കല്ലിൽ നിന്ന് കടൽ വരെ ആറു ശരണാഗതികൾ

Time Taken To Read 5 Minutes

തിരുപ്പുള്ളാണിയിൽ നമ്മൾ കണ്ടത് കിടന്ന രാമൻ! ഗന്ധമാദന പർവതത്തിൽ നമ്മൾ കണ്ടത് നിന്ന രാമൻ! കോതണ്ഡത്തിലെത് പട്ടാഭിഷേകം നടത്തിയ രാമൻ!

ഇത്രയും എഴുതി ഞാൻ നിർത്തി.

പക്ഷെ പിന്നീട് എനിക്ക് തോന്നി  ഇത് മൂന്ന് ക്ഷേത്രങ്ങളുടെ കഥ മാത്രമല്ലല്ലോ.

രാമൻ കിടന്നതും, നിന്നതും നൽകിയതും, മൂന്ന് പേർ ശരണം പറഞ്ഞപ്പോഴാണ്.

കിടന്നത്…?  സമുദ്രം ശരണം പറയും എന്ന് കാത്ത്.
നിന്നത്…?  ഹനുമാൻ വഴി കാട്ടും എന്ന് കാത്ത്.
കൊടുത്തത്…  വിഭീഷണൻ ശരണം വരും എന്നറിഞ്ഞ്.

അങ്ങനെ നോക്കിയാൽ രാമായണം മുഴുവൻ ശരണാഗതികളുടെ കഥയാണ്.

ചിലർ കല്ലായി കിടന്ന് ശരണം പറഞ്ഞു.
ചിലർ പറന്ന് വന്ന് ശരണം പറഞ്ഞു.
ചിലർ എല്ലാം ഉപേക്ഷിച്ച് വന്ന് ശരണം പറഞ്ഞു.

വാൽമീകി ആറ് പ്രധാന ശരണാഗതികളെ എടുത്തു പറയുന്നുണ്ട്. എന്റെ യാത്ര തിരുപ്പുല്ലാണിയിൽ നിന്ന് തുടങ്ങിയെങ്കിലും, ഈ കഥ തുടങ്ങേണ്ടത് അതിനും വളരെ വളരെ മുൻപാണ്.

അതായത് അഹല്യ ! ബ്രഹ്മാവ് സ്വയം സൃഷ്ടിച്ച സ്ത്രീ  ലോകത്തിലെ ഏറ്റവും സുന്ദരി. ഗൗതമ മഹർഷിയുടെ ഭാര്യയായിരുന്നു .

ഇന്ദ്രന് അഹല്യയോട് മോഹം. ഗൗതമൻ ആശ്രമത്തിൽ ഇല്ലാത്ത സമയത്ത്, ഗൗതമന്റെ വേഷത്തിൽ വന്ന് അഹല്യയെ വഞ്ചിച്ചു.

ഗൗതമ്യം തിരിച്ചുവരുമ്പോൾ  ഇന്ദ്രനോടൊപ്പം മഹല്ലിയെ കണ്ട. ദേഷ്യം കൊണ്ട് ശപിച്ചു:

ഇന്ദ്രനെ: “നിന്റെ ശരീരം മുഴുവൻ കണ്ണുകൾ ആകട്ടെ”  പിന്നീട് ആയിരം കണ്ണുകൾ ഉള്ളവൻ ആയി ഇന്ദ്രൻ

അഹല്യയെ: “നീ കല്ലായി പോകട്ടെ. ആരും കാണാതെ, ആരോടും മിണ്ടാതെ, പൊടി പിടിച്ച്, വെറും കല്ലായി ഈ ആശ്രമത്തിൽ കിടക്കുക”

അഹല്യ കരഞ്ഞു: “ഞാൻ അറിഞ്ഞു ചെയ്തതല്ല, വഞ്ചിക്കപ്പെട്ടതാണ്”

ഗൗതമന് ദയ തോന്നി, ശാപത്തിന് ഒരു മോക്ഷവും കൊടുത്തു:

“ത്രേതായുഗത്തിൽ ദശരഥ പുത്രനായ രാമൻ ഈ വഴി വരും. അവന്റെ പാദം ഈ കല്ലിൽ തൊടുമ്പോൾ നീ ശാപമോചിതയാകും”

അതൊരു സാധാരണ കാത്തിരിപ്പായിരുന്നില്ല.

വർഷങ്ങൾ, യുഗങ്ങൾ. മഴ പെയ്തു, വെയിൽ അടിച്ചു, ആശ്രമം നശിച്ചു, കാടായി. അഹല്യ കല്ലായി കിടപ്പുണ്ട്. ആർക്കും അവരെ കാണാൻ പോലും പറ്റില്ല.   കണ്ടാൽ ഒരു കല്ലായി തോന്നും.

അവർ ഒന്നും മിണ്ടുന്നില്ല, അനങ്ങുന്നില്ല. ഉള്ളിൽ മാത്രം ഒരു കാത്തിരിപ്പ് – “രാമൻ വരും” ! രാമന് വേണ്ടിയുള്ള കാത്തിരിപ്പ്!

ഇതാണ് ഏറ്റവും വലിയ ശരണാഗതി  ഒന്നും മിണ്ടാൻ പോലും സാധിക്കാത്ത കാത്തിരിപ്പ്.

വിശ്വാമിത്രന്റെ യാഗം കഴിഞ്ഞ്, രാമലക്ഷ്മണന്മാരെ കൂട്ടി മിഥിലയിലേക്ക് പോവുകയായിരുന്ന രാമൻ.

വഴിയിൽ ഒരു പഴയ ആശ്രമം കണ്ടു. ആരുമില്ല, പൊടി പിടിച്ചു കിടക്കുന്നു. നടുവിൽ ഒരു കല്ല്, പക്ഷെ ആ കല്ലിന് ഒരു രൂപം  ഒരു സ്ത്രീ കിടക്കുന്ന പോലെ.

വിശ്വാമിത്രൻ പറഞ്ഞു: “രാമാ, അതൊരു കല്ലല്ല, ഗൗതമ പത്നി അഹല്യയാണ്. നിന്റെ പാദം കൊണ്ട് ഒന്ന് തൊടൂ”

രാമൻ പേടിച്ചു  “ഞാൻ എങ്ങനെ ഒരു സ്ത്രീയെ കാല് കൊണ്ട് തൊടും?”

വിശ്വാമിത്രൻ പറഞ്ഞു: “ഇത് പാദം കൊണ്ട് തൊടേണ്ടത് തന്നെയാണ്, ഇതാണ് അവരുടെ മോക്ഷം”

രാമൻ മെല്ലെ തന്റെ പാദം കൊണ്ട് ആ കല്ലിൽ തൊട്ടു.

ആ നിമിഷം: കല്ലിനു ജീവൻ വെച്ചു, അതിൽ നിന്ന് അഹല്യ എഴുന്നേറ്റു. ദിവ്യരൂപം, തിളക്കം.!

രാമന്റെ കാൽ തൊട്ട് നമസ്കരിച്ചു. രാമൻ തിരിച്ചു നമസ്കരിച്ചു  എന്നിട്ട് ബഹുമാനപ്പെട്ട രാമൻ പറഞ്ഞു “നിങ്ങൾ എന്റെ അമ്മയെ പോലെയാണ്”

അന്നേരം ആകാശത്ത് നിന്ന് ഗൗതമ മഹർഷി വന്നു, അഹല്യയെ സ്വീകരിച്ചു.

ഇവിടെ ഇതാണ് ശരണാവധി?

അഹല്യ ഒരിക്കലും “രക്ഷിക്കണേ” എന്ന് നേരിട്ട് പറഞ്ഞിട്ടില്ല. പറയാൻ പറ്റിയിട്ടില്ല, കല്ലല്ലേ.

പക്ഷെ ഉള്ളുകൊണ്ട്, ആയിരം വർഷം അവർ രാമനെ കാത്തിരുന്നു. മനസ്സ് കൊണ്ട് ശരണം പ്രാപിച്ചു.

അതുകൊണ്ടാണ് അഹല്യാ മോക്ഷം എന്ന് പറയുമ്പോൾ “രാമപാദം” എന്ന് പ്രത്യേകം പറയുന്നത്

കാകാസുരന്റെ കഥ പറയുമ്പോൾ

ചിത്രകൂടത്തിൽ രാമനും സീതയും വിശ്രമിക്കുകയായിരുന്നു. സീതാദേവി ഉറങ്ങിപ്പോയി, അവരുടെ മടിയിൽ തല വെച്ച് രാമനും.

അപ്പോൾ ഇന്ദ്രന്റെ മകനായ ജയന്തൻ  ഒരു കാക്കയുടെ രൂപത്തിൽ വന്നു. സീതാദേവിയുടെ നെഞ്ചിൽ കൊത്തി ഉപദ്രവിച്ചു.

ഉറക്കത്തിൽ നിന്ന് ഞെട്ടിയ സീതാദേവി  തന്റെ മാറിടത്തിൽ നിന്ന് ചോര ഒലിച്ചുവരുന്ന വരുന്നതാണ്  കണ്ടത്

അനക്കം രാമനും ഉണർന്നു  നോക്കിയപ്പോൾ കാക്ക പറന്നു പോകുന്നു.

രാമന് ദേഷ്യം വന്നു. അടുത്ത് കിടന്ന ഒരു ദർഭപ്പുല്ല് എടുത്തു, അതിൽ ജപിച്ചു എറിഞ്ഞു .

പിന്നെ കണ്ടത്  ലോകം മുഴുവൻ ഓട്ടം!

ആ ദർഭപ്പുല്ല് കാക്കയുടെ പിന്നാലെ പോയി. അത് സാധാരണ അസ്ത്രമല്ല, ബ്രഹ്മാസ്ത്രം ആയിരുന്നു

കാക്ക ഓടിത്തളർന്നു അച്ഛൻറെ അടുത്തേക്ക്.

ഇന്ദ്രൻ പറഞ്ഞു “എനിക്ക് നിന്നെ രക്ഷിക്കാൻ പറ്റില്ല”…

തുടർന്ന് ബ്രഹ്മാവിൻറെ അടുത്തേക്ക്  ബ്രഹ്മാവും കൈവിട്ടു

ശിവന്റെ അടുത്തേക്ക്  ശിവനും പറഞ്ഞു “രാമാസ്ത്രത്തിൽ നിന്ന് ഞാനും രക്ഷിക്കില്ല”

ദേവന്മാർ മുഴുവൻ, ഋഷിമാർ മുഴുവൻ  ആരും രക്ഷിച്ചില്ല എല്ലാവരും  കയ്യൊഴിഞ്ഞപ്പോൾ

അവസാനം കാക്ക തളർന്ന് വീണ്ടും രാമന്റെ പാദത്തിൽ തന്നെ വന്ന് വീണു. “രക്ഷിക്കണേ” എന്ന് പറഞ്ഞു ശരണം പ്രാപിച്ചു.

രാമൻ ആദ്യം പറഞ്ഞു: “എന്റെ അസ്ത്രം വെറുതെ പോകില്ല. എന്തെങ്കിലും ഒന്ന് സംഭവിച്ചേ തീരൂ.”

അപ്പോൾ കാകാസുരൻ പറഞ്ഞു: “എന്റെ ഒരു കണ്ണ് എടുത്തോളൂ”

രാമൻ ആ ദർഭപ്പുല്ല് കൊണ്ട് അവന്റെ ഒരു കണ്ണ് മാത്രം പൊട്ടിച്ചു വിട്ടു. ജീവൻ കൊടുത്തു.

അന്നുമുതൽ കാക്കയ്ക്ക് ഒരു കണ്ണ് കൊണ്ട് മാത്രമേ കാണാൻ പറ്റൂ എന്നാണ് വിശ്വാസം  അതുകൊണ്ടാണ് കാക്ക തല ചരിച്ച് നോക്കുന്നത്.

തത്വം: ലോകം മുഴുവൻ ഓടിയാലും രക്ഷിക്കാത്തവനെ, രാമന്റെ പാദം രക്ഷിക്കും.

രാമേശ്വരം കഥയുമായി ബന്ധപ്പെടുത്തി പറയുമ്പോൾ

കാകൻ ശത്രുവായി വന്ന് ശരണാഗതി ചെയ്തു, സുഗ്രീവൻ സുഹൃത്തായി വന്ന് ശരണാഗതി ചെയ്തു.

സുഗ്രീവന്റെ ശരണാഗതി

വാലിയാണ് കിഷ്കിന്ധയുടെ രാജാവ്  ദേവന്മാരെ പോലും തോൽപ്പിക്കുന്ന ബലവാൻ. അനിയൻ സുഗ്രീവൻ.

വാലി സുഗ്രീവന്റെ ഭാര്യയായ രുമയെ തട്ടിയെടുത്തു, സുഗ്രീവനെ രാജ്യത്ത് നിന്ന് ഓടിച്ചു. കൊല്ലാൻ നോക്കി നടക്കുന്നു.

സുഗ്രീവൻ പേടിച്ച് ഋഷ്യമൂക പർവതത്തിൽ ഒളിച്ചു താമസം. കാരണം അവിടെ വന്നാൽ വാലി ചാകും എന്ന് ശാപമുണ്ട്  അതുകൊണ്ട് അവിടെ മാത്രം സേഫ് ആണ്.

പക്ഷെ എന്നും പർവതത്തിൽ ഒളിച്ചു ജീവിക്കാൻ പറ്റുമോ?

ഹനുമാൻ ആണ് ഇടനിലക്കാരൻ. ഹനുമാൻ സുഗ്രീവന്റെ മന്ത്രി.

രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ച് കാട്ടിൽ അലയുമ്പോൾ ഹനുമാൻ കണ്ടു. രാമനെ സുഗ്രീവന്റെ അടുത്തേക്ക് കൊണ്ടുവന്നു.

സുഗ്രീവൻ രാമന്റെ മുന്നിൽ വന്ന് പറഞ്ഞു:

“ഞാൻ രാജ്യം നഷ്ടപ്പെട്ടവൻ, ഭാര്യ നഷ്ടപ്പെട്ടവൻ, ജ്യേഷ്ഠനെ പേടിച്ച് ഓടി നടക്കുന്നവൻ. എനിക്ക് അഭയം തരണം”

രാമൻ ഉടൻ ഒരു പ്രതിജ്ഞ എടുത്തു – ഇത് രാമായണത്തിൽ വളരെ പ്രസിദ്ധമാണ്:

“സകൃദേവ പ്രപന്നായ തവാസ്മീതി ച യാചതേ

അഭയം സർവഭൂതേഭ്യോ ദദാമ്യേതദ് വ്രതം മമ”

അർത്ഥം: “ഒരിക്കൽ വന്ന് ‘ഞാൻ നിന്റേതാണ്’ എന്ന് പറഞ്ഞ് ശരണം പ്രാപിച്ചാൽ, എല്ലാവരിൽ നിന്നും ഞാൻ അവന് അഭയം കൊടുക്കും!  ഇതാണ് എന്റെ വ്രതം”

രാമൻ സുഗ്രീവനെ ആശ്വസിപ്പിച്ചു , “നീ പേടിക്കേണ്ട, വാലിയെ ഞാൻ കൊല്ലാം”

സുഗ്രീവന് വിശ്വാസം വന്നില്ല, വാലി അത്ര ബലവാൻ ആണല്ലോ. രാമന് അത്ര ബലമുണ്ടോ എന്ന് സംശയം.

രാമൻ ശക്തി തെളിയിച്ചു  7 മരാ മരങ്ങൾ ഒരേ അമ്പിൽ തുളച്ചു, വലിയ പാറ കാല് കൊണ്ട് തെറിപ്പിച്ചു.

ഇതൊക്കെ കണ്ടപ്പോൾ  സുഗ്രീവന് ധൈര്യം വന്നു. ഉടനെ പോയി വാലിയെ യുദ്ധത്തിന് വിളിച്ചു.

യുദ്ധത്തിന് തയ്യാറായി വരുന്ന  വാലിയെ  രാമൻ മറഞ്ഞിരുന്ന്  കൊന്നു. സുഗ്രീവന് രാജ്യവും ഭാര്യയും തിരിച്ചു കിട്ടി.

സുഗ്രീവൻ ശരണാഗതി ചെയ്തപ്പോൾ രാമൻ ഒന്നും ചോദിച്ചില്ല. 

“നീ ആരാണ്?” എന്ന് ചോദിച്ചില്ല

“നീ എന്ത് തരും?” എന്ന് ചോദിച്ചില്ല

“നീ അർഹനാണോ?” എന്ന് നോക്കിയില്ല

വന്നു, ശരണം പറഞ്ഞു  ഉടൻ അഭയം കൊടുത്തു.

അതുകൊണ്ടാണ് കോതണ്ഡരാമ ക്ഷേത്രത്തിൽ വിഭീഷണന്റെ ശരണാഗതിക്ക് മുൻപ് സുഗ്രീവന്റെ ശരണാഗതി ഓർക്കുന്നത്. ഒരേ പാറ്റേൺ ആണ്.

ഭരതന്റെ ശരണാഗതി  ചിത്രകൂടത്തിൽ

രാമൻ കാട്ടിലേക്ക് പോയി. പിന്നാലെ ദശരഥൻ മരിച്ചു.

ഭരതൻ അമ്മാവന്റെ വീട്ടിൽ നിന്ന് അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ കാണുന്നത്  അച്ഛൻ മരിച്ചിരിക്കുന്നു, ജ്യേഷ്ഠൻ കാട്ടിൽ, താൻ രാജാവായി.

അമ്മ കൈകേയി പറഞ്ഞു: “ഞാനാണ് നിനക്ക് വേണ്ടി രാജ്യം ചോദിച്ചത്, നീ രാജാവാകണം”

ഭരതന് ആ രാജ്യം വേണ്ടായിരുന്നു. അമ്മയെ ശകാരിച്ചു. ഉടൻ രാമനെ തിരിച്ചു വിളിക്കാൻ പുറപ്പെട്ടു.

കൂടെ  മൂന്ന് അമ്മമാർ, ഗുരു വസിഷ്ഠൻ, മന്ത്രിമാർ, മുഴുവൻ അയോദ്ധ്യ പട്ടണവും, സൈന്യവും.

ചിത്രകൂടത്തിൽ വാനര സേന അകലെ നിന്ന് നോക്കിയപ്പോൾ വലിയ സൈന്യം വരുന്നു.

ലക്ഷ്മണന് ദേഷ്യം വന്നു: “ഭരതൻ നമ്മളെ കൊല്ലാൻ വരികയാണ്, അവൻ രാജ്യം മുഴുവൻ വേണമെന്ന് കരുതി”

വില്ല് എടുത്തു. രാമൻ തടഞ്ഞു: “ലക്ഷ്മണാ, ഭരതനെ നീ അറിഞ്ഞിട്ടില്ല. അവൻ അങ്ങനെ ചെയ്യില്ല”

ഭരതൻ വന്നു. കിരീടമില്ല, രാജവേഷമില്ല. പാദരക്ഷ പോലും ഇല്ലാതെ കാട്ടിലൂടെ നടന്ന്, കാലിൽ മുള്ള് കൊണ്ട് ചോര വന്നിട്ട്.

രാമനെ കണ്ടതും ഓടി വന്ന് പാദത്തിൽ വീണു കെട്ടിപ്പിടിച്ചു കരഞ്ഞു.

ആദ്യമായി ഭരതൻ പറഞ്ഞ വാക്ക്:

“ഞാൻ രാജ്യം കൊണ്ടുവന്നിട്ടില്ല, തിരിച്ചു തരാൻ വന്നതാണ്”

രാമൻ പറഞ്ഞു: “അച്ഛന്റെ വാക്ക് പാലിക്കണം, 14 വർഷം കഴിഞ്ഞ് വരാം”

ഭരതൻ പറഞ്ഞു: “എങ്കിൽ എനിക്ക് ഒരു അനുഗ്രഹം തരണം. അങ്ങയുടെ പാദുകം തരണം”

എന്തിനാണ് പാദുകം?

ഭരതൻ ഒരു രാജ്യവും ഭരിച്ചില്ല. അയോദ്ധ്യയുടെ പുറത്ത് നന്ദിഗ്രാമത്തിൽ ഒരു കുടിൽ കെട്ടി താമസിച്ചു.

രാമന്റെ പാദുകം ഒരു സിംഹാസനത്തിൽ വെച്ചു. ആ പാദുകത്തിനെ രാജാവായി കരുതി ഭരിച്ചു.

14 വർഷം!  ദിവസവും പാദുകത്തിന് പൂജ, രാജ്യകാര്യങ്ങൾ പാദുകത്തിന്റെ മുന്നിൽ പറയുക, “ഇതാണ് രാമന്റെ രാജ്യം, ഞാൻ വെറും കാവൽക്കാരൻ” എന്ന ഭാവം.

ഇതാണ് ഭരതൻ.

വിഭീഷണന്റെ ശരണാഗതി .  കോതണ്ഡരാമ ക്ഷേത്രത്തിൽ വെച്ച് നടന്നത്

ലങ്കയിൽ യുദ്ധസഭ നടക്കുന്നു. രാവണൻ ചോദിക്കുന്നു “രാമനെ എങ്ങനെ തോൽപ്പിക്കും?”

എല്ലാവരും പറയുന്നു യുദ്ധം ചെയ്യണം എന്ന്.

വിഭീഷണൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു:

“ജ്യേഷ്ഠാ, സീത പരസ്ത്രീയാണ്. അവരെ തിരിച്ചു കൊടുക്കുക. രാമൻ ധർമ്മമാണ്, നമ്മൾ ജയിക്കില്ല”

രാവണന് ദേഷ്യം വന്നു. ചെരുപ്പ് എടുത്ത് എറിഞ്ഞു.

“നീ എന്റെ അനിയനല്ല, ശത്രുവാണ്. എന്റെ സഭയിൽ നിന്ന് ഇറങ്ങി പോ”

സഹോദരനെ, രാജ്യത്തെ, ഭാര്യയെ, മക്കളെ, സമ്പത്തിനെ  എല്ലാം ഒരു നിമിഷം കൊണ്ട് വിഭീഷണന് നഷ്ടപ്പെട്ടു.

വിഭീഷണൻ എല്ലാം ഉപേക്ഷിച്ചുകൊണ്ട്  തന്റെ നാല് മന്ത്രിമാരോടൊപ്പം ആകാശത്തിലൂടെ പറന്ന് രാമസേനയുടെ അടുത്തേക്ക് വന്നു.

രാമന്റെ വാനര സൈന്യം നോക്കിയപ്പോൾ  ലങ്കയിൽ നിന്ന് രാക്ഷസന്മാർ വരുന്നു! എല്ലാവരും ആയുധം എടുത്തു.

സുഗ്രീവൻ പറഞ്ഞു: “രാമാ, ഇത് ചതിയാണ്. രാവണന്റെ ചാരനാണ്, കൊല്ലണം”

എല്ലാവരും എതിർത്തു. ഹനുമാൻ മാത്രം മിണ്ടിയില്ല  ഹനുമാന് വിഭീഷണനെ ലങ്കയിൽ വെച്ച് നേരത്തെ അറിയാം.

“സുഗ്രീവാ, നീ പറയുന്നത് ശരിയായിരിക്കാം, അവൻ ചതിക്കാൻ വന്നതായിരിക്കാം. പക്ഷെ ഒരു കാര്യം കേൾക്ക്

ദോഷോ അസ്തി, സമസ്തോ വാ, സഖി, രാവണ സഹോദരൻ വന്നിരിക്കുന്നു ശരണം പ്രാപിച്ചുകൊണ്ട്.. തള്ളാൻ പാടില്ല.

ഞാൻ നിന്റേതാണ്’ എന്ന് ഒരു തവണ പറഞ്ഞ് ആരെങ്കിലും വന്നാൽ, അവന് അഭയം കൊടുക്കുക എന്നത് എന്റെ വ്രതമാണ്.”

ഇതാണ് ആ പ്രസിദ്ധമായ “സകൃദേവ പ്രപന്നായ” ശ്ലോകം.

വിഭീഷണൻ താഴെ ഇറങ്ങി വന്നു, രാമന്റെ പാദത്തിൽ വീണു പറഞ്ഞു:

“പരിത്യക്താ മയാ ലങ്കാ… അഹം തേ രാഘവ ദാസോഹം”

“ഞാൻ ലങ്ക ഉപേക്ഷിച്ചു, ഞാൻ അങ്ങയുടെ ദാസനാണ്”

രാമൻ അവനെ എഴുന്നേൽപ്പിച്ചില്ല. അതിന് മുൻപ് ലക്ഷ്മണനോട് പറഞ്ഞു:

”ഇവനെ ഇപ്പോൾ തന്നെ ലങ്കയുടെ രാജാവായി അഭിഷേകം ചെയ്യുക. കടലിലെ വെള്ളം കൊണ്ടുവന്ന് അഭിഷേകം ചെയ്യുക”

യുദ്ധം ജയിച്ചിട്ടില്ല, രാവണൻ ചത്തിട്ടില്ല, ലങ്ക കണ്ടിട്ട് പോലുമില്ല  അതിന് മുൻപേ രാജാവാക്കി!

എന്തുകൊണ്ട്?

രാമൻ പറഞ്ഞു: “ഒരിക്കൽ ശരണാഗതി ചെയ്തവനെ ഞാൻ ഒരിക്കലും കൈവിടില്ല എന്ന് ലോകത്തിന് കാണിച്ചു കൊടുക്കാൻ”

ധനുഷ്കോടിയിലെ കോതണ്ഡരാമ ക്ഷേത്രത്തിൽ ഇന്നും ആ രംഗം ശില്പമായി ഉണ്ട്.

രാമൻ കയ്യിൽ വില്ല് പിടിച്ച് നിൽക്കുന്നു  കോതണ്ഡം ധരിച്ച രാമൻ

വിഭീഷണൻ കിരീടം വെച്ച്, തൊഴു കൈയ്യോടെ നിൽക്കുന്നു

ലക്ഷ്മണൻ കടലിലെ വെള്ളം കൊണ്ട് അഭിഷേകം ചെയ്യുന്നു

തിരുപ്പുല്ലാണിയിൽ കിടന്ന രാമനെയും, രാമപാദത്തിൽ നിന്ന രാമനെയും കണ്ടു. അവസാനം ഇവിടെ ജയിച്ച്, മറ്റൊരാൾക്ക് രാജ്യം കൊടുത്തു നിൽക്കുന്ന രാമനെയും കാണാം.

ഇതാണ് ശരണാഗതിയിൽ വെച്ച് ഏറ്റവും നാടകീയമായത്. ഇവിടെ ശരണം പറഞ്ഞത് ഒരു മനുഷ്യനല്ല, രാക്ഷസനല്ല  സമുദ്രം തന്നെയാണ്.

ഇതാണ്  തിരുപ്പുല്ലാണി ക്ഷേത്രവുമായി നേരിട്ട് ബന്ധമുള്ള ശരണാഗതി.

സമുദ്രന്റെ ശരണാഗതി  തിരുപ്പുല്ലാണിയിൽ നടന്നത്

രാമന്റെ വാനര സേന സമുദ്രത്തിന്റെ തീരത്ത് എത്തി. മുന്നിൽ  100 യോജന വിസ്താരമുള്ള കടൽ, അതിനപ്പുറം ലങ്ക.

എങ്ങനെ കടക്കും?

രാമൻ ആദ്യം യുദ്ധം ചെയ്തില്ല. വളരെ വിനയത്തോടെ ചെയ്തത് എന്താണെന്ന് അറിയാമോ?

സമുദ്രതീരത്ത് ദർഭപ്പുല്ല് വിരിച്ച് കിഴക്കോട്ട് തിരിഞ്ഞ് ഇരുന്നു. കൈ കൂപ്പി പ്രാർത്ഥിച്ചു.

“സമുദ്രദേവാ, ഞാൻ ദശരഥപുത്രൻ രാമനാണ്. ധർമ്മം രക്ഷിക്കാൻ ലങ്കയിലേക്ക് പോകണം. ദയവായി എനിക്ക് വഴി തരണം”

മൂന്ന് ദിവസം. മൂന്ന് പകലും മൂന്ന് രാത്രിയും ഒരേ ഇരിപ്പ്. ഭക്ഷണമില്ല, വെള്ളമില്ല.

അതാണ്  തിരുപ്പുല്ലാണിയിലെ ആദിജഗന്നാഥ പെരുമാൾ  കിടന്ന രാമൻ. ദർഭപ്പുല്ലിൽ കിടന്ന് സമുദ്രത്തോട് വഴി ചോദിക്കുന്ന ഭാവം.

സമുദ്രം കരുതി  “ഞാൻ ഇത്ര വലിയവനാണ്, ഈ ചെറിയ മനുഷ്യൻ എന്നോട് വഴി ചോദിക്കുന്നോ? ഞാൻ അനങ്ങില്ല”

രാമന് ദേഷ്യം വന്ന നിമിഷം:

മൂന്നാം ദിവസം രാത്രി രാമൻ എഴുന്നേറ്റു. കണ്ണ് ചുവന്നു. ലക്ഷ്മണനോട് പറഞ്ഞു:

“ലക്ഷ്മണാ, എന്റെ വില്ല് കൊണ്ടു വാ. വിനയം കൊണ്ട് കാര്യമില്ലാത്തവനോട് ഭയം കാണിക്കണം”

“ഭയ ബിനു ഹോയ് ന പ്രീതി”

പേടിക്കാതെ പ്രീതി ഉണ്ടാകില്ല എന്ന് തുളസീദാസ് എഴുതിയത് ഇവിടെയാണ്.

രാമൻ വില്ലിൽ ബ്രഹ്മാസ്ത്രം തൊടുത്തു. കടൽ മുഴുവൻ തിളച്ചു മറിയാൻ തുടങ്ങി. മത്സ്യങ്ങൾ ചത്തു പൊങ്ങി, സമുദ്രം വറ്റാൻ തുടങ്ങി.

അപ്പോൾ സമുദ്രം പേടിച്ചു.

കടലിൽ നിന്ന് സമുദ്രദേവൻ സ്വർണ്ണവും മുത്തും കൊണ്ട് എഴുന്നേറ്റ് വന്നു. രാമന്റെ പാദത്തിൽ വീണു. പറഞ്ഞു:

“ഭഗവാനേ, ക്ഷമിക്കണം. ഞാൻ ജഡമാണ്, സ്വഭാവം കൊണ്ട് ആഴവും, ആരാലും കടക്കാൻ പറ്റാത്തവനും ആണ്. അത് എന്റെ ധർമ്മമാണ്. ഗർവ്വ് കൊണ്ടല്ല, പ്രകൃതി കൊണ്ടാണ് ഞാൻ വഴി തരാതിരുന്നത്. എന്നെ വറ്റിക്കരുത്, എന്നിൽ ജീവിക്കുന്ന ജീവികളെ കൊല്ലരുത്”

“വഴി ഞാൻ തരാം. അങ്ങയുടെ സേനയിൽ നളൻ എന്നൊരു വാനരൻ ഉണ്ട്, വിശ്വകർമ്മാവിന്റെ മകനാണ്. അവൻ എന്റെ മേൽ കല്ലിട്ടാൽ അത് പൊങ്ങിക്കിടക്കും. അവനെ കൊണ്ട് പാലം കെട്ടിക്കോളൂ”

അപ്പോൾ രാമൻ ബ്രഹ്മാസ്ത്രം തിരിച്ചു വിട്ട്, സമുദ്രത്തിന്റെ വടക്കു ഭാഗത്ത് താമസിക്കുന്ന ദസ്യുക്കളുടെ മേൽ വിട്ടു. അവിടെ ഇന്നും മരുഭൂമിയാണ് .അതാണ് ഇന്നത്തെ രാജസ്ഥാൻ എന്നറിയപ്പെടുന്നത് .

ദേവി പട്ടണവും കടലിലെ  നവഗ്രഹ ക്ഷേത്രവും. രാമേശ്വരം കഥ തുടരും…

എം ബാബുജേ പ്രകാശ്

Leave a Comment