“ധർമോ രക്ഷതി രക്ഷിതഃ” (ധർമ്മത്തെ നീ കാത്താൽ, ധർമ്മം നിന്നെ കാക്കും)

Time Taken To Read 4 Minutes

നീതിയുടെ കാവൽക്കാരനായ DGP അഡ്വ. ടി. ആസഫ് അലിക്ക് ചുവന്ന കടുക്കനിട്ട മയ്യഴിയുടെ അഭിവാദ്യം.

കുറച്ചു ദിവസം മുൻപ് ശ്രീ. മുബാഷ് എന്നെ വിളിച്ചിരുന്നു. അഡ്വ. ടി. ആസഫലി രണ്ടാം തവണയും കേരളത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി സ്ഥാനമേറ്റതിൽ ‘സബർമതിയുടെ‘ നേതൃത്വത്തിൽ ഒരു സ്വീകരണം നല്കുന്നതിനെപ്പറ്റി തീരുമാനമെടുക്കാൻ ഒരു യോഗം ചേരുന്നുണ്ട്, ബാബുവേട്ടൻ നിർബന്ധമായും പങ്കെടുക്കണം എന്ന് പറഞ്ഞു.

സ്വീകരണം ഒക്‌ടോബറിൽ എല്ലാവർക്കും ഉചിതമായ ദിവസം കണ്ടെത്തണം എന്നായിരുന്നു അവരുടെ ഉദ്ദേശം

അന്ന് ഞാൻ ചെന്നൈയിലായിരുന്നു. മുൻകൂട്ടി നിശ്ചയിച്ചുള്ള പ്ലാൻ അനുസരിച്ച് ആ സമയത്ത് (ഒക്ടോബറിൽ) ഞാൻ ദുബായിൽ എത്തേണ്ടതായിരുന്നതിനാൽ  എന്റെ അസൗകര്യം ഞാൻ അദ്ദേഹത്തെ അറിയിച്ചു.

ആ മറുപടി ചിലപ്പോൾ എന്നെ അറിയാവുന്നവർക്ക് ഒരു ഒഴിവുകഴിവായി തോന്നിയിട്ടുണ്ടാവാം, അതിന് അവർക്ക് അവരുടേതായ കാരണങ്ങളുമുണ്ടാകാം. എങ്കിലും സ്വീകരണ വാർത്ത ഫേസ്ബുക്കിൽ കണ്ടപ്പോൾ, അഡ്വ. ആസഫലിയുമായുള്ള ചില ഓർമ്മകൾ ഞാൻ എഴുതി പോസ്റ്റ് ചെയ്തു.

ചുരുക്കം ചിലരുടേതൊഴിച്ചു അതിനു വലിയ റെസ്പോൺസൊന്നും കണ്ടില്ല. ഞാനും എന്റെ മുൻകൂട്ടി നിശ്ചയിച്ച ദുബായ് യാത്രയ്ക്കുള്ള ഒരുക്കങ്ങളുമായി തിരക്കിലായി ഇതിനിടയിൽ സ്വീകരണത്തിനുള്ള ഡേറ്റ് പ്രഖ്യാപിച്ചുള്ള മെസേജ്ഉം കണ്ടു

പറഞ്ഞുവരുന്നത് എന്തെന്നാൽ, ‘കഥ പറയുമ്പോൾ’ എന്ന സിനിമയുടെ ക്ലൈമാക്സിൽ അശോക് രാജ് (മമ്മൂട്ടി) പറയുന്ന ഒരു ഡയലോഗ് ഉണ്ട് – “ഓരോന്നിനും ഓരോ നിമിത്തമുണ്ട്” എന്ന്.

എന്നിട്ടു അദ്ദേഹത്തിന്റെ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലവും ബാലൻ എന്ന സുഹൃത്തിന്റെ ചങ്ങാത്തവും സിനിമാ കമ്പമുള്ള അശോക് രാജിന് കാതിലെ കടുക്കൻ ഊരിനൽകി ബാലൻ സഹായിച്ചതും പിന്നീട് സൗഹൃദം നഷ്ടപ്പെട്ടതും പറഞ്ഞു വിതുമ്പുമ്പോൾ എല്ലാം ആ സദസ്സിൽ നിന്നും ബാലൻ കേൾക്കുന്നുണ്ടായിരുന്നു

അത് പോലെ…?

എന്തോ ഒരു അടുപ്പം ആസഫലിയുമായി  എനിക്കുമുണ്ടായിരിക്കാം, അതായിരിക്കും ഇന്നത്തെ ഈ യോഗത്തിൽ എനിക്ക് പങ്കെടുക്കാൻ കാരണമായത്. അത് നമ്മുടെ വിധി പോലെ വന്നുചേരുന്നതാണ്. അല്ലെങ്കിൽ ഈ സമയം ഞാൻ ദുബായിൽ ഉണ്ടാവേണ്ടതാണ്.

അന്ന് മുബാഷിനോട് പങ്കെടുക്കാൻ സാധിക്കില്ല എന്ന് പറഞ്ഞത്, നിശ്ചയിച്ച പ്ലാൻ പ്രകാരം സ്ഥലത്ത് ഉണ്ടാകില്ല എന്ന സത്യം കൊണ്ടാണ്. എന്നാൽ ആ തീരുമാനത്തെ മാറ്റിമറിച്ചുകൊണ്ടു മറ്റൊരു കർമ്മത്തിനായി ദൈവം എന്നെ ഇവിടെ എത്തിച്ചിരിക്കുന്നു. ദൈവം നിശ്ചയിച്ച വഴിയിലൂടെ സഞ്ചരിക്കാൻ പലരെയും കാരണമാക്കിയിട്ടുണ്ട്.

ഞാൻ ദീർഘിപ്പിക്കുന്നില്ല കാരണം പൊതുവേ എന്റെ ബ്ലോഗ് വായിക്കുന്ന പലരും പറയാറുള്ളത് വളരെ നീണ്ടുപോകുന്നു ഇപ്പോൾ ആർക്കാണ് വായിക്കാൻ സമയമുള്ളതെന്നു.

അതിനർത്ഥം ഞാൻ ആരെയും എന്റെ ബ്ലോഗ് വായിക്കണമെന്ന് നിർബന്ധിച്ചു എന്നല്ല ഇഷ്ടവും താല്പര്യവുമുള്ളവർ വായിക്കും. ചിലർ അഭിപ്രായം പറയും

അന്ന് ആസഫലിയെ കുറിച്ച് ഞാൻ  ഫേസ്ബുക്കിൽ എഴുതിയത്, വെറും ചില ഓർമ്മകൾ മാത്രമായിരുന്നു. അത് കാണാത്തവർ ഉണ്ടാകാം. പക്ഷേ, മനസ്സിൽ തട്ടിയ ചില കാര്യങ്ങൾ കൂടി പറയാതെ പോകാൻ തോന്നിയില്ല, അതുകൊണ്ടാണ് ഈ കുറിപ്പ്.

അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒരുപോലെ ശാന്തനായി, ക്ഷമയോടെ നിൽക്കുന്ന വ്യക്തിയാണ് ആസഫലി. പദവിയോടോ പണത്തോടോ ഒരിക്കലും ആർത്തി കാണിച്ചിട്ടില്ല.

സ്ഥാനമോഹമില്ലാത്ത ഒരു പെരിങ്ങാടിക്കാരൻ കോൺഗ്രസ്സുകാരനാണ് ആസഫ് അലി. വാർഡ് മെമ്പറായാൽ പിറ്റേ വർഷം തന്നെ എം.എൽ.എയും എം.പിയും ആകാൻ വാശിപിടിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തനാണ് അദ്ദേഹം.

ലാൽസലാം സിനിമയിലെ നെട്ടൂരാനെ പോലെ – “ഒരു ബീഡിയുണ്ടോ സഖാവേ, തീപ്പെട്ടി എടുക്കാൻ” എന്ന് ചോദിക്കുന്ന നിഷ്ക്കളങ്കമായ പ്രകൃതം. ഒരു സ്ഥാനത്തിന്റെ പേരിൽ ഇന്നുവരെ പാർട്ടിയോട് പരിഭവമോ വെറുപ്പോ കാണിച്ചിട്ടില്ല.

പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് – അർഹതപ്പെട്ടിട്ടും എന്തുകൊണ്ടാണ് വിജയസാധ്യതയുള്ള ഒരു മണ്ഡലം കോൺഗ്രസ് നേതൃത്വം ആസഫ് അലിക്ക് നൽകാത്തത് എന്ന്.

1996 ൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച തെരഞ്ഞെടുപ്പിൽ, തലശ്ശേരിയിൽ സാക്ഷാൽ ഇ.കെ. നായനാർക്കെതിരെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത് അഡ്വ. ടി. ആസഫ് അലിയായിരുന്നു. 60,841 വോട്ട് നേടി നായനാർ വിജയിച്ചപ്പോൾ 36,340 വോട്ടുമായി ആസഫ് അലി പൊരുതി തോറ്റു. ആ തോൽവി അദ്ദേഹത്തിന്റെ പൊതുജീവിതം അവസാനിപ്പിച്ചില്ല, മറിച്ച് നിയമരംഗത്തെ പോരാളിയാക്കി.

തലശ്ശേരിയിൽ നായനാർക്കെതിരെ നേരിട്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് പുറമെ, നിയമപരമായും ഏറ്റവും ശക്തമായി അദ്ദേഹത്തെ വെല്ലുവിളിച്ചത് അഡ്വ. ടി. ആസഫ് അലിയാണ്.

അതോടൊപ്പം ഓർമ്മയിലെത്തിയ മറ്റു രണ്ടു സംഭവങ്ങൾ ?

ഒന്ന്, 1998 ൽ നായനാർ സത്യപ്രതിജ്ഞ ലംഘിച്ചു, അതിനാൽ തലശ്ശേരി എംഎൽഎ ആയി തുടരാൻ യോഗ്യനല്ല എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു

രണ്ട്, 1999 ൽ മുഖ്യമന്ത്രിയായിരുന്ന നായനാരെ വധിക്കാനും മദനിയുടെ മോചനത്തിനായി ഒരു സംഘം ഗൂഢാലോചന നടത്തിയ കേസിൽ ശരിയായ അന്വേഷണം നടന്നില്ല എന്ന് പറഞ്ഞ് NIA അന്വേഷണം ആവശ്യപ്പെട്ടതും ആസഫ് അലിയായിരുന്നു.

ഇത്രയൊക്കെ പറയുമ്പോഴും പറയട്ടെ എക്കാലവും ശ്രീമതി ഇന്ദിരാഗാന്ധിയോടും ശ്രീ കെ. കരുണാകരനോടും കാണിച്ച അതേ ലോയൽറ്റി കോൺഗ്രസ് പ്രസ്ഥാനത്തോട് കാണിക്കുന്ന നേതാവാണ് ആസഫലി.

പുതുച്ചേരിയുടെ മുൻ ഹോം മിനിസ്റ്റർ ശ്രീ. ഇ. വത്സരാജ്മായും കോൺഗ്രസ് കുടുംബത്തിലെ മറ്റ് മുതിർന്ന നേതാക്കളുമായും വർഷങ്ങളായി ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. മാഹി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോഴെല്ലാം ഒരു കോൺഗ്രസ് കുടുംബാംഗത്തെ പോലെ ഒപ്പം നിന്നിട്ടുണ്ട്.

ശ്രീ ആസഫലിയേ നേരിൽ കണ്ടിട്ട് ഏറെ നാളായി, എങ്കിലും സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കാറുണ്ട്.  ആസഫലിയേപ്പറ്റി ഓർമ്മയിൽ നിന്ന് എടുത്തു പറയുമ്പോൾ?

1977 ലെ ആ തീ പാറിച്ച തിരഞ്ഞെടുപ്പ് മുതലുള്ള അടുപ്പമാണ് ഞങ്ങൾ തമ്മിൽ.

അന്ന് പുതുച്ചേരി നിയമസഭയിലേക്ക് മത്സരം ശ്രീ പി.കെ. രാമൻ (കോൺഗ്രസ്) vs ശ്രീ കെ.വി. രാഘവൻ (സിപിഎം) തമ്മിലായിരുന്നു. മാഹി മുഴുവൻ തിളച്ചുമറിഞ്ഞ തെരഞ്ഞെടുപ്പ്.

അന്ന് SFI-CPM ന്റെ കോട്ടയായ മാഹിയിൽ, KSU-വിന് വേണ്ടി തൊണ്ട പൊട്ടും വരെ പ്രസംഗിച്ച് നേതാവായ ആളാണ് ശ്രീ ആസഫ് അലി.

“തീയിൽ കുരുത്തത് വെയിലത്ത് വാടില്ല”  എത്ര ഉചിതമായ പ്രയോഗം! പഴഞ്ചൊല്ലാണെങ്കിലും, ആസഫ് അലിയെക്കുറിച്ച് പറയുമ്പോൾ ഇന്നും ആ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയാണ്.

അന്ന് മറുപടി കൊടുക്കേണ്ടിയിരുന്നത് സി.പി.എമ്മിന്റെ ഫയർബ്രാൻഡുകളായ സഖാവ് എം.വി. രാഘവന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ചാട്ടുളി പ്രയോഗങ്ങൾക്കാണ്.

അതുകൊണ്ടുതന്നെ, പറയാനുള്ളതൊക്കെ ആസഫലി നേരത്തെ എഴുതി വെക്കും. പി.കെ.യുടെ വീട്ടിലെ വരാന്തയിലൂടെ കിഴക്കോട്ടും പടിഞ്ഞാറോട്ടും നടന്ന്, തന്റെ സ്വതസിദ്ധമായ ശൈലിയിൽ വിരൽ ചൂണ്ടി ഉരുവിട്ട് പരിശീലിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഉരുളയ്ക്ക് ഉപ്പേരി എന്നുപറഞ്ഞതുപോലെ ഒരടി പോലും പിന്നോട്ട് പോകാത്ത ആ പ്രസംഗം. അതാണ് ആസഫലി ശൈലി.

ഇതൊക്കെ  പറയുമ്പോൾ  ശ്രീ എ പി  ജയശീലേട്ടനുമായുള്ള ബന്ധം കൂടി പറയാതെ പോകുന്നത് ശരിയല്ല.

ഞങ്ങളെ സംബന്ധിച്ച് എ പി ജയശീലേട്ടൻ ഒരു സഹപ്രവർത്തകൻ മാത്രമല്ല, ഒരു വഴികാട്ടിയാണ്. ആസഫലിയും ജയശീലേട്ടനും  തമ്മിൽ പതിറ്റാണ്ടുകളുടെ ആത്മബന്ധമുണ്ട്.

പരിങ്ങാടി എം എം ഹൈ സ്‌കൂളിലൂടെ വിദ്ദ്യാഭ്യാസം തുടർന്ന് മടപ്പള്ളി കോളേജിൽ ബിരുദ പഠനം അതിനു ശേഷം നിയമപഠനം എല്ലാം ഓർമ്മകൾക്കുമപ്പുറമാണ്. എങ്കിലും നേർത്ത ഓർമ്മയി പറയുമ്പോൾ KSU – യൂത്ത് കോൺഗ്രസ് കാലം മുതൽ, കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയം കെട്ടിപ്പടുത്ത കാലം മുതൽ ഒരുമിച്ചുണ്ട്. കണ്ണൂരിൽ കോൺഗ്രസ് പ്രതിസന്ധിയിൽ നിന്ന സമയത്തൊക്കെ, ജയശീലേട്ടന്റെ സംഘടനാ മികവും ആസഫലിയുടെ നിയമപരമായ കരുത്തും ഒരുമിച്ചാണ് പാർട്ടിക്ക് താങ്ങായത്.

ആസഫലി ഒരിക്കലും ജയശീലേട്ടനെ  ഒരു നേതാവായിട്ടല്ല കണ്ടിട്ടുള്ളത്, ഒരു ജ്യേഷ്ഠ സഹോദരനായിട്ടാണ്. അന്നൊക്കെ എന്ത് പ്രധാന കാര്യം വന്നാലും ജയശീലേട്ടനോട്  സംസാരിക്കാതെ ആസഫലി ഒരു തീരുമാനവും എടുക്കില്ല. ആ ബഹുമാനം  അദ്ദേഹത്തിന്റെ വിയോഗം വരേ കാത്തുസൂക്ഷിച്ചു ഇന്നും ആ ഓർമ്മകൾ ഉണ്ട്.

ഇതൊക്കെ ജയശീലേട്ടൻ ഒരു തിരുവനതപുരം യാത്രയിൽ നേരിട്ട് പറഞ്ഞതാണ്

ശ്രീ ജയശീലേട്ടനെ മുൻ പരിചയം ഉണ്ടെങ്കിലും കൂടുതൽ അടുത്തത് , ശ്രീ. ആസഫ് അലിയിലൂടെയും ശ്രീ. വത്സരാജിലൂടെയുമാണ്

എന്റെ ഒരു ബന്ധുവിന്റെ കാര്യത്തിന് ശ്രീ. എ. സി. ജോസിനെ കാണേണ്ടതുണ്ടായിരുന്നു. കാര്യം ജയശീലേട്ടനോട് പറഞ്ഞപ്പോൾ, പലരും പറയുന്നതുപോലെ “നിങ്ങൾ പൊയ്ക്കോളൂ, ഞാൻ ഫോൺ ചെയ്തോളാം” എന്നല്ല അദ്ദേഹം പറഞ്ഞത്. “ഞാൻ കൂടെ വരാം” എന്നാണ് .

അങ്ങനെ മൂന്ന് ദിവസം അദ്ദേഹം ഞങ്ങളോടൊപ്പം തിരുവനന്തപുരം വരെ വന്നു. അത് ഞങ്ങൾക്ക് തന്ന മതിപ്പായിരുന്നില്ല, ആസഫ് അലിയിലൂടെയും വത്സരാജിലൂടെയും പരിചയപ്പെട്ട ഞങ്ങൾക്ക്, അവരോടുള്ള ബഹുമാനം കൊണ്ട് അദ്ദേഹം നൽകിയ മതിപ്പായിരുന്നു അത്.

എന്റെ ഓർമ്മ ശരിയാണെങ്കിൽ 1965 – 1970 മുതലാണ് ആസഫലി അദ്ദേഹത്തിന്റെ വിദ്യാർത്ഥി രാഷ്ട്രീയം തുടങ്ങുന്നത്. 

KSU വിനെ കെട്ടിപ്പടുത്തവരിൽ പ്രധാനികളുടെ ആശീർവാദത്തോടെ അതായത്

വിദ്യാർത്ഥിയായിരിക്കെ തന്നെ  അടിയന്തരാവസ്ഥക്കാലത്ത് (1975 – 77) കോൺഗ്രസിന് വേണ്ടി കണ്ണൂരിൽ ഉറച്ചു നിന്ന യുവനേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് കരുണാകരൻ അദ്ദേഹത്തെ “എന്റെ പയ്യൻ” എന്ന് വിളിച്ച് കൂടെ നിർത്തിയത്. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലേക്കും, KPCC ലേക്കും അദ്ദേഹം എത്തപ്പെട്ടത് ആ വിശ്വാസം കൊണ്ടാണ്..

കലാലയ രാഷ്ട്രീയത്തിന്റെ നിറകാലത്ത്, ശ്രീ. എ.കെ. ആന്റണി, ശ്രീ. വയലാർ രവി, ശ്രീ. വി.എം. സുധീരൻ, ശ്രീ. ഉമ്മൻ ചാണ്ടി തുടങ്ങിയ കരുത്തരായ നേതാക്കൾക്കൊപ്പമുള്ള പ്രവർത്തനം, ആസഫലിയെ കൂടുതൽ സ്പുടം ചെയ്തെടുത്ത ഒരു വിദ്യാർത്ഥി നേതാവാക്കി മാറ്റി. അവിടുന്നങ്ങോട്ട് ആസഫലിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

പലതും ഓർമ്മകൾക്കും അപ്പുറമാണ് എങ്കിലും പറയട്ടെ വിദ്ദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ തിളങ്ങി വന്ന ഒരു പെരിങ്ങാടിക്കാരന്റെ നാൾ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ

ഒരു വിദ്യാർത്ഥി നേതാവിൽ നിന്ന് കേരളത്തിലെ പ്രമുഖ അഭിഭാഷകനായും കോൺഗ്രസ് നേതാവുമായി വളർന്ന അഡ്വ. ടി. ആസഫ് അലിയുടെ അരനൂറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ യാത്ര നമുക്ക് മുൻപിൽ ഒരു തുറന്ന പുസ്തകമായിട്ടുണ്ട്.

അദ്ദേഹത്തിന്റെ പൊതുജീവിതം തുടങ്ങുന്നത് സ്കൂൾ കാലത്ത് തന്നെയാണ്. 1971 ൽ ന്യൂ മാഹി എം.എം. ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായാണ് തുടക്കം. തൊട്ടടുത്ത വർഷം തന്നെ, 1971-1972 ൽ, തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

കോളേജ് കാലമായപ്പോൾ നേതൃത്വം കൂടുതൽ ശക്തമായി. 1975 മുതൽ 1977 വരെ ഗവ. കോളേജ് മടപ്പള്ളിയിലെ കെ.എസ്.യു പ്രസിഡണ്ടായി പ്രവർത്തിച്ചു. ഈ മികവ് അദ്ദേഹത്തെ ജില്ലാ നേതൃത്വത്തിലേക്ക് എത്തിച്ചു. 1977- 1978 ൽ  കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി.

വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സംസ്ഥാന നേതൃത്വത്തിലേക്കുള്ള വളർച്ച പിന്നീട് വേഗത്തിലായിരുന്നു. 1979 ൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായ അദ്ദേഹം, 1979 മുതൽ 81 വരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി. 1982 മുതൽ 84 വരെ ദേശീയ തലത്തിൽ എൻ.എസ്.യു.ഐ നാഷണൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.

യുവജന രാഷ്ട്രീയത്തിലേക്കുള്ള മാറ്റം 1985 -1987 കാലത്താണ്. അന്ന് കേരള പ്രദേശ് യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

പിന്നീട് കോൺഗ്രസിന്റെ സംഘടനാ രംഗത്ത് സജീവമായി. 1997 മുതൽ 2005 വരെ കണ്ണൂർ ഡി.സി.സിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. 2005 മുതൽ ഇന്നുവരെ കെ.പി.സി.സി അംഗമാണ്.

നിയമരംഗത്തെ രാഷ്ട്രീയ പ്രവർത്തനത്തിലും അദ്ദേഹം നേതൃത്വം വഹിച്ചു. 2008 ൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറിയും, 2009 മുതൽ 2013 വരെ അതിന്റെ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു.

സ്കൂൾ യൂണിറ്റ് പ്രസിഡണ്ടിൽ നിന്ന് തുടങ്ങി കെ.പി.സി.സി അംഗം വരെയുള്ള ഈ യാത്ര, അമ്പത് വർഷത്തിലേറെയായി കോൺഗ്രസ് പ്രസ്ഥാനത്തിനൊപ്പമുള്ള അടിയുറച്ച നിലപാടിന്റെ തെളിവാണ്.

ശ്രീ കെ. കരുണാകരൻ കോൺഗ്രസ്സിന്റെ നേതാവ് എന്നതിലുപരി INTUC യുടെ സ്ഥാപക നേതാവും (1948 ൽ ആദ്യത്തെ സംസ്ഥാന സെക്രട്ടറി) പിന്നീട്  കോൺഗ്രസ്സിലെ ‘I’ ഗ്രൂപ്പിന്റെ അമരക്കാരനായിരുന്നു കെ. കരുണാകരൻ.

അദ്ദേഹത്തിന്റെ പ്രത്യേകത KSU വിൽ നിന്നും യൂത്ത് കോൺഗ്രസ്സിൽ നിന്നും വരുന്ന തീപ്പൊരി നേതാക്കളെ നേരിട്ട് കണ്ടെത്തി വളർത്തുക എന്നതായിരുന്നു – ജി. കാർത്തികേയൻ, രമേശ് ചെന്നിത്തല, കെ.വി. തോമസ് തുടങ്ങി മൂന്ന് തലമുറ നേതാക്കൾ അങ്ങനെ വളർന്നു വന്നവരാണ്.

ആസഫലി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടതും അങ്ങനെയാണ്.”

“എൻറിക്ക ലെക്സി കേസിൽ ലോകം മുഴുവൻ നോക്കി നിൽക്കുമ്പോൾ, കേരളത്തിന്റെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി നീതിക്ക് വേണ്ടി വാദിച്ചത് നമ്മുടെ ആസഫലിയായിരുന്നു. അതാണ് കരുണാകരൻ പഠിപ്പിച്ച നീതിബോധം.”

ജയശീലേട്ടനെ പറ്റി പറയുമ്പോൾ ഒരു പഴയ സംഭവം കൂടി ഓർമ്മയിലെത്തി.

അടിയന്തരാവസ്ഥയ്ക്കു ശേഷം പാർട്ടി പിളർന്നു. അന്ന് ഡി.സി.സി. ഓഫീസ് കൈവിട്ടു പോകാതിരിക്കാൻ എതിർവിഭാഗം തീർത്ത പദ്മവ്യൂഹം ഇന്നും ഓർമയിലുണ്ട്. വായുവിൽ കല്ലുകൾ പറന്നു നടക്കുന്നതൊക്കെ ദൂരെ നിന്ന് കാണാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.

അടിയന്തരാവസ്ഥയ്ക്ക് ശേഷം കോൺഗ്രസ് പിളർന്ന സമയമായിരുന്നു. കേന്ദ്രത്തിൽ ജനതാ പാർട്ടി അധികാരത്തിൽ വന്നപ്പോൾ, കേരളത്തിൽ കെ. കരുണാകരന്റെയും പിന്നീട് എ.കെ. ആന്റണിയുടെയും നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരായിരുന്നു. ആ പിളർപ്പിൽ ഇന്ദിരാ കോൺഗ്രസിൽ നിന്ന് മാറി നിന്നവരുടെ നേതൃത്വത്തിൽ എത്തിയ സംഘവും പോലീസും ചേർന്ന് കണ്ണൂർ ഡി.സി.സി ഓഫീസിന് ചുറ്റും വലയം തീർത്തിരുന്നു. ആ വലയം ഭേദിച്ചാണ് ഞങ്ങൾ ഓഫീസ് സംരക്ഷിച്ചത്.

അന്ന് കണ്ണൂർ ഐ ടി ഐ ൽ നിന്ന് ഞാനടക്കം കുറച്ചുപേർ ഡിസിസിയിലേക്കു പോയിരുന്നു. ഓഫീസ് കാക്കാൻ മുൻനിരയിൽ ഉണ്ടായിരുന്നത് എൻ. രാമകൃഷ്ണനും എ.പി. ജയശീലനുമായിരുന്നു.

(ഓർമ്മയിൽ നിന്നും എടുത്തെഴുന്നതാണ്  ചില അപാകതകൾ കണ്ടേക്കാം. പല പേരുകളും ഓർമ്മകളിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു )

1977 – 1979 കാലങ്ങളിൽ ഞാനും വത്സരാജും മിക്കവാറും ദിവസങ്ങളിൽ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാൻ രാത്രി ഏറെ വൈകിയും പെരിങ്ങാടിയിലുള്ള വീട്ടിൽ പോകുക പതിവായിരുന്നു. ചിലപ്പോൾ ബഷീറും എൻ.പി. ഭാസ്കരനും ചർച്ചയിൽ ഉണ്ടാകും.   

ഒരിക്കൽ ഞാൻ ആസഫലിയെ അന്വേഷിച്ച് വീട്ടിൽ പോയപ്പോൾ അദ്ദേഹം അവിടെ ഇല്ല. വാതിൽ തുറന്നു ഒരു യുവതി വന്നു ആരാ എന്ന് ചോദിച്ചു. ഞാൻ പേര് പറഞ്ഞു, മാഹിയിൽനിന്നും ‘ബാബു വന്നിരുന്നു എന്ന് പറഞ്ഞാൽ മതി’.

പിന്നെ ചോദ്യങ്ങളുടെ തുടർച്ചയായിരുന്നു – മാഹിയിൽ നിന്നോ,? മാഹിയിൽ എവിടെ,? എന്തിനാ വന്നത്?

ഒടുവിൽ ഞാൻ പറഞ്ഞു വത്സരാജിന്റെ ഫ്രണ്ടാണെന്ന്. രാത്രി അദ്ദേഹത്തെ കണ്ടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കുള്ള കട്ടൻ ചായയുമായി ഇവർ എത്തിയ നേരം ഈ വിവരം ഞാൻ അസഫലിയോട്  പറഞ്ഞു…  ആസഫലി പറഞ്ഞത്, എന്റെ സഹോദരിയാണ്

അന്ന് മൊബൈൽ ഫോണൊന്നും ഇല്ലാത്ത കാലമാണ്. ആസിഫ് അലി ഞങ്ങളോട് പറയുമായിരുന്നു, വീട്ടിലേക്ക് വരുന്ന ഫോൺ കോളുകളെല്ലാം സിസ്റ്റർ ഒരു പ്രൈവറ്റ് സെക്രട്ടറിയെപ്പോലെ കൃത്യമായി നോട്ട് ചെയ്ത് സഹായിക്കാറുണ്ടെന്ന്. അതൊക്കെ ഇപ്പോഴും ഓർമ്മയിലുണ്ട്.

പിന്നീട് ഞാൻ ദുബായിലേക്ക് മാറിയതുകൊണ്ട് കൂടുതൽ ഇടപഴകാൻ സാധിച്ചില്ല. വെക്കേഷന് നാട്ടിൽ വരുമ്പോഴൊക്കെ കാണുമായിരുന്നു.   എങ്കിലും അന്ന് കണ്ട അതേ സ്നേഹവും ബഹുമാനവും ഇന്നും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.

അഡ്വ. ടി. ആസഫ് അലിയുടെ പ്രൊഫഷണൽ നാൾവഴികൾ പരിശോദിക്കുമ്പോൾ

തുടക്കത്തിൽ ഓറിയന്റൽ ഇൻഷുറൻസ്, KSEB, യൂണിയൻ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാൻഡിംഗ് കൗൺസലായിരുന്നു. ഭരണഘടനാ നിയമത്തിലെ പ്രാവീണ്യം അദ്ദേഹത്തെ മദ്രാസ്, കർണാടക ഹൈക്കോടതികളിലും സുപ്രീം കോടതിയിലും എത്തിച്ചു. 2011ൽ പ്രാക്ടീസ് പൂർണ്ണമായും കേരള ഹൈക്കോടതിയിലേക്ക് മാറ്റി.

2011 മുതൽ 2016 വരെ കേരളത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയിരിക്കുമ്പോൾ അദ്ദേഹം ഒരു കാര്യം കേരള ജനതയോട് പറഞ്ഞു. പ്രോസിക്യൂട്ടർ എന്നാൽ ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നവൻ മാത്രമല്ല, നീതിയുടെ മന്ത്രിയാണ് – “We are ministers of justice”.

ആ കാഴ്ചപ്പാട് കൊണ്ടാണ് കേരളത്തിലെ പ്രോസിക്യൂഷൻ സംവിധാനത്തിന് ആസഫലി പുതിയ മുഖം നൽകിയത്. അതുകൊണ്ടുതന്നെയാണ് കേരളം കണ്ട ഏറ്റവും മികച്ച DGP മാരിൽ ഒരാളായി അദ്ദേഹം മാറിയതും.

DGP ആയിരിക്കെ IPC യുടെ 155-ാം വാർഷികം രാഷ്ട്രപതി പ്രണബ് മുഖർജിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. ജസ്റ്റിസ് യു.യു. ലളിത്, റാം ജെത്മലാനി തുടങ്ങിയ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രോസിക്യൂട്ടർമാർക്ക് പരിശീലനം നൽകി.

അദ്ദേഹം നേടിയ 6 നിർണായക വിധികൾ:

1. ലാവലിൻ: KSEB കരാർ അഴിമതിയിൽ CBI അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് വാങ്ങി.

2. പെരിയ ഇരട്ടക്കൊല: കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ കൊലപാതകത്തിൽ CBI അന്വേഷണം വാങ്ങി, പ്രതികൾ ശിക്ഷിക്കപ്പെട്ടു.

3. താജുദ്ദീന് നീതി: വ്യാജ കേസിൽ 51 ദിവസം ജയിലിലായ താജുദ്ദീന് 14 ലക്ഷം നഷ്ടപരിഹാരം വാങ്ങി, തുക പോലീസുകാരിൽ നിന്ന് ഈടാക്കാൻ ഉത്തരവ് വാങ്ങി.

4. സ്പ്രിൻക്ലർ: കോവിഡ് കാലത്ത് ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറുന്നത് ഹൈക്കോടതി വഴി തടഞ്ഞു.

5. നിയമസഭാ കോലാഹലം: കേസ് സർക്കാർ പിൻവലിച്ചതിനെതിരെ സുപ്രീം കോടതി വരെ പോരാടി, പിൻവലിക്കൽ തടഞ്ഞു.

6. പോലീസ് ആക്ട്: 2011-ലെ കേരള പോലീസ് ആക്ട് സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകി.

സംസ്ഥാനത്തിന് വേണ്ടി ജയിച്ച 3 വലിയ കേസുകൾ:

സൂര്യനെല്ലി: 6 മാസം വാദിച്ച് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി.

എൻറിക്ക ലെക്സി: മത്സ്യത്തൊഴിലാളികളെ കൊന്ന ഇറ്റാലിയൻ നാവികരുടെ കേസ് റദ്ദാക്കാനുള്ള നീക്കം തടഞ്ഞു.

എം.വി. പ്രബുദ്ധയ: മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട കേസിൽ ചെന്നൈയിൽ ഒളിച്ച ക്യാപ്റ്റന്റെ മുൻകൂർ ജാമ്യം മദ്രാസ് ഹൈക്കോടതിയിൽ പോയി തള്ളിച്ചു, അറസ്റ്റ് ചെയ്ത് കൊല്ലത്ത് എത്തിച്ചു

2012 ൽ കേരള തീരത്ത് കൊല്ലത്തിനടുത്ത് ഇറ്റാലിയൻ കപ്പൽ Enrica Lexie യിലെ നാവികർ മത്സ്യത്തൊഴിലാളികളായ രണ്ട് പേരെ വെടിവെച്ച് കൊന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ വിവാദമായി.

അന്ന് ആസഫലി DGP ആയിരുന്നു 2011-2016 കാലഘട്ടം

അദ്ദേഹം കേരളത്തിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായി പറഞ്ഞത്:

ഇത് കൊലപാതകമാണ്, രാഷ്ട്രീയ കേസല്ല.

പ്രതികൾ വിദേശികളാണെങ്കിലും ഇരകൾ പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ്, അവർക്ക് നീതി കിട്ടണം.

വിചാരണ വൈകിപ്പിക്കരുത്, ദില്ലിയിലേക്ക് മാറ്റരുത് – കൊല്ലം സെഷൻസ് കോടതിയെ തന്നെ സ്പെഷ്യൽ കോടതിയായി പ്രഖ്യാപിച്ച് വേഗത്തിൽ വിചാരണ നടത്തണം, കാരണം സാക്ഷികളും തെളിവുകളും എല്ലാം കേരളത്തിലാണ്. 

ഇവിടെയാണ് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാകുന്നത്:

അന്ന് വികാരം ഇളക്കി രാഷ്ട്രീയം കളിക്കാൻ ആസഫലി നിന്നില്ല. അദ്ദേഹം നിയമത്തിന്റെ വഴിയിൽ ഉറച്ചു നിന്നു. ഇരകളായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വേഗത്തിൽ നീതിയും നഷ്ടപരിഹാരവും കിട്ടണം എന്ന് മാത്രമാണ് ആസഫലി ആവശ്യപ്പെട്ടത്.

അതുകൊണ്ടാണ് സുപ്രീം കോടതി പോലും അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചത്.

ഒടുവിൽ മരണപ്പെട്ടവർക്ക് 4 കോടി രൂപവീതവും ബോട്ടുടമയ്ക്ക് 2 കൊടിയും നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പ്ച്ചതു

ഇത് തന്നെയാണ് കരുണാകരൻ 1976 ൽ പറഞ്ഞ “We are ministers for justice” എന്നതിന്റെ തുടർച്ച – മന്ത്രിയായാലും, പ്രോസിക്യൂട്ടറായാലും, ലക്ഷ്യം പ്രതികാരമല്ല, നീതിയാണ്.

വിദ്യാഭ്യാസ രംഗത്തെ നിശബ്ദ വിപ്ലവം

1919 ൽ സ്ഥാപിതമായ, മലബാറിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നായ പെരിങ്ങാടി എം.എം. യു.പി, എം.എം.എച്ച്.എസ്.എസ്, എം.എം നഴ്സറി സ്കൂളുകളുടെ നടത്തിപ്പുകാരായ എം.എം. എജ്യുക്കേഷൻ സൊസൈറ്റിയുടെ പ്രസിഡന്റായി കഴിഞ്ഞ 15 വർഷത്തിലേറെയായി പ്രവർത്തിക്കുകയാണ് അഡ്വ. ആസഫ് അലി.  

അദ്ദേഹത്തിന്റെ വ്യക്തിപരമായ കരുതലും നിരന്തര ശ്രദ്ധയുമാണ് ഈ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിലെത്തിച്ചത്. സ്കൂളിന്റെ നിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും അദ്ദേഹം വലിയ പരിശ്രമമാണ് നടത്തിയത്.

അതിന്റെ ഫലം കണ്മുന്നിലുണ്ട് – തുടർച്ചയായ 4 വർഷങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ 100% വിജയം. 2025 ൽ പ്ലസ് ടുവിന് കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം. കായിക മത്സരങ്ങളിൽ തുടർച്ചയായി സബ് ജില്ലാ ചാമ്പ്യൻഷിപ്പ്.

ഇവിടെ എല്ലാം മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് – അധ്യാപക നിയമനമായാലും, പ്ലസ് ടു പ്രവേശനമായാലും. ഒരു തരത്തിലുള്ള ശുപാർശയ്ക്കോ സ്വാധീനത്തിനോ അദ്ദേഹം നിന്നുകൊടുക്കില്ല, എല്ലാം സുതാര്യമായിരിക്കും.

പെരിങ്ങാടി മൗലാനാ ആസാദ് ലൈബ്രറിയുടെ സ്ഥാപകനും പ്രസിഡന്റുമാണ് അദ്ദേഹം.

രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തുസൂക്ഷിക്കുമ്പോഴും, പ്രവർത്തിക്കുന്ന മേഖലകളിൽ സുതാര്യതയും അച്ചടക്കവും നിർബന്ധമാണ്. കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ, ബന്ധമോ സൗഹൃദമോ നോക്കാതെ ശക്തമായി പ്രതികരിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്.

“അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടായാൽ ആ സമൂഹം ഉന്നതിയിലെത്തും.”

സമൂഹത്തിന്റെ വളർച്ചയിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ, കമ്മിറ്റി അംഗങ്ങളും മാനേജ്മെന്റും വളരെ കരുതലോടെ സ്കൂളിന്റെ ദൈനംദിന കാര്യങ്ങളിൽ ഒരു വീഴ്ചയും വരുത്താതെ ശ്രദ്ധിക്കുന്നുണ്ട്.

താൻ വിദ്യ നേടിയ സ്ഥാപനത്തിന്റെ ശോചനീയാവസ്ഥ മാറ്റി, ഇന്ന് കാണുന്ന നിലയിലേക്ക് ഉയർത്താൻ നിശ്ചയദാർഢ്യത്തോടെ വഴികാട്ടിയായത് അഡ്വ. ടി. ആസഫ് അലിയാണ്.

ഈ ആദരം അർഹതപ്പെട്ട കൈകളിൽ തന്നെ എത്തിയിരിക്കുന്നു.

അവസാനമായി ഒന്നുകൂടി പറഞ്ഞു നിർത്താം..

അടുത്ത തവണയും ശ്രീ ആസഫലി അഡ്വക്കറ്റ് ജനറലായി സ്ഥാനമേൽക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ആ പ്രാർത്ഥനയ്ക്ക് രണ്ട് അർത്ഥമുണ്ട്, അതായത് അടുത്ത തവണയും കോൺഗ്രസ് അധികാരത്തിലെത്തണം. 

അഡ്വ. ടി. ആസിഫ് അലിക്ക് അർഹതക്കുള്ള അംഗീകാരമായി കേരളത്തിന് നേർവഴി കാട്ടുന്ന നിയമമന്ത്രിയാകാൻ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ

യതോ ധർമ്മസ്തതോ ജയഃ”

സത്യമേവ ജയതേ നാനൃതം
സത്യേന പന്ഥാ വിതതോ ദേവയാനഃ

(സത്യം മാത്രമേ ജയിക്കൂ, അസത്യമല്ല.)

(സത്യം കൊണ്ടാണ് ദേവന്മാരുടെ വഴി, ദേവയാനം, വിരിച്ചിരിക്കുന്നത്)

അഡ്വ. ടി. ആസിഫ് അലിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.

സ്നേഹപൂർവ്വം,

എം. ബാബു ജയപ്രകാശ്………………….✍️

കൂടുതൽ അറിയാൻ എന്റെ ബ്ലോഗ് സന്ദർശിക്കുക https://chuvannakatukanittamayyazhi.com

3 Comments

  1. mortallybearc1f2f65e5e's avatar mortallybearc1f2f65e5e says:

    Thank you and have a pleasent Sunday evening, Babu Jayaprakash.
    Regards,

    Like

    1. Unknown's avatar Anonymous says:

      Thank you dear brother for the kind sentiments expressed. Sincerely yours.

      Like

      1. Unknown's avatar Anonymous says:

        Great, it is more than a Biography. Done it well. Congrats 💐💐💐

        Like

Leave a Comment