മയ്യഴിയിലെ സ്ഥലങ്ങളുടെ പഴയ കാല പേരിലൂടെ…

Time Set to Read 8 Minutes

മയ്യഴിയിലെ ചില പ്രദേശങ്ങൾക്ക് പേരുകൾ വരാനുള്ള സാധ്യതകൾ അന്വേഷിച്ചു കൊണ്ടുള്ള ഒരു ശ്രമമാണിത്. എന്റെ കണ്ടെത്തലുകളോട് വിയോജിപ്പുള്ളവരുണ്ടാകാം. അങ്ങനെയുള്ളവർ അവരുടെ അറിവുകൾ പങ്കുവെക്കുമെന്ന വിശ്വാസത്തോടെ ഈ കുറിപ്പ് എഴുതുന്നു. 

ചില കണ്ടെത്തലുകളും ഞാൻ തിരിച്ചറിഞ്ഞ നിഗമനങ്ങളും ഇങ്ങനെയാണ്. ഇതിൽ ചിലത് നിങ്ങൾക്ക് ചരിത്രരേഖകളിലൊന്നും കണ്ടെത്താൻ സാധിക്കില്ല. ഇത് എന്റേതു മാത്രമായ നിഗമനങ്ങളാണ്.

മൂപ്പന്റെ കോട്ട

മൂപ്പൻ സായ്‌വിന്റെ കോട്ട. പൊതുവെ വിദേശീയരെ ‘സായ്‌വ്’ എന്ന് വിളിച്ചുവരുന്നു. അത് ബ്രിട്ടീഷുകാരായാലും ഫ്രഞ്ചുകാരായാലും. അവരിലെ മുതിർന്ന ഉദ്യോഗസ്ഥനായ സായ്‌വ്, മയ്യഴിയുടെ മൂപ്പൻ! മൂപ്പൻ സായ്‌വ് താമസിച്ചു ഭരിച്ച സ്ഥലമാണിത്.

ഇപ്പോൾ റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ താമസിക്കുന്ന സ്ഥലവും അനുബന്ധ ഓഫീസും തൊട്ടടുത്തുതന്നെ മയ്യഴിയുടെ ചരിത്ര മ്യൂസിയവും സ്ഥിതിചെയ്യുന്നു.  

പിന്നിൽ ഹില്ലോക്കുണ്ട്. അതിൽ ഫ്രഞ്ച് ഭരണത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് വലിയൊരു ലൈറ്റ് ഹൗസുണ്ട്.

മൂപ്പന്റെ കോട്ടയുടെ പുറത്ത് കേപ്സ്യൂൾ ലിഫ്റ്റിന്റെ മാതൃകയിൽ ഒരു കാവൽമുറി ഉണ്ടായിരുന്നു. ഇപ്പോൾ അതവിടെയില്ല.

കവാടത്തിന്റെ ഇരുഭാഗങ്ങളിലായി കറുത്ത രണ്ട് പീരങ്കിയും ഉണ്ടായിരുന്നു. വെടിവെക്കാറുണ്ടോ എന്ന് ചോദിച്ചാൽ, പണ്ട് വെടിവെച്ചിരുന്നു. പിന്നെ കുറേക്കാലം ഉണ്ടയില്ലാ വെടിവെപ്പുകൾ!

ഇപ്പോൾ അവിടെ ഉണ്ടയും ഇല്ല, വെടിവെക്കാനുള്ള പീരങ്കിയും ഇല്ല. ഒരുപക്ഷേ മ്യൂസിയത്തിൽ കാണുമായിരിക്കും. ആഫ്രിക്കക്കാരെ കാപ്പിരികളെന്നും പോർച്ചുഗീസുകാരെ പറങ്കികളെന്നും വിളിച്ചുകേട്ടിട്ടുണ്ട്.

മയ്യഴിയുടെ മുൻ ആഭ്യന്തരമന്ത്രി ശ്രീ. വൽസരാജിന്റെ പരിശ്രമത്തിലൂടെ നേടിയെടുത്ത്, പഴയ അഡ്മിനിസ്‌ട്രേറ്റർ ഓഫീസ് പ്രവർത്തിച്ച ഓടിട്ട മൂന്നു മുറി കെട്ടിടം സ്ഥലം എം. എൽ. എയുടെ സന്ദർശക ഓഫീസായി രൂപപ്പെടുത്തിയിരിക്കുന്നു.

അതെ, തങ്ങളുടെ ജനപ്രതിനിധിയെ നേരിൽ കണ്ടു സംവദിക്കാൻ ജനങ്ങൾക്ക് അവകാശപ്പെട്ട സ്ഥലം. പ്രത്യക്ഷത്തിൽ ഇതിലെന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാവാം. അവരോട് ഒന്നും മറുത്തു പറയാനില്ല.

ഇതേ കോമ്പൗണ്ടിൽ വി.വി.ഐ.പികൾക്കും ഔദ്യോഗിക കാര്യങ്ങൾക്കു വരുന്ന ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും താമസിക്കാനുള്ള ആഢംബര സൗധം നിർമിച്ചിട്ടുണ്ട്.

വാക്‌വേ (നടപ്പാത)

മുൻ ആഭ്യന്തരമന്ത്രി ശ്രീ. വൽസരാജിന്റെ മറ്റൊരു സ്വപ്ന പദ്ധതിയായ വാക്‌വേ, അവസാനഘട്ട പണി പൂർത്തീകരിച്ചു വരുന്നു. മറുഭാഗത്ത് മയ്യഴിയുടെ പേരും കീർത്തിയും ലോക ഭൂപടത്തിൽ തന്നെ സ്ഥാനം നേടിക്കൊടുക്കാൻ സാധ്യമായേക്കാവുന്ന ഒരു വൻ പദ്ധതി ബാലാരിഷ്ടതകളോടെ വീണ്ടും പുനരാരംഭിച്ചിരിക്കുന്നു.

ജോലികൾ പൂർത്തീകരിച്ചു കഴിഞ്ഞാൽ വിദേശ നാണ്യം ഏറെ നേടിത്തരുന്ന, നേരിട്ടും അനുബന്ധമായും ധാരാളം ആളുകൾക്ക് ജോലി സാധ്യത ഉണ്ടാക്കിത്തരുന്ന ഒരു പദ്ധതിയാണിത്. എന്റെ കടലോര പംക്തിയിൽ കുറച്ചു എഴുതി ചേർത്തിട്ടുണ്ട്.

ഈ പദ്ധതിയെ പൂര്ണമായാൽ എന്റെ വിലയിരുത്തൽ വളരെ മനോഹരമായ മയ്യഴി! കടലിന്റെയും പുഴയുടെയും കഴുത്തിൽ കറുത്ത മുത്തും സ്വർണവും ഡയമണ്ടും കൂട്ടിക്കലർത്തിയ മനോഹരമായ നെക്ലേസ് അണിഞ്ഞു നിൽക്കുമ്പോൾ? കാതിൽ ചുവന്ന കടുക്കൻ കൂടി അണിഞ്ഞു? ചുവന്ന പൊട്ടിട്ടു വെള്ളിനൂലിൽ ചിത്രപ്പണിയോടുകൂടിയുള്ള ഉടയാട ഉടുത്ത സുന്ദരിയെ പോലെ തോന്നിപ്പിക്കും മയ്യഴിയമ്മയെന്നു കരുതുന്ന മയ്യഴിപ്പുഴയുടെ തീരം. ചുവന്ന കടുക്കന്റെ വിശേഷം എന്റെ ബ്ലോഗ് ഇൻട്രഡക്ഷനിൽ എഴുതിയിട്ടുണ്ട്. അറിയാൻ താൽപ്പര്യമുള്ളവർക്ക് ലിങ്ക് ക്ലിക്ക് ചെയ്തു വായിക്കാം.

പാതാർ

പഴയ പേരാണ് പാതാർ.  

പാതയുടെ അരികിലൂടെ പോവുന്ന ആർ, പുഴ. ഇപ്പോൾ ടാഗോർ പാർക്ക്.

മയ്യഴിയമ്മ അണിഞ്ഞ ഉടയാടയുടെ ബോർഡറിനൊപ്പം, മുന്താണിയിൽ എം. മുകുന്ദന്റെ ചരിത്രപ്രസിദ്ധ നോവലായ ‘മയ്യഴിപ്പുഴയുടെ തീരങ്ങൾ’ എന്ന ക്ലാസിക് കൃതിയിലെ കഥാപാത്രങ്ങളെ ആലേഖനം ചെയ്തിരിക്കുന്നു. ഇതൊക്കെ നോക്കി ആസ്വദിച്ച്, മൺമറഞ്ഞ മയ്യഴി വിമോചന സമര സേനാനികളുടെ ആത്മാക്കൾ ആ ചിത്രങ്ങളൊക്കെ നോക്കി, വൈകുന്നേരങ്ങളിൽ അവിടെ എത്തുന്ന പലരോടും സംവദിക്കുന്നുണ്ടാവാം.

ചിലപ്പോൾ തോന്നും, സ്വാതന്ത്ര്യ സേനാനികളെ ഒരു മൂലയ്ക്ക് ഇരുത്തിയതാണോ എന്ന്. അങ്ങനെ പറയുന്നവരും കരുതുന്നവരും ഉണ്ട്! 

അല്ല, അവർ മയ്യഴിയമ്മയുടെ മുഖം നോക്കി, കടലമ്മയുടെ വാമൊഴിയിലൂടെ മുകുന്ദൻ പറയാത്ത കഥ കേൾക്കാൻ വേണ്ടി, ചുവന്ന കടുക്കനിട്ട രണ്ടു കാതുകൾ കടൽക്കിസ്സയും കരക്കിസ്സയും ഫ്രഞ്ച് നാവികർക്ക് ‘ഡീ’ കോഡ് ചെയ്തു കൊടുത്തതുപോലെ മൊഴിമാറ്റി പറയുന്നത് ശ്രദ്ധിച്ചുകൊണ്ടു നിൽക്കാൻ ഇതാണ് ഉചിതമായ സ്ഥലമെന്ന് അവർക്കു മനസ്സിലായിരിക്കുന്നു!

ഇതൊന്നും എനിക്ക് കാണേണ്ട എന്ന് കരുതി മരിയേന്റെ പ്രതിമ അങ്ങ് ദൂരേ ഒരിടത്തുണ്ട്!

മരിയൻ പ്രതിമ

എല്ലാം മനസ്സിലാക്കി, മയ്യഴിയമ്മയുടെ കാൽക്കീഴിൽ തന്റെ പൂർവികർ ചെയ്ത തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ പൊറുക്കണം എന്ന് അപേക്ഷിച്ച്, അമ്മയുടെ കാൽ തഴുകി ഇപ്പോഴും അവിടെയുണ്ട്.

മയ്യഴി ഭരണകൂടവും പഴയ ഫ്രഞ്ച് വിരോധം ഒന്നും കാണിക്കാതെ, മയ്യഴി ജനതയും ‘അതിഥി ദേവോ ഭവ’ എന്ന ആപ്തവാക്യം മുറുകെ പിടിച്ച്, അവരെ എല്ലാ പ്രൗഢിയോടും കൂടി ഒരു വിദ്വേഷവും ഇല്ലാതെ കുടിയിരുത്തി പരിരക്ഷിച്ചു പോരുന്നു ഇന്നും.

ഉപ്പാല

ഉപ്പ് സൂക്ഷിക്കുന്ന കെട്ടിടം ഉണ്ടായിരുന്നു. അത് പൊളിച്ച് അവിടെ സർക്കാർ വക വിശ്രമ കേന്ദ്രം പണിതു. വീണ്ടും പുതുക്കി പണിത ഒരു കെട്ടിടം സഞ്ചാരികളെ സ്വീകരിച്ച് അവിടെ ഇപ്പോഴും ഉണ്ട്.

പഴയ ഉപ്പാലയിൽ നിന്ന് മയ്യഴിയിലെ കടൽ സമ്പത്തായ മത്സ്യം ഉണക്കി സംഭരിച്ച് എക്സ്പോർട്ട് ചെയ്തിരുന്നു. സിലോൺ, ബർമ മുതലായ സ്ഥലങ്ങളിൽ അയക്കുന്ന മത്സ്യ സംസ്കരണത്തിന് ആവശ്യമായ ഉപ്പ് ശേഖരിച്ചു സൂക്ഷിച്ചതു കൊണ്ടായിരിക്കാം ‘ഉപ്പാല’ എന്ന് പേര് വന്നത്.

അത് പൊളിക്കാൻ കരാർ കിട്ടിയത് എന്റെ പിതാവിന്, പുത്തൻപുരയിൽ നാരായണൻ നായർ.  

പൊളിച്ച അവശിഷ്ടങ്ങൾ കൊണ്ടാണ് അച്ഛൻ പണി കഴിപ്പിച്ച വീടിന്റെ മിക്ക മരപ്പണിയും നടത്തിയത്. ഒരു വലിയ മരത്തിന്റെ ബീം അതേപടി വീട്ടിന്റെ ഉത്തരവും താങ്ങി, ഒരു മാറ്റവും ഇല്ലാതെ ഇപ്പോഴും എന്റെ തറവാട്ടിൽ ഉണ്ട്, പഴയകാല ഫ്രഞ്ച് ശേഷിപ്പായി.

അനക്സ് കെട്ടിടം

എന്ത് ഉദ്ദേശത്തോടെയാണോ ഫ്രഞ്ചുകാർ മയ്യഴിയെ കീഴ്പ്പെടുത്തിയത്, അതു സാധ്യമാകും വിധം കിഴക്കൻ മലയോരങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങൾ, മലഞ്ചരക്കുകൾ സൂക്ഷിച്ച കെട്ടിടമാണെന്ന് പറഞ്ഞു കേൾക്കുന്നു.

പിൽക്കാലത്ത് ലെബോർദ്ധനെ കോളേജിന്റെ അനുബന്ധ കെട്ടിടമായി ഉപയോഗിച്ചു. അനക്സ് എന്ന പേര് അത് സാക്ഷ്യപ്പെടുത്തുന്നു.

ഈ കെട്ടിടം പൂർണമായും പൊളിച്ച്, അവിടെ മഹാത്മാഗാന്ധിയുടെ ഓർമ പുതുക്കി ഒരു പ്രതിമ സ്ഥാപിച്ച് ചെറിയ ഉദ്യാനം ഉണ്ടാക്കി സംരക്ഷിച്ചിരിക്കുന്നു. ഇപ്പോൾ സ്റ്റാച്യു ജംക്ഷൻ ആയി അറിയപ്പെടുന്നു. ശരിയായ രീതിയിൽ പരിപാലിച്ചാൽ ഇതിലും മനോഹരമായി അതിനെ നിലനിർത്താം.

മയ്യഴിപ്പാലം

ഒരു പഴയ ഇരുമ്പു പാലം. തൂണുകൾ അതേപടി നിലനിർത്തി പാലം പുതുക്കിപ്പണിതു. വീണ്ടും പുതുക്കിപ്പണിയണോ പൊളിക്കണോ എന്ന സംശയത്തിൽ അറ്റകുറ്റപ്പണി നടത്തി നിലനിർത്തി പോരുന്നു. മയ്യഴിയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന ഒരേയൊരു റോഡ് മാർഗമുള്ള കണ്ണി.

ഇനിയും ഒരു വിഭജനം ഉണ്ടായി, പ്രധാനമന്ത്രിയോട് റെയിൽവേ പാലം വീണ്ടും റോഡ് ഗതാഗതത്തിനു തുറന്നു തരാൻ വേണ്ടി പറയാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കട്ടെ!

ഇതിനടുത്തു തന്നെ തിലക് സ്പോർട്സ് ക്ലബ് സ്ഥിതിചെയ്യുന്നത് കൊണ്ട് തിലക് ജംക്ഷൻ എന്നും അറിയുന്നുണ്ട്. എങ്കിലും പാലം എന്ന് പൊതുവെ അറിയപ്പെടുന്നു. തെറ്റിദ്ധാരണയൊന്നും വേണ്ട, ഈ പേരിൽ ഒരു വിമാനത്താവളം നമുക്ക് ഉണ്ടായിരുന്നു. ആ പാലം അല്ല ഈ പാലം.

പ്ലാസ ദ് ആംസ് 

മയ്യഴിയിലെ മൈതാനം ഈ പേരിലാണ് ഇന്നും അറിയപ്പെടുന്നത്. പൊതു ഉപയോഗത്തിനുള്ള വിശാലമായ ഈ സ്ഥലം ഇപ്പോൾ മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് ആ⁷ൻഡ് സയൻസ് കോളേജിന്റെ ഉടമസ്ഥതയിലാണെന്ന് തോന്നുന്നു. ഒരു പക്ഷേ, സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പരേഡ് നടത്തുന്നത് കൊണ്ടായിരിക്കാം ഈ പേര് നൽകിയത്. ഫ്രഞ്ച് ഭരണകാലത്തും ഇവിടെത്തന്നെയായിരിക്കും, ഒരു പക്ഷേ, ഇത്തരം പരിപാടികളൊക്കെ നടത്തിപ്പോന്നിരുന്നത്.

പാറക്കൽ

പാറയുള്ള ചെറിയ ഒരു പ്രദേശം. മത്സ്യ മാർക്കറ്റും അതിനു തൊട്ടുള്ള വീടുകളുമാണ് ഇവിടെ. പടിഞ്ഞാറു തിരിഞ്ഞ് കടൽ ഭാഗത്തേക്ക് ഇറങ്ങുമ്പോൾ രണ്ടുവശവും പാറകൾ. അതിലാണ് വീടുകൾ വെച്ചിരിക്കുന്നത്. വലതുഭാഗത്തുള്ള ‘വലിയപുരയിൽ’ തറവാടിനെ ഞാൻ കടൽ വിശേഷങ്ങളിൽ എഴുതി ചേർത്തിട്ടുണ്ട്. പാറകൾ നിറഞ്ഞ സ്ഥലം, അതുകൊണ്ട് പാറക്കൽ എന്ന് അറിയപ്പെടുന്നു.  

നേരെ പോയാൽ _പൂഴിത്തല_.

പൂഴിത്തല 

കോഴിക്കോടിന്റെയും മയ്യഴിയുടെയും ഒരു ബോർഡറാണിത്. അരയ സമുദായത്തിന്റെ ചെറിയ ഒരു ശ്മശാനം ഉണ്ടായിരുന്നു. ആ അറ്റവും പ്രദേശവും പൂഴിയായതുകൊണ്ട്, പൂഴിയുള്ള സ്ഥലം കാലക്രമത്തിൽ പൂഴിത്തലയായി മാറിയതായിരിക്കാം.

ചൂടിക്കോട്ട  

പണ്ടുകാലങ്ങളിൽ റെയിൽവേ സ്റ്റേഷൻ റോഡിലൂടെ വന്ന്, ആദ്യത്തെ ജംഗ്ഷനിൽ ഇപ്പോൾ ‘അതിർത്തി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സ്ഥലത്തുനിന്ന് ഇടത്തോട്ടു തിരിഞ്ഞ്, നേരെ വന്നു മുട്ടുന്ന സ്ഥലത്തു നിന്ന് ഒരു ചെറിയ ഇടവഴി, എന്റെ വീടിന്റെ കിഴക്കുഭാഗത്തു കൂടി നേരെ പോയി വലതു തിരിഞ്ഞ്, വീണ്ടും ഇടത്തോട്ടു തിരിഞ്ഞ് കറപ്പയിൽ വീടിന്റെ സൈഡിൽ കൂടി, ആണിയിൽ രാഘു മാസ്റ്ററുടെ പറമ്പിന്റെ ഒരു ഭാഗം ക്രോസ് ചെയ്ത് കണ്ടിത്തായ സ്കൂളിനരികിലൂടെ കേളപ്പൻ നായരുടെ കടയുടെ അടുത്ത് കയറുന്നതു വരെ, ഫ്രഞ്ച് ഭരണ പ്രദേശമായി കണക്കാക്കിയിരുന്നു എന്ന് കേൾക്കുന്നു.  

സ്വാതന്ത്ര്യം കിട്ടിയതിനു ശേഷവും മയ്യഴി പ്രദേശം ഫ്രഞ്ച് സർക്കാരിന്റെ അധീനതയിൽ തന്നെ തുടർന്നുപോന്നു.

ഈ കാലത്ത് മഹാജന സഭയുടെ സമ്മർദ്ദ തന്ത്രമോ, അല്ലെങ്കിൽ ഫ്രഞ്ച് ഭരണകൂടത്തിന്റെ സ്ഥലത്തിന്റെ അതിർ നിർണയിക്കുന്നതിന്റെ ഭാഗമായോ, അതിരുകൾ ചൂടിയും കയറും കൊണ്ട് കെട്ടി സംരക്ഷിച്ചിട്ടുണ്ടായിരിക്കാം.

ഒരു കാര്യം അറിയാം: മയ്യഴിയിൽ ഫ്രഞ്ച് സർക്കാർ മയ്യഴിയിലൂടെ വാഹനം കടന്നുപോകുന്നതിന് ചുങ്കം പിരിച്ചതായി രേഖയിലുണ്ട് എന്ന് വാമൊഴിയായി കേട്ടിട്ടുണ്ട്. അതിന്റെ പിൽക്കാല അവകാശം പുത്തൻപുരയിൽ രാഘവൻ നായർക്ക് ഉണ്ടായിരുന്നതായി ഒരു ഓർമ. സ്ഥിരീകരണമില്ല.  

ഇതിനെ മറികടക്കാൻ മഹാജന സഭ പ്രവർത്തകർ ശ്രീ. ജവഹർലാൽ നെഹ്റുവിനോട് അഭ്യർത്ഥിച്ചു. മയ്യഴിയെ പൂർണമായും ഒഴിവാക്കിക്കൊണ്ട് മയ്യഴി റെയിൽവേ പാലത്തിലൂടെ ഒരു റോഡ് പണിതു തരാൻ അഭ്യർത്ഥിക്കുകയും, അത് പ്രകാരം അഞ്ചോ ആറോ മാസം കൊണ്ട് ശ്രീ. നെഹ്റുവിന്റെ കൽപ്പന പ്രകാരം റോഡ് നിർമാണം പൂർത്തീകരിക്കുകയും ചെയ്തതായി പറയപ്പെടുന്നുണ്ട്. ശരിയാവാനാണ് സാധ്യത ഏറെ. കാരണം, ഈ കാലങ്ങളിൽ ടൗൺ ബസ് സർവീസ് മാത്രമായിരുന്നു മയ്യഴി ടൗണിലൂടെ കടന്നുപോയിരുന്നത്. ദീർഘദൂര ബസുകളൊക്കെ മയ്യഴി റെയിൽ പാലത്തിലൂടെയായിരുന്നു പോയിക്കൊണ്ടിരുന്നത്.

അടുത്തുള്ള സ്ഥലത്ത് ‘മല’ പോലെ ഓല സൂക്ഷിച്ചത് കൊണ്ട് ‘മണ്ടോള’യായും അറിയപ്പെട്ടതായിരിക്കാം. മൗണ്ട് – മല. മൗണ്ട് പോലെ ഓലയും കോട്ടപോലെ ചൂടിയും സൂക്ഷിച്ചപ്പോൾ പിൽക്കാലത്ത് ചൂടിക്കോട്ടയും മണ്ടോളയും ആയതാവാം.

ഓറഞ്ച്

നല്ല മുഴുത്ത നാടൻ ഓറഞ്ച് പൊളിച്ചാൽ ഉള്ളിൽ 11 സെഗ്മെന്റ് അല്ലി കാണും. അതിന് ‘ആറു–അഞ്ച്’ എന്ന് പറഞ്ഞ് ഓറഞ്ചാക്കിയതുപോലെ മണ്ടോളയും ചൂടിക്കോട്ടയും ആയതാവാം.

എന്റെ കടലോര വിഷയങ്ങളിൽ മയ്യഴിയിലെ പച്ചമത്സ്യവും ഉണക്കമത്സ്യ വ്യാപാരത്തെപ്പറ്റി വിശദമായി പറഞ്ഞിരുന്നു.  

അഴിയൂർ കേന്ദ്രീകരിച്ച് ചൂടി, കയർ നിർമാണം കുടിൽ വ്യവസായം പോലെ നല്ല രീതിയിൽ നടന്നിരുന്നു. എന്റെ ഓർമയിൽ കക്കടവ്, നടേമ്മൽ സ്കൂളിനടുത്തു നിന്നൊക്കെ വീടുകളിൽ വെച്ച് ചൂടി കയർ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ബ്രിട്ടീഷുകാരിൽ നിന്ന് ഭാരതം മുക്തമായതോടെ മയ്യഴി ഫ്രഞ്ച് ഭരണത്തിൻ കീഴിലായി. ഒരു ഭാഗത്ത് മയ്യഴി വിമോചന സമരം മൂലം പലർക്കും മയ്യഴിയിൽ പ്രവേശിക്കുവാനോ തിരിച്ച് ഇന്ത്യൻ യൂണിയൻ ഭാഗത്തേക്ക് പോക്കുവരവിനോ ഉപരോധമുണ്ടായി. അതുവരെ മത്സ്യമേഖലയ്ക്ക് വേണ്ടിയിരുന്ന ചൂടി, കയർ, മെടഞ്ഞ ഓല മുതലായവയുടെ ദൗർലഭ്യം ഉണ്ടാവുന്നത് മറികടക്കാൻ ഈ ഭാഗങ്ങളിൽ വ്യാപകമായി ചൂടി, കയർ, ഓല മൊത്തമായി സൂക്ഷിച്ച് സൗകര്യത്തിന് മയ്യഴിയിലേക്ക് കൊണ്ടുപോയിരിക്കാം.

എപ്പോഴും ചൂടിയും കയറും ഓലയും ഒക്കെ സൂക്ഷിക്കുന്നതിനാൽ ചൂടിയുടെ കോട്ടയായും, മൗണ്ട് പോലെ ഓലയും സൂക്ഷിച്ചതിനാൽ അനുബന്ധമായി ഈ കഥ ഉണ്ടാക്കി നമുക്ക് ആ പേരിനെ സ്ഥിരീകരിക്കാം.

പുത്തലം 

ഈ ക്ഷേത്രപ്പറമ്പിൽ പല ഭാഗത്തും ചെമ്പകം പൂത്തു നിൽക്കുന്നത് പതിവ് കാഴ്ചയായിരുന്നു. ചെമ്പകം പൂത്ത സ്ഥലം പിന്നീട് പുത്തലം ആയതായിരിക്കാം. അതിനടുത്തുള്ള വീടിന് ഇപ്പോഴും ‘ചമ്പോച്ചെട്ടിലേ വീട്’ എന്നു തന്നെ വിളിക്കുന്നു.

വിശാലമായ സ്ഥലത്ത് പൂത്ത ചെമ്പകപ്പൂവുകൾ താലത്തിൽ വെച്ചതുപോലെ തോന്നി. ‘പൂ താലത്തിൽ വെച്ചതുപോലെ’ എന്ന് പറയുന്നത് പിൽക്കാലത്ത് ഭാഷയുടെ വകഭേദം വന്ന് പുത്തലം ആയതും ആവാം.

ഓടത്തിനകം  

ഓട പോലെയുള്ള ഇടുങ്ങിയ വഴി. അത് ഓടത്തിനകം ആയതായിരിക്കാം. 

ആനവാതുക്കൽ 

അവിടെ വലിയൊരു വാതിൽ കവാടമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ആനയെക്കാൾ ഉയരമുള്ള വാതിൽ, ആന വലിച്ചാലും നീക്കാൻ പറ്റാത്ത വാതിൽ! അത് പിന്നീട് ആനവാതുക്കൽ ആയതാവാം.

വളവിൽ 

വിശാലമായ കടൽ പടിഞ്ഞാറു നിന്ന് പുഴയോരത്തേക്ക് വളഞ്ഞു പോവുന്നത് കൊണ്ട് ‘വളവിൽ’ എന്നു വിളിക്കുന്നതായിരിക്കാം. ആ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഭൂമിയും കുന്നും വളഞ്ഞു നിൽക്കുന്നത് സങ്കൽപ്പിച്ചാൽ അമ്പും വില്ലും കുലച്ചു നിൽക്കുന്നതുപോലെയും തോന്നും, വളഞ്ഞ വില്ല്. ശ്രീ കുറുമ്പ ഭഗവതി തന്റെ വിശ്വാസികളെ സംരക്ഷിക്കാൻ എപ്പോഴും ജാഗരൂകയായി കാവൽ നിൽക്കുന്നു എന്നും സങ്കൽപ്പിക്കാം. പിന്നീട് മൊഴിമാറ്റത്തിലൂടെ വളഞ്ഞ വില്ല് വളവിൽ ആയതും ആവാം.

അതിർത്തി

മയ്യഴിയും കേരളത്തിൽ സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷനിൽ നിന്ന് വരുന്ന ക്രോസ് ജംഗ്ഷൻ. അത് അതിർത്തി എന്ന പേരിൽ അറിയപ്പെട്ടു.  

അവിടെനിന്ന് നേരെ വടക്കോട്ടു നടന്നാൽ താത്തക്കുളം.

താത്തക്കുളം  

ടാറ്റ ഗ്രൂപ്പിന്റെ ഒരു കമ്പനി സോപ്പ് നിർമാണത്തിനായി മയ്യഴിയെ പരിഗണിച്ചുവെന്നും, അതിനാവശ്യമായ ജലസ്രോതസ്സ് ഉണ്ടോ എന്നറിയാൻ മഞ്ചക്കൽ പ്രദേശത്ത് കുളം കുഴിച്ചുവെന്നും പറയുന്നു. വെള്ളം ലഭിച്ചെങ്കിലും പിന്നീട് അതിന് തുടർച്ചയുണ്ടായില്ല. എങ്കിലും ആ പ്രദേശം ഇപ്പോഴും അറിയപ്പെടുന്നത് താത്തക്കുളം എന്ന പേരിൽ തന്നെ. ‘ടാറ്റ കുഴിച്ച കുളം’ വാമൊഴിയിലൂടെ ലോപിച്ച് താത്തക്കുളമായി പിന്നീട് അറിയപ്പെട്ടു തുടങ്ങി. എല്ലാം വാമൊഴിയിലൂടെ. കാലം പോകെ അത് പി.ഡബ്ല്യു.ഡി വകുപ്പിന്റെ കീഴിലാക്കി ജലവിതരണം നടത്തിയതോർക്കുന്നു.

അവിടെ നിന്ന് വീണ്ടും മുന്നോട്ടു പോയാൽ…

മഞ്ചക്കൽ

പാറയുടെ മുകളിൽ നിന്ന് നോക്കിയാൽ പുഴയിലും, ചിലപ്പോൾ കരയിലുള്ള പാറയുടെ ചില ഭാഗങ്ങളും വേലിയിറക്കത്തിൽ മഞ്ഞ പായൽ പോലെ കാണപ്പെടും. അതിനെ അന്വർഥമാക്കി ‘മഞ്ഞക്കല്ല്’ എന്നത് ‘മഞ്ചക്കൽ’ ആയതായിരിക്കാം.

വീണ്ടും മുന്നോട്ടു പോയാൽ മുണ്ടോക്ക് പ്രദേശം

മുണ്ടോക്ക് പ്രദേശം 

ഒരു ഭാഗം കുന്നും മറുഭാഗം പുഴയും. അതുപോലെ തന്നെ പുഴയുടെ അങ്ങേക്കരയും. എന്റെ ബോധ്യത്തിൽ തെളിയുന്നത്:  

‘മൂൺ’  ചന്ദ്രൻ – ഡോക്ക് ചെയ്യുന്നത് വളരെ വ്യക്തമായി രണ്ടു ഭാഗങ്ങളിൽ നിന്നും സൂക്ഷ്മം കാണാം. നോമ്പുകാലങ്ങളിൽ ചന്ദ്രനെ നോക്കി ദിവസം കണക്കാക്കി മാസപ്പിറവി കൃത്യമായി നിർണയിക്കാൻ ഈ പ്രദേശത്തുനിന്ന് സാധിച്ചിരിക്കണം.  

അതുപോലെ ഹിന്ദുക്കൾ പല ആചാരങ്ങളും ചന്ദ്രനെ നോക്കിയായിരുന്നു തിട്ടപ്പെടുത്തുന്നത്, പൗർണമിയും അമാവാസിയും.

‘മൂൺ ഡോക്ക്’ ഇത് പിന്നെ ചുരുങ്ങി മുണ്ടോക്കായതാവാം.

മരുന്നറക്കുന്ന് 

ഇപ്പോഴത്തെ ആശുപത്രി സ്ഥിതിചെയ്യുന്ന ഉയർന്ന സ്ഥലം. പ്രദേശം പണ്ടും ആശുപത്രി തന്നെയായിരുന്നു. മരുന്ന് സൂക്ഷിക്കുന്ന സ്ഥലം, മരുന്നറ. ഈ പ്രദേശത്തിന് ‘മരുന്നറക്കുന്ന്’ എന്ന് പറയപ്പെട്ടിരുന്നു.

മരുന്നറക്കുന്നിനെപ്പറ്റി മറ്റൊരു ആധികാരികമായ അറിവ് കൂടി ലഭിച്ചു. അത് കൂടി പങ്കുവെക്കുന്നു. ആദ്യകാലങ്ങളിൽ അവിടെ ഒരു കോട്ടയുണ്ടായിരുന്നുവെന്നും, അവിടെ പടയൊരുക്കത്തിനുള്ള വെടിമരുന്നുകൾ സൂക്ഷിച്ചിരുന്നുവെന്നും, കൂടാതെ ചെറിയ ഒരു ആശുപത്രിയും സ്ഥിതിചെയ്തിരുന്നു. പിൽക്കാലത്ത് ആശുപത്രിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തികൾ നടത്തുമ്പോൾ ഇതിന്റെയൊക്കെ അവശിഷ്ടം ഈ പറയുന്നതിനെ സാധൂകരിക്കും വിധം കണ്ടെത്തി എന്നും പറഞ്ഞു കേൾക്കുന്നു. അതിനായിരിക്കാം കൂടുതൽ ആധികാരികത.

സെമിത്തെരി റോഡ്  

രണ്ട് ശ്മശാനങ്ങളിലേക്ക് പോകുന്ന റോഡ് ആയതുകൊണ്ട് ‘സെമിത്തെരി’ എന്ന ഫ്രഞ്ച് നാമം നൽകിയിരിക്കാം. സെമിത്തെരി – ശ്മശാനം.

മയ്യഴിയിലെ സെമിത്തേരി റോഡിനെ “ഇരുമീസ്” എന്ന് വിളിച്ചിരുന്ന കഥ പോർച്ചുഗീസ് കാലവുമായി ബന്ധപ്പെട്ടതാണ്.

എന്താണ് “ഇരുമീസ്”?

പോർച്ചുഗീസുകാർ മയ്യഴിയിൽ ആധിപത്യം ഉറപ്പിച്ച കാലത്ത്, അവർ സ്ഥലങ്ങൾക്ക് അവരുടെ ഭാഷയിലെ പേരുകൾ ഇട്ടിരുന്നു. “ഇരുമീസ്” എന്നത് പോർച്ചുഗീസ് വാക്കായ “Irmãos” എന്നതിന്റെ നാടൻ ഉച്ചാരണമാണ്.

“Irmãos സഹോദരന്മാർ/Brothers എന്നാണ് അർത്ഥം.

എന്തുകൊണ്ട് സെമിത്തേരി റോഡ് “ഇരുമീസ്” ആയി? എന്ന് എന്റെ ചിന്തയിൽ ഉരുത്തിരിയുന്നത് ചിലപ്പോൾ ഇപ്പോഴത്തെ സെമിത്തേരി റോഡ് ഭാഗത്ത് പോർച്ചുഗീസ് കാലത്ത് ഒരു ക്രിസ്ത്യൻ സന്യാസി മഠം  ഉണ്ടായിരിക്കാം  അവിടെ താമസിച്ചിരുന്ന “ഇരുമാവോസ്” അതായത് സന്യാസി സഹോദരന്മാർ – കാരണമായിരിക്കാം ആ പ്രദേശത്തിന് ആ പേര് വന്നത്.

പോർച്ചുഗീസുകാർ 16 -17 നൂറ്റാണ്ടുകളിൽ മയ്യഴി തീരത്ത് കച്ചവടത്തിനും മതപ്രചാരണത്തിനുമായി എത്തി.

അവർ പള്ളികളും സെമിത്തേരികളും സ്ഥാപിച്ചു എന്ന് കേട്ടിട്ടുണ്ട്

ആധികാരികമായ രേഖകൾ പലതിനും ഇല്ല. ചിലതൊക്കെ പറഞ്ഞറിവ്. കുറേ എന്റെ ബോധ്യത്തിലുള്ള കണ്ടെത്തലും.  

ഒരു കാര്യമറിയാം:

മയ്യഴി. മെയ്യിലുള്ള മിഴി, കണ്ണ്.  

അഴിമുഖത്ത് സിന്ദൂരപ്പൊട്ടു തൊട്ടു കടക്കുന്നത് മുഖം നോക്കിക്കൊണ്ട്.  

ആ മുഖം, അഴിമുഖം. കടലും പുഴയും ചേരുന്ന സ്ഥലം. എല്ലാം ചേരുമ്പോൾ മെയ്യും മിഴിയും. പിൽക്കാലത്ത് മയ്യഴിയായതാവാം. എല്ലാം ഒരു തരം തോന്നൽ, ഇല്ല്യൂഷൻ.  

മയ്യഴിയിലെ സ്ഥലങ്ങളുടെ പിറകെ പോയി ചരിത്രവുമായി ബന്ധപ്പെടുത്തി വിലയിരുത്തുമ്പോൾ പേരുകൾക്ക് പിന്നിലെ കഥ പറയുമ്പോൾ

മയ്യഴിയിൽ ഇന്നും പോസ്റ്റൽ വിലാസമായി ഉപയോഗിക്കുന്ന പട്ടാണിപ്പറമ്പിനും കൂടാരപ്പുര റോഡിനും ചരിത്രവുമായി ബന്ധമുണ്ട്.

16 -17 നൂറ്റാണ്ടുകളിൽ കച്ചവടത്തിനും കുതിര വ്യാപാരത്തിനുമായി മലബാറിലെത്തിയവരാണ് പട്ടാണികളും റാവുത്തർമാരും. പഠാൻ വംശജരെ പട്ടാണികൾ എന്നും, തമിഴ് മുസ്ലീം കുതിരക്കച്ചവടക്കാരെ റാവുത്തർ എന്നും വിളിച്ചു. സാമൂതിരിയുടെ കുതിരപ്പടയ്ക്ക് കുതിരകളെ എത്തിച്ചിരുന്നത് ഇവരാണ്.

മയ്യഴി കടപ്പുറത്ത് പട്ടാണികൾ കൂട്ടമായി താമസിച്ച മായിരിക്കാം പിന്നീട് പട്ടാണിപ്പറമ്പ് ആയത്. സെയ്ന്റ് തെരേസാ മാതാവിന്റെ തിരുനാളിന് എത്തുന്നവർ വഴിയോരത്ത് കൂടാരം കെട്ടി താൽക്കാലിക ചന്ത നടത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. കൂടാരം കെട്ടിയ ആ റോഡിന് കൂടാരപ്പുര റോഡ് എന്ന പേര് വന്നു.

കാലക്രമേണ പട്ടാണികളിൽ പലരും കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലേക്ക് കുടിയേറിയെങ്കിലും അവരുടെ താവഴിക്കാർ ഇന്നും മയ്യഴിയിലുണ്ടാകാം. ഇങ്ങനെയാണ് നാട്ടിലെ ചില സ്ഥലപ്പേരുകൾ ചരിത്രത്തിന്റെ അടയാളങ്ങളായി മാറുന്നത്.

ഇങ്ങനെയൊക്കെ എഴുതിയതിന്റെ പേരിൽ എന്നെ ട്രോളാൻ വരരുത്! എന്റെ ആവിഷ്കാര സ്വാതന്ത്ര്യം ഞാൻ പൂർണമായും എന്നെ ബോധ്യപ്പെടുത്തി, നിങ്ങളുടെ അഭിപ്രായത്തിനായി ഇന്നത്തെ കുറിപ്പ് സമർപ്പിക്കുന്നു.

നിങ്ങളുടെ അറിവ് പങ്കുവച്ചാൽ ഇതൊക്കെ വലിയ അറിവായി നിലനിൽക്കും.

നാട്ടറിവ് അങ്ങനെ പലതും ഉണ്ട്: കയ്യൽ, കുയ്യൽ, പിഞ്ഞാണം, കോപ്പ, ബസി, ഉലക്ക, ഉരൽ, മുറം, കിണ്ടി, കിണ്ണം, ഉരി, നാഴി, ഇടങ്ങഴി, പറ, റാത്തൽ, കോലളവ്, അമ്മി, ആട്ടമ്മി, കുയ്യമ്മി, അങ്ങനെ പോകുന്നു…

ഈ അറിവുകളൊക്കെ ഇതിന്റെയെല്ലാം വിശദമായ വിവരങ്ങൾ ഗൂഗിൾ സെർച്ച് ചെയ്താൽ ലഭിക്കുന്നതാണ്. അതൊക്കെ ഇവിടെ ആവർത്തിച്ച് വിവരിക്കുന്നതിൽ അർഥമില്ല.

പിന്നെ പറഞ്ഞു വരുന്നത്, ഇതൊക്കെ ഇന്നത്തെ സമൂഹത്തിന് അന്യമായിരിക്കുന്നു. ഇനിയൊരു തലമുറയോട് ഇതിനെപ്പറ്റി ചോദിച്ചാൽ അവർ കണ്ണ് മേൽപ്പോട്ടാക്കി നോക്കും.

അരി എവിടെ നിന്ന് ലഭിക്കുന്നു എന്ന് ചോദിച്ചാൽ, ചാപ്പൻ നായരുടെയോ പൈതലന്റെയോ കടയിൽ നിന്ന് കിട്ടുന്നു എന്ന് പറയും.  

അവിടത്തേക്ക് എവിടെ നിന്ന് വരുന്നു എന്ന് ചോദിച്ചാൽ?

‘മാനുഫാക്ചേർഡ് ബൈ സോർട്ടക്സ് കമ്പനി’ എന്ന് വായിച്ച്, ആ കമ്പനിയിൽ നിന്ന് ഉണ്ടാക്കുന്നതാണെന്നേ പറയൂ.

അവർക്ക് അതേ അറിയൂ. അവർ വയൽ കണ്ടിട്ടില്ല. മൂരിയെ വെച്ച് നിലം ഉഴുതുന്നത് കണ്ടിട്ടില്ല. കണ്ടം കൃഷിക്കായി ഒരുക്കുന്നത് കണ്ടിട്ടില്ല. നെല്ല് വിതയ്ക്കുന്നത് കണ്ടിട്ടില്ല. ഞാറു പറിച്ചു നടുന്നത് കണ്ടിട്ടില്ല. നെല്ല് കൊയ്യുന്നതും കണ്ടിട്ടില്ല.  

അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ കാണാൻ വയലുകൾ ഇല്ല.

അപ്പോഴാണ് ഒരു തമാശ ഓർമയിൽ വന്നത്. അധ്യാപകൻ ‘മഹാത്മാ ഗാന്ധി’ ആരെന്നു ചോദിച്ചപ്പോൾ വിദ്യാർഥിയുടെ ഉത്തരം:  

ലോക പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഡേവിഡ് അറ്റൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിലെ നായകൻ എന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനില്ല.

ഒരു യാത്രാ വേളയിൽ ക്രിസ്ത്യൻ പാസ്റ്റർ ക്രിസ്തുമതത്തെപ്പറ്റി വാചാലനായി. രണ്ടു മൂന്നു കന്യാസ്ത്രീകളും ഉണ്ട്.  

പാസ്റ്ററുടെ സംസാരം അവർക്കു തന്നെ പിടിക്കുന്നില്ല. കേൾക്കുന്നവർ എങ്ങനെ എതിർത്തു സംസാരിക്കും എന്ന് കരുതി സഹിക്കുന്നു.  

അപ്പോൾ ഇതെല്ലാം കേട്ട് സഹികെട്ട്, അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന ബൈബിൾ സൊസൈറ്റിയുടെ ബുക്ക് കണ്ട് അയാളോട് ചോദിച്ചു: “ഫാദർ, താങ്കളുടെ കയ്യിലിരിക്കുന്ന ബുക്കും മഹാത്മാഗാന്ധിയുമായി എന്താണ് ബന്ധം?”

അപ്രതീക്ഷിതമായി ഇത്തരം ചോദ്യം കേട്ട, അതുവരെ വാചാലനായ ഫാദർ ബ്രേക്കിട്ടപോലെ നിശ്ശബ്ദനായി.

“താനെന്താ എന്നെ കളിയാക്കുകയാണോ? മഹാത്മാ ഗാന്ധിക്കും ഈ ബുക്കിനും ഒരു ബന്ധവും ഇല്ല!”  

അപ്പോൾ അയാൾ വീണ്ടും: “ഉണ്ട് ഫാദറെ, ഉണ്ട്. നല്ല ബന്ധമുണ്ട്.”

“താനെന്താടോ പറയുന്നത്? ഈ ബുക്കിലെ ഓരോ വാക്കുകളും വരികളും പാരഗ്രാഫുകളും എനിക്ക് മനഃപാഠമാണ്. താൻ എന്നെ കളിയാക്കേണ്ട.”  

പിന്നെ രണ്ടു പേരും കൂടി വാദപ്രതിവാദങ്ങളായി.

ഉണ്ടെന്നായി. ഇല്ലെന്നായി.  

അവസാനം ഉണ്ടില്ലെന്നായി!

എല്ലാവരും ഇവരെയായി ശ്രദ്ധിക്കുന്നത്.

ചോദ്യം ചോദിച്ച ആൾ പറഞ്ഞു, ഞാൻ അല്ല, മഹാത്മാ ഗാന്ധിയെ പരാമർശിച്ച പേജ് എനിക്ക് മനഃപാഠമാണ് എന്ന് പറഞ്ഞ് നമ്പർ പറഞ്ഞുകൊടുത്തു. പാസ്റ്റർ ബുക്ക് തുറന്ന് പേജ് നോക്കി. കറക്ട്! മാത്രമല്ല, കറകറക്ട്!! പിന്നെ പാസ്റ്റർ ബാംഗ്ലൂരിൽ എത്തുന്നത് വരെ വാ തുറന്നിട്ടില്ല.

അത് ഇതായിരുന്നു:  

Books Printed and published by…  

No. 2, Mahatma Gandhi Rd, FM Cariappa Colony, Sivanchetti Gardens, Bengaluru, Karnataka 560001

മയ്യഴിയിലെ തെരുവിലൂടെ ആ കാലങ്ങളിൽ നടക്കുമ്പോൾ, അതിർത്തി കഴിഞ്ഞ് 100 മീറ്റർ ആയാൽ അശോകൻ വക്കീലിന്റെ തറവാട് വീട് കഴിഞ്ഞ് ഇടതുഭാഗത്ത് ഒരു സിമന്റ് കൊണ്ട് കെട്ടിയ സീറ്റ്. വീണ്ടും മുന്നോട്ടു പോയി പുത്തലം ജംഗ്ഷനായാൽ കോൺക്രീറ്റ് ‘ചാടി’, വെള്ളം ശേഖരിച്ചു വെച്ച് ദാഹിക്കുന്നവർക്ക് കുടിക്കാൻ. ഒരു ചെറിയ തുള, ടാപ്പൊന്നും കാണാനില്ല. ആളുകൾ ഉപയോഗിച്ച് കഴിഞ്ഞാൽ ചികരി മറ്റോ ഉപയോഗിച്ച് തുള അടയ്ക്കും.

20 മീറ്റർ ഇടതു മാറി വീണ്ടും ഒരു സീറ്റ്. ആ കാലങ്ങളിൽ ആളുകൾ സുഖമായി സീറ്റിൽ ഇരുന്നു ചാരിൽ ചാരിയിരിക്കും. നമ്മുടെ തലമുറ ആയപ്പോഴേക്കും ചാരിൽ ഇരുന്ന് സീറ്റിൽ കാലുവെക്കുന്ന സ്ഥിതിയായി.

ഇതുപോലുള്ള ഒരു സീറ്റ് താത്തക്കുളത്തു പോകുന്ന വഴിക്കും പള്ളി മൈതാനത്തും ഉണ്ടായതായി ഓർക്കുന്നു. പള്ളിക്ക് മുന്നിലായി ഒരു വെള്ള സംഭരണി ഉണ്ടായിരുന്നു, പുത്തലം റോഡിലുള്ളത് പോലത്തേത്.

പള്ളി മൈതാനിയിൽ നല്ല കുടിവെള്ളം കിട്ടുന്ന ഒരു കിണറും ഉണ്ടായിരുന്നു. നമ്മൾ ‘കഴുത ക്ലബ്ബ്’ നടത്തുന്ന വർഷം വരെ അവിടെ നിന്ന് കച്ചവടക്കാരും വീട്ടുകാരും വെള്ളം എടുക്കുന്നത് കാണാറുണ്ട്. സെമിത്തെരി റോഡിലും ഇതുപോലെ ഒരു കിണർ കണ്ടിരുന്നു. പി.ഡബ്ല്യു.ഡി-യുടെ അറിയിപ്പായി ‘അലക്കരുത്, കുളിക്കരുത്’ എന്ന ബോർഡുണ്ടെങ്കിലും കുളിയും അലക്കും എല്ലാം പതിവ് കാഴ്ച. ഇനി ആരെങ്കിലും ഇത് മുടക്കാൻ വന്നാൽ കുളിക്കുന്നവരും അലക്കുന്നവരും കൂടി വന്ന ആളെ എടുത്തലക്കും. അതുകൊണ്ടായിരിക്കാം ആരും അതിനു മുതിരാതിരുന്നത്.

ആശുപത്രി ജംഗ്ഷനിലും ചൂടിക്കോട്ട ദേശത്തും രണ്ട് അത്താണി കണ്ടതായി ഓർക്കുന്നു, ഭാരം താങ്ങി. ചൂടിക്കോട്ട ഭാഗത്ത് മയ്യഴിയുടെ വിവിധ ഭാഗത്ത് മണ്ണെണ്ണ കത്തിക്കുന്ന മരവിളക്കുകൾ കണ്ടതായി ഓർമയുണ്ട്. ചൂടിക്കോട്ട ദേശത്ത് ഇടയിലും, ആശുപത്രി പോകുന്ന വഴിയിലും, ആശുപത്രി റോഡിലും, പാറക്കലും മൈതാനത്തും നല്ല വെള്ളമുള്ള കിണർ ഉണ്ടായിരുന്നു. ധാരാളം ആളുകൾ ഒത്തുകൂടി അലക്കലും തിരുമ്പലും സൊറപറയലും പരദൂഷണം പറയലും ഒക്കെ ഇവിടെ പതിവായിരിക്കാം.

ചൂടിക്കോട്ട ഭാഗത്തെ കിണറിന് എതിർവശത്തായി രണ്ട് കക്കൂസ്. കുങ്കുവച്ചന്റെ കടയുടെ പിന്നിലായി രണ്ട് കക്കൂസ്. ഇരിമീസിനടുത്തായി രണ്ട് കക്കൂസ്. വെള്ളം സ്റ്റോർ ചെയ്യുന്നതിനുള്ള സൗകര്യത്തോടെ നിർമിച്ചിട്ടുണ്ടായിരുന്നു. പിന്നീടത് സെപ്റ്റിക് ടാങ്കായി മാറി നാട്ടുകാർക്ക് ശല്യമായി, നായ്ക്കളെ കൊണ്ട് ശല്യമായി. നാട്ടുകാർ കൂടി നായ്ക്കളുടെ സുഭിക്ഷ ഭക്ഷണം മുട്ടിച്ചു.

അന്നം മുടക്കികൾക്ക് എതിരെ നായ്ക്കളോ? അവർക്ക് സംഘടന ഒന്നും ഇല്ലല്ലോ സംഘടിപ്പിക്കാൻ. നായ്ക്കൾക്ക് ഭക്ഷണ സൗകര്യം ഒരുക്കിയവർക്ക് ഇത് സഹിച്ചിരിക്കുമോ ആവോ? അവരുടെ പ്രതിഷേധമൊന്നും കണ്ടിട്ടില്ല.

മയ്യഴിയിലെ റോഡിന്റെ വിവിധ ഭാഗങ്ങളിൽ നല്ല ഡ്രെയിനേജ് സിസ്റ്റവും ഉണ്ടായിരുന്നു, മഴവെള്ളം ഒഴുകിപ്പോവാൻ.

ഇത്രയും മയ്യഴി വിശേഷം എഴുതി അവസാനിപ്പിക്കുമ്പോൾ ആദ്യത്തെ എഴുത്തിൽ മുക്കിലെ പീടികയും അവിടത്തെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. അന്ന് പറഞ്ഞ മോരും വെള്ളവും, അത് സൂക്ഷിച്ച രീതിയും ഒക്കെ നടന്ന് തളർന്നവരും, മത്സ്യം കയറ്റിയ കൈവണ്ടി വലിച്ചവരും, ചൂടിക്കെട്ടും ഓലക്കെട്ടും തലച്ചുമടായി കൊണ്ടുപോകുന്നവരൊക്കെ ആ മോരും വെള്ളവും മതിയാവോളം കുടിച്ചിരിക്കും. അത് അവർക്ക് അമൃതിനു തുല്യവും ആയിരിക്കും. ഇപ്പോൾ പശുവില്ല, പാലില്ല. അതുകൊണ്ടു തന്നെ മോരുമില്ല. പഴഞ്ചൊല്ലിൽ പറഞ്ഞത് പോലെ, പശുവും മോരും ഇല്ലെങ്കിലും ഓർത്താൽ മോരിന്റെ പുളി കുടിച്ചവരുടെ നാവിൽ വരും.

എന്റെ കഥയെഴുത്തിന്റെ പേര് നിശ്ചയിച്ചപ്പോൾ പൂഴിയിൽ ഗോപാലേട്ടൻ, അദ്ദേഹത്തിന്റെ അച്ഛനെ ഓർത്തുവെന്നും അച്ഛന്റെ, കേളപ്പേട്ടൻ, ചുവന്ന കടുക്കനിട്ടത് ഓർമ വന്നുവെന്നും. ഉടനെ മംഗലാട്ട് പ്രകാശ് ഓർമിപ്പിച്ചു അവരുടെ അച്ചാച്ചനും ചുവന്ന കടുക്കനിട്ടതിനെപ്പറ്റി. നമ്മുടെ വീട്ടിലും ഉണ്ടായിരുന്നു ചുവന്ന കടുക്കനിട്ടവർ. ഒരു പക്ഷേ പുരുഷന്മാരൊക്കെ ചുവന്ന കടുക്കനായിരിക്കും ധരിക്കുക. ചുവപ്പ് പൗരുഷത്തിന്റെ നിറം, പോരാട്ടത്തിന്റെ നിറം! ഇപ്പോൾ മനുഷ്യൻ പുരോഗമിച്ച് ചൊവ്വാ ദൗത്യ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. അതും ചുവപ്പ് തന്നെ!!

മയ്യഴിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അച്ചുതനും അനന്തനും ചിന്തിയ രക്തമായിരിക്കാം പുഴയിലൂടെ ഒഴുകിക്കൊണ്ടിരിക്കുമ്പോൾ രണ്ട് ഗുൽമോഹർ മരവും വലിച്ചെടുത്ത് കൂടുതൽ ചുവപ്പിച്ചത് എന്ന് ഓർമിച്ചുകൊണ്ട്

ഈ എഴുത്തു ഇവിടെ നിർത്തുന്നു.

മഠത്തിൽ ബാബു ജയപ്രകാശ്………..✍️My Watsap Cell No.  0091 9500716709

4 Comments

  1. Dear Babu Jayaprakash,
    Day by day your writing is getting better in all aspects.
    Your vocabulary is great and appreciable dear.
    May God bless you to write more facts of the past and of course the on going.
    Yours Gopalan Poozhiyil

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thanks Gopalettan 🙂

      Like

  2. പ്രകാശ്.'s avatar പ്രകാശ്. says:

    അതിർത്തി — അതിരും തലക്കൽ,
    സെമിത്തെരി റോഡ് — ഇരിമീസ് റോഡ് -പണ്ട് പറയാറുണ്ടായിരുന്നു അല്ലെ.
    അതിർത്തിക്കു നിന്ന് പടിഞ്ഞാറു ഭാഗത്തേക്ക്‌ പോകുമ്പോൾ വലത് ഭാഗത്ത്‌ ദുനിയാവ് വീട്ടിന്റെ മുൻപിൽ ഒരു സിമന്റ്‌ ബെഞ്ച് ഉണ്ടായിരുന്നു.

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thank You Prakesh🙂 noted your comments will amend later

      Like

Leave a Comment