Time Taken To Read 4 Minutes
പഴനി കാവടിയുടെ പിന്നിലെ ഐതിഹ്യം
പഴനിയിലേക്ക് കാവടിയേന്തി പോകുന്ന ഓരോ ഭക്തനും അറിയേണ്ട ഒരു പേരാണ് ഇടുമ്പൻ. അസുരനായിരുന്ന ഒരാൾ എങ്ങനെ മുരുകന്റെ ഏറ്റവും വലിയ ഭക്തനും പഴനി മലയുടെ കാവൽക്കാരനുമായി മാറി എന്നതാണ് ഈ കഥ.
ഇടുമ്പൻ യഥാർത്ഥത്തിൽ ഒരു അസുരനായിരുന്നു. ക്രൂരനായ ശൂരപദ്മന്റെ സൈന്യത്തിലെ ഒരു പ്രധാന യോദ്ധാവ്. മുരുകൻ ശൂരപദ്മനെയും അസുരപ്പടയെയും മുഴുവൻ വധിച്ച ആ മഹായുദ്ധത്തിൽ, ഇടുമ്പൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.
യുദ്ധം കഴിഞ്ഞ് മനസ്സുമാറിയ ഇടുമ്പൻ തിന്മയുടെ വഴി ഉപേക്ഷിച്ചു. അഗസ്ത്യ മഹർഷിയെ ശരണം പ്രാപിക്കുകയും ശിഷ്ടകാലം അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ ശിഷ്യനായി മാറുകയും ചെയ്തു.
ഒരിക്കൽ അഗസ്ത്യ മഹർഷിക്ക് പൊതിഗൈ മലനിരകളിൽ വെച്ച് ശിവനെയും ശക്തിയെയും ഒരുമിച്ച് ആരാധിക്കാൻ തോന്നി. അതിനായി കൈലാസത്തിലുള്ള ശിവന്റെ പ്രിയപ്പെട്ട രണ്ട് മലകളായ ശിവഗിരിയും ശക്തിഗിരിയും തെക്കോട്ട് കൊണ്ടുവരാൻ അദ്ദേഹം ഇടുമ്പനെ ചുമതലപ്പെടുത്തി.
പൊതിഗൈ എന്നത് പശ്ചിമഘട്ടത്തിലെ അഗസ്ത്യമല ആണ്.
അതായത് കേരളം – തമിഴ്നാട് അതിർത്തിയിൽ – തിരുവനന്തപുരം ജില്ലയുടെ (നെയ്യാർ) തെക്ക് ഭാഗത്തും തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയുടെ പടിഞ്ഞാറ് ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. ഇത് അഗസ്ത്യ മുനി തപസ്സ് ചെയ്ത സ്ഥലം എന്നാണ് വിശ്വാസം. താമ്രപർണി നദി ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്.
ശിവഗിരി ശിവന്റെ പ്രതീകവും ശക്തിഗിരി പാർവ്വതി ദേവിയുടെ പ്രതീകവുമായി കരുതപ്പെട്ടിരുന്നു.
ഗുരുവിന്റെ ആജ്ഞ അനുസരിച്ച് ഇടുമ്പൻ കൈലാസത്തിലെത്തി. ഒരു വലിയ തടിയുടെ ഇരുവശങ്ങളിലുമായി ആ രണ്ട് മലകളെയും കെട്ടിത്തൂക്കി ചുമലിലേറ്റി യാത്ര തിരിച്ചു. ഇതായിരുന്നു ആദ്യത്തെ കാവടിയെന്ന സങ്കല്പം.
യാത്രാമധ്യേ ഇന്നത്തെ പഴനി എന്ന സ്ഥലത്ത് എത്തിയപ്പോൾ ഇടുമ്പന് കടുത്ത ക്ഷീണം തോന്നി. മലകളുടെ ഭാരം കാരണം അദ്ദേഹം അവ തറയിൽ ഇറക്കിവെച്ച് വിശ്രമിച്ചു.
കുറച്ചു സമയത്തിനു ശേഷം യാത്ര തുടരാൻ മലകൾ വീണ്ടും ഉയർത്താൻ നോക്കിയപ്പോൾ, അത് സാധിച്ചില്ല. മലകൾ ഭൂമിയിൽ ഉറച്ചുപോയിരുന്നു.
മലമുകളിലേക്ക് നോക്കിയപ്പോൾ കയ്യിൽ ഒരു ദണ്ഡുമായി ഒരു ചെറിയ ബാലൻ നിൽക്കുന്നത് കണ്ടു. “എന്റെ മലയിൽ നിന്ന് ഇറങ്ങിപ്പോകൂ” എന്ന് ഇടുമ്പൻ ആജ്ഞാപിച്ചു.
അതിന് ബാലൻ മറുപടി പറഞ്ഞു – “ഇത് എന്റെ മലയാണ്, ഞാൻ ഇവിടെ നിന്ന് മാറില്ല.”
അഹങ്കാരിയായ ഇടുമ്പൻ പ്രകോപിതനാവുകയും ആ ബാലനെ ആക്രമിക്കാൻ തുനിയുകയും ചെയ്തു. ആ ബാലൻ മറ്റാരുമായിരുന്നില്ല, വേഷം മാറിയ മുരുകൻ തന്നെ ആയിരുന്നു.
തുടർന്ന് ഇടുമ്പനും മുരുകനും തമ്മിൽ കഠിനമായ യുദ്ധം നടന്നു. ഒടുവിൽ മുരുകന്റെ ശക്തിക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഇടുമ്പൻ യുദ്ധഭൂമിയിൽ വീണു മരിച്ചു.
തന്റെ ശിഷ്യന്റെ മരണം അറിഞ്ഞ് അഗസ്ത്യ മഹർഷിയും ഇടുമ്പന്റെ പത്നി ഇടുമ്പിയും അവിടെയെത്തി. അവർ മുരുകന്റെ കാൽക്കൽ വീണ് കരയുകയും ഇടുമ്പന് ജീവൻ തിരിച്ചുനൽകാൻ അപേക്ഷിക്കുകയും ചെയ്തു.
കരുണാമയനായ മുരുകൻ പ്രസന്നനാവുകയും ഇടുമ്പന് ജീവൻ തിരിച്ചു നൽകുകയും ചെയ്തു. തന്റെ യഥാർത്ഥ രൂപം വെളിപ്പെടുത്തിയ മുരുകനോട് ഇടുമ്പൻ മാപ്പ് അപേക്ഷിക്കുകയും വലിയ ഭക്തനായി മാറുകയും ചെയ്തു.
അപ്പോൾ ഇടുമ്പൻ മുരുകനോട് രണ്ട് വരങ്ങൾ ചോദിച്ചു:
മുരുകന്റെ മലകളുടെ കാവൽക്കാരനായി എന്നും തന്നെ അവിടെ നിലനിർത്തണം.
താൻ മലകൾ ചുമന്നതുപോലെ, ആര് തോളിൽ ഭാരമേറിയ കാവടിയേന്തി തന്റെ സന്നിധിയിലേക്ക് വരുന്നുവോ, അവരുടെ പ്രാർത്ഥനകൾ മുരുകൻ കേൾക്കണം.
ഒടുവിൽ എല്ലാ സങ്കടങ്ങളും കേട്ട മുരുകൻ ആ രണ്ട് വരങ്ങളും നൽകി അനുഗ്രഹിച്ചു.
ഈ ഐതിഹ്യത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഇന്നും ഭക്തർ തോളിൽ കാവടിയേന്തി വഴിപാട് നടത്തുന്നത്.
അതുകൊണ്ടാണ് പഴനി ക്ഷേത്രത്തിൽ പോകുന്ന ഭക്തർ ആദ്യം ഇടുമ്പൻ ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ച ശേഷമേ പ്രധാന മല കയറി മുരുകനെ ദർശിക്കാവൂ എന്ന് വിശ്വസിക്കുന്നത്. ഇടുമ്പന്റെ അനുവാദം വാങ്ങിയ ശേഷമേ മുരുകനെ കാണാവൂ
എന്ന് സങ്കല്പം എന്നാൽ ഇന്ന് ഇതൊന്നുമറിയാതെ ഭക്തർ പഴനിയിൽ നിന്നും അപ്പപ്പോൾ ലഭിക്കുന്ന വിവരമനുസരിച്ചു അവിടങ്ങളിലുള്ള ഏജന്റുമാരുടെ പ്രേരണയിലും പ്രലോഭനത്തിലും പെട്ട് കാവടി ചുമക്കുന്നു.
പ്രധാന ക്ഷേത്രത്തിന് എതിർവശത്തുള്ള ഒരു കുന്നിൻ മുകളിലാണ് ഇടുമ്പൻ ക്ഷേത്രം.
ഏകദേശം 540-ൽ അധികം പടികൾ കയറി വേണം അവിടെ എത്താൻ. 13 അടി ഉയരമുള്ള, ഇടുമ്പൻ കാവടി ചുമന്നു നിൽക്കുന്ന രൂപത്തിലുള്ള വലിയ വിഗ്രഹമാണ് അവിടെ ഉള്ളത്. തൈപ്പൂയം, പങ്കുനി ഉത്രം, തൃക്കാർത്തിക എന്നിവ ഇവിടെ വലിയ രീതിയിൽ ആഘോഷിക്കുന്നു.
കാവടിയെ കുറിച്ച് മറ്റൊരു കഥ കൂടിയുണ്ട്.
ജ്ഞാനപ്പഴത്തിന്റെ പേരിൽ പിണങ്ങി മുരുകൻ പഴനിമലയിൽ സന്യാസിയായി ഇരുന്നപ്പോൾ, കൈലാസം മുഴുവൻ ദുഃഖത്തിലായി. മകനെ തിരികെ വിളിക്കാനും അനുനയിപ്പിക്കാനുമായി പാർവ്വതി ദേവിയും ശിവനും അവരുടെ കൂടെയുള്ള ശിവഗണങ്ങളും കൈലാസത്തിൽ നിന്നും തെക്കോട്ട് യാത്ര തിരിച്ചു.
മകനെ കാണാൻ പോകുന്ന സന്തോഷത്തിലും, അവന്റെ പിണക്കം മാറ്റാനുമായി ശിവഗണങ്ങൾ വഴിയിലുടനീളം നൃത്തം ചെയ്താണ് നീങ്ങിയത്. അവർ തങ്ങളുടെ തോളുകളിൽ മനോഹരമായി അലങ്കരിച്ച വടികളും അതിൽ പൂക്കളും പഴങ്ങളും കെട്ടിത്തൂക്കി ചുമലിലേറ്റിയിരുന്നു. ഇതാണ് പിന്നീട് ‘കാവടി’യായി മാറിയത് എന്നും വിശ്വാസമുണ്ട്.
അമ്മയായ പാർവ്വതി ദേവിയുടെയും ശിവന്റെയും സാന്നിധ്യത്തിൽ, ഉടുക്കുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശിവഗണങ്ങൾ ഈ കാവടികളുമേന്തി നൃത്തം ചവിട്ടി പഴനിമലയിലേക്ക് നീങ്ങി. ഈ പുണ്യയാത്രയും നൃത്തവുമാണ് പ്രപഞ്ചത്തിലെ ആദ്യത്തെ ‘കാവടിയാട്ടം’ എന്ന് വിശ്വസിക്കപ്പെടുന്നു.
ഭൂതഗണങ്ങൾ അലങ്കരിച്ച വടികളുമായി നൃത്തം ചെയ്ത് വന്നത് കണ്ടാണ് മുരുകൻ സന്തോഷിച്ചത്.
അതുകൊണ്ടാണ് ഇന്നും ഭക്തർ കാവടിയെടുക്കുമ്പോൾ വെറുതെ നടന്നുപോകാതെ, പാട്ടുകൾക്ക് അനുസരിച്ച് നൃത്തം ചെയ്ത് മലകയറുന്നത്.
കാവടിയുടെ ആത്മീയവും സന്തോഷപൂർവ്വവുമായ രൂപം നൽകിയത് പാർവ്വതി ദേവിയും ശിവഗണങ്ങളുമാണ്. എന്നാൽ കാവടി എന്ന ഭാരമേറിയ വഴിപാടിന് തപസ്സിന്റെ രൂപം നൽകിയത് മലകൾ ചുമന്നുകൊണ്ട് വന്ന ഇടുമ്പനാണ്. ഈ രണ്ട് സങ്കല്പങ്ങളും ചേർന്നാണ് ഇന്നത്തെ ‘കാവടിയാട്ടം’ രൂപപ്പെട്ടത്.
അസുരനായിരുന്നിട്ടും ഭക്തികൊണ്ട് ദൈവത്തിനൊപ്പം സ്ഥാനം നേടിയ ഇടുമ്പനെ വണങ്ങുന്നത് വഴി തങ്ങളുടെ യാത്രയിലെ തടസ്സങ്ങൾ മാറുമെന്നാണ് ഭക്തരുടെ വിശ്വാസം.
ജ്ഞാനവേൽ ഏന്തിയ വലംകൈയ്യഴകും,
ഭക്തർക്കഭയമേകും മുദ്രതൻ ഭംഗിയും,
മയിൽവാഹനൻ നിന്റെ മന്ദഹാസവും,
മനസ്സിൽ നിറയ്ക്കുന്നു ഭക്തിതൻ അമൃതം!
എല്ലാ ദുരിതങ്ങളും അകറ്റി, അറിവും സമാധാനവും നൽകി അനുഗ്രഹിക്കണമേ ഓം ശരവണഭവ….
Reference: Skanda Purana / Palani Sthala Purana – Curtesy.
മുരുകയുഗം എന്നത് പുതിയൊരു യുഗമല്ല, നമ്മൾ ജീവിക്കുന്ന കലിയുഗത്തിന്റെ തന്നെ ഒരു വിശേഷണമാണ്.
ശാസ്ത്രങ്ങൾ പ്രകാരം കലിയുഗത്തിൽ ഏറ്റവും വേഗം അനുഗ്രഹം നൽകുന്ന ദൈവമാണ് മുരുകൻ. അതുകൊണ്ടാണ് മുരുകനെ “കലിയുഗത്തിന്റെ കടവുൾ” എന്ന് വിളിക്കുന്നത്.
ഇപ്പോൾ ഇതിനെ മുരുകയുഗം എന്ന് പറയാൻ കാരണം:
അഗസ്ത്യ ജീവനാഡി ജ്യോതിഷികൾ പറയുന്നത് അനുസരിച്ച്, ഇപ്പോൾ ഗ്രഹനിലകൾ മുരുകന് – അതായത് ചൊവ്വയ്ക്കും ജ്ഞാനത്തിനും – അനുകൂലമായ കാലമാണ്. ഈ കാലത്ത് ശുദ്ധി, ജ്ഞാനം, ഗുരുവിന്റെ അനുഗ്രഹം എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം.
പല ആത്മീയ ചാനലുകളും ഇപ്പോൾ പറയുന്നത് മനുഷ്യരാശി മുരുകയുഗത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു* എന്നാണ്.
മുരുകൻ എന്നാൽ “മുരുക്” – അഴക്, യൗവനം (Gen Z) എന്നാണ് അർത്ഥം. ഇന്നത്തെ തലമുറയുടെ Confusion, Fear, Depression പോലുള്ള പ്രശ്നങ്ങൾക്ക് ധൈര്യം നൽകുന്ന ദൈവമായാണ് മുരുകനെ കാണുന്നത്.
“യാമിരുക്ക ഭയമേൻ” – ഞാൻ ഇരിക്കെ ഭയമെന്തിന് എന്നാണ് മുരുകന്റെ വാഗ്ദാനം.
പരബ്രഹ്മ സ്വരൂപനായ മുരുകനെ “ജ്ഞാനപ്പഴം” എന്നും വിളിക്കും. AI, യുദ്ധം, തൊഴിൽ പ്രതിസന്ധി എന്നൊക്കെയുള്ള ഈ കലിയുഗത്തിൽ ശരിയായ വിവേകം – അജ്ഞാനത്തെ വെട്ടിമാറ്റുന്ന വേൽ പോലെ – നൽകാൻ മുരുകനെ ആരാധിക്കുന്നു.
തമിഴ്നാട്ടിൽ ഇപ്പോൾ വലിയ മുരുക ഭക്തി തരംഗം ഉണ്ട്. “തമിഴ്നാട്ടിൽ മുരുകർ യുഗം” എന്ന് പറഞ്ഞ് യൂട്യൂബിലും മറ്റും വലിയ ചർച്ചകൾ നടക്കുന്നു. പഴനി, തിരുച്ചെന്തൂർ ക്ഷേത്രങ്ങളിലെ തിരക്ക് ഇതിന് തെളിവാണ്.
ചുരുക്കത്തിൽ, ലോകം മുഴുവൻ അശാന്തി നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത്, ധൈര്യവും ജ്ഞാനവും ശുദ്ധിയും നൽകുന്ന ദൈവമായി മുരുകനെ കാണുന്ന കാലത്തെയാണ് മുരുകയുഗം എന്ന് ആത്മീയമായി വിളിക്കുന്നത്.
ഇപ്പോൾ നമ്മളൊക്കെ ” Gen Z എന്ന് വിളിക്കുന്നതും മുരുക യുഗത്തിന്റെ ഭാഗം തന്നെ !
എന്റെ ഒരു അനുഭവകഥ കൂടി പറയാം….
ഒരു നേർച്ചയുടെ ഭാഗമായി മൂന്നു വർഷം മുൻപ് ഞാൻ പഴനിയിലേക്ക് പോയിരുന്നു. മാഹിയിൽ നിന്ന് പാലക്കാട് വഴിയാണ് യാത്ര. ഏകദേശം രാത്രി 7.30 യോടെ പഴനിയിലെത്തി.
ഒരു റൂമിനായി എന്റെ ഒരു സുഹൃത്ത് വഴി സംഘടിപ്പിച്ച റെക്കമെൻഡേഷൻ ലെറ്ററുമായി ഗസ്റ്റ് ഹൗസിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച, വി.ഐ.പി.യും, വി.വി.ഐ.പി.യും വരെ റൂമിനായി കടിപിടി കൂടുന്നു എന്നതാണ്.
എന്റെ ധാരണ വി.വി.വി.ഐ.പിയുടെ എഴുത്തുണ്ടല്ലോ, റൂം കിട്ടും എന്നായിരുന്നു.അതുകൊണ്ടു തന്നെ വേറൊരു ഏർപ്പാടും ചെയ്തിരുന്നില്ല പഴനിയല്ലേ ധാരാളം ഹോട്ടലുകളുമുണ്ടാവും. പക്ഷെ പയങ്കുനി ഉത്രമാണെന്നുള്ള കാര്യമോർത്തില്ല.
കൗണ്ടറിൽ ഒരു വിധം തള്ളിക്കയറി എഴുത്ത് കൈമാറി. അത് നോക്കിയിട്ട് മാനേജർക്ക് കൊടുത്തു. അയാൾ എഴുന്നേറ്റു വന്ന് പറഞ്ഞു,
“വി.വി.വി.ഐ.പി അല്ല, ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് പറഞ്ഞാൽ പോലും ഇവിടെ റൂമില്ല. സാർ ഇന്നേക്ക് പങ്കുനി ഉത്രം ! അവളോ കൂട്ടം സാർ പാക്കലെ? പളനി മൊത്തം ഇന്തമാതിരി കൂട്ടം സാർ, യാർ സൊന്നാലും റൂം കെടയ്ക്കാത്.” അവളോ കൂട്ടം!
ദുഃഖത്തോടെ പിന്നീട് അലച്ചിലായി. ഒരു സ്ഥലത്തും റൂമില്ല. ഒന്നു രണ്ടു സ്ഥലത്ത് ലൈൻ റൂം പോലുള്ളത് കണ്ടു, പക്ഷേ താമസിക്കാൻ കൊള്ളില്ല. ഒടുവിൽ ഞങ്ങൾ ഒരു തീരുമാനത്തിലെത്തി – സ്റ്റേഷനിലോ മറ്റോ പോയി ചെന്നൈക്കോ കേരളത്തിലേക്കോ കിട്ടുന്ന ആദ്യ ട്രെയിനിൽ സ്ഥലം വിടാം എന്ന്.
നല്ല വിശപ്പും ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും ഭക്ഷണം കഴിച്ചു. ഇതിനിടയിൽ ഗുരുവായൂരിൽ ടൂറിസ്റ്റ് ഹോം നടത്തുന്ന എന്റെ അടുത്ത ബന്ധുവായ ശ്രീ ഗംഗാധരനെ ഞാൻ ബന്ധപ്പെട്ട് എന്റെ അവസ്ഥ പറഞ്ഞു. അദ്ദേഹം തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് ഫോൺ ഡിസ്കണക്ട് ചെയ്തു.
20 – 25 മിനിറ്റ് കഴിഞ്ഞ് അദ്ദേഹം തിരിച്ചു വിളിച്ചിട്ട് പറഞ്ഞു, “ബാബുവേട്ടാ, പരിചയമുള്ള ഒരുപാട് പേരെ ബന്ധപ്പെട്ടു. ആ ദിവസത്തിന്റെ പ്രത്യേകത കാരണം പഴനി മുഴുവൻ ജനത്തിരക്കാണ്, ചാൻസ് കുറവാണ്.
ഒരാൾ ചെറിയൊരു ഹോപ്പ് പറഞ്ഞിട്ടുണ്ട്, അത് റൂമിലുള്ളവർ വെക്കേറ്റ് ചെയ്താൽ മാത്രം. അവർ റൂം കാലിയാക്കണോ വേണ്ടയോ എന്നുള്ള സംശയത്തിലാണ്. ഏതായാലും കാത്തു നിൽക്കൂ.”
ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു. ഒടുവിൽ 10 – 15 മിനിറ്റിനുള്ളിൽ മേനേജർ വന്നു പറഞ്ഞു, അവർ വെക്കേറ്റ് ചെയ്യുകയാണെന്ന് .
നീങ്കെ റൊമ്പ ലക്കി സാർ മുരുകൻ പാത്താച്ചു ഉങ്ക കഷ്ട്ടം. അത് താൻ റൂം കടച്ചത്.
പിറ്റേന്ന് രാവിലെ സ്റ്റെപ്പ് വഴി പഴനിമലയിലേക്ക് കയറി. മുകളിലെത്തിയപ്പോൾ കണ്ട കാഴ്ച, പഴനിയിലെ ജനങ്ങൾ മൊത്തം മലമുകളിൽ തമ്പടിച്ചത് പോലെ തോന്നി. പാൽക്കുടവുമായി വിവിധ ഗ്രൂപ്പുകളായി കുറെ പേർ, ഒപ്പം കാവടിയുമായി കുറെ പേർ – ഇവരൊക്കെ നിരനിരയായി ഇരിക്കുന്നുണ്ട്.
അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, അന്ന് പഴനിയിലെ ഗോത്രവർഗ്ഗക്കാർക്ക് അഭിഷേകം നടത്താനുള്ള ദിവസമാണ്. അതുകൊണ്ട് ദർശനത്തിനുള്ള സ്പെഷ്യൽ ടിക്കറ്റ് നിർത്തലാക്കിയിരിക്കുന്നു.
ഒരു വിധത്തിൽ ആരെയൊക്കെയോ ബന്ധപ്പെട്ടപ്പോൾ ഒരാൾ ഓഫീസിൽ നിന്ന് വന്ന് പറഞ്ഞു, “റൊമ്പ കൂട്ടം സാർ, 1500 രൂപ തന്നാൽ ഡയറക്ട് എൻട്രി പൊട്ട് തരേൻ.” ഞങ്ങൾ സമ്മതിച്ചു.
അയാളോടൊപ്പം ഞങ്ങൾ നടന്നു. അദ്ദേഹം ആൾക്കൂട്ടത്തെ തട്ടിമാറ്റി മുന്നേ നടന്നു, പിറകെ ഞങ്ങളും. പിന്നീട് അദ്ദേഹം ഒരു ചെറിയ ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കടന്നു. അവിടെ കാത്തുനിന്ന ഒരു ഫാമിലിയെ (2 പേർ) കൂടി ഉള്ളിൽ കടത്തി, ഗേറ്റ് അടച്ച് ഉള്ളിലേക്ക് പോയി.
പിന്നീട് അദ്ദേഹം പുറത്തേക്ക് വന്നില്ല. തുടർന്ന് 500 രൂപയുടെ ടോക്കൺ ക്യൂവിൽ നല്ല തിരക്കായതുകാരണം ഞങ്ങൾ നോർമൽ ക്യൂവിലൂടെ പതിയെ നീങ്ങി. ഉള്ളിൽ വെച്ച് ടിക്കറ്റെടുത്ത് വളഞ്ഞുവളഞ്ഞ് ഏകദേശം 15 ‘ 20 മിനിറ്റ് നടന്ന് പ്രധാന കവാടത്തിനരികിൽ വലതുഭാഗത്തായി നിർത്തി.
അപ്പോഴാണ് മനസ്സിലായത്, നമുക്ക് മുന്നിലുള്ളവർക്ക് ദർശനം കിട്ടിയവരെ പുറത്തേക്ക് അയച്ച് അടുത്ത അഭിഷേകത്തിനുള്ള തയ്യാറെടുപ്പാണെന്ന്.
ആ സമയം കോവിലിന് മുന്നിലായി ഒരു നിശ്ചിത ആളുകൾക്ക് ഇരിപ്പിടം ഉണ്ടായിരുന്നു, അതിനു ശേഷം ഒന്നോ രണ്ടോ വരി നിന്ന് ദർശിക്കാം. പതിയെ ക്യൂ നീങ്ങിത്തുടങ്ങി. കൃത്യം നമ്മളും നമുക്ക് പിന്നിലുള്ള 5 – 6 പേരും സ്വാമിയുടെ നേരെ മുന്നിൽ എത്തിയപ്പോൾ ലൈൻ സ്റ്റോപ്പ് ചെയ്തു.
മിനിറ്റുകൾക്കുള്ളിൽ അഭിഷേകം ആരംഭിച്ചു. കൺകുളിർക്കെ ഗോത്രവർഗ്ഗക്കാർ കൈമാറുന്ന പാൽക്കുടത്തിൽ നിന്ന് പാലെടുത്തുള്ള അഭിഷേകം മുഴുവനായും നേരിൽ കണ്ടു. ആരതി തട്ട് പുറത്തേക്ക് കൊണ്ടുവന്നപ്പോൾ അതും തൊട്ടു തൊഴാനുള്ള ഭാഗ്യവും ഉണ്ടായി.
ഇവിടെ മുരുകൻ നമുക്ക് മുന്നിൽ നേരിട്ടെത്തി അനുഗ്രഹിച്ചതു പോലെ തോന്നി.
കാരണം നമ്മുടെ വീടിന്റെ ഔട്ട്ഹൗസിൽ നാലഞ്ചു കൊല്ലം മുരുകൻ എന്നൊരു പയ്യനും അമ്മയും ചിറ്റിയും ഫ്രീയായി താമസിച്ചിരുന്നു.
നമ്മുടെ എന്ത് ആവശ്യത്തിനും “മുരുകാ… മുരുകാ…” എന്ന് വിളിച്ചാൽ മുരുകൻ ചെയ്തു തരും. ആ വിളി പഴനിയിലും മുരുകൻ നമുക്ക് സാധിച്ചു തന്നു എന്ന് ഞാൻ വ്ശ്വസിക്കുന്നു
വിശ്വാസമല്ലേ എല്ലാം
ഓം ശരവണഭവ, ഓം മുരുകാ, ഓം ശക്തിവേൽ, ഓം സുബ്രഹ്മണ്യാ,
ഓം ഷണ്മുഖാ, ഓം കാർത്തികേയാ,
ഓം സ്കന്ദാ, ഓം കുമരാ,
ഓം ഗുഹാ, ഓം വേലായുധാ!
ഇതിൽപ്പരം മറ്റെന്ത് സായൂജ്യം നേടണം…
തിരക്കിന്റെ യഥാർത്ഥ കാരണം ട്രെയിനിൽവെച്ചറിഞ്ഞു.
മുരുകന്റെ ഗോത്രത്തിൽ പെട്ട ഗ്രാമീണർക്കുള്ള ചടങ്ങാണ് അന്നത്തെ ദിവസം. ഇവരിലെ ആളുകൾ ലോകത്ത് എവിടെയുണ്ടെങ്കിലും പഴനിയിലെത്തി ഉത്സവങ്ങളിൽ പങ്കുകൊള്ളുമെന്നാണ് പറയപ്പെടുന്നത്.
ഈ വിവരം മടക്കയാത്രയിൽ ട്രെയിനിൽ ഞങ്ങളോടൊപ്പം പരിചയപ്പെട്ട ഒരു കുടുംബത്തിൽ നിന്നാണ് മനസ്സിലായത്. അവർ പാരമ്പര്യമായി വീട്ടിൽ പൂജിക്കുന്ന ആ വലിയ കാവടിയും തൊട്ടു വന്ദിക്കാനുള്ള അവസരം ലഭിച്ചു.
അവർ താമസം റോയപ്പേട്ടയിലാണ്, പക്ഷേ മക്കളും പേരക്കുട്ടികളും അമേരിക്കയിലും കാനഡയിലും ബാംഗ്ലൂരുമൊക്കെയായി കഴിയുകയാണെങ്കിലും, അവരെല്ലാം കുടുംബസമേതം ആ ട്രെയിനിൽ ഉണ്ടായിരുന്നു.
മഠത്തിൽ ബാബു ജയപ്രകാശ്………..✍️My WatsApp Contact No 9500716709

