Reading Time Set 4 Minutes Maximum
ഒരുപക്ഷേ ആരെങ്കിലും എന്നോട് ചോദിച്ചാൽ, എന്തുകൊണ്ട് എന്റെ ബ്ലോഗ് പേജിന് ‘ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുന്നു’ എന്ന് നാമകരണം ചെയ്തു എന്ന്? വേണമെങ്കിൽ എനിക്ക് പറയാം, അത് എന്റെ ഇഷ്ടമാണ്, എന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണ്. അല്ലെങ്കിൽ അങ്ങനെ തോന്നി ഇട്ടു എന്നൊക്കെ.
എന്റെ എഴുത്ത് ഒരു നിമിത്തമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഒരു തുറന്ന എഴുത്തും. ഒന്നും മുൻകൂട്ടി എഴുതി തയ്യാറാക്കിയതല്ല. ഓരോ ഓർമ്മകളും മനസ്സിൽ നിന്ന് എടുത്ത് അതുമായി ബന്ധപ്പെടുത്തി എഴുതാനിരിക്കും. ഓർമ്മകൾ ഓരോന്നായി അറിയാതെ എന്റെ ചൂണ്ടുവിരൽത്തുമ്പിലൂടെ സെൽഫോണിലെ സ്‌ക്രീനിൽ പതിഞ്ഞുതുടങ്ങും. അതാണ് ഇത്രയും ദിവസം നിങ്ങൾ വായിച്ചത്.
എന്റെ ഒരു സുഹൃത്ത്, വിനയൻ മാഹി, നമ്മുടെയൊക്കെ ചെറുപ്രായത്തിൽ വളരെ അടുത്ത് ഇടപഴകിയ ചായക്കടയുടെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത് കാണാനിടയായി. അതിന് എന്റെ മനസ്സിൽ തോന്നിയ ഒരു കമന്റ് എഴുതാൻ തുടങ്ങിയപ്പോൾ, അത് മയ്യഴിയിലെ പ്രധാന പാതകളിൽ സ്ഥിതിചെയ്തിരുന്ന ഓരോ കടകളിലൂടെയും എന്റെ ഓർമ്മകളിൽ തെളിഞ്ഞ് മയ്യഴി മുഴുവൻ കറങ്ങി.
ആ ഓട്ടപ്രദക്ഷിണത്തിൽ സ്പെൻസർ കണ്ണേട്ടന്റെ ചായക്കട മുതൽ ഞാൻ കാണാൻ തുടങ്ങിയ മയ്യഴിയിലെ ഒരുവിധപ്പെട്ട ചെറുതും വലുതുമായ എല്ലാ കടകളും പേരുകളാൽ പരാമർശിച്ചുപോവുകയും, മയ്യഴിയിലെ ചെറുതും വലുതുമായ ചായക്കടകളെയും അവിടത്തെ വിഭവങ്ങളെപ്പറ്റിയും പറഞ്ഞുകൊണ്ടായിരുന്നു എന്റെ ഓർമ്മക്കുറിപ്പുകൾ എഴുതിയത്.
കടകളുടെ വിവരവും അവിടത്തെ പ്രത്യേകതയും വിവരിച്ചെഴുതിയത് വായിച്ച ആളുകളിൽ പലരുടെയും ഗതകാലസ്മരണകൾ ഉണർത്തി എന്ന് അറിയിച്ച് എന്നെ വിളിച്ച് പ്രോത്സാഹനം തരികയും, ഇത്തരം എഴുത്തുകളെയെല്ലാം ഏകോപിപ്പിച്ച് ഒരു പുസ്തകരൂപത്തിലാക്കാനുമൊക്കെ ഉപദേശിച്ചുകൊണ്ടുള്ള ധാരാളം ഫോൺവിളികൾ വന്നു.
പുസ്തകരൂപത്തിലാക്കുന്നതിനെപ്പറ്റി ഒന്നും തീരുമാനിച്ചിട്ടില്ലെങ്കിലും, ഇന്നത്തേക്ക് 190 ഓളം കുറിപ്പുകൾ എന്റെ ഓർമ്മയിൽ നിന്ന് ഇതിനകം പകർത്തി എഴുതിയിട്ടുണ്ട്. അതിൽ മൂന്ന്-നാല് കവിതകളും ഉൾപ്പെടും.
ഇതുവരെ എഴുതിയതിന് അടുക്കും ചിട്ടയും ഇല്ലെന്നല്ല, വായനാസുഖത്തിനുള്ള ഒരു നല്ല എഡിറ്റിംഗ് വേണം. എല്ലാം ചെയ്തുതരാമെന്ന് പലരും വാഗ്ദാനം ചെയ്തിട്ടുണ്ട്.
അങ്ങനെ ചെയ്യുമ്പോൾ ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം, ഏതൊക്കെ പ്രയോഗങ്ങൾ വേണ്ട എന്നുള്ളതൊക്കെ ഈ മേഖലയിലെ ആളുകളോട് അന്വേഷിച്ച് പുസ്തകരൂപത്തിൽ ആക്കണമെന്നാണ് ആഗ്രഹം.
അപ്രകാരം ചെയ്യുകയാണെങ്കിൽ ഒരു അർത്ഥമുള്ള പേര് വേണമെന്ന ചിന്ത മനസ്സിൽ വന്നു. മയ്യഴി എന്ന നാമം എന്തായാലും വേണം. കാരണം ഞാൻ പറയാൻ ശ്രമിച്ചത്, ഇതുവരെ പറഞ്ഞത്, ഇനി പറയേണ്ടതും മയ്യഴിയെപ്പറ്റിയും മയ്യഴിയിലെ കാഴ്ചകളെപ്പറ്റിയും ഒക്കെത്തന്നെയല്ലേ?
മയ്യഴിയെ പശ്ചാത്തലമാക്കിക്കൊണ്ട് മൂന്ന് പുസ്തകങ്ങൾ ഇതിനകം ഞാൻ വായിച്ചു. ഇനിയും മയ്യഴിക്കഥ ആകുമ്പോൾ, മയ്യഴിയുമായി ബന്ധപ്പെട്ട വിഷയങ്ങളാകുമ്പോൾ കൂടെ എന്ത് ചേർക്കും എന്നായി ചിന്ത.
അപ്പോഴാണ് അഴിമുഖത്തിനടുത്തുള്ള തെക്കുപടിഞ്ഞാറേ അരികിലെ പാതാറിൽ ചുവന്നു പൂക്കാറുള്ള ഗുൽമോഹർ മരം ശ്രദ്ധയിൽപ്പെട്ടത്. പിന്നെ മയ്യഴിയുടെ കിഴക്കേ അതിരിലെ ബോട്ട് ഹൗസിന്റെ കരയിലുള്ള മറ്റൊരു ഗുൽമോഹർ മരവും ശ്രദ്ധയിൽ വന്നു.
ഒപ്പം സെയ്ന്റ് തെരേസാ പുണ്യവതിയുടെ വിഗ്രഹം മയ്യഴിയിൽ എത്തിയ കഥ ഞാൻ വായിച്ചറിഞ്ഞത് ഇങ്ങനെ:
ഏതോ രാജ്യത്തേക്ക് സെയ്ന്റ് തെരേസാ പുണ്യവതിയുടെ വിഗ്രഹവുമായി യാത്ര പോകുകയായിരുന്ന ഒരു കപ്പൽ ദിക്കറിയാതെ മയ്യഴിയുടെ തൂക്കിൽ എത്തിയപ്പോൾ എഞ്ചിന്റെ പ്രവർത്തനം നിലയ്ക്കുകയും, അത് നാവികരുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമായി.
ഏറെ പണിപ്പെട്ടിട്ടും എഞ്ചിൻ തടസ്സത്തിന്റെ കാരണം മനസ്സിലാവാത്തതിനാൽ, കപ്പൽ നങ്കൂരമിട്ടതിന്റെ ചുറ്റുവട്ടത്ത് ഏതെങ്കിലും കരയുണ്ടോ എന്നറിയാൻ നാവികർ തീരുമാനിച്ചു. അവരുടെ വഴികാട്ടിയാണ് സെയ്ന്റ് തെരേസാ എന്ന് വിശ്വസിച്ച് ആ വിഗ്രഹം കപ്പലിൽ നിന്ന് അവർ ബോട്ടിലേക്ക് മാറ്റിയതും കപ്പലിന്റെ എഞ്ചിൻ സ്റ്റാർട്ടായി.
ഈ അത്ഭുതം മനസ്സിലാക്കിയ നാവികർ ഒരു തീരുമാനത്തിലെത്തി. അവർ അന്വേഷിക്കുന്ന ആ പുണ്യഭൂമി ഇതിനു ചുറ്റും എവിടെയോ ഉണ്ടാകും. തങ്ങൾ സഞ്ചരിച്ച കപ്പൽ നടുക്കടലിൽ നങ്കൂരമിട്ടുറപ്പിച്ച് കരതേടി വിഗ്രഹവുമായി സഞ്ചരിച്ച നാവികരിൽ ചിലർ അടുത്ത് കാണുന്ന കരയിൽ വിഗ്രഹം പ്രതിഷ്ഠിക്കാമെന്ന ഉദ്ദേശത്തോടെ കരതേടി പുറപ്പെട്ടു.
യാത്രയിൽ ഉടനീളവും പ്രകൃതിഭംഗി ആസ്വദിച്ച് നീങ്ങിയ നാവികർ മയ്യഴിയുടെ അഴിമുഖത്ത് എത്തിയപ്പോൾ കാണുന്ന മായക്കാഴ്ചയിൽ പരിസരം മറന്ന് മുന്നോട്ട് നീങ്ങിയപ്പോൾ, വേലിയേറ്റത്തിന്റെ ശക്തമായ ഒഴുക്കിൽ തങ്ങൾ സഞ്ചരിച്ച ചെറിയ ബോട്ട് അഴിമുഖത്തുനിന്ന് പുഴയിലേക്ക് വലിക്കപ്പെട്ടു. അതായത് കടലിൽ നിന്ന് പുഴയിലേക്ക്.
അവിടെ അവർ കണ്ടത് നല്ലൊരു കോട്ടയും, മനോഹരമായി പൂത്തുനിൽക്കുന്ന ഗുൽമോഹർ മരവും, അഴിമുഖവും, അതിൽ പ്രതിബിംബിച്ചുകൊണ്ട് അസ്തമയസൂര്യന്റെ അഴകും, അതിന്റെ പ്രകാശത്തിൽ ഒഴുകുന്ന പുഴയും.
കൂടുതൽ അറിയാനായി കടൽതാണ്ടി പുഴയിലേക്ക് തിരിഞ്ഞപ്പോൾ അവരെ സ്വാഗതം ചെയ്തുകൊണ്ട് പുഴക്കരയിലുള്ള പാതാറിൽ വലതുഭാഗത്തായി മറ്റൊരു ചുവന്ന ഗുൽമോഹർ മരം അവർ കാണാനിടയായി.
കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ ശാന്തമായ മയ്യഴിപ്പുഴയുടെ അതിരുകൾ നിർണയിക്കുന്ന മഞ്ചക്കൽ പ്രദേശത്ത് എത്തി. അവിടെയും അവർ കണ്ടത് പൂത്തുനിൽക്കുന്ന വേറൊരു ചുവന്ന ഗുൽമോഹർ മരം.
യാത്രാക്ഷീണം തീർക്കാൻ പച്ചപ്പ് നിറഞ്ഞ പ്രകൃതിയുടെ മടിത്തട്ടിൽ കമ്പിളി പുതപ്പിട്ട് അവരെ സ്വീകരിച്ചത് മഞ്ചക്കലിലെ ആ കറുത്ത പാറക്കൂട്ടമാണ്. കണ്ടു മതിമറന്ന നാവികർ അവിടെ വിശ്രമിക്കാൻ ഒരുപക്ഷേ ഇറങ്ങിയിരിക്കണം.
പടിഞ്ഞാറുനിന്ന് വരുന്ന കടൽക്കാറ്റും കിഴക്കൻ തീരത്തുനിന്ന് വരുന്ന കരക്കാറ്റും തമ്മിൽ കൈമാറുന്ന കടൽക്കിസ്സയും കരക്കിസ്സയും, പരസ്പരം സംവദിക്കുന്ന ഭാഷ നാവികർ ശ്രദ്ധിച്ചിരിക്കണം.
ആ കഥകൾ കടലിന്റെ വിഭവങ്ങളെപ്പറ്റിയും കരയിലെ സുഗന്ധവിഭവങ്ങളും നാണ്യവിളകളെപ്പറ്റിയും ഒക്കെയാവാം.
ഇവരുടെ വിശ്രമവേളയിൽ ഒരു പക്ഷേ ഈ നാവികർ കേട്ടുകൊണ്ടിരിക്കുന്ന കഥകളൊക്കെ ഡീ-കോഡ് ചെയ്ത് ശ്രദ്ധിച്ചിരിക്കണം. കഥകളൊക്കെ ശ്രദ്ധിച്ച നാവികർ അവർ തേടിക്കൊണ്ടിരിക്കുന്ന സ്ഥലം ഇതുതന്നെ എന്ന് തീരുമാനിച്ച്, അവർക്ക് ചേക്കേറാനുള്ള പ്രകൃതിസുന്ദരമായ ഈ സ്ഥലം അവർ തിരഞ്ഞെടുത്തതിന്റെ കാരണം രണ്ടറ്റത്തുമുള്ള ചുവന്ന ഗുൽമോഹറിന്റെ ഭംഗി തന്നെയായിരിക്കാം.
ചുറ്റും പച്ചപ്പും, ദൂരെ രണ്ട് കുന്നുകളും, നടുവിലൂടെ ഇളംനീലയും പച്ചയും പട്ടുടുത്ത നദിയും, അഴിമുഖത്തടിക്കുന്ന തിരയുടെ ശക്തിയിൽ രൂപപ്പെടുന്ന വെള്ളിനൂൽ കൊണ്ടുള്ള എംബ്രോയ്ഡറി തുന്നിച്ചേർത്ത ബോർഡറും, തിരയുടെ ശബ്ദം ചിലങ്കയുടെതായും നാവികർ സങ്കൽപ്പിച്ചപ്പോൾ പൂത്ത ഗുൽമോഹർ മരം ചുവന്ന 24 കാരറ്റ് റൂബിയിട്ട കടുക്കനായി അവർ ഒരു പക്ഷേ സങ്കൽപ്പിച്ചു കാണും.
ഇരുഭാഗത്തുനിന്നും കേട്ട കഥകൾ അവരെ ആകർഷിച്ചിട്ടുണ്ടാവണം. ചോരയ്ക്ക് നിറം ചുവപ്പ്. അവർ മയ്യഴിയിൽ കണ്ട അസ്തമയസൂര്യന്റെയും നിറം ചുവപ്പ്.
മയ്യഴി സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പോലീസുകാരുടെ വെടിയേറ്റ് വീരചരമം പ്രാപിച്ച അച്യുതന്റെയും അനന്തന്റെയും ശരീരത്തിൽ നിന്ന് ഒഴുകിയ നിണം കലർന്ന് ചുവന്ന മയ്യഴിപ്പുഴയിലെ വെള്ളം വലിച്ചെടുത്ത് വളർന്ന ഗുൽമോഹറിനും കടും ചുവപ്പ് നിറം.
അങ്ങകലെ ചക്രവാളത്തിൽ അസ്തമയസൂര്യന്റെ ചുവന്ന പൊട്ട് തെളിഞ്ഞുവന്നപ്പോൾ മയ്യഴിയമ്മയുടെ നെറ്റിയിലെ കുങ്കുമപ്പൊട്ടായി ഞാൻ അസ്തമയ സൂര്യനെ സങ്കൽപ്പിച്ചു.
പടിഞ്ഞാറ് മയ്യഴിയുടെ അഴിമുഖവും, അതിന്റെ ഒരു ഭാഗത്ത് ചുവന്ന ഗുൽമോഹർ ഒരു കടുക്കനായി, ഇങ്ങ് കിഴക്കൻ മുഖത്ത് അരികിലായി മറ്റൊരു ചുവന്ന ഗുൽമോഹർ മറ്റൊരു കടുക്കനായും സങ്കൽപ്പിച്ചു.
ഗുൽമോഹറിന്റെ അർത്ഥം തിരഞ്ഞപ്പോൾ മനസ്സിലായത് ‘ഓർണമെന്റൽ ട്രീ’ എന്നാണ്. പിന്നെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.
ചുവപ്പിനെ റൂബിയായി സങ്കൽപ്പിച്ച്, രണ്ട് മുഖത്തിന്റെയും സൈഡിലായുള്ള ചുവന്ന ഗുൽമോഹറിനെ കർണ്ണമായും സങ്കൽപ്പിച്ച്, ഞാൻ ആ പേര് തന്നെ നാമകരണം ചെയ്തു.
‘കഥ പറയുമ്പോൾ’ എന്ന സിനിമയിൽ അശോകനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി വികാരഭരിതനായി വിവരിക്കുന്നുണ്ട്, കൂട്ടുകാരൻ ബാലൻ ഊരി നൽകിയ കാതിലെ ചുവന്ന കടുക്കനെപ്പറ്റി. ആ ചുവന്ന കടുക്കൻ അശോകന്റെ ജീവിതത്തെ മാറ്റിമറിച്ച കഥ. കടുക്കൻ നൽകി അപ്രത്യക്ഷനായ സുഹൃത്തിന്റെ കഥ. ആ സുഹൃത്തിനെ തേടി അലഞ്ഞ കഥ. ഒടുവിൽ ഒരു നിമിത്തം പോലെ സുഹൃത്ത് ബാലനെ കണ്ടുമുട്ടുന്ന കഥ.
എന്റെ കഥയെഴുത്തും ഒരു നിമിത്തമായിരുന്നു.
അതൊക്കെ ഓർത്ത് ഞാനും തീരുമാനിച്ചു എന്റെ മുന്നോട്ടുള്ള പ്രയാണത്തിന്, എഴുത്തിന് ‘ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുന്നു’ എന്ന് നൽകാമെന്നത് എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന്.
ഞാനും കഥയാണല്ലോ പറയുന്നത്. മയ്യഴിക്കാരുടെ കഥ, മയ്യഴിയിൽ നിന്ന് നേടിയവരുടെ കഥ, മയ്യഴിയിൽ നിന്ന് വേറിട്ടവരുടെ കഥ, മയ്യഴിയിലെ കാണാക്കാഴ്ചകളുടെ കഥ, മയ്യഴിയിൽ ജനിച്ചവരെ പരിഹസിച്ച കഥ, മയ്യഴിയിൽ മണ്മറഞ്ഞ മഹാന്മാരുടെ കഥ, മയ്യഴിക്ക് സ്വാതന്ത്ര്യം നേടിത്തന്നവരുടെ കഥ, സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി സ്വാതന്ത്ര്യം നേടിത്തന്നവരെ മയ്യഴി മറന്ന കഥ, പോലീസുകാരുടെ കഥ, കായികതാരങ്ങളുടെ കഥ, കടലോര മക്കളുടെ കഥ, മയ്യഴിയിലെ കോഓപ്പറേറ്റീവ് പ്രസ്ഥാനങ്ങളുടെ കഥ, മയ്യഴിയിലെ ചില സമുദായങ്ങളുടെ കഥ, മയ്യഴിയിലെ ആരാധനാലയങ്ങളുടെ കഥ, മയ്യഴിയിലെ വിവിധ പ്രദേശങ്ങൾക്ക് പ്രാദേശികമായി ലഭിച്ച പേരുകൾ എങ്ങനെയെന്നുള്ള കഥ.
കൂട്ടത്തിൽ അക്കാലങ്ങളിൽ മയ്യഴിയിൽ ചുവന്ന കടുക്കനിട്ട് നടന്ന പലരും ഈ കഥയിലെ ഭാഗമാവുന്നുണ്ട്.
അങ്ങനെ കഥകൾ ഏറെയുണ്ട് പറയാൻ. ഒട്ടേറെ കഥകൾ ഇനിയും എഴുതാനുണ്ട് ബാക്കി.
ഇതിനകം 199 ഓളം താളുകളിലൂടെ പല കഥകളും കാണാക്കാഴ്ചകളും ഞാൻ എന്റെ ഒറ്റ വിരൽത്തുമ്പിലൂടെ നിങ്ങളുടെ മുൻപിൽ എത്തിച്ചു.
ഇതുവരെ നല്ല പ്രോത്സാഹനം തന്നെ. എന്നെ വായിക്കുന്നവരിൽ നിന്ന്, എന്നെ ഇതുവരെ കണ്ടിട്ടില്ലാത്തവരിൽ നിന്ന്.
ഇനിയും ഏറെ മയ്യഴിക്കഥകൾ എഴുതാനുണ്ട്. അതിന് എനിക്ക് ആവുമോ? എഴുതുന്നതിന്റെ മാറ്റ് ആരു വിലയിരുത്തും?
എല്ലാം എന്നെ വായിക്കുന്നവരുടെ മുൻപിലേക്ക് ഞാൻ സമർപ്പിക്കുന്നു.
ആ ചുവന്ന കടുക്കന്റെ മാറ്റ് തീരുമാനിക്കേണ്ടത് ഇനി എന്നെ വായിക്കുന്നവരാണ്.
babucoins33.wordpress.com
എന്റെ പേജിന്റെ പേര്: ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുന്നു
ഇതുവരെ എന്നെ വായിച്ചവരോട്, എനിക്ക് സമയാസമയങ്ങളിൽ പ്രോത്സാഹനം തന്നവരോട്, എന്റെ എഴുത്തിന്റെ ഗതിനിർണയത്തിനുള്ള മാർഗനിർദ്ദേശം നൽകിയവരോട് “നന്ദി, നന്ദി, നന്ദി”.
എഴുതാനുള്ള പ്രചോദനം ഒരു ഫോട്ടോയിലൂടെ എന്റെ മനസ്സിൽ എത്തിച്ചതിന് വിനയനോട്.
അടിയേരി ജയരാജിനോട്. അദ്ദേഹമാണ് എന്നെ എഴുതാൻ നിർബന്ധിച്ചത്. എന്റെ എല്ലാ എഴുത്തുകളും ഒന്നൊഴിയാതെ വായിച്ച് അഭിപ്രായമെഴുതുന്ന പൂഴിയിൽ ഗോപാലേട്ടനോട്.
ഇതിനു മുമ്പ് എന്നെ എഴുതാൻ പ്രേരിപ്പിച്ച ഫോട്ടോ പങ്കുവെച്ച ജോർജ് ഫെർണാണ്ടസിനോടും നന്ദി.
സ്നേഹപൂർവ്വം എന്നെ മനസ്സിലാക്കി മുൻവിധികൾ ഇല്ലാതെ എന്നെ വായിക്കുന്നവരുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു.
കൊണ്ടുപോകാൻ ഒന്നുമില്ലാത്ത ഈ ലോകത്ത് കൊടുത്തുപോകാം സ്നേഹവും സൗഹൃദവും.
നേടിയെടുക്കുന്നത് മാത്രമല്ല, ചിലപ്പോഴൊക്കെ വിട്ടുകൊടുക്കുന്നതും വിജയമാണ്.
മഠത്തിൽ ബാബു ജയപ്രകാശ് ……..✍️ My Watsapp Contact No 9500716709




Hi Babu JP, reading your blog brings back fond memories of the period I spent in Mahe during my childhood.Enjoyed reading your posts. Keep writing. Best wishes.
LikeLiked by 1 person
Thank You Sunil It’s very pleasure to hear that still my name in your memory and very pleasure to know that you are following my articles. Keep forward your comments and suggestions so that I can look into that area also 🙂
LikeLike
Very nice writing. I remember the names of the places while reading your article which I was trying to recollect some days back.
LikeLike
Thanks 🙂
LikeLike
വയിച്ചു സമയം പൊകുന്നതു അറിയുന്നില്ല. വളരെ നന്നായിട്ടുണ്ട് .
LikeLiked by 1 person
Good Morning
Thanks for your appreciation.
Landed in Mahe,🙂
Hope you are OK now.
LikeLike