Time Taken To Read 5 Minutes
രാമേശ്വരം യാത്രയിൽ നമ്മൾ തിരുപ്പുള്ളാണിയും, രാമപാദവും, കോതണ്ഡരാമരും, ധനുഷ്കോടിയും കണ്ടു കഴിഞ്ഞു.
തിരുപ്പുള്ളാണിയുടെ കഥ എഴുതുമ്പോൾ പറയേണ്ടിയിരുന്ന മൂന്ന് ശരണാഗതികൾ അടക്കം, പ്രധാനപ്പെട്ട ആറു ശരണാഗതികൾ അടങ്ങിയ മറ്റൊരു കുറിപ്പും ഇന്നലെ എഴുതി തീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്തു.
പലരും അത് വായിച്ച് ചോദിച്ചു തിരുപ്പുള്ളാണിയിൽ രാമൻ കിടന്ന് തപസ്സ് ചെയ്ത കഥ മാത്രമാണോ ഉള്ളത്? അതിന് മുൻപ് ഒന്നും ചെയ്തില്ലേ? അവിടെ സംഭവിച്ചതായ കഥകൾ ഒന്നും എഴുതി കണ്ടില്ലല്ലോ എന്ന്
രാമേശ്വരം കഥയറിയാവുന്ന ചിലരൊക്കെ എൻറെ യാത്രാക്കുറിപ്പും വായിക്കുന്നുണ്ട് അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്..
രാമേശ്വരത്തേക്ക് പുറപ്പെടുമ്പോൾ ഉദ്ദേശം വളരെ ചെറുതായിരുന്നു. കേവലം ബലിതർപ്പണം നടത്തി, ധനുഷ്കോടി കൂടി കണ്ട് മടങ്ങാം എന്ന് മാത്രം.
എന്നാൽ
ആ ക്ഷേത്രങ്ങളിൽ നിന്ന് കേട്ട കഥകളും അവിടെ നിന്ന് കിട്ടിയ അറിവുകളും എൻറെ അനുഭവവും ഞാനറിഞ്ഞ സത്യവും വെച്ചാണ് ഈ ബ്ലോഗ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്
എന്റെ തൊട്ടടുത്ത് തന്നെ ഉരു പുണ്യകാവും, അല്പം അകലെയായി തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രവും തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രവും ഒക്കെയുള്ളപ്പോൾ, എന്തുകൊണ്ടാണ് പിതൃതർപ്പണത്തിന് രാമേശ്വരത്തിന് ഇത്ര പ്രാധാന്യം എന്ന ചിന്തയാണ് ഈ പുസ്തകത്തിന് തുടക്കമിട്ടത്.
രാമേശ്വരത്തിന്റെയും അതിനോട് ചേർന്നുള്ള മറ്റ് ക്ഷേത്രങ്ങളുടെയും ഐതിഹ്യവും പ്രാധാന്യവും ഉൾപ്പെടുത്തി ഒരു യാത്രാക്കുറിപ്പ് എഴുതിയാലോ എന്ന് തോന്നി. അങ്ങനെയാണ് വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്.
അപ്പോഴാണ് മനസ്സിലായത്, രാമേശ്വരത്തെ പറ്റി അറിയാൻ ഇനിയും ഒട്ടേറെയുണ്ട് ഞാൻ ഇപ്പോൾ നടത്തുന്ന യാത്ര രാമന്റെ യാത്രാക്രമം അനുസരിച്ചല്ല എന്നും തിരിച്ചറിഞ്ഞത്. എങ്കിലും യാത്ര തുടർന്നു.
ഒരുപക്ഷേ ഇപ്പോൾ ഈ കഥ വായിക്കുമ്പോൾ നിങ്ങൾക്ക് തോന്നുന്നുണ്ടാകും, എന്റെ എഴുത്ത് അല്പം ക്രമം തെറ്റി ആണെന്ന്. ആദ്യം പറയേണ്ടത് ഒടുവിലും, ഒടുവിൽ പറയേണ്ടത് നടുക്കും, വിശദീകരിക്കേണ്ടത് ആദ്യവും ആയിട്ടാണ് എഴുതിയിരിക്കുന്നത് എന്ന്.
അതിന് കാരണമുണ്ട്. ഞാനും ഈ കഥകൾ അറിഞ്ഞത് ഈ ക്രമത്തിലല്ല. യാത്ര ചെയ്ത്, കണ്ടറിഞ്ഞ്, ചോദിച്ചറിഞ്ഞ ക്രമത്തിലാണ് എഴുതുന്നത്. അതുകൊണ്ട് ഈ ക്രമം തെറ്റൽ ക്ഷമിക്കണം.
ഏതായാലും എഴുത്ത് തുടങ്ങിയ സ്ഥിതിക്ക്, ഈ ക്രമത്തിൽ തന്നെ എഴുത്ത് അവസാനിപ്പിച്ച്, ഇടയിൽ ചിലർ ആവശ്യപ്പെട്ടത് പോലെ ഇതിനെ ഒരു പുസ്തക രൂപത്തിലാക്കണം എന്ന് ആഗ്രഹമുണ്ട്.
അത് സാധിക്കുമെങ്കിൽ, അടുത്തതായി രാമന്റെ യാത്രാക്രമത്തിൽ തന്നെ കഥ എഴുതണം. ദേവി പട്ടണം മുതൽ ധനുഷ്കോടി വരെ, രാമൻ പോയ വഴിയേ.
അങ്ങനെ എഴുതിയാൽ, ഇപ്പോൾ ഇത് വായിക്കുന്നവർക്ക് പിന്നീട് രാമേശ്വരം യാത്ര പോകുമ്പോൾ ഒരു റഫറൻസ് ഗ്രന്ഥമായി, ഒരു വഴികാട്ടിയായി ഇത് ഉപകരിക്കും എന്നാണ് എന്റെ വിശ്വാസം.
രാമൻ കാട്ടിയ വഴിയേ നമുക്കും പോകാം ഒരുപക്ഷേ ഇത് പുസ്തകരൂപത്തിൽ ആക്കാൻ സാധിച്ചില്ലെങ്കിൽ?
പറഞ്ഞുവരുന്നത് രാവണനുമായുള്ള യുദ്ധം തുടങ്ങുന്നതിനു മുൻപുള്ള ഒരുക്കങ്ങളാണ് അതിൽ ഏറ്റവും പ്രധാനം.
ഒരു വലിയ യുദ്ധത്തിന് ഇറങ്ങും മുൻപ് ഒരു രാജാവ് എന്തൊക്കെ ചെയ്യണം? ആദ്യം സ്വന്തം സൈന്യത്തെ ശുദ്ധീകരിക്കണം, ദോഷങ്ങൾ മാറ്റണം, ദൈവങ്ങളുടെ അനുഗ്രഹം വാങ്ങണം. രാമനും അതുതന്നെ ചെയ്തു.
തിരുപ്പുല്ലാണിയിൽ കിടക്കുന്നതിന് തൊട്ടു മുൻപ് രാമൻ പോയത് ദേവി പട്ടണത്തേക്കാണ്. അവിടെ കടലിന് നടുവിൽ സ്വന്തം കൈകൊണ്ട് 9 കല്ല് പ്രതിഷ്ഠിച്ചു.
എന്തിനാണ് കടലിനു നടുവിൽ 9 കല്ല്? അതിന് പിന്നിലെ കഥ എന്താണ്? അവിടെ ഇപ്പോഴും നടക്കുന്ന അത്ഭുതങ്ങൾ എന്തൊക്കെയാണ്?
ഇനി പറയുന്നത് ആ ഒരുക്കങ്ങളെ പറ്റിയാണ് – ദേവി പട്ടണത്തിന്റെ കഥ.
തിരുപ്പുള്ളാണിയിൽ നിന്ന് വെറും 30 കി.മീ മാറി, രാമനാഥപുരം ജില്ലയിൽ തന്നെ കടലിനകത്ത് കിടക്കുന്ന ഒരു ക്ഷേത്രമാണ് ദേവീപട്ടണം നവപാഷാണം.
രാമൻ ചെയ്ത ക്രമം എഴുതുമ്പോൾ
ലങ്കയിലേക്ക് പോകും മുൻപ് രാമന് രണ്ട് കാര്യങ്ങൾ ചെയ്യേണ്ടിയിരുന്നു – യാത്രയുടെ തടസ്സം മാറ്റണം, യുദ്ധത്തിന്റെ ദോഷം മാറ്റണം.
അതുകൊണ്ടാണ് രാമൻ ആദ്യം ഉപ്പൂരിൽ വന്നത്.
പേര് പോലെ തന്നെ ഉപ്പിന്റെ നാടാണ് ഉപ്പൂർ. ചുറ്റും കണ്ട വെളുത്ത പാടങ്ങളെല്ലാം ഉപ്പ് പാടങ്ങളാണ്. ആ ഉപ്പ് മണ്ണിൽ നിന്നാണ് രാമൻ തടസ്സം മാറ്റാൻ ആദ്യം ഗണപതിയെ തൊഴുതത്.
ഇതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. രാമൻ അവിടെ വിനായകനെ പ്രതിഷ്ഠിക്കുമ്പോൾ ആ പ്രദേശത്ത് കുടിക്കാൻ ഒരു തുള്ളി ശുദ്ധജലം പോലും ഇല്ലായിരുന്നു, എല്ലാം ഉപ്പുവെള്ളമായിരുന്നു. അപ്പോൾ വിനായകൻ തന്റെ തുമ്പിക്കൈ കൊണ്ട് ഉപ്പുവെള്ളത്തെ മാറ്റി നിർത്തി, ശുദ്ധജലം വരുത്തി കൊടുത്തു. ഉപ്പ് നിറഞ്ഞ ഊരിൽ നിന്ന് ശുദ്ധജലം കൊണ്ടുവന്ന വിനായകൻ, അതാണ് ഉപ്പൂർ വിനായകർ.
പക്ഷേ ഉപ്പുവെള്ളം കൊണ്ട് ജീവിക്കാൻ പറ്റില്ലല്ലോ. കൂടെയുള്ള വലിയ വാനര സൈന്യത്തിന് കുടിക്കാനും പൂജയ്ക്ക് അഭിഷേകം ചെയ്യാനും ശുദ്ധജലം വേണം. അതിനാണ് ഉപ്പൂരിൽ വിനായകൻ ശുദ്ധജലം കൊടുത്തത്.
ഇവിടെ ഒരു സംശയം തോന്നും. കടൽ വെള്ളം ഉപ്പുള്ളത് കൊണ്ടാണല്ലോ കർമ്മത്തിന് നല്ലത് എന്ന് പറയുന്നത്, പിന്നെ എന്തിനാണ് ഉപ്പ് മാറ്റി ശുദ്ധജലം ഉണ്ടാക്കിയത്?
രണ്ടും രണ്ടാവശ്യത്തിനാണ്.
അപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്. നമ്മുടെ നാട്ടിൽ ഒരു പതിവുണ്ട് – മരണവീട് സന്ദർശിച്ചോ ആശുപത്രിയിൽ പോയോ വന്നാൽ വീട്ടിൽ കയറും മുൻപ് കുളിക്കണം. കുളിക്കുന്ന വെള്ളത്തിൽ അല്പം കല്ലുപ്പ് ചേർത്താൽ കൂടുതൽ ശുദ്ധിയുണ്ടാകും എന്ന് പഴമക്കാർ പറയാറുണ്ട്.
ഉപ്പിന് നെഗറ്റീവ് എനർജിയെ വലിച്ചെടുക്കാൻ കഴിയുമെന്നാണ് വിശ്വാസം. പുറത്തു നിന്ന് ശരീരത്തിൽ പറ്റുന്ന അശുദ്ധിയെ ഉപ്പ് നീക്കുമെന്ന്. ഇത് വെറും വിശ്വാസമല്ല, ശാസ്ത്രവും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. ഉപ്പുവെള്ളത്തിന് അണുനശീകരണ ശേഷിയുണ്ട്, മാംസപേശികളിലെ വേദനയും മാനസിക സമ്മർദ്ദവും കുറയ്ക്കാനും ഇത് സഹായിക്കും.
രാമേശ്വരത്തെ തീർത്ഥ സ്നാനം തുടങ്ങുന്നത് ക്ഷേത്രത്തിന് പുറത്തുള്ള അഗ്നി തീർത്ഥമായ കടലിൽ നിന്നാണ്. അതിനുശേഷമാണ് ക്ഷേത്രത്തിനകത്തെ 22 തീർത്ഥങ്ങളിൽ മഹാലക്ഷ്മി തീർത്ഥം മുതൽ കോടി തീർത്ഥം വരെ ക്രമമായി കുളിക്കുന്നത്. ഇത് ശരീരം മാത്രമല്ല, മനസ്സും കഴുകുന്ന ഒരു ക്രിയയാണ്. ഉപ്പുവെള്ളത്തിൽ കുളിച്ചു കയറുമ്പോൾ ശരീരത്തിന് ഒരു ഭാരം ഇറങ്ങിയതു പോലെ തോന്നുന്നത് അതുകൊണ്ടാണ്.
ചുരുക്കി പറഞ്ഞാൽ, കടലിലെ ഉപ്പുവെള്ളം ദോഷം കളയാൻ, ഉപ്പൂരിലെ ശുദ്ധജലം ദാഹം തീർക്കാൻ.
ഒന്ന് കർമ്മ ശുദ്ധിക്ക്, മറ്റൊന്ന് ജീവന് വേണ്ടി.
തടസ്സം മാറ്റി, ദാഹവും തീർത്ത് ലങ്കയിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ തന്നെ രാമന് ഒരു കാര്യം ഉറപ്പായിരുന്നു – രാവണനെ കൊല്ലാതെ യുദ്ധം ജയിക്കാൻ കഴിയില്ലെന്ന്. നാല് വേദം അറിയുന്ന ബ്രാഹ്മണനായ രാവണനെ കൊന്നാൽ ബ്രഹ്മഹത്യാ ദോഷം വരും. ആ ദോഷത്തിൽ നിന്ന് മുൻകൂട്ടി രക്ഷപ്പെടാൻ വേണ്ടിയാണ് രാമൻ അവിടെ നിന്ന് ദേവി പട്ടണത്തേക്ക് പോയി കടലിൽ നവപാഷാണ പ്രതിഷ്ഠ നടത്തി പ്രാർത്ഥിച്ചത്.
സ്വാഭാവികമായും പലർക്കും തോന്നാവുന്ന ഒരു സംശയമാണ് ഒരു രാക്ഷസൻ എങ്ങനെ ബ്രാഹ്മണൻ ആവും.
അതിന്റെ പിന്നിൽ ഒരു കഥയുണ്ട്. രാവണന്റെ അച്ഛനും അമ്മയും ആരാണെന്ന് പറയുമ്പോൾ പലർക്കും ഒരു സംശയമാണ്, രാവണൻ ബ്രാഹ്മണനോ രാക്ഷസനോ എന്ന്. സത്യത്തിൽ രണ്ടുമാണ്, അത് തന്നെയാണ് കഥയും.
അച്ഛൻ വിശ്രവസ്സ് മഹർഷി. ആള് ചെറിയ ആളല്ല,
ആ വലിയ തപസ്വി വിശ്രവസ്സ് മഹർഷിയാണ്. ബ്രഹ്മാവിന്റെ മാനസപുത്രനായ പുലസ്ത്യ മഹർഷിയുടെ മകനും ബ്രഹ്മാവിന്റെ പേരക്കുട്ടിയുമാണ് അദ്ദേഹം. കഠിനമായ തപസ്സ് കൊണ്ട് വലിയ യോഗശക്തി നേടിയ ആളാണ്.
അദ്ദേഹത്തിന്റെ തപശക്തിയിൽ ആകൃഷ്ടനായ ഭരദ്വാജ മഹർഷി തന്റെ മകൾ ഇളാവിഡയെ (ഇഡവിഡ എന്നും പറയും) വിശ്രവസ്സിന് വിവാഹം ചെയ്തു കൊടുത്തു. അവരിൽ ജനിച്ച മകനാണ് കുബേരൻ.
കുബേരനും വലിയ തപസ്വിയായിരുന്നു. ബ്രഹ്മാവിനെ പ്രീതിപ്പെടുത്താൻ വെള്ളത്തിൽ തല താഴ്ത്തിയും പഞ്ചാഗ്നി മധ്യത്തിലും നിന്ന് ആയിരക്കണക്കിന് വർഷം തപസ്സ് ചെയ്തു.
സന്തുഷ്ടനായ ബ്രഹ്മാവ് അദ്ദേഹത്തിന് ഉത്തരദിക്കിന്റെ കാവൽക്കാരനായും, സമ്പത്തിന്റെ അധിപനായും വരം നൽകി. സഞ്ചരിക്കാൻ പുഷ്പകവിമാനവും നൽകി. അന്ന് സ്വർണ്ണം കൊണ്ട് നിർമ്മിച്ച ലങ്ക എന്ന മഹാനഗരം പണിത് ഭരിച്ചിരുന്നത് ഈ കുബേരനായിരുന്നു.
പിന്നീടാണ് വിശ്രവസ്സിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടായത്.
അന്ന് പാതാളത്തിൽ അസുരന്മാർക്ക് വലിയ ശക്തിയില്ലായിരുന്നു. ദേവന്മാരോട് തോറ്റ് ഒളിച്ചിരിക്കുകയായിരുന്നു അവർ. അവരുടെ നേതാവായിരുന്നു സുമാലി. അസുരവംശത്തെ വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കാൻ സുമാലിക്ക് ഒരു ആഗ്രഹം തോന്നി – തന്റെ മകളെ വിശ്രവസ്സ് മഹർഷിക്ക് വിവാഹം ചെയ്തു കൊടുത്താൽ, മഹർഷിയുടെ തപശക്തിയുള്ള മക്കൾ തനിക്ക് ജനിക്കും, അവരിലൂടെ അസുരവംശം വീണ്ടും ശക്തമാകും.
സുമാലിയുടെ മകൾ കൈകസി അതിസുന്ദരിയായിരുന്നു. വിശ്രവസ്സ് തപസ്സ് ചെയ്തിരുന്ന ആശ്രമത്തിലേക്ക് അവൾ സേവിക്കാൻ ചെന്നു. പക്ഷെ അവൾ ചെന്ന സമയം ദുഷ്ടമുഹൂർത്തമായിരുന്നു – സന്ധ്യ കഴിഞ്ഞ സമയം. മഹർഷി പറഞ്ഞു: “നീ വന്ന സമയം ശരിയല്ല, അതുകൊണ്ട് നിനക്ക് ക്രൂരസ്വഭാവമുള്ള മക്കൾ ജനിക്കും.” കൈകസി ദുഃഖിച്ചപ്പോൾ മഹർഷി അനുഗ്രഹിച്ചു: “എന്നാലും നിന്റെ അവസാനത്തെ മകൻ ധർമ്മിഷ്ഠനാകും.”
അങ്ങനെയാണ് കൈകസിയിൽ നാല് മക്കൾ ജനിച്ചത് – മൂത്തവൻ രാവണൻ, പിന്നെ കുംഭകർണ്ണൻ, മകൾ ശൂർപ്പണഖ, ഒടുവിൽ വിഭീഷണൻ.
നാലു പേരും ചെറുപ്പത്തിൽ തന്നെ ബ്രഹ്മാവിനെ തപസ്സ് ചെയ്ത് വരങ്ങൾ നേടി. രാവണന് ബ്രഹ്മാവിൽ നിന്ന് മരണമില്ലായ്മയ്ക്ക് തുല്യമായ വരം കിട്ടിയതോടെ അഹങ്കാരിയായി. അവന്റെ ആദ്യ ലക്ഷ്യം ലങ്കയായിരുന്നു.
അന്ന് ലങ്ക ഭരിച്ചിരുന്നത് അവന്റെ ജ്യേഷ്ഠനായ കുബേരനാണ്. രാവണൻ കുബേരനെ സമീപിച്ച് പറഞ്ഞു: “ലങ്ക എന്റെ അച്ഛന്റെ വീടാണ്, അത് എനിക്ക് വേണം.” കുബേരൻ ഇത് അച്ഛനായ വിശ്രവസ്സിനോട് പറഞ്ഞപ്പോൾ, വിശ്രവസ്സ് പറഞ്ഞു: “ക്രൂരനായ രാവണനോട് കലഹിക്കേണ്ട, നീ ലങ്ക വിട്ടു പോകൂ.”
അങ്ങനെ കുബേരൻ തന്റെ പുഷ്പകവിമാനത്തിൽ കയറി ലങ്ക വിട്ട് കൈലാസത്തിനടുത്തുള്ള അളകാപുരിയിലേക്ക് പോയി. ഒഴിഞ്ഞ ലങ്കയിൽ രാവണൻ രാക്ഷസരാജാവായി വാണു. പിന്നീട് കുബേരന്റെ പുഷ്പകവിമാനം പോലും രാവണൻ ബലമായി പിടിച്ചെടുത്തു – പിന്നീട് രാമായണത്തിൽ സീതയെ അപഹരിക്കാനും ആ വിമാനം തന്നെയാണ് രാവണൻ ഉപയോഗിച്ചത്.
അങ്ങനെ ആ ഒരു സന്ധ്യാ സമയത്ത് നിന്നാണ് എല്ലാം തുടങ്ങിയത്. അവിടെ നിന്നാണ് രാവണനും കുംഭകർണ്ണനും ശൂർപ്പണഖയും അവസാനം ധർമ്മവാനായി വിഭീഷണനും ജനിച്ചത്.
അതുകൊണ്ട് രാവണന് രണ്ടുപേരുടെയും രക്തമുണ്ട്. പകുതി ബ്രാഹ്മണന്റെ ബുദ്ധിയും വേദജ്ഞാനവും, പകുതി രാക്ഷസന്റെ ശക്തിയും അഹങ്കാരവും.
അവൻ ജനിച്ചപ്പോൾ പേര് ദശഗ്രീവൻ. ചെറുപ്പത്തിൽ തന്നെ നാല് വേദവും ആറ് ശാസ്ത്രവും പഠിച്ചു. ശിവനെ പ്രീതിപ്പിക്കാൻ തന്റെ 10 തലയും അറുത്ത് കൊടുത്തു. ശിവനിൽ നിന്ന് ചന്ദ്രഹാസം എന്ന വാൾ വാങ്ങി. ബ്രഹ്മാവിൽ നിന്ന് അമരത്വത്തിന് തുല്യമായ വരം വാങ്ങി.
ജ്ഞാനവും ശക്തിയും കൂടിയപ്പോൾ അഹങ്കാരമായി. ഞാൻ ദേവന്മാരെക്കാൾ വലിയവനായി എന്ന് വിചാരിച്ചു. അന്ന് തൊട്ടാണ് അവൻ തന്റെ ബ്രാഹ്മണ സ്വഭാവം ഉപേക്ഷിച്ച്, “ഞാൻ രാക്ഷസ രാജാവാണ്” എന്ന് പ്രഖ്യാപിച്ചത്.
അതുകൊണ്ടാണ് ശാസ്ത്രത്തിൽ പറയുന്നത് – രാവണൻ ജന്മം കൊണ്ട് ബ്രാഹ്മണൻ, കർമ്മം കൊണ്ട് രാക്ഷസൻ എന്ന്.
അങ്ങനെയുള്ള ഒരാളെ വധിക്കേണ്ടി വന്നാൽ രാമൻ ആയാലും ബ്രഹ്മഹത്യാ ദോഷം ഏൽക്കുമെന്ന്. ഒരു സാധാരണ രാക്ഷസനെ കൊന്നാൽ ആ ദോഷം ഉണ്ടാവില്ല.
അതുകൊണ്ട് യുദ്ധത്തിന് പോകും മുന്നേ തന്നെ, ദോഷം വരാതിരിക്കാൻ മുൻകൂട്ടി പരിഹാരം ചെയ്തു. അതാണ് ദേവിപട്ടണത്ത് കടലിൽ 9 കല്ല് ഉണ്ടാക്കി നവഗ്രഹ പൂജ ചെയ്തത്.
യുദ്ധം കഴിഞ്ഞ്, രാവണനെ കൊന്നതിന് ശേഷം, ആ പാപം പൂർണമായി മാറാൻ രാമേശ്വരത്ത് വന്ന് ശിവലിംഗം ഉണ്ടാക്കി വലിയ പൂജ ചെയ്തു.
കടലിനകത്ത് രാമൻ ഉണ്ടാക്കിയ ക്ഷേത്രം
ആ ലക്ഷ്യത്തോടെ ദേവി പട്ടണത്തിൽ എത്തിയപ്പോൾ അവിടം മുഴുവൻ വിജനമായ സ്ഥലം, വിഗ്രഹങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ
രാമൻ തന്റെ കൈ കൊണ്ട് തന്നെ കടൽ മണൽ വാരി, ഒൻപത് പിടി പിടിച്ച്, ഒൻപത് കല്ലുകളായി കടലിൽ തന്നെ പ്രതിഷ്ഠിച്ചു.
പൂജ ചെയ്യുമ്പോൾ തിരമാല ശല്യപ്പെടുത്തിയപ്പോൾ, രാമൻ കൈ ഉയർത്തി തിരയോട് ശാന്തമാകാൻ ആവശ്യപ്പെട്ടു എന്നും കഥയുണ്ട്. അതുകൊണ്ട് ഇന്നും രാവിലെ വേലിയിറക്കത്തിൽ ഈ 9 കല്ലുകൾ കാണാം, വൈകീട്ട് വേലിയേറ്റത്തിൽ മുങ്ങിപ്പോകും. ആളുകൾ വെള്ളത്തിൽ ഇറങ്ങി നിന്നാണ് പ്രദക്ഷിണം വെക്കുന്നത്.
അങ്ങനെയാണ് അവിടുത്തെ ആരാധനാക്രമം എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഞങ്ങൾ അന്ന് ചെന്നപ്പോൾ വെള്ളത്തിൽ ഇറങ്ങിയുള്ള പ്രദക്ഷിണ വഴി അടച്ചു കെട്ടിയിരിക്കുകയായിരുന്നു. അതുകൊണ്ട് ചുറ്റും തീർത്തിരുന്ന താൽക്കാലിക വഴിയിലൂടെയാണ് ഞങ്ങൾ പ്രദക്ഷിണം പൂർത്തിയാക്കിയത്
ലോകത്ത് വേറെ എവിടെയും നവഗ്രഹങ്ങൾ കടലിനകത്ത് മുങ്ങി കിടക്കുന്ന ക്ഷേത്രമില്ല. വേലിയിറക്ക സമയത്ത് മുട്ടോളം വെള്ളത്തിൽ നടന്ന് ചെന്ന് തൊഴാം, വേലിയേറ്റമാകുമ്പോൾ പൂർണമായും വെള്ളത്തിനടിയിലാകും. ഇത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
അതാണ് ഇന്നും കടലിനകത്ത് കാണുന്ന ആ ഒൻപത് കല്ലുകൾ. സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു.
രാമൻ കൈ കൊണ്ട് ഉണ്ടാക്കിയ കല്ല് അതുകൊണ്ടാണ് നവപാഷാണം എന്ന പേര് ലഭിച്ചത്.
എന്തുകൊണ്ട് കടലിൽ?
നവഗ്രഹങ്ങളെ കടലിൽ കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരു ചോദ്യം ഉദിച്ചു കരയിൽ ഇത്രയും സ്ഥലം ഉണ്ടായിട്ടും എന്തുകൊണ്ട് രാമൻ കടലിൽ ക്ഷേത്രം പണിതു?
പിന്നീടാണ് അതിന്റെ സത്യം മനസ്സിലായത്.
അജ്ഞാതാവാസത്തിൽ ആയിരുന്ന രാമൻ മറ്റുള്ളവരാൽ പിടിക്കപ്പെടാതിരിക്കാൻ. കരയിൽ ക്ഷേത്രം പണിതാൽ രാവണന്റെ ചാരന്മാർ അറിയും. കടലിന്റെ നടുവിൽ ആർക്കും കാണാതെ പെട്ടെന്ന് പൂജ കഴിച്ച് മടങ്ങാം.
അമ്പലത്തിൽ ശുദ്ധിക്ക് വെള്ളം ഉപയോഗിക്കില്ലേ? അതിൽ ഏറ്റവും വലിയ ശുദ്ധി കടൽ വെള്ളത്തിനാണ്. നവഗ്രഹ ദോഷങ്ങൾ കഴുകിക്കളയാൻ കടലിനേക്കാൾ നല്ല സ്ഥലമില്ല. അതുകൊണ്ടാണ് രാമൻ സ്വന്തം കൈകൊണ്ട് കടൽ മണൽ വാരി കല്ലാക്കിയത്.
നവഗ്രഹങ്ങൾ എന്നും ആകാശത്ത് സഞ്ചരിക്കുന്നവരാണ്. അവരെ ഒരു കെട്ടിടത്തിനുള്ളിൽ പൂട്ടിയിടാൻ പറ്റില്ല. ആകാശത്തിനും കടലിനും നടുവിൽ, തുറസ്സായ സ്ഥലത്ത് പ്രതിഷ്ഠിച്ചാൽ അവർക്ക് സ്വതന്ത്രമായി സഞ്ചരിച്ച് നമ്മെ അനുഗ്രഹിക്കാൻ കഴിയും.
അതുകൊണ്ടാണ് ഇന്നും ആ ഒൻപത് കല്ലുകൾ ഒരു ക്ഷേത്രത്തിനുള്ളിലല്ല, കടലിൽ തന്നെ ഇരിക്കുന്നത്. നമ്മൾ കടലിലേക്ക് ഇറങ്ങിച്ചെന്നാണ് അവയെ തൊട്ട് വണങ്ങേണ്ടത്.
എന്റെ അടുത്ത സംശയം? എന്തുകൊണ്ടാണ് ഈ ഗ്രാമത്തിന് ദേവി പട്ടണം എന്ന പേര് ലഭിച്ചത്? അന്വേഷിച്ചപ്പോൾ മനസ്സിലായത് രാമായണത്തിന് മുൻപ് നടന്ന ഒരു കഥ കൊണ്ടാണ്.
മഹിഷാസുരൻ എന്ന അസുരൻ ബ്രഹ്മാവിനോട് തപസ്സ് ചെയ്ത് വരം വാങ്ങി – “ദേവനോ മനുഷ്യനോ എന്നെ കൊല്ലരുത്” എന്ന്.
വരം കിട്ടിയതോടെ അവൻ അഹങ്കാരിയായി, മൂന്ന് ലോകവും കീഴടക്കി, ദേവന്മാരെ സ്വർഗ്ഗത്തിൽ നിന്ന് ഓടിച്ചു.
ദേവന്മാർക്ക് നിവൃത്തിയില്ലാതെ വന്നപ്പോൾ, ബ്രഹ്മാവ്, വിഷ്ണു, ശിവൻ മൂവരും ചേർന്ന് തങ്ങളുടെ ശക്തി മുഴുവൻ ഒരുമിപ്പിച്ച് ഒരു സ്ത്രീ രൂപത്തെ സൃഷ്ടിച്ചു. അതാണ് ദുർഗ്ഗാ ദേവി. സ്ത്രീയെ കൊല്ലരുത് എന്ന് വരം വാങ്ങാൻ മഹിഷാസുരൻ മറന്നു പോയിരുന്നു.
ആ ദേവി, മഹിഷാസുരനെ യുദ്ധം ചെയ്ത് വധിച്ച സ്ഥലമാണ്?
ഇവിടെ എനിക്കുണ്ടായ ഒരു സംശയം അതിൻറെ കഥയുടെ എഴുതേണ്ട ആവശ്യമില്ല എങ്കിലും. മഹിഷാസുരന്റെ കഥ നമ്മൾ മുൻപ് പറഞ്ഞതാണെങ്കിലും, മഹിഷിയുടെ കഥ അതിൽ നിന്ന് വ്യത്യസ്തമാണ്. പലരും ഈ രണ്ടു കഥകളും ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
ഇവിടെ ഒരു സംശയം തോന്നാം മഹിഷാസുരനും മഹിഷിയും ഒന്നാണോ എന്ന്. അല്ല. മഹിഷാസുരനെ വധിച്ചത് ദുർഗ്ഗാദേവിയാണ്, അത് ത്രേതായുഗത്തിൽ. മഹിഷിയെ വധിച്ചത് ധർമ്മശാസ്താവായ അയ്യപ്പനാണ്, അത് കലിയുഗത്തിൽ. രണ്ടു കാലം, രണ്ടു കഥകൾ.
ദേവി പട്ടണത്ത് നടന്നത് മഹിഷാസുര മർദ്ദനം.
ശബരിമല കഥയിൽ പറയുന്നത് മഹിഷി മർദ്ദനം.
രണ്ടും അച്ഛൻ ഒന്ന് തന്നെ, പക്ഷേ രണ്ട് മക്കൾ.
കഥ ഇങ്ങനെയാണ്:
ദേവി പട്ടണത്ത് ദുർഗ്ഗ ദേവി കൊന്ന മഹിഷാസുരന് ഒരു അനുജത്തി ഉണ്ടായിരുന്നു – മഹിഷി. അവൾ എരുമയുടെ രൂപമുള്ള രാക്ഷസി.
ചേട്ടനെ ദേവി കൊന്നത് അറിഞ്ഞതോടെ മഹിഷിക്ക് പ്രതികാരമായി. അവൾ ബ്രഹ്മാവിനെ തപസ്സ് ചെയ്ത് വരം വാങ്ങി
“ദേവനോ മനുഷ്യനോ എന്നെ കൊല്ലരുത്, ഹരിക്കും ഹരനും ചേർന്ന് ജനിക്കുന്ന ഒരു കുട്ടിക്ക് മാത്രമേ എന്നെ കൊല്ലാൻ കഴിയൂ.”
ഹരി എന്നാൽ വിഷ്ണു, ഹരൻ എന്നാൽ ശിവൻ. വിഷ്ണുവും ശിവനും ചേർന്ന് ഒരു കുട്ടി ജനിക്കുക എന്നത് അസാധ്യമാണ് എന്ന് കരുതി ബ്രഹ്മാവ് വരം കൊടുത്തു.
വരം കിട്ടിയതോടെ മഹിഷി മൂന്ന് ലോകവും കീഴടക്കി. ദേവന്മാരെ ഓടിച്ചു. ദേവന്മാർക്ക് നിവൃത്തിയില്ല.
അപ്പോഴാണ് കഥയിലെ വലിയ മാറ്റം നടക്കുന്നത്.
പാലാഴി മഥന സമയത്ത് വിഷ്ണു മോഹിനി രൂപം എടുത്തിരുന്നു. ആ മോഹിനി രൂപത്തെ കണ്ട ശിവന് ഒരു പുത്രൻ ജനിച്ചു. ഹരിയും ഹരനും ചേർന്ന് ജനിച്ച പുത്രൻ – അയ്യപ്പൻ.
പമ്പയിൽ പന്തള രാജാവിന് കിട്ടിയ ആ കുട്ടി വളർന്ന്, മഹിഷിയെ വധിക്കാൻ വേണ്ടി കാട്ടിലേക്ക് പോയി.
മഹിഷിയെ കൊന്ന സ്ഥലമാണ് ശബരിമലയ്ക്ക് തൊട്ടടുത്തുള്ള അഴുത – എരുമേലി.
എരുമയുടെ രൂപമുള്ള മഹിഷി ചത്തു വീണത് കൊണ്ടാണ് എരുമേലി എന്ന് പേര് വന്നതെന്ന് പറയും.
മഹിഷി ചാകുന്നതിന് മുൻപ് ശപിക്കപ്പെട്ട ഒരു ദേവിയായിരുന്നു എന്നും, അയ്യപ്പന്റെ കൈകൊണ്ട് മരിച്ചപ്പോൾ ശാപമോക്ഷം കിട്ടി എന്നുമാണ് ശബരിമല ഐതിഹ്യം.
അതുകൊണ്ട് ഓർക്കാൻ എളുപ്പം:
മഹിഷൻ (ആൺ എരുമ) – നെ കൊന്നത് ദുർഗ്ഗാ ദേവി – ദേവി പട്ടണത്ത്
മഹിഷി (പെൺ എരുമ) – യെ കൊന്നത് അയ്യപ്പൻ – ശബരിമലയിൽ
ചേട്ടനെ ദേവി കൊന്നു, അനുജത്തിയെ അയ്യപ്പൻ കൊന്നു.
ദേവി + പട്ടണം = ദേവി വധം നടത്തിയ സ്ഥലം, അതാണ് ദേവി പട്ടണം.
പിന്നീട് രാമൻ ലങ്കയിലേക്ക് പോകും മുൻപ്, ഈ ദേവിയുടെ അടുത്ത് വന്നാണ് പ്രാർത്ഥിച്ചത്. “യുദ്ധം ജയിക്കാൻ ശക്തി തരൂ” എന്ന്. ദേവി അനുഗ്രഹിച്ച ശേഷമാണ് രാമൻ കടലിൽ നവഗ്രഹ പ്രതിഷ്ഠ നടത്തിയത്.
അതുകൊണ്ടാണ് ഇവിടെ നമുക്ക് രണ്ട് ക്ഷേത്രങ്ങൾ കാണാൻ പറ്റും – കരയിൽ ദേവിയുടെ പഴയ തിലകേശ്വരി ക്ഷേത്രവും, കടലിൽ രാമൻ ഉണ്ടാക്കിയ നവഗ്രഹ ക്ഷേത്രവും.
പട്ടണത്ത് കടലിലെ നവഗ്രഹത്തിന് പുറമെ കരയിൽ തിലകേശ്വരർ ശിവക്ഷേത്രവും ഉണ്ട്. 1000 വർഷത്തിലധികം പഴക്കമുള്ള ആ ക്ഷേത്രത്തിൽ ചോള – പാണ്ഡ്യ ശിലാലിഖിതങ്ങൾ ഇന്നും കാണാം.
ദേവീപട്ടണത്ത് നിന്ന് തൊട്ടടുത്ത് തന്നെയാണ് പ്രസിദ്ധമായ വാരാഹി അമ്മൻ ക്ഷേത്രം. സമയമില്ലാത്തതു കൊണ്ട് ഞങ്ങൾക്ക് അവിടെ കയറാൻ പറ്റിയില്ല. ദേവീപട്ടണം പോകുന്നവർ തീർച്ചയായും ആ ക്ഷേത്രവും കൂടി കാണാൻ ശ്രമിക്കണം.
അതും ഇതേ രാമനാഥപുരം സമസ്താന ദേവസ്ഥാനത്തിന്റെ കീഴിലുള്ള ശക്തി ക്ഷേത്രമാണ്.
കടലിലെ നവഗ്രഹം രാമൻ ഉണ്ടാക്കിയതാണ്. എന്നാൽ ഇതേ രാമനാഥപുരം ജില്ലയിൽ തന്നെ, ഇതിന് തൊട്ട് മുന്നേ നടന്ന മറ്റൊരു കഥയുണ്ട്. രാവണന്റെ ഭാര്യ മണ്ഡോദരി ശിവനെ തപസ്സ് ചെയ്ത സ്ഥലം.
അത് ഇവിടുന്ന് 15 കി.മീ മാത്രം അകലെയുള്ള
ലോകത്തിലെ ആദ്യ ശിവക്ഷേത്രം എന്നറിയപ്പെടുന്ന “ഉത്തിരകോസമംഗൈ ക്ഷേത്രമാണ്”. അവിടെയാണ് ലോകത്തിലെ ഒരേ ഒരു മരതക നടരാജർ ഉള്ളത്. 3000 വർഷം പഴക്കമുള്ള, മണ്ഡോദരിയുടെ തപസ്സും, ശിവന്റെ മരതക രഹസ്യവും അത് അടുത്ത ലേഖനത്തിൽ.
എം ബാബു ജയപ്രകാശ്
