Time Taken to Read 10 Minutes Maximum
സുരേഷ് ഒന്തമിറങ്ങി നേരേ ചാത്തുവേട്ടന്റെ പീടിക ലക്ഷ്യമാക്കി നടന്നു. വെയിലിന്റെ കാഠിന്യം കൂടുതലായിട്ടുണ്ട്. കുട ചൂടിയതിനാൽ അല്പം ആശ്വാസമുണ്ട്. നേരെ നടന്ന് കടയിലേക്ക് കയറി. രണ്ടുപേർ ഇരിക്കുന്നുണ്ട് അവിടെ. “ചാത്തുവേട്ടനില്ലേ?” എന്ന് ചോദിച്ചപ്പോൾ, “ഉണ്ട്, അടുക്കളയിലാണ്” എന്ന് പറഞ്ഞു. ഇരുത്തം കണ്ടിട്ട് രണ്ടുപേരും ഊണ് കഴിക്കാൻ വന്നതാണെന്ന് മനസ്സിലായി. സുരേഷ് സെൽഫോണിൽ സമയം നോക്കി. മണി ഒന്നാകാൻ പോവുന്നു.
അലമാരയിലെ വിഭവങ്ങളൊക്കെ തീരാറായിരിക്കുന്നു. അടുക്കളയിൽനിന്ന് വറുത്ത മീനിന്റെയും സാമ്പാറിന്റെയും മണം വരുന്നുണ്ട്. കറിയിൽ വറുത്തിടുന്നതിന്റെ മണവും കൂടി മൂക്കിലടിച്ചപ്പോൾ അറിയാതെ ഒന്ന് തുമ്മി. തുടർന്ന് രണ്ടുമൂന്നു പ്രാവശ്യം ആവർത്തിച്ചപ്പോൾ, ഊണ് കഴിക്കാനിരുന്നവരുടെ മുഖഭാവം കണ്ടാലറിയാം അവർക്ക് ഒരസൗകര്യക്കേടുള്ളത് പോലെ. ഒരുപക്ഷേ സുരേഷിന് അങ്ങനെ തോന്നിയതായിരിക്കാം.
അകത്തുനിന്ന് ദേഷ്യത്തിലുള്ള സംസാരവും ശബ്ദവും കേട്ടപ്പോൾ മനസ്സിലായി ഊണ് റെഡിയായിക്കൊണ്ടിരിക്കുന്നേയുള്ളൂവെന്ന്. ചാത്തുവേട്ടൻ കമലേട്ടത്തിയോട് ഉച്ചത്തിൽ ശബ്ദമുയർത്തി സംസാരിക്കുന്നത് കേൾക്കാം.
ശ്രദ്ധിച്ചപ്പോൾ മനസ്സിലായി ഊണ് താമസിക്കുന്നതിലുള്ള ദേഷ്യമാണെന്ന്. അല്പസമയത്തിനുശേഷം, ചാത്തുവേട്ടൻ പുറത്തേക്കുവന്നു. മുണ്ട് മാടിക്കെട്ടിയിട്ടുണ്ട്. ഷർട്ടോ ബനിയനോ ധരിച്ചിട്ടില്ല. അല്ലെങ്കിലും കടയിൽ തന്നെയുള്ള ദിവസങ്ങളിൽ ചാത്തുവേട്ടൻ മിക്കവാറും ഷർട്ട് ധരിക്കാറില്ല.
ചാത്തുവേട്ടനെ ഷർട്ടിട്ട് കണ്ടിട്ടുള്ളത് വളരെ അപൂർവം അവസരങ്ങളിൽ മാത്രമാണ്. അതിൽ ഓർത്തെടുത്ത് പറയാവുന്നത്, ഞങ്ങളൊന്നിച്ച് പറശ്ശിനിയിൽ പോയപ്പോഴായിരുന്നു.
ഒരു ദിവസം കോളേജിൽ പഠിക്കുന്ന സമയം ഞാനും കുമാറും ചേനോത്ത് രാജീവും വർഗീസും കൂടി പറശ്ശിനി മടപ്പുരയിൽ പോകണം എന്ന് പറഞ്ഞപ്പോൾ, ചാത്തുവേട്ടനും കൂടെക്കൂടുകയായിരുന്നു. അതിനെപ്പറ്റി എഴുതാൻ നിന്നാൽ ഒരു അധ്യായത്തിനുള്ളതുണ്ട്.
അന്ന് മുത്തപ്പനെ കണ്ടതിനുശേഷം അടുത്തുള്ള കള്ളുഷോപ്പിൽ കയറിയതും ഇളമ്പക്ക ഫ്രൈ തിന്നതും അത് വയറ്റിൽ പിടിക്കാതെ ഛർദിച്ചതും പിറ്റേന്ന് അച്ചൂട്ടി വൈദ്യരുടെ അടുത്തുപോയി കാളശകാദി കഷായം കുടിച്ചതും ഇന്നും ഓർമയിലുണ്ട്.
പിന്നെ ഞാൻ ചാത്തുവേട്ടനെ ഷർട്ടിട്ട് കണ്ടത് എന്റെ കല്യാണത്തിനായിരുന്നു. പഠിക്കുമ്പോൾ ചാത്തുവേട്ടനില്ലാത്ത ഒരു ഒത്തുകൂടലും നമുക്കില്ല. വേലിയിറക്കത്തിന് ബോട്ടുജെട്ടിക്കടിയിൽ പോയി മുരു പറിച്ചെടുത്ത് ചാത്തുവേട്ടന് കൊടുത്താൽ മോളിവെച്ചുതരും. അതിന് പൈസയൊന്നും വാങ്ങില്ല അദ്ദേഹം.
വൈകുന്നേരങ്ങളിലെ ഒത്തുകൂടലിന് ചാത്തുവേട്ടനും ഉണ്ടാകും നമ്മളോടൊപ്പം. ഒരു ദിവസം മുക്കാളിയിലെ കോരൻചേട്ടന്റെ കൊതുമ്പുവള്ളത്തിൽ അജിത്തും രാജീവും പുഴയിൽ തുഴഞ്ഞുകളിക്കുമ്പോൾ പങ്കായം കൊണ്ട് അജിത് പെട്ടെന്ന് വെള്ളത്തിൽ ആഞ്ഞടിച്ചു.
ഓർക്കാപ്പുറത്തുള്ള അടിയായതുകൊണ്ട് തോണി ഒന്ന് ഉലഞ്ഞു. രാജീവ് ഉച്ചത്തിൽ അജിത്തിനെ ചീത്തവിളിച്ചു. അജിത് പറഞ്ഞു: “എടാ, വലിയ ഒരു മീനിനെ ഞാൻ കണ്ടു. ഉന്നം തെറ്റിയിട്ടില്ല എന്ന് തോന്നുന്നു.”
അടുത്ത സെക്കൻഡിൽ ഒരു വലിയ ചെമ്പല്ലി വെള്ളത്തിന് മുകളിൽ പൊങ്ങിവന്നു. ഏകദേശം മൂന്നു-മൂന്നര കിലോ തൂക്കം വരുന്ന ചെമ്പല്ലി. പിന്നെ അതെടുത്ത് ചാത്തുവേട്ടന് കൊടുത്തു. ചാത്തുവേട്ടൻ നല്ല പുളിയും മുളകും ഇട്ട് വെച്ചുതന്നു. അങ്ങനെ എത്രയെത്ര ദിവസങ്ങൾ…
ഒരു വർഷത്തെ പള്ളി പെരുന്നാളിന് ചാത്തുവേട്ടൻ പറഞ്ഞു: “എനിക്ക് മിനക്കെടാനൊന്നും കഴിയില്ല. ഈ പ്രാവശ്യം ഹോട്ടൽ പുറത്താര്ക്കെങ്കിലും നടത്തിപ്പിന് കൊടുത്താലോ എന്നൊരാലോചനയുണ്ട്.”
നമ്മളെല്ലാവരും കൂടി ആലോചിച്ച് ഹോട്ടൽ നടത്താൻ തീരുമാനിച്ചു. തരക്കേടില്ലാത്ത കച്ചവടമുണ്ടായിരുന്നു. എനിക്കധികം ശ്രദ്ധിക്കാൻ പറ്റിയിട്ടില്ല. കാരണം എന്റെ സ്വന്തം ബിസിനസിൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ടായിരുന്നു. പെരുന്നാളൊക്കെ കഴിഞ്ഞ് വലിയ ലാഭമൊന്നും കിട്ടിയിട്ടില്ല. ഹോട്ടൽ നടത്തുന്നതിനുള്ള പരിചയക്കുറവ് കൊണ്ടായിരിക്കാം.
പിന്നെ ലാഭം കിട്ടിയത് ഒരാളുടെ ബുദ്ധിയിലുദിച്ച പദ്ധതി നടപ്പിലാക്കിയത് കൊണ്ടാണ്. അത് ഒരു അപ്രിയസത്യമായതുകൊണ്ട് ഇവിടെ എഴുതാൻ ബുദ്ധിമുട്ടുണ്ട്. എന്തായാലും കച്ചവടം തടിക്കുപിടിക്കാതെ ഒപ്പിച്ചെടുത്തു.
ഇതിനിടയിൽ രണ്ടുമൂന്നുപേർ കൂടി ഊണ് കഴിക്കാൻ വന്നു. അവർ കൈ കഴുകുന്നതിനിടയിൽ ചാത്തുവേട്ടൻ സുരേഷിനെ നോക്കി ഒരു ചെറിയ പുഞ്ചിരിയോടുകൂടി ചോദിച്ചു: “ദിവാകരൻ വന്നോ സുരേഷേ?”
“ഇല്ല ചാത്തുവേട്ടാ… അച്ഛൻ അടുത്താഴ്ചയേ വരൂ.”
ചാത്തുവേട്ടൻ വീണ്ടും എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് സുരേഷ് പറഞ്ഞു: “ചാത്തുവേട്ടാ, ഞാൻ മുടിമുറിക്കാൻ പോയതായിരുന്നു. കുഞ്ഞാപ്പുവച്ചൻ ഇവിടെ ഒരു കുട ഏൽപ്പിച്ചിട്ടുണ്ടാവുമല്ലോ.”
“അതെ അതെ, നിന്റെ കുട ഇവിടെ ഏൽപ്പിച്ചിട്ടുണ്ട്. കുഞ്ഞാപ്പുവച്ചൻ ഇതുവരെ ഇവിടെയുണ്ടായിരുന്നു. ചായയും കുടിച്ചിട്ട് ഇപ്പോൾ അങ്ങ് ഇറങ്ങിയിട്ടേയുള്ളൂ. അയാൾ മാർത്തയേയും നോക്കി രാവിലെ മുതലേ ഇരിക്കുവാ.”
“അതേ, രാവിലെ എന്നെ കണ്ടപ്പോൾ പറഞ്ഞിരുന്നു. ‘ഓളുടെ ഒരു ചെമ്പ് ഈയ്യം പൂശാൻ കൊടുത്തിന്. അത് വാങ്ങണം’ എന്ന്… പെണ്ണുങ്ങൾ അവിടെ ഇല്ലായിരുന്നോ?”
എന്നിട്ട് സംസാരത്തിനിടയിൽ, ചാത്തുവേട്ടൻ കാഷ് കൗണ്ടറിനടുത്തുനിന്ന് കുട എടുത്ത് സുരേഷിന് കൊടുത്തു.
ഇതിനിടയിൽ കമലേട്ടത്തി ഒരു വലിയ സ്റ്റീൽ ബേസിനിൽ ചോറുമായി എത്തി. അടുത്തുള്ള മേശയുടെ മുകളിൽവെച്ച്, രണ്ട് ഇല എടുത്ത് അവിടെ ഇരിക്കുന്നവരുടെ മുൻപിലേക്ക് വെച്ചു. ഒപ്പം രണ്ട് കുപ്പി ഗ്ലാസും.
ചാത്തുവേട്ടൻ അലൂമിനിയം കെറ്റലിൽനിന്നും ഇളം പിങ്ക് കളറിലുള്ള പതിമുഖത്തിന്റെ വെള്ളം ഗ്ലാസിൽ ഒഴിച്ചു. കുറച്ച് ഇലയിലും ഒഴിച്ചുകൊടുത്തു തുടങ്ങുമ്പോൾ, ഒരാൾ പറഞ്ഞു: “ചാത്തുവേട്ടാ, ഈ ഇലയൊന്നു മാറ്റിയേ, ഇത് കീറിയിട്ടുണ്ട്” എന്ന്.
ചാത്തുവേട്ടൻ ഇല എടുത്തുനോക്കി വേറൊന്ന് വെച്ചു. ഒപ്പം അയാൾക്കും ഗ്ലാസിലും ഇലയിലും വെള്ളം ഒഴിച്ചു. അവർ ഇലയിലൊഴിച്ച ചൂടുള്ള പതിമുഖത്തിന്റെ വെള്ളംകൊണ്ട് കഴുകി ഇല അല്പം പൊന്തിച്ച് നിലത്ത് കളഞ്ഞ് കൈകൊണ്ട് ഒന്നുകൂടി തടവി. മറ്റുള്ളവരും ഇതാവർത്തിക്കുന്നുണ്ടായിരുന്നു.
ചാത്തുവേട്ടൻ ബേസിനെടുത്ത് അതിലുള്ള ചെറിയ സോസറുകൊണ്ട് ചോറുവിളമ്പാൻ തുടങ്ങി.
ഇതിനിടയിൽ കമലേട്ടത്തി തൂക്കുമായി വന്ന് തോരനും, അച്ചാറും, പച്ചടിയും, കൂട്ടും വിളമ്പി. പിറകെ ചാത്തുവേട്ടൻ സാമ്പാറും… മത്സ്യക്കറി ഒരു പ്രത്യേക സ്റ്റൈലിലും വിളമ്പി. ചിരട്ട കയ്യിലിട്ടിളക്കി ധാരാളമായി വിളമ്പുന്നു എന്ന് തോന്നിപ്പിക്കുംവിധം സൂക്ഷിച്ചു വിളമ്പി. വീണ്ടും അല്പം ചാറുകൂടി ഒഴിച്ചു.
പിറകെ കമലേട്ടത്തി, വറുത്ത അയല, മത്തി, മാന്തൽ എന്നിവ അടുക്കിവെച്ച അലുമിനിയം ട്രേ കൊണ്ടുവന്നു. ആ തട്ട് ഊണ് കഴിക്കുന്നവരുടെ മുൻപിലേക്ക് കാണിച്ച് ഏതു വേണമെന്ന് ചോദിച്ചു. രണ്ടുപേരും ഓരോ മാന്തലും രണ്ട് മത്തിയും വാങ്ങി.
വറുത്ത മത്സ്യം കണ്ടപ്പോൾ, സുരേഷ് വീട്ടിലേക്ക് ഫോൺ ചെയ്തു. ആരും എടുക്കുന്നില്ലെന്ന് തോന്നുന്നു. എന്നിട്ട് ചാത്തുവേട്ടനോട് പറഞ്ഞു: “ചാത്തുവേട്ടാ, എനിക്ക് ഒരു 10 മത്തി ഒന്ന് പാക്ക് ചെയ്തു തന്നേ.” ചാത്തുവേട്ടൻ ഒരു ഇലക്കഷണം എടുത്ത് 10 മത്തിവെച്ച് ചുരുട്ടി വീണ്ടും അത് കടലാസിൽ പൊതിഞ്ഞ് സുരേഷിന് കൊടുത്തു. പൈസ കൊടുത്തിറങ്ങാൻ നേരമുണ്ട്, കുഞ്ഞാപ്പുവച്ചൻ ഒരു ഈയ്യംപൂശിയ ചെമ്പുമായി കയറിവരുന്നു.
സുരേഷ് ചോദിച്ചു: “നിങ്ങളിനിയും പോയിട്ടില്ലേ കുഞ്ഞാപ്പുവച്ചാ…!”
“അതൊന്നും പറയണ്ട എന്റെ സുരേഷേ, ഞാൻ നിന്റെ കുട ചാത്തുവിന് കൊടുത്തിട്ട് നേരെ മാർത്തയുടെ അടുത്ത് പോയി. അന്നേരം ഓള് അവിടെ ഇല്ലായിരുന്നു. റമ്മു അവിടെ ഇരിക്കുന്നുണ്ട്. ഓനോട് ചോദിച്ചപ്പോൾ പറഞ്ഞു ‘രാവിലെ ആശുപത്രിയിൽ പോയി. ഓൾക്ക് സുഖമില്ലായിരുന്നുപോലും. റമ്മു ഓളുടെ കോലായിലെ തിണ്ണേമ്മൽ ഇരിക്കുന്നുണ്ടായിരുന്നു.’
കോലായിൽ ചെമ്പ് പൂശിവെച്ചത് ഞാൻ കണ്ടു. ‘റമ്മു, ഇത് എന്റെ ചെമ്പാ, ഇത് എടുക്കാനാ ഞാൻ വന്നത്. ഇനിയിപ്പം എന്താ ചെയ്യാ? ഞാൻ ഇത് എടുത്തിട്ട് പോയിക്കോട്ടെ മോനേ?’
റമ്മു ചെമ്പിനെയും എന്നെയും നോക്കിയിട്ട് പറഞ്ഞു: ‘എനിക്കറിയില്ല കുഞ്ഞാപ്പുവച്ചാ. ഓളുടെ സ്വഭാവം ഇങ്ങക്ക് അറിഞ്ഞൂടെ? ഓളുടെ കലമ്പല് കേൾക്കാൻ എനിക്ക് കഴിയില്ല. ഇങ്ങള് ഓള് വന്നിട്ട് എടുത്തോ.’
ഞാൻ അവിടെ ഇരുന്നു. ഞാനെന്തെല്ലാമോ ഓനോട് ചോദിക്കുന്നുണ്ട്. ഓനൊന്നും ശ്രദ്ധിക്കുന്നില്ല. ബീഡിയും വലിച്ച് തീപ്പെട്ടിയിൽ താളം പിടിച്ച് എന്തൊക്കെയോ പറയുകയും പാടുകയും ചെയ്യുന്നുണ്ട്. ഇടയ്ക്ക് ചിരിക്കും.
പിന്നെ ഓൻ പെട്ടെന്ന് എണീച്ച് മേലോട്ട് നോക്കി പോന്നത് കണ്ടു.
എനിക്കൊന്നും മനസ്സിലായില്ല. ഞാൻ നോക്കുമ്പോൾ ഉണ്ട് ഓൻ ഒരു പ്രാവിനെ പിടിക്കാൻ നോക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ മാർത്ത വന്നു. ഓൾ ചോദിച്ചു: ‘കുഞ്ഞാപ്പൂ, ഞീ കൊറേ നേരായോ വന്നിട്ട്?’ ‘ഒന്നും പറയണ്ട, ആസ്പത്രിയിൽ പള്ളിപ്പെരുന്നാളിന്റെ ആളുണ്ട്. മയ്യഴിക്കാരായിട്ട് ഞാനേ ഉള്ളൂ. ഒരു വിധം ഞാൻ ഒപ്പീന, രാഘവേട്ടനെ, കണ്ട് സങ്കടം പറഞ്ഞു. ഓര് എന്റെ സങ്കടം കണ്ട് നേരെ രാമകൃഷ്ണൻ ഡോക്ടറടുത്ത് കൂട്ടിപ്പോയി. ഡോക്ടർ എന്നെ പരിശോധിച്ചിട്ട് പറഞ്ഞു, ഞീ വല്ലാണ്ട് മെലിഞ്ഞിരിക്കുന്നു. എന്നാലും പേടിക്കണ്ട എന്ന് പറഞ്ഞ് മരുന്നിന് എഴുതി തന്നു. ഗുളിക ആസ്പത്രിയിലുണ്ട്. ടോണിക്ക് പുറത്തുനിന്ന് വാങ്ങാൻ… അത് കൊണ്ട് നേരത്തെ വരാൻ പറ്റി…’
‘ഇന്റെ ചെമ്പ് പുറത്തുതന്നെയുണ്ടല്ലോ കുഞ്ഞാപ്പു, ഇനിക്ക് റമ്മൂനോട് പറഞ്ഞിട്ട് എടുത്തൂടായിരുന്നോ?’ എന്നിട്ട് റമ്മൂനെ കൊറേ കുറ്റം പറഞ്ഞു. റമ്മു അതൊന്നും കേൾക്കുന്നേയില്ല. ഓൻ പ്രാവിനെ നോക്കി എന്തെല്ലാമോ കാട്ടുന്നുണ്ട്. പിന്നെ ഞാൻ ചെമ്പും എടുത്ത് ഇങ്ങ് പോന്നു. ഏതായാലും ലേറ്റായി. ഇനി ചോറും കഴിച്ചിട്ട് പോവാന്ന് നിരീച്ച് കേറിയതാ.”
കുഞ്ഞാപ്പുവച്ചൻ ചാത്തുവേട്ടനോട് ചോദിച്ചു: “ചാത്തൂ, ഇനിക്ക് ഈ ചെമ്പ് വേണോ? ഇതും എടുത്തിട്ട് എനിക്ക് ഇനി അങ്ങ് നടക്കാൻ പറ്റൂല്ല. നാഴി അരിവെക്കാൻ എനിക്കെന്തിനാ ഈ ചെമ്പ്? വരുമ്പോൾ മാധവി പറഞ്ഞിരുന്നു ആർക്കെങ്കിലും വേണെങ്കിൽ കൊടുത്തേക്കെന്ന്. ഞീ ഇതെടുത്തിട്ട് എന്തെങ്കിലും തന്നേക്ക്.”
ചാത്തുവേട്ടൻ ആദ്യം വേണ്ടാന്ന് പറഞ്ഞെങ്കിലും പിന്നെ അതെടുത്ത് മേൽപ്പോട്ട് പിടിച്ചുനോക്കുകയും ചൂണ്ടുവിരൽ മടക്കി കൊട്ടിനോക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടു. അത് നോക്കി സുരേഷ് അവിടെനിന്ന് ഇറങ്ങി…
അന്നേരം ചാത്തുവേട്ടൻ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു: “സുരേഷേ, ഞീ കുട എടുക്കണ്ടാ പോ… അല്ലേ?” എന്നിട്ട് ബെഞ്ചുമ്മേന്ന് കുടയെടുത്ത് സുരേഷിന് കൊടുത്തു. അതുംകൊണ്ട് നടക്കുന്നതിനിടയിൽ സുരേഷ് ഓർത്തു:
അച്ഛൻ വന്നിട്ട് കുറച്ച് പൈസ വാങ്ങിച്ച് പപ്പന്റേന്ന് പ്രാവിനെ വാങ്ങിച്ച് പോറ്റണം. അച്ഛൻ സമ്മതിക്കുമായിരിക്കും. പണ്ട് അച്ഛനും വല്യച്ഛനും ഒക്കെ പ്രാവിനെ പോറ്റീട്ടില്ലേ. എത്രയെത്ര തരം പ്രാവുകളാ… ഏകദേശം 300-ൽ അധികം ജാതി, സ്പീഷീസ്, പ്രാവുകൾ പ്രകൃതിയിൽ ഇതിനകം കണ്ടെത്തിയിട്ടുണ്ട് എന്നെല്ലാം പറയുന്നേ കേട്ടിട്ടുണ്ട്.
പ്രാവുകളുടെ പൊതുവെയുള്ള രൂപം പറയുകയാണെങ്കിൽ അല്പം തടിയുള്ള ശരീരവും കുറുകിയ കഴുത്തും ചെറുതും മെലിഞ്ഞതുമായ കാലുകളും അല്പം തടിച്ച ചുണ്ടുകളുമാണ്. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ സങ്കരയിനം പ്രാവുകളെ ജനിപ്പിക്കുന്നതിനാൽ അല്പം രൂപമാറ്റങ്ങളൊക്കെ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.
പ്രാവുകൾ സ്വയം കൂട് കെട്ടിയാലും കൂടൊരുക്കി കൊടുത്താലും ഒരടുക്കും ചിട്ടയുമില്ലാതെയാണ് ഇവ പരിപാലിക്കുന്നത്. അതായത് എപ്പോഴും അലങ്കോലപ്പെട്ട് കിടക്കും. നേർത്ത ചുള്ളിക്കമ്പുകൾ കൊണ്ടാണ് കൂട് നിർമിക്കുക. കെട്ടിടനിർമാണമൊക്കെ വർധിച്ചത് കാരണം ഇപ്പോൾ നേർത്ത കെട്ടുകമ്പികളും ഇവ കൊത്തി കൂടൊരുക്കാൻ ഉപയോഗിക്കുന്നുണ്ട്.
പ്രാവുകൾ പൊതുവെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു മുട്ടകൾ ഇടുകയും അതിനുശേഷം ആൺകിളിയും പെൺകിളിയും മാറി മാറി അടയിരിക്കുകയും ചെയ്യും. മുട്ട വിരിഞ്ഞ് കുഞ്ഞ് പൂർണമായും പുറത്തായ ഉടൻ മുട്ടത്തോട് കൂട്ടിൽ നിന്നും തട്ടി മാറ്റും. ഇതാണ് ഇതിന്റെ പ്രജനനരീതി.
പ്രാവുകൾ പല ഇനത്തിലും രൂപത്തിലും നിറത്തിലും കാണപ്പെടുന്നുണ്ട്. കേരളത്തിൽ പൊതുവെ പ്രാദേശികാടിസ്ഥാനത്തിൽ ഒരേ പ്രാവുകൾ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. പപ്പന്റെ പക്കലുള്ള ചില പ്രാവുകളുടെ പേരുകൾ: റോക്ക, വെള്ള, സബ്ജ, ചെമ്പൻ, കാസമ്മി, ജാക്ക്, ഷെഹല്ലി, ദൂദിയ.
പ്രാവുകളെ പറ്റി കൂടുതൽ ചോദിച്ചപ്പോൾ പപ്പൻ വാചാലനായി. പപ്പന്റെ ഭാഷയിൽ നല്ല ആരോഗ്യമുള്ളതും മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റിയ പ്രാവുകളെ കണ്ടെത്തുന്നത് കണ്ണുകൾ നോക്കിയാണെന്നും, പ്രാവുകളെ നല്ലരീതിയിൽ പരിചരിച്ചില്ലെങ്കിൽ രോഗങ്ങൾ വരും എന്നൊക്കെ.
തല തിരിയുന്നതാണ് ഒരു പ്രധാന അസുഖം. അത് തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ, കറ്റാർവാഴനീര് വളരെ ഫലപ്രദമാണെന്ന് പപ്പൻ പറഞ്ഞു. പപ്പൻ അത് പരീക്ഷിച്ച് അസുഖം ഭേദമാക്കിയിട്ടുണ്ട് പലപ്പോഴും. പ്രാവുകളെ പറ്റി കൂടുതൽ പറയാനും അറിയാനും എന്നെ പപ്പൻ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
എങ്കിലും പപ്പൻ പ്രാവുകളുടെ പേര് ഹോട്ടലിലെ സപ്ലയർ വിഭവങ്ങളുടെ പേരുകൾ ശ്ലോകം ചൊല്ലുന്നത് പോലെ പറഞ്ഞുതുടങ്ങി:
ഗ്രെ, റോക്കി, ക്ലിന്റ് വുഡ്, കിരീടം, രാജാവ്, മഡോണ, കോർനോട്ട്, മോണ്ടൻ, റോമൻ സ്ട്രാസർ, ടെക്സൺ, പ്രഹാൻസ്കി കാനിക്, നിക്കോളാസ്, ഷോർട് ബിൽഡ് ടാർമൻ, ഹർമൻ സന്യാസി, ലോങ് ബിൽഡ് ബെർലിൻ, പോസ്റ്റ് പ്രാവുകൾ, ബെൽജിയൻ ഇംഗ്ലീഷ് ക്വാറി, ഹർമൻ ചെക്ക്, റഷ്യൻ. ഇതിനും പുറമെ മാംസയിനങ്ങൾക്കായുള്ളതും അലങ്കാര ഇനമായും ധാരാളം കണ്ടുവരുന്നുണ്ട് എന്ന് പറഞ്ഞ് ഒരു ദീർഘശ്വാസം വിട്ടു.
എന്നിട്ട് എന്നോടായി പറഞ്ഞു: “ഇതിന്റെയൊക്കെ പേരുകൾ പൂർണമായും ഓർത്തുപറയുക ഏറെ പ്രയാസമാണ് ബാബൂ” എന്ന്. അതുകൊണ്ടുതന്നെ ഈ ഇനങ്ങളുടെയൊക്കെ പേര് എഴുതി തിട്ടപ്പെടുത്തുക കുറച്ചു പ്രയാസമുള്ള കാര്യം തന്നെ എന്ന് എനിക്കും തോന്നി.
നിർത്താതെയുള്ള ഈ പറച്ചിലും, അതിനെ പരിപാലിക്കുന്നതും, അതിന്റെ പ്രജനനരീതിയും, ചികിത്സയും, ഭക്ഷണക്രമവും ഒക്കെ പറയുമ്പോൾ എനിക്ക് തോന്നി: ഈ വിഷയത്തിൽ പപ്പൻ പ്രാവുകളെ പറ്റി ഒരു തീസിസ് തയ്യാറാക്കി സമർപ്പിച്ചാൽ ചിലപ്പോൾ ഒരു ഓണററി പിഎച്ച്.ഡി.ക്ക് അർഹനല്ലേ എന്ന്.
ഇങ്ങനെയൊക്കെയാണെങ്കിലും ആധുനികകാലത്തെ നാടൻപ്രാവുകളുടെ പിൻതലമുറക്കാരെ അന്വേഷിച്ചാൽ ഇളം നീലകലർന്ന ചാരനിറത്തിലും പാറയുടെ, കറുപ്പ്, നിറത്തിലുമുള്ളതാണെന്ന് മനസ്സിലാവും. എങ്കിലും മനുഷ്യനുമായി ഇടകലർന്ന് വളരുന്നതിന്റെ ചരിത്രം അന്വേഷിച്ചുപോയാൽ ഉത്തരം കണ്ടെത്താൻ ഏറെ പ്രയാസമാണ്.
പ്രാവ് പ്രേമികൾ കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വലുതാക്കി എടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. മുട്ട വിരിയിച്ചെടുക്കുന്നതും കണ്ടുവരുന്നുണ്ട്.
ഇണചേർന്ന് 15 മുതൽ 20 ദിവസങ്ങൾക്കുള്ളിൽ ഇവ മുട്ടയിടും. കൂടിനുള്ളിൽ മണൽത്തിട്ടകൾ ഒരുക്കിവെച്ചാൽ ഇവയ്ക്ക് മുട്ടയിടാനുള്ള സൗകര്യമായി. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും മുട്ടയിടുക.
പകൽ ആൺപ്രാവും രാത്രി പെൺപ്രാവുമാണ് പൊതുവേ അടയിരിക്കാറുള്ളത്. പതിനെട്ടാം ദിവസം മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്തുവരും. സാധാരണഗതിയിൽ ഒരു ശരാശരി പ്രാവിന്റെ ആയുസ്സ് എന്നുപറയുന്നത് പതിനഞ്ചുമുതൽ ഇരുപത് വർഷം വരെയായിരിക്കും.
പ്രാവുകളെ ആരോഗ്യമുള്ളവരായി നിലനിർത്താൻ നല്ല ആഹാരം കൊടുക്കേണ്ടതുണ്ട്. കുതിർത്ത ചോളം, പയർ വർഗങ്ങൾ, ഗോതമ്പ്, കപ്പലണ്ടി, മുത്താറി, കുതിർത്ത കടല എന്നിവ നൽകിയാൽ മതി. ഇതിനു പുറമേ ചീരയില, മല്ലിയില എന്നിവയും പ്രാവുകൾക്ക് പ്രിയപ്പെട്ടവയാണ്. അതുപോലെ 30 മില്ലിലിറ്റർ വെള്ളവും ഓരോ പ്രാവിനും നൽകണം.
പ്രാവുകൾക്ക് അസുഖം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. തലതിരിയലാണ് ഇവയിൽ കാണുന്ന പ്രധാന രോഗം. വിറ്റാമിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഈ രോഗത്തിന് ബി1 ഗുളിക നൽകിയാൽ പൂർണ ആരോഗ്യവാന്മാരായി ഇവയെ വളർത്തിയെടുക്കാം.
കൂട്ടിൽ ഒരു പ്രാവിന് രോഗം ബാധിച്ചാൽ എത്രയും പെട്ടെന്ന് തന്നെ അവയെ കൂട്ടിൽ നിന്നും മാറ്റിവേണം ചികിത്സിക്കേണ്ടത്. അതുപോലെ, ആദ്യമേ തന്നെ കൂടിനുള്ളിൽ മണൽ വിരിച്ച് അതിനു മുകളിൽ പേപ്പർ വിരിച്ചാൽ ദിവസേനയുള്ള വൃത്തിയാക്കൽ എളുപ്പമായിരിക്കും.
രണ്ടാഴ്ചയിലൊരിക്കൽ പ്രാവുകളെ മാറ്റി കൂട്ടിൽ അണുനാശിനി തളിക്കണം. കൂടാതെ മഞ്ഞൾപ്പൊടി വിതറുന്നത് ഉറുമ്പ് ശല്യം ഒഴിവാക്കാനും സഹായിക്കും. എങ്കിൽ മാത്രമേ പ്രാവുകളെ മത്സരത്തിന് അനുയോജ്യമായ രീതിയിൽ ആരോഗ്യത്തോടെ വളർത്തിയെടുക്കാൻ പറ്റുകയുള്ളൂ. പ്രാവ് പറത്തൽ മത്സരം മുൻകാലങ്ങളെ അപേക്ഷിച്ച് ടെക്നോളജിയെ കൂടുതൽ ഉപയോഗപ്പെടുത്തുന്നുണ്ട്.
അതിനെ പറ്റി എഴുതാൻ നിന്നാൽ ഒരു അധ്യായത്തിനുള്ളത് ഉണ്ട്.
ഇത്തരം മത്സരം സംഘടിപ്പിച്ച് രേഖപ്പെടുത്തിയ റെക്കോഡുകൾ ഈയിടെ മറികടന്ന വിവരവും വാർത്തയായി കണ്ടു.
ആവേശമുയർത്തിയ പ്രാവ് പറത്തൽ മത്സരത്തിലൂടെ സ്ഥാപിച്ച പുതിയ റെക്കോഡ് സമയം 18 മണിക്കൂറും 19 മിനിറ്റുമാണ്. തോപ്പുംപടി എഫ്.കെ. ബ്രദേഴ്സിന്റെ പ്രാവ് മറികടന്നത് 16 മണിക്കൂർ 38 മിനിറ്റെന്ന നിലവിലെ റെക്കോഡാണ്. ഏറ്റവും കൂടുതൽ നേരം ആകാശത്ത് വട്ടമിട്ട് പറക്കുകയും ആരംഭിച്ച സ്ഥലത്തേക്ക് തിരികെയെത്തുകയും ചെയ്യുന്ന പ്രാവാണ് മത്സരത്തിൽ വിജയിയായി കണക്കാക്കുന്നത്.
ഇതിനെ പറ്റി പപ്പനുമായി സംസാരിച്ചപ്പോൾ പല പ്രമുഖരും ഈ രംഗത്ത് ഉണ്ടായിരുന്നുവെന്ന് മനസ്സിലായി. ഒരു കാലത്ത് കണ്ണൂരിലെ കണ്ണുരോഗ ചികിത്സാവിദഗ്ധനായിരുന്ന ഡോക്ടർ ഉമ്മൻ പ്രാവ് വളർത്തലിൽ അതിയായ താല്പര്യമെടുത്ത് മത്സരങ്ങൾ സംഘടിപ്പിച്ചും പങ്കെടുത്തും വിജയിച്ചിട്ടുണ്ട് എന്നറിഞ്ഞു.
ഇദ്ദേഹം കണ്ണൂർ ലക്കി സ്റ്റാർ ക്ലബ്ബിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മരണം അപ്രതീക്ഷമായിരുന്നു. അദ്ദേഹത്തിന്റെ മകൻ ഈ മേഖലയിൽ ഇന്നും സജീവമായി തന്റെ പിതാവിന്റെ പാത പിന്തുടരുന്നുവെന്നത് ശ്ലാഘനീയം തന്നെ. ഈയിടെ നടന്ന മത്സരത്തിൽ അദ്ദേഹം പറത്തിയ പ്രാവ് 18 മണിക്കൂറും നാല് മിനിറ്റും പറന്ന് റെക്കോഡിട്ടിട്ടുണ്ട്.
രണ്ടാം സമ്മാനം 15 മണിക്കൂർ 25 മിനിറ്റോടെ മയ്യഴിയിലെ കനകരാജ് ആൻഡ് പപ്പൻ ടീമിനാണ് എന്നും പപ്പൻ പറഞ്ഞു.
പ്രാവ് വളർത്തൽ മത്സരങ്ങൾ പല വിധത്തിൽ നടത്തുന്നുണ്ട്. പ്രാദേശികമായും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒക്കെയായി ഇന്നും മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അന്യം നിന്ന ഈ വിനോദം തിരിച്ചുവരവിന്റെ പാതയിലാണല്ലോ എന്ന് ചോദിച്ചപ്പോൾ, പപ്പൻ പറഞ്ഞു: “തിരിച്ചുവന്നിരിക്കുന്നു മാത്രമല്ല, പുതുതലമുറയിൽപ്പെട്ടവരിൽ ഒരുപാട് പേർ ഈ രംഗത്ത് കടന്നുവരുന്നുണ്ട്” എന്ന്.
‘പറവ’ എന്ന സിനിമ ഇറങ്ങിയതിനുശേഷമാണ് പ്രാവ് വളർത്തലും മത്സരവും കേരളത്തിൽ വീണ്ടും സജീവമായത് എന്ന് വേണമെങ്കിൽ പറയാം.
മയ്യഴിയിലെ എക്സിക്യുട്ടീവ് എൻജിനീയറായിരുന്ന ഒ. പ്രദീപ്കുമാർ പഴയ ഒരു പ്രാവ് പ്രേമിയായിരുന്നു. ഇപ്പോൾ റിട്ടയർ ചെയ്തപ്പോൾ പ്രാവുകളോടുള്ള പഴയ കമ്പം വീണ്ടും ഉണർന്നു. പപ്പനുമായുള്ള സ്നേഹത്തിന്റെ പേരിൽ പ്രാവുകളെ സംഘടിപ്പിച്ച് വീണ്ടും ഒരുകൈ നോക്കാനുള്ള ശ്രമത്തിലാണെന്ന് പപ്പൻ പറഞ്ഞു. അദ്ദേഹത്തിന് ഞാൻ, പപ്പൻ, പ്രാവിനെ കൊടുത്തിട്ട് പ്രാവ് വളർത്തലിന്റെ പ്രാഥമികകാര്യങ്ങൾ വീണ്ടും പറഞ്ഞുകൊടുത്തിട്ടുണ്ട്. അതുമായി അദ്ദേഹമിപ്പോൾ ബിസിയായി തുടങ്ങിയിട്ടുണ്ടെന്നുമൊക്കെ.
ഈക്കാര്യം ശ്രീ. പ്രദീപുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ പഴയകാല പ്രാവ് പ്രേമമൊക്കെ എന്നോട് പറഞ്ഞു.
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് മാഹി മെറ്റൽസിനടുത്തുള്ള ‘മാടത്തിൽ’ എന്ന വീട്ടിൽ ഒരു പ്രാവിനെ കണ്ട് അതിനെ പിടിക്കാനായി പോയതും, ദൂരെനിന്ന് നോക്കി അത് ചെമ്പൻ പ്രാവാണെന്ന് പറഞ്ഞതും കൂടെയുള്ളവർ “അത് ചെമ്പനും കൊമ്പനും ഒന്നുമല്ല, കൂവക്കുട്ടിയാണെന്ന്, പരുന്തിന്റെ കുട്ടി,” പറഞ്ഞു തർക്കിച്ചു.
സംഭവമറിഞ്ഞ് അയ്യിട്ടവളപ്പിലെ പപ്പേട്ടനും കൊന്തപ്പുറം രാജേട്ടനും എത്തി ട്രെയിനർ പ്രാവിനെവിട്ട് വെള്ളവും ഭക്ഷണവുമൊക്കെ കാണിച്ച് വശീകരിച്ച് പിടിച്ച കഥയൊക്കെ പ്രദീപ് പറഞ്ഞറിഞ്ഞു. പിന്നീട് പപ്പേട്ടൻ പ്രദീപിന്റെ വീട്ടിനടുത്തുള്ള കൂട്ടിൽ പ്രാവിനെ ഇട്ടിട്ട് വളർത്താൻ ഏല്പിച്ചതൊക്കെ, ഇന്നലെ കഴിഞ്ഞ സംഭവം പോലെ പ്രദീപ് ഓർത്തെടുത്തു പറഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീ. പ്രദീപിന് സജീവമായി പ്രാവ് വളർത്തലും മത്സരത്തിൽ പങ്കെടുക്കാനും ഒന്നും തൽക്കാലം ഉദ്ദേശ്യമില്ല. നല്ലയിനം കളർഫുള്ളായിട്ടുള്ള അലങ്കാരപ്രാവുകളെ വളർത്താനും അതിലൂടെ ബോറടി മാറ്റാനുമാണ് ഇപ്പോഴത്തെ പരിപാടിയെന്ന് മനസ്സിലായി. എങ്കിലും പ്രദീപിന്റെ ഇപ്പോഴത്തെ ഈ പ്രാവിനോടുള്ള താത്പര്യം കാരണം വീട്ടുകാരിക്ക് ഒരു അസൗകര്യക്കേട് ഉണ്ടാവുന്നുണ്ടോ എന്നൊരു സംശയം പപ്പനുണ്ട്. സമാധാനത്തിന്റെ പ്രതീകമായ ഈ പ്രാവ് ഇപ്പോൾ അവിടെ അസമാധാനത്തിന്റെ വിത്ത് പാകുമോ എന്ന സംശയം ഉന്നയിച്ച് ചിരിച്ചുകൊണ്ട് പപ്പൻ പറഞ്ഞു.
“തിരക്കുണ്ട് ബാബൂ, പ്രാവിന്റെ വിശേഷങ്ങൾ ഏറെയുണ്ട്. പറഞ്ഞാലും തീരില്ല. നമുക്ക് പിന്നെക്കാണാം” എന്നും പറഞ്ഞ് പപ്പൻ പ്രാവിനെപ്പോലെ പറന്ന് സ്ഥലംവിട്ടു.
പ്രാവുകളെയും അതിന്റെ വിശേഷങ്ങളെയും പറ്റി എത്രപറഞ്ഞാലും തീരില്ല. എങ്കിലും ചില കാര്യങ്ങൾ കൂടി പരാമർശിച്ച് നിർത്തുന്നു.
പണ്ടുകാലത്ത് വാർത്താവിനിമയം നടത്താനുള്ള ഉപാധിയായി ചൈനയിലും ഗ്രീസിലും പുരാതന ഈജിപ്ത്തിലുമൊക്കെ പ്രാവുകൾക്ക് പരിശീലനം നൽകി ഉപയോഗിച്ചിരുന്നു. ഇത്തരം പ്രാവുകൾക്ക് 70-75 ഗ്രാം വരെ സ്വന്തം ശരീരത്തിൽ വഹിച്ച് ദീർഘദൂരം പറക്കാൻ സാധിക്കുമത്രേ.
കടലിൽ നങ്കൂരമിട്ട കപ്പലുകളിൽനിന്ന് ആശയവിനിമയം നടത്താനും സന്ദേശങ്ങൾ കൈമാറാനും പ്രാവുകളെ ഉപയോഗിച്ചിരുന്നു. ഇതിനെപ്പറ്റി പ്രാചീന ഗ്രീക്ക്-റോമൻ ഭാഷകളിൽ കാരിയർ പ്രാവുകളെക്കുറിച്ച് നിരവധി തവണ പരാമർശിച്ചിട്ടുണ്ട്.
അതായത് സന്ദേശങ്ങൾ കൈമാറാൻ കടലാസ്, അല്ലെങ്കിൽ തുകലിന്റെ ചെറിയ റോളുകളിലുള്ള സന്ദേശങ്ങൾ ഭാരം കുറഞ്ഞ ട്യൂബുകളിൽ ഇട്ട് പ്രാവുകളുടെ മുതുകിലോ കാലുകളിലോ കെട്ടി പ്രാവുകളെ ദിശാബോധമനുസരിച്ച് പറക്കാൻ വിടും. പിന്നീട് അവ കൃത്യമായി പറന്ന് എവിടെനിന്നാണോ പറന്നുയർന്നത് അവിടേക്കു തന്നെ തിരിച്ചുവരുകയും ചെയ്യും.
പ്രാവുകൾക്ക് ഇതിനു സാധിക്കുന്നത് പ്രാവുകളുടെ സ്വാഭാവിക കഴിവുകൊണ്ടാണ്. ചിലപ്പോൾ പ്രാവുകളെ കൂട്ടിലടച്ച് കൂടെ കൊണ്ടുപോകുകയും, ലക്ഷ്യസ്ഥാനത്ത് എത്തിയാൽ പ്രാവുകളുടെ ദേഹത്ത് സന്ദേശം കെട്ടിവെച്ച് പറക്കാൻ അനുവദിക്കുകയും, അവ പറന്ന് ഇവിടെ നിന്നാണോ പുറപ്പെട്ടത് അവിടേക്ക് ലക്ഷ്യം തെറ്റാതെ പറന്ന് സന്ദേശം കൈമാറുന്ന രീതിയും ആ കാലങ്ങളിൽ പതിവായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ഏകദേശം 200,000 ഹോമിങ് പ്രാവുകളെ ഉപയോഗിച്ചിരുന്നു. യുദ്ധക്കളത്തിന്റെ മുൻനിരയിൽനിന്ന് സുപ്രധാന സന്ദേശങ്ങൾ കൈമാറുന്നതിന് വിവിധ രാജ്യങ്ങളിലെ സൈന്യം ഇത്തരം പ്രാവുകളെ ഉപയോഗിച്ചുള്ള തന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു.
ജമ്മു കശ്മീരിലെ ബാരാമുള്ള താഴ്വരയിലെ ജനങ്ങൾക്കിടയിൽ ഗ്രാമീണകളികളും കായികാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ ആർമിയുടെ ഡാഗർ ഡിവിഷൻ, ഷാ സൂറബ് റാഖ് പ്രാവ് ഗ്രൂപ്പുമായി ചേർന്ന് ഈയിടെ പ്രാവുകളുടെ പറക്കൽ മത്സരം സംഘടിപ്പിച്ച വിവരവും വായിച്ചറിഞ്ഞിരുന്നു.
രണ്ട് സെഗ്മെന്റുകൾ അടങ്ങുന്ന കോത്ര-ബാസി എന്നറിയപ്പെടുന്ന മത്സരത്തിൽ 20 ഓളം പേർ പങ്കെടുത്തു. പ്രാവുകളുടെ പരമാവധി പറക്കൽ സമയത്തെ അടിസ്ഥാനമാക്കി വിജയിയെ നിർണയിച്ച പ്രാവ് റേസിങ്, ആരോഗ്യമുള്ള ഇനം എന്നിവയ്ക്ക് അവാർഡ് നൽകുകയുണ്ടായി. വളരെക്കാലത്തെ പരിചയം ഉള്ളവരായിരുന്നു മത്സരത്തിൽ പങ്കെടുത്തവരിൽ പലരും.
ഇങ്ങനെയൊക്കെയാണെങ്കിലും ക്രൈസ്തവവിശ്വാസമനുസരിച്ച് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതിന് കാരണം പ്രാവ് സൗമ്യവും ശുദ്ധവുമായ ഒരു പക്ഷിയായതുകൊണ്ടാണത്രേ. പരിശുദ്ധാത്മാവ് സൗമ്യതയുടെ ആത്മാവായതിനാൽ, പ്രാവിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും വിശ്വസിക്കുന്നു.
കൂടാതെ, പുരാതന ചരിത്രത്തെ ഓർമിപ്പിക്കുന്ന മഹാപ്രളയം, പ്രപഞ്ചത്തെ മുഴുവൻ വലയം ചെയ്തപ്പോൾ, നമ്മുടെ വംശം മുഴുവൻ സമ്പൂർണ വംശനാശ ഭീഷണിയിലായപ്പോൾ പ്രാവ് ഒരു ഒലിവ് കമ്പ് കൊക്കിൽ കൊത്തി പറന്നുവന്ന് പ്രളയം നിലച്ചുവെന്ന് അറിയിച്ചു. പ്രപഞ്ചത്തിൽ സാർവത്രിക നിശ്ശബ്ദതയിൽ സന്തോഷവാർത്ത കൊണ്ടുവന്നത് പ്രാവാണെന്ന് ക്രൈസ്തവർ വിശ്വസിച്ചുവരുന്നു.
ഒരു പ്രാവ് സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണെന്ന് മനുഷ്യർ വിശ്വസിക്കുന്നു. ഒരു ശത്രു പൊതുവെ ഒരു പ്രാവിനെ മറുവശത്തേക്ക് അയക്കുന്നത് അവരുടെ ഭാഗത്തുനിന്ന് സമാധാനവും ഐക്യവും സൂചിപ്പിക്കാനാണെന്നു കരുതുന്നു. ഇതിന്റെ പ്രതീകാത്മകമായാണ് വെള്ളക്കൊടി വീശി കീഴടങ്ങലിനെ പ്രതിനിധീകരിക്കുന്നതായി സങ്കല്പിക്കുന്നത്. ഒരു എതിരാളി യുദ്ധത്തിൽ കൂടുതൽ പോരാടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവർ വെള്ളക്കൊടി വീശി തങ്ങളുടെ പക്ഷം യുദ്ധത്തിനില്ലെന്ന് അറിയിക്കുന്നു.
ഇതൊക്കെ കേട്ടുകേൾവിയായിരുന്നു 1971 വരെ. എന്നാൽ 1971-ലെ ഇന്തോ-പാക്കിസ്ഥാൻ യുദ്ധത്തിൽ ജനറൽ നിയാസിയുടെ നേതൃത്വത്തിൽ വെള്ളക്കൊടി വീശി “ഞങ്ങൾ ഇനി യുദ്ധത്തിനില്ല” എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ സൈന്യത്തിന് മുൻപിൽ നിരുപാധികം കീഴടങ്ങിയ രംഗവും ഓർക്കുന്നു.
അതുകൊണ്ട് തന്നെയായിരിക്കാം ലോകം മുഴുവനുമുള്ള നാനാ മതസ്ഥരും പ്രാവുകളെ നല്ല ശകുനമായി കാണുന്നതും. പ്രാവുകൾ ഫലഭൂയിഷ്ഠത, സമൃദ്ധി, ഭാഗ്യം, പരിവർത്തനം എന്നിവയുടെ പ്രതീകമാണെന്നും വിശ്വസിക്കുന്നത്.
മനുഷ്യർ വളർത്തിയെടുക്കുന്ന ആദ്യത്തെ പക്ഷി ഇനങ്ങളിൽ ഒന്നാണിതെന്നും, പുരാതന കാലം മുതൽ പ്രാവുകളുടെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ മനുഷ്യർ തങ്ങളുടെ വളർത്തുപക്ഷിയായി സ്വീകരിച്ച് ഒപ്പം കൂട്ടിയതാവും എന്നുവേണം കരുതാൻ. ഈ പക്ഷികൾ സ്ഥിരത, ഐക്യം, ക്ഷേമം, കരുണ, ക്ഷമ, സ്വാതന്ത്ര്യം എന്നിവയുടെ പ്രതീകമാണ് എന്നും സങ്കല്പിച്ചുപോരുന്നു.
മനുഷ്യനുണ്ടായ കാലം മുതൽ മനുഷ്യനോടൊപ്പം വളരുന്ന പ്രാവുകളുടെ വിവരം എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല എന്ന ബോധത്തോടെ പ്രാവുകളുടെ കഥകളെ പറ്റിയുള്ള അന്വേഷണത്തിലാണ്…
പ്രാവുകളുടെ കഥകൾ അപൂർണമാണ്. കൂടുതൽ അറിവുകൾ, അനുഭവങ്ങൾ അറിയുന്നവർ പങ്കുവെക്കുമെന്നാശിച്ച് ഈ പ്രാവ് പുരാണം നിർത്തട്ടെ എന്ന് പറയുന്നതോടൊപ്പം…
ഒടുവിൽ രാഘവൻ മാസ്റ്ററുടെ വരികൾ പാടി അവസാനിപ്പിക്കുന്നു…
“ദുഃഖഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാൻ;
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ…
കല്ലെറിയല്ലേ… എന്നെ കല്ലെറിയല്ലേ….”
ആ ദുശ്ശകുനം, ശകുനമാക്കി മാറ്റി സമാധാനത്തിന്റെ പ്രതീകമായി വീണ്ടും നമ്മൾ കണ്ടെത്തിയിരിക്കുന്നു ഈ പറക്കും പ്രാവിനെ. വെള്ളരിപ്രാവിനെ.
*അടിക്കുറിപ്പ്:* ഇതിലെ കഥാപാത്രങ്ങളായ കുഞ്ചിരിയമ്മയും ദേവൂട്ടിയും കണാരേട്ടനും കണ്ണൻചേട്ടനും ദിവാകരനും പ്രേമിയും സുനിതയും സുരേഷും ഒക്കെ കഥയുടെ ഒഴുക്കിന് സാങ്കല്പികമായി സൃഷ്ടിച്ചെടുത്തതാണെങ്കിലും,
ചിലയിടങ്ങളിൽ സുരേഷ് ഞാനായിട്ടും ചില സ്ഥലത്ത് എന്റെ ചങ്ങാതിമാരിൽ പലരുമായിട്ടും തോന്നാം…
മഠത്തിൽ ബാബു ജയപ്രകാശ്……✍️ My Watsapp Contact No: 9500716709





















As always, it’s a very pleasing reading experience Babu. Thank you and keep it up 🙏
LikeLike
Thank you Kumar
LikeLike
Thank you Kumar
On Sat, 18 Jun 2022, 18:05 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, < comment-reply@wordpress.com> wrote:
>
LikeLike