Time Taken To Read 4 Minutes
കാശി ആയാലും രാമേശ്വരം ആയാലും തിരുനെല്ലി ആയാലും… നമ്മൾ ബലിയിടാൻ പോകുന്നത് ഒരുകാര്യം കൊണ്ട് മാത്രമല്ല.
ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ നമ്മൾ ഉണ്ടാക്കിയ ചില കടങ്ങൾ തീർക്കാനാണ്.
അതാണ് സനാതന ധർമ്മത്തിന്റെ അടിസ്ഥാനം.
വേദം പറയുന്നു, ഒരു മനുഷ്യൻ ജനിക്കുമ്പോൾ തന്നെ കടവുമായാണ് ജനിക്കുന്നത്.
നമ്മുടെ സനാതന ധർമ്മത്തിൽ ഋണങ്ങളെ പ്രധാനമായി 5 ആയി തിരിച്ചിരിക്കുന്നു പഞ്ച ഋണങ്ങൾ.
1. ദേവ ഋണം: ദൈവത്തോടുള്ള കടം – നമ്മെ കാക്കുന്ന ദൈവങ്ങളോട്
2. ഋഷി ഋണം: ഋഷിമാരോടും ഗുരുക്കളോടുമുള്ള കടം – അറിവ് തന്നവരോട്
3. പിതൃ ഋണം: മാതാപിതാക്കളോടും പൂർവ്വികരോടുമുള്ള കടം
4. മനുഷ്യ ഋണം / നൃ ഋണം: മറ്റു മനുഷ്യരോടുള്ള കടം – സമൂഹത്തോട്
5. ഭൂത ഋണം: പഞ്ചഭൂതങ്ങളോടുള്ള കടം.
ഈ ശരീരം നമ്മൾ ഉണ്ടാക്കിയതല്ല. അത് മാതാപിതാക്കൾ തന്നതാണ്. അവർക്ക് അത് അവരുടെ മാതാപിതാക്കൾ കൊടുത്തു. അങ്ങനെ ഒരു നീണ്ട ശൃംഖലയാണ് നമ്മൾ. ആ ശൃംഖലയിലെ ഒരു കണ്ണി പൊട്ടാതിരിക്കാൻ, ആ കടം ഓർക്കാനാണ് ബലി.
ബലിയിടുന്നത് മരിച്ചവർക്ക് ഭക്ഷണം കൊടുക്കാനല്ല, “ഞാൻ നിങ്ങളെ മറന്നിട്ടില്ല” എന്ന് പറയാനാണ്.
മറ്റൊന്ന് വെറുതെ പുരാണത്തിൽ പറയുന്നതുപോലെ ആത്മാവിന് വെളിച്ചം കാണിക്കാൻ
ഗരുഡപുരാണം അനുസരിച്ച് മരണശേഷം ആത്മാവ് ഉടനെ അടുത്ത ജന്മത്തിലേക്ക് പോകില്ല. അത് ഒരു യാത്രയിൽ ആയിരിക്കും. ആ യാത്രയ്ക്കിടയിൽ വിശപ്പും ദാഹവും ഏകാന്തതയും ആത്മാവിനുണ്ട്.
നമ്മൾ പിതൃക്കൾക്ക് വേണ്ടി എള്ളും വെള്ളവും കൈയിൽ നൽകുമ്പോൾ, അത് ആ ആത്മാവിന് ആ യാത്രയിൽ ഒരു കൈത്താങ്ങാകും എന്നാണ് വിശ്വാസം. എള്ള് സൂചിപ്പിക്കുന്നത് സൂക്ഷ്മതയെയും, വെള്ളം സൂചിപ്പിക്കുന്നത് ശുദ്ധിയെയും തൃപ്തിയെയും ആണ്.
അതുകൊണ്ടാണ് കാശിയിൽ ഗംഗയിലും, രാമേശ്വരത്ത് സമുദ്രത്തിലും, തിരുനെല്ലിയിൽ പാപനാശിനിയിലും തിരുനാവായയിൽ നിളാ നദിക്കരയിലും ബലിയിടുന്നത്. ഒഴുകുന്ന വെള്ളം ആത്മാവിനെ മുന്നോട്ട് കൊണ്ടുപോകും എന്നാണ് സങ്കല്പം.
മറ്റൊരു കടം ജീവിതം കൊണ്ട് നാം നമുക്ക് തന്നെ വരുത്തിവെച്ച കടം
ഇതാണ് ഏറ്റവും വലിയ കടം.
അച്ഛൻ മരിച്ചപ്പോൾ ഒന്ന് നന്നായി നോക്കാൻ പറ്റിയില്ലല്ലോ, അമ്മയോട് ഒന്ന് ക്ഷമ ചോദിക്കാൻ പറ്റിയില്ലല്ലോ എന്ന കുറ്റബോധം മാതാപിതാക്കളെ സ്നേഹിച്ച പല മക്കളുടെ മനസ്സിലും ഉണ്ടാകും.
ബലി എന്ന കർമ്മം ആ കുറ്റബോധത്തിൽ നിന്നുള്ള മോചനമാണ്. പാപനാശിനിയിൽ മുങ്ങി, മന്ത്രം ചൊല്ലി, എള്ള് ഇടുമ്പോൾ മനുഷ്യൻ തന്റെ ഉള്ളിൽ പറയുകയാണ് “എനിക്ക് നിങ്ങളോടുള്ള കടം ഞാൻ ഓർക്കുന്നു, എന്റെ മക്കളിലൂടെ നിങ്ങൾ ജീവിക്കും”
അതുകൊണ്ടാണ് രാമേശ്വരം കാശി തിരുനാവായ തിരുനെല്ലി പോലുള്ള തീർത്ഥാടന ക്ഷേത്രങ്ങളിൽ ബലിയിട്ട് കഴിഞ്ഞാൽ ആളുകൾക്ക് ഒരു ഭാരം ഇറങ്ങിയത് പോലെ തോന്നുന്നത്. പിതൃക്കൾക്ക് ശാന്തി കിട്ടുമ്പോഴല്ല, നമ്മുടെ മനസ്സിന് ശാന്തി കിട്ടുമ്പോഴാണ് ബലി പൂർണ്ണമാകുന്നത്.
ചുരുക്കത്തിൽ:
കാശിയും രാമേശ്വരവും തിരുനെല്ലിയും തിരുനാവായയും വെറും സ്ഥലങ്ങളല്ല. മനുഷ്യൻ തന്റെ വേരുകൾ മറക്കാതിരിക്കാൻ സനാതന ധർമ്മം ഉണ്ടാക്കിയ നാലു കണ്ണാടികളാണ്.
ഒന്ന് ഉത്തരേന്ത്യയിൽ, ഒന്ന് ദക്ഷിണേന്ത്യയുടെ അറ്റത്ത്, ഒന്ന് കേരളത്തിന്റെ മലമുകളിൽ മറ്റൊന്ന് ഭാരതപ്പുഴയുടെ തീരത്ത് എവിടെ പോയാലും ഓർമ്മപ്പെടുത്തൽ ഒന്നു തന്നെ നീ ഒറ്റയ്ക്കല്ല, നീ ഒരു വലിയ പരമ്പരയുടെ തുടർച്ചയാണ്.
തിരുനെല്ലിയിൽ ബലി തർപ്പണത്തിന് മുന്നേ എടുക്കുന്നതിനെ സങ്കല്പം / പ്രതിജ്ഞ എന്നാണ് പറയുന്നത്. ചിലർ അത് “പ്രജ്ഞ” എന്നും പറയും. അതാണ് ബലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം.
പൂജാരി നിങ്ങളെ കൊണ്ട് ചൊല്ലിക്കുന്ന ആ വാചകം വെറും മന്ത്രമല്ല, ഒരു ഉറപ്പ് കൊടുക്കലാണ്.
തിരുനെല്ലിയിലെ സങ്കല്പം ഇങ്ങനെയാണ്:
ബലിക്ക് മുന്നേ പാപനാശിനിക്ക് അരികിൽ, കൈയിൽ പവിത്രം (ദർഭ കൊണ്ടുള്ള മോതിരം) ഇട്ട്, എള്ളും പൂവും വെള്ളവും കൈയിൽ വെച്ച് പൂജാരി ഇങ്ങനെ ചൊല്ലിക്കും:
“മമോപാത്ത സമസ്ത ദുരിതക്ഷയ ദ്വാരാ, ശ്രീ പരമേശ്വര പ്രീത്യർത്ഥം, അസ്മത് പിതൃണാം ആത്മനഃ ശാശ്വത വിഷ്ണുലോക പ്രാപ്ത്യർത്ഥം, തിരുനെല്ലി പുണ്യക്ഷേത്രേ പാപനാശിനി തീർത്ഥേ, ഞാൻ ഈ ബലികർമ്മം ചെയ്യുന്നു”
ഈ മന്ത്രം തന്നെ കുറച്ചുകൂടി വിശദമായി, ബലിയിടാൻ വന്ന എല്ലാവരെയും തിരുനടയ്ക്കൽ ഒരുമിച്ച് നിർത്തി ചൊല്ലിക്കൊടുക്കും. അത് കഴിഞ്ഞിട്ടാണ് ബലിയിടുന്ന സ്ഥലത്തേക്ക് പോകുന്നത്.”
ഇതിന്റെ സാധാരണ അർത്ഥം ഇതാണ്:
എന്തിന് ചെയ്യുന്നു?
“എന്റെ പാപങ്ങൾ തീരാനും, എന്റെ പിതൃക്കൾക്ക് വിഷ്ണുലോകം കിട്ടാനും വേണ്ടി”
എവിടെ വെച്ച് ചെയ്യുന്നു?
“തിരുനെല്ലി എന്ന പുണ്യക്ഷേത്രത്തിൽ, പാപനാശിനി തീർത്ഥത്തിൽ വെച്ച്”
ആർക്ക് വേണ്ടി ചെയ്യുന്നു?
അപ്പോൾ പൂജാരി ചോദിക്കും – “ഗോത്രം പറയൂ, പിതൃക്കളുടെ പേര് പറയൂ”. ബലിയിടുന്ന ആൾ അറിയുന്ന 3 തലമുറയുടെ പേര് – അച്ഛൻ, അപ്പൂപ്പൻ, മുത്തച്ഛൻ. അവരുടെ പേര് ചേർത്താണ് സങ്കല്പം പൂർത്തിയാകുന്നത്.
എന്തുകൊണ്ട് ഈ പ്രതിജ്ഞ പ്രധാനമാണ്?
സനാതന വിശ്വാസത്തിൽ ഒരു കർമ്മത്തിന് ഫലം കിട്ടണമെങ്കിൽ മനസ്സ് അവിടെ ഉണ്ടാകണം. വെറുതെ എള്ള് ഇട്ടാൽ പോരാ.
ഈ സങ്കല്പം എടുക്കുമ്പോൾ ബലിയിടുന്ന ആൾ 3 കാര്യം മനസ്സിൽ ഉറപ്പിക്കുന്നു:
അഹം – ഞാൻ ആരാണ്, എന്റെ ഗോത്രം എന്താണ്
സ്ഥലം – ഞാൻ ഇപ്പോൾ നിൽക്കുന്നത് സാക്ഷാൽ ശിവന്റെ പാദമായ പാപനാശിനിയിലാണ്
ലക്ഷ്യം – ഞാൻ ഇത് ചെയ്യുന്നത് എന്റെ പിതൃക്കളുടെ മോക്ഷത്തിന് വേണ്ടിയാണ്
ഈ മൂന്നും മനസ്സിൽ ഉറപ്പിച്ച ശേഷം ചെയ്യുന്ന ബലിക്ക് മാത്രമേ പൂർണ്ണ ഫലമുള്ളൂ എന്നാണ് വിശ്വാസം.
അതുകൊണ്ടാണ് തിരുനെല്ലിയിൽ പൂജാരിമാർ സങ്കല്പത്തിന് ഇത്ര സമയം എടുക്കുന്നത്. കാശിയിലും രാമേശ്വരത്തും ഇതേ സങ്കല്പം തന്നെയാണ്, സ്ഥലത്തിന്റെ പേര് മാത്രം മാറും.
“ബലിക്ക് മുൻപേയുള്ള ആ സങ്കല്പമാണ് ആ കർമ്മത്തിന്റെ ആത്മാവ്.
സനാതന വിശ്വാസത്തിൽ മരണം അവസാനമല്ല, ഒരു വാതിൽ മാത്രമാണ്. ആ വാതിലിനപ്പുറം എന്ത് സംഭവിക്കും എന്ന് ഏറ്റവും വ്യക്തമായി പറയുന്നത് ഗരുഡപുരാണത്തിലാണ്.
അത് ഭയപ്പെടുത്താനല്ല, മനസ്സിലാക്കാനാണ് പറയുന്നത്.
ആദ്യത്തെ 13 ദിവസം – ആത്മാവ് വീടിന് ചുറ്റും തന്നെയുണ്ട് മരിച്ച ഉടനെ ആത്മാവ് പോകില്ല.
ശരീരം ഇല്ലാതായത് ആത്മാവിന് മനസ്സിലാകില്ല. അത് വീട്ടിൽ തന്നെ ചുറ്റി നടക്കും. തന്നെ വിളിക്കുന്നത് കേൾക്കും, പക്ഷേ ആർക്കും കേൾക്കില്ല.
അതുകൊണ്ടാണ് 13 ദിവസം ദീപം വെക്കുന്നതും, പിണ്ഡം വെക്കുന്നതും. ആത്മാവിന് “നീ പോകേണ്ട സമയമായി, ഞങ്ങൾ ഇവിടെയുണ്ട്” എന്ന് പറഞ്ഞു കൊടുക്കാനാണ്.
പിന്നീടുള്ള യാത്ര – വൈതരണി മുതൽ പിതൃലോകം വരെ
13-ാം നാളത്തെ ബലിയോടെ ആത്മാവ് യാത്ര തുടങ്ങും. ഈ യാത്രയ്ക്ക് ഒരു വർഷം എടുക്കും എന്നാണ് പറയുന്നത്.
വഴിയിൽ വൈതരണി നദി കടക്കണം. ജീവിച്ചിരിക്കുമ്പോൾ ചെയ്ത നന്മയാണ് ആ നദി കടക്കാനുള്ള തോണി. അതുകൊണ്ടാണ് ജീവിച്ചിരിക്കുമ്പോൾ ദാനം ചെയ്യണം സൽകർമ്മങ്ങൾ ചെയ്യണമെന്ന് പറയുന്നത്.
ഒരു വർഷത്തെ യാത്രയ്ക്ക് ശേഷം ആത്മാവ് പിതൃലോകത്ത് എത്തും. അവിടെ നമ്മുടെ മുൻ തലമുറകൾ ഉണ്ടാകും.
പിന്നെ മൂന്ന് വഴി – അതാണ് നമ്മുടെ ജീവിതം തീരുമാനിക്കുന്നത് പിതൃലോകത്ത് നിന്ന് അവനവൻ ചെയ്ത കർമ്മം അനുസരിച്ച്.
ആത്മാവിന് മൂന്ന് വഴിയുണ്ട് എന്ന് വിശ്വസിക്കുന്നു.
പുനർജന്മം: ആഗ്രഹങ്ങൾ ബാക്കിയുണ്ടെങ്കിൽ, ഇനിയും ചെയ്തു തീർക്കാൻ ഉണ്ടെങ്കിൽ, ആത്മാവ് വീണ്ടും ജനിക്കും. ഒരു കുട്ടിയായി.
പിതൃലോകത്ത് തുടരുക: നല്ല കർമ്മം ചെയ്തവർ പിതൃലോകത്ത് സുഖമായി ഇരിക്കും. നമ്മൾ തിരുനെല്ലിയിലും രാമേശ്വരത്തും ബലിയിടുമ്പോൾ ഈ ആത്മാക്കൾക്കാണ് തൃപ്തി കിട്ടുന്നത്. അവർ നമ്മളെ അനുഗ്രഹിക്കും.
പുനർജന്മത്തിൽ നിന്ന് രക്ഷ നേടുവാനായി ശ്രീ പൂന്താനം ഞാനപ്പാനയിൽ ഇങ്ങനെ പറയുന്നു ഈ ജനന – മരണ ചക്രത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയേ ഉള്ളൂ ഭഗവാൻ കൃഷ്ണന്റെ നാമം.
“കൃഷ്ണാ! കൃഷ്ണാ! മുകുന്ദാ! ജനാർദ്ദനാ!കൃഷ്ണാ! ഗോവിന്ദ! നാരായണാ! ഹരേ!അച്യുതാനന്ദ! ഗോവിന്ദ! മാധവാ!സച്ചിദാനന്ദ! നാരായണാ! ഹരേ!”
ഈ നാമം ജപിച്ചാൽ പുനർജന്മം ഉണ്ടാകില്ല, മോക്ഷം കിട്ടും എന്നാണ് പൂന്താനത്തിന്റെ ഉറപ്പ്.
ചുരുക്കത്തിൽ നമ്മുടെ ആ ശൃംഖല തുടർന്നുകൊണ്ടേയിരിക്കും – അച്ഛൻ, മകൻ, മകന്റെ മകൻ – ഇതാണ് പുനർജന്മത്തിന്റെ ശൃംഖല.
ആ ശൃംഖല പൊട്ടിക്കാൻ, അതായത് മോചനം നേടാനാണ് പൂന്താനം കൃഷ്ണനെ വിളിക്കുന്നത്. ബലി ചെയ്യുന്നത് ആ ശൃംഖലയെ ഓർക്കാനും, ആ ശൃംഖലയിലെ മുൻകണ്ണികൾക്ക് മോക്ഷം കൊടുത്ത് അവരെ ആ ചക്രത്തിൽ നിന്ന് മോചിപ്പിക്കാനും കൂടിയാണ്.
മോക്ഷം / വിഷ്ണുലോകം: ഇനി ഒന്നും വേണ്ട, എല്ലാ ആഗ്രഹങ്ങളും തീർന്നു എന്ന് ആത്മാവ് തിരിച്ചറിഞ്ഞാൽ, അത് ജനന മരണ ചക്രത്തിൽ നിന്ന് മോചിതമാകും. അതാണ് മോക്ഷം. അതിനാണ് നമ്മൾ പാപനാശിനിയിൽ “വിഷ്ണുലോക പ്രാപ്തി” എന്ന് പ്രാർത്ഥിക്കുന്നത്.
അതുകൊണ്ടാണ് നമ്മൾ ബലിയിടുന്നത്
മരിച്ചവർക്ക് വേണ്ടിയല്ല, ജീവിച്ചിരിക്കുന്ന നമുക്ക് വേണ്ടിയാണ് ഈ കഥകൾ പറയുന്നത്.
മരണശേഷം എന്ത് സംഭവിക്കും എന്നറിയുമ്പോൾ, ജീവിച്ചിരിക്കുമ്പോൾ എങ്ങനെ ജീവിക്കണം എന്ന് മനുഷ്യന് മനസ്സിലാകും.
നന്മ ചെയ്യാൻ, ദാനം ചെയ്യാൻ, ആരെയും വേദനിപ്പിക്കാതിരിക്കാൻ – ഈ ഓർമ്മപ്പെടുത്തലാണ് ഗരുഡപുരാണവും പിതൃബലിയും.
“മരണം ശരീരത്തിനാണ്, യാത്ര ആത്മാവിനാണ്. ആ യാത്രയ്ക്ക് വെളിച്ചം കാണിക്കുന്നതാണ് മക്കൾ ചെയ്യുന്ന ബലി.”
സനാതന വിശ്വാസപ്രകാരം പരേതാത്മാക്കൾ എന്നും ഭൂമിയിൽ ഇല്ല. അവർക്ക് ഭൂമിയിലേക്ക് വരാൻ അനുവാദമുള്ള, വാതിൽ തുറന്നു കിടക്കുന്ന മാസങ്ങളുണ്ട്. അത് തമാശയ്ക്ക് പറയുന്നതല്ല, നമ്മുടെ കലണ്ടറിൽ തന്നെ അടയാളപ്പെടുത്തിയ സമയമാണ്.
ഏറ്റവും പ്രധാനം – കർക്കിടകം / പുരട്ടാസി മാസം – പിതൃപക്ഷം
ഇതാണ് പരേതാത്മാക്കളുടെ മാസം.
മലയാളത്തിൽ കർക്കിടകം, തമിഴിൽ പുരട്ടാസി, ഹിന്ദിയിൽ ഭാദ്രപദ മാസം. സാധാരണ സെപ്റ്റംബർ – ഒക്ടോബർ മാസത്തിൽ വരും.
15 ദിവസം നീളുന്ന പിതൃപക്ഷം / മഹാലയ പക്ഷം ഈ മാസത്തിലാണ്. ഈ 15 ദിവസവും പിതൃലോകത്തിന്റെ വാതിൽ തുറന്നു കിടക്കും. പിതൃക്കൾ മക്കളുടെ വീടിന്റെ ഉമ്മറത്ത് വന്ന് നിൽക്കും എന്നാണ് വിശ്വാസം.
അതുകൊണ്ടാണ് തിരുനെല്ലിയിലും തിരുനാവായയിലും കാശിയിലും രാമേശ്വരത്തും കർക്കിടക വാവ് ബലിക്ക് ഇത്ര തിരക്ക്. വാവ് ദിവസം (അമാവാസി) ആണ് അവർ മടങ്ങി പോകുന്നത്.
രണ്ടാമത്തേത് – തുലാം മാസത്തിലെ ദീപാവലി കഴിഞ്ഞുള്ള ദിവസങ്ങൾ
ദീപാവലിയുടെ തലേന്ന് – നരക ചതുർദശി, ദീപാവലി കഴിഞ്ഞുള്ള ബലിപ്രതിപദ. ഈ സമയത്ത് യമധർമ്മൻ പരേതാത്മാക്കൾക്ക് ഭൂമി സന്ദർശിക്കാൻ ഇളവ് കൊടുക്കും എന്ന് ഗരുഡപുരാണം പറയുന്നു.
അതുകൊണ്ടാണ് ദീപാവലിക്ക് ദീപം വെക്കുന്നത് – വന്നു പോകുന്ന പിതൃക്കൾക്ക് വഴി കാണിക്കാൻ.
മൂന്നാമത്തേത് – ധനു മാസം – മരിച്ചവരുടെ വാർഷിക ദിവസം
ഇത് പൊതുവായ മാസമല്ല, ഓരോ വീടിനും ഉള്ള മാസം.
ഒരാൾ മരിച്ച അതേ തിഥി വരുന്ന എല്ലാ മാസവും, പ്രത്യേകിച്ച് ആദ്യത്തെ ഒരു വർഷം, ആ ആത്മാവ് വീട് സന്ദർശിക്കും. അതുകൊണ്ടാണ് മാസികവും ആണ്ടും നടത്തുന്നത്.
തിഥി എന്നാൽ സൂര്യനും ചന്ദ്രനും തമ്മിലുള്ള അകലം 12 ഡിഗ്രി കൂടുമ്പോൾ ഒരു തിഥി കഴിയുന്നു.
ചന്ദ്രൻ ഭൂമിയെ ചുറ്റുമ്പോൾ, അമാവാസി മുതൽ പൗർണ്ണമി വരെയും, പൗർണ്ണമി മുതൽ അമാവാസി വരെയും ഉള്ള 30 ഘട്ടങ്ങളാണ് 30 തിഥികൾ.
ഇതിന് രണ്ടു പക്ഷമുണ്ട്
ശുക്ല പക്ഷം (വെളുത്ത പക്ഷം) അമാവാസി കഴിഞ്ഞ് ചന്ദ്രൻ വളരുന്ന 15 ദിവസം.
കൃഷ്ണ പക്ഷം (കറുത്ത പക്ഷം) പൗർണ്ണമി കഴിഞ്ഞ് ചന്ദ്രൻ തേയുന്ന 15 ദിവസം. 15 തിഥികളുടെ പേര്:
(പ്രഥമ / പാടം ) (ദ്വിതീയ / ബിജ് ) (തൃതീയ / തീജ്) )ചതുർത്ഥി / ചൗത്) (പഞ്ചമി) (ഷഷ്ഠി). (സപ്തമി) (അഷ്ടമി). (നവമി) (ദശമി). (ഏകാദശി) . (ദ്വാദശി) (ത്രയോദശി) (ചതുർദ്ദശി). (പൗർണ്ണമി / അമാവാസി)
അതായത്, ശുക്ല പക്ഷ ഏകാദശി, കൃഷ്ണ പക്ഷ അഷ്ടമി എന്നൊക്കെ പറയും.
ബലി ഇടുന്നത് മരിച്ച ആളിന്റെ തിഥി നോക്കിയാണ്. ഉദാ: ആരെങ്കിലും അഷ്ടമി തിഥിക്ക് മരിച്ചാൽ, എല്ലാ മാസവും വരുന്ന അഷ്ടമി തിഥി അന്നാണ് അദ്ദേഹത്തിന്റെ ശ്രാദ്ധ തിഥി.
എല്ലാ പിതാക്കന്മാർക്കും കൂടി പൊതുവായി ബലിയിടുന്ന തിഥിയാണ് കർക്കിടക വാവ് / അമാവാസി തിഥി. അന്ന് എല്ലാ തിഥിയും അതിൽ ഉൾപ്പെടും എന്നാണ് വിശ്വാസം.
എന്തുകൊണ്ട് ഈ മാസങ്ങളിൽ?
ഇതിന് ഒരു ശാസ്ത്രീയമായ അർത്ഥം കൂടിയുണ്ട്.
കർക്കിടകം എന്നത് മഴക്കാലമാണ്, കൃഷി ഇല്ലാത്ത സമയം. മനുഷ്യൻ വീട്ടിൽ ഇരിക്കുന്ന സമയം. അപ്പോഴാണ് പഴയ തലമുറയെ ഓർക്കാൻ സമയം കിട്ടുന്നത്. അവരെ ഓർക്കാൻ വേണ്ടി തന്നെ നമ്മുടെ പൂർവ്വികർ ആ മാസം തിരഞ്ഞെടുത്തതാണ്.
വനവാസ കാലത്ത് സീതാദേവിയെ കണ്ടെത്താൻ യാത്ര പുറപ്പെടുന്നതിന് മുൻപ്, തനിക്ക് വരാവുന്ന ബ്രഹ്മഹത്യാ ശാപം തീർക്കാൻ രാമേശ്വരത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തണം എന്ന് ശ്രീരാമൻ മനസ്സിൽ കരുതിയിരുന്നു.
ആ യാത്രയിൽ ഉണ്ടാകാവുന്ന തടസ്സങ്ങൾ നീങ്ങാൻ വേണ്ടി ആദ്യം ദേവീപട്ടണത്ത് എത്തി ഉപ്പൂർ വിനായകനെ വണങ്ങി.
പിന്നീട് ശത്രു സംഹാരത്തിനും കാര്യസിദ്ധിക്കും വേണ്ടി വാരാഹി അമ്മനെ വണങ്ങി.
അതിനുശേഷം തിരുപ്പുള്ളാനി മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തി ദർഭപ്പുല്ലിൽ ശയനം നടത്തി, സമുദ്രദേവനെ പ്രസാദിപ്പിക്കാൻ വരം നേടി.
ആ വരം ലഭിച്ചതിന് ശേഷമാണ് ദേവിപട്ടണത്ത് കടലിൽ ഒൻപത് പിടി മണൽ കൊണ്ട് നവപാഷാണം – നവഗ്രഹങ്ങളെ സൃഷ്ടിച്ച് പൂജിച്ചത്.
നവഗ്രഹ ദോഷങ്ങൾ നീങ്ങിയതിന് ശേഷം നേരെ തിരുഉത്രകോസമംഗൈ ക്ഷേത്രത്തിൽ എത്തി, ശിവഭഗവാനെ വണങ്ങി, അവിടുത്തെ മരതക നടരാജ ദർശനവും നടത്തി.
ഇതെല്ലാം പൂർത്തിയാക്കി, തടസ്സങ്ങളെല്ലാം നീങ്ങിയ ശേഷമാണ് ശ്രീരാമൻ കോതണ്ഡരാമ ക്ഷേത്രത്തിലൂടെ സേതു രാമപാദം വഴി രാമേശ്വരത്തേക്ക് പ്രവേശിച്ചത്.
ഇതാണ് ആ യാത്രയുടെ പിന്നിലെ ശാസ്ത്രവും ക്രമവും വിശ്വാസവും
ചുരുക്കത്തിൽ:
പിതൃക്കൾ എന്നും നമ്മുടെ കൂടെ ഇല്ല, പക്ഷേ നമ്മൾ അവരെ മറക്കാതിരിക്കാൻ, കലണ്ടറിൽ തന്നെ അവർക്ക് വേണ്ടി 15 ദിവസം മാറ്റി വെച്ചിട്ടുണ്ട്. അതാണ് കർക്കിടകത്തിലെ പിതൃപക്ഷം.
പക്ഷേ ഇതൊക്കെ ഇന്നും അന്ധവിശ്വാസം എന്ന് പറഞ്ഞു പലരും പുച്ഛിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്.
അവരോട് എനിക്ക് ഒരു പരാതിയുമില്ല. കാരണം വിശ്വാസം തലയിൽ നിന്നല്ല, ഹൃദയത്തിൽ നിന്നാണ് വരുന്നത്.
അമ്മയുടെ വയറ്റിൽ ഒൻപത് മാസം നമ്മളെ ചുമന്ന, അച്ഛന്റെ ചുമലിൽ കയറി വളർന്ന നമുക്ക്, അവർ മരിച്ചുപോയാൽ ഒരു പിടി അരിയും എള്ളും വെള്ളത്തിൽ നൽകുന്നതിൽ എന്താണ് തെറ്റ്?
ഇത് അന്ധവിശ്വാസമല്ല, ഇത് നന്ദിയാണ്. കടം വീട്ടലാണ്.
ശാസ്ത്രം പറയുന്നത് ശരീരം മണ്ണടിയും എന്നാണ്. നമ്മുടെ ശാസ്ത്രം പറയുന്നത്, ആ ശരീരത്തിൽ ഉണ്ടായിരുന്ന ആത്മാവിന് നമ്മൾ നൽകുന്ന യാത്രയയപ്പാണ് ഈ ബലി എന്നാണ്.
നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ, രാമേശ്വരത്തോ തിരുനാവായയിലോ തിരുനെല്ലിയിലോ പോകേണ്ട. പക്ഷേ വിശ്വസിക്കുന്നവരെ പുച്ഛിക്കരുത്.
എന്റെ ഒരു ഉപദേശം:
ഒരിക്കൽ, ഒരു തവണ മാത്രം, ഒന്നും വിശ്വസിക്കാതെ, വെറുമൊരു മനുഷ്യനായി ആ പുഴയോരത്ത് പോയി ഇരിക്കൂ. അച്ഛന്റെയോ അമ്മയുടെയോ പേര് മനസ്സിൽ വിചാരിച്ച് ഒരു ഒരു കൈക്കുമ്പിളിൽ വെള്ളം നൽകും.
ആ നിമിഷം നിങ്ങളുടെ കണ്ണ് നിറയുന്നുണ്ടെങ്കിൽ, അതാണ് വിശ്വാസം. ആ കണ്ണുനീരിന് ഒരു ശാസ്ത്രത്തിനും വിശദീകരണം നൽകാൻ കഴിയില്ല.
അന്ധവിശ്വാസം എന്ന് പറഞ്ഞ് മാതാപിതാക്കളോടുള്ള കടമ മറക്കുന്നതിനേക്കാൾ നല്ലതല്ലേ, വിശ്വാസം എന്ന് പറഞ്ഞ് രണ്ട് തുള്ളി കണ്ണുനീർ പൊഴിക്കുന്നത്?
നമ്മുടെ യാത്രകൾ അന്ധവിശ്വാസത്തിന് വേണ്ടിയാകരുത്, നന്ദി പറയാൻ വേണ്ടിയാകട്ടെ.
ഇത്തരം വിശ്വാസത്തിന്റെ വില അറിയണമെങ്കിൽ നമ്മൾ ഈ അടുത്ത് കേട്ട രണ്ട് യഥാർത്ഥ കഥകൾ ഓർക്കണം.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫ്ലൈ ദുബായ് വിമാന അപകടം.
100 ശതമാനം അപകടത്തിൽ പെടേണ്ടിയിരുന്ന ആ വിമാനത്തെ സാക്ഷാൽ വായുഭഗവാന്റെ മകനെന്ന് നമ്മൾ വിശ്വസിക്കുന്ന ഹനുമാൻ സ്വാമി രക്ഷിച്ചെടുത്തു.
ഇത് ഞാൻ വെറുതെ പറയുന്നതല്ല. ക്യാപ്റ്റൻ സ്മിത് മച്ചാർ തന്നെ പറഞ്ഞതാണ്.
ഒരു ചെറു അടി കൊണ്ടാൽ പോലും ബോധം പോകുന്ന തരത്തിലുള്ള ഒബ്ലോങ്ങ് എല്ലിന് അതിമാരകമായ പ്രഹരമേറ്റിട്ടും, അദ്ദേഹത്തെ രക്ഷിച്ചത് നിർത്താതെ ചൊല്ലിക്കൊണ്ടിരുന്ന ഹനുമാൻ ചാലിസ മന്ത്രത്തിന്റെ ശക്തിയാണെന്ന്.
അതറിഞ്ഞിട്ട് തന്നെയല്ലേ ഇസ്രയേൽ ജനത അദ്ദേഹത്തിന് പരസ്യമായി ഹനുമാൻ ചാലിസ ചൊല്ലി ട്രിബ്യൂട്ട് നൽകിയത്?
നമ്മൾ കണ്ട മറ്റൊരു സംഭവം
സ്വന്തം അമ്മയുടെ രോഗശാന്തിക്കായി ഭാരതത്തിലെ 12 ജ്യോതിർലിംഗങ്ങളും ഓടി ദർശിക്കാം എന്ന പ്രതിജ്ഞയെടുത്ത ഒരു മകന്റെ മാരത്തോൺ ഓട്ടം.
അവന്റെ പേര് മോനു മെതുർബാല. 19 വയസ്സ് മാത്രം. ബീഹാറിലെ അരാരിയ ജില്ലക്കാരൻ.
അമ്മ ലാൽതി ദേവിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി ഗുരുതരാവസ്ഥയിലായി. പല ആശുപത്രികളിലും കയറി ഇറങ്ങിയിട്ടും മാറുന്നില്ല. ഡോക്ടർമാർ പോലും പ്രതീക്ഷ കൈവിട്ട നിമിഷം.
അപ്പോൾ ആ മകൻ ബീഹാറിലെ ബാബ സിദ്ധേശ്വർ നാഥ് ക്ഷേത്രത്തിൽ ചെന്ന് ഭഗവാൻ ശിവനോട് ഒരു പ്രതിജ്ഞ ചെയ്തു.
“എന്റെ അമ്മയെ തിരിച്ചു തരണമേ, ഞാൻ 12 ജ്യോതിർലിംഗങ്ങളും ഓടി ദർശിക്കാം.”
അത്ഭുതം പോലെ അമ്മ സുഖം പ്രാപിച്ചു. അമ്മ എഴുന്നേറ്റപ്പോൾ മോനു തന്റെ വാക്ക് മറന്നില്ല.
2026 മാർച്ച് 15 ന് അവൻ പട്നയിൽ നിന്ന് ഓട്ടം തുടങ്ങി. കാറിലോ ട്രെയിനിലോ അല്ല, സ്വന്തം കാലിൽ. ദിവസം 50 കിലോമീറ്റർ വീതം. ഇതുവരെ 8000 കിലോമീറ്ററിലധികം ഓടി, 6 ജ്യോതിർലിംഗങ്ങൾ ദർശിച്ചു കഴിഞ്ഞു. കേദാർനാഥ് മുതൽ രാമേശ്വരം വരെ അവൻ ഓടിക്കൊണ്ടിരിക്കുന്നു.
ഇന്ന് ഭാരതം മുഴുവൻ അവനെ ‘ആധുനിക ശ്രവണകുമാർ’ എന്ന് വിളിക്കുന്നു.
ഇനി പറയൂ, ഇതാണോ അന്ധവിശ്വാസം?ഭഗവാനോട് അന്തമായ വിശ്വാസം വേണം എങ്കിലേ നമ്മുടെ പ്രാർത്ഥനകൾക്ക് പാലം ലഭിക്കുകയുള്ളൂ.
ഒരു മരുന്നിനും കൊടുക്കാൻ പറ്റാത്ത മനോധൈര്യം ആ അമ്മയ്ക്കും മകനും കൊടുത്തത് ആ പ്രാർത്ഥനയല്ലേ? ആ ഓട്ടത്തിനിടയിൽ അവൻ തളർന്നില്ല, തോറ്റില്ല. കാരണം അവന്റെ മുന്നിൽ അമ്മയുടെ മുഖമുണ്ടായിരുന്നു.
നമ്മൾ രാമേശ്വരത്തേക്കും തിരുനാവായിലേക്കും തിരുനെല്ലിയിലേക്കും പോകുന്നതും അതുപോലെയാണ്. പിതൃക്കൾക്ക് മോക്ഷം കിട്ടിയോ എന്ന് നമുക്ക് തെളിവ് കാണിക്കാൻ പറ്റില്ല.
പക്ഷേ “ഞാൻ എന്റെ അമ്മയ്ക്കും അച്ഛനും വേണ്ടി എന്റെ കടമ ചെയ്തു” എന്ന് തോന്നുന്ന ആ സമാധാനം… ആ സമാധാനമാണ് ഏറ്റവും വലിയ പുണ്യം.
വിശ്വാസം രോഗം മാറ്റണമെന്നില്ല, പക്ഷേ തളർന്ന മനസ്സിനെ പിടിച്ചുനിർത്തും. അതാണ് അതിന്റെ വില.
കടപ്പാട്: ഈ യഥാർത്ഥ സംഭവം 2026 ഒക്ടോബറിൽ ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തതാണ്. [@monu_betaurabala]
ഇത് പറയുമ്പോഴാണ് ഒരു പുരോഹിതൻ ഒരു മതസമ്മേളനത്തിൽ പറഞ്ഞ കഥ ഓർമ്മ വരുന്നത്.
ഒരു ഭക്തൻ മലഞ്ചെരുവിലൂടെ കാർ ഓടിച്ചു പോവുകയായിരുന്നു. പെട്ടെന്ന് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. ഭാഗ്യത്തിന് അപകടത്തിന്റെ ആഘാതത്തിൽ അദ്ദേഹം കാറിൽ നിന്ന് തെറിച്ചു വീണു, ഒരു മരക്കൊമ്പിൽ പിടിച്ച് തൂങ്ങി നിന്നു.
മുകളിലേക്ക് നോക്കിയാൽ നീലാകാശം മാത്രം. താഴേക്ക് നോക്കിയാൽ അഗാധമായ കൊക്ക. പേടിച്ചരണ്ട അദ്ദേഹം തനിക്കറിയാവുന്ന എല്ലാ ദൈവങ്ങളെയും ഉറക്കെ വിളിച്ചു പ്രാർത്ഥിച്ചു.
അപ്പോൾ ഒരു അശരീരി ഉണ്ടായി – “എന്നിൽ പൂർണ്ണമായി വിശ്വസിക്കൂ. രണ്ടു കൈയും വിട്ട് പ്രാർത്ഥിക്കൂ, ഞാൻ നിന്നെ രക്ഷിക്കാം.”
പക്ഷേ അദ്ദേഹം കൈ വിടാൻ തയ്യാറായില്ല. മരക്കൊമ്പിൽ തന്നെ മുറുകെ പിടിച്ചു തൂങ്ങിക്കിടന്നു.
ഈ കഥ നമ്മോട് പറയുന്നത് എന്താണ്? നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറയുമെങ്കിലും, പൂർണ്ണമായി സമർപ്പിക്കാൻ, എല്ലാം വിട്ട് വിശ്വസിക്കാൻ നമുക്ക് ഇന്നും കഴിയുന്നില്ല എന്നുതന്നെ.
എം ബാബു ജയപ്രകാശ്

Thank you and have a brilliant day of joyful social activities, Babu
Jayaprakash.
Regards,
LikeLike