തിരുനെല്ലി പാപനാശം മുതൽ ഭാരതപ്പുഴയിലെ തിരുനാവായ വരെ എൻറെ തീർത്ഥയാത്ര വിശേഷം!

Time Taken To Read 5 Minutes

തിരുനെല്ലി – തൃശ്ശിലേരി – തിരുനാവായ രണ്ടു പാദങ്ങളിലൂടെയുള്ള യാത്ര

ഈ പേര് കേൾക്കുമ്പോൾ പലർക്കും ഒരു സംശയം തോന്നാം. തിരുനെല്ലിയും തൃശ്ശിലേരിയും തിരുനാവായും – ഇതിന് “രണ്ട് പാദങ്ങൾ” എന്ന് എന്തിനാണ് പറഞ്ഞത്?

ഈ മൂന്ന് സ്ഥലങ്ങളിലേക്കും ഞാൻ പോയത് നടന്നല്ല, വാഹനത്തിലാണ്. എന്നിട്ടും ഞാൻ അതിന് “രണ്ട് പാദങ്ങൾ” എന്ന് തന്നെ പേരിട്ടു. കാരണം, ഈ യാത്രയ്ക്ക് കാലുകൾ കൊണ്ടുള്ള ദൂരത്തേക്കാൾ വലിയ അർത്ഥമുണ്ട്.

വാഹനം ഓടിയത് റോഡിലൂടെ ആയിരുന്നെങ്കിലും, എന്റെ മനസ്സ് നടന്നത് കഥകളിൽ കേട്ടും പുസ്തകങ്ങളിൽ വായിച്ചും മനസ്സിൽ പതിഞ്ഞ ആ പഴയ ഋഷിമാർഗ്ഗത്തിലൂടെ ആയിരുന്നു.

പിന്നെ എന്താണ് ഈ രണ്ട് പാദങ്ങൾ?

ഒന്ന്, ഈ മണ്ണിന്റെ തന്നെ രണ്ട് പാദങ്ങൾ.

തൃശ്ശിലേരി മുതൽ തിരുനെല്ലി വരെ ശിവന്റെ ശരീരം തന്നെയാണ് എന്നാണ് പറയപ്പെടുന്നത്. തല തൃശ്ശിലേരിയിലും, പാദം തിരുനെല്ലിയിലെ പാപനാശിനിയിലും. ഈ രണ്ടു സ്ഥലങ്ങളിലായാണ് ഈ മണ്ണിന്റെ രണ്ട് പാദങ്ങൾ നിലകൊള്ളുന്നത്.

രണ്ട്, വിഷ്ണുവിന്റെ രണ്ട് പാദങ്ങൾ.

തിരുനെല്ലിയിലെ പഞ്ചതീർത്ഥത്തിൽ വിഷ്ണുവിന്റെ പാദമുദ്രയുണ്ട്. തിരുനാവായിൽ നാവമുകുന്ദനായി അതേ വിഷ്ണു തന്നെയുണ്ട്. ഒരു പാദം തിരുനെല്ലിയിലും, മറുപാദം തിരുനാവായിലും.

മൂന്ന്, നമ്മുടെ ജീവിതത്തിന്റെ തന്നെ രണ്ട് പാദങ്ങൾ.

തിരുനെല്ലിയിൽ നമ്മൾ പിതൃക്കൾക്ക് ബലിയിട്ട് മരണമടഞ്ഞവരുടെ ആത്മാവിനെ ഓർക്കുന്നു. തിരുനാവായിൽ നമ്മൾ കുഞ്ഞിന് ആദ്യമായി ചോറ് കൊടുത്ത് ജീവിതത്തെ വരവേൽക്കുന്നു. മരണത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള ദൂരം. അതാണ് നമ്മുടെ ജീവിതത്തിന്റെ രണ്ട് പാദങ്ങൾ.

അതുകൊണ്ടാണ് ഞാൻ പറയുന്നത് –
ഈ യാത്ര ഞാൻ ചെയ്തത് വാഹനത്തിലാണ്, പക്ഷേ ഈ കഥ നടന്നത് രണ്ട് പാദങ്ങൾ കൊണ്ടാണ്.

“തിരുനെല്ലി – കാടിനുള്ളിൽ കാലം മരവിച്ചിരിക്കുന്നു”

തിരുനെല്ലി മഹാത്മ്യം

തെക്കിന്റെ കാശി എന്ന് അറിയപ്പെടുന്ന തിരുനെല്ലിയുടെ കഥ ബ്രഹ്മാവിൽ നിന്ന് തുടങ്ങുന്നു.

പുരാണം പറയുന്നത് ഇങ്ങനെയാണ്  ഭൂലോക സഞ്ചാരത്തിനിടെ ബ്രഹ്മഗിരിയുടെ സൗന്ദര്യത്തിൽ മയങ്ങിയ ബ്രഹ്മാവ് അവിടെ ഇറങ്ങി. സഹ്യമലകത്തിന്റെ താഴ്വാരത്ത്, ഒരു നെല്ലിമരച്ചുവട്ടിൽ സ്വയംഭൂവായ മഹാവിഷ്ണുവിനെ ദർശിച്ചു. ബ്രഹ്മാവ് തന്നെ നേരിട്ട് പ്രതിഷ്ഠ നടത്തിയതിനാൽ, നെല്ലിമരച്ചുവട്ടിലെ തിരുസ്ഥലം – തിരുനെല്ലിയായി.

ചരിത്രപരമായി ചേര ചക്രവർത്തി കുലശേഖര ആഴ്‌വാർ (8 – 9 നൂറ്റാണ്ട്) ആണ് ഇന്ന് കാണുന്ന ക്ഷേത്രം നിർമ്മിച്ചതെന്ന്. അദ്ദേഹത്തിന്റെ മുകുന്ദമാലയിൽ തിരുനെല്ലിയെക്കുറിച്ച് പരാമർശമുണ്ട്. പിന്നീട് കൂർഗ് രാജാവ് പുതുക്കിപ്പണിയാൻ ശ്രമിച്ചപ്പോൾ വെള്ളാട്ടിരി രാജാവ് തടഞ്ഞു. അതുകൊണ്ടാണ് കൊടിമരം സ്ഥാപിക്കാനുള്ള കുഴി മാത്രമുള്ള, പാതി പൂർത്തിയായ ക്ഷേത്രമായി ഇന്നും ഇത് നിൽക്കുന്നത്.

“ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തികൾ നടന്നുവരുന്നു.”

തിരുനെല്ലിക്ക് കിണർ ഇല്ല. 365 ദിവസം ഒഴുകുന്ന അദ്ഭുത ജലപാത ക്ഷേത്രത്തിന്റെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് അത്ഭുതമാണ്.

ക്ഷേത്രത്തിലേക്ക് ഇടമുറിയാതെ വെള്ളം ഒഴുകിയെത്താൻ പഴമക്കാർ കണ്ടെത്തിയ ഉപായം, ഇന്നത്തെ ആധുനിക പ്ലംബിംഗ് സിസ്റ്റത്തേക്കാൾ എത്രയോ മികച്ചതായിരുന്നു.

ഒരു മോട്ടോറില്ല, ഒരു പൈപ്പില്ല, ഒരു കറന്റുമില്ല.

മലമുകളിൽ നിന്ന്, കാട്ടിൽ നിന്ന് വരുന്ന മഴവെള്ളത്തെ ചെറിയ ചാലുകളിലൂടെ തിരിച്ചുവിട്ട് ക്ഷേത്രക്കുളത്തിൽ എത്തിക്കും. കുളം നിറഞ്ഞാൽ അതിന്റെ കവിഞ്ഞൊഴുകുന്ന വെള്ളം അടുക്കളയിലേക്കും, അവിടെ നിന്ന് ശൗചാലയത്തിലേക്കും, അവിടെ നിന്ന് വീണ്ടും പാടത്തേക്കും ഒഴുകും.

ഒരു തുള്ളി വെള്ളം പോലും പാഴാകില്ല. എല്ലാം ഗുരുത്വാകർഷണം കൊണ്ട് മാത്രം തനിയെ ഒഴുകും.

ഇന്നത്തെ പ്ലംബിംഗ് വെള്ളം കൊണ്ടുവരും, പക്ഷെ കൊണ്ടുപോയി കളയും. അന്നത്തെ സിസ്റ്റം വെള്ളത്തെ ജീവിപ്പിച്ചു നിർത്തി – കുളത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക്, ക്ഷേത്രത്തിൽ നിന്ന് മനുഷ്യനിലേക്ക്, മനുഷ്യനിൽ നിന്ന് വീണ്ടും ഭൂമിയിലേക്ക്.

അതുകൊണ്ടാണ് നൂറു വർഷം മുമ്പത്തെ കുളങ്ങളിൽ ഇന്നും വെള്ളമുള്ളത്, നമ്മുടെ പുതിയ ടാങ്കിൽ വെള്ളം തീരുന്നത്.

പണ്ട് പൂജയ്ക്ക് വെള്ളം പാപനാശിനിയിൽ നിന്നാണ് കൊണ്ടുവന്നിരുന്നത്. ഒരിക്കൽ കടുത്ത വരൾച്ചയിൽ എല്ലാ അരുവികളും വറ്റി. ചിറക്കൽ രാജ്ഞി ക്ഷേത്രദർശനത്തിന് വന്നപ്പോൾ ചന്ദനം അരയ്ക്കാൻ പോലും വെള്ളമില്ലെന്ന് പൂജാരി പറഞ്ഞു. രാജ്ഞി ശപഥം ചെയ്തു ക്ഷേത്രത്തിൽ ശാശ്വതമായി ജലം ലഭിക്കുന്നതിന് ഒരു പരിഹാരം കാണുന്നതുവരെ ഞാൻ ജലപാനം ചെയ്യില്ല.

അത് പ്രകാരം പരിവാരങ്ങൾ ബ്രഹ്മഗിരി കാട്ടിൽ തിരഞ്ഞ് ഉള്ളിൽ നിന്ന് ഒരിക്കലും വറ്റാത്ത ഒരു അരുവി കണ്ടെത്തി  വരാഹതീർത്ഥം. ആദ്യം മുളംകുഴലിലൂടെയും പിന്നീട് കരിങ്കൽ തൂണുകളിൽ താങ്ങി നിർത്തിയ കൽച്ചാലുകളിലൂടെയും ആ വെള്ളം ക്ഷേത്രത്തിലെത്തിച്ചു.

മരങ്ങളുടെ വേരുകളിലൂടെയും ഔഷധച്ചെടികളിലൂടെയും ഊറി വരുന്ന ആ തണുത്ത വെള്ളം ഇന്നും 24 മണിക്കൂറും, കൊടും വേനലിലും ഒരേ ശക്തിയിൽ ക്ഷേത്ര തിരുമുറ്റത്തേക്ക് ഒഴുകുന്നു.

രാമായണവുമായി ബന്ധപ്പെടുത്തി  തിരുനെല്ലിയുടെ കഥ പറയുമ്പോൾ രാമൻ ചെയ്ത പിതൃ തർപ്പണത്തിന്റെ പറഞ്ഞു കേൾക്കുന്ന കഥ ഇങ്ങനെ

വനവാസകാലത്ത് ദശരഥന്റെ മരണവാർത്ത ഭരതൻ വഴി അറിഞ്ഞ രാമൻ ചിത്രകൂടത്തിൽ വെച്ച് ആദ്യബലി നൽകി. എന്നാൽ പൂർണ്ണ മോക്ഷത്തിന് ബ്രഹ്മാവ് യാഗം ചെയ്ത പുണ്യഭൂമിയിൽ ബലിയിടണം എന്ന് ഋഷിമാർ ഉപദേശിച്ചു.

കർണാടകയിലെ കൂർഗ് വനങ്ങളിലൂടെ ദണ്ഡകാരണ്യത്തിലേക്കുള്ള പഴയ ഋഷിമാർഗ്ഗം (കാട്ടുവഴി) ബ്രഹ്മഗിരി വഴിയാണ്. രാമൻ സീതാ – ലക്ഷ്മണ സമേതം അവിടെ എത്തി. ബ്രഹ്മഗിരിയിൽ അഞ്ച് തീർത്ഥങ്ങൾ ചേരുന്ന പഞ്ചതീർത്ഥക്കുളം കണ്ടു. നടുവിലുള്ള പാറയാണ് പിണ്ടിപ്പാറ അഥവാ വിഷ്ണുപാദം.

ആ പാറയിൽ ശ്രീരാമൻ ദശരഥ മഹാരാജാവിന് ബലിയിട്ടപ്പോൾ രാമപാദം പാറയിൽ പതിഞ്ഞു എന്നാണ് വിശ്വാസം. സാക്ഷാൽ വിഷ്ണുവിന്റെ അംശമായ പരശുരാമനും തന്റെ പിതാവായ ജമദഗ്നി മഹർഷിക്ക് വേണ്ടി അതേ പുണ്യശിലയിൽ ബലി അർപ്പിച്ചിട്ടുണ്ട് എന്ന് സ്ഥലപുരാണം പറയുന്നു.”

അതുകൊണ്ടാണ് രാമനും പരശുരാമനും ബലിയിട്ട ഒരേ പാറ എന്ന നിലയിൽ ഇതിന് അത്രയും പ്രാധാന്യം.

ക്ഷേത്രത്തിന്റെ പിൻഭാഗത്തെ പടികൾ ഇറങ്ങി ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുണ്യകുളമാണ് പഞ്ചതീർത്ഥക്കുളം. കർണാടകയിലെ കൂർഗ് വനങ്ങളിലൂടെ ദണ്ഡകാരണ്യത്തിലേക്ക് പോകുന്ന പഴയ ഋഷിമാർഗ്ഗം ബ്രഹ്മഗിരി ചുരം വഴിയായിരുന്നു.

രാമൻ സീതാ – ലക്ഷ്മണ സമേതം ആ വഴി വന്ന് ബ്രഹ്മഗിരിയിൽ എത്തിയപ്പോൾ കണ്ടത് അഞ്ച് തീർത്ഥങ്ങൾ സംഗമിക്കുന്ന ഈ കുളമാണ്. ശംഖ്, ചക്ര, ഗദ, പത്മ, അഭയ തീർത്ഥങ്ങൾ ചേരുന്നതുകൊണ്ടാണ് പഞ്ചതീർത്ഥം എന്ന് പേര്.

അന്നും – ഇന്നും പാപനാശിനിയിൽ  കുളിച്ച്  പാപനാശിനിയിലെ പാറപ്പുറത്തും ബലികർമ്മം നടത്തിയിരുന്നു

കുളിക്കുന്നത് – പാപനാശിനിയിൽ (കുറച്ചു താഴെ)

ബലിയിടുന്നത് – പാപനാശിനിക്കരയിലെ പാറയിലും

പത്മതീർത്ഥത്തെ പറ്റി പറഞ്ഞു കേൾക്കുന്ന മറ്റൊരു ഐതിഹ്യം

പഞ്ചതീർത്ഥത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഐതിഹ്യം. തിരുനെല്ലിയിലെ പൂജാരിമാർ പറയുന്ന കഥ ഇങ്ങനെയാണ്

അമൃത് വീണ കഥ:

ദേവന്മാരും അസുരന്മാരും പാലാഴി കടഞ്ഞ് അമൃത് എടുത്ത സമയം.

വിഷ്ണുവിന്റെ വാഹനമായ ഗരുഡൻ ആ അമൃത് കുംഭം കൊത്തിയെടുത്ത് ദേവലോകത്തേക്ക് പറന്നു.

വയനാട് കാടിന് മുകളിലൂടെ പറക്കുമ്പോൾ, ബ്രഹ്മഗിരി മലകൾക്ക് മുകളിൽ വെച്ച് ആ കുംഭത്തിൽ നിന്ന് രണ്ട് തുള്ളി അമൃത് താഴേക്ക് ഇറ്റു വീണു.

ഒരു തുള്ളി വീണത് – തിരുനെല്ലി ക്ഷേത്രത്തിന് പിന്നിലുള്ള കുളത്തിൽ. അതാണ് പഞ്ചതീർത്ഥം.

രണ്ടാമത്തെ തുള്ളി വീണത് – പാപനാശിനി അരുവി ഉത്ഭവിക്കുന്നിടത്ത്.

അതുകൊണ്ടാണ്: പഞ്ചതീർത്ഥത്തിലെ വെള്ളം ഒരിക്കലും അശുദ്ധമാകില്ല എന്ന് പറയുന്നത്. അമൃത് വീണ വെള്ളമല്ലേ.

പാപനാശിനിയിൽ കുളിച്ചാൽ എല്ലാ പാപവും തീരും എന്ന് വിശ്വസിക്കുന്നത്. അത് അമൃതിന്റെ ശുദ്ധി കൊണ്ടാണ്.

അതുകൊണ്ടാണ് പഞ്ചതീർത്ഥത്തെ “അമൃതകലശ തീർത്ഥം” എന്നും വിളിക്കുന്നത്. നടുക്കുള്ള വിഷ്ണുപാദത്തിലും ആ അമൃതിന്റെ ശക്തി ഉണ്ടെന്നാണ് വിശ്വാസം.

“ഗരുഡന്റെ കൊക്കിൽ നിന്ന് ഇറ്റുവീണ അമൃതാണ് ഇന്നും പഞ്ചതീർത്ഥമായി തിരുനെല്ലിയിൽ നിറഞ്ഞുനിൽക്കുന്നത്.”

അമൃതകുംഭവുമായി ഈ കുളത്തിന് മുകളിലൂടെ പറക്കുമ്പോൾ ഒരു തുള്ളി അമൃത് ഇതിൽ വീണതുകൊണ്ടാണ് ഈ വെള്ളത്തിന് ഒരിക്കലും പായൽ പിടിക്കാത്തതും, വറ്റാത്തതും എന്നും പറയപ്പെടുന്നു.

തിരുനെല്ലിയിലെ പിതൃ തർപ്പണത്തിന്റെ  കഥ പറയുമ്പോൾ  തൃശ്ശിലേരിയിൽ ചെയ്യേണ്ടതായ ചില കർമ്മങ്ങളെ കൂടി ചേർത്തു പറയണം

തൃശ്ശിലേരി എന്തുകൊണ്ട് നിർബന്ധം?

തിരുനെല്ലി വിഷ്ണുപാദം ആണെങ്കിൽ, തൃശ്ശിലേരി ശിവന്റെ ശിരസ്സ് ആണെന്നാണ് ഐതിഹ്യം..

പഴയ ഐതിഹ്യമനുസരിച്ച് തിരുനെല്ലിയിൽ വിഷ്ണുവിനൊപ്പം ശിവനും ഉണ്ടായിരുന്നു. പിന്നീട് ശിവൻ  ഏകദേശം   15 – 20 കി.മീ അകലെ നരിനീരങ്ങി മലയ്ക്കപ്പുറം സ്വയംഭൂ ആയി  അതാണ് തൃശ്ശിലേരി. പേര് തന്നെ അർത്ഥമാക്കുന്നത് പുണ്യമായ ശിലകൾ ഉള്ള ഏരി (തടാകം) അല്ലെങ്കിൽ ശിവന്റെ ത്രിശൂലം വീണ ഇടം എന്നാണ്.

തൃശ്ശിലേരിയെ കുറിച്ച് വിശദമായി പറയുമ്പോൾ?

ശിവന്റെ ത്രിശൂലം വീണ ഇടം എന്ന  വ്യാഖ്യാനം ഉണ്ട്, അതുകൂടാതെ അതിന് മറ്റു മൂന്നു വ്യത്യസ്ത പേരുകളും പറഞ്ഞു കേൾക്കുന്നു.

ത്രി – ശില – ഏരി = പുണ്യമായ കല്ലുകൾ ഉള്ള തടാകം
ബ്രഹ്മഗിരി മലയിൽ നിന്ന് ഊറി വരുന്ന ജലം പാറകൾക്കിടയിൽ തടാകമായി നിൽക്കുന്ന സ്ഥലം.

ത്രി – ശൈല – ഏരി = മൂന്ന് മലകൾ ചേരുന്ന ഇടം
ഈ ക്ഷേത്രം മൂന്ന് മലകൾ ചേരുന്ന സംഗമത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് പഴയ ഗ്രന്ഥങ്ങളിൽ പറയുന്നു. അതുകൊണ്ട് ത്രിശൈലേരി – തൃശ്ശിലേരി.

ത്രിശൂല – ഏരി = ശിവന്റെ ത്രിശൂലം വീണ ഇടം

ആ കഥ വാമൊഴിയിലൂടെ കേട്ടത് ഇങ്ങനെ. പരശുരാമൻ തപസ്സ് ചെയ്ത് ശിവനിൽ നിന്ന് ത്രിശൂലം വാങ്ങിയതും, ആ ത്രിശൂലം ഇവിടെ കുത്തി നിർത്തിയതും ഇവിടെയാണ്. അതിൽ നിന്ന് ജലം പൊട്ടി ഒഴുകി, അതാണ് ഇന്നത്തെ ക്ഷേത്രക്കുളം. വേനലിൽ പോലും ആ കുളം വറ്റില്ല.

ക്ഷേത്രത്തിന്റെ യഥാർത്ഥ ചരിത്രം വിലയിരുത്തുമ്പോൾ?

1000 വർഷം പഴക്കം: ചേര രാജാക്കന്മാർ പണിതതാണ് എന്ന് കരുതപ്പെടുന്നു. കേരളത്തിലെ ഏറ്റവും പഴയ ശിവക്ഷേത്രങ്ങളിൽ ഒന്ന്.

പരശുരാമനാൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം   കേരളം സൃഷ്ടിച്ച പരശുരാമൻ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി ശിവനെ പ്രതിഷ്ഠിച്ചതാണ് എന്നാണ് ഐതിഹ്യം.

സ്വയംഭൂ ലിംഗം: മനുഷ്യൻ ഉണ്ടാക്കിയതല്ല, സ്വയം ഉണ്ടായ ശിവലിംഗം. കൂടെ പാർവ്വതി, ഗണപതി, അയ്യപ്പൻ.

ജലദുർഗ്ഗ: ഇതിനകത്ത് ഒരു പ്രത്യേക ക്ഷേത്രമുണ്ട് – വെള്ളത്തിൽ കുടികൊള്ളുന്ന ദുർഗ്ഗ. ഇത് പരശുരാമൻ തന്നെ പ്രതിഷ്ഠിച്ചതാണ്, വെള്ളം ഒരിക്കലും വറ്റാത്ത കുളത്തിൽ.

എന്തുകൊണ്ട് തിരുനെല്ലി അപൂർണ്ണമാകും തൃശ്ശിലേരി ഇല്ലാതെ?

ഇതാണ് ഏറ്റവും പ്രധാനം.

ഐതിഹ്യമനുസരിച്ച്, ഒരുകാലത്ത് തിരുനെല്ലിയിൽ ഹരിഹര സങ്കല്പത്തിൽ വിഷ്ണുവും ശിവനും ഒരുമിച്ച് ഉണ്ടായിരുന്നു. കാലക്രമേണ ഉപാസനാ രീതികളിൽ മാറ്റം വന്നപ്പോൾ, ശിവസാന്നിധ്യം പാപനാശിനി തീരത്തെ തൃശ്ശിലേരിയിലേക്ക് മാറി. അങ്ങനെ തിരുനെല്ലി വിഷ്ണുമയവും തൃശ്ശിലേരി ശിവമയവുമായി. ഇന്നും രണ്ട് ക്ഷേത്രങ്ങളും ഒരേ ആത്മാവിന്റെ രണ്ട് ഭാവങ്ങളായി നിലകൊള്ളുന്നു.

ഇത് വായിക്കുമ്പോൾ ചില സംശയങ്ങൾ ഉണ്ടായേക്കാം. പാപനാശിനി പുഴയുടെ ഉത്ഭവം ബ്രഹ്മഗിരിയിൽ നിന്നല്ലേ ?.

അത് ആദ്യം എത്തുന്നത് തിരുനെല്ലി ക്ഷേത്രത്തിന്റെ തൊട്ടടുത്താണ്. തിരുനെല്ലിയിൽ ബലിയിടുന്നതിന് മുൻപ് എല്ലാവരും പാപനാശിനിയിൽ കുളിക്കണം. അതാണ് പ്രധാന പാപനാശിനി സ്നാനഘട്ടം.

അവിടെ നിന്ന് ഒഴുകി, ഏകദേശം 5 – 6 കിലോമീറ്റർ താഴെ, തൃശ്ശിലേരി ക്ഷേത്രത്തിന്റെ തൊട്ടടുത്തുകൂടിയും അതേ പാപനാശിനി തന്നെ ഒഴുകുന്നു

മറ്റൊരു ഐതിഹ്യം പറയുന്നത് xxx തൃശ്ശിലേരി മുതൽ തിരുനെല്ലി പാപനാശിനി വരെ ശിവന്റെ ശരീരമാണ് എന്നാണ് സങ്കല്പം. തല തൃശ്ശിലേരിയിലും പാദം തിരുനെല്ലി പാപനാശിനിയിലും.

പാദത്തിൽ, വിളക്ക് വെക്കാറില്ല തലയിൽ മാത്രമേ പാടുള്ളൂ. അതുകൊണ്ടാണ് പാപനാശിനിയിൽ വിളക്കില്ലാത്തതും, വിളക്ക് തൃശ്ശിലേരിയിൽ മാത്രം കത്തുന്നതും.

അതിനാൽ ബലിയിടുന്നതിന് മുൻപ് തൃശ്ശിലേരിയിലെത്തി ശിവനെ വണങ്ങി, തലയ്ക്കൽ നെയ്‌വിളക്ക് കത്തിച്ച് അനുവാദം വാങ്ങിയിട്ട് വേണം, പാദത്തിനരികിലെ പാപനാശിനിയിൽ ബലിയിടാൻ.

ആചാരം: ബലി കഴിഞ്ഞവർ തിരിച്ച് തൃശ്ശിലേരിയിൽ കയറരുത് എന്നും നിയമമുണ്ട് – കാരണം അത് അശുഭമാണ് എന്ന് കരുതുന്നു.

തിരുനെല്ലിയെ ചുറ്റിപ്പറ്റി രണ്ട് പ്രധാന ഐതിഹ്യങ്ങളുണ്ട്.

പിണ്ഡപ്പാറയുടെ കഥ  വൈഷ്ണവ പുരാണം അനുസരിച്ച്, വിഷ്ണുവാൽ വധിക്കപ്പെട്ട പാഷാണഭേദി എന്ന അസുരൻ മരണസമയത്ത് ഒരു വരം ചോദിച്ചു – “എന്റെ ശരീരം പിതൃക്കൾക്ക് ബലിയിടാൻ ഉപയോഗിക്കണം.”

വിഷ്ണു അത് സമ്മതിച്ച് അവന്റെ ശരീരത്തെ ഒരു വലിയ പാറയാക്കി മാറ്റി. 

പിണ്ടപ്പാറ പാഷാണ ഭേദിയുടെ കാലായും  ശരീരം – ഗോദാവരിയിലും , തല – ഗയയിലും

അതുകൊണ്ടാണ് തിരുനെല്ലി, ഗോദാവരി, ഗയ എന്നീ മൂന്ന് സ്ഥലങ്ങളിൽ ബലിയിട്ടാലും ഒരേ പുണ്യം ലഭിക്കും എന്ന് പറയുന്നത്.

തൃശ്ശിലേരി – തിരുനെല്ലി ബന്ധം

മറ്റൊരു വിശ്വാസം അനുസരിച്ച്, തൃശ്ശിലേരി മുതൽ തിരുനെല്ലി പാപനാശിനി വരെയുള്ള മുഴുവൻ പ്രദേശവും ശിവന്റെ ശരീരമാണ്.

തല – തൃശ്ശിലേരിയിൽ

പാദം – പാപനാശിനിയിൽ

അതുകൊണ്ടാണ് തിരുനെല്ലിയിൽ ബലിയിടാൻ എത്തുന്നവർ ആദ്യം തൃശ്ശിലേരി മഹാദേവനെ വണങ്ങി അനുവാദം വാങ്ങി, പിന്നീട് പാപനാശിനിയിൽ ചെന്ന് ബലി ഇടുന്നത്.

ചുരുക്കത്തിൽ – ബലിയിടുന്ന കല്ല് അസുരന്റെ കാലും, ബലിയിടുന്ന പ്രദേശം മുഴുവൻ ശിവന്റെ ശരീരവുമാണ്.

അതുകൊണ്ടാണ് ആചാരം:

ബലി പൂർണ്ണമാകാൻ ആദ്യം തൃശ്ശിലേരി മഹാദേവന് നെയ്‌വിളക്ക്, പിന്നെ തിരുനെല്ലിയിൽ പാപനാശിനിയിൽ ബലി. പാപനാശിനിയിൽ വിളക്കില്ല, വിളക്ക് തൃശ്ശിലേരിയിലാണ്.

തിരുനെല്ലിയിൽ പ്രധാന മൂർത്തി മഹാവിഷ്ണു മാത്രമല്ല, ഒരു സമ്പൂർണ്ണ ത്രിമൂർത്തി ക്ഷേത്രമാണിത്.

പ്രധാന ആരാധനാമൂർത്തികൾ:

മഹാവിഷ്ണു (ചതുർഭുജൻ): കിഴക്കോട്ട് ദർശനമായി, ശംഖ്-ചക്രധാരിയായി. ബ്രഹ്മാവ് പ്രതിഷ്ഠിച്ച സ്വയംഭൂ വിഗ്രഹം.

ഗുണ്ണിക ഗുഹാക്ഷേത്രം – പരമശിവൻ: ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്തുള്ള ഗുഹാക്ഷേത്രം. തിരുനെല്ലി ത്രിമൂർത്തി ക്ഷേത്രമാകുന്നത് ഇതുകൊണ്ടാണ്. ബ്രഹ്മാവ് രാത്രിയിൽ ഇവിടെ പൂജ ചെയ്യും എന്നാണ് വിശ്വാസം.

ഉപദേവതകൾ: ഗണപതി, നാഗം, ഹനുമാൻ, ഭദ്രകാളി, തേവാരമൂർത്തി എന്നിവർക്ക് പ്രത്യേകം ശ്രീകോവിലുകൾ ഉണ്ട്

ക്ഷേത്രത്തിന് പുറത്തുള്ള പുണ്യസ്ഥലങ്ങൾ:

പാപനാശിനി: ബ്രഹ്മഗിരിയിൽ നിന്ന് ഉത്ഭവിക്കുന്ന പുഴ. എല്ലാ കർമ്മങ്ങളും ഇവിടെയാണ്.

പിണ്ടപ്പാറ: പാപനാശിനിക്കരയിലെ വിശുദ്ധ പാറ, ഇവിടെയാണ് പിതൃബലി ഇടുന്നത്

പഞ്ചതീർത്ഥം: ക്ഷേത്രക്കുളം, നടുവിൽ വിഷ്ണുവിന്റെ പാദമുദ്രയുള്ള വിഷ്ണുപാദ ശില

ശരിയായ ദർശന ക്രമം

ആളുകൾക്ക് ഏറ്റവും സംശയമുള്ളത് ഈ ക്രമമാണ്. ഈ ക്രമം തെറ്റിയാൽ ബലി പൂർണ്ണമാകില്ല എന്നാണ് വിശ്വാസം.

ക്രമം 1: തൃശ്ശിലേരി – ആദ്യം തൃശ്ശിലേരി മഹാദേവനെ കണ്ട് തലയ്ക്കൽ നെയ്‌വിളക്ക് കത്തിച്ച് അനുവാദം വാങ്ങുക

ക്രമം 2: പാപനാശിനി സ്നാനം  തിരുനെല്ലിയിലെ പാപനാശിനിയിൽ കുളിച്ച് ശുദ്ധി വരുത്തുക

ക്രമം 3: ഗുണ്ണിക ഗുഹാക്ഷേത്രം ശിവദർശനം

ക്രമം 4: പ്രധാന ക്ഷേത്രം – മഹാവിഷ്ണുവിന്റെ ദർശനം, ഗണപതി, നാഗർ എന്നിവരുടെ ദർശനം

തിരുനെല്ലിയിൽ തർപ്പണം നടത്താൻ എത്തുന്ന വിശ്വാസികൾ ക്ഷേത്രത്തിലെത്തി ഒരു തർപ്പണത്തിനുള്ള ചീട്ട് മുറിച്ച് ക്ഷേത്രത്തിനു മുൻപിൽ വച്ച് പൂജാരി ചൊല്ലിത്തരുന്ന പ്രതിജ്ഞ ഏറ്റുചൊല്ലി വേണം ബലിതർപ്പണം നടത്താൻ.

തിരുനെല്ലിയിലെ ആ പ്രതിജ്ഞയാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം. അതിനെ “സങ്കല്പം” എന്നാണ് പറയുന്നത്.

നിങ്ങൾ ചീട്ട് മുറിച്ച ശേഷം വൈകുന്നേരം ദീപാരാധന കഴിഞ്ഞ് എല്ലാവരും പോയ ശേഷം, ബലി ചെയ്യാൻ വന്നവരെ മാത്രം പൂജാരി ക്ഷേത്രത്തിന് മുന്നിൽ നിർത്തും. അപ്പോൾ പൂജാരി പറയുന്ന മന്ത്രം ഏറ്റുചൊല്ലണം.

സംസ്കൃതത്തിൽ പൂജാരി ഇങ്ങനെ ചൊല്ലിക്കും:

“മമ വംശേ പിതൃ പിതാമഹ പ്രപിതാമഹാനാം, മാതൃ മാതാമഹീ പ്രപിതാമഹീനാം, സർവേഷാം പിതൃണാം അക്ഷയ സ്വർഗ്ഗ പ്രാപ്ത്യർത്ഥം, പാപനാശിനീ തീർത്ഥേ ശ്രാദ്ധം അഹം കരിഷ്യേ”

അതിന്റെ അർത്ഥം ഇതാണ്:

“എന്റെ വംശത്തിൽ, അറിഞ്ഞും അറിയാതെയും മരിച്ചുപോയ, എന്റെ അച്ഛൻ, അമ്മ, മുത്തച്ഛൻ, മുത്തശ്ശി തുടങ്ങി ഏഴ് തലമുറയിലെ പിതൃക്കൾക്കും, ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും മോക്ഷം കിട്ടാൻ വേണ്ടി ഞാൻ നാളെ പാപനാശിനിയിൽ ബലി തർപ്പണം ചെയ്യാൻ തീരുമാനിക്കുന്നു. അതിന് ഭഗവാൻ അനുഗ്രഹിക്കണമേ.”

ഇത് ചൊല്ലി കഴിഞ്ഞ് ക്ഷേത്രത്തിന് മുന്നിൽ സാഷ്ടാംഗം നമസ്കരിക്കണം. ദണ്ഡനമസ്കാരം എന്നാണ് അതിന് പറയുക.

ഇത് കഴിഞ്ഞാൽ അന്ന് രാത്രി അരി ഭക്ഷണം കഴിക്കരുത്, ക്ഷേത്രത്തിൽ നിന്ന് തരുന്ന പഴംകഞ്ഞിയോ മറ്റ് പ്രസാദമോ മാത്രം. പിറ്റേന്ന് രാവിലെ 5 മണിക്ക് എഴുന്നേറ്റ് പാപനാശിനിയിൽ പോയി ബലി ചെയ്യണം.

ഈ പ്രതിജ്ഞ ചെയ്യാതെ നേരെ പാപനാശിനിയിൽ പോയി ബലി ചെയ്താൽ ഫലം കിട്ടില്ല എന്നാണ് വിശ്വാസം.

ക്രമം 5: പഞ്ചതീർത്ഥം – വിഷ്ണുപാദ ദർശനം

ക്രമം 6: പിണ്ണപ്പാറയിൽ ബലി അവസാനം പിതൃക്കൾക്ക് ബലിയിടുക

ഇതാണ് ജീവിതം മുതൽ മരണാനന്തര ജീവിതം വരെയുള്ള എല്ലാ കർമ്മങ്ങളും ചെയ്യാൻ പറ്റുന്ന ഏക ക്ഷേത്രം എന്ന് തിരുനെല്ലിയെ വിളിക്കാൻ കാരണം.

മൂന്ന് ക്ഷേത്രങ്ങളെ ഒന്നിപ്പിക്കുന്ന സൂത്രം:

തിരുനെല്ലി മനുഷ്യനായി പിതാവിന് ബലിയിട്ട രാമന്റെ ധർമ്മം കാണിക്കുന്നു.
തൃശ്ശിലേരി ആ ധർമ്മം പൂർണ്ണമാക്കാൻ വേണ്ട ശിവാനുഗ്രഹം കാണിക്കുന്നു.
തിരുനാവായ ആ രാമന്റെ രക്തം തന്നെ വിഷ്ണുവായി മാറിയ വംശത്തിന്റെ തുടർച്ച കാണിക്കുന്നു.

അതുകൊണ്ടാണ് കേരളത്തിലെ വിശ്വാസികൾ കർക്കിടക നാലമ്പല ദർശനം കഴിഞ്ഞ് തിരുനാവായിലും തിരുനെല്ലിയിലും എത്തി യാത്ര പൂർത്തിയാക്കുന്നത്.

പഴശ്ശി രാജാവുമായി ബന്ധപ്പെട്ട തിരുനെല്ലി ക്ഷേത്രത്തിൻറെ ചില കഥകൾ കേട്ടിരുന്നു, അത് പഴശ്ശിരാജാവിന്റെ കാലത്തെ തിരുനെല്ലിയുടെ ഏറ്റവും രസകരമായ ചരിത്രമായി വിലയിരുത്തപ്പെടുന്നു.

പഴശ്ശിയുടെ കാലത്തെ തിരുനെല്ലി

പഴശ്ശിരാജാവിന്റെ ജീവിതം 3 യുദ്ധങ്ങളായിരുന്നു – ഹൈദരാലിയോട് (1773 – 1782), ടിപ്പു സുൽത്താനോട് (1784 – 1793), പിന്നെ ബ്രിട്ടീഷുകാരോട്. ഈ മൂന്ന് യുദ്ധങ്ങളുടെയും കേന്ദ്രമായിരുന്നു വയനാട് – തിരുനെല്ലി – ബ്രഹ്മഗിരി കാടുകൾ.

പണ്ട് തിരുനെല്ലിയിൽ ഇന്നത്തെ പോലെ ഒരു ചെറിയ പൂജ മാത്രമല്ല. വലിയ ഉത്സവവും എഴുന്നള്ളത്തും ഉണ്ടായിരുന്നു. കൂർഗ് രാജാവും കോട്ടയം രാജാക്കന്മാരും (പഴശ്ശിയുടെ വംശം) ചേർന്നാണ് ഉത്സവം നടത്തിയിരുന്നത്. വിഗ്രഹം ആനപ്പുറത്ത് ബ്രഹ്മഗിരി ചുറ്റി എഴുന്നള്ളിക്കും.

പഴശ്ശിരാജാവിന്റെ കാലത്ത് ഈ എഴുന്നള്ളത്ത് ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടി ആയിരുന്നു. “ഈ കാട് എന്റേതാണ്” എന്ന് മൈസൂർ പടയ്ക്ക് കാണിക്കാൻ.

1780 കളിൽ ടിപ്പു സുൽത്താൻ മലബാർ മുഴുവൻ കീഴടക്കി. അമ്പലങ്ങൾ തകർക്കുക എന്നതായിരുന്നു അയാളുടെ നയം. തിരുനെല്ലിയും തൃശ്ശിലേരിയും ടിപ്പുവിന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നു.

ടിപ്പുവിന്റെ പട്ടാളം തിരുനെല്ലിയിലേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ പഴശ്ശിരാജാവ് കാട്ടിലെ കുറിച്യരെയും കുറുമ്പരെയും വെച്ച് ഗറില്ലാ യുദ്ധം തുടങ്ങി. ബ്രഹ്മഗിരി കാട്ടിൽ വെച്ച് അവരെ തടഞ്ഞു.

ഐതിഹ്യം പറഞ്ഞു കേട്ടത് – ടിപ്പുവിന്റെ പട തിരുനെല്ലിയുടെ ഗോപുരം തകർക്കാൻ ശ്രമിച്ചപ്പോൾ കാട്ടിൽ നിന്ന് തേനീച്ചകൾ കൂട്ടമായി വന്ന് അവരെ ആക്രമിച്ചു എന്നാണ്. അവർക്ക് പിൻവാങ്ങേണ്ടി വന്നു. അതുകൊണ്ടാണ് ഇന്നും തിരുനെല്ലി തകർക്കപ്പെടാതെ നിൽക്കുന്നത്.

1793 ന് ശേഷം ബ്രിട്ടീഷുകാരും പഴശ്ശിയും തെറ്റി. പഴശ്ശിരാജാവ് ബ്രഹ്മഗിരി കാട്ടിൽ ഒളിവിൽ കഴിഞ്ഞ 10 വർഷക്കാലം തിരുനെല്ലി ക്ഷേത്രം ആയിരുന്നു അദ്ദേഹത്തിന്റെ രഹസ്യ താവളം.

ക്ഷേത്രത്തിന് ചുറ്റുമുള്ള രണ്ട് പഴയ ഗ്രാമങ്ങളുടെ അവശിഷ്ടങ്ങൾ ഇന്നും കാട്ടിൽ കാണാം. അവ പഴശ്ശിയുടെ പടയാളികളുടെ താവളങ്ങളായിരുന്നു.

പഴശ്ശിക്ക് വേണ്ടി വെള്ളം കൊണ്ടുവന്ന ആ കൽച്ചാലിന്റെ കാവൽക്കാരായിരുന്നു കുറിച്യർ.

ബ്രിട്ടീഷുകാർ വയനാട് പിടിച്ച ശേഷം ക്ഷേത്രത്തിന്റെ സ്വത്ത് മുഴുവൻ കണ്ടുകെട്ടി. കൂർഗ് രാജാവിന്റെ സഹായം നിന്നു. പിന്നെ വെള്ളാട്ടിരി രാജാവും. അതോടെ ഉത്സവം നിന്നു.

ഇപ്പോൾ 5 പൂജ മാത്രമേ ഉള്ളൂ. ആറാമത്തെ പൂജ ബ്രഹ്മാവ് നടത്തും എന്ന വിശ്വാസത്തിൽ പൂജാരി സാധനങ്ങൾ വെച്ച് നട അടയ്ക്കും.

Disclaimer: ചരിത്രപരമായ കുറെ കഥകൾ തിരുനെല്ലിയെപ്പറ്റി പറഞ്ഞ സ്ഥിതിക്ക്, ആധുനിക ചരിത്രവുമായി ബന്ധപ്പെട്ട് ഇതുകൂടി പറഞ്ഞില്ലെങ്കിൽ തിരുനെല്ലിയുടെ ചരിത്രം പൂർണമാകില്ല എന്നതുകൊണ്ട് മാത്രമാണ് ഈ ഭാഗം ചേർക്കുന്നത്. ഇത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തെ അനുകൂലിക്കാനോ എതിർക്കാനോ അല്ല. പത്ര റിപ്പോർട്ടുകളിലും കോടതി രേഖകളിലും ലഭ്യമായ പൊതുവിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചരിത്ര കുറിപ്പ് മാത്രമാണിത്.

വയനാട് എന്ന് കേൾക്കുമ്പോൾ കാടും മഞ്ഞും മാത്രമല്ല, കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ തുടക്കം കൂടിയാണ് ഓർമ്മ വരേണ്ടത്. അതിന്റെ കേന്ദ്രം തിരുനെല്ലി – തൃശ്ശിലേരി കാടുകളായിരുന്നു.

1960 കളുടെ അവസാനം. വയനാട്ടിലെ ആദിവാസികൾ കടുത്ത ജന്മി ചൂഷണത്തിലായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് നിന്നുള്ള അധ്യാപകൻ അരീക്കൽ വർഗീസ് തന്റെ സുഹൃത്തുക്കളായ കെ. അജിത, ഗ്രോ വാസു തുടങ്ങിയവർക്കൊപ്പം വയനാട്ടിലെത്തുന്നത്.

1968 ലെ നക്സൽബാരി മുന്നേറ്റത്തിന്റെ സ്വാധീനത്തിൽ അവർ ജന്മിത്തത്തിനെതിരെ സമരം തുടങ്ങി.

ഈ സമരത്തിന്റെ ഒരു പ്രധാന സംഭവം നടന്നത് തൃശ്ശിലേരിയിലാണ്. 1970 ൽ തൃശ്ശിലേരി മേഖലയിലെ ഒരു ജന്മിയെയും, പൊലീസിന്റെ വിവരദാതാവായി സംശയിച്ച ഒരാളെയും സംഘം ആക്രമിച്ചു എന്ന് പൊലീസ് റിപ്പോർട്ടുകളിൽ പറയുന്നു. ഇതോടെ പൊലീസ് അടിച്ചമർത്തൽ ശക്തമായി. വർഗീസും സംഘവും തിരുനെല്ലി കാട്ടിലേക്ക് പിൻവാങ്ങി.

1970 ഫെബ്രുവരി 18 ന് തിരുനെല്ലിക്കടുത്തുള്ള കൂമ്പാറക്കുനി വനത്തിൽ വെച്ച് വർഗീസ് പൊലീസ് പിടിയിലായി. പിറ്റേന്ന് “ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു” എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

എന്നാൽ 28 വർഷങ്ങൾക്ക് ശേഷം, 1998 ൽ ഈ സംഭവത്തിൽ നേരിട്ട് പങ്കുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ പി. രാമചന്ദ്രൻ നായർ തന്നെ ഒരു മാസികയിലൂടെ വെളിപ്പെടുത്തൽ നടത്തി  അതൊരു ഏറ്റുമുട്ടലായിരുന്നില്ല, മറിച്ച് കീഴടങ്ങിയ ആളെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന്.

ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം നടക്കുകയും, 2010 ഒക്ടോബർ 28 ന് പ്രത്യേക സി.ബി.ഐ കോടതി ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തി വിധി പ്രസ്താവിക്കുകയും ചെയ്തു. കേരള ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ വിധികളിൽ ഒന്നായിരുന്നു അത്.

അന്ന് തിരുനെല്ലിയിലെ മൺചുവരുകളിൽ ആളുകൾ എഴുതിയ ഒരു വരി ഇന്നും ഓർമ്മിക്കപ്പെടുന്നു:

“ഇന്ന് രാത്രി തിരുനെല്ലിക്ക് മുകളിൽ രണ്ട് നക്ഷത്രങ്ങൾ ഉദിക്കും, അവ ഒരിക്കൽ വർഗീസിന്റെ കണ്ണുകളായിരുന്നു.”

ഇന്ന് തിരുനെല്ലി കാടുകൾ ശാന്തമാണ്. ബ്രഹ്മാവ് തൊട്ട് പഴശ്ശിരാജാവ് വരെയും, പഴശ്ശിയിൽ നിന്ന് വർഗീസ് വരെയും എത്രയോ ചരിത്രങ്ങൾ ഈ മണ്ണിൽ ഉറങ്ങുന്നു. അതുകൊണ്ടാണ് തിരുനെല്ലി വെറുമൊരു ക്ഷേത്രമല്ല, കേരള ചരിത്രത്തിന്റെ തന്നെ നേർരേഖയാകുന്നത്.

അന്ന് ജന്മിമാർ, ഇന്ന് കച്ചവടക്കാർ – ഒരു ചെറിയ ഓർമ്മപ്പെടുത്തൽ

അന്ന് ജന്മിമാർ ജനങ്ങളെ ചൂഷണം ചെയ്തിരുന്നു എന്ന് നമ്മൾ പറഞ്ഞു. ആ ജന്മിത്തം ഒക്കെ അവസാനിച്ചു.

പക്ഷെ ഒരു കാര്യം സത്യസന്ധമായി പറയട്ടെ – എന്റെ നേരിട്ടുള്ള അനുഭവത്തിൽ നിന്ന്.

ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകരെ അവിടങ്ങളിലെ ചില കച്ചവടക്കാർ ഇന്നും ചൂഷണം ചെയ്യുന്നില്ലേ?

പ്രധാനമായും കാട്ടിൽ നിന്ന് കിട്ടുന്ന കാട്ടുതേൻ, കുന്തിരിക്കം, പച്ചമരുന്നുകൾ എന്നൊക്കെ പറഞ്ഞ് കൃത്രിമമായി ഉണ്ടാക്കുന്ന സാധനങ്ങൾ ഉയർന്ന വിലയ്ക്ക് തീർത്ഥാടകർക്ക് നൽകി വഞ്ചിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

“ശുദ്ധമായ കാട്ടുതേൻ” എന്ന് പറഞ്ഞ് പഞ്ചസാര ലായനി കുപ്പിയിലാക്കി വിൽക്കുന്ന തട്ടിപ്പ് ഇവിടെ സാധാരണമാണ്.

അതുകൊണ്ട് ഇവിടെ വരുന്ന തീർത്ഥാടകരോട് ഒരു അപേക്ഷ:

റോഡരികിലെ കച്ചവടക്കാരിൽ നിന്ന് തേനും മരുന്നുകളും വാങ്ങുമ്പോൾ 100% വിശ്വസിക്കരുത്.

ദേവസ്വം ബോർഡിന്റെ അംഗീകൃത സ്റ്റാളുകളിൽ നിന്നോ, വനം വകുപ്പിന്റെ വനശ്രീ സ്റ്റോറിൽ നിന്നോ മാത്രം ഇത്തരം സാധനങ്ങൾ വാങ്ങുക.

വില കൂടുതലാണെങ്കിലും, അത് യഥാർത്ഥ ആദിവാസികൾക്ക് തന്നെ എത്തും.

തിരുനെല്ലിയിൽ പാപം കഴുകാൻ വരുന്നവർ, ഇത്തരം ചെറിയ ചതികളിൽ വീണ് മനസ്സ് കലക്കി മടങ്ങരുത്.

ഈ ഓർമ്മപ്പെടുത്തലോടെ തിരുനെല്ലി ലേഖനം ഇവിടെ അവസാനിപ്പിക്കുന്നു.

തിരുനാവായ – രാമവംശം പ്രതിഷ്ഠിച്ച നവമുകുന്ദൻ 

അധ്യായം : തിരുനാവായ – രാമവംശം പ്രതിഷ്ഠിച്ച നവമുകുന്ദൻ

ഭാരതപ്പുഴയുടെ തീരത്ത് നിൽക്കുമ്പോൾ എനിക്ക് തോന്നിയത്, ഞാൻ ഒരു പുഴയുടെ തീരത്തല്ല, ചരിത്രത്തിന്റെ തീരത്ത് നിൽക്കുകയാണ് എന്നാണ്.

ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോഴും മാമാങ്കം ഇവിടെ അരങ്ങേറി – ചാവേർമാർ സ്വന്തം ചോര കൊണ്ട് എഴുതിച്ചേർത്ത വീരത്തിന്റെ ചുവന്ന അധ്യായം.

അതേ മണ്ണിൽ, അതേ പുഴയുടെ തന്നെ തീരത്ത്, അതിന് ആയിരം വർഷം മുൻപ് മറ്റൊരു കഥയും പിറന്നു.

അയോധ്യയിലെ രാജാവായിരുന്ന ഋഷഭന് ഒൻപത് മക്കൾ.
രാമൻ ജനിക്കുന്നതിന് എത്രയോ കാലം മുൻപ്, രാമവംശത്തിന്റെ ആദിപുരുഷന്മാരായ ആ ഒൻപത് യോഗികൾ – നവയോഗികൾ – ഗണ്ഡകി നദിയിൽ നിന്ന് ഒൻപത് സാളഗ്രാമങ്ങൾ നെഞ്ചോട് ചേർത്ത് ഭാരതം മുഴുവൻ നടന്നു.

ഒടുവിൽ അവർ വന്നു നിന്നത് ഇവിടെയാണ്, തിരുനാവായിൽ.

മനുഷ്യന് പൂർണ്ണമായി മനസ്സിലാക്കാൻ പറ്റാത്ത ദൈവത്തിന്റെ ആഴത്തിന്റെ പ്രതീകമായി ആ മൂർത്തി ഇന്നും അവിടെ നിൽക്കുന്നു.

തിരുനാവായ നവമുകുന്ദൻ – രാമായണത്തിന്റെ വംശ തുടർച്ച

ഇത് വെറുമൊരു വിഷ്ണുക്ഷേത്രമല്ല. 108 ദിവ്യദേശങ്ങളിൽ ഒന്നാണ്. ഭാരതപ്പുഴ ഗംഗയ്ക്ക് തുല്യമായി കണക്കാക്കപ്പെടുന്നു. ബ്രഹ്മാവ്, വിഷ്ണു, ശിവൻ മൂവരും ഒരേ പുഴയുടെ തീരത്ത് ഉള്ള ത്രിമൂർത്തി സംഗമമാണ് ഇവിടം. അതുകൊണ്ട് തിരുനെല്ലി പോലെ തിരുനാവായും പിതൃമോക്ഷത്തിന് തുല്യ പുണ്യമാണ്.

രാമായണ കഥ അവസാനിക്കുന്നത് ശ്രീരാമ പട്ടാഭിഷേകത്തിൽ അല്ല. രാമന്റെ വംശം അതിനു ശേഷവും തുടർന്നു.

നവയോഗികളുടെ കഥ:

രാമന്റെ പിൻതലമുറയിൽ ജനിച്ച രാജാവാണ് ഋഷഭൻ. അദ്ദേഹത്തിന് 9 മക്കളുണ്ടായിരുന്നു – കവി, ഹരി, അന്തരീക്ഷൻ, പ്രബുദ്ധൻ, പിപ്പലായനൻ, അവിർഹോത്രൻ, ദ്രുമിളൻ, ചമസൻ, കരഭാജനൻ. ഒൻപതു പേരും തീവ്ര വിഷ്ണു ഭക്തരായിരുന്നു.

അവർ ഉത്തരേന്ത്യയിലെ ഗണ്ഡകി നദിയിൽ നിന്ന് 9 പുണ്യ ശാലഗ്രാമ ശിലകൾ എടുത്തു. ആ ശിലകൾ എവിടെ പ്രതിഷ്ഠിച്ചാലും ഭൂമി അതിനെ സ്വീകരിക്കും, അവിടെ വിഷ്ണു സാന്നിധ്യം ഉണ്ടാകും എന്ന് വിശ്വാസം.

തെക്കോട്ട് യാത്ര ചെയ്ത് അവർ ഭാരതപ്പുഴയുടെ തീരത്ത് എത്തി. ആൽമരങ്ങളുടെ തണലും നദിയുടെ ശാന്തതയും കണ്ട് ഇതാണ് തങ്ങൾ തേടിയ സ്ഥലം എന്ന് അവർക്ക് തോന്നി.

ആദ്യത്തെ 8 സഹോദരന്മാർ ഓരോ ശാലഗ്രാമങ്ങൾ പ്രതിഷ്ഠിച്ചു, പക്ഷെ ഓരോന്നും ഭൂമിയിലേക്ക് താഴ്ന്നു പോയി.

ഒടുവിൽ ഇളയ സഹോദരൻ കരഭാജനൻ തന്റെ ശാലഗ്രാമം പ്രതിഷ്ഠിക്കുമ്പോൾ അതും താഴാൻ തുടങ്ങി. അദ്ദേഹം അതിനെ മുറുകെ പിടിച്ച് വിഷ്ണുവിനോട് പ്രാർത്ഥിച്ചു. ശില പകുതി താഴ്ന്ന് നിന്നു – മുട്ടറ്റം വരെ മാത്രം.

ആ വിഗ്രഹമാണ് ഇന്ന് നമ്മൾ കാണുന്ന നവമുകുന്ദൻ. 9 പേർ (നവ) ചേർന്ന് പ്രതിഷ്ഠിച്ച മുകുന്ദൻ. സ്ഥലം തിരു – നവ – യോഗികൾ പ്രതിഷ്ഠിച്ച സ്ഥലം, തിരുനാവായ. ഇന്നും വിഗ്രഹത്തിന്റെ കാൽഭാഗം ഭൂമിക്കടിയിലാണ്.

ലക്ഷ്മി ദേവിക്ക് മാത്രമായുള്ള ശ്രീകോവിൽ കാണാം ഇവിടെ.

കേരളത്തിലെ ഒരു വിഷ്ണു ക്ഷേത്രത്തിലും ലക്ഷ്മി ദേവിക്ക് സ്വന്തമായി പ്രത്യേകം ശ്രീകോവിൽ ഇല്ല. തിരുനാവായയിൽ മാത്രമേയുള്ളൂ. “തനിക്കോവിൽ നാച്ചിയാർ” എന്നാണ് വിളിക്കുന്നത്.

ഐതിഹ്യം: ഒരിക്കൽ ലക്ഷ്മി ദേവി വിഷ്ണുവിനോട് പിണങ്ങി ഗർഭഗൃഹത്തിൽ നിന്ന് ഇറങ്ങി തെക്കു – പടിഞ്ഞാറ് മൂലയിൽ വന്നിരുന്നു. പിണക്കം മാറിയെങ്കിലും ദേവി പറഞ്ഞു, “ഞാൻ ഇവിടെ തന്നെ ഇരിക്കാം. എന്നെ പ്രത്യേകം തേടി വരുന്നവർക്ക് ഞാൻ ഐശ്വര്യം കൊടുക്കാം.”

അതുകൊണ്ട് തിരുനാവായയിൽ വിഷ്ണുവിനെ തൊഴുതിട്ട്, ദേവിയെ തനിച്ച് പോയി തൊഴണം. അല്ലെങ്കിൽ തൊഴുതത് പൂർണ്ണമാവില്ല. ഇവിടെ വെറ്റിലമാല സമർപ്പിച്ചാൽ കുടുംബത്തിൽ ഐക്യവും ഐശ്വര്യവും ഉണ്ടാകും എന്നാണ് വിശ്വാസം.

ഗജേന്ദ്ര മോക്ഷം നടന്ന മണ്ണ്

ഭാഗവതത്തിലെ ഏറ്റവും മനോഹരമായ കഥ ഇവിടെ നടന്നു എന്നാണ് വിശ്വാസം.

ഇന്ദ്രദ്യുമ്നൻ എന്ന രാജാവ് അഹങ്കാരം കൊണ്ട് ഗജേന്ദ്രൻ എന്ന ആനയായി ജനിച്ചു. ഒരിക്കൽ ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഹൂഹൂ എന്ന ഗന്ധർവ്വൻ ശാപം കൊണ്ട് മുതലയായവൻ ഗജേന്ദ്രന്റെ കാലിൽ കടിച്ചു പിടിച്ചു.

ആന വർഷങ്ങളോളം പിടഞ്ഞു. ഒടുവിൽ തുമ്പിക്കൈയിൽ ഒരു താമരപ്പൂവെടുത്ത് “ആദിമൂലമേ” എന്ന് വിഷ്ണുവിനെ വിളിച്ചു. വിഷ്ണു ഓടി വന്ന് സുദർശന ചക്രം കൊണ്ട് മുതലയെ കൊന്ന് ഗജേന്ദ്രന് മോക്ഷം കൊടുത്തു.

അതുകൊണ്ടാണ് നവമുകുന്ദൻ വെറും വിഷ്ണു അല്ല, “മുക്തി തരുന്ന മുകുന്ദൻ” ആണ്. ജീവിതത്തിൽ നമ്മളെ പിടിച്ചു വലിക്കുന്ന മുതലകളിൽ നിന്ന് – കടം, രോഗം, ദുഃഖം – മോക്ഷം തരുന്നവൻ.

മാമാങ്കം – തിരുനാവായയുടെ രക്ത ചരിത്രം

12 വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മഹാ മഹോത്സവമാണ് മാമാങ്കം. കേരളത്തിന്റെ ഏറ്റവും വലിയ വ്യാപാര മേളയും രാഷ്ട്രീയ അധികാര പ്രഖ്യാപനവും ആയിരുന്നു അത്.

ചേര ചക്രവർത്തിമാർ ഇവിടെ വെച്ച് അധികാരം ഒഴിയുമായിരുന്നു. പിന്നീട് ഇത് യുദ്ധമായി. വള്ളുവനാട്ടിലെ ചാവേർമാർ സാമൂതിരിയെ വധിക്കാൻ ജീവൻ കൊടുത്ത മണ്ണാണിത്. അവസാനമായി ചേരമാൻ പെരുമാൾ രാമവർമ്മ കുലശേഖരൻ മാമാങ്കം നടത്തിയത് ഇവിടെ വെച്ചാണ്.

അതുകൊണ്ട് തിരുനാവായ വെറും ക്ഷേത്രമല്ല, കേരള ചരിത്രത്തിന്റെ തിരുമുറ്റമാണ്.

രാമേശ്വരത്ത് രാമൻ ശിവനെ പൂജിച്ചെങ്കിൽ,
തിരുനെല്ലിയിൽ രാമൻ പിതാവിനെ പൂജിച്ചെങ്കിൽ,
തിരുനാവായയിൽ രാമന്റെ പൂർവ്വികർ വിഷ്ണുവിനെ പ്രതിഷ്ഠിച്ചു.

ഇതാണ് എന്റെ യാത്രയുടെ കണ്ണി.
രാമേശ്വരത്തിൽ നിന്ന് തുടങ്ങി   ഭാരതപ്പുഴയിൽ വന്നു ചേരുന്ന ഒരു രാമബന്ധം.

തിരുനെല്ലി രാമൻ നേരിട്ട് വന്ന് ബലിയിട്ട സ്ഥലമാണെങ്കിൽ, തിരുനാവായ രാമന്റെ വംശം പ്രതിഷ്ഠിച്ച സ്ഥലമാണ്. 

പിതൃമോക്ഷം: ഭാരതപ്പുഴ ഗംഗയ്ക്ക് തുല്യമാണ്. ഇവിടെ ബലിയിട്ടാൽ കാശിയിൽ ബലിയിട്ടതിന് തുല്യമാണെന്ന് വിശ്വസിക്കുന്നു. കർക്കിടക വാവിന് ആയിരങ്ങൾ ഇവിടെ എത്തുന്നു.

പുനർജന്മം ഇല്ലാതാക്കുന്ന ക്ഷേത്രം: നവമുകുന്ദനെ തൊഴുതാൽ പുനർജന്മം ഉണ്ടാകില്ല, മോക്ഷം കിട്ടും എന്നാണ് വിശ്വാസം.

തിരുനാവായ കഥ എന്ന് പറയുന്നത് രാമന്റെ രക്തം, ഭക്തിയായി മാറി ശിലയായി നിന്ന കഥയാണ്.

ഇനി പറയുന്നത് തിരുനാവായ നിളാ നദിയിൽ ചോര കലർന്ന കഥയാണ്    –

ഒടുവിൽ അവർ വന്നു നിന്നത് ഇവിടെയാണ്, തിരുനാവായിൽ.

ഭാരതപ്പുഴ ദക്ഷിണ ഗംഗയായി ഒഴുകുന്ന തീരത്ത്, പന്ത്രണ്ടു വർഷം കൂടുമ്പോൾ ഒരു മഹാമേള നടന്നിരുന്നു – മാമാങ്കം.

ഇത് വെറും ഒരു ഉത്സവമായിരുന്നില്ല. അധികാരത്തിന്റെ ചൂതുകളിയായിരുന്നു.

ഒരു വശത്ത് ജന്മാവകാശിയായ വള്ളുവനാട് രാജാവ്. മറുവശത്ത് ആ മേള പിടിച്ചടക്കി കേരളാധിപത്യം സ്വപ്നം കണ്ട സാമൂതിരി.

സാമൂതിരി പടയുമായി പുഴ കടന്നു വരുമ്പോൾ, വള്ളുവനാട് രാജാവ് തന്റെ പ്രിയപ്പെട്ട യോദ്ധാക്കളെ അയക്കും – ചാവേർമാർ.

ചാവേർ എന്നാൽ മരണം ഉറപ്പിച്ചവൻ. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് താലി മുറിച്ചു കൊടുത്ത്, സ്വത്ത് പങ്കുവെച്ച്, മരണത്തിനൊരുങ്ങിയാണ് അവർ ഇറങ്ങുന്നത്. അവരുടെ ലക്ഷ്യം ഒന്നേയുള്ളൂ – സാമൂതിരിയെ കൊല്ലുക, അല്ലെങ്കിൽ ആ മണൽപ്പുറത്ത് വീരമൃത്യു വരിക്കുക.

നിലാവുള്ള രാത്രിയിൽ, പതിനായിരങ്ങൾ നോക്കി നിൽക്കെ, അവർ സാമൂതിരിയുടെ വളയത്തിലേക്ക് ചാടി വീഴും. അന്ന് ഭാരതപ്പുഴ ചോരയിൽ ചുവക്കും.

അങ്ങനെ, കുംഭമേള പോലെ പവിത്രമായി തുടങ്ങിയ മാമാങ്കം, നാനൂറ് വർഷം കൊണ്ട് ചോര കൊണ്ട് എഴുതിയ വീരചരിത്രമായി മാറി. 1755 ൽ അവസാനത്തെ മാമാങ്കം നടന്നു. അതോടെ ആ അധ്യായം അവസാനിച്ചു എന്ന് നമ്മൾ കരുതി.

പക്ഷെ ചരിത്രം തിരിച്ചു വന്നു.

270 വർഷങ്ങൾക്ക് ശേഷം, 2025 ൽ തിരുനാവായയിൽ വീണ്ടും മണിയൊച്ച മുഴങ്ങി.

പഴയ മാമാങ്കത്തിന്റെ ഓർമ്മ പുതുക്കി, മഹാമാഘ മഹോത്സവം എന്ന പേരിൽ കേരളത്തിന്റെ ആദ്യത്തെ കുംഭമേള ഇവിടെ നടന്നു.

2025 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ, 19 ദിവസം. നവമുകുന്ദ ക്ഷേത്രത്തിന്റെ കടവിൽ, കാശിയിൽ നിന്നെത്തിയ പൂജാരിമാർ ഗംഗാ ആരതി പോലെ നിലാ ആരതി നടത്തി. നാഗാ സാധുക്കൾ ഭാരതപ്പുഴയിൽ അമൃത സ്നാനം ചെയ്തു. 100 വർഷത്തിനു ശേഷം കാലചക്ര ബലി വീണ്ടും നടന്നു. 20 ലക്ഷത്തിലധികം ഭക്തർ ആ പുണ്യതീരത്ത് ഒത്തുകൂടി.

പുതിയ കഥ തുടങ്ങി.

വാളിന്റെ മൂർച്ചയിൽ അല്ല, മന്ത്രത്തിന്റെ മൃദുലതയിൽ. മരണത്തിന്റെ ആർപ്പുവിളിയിൽ അല്ല, മാനവികതയുടെ പ്രാർത്ഥനയിൽ.

2025 -ൽ ഈ മണ്ണ് കണ്ടത് മറ്റൊന്നാണ്.

ഇത് മരണത്തിന്റെ മാമാങ്കം ആയിരുന്നില്ല. ചോരയുടെ മേള ആയിരുന്നില്ല.

ഇത് ലോകസമാധാനത്തിന്റെ മാമാങ്കമായിരുന്നു.

മനുഷ്യനിൽ മാനവികതയുടെ വിത്ത് വിതറുന്ന മാമാങ്കം.
ഭക്തിയുടെ, സ്നേഹത്തിന്റെ വിത്ത് വിതറുന്ന മാമാങ്കം.

പണ്ട് സാമൂതിരിയും വള്ളുവനാടും തമ്മിൽ പുഴ പങ്കിട്ടിരുന്നെങ്കിൽ, ഇന്ന് ഇവിടെ സർവ്വമതങ്ങളും ഒന്നിച്ച് പുഴ പങ്കിട്ടു.

ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ – ജാതിയില്ല, മതമില്ല. എല്ലാവരും ഭാരതപ്പുഴയുടെ മക്കളായി ആ കടവിൽ നിന്നു.

കാശിയിൽ നിന്ന് വന്ന പൂജാരി ഗംഗാ ആരതി പോലെ നിലാ ആരതി നടത്തുമ്പോൾ, നാഗാ സാധു പുഴയിൽ അമൃത സ്നാനം ചെയ്യുമ്പോൾ, ആ കടവിൽ ഒരു പുതിയ മന്ത്രം മുഴങ്ങുന്നുണ്ടായിരുന്നു – സർവ്വമത സംഗമം.

അതാണ് നവമത കുംഭമേള.

പഴയ മാമാങ്കം ചോര കൊണ്ട് ചരിത്രം എഴുതിയെങ്കിൽ, പുതിയ മഹാമാഘ മഹോത്സവം പൂക്കൾ കൊണ്ട് ഭാവി എഴുതുകയാണ്.

ഭാരതപ്പുഴ ഇപ്പോഴും ഒഴുകുന്നു. പണ്ട് ചോരയുമായി ഒഴുകിയ പുഴ, ഇന്ന് പൂക്കളുമായി ഒഴുകുന്നു.

പഴയ മാമാങ്കത്തിന്റെ ശരീരത്തിൽ, പുതിയ കുംഭമേളയുടെ ആത്മാവ് വന്നു ചേർന്നതായിരുന്നു അത്.

ഇവിടെയാണ് നാം പിതൃതർപ്പണത്തിന്റെ പൊരുളറിയേണ്ടത്

ഈ പുസ്തകം മുഴുവൻ നമ്മൾ പറഞ്ഞത് പിതൃതർപ്പണത്തെ കുറിച്ചാണ്,?

പിതാക്കന്മാർക്ക്, നമ്മെ വിട്ടു പോയവർക്ക്, ബലി കൊടുക്കുന്ന സ്ഥലമാണ് തിരുനാവായ.

പണ്ട് ഇവിടെ വീണ ചാവേർമാരും, വള്ളുവനാട്ടിലെ പടയാളികളും, എത്രയോ ആത്മാക്കൾ… അവർക്ക് ആർക്കും ശരിയായ മോക്ഷം കിട്ടിയിരുന്നില്ല. കാരണം ഇത് ചോര പൊടിഞ്ഞ മണ്ണായിരുന്നു.

എന്നാൽ ഇന്ന് നോക്കൂ.

ഇത്രയും സമാധാനപരമായ ഒരു സംഗമം ഇവിടെ നടന്നിരിക്കുന്നു.

ഇതിൽ നിന്ന് നമ്മൾ എന്ത് മനസ്സിലാക്കണം?

അവർക്കെല്ലാം മോക്ഷം ലഭിച്ചു എന്ന് തന്നെയല്ലേ?

നൂറ്റാണ്ടുകളായി ഈ മണ്ണിൽ അലഞ്ഞ ആത്മാക്കൾക്കെല്ലാം, ഈ മഹാമാഘ മഹോത്സവത്തിന്റെ പ്രാർത്ഥനയിലൂടെ, ഈ സർവ്വമത സംഗമത്തിലൂടെ, മോക്ഷം ലഭിച്ചു എന്ന് തന്നെയല്ലേ നാം കരുതേണ്ടത്?

ഇതിനെ ഇല്ലാതാക്കാൻ എത്ര പേർ ശ്രമിച്ചു. എത്ര തടസ്സങ്ങൾ . 

എന്നിട്ടും എല്ലാം തരണം ചെയ്തു. ഒരു നാട് മുഴുവൻ, ഒരു മനസ്സായി, നിശ്ചയദാർഢ്യത്തോടെ ഒരുമിച്ച് നിന്നതിന്റെ ഫലമല്ലേ ഈ പുണ്യം?

ലോകം മുഴുവൻ കർക്കിടക വാവ് ബലിയിടുമ്പോൾ നമ്മൾ എന്താണ് ചെയ്യുന്നത്?

നമ്മുടെ അച്ഛനും അമ്മയ്ക്കും മാത്രമല്ല ബലിയിടുന്നത്.

നമ്മുടെ ഏഴ് തലമുറയ്ക്കും കൂടിയാണ്.

അറിഞ്ഞോ അറിയാതെയോ മരണപ്പെട്ടവർക്ക് വേണ്ടി.

നമ്മുടെ വീട്ടിലെ പക്ഷിമൃഗാദികൾക്ക് വേണ്ടി പോലും.

നമുക്ക് പേരുപോലും അറിയാത്തവർക്ക് വേണ്ടി നമ്മൾ ഒരു പിണ്ഡം സമർപ്പിക്കുന്നു.

അതിന്റെ പൊരുൾ എന്താണ്?

നമ്മൾ ആരെയും മറന്നിട്ടില്ല എന്ന് പറയലാണ്.

ഈ തിരുനാവായയിലെ മാമാങ്കത്തിൽ മരിച്ചവർക്ക് മാത്രമല്ല, കർക്കിടക വാവിന് നാം ബലിയിടുന്നത് ഈ ലോകത്തിലെ എല്ലാ ജീവനും വേണ്ടിയാണ്.

അതാണ് തിരുനാവായ പഠിപ്പിക്കുന്ന പാഠം – ഒരാളെ പോലും മറക്കാതിരിക്കുക. എല്ലാവർക്കും മോക്ഷം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുക.

അതുകൊണ്ടാണ് തിരുനാവായ ഇന്നും പിതൃതർപ്പണത്തിന് ഏറ്റവും പവിത്രമായത്. ചോര വീണ മണ്ണ് തന്നെ, പൂവ് വിരിയുന്ന മണ്ണായി മാറി, മോക്ഷം കൊടുക്കുന്ന മണ്ണായി മാറി.

അടുത്ത കുംഭമേള 2027 ൽ പൗഷ പൗർണമി മുതൽ ശിവരാത്രി വരെ 45 ദിവസം നീണ്ടു നിൽക്കുന്ന രീതിയിലും, 2028 ൽ പ്രയാഗ് രാജിലെ പോലെ ഒരു മഹാ കുംഭമേളയായിട്ടും തിരുനാവായയിൽ വെച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് അവസാനിപ്പിച്ചത്

നിങ്ങളുടെ യാത്ര പുണ്യകരമാകട്ടെ.

മംഗള ശ്ലോകം

സേതൗ രാമേശ്വരം ദൃഷ്ട്വാ തിരുനെല്ലീം ച പാവനീം
തിരുനാവായാം പിതൄംസ്തൃപ്ത്വാ യാത്രാ വോ മംഗലപ്രദാ

അർത്ഥം:

സേതുവിലെ രാമേശ്വരം ദർശിച്ച്, പാപനാശിനിയായ തിരുനെല്ലിയെ കണ്ട്, തിരുനാവായയിൽ പിതാക്കന്മാർക്ക് തൃപ്തിയോടെ ബലിയിട്ട്,
നിങ്ങളുടെ ഈ യാത്ര മംഗളകരമാകട്ടെ.

എം ബാബു  ജയപ്രകാശ്.

Leave a Comment