Time Taken To Read 4 Minutes
തുറമുഖത്ത് കണ്ടെയ്നർ വെല്ലും, മാർക്കറ്റിൽ ബ്രാൻഡ് വെല്ലും… പക്ഷേ വിശ്വസിക്കാൻ ഒന്നുമില്ല!
ഈ കുറിപ്പ് ആരെയും വ്യക്തിപരമായി അപകീർത്തിപ്പെടുത്താൻ വേണ്ടിയല്ല. പൊതുസമൂഹത്തിൽ ലഭ്യമായ വിവരങ്ങളുടെയും, തൂത്തുക്കുടി തുറമുഖവുമായി ബന്ധപ്പെട്ട് വന്ന കസ്റ്റംസ് / കോടതി നടപടികളുടെയും, എന്റെ പ്രവാസകാലത്തെ വ്യക്തിപരമായ ജോലി അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ എഴുതിയതാണ്. ഇതിൽ പറയുന്ന കാര്യങ്ങൾ പൊതുതാൽപ്പര്യത്തിന് വേണ്ടി മാത്രം.
ഇന്ന് ഫേസ്ബുക്കിലൂടെ വായിച്ച ഒരു പ്രധാന വാർത്തയാണിത്. അത്ഭുതമെന്നു പറയട്ടെ, മറ്റ് പ്രധാന മാധ്യമങ്ങളിലൊന്നും ഞാൻ ഈ വാർത്ത കണ്ടില്ല. എന്തായിരിക്കും അതിനുള്ള കാരണം?
കുറ്റം ചെയ്യുന്നതിനേക്കാൾ വലിയ കുറ്റമാണ്, കുറ്റം മറച്ചുവെക്കാൻ സഹായിക്കുന്നത് അല്ലെങ്കിൽ അതിന് ഒത്താശ ചെയ്തു കൊടുക്കുന്നത്.
ഇത്തരം രാജ്യവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നവരെ തുറന്നുകാട്ടേണ്ടത് മുഖ്യധാരാ മാധ്യമങ്ങളുടെ ധർമ്മമല്ലേ?
ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം എന്നൊക്കെ പറഞ്ഞ് കൊട്ടിഘോഷിച്ച്, രാജ്യത്തിന് ദോഷം വരുത്തുന്ന തരത്തിലുള്ള സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി, ചാനൽ ചർച്ചകളിലൂടെ കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള എല്ലാ പോയിന്റുകളും വരെ മാധ്യമ വിചാരണയിലൂടെ അവർക്ക് നൽകി സഹായിക്കുകയാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
പൊതുജനവും ഇത്തരം പ്രവർത്തികളോട് മുഖം തിരിച്ചു നിൽക്കുകയല്ലേ?
തൂത്തുക്കുടി തുറമുഖത്ത് നടന്ന മാലിന്യക്കുംഭാരം കേസ് ഒറ്റപ്പെട്ട സംഭവമല്ല. ഇതിന് പിന്നിൽ വർഷങ്ങളായി തുടരുന്ന വലിയൊരു തട്ടിപ്പിന്റെ ചങ്ങലയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മാലിന്യം മാത്രമല്ല, ഇ – വേസ്റ്റും വ്യാജനും
ഇന്ന് പല ഇറക്കുമതിക്കാരും ഇതേ രീതിയിൽ ഇലക്ട്രോണിക് മാലിന്യങ്ങളും (E-Waste) മെഡിക്കൽ വേസ്റ്റ് വരേ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നുണ്ട് എന്നറിയുന്നു. അതിനു പുറമെ വ്യാജ ഉൽപ്പന്നങ്ങൾ, ഗുണനിലവാരമില്ലാത്ത പാക്കേജ്ഡ് ഭക്ഷണങ്ങൾ എന്നിവ വരെ ഇതേ തട്ടിപ്പിലൂടെ എത്തുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവരെല്ലാം ചെയ്യുന്നത് ഒന്നാണ് – കണ്ടെയ്നറിൽ ഉള്ള സാധനത്തെക്കുറിച്ച് തെറ്റായ വിവരം നൽകുക, അതായത് Mis – declaration.
തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഈ കണ്ടെയ്നറുകൾ എളുപ്പത്തിൽ തുറമുഖത്ത് നിന്ന് ഇറക്കി കൊണ്ടുപോകാനും ഇവർക്ക് കഴിയുന്നുണ്ട് എന്നല്ലേ കരുതേണ്ടത് ?
മുൻപ് എങ്ങനെയായിരുന്നു?
മുൻപ് തുറമുഖത്ത് എത്തുന്ന എല്ലാ കണ്ടെയ്നറുകളും തുറന്ന് പരിശോധിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അത് റാൻഡം പരിശോധന മാത്രമായി ചുരുങ്ങി. എന്നാൽ ഇന്ന് ആവശ്യങ്ങൾ കൂടി ഇറക്കുമതിയും കൂടിയത് കാരണം പോർട്ടിലെ – കണ്ടൈനർ ടാർമിനലിലെ തിരക്കൊഴിവാക്കാൻ ഇതാണ് തട്ടിപ്പുകാർക്ക് സഹായകരമാകുന്നത്.
HS കോഡ് തട്ടിപ്പ്
ഏതൊരു ഉൽപ്പന്നം ഇറക്കുമതി ചെയ്യാനും അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച ഒരു HS കോഡ് (Harmonised System Code) വേണം. സാധാരണ ഇത് 8 അല്ലെങ്കിൽ 10 അക്കമുള്ള കോഡാണ്. ആദ്യത്തെ 4 അക്കം എല്ലാ രാജ്യങ്ങൾക്കും ഒരുപോലെയായിരിക്കും, ബാക്കി 4 അക്കം ഓരോ രാജ്യത്തിന്റെയും നികുതി ഘടന അനുസരിച്ച് മാറും.
നികുതി വെട്ടിക്കാനും നിരോധിത ഉൽപ്പന്നങ്ങൾ കടത്താനും പലരും ഈ HS കോഡ് ബോധപൂർവം തെറ്റായി രേഖപ്പെടുത്തുന്നു. എല്ലാവരും ഇങ്ങനെ ചെയ്യുന്നു എന്ന് പറയുന്നില്ല, പക്ഷേ ഇത്തരം തട്ടിപ്പ് നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
പരിഹാരം എന്ത്?
ഇത് തടയാൻ രണ്ട് കാര്യങ്ങൾ നിർബന്ധമാക്കണം.
1. കണ്ടെയ്നർ സ്കാനിംഗ്: തുറമുഖത്ത് എത്തുന്ന എല്ലാ കണ്ടെയ്നറുകളും സ്കാൻ ചെയ്യണം. സംശയം തോന്നുന്നവ തുറന്ന് പരിശോധിക്കണം.
2. ലോഡിംഗ് പോയിന്റിൽ തന്നെ പരിശോധന: സാധനം കയറ്റി അയക്കുന്ന രാജ്യത്തെ തുറമുഖത്ത് വെച്ച് തന്നെ പരിശോധന നിർബന്ധമാക്കണം. ഇതിനായി അന്താരാഷ്ട്ര അംഗീകാരമുള്ള ഇൻസ്പെക്ഷൻ ഏജൻസികളെ ചുമതലപ്പെടുത്തണം. ഉദാഹരണത്തിന് Cotecna, SGS, Bureau Veritas (Bureau Veritas) പോലുള്ള ഏജൻസികൾ.
ഇവർ എന്താണ് ചെയ്യുന്നത്? സാധനം ഫാക്ടറിയിൽ നിന്ന് കണ്ടെയ്നറിൽ കയറ്റുമ്പോൾ നേരിട്ട് ചെന്ന് റാൻഡം പരിശോധന നടത്തി, ഉള്ളിൽ എന്താണെന്ന് സാക്ഷ്യപ്പെടുത്തണം. ഇൻസ്പെക്ഷൻ സർട്ടിഫിക്കറ്റ് നൽകണം. കണ്ടെയ്നർ അവർ തന്നെ സീൽ ചെയ്യണം. മെഷിനറികളും സ്ക്രാപ്പ്ഉം ആണെങ്കിൽ ഒരു ചാർട്ടേഡ് എഞ്ചിനീയറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം കസ്റ്റംസ് സ്കാൻ ചെയ്ത് വീണ്ടും റാൻഡം പരിശോധന നടത്തണം. ഇതിൽ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ ഇറക്കുമതിക്കാരനും ഇൻസ്പെക്ഷൻ കമ്പനിക്കും കനത്ത പിഴയും ഇറക്കുമതി നിരോധനവും ഏർപ്പെടുത്തണം. കയറ്റി അയച്ച കമ്പനിക്കും നിരോധനം വേണം.
1978 ൽ ഞാൻ മുബൈയിൽ കുറച്ചു കാലം ഉണ്ടായിരുന്നു അന്ന് വായിച്ച ഒരു പത്രത്തിന്റെ തലക്കെട്ട് ഇങ്ങനെ യായിരുന്നു. അത് വെറുമൊരു വാർത്ത ആയിരുന്നില്ല, ഭാവിയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് ആയിരുന്നു.
പലർക്കും അറിയില്ല, ചില രാജ്യങ്ങളിലേക്ക് സാധനം കയറ്റി അയക്കണമെങ്കിൽ നിർബന്ധമായും ഇൻസ്പെക്ഷൻ വേണം. അവിടുത്തെ സർക്കാർ പറയും – ഞങ്ങളുടെ രാജ്യത്തേക്ക് വരുന്ന സാധനത്തിന്റെ ശരിയായ വില എന്ത്? ശരിയായ HS കോഡ് എന്ത്? അത് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് വേണം. ഇതില്ലെങ്കിൽ തുറമുഖത്ത് നിന്ന് സാധനം വിട്ടുകൊടുക്കില്ല.
ഞാൻ ചെയ്തിരുന്ന ജോലി അതായിരുന്നു.
കാലം മാറി. പ്രവാസ ലോകത്ത് ഷാർജയിലെ ഒരു ട്രേഡിംഗ് കമ്പനിയിൽ പാർട്ട് ടൈം അക്കൗണ്ടന്റായി തുടങ്ങിയതാണ്. പിന്നീട് അവരുടെ പുതിയ സംരംഭമായ ഈസ്റ്റ് ഫിഷ് പ്രോസസിംഗ് കമ്പനിയിലൂടെ ജീവിതം മാറി.
അവിടെ നിന്നാണ് ലോകപ്രശസ്ത ഇൻസ്പെക്ഷൻ കമ്പനിയിലേക്ക് എത്തുന്നത്. ഹെഡ് ഓഫീസ് സ്വിറ്റ്സർലൻഡിൽ ഉള്ള ഫ്രഞ്ച് കമ്പനിയായ കോട്ടെക്ന (Cotecna Inspection S.A.) യുടെ മിഡിൽ ഈസ്റ്റ് വിഭാഗത്തിന്റെ ഇൻസ്പെക്ഷൻ മാനേജരായി.
ഞങ്ങളുടെ ജോലി എന്തായിരുന്നു എന്ന് ചോദിച്ചാൽ:
ഞാൻ 12 വർഷം മുൻപ് കമ്പനിയിൽ നിന്ന് വിരമിച്ചതാണ്. കമ്പനിയുടെ രഹസ്യാത്മക വിവരങ്ങളൊന്നും ഈ കുറിപ്പിൽ വെളിപ്പെടുത്തുന്നില്ല, പൊതുവായി അറിയാവുന്ന പരിശോധനാ രീതികളെക്കുറിച്ച് മാത്രമാണ് പറയുന്നത്.”
ഫാക്ടറിയിൽ ചെന്ന് സാധനം നേരിട്ട് കാണും. ഇൻവോയിസിൽ പറയുന്ന വില ശരിയാണോ? എണ്ണം ശരിയാണോ? HS കോഡ് ശരിയാണോ എന്ന് പരിശോധിക്കും. എല്ലാം ശരിയാണെങ്കിൽ മാത്രം ഞങ്ങൾ സാക്ഷ്യപ്പെടുത്തും, സീൽ ചെയ്യും, സർട്ടിഫിക്കറ്റ് നൽകും.
ഈ സംവിധാനം കൊണ്ട് ഒരു ഗുണമുണ്ട് – കയറ്റുമതിക്കാരന് തെറ്റായ വില പറയാനോ, തെറ്റായ സാധനം കയറ്റാനോ കഴിയില്ല. ഇറക്കുമതി ചെയ്യുന്ന രാജ്യത്തെ സർക്കാരിന് നികുതി നഷ്ടവും വരില്ല, വ്യാജ സാധനങ്ങൾ കയറി വരികയുമില്ല.
ഇന്ത്യയും ഇതേ മാതൃക പിന്തുടരണം. ഇന്ന് നമ്മൾ ഇരയാണ്, നാളെ നമ്മളും ഇതുപോലെ ലോകത്തോട് പറയണം – “ഇൻസ്പെക്ഷൻ റിപ്പോർട്ട് ഇല്ലാതെ ഒരു കണ്ടെയ്നറും ഇന്ത്യയിലേക്ക് വേണ്ട.”
അതാണ് യഥാർത്ഥ പരിഹാരം.
1978-80 കാലഘട്ടത്തിൽ മുംബൈയിൽ നിന്ന് ഇറങ്ങിയിരുന്ന പ്രശസ്തമായ ബ്ലിറ്റ്സ് (Blitz) പത്രത്തിൽ ഒരു വലിയ തലക്കെട്ടോടെ ഒരു വാർത്ത വന്നിരുന്നു. ആർ.കെ. കരംജിയയുടെ ബ്ലിറ്റ്സ് എന്നാൽ അന്ന് ഇന്ത്യയിലെ ഏറ്റവും ധൈര്യമുള്ള അന്വേഷണാത്മക പത്രമായിരുന്നു.
ആ വാർത്തയുടെ തലക്കെട്ട് ഇതായിരുന്നു – “അടുത്ത ഭാവിയിൽ ഭാരതത്തിന് നേരിടേണ്ടി വരുന്ന വലിയ ഭീഷണി – ട്രേഡ് ടെററിസം (Trade Terrorism)”
അതിൽ ഒരു പ്രത്യേക രാജ്യത്തിന്റെ പേര് എടുത്തു പറഞ്ഞുകൊണ്ട് അവർ മുന്നറിയിപ്പ് നൽകി: ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ തനിപ്പകർപ്പുകൾ, അതായത് ഡ്യൂപ്ലിക്കേറ്റ് ഉൽപ്പന്നങ്ങൾ ആ രാജ്യം വ്യാപകമായി നിർമ്മിച്ച് ഇന്ത്യൻ വിപണിയിലേക്ക് തള്ളും. അതിൽ സോപ്പ് മുതൽ മരുന്ന് വരെ, മെഷീൻ ഭാഗങ്ങൾ മുതൽ ഭക്ഷ്യവസ്തുക്കൾ വരെ എല്ലാം പെടും.
തീക്കട്ടയിൽ ഉറുമ്പരിച്ചു എന്നുപറഞ്ഞതുപോലെ പഴയ കണ്ടെയ്നർ വിവാദമെല്ലാം ഓർത്തുപോയി
അന്ന് പരിഹസിച്ചവർ, ഇന്ന് കാണുന്ന സത്യം
അന്ന് പലരും അത് അതിശയോക്തി ആണെന്ന് കരുതി. പക്ഷേ ഇന്ന് 2026 ൽ നമ്മൾ കാണുന്നത് ആ മുന്നറിയിപ്പ് അക്ഷരാർത്ഥത്തിൽ സത്യമായിരിക്കുന്നു എന്നാണ്.
ഇന്ന് തൂത്തുക്കുടിയിൽ മാലിന്യം വന്നതു പോലെ, ഇന്ത്യൻ തുറമുഖങ്ങളിൽ എന്താണ് വരാത്തത്?
- പ്രശസ്ത കമ്പനികളുടെ വ്യാജ ബെയറിംഗുകൾ, സ്പെയർ പാർട്സുകൾ
- വ്യാജ മരുന്നുകളും കോസ്മെറ്റിക്സും
- ഒറിജിനലിനെ വെല്ലുന്ന പാക്കിംഗിൽ എത്തുന്ന വ്യാജ ഭക്ഷ്യ ഉൽപ്പന്നങ്ങൾ
ഇതെല്ലാം HS കോഡ് തെറ്റിച്ച്, മിസ്-ഡിക്ലറേഷൻ നടത്തി തന്നെയാണ് എത്തുന്നത്. ഇത് വെറും നികുതി വെട്ടിപ്പ് മാത്രമല്ല, ഇന്ത്യൻ വ്യവസായത്തെ തകർക്കാനും, ഉപഭോക്താക്കളുടെ ജീവന് ഭീഷണിയാകാനും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കാനുമുള്ള ഒരു തരം സാമ്പത്തിക ഭീകരത തന്നെയാണ് – അതാണ് ബ്ലിറ്റ്സ് അന്ന് “ട്രേഡ് ടെററിസം” എന്ന് വിളിച്ചത്.
അന്ന് ബ്ലിറ്റ്സ് പറഞ്ഞ ആ രാജ്യം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വ്യാജ ഉൽപ്പന്ന നിർമ്മാതാവായി മാറി. ആ മുന്നറിയിപ്പിനെ നമ്മൾ ഗൗരവമായി എടുത്തിരുന്നെങ്കിൽ, ഇന്ന് തുറമുഖത്ത് കണ്ടെയ്നർ സ്കാനറിനും, പ്രീ – ഷിപ്പ്മെന്റ് ഇൻസ്പെക്ഷനും വേണ്ടി നമ്മൾ മുറവിളി കൂട്ടേണ്ടി വരില്ലായിരുന്നു.
അല്ലെങ്കിൽ ഇന്ത്യ ലോകത്തിന്റെ ചവറ്റുകുട്ടയായി തുടരും.
പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ, ഇന്ന് മാർക്കറ്റിൽ കിട്ടുന്ന പല ബ്രാൻഡഡ് ഉൽപ്പന്നങ്ങളും വിശ്വസിച്ച് വാങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഈ അടുത്തും കണ്ടു പത്ര വാർത്ത, ചില പ്രമുഖ കമ്പനികളുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് കായവും മുളകുപൊടിയും മറ്റ് മസാലപ്പൊടികളുടെയും വ്യാജനെ ബ്ളാക്ക് ലിസ്റ്റിൽ പ്പെടുത്തി നിരോധിച്ച അറിയിപ്പ്.
ബ്രാൻഡഡ് കമ്പനികളെ താൽക്കാലികമായി ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയ വാർത്തകൾ മാധ്യമങ്ങളിൽ വരാതെ നോക്കാൻ, സർക്കാരോ കോടതിയോ വിധിക്കുന്ന ഫൈൻ അടച്ച് അവർ തടിയൂരും.
ഇല്ലെങ്കിൽ, മാസങ്ങളോളം പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ ആ വാർത്ത പ്രചരിച്ചാൽ, ആ ബ്രാൻഡ് ജനഹൃദയത്തിൽ എത്താൻ വേണ്ടി ചെലവിട്ട അധ്വാനവും സാമ്പത്തിക നിക്ഷേപവും എല്ലാം നഷ്ടമാകും. അതിൽനിന്നും ഒഴിവാക്കുവാൻ ചെയ്യാത്ത കുറ്റത്തിന് ഫൈനടച്ചു തടിയൂരും.
ഇതൊക്കെ ഞാൻ മുകളിൽ എഴുതിയ ട്രേഡ് ടെററിസത്തിന്റെ തന്നെ ഒരു ഭാഗമാണ്.
ഒന്നുകൊണ്ടും ഒരു പ്രയോജനവുമില്ല എന്നതാണ് സത്യം.
സ്വന്തം ആരോഗ്യം എന്തായാലും വേണ്ടില്ല, പ്രകൃതിക്കും രാജ്യത്തിനും നന്മ ലഭിക്കുന്ന E20 പെട്രോൾ വേണ്ട എന്ന് പറയും. അതിന് ഇതുവരെ കണ്ടെത്താത്ത കാരണങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ച്, സർക്കാരിനെതിരെ സമരം ചെയ്യുന്നതിനെ ഈ മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടി റിപ്പോർട്ട് ചെയ്യും.
ഒറ്റ വഴിയേയുള്ളൂ. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കോടതി നേരിട്ട് ഇടപെടണം.
എം ബാബു ജയപ്രകാശ്…………………..✍️
