ലോകത്തിലെ ആദ്യ ശിവ ശിവക്ഷേത്രവും മരതക നടരാജനും

Time Taken To Read 4 Minutes

ഉത്തരകോസമംഗൈ – പേരിനു പിന്നിലെ ഐതിഹ്യം പറഞ്ഞു കേൾക്കുന്നത്  ഇങ്ങനെ.

ഈ ക്ഷേത്രത്തിന്റെ പേര് മൂന്ന് വാക്കുകൾ ചേർന്നതാണ്.

ഉത്തിരം + കോസം + മങ്കൈ

ഉത്തിരം എന്നാൽ ഉപദേശം, കോസം എന്നാൽ രഹസ്യം, മങ്കൈ എന്നാൽ പാർവതി.

അതായത്, പരമശിവൻ പാർവതി ദേവിക്ക് വേദങ്ങളുടെ രഹസ്യങ്ങൾ ഉപദേശിച്ചു കൊടുത്ത സ്ഥലം. അതാണ് ഉത്തരകോസമംഗൈ.

ഈ ക്ഷേത്രം എത്ര പഴക്കമുള്ളതാണെന്ന് പറയാൻ തമിഴിൽ ഒരു ചൊല്ലുണ്ട് – “മണ്ണ് മുന്തിയോ മങ്കൈ മുന്തിയോ?” മണ്ണാണോ ആദ്യം ഉണ്ടായത്, അതോ ഈ ക്ഷേത്രത്തിലെ മങ്കൈ (പാർവതി) ആണോ ആദ്യം ഉണ്ടായത് എന്നാണ് അർത്ഥം. അത്രയ്ക്ക് പുരാതനമാണ് ഈ ക്ഷേത്രം, 3000 വർഷത്തിലേറെ പഴക്കം പറയപ്പെടുന്നു.

രാമേശ്വരത്തിന് അടുത്ത് രാമനാഥപുരം ജില്ലയിലാണ് ഈ ക്ഷേത്രം. ഇവിടെ ശിവൻ മംഗലനാഥരായും പാർവതി മംഗളാംബികയായും വാഴുന്നു.

താഴംപൂ പൂജ – ഉത്തരകോസമംഗൈയുടെ പ്രത്യേകത

സാധാരണ ഒരു ശിവക്ഷേത്രത്തിലും ശിവന് താഴംപൂ കൊണ്ട് പൂജ ചെയ്യാറില്ല.അതിന് ഒരു കാരണമുണ്ട്. ഒരിക്കൽ ബ്രഹ്മാവും വിഷ്ണുവും ശിവന്റെ ആദിയും അന്തവും തേടി പോയി. മുകളിലേക്ക് പോയ ബ്രഹ്മാവിന് ശിവന്റെ മുടി കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോൾ മുകളിൽ നിന്ന് വീണു കൊണ്ടിരുന്ന ഒരു താഴംപൂവിനെ കണ്ടു. ബ്രഹ്മാവ് ആ പൂവിനോട് പറഞ്ഞു – “നീ എന്റെ കൂടെ വന്ന്, ഞാൻ ശിവന്റെ മുടി കണ്ടു എന്ന് കള്ളസാക്ഷി പറയണം.”

ബ്രഹ്മാവ് തിരിച്ചു വന്ന് കള്ളം പറഞ്ഞു. താഴംപൂവും അത് ശരിവെച്ചു. സത്യം അറിഞ്ഞ ശിവന് കോപം വന്നു. ശിവൻ ബ്രഹ്മാവിനെ ശപിച്ചു – ഇനി ഭൂമിയിൽ ബ്രഹ്മാവിന് ക്ഷേത്രമുണ്ടാകില്ല എന്ന്. താഴംപൂവിനെയും ശപിച്ചു – ഇനി എന്റെ പൂജയ്ക്ക് നിന്നെ ഉപയോഗിക്കില്ല എന്ന്.

അന്നുമുതൽ ഒരു ശിവക്ഷേത്രത്തിലും താഴംപൂ പൂജയ്ക്ക് ഉപയോഗിക്കാറില്ല.

പക്ഷെ ഇതിന് ഒരു ഒഴിവുണ്ട് – ഉത്തരകോസമംഗൈയിൽ മാത്രം.

തന്റെ തെറ്റ് മനസ്സിലാക്കിയ ബ്രഹ്മാവ് പിന്നീട് ഉത്തരകോസമംഗൈയിൽ വന്ന് മംഗലനാഥരോട് മാപ്പ് ചോദിച്ച് കഠിന തപസ്സ് ചെയ്തു. തപസ്സിൽ സംപ്രീതനായ ശിവൻ ബ്രഹ്മാവിന് മാപ്പ് കൊടുത്തു, താഴംപൂവിനും മാപ്പ് കൊടുത്തു.

“ഇവിടെ മാത്രം നിന്നെ എന്റെ പൂജയ്ക്ക് ഉപയോഗിക്കാം” എന്ന് ശിവൻ അനുഗ്രഹിച്ചു.

അതുകൊണ്ടാണ് ഇന്ത്യയിൽ തന്നെ താഴംപൂ സമർപ്പിച്ച് പൂജ ചെയ്യുന്ന ഏക ശിവക്ഷേത്രം ഉത്തരകോസമംഗൈ മാത്രമാണ് എന്ന് പറയുന്നത്.

ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മരതക നടരാജരാണ്. 6 അടി ഉയരമുള്ള, ഒറ്റ മരതക കല്ലിൽ തീർത്ത ലോകത്തിലെ ഒരേയൊരു നടരാജ വിഗ്രഹം. വർഷം മുഴുവൻ ചന്ദനം പൂശി സൂക്ഷിക്കും, തിരുവാതിര നാളിൽ മാത്രം ചന്ദനം നീക്കി ദർശനം നൽകും. കൂടാതെ 1000 ലിംഗങ്ങൾ ഒന്നിൽ കൊത്തിയ സഹസ്രലിംഗവും ഇവിടെയുണ്ട്.

ദർശനത്തിന് ആദ്യം ക്ഷേത്രത്തിലെ അഗ്നി തീർത്ഥത്തിൽ കുളിക്കണം. പിന്നീട് മംഗലനാഥരെയും മംഗളാംബികയെയും ദർശിക്കാം. രാവിലെ 6 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാണ് സമയം. ഇവിടെ ഏറ്റവും വിശേഷ വഴിപാട് താഴംപൂ മാലയാണ് – ഇന്ത്യയിൽ താഴംപൂ കൊണ്ട് പൂജ നടക്കുന്ന ഏക ശിവക്ഷേത്രം ഇതാണ്. ഈ മാല ചാർത്തിയാൽ ദാമ്പത്യ സൗഖ്യവും മംഗല്യ ഭാഗ്യവും ലഭിക്കും എന്നാണ് വിശ്വാസം.

ലോകത്തിലെ ഏറ്റവും പഴയ മരതക നൃത്തരാജ വിഗ്രഹം (മരകത നടരാജർ) ഇവിടെയാണ്.

ലോകത്തിലെ ആദ്യ ശിവ ക്ഷേത്രത്തിലേ മരതക നാടരാജന്റെ ഉത്ഭവ കഥ സാധാരണ ക്ഷേത്ര കഥ പോലെയല്ല, അത് ത്രേതായുഗത്തിലേക്ക് പോകും. ഇതാണ് ഞാൻ മനസ്സിലാക്കിയ യഥാർത്ഥ പുരാണം.

ഏകദേശം 20 ഏക്കറിൽ പരന്നു കിടക്കുന്ന ക്ഷേത്രമാണ്. ലോകത്തിലെ ആദ്യത്തെ ശിവക്ഷേത്രം എന്നാണ് ഇതിനെ വിശ്വസിക്കുന്നത്.

വാസ്തു രീതി വിലയിരുത്തുമ്പോൾ ?

എട്ടാം നൂറ്റാണ്ടിൽ ചോളന്മാർ തുടങ്ങിവെച്ചു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഇന്ന് കാണുന്ന പ്രധാന നിർമ്മാണം 1542 ൽ പാണ്ഡ്യ രാജാവായ അച്യുതപ്പ നായ്ക്കർ പണിയിച്ചതാണ്. പിന്നീട് തഞ്ചാവൂർ മുത്തുവീരപ്പ സേതുപതിയും രാമനാട് സേതുപതിമാരും, അവസാനമായി രാമനാട് റാണിയും പുതുക്കി പണിതു.

ദ്രാവിഡ ശൈലിയിൽ, 7 നിലകളുള്ള രാജഗോപുരം, അകത്ത് ആകെ 5 ഗോപുരങ്ങളും 16 ചെറിയ ഗോപുര കവാടങ്ങളുമുണ്ട്. കിഴക്കോട്ട് ദർശനം.

അകത്ത് പ്രവേശിക്കുമ്പോൾ തന്നെ രണ്ട് വശത്തും കൊത്തുപണികളുള്ള തൂണുകൾ നിരനിരയായി ഉണ്ട്. രാമേശ്വരം പോലെ 1212 തൂണുകൾ ഉള്ള നീണ്ട ഇടനാഴി ഇവിടെ ഇല്ല, പക്ഷെ മണ്ഡപങ്ങൾ മുഴുവൻ ശില്പവേലയുള്ള തൂണുകളാണ്.

കവാടത്തിലെ രണ്ട് യാളി ശില്പങ്ങളുടെ വായ്ക്കുള്ളിൽ കല്ലുകൊണ്ടുള്ള ഉരുളൻ പന്ത് ഉണ്ട്, അത് കൈകൊണ്ട് ഉരുട്ടാൻ പറ്റും പക്ഷെ പുറത്തെടുക്കാൻ പറ്റില്ല – ഇതാണ് എൻജിനീയറിംഗ് അത്ഭുതം.

ധാരാളം ശിവലിംഗങ്ങൾ അകത്തളങ്ങളിലൂടെ നടക്കുമ്പോൾ കാണാം.

ഇതാണ് പ്രധാന പ്രത്യേകത. ഇവിടെ സഹസ്രലിംഗ മണ്ഡപം ഉണ്ട്. 1000 ശിവലിംഗങ്ങൾ നിരനിരയായി ഒരുമിച്ച് കാണാം.

അതിൻറെ ചരിത്രം തിരഞ്ഞപ്പോൾ  ലഭിച്ച വിവരം ശിവൻ വേദം കാക്കാൻ 1000 ഋഷിമാരെ ഏൽപ്പിച്ചു. തീപിടുത്തത്തിൽ 999 പേർ വേദം കാക്കാൻ തീയിൽ ചാടി മരിച്ചു. അവരുടെ ത്യാഗത്തിൽ സംപ്രീതനായി ശിവൻ അവരെ 999 ലിംഗങ്ങളാക്കി. 40 വരികളിലായി ഓരോ വരിയിലും 25 വീതം – ആകെ 1000 ലിംഗങ്ങൾ. 

അതിനുപുറമെ സ്വയംഭൂ ലിംഗമായ മംഗളനാഥർ, 6 അടി ഉയരമുള്ള ലോകത്തെ ഒരേയൊരു മരതക നടരാജർ, സ്പടിക ലിംഗം എന്നിവയും ഉണ്ട്.

മരതക നാടരാജന്റെ ഉത്ഭവ ചരിത്രം പറയുമ്പോൾ ഏകദേശം 3000 വർഷത്തിന് മുൻപ് എന്ന് പറഞ്ഞു തുടങ്ങണം അതായത് വേദങ്ങളുടെ രഹസ്യ ഗ്രന്ഥം രചിച്ചതുമുതൽ

ശിവൻ തന്റെ എല്ലാ വേദങ്ങളുടെയും രഹസ്യങ്ങൾ ചേർത്ത് “ഉത്തര കോശം” എന്ന ഒരു മഹാ ഗ്രന്ഥം ഉണ്ടാക്കി. അത് അത്ര ശക്തിയുള്ളതായിരുന്നു, ആ ഗ്രന്ഥം എവിടെയുണ്ടോ അവിടെ ശിവൻ തന്നെ ഉണ്ടാകും എന്ന് പറഞ്ഞു.

ശിവപുരാണം ഉള്ളിടത്ത് ശിവനുണ്ട് എന്നാണ് പ്രമാണം.

പതിനെട്ട് മഹാപുരാണങ്ങളിൽ പരമശിവൻ തന്നെ മഹത്വപ്പെടുത്തിയ ഒരു പുരാണമേയുള്ളൂ – അതാണ് ശിവമഹാപുരാണം.

വ്യാസമഹർഷി തന്നെ പറയുന്നു:

“യത്ര ശിവപുരാണം തത്ര ശിവഃ സന്നിഹിതഃ”

അർത്ഥം – ശിവപുരാണം എവിടെയുണ്ടോ, അവിടെ സാക്ഷാൽ ശിവൻ സന്നിഹിതനായിരിക്കും.

അത്രമേൽ ശക്തിയുള്ളതാണ് ഈ ഗ്രന്ഥം.

ഈ ഗ്രന്ഥം ഒരു വീട്ടിൽ പാരായണം ചെയ്യപ്പെടുമ്പോൾ:

ആ വീട്ടിലെ ദോഷങ്ങൾ മാറും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും വരും. ആ വീട് തന്നെ ഒരു ശിവക്ഷേത്രമായി മാറും

വെറുതെ കേൾക്കുന്നത് പോലും പുണ്യമാണ്. വായിക്കുന്നതും, മറ്റൊരാൾക്ക് വായിച്ചു കൊടുക്കുന്നതും, വീട്ടിൽ സൂക്ഷിക്കുന്നത് പോലും ശിവാനുഗ്രഹം നൽകും എന്ന് വിശ്വസിച്ചു വരുന്നു.

ശിവൻ ആ ഗ്രന്ഥം 1000 മഹർഷിമാരെ ഏൽപ്പിച്ചു. പറഞ്ഞു – “നിങ്ങൾ ഇവിടെ ഉതിരകോസമംഗൈയിൽ ഇരുന്ന് ഇത് കാത്തു സൂക്ഷിക്കണം, ഞാൻ ലങ്കയിലേക്ക് മണ്ഡോദരിയെ കാണാൻ പോയി വരാം.”

എന്നാൽ ശിവൻ ലങ്കയിൽ എത്തിയപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്.

അസുരശില്പിയായ മയന്റെ മകളാണ് മന്ദോദരി. അതിസുന്ദരിയും ശിവഭക്തയുമായിരുന്നു അവൾ. താൻ വിവാഹം കഴിക്കണമെങ്കിൽ ശിവന്റെ ഉത്തമ ഭക്തനായ ഒരാളെ മാത്രമേ കഴിക്കൂ എന്ന് അവൾ ശഠിച്ചിരുന്നു.

അതുകൊണ്ട് അവൾ ലങ്കയിൽ ശിവനെ തപസ്സ് ചെയ്തു.

മണ്ഡോദരി വെറുമൊരു രാജകുമാരി ആയിരുന്നില്ല. അവൾ അതികഠിനമായ  വൃതം  നോൽക്കുന്ന ശിവഭക്തയായിരുന്നു.

കൂടാതെ മറ്റൊരു പ്രതിജ്ഞയും ഉണ്ടായിരുന്നു! “ഈ ലോകത്തിലെ ഏറ്റവും വലിയ ശിവഭക്തനെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ” എന്നായിരുന്നു അവളുടെ വ്രതം.

രാവണന്റെ തപസ്സും ഭക്തിയും ലോകം അറിഞ്ഞതാണ്. മണ്ഡോദരിയുടെ വ്രതം സഫലമാകണമെങ്കിൽ, രാവണൻ തന്നെ ഏറ്റവും വലിയ ശിവഭക്തനായി മാറണം.

മന്ദോദരിയുടെ തപസ്സിൽ സംപ്രീതനായ ശിവൻ, ഉത്തരകോസമംഗൈയിൽ തപസ്സ് ചെയ്തിരുന്ന ആയിരം ഋഷിമാരോട് പറഞ്ഞു – “ഞാൻ ലങ്കയിൽ മന്ദോദരിയെ അനുഗ്രഹിക്കാൻ പോകുന്നു, നിങ്ങൾ വേദഗ്രന്ഥങ്ങൾ കാത്തു സൂക്ഷിക്കണം.”

ആ ഭവിഷ്യത്ത് മുൻകൂട്ടി കണ്ട ശിവൻ, ഒരു ലീല കാണിച്ചു. അദ്ദേഹം ഒരു പിഞ്ചു കുഞ്ഞിന്റെ രൂപത്തിൽ ലങ്കയിലെ രാജകൊട്ടാരത്തിൽ പ്രത്യക്ഷപ്പെട്ടു.

രാവണൻ ആ കുഞ്ഞിനെ എടുത്തപ്പോൾ, ശിവൻ തന്റെ വിശ്വരൂപം കാട്ടി – ഒരു വലിയ അഗ്നി ഗോളമായി മാറി. ആ അഗ്നിയുടെ ചൂട് മൂന്ന് ലോകത്തും പടർന്നു.

ലങ്കയിൽ നിന്നുള്ള അഗ്നി ജ്വാല ഉതിരകോസമംഗൈ വരെ എത്തി. 1000 മഹർഷിമാർ വിചാരിച്ചു – “ശിവൻ ഏൽപ്പിച്ച ഗ്രന്ഥം കാക്കാൻ നമുക്ക് കഴിഞ്ഞില്ല, ശിവന് കോപം വന്നിരിക്കുന്നു.”

കുറ്റബോധം കൊണ്ട് 999 മഹർഷിമാർ തൊട്ടടുത്തുള്ള കുളത്തിൽ (ഇന്ന് അഗ്നി തീർത്ഥം എന്നറിയപ്പെടുന്ന കുളം) ചാടി ആത്മാഹുതി ചെയ്തു.

ഒരു മഹർഷി മാത്രം ബാക്കിയായി. അദ്ദേഹമാണ് പിന്നീട് കലിയുഗത്തിൽ മാണിക്കവാസകർ ആയി ജനിച്ചത്.

അദ്ദേഹം മാത്രം ഗ്രന്ഥം മുറുകെ പിടിച്ച് ശിവനെ വിളിച്ചു.

ആ കുളം ഇപ്പോഴും ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത്, രാജഗോപുരം കടന്ന് അകത്ത് കയറുന്നതിന് മുന്നേ വലതു വശത്തായി തന്നെ ഉണ്ട്. ഒരു വലിയ മൈതാനത്തിന് നടുവിൽ 20 ഏക്കറിൽ പരന്നു കിടക്കുന്ന ക്ഷേത്രത്തിനുള്ളിലെ പുണ്യ കുളം.

അവിടെ ഋഷിമാർ അഗ്നിയിൽ ചാടിയ സ്ഥലത്താണ് ഈ തീർത്ഥക്കുളം പണിതത് എന്നാണ് വിശ്വാസം, അതുകൊണ്ടാണ് Agni Theertham എന്ന പേര് ഇന്നും നിലനിൽക്കുന്നത്.

കഴിഞ്ഞ വർഷം, 2025 ൽ;  40 വർഷത്തിന് ശേഷം ആദ്യമായി കുളം വറ്റിച്ച് വൃത്തിയാക്കി, ഇപ്പോൾ വേനലിലും നിറഞ്ഞു നിൽക്കുകയാണ് എന്ന്?  അവിടെപ്പോയി നേരിൽ കണ്ട ഞാനും സാക്ഷ്യപ്പെടുത്തുന്നു.

അങ്ങനെ മന്ദോദരിയുടെ ആഗ്രഹം ശിവൻ സാധിച്ചു കൊടുത്തു, രാവണനെ അവൾക്ക് ഭർത്താവായി നൽകി. രാവണന്റെ വിവാഹം തന്നെ ഉത്തരകോസമംഗൈയിൽ വെച്ചായിരുന്നു എന്നും, ക്ഷേത്രത്തിന്റെ ചുമരിൽ മന്ദോദരിയുടെ പേര് ഇന്നും കൊത്തി വെച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. അതുകൊണ്ടാണ് ഈ ക്ഷേത്രം രാമായണത്തിന് മുൻപേ ഉള്ളതാണ് എന്ന് കരുതുന്നത്.

ചുരുക്കത്തിൽ: മന്ദോദരി ലങ്കയിൽ ഇരുന്ന് തപസ്സ് ചെയ്തു, ശിവൻ അതിന് സാക്ഷിയായി ഉത്തരകോസമംഗൈയിൽ തന്റെ ലീല കാണിച്ചു, അവളുടെ വിവാഹം അവിടെ വെച്ച് നടത്തി.

ഇവിടെ ശിവൻ മരതക നാടരാജനായി മാറിയ നിമിഷത്തിന്റെ ഐതിഹ്യം പറയുന്നത്

മഹർഷിയുടെ പ്രാർത്ഥന കേട്ട് ശിവൻ പ്രത്യക്ഷപ്പെട്ടു. ശിവൻ മഹർഷിയോട് പറഞ്ഞു

“നിങ്ങൾ 999 പേർ ചെയ്ത ത്യാഗത്തിന് ഞാൻ നിങ്ങൾക്ക് മോക്ഷം തരുന്നു. നിങ്ങൾ 1000 പേരും ഒരുമിച്ച് മോക്ഷം പ്രാപിക്കും. ഈ സ്ഥലത്ത് 1000 പേർ ഒരുമിച്ച് മോക്ഷം പ്രാപിച്ചു എന്ന് ചരിത്രത്തിൽ എഴുതപ്പെടും.”

ആ 999 മഹർഷിമാരുടെ ആത്മാവിനെ ചേർത്ത് അദ്ദേഹം ഒരു സഹസ്ര ലിംഗം (1000 ലിംഗങ്ങൾ ചേർന്ന ഒരു ലിംഗം) ആക്കി മാറ്റി. അത് ഇന്നും ഗർഭഗൃഹത്തിൽ മംഗളനാഥരായി ഉണ്ട്.

മാണിക്കവാസകർക്ക് തന്റെ ഏറ്റവും പ്രിയപ്പെട്ട രൂപമായ ആനന്ദ താണ്ഡവ രൂപം – നാടരാജ രൂപം കാണിച്ചു കൊടുത്തു.

പക്ഷെ ആ രൂപം സാധാരണ കല്ലിലായിരുന്നില്ല.

അന്ന് ശിവൻ മാണിക്കവാസക മുനിയോട് പറഞ്ഞു

“ഞാൻ ഇനി ഇവിടെ എന്റെ ശുദ്ധമായ രൂപത്തിൽ വസിക്കും. യാതൊരു മാലിന്യവുമില്ലാത്ത, പച്ച മരതകമായി.

മരതകം എന്റെ ഹൃദയം പോലെ നിർമ്മലമാണ്. അതിൽ കോപമില്ല, കാമമില്ല. തൊട്ടാൽ തണുപ്പാണ്, നോക്കിയാൽ ശാന്തിയാണ്. അതുകൊണ്ട് ഞാൻ ഇവിടെ മരതകമായി തന്നെ ഇരിക്കും.”

അതാണ് ഉതിരക്കോസമംഗൈയിലെ മരതക നടരാജർ.

ലോകത്ത് വേറെ എവിടെയും ഇല്ലാത്ത വിഗ്രഹം. ആറടി ഉയരമുള്ള, മരതകശില ഉയർന്നു വന്നപ്പോൾ. ദേവശില്പികളായ മയനും വിശ്വകർമ്മാവും ചേർന്ന് ആ മരതകത്തിൽ നിന്ന് ഉളി തൊടാതെ, മന്ത്രം കൊണ്ട് നാടരാജനെ കൊത്തിയെടുത്തു  എന്ന് ഐതിഹ്യം പറയുന്നു.

ഒറ്റ മരതകക്കല്ലിൽ തീർത്ത നടരാജൻ. അതുകൊണ്ടാണ് ഇതിനെ സ്വയംഭൂ മരതകം എന്ന് പറയുന്നത് – മനുഷ്യൻ ഉണ്ടാക്കിയതല്ല.

വർഷം മുഴുവൻ ചന്ദനം കൊണ്ട് മൂടി വെക്കും. കാരണം മരതകത്തിന്റെ തിളക്കം സാധാരണ കണ്ണിന് താങ്ങാൻ പറ്റില്ല എന്നാണ് വിശ്വാസം. വർഷത്തിൽ ഒരിക്കൽ മാത്രം – ആറുദ്ര ദർശന ദിവസം – ചന്ദനം നീക്കി, ശുദ്ധ മരതക രൂപത്തിൽ ഭക്തർക്ക് ദർശനം നൽകും.

അന്ന് മരതക വർണ്ണത്തിലുള്ള സ്വയംഭൂവായ ആ നടരാജന്റെ ദർശനം കിട്ടിയാൽ മതി. ചെയ്തുപോയ എല്ലാ പാപങ്ങളും അന്ന് തീരും. പിന്നെ വീണ്ടും ജനിക്കാതെ, സർവ്വത്ര മോക്ഷം ലഭിക്കും.

എങ്കിലും ചരിത്രം പറയുന്നത് ആ മരതക നാടരാജനെ കാണാൻ ദേവന്മാർക്ക് പോലും ഭയമായിരുന്നു, ദേവന്മാർക്ക് ഭയം തോന്നിയത് പേടി കൊണ്ടല്ല, തേജസ്സ് താങ്ങാൻ പറ്റാത്തതുകൊണ്ടാണ്. അതേ കാരണം കൊണ്ടാണ്  ഇന്നും അത് ചന്ദനം കൊണ്ട് മൂടി സൂക്ഷിക്കുന്നത്.

ഈ ക്ഷേത്രത്തെ പറ്റി മറ്റൊരു കഥ പറയുന്നുണ്ട് അതിങ്ങനെ “മണ്ണ് തോന്നിയ കാലത്ത് തോന്നിയ മംഗൈ” – ഭൂമി ഉണ്ടായപ്പോൾ തന്നെ ഉണ്ടായ ക്ഷേത്രം എന്ന് വിളിക്കുന്നത്.

അതായത് ലോകത്ത് മനുഷ്യരെ സൃഷ്ടിക്കുന്നതിന് മുന്നേ, ദേവന്മാരെ സൃഷ്ടിക്കുന്നതിന് മുന്നേ, നവഗ്രഹങ്ങളെ പോലും സൃഷ്ടിക്കുന്നതിന് മുന്നേ – ഭൂമി മാത്രം ഉണ്ടായിരുന്ന കാലത്ത് ശിവൻ ഇവിടെ വന്നു എന്നാണ് വിശ്വാസം.

അതിന് തെളിവായി ക്ഷേത്രക്കാർ 3 കാര്യം പറയും:

ഇവിടെ നവഗ്രഹങ്ങൾ ഇല്ല.
തമിഴ്‌നാട്ടിലെ മറ്റെല്ലാ വലിയ ശിവക്ഷേത്രത്തിലും നവഗ്രഹ മണ്ഡപം ഉണ്ട്. ഇവിടെ ഇല്ല.

കാരണം, നവഗ്രഹങ്ങൾ ഉണ്ടാകുന്നതിന് മുന്നേ ഉണ്ടായ ക്ഷേത്രമാണ് ഇത്.

അന്ന് സൂര്യൻ, ചന്ദ്രൻ, ചൊവ്വ എന്നീ 3 ഗ്രഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആ 3 പേരുടെ പ്രതിഷ്ഠ മാത്രമേ ഇവിടെ ഉള്ളൂ.

3000 വർഷം പഴക്കമുള്ള ചരിത്രം.
ആർക്കിയോളജിക്കാർക്ക് പോലും ഇതിന്റെ കൃത്യമായ തുടക്കം കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. മണിക്കവാസകർ, തിരുനാവുക്കരസർ തുടങ്ങിയ 7 ആം നൂറ്റാണ്ടിലെ നായനാർമാർ പോലും ഈ ക്ഷേത്രത്തെ “ഏറ്റവും പഴയത്” എന്ന് പാടിയിട്ടുണ്ട്.

പ്രണവ മന്ത്രത്തിന്റെ സ്ഥലം.
ശിവൻ പാർവ്വതിക്ക് വേദത്തിന്റെ രഹസ്യം – “ഉതിരം + കോസം” = രഹസ്യ ഉപദേശം കൊടുത്ത സ്ഥലം. അതായത്, ഈ ലോകത്തിലെ ആദ്യത്തെ ക്ലാസ്സ്‌റൂം.

അതുകൊണ്ടാണ് നാട്ടുകാർ പറയുന്നത്  “ലോകത്തിൽ ആദ്യം മണ്ണ് ഉണ്ടായി, മണ്ണ് ഉണ്ടായപ്പോൾ തന്നെ മംഗൈ (പാർവ്വതി) ഉള്ള ഈ ക്ഷേത്രവും ഉണ്ടായി” എന്ന്.

ഇത് വെറും പഴമൊഴിയല്ല, ഈ ക്ഷേത്രം എത്ര പഴയതാണ് എന്ന് പറയാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗമാണ്.

ഇവിടെ ശിവരാത്രിക്ക് ചെറിയ അഭിഷേകം ഉണ്ടാകും, പക്ഷെ പൂർണമായി ചന്ദനം മാറ്റുന്നത് ആറുദ്ര ദർശനത്തിന് മാത്രമാണ്.

എന്തുകൊണ്ട് 11 മാസം മരതക നാടരാജനെ ചന്ദനം കൊണ്ട് മൂടി വെക്കുന്നു എന്നതിൻറെ ഐതിഹ്യം ?

ഇതിന് 3 കാരണങ്ങളാണ് ക്ഷേത്രത്തിൽ പുരോഹിതന്മാർ പറയുന്നത്.

ശാസ്ത്രീയ കാരണം – മരതകം വളരെ മൃദുവാണ്

ഈ 6 അടി ഉയരമുള്ള വിഗ്രഹം ഒരു സാധാരണ കല്ലല്ല, പച്ച മരതകം (Emerald) ആണ് എന്ന് മുകളിൽ വെക്തമാക്കിയല്ലോ

മരതകം ലോകത്തിലെ ഏറ്റവും മൃദുവായ രത്നങ്ങളിൽ ഒന്നാണ്. ശബ്ദത്തിന്റെ വൈബ്രേഷൻ, നാദസ്വരം – തവിൽ മേളം, ഭക്തരുടെ ബഹളം, ലൈറ്റിന്റെ ചൂട് എന്നിവ കൊണ്ടു പോലും അതിൽ വിള്ളൽ വീഴും.

3000 വർഷം ഈ വിഗ്രഹം കേടു കൂടാതെ ഇരിക്കാൻ, പൂർവികർ കണ്ടെത്തിയ വഴിയാണ് ചന്ദനം കൊണ്ട് കവചം ഉണ്ടാക്കുക എന്നത്. ചന്ദനം തണുപ്പ് നൽകും, വിഗ്രഹത്തെ സംരക്ഷിക്കും.

ചന്ദനം മാറ്റിയ ദിവസം പോലും ക്ഷേത്രത്തിൽ മേളം വായിക്കില്ല, നിശബ്ദമായ പൂജ മാത്രമേ ഉണ്ടാകൂ.

ആത്മീയ കാരണം പറയുന്നത് തീക്ഷ്ണമായ ഊർജ്ജം

ഈ വിഗ്രഹത്തിൽ നിന്ന് വരുന്ന ഊർജ്ജം (തേജസ്സ്) സാധാരണ മനുഷ്യന് നേരിട്ട് താങ്ങാൻ കഴിയില്ല എന്ന് പറയപ്പെടുന്നു.

ചന്ദനം ആ ഊർജ്ജത്തെ തണുപ്പിച്ച്, ഭക്തർക്ക് സഹിക്കാവുന്ന തരത്തിലാക്കും.

വെറും കണ്ണുകൊണ്ട് മുഴുവൻ തേജസ്സോടെ മരതക രൂപത്തെ നോക്കിയാൽ കണ്ണിന് ബുദ്ധിമുട്ട് വരും എന്ന് പഴമക്കാർ പറയും. അതുകൊണ്ട് ചന്ദന കവചം ഒരു ഫിൽറ്റർ പോലെയാണ്.

മറ്റൊരു പുരാണ കാരണം പ്രചാരത്തിലുള്ളത്

രാവണ – മണ്ഡോദരി വിവാഹത്തിന് ശേഷം ശിവൻ താണ്ഡവ നൃത്തം ചെയ്തപ്പോൾ, ദേവന്മാർക്ക് പോലും ആ നൃത്തത്തിന്റെ ചൂട് താങ്ങാൻ കഴിഞ്ഞില്ല. അപ്പോൾ പാർവ്വതി ദേവി ശിവന്റെ ദേഹത്ത് ചന്ദനം പൂശി തണുപ്പിച്ചു എന്നാണ് കഥ. അതിന്റെ ഓർമ്മയ്ക്കായാണ് ഇന്നും 11 മാസം ചന്ദനം ചാർത്തുന്നത്.

വർഷത്തിൽ ഒരിക്കൽ മാത്രം – മാർഗഴി മാസത്തിലെ ആറുദ്ര ദർശന നാളിൽ. 

അവസാനമായി നടന്നത്: 2026 ജനുവരി 3ന്.

അടുത്തത്: 2026 ഡിസംബറിൽ.

അന്നാണ് 32 തരം അഭിഷേക ദ്രവ്യങ്ങൾ കൊണ്ട് അഭിഷേകം നടത്തുന്നത്.

ആദ്യം പച്ച വെള്ളം കൊണ്ട് മാത്രം അഭിഷേകം.

ആ ദിവസം പുലർച്ചെ 5 മണി മുതൽ ചന്ദനം മുഴുവൻ ഇളക്കി കളയും.

പിന്നീട് 32 തരം അഭിഷേകം – പാൽ, തേൻ, പഞ്ചാമൃതം ഒന്നും മരതകത്തിൽ ഒഴിക്കില്ല, കാരണം കല്ല് നശിച്ചു പോകും. വെള്ളവും ചന്ദന വെള്ളവും മാത്രം.

അന്ന് മുഴുവൻ വിഗ്രഹം പച്ച മരതകമായി തിളങ്ങി നിൽക്കും. വൈകുന്നേരം ആകുമ്പോഴേക്കും വീണ്ടും കട്ടിയായി ചന്ദനം പൂശി മൂടും.

അന്ന് കാണുന്ന ഓരോ ഭക്തനും അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും പച്ച മരതക നാടരാജനെ കണ്ട ഭാഗ്യം കിട്ടി എന്നാണ് വിശ്വാസം. എല്ലാ ദോഷങ്ങളും, പ്രത്യേകിച്ച് ശനി ദോഷവും നാഗ ദോഷവും മാറും എന്നും പറയപ്പെടുന്നു.

മരതക നടരാജന്റെ തേജസ് എന്ന് പറഞ്ഞാൽ, ഒരു അണുശക്തി പോലെയുള്ള ശുദ്ധമായ ഊർജ്ജമാണ്. അത് നേരിട്ട് തൊട്ടാൽ സാധാരണ മനുഷ്യന് താങ്ങില്ല. അതിനെ തണുപ്പിച്ച്, നമ്മുടെ ശരീരത്തിന് ഉൾക്കൊള്ളാൻ പറ്റുന്ന ലെവലിലേക്ക് ആക്കുന്നത് ആ ചന്ദനമാണ്.

അതുകൊണ്ട് തന്നെ, ദർശനം രണ്ട് തരത്തിലുണ്ട്

364 ദിവസത്തെ ദർശനം – ചന്ദനക്കാപ്പ് ദർശനം

നമ്മൾ കാണുന്നത് ആ പച്ച മരതകത്തെ അല്ല, അതിന് മുകളിലുള്ള 2-3 ഇഞ്ച് കട്ടിയുള്ള ചന്ദനക്കൂമ്പാരത്തെയാണ്. ശിവലിംഗം പോലെ തോന്നും. ഈ ചന്ദനം തന്നെയാണ് പ്രസാദം. 

ഈ ചന്ദനം നെറ്റിയിൽ തൊട്ടാൽ ആ ഊർജ്ജം സാവധാനം ശരീരത്തിൽ കയറും. ഇതാണ് 99% ഭക്തർക്ക് കിട്ടുന്ന ദർശനം. ഇത് സൗമ്യമായ ദർശനമാണ്.

വർഷത്തിൽ ഒരിക്കലുള്ള ദർശനം – മരതക ദർശനം

ആറാട്ട് / തിരുവാതിര ദിവസം, അതിരാവിലെ 4 മണിക്ക് ചന്ദനം മുഴുവൻ ഉരച്ചു മാറ്റും. അപ്പോഴാണ് ആ 6 അടി ഉയരമുള്ള, മരതകം കൊണ്ട് തിളങ്ങുന്ന നടരാജന്റെ യഥാർത്ഥ രൂപം പുറത്തുവരുന്നത്. 

പൂജാരിമാർ പറയുന്നത്, ആ സമയത്ത് നേരിട്ട് കണ്ണിൽ നോക്കരുത് എന്നാണ്. കുറച്ച് നേരം കണ്ണടച്ച് നിന്ന്, ആ തേജസ്സ് മനസ്സിൽ ആവാഹിച്ച്, പിന്നെ കണ്ണു സാവധാനം തുറക്കണം. ചിലർക്ക് തലകറക്കം പോലെ, ശരീരം വിറയ്ക്കുന്നത് പോലെ തോന്നും – അതാണ് ആ ഊർജ്ജം ശരീരത്തിൽ കയറുന്നത്.

അതുകഴിഞ്ഞ് ഉടനെ തന്നെ വീണ്ടും ചന്ദനം കൊണ്ട് മൂടും. കാരണം ആ തുറന്ന ഊർജ്ജം അധികനേരം തുറന്നു വെക്കാൻ പാടില്ല.

ലളിതമായി പറഞ്ഞാൽ:

ചന്ദനം ഇല്ലെങ്കിൽ ദർശനം ഇല്ല. ചന്ദനം ഉള്ളതുകൊണ്ടാണ് നമുക്ക് ദിവസവും ദർശിക്കാൻ പറ്റുന്നത്.

അവിടുത്തെ പ്രധാന പ്രസാദം തന്നെ ആ ചന്ദനമാണ്.

ഇത്തരം അത്ഭുത സിദ്ധികളുടെ  കലവറ ആയതുകൊണ്ടാണ് ഈ ക്ഷേത്രത്തെ “ആദ്യത്തെ ശിവ ക്ഷേത്രം, അവസാനത്തെ അത്ഭുതം” എന്ന് വിളിക്കുന്നത്.

പലരും മരതക നാടരാജനെ മാത്രം കണ്ട് പോകും, ഈ രഹസ്യം അറിയില്ല.

ഉതിരകോസമംഗൈയിൽ രണ്ട് ശിവലിംഗങ്ങൾ ഉണ്ട്.

പ്രധാന ലിംഗം – മംഗളനാഥർ – സഹസ്ര ലിംഗം

ശിവൻ ലിംഗത്തിനുള്ളിൽ ഒളിച്ച കഥ

ശിവൻ ഉത്തര കോശം എന്ന വേദഗ്രന്ഥം മഹർഷിമാരെ ഏൽപ്പിച്ച് ലങ്കയിലേക്ക് പോയപ്പോൾ, രാവണൻ ആ ഗ്രന്ഥം തട്ടിയെടുക്കാൻ തന്റെ മായ കൊണ്ട് ഒരു രാക്ഷസനെ അയച്ചു.

മഹർഷിമാർ ഭയന്നു. അപ്പോൾ ശിവൻ തന്നെ ഒരു ചെറിയ കുട്ടിയായി മാറി വന്ന് പറഞ്ഞു – “നിങ്ങൾ ഈ ഗ്രന്ഥം എന്നിൽ ഒളിപ്പിക്കൂ.”

മഹർഷിമാർ ആ വേദഗ്രന്ഥത്തെ ഒരു ചെറിയ ശിവലിംഗമാക്കി മാറ്റി. ശിവൻ ആ ലിംഗത്തിനുള്ളിൽ തന്നെ ഒരു ചെറിയ കുഞ്ഞു രൂപത്തിൽ ഒളിച്ചിരുന്നു.

രാക്ഷസൻ വന്ന് നോക്കിയപ്പോൾ ഒരു സാധാരണ കല്ല് ലിംഗം മാത്രമേ കണ്ടുള്ളൂ. അങ്ങനെ വേദം രക്ഷപ്പെട്ടു.

പിന്നീട് ആ ലിംഗം തുറന്നപ്പോൾ അതിനുള്ളിൽ നിന്ന് ശിവൻ പുറത്തു വന്ന് തന്റെ നാടരാജ രൂപം കാണിച്ചു.

അതുകൊണ്ടാണ് ഇന്നും ആ പ്രധാന ലിംഗത്തെ “സ്വയംഭൂ സഹസ്ര ലിംഗം” എന്ന് വിളിക്കുന്നത്.

നിങ്ങൾ ഗർഭഗൃഹത്തിൽ നോക്കിയാൽ ആ മംഗളനാഥ ലിംഗം ഒരു ഒറ്റക്കല്ലല്ല എന്ന് മനസ്സിലാകും.

അതിൽ 1000 ചെറിയ ലിംഗങ്ങൾ കൊണ്ട് ഒരു വലിയ ലിംഗം ഉണ്ടാക്കിയിരിക്കുന്നു. അതിനെയാണ് സഹസ്ര ലിംഗം എന്ന് പറയുന്നത്.

അതിലെ ഓരോ ചെറിയ ലിംഗവും ആത്മാഹുതി ചെയ്ത 999 മഹർഷിമാരുടെ ആത്മാവാണ്.

നടുക്കുള്ള വലിയ ലിംഗം മാണിക്കവാസകറുടെ ആത്മാവാണ്.

നിങ്ങൾ വിളക്കിന്റെ വെളിച്ചത്തിൽ ആ ലിംഗത്തിന്റെ ഉള്ളിലേക്ക് സൂക്ഷിച്ചു നോക്കിയാൽ, ആ 1000 ചെറിയ ലിംഗങ്ങൾക്കിടയിൽ ഒരു പൂർണമായ നാടരാജ രൂപത്തിന്റെ നിഴൽ കാണാം എന്നാണ് വിശ്വസിക്കുന്നത്. അതാണ് ശിവൻ ഒളിച്ചിരിക്കുന്ന രൂപം.

പൂജാരിമാർ പറയും – “ഈ ലിംഗത്തിനുള്ളിൽ തന്നെ നാടരാജൻ ഉണ്ട്, പുറത്തുള്ള മരതക നാടരാജൻ അതിന്റെ പുറം രൂപം മാത്രമാണ്.”

അതുപോലെ അവിടെ ഒരു സ്പടിക ലിംഗവും ഉണ്ട്. ആ സ്പടിക ലിംഗത്തിലൂടെ നോക്കിയാൽ പിന്നിലുള്ള മരതക നാടരാജന്റെ പച്ച നിറം മുഴുവൻ ലിംഗത്തിനുള്ളിൽ പ്രതിഫലിക്കുന്നത് കാണാം. അപ്പോൾ തോന്നും ലിംഗത്തിനുള്ളിൽ തന്നെ നാടരാജൻ ഇരിക്കുന്നു എന്ന്.

പലരും ആറുദ്ര ദർശനത്തിന് മരതക നാടരാജനെ മാത്രം കണ്ട് തിരിച്ചു പോകും. പക്ഷെ യഥാർത്ഥ രഹസ്യം, ആ ലിംഗത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ശിവനെ കാണുന്നതാണ്.

ഇതിനൊക്കെ പുറമേ ആ ക്ഷേത്രത്തിൽ മൂന്ന് ഭാവങ്ങളോടുകൂടി ഇരിക്കുന്ന  ദേവിമാർ കൂടിയുണ്ട്

ദുർഗ്ഗാദേവി സന്നിധി
പ്രധാന ഗോപുരത്തിന് വലത് വശത്താണ് ദുർഗ്ഗ. സാധാരണ ശിവക്ഷേത്രങ്ങളിൽ വടക്കേ മൂലയിലാണ് ദുർഗ്ഗയെങ്കിൽ, ഇവിടെ ദുർഗ്ഗ കാവൽ ദേവിയായി നിൽക്കുന്നു. 8 കൈകളോടെ മഹിഷാസുരനെ വധിക്കുന്ന ഭാവത്തിലാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഇവിടെ രാഹു കാല പൂജ വളരെ വിശേഷമാണ്. ദുഷ്ട ശക്തികളിൽ നിന്ന് രക്ഷയ്ക്കും ധൈര്യത്തിനും വേണ്ടിയാണ് ഭക്തർ ഇവിടെ പ്രാർത്ഥിക്കുന്നത്.

മഹാലക്ഷ്മി സന്നിധി
മംഗളേശ്വരി സന്നിധിക്ക് സമീപത്താണ് മഹാലക്ഷ്മി. ശിവക്ഷേത്രത്തിൽ ലക്ഷ്മി ഉണ്ടാകുന്നത് തന്നെ അപൂർവമാണ്. ഇവിടെ ശിവന്റെ ഭാര്യയായി മംഗളേശ്വരി ഉണ്ടെങ്കിലും, സമ്പത്തിന്റെ ദേവിയായ മഹാലക്ഷ്മിക്ക് പ്രത്യേക സന്നിധിയുണ്ട്. വെള്ളിയാഴ്ച താമരപ്പൂ കൊണ്ട് അർച്ചന ചെയ്താൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കും എന്ന് വിശ്വാസം.

ഇതിൽ ഒരു സംശയം തോന്നാം – ചണ്ഡികേശ്വരി ദേവിയാണോ?

സാധാരണ എല്ലാ ശിവക്ഷേത്രങ്ങളിലും കാണുന്നത് ചണ്ഡികേശ്വരർ ആണ് – പുരുഷ രൂപം. ശിവന്റെ പരമഭക്തൻ, ശിവന്റെ സ്വത്ത് കാത്തുസൂക്ഷിക്കുന്നവൻ. ശിവദർശനം കഴിഞ്ഞ് അദ്ദേഹത്തിന്റെ സന്നിധിയിൽ വന്ന് കൈ തട്ടി “ഞാൻ ഒന്നും എടുത്തിട്ടില്ല” എന്ന് കാണിക്കുന്നതാണ് ആചാരം.

പക്ഷെ ഉത്തരകോസമംഗൈയിൽ പ്രത്യേകതയുണ്ട്. ഇവിടെ ചണ്ഡികേശ്വരർക്ക് പുറമെ ചണ്ഡികേശ്വരി ദേവിക്കും സന്നിധിയുണ്ട് എന്നാണ് പഴമക്കാർ പറയുന്നത്. കാരണം ഇത് മംഗൈ (പാർവതി) വേദരഹസ്യം കേട്ട സ്ഥലമാണ്. അതുകൊണ്ട് ശിവന്റെ രഹസ്യം കാക്കുന്നത് ദേവി ഭാവത്തിലുള്ള ചണ്ഡികേശ്വരിയാണ് എന്നാണ് വിശ്വാസം.

ചുരുക്കത്തിൽ – മറ്റ് ക്ഷേത്രങ്ങളിൽ പുരുഷനായ ചണ്ഡികേശ്വരർ, ഉത്തരകോസമംഗൈയിൽ ദേവി ഭാവമായ ചണ്ഡികേശ്വരി. രണ്ടും ഒരേ തത്വത്തിന്റെ രണ്ട് രൂപങ്ങളാണ് – ശിവന്റെ സ്വത്ത് കാക്കുന്നവർ.

ദർശനത്തിന് മുൻപ് അവിടുത്തെ ഐതിഹ്യങ്ങളോ കഥകളോ ഒന്നും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് ഒരു സാധാരണ ഭക്തനെപ്പോലെ തൊഴുത് ദർശനം പൂർത്തിയാക്കുക മാത്രമാണ് ചെയ്തത്. ഈ കഥകളൊക്കെ അറിഞ്ഞത് പിന്നീടാണ്.

അതുകൊണ്ടുതന്നെ ഇതിൽ പറയുന്ന പല കാര്യങ്ങളും നേരിട്ട് സാക്ഷ്യപ്പെടുത്താൻ എനിക്ക് സാധിച്ചിട്ടില്ല. എങ്കിലും അവിടുത്തെ സഹസ്രശിവലിംഗവും സ്ഫടിക ശിവലിംഗവും നേരിൽ ദർശിക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യത്തോടെയാണ് അവിടെ നിന്നും മടങ്ങിയത്.

എം ബാബു ജയപ്രകാശ്

Note:

ഇതോടൊപ്പം എഴുതേണ്ട മറ്റ് രണ്ട് ക്ഷേത്രങ്ങളുടെ കഥ കൂടിയുണ്ട്. സമയക്കുറവ് മൂലം നേരിട്ട് പോയി ദർശിക്കാൻ സാധിക്കാത്തതിനാൽ, അവിടുത്തെ നാട്ടുകാരിൽ നിന്നും കച്ചവടക്കാരിൽ നിന്നും കേട്ടറിഞ്ഞ കഥകളാണ് . ആ കഥ മറ്റൊരുക്കത്തിൽ  എഴുതാം

1. ഉതിരക്കോസമംഗൈ സുയംഭു വരാഹി അമ്മൻ ക്ഷേത്രം
2. ഉപ്പൂർ വെയിൽ ഉകന്ത വിനായകർ ക്ഷേത്രം

Leave a Comment