Time Taken To Read 4 Minutes
മുഖവുര
ഈ കുറിപ്പ് ആരെയും കുറ്റപ്പെടുത്താനല്ല. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനുമല്ല.
തലമുറകളായി നമ്മുടെ തറവാടുകളിലും, കാവുകളിലും, തെയ്യക്കോലങ്ങളിലും നമ്മൾ കാത്തുസൂക്ഷിച്ച ചില ആചാരങ്ങളുണ്ട്, മര്യാദകളുണ്ട്. അത് വെറും ചടങ്ങുകളല്ല. അത് നമ്മുടെ ജീവിതമാണ്, നമ്മുടെ ഓർമ്മയാണ്, നമ്മൾ എങ്ങനെ ഒന്നായി നിന്നു എന്നതിന്റെ അടയാളമാണ്.
പക്ഷെ ഇന്ന് എന്താണ് സംഭവിക്കുന്നത്?
പണ്ടൊക്കെ ആഘോഷമായാലും, മംഗളകർമ്മമായാലും, മരണാനന്തര ചടങ്ങുകളായാലും ഓരോ കുടുംബത്തിൽ പെട്ടവർക്ക് കുലത്തിൽ പെട്ടവർക്ക് ഓരോ ആചാരത്തിനും അതിന്റേതായ മര്യാദകളുണ്ടായിരുന്നു. വിശ്വസിക്കുന്നവർ അത് കൃത്യമായി ഉൾക്കൊണ്ട് ആചരിച്ചിരുന്നു. വിശ്വസിക്കാത്തവർ പോലും അതിൽ അനാവശ്യമായി ഇടപെടുകയോ കളിയാക്കുകയോ ചെയ്തിരുന്നില്ല; മറിച്ച് ആ ആചാരങ്ങളെ ബഹുമാനിച്ചിരുന്നു.
കാലം പോകെ കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബ മായിത്തുടങ്ങിയതോടെ പല ആചാരങ്ങളിലും വ്യതിചലനം അഡ്ജസ്റ്റ്‌മെന്റ് ചെയ്യാൻ തുടങ്ങി അറിയാവുന്ന അറിവുകൾ പറഞ്ഞു കൊടുക്കാത്തതു കൊണ്ട് പലതും ഒഴിവാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എങ്കിലും ചിലയിടങ്ങളിൽ അവർ കണ്ടു വളർന്ന ചടങ്ങുകൾ പറഞ്ഞും ചെയ്തും പോകുന്നുണ്ട്.
ഇവിടെയാണ് ഇപ്പോൾ തർക്കങ്ങൾ ഉണ്ടാകുന്നത്. അറിയാത്തവർ തെറ്റായി ചെയ്യുന്നു. ചിലപ്പോൾ വിശ്വാസം കൊണ്ടല്ല, അഹങ്കാരം കൊണ്ടാണ് തർക്കങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട് മരണവീട്ടിൽ പോലും സമാധാനം ഇല്ലാതാകുന്നു.
ഇന്ന് ആർ.എസ്.എസ്. വ്ശ്വ ഹിന്ദു പരിഷത് സേവാ ഭാരതി പോലുള്ള സംഘടനകൾ മുൻകൈയെടുത്തു ജാതിയുടെപേരിൽ വിഘടിച്ചു നിൽക്കുന്ന ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ, ജാതി ഇല്ലാതാക്കാൻ, “നമ്മൾ എല്ലാവരും ഒന്നാണ്” എന്ന് പഠിപ്പിക്കാൻ ശ്രമിക്കുന്ന കാലമാണ്.
ജാതി നോക്കാതെയുള്ള വിവാഹങ്ങൾ വരെ അവർ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ ഒന്നാകാൻ ശ്രമിക്കുന്ന സമയത്ത് തന്നെ, നമ്മൾ നമ്മുടെ കാവുകളിൽ, നമ്മുടെ ആചാരങ്ങളുടെയും വിശ്വാസത്തിന്റേയും പേരിൽ തെറ്റി പിരിഞ്ഞാലോ?
പണ്ടുകാലത്ത് പാളയിൽ ഭക്ഷണം നൽകിയിരുന്നത് താഴ്ന്നവരോടുള്ള അയിത്തമായും, ഗോമൂത്രവും ചാണകവെള്ളവും തളിക്കുന്നത് ബ്രാഹ്മണ മേധാവിത്വമായും ചിത്രീകരിച്ച് ജനങ്ങളിൽ വെറുപ്പുണ്ടാക്കാൻ ചിലർ ശ്രമിച്ചു. മനുഷ്യരെ തമ്മിൽ അകറ്റുന്നതിൽ അവർ ഏറെ വിജയിക്കുകയും ചെയ്തു.
പക്ഷേ, അതിനൊക്കെ പിന്നിൽ പൗരാണികമായ ശാസ്ത്രീയമായ കാരണമുണ്ടായിരുന്നുവെന്ന് ആരും മനസ്സിലാക്കിയില്ല.
മരണവീട്ടിലെ പുലയും, ജനനത്തോടനുബന്ധിച്ചുള്ള വാലായ്മയും, മരണവീടോ ആശുപത്രിയോ സന്ദർശിച്ചാൽ വീട്ടിലെത്തി കുളിക്കണമെന്നും കൈ കാലുകൾ കിണ്ടിയിലെ വെള്ളം ഉപയോഗിച്ച് ഉപയോഗിച്ച് ശുദ്ദിവരുത്തുന്നത് ആചാരങ്ങളെയൊക്കെ എതിർത്തവർ തന്നെയാണ് 2018 ലും 2020 ലും അതിനെ ‘ക്വാറന്റൈൻ’ ! സാനിറ്റയിസർ? എന്ന ഇംഗ്ലീഷ് പേരിൽ സന്തോഷത്തോടെ അനുഷ്ഠിച്ചത്.
പണ്ടുകാലങ്ങളിൽ പാളയിൽ ഭക്ഷണം നൽകുന്നതിനെ അയിത്തമായി കണ്ടവർ തന്നെയാണ്, ഇന്ന് സ്വന്തം വീട്ടിലെ ആഘോഷങ്ങളിൽ സ്റ്റാറ്റസിന്റെ ഭാഗമായി പാളയിൽ തന്നെ ഭക്ഷണം വിളമ്പുന്നത്. ഇതിലെ വിരോധാഭാസം അവർ തിരിച്ചറിയുന്നില്ല.
ചൈനയുടെ കൃത്രിമ സൂര്യനും, ഇലോൺ മസ്കിന്റെ ന്യൂറാലിങ്കും ഒക്കെ നമ്മുടെ പുരാണങ്ങളിൽ എത്രയോ മുൻപ് പറഞ്ഞതാണ്. ഇതിനെ പറ്റി വിശദമായി ഞാൻ എന്റെ ബ്ലോഗിൽ എഴുതിയിട്ടുണ്ട്, താല്പര്യമുള്ളവർക്ക് അവിടെ തിരഞ്ഞ് വായിക്കാം.
ഞാൻ ഇതിനുമുൻപ് പല ലേഖനങ്ങളിൽ എഴുതിയത് ഒന്നുകൂടി ആവർത്തിക്കുന്നു ഭാരതീയ പുരാണങ്ങളിൽ പറഞ്ഞതിനപ്പുറം ഒരു ആധുനിക ശാസ്ത്രവും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് പറയുമ്പോഴും ഓർമ്മിപ്പിക്കട്ടെ സായിപ്പിന്റെ വാമൊഴിയിലൂടെ ഇത്തരം കാര്യങ്ങൾ കേട്ടാൽ ആഹാ. പുരാണങ്ങളെ ഉദ്ധരിച്ചു താരതമ്യം ചെയ്തു പറഞ്ഞാൽ അത് അന്ധ വിശ്വാസം! പ്രാകൃത ചിന്തകൾ …! ഈ ഇരട്ടത്താപ്പ് ഒഴിവാക്കിയാൽത്തന്നെ ഹിന്ദുക്കളുടെ ഏകീകരണം വേഗത്തിലാകും
നിരവധി ആചാരങ്ങൾ നാം ഇല്ലാതാക്കിയതാണ് ഇന്ന് കാണുന്ന ലോകാവസ്ഥയ്ക്ക് കാരണമെന്ന് ചിലർ പറയുന്നു. പക്ഷെ സത്യം അതല്ല.
ആചാരങ്ങൾ ഇല്ലാതായതല്ല പ്രശ്നം. ആചാരങ്ങളുടെ പിന്നിലെ പൊരുളും ശാസ്ത്രവും മനസ്സിലാക്കാതെ, അതിനെയെല്ലാം ‘അന്ധവിശ്വാസം’ എന്ന് മുദ്രകുത്തി നമ്മൾ വലിച്ചെറിഞ്ഞു. അതാണ് ഇന്നത്തെ പല ദുരന്തങ്ങൾക്കും കാരണം.
ഈ കുറിപ്പിലെ കഥകൾ സാങ്കൽപ്പികമല്ല. നമ്മുടെ ചുറ്റും നടക്കുന്നതാണ്. ഞാൻ കണ്ടതും കേട്ടതുമായ ചില അനുഭവങ്ങളാണ് ഈ കുറിപ്പിന് ആധാരം. ഇങ്ങനെയാണ് ഓരോ ആചാരങ്ങളും വികലമായതു ഇത് എന്റെ അഭിപ്രായമാണ്
ഇങ്ങനെ പറയാൻ കാരണം, പലപ്പോഴും ഇത്തരം ചടങ്ങുകളിൽ ഞാൻ കണ്ട? ഞാൻ ചെയ്ത കർമങ്ങളുടെ രീതി എന്റെ അറിവ് പറഞ്ഞു കൊടുക്കുമ്പോൾ അത് ഉൾക്കൊള്ളുന്നതിന് പകരം വിമർശനവും പരിഹാസവും കേൾക്കേണ്ടി വന്നിട്ടുണ്ട് . എങ്കിലും ഉൾക്കൊള്ളാൻ പറ്റുന്നവർ ഉൾക്കൊള്ളട്ടെ എന്ന ചിന്തയോടെ അറിവുകൾ പകർന്ന് നൽകാറുണ്ട്.
അപ്പോഴൊക്കെ തർക്കത്തിന് വഴിയിടാതെ, മനപ്രയാസം ഉള്ളിൽ ഒതുക്കി, അവരുടെ അഭിപ്രായത്തിന് വഴങ്ങി കൊടുത്ത് ഞാൻ ചടങ്ങുകൾ പൂർത്തിയാക്കാറുണ്ട്.
ചിലയിടങ്ങളിൽ ചില കൊപ്രായങ്ങൾ കാട്ടിയതിന്റെ അനുഭവവും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എന്നാൽ വിശ്വസിക്കുന്നവർക്ക് അതൊക്കെ തന്നെ വലിയ ലക്ഷണങ്ങളാണ്. അത് ശുഭമാകാം അശുഭമാകാം “അറ്റ്‌ലസ് രാമചന്ദ്രന്റെ വാക്കുകൾ കടമെടുത്തു പറയട്ടെ “വ്ശ്വാസമല്ലേ എല്ലാം.:”
പറഞ്ഞുവരുന്നത് ഇത്തരം അവസ്ഥ പൂർണമായും ഇല്ലാതാക്കി, ഇനി വരുന്ന തലമുറയ്ക്ക് യാതൊരു അങ്കലാപ്പും ഇല്ലാതെ, അതാതു ആചാര അനുഷ്ഠാനങ്ങൾ അതിന്റെ ശുദ്ധിയോടെ പകർന്നു നൽകണം എന്ന ഒരേ ഒരു ആഗ്രഹം കൊണ്ടാണ് ഇത് എഴുതുന്നത്.
അതായത് എല്ലാ കാവുകളെയും ക്ഷേത്രങ്ങളെയും ഏകോപിപ്പിച്ച്, സമുദായത്തിത്തിനുള്ളിൽ നിന്ന് തന്നെ ഒരു വ്യക്തമായ നിയമാവലി ഉണ്ടായാൽ മാത്രമേ ഇത് സാധിക്കൂ.
വിശ്വസിക്കുന്നവരെ അവരുടെ വിശ്വാസപ്രകാരം ജീവിക്കാൻ അനുവദിക്കുക. വിശ്വസിക്കാത്തവർ മാറി നിൽക്കുക. പകുതി വിശ്വസിച്ച് ആചാരങ്ങളെ വികൃതമാക്കരുത്.
ഈ എളിയ ശ്രമം ആ ലക്ഷ്യത്തിന് ഒരു ചെറിയ തുടക്കമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഉദാഹരണമായി രണ്ടു കഥകൾ കൂടി പറഞ്ഞു നിർത്താം.
“തയ്യൽ അറിയാത്ത കുട്ടപ്പന്മാർ ആചാരം തുന്നാൻ വന്നാൽ, ആരോഗ്യവാനും ഞൊണ്ടനാകും.”
ഒരു പ്രസിദ്ധ പട്ടണത്തിൽ ഒരു തൊഴിലാളി, വർക്കിംഗ് ഡ്രസ്സായ കവറോൾ തുന്നിക്കാൻ ഉള്ള തുണിയുമായി തുന്നൽക്കാരനെ അന്വേഷിച്ച് നടക്കുകയായിരുന്നു.
രണ്ടു മൂന്നു തുന്നൽക്കാരെ സമീപിച്ചു. അവർ പറഞ്ഞു, “ഞങ്ങൾ ഇത്തരം കവറോൾ തുന്നി ശീലമില്ല. ബസ് സ്റ്റാന്റിനടുത്ത് ഒരു ടെയ്‌ലറുണ്ട്, നല്ലവണ്ണം കവറോൾ തുന്നിക്കും. പേര് കുട്ടപ്പൻ.”
അത് പ്രകാരം അയാൾ കുട്ടപ്പന്റെ കട അന്വേഷിച്ച് നടന്നു.
കുറച്ചു ദൂരം പോയപ്പോൾ എതിരെ ഒരാൾ കവറോളും ധരിച്ച് ഞൊണ്ടി ഞൊണ്ടി വരുന്നു. തൊഴിലാളി ചോദിച്ചു, “നിങ്ങൾ കവറോൾ എവിടെ നിന്നാണ് തയ്പ്പിച്ചത്?”
അയാൾ പറഞ്ഞു, “കുട്ടപ്പൻ ടെയ്‌ലറുടെ കടയിൽ നിന്ന്. പിന്നെ ഒരു ഉപദേശം, നിങ്ങൾ അവിടെ പോകരുത്. അദ്ദേഹത്തിന് തുന്നാൻ അറിയില്ല.”
തൊഴിലാളി പറഞ്ഞു, “സാരമില്ല, ഒന്നു ട്രൈ ചെയ്തു നോക്കാമല്ലോ.”
അപ്പോൾ ആ വഴിയാത്രക്കാരൻ പറഞ്ഞു, “നിങ്ങൾ പോകരുത്. നിങ്ങളുടെ അവസ്ഥയും എന്റേത് പോലെയാകും. പോകാതിരിക്കുന്നതാണ് നല്ലത്.”
എന്നിട്ടും തൊഴിലാളി മുന്നോട്ട് നടന്നു. രണ്ടു മൂന്നു കടകൾ കഴിഞ്ഞപ്പോൾ കുട്ടപ്പൻ ടെയ്‌ലറുടെ കട കണ്ടു. അകത്ത് കയറി. പ്രായമായ ടെയ്‌ലർ.
തൊഴിലാളി തുണി കൈമാറി, ആവശ്യം പറഞ്ഞു. ടെയ്‌ലർ അളവൊക്കെ ഭംഗിയായി, കൃത്യമായി എടുത്തു. “നാളെ വൈകുന്നേരം വരൂ” എന്ന് പറഞ്ഞു.
പോകാൻ നേരം തൊഴിലാളി പറഞ്ഞു, “ചേട്ടാ, ഇപ്പോൾ നിങ്ങൾ തുന്നിക്കൊടുത്ത ആളുടെ കവറോൾ പോലെ പെർഫെക്റ്റ് ആയിരിക്കണം. അദ്ദേഹത്തിന്റെ വൈകല്യങ്ങൾ ഒന്നും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ എത്ര കൃത്യമായാണ് തുന്നിയിരിക്കുന്നത്! അതുപോലെ എന്റെ ശരീരത്തിനും പെർഫെക്റ്റ് ആയി തുന്നണം.”
ടെയ്‌ലർ തലകുലുക്കി.
പിറ്റേന്ന് വൈകുന്നേരം തയ്ച കവറോൾ വാങ്ങി, കൂലി കൊടുത്തു പോകാൻ നേരം ടെയ്‌ലർ നിർബന്ധിച്ചു, “അല്ല, കസ്റ്റമറുടെ തൃപ്തിയാണ് എന്റെ തൃപ്തി. ഒന്നു ട്രയൽ നോക്കൂ.”
തൊഴിലാളി പറഞ്ഞു, “അതിന്റെ ആവശ്യമില്ല. നിങ്ങൾ ആ വികലാംഗന് തുന്നിക്കൊടുത്തത് ഞാൻ കണ്ടല്ലോ. അദ്ദേഹത്തിന്റെ അവയവങ്ങൾക്ക് പാകത്തിന് തുന്നിയതാണെന്ന്. സാരമില്ല, ഞാൻ വീട്ടിൽ പോയി ട്രൈ ചെയ്തോളാം.”
പക്ഷെ ടെയ്‌ലർ വിട്ടില്ല. നിർബന്ധിച്ച് ട്രയൽ ചെയ്യിപ്പിച്ചു.
അയാൾ കവർ തുറന്നു. ആദ്യം ഒരു കാൽ ഇട്ടു – കറക്റ്റ് ആയി.
പിന്നെ ഇടതു കൈ ഇടാൻ ശ്രമിച്ചു. ഇടാൻ ബുദ്ധിമുട്ട്. “ചേട്ടാ, കൈ ഇടാൻ ബുദ്ധിമുട്ടുണ്ട്.”
ടെയ്‌ലർ പറഞ്ഞു, “നോ പ്രോബ്ലം. താങ്കൾ അല്പം കുനിഞ്ഞ്, തല അല്പം തിരിക്കൂ.” അയാൾ അതനുസരിച്ചു, കൂടെ ടെയ്‌ലറും സഹായിച്ചപ്പോൾ കൈ സുഖമായി കയറി.
അടുത്തതായി ടെയ്‌ലർ പറഞ്ഞു, “ഇനി വലത്തെ കാൽ പൊന്തിച്ച് ഇടൂ.”
അയാൾ അതുപോലെ ചെയ്തു. മുട്ടുവരെ കടന്നു, പിന്നീടങ്ങോട്ട് കയറുന്നില്ല.
“കയറുന്നില്ല ചേട്ടാ.”
ടെയ്‌ലർ വീണ്ടും, “സാരമില്ല, കുറച്ചുകൂടി വലത്തോട്ട് വളഞ്ഞ് ഒന്നു കുനിയൂ.”
അപ്പോൾ കാൽ സുഖമായി കയറി, ഒപ്പം വലതുകൈയും. പിന്നെ ബട്ടണൊക്കെ ഇട്ട് ഒന്നു നടക്കാൻ പറഞ്ഞു.
നടക്കുമ്പോൾ ടെയ്‌ലർ പറഞ്ഞു, “ഇപ്പോ എത്ര പെർഫെക്റ്റ് ആയിട്ടുണ്ട്! നിങ്ങൾ ഇതിനുമുമ്പ് കണ്ട ആള് നടക്കുന്നതിനേക്കാൾ പെർഫെക്റ്റ്!”
അപ്പോഴാണ് തൊഴിലാളിക്ക് കാര്യം പിടികിട്ടിയത്. വഴിയിൽ കണ്ട ആളും ഇദ്ദേഹത്തെപ്പോലെ ആരോഗ്യവാനായിരുന്നു. കവറോൾ തുന്നിയതിൽ പിന്നെയാണ് വികലാംഗനായത്!
പറഞ്ഞു വരുന്നത്, ശരിയായ തുന്നൽ രീതി അറിയാതെ തുന്നിച്ചപ്പോൾ ആരോഗ്യവാനായ മനുഷ്യൻ വികലാംഗനായി എന്നതാണ്.
അതുപോലെയാണ് ഇപ്പോൾ ഹിന്ദുക്കളുടെ ഇടയിലുള്ള പല കർമ്മങ്ങളും ആചാരങ്ങളും. ശരിയായ ആചാരം എന്താണെന്നറിയാത്ത ചിലർ ഇടയിൽ കയറി അഭിപ്രായം പറഞ്ഞ് പലതും ഇല്ലാതാക്കും.
എന്തെങ്കിലും ആചാരം അതിന്റെ വഴിക്ക് മുന്നോട്ട് പോകുമ്പോൾ ഇടയിൽ കയറി, കുടുംബങ്ങൾ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാതിരിക്കാൻ, പാരമ്പര്യ ആചാരത്തെപ്പറ്റി വാഴ്ത്തി ഉദാഹരണം പറയും.
ഇത് പല വിവാഹ കർമ്മങ്ങളിലും, അതോടനുബന്ധിച്ച കർമ്മങ്ങളിലും, മരണാനന്തര ചടങ്ങുകളിലും കണ്ടുവരുന്നുണ്ട്.
എന്നാൽ ഇവരൊക്കെ സ്വന്തം കാര്യത്തിലെത്തുമ്പോൾ, മതപരമായ ദൈവികമായ കാര്യങ്ങൾ മുറുകെ പിടിക്കുന്നതും കാണാം. “ഗണപതി മിത്ത് ആണ്” എന്ന് പറയും, പക്ഷെ “ഗണപതി ഹോമം നിർബന്ധമാണ്” എന്നും പറയും!
ഇത്തരം അവസ്ഥ പൂർണമായും ഇല്ലാതാക്കണമെങ്കിൽ ഒരു കാര്യം ചെയ്യണം.
ഇനി വരുന്ന തലമുറയ്ക്ക് യാതൊരു ആശയക്കുഴപ്പവും ഇല്ലാതെ, ആചാര അനുഷ്ഠാനങ്ങളെ ഏകീകരിച്ച് പകർന്നു നൽകാൻ കഴിയണം.
അങ്ങനെയുണ്ടാക്കിയാൽ മാത്രമേ ഈ ആചാരമര്യാദകൾ സമൂഹം ഉള്ളിടത്തോളം കാലം നിലനിൽക്കൂ.
ഇല്ലെങ്കിൽ, ഇപ്പോഴത്തെ തലമുറയുടെ അന്ത്യത്തോടെ ഇത് കൂടുതൽ വികൃതമാകും.
അങ്ങനെ വികൃതമായപ്പോൾ ഉണ്ടായ ഒരു കഥ കൂടി പറഞ്ഞ് ഞാൻ നിർത്താം.
നാട്ടിൽ എല്ലാവരും ഏറെ ബഹുമാനിക്കുന്ന, ആരാധിക്കുന്ന ഒരാളായിരുന്നു ഹാജിയാർ. കക്ഷിരാഷ്ട്രീയമോ, ജാതി മത ഭേദമോ നോക്കാതെ നാടുമുഴുവൻ അദ്ദേഹത്തെ ആരാധിച്ചിരുന്നു.
ഹാജിയാർ മരണപ്പെട്ടു.
ഹാജിയാരുടെ മകളും ഭർത്താവും താമസിക്കുന്നത് ആ വീടുള്ള പറമ്പിൽ തന്നെയാണ്. തൊട്ടു പിന്നിൽ തന്നെ പള്ളിപ്പറമ്പും.
പക്ഷേ കുറച്ചു കാലമായി ഹാജിയാരും മകളുടെ ഭർത്താവ് – ആ പുയ്യാപ്ല – തമ്മിൽ ചെറിയൊരു മുഷിച്ചൽ ഉണ്ടായിരുന്നു. പുയ്യാപ്ലയുടെ എന്തോ ന്യായമില്ലാത്ത ഒരു ആവശ്യമായിരുന്നു തർക്കത്തിന്റെ കാരണം. ഹാജിയാരുടെ ഭാഗത്തായിരുന്നു ന്യായം ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ജാതിക്കകത്തു നിന്നും പുറത്തു നിന്നുമുള്ള പല പ്രമുഖരും ഇടപെട്ടിട്ടും പ്രശ്നം തീർന്നില്ല.
ആ മനഃപ്രയാസത്തിൽ തന്നെയാണ് ഹാജിയാർ മരണപ്പെടുന്നത്.
നാട്ടാചാരപ്രകാരം പള്ളിപ്പറമ്പിൽ മയ്യത്ത് അടക്കാനുള്ള കബറൊക്കെ തയ്യാറാക്കി. ബന്ധുക്കളെല്ലാം എത്തി.
പക്ഷേ ഒരു തടസ്സം.
ആചാരപ്രകാരം മയ്യത്ത് കബറിലേക്ക് എടുക്കണമെങ്കിൽ പുയ്യാപ്ലയുടെ സമ്മതവും, ചില പ്രാർത്ഥനകളും കൂടി വേണം.
ഇതാണ് പൊന്തിവന്ന അവസരം എന്ന് പുയ്യാപ്ല കരുതി. തന്റെ കാര്യം നേടിയെടുക്കാനുള്ള സമ്മർദ്ദ തന്ത്രമായി അയാൾ സമ്മതം കൊടുക്കാതെ നീട്ടിക്കൊണ്ടിരുന്നു.
ഇതിനിടയിൽ പല പ്രമാണിമാരും മാറി മാറി വന്ന് പുയ്യാപ്ലയുമായി ചർച്ച നടത്തുന്നുണ്ട്. പക്ഷേ ഫലമില്ല.
അതാ ശ്മശാന പറമ്പിൽ നല്ല പൊരിവെയിൽ. കുഴി കുഴിച്ചവർ മണിക്കൂറുകളായി വെയിലത്ത് കാത്തു നിൽക്കുന്നു. അവർക്ക് കാര്യം മനസ്സിലായി.
അവർ കൂടി നിന്നവരോട് പതിയെ പറഞ്ഞു – “ഞങ്ങളൊന്നു പറഞ്ഞു നോക്കട്ടെ?”
കൂടി നിന്ന പ്രമാണിമാർ പുച്ഛത്തോടെ ചിരിച്ചു.
“സമൂഹത്തിലെ മാന്യന്മാരായ പലരും പറഞ്ഞിട്ട് കേൾക്കാത്തവനാ, പിന്നെയാണോ കുഴി കുഴിച്ച നിങ്ങൾ പറഞ്ഞാൽ കേൾക്കുന്നത്!”
അവർ പറഞ്ഞു – “ശരിയായിരിക്കാം. പക്ഷേ ഈ ചൂട് സഹിച്ചു നിൽക്കാൻ പറ്റുന്നില്ല. ഞങ്ങളൊന്നു പറഞ്ഞു നോക്കട്ടെ.”
എന്നിട്ട് രണ്ടുപേരും നേരെ പുയ്യാപ്ലയുടെ അടുത്തേക്ക് ചെന്നു. ചെവിയിൽ എന്തോ സ്വകാര്യമായി പറഞ്ഞു.
അതു കേട്ടതും അത്ഭുതം!
പുയ്യാപ്ല സന്തോഷത്തോടെ ഉറക്കെ പറഞ്ഞു – “ഇത്രയേ ഉള്ളൂ? നിങ്ങൾ മയ്യത്ത് എടുത്തോളൂ!”
എന്നിട്ട് പണിക്കാരോടൊപ്പം പള്ളിയിലേക്ക് പോയി.
അവിടെ കൂടി നിന്ന പ്രമാണിമാർക്കെല്ലാം ഒരേ സമയം അത്ഭുതവും ചെറിയൊരു ചമ്മലും. നമ്മളെക്കൊണ്ട് സാധിക്കാത്ത കാര്യം ഈ സാധാരണക്കാരായ രണ്ടുപേർ നിഷ്പ്രയാസം സാധിച്ചിരിക്കുന്നു!
എല്ലാം കഴിഞ്ഞ് മയ്യത്ത് അടക്കം കഴിഞ്ഞ്, പുയ്യാപ്ല എല്ലാവരോടും താമസം നേരിട്ടതിന് ക്ഷമയും പറഞ്ഞു.
പക്ഷേ എല്ലാവരുടെയും മനസ്സിൽ ഒരേ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ – “ഇവർ എന്ത് മന്ത്രമാണ് പുയ്യാപ്ലയോട് പറഞ്ഞത്?”
അവർ രണ്ടുപേരും ആദ്യം ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി അവർ കാര്യം പറഞ്ഞു.
അവർ പറഞ്ഞത് ഇത്രമാത്രം:
“വേഗം വന്ന് സമ്മതം കൊടുത്തോളൂ… ഇല്ലെങ്കിൽ ഈ കുഴിച്ച കുഴിയിൽ പുയ്യാപ്ലയുടെ മയ്യത്ത് അടക്കും എന്ന്.”
ഒരു ചെറിയ കുറിപ്പ്:
അവസാനമായി ഒന്നു പറയട്ടെ,
ഒരു വീട്ടിൽ ഉറ്റവരും ഉടയവരും മരിച്ച് വിഷമിച്ച് നിൽക്കുമ്പോൾതന്നെ, ഇത്തരം അനാവശ്യ തർക്കങ്ങൾ ഉണ്ടായാൽ എന്താകും അവസ്ഥ?
ഒരാൾ മരിച്ച ദുഃഖത്തിൽ നിൽക്കുന്ന കുടുംബത്തിനിടയിൽ തന്നെ “ആര് സമ്മതം കൊടുക്കും, ആര് ചടങ്ങ് നടത്തും” എന്നൊക്കെ പറഞ്ഞ് തർക്കമുണ്ടായാൽ, പിന്നെ എവിടെയാണ് ഐക്യം?
അതുകൊണ്ട് ഇനിയെങ്കിലും വൈകരുത്.
ഈ തർക്കങ്ങളെല്ലാം ഒഴിവാക്കാൻ, എല്ലാ കാവുകളെയും ഏകോപിപ്പിച്ച്, സമുദായത്തിൽ നിന്ന് തന്നെ എത്രയും പെട്ടെന്ന് ഒരു വ്യക്തമായ തീരുമാനം ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇല്ലെങ്കിൽ, ഹിന്ദുക്കൾക്കിടയിൽ ശേഷിക്കുന്ന ആ ഐക്യം കൂടി ഇല്ലാതാകും.
അർദ്ധവിശ്വാസികൾക്കുള്ള ഒരു കുറിപ്പ്:
പക്ഷെ പകുതി മാത്രം വിശ്വസിച്ച്, ആചാരങ്ങളെ എപ്പോഴും പരിഹസിക്കുകയും, വിമർശിക്കുകയും
ചെയ്യുന്ന ചിലരുണ്ട്. അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ.
ദയവ് ചെയ്ത് വിശ്വാസികളുടെ കാര്യത്തിൽ ഇടപെടരുത്.
വിശ്വസിക്കുന്നവരെ അവരുടെ വിശ്വാസപ്രകാരം, അവരുടെ ആചാരമര്യാദകൾ അതിന്റെ ശുദ്ധിയോടെ ചെയ്യാൻ അനുവദിക്കുക.
തുടരും…..
എം ബാബു ജയപ്രകാശ്………………….✍️
