Time Taken To Read 4 Minutes
രാമേശ്വരത്തെ പ്രേതനഗരമായ ധനുഷ്കോടിയിൽ, കടൽ വിഴുങ്ങിയ ഒരു തെരുവിന്റെ അവസാനത്തെ കാറ്റും കൊണ്ട് നിന്നതിന്റെ പിറ്റേന്നാണ് ഞങ്ങൾ തിരുപ്പുല്ലാണിയിലേക്ക് തിരിച്ചത്. ധനുഷ്കോടി ഒരു End Point ആണെങ്കിൽ, തിരുപ്പുല്ലാണി ഒരു Starting Point ആണ്. രാമായണം അവിടെ അവസാനിക്കുന്നുണ്ടെങ്കിൽ ഇവിടെ തുടങ്ങുന്നു.
ധനുഷ്കോടിയിൽ നിന്ന് വെറും 10 കി.മീ മാത്രം അകലെയാണ് ഈ ഗ്രാമം. രാമനാഥപുരം ജില്ലയിലാണ്.
ഇവിടുത്തെ ക്ഷേത്രവിശേഷങ്ങളും ഐതിഹ്യങ്ങളും വലിയ ഫലകങ്ങളിൽ എഴുതി വെച്ചിട്ടുണ്ട്. എല്ലാം തമിഴിലായതിനാൽ എന്റെ എഴുത്തിൽ ചില പോരായ്മകൾ കണ്ടേക്കാം.
പേരിനുള്ളിലെ കഥ പറയുന്നതിങ്ങനെ
തിരു + പുൽ + അണൈ = തിരുപ്പുല്ലാണി. പുൽ എന്നാൽ ദർഭപ്പുല്ല്, അണൈ എന്നാൽ തലയിണ.
ലങ്കയിലേക്ക് സേതു കെട്ടുന്നതിന് മുൻപ്, കടൽ കടക്കാൻ വഴി തേടി ശ്രീരാമൻ ദർഭപ്പുല്ല് തലയിണയാക്കി കിടന്ന സ്ഥലം. അതുകൊണ്ട് തന്നെ ഇവിടത്തിന് ദർഭശയനം എന്നും പേരുണ്ട്.
ഇന്ത്യയിൽ തന്നെ രാമൻ കിടന്ന് ഉറങ്ങുന്ന ഭാവത്തിലുള്ള ദർഭശയന രാമർ വിഗ്രഹം ഇവിടെ മാത്രമേയുള്ളൂ.
പുള്ളർ, കാളവർ, കണ്വർ എന്നീ മൂന്ന് മഹർഷിമാർ ഇവിടെ കയറി വരുമ്പോൾ കാണുന്ന അരയാൽ മരത്തിന് താഴെ തപസ്സ് ചെയ്ത കഥയും ഇവിടെയുണ്ട്.
അസുരന്മാരുടെ ഉപദ്രവത്തിൽ നിന്ന് രക്ഷിക്കാൻ മഹാവിഷ്ണു അരയാൽ മരമായി വന്ന്, പിന്നീട് വിശ്വരൂപം കാട്ടി ആദി ജഗന്നാഥനായി ഇവിടെ വസിച്ചു. എന്ന് ഐതിഹ്യം.
പുള്ളരണ്യം ലോപിച്ച് പുള്ളാണി ആയതും അതുകൊണ്ടാണ്. ശ്രീരാമന്റെ ജനനത്തിന് കാരണമായ ദശരഥന്റെ പുത്രകാമേഷ്ടി യാഗവും ഇവിടെ വെച്ച് നടന്നു എന്നും ഐതിഹ്യമുണ്ട്.
ഇവിടെ വെച്ചാണ് രാമൻ ആദി ജഗന്നാഥ പെരുമാളിനെ പ്രതിഷ്ഠിച്ച് വിജയത്തിനായി പൂജിച്ചത്. പിന്നീട് സീതയെ തേടി കടൽ കടക്കാൻ സമുദ്രദേവനോട് വഴി ചോദിക്കാൻ മൂന്ന് ദിവസം ഇതേ ദർഭപ്പുല്ലിൽ കിടന്ന് തപസ്സ് ചെയ്തു. ഇതിന് ശരണാഗതി ക്ഷേത്രം എന്നും വിളിപ്പേരുണ്ട്.
ഈ ക്ഷേത്രത്തെ ശരണാഗതി ക്ഷേത്രം എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്. അഭയം തേടി വരുന്നവരെ കൈവിടാത്ത സ്ഥലം.
രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ശരണാഗതികൾ നടന്നത് ഇവിടെ വെച്ചാണ് എന്നാണ് വിശ്വാസം.
“ഒരിക്കൽ ശരണം എന്ന് പറഞ്ഞാൽ, പിന്നെ കൈവിടില്ല എന്ന് രാമൻ വാക്ക് നൽകിയ സ്ഥലം ആണ് ഇത്.”
ഇവിടെ വന്ന് “തവാസ്മി” ഞാൻ നിന്റെ ആളാണ് എന്ന് മനസ്സിൽ പറഞ്ഞാൽ മതി. ബാക്കി അവൻ നോക്കിക്കൊള്ളും.
കാകാസുരൻ, സുഗ്രീവൻ, വിഭീഷണൻ, ഭരതൻ, അഹല്യ, സമുദ്രരാജാവ് – ഈ ആറു പേരും രാമനിൽ നിന്ന് കൃപ നേടിയത് വെവ്വേറെ സ്ഥലങ്ങളിൽ വെച്ചാണെങ്കിലും, ആ ആറ് ശരണാഗതികളുടെയും പുണ്യം ഒരുമിച്ച് ലഭിക്കുന്ന സ്ഥലമായിട്ടാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. അതുകൊണ്ടാണ് ഇതിനെ ശരണാഗതി ക്ഷേത്രം എന്ന് വിളിക്കുന്നത്.
ഈ ക്ഷേത്രത്തിൽ ഇന്നും ആളുകൾ ഇവിടെ എത്തി ഇഷ്ടകാര്യത്തിനായി പ്രാർത്ഥിക്കുന്നത്.
1200 വർഷം എന്ന് പറയുമ്പോൾ വെറും ഒരു നമ്പർ അല്ല.
ആദ്യം ചോളന്മാർ വന്നു.
എട്ടാം നൂറ്റാണ്ടിൽ, സമുദ്രത്തിന്റെ തീരത്ത് രാമൻ വിശ്രമിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഈ മണ്ണിൽ, അവർ ഒരു ചെറിയ കല്ല് ക്ഷേത്രം പണിതു.
അതിന്റെ പ്രത്യേകത എന്താണെന്നോ?
ഇത് സാധാരണ കല്ലല്ല. കടലിൽ നിന്ന് വരുന്ന ഉപ്പ് കാറ്റ് കൊണ്ടാൽ പോലും തുരുമ്പിക്കാത്ത, പൊട്ടാത്ത കരിങ്കല്ല്.
ആ കല്ലിൽ ചോളന്മാർ രാമനെ കൊത്തി വെച്ചു. 1200 വർഷമായി ആ കല്ല് ഇളകിയിട്ടില്ല.
പിന്നെ പാണ്ഡ്യന്മാർ വന്നു.
അവർ ആ ക്ഷേത്രത്തെ വലുതാക്കി. പ്രാകാരവും ഗോപുരവും പണിതു.
എട്ടാം നൂറ്റാണ്ടിൽ ചോളന്മാർ തുടങ്ങിവെച്ച ഈ ക്ഷേത്രം പിന്നീട് പാണ്ഡ്യന്മാരും മധുര നായ്ക്കന്മാരും വിപുലീകരിച്ചു. 1.5 ഏക്കറിൽ രണ്ട് പ്രാകാരങ്ങളോടെ, 120 അടി ഉയരമുള്ള രാജഗോപുരത്തോടെ ദ്രാവിഡ ശൈലിയിൽ പണിത ഈ ക്ഷേത്രത്തിന്റെ അവസാനത്തെ വലിയ നിർമ്മാണങ്ങൾ നടത്തിയത് രാമനാട് സേതുപതിമാരാണ്.
സേതുപതി എന്നാൽ സേതുവിന്റെ അധിപൻ എന്നാണർത്ഥം. 13-ാം നൂറ്റാണ്ട് മുതൽ 1949 വരെ ഭരിച്ച ആ രാജവംശത്തിന്റെ നേരിട്ടുള്ള പാരമ്പര്യ ട്രസ്റ്റായ രാമനാഥപുരം സമസ്താനം ദേവസ്ഥാനം ട്രസ്റ്റ് ആണ് ഇന്നും ഇവിടം നോക്കി നടത്തുന്നത്.
പരമ്പരാഗത ട്രസ്റ്റി റാണി R.B.K. രാജേശ്വരി നാച്ചിയാർ ആണ്” – രാമസേതുവിന്റെ കാവൽക്കാർ. അവർ ഈ ക്ഷേത്രത്തെ സ്വന്തം ജീവനെ പോലെ കാത്തു. രാമേശ്വരത്തേക്ക് പോകുന്ന എല്ലാ തീർത്ഥാടകരും ഇവിടെ തൊഴുതിട്ടേ പോകാവൂ എന്ന് അവർ നിയമം ഉണ്ടാക്കി. ക്ഷേത്രത്തിന് നൂറുകണക്കിന് ഏക്കർ ഭൂമിയും, സ്വർണ്ണവും നൽകി.
അതുകൊണ്ടാണ് 1200 വർഷം കഴിഞ്ഞിട്ടും ഈ ക്ഷേത്രം നിലനിൽക്കുന്നത്.
ചോളന്മാർ പണിത കല്ല് ഇന്നും അതേ ഉറപ്പിൽ.
സേതുപതിമാർ കത്തിച്ച വിളക്ക് ഇന്നും അതേ തെളിച്ചത്തിൽ.
ഇവിടെ വന്ന് “ശരണം” എന്ന് ഒരിക്കൽ പറഞ്ഞാൽ, 1200 വർഷമായി കാത്തു നിൽക്കുന്ന ആ പ്രാർത്ഥന നിങ്ങളെയും കാക്കും.
ഈ ട്രസ്റ്റിന്റെ കീഴിലാണ് നമ്മൾ തലേന്ന് കണ്ട ധനുഷ്കോടി വഴിയിലെ കോതണ്ഡരാമർ ക്ഷേത്രവും ഉള്ളത്.
1964 ലെ ചുഴലിക്കാറ്റിൽ ചുറ്റുമുള്ളതെല്ലാം തകർന്നപ്പോഴും തകരാതെ നിന്ന ആ 400 വർഷം പഴക്കമുള്ള ക്ഷേത്രം 2022 ൽ 45 ലക്ഷം ചെലവിൽ അവർ തന്നെ പുതുക്കി. അതുപോലെ രാമനാഥപുരം കൊട്ടാരത്തിനകത്തെ രാജരാജേശ്വരി അമ്മൻ ക്ഷേത്രവും
1659 ൽ മൈസൂർ രാജാവ് സമ്മാനിച്ച മരതക പീഠത്തിലുള്ള സ്വർണ്ണ ദുർഗ്ഗാ വിഗ്രഹവും, 365 വർഷമായി തുടരുന്ന ദസറ ആഘോഷവും ഈ ട്രസ്റ്റിന്റെ തന്നെയാണ്.
ഇത് 108 ദിവ്യദേശങ്ങളിൽ 44-ാമത്തേതാണ്. തൊണ്ടരടിപ്പൊടി ആഴ്വാർ, തിരുമംഗൈ ആഴ്വാർ എന്നിവർ ഇവിടെ പാടിയിട്ടുണ്ട്. സംഘകാല കൃതിയായ അകനാനൂറിൽ പോലും പരാമർശമുണ്ട്.
പ്രധാന മൂർത്തി ആദി ജഗന്നാഥ പെരുമാൾ. തായാർ പത്മാസനി തായാർ, കല്യാണവല്ലി തായാർ. സ്ഥലവൃക്ഷം അരയാൽ മരം, തീർത്ഥം ചക്രതീർത്ഥവും ആദി സേതു സമുദ്രവുമാണ്. ഇവിടെ നിന്ന് 2 കി.മീ അകലെയാണ് ആദി സേതു കടൽ.
ചില അസൗകര്യങ്ങൾ കാരണം ആ ക്ഷേത്രം നമുക്ക് സന്ദർശിക്കാൻ സാധിച്ചിട്ടില്ല.
ദേവി പട്ടണത്തിന്റെയും നവഗ്രഹ ക്ഷേത്രത്തിന്റെയും കഥ അടുത്ത ലക്കത്തിൽ തുടരും…
രാമേശ്വരം യാത്ര പൂർണമാകണമെങ്കിൽ ആദി സേതുവായ ഇവിടെ കുളിച്ച് പിന്നീട് രാമേശ്വരം പോകണം എന്നാണ് വിശ്വാസം.
രാമന്റെ ജനനത്തിന് കാരണമായ സ്ഥലമായതിനാൽ സന്താനഭാഗ്യത്തിനും, കല്യാണ ജഗന്നാഥൻ എന്ന പേരുള്ളതിനാൽ വിവാഹഭാഗ്യത്തിനും ആളുകൾ ഇവിടെ പ്രത്യേകം പ്രാർത്ഥിക്കുന്നു.
പങ്കുനി ബ്രഹ്മോത്സവം, ചിത്തിരൈയിലെ പട്ടാഭിരാമർ ഉത്സവം, മാർഗഴി അധ്യയന ഉത്സവം എന്നിവയാണ് പ്രധാന ഉത്സവങ്ങൾ.
ധനുഷ്കോടിയുടെ ശൂന്യതയിൽ നിന്ന് തിരുപ്പുള്ളാണിയുടെ ശാന്തതയിലേക്കുള്ള യാത്ര, രാമായണം വെറും കഥയല്ല, ജീവിക്കുന്ന ചരിത്രമാണ് എന്ന് തോന്നിപ്പിക്കും.
ലങ്കയിലേക്ക് യാത്ര തിരിക്കുന്നതിനും മുമ്പ് പാലം പണിയാൻ മിതമായ സ്ഥലം നോക്കുവാൻ രാമൻ രാമേശ്വരം ദ്വീപിൽ ഒരു ചെറിയ കുന്നുകണ്ടു. പേര് ഗന്ധമാദന പർവ്വതം. ദ്വീപിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. കുന്നിൽ കയറി ചുറ്റുപാടും നോക്കിയാണ് പാലം പണിയാനുള്ള സ്ഥലം കണ്ടെത്തിയത്
ആ കുന്നിന്റെ മുകളിൽ ഒരു ചെറിയ ക്ഷേത്രം ഉണ്ട്. അകത്ത് പ്രതിഷ്ഠ ഒന്നുമില്ല.
ഒരു പാറയിൽ പതിഞ്ഞ രണ്ട് ചെറിയ കാൽപ്പാടുകൾ മാത്രം.
അതാണ് രാമപാദം! അതിൻറെ ഐതിഹ്യം പറയുന്നത്
ലങ്കയിലേക്ക് എങ്ങനെ പോകും എന്ന് ആലോചിച്ച്, രാമൻ ഈ കുന്നിൽ കയറി നിന്നു എന്നാണ് കഥ. കടൽ മുഴുവൻ ഇവിടെ നിന്ന് നോക്കി കണ്ടു.
ആ നിന്ന നിൽപ്പിന്റെ അടയാളമാണ് ഈ കാൽപ്പാടുകൾ.
ഇതിന്റെ ഒരു പ്രത്യേകത ഉണ്ട്. ഈ പാറയിൽ തൊട്ടാൽ ഇപ്പോഴും കടലിന്റെ തണുപ്പ് തോന്നും എന്ന് നാട്ടുകാർ പറയും. 1200 വർഷമായി എത്ര കാറ്റും വെയിലും കൊണ്ടിട്ടും ആ കാൽപ്പാടുകൾ മാഞ്ഞിട്ടില്ല.
സേതു യാത്ര പോകുന്നവർ ആദ്യം ഇവിടെ തൊഴുതിട്ടാണ് കടലിലേക്ക് ഇറങ്ങുന്നത്. കാരണം, രാമൻ യാത്ര തുടങ്ങിയത് ഇവിടെ നിന്നാണ്.
ഇവിടെ വന്ന് തൊട്ടാൽ, നിങ്ങളുടെ യാത്രയ്ക്കും രാമൻ വഴി കാണിക്കും എന്നാണ് വിശ്വാസം.
അതുകഴിഞ്ഞ് ഏകദേശം 15 കിലോമീറ്റർ യാത്ര ചെയ്താൽ കോതണ്ഡരാമർ ക്ഷേത്രത്തിലെത്താം.
രാമേശ്വരത്ത് നിന്ന് ധനുഷ്കോടി പ്രേത നഗരത്തിലേക്ക് യാത്ര ചെയ്യുമ്പോൾ? പോകുന്ന വഴിയിൽ. രാമേശ്വരത്ത് നിന്ന് 12 കി.മീ. ധനുഷ്കോടി അരിച്ചാൽ മുനൈക്ക് (last road end) തൊട്ട് 3 കി.മീ മുന്നേ.
ചുറ്റും രണ്ടു വശവും കടൽ – ഒരു വശത്ത് ബംഗാൾ ഉൾക്കടൽ, മറുവശത്ത് ഇന്ത്യൻ മഹാസമുദ്രം. ഈ ക്ഷേത്രം കഴിഞ്ഞാൽ പിന്നെ റോഡ് അവസാനിക്കുന്ന ധനുഷ്കോടി പ്രേത നഗരം ആണ്.
ഈ ക്ഷേത്രത്തിലെ പ്രത്യേകത?
രാമൻറെ വലതുവശത്ത് ഇരിക്കുന്ന സീത!: ഭാരതത്തിൽ തന്നെ അപൂർവ്വം.
സാധാരണ സീത ഇടതു വശത്താണ്, ഇവിടെ സീത രാമന്റെ വലതു വശത്താണ് ഇരിക്കുന്നത്. വിഭീഷണന് പട്ടാഭിഷേകം നടത്തുമ്പോൾ സീത വലതു വശത്തായിരുന്നു എന്ന ഓർമ്മയ്ക്ക്.
രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ, കൂടെ വിഭീഷണനും വിഗ്രഹമായി ഉണ്ട്. വിഭീഷണന് പട്ടം കൊടുത്ത സ്ഥലം .
രാമൻ കയ്യിൽ വില്ലുമായി (കോതണ്ഡം) അതുകൊണ്ടാണ് കോതണ്ഡരാമർ എന്ന് പേര്. കോതണ്ഡം (വില്ല്.)
കോതണ്ഡരാമർ ക്ഷേത്രത്തിൽ സീത വലതു വശത്ത് ഇരിക്കുന്നതിന്റെ കാരണം
എല്ലാ അമ്പലത്തിലും ഭാര്യ ഇടതു വശത്താണ് ഇരിക്കുക ഹൃദയത്തോട് ചേർന്ന്.
പക്ഷെ ഇവിടെ ഇത് കുടുംബ ചടങ്ങല്ല. ഇത് പട്ടാഭിഷേക ചടങ്ങാണ്. വിഭീഷണന് ലങ്കയുടെ കിരീടം കൊടുക്കുന്ന രംഗം.
ശാസ്ത്രത്തിൽ പറയുന്നത്:
ഇടത് വശം ഭാര്യയായി ഇരിക്കുന്ന സ്ഥാനം, സാധാരണ ജീവിതത്തിൽ.
വലത് വശം രാജ്ഞിയായി ഇരിക്കുന്ന സ്ഥാനം, പട്ടാഭിഷേകം, യാഗം, യുദ്ധം ചെയ്യുമ്പോൾ.
രാജാവ് രാജധർമ്മം ചെയ്യുമ്പോൾ രാജ്ഞി വലതു വശത്ത് ഇരിക്കണം.
രാമൻ ഇവിടെ ഒരു രാജാവിന്റെ ധർമ്മം ചെയ്യുകയാണ് – വിഭീഷണന് പട്ടം കൊടുക്കുന്നു. അതുകൊണ്ട് സീത വലതു വശത്ത് രാജ്ഞിയായി ഇരിക്കുന്നു.
ചിലർ പറയും 1000 വർഷം. രാമനാഥപുരം രാജാക്കന്മാർ പണിതത്. 1964 ലെ ധനുഷ്കോടി ചുഴലിക്കാറ്റിൽ നാട് മുഴുവൻ തകർന്നപ്പോൾ തകരാതെ നിന്ന ഒരേ ഒരു കെട്ടിടം.
ക്ഷേത്രത്തിൻറെ പഴക്കത്തെപ്പറ്റി ചിലർ ആയിരം വർഷം എന്നും മറ്റുചിലർ ആയിരം വർഷത്തിലധികം പഴക്കമുണ്ടെന്നും പറയുന്നു ഇതിൻറെ കാരണം അന്വേഷിച്ചപ്പോൾ മനസ്സിലാകുന്നത്
1000 വർഷം എന്ന് പറയുന്നവർ
കണ്ടെത്തുന്ന കാരണം
ഇത് ആഴ്വാർമാർ പാടിയ 108 അഭിമാന ക്ഷേത്രങ്ങളിൽ ഒന്നാണ്. ആഴ്വാർമാർ 7-ാം നൂറ്റാണ്ടിനും 10-ാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചവരാണ്. അതുകൊണ്ട് ക്ഷേത്രത്തിന്റെ സ്ഥാനത്തിന് തന്നെ 1000+ വർഷം പഴക്കം കാണുമെന്ന് പറയുന്നത്
500 വർഷം എന്ന് അനുമാനിക്കാനുള്ള കാരണം ഒരുപക്ഷേ ക്ഷേത്രത്തിന്റെ ഇപ്പോഴുള്ള കെട്ടിടം, ഗോപുരം, ചുമർ ചിത്രങ്ങൾ ഒക്കെ രാമനാഥപുരം സേതുപതി രാജാക്കന്മാർ 500 വർഷം മുൻപ് പുതുക്കി പണിതതാണ് എന്ന്. ചിലപ്പോൾ ആ വർഷം കണക്കുകൂട്ടി ആയിരിക്കാം 500 വർഷം എന്ന് പറയുന്നത്
കോതണ്ഡരാമർ ക്ഷേത്രത്തിലെ രാമ തീർത്ഥം കിണർ ആ ക്ഷേത്രത്തിലെ ഏറ്റവും വലിയ അത്ഭുതം.
ക്ഷേത്രത്തിന് ചുറ്റും നോക്കിയാൽ എല്ലാം ഉപ്പുവെള്ളമാണ് ഒരു വശത്ത് ബംഗാൾ ഉൾക്കടൽ, മറുവശത്ത് ഇന്ത്യൻ മഹാസമുദ്രം.
“ധനുഷ്കോടി മുഴുവൻ ഉപ്പ് കാറ്റും ഉപ്പ് വെള്ളവും., കോതണ്ഡരാമർ ക്ഷേത്രത്തിനകത്തെ ആ ചെറിയ കിണറ്റിൽ മാത്രം ഇന്നും മധുരവെള്ളമാണ്. രാമൻ തന്റെ അമ്പുകൊണ്ട് തറയിൽ കുത്തി ഉണ്ടാക്കിയതാണ് എന്ന് വിശ്വാസം. 1964 ലെ കൊടുങ്കാറ്റിൽ നാട് മുഴുവൻ പോയപ്പോഴും ആ കിണർ മാത്രം വറ്റാതെ നിന്നു.”
പക്ഷെ ക്ഷേത്രത്തിനകത്തെ ആ ചെറിയ കിണറ്റിലെ വെള്ളത്തിന് മാത്രം മധുരമാണ്.
1964 ലെ ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെട്ടു:
1964 ൽ ധനുഷ്കോടി മുഴുവൻ തകർന്ന പ്രേത നഗരമായപ്പോൾ, ആ കൊടുങ്കാറ്റിൽ കോതണ്ഡരാമർ ക്ഷേത്രവും ഈ കിണറും മാത്രമാണ് തകാതെ നിന്നത്. ക്ഷേത്രം മുഴുവൻ മണലിൽ പുതഞ്ഞു, പക്ഷെ കിണർ അങ്ങനെ തന്നെ നിന്നു.
കഥ പറയുന്നത്?
വിഭീഷണന് പട്ടാഭിഷേകം ചെയ്യാൻ രാമന് ശുദ്ധജലം വേണ്ടി വന്നു. ചുറ്റും എല്ലാം ഉപ്പുവെള്ളം. അപ്പോൾ രാമൻ തന്റെ അമ്പ് (കോതണ്ഡം) കൊണ്ട് നിലത്ത് കുത്തി. അവിടുന്ന് ഗംഗാജലം പോലെ ശുദ്ധജലം പൊങ്ങി വന്നു. ആ കിണറാണ് ഇത്.
അതുകൊണ്ടാണ് കോതണ്ഡം കൊണ്ട് കണ്ടെത്തിയ ജലം
കോതണ്ഡരാമ തീർത്ഥം എന്നും പറയുന്നത്.
ഇവിടത്തെ ദർശന സമയം രാവിലെ 7:30 മുതൽ 12:00 വരെ, വൈകിട്ട് 3:30 മുതൽ 6:30 വരെ. ടിക്കറ്റ് ഇല്ല, ഫ്രീ. രാമേശ്വരത്ത് നിന്ന് ഓട്ടോ / ബസ് കിട്ടും, ഏകദേശം 30 മിനിറ്റ് യാത്ര.
ശരണാഗതി ക്ഷേത്രം എന്നും വിളിപ്പേരുണ്ട്. വിളിക്കാൻ ഒരു കാരണമുണ്ട്. അഭയം തേടി വരുന്നവരെ കൈവിടാത്ത സ്ഥലം.?
രാമായണത്തിലെ 6 ശരണാഗതിയുടെ കഥ അടുത്ത ഭാഗം തുടരും
എം ബാബു ജയപ്രകാശ്
