ഈ കവിതയ്ക്ക് ആമുഖമായി പറയാനുള്ളത് – സുഗന്ധ ലേപനങ്ങൾക്ക് പേരുകേട്ട രാജ്യം, ഫാഷന്റെ രാജ്യം, സഞ്ചാരികളുടെ പറുദീസയായ രാജ്യം, സുന്ദരികളുടെ രാജ്യം, ഭാഷയ്ക്ക് ദ്വയാർത്ഥങ്ങൾ ഇല്ലാത്ത രാജ്യവുമായ ഫ്രാൻസിൽ,?
ഫ്രഞ്ച് വിമോചനത്തിന്റെ പ്രതീകമായി “മറി ആൻ” ന്റെ സാങ്കൽപ്പിക ചിത്രം, ചിത്രകാരന്റെ ഭാവനയിൽ വരച്ചെടുത്ത ചിത്രം, അത് പിന്നീട് ഔദ്യോഗിക പ്രതീകമായി ഫ്രഞ്ച് ഭരണകൂടം സ്വീകരിക്കുകയുണ്ടായി. മറി ആന്നിന്റെ പ്രതിമ ഇന്നും മയ്യഴിയിൽ അർഹിക്കുന്ന എല്ലാ ആദരവും നൽകി പരിപാലിക്കുന്നു; മയ്യഴി ഭരണകൂടവും, മയ്യഴിയിലെ ഫ്രഞ്ചുകാരും, മയ്യഴിക്കാരും. എന്നാൽ….?
ഇങ്ങ് മയ്യഴിയിൽ ജനിച്ച് തന്റെ കർമ്മ മേഖല ഫ്രാൻസിലേക്ക് മാറ്റി ഫ്രഞ്ച് വിമോചനത്തിനായി നാസികളോട് പൊരുതി കൊടും പീഡനമേറ്റ് വധിക്കപ്പെട്ട ശ്രീ മുച്ചിലോട്ട് മാധവൻ. മോക്ഷം തേടി തന്റെ പ്രണയിനിയുടെ ആത്മാവിനോടൊപ്പം വെള്ളിയാങ്കല്ലിൽ എത്തിയിട്ട് ഏറെ വർഷങ്ങൾ ആയെങ്കിലും, തനിക്ക് കൂടണയാൻ ഒരു സ്മാരകം എന്നെങ്കിലും തന്റെ ജന്മനാടായ മയ്യഴിയിൽ ഒരുക്കുമെന്ന് പ്രതീക്ഷയിൽ വർഷത്തിൽ പലതവണ തുമ്പികളായി പറന്ന് ജന്മനാട്ടിലെ സ്മാരക സ്തൂപങ്ങൾ ഉയർന്നു നിൽക്കുന്ന പാതാറിലെത്തി തനിക്കുള്ള സ്മാരകം തിരഞ്ഞിട്ടും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും മാധവന്റെ ആത്മാവിന് 1000 പൂർണ്ണ ചന്ദ്രനെ കാണാൻ സാധിച്ചു.
തന്റെ നാട് തന്നെ മറന്നതിന്റെ പരിഭവവും, തന്റെ യുവത്വത്തിൽ പൊലിഞ്ഞ സ്നേഹ സ്വപ്നങ്ങളും, മറി ആന്നിനോട് പങ്കിടുന്നതും, മറി ആന്നിനെ വെള്ളിയാങ്കല്ലിലേക്ക് മാധവൻ ക്ഷണിക്കുന്നതിനും കാരണമുണ്ട്.
ഫ്രഞ്ച് റിപ്പബ്ലിക്കിന് ജീവൻ കൊടുത്തത് “മറി ആൻ” ആയിരുന്നു! അതുകൊണ്ട് തന്നെ “മറി ആൻ” ഫ്രഞ്ചുകാർക്ക് എല്ലാമായിത്തീർന്നു. അത് അവർക്ക് ഒരു പ്രതീകം മാത്രമല്ല, ജീവാത്മാവാണ്. അതുകൊണ്ടായിരിക്കാം മാധവൻ തനിക്ക് ഇപ്പോഴും അയിത്തം കൽപ്പിച്ച മയ്യഴിയിൽ നിന്നും “മറി ആന്നിനെ” തന്നോടൊപ്പം വെള്ളിയാങ്കല്ലിലേക്ക് ക്ഷണിക്കുന്നത്.
“മറി ആൻ” ആകട്ടെ വർഷങ്ങളോളമായി തനിക്ക് രൂപം നൽകിയ ചിത്രകാരനെയും അതിന് പ്രചോദനമായ ഫ്രാൻസിലെ സ്ത്രീ സമൂഹത്തെയും, അവരുടെ വേണ്ടപ്പെട്ടവരെയും കാണുവാനുള്ള മോഹവുമായി തന്റെ കാത്തിരിപ്പ് തുടരുകയാണ്. തന്നെ ഏതെങ്കിലും ഫ്രഞ്ച് പുരോഹിതൻ വന്ന് ആവാഹിച്ച് ഫ്രാൻസിലേക്ക് എത്തിക്കും എന്നുള്ള പ്രതീക്ഷയുമായി ആ ഏകാന്തമായ കാത്തിരിപ്പ് ഇന്നും തുടരുന്നു.
ഫ്രഞ്ചുകാരാവട്ടെ മയ്യഴിയുമായുള്ള ദീർഘകാല ബന്ധത്തിലൂടെ മറി ആൻ മലയാളം സ്വായത്തമാക്കിയിരിക്കും എന്ന് കരുതി ഫ്രഞ്ചറിയാവുന്ന ഒരു പുരോഹിതനെയും “മറി ആന്നിന്റെ” ആത്മാവിനെ ആവാഹിച്ചെടുക്കാൻ മയ്യഴിയിലേക്ക് അയച്ചതുമില്ല. “മറി ആൻ” ഇതുവരെ മലയാളം വശത്താക്കാൻ ശ്രമിച്ചിട്ടുമില്ല എന്നതായിരുന്നു യാഥാർത്ഥ്യം.
(അല്ലെങ്കിലും മിക്ക ഫ്രഞ്ചുകാരും ഫ്രഞ്ച് അല്ലാതെ മറ്റ് ഭാഷ വളരെ വിരളമായേ പഠിച്ചെടുക്കാറുള്ളൂ) എന്ന സത്യം മനസ്സിലാക്കിയ മാധവൻ വെള്ളിയാങ്കല്ലിൽ നിന്നും വർഷത്തിൽ രണ്ടോ മൂന്നോ തവണ പറന്ന് പാതാറിലെത്തി “മറി ആന്നിന്റെ” പ്രതീക്ഷയ്ക്ക് അൽപ്പം ആശ്വാസം നൽകുവാൻ മാധവന്റെയും മറി ആന്നിന്റെയും ഒത്തുചേരലുകളിലൂടെ സാധിക്കുന്നുണ്ട്. എങ്കിലും ഇവർക്കിടയിൽ ചില ആശയക്കുഴപ്പം ഒരു തുടർക്കഥയായി ഇന്നും നിലനിൽക്കുന്നുണ്ടെന്ന് വേണം കരുതാൻ.
ഫ്രഞ്ചുകാർ പോയതോടുകൂടി ഇത്രയും കാലം ഏകാന്തത അനുഭവിച്ച് തന്റെ വാസസ്ഥലമായ പാതാറിൽ തനിക്കായി ഒരുക്കിയ പുതിയ സ്ഥലത്ത് തന്നെ കാണാൻ എത്തുന്ന അതിഥികളെ സ്വീകരിച്ച് “മറി ആൻ” നിൽക്കുന്നുണ്ടെങ്കിലും അവർ പറയുന്ന ഭാഷ “മറി ആന്നിന്” മനസ്സിലാവുന്നതും ഇല്ല, തികച്ചും ഭ്രാന്തുപിടിക്കുന്ന അവസ്ഥ!
ഇത് മനസിലാക്കിയാണ് മാധവനും മറി ആന്നിനോട് നമുക്ക് ഈ ഏകാന്തത അവസാനിപ്പിച്ച് വെള്ളിയാങ്കല്ലിലേക്ക് പറക്കാം എന്ന് പലപ്പോഴായി പറയുന്നത്.
ഇതിനുള്ള ഏക പരിഹാരം ഒന്നുകിൽ “മറി ആൻ” മാധവനോടൊപ്പം വെള്ളിയാങ്കല്ലിലേക്ക് പറക്കുക, അല്ലെങ്കിൽ മയ്യഴിയിലെ ശേഷിക്കുന്ന ഫ്രഞ്ചുകാരോട് പറഞ്ഞ് മാധവനും പ്രണയിനിക്കും “മറി ആന്നിന്റെ” അടുത്തായി ഒരു സ്ഥലം കണ്ടെത്തി സ്മാരകം പണിത് കുടിയിരുത്തുക. ഇതിൽ ഏതു ഉടൻ പ്രാവർത്തികമാക്കും എന്ന് കാത്തിരിക്കുന്ന മയ്യഴിക്കാർ. അതെ, അത് മാത്രമേ ഒരു പോംവഴി ഇനി കണ്ടെത്താനുള്ളൂ.
എങ്കിലും പ്രതീക്ഷ വിടാതെ അൽപ്പം സ്വാർത്ഥതയോടെ മാധവൻ “മറി ആന്നിനോട്” പലപ്പോഴായി മൊഴിഞ്ഞിട്ടുണ്ട് – സർക്കാരും മയ്യഴി ജനതയും എന്നെ മറന്നെങ്കിലും നമ്മുടെ രാജ്യം പോലും കാണാത്ത ചില ഫ്രഞ്ചുകാർ വർഷത്തിൽ നിന്റെ കാൽച്ചുവട്ടിൽ പുഷ്പാർച്ചന നടത്തി പോവുമ്പോൾ അവരെ എന്റെ കാര്യമൊന്നു ഓർമ്മിപ്പിച്ചുകൂടെ മറി ആൻ എന്ന്? എന്നാൽ അത് കേൾക്കാതെ “മറി ആന്നും” നിൽക്കും. ഇവരുടെ ഉള്ളിലുള്ള ഈ തേങ്ങലിന് വേഗം ഒരു പരിഹാരം കാണുമായിരിക്കും.
ഈ മൂന്നാത്മാക്കളും പരസ്പരം അവരവരുടെ മനോവ്യഥകളും പഴയകാല ഓർമ്മകളും ഓർത്ത് മയ്യഴി പാതാറിലെ ടാഗോർ പാർക്കിൽ “മറി ആന്നിന്” അനുവദിച്ച സ്തൂപത്തിനു ചുറ്റും ഇരുന്നുകൊണ്ട് പരസ്പരം സംവദിക്കുന്നതായി സങ്കൽപ്പിച്ച് എഴുതിയതാണ്….
വരികൾക്ക് ചേർച്ചക്കുറവും പൊരുത്തക്കേടുകളും ഉണ്ടാവാം, സദയം ക്ഷമിക്കുക…
ഇനി ഏറിയാൽ കൃത്യം 47 ദിവസം ശ്രീ മുച്ചിലോട്ട് മാധവൻ 108 വയസ്സ് പൂർത്തിയാക്കി 109 ലേക്ക് പ്രവേശിക്കാൻ! പക്ഷെ ഇതൊന്നും അറിയാതെ മയ്യഴി ഇന്നും ഉറങ്ങുന്നു, അല്ല ഉറക്കം നടിക്കുന്നു.
മയ്യഴിക്കാർക്ക് അല്ലെങ്കിലും കുറച്ച് ഈഗോ കൂടുതലാണെന്ന് ചിലർ!
ചിലരുടെമേൽ അപ്രഖ്യാപിത വിലക്കുണ്ടെന്നു മറ്റുചിലർ!
അപ്രകാരം വല്ലതും ഉണ്ടോ?… ഉണ്ടാവാൻ വഴിയില്ല!
ഇല്ലെങ്കിൽ പിന്നെ എന്തിനീ കാത്തിരിപ്പ്?
ആ കാത്തിരിപ്പ് ഇനിയും എത്രനാൾ നീളും?
ഈ ചോദ്യം വായനക്കാർക്ക് നൽകി തുടങ്ങട്ടെ..
നേരമില്ല ഒന്നിനും എന്നോർത്ത്
നേരം കളഞ്ഞിരിക്കുന്നേരം,
നേർത്തോർമ്മകളെ കത്തിജ്വലിപ്പിച്ച്
അഗ്നിനാളമായി വാനിൽ ഉയർത്തിയ നേരം…
ചാരത്തു ഞാൻ വന്നതറിയാതെ നീ
അസ്തമയ സൂര്യനെ നോക്കി വിതുമ്പിക്കൊണ്ടിങ്ങനെ
ഇരിക്കാൻ തുടങ്ങിയിട്ടേറെ നാളായല്ലോ മറി ആൻ?
നീ അറിയാതെ പോയതും പറയാതെ പോയതും
ഓരോന്നായി മനനം ചെയ്തു തുടങ്ങും നേരം അറിയാതെ…
ഓർക്കുമ്പോഴും ഒന്നറിയാം,
എന്റെ നാട് നിന്നെ ഏറെ സ്നേഹിക്കുന്നുവെന്ന്!
എന്നിട്ടും എന്തിനിങ്ങനെ അകലങ്ങളിൽ നോക്കി
ഗദ്ഗദം പൂണ്ടിരിക്കുന്നു?
നിൻ ചൂടുനെടുവീർപ്പ് പാതാറിൻ തീരത്ത് മാറ്റൊലിയായതും,
നിന്റെ ഇടനെഞ്ചിൽ തുടിക്കുന്ന ഹൃദയത്തിൻ സ്പന്ദനം
തിരമാലയായി തീരത്തണയുന്നതും കാണാമെനിക്ക്.
ആരെയോ നീ പ്രതീക്ഷിച്ചുകൊണ്ട് കടലിനെ നോക്കിയിരിക്കുന്നേരം,
അങ്ങ് വെള്ളിയാങ്കല്ലിലെ കാറ്റിനോടൊപ്പം
കൂട്ടമായി പറന്നെത്തിയ തുമ്പികൾ
നിൻ ശിരസ്സിനു മുകളിൽ വട്ടമിട്ടു പറക്കുന്നതും
നീ കൈവീശി അകറ്റിയ ആ ശലഭത്തിൻ മർമ്മരം
കളിവീണ ശബ്ദമായി കാതുകളെ അസ്വസ്ഥമാക്കുന്നതും
ഞാൻ അറിയുന്നു.
നിന്നെ കണ്ടിട്ടേറെ നാളായെങ്കിലും
കണ്ട നേരം മൗനമായി ഒരു നിമിഷം…
പിന്നെ മൗനം വാചാലമായതും കണ്ടു.
വിജയ പരാജയങ്ങൾ ഇടകലർത്തി,
വിജയങ്ങൾ ആസ്വദിക്കാനുള്ളതും
പരാജയങ്ങൾ പഠിക്കാനുള്ളതും എന്ന തിരിച്ചറിവിലൂടെ
നേടിയ ബന്ധങ്ങൾ…
സ്നേഹിച്ച മനസ്സുകൾ അകലുവാൻ
നിത്യവും ഓരോ കാരണങ്ങൾ കണ്ടെത്തി
ബദ്ധശത്രുതയിൽ പരസ്പരം വാക്കുപോരടിച്ചും
കലി തീർക്കുമ്പോഴും
നിസ്സഹായയായി നീ നോക്കി നെടുവീർപ്പിടുന്നതും
കണ്ടു രസിക്കും ചിലർ.
ബന്ധങ്ങളെല്ലാം കണ്ണാടി പോലെയെന്ന്
ഓർത്തിടേണം.
നേട്ടങ്ങൾ മാത്രമല്ല നഷ്ടങ്ങളെയും
കണക്കിലെടുത്താവണം ജീവിതം.
തീർത്ത ഓരോ മുറിപ്പാടുകളും
ഇന്നലെകളുടെ ഓർമകളെ ചേർത്തു പിടിച്ചുകൊണ്ട്
എന്റെ ഹൃദയമാം മഷിക്കുപ്പിയിൽ
കുത്തി എഴുതിയ ചില കുത്തിക്കുറിക്കലുകളിൽ ഊന്നിയ
പ്രപഞ്ച സത്യം തിരിച്ചറിയാത്തവർ
ഭൂമിക്കെന്നും ഭാരമായി മാറും എന്നോതി നിർത്തുമ്പോഴും…
ഓർത്തുപോയി അറിയാതെ
എന്റെ ജന്മനാട്ടിൽ ഞാൻ ഇന്നും അന്യനെന്ന്..
വരികൾക്ക് ചേർച്ചക്കുറവും പൊരുത്തക്കേടുകളും ഉണ്ടാവാം
സദയം ക്ഷമിക്കുക …
മഠത്തിൽ ബാബു ജയപ്രകാശ്……..✍️ My Watsapp Cell No: 00919500716709




Beautiful writing, hat up babu
LikeLike
Thank you Ajith
LikeLike