പഴക്കവും ചരിത്രവും ആചാരരീതികളും സന്ദർശകരുടെ ബാഹുല്യവും അതിന്റെ വലിപ്പവും സൗകര്യങ്ങളും ഒക്കെ വിലയിരുത്തി നൽകുന്ന ബഹുമതിയാണ്. റോമൻ കത്തോലിക്കാ, ഗ്രീക്ക് ഓർത്തഡോക്സ് സഭകളിൽ ഒരു വിശുദ്ധനോ മാർപാപ്പയോ ഒരു ആരാധനാലയത്തെ ബസിലിക്കയായി നാമകരണം ചെയ്യാം. ഈ ശീർഷകം ലഭിക്കുന്നതോടെ സഭയ്ക്ക് അഭിമാനകരമായ പദവികളും ഭൂമിശാസ്ത്രപരമായ അധികാരപരിധിയും അന്താരാഷ്ട്ര പദവിയും ലഭിക്കുന്നു. ഇത് ഉൾക്കൊള്ളുന്നതിലൂടെ അത്തരം ദേവാലയങ്ങളും അത് സ്ഥിതിചെയ്യുന്ന പ്രദേശവും തീർത്ഥാടകരെക്കൊണ്ട് നിറയും എന്നതിൽ സംശയമില്ല. അതിലൂടെ ഒരു ദേശത്തിന്റെ പ്രശസ്തി ലോകം മുഴുവൻ അറിയപ്പെടും എന്നതിൽ നമ്മൾ മയ്യഴിക്കാർക്കും അഭിമാനിക്കാം.
നിലവിൽ രണ്ട് തരം ബസിലിക്കകളുണ്ട്: ബസിലിക്ക മേജർ, ബസിലിക്ക മൈനർ. ബസിലിക്ക മേജർ എന്നുള്ളത് മാർപാപ്പയുടെ അധീനതയിലുള്ള നാല് പള്ളികൾക്കായി സംവരണം ചെയ്തിരിക്കുന്നു. അതേസമയം യോഗ്യമെന്ന് കരുതുന്ന ഏത് പള്ളിക്കും ബസിലിക്ക മൈനർ പദവി നൽകിവരുന്നു.
സെന്റ് ജോൺ ലാറ്ററന്റെ ആർച്ച് ബസിലിക്ക, സെന്റ് പീറ്റേഴ്സ് ബസിലിക്ക, സെന്റ് പോൾ ഔട്ട്സൈഡ് ദ വാൾസ്, ബസിലിക്ക ഡി സാന്താ മരിയ മജോരെ എന്നിവയാണ് പ്രധാന ബസിലിക്കകൾ.
സെന്റ് നിക്കോളാസിന്റെ ബസിലിക്ക, ഹോളി ഹൗസിന്റെ ബസിലിക്ക, ജപമാലയുടെ മാതാവിന്റെ ദേവാലയം എന്നിവ പ്രസിദ്ധമായ മൈനർ ബസിലിക്കകളാണ്. പോപ്പിന്റെ ഈ പ്രഖ്യാപനത്തിലൂടെ മയ്യഴിയിലെ ഈ ക്രൈസ്തവ ദേവാലയവും ബസിലിക്കയായി അറിയപ്പെടും.
ഇന്ത്യയിൽ 29 ബസിലിക്കകളുണ്ട്. അതിൽ 24 എണ്ണം ലത്തീൻ സഭയുടേതും, 4 എണ്ണം സീറോ-മലബാർ കത്തോലിക്കാ സഭയുടേതും, 1 എണ്ണം സീറോ-മലങ്കര കത്തോലിക്കാ സഭയുടേതുമാണ്. ഇന്ത്യയിലെ എല്ലാ ബസിലിക്കകളും മൈനർ ബസിലിക്കകളാണ്.
ചരിത്രപരമായി വിശകലനം ചെയ്യുമ്പോൾ, ബസിലിക്ക എന്നത് പുരാതന റോമിൽ ഒരു പ്രത്യേക വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച കെട്ടിടങ്ങളെ വിളിച്ചുവന്ന പേരായിരുന്നു. എന്നാൽ കാലക്രമേണ, ഈ പദം ഒരു നിശ്ചിത രൂപകൽപ്പനയുള്ള ക്രിസ്തീയ ദേവാലയങ്ങളെ പരാമർശിക്കുന്നതിലേക്ക് മാറി.
രൂപംകൊണ്ടും ആകാരംകൊണ്ടും വിലയിരുത്തുമ്പോൾ, ബസിലിക്കകൾ പൊതുവെ ദീർഘചതുരാകൃതിയിലോ ചതുരാകൃതിയിലോ ആയിരിക്കും. സഭയുടെ ഭൂരിഭാഗം ആളുകളെയും ഭക്തരെയും ഉൾക്കൊള്ളാൻ ഉദ്ദേശിച്ചുള്ള ഒരു മർമ്മപ്രധാനമായ ഇടനാഴി പള്ളി കെട്ടിടത്തിന്റെ മധ്യഭാഗത്തുണ്ടാകും. സൈഡ് ഇടനാഴികൾ, വലിയ കൽത്തൂണുകളും ആർച്ചുകളും, കമാനങ്ങൾ, ബലിപീഠത്തിനായി ഉയർത്തിയ പ്ലാറ്റ്ഫോം, ഉയരവും ആകർഷകവുമായ അകത്തളങ്ങൾ എന്നിവയൊക്കെ ഒരുക്കിയ പ്രാർത്ഥനാലയമാണിത്. ക്രിസ്തീയ വാസ്തുവിദ്യയിൽ ബസിലിക്കകൾ പ്രാധാന്യമർഹിക്കുന്നു. പ്രധാനപ്പെട്ട മതപരമായ ചടങ്ങുകൾക്ക് സാധാരണയായി ഇവ ഉപയോഗിക്കുന്നു.
ക്രിസ്തുമതത്തിന്റെയും കത്തോലിക്കാ പാരമ്പര്യത്തിന്റെയും ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ ബസിലിക്ക, പരമ്പരാഗതമായി യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ തലവനും അന്ത്യോക്യയിലെ ആദ്യത്തെ ബിഷപ്പുമായിരുന്ന വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലമാണെന്ന് വിശ്വസിക്കുന്നു. റോമിലെ ബിഷപ്പ് എന്ന നിലയിൽ അദ്ദേഹത്തെ ആദ്യത്തെ മാർപാപ്പയായി കണക്കാക്കുന്നു.
ക്രിസ്തുമതത്തെ റോമിലെ പ്രധാന മതമാക്കിയ കോൺസ്റ്റന്റൈൻ ചക്രവർത്തി കോൺസ്റ്റാന്റിനോപ്പിൾ സൃഷ്ടിച്ചു. അത് പിന്നീട് ലോകത്തിലെ ഏറ്റവും ശക്തമായ നഗരങ്ങളിലൊന്നായി മാറി. ഏകദേശം എ.ഡി. 280 മുതൽ 337 വരെ ജീവിച്ചിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തി റോമൻ സാമ്രാജ്യത്തെ പ്രധാന പരിവർത്തനങ്ങൾക്ക് വിധേയമാക്കി.
റോമൻ സാമ്രാജ്യത്തിന്റെ നാണയ സമ്പ്രദായം പുനഃസംഘടിപ്പിക്കുന്നത് മുതൽ റോമിന്റെ സായുധ സേനയെ പുനഃക്രമീകരിക്കുന്നത് വരെയുള്ള സുപ്രധാന മതേതര പരിഷ്കാരങ്ങളുടെ ഒരു പരമ്പരയ്ക്കും കോൺസ്റ്റന്റൈൻ ഉത്തരവാദിയായിരുന്നു. 330-ൽ കോൺസ്റ്റാന്റിനോപ്പിളിനെ തന്റെ പുതിയ സാമ്രാജ്യത്വ തലസ്ഥാനമായി സമർപ്പിച്ചതാണ് അദ്ദേഹത്തിന്റെ കിരീട നേട്ടം. തുർക്കിയിലെ ഈ പ്രദേശം പിന്നീട് അധിനിവേശത്തിലൂടെ ഇസ്താംബൂൾ എന്ന പേരിൽ തുർക്കിയുടെ പ്രധാന നഗരമായി മാറി.
റോമിലും ‘ന്യൂ റോം’ ആയ കോൺസ്റ്റാന്റിനോപ്പിളിലും കോൺസ്റ്റന്റൈന്റെ ഉത്തരവുകൾക്ക് കീഴിലാണ് ട്രാൻസെപ്റ്റുകളുള്ള ആദ്യത്തെ ബസിലിക്കകൾ നിർമ്മിച്ചത്. ഗ്രിഗറി നസിയാൻസെൻ ആദ്യമായി ഒരു കുരിശിന്റെ സാദൃശ്യം ചൂണ്ടിക്കാണിച്ചു. അങ്ങനെ, ഒരു ക്രിസ്തീയ പ്രതീകാത്മക തീം പുറജാതീയ സിവിൽ മാതൃകകളിൽ നിന്ന് കടമെടുത്ത ഒരു രൂപത്തിന് തികച്ചും സ്വാഭാവികമായി പ്രയോഗിക്കപ്പെട്ടു.
പല ബസിലിക്കകളും അവരുടെ രൂപതയുടെ കത്തീഡ്രലായി പ്രവർത്തിക്കുന്നു, എന്നാൽ എല്ലാ ബസിലിക്കകളും കത്തീഡ്രലുകളല്ല. മുകളിൽ പറഞ്ഞതുപോലെ ബസിലിക്കകളെ ‘മേജർ’ ബസിലിക്കകളും ‘മൈനർ’ ബസിലിക്കകളും എന്ന് തരംതിരിച്ചിട്ടുണ്ട്. പോപ്പിനുള്ള ചരിത്രപരമായ പ്രാധാന്യത്തെ അടിസ്ഥാനമാക്കി നാല് പ്രധാന ബസിലിക്കകൾ മാത്രമേയുള്ളൂ. അവയെല്ലാം റോമിലാണ്. ഇന്ന് റോം രൂപതയിലുള്ള നാലെണ്ണം മാത്രമാണ് പ്രധാന ബസിലിക്കകളായി അറിയപ്പെടുന്നത്: സെന്റ് ജോൺ ലാറ്ററൻ, സെന്റ് പീറ്റേഴ്സ്, സെന്റ് പോൾ ഔട്ട്സൈഡ് ദ വാൾസ്, സെന്റ് മേരി മേജർ എന്നിവയാണ് പ്രധാന ബസിലിക്കകൾ.
ആദ്യത്തെ മാർപാപ്പയായ പത്രോസ് അപ്പോസ്തലന്റെയും മറ്റ് 91-ഓളം ബിഷപ്പുമാരുടെയും അന്ത്യവിശ്രമസ്ഥലമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക. ഇറ്റാലിയൻ വാസ്തുവിദ്യാ വിദഗ്ധൻ മൈക്കലാഞ്ചലോ രൂപകൽപ്പന ചെയ്ത ഈ പുരാതന കെട്ടിടം പ്രശസ്തമായ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നിൽക്കുന്നു. ഒരു ക്ലാസിക്കൽ ഇറ്റലി പര്യടനത്തിന്റെ ഹൈലൈറ്റ് ആകുമെന്ന് തീർത്ഥാടകർ പറയുന്നതിൽ അതിശയമില്ല.
ബസിലിക്ക എന്ന പദം ഉരുത്തിരിഞ്ഞത് ‘രാജകീയ കോടതി’ എന്നർത്ഥമുള്ള ഒരു ഗ്രീക്ക് പദത്തിൽ നിന്നാണ് — രാജാവ് തന്റെ ഭരണം നിർവഹിച്ചിരുന്ന സ്ഥലം. കത്തോലിക്കാ ലോകത്ത്, മാർപാപ്പ അംഗീകരിക്കുകയും പ്രത്യേക പദവികൾ നൽകുകയും ചെയ്ത ഒരു ദേവാലയ കെട്ടിടമാണ് ബസിലിക്ക.
സെന്റ് പീറ്റേഴ്സ് ബസിലിക്ക, റോമിലെ മറ്റ് പ്രധാന ദേവാലയങ്ങൾ, പ്രത്യേകിച്ച് സെന്റ് ജോൺ ലാറ്ററന്റെ ആർച്ച് ബസിലിക്ക, സാന്താ മരിയ സോപ്ര മിനർവ, ബസിലിക്ക ഡി സാന്താ മരിയ മജോരെ, അല്ലെങ്കിൽ ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലെ മറ്റ് ദേവാലയങ്ങൾ എന്നിവിടങ്ങളിലാണ് നിലവിലുള്ള മിക്ക മാർപാപ്പമാരുടെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കീഴിലുള്ള ഒരു സ്ഥലമാണ് സെന്റ് പീറ്റേഴ്സിന്റെ ശവകുടീരം. അതിൽ നിരവധി ശവകുടീരങ്ങളും, സെന്റ് പീറ്റേഴ്സിന്റെ ശവകുടീരത്തിന്റെ സ്മരണയ്ക്കായി വത്തിക്കാൻ അധികാരികൾ നിർമ്മിച്ച ഒരു ഘടനയും ഉൾപ്പെടുന്നു.
ഒരു ദേവാലയം ബസിലിക്കയാകണമെങ്കിൽ, അത് വത്തിക്കാനിലേക്ക് ശുപാർശ ചെയ്യണം. പള്ളിയുടെ ആരാധനാക്രമം, കൂദാശകൾ, വലിപ്പം, പ്രശസ്തി, സൗന്ദര്യം, ദൗത്യം എന്നിവയൊക്കെ പരിഗണിച്ച് സഭ യോഗ്യമാണോ എന്ന് തീരുമാനിക്കും. അതിനുശേഷമാണ് ബസിലിക്കയായി പ്രഖ്യാപിക്കുന്നത്.
ഇത്രയും എഴുതി പൂർത്തീകരിക്കാൻ ഗൂഗിളിലെ പല വിവരങ്ങളോടും കടപ്പെട്ടിരിക്കുന്നു.
ഇനി എന്റെ ബോധ്യത്തെ അലോസരപ്പെടുത്തുന്നതിനെപ്പറ്റി എഴുതാതെ പോവുന്നത് ശരിയല്ല. ഇനി ഇത് വായിച്ചിട്ട് ഞാൻ ഒരു മതവാദിയാണെന്ന് വിലയിരുത്തിയാൽ, അത്തരം വിലയിരുത്തൽ ഞാൻ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞ് തുടങ്ങട്ടെ.
മതേതര ഭാരതത്തിൽ എല്ലാ മതങ്ങൾക്കും ഒരുപോലെ ഭാരതത്തിന്റെ ഭരണഘടനാ സ്വാതന്ത്ര്യത്തിനനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. എങ്കിലും ഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹത്തിനിടയിലെ കാപട്യം നിറഞ്ഞ ചിന്താഗതിക്കാരെ നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു എന്ന് പറയാതെ വയ്യ. അതിന് ഒരുപാട് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്.
ഉദാഹരണത്തിന്, ഒരു കോൺഗ്രസ് നേതാവിന്റെ നെറ്റിയിലെ ചന്ദനക്കുറിയും ഭസ്മപ്രസാദവും അപ്രത്യക്ഷമായതും, അതേച്ചൊല്ലിയുള്ള വിവാദങ്ങളും നമ്മൾ വായിച്ചതും കേട്ടതുമാണല്ലോ. പറഞ്ഞുവരുന്നത്, ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള ശ്രീരാമഭക്തരും അവിടത്തെ ഭരണാധികാരികളും ഉപാധികളില്ലാതെ അംഗീകരിക്കുന്ന ഒരു ചരിത്ര മുഹൂർത്തത്തിന് ഭാരതം സാക്ഷിയാകാൻ പോകുകയാണ്.
സമൂഹത്തിലെ മുഖ്യധാരാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ ക്ഷണിക്കുന്ന ഈ സന്ദർഭത്തിൽ, അതിനെപ്പോലും ആർ.എസ്.എസിന്റെയും തീവ്ര ഹിന്ദുത്വത്തിന്റെയും ഭാഗമായി ചിത്രീകരിച്ച് ‘വെടക്കാക്കി തനിക്കാക്കുന്ന’ ഒരു പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്.
ക്ഷണം ലഭിച്ച രാഹുൽ ഗാന്ധിയും ഖാർഗെയും മാതാ അമൃതാനന്ദമയിയും മോഹൻലാലും ഒക്കെ ഇന്ന് ത്രിശങ്കു സ്വർഗത്തിലാണ്! എന്ത് തീരുമാനമെടുക്കണമെന്നറിയാതെ.
ഇന്നലത്തെ ബസിലിക്ക വിഷയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ലേഖനമെഴുതിയ ലേഖകനും, അതിനെ അനുമോദിച്ചെഴുതിയ ബഹുമാനപ്പെട്ട എം.എൽ.എയും എന്റെ സുഹൃത്തുമായ ശ്രീ. രമേഷും, മയ്യഴിയുടെ കഥാകാരനായ ശ്രീ. മുകുന്ദേട്ടനും ഏറെ ചരിത്രപ്രാധാന്യമുള്ള അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെപ്പറ്റി എഴുതാൻ എന്തേ വൈമനസ്യം? ഇവരുടെ ഈ വൈരുദ്ധ്യം നിറഞ്ഞ മതേതരത്വം എന്നെ ഏറെ വിഷമിപ്പിക്കുന്നു എന്ന് പറഞ്ഞ് നിർത്തട്ടെ.
ബസിലിക്കയെയും ശ്രീരാമക്ഷേത്രത്തെയും താരതമ്യം ചെയ്യുന്നില്ല, ചെയ്യാൻ സാധിക്കുകയുമില്ല. ക്രിസ്തീയ ബസിലിക്കകളിലെയും ശ്രീരാമക്ഷേത്രം പോലെയുള്ള ഹിന്ദു ക്ഷേത്രങ്ങളിലെയും ആചാരങ്ങൾ തമ്മിൽ പ്രധാനപ്പെട്ട വ്യത്യാസങ്ങളുണ്ട്. എന്നാൽ ആരാധനയുടെ അർത്ഥത്തിൽ ചില സമാനതകൾ നമുക്ക് കാണാൻ സാധിക്കും.
ക്രിസ്തീയ ബസിലിക്കകളിൽ വിശുദ്ധരെ വണങ്ങുമ്പോഴും ആരാധനയുടെ കേന്ദ്രശ്രദ്ധ സാധാരണയായി പരിശുദ്ധ ത്രിത്വത്തിലും — പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് — യേശുക്രിസ്തുവിലും ആണ്. വ്യക്തികൾക്കും ദൈവത്തിനും ഇടയിലുള്ള മധ്യസ്ഥരായാണ് വിശുദ്ധർ പലപ്പോഴും കണക്കാക്കപ്പെടുന്നത്.
ശ്രീരാമക്ഷേത്രം ഉൾപ്പെടെയുള്ള ഹൈന്ദവ ക്ഷേത്രങ്ങളിൽ, ശ്രീരാമനെപ്പോലുള്ള ദേവതകളെ ആരാധിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹിന്ദുമതം വൈവിധ്യമാർന്ന ദേവതാസങ്കൽപ്പങ്ങളെ ഉൾക്കൊള്ളുന്നു. ക്ഷേത്രങ്ങൾ ഈ ദേവതകളോടുള്ള ഭക്തിയുടെയും ആചാരങ്ങളുടെയും സ്ഥലങ്ങളായി വർത്തിക്കുന്നു.
അതിനാൽ, ബസിലിക്കകളിലും ഹിന്ദു ക്ഷേത്രങ്ങളിലും ആരാധന ഉൾപ്പെടുന്നുവെങ്കിലും, ആരാധനാ വസ്തുക്കളും മതപരമായ ആചാരങ്ങളും രണ്ട് പാരമ്പര്യങ്ങൾക്കിടയിൽ കാര്യമായ വ്യത്യാസമുണ്ട്.
അപ്പോൾ വായനക്കാരിൽ ഒരു സംശയം അവശേഷിക്കും: ഏതിനാണ് പ്രാധാന്യം എന്ന്?
അപ്പോഴും പറയട്ടെ:
ക്രൈസ്തവർക്ക് ബത്ലഹേം പോലെ, മുസ്ലിങ്ങൾക്ക് മക്ക പോലെ, ഹൈന്ദവർക്ക് പുണ്യപാവനകേന്ദ്രങ്ങളാണ് രാമജന്മഭൂമിയും കൃഷ്ണജന്മഭൂമിയും.
ഇതു മാനിക്കുമ്പോഴേ യഥാർത്ഥ മതേതരത്വമാകൂ.
“വസുധൈവ കുടുംബകം”
“ലോകാ സമസ്താ സുഖിനോ ഭവന്തു”
“അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി”
“ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം”
മഠത്തിൽ ബാബു ജയപ്രകാശ്….. ✍ My Watsapp Contact No. 9500716709



Thank you Babu for the detailed information. I knew the difference,only when I visited Rome early 90s. Your analysis at the end is super-duper bitter truth !!!
LikeLike
Thank you Venuvettaa
LikeLike