രാമേശ്വരം, തിരുനെല്ലി, തിരുനാവായ – ഞാനറിഞ്ഞ ശിവസത്യങ്ങൾ

Time Taken To Read 3 Minutes

രണ്ടു വാക്ക്

ഏറെ നാളായി മനസ്സിൽ ഒരു യാത്രയുണ്ട്. രാമേശ്വരത്തിന്റെ തീർത്ഥക്കടലിലേക്കും, കാശിയുടെ മോക്ഷദീപങ്ങളിലേക്കും, അയോധ്യയുടെ മണ്ണിലേക്കും…

എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു – “കാശി യാത്ര പൂർണ്ണമാകണമെങ്കിൽ രാമേശ്വരത്തെ മണലെടുത്ത് കാശിയിൽ എത്തിക്കണം, കാശിയിലെ ഗംഗാജലം കൊണ്ടുവന്ന് രാമേശ്വരത്ത് ലയിപ്പിക്കണം” എന്നൊരു പഴമൊഴി കേട്ടതു മുതൽ, ആ യാത്രയ്ക്ക് ഞാൻ ഒരു പൂർണ്ണത കാത്തുവെച്ചു. അങ്ങനെ ആ കാത്തിരിപ്പ് നീണ്ടുപോയി.

പിന്നീട് യാത്ര വന്നത് ഒരു വിളിക്കാത്ത അതിഥിയെപ്പോലെയാണ്. ഭാര്യയുടെ ജേഷ്ഠത്തിയുടെ അപ്രതീക്ഷിത വിയോഗം. അവരുടെ അന്ത്യകർമ്മങ്ങൾക്കായി ഞങ്ങൾക്ക് രാമേശ്വരത്തേക്ക് പോകേണ്ടി വന്നു. ഞാൻ സ്വപ്നം കണ്ട യാത്രയായിരുന്നില്ല അത്, കണ്ണീരിന്റെ നനവുള്ള ഒരു കടമയായിരുന്നു.

അങ്ങനെ, ഞാൻ കാത്തുവെച്ച യാത്ര, കാത്തിരിക്കാതെ എന്നിലേക്ക് വന്നു.

ഒരു പ്ലാനും ഇല്ലാതെ പോയതുകൊണ്ട് തന്നെ, ആ യാത്രയിൽ ഒരുപാട് പോരായ്മകൾ ഉണ്ടായിരുന്നു. എവിടെ തൊടണം, എവിടെ തൊഴണം, ഏത് തീർത്ഥത്തിൽ മുങ്ങണം, ഏത് ക്ഷേത്രത്തിൽ ആദ്യം കയറണം എന്നൊന്നും അറിയില്ലായിരുന്നു. പക്ഷേ, അറിയാതെ പോയ ഓരോ വാതിലും ഞാൻ പിന്നീട് ചെന്ന് മുട്ടി. അവിടുത്തെ പൂജാരിമാരോട്, തീർത്ഥാടകരെ നടത്തുന്ന ഗൈഡുകളോട്, പഴയ പുസ്തകങ്ങളോട് ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു.

ഞാൻ മനസ്സിലാക്കിയ ഒരു സത്യമുണ്ട് – ഒരു തീർത്ഥയാത്ര കേവലം ഒരു സ്ഥലം കാണലല്ല. അത് ഒരു ക്രമമാണ്, ഒരു ശാസ്ത്രമാണ്. അതിന്റെ ആചാരങ്ങൾ, ഉപക്ഷേത്രങ്ങൾ, ചെയ്യേണ്ട കർമ്മങ്ങൾ എന്നിവയെപ്പറ്റി ഒരു ചെറിയ മുൻധാരണയെങ്കിലും ഉണ്ടെങ്കിലേ ആ യാത്ര പൂർണ്ണമാകൂ. അല്ലെങ്കിൽ നമ്മൾ വെറും തിരക്കിനിടയിൽപ്പെട്ട് തിരിച്ചു പോരും.

അങ്ങനെയാണ് ഞാൻ അറിഞ്ഞതെല്ലാം ഒരു ബ്ലോഗായി എഴുതാൻ തുടങ്ങിയത്. അത് വായിച്ചപ്പോഴാണ് എന്റെ സുഹൃത്തും മലയാളം പ്രൊഫസറുമായ ശ്രീ. മഹേഷ് മംഗലാട്ട് പറഞ്ഞത് – “ഇത് ഒരു ബ്ലോഗിൽ ഒതുങ്ങേണ്ടതല്ല, ഒരു പുസ്തകമാകണം. മറ്റുള്ളവർക്കും വെളിച്ചമാകും.” അദ്ദേഹത്തിന്റെ പ്രോത്സാഹനവും തിരുത്തലുകളുമാണ് ഈ പുസ്തകത്തെ ഈ രൂപത്തിലാക്കിയത്.

ഈ പുസ്തകത്തെപ്പറ്റി

ഇതിൽ പറയുന്നതൊന്നും വേദവാക്യമല്ല. ഞാൻ വായിച്ചറിഞ്ഞതും, കേട്ടറിഞ്ഞതും, നേരിട്ട് കണ്ട് മനസ്സിലാക്കിയതും, എന്റെ ചെറിയ അനുഭവവും ചേർത്ത്, എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ എഴുതിയ കുറിപ്പുകളാണ്.

ഇതിൽ തെറ്റുകൾ കണ്ടേക്കാം. നിങ്ങൾക്ക് വൈരുദ്ധ്യം തോന്നുന്ന കാര്യങ്ങൾ ഉണ്ടാകാം. “ഞാൻ പറഞ്ഞതാണ് ശരി” എന്ന തർക്കത്തിനില്ല ഞാൻ. ഇത് എന്റെ കാഴ്ചപ്പാടാണ്, എന്റെ വഴികാട്ടി മാത്രം.

ഈ എഴുത്ത് നിങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശം മാത്രമേ എനിക്കുള്ളൂ എങ്കിലും

ഇങ്ങനെ ഒരു ചിന്ത കൂടി എന്റെ മനസ്സിൽ ഉണ്ടായി.

ഈ പുസ്തകം ആർക്കു വേണ്ടി? 

ഇത് വെറും ഒരു ആത്മീയ പുസ്തകമാണെന്ന തെറ്റിദ്ധാരണ ആദ്യമേ മാറ്റണമെന്ന് എനിക്കുണ്ട്.

പണ്ടത്തെ കോമിക്സ്, ചമ്പക്, അമ്പിളിമാമൻ എന്നിവ വായിച്ചു വളർന്ന കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ലളിതമായ ഭാഷയിലാണ് ഞാൻ ഇതെഴുതിയിരിക്കുന്നത്. ഒരു രാമായണ കഥ വായിക്കുന്ന ലാഘവത്തോടെ ഇത് വായിക്കാം.

ഇതിനകത്ത് പറയുന്ന മിക്കതും പുരാണകഥകളും അതിന്റെ അനുബന്ധ കഥകളുമാണ്. അഹല്യാമോക്ഷം, സുഗ്രീവ പട്ടാഭിഷേകം, വിഭീഷണ ശരണാഗതി പോലുള്ള കഥകൾ കുട്ടികൾക്കും ആസ്വദിക്കാൻ കഴിയും.

ഇന്ന് കുട്ടികളെല്ലാം മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ലോകത്ത് അകപ്പെട്ടിരിക്കുകയാണല്ലോ. ഈ ഒരു പുസ്തകം കൊണ്ട് മാത്രം അവരെ അതിൽ നിന്ന് പിന്നോട്ട് വലിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം. എങ്കിലും, മുതിർന്നവർ കുട്ടികളെ വായനയിലേക്ക് തിരികെ കൊണ്ടുവരാൻ ചെയ്യുന്ന ഒരു ചെറിയ ശ്രമമാണ് ഈ പുസ്തകം.

നിങ്ങൾക്ക് ഇത് സ്വീകരിക്കാം, തള്ളിക്കളയാം. ആ തീരുമാനം പൂർണ്ണമായും വായനക്കാരനായ നിങ്ങളുടേതാണ്. ആ അവകാശം ഞാൻ നിങ്ങൾക്ക് നൽകുന്നു.

ഈ പുസ്തകം കൈയിലേന്തി നിങ്ങൾ രാമേശ്വരത്തിന്റെ തീരത്ത് നിൽക്കുമ്പോൾ, നിങ്ങളുടെ യാത്ര എന്റേതിനേക്കാൾ പൂർണ്ണമാകുമെങ്കിൽ, അതാണ് ഈ പുസ്തകത്തിന്റെ പുണ്യം.

സ്നേഹപൂർവ്വം,

എം ബാബു ജയപ്രകാശ്

Leave a Comment