Time Taken To Read 4 Minutes
Disclaimer:
ഇത് ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ എന്റെ വ്യക്തിപരമായ നിരീക്ഷണമാണ്. ആരെയും വ്യക്തിപരമായി അപമാനിക്കാൻ അല്ല.
ഇന്നലെ വാർത്താ ചാനലുകളിലും സോഷ്യൽ മീഡിയയിലും വൈറലായ രണ്ട് രംഗങ്ങൾ കണ്ടു.
ഒന്ന്, ലോ ആൻഡ് ഓർഡർ വിഭാഗത്തിൽ ദീർഘകാലം ജോലി ചെയ്ത് റിട്ടയർ ചെയ്ത ഒരു ഉദ്യോഗസ്ഥനെതിരെ വന്ന കോടതി വിധിയാണ്.
ആ വിധിയിൽ എടുക്കുന്ന നടപടിയോട് അദ്ദേഹം പൂർണ്ണമായും സഹകരിച്ചു. കാരണം, അദ്ദേഹത്തിനെതിരായ വിധി അന്തിമമല്ല. അപ്പീലിന് പോകാൻ നിയമപരമായ വഴികൾ അദ്ദേഹത്തിന് മുന്നിൽ ഉണ്ട്.
അത് തിരിച്ചറിഞ്ഞു അദ്ദേഹം നടപടിയെടുക്കാൻ വന്ന ഉദ്ദ്യോഗസ്ഥരോട് സഹകരിക്കുന്ന കാഴ്ച്ച
മറ്റൊന്ന്, മറ്റൊരു കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥരോട് ആ സ്ഥാപനത്തിലെ തൊഴിലാളികൾ പെരുമാറിയ രീതിയാണ്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ കയർത്ത് സംസാരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.
ചുരുക്കി പറഞ്ഞാൽ അന്വേഷിക്കാൻ വന്ന ഉദ്ദ്യോഗസ്ഥരുടെ ജോലി തടസ്സപെടുത്താനുള്ള ശ്രമമായി പ്രേക്ഷകർക്ക് തോന്നിയിട്ടുണ്ടാവാം.
ഈ രണ്ട് രംഗങ്ങളും ഒരുമിച്ച് വിലയിരുത്തുമ്പോൾ തോന്നിപ്പോകും, മാധ്യമങ്ങൾക്ക് എന്താ കൊമ്പുണ്ടോ എന്ന്.
ഭാരതത്തിലെ ഒരു സാധാരണ പൗരന് ഉള്ളതിൽ കൂടുതൽ ഒരു പ്രത്യേക പരിഗണനയും മാധ്യമങ്ങൾക്കോ അവിടുത്തെ തൊഴിലാളികൾക്കോ ഇല്ലെന്ന് ഇവർ മനസ്സിലാക്കുന്നില്ല.
മാധ്യമ സ്വാതന്ത്ര്യം ഉത്തരവാദിത്തമാകണം ഒരു പ്രേക്ഷകന്റെ തുറന്ന കത്ത്
മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്.
പക്ഷെ ആ സ്വാതന്ത്ര്യം ഇന്ന് പ്രേക്ഷകന് ബുദ്ധിമുട്ടാകുന്നുണ്ടോ? ഈ രീതിക്ക് മാറ്റം വേണ്ടേ?
ഇത് ദൃശ്യ പത്ര മാദ്ധ്യമങ്ങൾ വായിക്കുന്നവരോട് കാണുന്നവരോടുള്ള. ചോദ്ധ്യമാണ്.
അതിനുള്ള തീരുമാനം എടുക്കേണ്ടതും നമ്മൾ തന്നെ? കാരണം നമ്മളാണ് അവരെ വളർത്തുന്നതും തളർത്തുന്നതും .
കേട്ടിട്ടില്ലേ വടക്കൻപാട്ടിലെ ആ ചൊല്ല് … കൊണ്ട് നടന്നതും നീയേ ചാപ്പാ കൊണ്ടുപോയി ചൊല്ലിച്ചതും നീയേ ചാപ്പാ
ജനാധിപത്യത്തിന്റെ നാല് തൂണുകളായ Legislature, Executive, Judiciary, Media എന്നിവയിൽ നാലാമത്തെ തൂണായ മാധ്യമം മറ്റ് മൂന്ന് തൂണുകളെയും നിരീക്ഷിക്കേണ്ടതാണ്, ഇടിച്ചു തകർക്കേണ്ടതല്ല.”
ചില ചർച്ചകളിൽ നമ്മൾ കാണാറുണ്ട്, ചോദ്യം ചോദിക്കുന്ന രീതി അൽപ്പം അഗ്രസീവ് ആയി തോന്നാറുണ്ട്. വാദിയായാലും പ്രതിയായാലും ചുറ്റും കൂടി മൈക്ക് വെച്ച് പ്രകോപിപ്പിച്ച് പ്രതികരണം വാങ്ങാൻ ശ്രമിക്കുന്ന പ്രവണത പലയിടങ്ങളിൽ കണ്ടുവരുന്നു.
തെരഞ്ഞെടുപ്പ് ഫല ദിവസങ്ങളിൽ ഇത് കൂടുതലാണ്. തോറ്റ നേതാവിനോട് “എന്തുകൊണ്ട് തോറ്റു?” എന്ന് ആവർത്തിച്ച് ചോദിച്ച് ഒരു വൈകാരിക രംഗമാക്കുന്നു. ചോദ്യം ചെയ്യണം, പക്ഷെ കൂടുതൽ മാന്യമായി ആകാമല്ലോ?
തിരഞ്ഞെടുപ്പു ഫലത്തിന്റെ തത്സമയ റിപ്പോർട്ടിങ് രീതി വളരെ അരോചകമായി നിങ്ങൾക്ക് തോന്നാറില്ലേ?. അന്തിമ ഫലം വന്നാൽ എങ്ങനെ ഇവരൊക്കെ ജനങ്ങളെ അഭിമുഖീകരിക്കുന്നു വല്ലാത്തൊരു തൊലിക്കട്ടിതന്നെ എന്ന് പറയാതെ വയ്യ
ഓരോ ചാനലിനും ഓരോ രാഷ്ട്രീയ ചായ്‌വ് ഉണ്ടെന്ന് തോന്നാറുണ്ട്. ചർച്ച അവരുടെ ഇഷ്ടത്തിലേക്ക് കൊണ്ടുപോകുന്നു. എതിർ പക്ഷത്തിന്റെ മൈക്ക് ഓഫ് ചെയ്യുന്നതും, പ്രകോപിപ്പിക്കുന്ന മോഡുലേഷനും കാണുമ്പോൾ നിഷ്പക്ഷത നഷ്ടപ്പെടുന്നതായി തോന്നുന്നു.
ഒരു മനുഷ്യന്റെ അഭിമാനത്തെ ചോദ്ദ്യം ചെയ്യപ്പെടുന്ന രീതിയിൽ
സംശയത്തിന്റെ പേരിൽ ഒരു വാർത്ത വന്നാൽ, ആ വ്യക്തിയും കുടുംബവും അനുഭവിക്കുന്ന വേദന വലുതാണ്.
തെളിവില്ലാതെ “സംശയമുണ്ട്” എന്ന് പറയും. പിന്നീട് കോടതി നിരപരാധി എന്ന് പറഞ്ഞാലും ആരും അറിയില്ല.
സമീപകാലത്ത് കേരളത്തിൽ തന്നെ നമ്മൾ കണ്ടതാണ്. ചില ആരോപണങ്ങളുടെ പേരിൽ ദിവസങ്ങളോളം മീഡിയ ട്രയൽ നടന്നു. ഒടുവിൽ സത്യം മറ്റൊന്നായിരുന്നു.
ഇവർ മറക്കുന്നത് ഒന്നാണ് – ആരോപണം കേൾക്കുന്നവർക്കും കുടുംബവും കുട്ടികളുമുണ്ട്. ഒരു മനുഷ്യന്റെ അഭിമാനത്തെ കൊല്ലുന്നതാണോ മാധ്യമ ധർമ്മം?
ഏറ്റവും മനുഷ്യത്വമില്ലാത്തത് – അപകട വാർത്തകൾ മരണ വാർത്തകൾ പ്രകൃതി ദുരന്തവാർത്താക്കൾ റിപ്പോർട്ട് ചെയ്യുന്നത്
ഇതാണ് ഏറ്റവും വേദനിപ്പിക്കുന്നത്. ഒരു വാഹനാപകടം നടന്നാൽ, ഒരു മനുഷ്യൻ രക്തം വാർന്ന് കിടക്കുമ്പോൾ, ആദ്യം ഓടിയെത്തുന്നത് ക്യാമറയാണ്.
ആംബുലൻസ് വിളിക്കുന്നതിന് മുൻപ് മൈക്ക് നീട്ടും. മരണവീട്ടിൽ കയറി ചെന്ന് കരയുന്ന അമ്മയോട് “എന്ത് തോന്നുന്നു?” എന്ന് ചോദിക്കും.
എന്ത് മാനസികാവസ്ഥയാണിത്? അപകടത്തിൽപ്പെട്ടവരുടെ, ഇരകളുടെ കുടുംബത്തിന്റെ വേദനയെ TRP ആക്കുന്നതിൽ എന്ത് മനുഷ്യത്വമാണുള്ളത്?
പരിഹാരം എന്ത്? – നിയമം കൊണ്ട് നിയന്ത്രിക്കണം മാധ്യമ സ്വാതന്ത്ര്യം വേണം, പക്ഷെ അതിന് അതിർവരമ്പ് വേണം.
അതീവ രഹസ്യമായി അന്വേഷിക്കേണ്ട കേസുകളിൽ, പോലീസ് അന്വേഷണം പൂർത്തിയാകും മുൻപ് ‘ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം’ എന്ന പേരിൽ റണ്ണിംഗ് കമന്ററി നൽകുന്നത് ഒഴിവാക്കേണ്ടതല്ലേ? വിധി പറയേണ്ടത് കോടതിയല്ലേ?
രാജ്യസുരക്ഷയ്ക്ക് ഭീഷണി ആകുമെന്നറിഞ്ഞിട്ടും ടി ആർ പി റേറ്റിങ്ങിനു വേണ്ടി റിപ്പോർട്ട് ചെയ്യുക? ഉദാഹരണത്തിന്…
മുംബൈ ഭീകരാക്രമണ സമയത്ത് ലൈവ് ദൃശ്യങ്ങൾ കാണിച്ചതിനെ കുറിച്ച് ദേശീയ സുരക്ഷാ വിദഗ്ധർ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
സൈനിക നീക്കങ്ങൾ ലൈവ് ആയി കാണിക്കുന്നത് ഭീകരരെ സഹായിക്കും. മുൻ ഉദ്യോഗസ്ഥൻ ശ്രീ. ആർ.വി.എസ്. മണി ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
അതീവ രഹസ്യമായി അന്വേഷിക്കേണ്ട കേസുകളിൽ, പോലീസ് അന്വേഷണം തീരും മുൻപ് ‘ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം’ എന്ന പേരിൽ റണ്ണിംഗ് കമന്ററി നൽകുന്നു. വിധി പറയേണ്ടത് കോടതിയല്ലേ?
പിടികിട്ടാ പുള്ളികൾക്കു വേണ്ടിയോ എന്തെങ്കിലും കേസുമായി ബന്ധപ്പെട്ടുള്ള പരിശിശോദന നടക്കുമ്പോൾ തത്സമ വാർത്ത എയർ ചെയ്തു ആ കേസുമായി ബന്ധപെട്ടു കണ്ടെത്തേണ്ട തെളുവുകൾ നശിപ്പിക്കാനേ ഉപയോഗിക്കൂ അതൊന്നും ഇവർക്ക് പ്രശ്നമല്ല
എന്നിട്ടു അഭിമാനത്തോടെ ഞെളിഞ്ഞു പറയും ഈ വാർത്ത ആദ്ദ്യമായി ജനങ്ങളിൽ എത്തിച്ചത് ഞങ്ങളാണെന്നു
നമ്മുടെ തലച്ചോറിനെ തകർക്കുന്ന ഫ്ലാഷുകൾ പറഞ്ഞുവരുന്നത്
വാർത്ത കാണുമ്പോൾ താഴെ അതിവേഗം ഓടുന്ന ഫ്ലാഷ് ന്യൂസ് കാണാറില്ലേ?
പ്രേക്ഷകന്റെ മാനസികാരോഗ്യവും ഫ്ലാഷ് ന്യൂസുകളും തമ്മിൽ വലിയ ബന്ധമുണ്ട്.
ഇന്ന് വാർത്ത കാണുമ്പോൾ മെയിൻ വാർത്തയ്ക്ക് ഒപ്പം താഴെ അതിവേഗം ഓടുന്ന ഫ്ലാഷ് ന്യൂസുകളും, സൈഡിൽ ബ്രേക്കിംഗ് ന്യൂസുകളും കാണാറുണ്ട്. ഒരേ സമയം പല കാര്യങ്ങൾ കാണുമ്പോൾ പ്രേക്ഷകന് ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു.
ശാസ്ത്രം പറയുന്നത്, പുതിയ ദൃശ്യങ്ങൾ അതിവേഗം കാണുമ്പോൾ തലച്ചോറിൽ ഡോപാമിൻ എന്ന കെമിക്കൽ ഉത്പാദിപ്പിക്കപ്പെടുകയും അത് നമ്മെ കൂടുതൽ സമയം ടിവിക്ക് മുന്നിൽ പിടിച്ചിരുത്തുകയും ചെയ്യും എന്നാണ്. ക്രമേണ ഇത് ഫ്രസ്ട്രേഷനും ശ്രദ്ധക്കുറവിനും കാരണമാകാം എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഇതിനിപ്പോൾ പരിഹാരമായി നിർദ്ദേശിക്കാനുള്ളത്? സ്വയം നിയന്ത്രണം! ലോകത്തെ മികച്ച ചാനലുകളായ BBC മാതൃകയിൽ ഒരു സമയം ഒരു വാർത്ത മാത്രം. താഴെ ഓടുന്ന ഫ്ലാഷുകൾ ഒഴിവാക്കുക.
നമ്മളെ നമ്മൾ തന്നെ രക്ഷിക്കുക നമ്മുടെ മനസ്സിന്റെ ആത്മ നിയന്ത്രണം നമ്മളുടെ വരുതിയിൽ നിർത്താൻ ശാസ്ത്രം തന്ന ഉപകരണം ഉപയോഗിക്കുക !
സംശയം വേണ്ട റിമോട്ട് കൺട്രോൾ തന്നെ ! അതുകൊണ്ടും ഫലം കിട്ടുന്നില്ലെങ്കിൽ ദൈവം തന്ന കഴിവ് ഉപയോഗിക്കുക . മനസ്സിനെ നിയന്ത്രിക്കുക ഇത്തരം വാർത്തകൾ ശർദ്ദിക്കുന്ന ടി വി പത്രങ്ങൾ വായിക്കാതിരിക്കുക കാണാതിരിക്കുക
ഇഷ്ടപ്പെടാത്ത ചർച്ച വന്നാൽ ഉടൻ ചാനൽ മാറ്റുക. കാണാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിഷേധം. TRP താഴുമ്പോൾ അവർ നന്നാവും.
മാധ്യമങ്ങൾ നാലാം തൂണാണ്. ആ തൂൺ കൂടുതൽ ശക്തമാകാൻ സ്വയം നിയന്ത്രണം അനിവാര്യമാണ്.
ടിവി ഓഫ് ചെയ്യൂ, ജീവിതം ഓൺ ചെയ്യൂ.
മഠത്തിൽ ബാബു ജയപ്രകാശ്…………✍️ My WatsApp Contact No 9500716709
