ഒരു തുള്ളി ശുദ്ധജലത്തിന് വേണ്ടി പിതൃക്കൾ ഇന്നും കാത്തിരിക്കുന്നു!

Time Taken To Read 4 Minutes.

മുഖവുര

ഭാരതത്തിലെ കോടിക്കണക്കിന് ഹിന്ദുക്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം എന്ന് കൊതിക്കുന്ന പുണ്യഭൂമിയാണ് രാമേശ്വരം. രാമന്റെ കാലടി പതിഞ്ഞ മണ്ണ്, ജ്യോതിർലിംഗത്തിന്റെ ചൈതന്യം, 22 തീർത്ഥങ്ങളുടെ അത്ഭുതം – ഇതെല്ലാം ഒരു ഭക്തനെ സംബന്ധിച്ച് വെറും കാഴ്ചകളല്ല, ജന്മത്തിന്റെ പുണ്യമാണ്.

എന്നാൽ ആ പുണ്യഭൂമിയിൽ ഇന്ന് ഒരു തീർത്ഥാടകൻ അനുഭവിക്കുന്നത് എന്താണ്?

രാമേശ്വരത്തെ എല്ലാ കർമ്മങ്ങളും തുടങ്ങുന്നത് അഗ്നി തീർത്ഥമായ സമുദ്രത്തിൽ നിന്നാണ്.

പിതൃക്കൾക്ക് തർപ്പണം ചയ്യുന്നതിനു മുൻപ്, ആദ്യമായി മനസ്സും ശരീരവും ദേഹശുദ്ദിവരുത്താൻ അഗ്നി തീർത്ഥം എന്ന സങ്കൽപ്പത്തിലെ ആ കടൽത്തീരം ഇന്ന് കണ്ടാൽ മനസ്സ് പിടയും.

പ്ലാസ്റ്റിക് കവറുകൾ, ഉപേക്ഷിച്ച വസ്ത്രങ്ങൾ, എണ്ണയുടെ കറ, ചവറുകൾ… ഭക്തർ കടലിൽ ഇറങ്ങുന്നതിന് മുന്നേ മൂക്ക് പൊത്തേണ്ട അവസ്ഥ. പവിത്രമായി കരുതേണ്ട കടൽത്തീരം ഒരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു.

അഗ്‌നിതീർത്ഥത്തിൽ  മുങ്ങി നേരെ ബലിപീഠമെന്ന സങ്കൽപ്പത്തിലേക്കു അവിടെ?

കർമ്മി ചൊല്ലുന്ന മന്ത്രങ്ങൾക്ക് പിന്നാലെ പിതൃക്കളെ മനസ്സിൽ ആവാഹിച്ച്, ഒടുവിൽ അവരെ ആ ചവറ് നിറഞ്ഞ അഗ്നിതീർത്ഥത്തിലേക്ക് തന്നെ ഇറക്കിവിടേണ്ടി വരുന്നു.

അവിടെന്നു നടന്നു നേരെ നടന്നു ക്ഷേത്രാങ്കണത്തിൽ  കയറിയാൽ മറ്റൊരു കാഴ്ചയാണ്. പാപം കഴുകി ശുദ്ധമാകാൻ വേണ്ടി 22 കിണറുകളിൽ നിന്നും തീർത്ഥം തേടി ചെല്ലുന്ന ഭക്തന് മുന്നിൽ ആചാരങ്ങൾക്ക് പകരം കച്ചവടത്തിന്റെ മുഖമാണ്.

25 രൂപയുടെ പൊതു ക്യൂവിൽ തിക്കിലും തിരക്കിലും നിന്ന്, കിണറിന്റെ അരികിൽ നിന്ന് ആരുടെയോ തലയിൽ വീശി ഒഴിക്കുന്ന വെള്ളത്തിന്റെ ഒരിറ്റ് തന്റെ തലയിലും വീണു എന്ന് ആശ്വസിച്ച് അടുത്ത കിണറിലേക്ക് ഓടുന്ന അവസ്ഥ.

മറുവശത്ത് 200 രൂപയുടെ സ്പെഷ്യൽ ടിക്കറ്റും ഒരു തുകയും കൊടുത്താൽ മാത്രം കൃത്യമായി തലയിൽ വെള്ളം കിട്ടുന്ന മറ്റൊരു സംവിധാനം.

ശാന്തമായി ഓരോ തീർത്ഥത്തിന്റെയും നാമം ജപിച്ച്, അതിന്റെ മഹത്വം അറിഞ്ഞ് ചെയ്യേണ്ട സ്നാനം, ഇന്ന് ഒരു ഓട്ടമത്സരമായി മാറിയിരിക്കുന്നു.

ഈ കുറിപ്പ് രാമേശ്വരത്തെയും അവിടുത്തെ പൂജാരിമാരെയും കുറ്റപ്പെടുത്താൻ വേണ്ടിയല്ല.

പൂർവ്വികർ നമുക്കായി കാത്തുവെച്ച ഈ മഹത്തായ ആചാരങ്ങളെയും, കോടികൾ ചെലവഴിച്ചാൽ പോലും പുനർനിർമ്മിക്കാൻ പറ്റാത്ത ഈ പുണ്യസ്ഥലങ്ങളെയും നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു, എങ്ങനെ പരിപാലിക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു വേദനയാണ്.

കടൽത്തീരം വൃത്തിയായി സൂക്ഷിക്കാനും, എല്ലാ ഭക്തനും മനസ്സിന് ശാന്തതയോടെ ആചാരങ്ങൾ ചെയ്യാൻ പറ്റുന്ന ഒരു നല്ല സംവിധാനം ഉണ്ടാകണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഇത് എഴുതുന്നത്.

പറഞ്ഞുവരുന്നത് സനാതന ധർമ്മ വിശ്വാസികൾക്ക് രാമേശ്വരം വെറുമൊരു തീർത്ഥാടന കേന്ദ്രമല്ല. മൺമറഞ്ഞു പോയ നമ്മുടെ അച്ഛനമ്മമാർക്കും പൂർവ്വികർക്കും വേണ്ടി ബലിതർപ്പണം നടത്തുന്ന, ഏറ്റവും പവിത്രമായ ഇടമാണ്.

പക്ഷെ, അവിടെ ഇന്ന് എന്താണ് അവസ്ഥ?

എന്റെ നേരനുഭവത്തിൽ നിന്ന്:

പിതൃക്കൾക്ക് വേണ്ടി തർപ്പണം ചെയ്യാൻ ഇരിക്കേണ്ട സ്ഥലം ഒന്നു കണ്ടാൽ മനം പുരട്ടും. ചെളിയും ചാണകവും ചവിട്ടി പശ രൂപത്തിലാക്കിയ തറ. ആ അശുചിയിൽ ഇരുന്ന് വേണം ഏറ്റവും ശുദ്ധിയോടെ ചെയ്യേണ്ട കർമ്മം ചെയ്യാൻ.

കർമ്മം കഴിഞ്ഞ് കടലിൽ മുങ്ങണം. അവിടെയോ? വെള്ളം മുഴുവൻ കലങ്ങി മറിഞ്ഞിരിക്കുന്നു. ഗട്ടറിൽ നിന്ന് ഉയരുന്നന്നത്പോലുള്ള രൂക്ഷഗന്ധം. ഭക്തർ എന്ന് പറയുന്ന ചിലർ ഉപേക്ഷിച്ച ഉടുവസ്ത്രങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു.

കണ്ണെത്തും ദൂരത്ത് നിർത്തിയിട്ടിരിക്കുന്ന മീൻപിടുത്ത ബോട്ടുകളിൽ നിന്നുള്ള മാലിന്യം. ഇതിനിടയിലൂടെയാണ് ഒരു മനുഷ്യൻ മുങ്ങി നിവരേണ്ടത്. മുങ്ങി പൊങ്ങുമ്പോൾ ഉപേക്ഷിച്ച വസ്ത്രങ്ങൾ ദേഹത്ത് ചുറ്റിപ്പിടിക്കാതെ രക്ഷപ്പെട്ടാൽ അത് തന്നെ മഹാഭാഗ്യം.

ഏറ്റവും വേദനാജനകം ഇതാണ് – ദിവസങ്ങളോളം വ്രതമെടുത്ത്, അതീവ ഭക്തിയോടെയും ശുദ്ധിയോടെയും കൊണ്ടുവരുന്ന അസ്ഥിയും പൂജാ പൂജാപുഷ്പ്പങ്ങളും അരിയും ധാന്യവും ദർഭയും ഒപ്പം ആവാഹിച്ച ആത്മാക്കളെയും നമ്മൾ ഈ മലിനജലത്തിൽ നിമഞ്ജനം ചെയ്യുന്നു.

സങ്കൽപ്പത്തിൽ നമ്മുടെ പൂർവ്വികർ അവിടെ ലയിച്ചു ചേർന്നു എന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ രണ്ട് മിനിറ്റ് പോലും മൂക്ക് പൊത്താതെ നിൽക്കാൻ കഴിയാത്ത ആ നാറ്റത്തിൽ നമ്മൾ അവരെ ഉപേക്ഷിച്ചു പോരുകയല്ലേ?

ഒടുവിൽ പൂജാരിയോട് പറഞ്ഞുറപ്പിച്ച ദക്ഷിണ നൽകി “എല്ലാം ഭംഗിയായി ചെയ്തു തീർത്തു” എന്ന ആത്മസംതൃപ്തിയിൽ, അമ്പലത്തെയും പഞ്ചായത്ത് / മുനിസിപ്പാലിറ്റി അധികൃതരെയും പഴിച്ചുകൊണ്ട് നമ്മൾ മടങ്ങും.

പക്ഷെ, ഒരിക്കൽ പോലും നമ്മുടെ പൂർവ്വികരുടെ ആത്മാക്കൾ അവിടെ എന്ത് അവസ്ഥയിലാണ് ഇരിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കില്ല.

വർഷങ്ങൾക്ക് ശേഷം വീട്ടിൽ എന്തെങ്കിലും ദുരനുഭവങ്ങൾ?  അനിഷ്ടങ്ങൾ ഉണ്ടാകുമ്പോൾ ജ്യോത്സ്യൻ പറയും “ആത്മാക്കൾ തൃപ്തരല്ല” എന്ന്. അപ്പോൾ നമ്മൾ പറയും “ഞാൻ എല്ലാം വിധിപ്രകാരം ചെയ്തതാണല്ലോ” എന്ന്.

സത്യത്തിൽ അത്ഭുതപ്പെടാനില്ല. ഇന്ന് കർമ്മം ചെയ്ത നിങ്ങളോട് “നാളെ ഒന്നുകൂടി ആ വെള്ളത്തിൽ മുങ്ങാമോ?” എന്ന് ചോദിച്ചാൽ നമ്മൾ കാൽ പോലും നനയ്ക്കില്ല. അത്രയ്ക്ക് മലിനമാണ് ആ സ്ഥലം. അവിടെയാണ് നമ്മൾ നമ്മുടെ പിതൃക്കളെ ഇരുത്തിയിരിക്കുന്നത്.

ഇത് ഒരു രാമേശ്വരത്തെ മാത്രം അനുഭവമല്ല പല ഇടങ്ങളിലും ഇതിനേക്കാൾ മോശം അനുഭവം ഉണ്ട് . ഉദാഹരണത്തിന് ശബരിമലയിലെ അവസ്ഥ തന്നെ നമ്മളൊന്നാലോചിച്ചാൽ മതി.

എന്താണ് പരിഹാരം?

കർമ്മം ചെയ്യിക്കുന്നവരെ നിയന്ത്രിക്കണം: യാതൊരു മാനദണ്ഡവുമില്ലാതെ, ഭക്തരെ ചൂഷണം ചെയ്യുന്ന ചില കർമ്മികളുണ്ട്. അവരെ നിയന്ത്രിക്കണം.

ഇത്തരം തീർത്ഥാടന കേന്ദ്രങ്ങളുടെ പരിസര ശുചിത്വവും കർമ്മങ്ങളുടെ നടത്തിപ്പും, വിശ്വാസ്യതയുള്ള, സംഘടിതമായ സനാതന സംഘടനകളെ ഏൽപ്പിക്കണം. സർക്കാരും ക്ഷേത്ര ഭരണ സമിതിയും ഇതിന് മുൻകൈ എടുക്കണം.

അങ്ങനെ ചെയ്താൽ രണ്ട് നേട്ടമുണ്ട് – പരിസരം ശുചിയാകും, കർമ്മങ്ങളും ശരിയായ വിധത്തിൽ, വൃത്തിയായി നടക്കും.

രാമേശ്വരം ശുദ്ധമാകുമ്പോൾ മാത്രമേ നമ്മുടെ പിതൃക്കൾക്ക് ശരിക്കും ശാന്തി ലഭിക്കൂ. അതിനായി സർക്കാരും അധികാരികളും കണ്ണുതുറക്കണം.

ചില ചോദ്ധ്യങ്ങൾ വായനക്കാർക്കു നൽകി എഴുത്തിന്റെ ആദ്ധ്യഭാഗം അവസാനിപ്പിക്കട്ടെ..

“ദാഹിച്ചു വലഞ്ഞുവരുന്ന പിതൃക്കൾക്ക് നമ്മൾ നൽകുന്നത് മലിനജലമല്ലേ?”

“നമ്മൾ പിതൃക്കൾക്ക് കൊടുക്കുന്ന മോക്ഷം ഇതാണോ?”

ഈ കടൽത്തീരത്ത് നിന്നും പിതൃശാപം ഏറ്റുവാങ്ങിയാണോ നമ്മുടെ മടക്കം?

ചെയ്ത പാപത്തിൽ നിന്ന് മുക്തി നേടാൻ വീണ്ടും കാശി സന്ദർശിച്ച്, അവിടെ നിന്നുള്ള പുണ്യജലം അഗ്നിതീർത്ഥത്തിൽ ഒഴുക്കി ശുദ്ധി വരുത്തേണ്ടി വരുന്നു എന്നാണ് വിശ്വാസം.

തുടരും…

രാമേശ്വരം: ഒരു തീർത്ഥാടനം കൊണ്ട് ജന്മ പാപം തീരുന്ന പുണ്യഭൂമി

എം. ബാബു ജയപ്രകാശ്

Leave a Comment