“ഇതൊരു പ്രതീകാത്മക ചിത്രം മാത്രം – ഒരു വ്യക്തിയെയും ഉദ്ദേശിച്ചല്ല”
Time Taken To Read 4 Minutes
കോൺഗ്രസ് ജയിച്ചാൽ ജനവിധി, തോറ്റാൽ സിസ്റ്റം (EVM) കുഴപ്പം… തലമുറകൾ മാറിയാലും മാറ്റമില്ലാത്ത ഒരേയൊരു സ്ക്രിപ്റ്റ്
Disclaimer: ഈ ലേഖനം പൊതുവായി ലഭ്യമായ വാർത്തകൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ, കോടതി നിരീക്ഷണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ നിരീക്ഷണവും ആക്ഷേപഹാസ്യവുമാണ്. ഇതിൽ പറയുന്നത് ലേഖകന്റെ അഭിപ്രായം മാത്രമാണ്.
അധികാരം തങ്ങളുടെ “ജന്മാവകാശം” ആണെന്ന ധാർഷ്ട്യമാണ് നെഹ്റു – ഗാന്ധി കുടുംബത്തെ എക്കാലവും നയിച്ചിട്ടുള്ളത് എന്ന് പൊതുവെ എതിർകക്ഷികൾ പറഞ്ഞു നടക്കുന്നത് കേട്ടിട്ടുണ്ട്. ജനങ്ങൾ വോട്ട് ചെയ്ത് പുറത്താക്കുമ്പോൾ, സ്വന്തം പരാജയം വിനയത്തോടെ സമ്മതിക്കുന്നതിന് പകരം രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ അധിക്ഷേപിക്കുന്നതാണ് ഇവരുടെ പാരമ്പര്യം എന്നും പറഞ്ഞു കേൾക്കുന്നു
അച്ഛൻ ബാലറ്റിനെ പഴിച്ചു, മകൻ EVM നെ പഴിക്കുന്നു…! അതായത്?
1989 ൽ ബിജെപി 2 സീറ്റിൽ നിന്ന് 86 സീറ്റിലേക്ക് കുതിച്ചപ്പോൾ രാജീവ് ഗാന്ധി പറഞ്ഞു – “ബാലറ്റ് പേപ്പറിൽ എന്തോ തകരാറുണ്ട്.” എന്നാൽ അതേ രാജീവ് ഗാന്ധി സർക്കാരാണ് 1988 -1989 ൽ ജനപ്രാതിനിധ്യ നിയമം (Representation of the People Act) ഭേദഗതി ചെയ്ത് ഇന്ത്യയിൽ EVM ന് നിയമസാധുത നൽകിയത്. ഇതൊക്കെ മറന്നു…
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നവർ ആദ്യം കേരളത്തിലെ ഭരണം രാജിവെച്ച് ജനവിധി തേടുകയല്ലേ ചെയ്യേണ്ടത്?.
ഇപ്പോൾ മൂന്നാം തവണയും ജനം ബിജെപിയെ തിരഞ്ഞെടുത്തപ്പോൾ മകൻ രാഹുൽ ഗാന്ധി പറയുന്നു – EVM കുഴപ്പമാണ്, ബാലറ്റ് വേണം. അച്ഛൻ കൊണ്ടുവന്ന മെഷീനെ മകൻ തള്ളിപ്പറയുന്നു.
ഇത് ഏതാണ്ട് സവർക്കറെ ആദരിച്ച ഇന്ദിരാഗാന്ധിയെത്തന്നെ തള്ളിപ്പറയുന്നത് പോലെയാണ്, അല്ലെങ്കിൽ ആർ.എസ്.എസിനെ ക്ഷണിച്ച് റിപ്പബ്ലിക് പരേഡിൽ പങ്കെടുപ്പിച്ച നെഹ്റുവിനെത്തന്നെ തള്ളിപ്പറയുന്നത് പോലെയാണ്.
EVM നെ പറ്റി അടിസ്ഥാനമില്ലാത്ത പരാതികൾ വന്നപ്പോൾ സുപ്രീം കോടതി തന്നെ 2024 ഏപ്രിൽ 26 ന് വിധിയെഴുതി – “തെളിവില്ലാതെ ഇനി EVM നെ കുറിച്ച് പറഞ്ഞ് കോടതിയിൽ വരരുത്, EVM വിശ്വസനീയമാണ്” എന്ന്.
അതിന് ശേഷവും ഇവർ ബാലറ്റ് വേണം എന്ന് പറയുന്നു.
എന്നാൽ ഇതിനകം രാജ്യത്ത് ബാലറ്റ് പേപ്പർ ഉപയോഗിച്ച് തന്നെ തിരഞ്ഞെടുപ്പ് നടന്നു – തദ്ദേശ സ്ഥാപനങ്ങളിൽ, കർണാടകയിലും, രാജസ്ഥാനിലും, ഉത്തർപ്രദേശിലും, മധ്യപ്രദേശിലുമെല്ലാം പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ ബാലറ്റിൽ തന്നെയാണ് നടന്നത്.
എല്ലായിടത്തും ബിജെപി – എൻഡിഎ മുന്നണി തന്നെ വൻ വിജയം നേടി. ഇത് മുഖം വികൃതമായതിന് കണ്ണാടിയെ പഴിക്കുന്നത് പോലെയാണ്.
അപ്പോൾ പ്രശ്നം ബാലറ്റോ EVM ഓ അല്ല, ജനം നിങ്ങളെ തള്ളിക്കളയുന്നു എന്നതാണ്.
വോട്ടർ ഐഡി വന്നപ്പോൾ തകർന്ന കോട്ടകളുടെ വിശദാംശം തേടിപോയപ്പോൾ കണ്ടെത്തിയ വിവരം ഇങ്ങനെ
കള്ളവോട്ടിന് തടയിട്ട് 1993 ൽ ടി.എൻ. ശേഷൻ വോട്ടർ ഫോട്ടോ ഐഡി കാർഡ് (EPIC) കൊണ്ടുവരുന്നതിന് മുൻപ് കോൺഗ്രസ് 7 തവണ 40%ന് മുകളിൽ വോട്ട് നേടിയിരുന്നു – 1951- 52. 44.99 %, 1957- 47.78 %, 1962 – 44.72 %, 1967 – 40.78 %, 1971 – 43.68 % 1980 – 42.69 %, 1984 – 48.12% എന്നിങ്ങനെ.
ഐഡി കാർഡ് കൂടി വന്നതോടെ കഥ മാറി: 1991 – 46.26 %, 1996 – 28.80 %, 1998 – 25.82 %, 2004 – 26.53 %, 2009 – 28.55 %, 2014 – 19.31 %, 2019 -19.49 %, 2024 – 21.19 % (കണക്കുകളിലും വർഷങ്ങളിലും ചില വ്യത്യാസങ്ങൾ കണ്ടേക്കാം)
1996 മുതൽ ഇന്നുവരെ 30% പോലും തികയ്ക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. കള്ളവോട്ടിന് പൂട്ട് വീണപ്പോൾ ഗ്രാഫ് വീണു.
ഇനി വോട്ടെടുപ്പിന് ബയോമെട്രിക് സംവിധാനം കൂടി കൊണ്ടുവന്നാൽ, എത്ര ശതമാനം പിന്നോട്ട് പോകുമെന്ന് കണ്ടറിയണം.
ഇന്ന് SIR വഴി അതേ കള്ളവോട്ട് വീണ്ടും വെട്ടുമ്പോൾ “വോട്ട് ചോരി” എന്ന് കരയുന്നത് എന്തിനാണ്?
SIR ചെയ്യുന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഒറ്റയ്ക്കല്ലെന്നു ആദ്ദ്യം മനസ്സിലാക്കൂ..
ഇവർ പറയുന്ന പോലെ ഡൽഹിയിൽ ഇരിക്കുന്ന CEC നേരിട്ട് വീട് കയറി ഇറങ്ങി പേര് വെട്ടുന്നതല്ല SIR.
SIR എന്നത് ഒരു വലിയ പ്രോസസ്സ് ആണ്. വിവിധ സംസ്ഥാനങ്ങളിലെ Chief Electoral Officer മാരുടെ നേതൃത്വത്തിൽ, അതത് സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥന്മാരായ BLO മാരാണ് ഇത് ചെയ്യുന്നത്. അവർ വോട്ടറെ നേരിൽ കാണുന്നു. കണ്ടില്ലെങ്കിൽ ഡേറ്റ് അറിയിച്ച് വീണ്ടും വരുന്നു. അതും സാധിച്ചില്ലെങ്കിൽ പൊതുഇടങ്ങളിൽ ക്യാമ്പ് ചെയ്ത് വിവരശേഖരണം നടത്തി കരട് പട്ടിക പ്രസിദ്ധീകരിക്കുന്നു. അത് പരിശോധിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും BLA മാർക്കും അവസരം നൽകുന്നു.
ഇത് ചെയ്യുന്ന ഉദ്യോഗസ്ഥർ പല രാഷ്ട്രീയ ചായ്‌വുള്ളവരാണ്, പല സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന സർക്കാരിന്റെ ഉദ്യോഗസ്ഥർ തന്നെയാണ്. പിന്നെ എങ്ങനെയാണ് ഇത് ഒരാളുടെ മാത്രം ഉത്തരവാദിത്തമാകുന്നത്? ഉദാഹരണം
2026 മേയ് വരെയുള്ള കണക്ക് പ്രകാരം കോൺഗ്രസ് അധികാരത്തിലുള്ള 4 സംസ്ഥാനങ്ങൾ:
ഹിമാചൽ പ്രദേശ് – കർണാടക – തെലങ്കാന – കേരളം, തമിഴ്‌നാട്, കാശ്മീർ, ജാർഖണ്ഡ്
ഇതിന്റെ തെളിവാണ് കേരളത്തിൽ കണ്ടത്. തുടക്കത്തിൽ എതിർത്ത കോൺഗ്രസ്, പുതുക്കൽ കഴിഞ്ഞപ്പോൾ പ്രകീർത്തിച്ചു. ശ്രീ രമേശ് ചെന്നിത്തല തന്നെ SIR പ്രക്രിയയെ അഭിനന്ദിച്ച് സംസാരിക്കുന്നത് നമ്മൾ കേട്ടു. തുടക്കത്തിൽ പറഞ്ഞത് രാഷ്ട്രീയമായിരുന്നു, ഒടുവിൽ സത്യം അംഗീകരിക്കേണ്ടി വന്നു.
എന്റെ അഭിപ്രായത്തിൽ, കഴിഞ്ഞ 10 – 12 വർഷമായി നമ്മുടെ രാജ്യം എല്ലാ മേഖലയിലും വലിയ വളർച്ചയാണ് നേടിയത്. ലോകം തന്നെ ശ്രദ്ധിക്കുന്ന ഒരു പുതിയ ക്രമത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.
ഈ മുന്നേറ്റത്തിന് തടയിടാൻ ചില വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരം നീക്കങ്ങൾ ഉണ്ടെങ്കിൽ, അത് തടയാൻ ആവശ്യമെങ്കിൽ കോടതി നേരിട്ട് ഇടപെടണം.
ഈ സത്യമെല്ലാം ഉൾക്കൊണ്ട് ബഹുമാനപ്പെട്ട കോടതി 2010 മുതലുള്ള രാഹുൽ ഗാന്ധിയുടെ ചെയ്തികൾ പരിശോധിക്കണം.
തുടർച്ചയായി തെറ്റായ ആരോപണം ഉന്നയിച്ച്” സ്ഥാപനങ്ങളേയും വ്യക്തികളേയും അപകീർത്തിപ്പെടുത്തി, കോടതി ശാസിക്കുമ്പോൾ മാപ്പ് പറയുന്ന രീതി നമ്മൾ പലതവണ കണ്ടു. റാഫേൽ കേസിൽ സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞത് രാജ്യം മറന്നിട്ടില്ല. സ്വന്തം പാർട്ടിയുടെ പ്രധാനമന്ത്രി പാർലമെന്റിൽ പാസാക്കിയ ബിൽ പരസ്യമായി വലിച്ചു കീറിയ ചരിത്രവും നമ്മൾ കണ്ടു.
ഇത്തരത്തിൽ തുടർച്ചയായി വ്യാജ നരേറ്റീവ് ഉണ്ടാക്കുന്നവരെ നിയമത്തിന്റെ ഭാഷയിൽ ‘Vexatious Litigant’ / അന്യായമായ ശല്യക്കാരനായി പ്രഖ്യാപിക്കണമോ എന്ന് കോടതി പരിശോധിക്കണം” . കോടതിക്ക് അധികാരമുണ്ട്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു ഇത് എന്റെ ഒരു അഭിപ്രായമാണ്.
നിങ്ങളിൽ പലരും മറക്കാനിടയില്ലാത്ത ഒരു പൊതു സത്യം ഉദാഹരണമായി പറയട്ടെ.
അടിസ്ഥാനമില്ലാതെ നിരന്തരം കേസുകൾ കൊടുത്ത് നേതാക്കളെ ശല്യപ്പെടുത്തുന്നത് ഇന്നത്തെ മാത്രം പ്രതിഭാസമല്ല. 1988 ൽ തന്നെ ഇതിനൊരു ചരിത്രം കേരളത്തിനുണ്ട്.
നിരന്തരം അടിസ്ഥാനമില്ലാത്ത കേസുകൾ ഫയൽ ചെയ്തിരുന്ന ‘നവാബ്’ രാജേന്ദ്രൻ എന്നറിയപ്പെട്ടിരുന്ന ടി.എ. രാജേന്ദ്രനെതിരെ കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ തന്നെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അദ്ദേഹത്തെ ‘Vexatious Litigant’ – അതായത് ശല്യക്കാരനായ വ്യവഹാരി ആയി പ്രഖ്യാപിക്കണമെന്നും, ഇനി കേസ് കൊടുക്കണമെങ്കിൽ ജില്ലാ ജഡ്ജിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്.
1986 മെയ് 26 ന് ഫയൽ ചെയ്ത ആ ഹർജി, 1988 ജനുവരി 15 ന് ചീഫ് ജസ്റ്റിസ് വി.എസ്. മാലിമഠ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയെങ്കിലും, അടിസ്ഥാനമില്ലാത്ത വ്യവഹാരങ്ങൾ കൊണ്ട് ഭരണ സംവിധാനത്തെ വലയ്ക്കുന്നവരെ നിയമപരമായി തന്നെ തടയാൻ അന്നേ ശ്രമം നടന്നിട്ടുണ്ട് എന്നത് ചരിത്രമാണ്.
ഇന്ന് തെളിവില്ലാതെ EVM നെതിരെയും ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നതും അതേ മാതൃകയിലുള്ള ശല്യപ്പെടുത്തലല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ന് അതേ മാതൃകയിൽ ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം അപകീർത്തിപ്പെടുത്തുന്നവർക്കെതിരെയും കോടതി ഈ നിയമം പരിഗണിക്കേണ്ടി വരുമോ? സമയം അതിക്രമിച്ചിരിക്കുന്നില്ലേ?.”
കുറഞ്ഞ പക്ഷം K C യോ RC യോ VD യോ KS ഓ ആരെങ്കിലും RG ക്ക് ഉപദേശിച്ചുകൊടുക്കൂ ഇല്ലെങ്കിൽ ഇതും നമ്മൾ കാണേണ്ടിവരും കേൾക്കേണ്ടിവരും.
പറഞ്ഞുവരുന്നത്
2014 ന് ശേഷം ഒരു ഭാരതീയനാണെന്ന് ആത്മാഭിമാനത്തോടെ പറയാൻ ചങ്കൂറ്റം തന്ന, സെൽഫ് അറ്റസ്റ്റേഷൻ പോലെ സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ മോദി സർക്കാരിനെ ഇവർ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങൾക്ക് മനസ്സിലാകും. ഗസറ്റഡ് ഓഫീസറുടെ വീട്ടിൽ കയറി ഇറങ്ങിയവന്റെ ബുദ്ധിമുട്ട് ഒരിക്കലും രാജകുടുംബത്തിന് മനസ്സിലാകില്ല.
അവസാനമായി പറയട്ടെ വോട്ട് ആരും മോഷ്ടിക്കുന്നതല്ല രാഹുൽ ജീ… ജനങ്ങൾ നിങ്ങളെ അർഹിക്കുന്ന സ്ഥാനത്തേക്ക് തള്ളിക്കളയുന്നതാണ്.
അധികാരമില്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുന്നത് ജനാധിപത്യത്തോടുള്ള സ്നേഹം കൊണ്ടല്ല, അധികാരം തങ്ങളുടെ കുടുംബസ്വത്താണെന്ന ധാർഷ്ട്യം കൊണ്ടാണ്.
അവസാനമായി വേദനയോടെ ഒരുകാര്യം പറയട്ടെ. 65 – 70 വർഷം ഈ രാജ്യം ഭരിച്ച ഒരു മഹത്തായ കുടുംബത്തിലെ ഇളം തലമുറയാണ് നിങ്ങൾ. ഒരു കാലം വരെ ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരാജിയെയും ആ കുടുംബം നയിച്ച ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിനും 2013 വരെ ആ ജയ് വിളിച്ച കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. ആ കുടുംബത്തിന് ഇന്നും രാജ്യത്ത് ഒരു നിലയും വിലയുമുണ്ട്.
എന്നാൽ ഇപ്പോഴത്തെ നേതൃത്വത്തിന്റെ പോരായ്മ കാരണം, ഓരോ ദിവസവും നിങ്ങളുടെ പ്രതിച്ഛായ താഴോട്ട് പോകുകയാണ്. ലോകം അംഗീകരിച്ച ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവാണ് നിങ്ങൾ എന്ന ബോധം നിങ്ങൾക്കുണ്ടാകണം. ജനങ്ങളുടെ മുന്നിലും ലോകത്തിന്റെ മുന്നിലും നിങ്ങൾ ഒരു പരിഹാസ കഥാപാത്രമാകരുത്.
പണ്ടൊരു ചൊല്ലുണ്ട് – ‘ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാറില്ല’ എന്ന്. എന്നാൽ നിങ്ങൾ ആ ചൊല്ല് തെറ്റിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു.
തുടരും…..
എം. ബാബു ജയപ്രകാശ്………………✍️

