“ഒരു നഗരത്തിലെ രണ്ട് കൈലാസങ്ങൾ – അഗസ്തീശ്വരരും കപാലീശ്വരരും”

Time Taken To Read 5 Minutes

ഒരു പൂമാലയിൽ നിന്ന് തുടങ്ങിയ പാലാഴി മഥനം

ദുർവ്വാസാവ് മഹർഷിക്ക് ഒരിക്കൽ ദേവലോകത്തു വെച്ച് വിദ്യാധര സ്ത്രീകൾ ഒരു പാരിജാത മാല സമ്മാനിച്ചു. സന്യാസിയായ തനിക്ക് അതിന്റെ ആവശ്യമില്ല എന്ന് കരുതി, അദ്ദേഹം ആ മാല സ്നേഹപൂർവ്വം ദേവേന്ദ്രന് നൽകി.

അന്ന് ഐരാവതത്തിന്റെ പുറത്തായിരുന്നു ദേവേന്ദ്രൻ. മാല കിട്ടിയ സന്തോഷത്തിൽ അത് തലയിൽ ചൂടാൻ നോക്കി, പക്ഷേ മുടി ഒതുക്കാനായി തൽക്കാലം ആ മാല ഐരാവതത്തിന്റെ തലയിൽ വെച്ചു.

പാരിജാത പൂവിന്റെ ഗന്ധം ചുറ്റും കൂടിയ വണ്ടുകളെ ആകർഷിച്ചു. വണ്ടുകളുടെ ശല്യം സഹിക്കാതെ വന്നപ്പോൾ ഐരാവതം തുമ്പിക്കൈ കൊണ്ട് ആ മാല എടുത്ത് നിലത്തിട്ട് കാലുകൊണ്ട് ചവിട്ടി ചതച്ചു.

ഇതുകണ്ട ദുർവ്വാസാവിന് കോപം വന്നു. അഹങ്കാരിയായ ദേവേന്ദ്രൻ ഉൾപ്പെടെ എല്ലാ ദേവന്മാർക്കും ജരാനര ബാധിക്കട്ടെ എന്ന് അദ്ദേഹം ശപിച്ചു.

ദേവന്മാർ സത്യാവസ്ഥ പറഞ്ഞു മാപ്പിരന്നപ്പോൾ, ശാപമോക്ഷത്തിന് ഒരു വഴി മഹർഷി പറഞ്ഞു – പാലാഴി കടഞ്ഞ് അമൃത് എടുത്ത് കഴിക്കണം.

അങ്ങനെയാണ് പാലാഴി മഥനം തുടങ്ങുന്നത്.

ത്രിമൂർത്തികളുടെ അനുഗ്രഹത്തോടെ ദേവന്മാർ അസുരന്മാരുടെ സഹായം തേടി. മന്ദര പർവ്വതം കടക്കോലും, വാസുകി എന്ന നാഗരാജൻ കയറുമായി. വാസുകിയുടെ തലഭാഗം അസുരന്മാരും വാൽഭാഗം ദേവന്മാരും പിടിച്ച് കടയാൻ തുടങ്ങി.

കടയലിന്റെ ശക്തിയിൽ മന്ദര പർവ്വതം താഴ്ന്നുപോയി. അപ്പോൾ വിഷ്ണു തന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മാവതാരം എടുത്ത് പർവ്വതത്തെ താങ്ങി ഉയർത്തി.

കുറച്ചു നേരം കഴിഞ്ഞപ്പോൾ വാസുകിക്ക് സുഖമില്ലാതെ വന്ന് ഛർദ്ദിച്ചു. അതിൽ നിന്നാണ് ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ള കാളകൂട വിഷം വന്നത്.

ആ വിഷം നിലത്തുവീണാൽ സർവ്വനാശമാകും എന്നറിഞ്ഞ പരമശിവൻ അത് കയ്യിൽ വാങ്ങി കുടിച്ചു. വിഷം ഉള്ളിൽ പോകാതിരിക്കാൻ പാർവ്വതി ശിവന്റെ കഴുത്തും, പുറത്തേക്ക് പോകാതിരിക്കാൻ വിഷ്ണു വായും അടച്ചുപിടിച്ചു. വിഷം കണ്ഠത്തിൽ തങ്ങി നീല നിറമായി. അതോടെയാണ് ശിവന് നീലകണ്ഠൻ എന്ന പേരുവന്നത്.

ആ ദിവസമാണ് നാം ശിവരാത്രി ആയി ആചരിക്കുന്നത്.

നൂറ് വർഷത്തിലൊരിക്കലുള്ള ശിവരാത്രി

ഇന്നലെ മഹാശിവരാത്രി ആയിരുന്നു. ഈ വർഷത്തെ ശിവരാത്രിക്ക് ഒരു പ്രത്യേകതയുണ്ട് – നൂറ് വർഷത്തിലൊരിക്കൽ വരുന്ന അപൂർവ്വ ശിവരാത്രി.

അതുകൊണ്ടാണ് ഞാൻ ദർശനത്തിനായി ചെന്നൈ നുങ്കമ്പാക്കത്തെ അഗസ്തീശ്വരർ കോവിൽ തിരഞ്ഞെടുത്തത്. നോർത്ത് മഠം സ്ട്രീറ്റിലുള്ള ഈ പുരാതന ക്ഷേത്രം അഗസ്ത്യമുനിയാൽ സ്ഥാപിക്കപ്പെട്ടതാണെന്നാണ് ഐതിഹ്യം.

ഞാൻ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ നിന്ന് ഒരു വിളിപ്പാടകലെയാണ് ക്ഷേത്രം. പലവട്ടം തൊഴുതിട്ടുണ്ടെങ്കിലും ഇത്തവണത്തെ പ്രദോഷവും ശിവരാത്രിയും ഒരുമിച്ചായതിനാൽ പതിനായിരങ്ങളാണ് എത്തിയത്.

ഭാഗ്യത്തിന് അഭിഷേകത്തിന് ടിക്കറ്റ് കിട്ടി. ശിവന്റെ തൊട്ടുമുന്നിലിരുന്ന് അഭിഷേകം മുഴുവൻ കൺകുളിർക്കെ കണ്ടു. സാധാരണക്കാർക്ക് കിട്ടാൻ പ്രയാസമുള്ള ഭാഗ്യം.

അവിടെ അന്ന് നാല് അഭിഷേകങ്ങളാണ് നടന്നത്:

  • രാത്രി 9 മണിക്ക് – ബ്രഹ്മാവിന്റെ അഭിഷേകം
  • രാത്രി 11 മണിക്ക് – മഹാവിഷ്ണുവിന്റെ അഭിഷേകം
  • പുലർച്ചെ 1 മണിക്ക് – പാർവ്വതി ദേവിയുടെ അഭിഷേകം
  • പുലർച്ചെ 3 മണിക്ക് – മറ്റ് ദേവീദേവന്മാരുടെയും ഋഷിമാരുടെയും അഭിഷേകം

ഇതിൽ പുലർച്ചെ 1 മണിക്കുള്ള അഭിഷേക സമയത്ത്, എവിടെയിരുന്ന് ധ്യാനിച്ചാലും ശിവചൈതന്യം നേരിട്ട് ശരീരത്തിലേക്ക് ആവാഹിക്കാൻ കഴിയും എന്നാണ് വിശ്വാസം.

ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവ്വാരുകമിവ ബന്ധനാൻ  മൃത്യോർമുക്ഷീയ മാമൃതാത്

അർത്ഥം: സുഗന്ധപൂരിതനും എല്ലാറ്റിനെയും പരിപോഷിപ്പിക്കുന്നവനുമായ മുക്കണ്ണനെ ഞങ്ങൾ ആരാധിക്കുന്നു. തണ്ടിന്റെ ബന്ധനത്തിൽ നിന്ന് ഫലം അടർന്നു വീഴുന്നതുപോലെ, മൃത്യുവിൽ നിന്ന് ഞങ്ങൾ മുക്തി നേടട്ടെ.

ഈ ക്ഷേത്രത്തിന്റെ കഥ എന്താണ്?

ചെന്നൈയിലെ തിരക്കുള്ള വള്ളുവർ കോട്ടം ഹൈ റോഡിലൂടെ നടക്കുമ്പോൾ ഇവിടെ ഒരു പുരാതന ക്ഷേത്രമുണ്ടെന്ന് ആരും വിചാരിക്കില്ല.

ഇവിടെ രണ്ട് കഥകൾ പറയപ്പെടുന്നു: ക്ഷേത്ര പൂജാരികളിൽ നിന്നും പറഞ്ഞുകേട്ടത്?

അഗസ്ത്യമുനി സ്ഥാപിച്ച ശിവലിംഗം

ശിവൻ പാർവതിയെ കല്യാണം കഴിക്കുമ്പോൾ എല്ലാ ദേവന്മാരും മുനിമാരും കൈലാസത്തിൽ ഒത്തുകൂടി. ആ തിരക്കിന്റെ ഭാരം കൊണ്ട് ഭൂമി തന്നെ വടക്കോട്ട് ചരിഞ്ഞു.

അപ്പോൾ ശിവൻ അഗസ്ത്യമുനിയോട് പറഞ്ഞു, നീ തെക്കോട്ട് പോയാൽ മാത്രമേ ഭൂമി വീണ്ടും ബാലൻസ് ആകൂ. കാരണം നീ ഒറ്റയ്ക്ക് എല്ലാ ദേവന്മാരെപ്പോലെയും ശക്തനാണ്.

അഗസ്ത്യൻ പറഞ്ഞു, എന്നാൽ എനിക്ക് കല്യാണം കാണാൻ കഴിയില്ലല്ലോ. അതിന് ശിവൻ ഒരു വരം കൊടുത്തു. നീ തെക്കോട്ട് പോകുന്നിടത്തെല്ലാം നിനക്ക് എന്റെ കല്യാണക്കാഴ്ച ഞാൻ കാണിച്ചു തരാം.

അങ്ങനെ അഗസ്ത്യൻ തെക്കോട്ടുള്ള യാത്രയിൽ 108 സ്ഥലത്ത് ശിവലിംഗം സ്ഥാപിച്ച് പൂജിച്ചു. ഓരോ സ്ഥലത്തും ശിവൻ പാർവതിക്കൊപ്പം കല്യാണക്കോലത്തിൽ അദ്ദേഹത്തിന് ദർശനം നൽകി. അതിൽ ഒന്നാണ് നുങ്കമ്പാക്കത്തെ അഗസ്തീശ്വരർ ക്ഷേത്രം.

യാത്രയ്ക്കിടയിൽ അഗസ്ത്യ മുനീർ വർക്ക്  ദാഹം വരികയും അടുത്തൊന്നും ശുദ്ധജലം കിട്ടാത്തതിനാൽ കടൽവെള്ളം കുടിക്കാൻ  നിർബന്ധിതനായി അഗസ്ത്യൻ കടൽവെള്ളം കുടിച്ച് ദഹിപ്പിച്ചതിന്റെ പാപം തീരാൻ ശിവനെ പൂജിക്കാൻ തീരുമാനിച്ചു. അദ്ദേഹം ദർഭപ്പുല്ല് മന്ത്രം ജപിച്ച് പടിഞ്ഞാറോട്ട് എറിഞ്ഞു. അത് വീണിടത്ത് നിന്ന് ഒരു നദി ഉത്ഭവിച്ചു. അതാണ് ഇന്നത്തെ കൂവം എന്നറിയപ്പെടുന്ന കോസസ്തലൈ നദി. ഈ നദിക്കരയിലാണ് അദ്ദേഹം ആ 108 ക്ഷേത്രങ്ങൾ സ്ഥാപിച്ചത്.

ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇവിടെയുള്ള അഗസ്ത്യ-ലോപാമുദ്ര സന്നിധിയാണ്. പ്രധാന ഗർഭഗൃഹത്തിന് പുറത്ത് പ്രാകാരത്തിനകത്ത് തന്നെ അഗസ്ത്യമുനിയും ഭാര്യ ലോപാമുദ്രയും ഒരുമിച്ചുള്ള പ്രത്യേക സന്നിധിയുണ്ട്. ഇത് വളരെ അപൂർവമാണ്. മിക്ക ക്ഷേത്രങ്ങളിലും അഗസ്ത്യൻ ഒറ്റയ്ക്കാണ് ഉണ്ടാവുക. ഇവിടെ ഭക്തർ ആദ്യം അഗസ്ത്യ ദമ്പതികളെ വണങ്ങിയിട്ടാണ് ശിവനെ വണങ്ങാൻ പോകുന്നത്. തമിഴ്നാട്ടിൽ ലോപാമുദ്രയോടൊപ്പമുള്ള അഗസ്ത്യ ക്ഷേത്രം പ്രധാനമായി രണ്ടിടത്തേ ഉള്ളൂ. ഒന്ന് പാപനാശത്തെ കല്യാണ തീർത്ഥത്തിലും രണ്ടാമത്തേത് ഇവിടെ നുങ്കമ്പാക്കത്തും.

പറഞ്ഞു കേട്ട  മറ്റൊരു കഥ

വിഷ്ണുഭക്തനായ ഭൂമരാജൻ എന്ന രാജകുമാരന് മാരകമായ വയറുവേദന വന്നു. സ്വപ്നത്തിൽ മഹാവിഷ്ണു വന്ന് ഈ സ്ഥലത്തെ കുളത്തിൽ കുളിച്ച് ശിവനെ ആരാധിക്കാൻ പറഞ്ഞു. അദ്ദേഹം അങ്ങനെ ചെയ്ത് രോഗമുക്തനായി. അതിനാൽ ഇവിടുത്തെ ശിവന് അകത്തുള്ള രോഗത്തെ മാറ്റിയ ഈശ്വരൻ എന്ന അർത്ഥത്തിൽ അഗത്തെ ഈശ്വരൻ എന്ന് പേര് വന്നു. പിന്നീടത് അഗസ്തീശ്വരൻ ആയി മാറി. രാജാവ് നന്ദിയായി അടുത്ത് പണിതതാണ് ഇന്നത്തെ പ്രസന്ന വെങ്കിടേശ പെരുമാൾ ക്ഷേത്രം.

ക്ഷേത്രത്തിൽ കാണേണ്ട കാഴ്ചകൾ:

കിഴക്കോട്ട് ദർശനമുള്ള ശിവലിംഗവും, തെക്കോട്ട് ദർശനമുള്ള അഖിലാണ്ടേശ്വരി ദേവിയുമാണ് പ്രധാന പ്രതിഷ്ഠകൾ. തിരുച്ചി തിരുവാനൈക്കാവൽ മഹാക്ഷേത്രത്തിലെ അഖിലാണ്ടേശ്വരി ഭാവത്തിലുള്ള ദേവി സങ്കല്പമാണ് ഇവിടെ.

ശ്രീകോവിലിന്റെ ചുറ്റുമതിലിൽ ഗണപതി, ദക്ഷിണാമൂർത്തി, മഹാവിഷ്ണു, ബ്രഹ്മാവ്, ദുർഗ്ഗ എന്നീ പരിവാര ദേവതകളെയും, അകത്ത് നടരാജൻ, സോമസ്കന്ദൻ, നാൽവർ എന്നിവരെയും ദർശിക്കാം.

പുറത്ത് വള്ളി സുബ്രഹ്മണ്യൻ, ദുർഗ്ഗ-ലക്ഷ്മി-സരസ്വതി, ഭൈരവൻ. ഏറ്റവും അപൂർവ്വമായി – ഭാര്യ സുരസയോടൊപ്പം ഇരിക്കുന്ന നന്ദിയുടെ പ്രത്യേക ശ്രീകോവിൽ.

ആ കുളത്തിന്റെ പേര് – അഗസ്ത്യ തീർത്ഥം

ഇത് ഒരു സാധാരണ ക്ഷേത്രക്കുളം അല്ല. ചെന്നൈയിലെ ഏറ്റവും പഴക്കമുള്ള കുളങ്ങളിൽ ഒന്നാണ്.

ഈ കുളത്തെ പറ്റി കേട്ടറിഞ്ഞ ഒരു ഐതിഹ്യ കഥ പറഞ്ഞു കേൾക്കുന്നത്

അഗസ്ത്യ മുനി തന്റെ വായിലെ ശേഷിച്ച കടൽ വെള്ളം തുപ്പിയാണ് ഈ കുളം ഉണ്ടാക്കിയത് എന്നും പറയപ്പെടുന്നു. അതുകൊണ്ടാണ് അഗസ്ത്യ തീർത്ഥം എന്ന് പേര്.

കുളത്തിന്റെ പ്രത്യേകത:

കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിന്റെ തൊട്ട് മുന്നിൽ തന്നെയാണ് കുളം. കോണർ എന്നും വിളിക്കും.

കുളത്തിന്റെ ഒരു മൂലയിൽ സ്വയംഭൂവായ  അസലത്തമ്മൻ  (Asalathamman) ദേവിയുടെ ചെറിയ ക്ഷേത്രം ഉണ്ട്.

ഈ കുളത്തിലെ വെള്ളത്തിന് താഴെ എപ്പോഴും ഉറവയുണ്ടെന്നാണ് വിശ്വാസം. തിരുവാനൈക്കാവൽ പോലെ ഇവിടെയും ശിവലിംഗത്തിന്റെ അടിയിൽ വെള്ളം ഊറുന്നുണ്ടെന്ന് പൂജാരിമാർ പറയുന്നു. കുംഭാഭിഷേക സമയത്ത് 20 അടി കുഴിച്ചിട്ടും അടിത്തറ കണ്ടെത്താൻ കഴിഞ്ഞില്ലത്രെ.

കുളത്തിൽ ധാരാളം പക്ഷികൾ വരും, ഗണപതി, മുരുകൻ, നാഗങ്ങൾ എന്നിവരുടെ ചെറിയ ശ്രീകോവിലുകൾ കുളക്കരയിൽ ഉണ്ട്.

ഇവിടുത്തെ ഏറ്റവും പ്രധാന ഉത്സവം തെപ്പ തിരുവിഴ – തെപ്പ ഉത്സവം ആണ്. എല്ലാ വർഷവും മാശി മാസത്തിൽ (Feb – March) ശിവനെയും ദേവിയെയും തെപ്പത്തിൽ (കുളത്തിൽ പൊങ്ങുന്ന മണ്ഡപത്തിൽ) എഴുന്നള്ളിക്കും.

80 വർഷത്തോളം ഈ ഉത്സവം നിന്നുപോയിരുന്നു, ഇപ്പോൾ കഴിഞ്ഞ 4 – 5 വർഷമായി വീണ്ടും ആഘോഷിച്ചു തുടങ്ങി.

ചെന്നൈയിലെ മറ്റൊരു ശിവക്ഷേത്രമായ കപാലീശ്വരൻ  കോവിലിലെ കുളം കഴിഞ്ഞാൽ

ചെന്നൈ നഗരമദ്യത്തിനുള്ളിൽ ഇത്ര വലിയൊരു ക്ഷേത്രക്കുളം ഉണ്ടെന്നത് തന്നെ അത്ഭുതമാണ്.

അതുപോലെ ക്ഷേത്രമണി ഗോപുരവും കൊടിമരവും:

ക്ഷേത്രത്തിലേക്ക് കടക്കുമ്പോൾ തന്നെ ആദ്യം കണ്ണിൽ പെടുന്നത് ഉയർന്നു നിൽക്കുന്ന ഗോപുരമാണ്. ദ്രാവിഡ ശൈലിയിലുള്ള ഈ ഗോപുരം ക്ഷേത്രത്തിന്റെ അഭിമാനമാണ് – ദൂരെ നിന്ന് തന്നെ ഭക്തർക്ക് വഴികാട്ടിയായി അത് നിൽക്കുന്നു.

ഗോപുര കവാടത്തിലൂടെ അകത്ത് പ്രവേശിച്ചാൽ വിശാലമായ മുറ്റം. മുറ്റത്തിന്റെ മധ്യത്തിൽ, ശ്രീകോവിലിന് അഭിമുഖമായി നന്ദി ഭഗവാൻ ഇരിക്കുന്നു. ശിവനെ തന്നെ നോക്കി, കാത്തിരിപ്പിലാണ് നന്ദി. ഏത് ആഗ്രഹവും നന്ദിയുടെ ചെവിയിൽ പറഞ്ഞാൽ ശിവനിലേക്ക് എത്തും എന്നാണ് വിശ്വാസം.

ഗോപുരത്തിലെ വലിയ മണിയും കൊടിമരവും:*

ക്ഷേത്രഗോപുരത്തിൽ കയറുമ്പോൾ തന്നെ കാണുന്ന ഏറ്റവും വലിയ ആകർഷണം ഗോപുരത്തിനുള്ളിൽ തൂക്കിയിട്ടിരിക്കുന്ന വലിയ മണിയാണ്. സാധാരണ ക്ഷേത്രമണി പോലെയല്ല,  ഉയരത്തിലുള്ള ഈ വെങ്കല മണിയുടെ ശബ്ദം മുഴങ്ങിയാൽ അത് കിലോമീറ്ററുകൾ അപ്പുറം വരെ കേൾക്കാം. ഉത്സവകാലത്ത് ഈ മണി മുഴങ്ങുമ്പോൾ ദേവൻ എഴുന്നള്ളി എന്നാണ് പറയുക.

നന്ദിക്ക് പിന്നിലായി ക്ഷേത്രത്തിലെ പ്രധാന കൊടിമരം സ്ഥിതി ചെയ്യുന്നു. കാലപ്പഴക്കം കൊണ്ട് കൊടിമരത്തിന്റെ പുറം പൂശ് വെങ്കലമാണോ, ചെമ്പാണോ, അതോ സ്വർണ്ണം പൂശിയതാണോ എന്ന് ഇപ്പോഴത്തെ നിലയിൽ കൃത്യമായി വിലയിരുത്താൻ പ്രയാസമാണ്. എങ്കിലും ഉത്സവകാലത്ത് കൊടിമരത്തിൽ കൊടികയറ്റുന്ന ചടങ്ങിനാണ് ഇവിടെ ഏറെ പ്രാധാന്യം.

ആഗമ വിധിപ്രകാരം പണിത ഈ പുണ്യക്ഷേത്രത്തെക്കുറിച്ച് എനിക്ക് മനസ്സിലായത് ഇത്രയുമാണ്.

ചെന്നൈ കപാലീശ്വര ക്ഷേത്ര വിശേഷം

ചെന്നൈയുടെ ഹൃദയമാണ് മൈലാപ്പൂർ. അവിടെയാണ് തമിഴ്നാട്ടിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നായ കപാലീശ്വരർ ക്ഷേത്രം.

പേര് വന്നതെങ്ങനെ? രണ്ട് കഥകൾ:

കപാലം + ഈശ്വരൻ:

കപാലം എന്ന പേരിന്റെ കഥ: ബ്രഹ്മാവിന് അഞ്ച് തലകളുണ്ടായിരുന്നതുകൊണ്ട് അഹങ്കാരം വന്നു. ശിവനെക്കാൾ വലിയവനാണ് താൻ എന്ന് കരുതി. അഹങ്കാരം തീർക്കാൻ ശിവൻ ബ്രഹ്മാവിന്റെ ഒരു തല അടർത്തിയെടുത്ത് കൈയിൽ പിടിച്ചു. കപാലം എന്നാൽ തലയോട്ടി എന്നാണ് അർത്ഥം. അത് കൈയിൽ പിടിച്ച ഈശ്വരൻ ആയതുകൊണ്ട് കപാലീശ്വരൻ എന്ന് പേര് വന്നു. ബ്രഹ്മഹത്യാ പാപം തീരാൻ ബ്രഹ്മാവ് ഈ കുളക്കരയിൽ ശിവലിംഗം സ്ഥാപിച്ച് തപസ്സ് ചെയ്തു.

ഞാൻ ഇങ്ങനെ എഴുതുമ്പോൾ സ്വാഭാവികമായും പലർക്കും ഒരു സംശയം ഉണ്ടാവാം  ബ്രഹ്മാവിന് മൂന്ന് മുഖമല്ലേ?

ബ്രഹ്മാവിന് ആദ്യം 5 മുഖം ആയിരുന്നു. നാല് മുഖം കൊണ്ട് നാല് വേദം പറയാൻ. അഞ്ചാമത്തെ മുഖം അഹങ്കാരത്തിന്റെ മുഖം.

ഒരിക്കൽ ബ്രഹ്മാവ് “ഞാനാണ് വലിയവൻ” എന്ന് പറഞ്ഞപ്പോൾ, പരമശിവൻ ഭൈരവ രൂപത്തിൽ വന്ന് അഹങ്കാരത്തിന്റെ ആ അഞ്ചാമത്തെ മുഖം അറുത്തു കളഞ്ഞു.

അതുകൊണ്ട് 5 – 1 = 4. ഇപ്പോൾ ബ്രഹ്മാവിന് 4 മുഖം.

പിന്നെ എന്തുകൊണ്ട് 3 മുഖം മാത്രം കാണുന്നു?

നമ്മൾ മുന്നിൽ നിന്ന് നോക്കുമ്പോൾ 3 മുഖമേ കാണൂ. നാലാമത്തെ മുഖം പിന്നിലാണ്. അതുകൊണ്ട് ഫോട്ടോയിലോ വിഗ്രഹത്തിലോ 3 എണ്ണം മാത്രം കാണും.

തിരുനാവായിലെ ബ്രഹ്മാവിന്റെ ക്ഷേത്രത്തിൽ ഇത് പ്രത്യേകം കാണാം. മൂന്ന് മുഖം നേരിട്ട് കാണാം, നാലാമത്തേത് ദർശിക്കാൻ മനസ്സ് കൊണ്ട് കാണണം. അതാണ് തത്വം

അതായത്, കണക്ക് തെറ്റിയിട്ടില്ല. 4 മുഖം തന്നെയുണ്ട്. നമ്മുടെ കണ്ണിന് 3 എണ്ണം മാത്രം കാണുന്നു, നാലാമത്തേത് ജ്ഞാനം കൊണ്ട് കാണണം.

ഇതാണ് പിതൃതർപ്പണത്തിന്റെ തത്വവും – കാണുന്ന മൂന്ന് തലമുറയ്ക്ക് അല്ല, കാണാത്ത നാലാമത്തെ തലമുറയ്ക്ക് കൂടി ബലിയിടുന്നു.

മയിലാപ്പൂർ എന്ന പേരിന്റെ കഥ:

രണ്ടാമത്തേത്. മയിലും മൈലാപ്പൂരും:
ഒരിക്കൽ ശിവൻ പാർവതിക്ക് പഞ്ചാക്ഷര മന്ത്രത്തിന്റെ അർത്ഥം പറഞ്ഞു കൊടുക്കുമ്പോൾ, പാർവതിയുടെ ശ്രദ്ധ പുറത്ത് നൃത്തം ചെയ്യുന്ന മയിലിലേക്ക് പോയി. കോപം വന്ന ശിവൻ പാർവതിയെ മയിലായി (തമിഴിൽ മയിലി) ജനിക്കാൻ ശപിച്ചു. പാർവതി മയിലിന്റെ രൂപത്തിൽ ഈ സ്ഥലത്ത് വന്ന് പുന്നൈ മരത്തിനു ചുവട്ടിൽ ശിവനെ തപസ്സ് ചെയ്ത് ശാപമോക്ഷം നേടി.

ശാപമോചനത്തിനായി പാർവതി മയിലിന്റെ രൂപത്തിൽ മയിലാപ്പൂരിൽ വന്നു. ഇവിടെയുള്ള പുന്നൈ മരത്തിനടിയിൽ ഒരു ശിവലിംഗം സ്ഥാപിച്ച് തപസ്സ് ചെയ്തു. ആ തപസ്സിൽ സംപ്രീതനായ ശിവൻ അവരെ സ്വീകരിച്ചു.

മയിലായി വന്ന് തപസ്സ് ചെയ്ത സ്ഥലം ആയതുകൊണ്ടാണ് മയിൽ + ഊർ = മയിലാപ്പൂർ എന്ന പേര് വന്നത്.

ക്ഷേത്രത്തിനകത്ത് ഇന്നും പാർവതി മയിലായി ശിവനെ പൂജിക്കുന്ന ചെറിയ ശ്രീകോവിലും ആ പുണ്യ പുന്നൈ മരം ഇന്നും ക്ഷേത്രത്തിനുള്ളിൽ ഉണ്ട്.. ആ മരത്തിനു ചുവട്ടിൽ നിന്ന് പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങൾ സാധിക്കും എന്നാണ് വിശ്വാസം. 

കുളത്തിലെ താമരപ്പൂക്കളിൽ നിന്നാണ് കർപ്പകാംബാൾ ദേവി ഉയർന്നു വന്നത് എന്നും പറയപ്പെടുന്നു.

ക്ഷേത്രത്തിന്റെ ചരിത്രം:
ഏഴാം നൂറ്റാണ്ടിൽ പല്ലവർ കടൽത്തീരത്താണ് ആദ്യം ക്ഷേത്രം പണിതത്. പിന്നീട് പോർച്ചുഗീസുകാർ അത് നശിപ്പിച്ചു.

ഇന്ന് കാണുന്ന ക്ഷേത്രം 16 -ാം നൂറ്റാണ്ടിൽ വിജയനഗര രാജാക്കന്മാർ, പ്രത്യേകിച്ച് തുളുവ രാജവംശം പണിതതാണ്. 37 മീറ്റർ ഉയരമുള്ള രാജഗോപുരം 1906 ലാണ് പണിതത്. ദ്രാവിഡ വാസ്തുവിദ്യയുടെ ഏറ്റവും നല്ല ഉദാഹരണം.

ഇത് പാടൽ  സ്ഥലം ആണ് – ഏഴാം നൂറ്റാണ്ടിലെ തേവാരം പാടിയ നായനാർമാർ പാടിയ പുണ്യക്ഷേത്രം.

പാടൽ  സ്ഥലം എന്നതിന്റെ വിശദമായ അർത്ഥം ഇതാണ്.

തമിഴ്നാട്ടിൽ ശിവന് 276 പ്രധാന ക്ഷേത്രങ്ങളുണ്ട്. ഇവയെ പാടൽ  സ്ഥലം എന്ന് വിളിക്കുന്നു.

പാടൽ = പാട്ട്, പെറ്റ = ലഭിച്ച. അതായത്, പാട്ട് ലഭിച്ച സ്ഥലം.

ഐതിഹ്യം പറയുന്നത് ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മൂന്ന് ശൈവ സന്യാസിമാർ  തിരുജ്ഞാനസംബന്ധർ, തിരുനാവുക്കരശർ (അപ്പർ), സുന്ദരർ  ഇവരെ നായനാർമാർ എന്ന് വിളിക്കും. ഇവർ ശിവനെ കാണാൻ നടന്ന്, ഓരോ ക്ഷേത്രത്തിൽ വെച്ച് തമിഴിൽ പാട്ടുകൾ പാടി. ആ പാട്ടുകളെ തേവാരം എന്ന് വിളിക്കുന്നു.

അവർ പാടിയ 276 ക്ഷേത്രങ്ങൾക്കാണ് പാടൽ  എന്ന ബഹുമതി. ശിവന്റെ തിരുഅവൈ പതിപ്പ് പോലെയാണിത്.

കപാലീശ്വരർ ക്ഷേത്രം ഇതിൽ 24-ാമത്തെ ക്ഷേത്രമാണ്, തൊണ്ടൈ നാട്ടിലെ (ചെന്നൈ ഉൾപ്പെടുന്ന ഭൂപ്രദേശം) ക്ഷേത്രങ്ങളിൽ.

സംബന്ധരുടെ പൂമ്പാവൈ പതികം:
ഇവിടെ വെച്ച് നടന്ന ഒരു അത്ഭുതമാണ് സംബന്ധരെ ഈ ക്ഷേത്രത്തെപ്പറ്റി പാടാൻ പ്രേരിപ്പിച്ചത്.

മൈലാപ്പൂരിൽ ശിവനേശൻ ചെട്ടിയാർ എന്നൊരു വ്യാപാരി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൾ പൂമ്പാവൈ പാമ്പ് കടിയേറ്റ് മരിച്ചു. മകളുടെ അസ്ഥിയും ചാരവും ഒരു കുടത്തിൽ സൂക്ഷിച്ച് അദ്ദേഹം സംബന്ധരുടെ വരവും കാത്തിരുന്നു.

സംബന്ധർ മൈലാപ്പൂർ വന്നപ്പോൾ, ചെട്ടിയാർ കരഞ്ഞു പറഞ്ഞു. അപ്പോൾ 10 വയസ്സുള്ള ബാലനായ സംബന്ധർ ശിവനെ നോക്കി ഒരു പതികം (10 പാട്ട്) പാടി. പാട്ടിന്റെ അർത്ഥം ഇതായിരുന്നു – “ഇവിടെ ഇത്ര ഉത്സവം നടക്കുമ്പോൾ, ഈ പെൺകുട്ടി അത് കാണാതെ പോകുന്നതെങ്ങനെ?”

പാട്ട് തീർന്നപ്പോൾ കുടത്തിൽ നിന്ന് പൂമ്പാവൈ ജീവനോടെ എഴുന്നേറ്റു വന്നു! ആ പാട്ടാണ് പൂമ്പാവൈ പതികം. അതിനാൽ ഈ ക്ഷേത്രം പാടൽ പെറ്റ സ്ഥലമായി.

പിന്നീട് ചെട്ടിയാർ പൂമ്പാവൈയെ സംബന്ധർക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കാൻ നോക്കി, പക്ഷേ സംബന്ധർ പറഞ്ഞു – “ഞാൻ അവളെ വീണ്ടും ജനിപ്പിച്ചതിനാൽ ഞാൻ അവളുടെ അച്ഛനാണ്.”

ആ പൂമ്പാവൈയുടെ വിഗ്രഹവും സംബന്ധരുടെ ശ്രീകോവിലും ഇന്നും കിഴക്കേ ഗോപുരത്തിന്റെ അടുത്ത് കാണാം.

ക്ഷേത്രം ആദ്യം കടലോരത്തായിരുന്നു

ഏഴാം നൂറ്റാണ്ടിൽ തിരുജ്ഞാനസംബന്ധർ ഇവിടെ വന്ന് പാടിയപ്പോൾ ക്ഷേത്രം കടലിന് തൊട്ടടുത്തായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം “മയിലൈ കടലോരത്തുള്ള ക്ഷേത്രം” എന്ന് പാടിയത്.

അപ്പർ എന്നറിയപ്പെടുന്ന തിരുനാവുക്കരശർ നേരിട്ട് ഇവിടെ വന്നിട്ടില്ല, പക്ഷേ അദ്ദേഹവും തന്റെ തേവാരത്തിൽ മയിലാപ്പൂരിലെ കടലോര ക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

അതുകൊണ്ടാണ് ഭക്തർ പറയുന്നത്, “കൈലായേ മയിലൈ, മയിലൈയേ കൈലൈ”. അതായത് കൈലാസം തന്നെ മയിലാപ്പൂരാണ്.

പിന്നീട് 1566 ൽ പോർച്ചുഗീസുകാർ ആ പഴയ ക്ഷേത്രം പൊളിച്ച് അവിടെ ഇന്നത്തെ സാന്തോം പള്ളി പണിതു.

അതിനുശേഷം വിജയനഗര രാജാക്കന്മാരുടെ കാലത്ത്, പഴയ ക്ഷേത്രത്തിന്റെ കല്ലുകൾ ഉപയോഗിച്ച് കടലിൽ നിന്ന് 1.5 കിലോമീറ്റർ ഉള്ളിലായി ഇന്ന് കാണുന്ന ക്ഷേത്രം പുതിയതായി പണിതു.

ഇവിടെ മാത്രമുള്ള പ്രത്യേകതകൾ:

കർപ്പകാംബാൾ: പാർവതിയുടെ പേര്. കല്പവൃക്ഷം പോലെ ആഗ്രഹങ്ങൾ നൽകുന്ന ദേവി.

മുരുകന് വേൽ കിട്ടിയ സ്ഥലം: മുരുകൻ സൂരപത്മനെ കൊല്ലാൻ പോകുന്നതിന് മുൻപ് അമ്മയിൽ നിന്ന് ശക്തിവേൽ വാങ്ങിയത് ഇവിടെ വെച്ചാണ്.

പിതൃദോഷ പരിഹാരം: ഇവിടെ പിതാക്കൾക്കുവേണ്ടി പൂജ ചെയ്താൽ മോക്ഷം കിട്ടും എന്ന് വിശ്വാസം.

ഉത്സവം: പങ്കുനി മാസത്തിലെ അറുപത്തിമൂവർ ഉത്സവം ആണ് ഏറ്റവും വലുത്. 63 നായനാർമാരുടെ വിഗ്രഹങ്ങൾ വീഥിയിലൂടെ എഴുന്നള്ളിക്കും.

കുളത്തിന്റെ ചരിത്രം:

ഈ കുളത്തിന് ഇന്ന് കാണുന്ന രൂപം നൽകിയത് പതിനാറാം നൂറ്റാണ്ടിൽ മയിലൈ മുതൈയപ്പ മുതലിയാർ ആണ്. കുളം നിൽക്കുന്ന സ്ഥലം ആർക്കോട്ട് നവാബ് ദാനമായി നൽകിയതാണ്. അതിന്റെ നന്ദിയായി ഇന്നും മുഹറം നാളിൽ ഇവിടുത്തെ മുസ്ലീം സഹോദരങ്ങൾക്ക് കുളത്തിൽ കുളിക്കാൻ അനുവാദമുണ്ട്. ഇതിന് ഹൈക്കോടതി വിധി പോലും ഉണ്ട്.

എല്ലാ വർഷവും പങ്കുനി മാസത്തിൽ നടക്കുന്ന തെപ്പ ഉത്സവത്തിൽ ശിവനെയും ദേവിയെയും നടുക്കുള്ള 16 കാലുള്ള മണ്ഡപത്തിലേക്ക് കൊണ്ടുപോയി കുളത്തിൽ ചുറ്റിക്കാറുണ്ട്.

കപാലീശ്വരർ ക്ഷേത്രത്തിനകത്തെ മറ്റ് പ്രധാന വിഗ്രഹങ്ങൾ:

പ്രവേശനത്തിൽ തന്നെ
കിഴക്കേ ഗോപുരത്തിൽ കയറുമ്പോൾ ആദ്യം കാണുന്നത് നർത്തന വിനായകർ ആണ്. നൃത്തം ചെയ്യുന്ന ഗണപതി ആണ് ഇവിടെ. വളരെ അപൂർവമാണ്.

പ്രദക്ഷിണ വഴിയിൽ

അണ്ണാമലയാർ – ശിവന്റെ മറ്റൊരു രൂപം

സിംഗാരവേലർ – മുരുകൻ, വള്ളി ദേവയാനി സമേതനായി. ഇവിടുത്തെ മുരുകന് പ്രത്യേക ശക്തിയുണ്ട് എന്ന് പറയും.

സംബന്ധർ പൂമ്പാവൈയോടൊപ്പം – തിരുജ്ഞാനസംബന്ധർ പൂമ്പാവൈ എന്ന പെൺകുട്ടിയെ ചിതാഭസ്മത്തിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിച്ച കഥ ഇവിടെ വെച്ചാണ്. അതിന്റെ ശിൽപം ഉണ്ട്.

വായിലാർ നായനാർ, അരുണഗിരിനാഥർ – ഇവർക്കും ചെറിയ സന്നിധികളുണ്ട്.

ശനീശ്വരൻ, നവഗ്രഹം, സുന്ദരേശ്വരർ, ജഗദീശ്വരർ – വടക്കുകിഴക്കേ മൂലയിൽ.

ഗർഭഗൃഹത്തിനോട് ചേർന്ന്
ഗർഭഗൃഹത്തിന്റെ ചുറ്റും – തെക്ക് ഭാഗത്ത് ദക്ഷിണാമൂർത്തി, വടക്ക് ഭാഗത്ത് ദുർഗ്ഗ, പിൻഭാഗത്ത് ലിംഗോദ്ഭവർ, അടുത്ത് ചണ്ഡികേശ്വരർ. എതിർവശത്ത് 63 നായൻമാരുടെ ശിൽപങ്ങൾ നിരനിരയായി ഉണ്ട്.

പുന്നൈ മരം – ക്ഷേത്രത്തിന്റെ സ്ഥലവൃക്ഷം. പാർവതി മയിലായി തപസ്സ് ചെയ്തത് ഈ മരത്തിനടിയിലാണ്. അതിനടിയിൽ പുന്നൈവനനാഥർ എന്ന ചെറിയ ശിവലിംഗമുണ്ട്.

മയിലായി പാർവതി – പുന്നൈ മരത്തിനടുത്ത് മയിലിന്റെ രൂപത്തിൽ ശിവനെ പൂജിക്കുന്ന പാർവതിയുടെ ചെറിയ ശ്രീകോവിൽ ഉണ്ട്. ഇതാണ് ക്ഷേത്രത്തിന്റെ ഹൃദയം. 

ക്ഷേത്രത്തിന്റെ മൂലവർ പടിഞ്ഞാറോട്ട് ദർശനമുള്ള ശിവലിംഗമാണ്. തമിഴ്നാട്ടിൽ പടിഞ്ഞാറോട്ട് ദർശനമുള്ള 40 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.

സമയം: രാവിലെ 6 മുതൽ 12.30 വരെ, വൈകിട്ട് 4.30 മുതൽ 9.30 വരെ.

എം ബാബു ജയപ്രകാശ്

Leave a Comment