അരളിപ്പൂവ് – ഒരു പൂവിന്റെ പേരിലെ വിവാദം

Time Taken To Read 4 Minutes

അരളിപ്പൂവേ പൊന്നരളിപ്പൂവേ…..
ആനന്ദ താഴ്‌വരയിൽ ആലോലമാടി
ആരെയാരെ കാത്തു നിൽപ്പൂ നീ… എന്ന പാട്ട് എവിടെയോ കേട്ടു മറന്നത് പോലെ

പൂവിനെ വർണ്ണിച്ചു വരികൾ അങ്ങനെ പോവുന്നു… ഈ വരികൾ എന്റേതല്ല (കടപ്പാട് ഓർമ്മയിലെ ഒരു പഴയ പാട്ടിൻറെ ഈണം)

കുറച്ചു മാസങ്ങൾക്കു മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് അരളിപ്പൂവും അതിന്റെ ഉപയോഗവും. ഹിന്ദുക്കൾ പൂജാദി കർമ്മങ്ങൾക്ക് ഉപയോഗിക്കുന്നതിനെപ്പറ്റി അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള അഭിപ്രായങ്ങൾ വായിച്ച് ആകെ കൺഫ്യൂഷനിലാണ് ജനങ്ങൾ. പ്രത്യേകിച്ച് ഭക്തജനങ്ങൾ, സനാതന ധർമ്മ വിശ്വാസികൾ.

മറ്റൊരു എടുത്തു പറയേണ്ട വസ്തുത, ഈ കൺഫ്യൂഷൻ മുഴുവൻ കേരളത്തിലാണെന്നുള്ളതാണ്. കേരളീയർക്കിടയിലാണ് കൂടുതൽ കണ്ടുവരുന്നത്.

ഇങ്ങനെ പറയാൻ കാരണം, ഏറെ ബോധവൽക്കരിക്കപ്പെട്ട, സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും പല വിഷയത്തിലും ഈ സമൂഹത്തിന്റെ അജ്ഞത വല്ലാത്ത അവസ്ഥയിൽ എത്തിക്കുന്നു എന്നതിൽ തർക്കമില്ല. പ്രത്യേകിച്ച് ഹിന്ദുവിന്റെ സംസ്കാരങ്ങളും ആചാരവുമായി ബന്ധപ്പെട്ടുള്ളതാകുമ്പോൾ. അതിന്റെ ഒരു ഉദാഹരണമാണ് ഈ അരളിപ്പൂ വിവാദം.

വീണ്ടും സജീവമാകാൻ കാരണം ഈയിടെ ഉണ്ടായ ഒരു സ്ത്രീയുടെ ആകസ്മികമായ മരണവുമായി ബന്ധപ്പെടുത്തിയാണല്ലോ ഇപ്പോൾ വീണ്ടും സജീവമാകുന്നത്. ഇപ്പോഴുണ്ടാകുന്ന ഈ വിവാദത്തെ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമായി കാണുന്നു എന്ന ചൊല്ലുപോലെ കണ്ടാൽ മതി.

ഇങ്ങനെ എനിക്ക് തോന്നാൻ കാരണം, തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആചാരപ്രകാരം ചെയ്യുന്ന പൂജാദി കർമ്മങ്ങൾക്ക് സാക്ഷിയായ എനിക്ക് എന്റെ വിവേചന ബുദ്ധിക്ക് തോന്നുന്നതാണ് ഈ വിഷയത്തിൽ എഴുതുന്നത്. വായിക്കാൻ താല്പര്യമുള്ളവർക്ക് വായിച്ച് അവരവരുടെ വിവേചന ബുദ്ധിക്കനുസരിച്ച് സ്വീകരിക്കുകയോ അവഗണിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യമുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെങ്കിലും, ഒരു ശരാശരി ദൈവീകമായി ചിന്തിക്കുന്ന ഹിന്ദുവിന് ഈ വിഷയത്തിൽ അവന്റെ / അവളുടെ സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് എന്റെ ബോധ്യം.

ഉദാഹരണം:
തമിഴ്‌നാട്ടിലെ പ്രസിദ്ധമായ പഴനി ക്ഷേത്രത്തിലെ ഐതിഹ്യങ്ങളും ക്ഷേത്ര ഗ്രന്ഥങ്ങളും അനുസരിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്, ബോഗർ മുനി മുരുകന്റെ മൂർത്തിയെ ഒമ്പത് വിഷമുള്ള ഔഷധങ്ങൾ (നവപാഷാണം) കലർത്തി പ്രത്യേക പൂജകളും മന്ത്രങ്ങളും ചൊല്ലി നിർമ്മിച്ചു എന്ന് വിശ്വസിച്ചു വരുന്നു.

തമിഴ്‌നാട്ടിൽ തന്നെ അദ്ദേഹം “കുഴന്തൈ വേലപ്പർ” എന്ന മറ്റൊരു മുരുക ക്ഷേത്രവും സ്ഥാപിച്ചിട്ടുണ്ട്.

ഈ വിഗ്രഹങ്ങളിൽ അഭിഷേകം ചെയ്യുന്നതാകട്ടെ ഒരു പ്രത്യേക അനുപാതത്തിൽ പഴവും, തേനും, നെയ്യും, കൽക്കണ്ടവും, ശർക്കരയും ചേർത്തുകൊണ്ട് ഉണ്ടാക്കിയ “പഞ്ചാമൃതം” അഭിഷേകം ചെയ്ത് പ്രസാദമായി നൽകുമ്പോൾ അരളിപ്പൂവ് പോലുള്ള പുഷ്പങ്ങൾ സമർപ്പിച്ചു നൽകുന്നത് കണ്ടിട്ടുണ്ട്. പ്രസാദം ഏറ്റുവാങ്ങിയ ഭക്തർ അത് വെളിയിൽ കളയുകയാണ് പതിവ്. പുഷ്പാഞ്ജലി പ്രസാദത്തോടൊപ്പമാണെങ്കിൽ ഒന്നുകിൽ മുടിയിൽ ചൂടും അല്ലെങ്കിൽ ചെവിയിൽ തിരുകും, അല്ലാതെ ആരും ഭക്ഷിക്കുന്നതായി കണ്ടിട്ടില്ല.

ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട വസ്തുത, ഒൻപത് വിഷവസ്തുക്കൾ ചേർത്ത് നിർമ്മിച്ച പ്രതിമയിൽ പഞ്ചാമൃതം അഭിഷേകം ചെയ്ത് ഭക്ഷിക്കുമ്പോൾ അത് വിഷരഹിതമായ ഔഷധമായി മാറുന്നു എന്ന അനുഭവമാണ്. തേനും നെയ്യും ശരിയായ അളവിൽ ചേർത്തില്ലെങ്കിൽ അതും വിഷമായി മാറും എന്നതും നമ്മൾ ഓർക്കണം.

ഒരു കാലത്ത് പാവപ്പെട്ടവന്റെ ഭക്ഷണമെന്ന് മുദ്രകുത്തി അവജ്ഞയോടെ കണ്ട കപ്പ (കൊള്ളിക്കിഴങ്ങ്) പിൽക്കാലത്ത് കേരളത്തിന്റെ ദാരിദ്ര്യം തന്നെ മാറ്റാൻ ഉപകാരപ്പെട്ടു. ഇന്ന് ആ വസ്തു പഞ്ചനക്ഷത്ര ഹോട്ടലിൽ വരെ പ്രധാന വിഭവമാണെങ്കിലും അതിലും സയനൈഡ് എന്ന മാരകവിഷം അടങ്ങിയിട്ടുണ്ട്. ഇതൊക്കെ നമ്മുടെ പൂർവികർ മനസ്സിലാക്കി തന്നെയാണ് കപ്പയുടെ തോലും തണ്ടും ഇലയും നാൽക്കാലികൾക്ക് പോലും നൽകാതെ സംസ്കരിക്കുന്നത്.

കപ്പ തൊലി കളഞ്ഞ് പലവട്ടം കഴുകി മഞ്ഞൾ കലർത്തിയ വെള്ളത്തിൽ പുഴുങ്ങി വെള്ളം വാർത്തതിന് ശേഷം ഉപയോഗിക്കുന്നത് ഇതിലെ വിഷാംശം കളയുന്നതിനാണ് എന്നുള്ള അറിവും നമുക്ക് പൂർവികരിൽ നിന്നും പകർന്നു കിട്ടിയതാണ്. കപ്പ അരിഞ്ഞിടുമ്പോൾ കുട്ടികൾ ആരെങ്കിലും പച്ചക്കപ്പ എടുത്തു തിന്നുമ്പോൾ മുതിർന്നവർ തടയുന്നതും ശകാരിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ടാകും. എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും ഛർദ്ദിലും ഓക്കാനവും ചിലരിൽ കാണാം. ഇതൊക്കെ ഇതിലടങ്ങിയ വിഷാംശം മൂലമാണെന്ന് നമ്മൾ ഓർക്കാതെ പോകുന്നു.

ദിവസം ഒരു ആപ്പിൾ കഴിച്ചാൽ രോഗങ്ങളില്ലാതെ ജീവിക്കാം എന്ന് പറയുന്ന ആപ്പിളിന്റെ കുരു വിഷമല്ലേ? എന്നിട്ടും കുരു കളഞ്ഞ് ആപ്പിൾ നമ്മൾ ഭക്ഷിക്കുന്നില്ലേ? പൂവിന്റെ പേരിലുള്ള വിവാദമൊക്കെ ഉണ്ടാക്കുന്നതിന്റെ പിന്നിൽ പൂമാഫിയയും ഹിന്ദുക്കളുടെ ആചാരരീതിയെ ഇല്ലാതാക്കുക എന്ന ഗൂഢലക്ഷ്യവും ഉണ്ട്. ഇത് തിരിച്ചറിയാതെ പോകരുത്. തിരിച്ചറിഞ്ഞാൽ ഹിന്ദുവിന് നല്ലത്.

എരുക്ക് എന്നൊരു ചെടിയെപ്പറ്റി നമ്മൾ കേട്ടിരിക്കും. അതുപയോഗിച്ച് പല ഔഷധങ്ങളും നിർമ്മിക്കുന്നുണ്ട്. മരണാനന്തര കർമ്മങ്ങൾക്കും ഇതിന്റെ തണ്ട് ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. ഇല വാട്ടി വേദനയുള്ള ഭാഗത്ത് പൊതിഞ്ഞ് വേദനാസംഹാരിയായി ഉപയോഗിക്കുന്നു. ഇതിന്റെ വേര് കഷായം വെച്ച് ഹെർണിയ, മൂത്ര തടസ്സം, പ്രോസ്റ്റേറ്റ് സംബന്ധമായ അസുഖങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. എരുക്കിൻ പൂമാല വിഘ്നേശ്വര ഭഗവാന് വിശേഷമാണ്.

മുകളിൽ പറഞ്ഞതൊക്കെ വിഷമടങ്ങിയ പദാർത്ഥമാണെന്നറിഞ്ഞിട്ടും നമ്മൾ അത് ഉപയോഗിച്ചു വരുന്നു ഇന്നും. എന്നാൽ ഒറ്റപ്പെട്ട ചില അനിഷ്ട സംഭവങ്ങൾ ഒഴിച്ചാൽ പറയത്തക്ക ഒരു അനിഷ്ട സംഭവങ്ങളും നമുക്കിടയിൽ ഉണ്ടായിട്ടില്ല. ഈ അരളിപ്പൂവിന്റെ വിഷയത്തിലും നമ്മൾ അങ്ങനെയേ വിലയിരുത്തേണ്ടൂ.

ഈ പൂവിവാദം കേൾക്കുമ്പോൾ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പൂക്കച്ചവടക്കാരാണോ ഇതിനു പിന്നിലെന്ന് സംശയിച്ചാൽ തെറ്റില്ല. ഇങ്ങനെ പറയാൻ കാരണം, പൊതുവെ കേരളത്തിൽ പൂക്കൾ ഇറക്കുമതി ചെയ്യുന്നത് കർണാടക, തമിഴ്‌നാടുകളിൽ നിന്നാണ്. ഇതിൽ അരളിപ്പൂവിനുള്ള സ്ഥാനവും ചെറുതല്ല. എന്നാൽ ഈയിടെയായി നാഷണൽ ഹൈവേയുടെ ഡിവൈഡറിലും വശങ്ങളിലും അരളിച്ചെടി വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഈ പുഷ്പം പൂജകൾക്ക് ഉപയോഗിക്കാമെന്നറിഞ്ഞ് കേരളത്തിലും വ്യാപകമായി വളർത്തി ഉപയോഗിക്കാൻ മലയാളി തുടങ്ങിയതോടെ ചെറുകിട പൂക്കച്ചവടക്കാരും നാടോടി പൂക്കച്ചവടക്കാരും ഇത് ധാരാളം പ്രാദേശികമായി ലഭിക്കുന്നതിനെ ആശ്രയിക്കുമ്പോൾ കർണാടക, തമിഴ്‌നാട്ടിലെ മൊത്തക്കച്ചവടക്കാരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ “ഇതിനു പിന്നിൽ ഒരു വലിയ കച്ചവട താല്പര്യം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ചിലർ പറയുന്നു, ഇത് എന്റെ വ്യക്തിപരമായ സംശയം മാത്രമാണ്.”

ഒരു അരളിപ്പൂ കടിച്ചു മരിച്ചു എന്ന സംശയത്തിന്റെ പേരിൽ ക്ഷേത്രങ്ങളിൽ ആ പൂവ് വിലക്കപ്പെട്ടു, ചെടി വെട്ടി നശിപ്പിക്കണം എന്നായി. മൊത്തത്തിൽ ആ പൂവ് മലയാളികൾക്ക് വർജ്യമായി.

എന്നാൽ വിദേശിയായി കടന്നുവന്ന കുഴിമന്തി തിന്നു മരിച്ചാലും, ഷവർമ്മ തിന്നു മരിച്ചാലും മതേതര മലയാളിക്ക് അത് ഒറ്റപ്പെട്ട സംഭവം.

പൂവെവിടെ? കുഴിമന്തി എവിടെ? ചിന്തിച്ചിട്ടുണ്ടോ? ഭക്ഷിക്കാനായി ഉണ്ടാക്കിയ സാധനം തിന്നു ചത്താൽ ഒറ്റപ്പെട്ട സംഭവം, പൂജയ്ക്കെടുക്കേണ്ട പുഷ്പം അറിഞ്ഞോ അറിയാതെയോ കഴിച്ചു മരണപ്പെട്ടാൽ നിരോധനം?

തീയും, വൈദ്യുതിയും, ഗ്യാസും, പെട്രോളും, ഡീസലും, ഷെഡ്യൂൾഡ് ഗണത്തിൽപ്പെട്ട പല മരുന്നുകളും എത്രത്തോളം ശ്രദ്ധയോടെ നമ്മൾ ഉപയോഗിക്കുന്നു എന്നതുപോലെയിരിക്കും അതിന്റെ ഫലം. അല്ലാതെ ക്യാൻസർ പോലുള്ള മാരകമായ വേദനയിൽ നിന്നും ആശ്വാസം കിട്ടുവാൻ ഉപയോഗിക്കുന്ന മരുന്നുകൾ ലഹരിവസ്തുവായി ഉപയോഗിക്കുന്നവരും നമുക്കിടയിലുണ്ട്. ഇവരെയൊക്കെ ബോധവൽക്കരിക്കേണ്ടതുപോലെ ഈ അരളിപ്പൂ വിഷയത്തിലും ബോധവൽക്കരിക്കുന്നതിനു പകരം ആ പുഷ്പം തന്നെ വേണ്ടെന്നു വെക്കുന്നതിന്റെ ഭവിഷ്യത്ത് വർഷങ്ങൾ കഴിഞ്ഞേ നമ്മൾ ഹിന്ദുക്കൾക്ക് മനസ്സിലാകൂ. ഇത്തരം തെറ്റായ പൈതൃക ആചാരങ്ങൾ ശാസ്ത്രബോധത്തിന്റെ ഹുങ്കിൽ പ്രകൃതിയെ നശിപ്പിച്ചതിന്റെ ഭവിഷ്യത്താണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത് എന്നു പറയുന്നതിനോടൊപ്പം,

നിഷ്കളങ്കമായ കണിക്കൊന്നയെ കൊന്നപ്പൂവെന്ന് വിളിച്ച് ആക്ഷേപിച്ച് അകറ്റി നിർത്താൻ ശ്രമിച്ച മലയാളിയെക്കൊണ്ട് തന്റെ ഒരു വർഷത്തെ ഐശ്വര്യത്തിന്റെ സാക്ഷിയായി കണികാണാൻ കണിക്കൊന്നയായി സ്വീകരിക്കാനുള്ള വരം നൽകിയതുപോലെ…

മുരുകനും ശിവനും ദേവിയും ഒരുമിച്ച് എഴുന്നള്ളി വരം നൽകേണ്ടി വരുമോ ഈ അരളിയെ രക്ഷിക്കാൻ എന്ന് പറഞ്ഞു നിർത്തട്ടെ.

വാൽക്കഷണം: മൃഷ്ടമായ സദ്യ കഴിഞ്ഞ് മൂന്നും കൂട്ടി മുറുക്കുന്ന ഭാരതീയന്റെ / കേരളീയന്റെ പാരമ്പര്യത്തെ ആദ്യം ലഹരിക്കായി പുകയിലയും, അതു പിന്നീട് പരിഷ്കരിച്ച് പലകൂട്ടുകളും ചേർത്ത് പാൻ എന്ന പേരിലും, കാലം പോകെ മനുഷ്യന് പരിഷ്കാരവും അറിവും കൂടുംതോറും അതിനെ കൂടുതൽ ലഹരികൾ ചേർത്ത് വിൽപ്പനയ്ക്കെത്തിച്ച് മനുഷ്യനെ അടിമയാക്കി. ഇപ്പോൾ അത് നിയമവിരുദ്ധമാക്കിയെങ്കിലും മൂന്നു കൂട്ടി മുറുക്കുന്ന ആരോഗ്യകരമായ സമ്പ്രദായത്തെയും ഇല്ലാതാക്കുകയല്ലേ?

ഇത് പറഞ്ഞപ്പോഴാണ് ഒരു കഥ ഓർമ്മ വന്നത്.

ധനാഢ്യനായ ഒരു വ്യക്തി, അദ്ദേഹത്തിന്റെ ഡ്രൈവറോടൊപ്പം കുടുംബ ഡോക്ടറുടെ നിർദ്ദേശപ്രകാരം എല്ലാ പരിശോധനയും കഴിഞ്ഞ് റിസൾട്ടുമായി ഡോക്ടറെ കാണാൻ ചെന്നു.

റിസൾട്ട് കണ്ട ഡോക്ടർ ഞെട്ടിപ്പോയി!
“ഈ അവസ്ഥ തുടർന്നാൽ ആൾ പോകും!” എന്ന് ഡോക്ടർ ഗൗരവമായി പറഞ്ഞു.

ഡോക്ടറുടെ ഉപദേശങ്ങൾ ഇതായിരുന്നു:

  1. സിഗരറ്റും മദ്യപാനവും ഉടൻ നിർത്തണം.
  2. ഭക്ഷണം നിയന്ത്രിക്കണം.
  3. ദിവസവും നടക്കണം.
    കൂടെ മരുന്നും എഴുതിക്കൊടുത്തു.

പ്രിസ്ക്രിപ്ഷൻ വാങ്ങിയശേഷം അദ്ദേഹം ചോദിച്ചു: “ഡോക്ടർ, ഈ മരുന്നുകൾക്ക് ആഫ്റ്റർ എഫക്ട്സ് ഒന്നുമില്ലല്ലോ?”

ഡോക്ടർ ചിരിച്ചുകൊണ്ട് തിരിച്ചു ചോദിച്ചു: “നിങ്ങൾ വന്നത് ഏത് വാഹനത്തിലാണ്? റോൾസ് റോയ്സ് അല്ലേ? അതിൽ എന്ത് ഇന്ധനമാണ് ഉപയോഗിക്കുന്നത്?”

ഡ്രൈവർ പറഞ്ഞു: “E20 പെട്രോൾ സർ.”

ഉടനെ ഡോക്ടർ പറഞ്ഞു: “അങ്ങനെയെങ്കിൽ ഇനി മുതൽ അതിൽ ഡീസൽ അടിച്ചോളൂ!”

ഇത് കേട്ട ധനാഢ്യൻ ഞെട്ടി! “ഡോക്ടർ! കോടികൾ വിലയുള്ള വാഹനത്തിൽ ഡീസൽ അടിച്ചാൽ എഞ്ചിൻ കേടാകും! വളരെ sophisticated ആണ് ആ വാഹനം!”

അപ്പോൾ ഡോക്ടർ പറഞ്ഞു: “അതിലും വിലയുള്ളതാണ് നിങ്ങളുടെ ജീവൻ! അത് കാത്തുസൂക്ഷിക്കാനുള്ള മരുന്നിന്റെ ആഫ്റ്റർ എഫക്ട്സിനെക്കുറിച്ചാണ് നിങ്ങൾ ചോദിക്കുന്നത്! പക്ഷേ കാറിന്റെ performance-നെക്കുറിച്ച് മാത്രമാണ് നിങ്ങൾക്ക് ആകുലത!”

ഉപസംഹാരം:
ആരോഗ്യത്തിന് കൊടുക്കൂ ഒന്നാം സ്ഥാനം! വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധയോടെയും സൂക്ഷിച്ചും വാങ്ങിക്കുക! വില കുറവ് മാത്രം നോക്കരുത്.

Leave a Comment