Maximum time takes to read 5 Minutes
“പള്ളി” എന്ന പദത്തിന്റെ ഉത്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. ബുദ്ധമത വിശ്വാസികൾ ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു “പാലി”. ഈ ഭാഷയിൽ ഉപയോഗിച്ചിരുന്ന “ഹള്ളി” എന്ന പദത്തിന്റെ മലയാളവൽക്കരണമാണ് പിൽക്കാലത്ത് പള്ളി എന്ന പദമായി രൂപാന്തരപ്പെട്ടത് എന്ന് ആരെങ്കിലും പറഞ്ഞാൽ, അത് ആ വിഭാഗങ്ങൾ ഉയർത്തിക്കാട്ടുന്ന സാഹചര്യ തെളിവുകൾ നിരത്തി വിശ്വസിക്കേണ്ടിയിരിക്കുന്നു.
പാലി ഭാഷ സംസ്കൃതവുമായി അടുത്ത ബന്ധമുള്ള ഒരു ഭാഷയാണ്. കൂടാതെ ബുദ്ധമത ഗ്രന്ഥങ്ങളുടെ രചനയിലും ബുദ്ധമത സാഹിത്യത്തിലും പ്രധാനമായും പാലി ഭാഷയായിരുന്നു ഉപയോഗിച്ചിരുന്നത്.
ഇന്ത്യ, ശ്രീലങ്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ബുദ്ധമതക്കാർ ഇത് 2000 വർഷത്തിലേറെയായി ഉപയോഗിച്ചുവരുന്നു. അവർ ബുദ്ധൻ സംസാരിച്ച ഭാഷയാണെന്ന് പരമ്പരാഗതമായി വിശ്വസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഇവർക്കിടയിൽ ഈ ഭാഷ സംസാരിക്കുന്നവരുണ്ട് എന്ന് പറയപ്പെടുന്നു.
പാലി ഭാഷയിൽ ഹള്ളി എന്നാൽ പ്രാർത്ഥനാലയം, ബുദ്ധവിഹാര കേന്ദ്രം, ഗോത്രാചാരങ്ങൾ പുലർത്തി ജീവിക്കുന്ന ഗ്രാമം, ക്ഷേത്രം എന്നൊക്കെ അർത്ഥമായി വ്യാഖ്യാനിക്കുന്നവരുണ്ട്.
മലയാള ഭാഷയിൽ ആ കാലങ്ങളിൽ “ഹ” എന്ന പദം ഇല്ലാത്തതിനാൽ “പ” എന്ന പദം ഉപയോഗിച്ച് പള്ളി എന്ന പദമായി മാറ്റി എന്ന് പറയപ്പെടുന്നുണ്ട്. ഇതിന് ധാരാളം തെളിവുകളും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആന്ധ്ര, കർണാടക, കേരളം, തമിഴ്നാട് മുതലായ സംസ്ഥാനങ്ങളിൽ ഇപ്പോഴും ഹള്ളി-പള്ളി എന്ന പദം ഉപയോഗിച്ച് വരുന്നുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും മതങ്ങൾ തമ്മിലുള്ള സ്പർധ കാരണമാവാം, ഹിന്ദുക്കളും അതിൽ നിന്ന് മാറി ബുദ്ധമതവും ജൈനമതവും സ്വീകരിച്ചവരും തമ്മിൽ, കാലക്രമത്തിൽ ചില വിശ്വാസത്തിന്റെ സ്വാധീനത്തിൽ ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികൾ തകർക്കപ്പെട്ടതോടെ, ഹിന്ദു സ്വാധീനത്തിൽ അവിടെ ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കുകയുണ്ടായി.
അപ്പോൾ അവരിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ക്ഷേത്രത്തിൽ കയറ്റാതിരുന്നത് അവർ പഴയ ബുദ്ധ പാരമ്പര്യത്തിൽപ്പെട്ടതുകൊണ്ടാണെന്ന് പറയപ്പെടുന്നു.
പ്രസ്തുത സാഹചര്യം മനുഷ്യർ തമ്മിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ആണെന്ന് പറഞ്ഞ്, സമൂഹത്തിൽ ഒരു അന്തരമുണ്ടാക്കുകയും അത് മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞ് അകറ്റി നിർത്തിയ ബുദ്ധമത വിശ്വാസികൾ ഇസ്ലാമിക-ക്രൈസ്തവ മത പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരാവുകയും, അങ്ങനെ ആകർഷിക്കപ്പെട്ടവർക്ക് വേണ്ടി പുതുതായി ദേവാലയം പണിതപ്പോൾ “പള്ളി” എന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പദം തന്നെ ക്രൈസ്തവരും മുസ്‌ലിങ്ങളും ഉപയോഗിക്കുകയാണ് ഉണ്ടായത് എന്നതായിരുന്നു യാഥാർഥ്യമെന്ന് പറയപ്പെടുന്നുണ്ട്.
ഒരുപക്ഷേ ഇക്കാരണത്താലാവാം, പിന്നീട് ഹിന്ദുക്കൾ പള്ളി എന്ന പദം കൂടുതലായി ഉപയോഗിക്കാതിരിക്കുകയും, ക്രൈസ്തവരും മുസ്‌ലിങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നതിന്റെ കാരണമിതാണ് എന്നും ഒരുകൂട്ടർ വാദിക്കുന്നുണ്ട്.
ഇങ്ങനെയൊക്കെ വിശ്വസിക്കുമ്പോഴും, ഹിന്ദുക്കൾ ഇപ്പോഴും ക്ഷേത്രങ്ങളിൽ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന പള്ളി എന്ന വാക്ക് കൂട്ടിച്ചേർത്തുള്ള കുറെ ആചാരങ്ങളും വാക്കുകളും പ്രയോഗങ്ങളും ഇന്നും ഉപയോഗിക്കുന്നതായി കാണുന്നു.
ഉദാഹരണം: പള്ളിവേട്ട, ഭഗവാനെ പള്ളിയുണർത്തുന്ന ചടങ്ങ്, ഭഗവാനെ പള്ളിയുറക്കുന്ന ചടങ്ങ്, ശബരിമലയിലേക്കുള്ള പള്ളിക്കെട്ട് നിറയ്ക്കൽ, ഭഗവതിക്കുള്ള പള്ളിവാൾ എഴുന്നള്ളത്ത്, ഭഗവാൻ ഉറങ്ങുന്ന പള്ളിയറ, ക്ഷേത്രങ്ങളിലെ തിടപ്പള്ളി, പള്ളിയോടം തുഴയൽ ഇതൊക്കെ ഇന്നും ഹിന്ദുക്കളുടെ ആചാരങ്ങളുടെ ഭാഗമായി തുടരുന്നുണ്ട്. ഇത് മേൽപ്പറഞ്ഞ വസ്തുതയെ സാധൂകരിക്കുന്നു എന്ന് വേണം വിശ്വസിക്കാൻ.
ചരിത്രം കൂടുതൽ ചികഞ്ഞ് പരിശോധിച്ചാൽ, കേരളത്തിലെ ശബരിമലയും, ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രവും, കർണാടകയിലും തമിഴ്നാട്ടിലുമുള്ള പല ഹിന്ദു ക്ഷേത്രങ്ങളും ബുദ്ധക്ഷേത്രങ്ങളായിരുന്നു എന്ന് മനസിലാവും.
അമ്പലങ്ങൾ അഥവാ ക്ഷേത്രങ്ങൾ വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമായി കണക്കാക്കിയിരുന്ന സെമിറ്റിക് മതാനുയായികൾ തങ്ങളുടെ ആരാധനാലയത്തെയും ‘ദൈവം പള്ളികൊള്ളുന്ന’ — ദൈവം വസിക്കുന്ന — സ്ഥലമായാണ് കണക്കാക്കിയിരുന്നത്. കേരളത്തിൽ ബുദ്ധമതം സ്വീകരിച്ചവർ ഇങ്ങനെ വിശ്വസിച്ചിരുന്നു എന്ന് വേണം വിലയിരുത്താൻ.
ബുദ്ധമതം സ്വീകരിച്ചവർ കൂട്ടമായി താമസിച്ച ചില സ്ഥലങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇവർ താമസിച്ച പല സ്ഥലപ്പേരുകളിലും പള്ളി എന്ന പദം ഉണ്ട്: തോട്ടപ്പള്ളി, പള്ളിക്കത്തോട്, പള്ളിപ്പാട്, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, പള്ളിക്കൽ — അടൂർ, നൂറനാട്, മാവേലിക്കര, കൊല്ലം, തിരുവനന്തപുരം, കോതമംഗലം — വിവിധ സ്ഥലങ്ങളിലുള്ള പള്ളിപ്പുറം, പുതുപ്പള്ളി, വാഴപ്പള്ളി, മുണ്ടപ്പള്ളി അങ്ങനെ പോകുന്നു സ്ഥലപ്പേരുകൾ. ഇവർ ഉപയോഗിച്ച കുളങ്ങൾക്ക് പള്ളിക്കുളം എന്നൊക്കെ ഇപ്പോഴും പറഞ്ഞറിയപ്പെടുന്നു.
എന്നാൽ ഇന്ന് പള്ളി എന്ന പദം പൊതുവേ ഹിന്ദുക്കളല്ലാത്തവരുടെ ആരാധനാലയത്തെ പരാമർശിക്കാൻ മാത്രമായി ഉപയോഗിക്കുന്നു എന്നതാണ് യാഥാർഥ്യം. ഒരു പക്ഷേ ഇത് മറ്റ് മതങ്ങളിൽ നിന്ന് വന്നവരുടെ സ്വാധീനം കൊണ്ടാകാം.
ഈ വിഷയങ്ങളിൽ കൂടുതൽ വ്യക്തതയും ആധികാരികതയും വരുത്താൻ ഗഹനമായ പഠനവും ചർച്ചയും അനിവാര്യമാണ്.
ഇതുവരെ പള്ളി എന്ന പദത്തിന്റെ ഉത്പത്തിയെക്കുറിച്ച് എന്റെ അറിവ് എഴുതി.
ഇനി പള്ളിയെപ്പറ്റി പറയുമ്പോൾ എടുത്തുപറയേണ്ട വസ്തുത എന്തെന്നാൽ, പള്ളിയിൽ നാം കണ്ടുവരുന്ന ഗോപുര മണികളെപ്പറ്റിയാണ്. ഇത്തരം മണികളെ പള്ളിമണി എന്നറിയപ്പെട്ടു തുടങ്ങി.
പള്ളിമണികൾക്ക് പള്ളികളോളം തന്നെ പഴക്കമുണ്ട് എന്നതാണ് വസ്തുതാപരമായ സത്യം.
ഹിന്ദുക്കളെപ്പോലെ ബുദ്ധമത വിശ്വാസികളും ജൈനമത വിശ്വാസികളും പണ്ടുകാലം മുതലേ മണികൾ ഉപയോഗിച്ചിട്ടുണ്ട് എന്ന് ചരിത്രം വ്യക്തമാക്കുന്നു. എങ്കിലും, കാലക്രമത്തിൽ മറ്റു മതസ്ഥരും മണികൾക്ക് അവരവരുടെ പ്രാർത്ഥനയിൽ ഒരു അനിവാര്യ വസ്തുവായി ഉപയോഗിച്ച് തുടങ്ങി. ഇതും മേൽപ്പറഞ്ഞ സ്വാധീനം കൊണ്ട് തന്നെയായിരിക്കാം. ഒപ്പം അതിലെ ശാസ്ത്രീയത അവർക്കും സ്വീകാര്യമായി എന്നതുകൊണ്ടുമാവാം.
വടക്കൻ യൂറോപ്പിൽ ഐറിഷ് മിഷണറിമാർ കൂടുതലായി താമസിച്ചിരുന്ന സ്ഥലങ്ങളിൽ അഞ്ചാം നൂറ്റാണ്ടു മുതൽ ദേവാലയ മണികൾ നിലനിന്നിരുന്നു എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും പുരാതനമായ ദേവാലയ മണിശൃംഖല ഇംഗ്ലണ്ടിലെ ഇപ്സ്വിച്ചിലുള്ള സെന്റ് ലോറൻസ് ദേവാലയത്തിലാണ് സ്ഥിതിചെയ്യുന്നത് എന്ന് ചിലർ വിശ്വസിക്കുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത്, ഗ്രേറ്റ് ബ്രിട്ടണിൽ ശത്രുക്കളുടെ ആക്രമണത്തിന്റെ മുന്നറിയിപ്പ് നൽകാൻ മാത്രമല്ലാതെ പള്ളികളിലെ മണികൾ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല.
വാർത്താവിനിമയ മാർഗങ്ങൾ ഇല്ലാതിരുന്ന കാലത്ത്, ഒരു പള്ളിക്കു ചുറ്റുമുള്ളവരെ എന്തെങ്കിലും അടിയന്തര ഘട്ടത്തിൽ വിവരമറിയിക്കാൻ പള്ളിമണികൾ ഉപയോഗിക്കുമായിരുന്നു. ഇത്തരം ഘട്ടത്തിൽ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഒരുമിച്ച് വിളിച്ചുകൂട്ടുവാനുള്ള ഒരു മാധ്യമം കൂടിയായിരുന്നു അന്നത്തെ ദേവാലയ മണികൾ.
വിവിധ ക്രിസ്ത്യൻ സഭകൾ പരമ്പരാഗതമായി വിശ്വാസികളെ സാമൂഹിക സേവനത്തിനായും, ദിവസേന നിശ്ചിത സമയങ്ങളിൽ പ്രാർത്ഥന ഉണ്ടെന്ന വിവരം വിശ്വാസികളെ അറിയിക്കാനും പള്ളി മണി ഉപയോഗിച്ച് തുടങ്ങിയതോടെ, ഇത് കാനോനിക്കൽ മണിക്കൂർ എന്ന് അറിയപ്പെട്ടു തുടങ്ങി.
കാലക്രമത്തിൽ മാറ്റങ്ങളുടെ ഭാഗമായി, അതത് സഭകളിലെ വിശ്വാസികളുടെ വിവാഹം, അല്ലെങ്കിൽ ഒരു ശവസംസ്കാരം, വിശേഷ ദിവസങ്ങളിലെ പൂജകളുടെ അറിയിപ്പ് തുടങ്ങിയ സേവനം പോലുള്ള പ്രത്യേക അവസരങ്ങളിലും പള്ളിമണികൾ മുഴക്കി അറിയിച്ചുതുടങ്ങി.
പള്ളിമണികളെപ്പറ്റി പറയുമ്പോൾ പെട്ടെന്ന് എന്റെ ഓർമ്മകളെ ഉണർത്തുന്നത്, നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്, മയ്യഴി ഇടവകയിലെ സെന്റ് തെരേസാ പുണ്യവതിയുടെ തിരുനാൾ ദിനങ്ങളിൽ നിന്നുയരുന്ന മണിനാദമായിരിക്കും!
പള്ളിയോട് ചേർന്ന് തന്നെ ഉയർന്ന ഒരു ഗോപുരത്തിൽ ഘടിപ്പിച്ച പള്ളിമണിയുടെ ചരിത്രം കഴിഞ്ഞ ലക്കത്തിൽ എഴുതിയിട്ടുണ്ട്. ഇത്തരത്തിൽ ഉയരത്തിൽ പള്ളിമണി സ്ഥാപിക്കാൻ കാരണം തന്നെ, ഒരുപക്ഷേ സമീപവാസികൾക്കെല്ലാം മണിശബ്ദം കേൾക്കാൻ സാധിക്കണം എന്ന ഉദ്ദേശത്തോടുകൂടി തന്നെയായിരിക്കാം.
ഇങ്ങനെയൊക്കെയാണെങ്കിലും, സ്ഥല-കാല വ്യത്യാസമില്ലാതെ പള്ളികളിൽ വിവിധ സമയങ്ങളിലെ പ്രാർത്ഥനകൾക്കും, ക്രിസ്ത്യൻ ദേവാലയങ്ങളിൽ മണി മുഴങ്ങാറുള്ളതിനെ “ഏഞ്ചൽസ് ബെൽ” എന്നാണ് അറിയപ്പെടുന്നത്.
പ്രഭാത മണിയുടെ ചരിത്രം തുടങ്ങുന്നത് 1318-ൽ ഇറ്റലിയിലെ “പാർമ” പട്ടണത്തിലായിരുന്നു എന്ന് ചിലർ വിശ്വസിച്ചുവരുന്നു. ഈ മണിയുടെ ശബ്ദം കേട്ടാലുടൻ സഭയിലെ വിശ്വാസികൾ “സ്വർഗ്ഗസ്ഥനായ പിതാവേ” എന്നും “നന്മനിറഞ്ഞ മറിയമേ” എന്നും മൂന്നു പ്രാവശ്യം ചൊല്ലി, കുരിശുവരച്ച് ജീവിതത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവണമേ എന്ന് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാവുന്നു. അതായിരുന്നു അവിടങ്ങളിലെ ആ കാലങ്ങളിലുള്ള ആചാരരീതി. ആ കാരണത്താൽ “സമാധാനത്തിന്റെ മണി” എന്നും ഇത് അറിയപ്പെട്ടിരുന്നു.
ഉച്ചയ്ക്കുള്ള മണിയുടെ തുടക്കമാകട്ടെ, കർത്താവിന്റെ കഷ്ടാനുഭവങ്ങളെക്കുറിച്ച് ധ്യാനിക്കാൻ വേണ്ടി വെള്ളിയാഴ്ചകളിലാണ് തുടങ്ങിയത് എന്ന് വിശ്വസിച്ചുവരുന്നു.
സന്ധ്യാമണിക്ക് ശേഷമുള്ള മണിയുടെ എണ്ണം കേട്ടിട്ട് — ഒന്നാണെങ്കിൽ ഒരു കുർബാന, രണ്ടാണെങ്കിൽ രണ്ട് കുർബാന — പിറ്റേന്ന് രാവിലെ എത്ര കുർബാനയുണ്ടാകുമെന്ന് ഈ പള്ളിമണികളുടെ എണ്ണത്തിലൂടെ വിശ്വാസികൾ മനസ്സിലാക്കിയിരുന്നു എന്നും പറഞ്ഞുകേട്ടിട്ടുണ്ട്.
“ഓം” എന്ന ശബ്ദം പുറപ്പെടുവിക്കുന്നതിനായി ഒരു തരം ക്ഷേത്രമണി രൂപകൽപ്പന ചെയ്തിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ഇതിന്റെ പ്രത്യേകത എടുത്തുപറയുന്നത്, ഈ മണിയുടെ ശബ്ദതരംഗം സൃഷ്ടിക്കുന്ന ഫ്രീക്വൻസിയും ഭൂമിയുടെ അച്ചുതണ്ടിന്റെ ഭ്രമണപഥത്തിൽ നിന്നും ഉണ്ടാവുന്ന ഫ്രീക്വൻസിയും ഒരുപോലെയായിരിക്കും എന്ന് വിശ്വസിക്കുന്നു എന്നതാണ്. അതായത്, “ഓം” എന്ന ശബ്ദം ജപിക്കുമ്പോൾ 432 Hz ആവൃത്തിയിൽ വൈബ്രേറ്റ് ചെയ്യുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
പിന്നീട് 1456-ൽ ‘കാലിക്‌സ്റ്റസ്’ മൂന്നാമൻ മാർപാപ്പയുടെ ആഹ്വാനപ്രകാരം രാവിലെയും ഉച്ചയ്ക്കും സന്ധ്യാസമയത്തും മണിയടിയുടെ ശബ്ദം കേട്ടാൽ പ്രാർത്ഥന ചൊല്ലാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നതായി കണക്കാക്കാം.
വിശുദ്ധ കുർബാനയ്ക്കിടയിൽ മണിയടിക്കുന്ന പതിവ് പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലത്തീൻ പള്ളികളിലാണ് ആദ്യം ആരംഭിച്ചത് എന്ന് വിശ്വസിച്ചുവരുന്നു.
ആധുനിക കാലത്ത് പള്ളിമണികൾ മുഴക്കുന്നതിന്റെ പ്രഥമ ലക്ഷ്യം ആരാധകർ പള്ളി സേവനത്തിനായി ഒത്തുകൂടുന്ന സമയത്തെ സൂചിപ്പിക്കുക എന്നതാണ്. പല വിഭാഗങ്ങളിലുള്ള സഭകളിലെ പള്ളികളിലും, അവിടങ്ങളിലെ ഗോപുരങ്ങളിൽ സ്ഥാപിച്ച പള്ളിമണികൾ ദിവസത്തിൽ മൂന്നു പ്രാവശ്യം — രാവിലെ 6 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും വൈകുന്നേരം 6 മണിക്കും — മുഴക്കി വിശ്വാസികളെ പ്രാർത്ഥനയ്ക്ക് എത്തിച്ചേരാൻ വിളിക്കുന്നു. ആ സമ്പ്രദായം ഇന്നും തുടർന്നുപോരുന്നു.
ദേവാലയങ്ങളിൽ വിവിധ രീതിയിലുള്ള മണികൾ മുഴക്കുന്നത് ആരാധനയുടെയും പ്രാർത്ഥനയുടെയും വിവിധ ഘട്ടങ്ങൾക്ക് പ്രാധാന്യം നൽകാനാണ്. ഇതിനാലാണ് വിശുദ്ധ ബലികളോടനുബന്ധിച്ച് പല ദേവാലയങ്ങളിലും ലോഹമണിക്ക് പകരം “മരമണി” അടിക്കുന്ന പതിവ് നിലവിൽ വന്നത്.
ഈ രീതി തന്നെയാണ് ചില പള്ളികളിൽ ഇപ്പോഴും തുടരുന്നത്. ചില സ്ഥലങ്ങളിൽ അത് ലോഹം കൊണ്ടുള്ള ചെറിയ കൈമണിയും ഉപയോഗിച്ചുവരുന്നു.
എന്റെ ചെറുപ്പകാലത്ത് മയ്യഴിയിലെ സെന്റ് തെരേസാ ദേവാലയത്തിലെ പള്ളിമണിയുടെ ശബ്ദം രണ്ടുമൂന്നു കിലോമീറ്റർ അകലെ വരെ കേൾക്കാമായിരുന്നു. എന്നാൽ ഇന്ന് വർധിച്ചുവരുന്ന ശബ്ദമലിനീകരണം കാരണം പള്ളിമണിയുടെ ശബ്ദം കേൾക്കാതായിട്ടുണ്ട്. എങ്കിലും അതിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച് ശ്രദ്ധിച്ചാൽ ഇപ്പോഴും ആ മണിയുടെ നേർത്ത ശബ്ദം നമുക്ക് കേൾക്കാം.
പള്ളികളിൽ നിന്നും മുഴക്കുന്ന മണിനാദത്തിന്റെ എണ്ണങ്ങൾ പലതും വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന്, അസമയങ്ങളിലുള്ള കൂട്ടമണിയാണെങ്കിൽ അസാധാരണമായ എന്തോ സംഭവിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം.
രണ്ടു തവണ മണിയടിക്കുകയും അതിന്റെ മുഴക്കം അവസാനിക്കാറാവുമ്പോൾ വീണ്ടും രണ്ടു മണി വീതം രണ്ട് പ്രാവശ്യം മണിയടിക്കുകയും, അപ്രകാരം മൂന്നു തവണ — അതായത് 6 മണിമുഴക്കം 2 x 3 — ആണെങ്കിൽ മരണപ്പെട്ടത് സ്ത്രീയാണെന്നും,
മൂന്ന് തവണ മണിയടിച്ച് മുഴക്കം അവസാനിക്കുമ്പോൾ വീണ്ടും രണ്ട് തവണ തുടർന്നാൽ — 9 മണിമുഴക്കം 3 x 3 — അത് പുരുഷന്റെ മരണമായി കണക്കാക്കാം.
തുടർന്ന് ആണായാലും പെണ്ണായാലും അവർ മരണപ്പെടുമ്പോഴുള്ള വയസ്സിന്റെ കണക്കനുസരിച്ച് മണി മുഴക്കിക്കൊണ്ടിരിക്കും.
ഉദാഹരണത്തിന്, ഒരു സ്ത്രീ 60 വയസ്സിൽ മരണപ്പെടുകയാണെങ്കിൽ 2 മണി വീതം മൂന്നു പ്രാവശ്യവും, തുടർന്ന് 60 തവണ തുടർച്ചയായും അടിക്കും. പുരുഷനാണെങ്കിൽ മൂന്ന് വീതം മൂന്നു പ്രാവശ്യവും, തുടർന്ന് 60 തവണ തുടർച്ചയായും മണി അടിക്കും.
ദുഃഖവെള്ളിയാഴ്ചയെ ചുറ്റിപ്പറ്റി നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. എങ്കിലും ദുഃഖവെള്ളിയാഴ്ച മുതൽ ഈസ്റ്റർ ദിവസം വരെ സാധാരണയായി പള്ളികളിൽ മണി മുഴക്കാറില്ല.
ഈസ്റ്റർ ദിവസമായ ഞായറാഴ്ച രാവിലെ 33 തവണ പള്ളിമണി മുഴക്കി യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ആഘോഷിച്ചു വരുന്നു, ഇപ്പോഴും പല പള്ളികളിലും.
ഇങ്ങനെ വിശ്വാസികൾ പള്ളികളും ക്ഷേത്രങ്ങളും മാറി മാറി പണി കഴിപ്പിക്കുവാൻ തുടങ്ങിയതോടുകൂടി, ബുദ്ധമതത്തിന്റെ തുടർച്ചയായിരിക്കാം കേരളത്തിലും പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടം പണിയാൻ തുടങ്ങിയത് എന്ന് വേണം അനുമാനിക്കാൻ.
ഇതിനെ സാധൂകരിക്കും വിധം, കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ 1864-ൽ “ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം” എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു.
അങ്ങനെ നിർമ്മിച്ചതുകൊണ്ട്, പള്ളിയോടൊപ്പം ഉള്ള പഠന കേന്ദ്രം കാലക്രമത്തിൽ പള്ളിക്കൂടമായി കേരളത്തിൽ അറിയപ്പെട്ടു തുടങ്ങി. കാലം പോകെ പള്ളിക്കൂടങ്ങൾ വിദ്യാലയങ്ങളായി അറിയപ്പെടാൻ തുടങ്ങി.
ഇവിടെയും നമുക്ക് മണിനാദം കേൾക്കാം. സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോഴും, സ്കൂൾ വിടുമ്പോഴും, ഓരോ ക്ലാസ്സുകൾ കഴിയുമ്പോഴും, സ്കൂൾ അസംബ്ലി കൂടുമ്പോഴും പിരിയുമ്പോഴും ഒക്കെ മണിയടിച്ച് അറിയിച്ചുകൊണ്ടേയിരിക്കും.
ഹൈന്ദവ സംസ്കാരത്തിൽ മണികൾക്ക് വലിയ സ്ഥാനമുണ്ട്. ക്ഷേത്രങ്ങളിലെ പൂജകളിലായാലും വീടുകളിലെ പൂജകളിലായാലും മണി ഒരു അവിഭാജ്യ ഘടകമാണ്. അതുകൊണ്ടുതന്നെ മണി എല്ലാ പൂജാകർമ്മങ്ങളിലും ഉപയോഗിച്ചുവരുന്നു.
അതുപോലെ മണികൾ ക്രിസ്തീയ പൂജാ പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമായി ഉപയോഗിച്ചുവരുന്നു. പുരാതനമായ പള്ളികളിൽ മണിഗോപുരങ്ങൾ കാണാം. എന്നാൽ ക്ഷേത്രങ്ങളിൽ ഗോപുരമണി ഉണ്ടെങ്കിലും അത്ര വ്യാപകമായി ഞാൻ കണ്ടിട്ടില്ല.
*തിരുത്തിയ രൂപം*
ഏറെ ക്ഷേത്രങ്ങളിലൊക്കെ ദർശനം നടത്തിയിട്ടുണ്ടെങ്കിലും എന്റെ ഓർമ്മയിൽ നിൽക്കുന്ന ഗോപുരമണിയുള്ളത് ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള അഗസ്തീശ്വരൻ എന്ന പുരാതനമായ ശിവക്ഷേത്രമാണ്. ചിലപ്പോൾ പുരാതനമായ പല ക്ഷേത്രങ്ങളിലും ഇത്തരം ഗോപുരമണികൾ ഉണ്ടായിരിക്കാം. അതിന്റെ വിവരങ്ങൾ എന്റെ അറിവിനും അപ്പുറമാണ്.
ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും പരമ്പരാഗതമായി അവരവരുടെ ആരാധനാലയങ്ങളിൽ മണി മുഴക്കിക്കൊണ്ടായിരിക്കും പൂജകൾ ആരംഭിക്കുക.
എന്നാൽ മണികൾ ഉപയോഗിക്കുന്നതിന്റെ ക്രമത്തിന് പ്രകടമായ വ്യത്യാസമുണ്ട് എന്നതൊഴിച്ചാൽ, പൊതുവെ അതിന്റെ തത്വം ഒന്നുതന്നെ എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. നെഗറ്റീവ് എനർജികളെ മണിയുടെ ശബ്ദം ഇല്ലാതാക്കി, അതായത് ദുഷ്ടശക്തികളെയും അകറ്റിനിർത്തും എന്ന് പറഞ്ഞുകേൾക്കുന്നു.
മണിയുടെ ഗുണനിലവാരമനുസരിച്ച് അത് ഉണ്ടാക്കുന്ന തരംഗങ്ങൾ മാറിക്കൊണ്ടിരിക്കും. നല്ല ഗുണനിലവാരമുള്ള മണി നിർമ്മിക്കുക ഏറെ വൈദഗ്ധ്യവും ശ്രമകരവുമായ ജോലിയാണ്.
ലോഹങ്ങളും അലോയ്കളും കൃത്യവും ശാസ്ത്രീയവുമായ കണക്കുകൂട്ടലുകളുമായി പ്രത്യേക അനുപാതത്തിൽ ഉരുക്കി വാർത്തെടുക്കുന്നതാണ് മണികൾ.
ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കുന്ന മണിനാദത്തിന്റെ തരംഗം അന്തരീക്ഷത്തിൽ ഏറെ നേരം മുഴങ്ങി, ആ പ്രതിധ്വനി ശബ്ദം കേൾക്കുന്ന വ്യക്തിയുടെ മസ്തിഷ്കത്തിന്റെ — തലച്ചോറിന്റെ — ഇടത്, വലത് ഭാഗങ്ങൾക്കിടയിൽ ഒരുപോലെ എത്തി മനസ്സിനെ ഏകാഗ്രതയിലേക്ക് നയിക്കാൻ സഹായിക്കും എന്ന് നമ്മുടെ പുരാണങ്ങളോടൊപ്പം യോഗാചാര്യന്മാരും നമുക്ക് പകർന്നുതന്നിട്ടുണ്ട്.
മണിയടിക്കുമ്പോഴുണ്ടാകുന്ന പ്രതിധ്വനി ശരീരത്തിലെ ഏഴ് ചക്രങ്ങളെ സ്പർശിക്കുന്നു എന്ന് നമ്മുടെ പുരാണങ്ങളിൽ പറയുന്നു. ഓരോന്നിലും ഒരു നിശ്ചിത സെക്കൻഡുകൾ സ്പർശിക്കുമ്പോൾ അതിന്റെ തരംഗം നമ്മുടെ ശരീരത്തെ പൂർണ്ണമായും റിലാക്സ് ചെയ്യാൻ സഹായിക്കുന്നു.
ഇങ്ങനെ ഉണ്ടാകുന്ന മണിയുടെ ശബ്ദവും തരംഗങ്ങളും നമുക്കുചുറ്റും ശാന്തമായ പ്രഭാവലയം സൃഷ്ടിച്ച് തലച്ചോറിന്റെ ഏകാഗ്രതയും ചിന്താശേഷിയും വർധിപ്പിക്കാനും സഹായിക്കുന്നു. ഈ അവസ്ഥയിൽ നമ്മുടെ ബോധത്തെ അതിന്റെ ശബ്ദത്തിൽ ലയിപ്പിച്ച് ഒരു പ്രത്യേക തലത്തിലേക്ക് നമ്മുടെ മനസ്സിനെ കൊണ്ടെത്തിക്കുകയും, തുടർന്ന് ഏകാഗ്രതയോടെ മന്ത്രങ്ങൾ ഉരുവിട്ട് നമ്മുടെ മനസ്സിനെ ദൈവത്തോട് ഏറെ അടുപ്പിക്കുകയും ചെയ്യും.
നമ്മുടെ ശരീരത്തിലുള്ള 7 ചക്രങ്ങൾ യഥാർത്ഥത്തിൽ ഊർജ്ജ കേന്ദ്രങ്ങളാണ്. അവ വികാരങ്ങളെ നിയന്ത്രിക്കുന്നവയാണ്. അവയുടെ ഉത്ഭവം ആദ്യകാല ഹിന്ദുമതത്തിലും ബുദ്ധമതത്തിലും കണ്ടെത്താൻ കഴിയും. കൂടാതെ ഇരു മതങ്ങളും ചക്രങ്ങളുടെ മാറുന്ന സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ധ്യാനരീതികൾ അനുസരിച്ച് ചക്രങ്ങൾ എപ്പോഴെങ്കിലും സമന്വയത്തിലല്ലെങ്കിൽ അവ നിങ്ങളുടെ ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
മണി പുറപ്പെടുവിക്കുന്ന ഈ ഫ്രീക്വൻസി മനുഷ്യനെയും മൃഗങ്ങളെയും ഏറെ സ്വാധീനിക്കുന്നുണ്ട് എന്നത് പുരാതനമായ കണ്ടെത്തലുകളാണെങ്കിലും ഇന്ന് അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇതിന് ഒരു ഉദാഹരണമാണ് ഗർഭിണികൾ ഇന്നും ആചരിച്ചുവരുന്ന വളക്കാപ്പ് ചടങ്ങ്. അതായത്, ഒരു സ്ത്രീ ഗർഭിണിയായാൽ കുടുംബത്തിലെ സ്ത്രീകളൊക്കെ ഒത്തുകൂടി ഗർഭിണിയായ സ്ത്രീയെ ഇരുത്തി കുപ്പിവളകൾ ഇരുകയ്യിലും അണിയിക്കുന്ന ചടങ്ങ്. കേരളത്തിൽ ഈ ചടങ്ങ് പൊതുവെ പ്രചാരത്തിൽ ഇല്ലെങ്കിലും തമിഴ്നാട്, കർണാടക, ആന്ധ്രാ പോലുള്ള സംസ്ഥാനങ്ങളിൽ ഇന്നും ആചരിച്ചുവരുന്നുണ്ട്.
ഇങ്ങനെ കുപ്പിവളകൾ നിറയെ കൈകളിലിട്ട് അത് ഉണ്ടാക്കുന്ന ശബ്ദതരംഗം ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഏറെ സഹായിക്കും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് നമ്മുടെ വളർത്തുമൃഗങ്ങളുടെ കഴുത്തിലും മണി കെട്ടിക്കൊടുക്കുന്നത് — ആന, പശു, ആട്. ഇത് നമ്മൾ സർവസാധാരണമായി കാണാറുള്ളതാണല്ലോ.
അതിന്റെ വേറൊരു രൂപമാണ് സ്ത്രീകളുടെയും കുട്ടികളുടെയും കാലുകളിൽ അണിയുന്ന പാദസരങ്ങൾ. ഇതൊക്കെ കൊണ്ടുതന്നെയാണ് പണ്ടുകാലങ്ങളിൽ പ്രായഭേദമില്ലാതെ സ്ത്രീകളും കുട്ടികളും കുപ്പിവളകളും കാലിൽ പാദസരവും അണിയുന്നത്.
തുടർച്ചയായുള്ള മണിനാദത്തിന്റെ ശബ്ദതരംഗം പകർച്ചവ്യാധിയെ വരെ അകറ്റി എന്ന് വിശ്വസിച്ചുവന്നിരുന്നു. ആ കഥ ഇങ്ങനെ പ്രചരിക്കുന്നു:
എ.ഡി. 696-കാലഘട്ടത്തിൽ വിശുദ്ധ ഗ്രിഗറി മാർപാപ്പയുടെ കാലത്ത് റോമിൽ അതിഭീകരമായ പ്ലേഗ് രോഗം പടർന്നുപിടിച്ച് അനേകം പേർ മരണപ്പെട്ടു. ആളുകൾ ഭയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ കഴിയുമ്പോൾ, ദൈവത്തിന്റെ പ്രീതിക്ക് വേണ്ടി മാർപാപ്പയുടെ നേതൃത്വത്തിൽ സെയിന്റ് ലൂക്കാ വരച്ച പരിശുദ്ധ കന്യാമറിയത്തിന്റെ ചിത്രവുമായി വിശ്വാസികൾ മണി മുഴക്കി പ്രദക്ഷിണം ചെയ്തു എന്നും, തൽസമയം മാർപാപ്പയുടെ കല്പന പ്രകാരം റോമിലെ എല്ലാ പള്ളികളിലും മണി മുഴക്കി പ്രാർത്ഥിക്കുവാൻ തുടങ്ങി.
തുടർച്ചയായുള്ള കൂട്ട മണിയടി ശബ്ദം അന്തരീക്ഷത്തിൽ വാനോളം ഉയർന്നപ്പോൾ മാലാഖമാരുടെ സ്വർഗീയ സംഗീതം ഒരശരീരിപോലെ കേട്ടു എന്നും, തൽസമയം പ്ലേഗ് കുറഞ്ഞു തുടങ്ങി. ഈ കഥ ഇന്നും പ്രചാരത്തിലുണ്ട്.
പണ്ടുകാലങ്ങളിൽ പ്രൊട്ടസ്റ്റന്റ് പള്ളികളിൽ ആരാധന കഴിഞ്ഞാൽ മണിയടിക്കുന്ന ഒരു പതിവുണ്ടായിരുന്നുപോൽ. ഇപ്രകാരം മണിയടിക്കുന്നത് പള്ളികളിലെത്തി ആരാധനയിൽ പങ്കെടുക്കാൻ വിമുഖത കാട്ടുന്നവർക്ക് വേണ്ടിയായിരുന്നു എന്നും വിശ്വസിക്കുന്നവർ ഉണ്ടായിരുന്നു എന്ന് എവിടെയോ വായിച്ച ഒരോർമ്മ.
ഇനി ചരിത്രപരമായ ഇത്തരം മണി മുഴക്കത്തിന്റെ അസ്തിത്വം തേടിപ്പോയാൽ വ്യത്യസ്ത കഥകൾ നമുക്ക് കേൾക്കാം.
ആദ്യമായി ഈജിപ്തിലാണ് എന്നും, അല്ല ചൈനയിലാണ് എന്നും, ഇതൊന്നുമല്ല ഹിന്ദുക്കളിൽ നിന്ന് ഉൾക്കൊണ്ട് പിന്നീട് ബുദ്ധമതവും ജൈനമതവും സ്വീകരിച്ചവർ ചില പരിവർത്തനങ്ങൾ നടത്തി മണികൾ പ്രാർത്ഥനാവേളകളിൽ ഉപയോഗിച്ചു എന്നും വിശ്വസിക്കുന്നുണ്ട്.
അങ്ങനെ പള്ളിയും പള്ളിമണിയും പള്ളിക്കൂടവും പല പല കഥകൾ പ്രചരിപ്പിച്ച് വിശ്വാസികളെ സൃഷ്ടിച്ചു എന്ന സത്യം നമുക്ക് ഉൾക്കൊണ്ട് മുന്നോട്ടുപോകുമ്പോഴും പറയട്ടെ:
ഇതൊക്കെ ഓർക്കുമ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്ന മറ്റൊരോർമ്മ 2009-ലെ സൗണ്ട് മിക്സിങ്ങിനുള്ള ഓസ്കാർ അവാർഡ് മലയാളിയായ റസൂൽ പൂക്കുട്ടിക്ക് ലഭിച്ചത്! ചിത്രം ‘സ്ലംഡോഗ് മില്യണർ’. ഇദ്ദേഹം റിസർച്ച് ചെയ്ത വിഷയവും ഇതോടനുബന്ധിച്ചാണ് എന്ന് കേട്ടിട്ടുണ്ട് — “ഓം” എന്ന ശബ്ദം. അദ്ദേഹവും സമർത്ഥിക്കുന്നു പ്രപഞ്ചത്തിന്റെ ശബ്ദം ഓം എന്നാണെന്ന്. ഈ സ്റ്റേറ്റ്മെന്റ് ഏറെ വിവാദങ്ങൾ ഉണ്ടാക്കി എന്നൊരോർമ്മ.
നമ്മുടെ ജീവിതത്തിലുടനീളം പള്ളികളുടെയും പള്ളിക്കൂടങ്ങളുടെയും ക്ഷേത്രങ്ങളിലെയും മണിയുടെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒടുവിൽ കാര്യസാധ്യത്തിനു വേണ്ടി ജാതിമതം മറന്ന് ദൈവങ്ങൾക്കുമുന്നിൽ മണിയടിച്ച് സങ്കടമുണർത്തിച്ച് കാര്യം നേടാൻ ശീലിച്ച നമ്മൾ, ഇന്ന് പലരും ദൈവങ്ങളെ മറന്ന് കാര്യസാധ്യത്തിനായി രാഷ്ട്രീയക്കാരെ മണിയില്ലാതെ മണിയടിക്കേണ്ടി വരുന്നു എന്ന അവസ്ഥയിലെത്തിച്ചു. ഇങ്ങനെ ജനങ്ങളെ കൊണ്ട് ചിന്തിപ്പിക്കാൻ ഒരു പക്ഷേ കെ.പി.എ.സി.യുടെ നാടകങ്ങൾ കാരണമായിട്ടുണ്ട് എന്ന് വേണം കരുതാൻ. ‘ദൈവം കാല് മാറുന്നു’ എന്ന നാടകമൊക്കെ അതിന് ഉദാഹരണമായി കാണാം.
വന്നു വന്നു ഇപ്പോൾ ദൈവമില്ല എന്ന് പറഞ്ഞ രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവർത്തകരും മേലുദ്യോഗസ്ഥരും ദൈവത്തിന്റെ മുന്നിൽ മാറി മാറി മണിയില്ലാതെ മണിയടിച്ചും, മണി കൊടുത്തും, മണി ചോദിച്ചുവാങ്ങിയും കാര്യങ്ങൾ നേടുന്നതും ഒരു കാഴ്ചയായിട്ടുണ്ട് എന്ന അപ്രിയ സത്യം പറയുമ്പോഴും ഒന്ന് ഓർമ്മപ്പെടുത്തട്ടെ: പൊതുജനങ്ങൾ കൂട്ടമണിയടിക്കേണ്ട സമയം ആഗതമായിരിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ചില മണിയുടെ ഫ്രീക്വൻസി പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. ഇത്തരം മണിയടി ഒഴിവാക്കിയാൽ എല്ലാം ശുഭം.
ഇങ്ങനെയൊക്കെ ഓർക്കുമ്പോഴും മയ്യഴി സെന്റ് തെരേസാ പള്ളിയിലെ തുടർച്ചയായ മണിനാദം നമ്മളിൽ ഗതകാല സ്മരണകളുണർത്തി ഇന്നും മയ്യഴിക്കാരുടെ കാതുകളിൽ മുഴങ്ങുന്നു. ആ ശബ്ദതരംഗങ്ങളുടെ പ്രഭാവലയമായിരിക്കാം മയ്യഴിക്കാരിൽ ജാതി-മത-വർണ്ണ-രാഷ്ട്രീയ വ്യത്യാസമില്ലാതെ ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിച്ച് സമാധാനത്തോടെ ജീവിക്കാൻ ഇന്നും സാധിക്കുന്നത്. അത്തരം മണികൾ എന്നും എന്നും മുഴങ്ങിക്കൊണ്ടേയിരിക്കട്ടെ. “ആമേൻ”.
പള്ളികളെയും പള്ളിമണികളെപ്പറ്റിയും പങ്കുവെച്ച അറിവുകൾ പൂർണ്ണമല്ല. ഇനിയും ഒരുപാട് വ്യത്യസ്തതയും പുതുമയും ചരിത്രമുറങ്ങുന്നതുമായ കഥകൾ പള്ളിക്കും പള്ളിമണിക്കും പറയാനുണ്ടാവും. അത് പറയുവാനും എഴുതുവാനും ആരെങ്കിലും ഉണ്ടാവും എന്നുള്ള വിശ്വാസത്തോടെ,
വിശ്വാസമല്ലേ എല്ലാം.
നിന്നിലെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് പറയുമ്പോഴും ഓർക്കുക: ആസക്തികൾ പലപ്പോഴും കഠിനമായ വ്യഥകൾക്കും നൈരാശ്യത്തിലും നമ്മെ കൊണ്ടെത്തിക്കാറുണ്ട്.
ജീവിതത്തിൽ ഒന്നും അധികമാകരുത്. ഏത് കാര്യത്തിനും മിതത്വത്തിന്റെ ഒരു അതിർവരമ്പ് ഉണ്ടാകേണ്ടതാണ്. അതനുസരിച്ച് മാത്രമേ നമ്മൾ ജീവിക്കാവൂ.
അത് അറിവിലായാലും സമ്പത്തിലായാലും അതുപോലെ സൗന്ദര്യത്തിലായാലും അധികാരത്തിലായാൽ പോലും. മിതത്വമാണ് ജീവിതത്തിലെ സന്തോഷത്തിന്റെ താക്കോൽ എന്നത്.
ആഗ്രഹങ്ങളും ആസക്തികളും അന്യായമോ അമിതമോ ആകാതെ ജീവിതത്തെ വിവേകത്തോടെ സമീപിക്കുക.
സ്ഥലകാല ബോധമില്ലാതെയുള്ള മണിയടി നമുക്ക് ഒഴിവാക്കാം.
ലോകാ സമസ്താ സുഖിനോ ഭവന്തു
മഠത്തിൽ ബാബു ജയപ്രകാശ് ………✍️ My Watsapp Contact No: 9500716709







Really a great source of knowledge. Thanks Babu 🙏
LikeLike
Thank you coumar🙂
LikeLike
Very informative 👍
LikeLike
Thank you Sushanth
LikeLike