Time Taken to Read 10 Minutes Maximum
സുരേഷ് ഒന്തമിറങ്ങി നേരേ ചാത്തുവേട്ടന്റെ പീടിക ലക്ഷ്യമാക്കി നടന്നു. വെയിലിന്റെ കാഠിന്യം കൂടുതലായിട്ടുണ്ട്. കുട ചൂടിയതിനാല്‍ അല്‍പ്പം ആശ്വാസമുണ്ട്. നേരെ നടന്ന് കടയിലേക്ക് കയറി. രണ്ടുപേര്‍ ഇരിക്കുന്നുണ്ട് അവിടെ. ചാത്തുവേട്ടനില്ലേ എന്ന് ചോദിച്ചപ്പോള്‍? ഉണ്ട്, അടുക്കളയിലാണെന്ന് പറഞ്ഞു. ഇരുത്തം കണ്ടിട്ട് രണ്ടുപേരും ഊണ്‍ കഴിക്കാന്‍ വന്നതാണെന്ന് മനസ്സിലായി. സുരേഷ് സെല്‍ഫോണില്‍ സമയം നോക്കി. മണി ഒന്നാകാന്‍ പോവുന്നു.
അലമാരയിലെ വിഭവങ്ങളൊക്കെ തീരാറായിരിക്കുന്നു. അടുക്കളയില്‍നിന്ന് വറുത്ത മീനിന്റെയും സാമ്പാറിന്റെയും മണം വരുന്നുണ്ട്. കറിയില്‍ വറുത്തിടുന്നതിന്റെ മണവും കൂടി മുക്കിലടിച്ചപ്പോൾ അറിയാതെ ഒന്ന് തുമ്മി. തുടര്‍ന്ന് രണ്ടുമൂന്നുപ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍, ഊണ് കഴിക്കാനിരുന്നവരുടെ മുഖഭാവം കണ്ടാലറിയാം അവര്‍ക്കു ഒരസൗകര്യക്കേടുള്ളത് പോലെ. ഒരുപക്ഷെ സുരേഷിന് അങ്ങനെ തോന്നിയതായിരിക്കാം.
അകത്തുനിന്നു ദേഷ്യത്തിലുള്ള സംസാരവും ശബ്ദവും കേട്ടപ്പോള്‍ മനസ്സിലായി ഊണ്‍ റെഡിയായിക്കൊണ്ടിരിക്കുന്നെയുള്ളൂവെന്ന്. ചാത്തുവേട്ടന്‍ കമലേട്ടത്തിയോട് ഉച്ചത്തില്‍ ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് കേള്‍ക്കാം.
ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി ഊണ്‍ താമസിക്കുന്നതിലുള്ള ദേഷ്യമാണെന്ന്. അല്‍പ്പസമയത്തിനുശേഷം, ചാത്തുവേട്ടന്‍ പുറത്തേക്കുവന്നു. മുണ്ട് മാടിക്കെട്ടിയിട്ടുണ്ട്. ഷര്‍ട്ടോ ബനിയനോ ധരിച്ചിട്ടില്ല. അല്ലെങ്കിലും കടയില്‍ തന്നെയുള്ള ദിവസങ്ങളില്‍ ചാത്തുവേട്ടന്‍ മിക്കവാറും ഷര്‍ട്ട് ധരിക്കാറില്ല.
ചാത്തുവേട്ടനെ ഷര്‍ട്ടിട്ട് കണ്ടിട്ടുള്ളത് വളരെ അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ്. അതില്‍ ഓര്‍ത്തെടുത്ത് പറയാവുന്നത്, ഞങ്ങളൊന്നിച്ച് പറശ്ശിനിയില്‍ പോയപ്പോഴായിരുന്നു.
ഒരു ദിവസം കോളേജില്‍ പഠിക്കുന്ന സമയം ഞാനും കുമാറും ചേനോത്ത് രാജീവും വര്‍ഗീസും കൂടി പറശ്ശിനി മടപ്പുരയില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍, ചാത്തുവേട്ടനും കൂെടകൂടുകയായിരുന്നു. അതിനെ പറ്റി എഴുതാന്‍ നിന്നാല്‍ ഒരു അധ്യായത്തിനുള്ളതുണ്ട്.
അന്ന് മുത്തപ്പനെ കണ്ടതിനുശേഷം അടുത്തുള്ള കള്ളുഷോപ്പില്‍ കയറിയതും ഇളമ്പക്ക ഫ്രൈ തിന്നതും അത് വയറ്റില്‍ പിടിക്കാതെ ഛര്‍ദിച്ചതും പിറ്റേന്ന് അച്ചൂട്ടി വൈദ്യരുടെ അടുത്തുപോയി കാളശകാദി കഷായം കുടിച്ചതും ഇന്നും ഓര്‍മയിലുണ്ട്.
പിന്നെ ഞാന്‍ ചാത്തുവേട്ടനെ ഷര്‍ട്ടിട്ട് കണ്ടത് എന്റെ കല്യാണത്തിനായിരുന്നു. പഠിക്കുമ്പോള്‍ ചാത്തുവേട്ടനില്ലാത്ത ഒരു ഒത്തുകൂടലും നമുക്കില്ല. വേലിയിറക്കത്തിന് ബോട്ടുജെട്ടിക്കടിയില്‍ പോയി മുരു പറിച്ചെടുത്ത് ചാത്തുവേട്ടന് കൊടുത്താല്‍ മോലിവെച്ചുതരും. അതിനു പൈസയൊന്നും വാങ്ങില്ല അദ്ദേഹം.
വൈകുന്നേരങ്ങളിലെ ഒത്തുകൂടലിനു ചാത്തുവേട്ടനും ഉണ്ടാകും നമ്മളോടൊപ്പം. ഒരു ദിവസം മുക്കാളിയിലെ കോരന്‍ച്ചന്റെ കൊതുമ്പുവള്ളത്തില്‍ അജിത്തും രാജീവും പുഴയില്‍ തുഴഞ്ഞുകളിക്കുമ്പോള്‍ പങ്കായം കൊണ്ട് അജിത് പെട്ടെന്ന് വെള്ളത്തില്‍ ആഞ്ഞടിച്ചു.
ഓര്‍ക്കാപ്പുറത്തുള്ള അടിയായതുകൊണ്ട് തോണി ഒന്ന് ഉലഞ്ഞു. രാജീവ് ഉച്ചത്തില്‍ അജിത്തിനെ ചീത്തവിളിച്ചു. അജി പറഞ്ഞു; എടാ വലിയ ഒരു മീനിനെ ഞാന്‍ കണ്ടു. ഉന്നം തെറ്റിയിട്ടില്ല എന്ന് തോന്നുന്നു.
അടുത്ത സെക്കന്‍ഡില്‍ ഒരു വലിയ ചെമ്പല്ലി വെള്ളത്തിന് മുകളില്‍ പൊങ്ങിവന്നു. ഏകദേശം മൂന്നു-മൂന്നര കിലോ തൂക്കം വരുന്ന ചെമ്പല്ലി. പിന്നെ അതെടുത്ത് ചാത്തുവേട്ടന് കൊടുത്തു. ചാത്തുവേട്ടന്‍ നല്ല പുളിയും മുളകും ഇട്ട് വെച്ചുതന്നു. അങ്ങനെ എത്രയെത്ര ദിവസങ്ങള്‍….
…ഒരു വര്‍ഷത്തെ പള്ളി പെരുന്നാളിന് ചാത്തുവേട്ടന്‍ പറഞ്ഞു എനിക്ക് മിനക്കെടാനൊന്നും കഴിയില്ല. ഈ പ്രാവശ്യം ഹോട്ടല്‍ പുറത്താര്‍ക്കെങ്കിലും നടത്തിപ്പിന് കൊടുത്താലോ എന്നൊരാലോചനയുണ്ട്.
നമ്മളെല്ലാവരും കൂടി ആലോചിച്ച് ഹോട്ടല്‍ നടത്താന്‍ തീരുമാനിച്ചു. തരക്കേടില്ലാത്ത കച്ചവടമുണ്ടായിരുന്നു. എനിക്കധികം ശ്രദ്ധിക്കാന്‍ പറ്റിയിട്ടില്ല. കാരണം എന്റെ സ്വന്തം ബിസിനസില്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ടായിരുന്നു. പെരുന്നാളൊക്കെ കഴിഞ്ഞ് വലിയ ലാഭമൊന്നും കിട്ടിയിട്ടില്ല. ഹോട്ടല്‍ നടത്തുന്നതിനുള്ള പരിചയക്കുറവ് കൊണ്ടായിരിക്കാം.
പിന്നെ ലാഭം കിട്ടിയത് ഒരാളുടെ ബുദ്ധിയിലുദിച്ച പദ്ധതി നടപ്പിലാക്കിയത് കൊണ്ടാണ്. അത് ഒരു അപ്രിയസത്യമായതുകൊണ്ട് ഇവിടെ എഴുതാന്‍ ബുദ്ധിമുട്ടുണ്ട്. എന്തായാലും കച്ചവടം തടിക്കുപിടിക്കാതെ ഒപ്പിച്ചെടുത്തു.
ഇതിനിടയില്‍ രണ്ടുമൂന്നുപേര് കൂടി ഊണ്‍ കഴിക്കാന്‍ വന്നു. അവര്‍ കൈ കഴുകുന്നതിനിടയില്‍ ചാത്തുവേട്ടന്‍ സുരേഷിനെനോക്കി ഒരു ചെറിയ പുഞ്ചിരിയോടുകൂടി ചോദിച്ചു, ദിവാകരന്‍ വന്നോ സുരേഷേ?
ഇല്ല ചാത്തുവേട്ടാ…. അച്ഛന്‍ അടുത്താഴ്ചയെ വരൂ.
ചാത്തുവേട്ടന്‍ വീണ്ടും എന്തോ പറയാന്‍ തുടങ്ങുന്നതിനു മുന്‍പ് സുരേഷ് ….. ചാത്തുവേട്ടാ ഞാന്‍ മുടിമുറിക്കാന്‍ പോയതായിരുന്നു. കുഞ്ഞാപ്പുവച്ചന്‍ ഇവിടെ ഒരു കുട ഏല്‍പ്പിച്ചിട്ടുണ്ടാവുമല്ലോ.
അതെ അതെ, നിന്റെ കുട ഇവിടെ ഏല്‍പ്പിച്ചിട്ടുണ്ട്. കുഞ്ഞാപ്പുവച്ചന്‍ ഇതുവരെ ഇവിടെയുണ്ടേനും. ചായയും കുടിച്ചിട്ട് ഇപ്പോള്‍ അങ്ങു ഇറങ്ങിയിട്ടേയുള്ളു. അയാള്‍ മാര്‍ത്തയേയും നോക്കി രാവിലെ മുതലേ ഇരിക്കുവാ.
അതേ, രാവിലെ എന്നെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു. ഓറുടെ ഒരു ചെമ്പ് ഈയ്യം പൂശാന്‍ കൊട്ത്തിന്. അത് വാങ്ങണം എന്ന് … പെണ്ണുങ്ങള്‍ ആടെ ഇല്ലൊളീ.?
എന്നിട്ടു സംസാരത്തിനിടയില്‍, ചാത്തുവേട്ടന്‍ കേഷ് കൗണ്ടറിനടുത്തുനിന്ന് കുട എടുത്ത് സുരേഷിന് കൊടുത്തു.
ഇതിനിടയില്‍ കമലേട്ടത്തി ഒരു വലിയ സ്റ്റീല്‍ ബേസിനില്‍ ചോറുമായി എത്തി. അടുത്തുള്ള മേശയുടെ മുകളില്‍വെച്ച്, രണ്ട ഇല എടുത്ത് അവിടെ ഇരിക്കുന്നവരുടെ മുന്‍പിലേക്ക് വെച്ചു. ഒപ്പം രണ്ടു കുപ്പി ഗ്ലാസും.
ചാത്തുവേട്ടന്‍ അലൂമിനിയം കെറ്റലില്‍നിന്നും ഇളം പിങ്ക് കളറിലുള്ള പതിമുഖത്തിന്റെ വെള്ളം ഗ്ലാസില്‍ ഒഴിച്ചു. കുറച്ച് ഇലയിലും ഒഴിച്ചുകൊടുത്തു തുടങ്ങുമ്പോള്‍, ഒരാള്‍ പറഞ്ഞു, ചാത്തുവേട്ടാ ഈ ഇലയൊന്നു മാറ്റിയെ, ഇത് കീറിയിട്ടുണ്ട് എന്ന്.
ചാത്തുവേട്ടന്‍ ഇല എടുത്തുനോക്കി വേറൊന്നു വെച്ചു. ഒപ്പം അയാള്‍ക്കും ഗ്ലാസിലും ഇലയിലും വെള്ളം ഒഴിച്ചു. അവർ ഇലയിലൊഴിച്ച ചൂടുള്ള പതിമുഘത്തിന്റെ വെള്ളംകൊണ്ട് കഴുകി ഇഅയൽപം പൊന്തിച്ചു നിലത്തു കളഞ്ഞു കൈകൊണ്ടു ഒന്നുകൂടി തടവി. മറ്റുള്ളവരും ഇതാവർത്തിക്കുന്നുണ്ടായിരുന്നു
…. ചാത്തുവേട്ടൻ ബേസിനെടുത്ത് അതിലുള്ള ചെറിയ സോസറുകൊണ്ട് ചോറുവിളമ്പാന്‍ തുടങ്ങി.
ഇതിനിടയില്‍ കമലേടത്തി തൂക്കുമായിവന്ന് തോരനും, അച്ചാറും പച്ചടിയും കൂട്ടും വിളമ്പി. പിറകെ ചാത്തുവേട്ടന്‍ സാമ്പാറും.. മത്സ്യക്കറി ഒരു പ്രത്യേക സ്‌റ്റൈയിലിലും വിളമ്പി. (ചിരട്ടകയ്യിലിട്ടിളക്കി ധാരാളമായി വിളമ്പുന്നു എന്ന് തോന്നിപ്പിക്കുംവിധം സൂക്ഷിച്ചു വിളമ്പി. വീണ്ടും അല്‍പ്പം ചാറുകൂടി ഒഴിച്ചു.)
പിറകെ കമലേട്ടത്തി, വറുത്ത അയല, മത്തി, മാന്തല്‍ എന്നിവ അടുക്കിവെച്ച അലുമിനീയം ട്രെ കൊണ്ടുവന്നു. ആ തട്ട് ഊണ്‍ കഴിക്കുന്നവരുടെ മുന്‍പിലേക്ക് കാണിച്ച് ഏതു വേണമെന്ന് ചോദിച്ചു. രണ്ടുപേരും ഓരോ മാന്തലും രണ്ട് മത്തിയും വാങ്ങി.
വറുത്ത മത്സ്യം കണ്ടപ്പോള്‍, സുരേഷ് വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ആരും എടുക്കുന്നില്ലെന്ന് തോന്നുന്നു. എന്നിട്ട് ചാത്തുവേട്ടനോട് പറഞ്ഞു; ചാത്തുവേട്ടാ എനിക്ക് ഒരു 10 മത്തി ഒന്ന് പാക്ക് ചെയ്തു തന്നേ. ചാത്തുവേട്ടന്‍ ഒരു ഇലക്കഷണം എടുത്ത് 10 മത്തിവെച്ച് ചുരുട്ടി വീണ്ടും അത് കടലാസില്‍ പൊതിഞ്ഞ് സുരേഷിന് കൊടുത്തു. പൈസ കൊടുത്തിറങ്ങാന്‍ നേരമുണ്ട്, കുഞ്ഞാപ്പുവച്ചന്‍ ഒരു ഈയ്യംപൂശിയ ചെമ്പുമായി കയറിവരുന്നു.
സുരേഷ് ചോദിച്ചു നിങ്ങളിനിയും പോയിട്ടില്ലേ കുഞ്ഞാപ്പുവച്ചാ..!
അതൊന്നും പറയണ്ട എന്റെ സുരേഷേ, ഞാന്‍ നിന്റെ കുട ചാത്തുവിന് കൊടുത്തിട്ടു നേരെ മാര്‍ത്തയുടെ അടുത്തു പോയി. അന്നേരം ഓളാട ഇല്ലേനും. റമ്മു ആട ഇരിക്കുന്നുണ്ട്. ഓനോട് ചോദിച്ചപ്പം പറഞ്ഞു രാവിലെ ആശുപത്രീല്‍ പോയി. ഓള്‍ക്കു സുഖമില്ലേനുംപോലും. റമ്മു ഓളുടെ കോലായിലെ തണേമ്മല് ഇരിക്കുന്നുണ്ടേനും.
കോലായില്‍ ചെമ്പു പൂശിവെച്ചത് ഞാന്‍ കണ്ടു. റമ്മു ഇത് എന്റെ ചെമ്പാ, ഇത് എടുക്കാനാ ഞാന്‍ വന്നത്. ഇനിയിപ്പം എന്താ ചെയ്യാ. ഞാന്‍ ഇത് എടുത്തിട്ടു പോയിക്കോട്ടെ മോനെ?
റമ്മു ചെമ്പിനെയും എന്നെയും, നോക്കിയിട്ടു പറഞ്ഞു. എനിക്കറിയില്ല കുഞ്ഞാപ്പുവച്ചാ. ഓറ സ്വഭാവം ഇങ്ങക്ക് അറിഞ്ഞൂടെ? ഓറ.. കലമ്പല് കേള്‍ക്കാന്‍ എനിക്ക് കഴിയില്ല. ഇങ്ങള് ഓറു വന്നിട്ട് എടുത്തോ.
ഞാന്‍ ആട ഇരുന്നു. ഞാനെന്തെല്ലോ ഓനോട് ചോദിക്കുന്നുണ്ട്. ഓനൊന്നും ശ്രദ്ധിക്കുന്നില്ല. ബീഡിയും വലിച്ച് തീപ്പെട്ടിയില്‍ താളം പിടിച്ച് എന്തൊക്കയോ പറയുകയും പാടുകയും ചെയ്യുന്നുണ്ട്. ഇടയ്ക്ക് ചിരിക്കും.
പിന്ന ഓന്‍ പെട്ടന്ന് എണീച്ച് മേലോട്ട് നോക്കി പോന്നത് കണ്ടിന്.
എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ നോക്കുമ്പ ഉണ്ട് ഓന്‍ ഒരു പ്രാവിനെ പിടിക്കാന്‍ നോക്കുന്ന്.
കുറച്ചു കഴിഞ്ഞപ്പം മാര്‍ത്ത വന്നു. ഓള് ചോദിച്ചു കുഞ്ഞാപ്പൂ ഞ്ഞീ കൊറേ നേരായ വന്നിട്ട്,? ഒന്നും പറയണ്ട, ആസ്പത്രീല് പള്ളീ പെരുന്നാളിന്റെ ആളുണ്ട്. മയ്യെക്കാരായിട്ടു ഞാനാറ്റേ ഉള്ളൂ. ഒരു വിധം ഞാന്‍ ഒപ്പീന (രാഘവേട്ടനെ) കണ്ട് സങ്കടം പറഞ്ഞു. ഓറെന്റെ സങ്കടം കണ്ടു നേരെ രാമകൃഷ്ണന്‍ ഡോക്റ്ററെടത്തു കൂട്ടിപ്പോയി. ഡോക്ടര് എന്നെ പരിശോധിച്ചിട്ടു പറഞ്ഞു, ഞ്ഞി വല്ലാണ്ട് മെലിഞ്ഞിന്. എന്നാലും പേടിക്കണ്ട എന്ന് പറഞ്ഞ് മരുന്നിനു എഴുതി തന്നു. ഗുളിക ആസ്പത്രീലുണ്ട്. ടോണിക്ക് പൊറത്തൂന്നു വാങ്ങാന്‍.. അത് കൊണ്ട് നേരത്തെ വരന്‍ പറ്റി..
ഇന്റെ ചെമ്പു പുറത്തുതന്നെയുണ്ടല്ലോ കുഞ്ഞാപ്പു ഇനിക്ക് റമ്മൂനോട് പറഞ്ഞിട്ട് എടുത്തൂടേനോ. എന്നിട്ട് റാമ്മൂന കൊറേ കൂട്ടം കൂടി. റമ്മു അതൊന്നും കേള്‍ക്കുന്നേയില്ല. ഓന്‍ പ്രാവിനെ നോക്കി എന്തെല്ലോ കാട്ടുന്നുണ്ട്. പിന്ന ഞാന്‍ ചെമ്പും എടുത്തു ഇങ്ങു പോന്നു. ഏതായാലും ലേറ്റായി ഇനി ചോറും ബെയിച്ചിട്ടു പോവ്വാന്നു നിരീച്ചു കേര്യതാ.
കുഞ്ഞാപ്പുവച്ചന്‍ ചാത്തുവേട്ടനോട് ചോദിച്ചു. ചാത്തൂ ഇനിക്ക് ഈ ചെമ്പു വേണോ. ഇതും എടുത്തിട്ടു എനിക്ക് ഇനി അങ്ങ് നടക്കാന്‍ പറ്റൂല്ല. നാഴി അരിവെക്കാന്‍ എനിക്കെന്തിനാ ഈ ചെമ്പ്.? വരുമ്പം മാധവി പറഞ്ഞിനു ആര്‍ക്കെങ്കിലും വേണെങ്കില് കൊടുത്തേക്കുന്ന്. ഞ്ഞി ഇത്തെടുത്തിട്ടു എന്തെങ്കിലും തന്നേക്ക്.
ചാത്തുവേട്ടന്‍ ആദ്യം വേണ്ടാന്ന് പറഞ്ഞെങ്കിലും പിന്നെ അതെടുത്തു മേല്‍പ്പോട്ടു പിടിച്ചുനോക്കുകയും ചൂണ്ടു വിരല്‍ മടക്കി കൊട്ടിനോക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടിന്. അത് നോക്കി സുരേഷ് അവിടെന്ന് ഇറങ്ങി..
അന്നേരം ചാത്തുവേട്ടന്‍ പിറകില്‍ നിന്നും വിളിച്ചു പറഞ്ഞു; സുരേഷേ ഞ്ഞി കുട എടുക്കണ്ടാ പോ… ന്നേ? എന്നിട്ടു ബെഞ്ചുമ്മന്നു കുടയെടുത്തു സുരേഷിന് കൊടുത്തു. അതുംകൊണ്ട് നടക്കുന്നതിനിടയില്‍ സുരേഷ് ഓര്‍ത്തു.
അച്ഛന്‍ വന്നിട്ട് കുറച്ചു പൈസവാങ്ങിച്ച് പപ്പന്റേന്ന് പ്രാവിനെ വാങ്ങിച്ചു പോറ്റണം. അച്ഛന്‍ സമ്മതിക്കുമായിരിക്കും. പണ്ട് അച്ഛനും വല്യച്ഛനും ഒക്കെ പ്രാവിനെ പോറ്റീട്ടില്ലേ. എത്രയെത്ര തരം പ്രാവുകളാ. ഏകദേശം 300 ല്‍ അധികം ജാതി (സ്പീഷ്യസ്) പ്രാവുകള്‍ പ്രകൃതിയില്‍ ഇതിനകം കണ്ടത്തിയിട്ടുണ്ട് എന്നെല്ലാം പറേന്നകേട്ടുക്കു.
പ്രാവുകളുടെ പൊതുവെയുള്ള രൂപം പറയുകയാണെങ്കില്‍ അല്പം തടിയുള്ള ശരീരവും കുറുകിയ കഴുത്തും ചെറുതും മെലിഞ്ഞതുമായ കാലുകളും അല്പം തടിച്ച ചുണ്ടുകളുമണ്. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ സങ്കരയിനം പ്രാവുകളെ ജനിപ്പിക്കുന്നതിനാല്‍ അല്‍പ്പം രൂപമാറ്റങ്ങളൊക്കെ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.
പ്രാവുകള്‍ സ്വയം കൂട് കെട്ടിയാലും കൂടൊരുക്കി കൊടുത്താലും ഒരടുക്കും ചിട്ടയുമില്ലാതെയാണ് ഇവ പരിപാലിക്കുന്നത്. അതായത് എപ്പോഴും അലങ്കോലപ്പെട്ട് കിടക്കും. നേര്‍ത്ത ചുള്ളിക്കമ്പുകള്‍ കൊണ്ടാണ് കൂട് നിര്‍മിക്കുക. കെട്ടിടനിര്‍മാണമൊക്കെ വര്‍ധിച്ചത് കാരണം ഇപ്പോള്‍ നേര്‍ത്ത കെട്ടുകമ്പികളും ഇവ കൊത്തി കൂടൊരുക്കാന്‍ ഉപയോഗിക്കുന്നുണ്ട്.
പ്രാവുകള്‍ പൊതുവെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു മുട്ടകള്‍ ഇടുകയും അതിനുശേഷം ആണ്‍കിളിയും പെണ്‍കിളിയും മാറി മാറി അടയിരിക്കുകയും ചെയ്യും. മുട്ട വരിഞ്ഞ് കുഞ്ഞ് പൂര്‍ണമായും പുറത്തായ ഉടന്‍ മുട്ടത്തോട് കൂട്ടില്‍ നിന്നും തട്ടി മാറ്റും. ഇതാണ് ഇതിന്റെ പ്രജനനരീതി.
പ്രാവുകള്‍ പല ഇനത്തിലും രൂപത്തിലും നിറത്തിലും കാണപ്പെടുന്നുണ്ട്. കേരളത്തില്‍ പൊതുവെ പ്രാദേശികാടിസ്ഥാനത്തില്‍ ഒരേ പ്രാവുകള്‍ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. പപ്പന്റെ പക്കലുള്ള ചില പ്രാവുകളുടെ പേരുകള്‍: റോക്ക, വെള്ള, സബ്ജ, ചെമ്പന്‍, കാസമ്മി, ജാക്ക്, ഷെഹല്ലി, ദൂദിയ.
പ്രാവുകളെ പറ്റി കൂടുതല്‍ ചോദിച്ചപ്പോള്‍ പപ്പന്‍ വാചാലനായി. പപ്പന്റെ ഭാഷയില്‍ നല്ല ആരോഗ്യമുള്ളതും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പറ്റിയ പ്രാവുകളെ കണ്ടെത്തുന്നത് കണ്ണുകള്‍ നോക്കിയാണെന്നും പ്രാവുകളെ നല്ലരീതിയില്‍ പരിചരിച്ചില്ലെങ്കില്‍ രോഗങ്ങള്‍ വരും എന്നൊക്കെ.
തല തിരിയുന്നതാണ് ഒരു പ്രധാന അസുഖം. അത് തുടക്കത്തിലേ തിരിച്ചറിഞ്ഞാല്‍, കറ്റാര്‍വാഴനീര് വളരെ പലപ്രദമാണെന്ന് പപ്പന്‍ പറഞ്ഞു. പപ്പന്‍ അത് പരീക്ഷിച്ച് അസുഖം ഭേദമാക്കിയിട്ടുണ്ട് പലപ്പോഴും. പ്രാവുകളെ പറ്റി കൂടുതല്‍ പറയാനും അറിയാനും എന്നെ പപ്പന്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
എങ്കിലും പപ്പന്‍ പ്രാവുകളുടെ പേര്‍ ഹോട്ടലിലെ സപ്‌ളയര്‍ വിഭവങ്ങളുടെ പേരുകള്‍ ശ്ലോകം ചെല്ലുന്നത് പോലെ പറഞ്ഞുതുടങ്ങി:
ഗ്രെ, റോക്കി, ക്ലിന്റ് വുഡ്, കിരീടം, രാജാവ്, മഡോണ, കോര്‍നോട്ട്, മോണ്ടന്‍, റോമന്‍ സ്ട്രാസര്‍, ടെക്‌സണ്‍, പ്രഹാന്‍സ്‌കി കാനിക്, നിക്കോളാസ്, ഷോര്‍ട്ബിള്‍ഡ് ടാര്‍മന്‍, ഹര്‍മന്‍ സന്യാസി, ലോങ് ബില്‍ഡ് ബെര്‍ളിന്‍, പോസ്റ്റ് പ്രാവുകള്‍, ബെല്‍ജിയന്‍ ഇഗ്‌ളീഷ് ക്വാറി, ഹര്‍മന്‍ ചെക്ക്, റഷ്യന്‍. ഇതിനും പുറമെ മാംസയിനങ്ങള്‍ക്കായുള്ളതും അലങ്കാര ഇനമായും ധാരാളം കണ്ടുവരുന്നുണ്ട് എന്നുപറഞ്ഞു ഒരു ദീര്‍ഘശ്വാസം വിട്ടു.
എന്നിട്ട് എന്നോടായിപ്പറഞ്ഞു. ഇതിന്റെയൊക്കെ പേരുകള്‍ പൂര്‍ണമായും ഓര്‍ത്തുപറയുക ഏറെ പ്രയാസമാണ് ബാബൂ എന്ന്. അതുകൊണ്ടുതന്നെ ഈ ഇനങ്ങളുടെയൊക്കെ പേരെഴുതി തിട്ടപ്പെടുത്തുക കുറച്ചു പ്രയാസമുള്ള കാര്യം തന്നെ എന്ന് എനിക്കും തോന്നി.
നിര്‍ത്താതെയുള്ള ഈ പറച്ചിലും അതിനെ പരിപാലിക്കുന്നതും അതിന്റെ പ്രചജനനരീതിയും ചികിത്സയും ഭക്ഷണക്രമവും ഒക്കെ പറയുമ്പോള്‍ എനിക്ക് തോന്നി ഈ വിഷയത്തില്‍ പപ്പന്‍ പ്രാവുകളെ പറ്റി ഒരു തീസിസ് തയ്യാറാക്കി സമര്‍പ്പിച്ചാല്‍ ചിലപ്പോള്‍ ഒരു ഓണററി പിഎച്ച്.ഡി.ക്ക് അര്‍ഹനല്ലേ എന്ന്.
ഇങ്ങനെയൊക്കെയാണെങ്കിലും ആധുനികകാലത്തെ നാടന്‍പ്രാവുകളുടെ പിന്‍തലമുറക്കാരെ അന്വേഷിച്ചാല്‍ ഇളം നീലകലര്‍ന്ന ചാരനിറത്തിലും പാറയുടെ (കറുപ്പ്) നിറത്തിലുമുള്ളതാണെന്ന് മനസ്സിലാവും. എങ്കിലും മനുഷ്യനുമായി ഇടകലര്‍ന്നു വളരുന്നതിന്റെ ചരിത്രം അന്വേഷിച്ചുപോയാല്‍ ഉത്തരം കണ്ടെത്താന്‍ ഏറെ പ്രയാസമാണ്.
പ്രാവ് പ്രേമികള്‍ കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വലുതാക്കി എടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. മുട്ടവിരിയിച്ചു എടുക്കുന്നതും കണ്ടുവരുന്നുണ്ട്.
ഇണചേര്‍ന്ന് 15 മുതല്‍ 20 ദിവസങ്ങള്‍ക്കുള്ളില്‍ ഇവ മുട്ടയിടും. കൂടിനുള്ളില്‍ മണല്‍ത്തിട്ടകള്‍ ഒരുക്കിവെച്ചാല്‍ ഇവയ്ക്ക് മുട്ടയിടാനുള്ള സൗകര്യമായി. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും മുട്ടയിടുക.
പകല്‍ ആണ്‍പ്രാവും രാത്രി പെണ്‍പ്രാവുമാണ് പൊതുവേ അടയിരിക്കാറുള്ളത്. പതിനെട്ടാം ദിവസം മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്തുവരും. സാധാരണഗതിയില്‍ ഒരു ശരാശരി പ്രാവിന്റെ ആയുസ്സ് എന്നുപറയുന്നത് പതിനഞ്ചുമുതല്‍ ഇരുപത് വര്‍ഷം വരെയായിരിക്കും.
പ്രാവുകളെ ആരോഗ്യമുള്ളവരായി നിലനിറുത്താന്‍ നല്ല ആഹാരം കൊടുക്കേണ്ടതുണ്ട്. കുതിര്‍ത്ത ചോളം, പയര്‍ വര്‍ഗങ്ങള്‍, ഗോതമ്പ്, കപ്പലണ്ടി, മുത്താറി, കുതിര്‍ത്ത കടല എന്നിവ നല്‍കിയാല്‍ മതി. ഇതിനു പുറമേ ചീരയില, മല്ലിയില എന്നിവയും പ്രാവുകള്‍ക്ക് പ്രിയപ്പെട്ടവയാണ്. അതുപോലെ 30 മില്ലിലിറ്റര്‍ വെള്ളവും ഓരോ പ്രാവിനും നല്‍കണം.
പ്രാവുകള്‍ക്ക് അസുഖം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. തലതിരിയലാണ് ഇവയില്‍ കാണുന്ന പ്രധാന രോഗം. വൈറ്റമിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഈ രോഗത്തിന് ബി 1 ഗുളിക നല്‍കിയാല്‍ പൂര്‍ണ ആരോഗ്യവാന്മാരായി ഇവയെ വളര്‍ത്തിയെടുക്കാം.
കൂട്ടില്‍ ഒരു പ്രാവിന് രോഗം ബാധിച്ചാല്‍ എത്രയും പെട്ടെന്ന് തന്നെ അവയെ കൂട്ടില്‍ നിന്നും മാറ്റിവേണം ചികിത്സിക്കേണ്ടത്. അതുപോലെ, ആദ്യമേ തന്നെ കൂടിനുള്ളില്‍ മണല്‍ വിരിച്ച് അതിനു മുകളില്‍ പേപ്പര്‍ വിരിച്ചാല്‍ ദിവസേനയുള്ള വൃത്തിയാക്കല്‍ എളുപ്പമായിരിക്കും.
രണ്ടാഴ്ചയിലൊരിക്കല്‍ പ്രാവുകളെ മാറ്റി കൂട്ടില്‍ അണുനാശിനി തളിക്കണം. കൂടാതെ മഞ്ഞള്‍പ്പൊടി വിതറുന്നത് ഉറുമ്പ് ശല്യം ഒഴിവാക്കാനും സഹായിക്കും. എങ്കില്‍ മാത്രമേ പ്രാവുകളെ മത്‌സരത്തിനു അനുയോജ്യമായ രീതിയില്‍ ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കാന്‍ പറ്റുകയുള്ളു. പ്രാവ് പറത്തല്‍ മത്‌സരം മുന്‍കാലങ്ങളെ അപേക്ഷിച്ച് ടെക്നോളജിയെ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
അതിനെ പറ്റി എഴുതാൻ നിന്നാൽ ഒരു അദ്ദ്യായത്തിനുള്ളത് ഉണ്ട്.
ഇത്തരം മത്‌സരം സംഘടിപ്പിച്ചു രേഖപ്പെടുത്തിയ റെക്കോഡുകള്‍ ഈയ്യിടെ മറികടന്ന വിവരവും വാര്‍ത്തയായി കണ്ടു.
ആവേശമുയര്‍ത്തിയ പ്രാവ് പറത്തല്‍ മത്സരത്തിലൂടെ സ്ഥാപിച്ച പുതിയ റെക്കോര്‍ഡ് സമയം 18 മണിക്കൂറും 19 മിനിറ്റുമാണ്. തോപ്പുംപടി എഫ്.കെ. ബ്രദേഴ്‌സിന്റെ പ്രാവ് മറികടന്നത് 16 മണിക്കൂര്‍ 38 മിനിറ്റെന്ന നിലവിലെ റെക്കോഡാണ്. ഏറ്റവും കൂടുതല്‍ നേരം ആകാശത്ത് വട്ടമിട്ട് പറക്കുകയും ആരംഭിച്ച സ്ഥലത്തേക്ക് തിരികെയെത്തുകയും ചെയ്യുന്ന പ്രാവാണ് മത്സരത്തില്‍ വിജയിയായി കണക്കാക്കുന്നത്.
ഇതിനെ പറ്റി പപ്പനുമായി സംസാരിച്ചപ്പോള്‍ പല പ്രമുഖരും ഈ രംഗത്ത് ഉണ്ടായിരുന്നുവെന്ന് മനസ്സിലായി. ഒരു കാലത്ത് കണ്ണൂരിലെ കണ്ണുരോഗ ചികിത്സാവിദ്ഗഗ്ധനായിരുന്ന ഡോക്ടര്‍ ഉമ്മന്‍ പ്രാവ് വളര്‍ത്തലില്‍ അതിയായ താല്പര്യമെടുത്ത് മത്സരങ്ങള്‍ സങ്കടിപ്പിച്ചും പങ്കെടുത്തും വിജയിച്ചിട്ടുണ്ട് എന്നറിഞ്ഞു.
ഇദ്ദേഹം കണ്ണൂര്‍ ലക്കി സ്റ്റാര്‍ ക്ലബ്ബിന്റെ പ്രഡിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മരണം അപ്രതീക്ഷമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഈ മേഖലയില്‍ ഇന്നും സജീവമായി തന്റെ പിതാവിന്റെ പാത പിന്തുടരുന്നുവെന്നത് ശ്ലാഘനീയം തന്നെ. ഈയ്യിടെ നടന്ന മത്സരത്തില്‍ അദ്ദേഹം പറത്തിയ പ്രാവ് 18 മണിക്കൂറും നാല് മിനിറ്റും പറന്ന് റെക്കോഡിട്ടിട്ടുണ്ട്.
രണ്ടാം സമ്മാനം 15 മണിക്കൂര്‍ 25 മിനിറ്റോടെ മയ്യഴിയിലെ കനകരാജ് ആന്‍ഡ് പപ്പന്‍ ടീമിനാണ് എന്നും പപ്പന്‍ പറഞ്ഞു.
പ്രാവ് വളര്‍ത്തല്‍ മത്സരങ്ങള്‍ പല വിധത്തില്‍ നടത്തുന്നുണ്ട്. പ്രാദേശികമായും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒക്കെയായി ഇന്നും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. അന്ന്യം നിന്ന ഈ വിനോദം തിരിച്ചുവരവിന്റെ പാതയിലാണല്ലോ എന്ന് ചോദിച്ചപ്പോള്‍, പപ്പന്‍ പറഞ്ഞു തിരിച്ചുവന്നിരിക്കുന്ന് മാത്രമല്ല പുതുതലമുറയില്‍പെട്ടവരില്‍ ഒരുപാട് പേര്‍ ഈ രംഗത്ത് കടന്നുവരുന്നുെണ്ടന്ന്.
പറവ എന്ന സിനിമ ഇറങ്ങിയതിനുശേഷമാണ് പ്രാവ് വളര്‍ത്തലും മത്സരവും കേരളത്തില്‍ വീണ്ടും സജീവമായത് എന്ന് വേണമെങ്കില്‍ പറയാം.
മയ്യഴിയിലെ എക്‌സിക്യുട്ടീവ് എന്‍ജിനീയറായിരുന്ന ഒ. പ്രദീപ്കുമാര്‍ പഴയ ഒരു പ്രാവ് പ്രേമിയായിരുന്നു. ഇപ്പോള്‍ റിട്ടയര്‍ ചെയ്തപ്പോള്‍ പ്രാവുകളോടുള്ള പഴയ കമ്പം വീണ്ടും ഉണര്‍ന്നു. പപ്പനുമായുള്ള സ്‌നേഹത്തിന്റെ പേരില്‍ പ്രാവുകളെ സംഘടിപ്പിച്ച് വീണ്ടും ഒരുകൈ നോക്കാനുള്ള ശ്രമത്തിലാണെന്ന് പപ്പന്‍ പറഞ്ഞു. അദ്ദേഹത്തിന് ഞാന്‍ (പപ്പന്‍) പ്രാവിനെ കൊടുത്തിട്ട് പ്രാവ് വളര്‍ത്തിലിന്റെ പ്രാഥമികകാര്യങ്ങള്‍ വീണ്ടും പറഞ്ഞുകൊടുത്തിട്ടുണ്ട്. അതുമായി അദ്ദേഹമിപ്പോള്‍ ബിസിയായി തുടങ്ങിയിട്ടുണ്ടെന്നുമൊക്കെ.
ഈക്കാര്യം ശ്രീ. പ്രദീപുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പഴയകാല പ്രാവ് പ്രേമമൊക്കെ എന്നോട് പറഞ്ഞു.
പണ്ട് സ്‌കൂളില്‍ പഠിക്കുന്നകാലത്ത് മാഹി മെറ്റല്‍സിനടുത്തുള്ള മാടത്തില്‍ എന്ന വീട്ടില്‍ ഒരു പ്രാവിനെ കണ്ട് അതിനെ പിടിക്കാനായി പോയതും, ദൂരെനിന്ന് നോക്കി അത് ചെമ്പന്‍ പ്രാവാണെന്നു പറഞ്ഞതും കൂടെയുള്ളവര്‍ അത് ചെമ്പനും കൊമ്പനും ഒന്നുമല്ല കൂവ്വക്കുട്ടിയാണെന്നും (പരുന്തിന്റെ കുട്ടി) പറഞ്ഞു തര്‍ക്കിച്ചു.
സംഭവമറിഞ്ഞ് അയ്യിട്ടവളപ്പിലെ പപ്പേട്ടനും കൊന്തപ്പുറം രാജേട്ടനും എത്തി ട്രെയിനര്‍ പ്രാവിനെവിട്ട് വെള്ളവും ഭക്ഷണവുമൊക്കെ കാണിച്ചു വശീകരിച്ചു പിടിച്ച കഥയൊക്കെ പ്രദീപ് പറഞ്ഞറിഞ്ഞു. പിന്നീട് പപ്പേട്ടന്‍ പ്രദീപിന്റെ വീട്ടിന്നടുത്തുള്ള കൂട്ടില്‍ പ്രാവിനെ ഇട്ടിട്ടു വളര്‍ത്താന്‍ ഏല്പിച്ചതൊക്കെ, ഇന്നലെ കഴിഞ്ഞ സംഭവം പോലെ പ്രദീപ് ഓര്‍ത്തെടുത്തു പറഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീ. പ്രദീപിന് സജീവമായി പ്രാവ് വളര്‍ത്തലും മത്സരത്തില്‍ പങ്കെടുക്കാനും ഒന്നും തല്കാലം ഉദ്ദേശ്യമില്ല. നല്ലയിനം കളര്‍ഫുള്ളായിട്ടുള്ള അലങ്കാരപ്രാവുകളെ വളര്‍ത്താനും അതിലൂടെ ബോറടി മാറ്റാനുമാണ് ഇപ്പോഴത്തെ പരിപാടിയെന്ന് മനസ്സിലായി. എങ്കിലും പ്രദീപിന്റെ ഇപ്പോഴത്തെ ഈ പ്രാവിനോടുള്ള താത്പര്യം കാരണം വീട്ടുകാരിക്ക് ഒര സൗകര്യക്കേട് ഉണ്ടാവുന്നുണ്ടോ എന്നൊരു സംശയം പപ്പനുണ്ട്. സമാധാനത്തിന്റെ പ്രതീകമായ ഈ പ്രാവ് ഇപ്പോള്‍ അവിടെ അസമാധാനത്തിന്റെ വിത്ത് പകുമോ എന്ന സംശയം ഉന്നയിച്ച് ചിരിച്ചുകൊണ്ട് പപ്പന്‍ പറഞ്ഞു.
തിരക്കുണ്ട് ബാബൂ, പ്രാവിന്റെ വിശേഷങ്ങള്‍ ഏറെയുണ്ട്. പറഞ്ഞാലും പറഞ്ഞാലും തീരില്ല. നമുക്ക് പിന്നെക്കാണാം എന്നും പറഞ്ഞു പപ്പന്‍ പ്രാവിനെപ്പോലെ പറന്നു സ്ഥലംവിട്ടു.
പ്രാവുകളെയും അതിന്റെ വിശേഷങ്ങളെയും പറ്റി എത്രപറഞ്ഞാലും തീരില്ല. എങ്കിലും ചില കാര്യങ്ങള്‍ കൂടി പരാമര്‍ശിച്ച് നിര്‍ത്തുന്നു.
പണ്ടുകാലത്ത് വാര്‍ത്താവിനിമയം നടത്താനുള്ള ഉപാധിയായി ചൈനയിലും ഗ്രീസിലും പുരാതന ഈജിപ്ത്തിലുമൊക്കെ പ്രാവുകള്‍ക്ക് പരിശീലനം നല്‍കി ഉപയോഗിച്ചിരുന്നു. ഇത്തരം പ്രാവുകള്‍ക്ക് 70-75 ഗ്രാം വരെ സ്വന്തം ശരീരത്തില്‍ വഹിച്ച് ദീര്‍ഘദൂരം പറക്കാന്‍ സാധിക്കുമത്രേ.
കടലില്‍ നങ്കൂരമിട്ട കപ്പലുകളില്‍നിന്ന് ആശയവിനിമയം നടത്താനും സന്ദേശങ്ങള്‍ കൈമാറാനും പ്രാവുകളെ ഉപയോഗിച്ചിരുന്നു. ഇതിനെപറ്റി പ്രാചീന ഗ്രീക്ക്-റോമന്‍ ഭാഷകളില്‍ കാരിയര്‍ പ്രാവുകളെക്കുറിച്ച് നിരവധിതവണ പരാമര്‍ശിച്ചിട്ടുണ്ട്.
അതായത് സന്ദേശങ്ങള്‍ കൈമാറാന്‍ കടലാസ്, അല്ലെങ്കില്‍ തുകലിന്റെ ചെറിയ റോളുകളിലുള്ള സന്ദേശങ്ങള്‍ ഘനം കുറഞ്ഞ ട്യൂബുകളില്‍ ഇട്ട് പ്രാവുകളുടെ മുതുകിലോ കാലുകളിലോ കെട്ടി പ്രാവുകളെ ദിശാബോധമനുസരിച്ച് പറക്കാന്‍ വിടും. പിന്നീട് അവ കൃത്യമായി പറന്ന് ഏവിടെനിന്നാണോ പറന്നുയര്‍ന്നത് അവിടത്തേക്കു തന്നെ തിരിച്ചുവരുകയും ചെയ്യും.
പ്രാവുകള്‍ക്ക് ഇതിനു സാധിക്കുന്നത് പ്രാവുകളുടെ സ്വാഭാവിക കഴിവുകൊണ്ടാണ്. ചിലപ്പോള്‍ പ്രാവുകളെ കൂട്ടിലടച്ച കൂടെ കൊണ്ടുപോകുകയും, ലക്ഷ്യസ്ഥാനത്തു എത്തിയാല്‍ പ്രാവുകളുടെ ദേഹത്ത് സന്ദേശം കെട്ടിവെച്ച് പറക്കാന്‍ അനുവദിക്കുകയും, അവ പറന്നു ഇവിടെ നിന്നാണോ പുറപ്പെട്ടത് അവിടേക്കു ലക്ഷ്യം തെറ്റാതെ പറന്ന് സന്ദേശം കൈമാറുന്ന രീതിയും ആ കാലങ്ങളില്‍ പതിവായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ഏകദേശം 200,000 ഹോമിങ് പ്രാവുകളെ ഉപയോഗിച്ചിരുന്നു. യുദ്ധക്കളത്തിന്റെ മുന്‍നിരയില്‍നിന്ന് സുപ്രധാന സന്ദേശങ്ങള്‍ കൈമാറുന്നതിന് വിവിധ രാജ്യങ്ങളിലെ സൈന്യം ഇത്തരം പ്രാവുകളെ ഉപയോഗിച്ചുള്ള തന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു.
ജമ്മു കശ്മീരിലെ ബാരാമുള്ള താഴ്വരയിലെ ജനങ്ങള്‍ക്കിടയില്‍ ഗ്രാമീണകളികളും കായികാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ ആര്‍മിയുടെ ഡാഗര്‍ ഡിവിഷന്‍, ഷാ സൂറബ് റാഖ പ്രാവ് ഗ്രൂപ്പുമായി ചേര്‍ന്ന് ഈയ്യിടെ പ്രാവുകളുടെ പറക്കല്‍ മത്സരം സംഘടിപ്പിച്ച വിവരവും വായിച്ചറിഞ്ഞിരന്നു.
രണ്ട് സെഗ്മെന്റുകള്‍ അടങ്ങുന്ന കോത്ര – ബാസി എന്നറിയപ്പെടുന്ന മത്സരത്തില്‍ 20 ഓളം പേര്‍ പങ്കെടുത്തു. പ്രാവുകളുടെ പരമാവധി പറക്കല്‍സമയത്തെ അടിസ്ഥാനമാക്കി വിജയിയെ നിര്‍ണയിച്ച പ്രാവ് റേസിങ്, ആരോഗ്യമുള്ള ഇനം എന്നിവയ്ക്ക് അവാര്‍ഡ് നല്‍കുകയുണ്ടായി. വളരെക്കാലത്തെ പരിചയം ഉള്ളവരായിരുന്നു മത്സത്തില്‍ പങ്കെടുത്തവരില്‍ പലരും.
ഇങ്ങനെയൊക്കെയാണെങ്കിലും ക്രൈസ്തവവിശ്വാസമനുസരിച്ച് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിനുകാരണം പ്രാവ് സൗമ്യവും ശുദ്ധവുമായ ഒരു പക്ഷിയായതുകൊണ്ടാണെത്രേ. പരിശുദ്ധാത്മാവ് സൗമ്യതയുടെ ആത്മാവായതിനാല്‍, പ്രാവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നും വിശ്വസിക്കുന്നു.
കൂടാതെ, പുരാതന ചരിത്രത്തെ ഓര്‍മിപ്പിക്കുന്ന മഹാപ്രളയം, പ്രപഞ്ചത്തെ മുഴുവന്‍ വലയം ചെയ്തപ്പോള്‍, നമ്മുടെ വംശം മുഴുവന്‍ സമ്പൂര്‍ണ വംശനാശ ഭീഷണിയിലായപ്പോള്‍ പ്രാവ് ഒരു ഒലീവ് കമ്പു കോക്കില്‍ കൊത്തി പറന്നുവന്നു പ്രളയം നിലച്ചുവെന്ന് അറിയിച്ചു. പ്രപഞ്ചത്തില്‍ സാര്‍വത്രിക നിശ്ശബ്ദതയില്‍ സന്തോഷവാര്‍ത്ത കൊണ്ടുവന്നത് പ്രാവാണെന്ന് ക്രൈസ്തവര്‍ വിശ്വസിച്ചുവരുന്നു.
ഒരു പ്രാവ് സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണെന്ന് മനുഷ്യര്‍ വിശ്വസിക്കുന്നു. ഒരു ശത്രു പൊതുവെ ഒരു പ്രാവിനെ മറുവശത്തേക്ക് അയക്കുന്നത് അവരുടെ ഭാഗത്തുനിന്ന് സമാധാനവും ഐക്യവും സൂചിപ്പിക്കാനാണെന്നു കരുതുന്നു. ഇതിന്റെ പ്രതീകാത്മകമായാണ് വെള്ളക്കൊടി വീശി കീഴടങ്ങലിനെ പ്രതിനിധീകരിക്കുന്നതായി സങ്കല്‍പ്പിക്കുന്നത്. ഒരു എതിരാളി യുദ്ധത്തില്‍ കൂടുതല്‍ പോരാടാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അവര്‍ വെള്ളക്കൊടി വീശി തങ്ങളുടെ പക്ഷം യുദ്ധത്തിനില്ലെന്നു അറിയിക്കുന്നു.
ഇതൊക്കെ കേട്ടുകേള്‍വിയായിരുന്നു 1971 വരെ. എന്നാല്‍ 1971 ലെ ഇന്‍ഡോ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ ജനറല്‍ നിയസിയുടെ നേതൃത്വത്തില്‍ വെള്ളക്കൊടി വീശി ഞങ്ങള്‍ ഇനി യുദ്ധത്തിനില്ല എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യന്‍ സൈന്യത്തിനു മുന്‍പില്‍ നിരുപാധികം കീഴടങ്ങിയ രംഗവും ഓര്‍ക്കുന്നു.
അതുകൊണ്ട് തന്നെയായിരിക്കാം ലോകം മുഴുവനുമുള്ള നാനാ മതസ്ഥരും പ്രാവുകളെ നല്ല ശകുനമായി കാണുന്നതും. പ്രാവുകള്‍ ഫലഭൂയിഷ്ഠത, സമൃദ്ധി, ഭാഗ്യം, പരിവര്‍ത്തനം എന്നിവയുടെ പ്രതീകമാണെന്നും വിശ്വസിക്കുന്നത്.
മനുഷ്യര്‍ വളര്‍ത്തിയെടുക്കുന്ന ആദ്യത്തെ പക്ഷി ഇനങ്ങളില്‍ ഒന്നാണിതെന്നും, പുരാതന കാലം മുതല്‍ പ്രാവുകളുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ മനുഷ്യര്‍ തങ്ങളുടെ വളര്‍ത്തുപക്ഷിയായി സ്വീകരിച്ച് ഒപ്പം കൂട്ടിയതാവും എന്നുവേണം കരുതാന്‍. ഈ പക്ഷികള്‍ സ്ഥിരത, ഐക്യം, ക്ഷേമം, കരുണ, ക്ഷമ, സ്വാതന്ത്ര്യം എന്നിവയുടെ പ്രതീകമാണ് എന്നും സങ്കല്‍പ്പിച്ചുപോരുന്നു.
മനുഷ്യനുണ്ടായ കാലം മുതല്‍ മനുഷ്യനോടൊപ്പം വളരുന്ന പ്രാവുകളുടെ വിവരം എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല എന്ന ബോധത്തോടെ പ്രാവുകളുടെ കഥകളെ പറ്റിയുള്ള അന്വേഷണത്തിലാണ്…
പ്രാവുകളുടെ കഥകള്‍ അപൂര്‍ണമാണ്. കൂടുതല്‍ അറിവുകള്‍ അനുഭവങ്ങള്‍ അറിയുന്നവര്‍ പങ്കുവെക്കുമെന്നാശിച്ചു ഈ പ്രാവ് പുരാണം നിര്‍ത്തട്ടെ എന്ന് പറയുന്നതോടൊപ്പം …
ഒടുവില്‍ രാഘവന്‍ മാസ്റ്ററുടെ വരികള്‍ പാടി അവസാനിപ്പിക്കുന്നു..
ദുഃഖഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാന്‍;
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ…
കല്ലെറിയല്ലേ… എന്നെ കല്ലെറിയല്ലേ….
ആ ദുശ്ശകുനം, ശകുനമാക്കി മാറ്റി സമാധാനത്തിന്റെ പ്രതീകമായി വീണ്ടും നമ്മള്‍ കണ്ടെത്തിയിരിക്കുന്നു ഈ പറക്കും പ്രാവിനെ. വെള്ളരിപ്രാവിനെ.
അടിക്കുറിപ്പ്: ഇതിലെ കഥാപാത്രങ്ങളായ കുഞ്ചിരിയമ്മയും ദേവൂട്ടിയും കണാരേട്ടനും കണ്ണന്‍ച്ചനും ദിവാകരനും പ്രേമിയും സുനിതയും സുരേഷും ഒക്കെ കഥയുടെ ഒഴുക്കിന് സാങ്കല്‍പ്പികമായി സൃഷ്ടിച്ചെടുത്തതാണെങ്കിലും?
ചിലയിടങ്ങളില്‍ സുരേഷ് ഞാനായിട്ടും ചില സ്ഥലത്തു എന്റെ ചങ്ങാതിമാരില്‍ പലരുമായിട്ടും തോന്നാം….
മഠത്തില്‍ ബാബു ജയപ്രകാശ്
.
മഠത്തിൽ ബാബു ജയപ്രകാശ്…✍️ My Watsapp Cell No: 00919500716709





















As always, it’s a very pleasing reading experience Babu. Thank you and keep it up 🙏
LikeLike
Thank you Kumar
LikeLike
Thank you Kumar
On Sat, 18 Jun 2022, 18:05 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, < comment-reply@wordpress.com> wrote:
>
LikeLike