Time Taken To Read 4 Minutes.
ഭാരതത്തിലെ ഒരു ഹിന്ദു ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കണം എന്ന് ആഗ്രഹിക്കുന്ന നാല് പുണ്യസ്ഥലങ്ങളിൽ ഒന്നാണ് രാമേശ്വരം. ബദരീനാഥ്, ദ്വാരക, പുരി, എന്നീ ചാർധാമുകളിൽ തെക്കേ അറ്റത്തുള്ള ധാമാണ് രാമേശ്വരം
രാമായണവുമായുള്ള ബന്ധം പറയുമ്പോൾ രാവണനെ വധിച്ചതിന്റെ പാപം തീർക്കാൻ ശ്രീരാമൻ ശിവനെ പൂജിച്ച സ്ഥലമാണിത്. സീതയെ തിരികെ കൊണ്ടുവരാൻ ലങ്കയിലേക്ക് പോകും മുൻപ് ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം.
12 ജ്യോതിർലിംഗങ്ങളിൽ ഒന്ന്: ഭാരതത്തിലെ 12 ശിവ ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രം. ഇവിടെ രണ്ട് ലിംഗങ്ങളുണ്ട് – സീതാദേവി മണൽ കൊണ്ട് ഉണ്ടാക്കിയ രാമലിംഗം, ഹനുമാൻ കൈലാസത്തിൽ നിന്ന് കൊണ്ടുവന്ന വിശ്വലിംഗം. വിശ്വലിംഗത്തിനാണ് ആദ്യം പൂജ.
ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി: ഈ ക്ഷേത്രത്തിന്റെ ഇടനാഴി ലോകത്തിലെ ഏറ്റവും നീളം കൂടിയ ക്ഷേത്ര ഇടനാഴിയാണ് – 1220 മീറ്റർ നീളം, 1200 തൂണുകൾ. കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്ന കൊത്തുപണികൾ.
പറഞ്ഞുവരുമ്പോൾ 22 തീർത്ഥങ്ങളിലെ സ്നാനം – എന്തിനാണ്?
രാമേശ്വരം തീർത്ഥാടനത്തിന്റെ ആത്മാവ് തന്നെ ഈ 22 തീർത്ഥ സ്നാനമാണ്. നമ്മുടെ ശരീരത്തിലെ 22 തരം പാപങ്ങളും മനസ്സിലെ മാലിന്യങ്ങളും കഴുകി കളയാൻ വേണ്ടിയാണ് ഇത് എന്ന് വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രത്തിനകത്ത് തന്നെയാണ് ഈ 22 കിണറുകൾ അഥവാ തീർത്ഥങ്ങൾ. ഓരോന്നിനും ഓരോ പേരും ഫലവുമുണ്ട് –
മഹാലക്ഷ്മി തീർത്ഥം – ഐശ്വര്യത്തിന്, സമ്പത്തിന്,
സാവിത്രി, ഗായത്രി, സരസ്വതി തീർത്ഥങ്ങൾ ബുദ്ധി, വിദ്യ, ജ്ഞാനം എന്നിവയ്ക്ക്
ഗംഗാ, യമുനാ, ഗയാ തീർത്ഥങ്ങൾ – ആ പുണ്യനദികളിൽ കുളിച്ച അതേ പുണ്യം കിട്ടും
ബ്രഹ്മഹത്യാ വിമോചന തീർത്ഥം – ജന്മാന്തരങ്ങളിലെ വലിയ പാപങ്ങൾ തീരാൻ
സൂര്യ, ചന്ദ്ര തീർത്ഥങ്ങൾ – ആരോഗ്യത്തിന്, മനശാന്തിക്ക്
കവച തീർത്ഥം – ദുഷ്ടശക്തികളിൽ നിന്ന് സംരക്ഷണത്തിന്
കോടി തീർത്ഥം – എല്ലാ തീർത്ഥങ്ങളുടെയും ഫലം ഒന്നിച്ച് കിട്ടും, മോക്ഷത്തിന്
ഓരോ കിണറ്റിലെ വെള്ളത്തിനും വ്യത്യസ്ത രുചി – ഇതാണ് അത്ഭുതം:
ഒരേ ക്ഷേത്രത്തിനകത്ത്, ഏതാനും മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഈ 22 കിണറുകളിലെ വെള്ളത്തിന് 22 രുചിയാണ് – ചിലതിന് ഉപ്പ്, ചിലതിന് മധുരം, ചിലതിന് പുളി, ചിലതിന് കയ്പ്പ്. ഇതിന് ഇന്നും ശാസ്ത്രത്തിന് കൃത്യമായ ഉത്തരം ഇല്ല. ഭാരതത്തിലെ എല്ലാ പുണ്യനദികളെയും രാമൻ ഇവിടെ കൊണ്ടുവന്നു എന്നാണ് വിശ്വാസം.
ദർശനത്തിന് മുൻപ് നിർബന്ധം:
ശുദ്ധിയില്ലാതെ രാമനാഥസ്വാമിയെ കാണാൻ പാടില്ല. ആദ്യം പുറത്തെ അഗ്നി തീർത്ഥമായ കടലിൽ കുളിക്കണം, പിന്നെ അകത്തെ 22 തീർത്ഥങ്ങളിലും കുളിച്ച് ശുദ്ധനായിട്ട് വേണം ശിവലിംഗ ദർശനം നടത്താൻ. അല്ലെങ്കിൽ ദർശനം പൂർണ്ണമാകില്ല.
ചുരുക്കത്തിൽ – ഒരു അഗ്നി തീർത്ഥ സ്നാനവും 22 തീർത്ഥ സ്നാനവും = ജന്മാന്തര പാപങ്ങൾ തീരും, മോക്ഷത്തിന് അർഹനാകും.
22 തീർത്ഥങ്ങളിൽ കുളിക്കുന്നതിന്റെ പ്രാധാന്യം
ഇത് വെറും കുളിയല്ല, പാപനാശന കർമ്മമാണ്.
പാപങ്ങൾ കഴുകി കളയാൻ:
സ്കന്ദപുരാണം പറയുന്നതനുസരിച്ച്, രാവണനെ വധിച്ചതിന്റെ പേരിലുള്ള ബ്രഹ്മഹത്യാ ദോഷം തീർക്കാൻ ശ്രീരാമൻ തന്നെ തന്റെ അമ്പുകൾ കൊണ്ട് സൃഷ്ടിച്ചതാണ് ഈ 22 തീർത്ഥ കിണറുകൾ. അതുകൊണ്ട് എത്ര വലിയ പാപവും ശാപവും ഇവിടെ കുളിച്ചാൽ തീരും എന്നാണ് വിശ്വാസം.
ഓരോ തീർത്ഥത്തിനും ഓരോ ഫലം:
നമ്മുടെ ശരീരത്തിലും മനസ്സിലുമുള്ള 22 തരം മാലിന്യങ്ങളെ കഴുകാനാണ് 22 തീർത്ഥങ്ങൾ.
തീർത്ഥാടകർ ചെയ്യേണ്ട ശരിയായ ക്രമം ഇതാണ്:
ഒന്ന്: അഗ്നി തീർത്ഥം (സമുദ്ര സ്നാനം)
ആദ്യം ക്ഷേത്രത്തിന് പുറത്ത് കടലിൽ കുളിക്കണം. ഇതിനെ അഗ്നി തീർത്ഥം എന്ന് പറയും. പിതൃ തർപ്പണം ചെയ്യുന്നവർ ഇവിടെയാണ് ചെയ്യുന്നത്.
രണ്ട്: 22 തീർത്ഥ സ്നാനം
കടൽ സ്നാനം കഴിഞ്ഞ് നനഞ്ഞ വസ്ത്രത്തോടെ ക്ഷേത്രത്തിനകത്ത് കയറി 22 തീർത്ഥങ്ങളിലും സ്നാനം ചെയ്യണം. ഇപ്പോൾ ഇതിനായി ടിക്കറ്റ് എടുത്താൽ ക്ഷേത്ര ജീവനക്കാർ തന്നെ ബക്കറ്റിൽ വെള്ളം ഒഴിച്ചു തരും.
തീർത്ഥ സ്നാനം എങ്ങനെയാണ് നടക്കുന്നത്?
ഇവിടെ രണ്ട് വഴികളുണ്ട്.
പൊതുവായ ക്യൂ – 25 രൂപ ടിക്കറ്റ്:
25 രൂപയുടെ ടിക്കറ്റ് എടുത്ത് പൊതുവായ ക്യൂവിൽ നിന്നാൽ, ഓരോ കിണറിനടുത്തും ബക്കറ്റുമായി നിൽക്കുന്ന ക്ഷേത്ര ജീവനക്കാർ തിരക്കിനനുസരിച്ച് കിണറ്റിൽ നിന്ന് വെള്ളം കോരി ഭക്തരുടെ തലയിൽ വീശി ഒഴിക്കും. ചിലർക്ക് തലയിൽ വീഴും, ചിലർക്ക് ദേഹത്ത്. അത് കിട്ടിയ തൃപ്തിയിൽ അടുത്ത കിണറിലേക്ക് നീങ്ങാം.
കൂടുതൽ സൗകര്യം വേണമെങ്കിൽ 200 രൂപയുടെ സ്പെഷ്യൽ ദർശൻ ടിക്കറ്റ് എടുത്ത്, ഒരു തുക പറഞ്ഞുറപ്പിച്ച് ക്ഷേത്ര ജീവനക്കാരനെ കൂടെ കൂട്ടാം. അദ്ദേഹം നമ്മുടെ ഗ്രൂപ്പിനെ ഓരോ കിണറിനടുത്തും കൊണ്ടുപോയി, രണ്ടു പേർ വീതം നിർത്തി തലയിൽ കൃത്യമായി വെള്ളം കോരി ഒഴിച്ചു തരും.
തിരക്ക് കാരണം ഓരോരുത്തരും ശ്രദ്ധിക്കണം. എല്ലാ തീർത്ഥ സ്നാനവും കഴിഞ്ഞ് മാത്രമാണ് സ്വാമി ദർശനം, എന്നിട്ട് മടക്കം.
രാമനാഥസ്വാമി ദർശനം
22 കുളി കഴിഞ്ഞ് നനഞ്ഞവസ്ത്രം പിഴിഞ്ഞോ വസ്ത്രം മാറിയോ ശുദ്ധിയോടെ വേണം ശിവലിംഗ ദർശനം നടത്താൻ. അപ്പോഴാണ് തീർത്ഥാടനം പൂർണ്ണമാകുന്നത്.
ഒരു വിശ്വാസം കൂടി – കാശിയിൽ നിന്ന് ഗംഗാജലം കൊണ്ടുവന്ന് രാമേശ്വരത്ത് അഭിഷേകം ചെയ്യുകയും, രാമേശ്വരത്തെ മണൽ കൊണ്ടുപോയി കാശിയിൽ നിമഞ്ജനം ചെയ്യുകയും ചെയ്താൽ ജന്മം സഫലമായി എന്നാണ് പറയുന്നത്.
അതുകൊണ്ടാണ് രാമേശ്വരം വെറുമൊരു ക്ഷേത്രമല്ല, അത് മോക്ഷത്തിലേക്കുള്ള വാതിലാണ് എന്ന് പറയുന്നത്.
ഇതോടൊപ്പം ഞാൻ സന്ദർശിച്ച മറ്റു ക്ഷേത്രങ്ങളെപറ്റികൂടി പറയാം
എം ബാബു ജയപ്രകാശ്
