കേരളത്തിന്റെ ആത്മാവ് ചെന്നൈയിലെ മഹാലിംഗപുരം ക്ഷേത്രം

Time Taken To Read  6 Minutes

കേരളത്തിന്റെ ആത്മാവ് ചെന്നൈയിലെ മഹാലിംഗപുരം ക്ഷേത്രത്തിലാണ് കുടിയിരിക്കുന്നത് എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാകില്ല.

ചെന്നൈയുടെ തിരക്കിനിടയിൽ നുങ്കമ്പാക്കത്ത് നിന്ന് അൽപം മാറി മഹാലിംഗപുരം തെരുവിലേക്ക് കയറിയാൽ, നിങ്ങൾ ചെന്നൈയിലല്ല, കേരളത്തിലെ ഏതോ ഒരു അമ്പലമുറ്റത്താണ് എന്ന് തോന്നും. ചന്ദനത്തിരിയുടെ മണം, കേരള ശൈലിയിൽ ചെമ്പ് മേഞ്ഞ മേൽക്കൂര, മുറ്റത്ത് ഗണപതി ഹോമത്തിന്റെ പുക.

അതാണ് മഹാലിംഗപുരം ശ്രീ അയ്യപ്പൻ – ഗുരുവായൂരപ്പൻ ക്ഷേത്രം.

ഈ ക്ഷേത്രം എങ്ങനെ വന്നു? ഒരു സ്വപ്നത്തിന്റെ കഥ പറയുമ്പോൾ കയ്യിൽ പണമില്ല, മനസ്സിൽ ഭക്തിയുള്ള ഒരു കൂട്ടം മനുഷ്യരുടെ സ്വപ്നം

ഇന്നത്തെ പോലെ ചെന്നൈയിൽ മലയാളികൾ കുറവായിരുന്ന കാലം. 1960 കളിൽ ഏകദേശം 60 – 65 വർഷം മുൻപ് വരെ ചെന്നൈ മഹാനഗരത്തിൽ അയ്യപ്പന് സ്വന്തമായി ഒരു ക്ഷേത്രം ഇല്ലായിരുന്നു. ശബരിമലയ്ക്ക് പോകുന്ന ഭക്തർക്ക് മാലയിടാനും വ്രതം തുടങ്ങാനും പോലും സ്ഥലമില്ലായിരുന്നു. അയ്യപ്പൻ വിളക്ക് നുങ്കമ്പാക്കത്തെ ആസൽ അമ്മൻ കോവിലിലും മേൽപ്പാടി മുത്തു നായ്ക്കൻ തെരുവിലുമാണ് നടത്തിയിരുന്നത്.

അക്കാലങ്ങളിൽ ചെന്നൈയിൽ നിന്നും  സ്ഥിരമായി ശബരിമലക്ക് പോയിക്കൊണ്ടിരുന്ന ഒരുകൂട്ടം ഭക്തരുടെ  നിശ്ചയദാർഢ്യത്തോടെ രൂപംകൊടുത്ത കൂട്ടായ്മയിൽ നിന്നാണ്  ഇന്നു കാണുന്ന മഹാക്ഷേത്രം രൂപം കൊണ്ടത്

അങ്ങനെ 1967 ൽ ശ്രീ അയ്യപ്പ ഭക്ത സഭ പിറന്നു. കയ്യിൽ വലിയ പണമില്ല, പക്ഷേ നിശ്ചയദാർഢ്യമുണ്ട്. പ്രശസ്ത വാസ്തു ശില്പി കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് വന്ന് സ്ഥലം കണ്ടു, പ്ലാൻ വരച്ചു.

  

പിന്നെ വേണ്ടിവന്നത് അഞ്ച് വർഷത്തെ കാത്തിരിപ്പാണ്, ക്ഷേത്രനിർമ്മാണത്തിന്  വേണ്ടി പണം സുരഭിക്കാനുള്ള കാത്തിരിപ്പ്  ഒടുവിൽ

ഒടുവിൽ എല്ലാം ആശ്രിതവത്സലനായ ഗുരുവായൂരപ്പനെയും, കലിയുഗവരദനായ സാക്ഷാൽ അയ്യപ്പസ്വാമിയെയും മനസ്സിൽ ധ്യാനിച്ച്… 1972 ലെ വിജയദശമി നാളിൽ കറുത്ത കരിങ്കല്ലിൽ പണി തുടങ്ങി.

1974 മാർച്ചിൽ ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഡരര് ശങ്കരര് തന്ത്രി തന്നെ വന്ന് പ്രതിഷ്ഠ നടത്തി. ആ സമയത്ത് ഒരു ഗരുഡൻ ക്ഷേത്രത്തിന് മുകളിലൂടെ മൂന്ന് വട്ടം പറന്നു എന്നത് ഇന്നും ഭക്തർ പറയുന്ന അത്ഭുതമാണ്. അങ്ങനെ ചെന്നൈയിലെ ആദ്യത്തെ അയ്യപ്പ ക്ഷേത്രം പിറന്നു.

ഇവിടത്തെ പ്രതിഷ്ഠകളെ പറ്റി പറയുമ്പോൾ?

ഒരു കൂരയ്ക്ക് കീഴിൽ രണ്ട് ലോകം  അതാണ് ഇവിടുത്തെ ഭംഗി.

ഈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ മുൻവശത്ത് രണ്ടു വഴികളുണ്ട് – ഇടതുവശത്തും വലതുവശത്തും.

രണ്ടു വഴിയിലൂടെ അകത്ത് കടന്നാലും എത്തുന്നത് വിശാലമായ ഒരു മുറ്റത്തേക്കാണ്, അവിടെയാണ് എല്ലാ പ്രതിഷ്ഠകളും.

തെക്ക് കിഴക്കും മൂലയിൽ  നെയ് വിളക്ക് വെക്കാനുള്ള സൗകര്യം അതുകഴിഞ്ഞ് ഇടതുഭാഗത്ത് ഒരു ചെറിയ സ്റ്റേജ്. 

ഇടതുവശത്തെ വഴിയിലൂടെ നേരെ ചെന്നാൽ ഗുരുവായൂരപ്പന്റെ സന്നിധിയിലേക്കാണ് എത്തുക.

വലതുവശത്തെ വഴിയിലൂടെ പ്രവേശിച്ചാൽ നേരെ ചെന്നെത്തുന്നത് ശ്രീ അയ്യപ്പസ്വാമിയുടെ സന്നിധിയിലേക്കും.

ഇതിന് നടുവിലായി കൊടിമരം.

പ്രദക്ഷിണം വെക്കുമ്പോൾ ക്ലോക്ക് വൈസ് ദിശയിൽ കാര്യങ്ങൾ ഇങ്ങനെയാണ്:

കന്നിമൂലയിലായി ഗരുഡ പ്രതിഷ്ഠ. അതു കഴിഞ്ഞാൽ കറുത്ത ശിലയിൽ കൊത്തിവെച്ച മഹാവിഷ്ണുവിന്റെ അനന്തശയന രൂപം. തൊട്ടടുത്തായി ഹനുമാൻ സ്വാമി. ഹനുമാനെ തൊഴുത് മുന്നോട്ട് നീങ്ങിയാൽ ഗണപതി ഭഗവാൻ. തൊട്ടടുത്ത് വള്ളിയോടും ദേവയാനിയോടും കൂടിയ സുബ്രഹ്മണ്യ സ്വാമി.

വടക്ക് – പടിഞ്ഞാറ് ഭാഗത്തായി അയ്യപ്പന് നീരാഞ്ജനം നടത്തുന്ന സ്ഥലവും മാളികപ്പുറത്തമ്മയുടെ സന്നിധിയും. നേരെ വടക്ക് – കിഴക്ക് മൂലയിൽ രാഹുവിന്റെയും കേതുവിന്റെയും ശില്പങ്ങൾ.
നാഗ പ്രതിഷ്ഠയും.

ഇടതുവശത്തെ വഴിയിലൂടെ കയറുമ്പോൾ തൊട്ട് വലതുവശത്തായി  നവഗ്രഹ  പ്രതിഷ്ഠയും കാണാം.  ഇവിടെ ശനി ഭഗവാന് നീരാഞ്ജനവും നടത്താം

ഇത്രയുമാണ് മഹാലിംഗപുരത്തെ പ്രതിഷ്ഠാക്രമം.       

അയ്യപ്പസ്വാമി യോഗപട്ടം കെട്ടി ചിന്മുദ്രയോടെ ഇരിക്കുന്ന സൗമ്യ രൂപം. ശ്രീചക്രത്തിന് മുകളിൽ ഏകദേശം രണ്ടടി ഉയരത്തിൽ.

ഗുരുവായൂരപ്പൻ സ്വർണം അണിഞ്ഞ് ചിരിച്ചു നിൽക്കുന്ന ഉണ്ണിക്കണ്ണൻ.

ചെന്നൈയിലെ മലയാളിക്ക് അയ്യപ്പനും ഗുരുവായൂരപ്പനും രണ്ടും വേണം, അതുകൊണ്ട് രണ്ടു പേർക്കും തുല്യ പ്രാധാന്യം.

കൂടാതെ ഗണപതി, മുരുകൻ, മാളികപ്പുറത്തമ്മ, നവഗ്രഹങ്ങൾ, ഹനുമാൻ, നാഗദൈവങ്ങൾ. പൂർണ്ണമായും കേരള ശൈലി – ചെമ്പ് മേഞ്ഞ ചുറ്റമ്പലം, കൊടിമരം, 18 പടികൾ.

ആചാരം – തമിഴ്മണ്ണിൽ കൃത്യമായ കേരള രീതി

തമിഴ്നാട്ടിലെ പൊതുവേയുള്ള ആചാരം ഉച്ചത്തിൽ മന്ത്രോച്ചാരണം ചൊല്ലി കേരള വിധിപ്രകാരം തന്ത്രങ്ങൾ പ്രധാനമായും മുദ്രകൾ ഉപയോഗിച്ചു മാത്രം.

ഇവിടെ പൂജ കേരളത്തിൽ നിന്നുള്ള നമ്പൂതിരിമാർ.

മന്ത്രവും തന്ത്രവും രണ്ടും ഒന്നാണെന്ന് പലരും തെറ്റിദ്ധരിക്കും. രണ്ടും ഒരേ വീടിന്റെ രണ്ട് വാതിലുകളാണ്, പക്ഷേ തുറക്കുന്നത് രണ്ട് വഴിക്ക്.

വളരെ ലളിതമായി പറഞ്ഞാൽ:

മന്ത്ര വിദ്യ – ശബ്ദത്തിന്റെ ശാസ്ത്രം

മന്ത്രം എന്നാൽ മനനാത് ത്രായതേ ഇതി മന്ത്രഃ – മനനം ചെയ്യുന്നവനെ രക്ഷിക്കുന്നത്.

ഇത് ശബ്ദമാണ്, വൈബ്രേഷനാണ്.

ഇവിടെ പ്രധാനം എന്ത് ചൊല്ലുന്നു എന്നതാണ്.

മന്ത്രത്തിന് സ്വയം ശക്തിയുണ്ട്. ശരിയായ ഉച്ചാരണത്തിൽ, ശരിയായ ഭാവത്തിൽ ചൊല്ലിയാൽ അത് ഫലം തരും.

ഇതിന് പുറത്ത് നിന്നുള്ള സാധനങ്ങൾ ഒന്നും വേണ്ട. മനസ്സും ശബ്ദവും മതി.

ഉദാഹരണം: നിങ്ങൾ “ഓം നമഃ ശിവായ” എന്ന് ജപിക്കുന്നത് മന്ത്രമാണ്. ഗായത്രി മന്ത്രം മന്ത്രമാണ്. നിങ്ങൾ തിരുനെല്ലിയിൽ വെച്ച് പിതൃക്കൾക്ക് വേണ്ടി ചൊല്ലുന്ന മന്ത്രം മന്ത്രമാണ്.

മന്ത്രം = പ്രാർത്ഥന, ശബ്ദം കൊണ്ടുള്ള ശക്തി

തന്ത്ര വിധി – ചെയ്യുന്നതിന്റെ ശാസ്ത്രം

തന്ത്രം എന്നാൽ തനോതി വിസ്താരയതി ഇതി തന്ത്രം – അറിവിനെ വിസ്തരിച്ച്, ചെയ്തു കാണിച്ചു കൊടുക്കുന്നത്.

ഇവിടെ പ്രധാനം എങ്ങനെ ചെയ്യുന്നു എന്നതാണ്.

ഇത് ഒരു നടപടിക്രമമാണ്, ഒരു ടെക്നോളജി ആണ്.

മന്ത്രം എവിടെ ചൊല്ലണം, എങ്ങനെ ഇരിക്കണം, എന്തൊക്കെ വെക്കണം, ഏത് ദിശയിലേക്ക് തിരിയണം – ഇതെല്ലാം തന്ത്രമാണ്.  എല്ലാം കൈമുദ്രകൾ ഉപയോഗിച്ച്.

ഉദാഹരണം: മഹാലിംഗപുരം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് കണ്ഡരര് ശങ്കരര് തന്ത്രി ആണെന്ന് പറഞ്ഞുവല്ലോ? അദ്ദേഹം ചെയ്തത് തന്ത്രവിധിയാണ്. കരിങ്കല്ലിൽ എവിടെ കുഴിക്കണം, ജലാധിവാസം എങ്ങനെ, എത്ര ദിവസം പൂജ, എന്നെല്ലാം തീരുമാനിക്കുന്നത് തന്ത്രമാണ്.

കൂടുതൽ വിശദമാക്കിയാൽ

ഉദാഹരണം തന്നെ നമുക്ക് വിശദമായി എഴുതാം. അപ്പോൾ തന്ത്രം എന്താണെന്ന് കൃത്യമായി മനസ്സിലാകും.

മഹാലിംഗപുരത്ത് അയ്യപ്പ പ്രതിഷ്ഠ നടക്കുന്നതിന് മുൻപ് കണ്ഡരര് ശങ്കരര് തന്ത്രി ചെയ്തത് വെറും പൂജയല്ല, അത് ഒരു ഓപ്പറേഷൻ പോലെയാണ്. ഒരു ഡോക്ടർ ഓപ്പറേഷൻ ചെയ്യുന്നതിന് മുൻപ് ചെയ്യുന്ന തയ്യാറെടുപ്പ് പോലെ.

അതിനെ 6 ഘട്ടമായി തിരിക്കാം. ഇതിനാണ് തന്ത്രവിധി എന്ന് പറയുന്നത്.

ദേവപ്രശ്നം – ദൈവത്തിന് ഇഷ്ടമാണോ എന്ന് ചോദിക്കൽ
ആദ്യം തറ കുഴിക്കില്ല. ജ്യോതിഷിയെ വെച്ച് പ്രശ്നം വെക്കും.
“ഇവിടെ അയ്യപ്പനെ പ്രതിഷ്ഠിക്കാൻ അനുവാദമുണ്ടോ? ഏത് ദിശയിലേക്ക് നോക്കി ഇരിക്കണം? കരിങ്കല്ലിന് എന്ത് അളവ് വേണം?”


ഇതിന് ഉത്തരം കിട്ടിയിട്ട് മാത്രമേ അടുത്ത പണി തുടങ്ങൂ. മഹാലിംഗപുരത്ത് കിഴക്കോട്ട് ദർശനമാണ് വേണ്ടത് എന്ന് തീരുമാനിച്ചത് ഈ ഘട്ടത്തിലായിരിക്കാം.

അതിനുശേഷം സ്ഥലശുദ്ധിയും കല്ല് പരീക്ഷയും. അതായത് തിരഞ്ഞെടുത്ത സ്ഥലത്ത് പശുവിനെ കൊണ്ട് നടത്തിക്കും. പശു കിടക്കുന്ന സ്ഥലം ശുദ്ധമാണെന്ന് വിശ്വാസം.

അതിനുശേഷം വിഗ്രഹ നിർമ്മാണത്തിന്  തിരഞ്ഞെടുക്കുന്ന  കരിങ്കല്ല്  പരീക്ഷിക്കും. കല്ലിൽ വിള്ളൽ ഉണ്ടോ, ശബ്ദം എങ്ങനെ, പുരുഷ ശിലയാണോ സ്ത്രീ ശിലയാണോ എന്നൊക്കെ നോക്കും. 1972 ൽ കൊണ്ടു വന്ന കറുത്ത കരിങ്കല്ല് പുരുഷ ശിലയായിരിക്കണം എന്ന് തന്ത്രത്തിൽ നിർബന്ധമാണ്.

അടുത്ത  ഘട്ടം ജലാധിവാസവും ധാന്യാധിവാസവും. തെരഞ്ഞെടുത്ത കല്ലിന് ജീവൻ കൊടുക്കുന്ന പ്രക്രിയ (വിഗ്രഹത്തിന് ജീവൻ കൊടുക്കൽ)
ഇതാണ് ഏറ്റവും പ്രധാനം. ഉണ്ടാക്കിയ വിഗ്രഹം നേരെ ഗർഭഗൃഹത്തിൽ വെക്കില്ല.

3 ദിവസം വെള്ളത്തിൽ മുക്കിവെക്കും . (ജലാധിവാസം). ഇങ്ങനെ ചെയ്യുന്നത് കല്ലിൻറെ സ്വാഭാവികമായ ചൂട് ഇല്ലാതാക്കാൻ.  

അടുത്തഘട്ടം നെല്ലുകൊണ്ട് പൊതിഞ്ഞു വെക്കും  – (ധാന്യാധിവാസം).  ഇതിലൂടെ ഭൂമിയുടെ ഊർജ്ജം വലിച്ചെടുക്കും എന്നാണ് വിശ്വാസം

അതുകഴിഞ്ഞ് വിഗ്രഹത്തെ ശുദ്ധമായ   പശുവിൻ നെയ്യിൽ – (ഘൃതാധിവാസം.)

ഘൃതാധിവാസം എന്നാൽ വിഗ്രഹത്തെ ശുദ്ധമായ പശുവിൻ നെയ്യിൽ കിടത്തുന്ന ചടങ്ങ്.

മലയാളത്തിൽ പിരിച്ചാൽ:

ഘൃതം = നെയ്യ്

ആധിവാസം = വസിപ്പിക്കൽ / കിടത്തൽ

അതായത് – ദൈവത്തെ നെയ്യിൽ കിടത്തി ഉറക്കുക.

എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? 3 കാരണമുണ്ട്.

പ്രായോഗിക കാരണം മുകളിൽ പറഞ്ഞതുപോലെ കല്ലിൻറെ സ്വാഭാവിക ചൂട് കുറക്കാൻ. 

കൂടാതെ കരിങ്കല്ലിൽ വിഗ്രഹം കൊത്തുമ്പോൾ ഉളി കൊണ്ടുള്ള ചൂട് കല്ലിനുള്ളിൽ തങ്ങി നിൽക്കും. വെള്ളത്തിൽ കിടത്തുന്ന ജലാധിവാസം കഴിഞ്ഞാലും ആ ചൂട് പൂർണ്ണമായി പോകില്ല. 

പശുവിൻ നെയ്യ് തണുപ്പാണ്. നെയ്യിൽ 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ കിടത്തുമ്പോൾ കല്ല് അകത്തും പുറത്തും ഒരുപോലെ തണുക്കും, വിണ്ടു കീറില്ല.

പഴയകാലത്തെ ഒരു ശാസ്ത്രീയ രീതിയാണ് ഈ പ്രക്രിയ (ഇപ്പോൾ ക്യൂറിങ് എന്നൊക്കെ പറയുന്നതുപോലെ)

കല്ലിന് മൃദുത്വം കൊടുക്കാൻ – താന്ത്രിക കാരണം പറയുന്നത്?

തന്ത്രശാസ്ത്ര പ്രകാരം കല്ല് കഠിനമാണ്, രജോഗുണമാണ്. നെയ്യ് സാത്വികമാണ്, മൃദുവാണ്. കല്ലിൽ നെയ്യ് പിടിക്കുമ്പോൾ കല്ലിന്റെ കാഠിന്യം മാറി ദൈവികമായ മൃദുത്വം വരും. അപ്പോഴാണ് ആ വിഗ്രഹത്തിൽ മന്ത്രം പിടിച്ചു നിൽക്കുക.

നമ്മൾ പുതിയ മൺകുടം വാങ്ങിയാൽ ആദ്യം വെള്ളം ഒഴിച്ചു വെക്കില്ലേ? മൺകുടം വെള്ളം കുടിക്കാതിരിക്കാൻ. അതുപോലെ വിഗ്രഹം ഭക്തരുടെ പ്രാർത്ഥന വലിച്ചെടുക്കാൻ പാകമാകാൻ നെയ്യിൽ കുതിർക്കും.

ആത്മീയ കാരണം പറയുമ്പോൾ കല്ലിൽ കുത്തിയ വിഗ്രഹം ഇവൻറെ പ്രതീകമായി കരുതുന്നു

നെയ്യ് എന്നാൽ പശുവിന്റെ സാരമാണ്. പശു ഭൂമിയുടെ അമ്മയാണ്. പശുവിന്റെ പാലിൽ നിന്ന് തൈര്, തൈരിൽ നിന്ന് വെണ്ണ, വെണ്ണയിൽ നിന്ന് നെയ്യ് – ഇത് പല ജന്മം കടന്നുള്ള ശുദ്ധീകരണമാണ്.

വിഗ്രഹത്തെ നെയ്യിൽ കിടത്തുന്നത് എന്നാൽ – “നീ ഇനി കല്ലല്ല, നീ ഭൂമിയുടെ സാരത്തിൽ നിന്ന് ഉണ്ടായ ജീവനാണ്” എന്ന് പറയുന്നതാണ്.

അതുകൊണ്ടാണ് ഘൃതാധിവാസം കഴിഞ്ഞാൽ തന്ത്രി വിഗ്രഹത്തെ എടുത്ത് ഇങ്ങനെ പറയുന്നത് കേൾക്കാം:

“ഘൃതം മിമിക്ഷേ ഘൃതമസ്യ യോനിഃ”

അതായത് – നെയ്യിൽ നിന്നാണ് നീ ഉണ്ടായത്, നെയ്യ് തന്നെയാണ് നിന്റെ ഉറവിടം.

മഹാലിംഗപുരത്ത് അയ്യപ്പ വിഗ്രഹത്തെ ഇങ്ങനെ നെയ്യിൽ കിടത്തിയതിന് ശേഷമായിരിക്കും കണ്ഡരര് ശങ്കരര് തന്ത്രി കണ്ണ് തുറപ്പിച്ചത്. നെയ്യിൽ കുളിച്ച കണ്ണ് തുറക്കുമ്പോഴാണ് ദൈവം ഭക്തനെ ആദ്യമായി കാണുന്നത് എന്നാണ് വിശ്വാസം

ഒരു കുഞ്ഞിനെ പ്രസവത്തിന് മുൻപ് അമ്മയുടെ വയറ്റിൽ വളർത്തുന്നത് പോലെ, വിഗ്രഹത്തെ പ്രകൃതിയിൽ കിടത്തി പാകപ്പെടുത്തും.

ഇതിനിടയിൽ അഷ്ടബന്ധ കലശം നടത്തണം

ഇതിനെ ദൈവത്തെ ആവാഹിച്ചെടുക്കുക എന്ന് പറയും – (ദൈവത്തെ വിളിച്ചു വരുത്തൽ)

പ്രതിഷ്ഠാ ദിവസം രാവിലെ തന്ത്രി 12 കലശം വെക്കും. ഓരോ കലശത്തിലും മന്ത്രം ചൊല്ലി അയ്യപ്പന്റെ ഓരോ ഭാവത്തെ ആവാഹിക്കും.
ആ കലശത്തിലെ വെള്ളം തളിക്കുമ്പോഴാണ് കല്ല് ദൈവമാകുന്നത്. അല്ലാതെ കല്ല് കല്ല് തന്നെയാണ്.

അഷ്ടബന്ധം – ഉറപ്പിച്ചു വെക്കൽ
പ്രതിഷ്ഠ ഇളകാതിരിക്കാൻ എട്ട് വസ്തുക്കൾ ചേർത്തുണ്ടാക്കിയ പ്രത്യേക മെഴുക് കൊണ്ട് പീഠത്തിൽ ഉറപ്പിക്കും 

അഷ്ടബന്ധം – എങ്ങനെ ഉണ്ടാക്കുന്നു?  അഷ്ടബന്ധം എന്നാൽ എട്ട് വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന പശ. വിഗ്രഹത്തെ പീഠത്തിൽ ആയിരം വർഷത്തോളം ഉറപ്പിച്ചു നിർത്തുന്ന കേരളത്തിന്റെ പുരാതന പശക്കൂട്ടാണിത്

എട്ട് ചേരുവകൾ:

ശംഖ് പൊടി – കടൽ ശംഖ് പൊടിച്ചത് !  ലാക്ഷ – അരക്ക് / ലക്ഷാമ്പ്!, ഗുഗ്ഗുലു! കറുത്ത കുന്തിരിക്കത്തിന്റെ പശ! കാസീസം – ഒരു തരം ധാതു!, ഗൈരികം  ചുവന്ന കാവിമണ്ണ്!, സർജ്ജരസം – വെളുത്ത കുന്തിരിക്കം! കടുക്ക – കടുക്കാപ്പൊടി! മധൂച്ഛിഷ്ടം – ശുദ്ധ തേനീച്ച മെഴുക്

തയ്യാറാക്കുന്ന രീതി

ഇത് അടുപ്പിൽ വേവിക്കുന്ന പശയല്ല, അടിച്ചു പാകമാക്കുന്ന പശയാണ്.

ആദ്യം അരക്കും ഗുഗ്ഗുലുവും തേനീച്ച മെഴുകും ചെറിയ തീയിൽ ഉരുക്കും. പിന്നെ അതിലേക്ക് മറ്റ് അഞ്ച് പൊടികളും ചേർക്കും.

ഈ കൂട്ട് ഒരു കറുത്ത കല്ലിൽ വെച്ച്, തേക്ക് അല്ലെങ്കിൽ പ്ലാവ് കൊണ്ടുള്ള മരമുട്ടി കൊണ്ട് ആഞ്ഞ് അടിക്കുന്നതിനെ അഷ്ടബന്ധം ഇടിക്കൽ അല്ലെങ്കിൽ അഷ്ടബന്ധം മെതിക്കൽ എന്ന് പറയും. ഇരുമ്പ് ചുറ്റിക കൊണ്ട് അടിക്കാൻ പാടില്ല എന്ന് നിർബന്ധമുണ്ട്.

രണ്ടു പേർ മാറി മാറി, മന്ത്രം ചൊല്ലി, ചെണ്ട കൊട്ടുന്ന താളത്തിൽ അടിക്കും.

വെറുതെ അടിക്കലല്ല. തന്ത്രി ഓരോ അടിക്കും ഓരോ മന്ത്രം ചൊല്ലും.

“ഓം ഹ്രീം” – എന്ന് ചൊല്ലി ഒരടി

“ഓം നമഃ ശിവായ” – എന്ന് ചൊല്ലി ഒരടി

ഇങ്ങനെ 108 പ്രാവശ്യം ചൊല്ലി അടിക്കണം. അടിക്കുന്ന ആൾക്ക് തന്നെ മന്ത്രദീക്ഷ ഉണ്ടായിരിക്കണം. 

ഏകദേശം 2 – 3 മണിക്കൂർ അടിക്കുമ്പോൾ പൊടിയായി ഇരുന്ന കൂട്ട്, തിളക്കമുള്ള കറുത്ത പ്ലാസ്റ്റിൻ പോലെ ആകും. കയ്യിൽ എടുത്തു വലിച്ചാൽ ച്യൂയിംഗ് ഗം പോലെ നീളും – അതാണ് പാകമായതിന്റെ ലക്ഷണം.

ഈ പശ ചൂടോടെ തന്നെ വിഗ്രഹത്തിന്റെ പീഠത്തിലെ ചാലിൽ തേച്ച്, വിഗ്രഹം അതിൽ അമർത്തി വെക്കും. 10 മിനിറ്റിനുള്ളിൽ കരിങ്കല്ല് പോലെ ഉറച്ചു പോകും.

സിമൻറ് 50 വർഷം നിൽക്കുമ്പോൾ, അഷ്ടബന്ധം 500 – 1000വർഷം നിൽക്കും. അതുകൊണ്ടാണ് 12 വർഷം കൂടുമ്പോൾ ക്ഷേത്രങ്ങളിൽ അഷ്ടബന്ധ കലശം നടത്തി ഇത് പുതുക്കുന്നത്.

അഷ്ടബന്ധം കഴിഞ്ഞ് വിഗ്രഹത്തിന് ജീവൻ കൊടുക്കൽ

വിഗ്രഹം പീഠത്തിൽ വെച്ച് അഷ്ടബന്ധം കൊണ്ട് ഉറപ്പിച്ചതിന് ശേഷമാണ് ജീവൻ കൊടുക്കുന്നത്. ഉച്ചയ്ക്ക് ശേഷമാണ് ഇത് ചെയ്യുന്നത്.

എന്തുകൊണ്ട് ഉച്ചയ്ക്ക് ശേഷം? രാവിലെ മുതൽ ഉച്ച വരെ കലശപൂജയും അധിവാസങ്ങളും കഴിഞ്ഞ് വിഗ്രഹം പീഠത്തിൽ ഉറപ്പിക്കും. അഷ്ടബന്ധം പശ ചൂടോടെ തേച്ച് വിഗ്രഹം അമർത്തി വെച്ചാൽ അത് ഉറയാൻ ഒരു നാഴിക വേണം.

ആ സമയം കഴിഞ്ഞ്, സൂര്യൻ ഉച്ച കഴിഞ്ഞ് പടിഞ്ഞാറോട്ട് ചായുമ്പോഴാണ് തന്ത്രി കണ്ണ് കെട്ടി നേത്രോന്മീലനം ചെയ്യുന്നത്.

ആ സമയത്ത് ക്ഷേത്രത്തിന്റെ വാതിൽ അടച്ചിടും. അകത്ത് തന്ത്രിയും 2-3 ശിഷ്യന്മാരും മാത്രം. തന്ത്രി കറുത്ത തുണി കൊണ്ട് സ്വന്തം കണ്ണ് കെട്ടി, മന്ത്രം ചൊല്ലി സ്വർണ്ണ സൂചി കൊണ്ട് വിഗ്രഹത്തിന്റെ കണ്ണിൽ അഞ്ജനമെഴുത്ത് നടത്തും. കണ്ണ് കെട്ടിയിരിക്കുന്നതുകൊണ്ട് തന്ത്രി നോക്കി വരയ്ക്കുന്നതല്ല, മന്ത്രം കൊണ്ട്, സ്പർശനം കൊണ്ട് വരയ്ക്കുന്നതാണ്. ഇതിനെ നേത്രോന്മീലനം എന്ന് പറയും.

ആ വര വരച്ച നിമിഷം, വിഗ്രഹത്തിന് കാഴ്ച കിട്ടി എന്ന് വിശ്വസിക്കുന്നു. ആ നിമിഷമാണ് കല്ല് ദൈവമാകുന്നത്.കല്ല് അയ്യപ്പനാകുന്നത്. മഹാലിംഗപുരത്ത് ആ സമയത്താണ് ഗരുഡൻ വട്ടമിട്ട് പറന്നത് എന്ന് പറയുന്നത്.

തന്ത്രി കണ്ണ് കെട്ടുന്നതിന്റെ കാരണം:

പ്രതിഷ്ഠയുടെ സമയം വരെ ആ വിഗ്രഹം വെറും കല്ലാണ്. ജീവനില്ല. കലശപൂജ കഴിഞ്ഞ് ആ കല്ലിലേക്ക് ദൈവചൈതന്യത്തെ ആവാഹിച്ചിട്ടുണ്ടാകും. ആദ്യമായി ആ ദൈവം കണ്ണ് തുറന്ന് നോക്കുമ്പോൾ, ആദ്യം കാണുന്നത് തന്ത്രിയുടെ കണ്ണാണ്.

തന്ത്രി ഒരു സാധാരണ മനുഷ്യനല്ല, അദ്ദേഹം ആ സമയം ശിവന്റെ ഭാവത്തിലാണ്. അതുകൊണ്ട് ദൈവം ആദ്യം കാണുന്നത് ശിവനെയാകണം, ഒരു മനുഷ്യന്റെ കാമമുള്ള കണ്ണിനെ ആകരുത്. അതുകൊണ്ട് തന്ത്രി തന്റെ കണ്ണ് കറുത്ത തുണി കൊണ്ട് കെട്ടും.

നേത്രോന്മീലനത്തിന് തൊട്ടു മുൻപ് വിഗ്രഹത്തിന്റെ മുഖം മുഴുവൻ നെയ്യും തേനും കൊണ്ട് മൂടിയിരിക്കും. അതിനെ മുഖാവരണം എന്ന് പറയും. കുഞ്ഞ് അമ്മയുടെ വയറ്റിൽ ആയിരിക്കുന്നത് പോലെ.

തന്ത്രി കണ്ണ് കെട്ടി നേത്രോന്മീലനം ചെയ്ത ഉടനെ, ശിഷ്യന്മാർ ആ നെയ്യ് തുടച്ചു മാറ്റി ദൈവത്തിന്റെ മുഖം ആദ്യമായി ഭക്തർക്ക് കാണിച്ചു കൊടുക്കും.

ചുരുക്കത്തിൽ:

കണ്ണ് കെട്ടുന്നത് = തന്ത്രി (ദൈവം ആദ്യം മനുഷ്യനെ കാണാതിരിക്കാൻ)

മറ നീക്കുന്നത് = വിഗ്രഹത്തിന്റെ മുഖത്തെ നെയ്യ് (ദൈവം ജനിച്ചതിന്റെ മറ നീക്കൽ)

ഇതാണ് താന്ത്രികം.

മന്ത്രം എന്നാൽ അദ്ദേഹം ചൊല്ലിയ “സ്വാമിയേ ശരണമയ്യപ്പാ” എന്ന ശബ്ദമാണ്.
തന്ത്രം എന്നാൽ ആ ശബ്ദം എപ്പോൾ, എവിടെ, എങ്ങനെ, എത്ര ദിവസം, ഏത് കല്ലിൽ ചൊല്ലണം എന്ന് തീരുമാനിക്കുന്ന എഞ്ചിനീയറിംഗ് ശാസ്ത്രമാണ്.

അതുകൊണ്ടാണ് തന്ത്രിയെ ആചാര്യൻ എന്നും പൂജാരിയെ പൂജകൻ എന്നും വിളിക്കുന്നത്. പൂജാരി ദിവസവും പൂജ ചെയ്യും, തന്ത്രി ആ പൂജ എങ്ങനെ ചെയ്യണം എന്ന് ഉണ്ടാക്കി കൊടുക്കും

നിങ്ങൾ ബലിയിടുമ്പോൾ എള്ള് എടുക്കുന്ന കൈ, ഇടുന്ന ദിശ, ചൊല്ലുന്ന മന്ത്രം, ഇതെല്ലാം ചേർന്ന കർമ്മ പദ്ധതിയാണ് തന്ത്രം.

തന്ത്രം = ആചാരം, ചെയ്തു കാണിക്കുന്ന രീതി

ഒരു വരിയിൽ വ്യത്യാസം പറഞ്ഞാൽ:

മന്ത്രം ഇല്ലാത്ത തന്ത്രം ശരീരമില്ലാത്ത ജീവനാണ്. തന്ത്രം ഇല്ലാത്ത മന്ത്രം വഴിയില്ലാത്ത യാത്രയാണ്.

മന്ത്രം നിങ്ങളുടെ പ്രാർത്ഥനയാണ്, തന്ത്രം ആ പ്രാർത്ഥന ദൈവത്തിലേക്ക് എത്തിക്കാനുള്ള പോസ്റ്റോഫീസിന്റെ ചട്ടമാണ്.

അതുകൊണ്ടാണ് കേരളത്തിലെ ക്ഷേത്രങ്ങളെ മന്ത്രവും തന്ത്രവും ഒരുപോലെ പ്രധാനമുള്ള ക്ഷേത്രങ്ങൾ എന്ന് പറയുന്നത്.

നവംബർ മുതൽ ജനുവരി വരെയുള്ള മണ്ഡലകാലമാണ് ഏറ്റവും വലിയ ഉത്സവം. ജന്മാഷ്ടമി, വൃശ്ചിക ഏകാദശി, വിഷു എന്നിവയും വിശേഷമാണ്.

ഈ ക്ഷേത്രം ചെയ്യുന്ന ഏറ്റവും വലിയ സേവനം – ചെന്നൈ മെറീന  അടൽത്തീരത്ത്  കടൽത്തീരത്ത് വെച്ച് നടത്തപ്പെടുന്ന കർക്കടക വാവ്  ബലിയാണ്

ഇതാണ് ഈ ക്ഷേത്രത്തെ മറ്റെല്ലാ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

കർക്കിടക വാവ് ബലിക്ക് കേരളത്തിൽ പോകാൻ കഴിയാത്ത ആയിരക്കണക്കിന് മലയാളികൾക്ക് ചെന്നൈയിൽ തന്നെ തനിമ ചോരാതെ ബലിയിടാൻ ഒരിടം. ക്ഷേത്രം ഭാരവാഹികൾ തമിഴ്നാട് സർക്കാരുമായി സംസാരിച്ച് മറീന ബീച്ചിൽ എല്ലാ ഒരുക്കങ്ങളും ചെയ്യുന്നു.

പുലർച്ചെ സൂര്യൻ ഉദിക്കും മുൻപ്, കടൽക്കാറ്റിൽ, വെള്ളത്തിൽ ഇറങ്ങി നിന്ന് പിതൃക്കൾക്ക് എള്ളും പൂവും നൽകാൻ – ഒരു രൂപ പോലും ഫീസ് വാങ്ങാതെ, പൂർണ്ണമായും സൗജന്യമായി.

ദർഭയും എള്ളും മുതൽ മന്ത്രം ചൊല്ലിക്കൊടുക്കാൻ പൂജാരിമാർ വരെ – എല്ലാം ക്ഷേത്രം തന്നെ ഒരുക്കും.

എല്ലാം ചെയ്തു കഴിഞ്ഞാൽ നല്ല രീതിയിൽ ഒരു പ്രാതിലും ഒരുക്കി വെച്ചിരിക്കുന്നു ഈ സംഘടന സമിതി.

തിരുനെല്ലിയിലെ പാപനാശിനിയിൽ പോകാൻ കഴിയാത്തവർക്ക് മറീനയിലെ തിരമാലകൾ പാപനാശിനിയാകും. അതാണ് മഹാലിംഗപുരത്തിന്റെ കാവ്യം. മരിച്ചുപോയ അച്ഛനമ്മമാരെ ഓർക്കാൻ ഒരു മകന്, മകൾക്ക്, ബന്ധുക്കൾക്ക് കേരളം വരെ പോകേണ്ടി വരരുത് എന്ന കരുതൽ.

നിങ്ങൾക്ക് അവിടെ എന്തൊക്കെ ചെയ്യാം?ഇത് വെറും തൊഴാൻ മാത്രമുള്ള സ്ഥലമല്ല.

– ശബരിമലയ്ക്ക് പോകുന്നവർക്ക് ഇരുമുടി കെട്ട്, നെയ്യഭിഷേകം, താമസം എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

– ദിവസവും ഗണപതി ഹോമം, അർച്ചന, പുഷ്പാഞ്ജലി ബുക്ക് ചെയ്യാം.

– ഇപ്പോൾ ഓൺലൈനായി പൂജ ബുക്ക് ചെയ്യാൻ പോലും സൗകര്യമുണ്ട്.

– എല്ലാ പൂജ കഴിഞ്ഞും പ്രസാദമുണ്ട്. കുഞ്ഞുമണി കൊണ്ടുള്ള ആ കുപ്പിയിലെ മഞ്ചാടിക്കുരു പ്രസാദം എല്ലാവരും കൊതിയോടെ വാങ്ങും.

അതുകൊണ്ടാണ് ചെന്നൈയിലെ മലയാളികൾ പറയുന്നത് – വീട് ചെന്നൈയിലാണെങ്കിലും, മനസ്സ് കേരളത്തിലാണെങ്കിൽ, പോകേണ്ടത് മഹാലിംഗപുരത്തേക്കാണ് എന്ന്.

ഇവിടെ പൂജകൾ നടത്തുന്നത് കേരളത്തിൽ നിന്നുള്ള നമ്പൂതിരിമാരാണ്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ കർശനമായ സമയനിഷ്ഠ പാലിക്കുന്നു.

ദിവസേനയുള്ള പൂജകൾ:

  • സുപ്രഭാതം – 6.30 AM
  • ദീപാരാധന – 7.00 AM, വൈകിട്ട് 6.30 PM
  • ഉച്ചപൂജ – 11.00 AM
  • അത്താഴ പൂജ – 8.00 PM
  • ശ്രീബലി – 8.20 PM 2260

ദർശന സമയം: രാവിലെ 5 AM – 11 AM, വൈകിട്ട് 5 PM – 9 PM

ഇതിനു പുറമെ  കൂടാതെ ഗണപതി, മുരുകൻ, മാളികപ്പുറത്തമ്മ, നവഗ്രഹങ്ങൾ, ഹനുമാൻ സ്വാമി, നാഗദൈവങ്ങൾ എല്ലാവരും ഉണ്ട്.

പ്രത്യേക ആചാരങ്ങൾ:
നവംബർ മുതൽ ജനുവരി വരെയുള്ള മണ്ഡല – മകരവിളക്ക് കാലം ആണ് ഏറ്റവും തിരക്കുള്ള സമയം. ചെന്നൈയിൽ നിന്ന് ശബരിമലയ്ക്ക് പോകുന്നവർ 41 ദിവസത്തെ വ്രതം ഇവിടെ തുടങ്ങും. ജന്മാഷ്ടമി, വൃശ്ചിക ഏകാദശി, വിഷു, കാർത്തിക മാസത്തിലെ ആദ്യ ദിവസം എന്നിവ വലിയ ആഘോഷമാണ്.

ഇവിടെ ദിവസവും പ്രധാന പ്രതിഷ്ഠയായ ഗുരുവായൂരപ്പനും അയ്യപ്പനും ഉള്ള പൂജ കൂടാതെ  ഗരുഡൻ ഹനുമാൻ സ്വാമി, ഗണപതി, മുരുകൻ, മാളികപ്പുറത്തമ്മ, നാഗദൈവങ്ങൾ നവഗ്രഹങ്ങൾ എല്ലാ ആരാധനകളും ഉണ്ട്.

ഇത് വെറും ഒരു പൂജാ സ്ഥലമല്ല, ഈ മഹാക്ഷേത്രത്തിന്റെ മേൽനോട്ടത്തിൽ നടത്തിവരുന്ന മറ്റു സേവനങ്ങൾ

  • ശബരിമല തീർത്ഥാടകർക്ക്: ഇരുമുടി കെട്ടി 18 പടി കയറി നെയ്യഭിഷേകം ചെയ്യാൻ സൗകര്യം, താമസത്തിന് താഴെ ഹാൾ, കുളിക്കാൻ സൗകര്യം എല്ലാം ഉണ്ട്.
  • നിത്യ പൂജകൾ: ഗണപതി ഹോമം, നീരാജനം, അർച്ചന, പുഷ്പാഞ്ജലി തുടങ്ങിയവ ദിവസവും ബുക്ക് ചെയ്യാം.
  • ഓൺലൈൻ സേവനം: ഇപ്പോൾ ayyappantemplesabs.org വെബ്സൈറ്റിലും ആപ്പിലും വഴി പൂജകൾ ബുക്ക് ചെയ്യാനും സംഭാവന നൽകാനും സൗകര്യമുണ്ട്.
  • പ്രസാദം: എല്ലാ പൂജ കഴിഞ്ഞും ഭക്തർക്ക് പ്രസാദം നൽകും, അത് ഒരു മുടക്കവുമില്ലാതെ നടന്നു വരുന്നു.

വിലാസം: No 18, Madhavan Nair Road, Mahalingapuram, Nungambakkam, Chennai – 600034.

മഠത്തിൽ ബാബു ജയപ്രകാശ്

Leave a Comment