Time Taken To Read 3 Minutes
അൽപ്പം ഗണേശ പുരാണമാവാമിന്നു…
ഇന്നലെ ഗണേഷ് ചതുർഥി! നാളെ വിസർജ്ജനം.!
ഗണപതിക്ക് മുന്നിൽ ഉടയ്ക്കുന്ന നാളികേരത്തിന് പിന്നിൽ, നാം അറിയാത്ത ഒരു സത്യം?
ഭാരതത്തിൽ ജാതിയോ മതഭേദമോ സംസ്ഥാനമോ ഇല്ലാതെ എല്ലാവരും ആരാധിക്കുന്ന ദൈവമാണ് ഗണപതി. ഏത് പൂജ തുടങ്ങും മുൻപും ആദ്യം പൂജിക്കേണ്ടത് ഗണപതിയെ ആണ്. അതുകൊണ്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്നത് ഗണപതിയാണെന്ന് പറയുന്നതിൽ തെറ്റില്ല.
എല്ലാ വർഷവും നാം ഗണേശ ചതുർത്ഥി ആഘോഷിക്കും. പന്തലുകൾ ഉയരും, മന്ത്രങ്ങൾ മുഴങ്ങും, ലഡ്ഡു വിളമ്പും. എന്നാൽ ഗണപതിക്ക് മുന്നിൽ ഉടയ്ക്കുന്ന ആ ഒരു നാളികേരത്തിന്റെ അർത്ഥം എത്ര പേർക്ക് അറിയാം? ഇത് വെറും ഒരു ചടങ്ങല്ല.
ഭാരതീയരായ സനാതന വിശ്വാസികൾ നമ്മുടെ പൂർവ്വികർ നാളികേരത്തെ മനുഷ്യന്റെ തന്നെ പ്രതിരൂപമായി കണ്ടു സ്വശരീരമായി വിശ്വസിക്കുന്നു
പുറമെയുള്ള ചകിരി – മായയുടെ ആവരണവും സ്ഥൂല ശരീരവും
കട്ടിയുള്ള ചിരട്ട – നമ്മുടെ അഹങ്കാരവും ‘ഞാൻ’ എന്ന ഭാവവും
വെളുത്ത കാമ്പ് – ശുദ്ധമായ മനസ്സ്
തെളിനീർ – ആത്മാവാകുന്ന അമൃതം.
അഹങ്കാരമാകുന്ന ചിരട്ട ഉടച്ച്, ശുദ്ധമായ മനസ്സും ആത്മാവും ഭഗവാന് സമർപ്പിക്കലാണ് നാളികേരം ഉടയ്ക്കൽ. പണ്ടുകാലത്ത് ബലിക്ക് പകരമായാണ് സമാനമായ നാളികേരം ബലിയായി നൽകി തുടങ്ങിയത്.
അത് പറയും മുമ്പ് നാളികേരം ശിവഫലമായ കഥയുണ്ട്
ദേവന്മാർക്കിടയിൽ ഏറ്റവും ശുദ്ധമായ ഫലം ഏതെന്ന ചർച്ച വന്നു. മൂന്ന് കണ്ണുകളുള്ള നാളികേരമാണ് അതെന്ന് കണ്ടെത്തി.
കഥ ഇങ്ങനെയാണ്; ത്രിപുരാസുര വധത്തിന് പോകും മുൻപ് ശിവൻ ഗണപതിയെ പൂജിക്കാത്തതുകൊണ്ട് പരാജയപ്പെട്ടു.
പിന്നീട് തെറ്റ് മനസ്സിലാക്കി ഗണപതിയെ പൂജിച്ചപ്പോൾ, ഗണപതി പറഞ്ഞു “എനിക്ക് അങ്ങയുടെ തല ഫലത്തിന്റെ രൂപത്തിൽ വേണം”.
ശിവൻ തന്റെ തേജസ്സിൽ നിന്ന് മൂന്ന് കണ്ണുകളുള്ള ഒരു ദിവ്യഫലം സൃഷ്ടിച്ച് നൽകി. അതിനുള്ളിൽ ലക്ഷ്മിയുടെയും വിഷ്ണുവിന്റെയും അംശം ഉണ്ടായിരുന്നു.
അതാണ് ശിവഫലം എന്ന നാളികേരം. അതുകൊണ്ടാണ് നാളികേരത്തിന്റെ മൂന്ന് കണ്ണുകൾ ശിവന്റെ ത്രിനേത്രങ്ങളായി കണക്കാക്കുന്നത്.
നാളികേരം ഉടയ്ക്കുന്നത് പല രീതിയിലാണ് എനിക്ക് മനസ്സിലായ മൂന്ന് രീതികളും അർത്ഥവും
പൂജാരി വിഗ്രഹത്തിന് മുന്നിൽ ഉടയ്ക്കുന്നത്?
ക്ഷേത്രങ്ങളിൽ ഭക്തൻ നാളികേരം പൂജാരിക്ക് നൽകുന്നു. പൂജാരി വിഗ്രഹത്തിന് മുന്നിൽ ശ്ലോകം ചൊല്ലി ഉടയ്ക്കുന്നു. ഇത് പൂർണ്ണ സമർപ്പണമാണ് “എന്റെ അഹങ്കാരം ഉടച്ച് എന്നെ അങ്ങേക്ക് സമർപ്പിക്കുന്നു, എന്റെ വിഘ്നങ്ങൾ നീക്കണമേ” എന്ന പ്രാർത്ഥന.
തലയ്ക്ക് ചുറ്റും ഉഴിഞ്ഞ് എറിഞ്ഞുടയ്ക്കുന്നത്?
ഇത് ദൃഷ്ടിദോഷ പരിഹാരത്തിനാണ്. കണ്ണേറ്, ദോഷം തോന്നുമ്പോൾ നാളികേരം തലയ്ക്ക് ചുറ്റും മൂന്ന് പ്രാവശ്യം വലം വെച്ചും ഇടം വെച്ചും ഉഴിഞ്ഞ് കല്ലിൽ എറിഞ്ഞുടയ്ക്കും. നമ്മുടെ ശരീരത്തിന്റെ പ്രതിരൂപമായ നാളികേരത്തിലേക്ക് നെഗറ്റീവ് എനർജി ആവാഹിച്ച് എറിഞ്ഞ് ചിതറിക്കുകയാണ്.
ശകുനം നോക്കി ഉടയ്ക്കുന്നത്:
നമ്മുടെ ആഗ്രഹം നടക്കുമോ എന്നറിയാനാണിത്. കേരളത്തിൽ ‘ചൊല്ലങ്കല്ല്’ അല്ലെങ്കിൽ ‘നാളികേരക്കല്ല്’ എന്ന കല്ലിൽ ഇത് ചെയ്യും.
മനസ്സിൽ ആഗ്രഹം വിചാരിച്ച് ശക്തിയായി എറിയണം.
രണ്ടായി പിളർന്നാൽ – കാര്യം സാധിക്കും, YES.
മൂന്നോ അതിലധികമോ കഷണങ്ങളായി ചിതറിയാൽ – തടസ്സമുണ്ട്.
കാമ്പ് കൊത്തോടെ അടർന്നു വീണാൽ – അതീവ ശുഭം, ആഗ്രഹം ഉറപ്പായും നടക്കും. ഇങ്ങനെ ഉടയ്ക്കുന്ന നാളികേരം തിരിച്ചു വീട്ടിൽ കൊണ്ടുപോകരുത്, അവിടെ ഉപേക്ഷിക്കണം. കാരണം ദോഷം അതിലൂടെ ഉപേക്ഷിക്കുകയാണ്.
ഇങ്ങനെയൊക്കെ വ്ശ്വസിക്കുമ്പോഴും, ചതുർത്ഥി ദിവസം ചന്ദ്രനെ അറിയാതെ ഒന്ന് കണ്ടുപോയാൽ പോലും അപവാദം കേൾക്കേണ്ടി വരും എന്നൊരു പഴയ വിശ്വാസമുണ്ട്.
മിഥ്യാഭിശാപം അഥവാ ചതുർത്ഥി ചന്ദ്ര ദോഷം എന്നാണ് പറയുന്നത്.
എന്തുകൊണ്ട് ചന്ദ്രനെ കാണാൻ പാടില്ല?
ഗണേശ ചതുർത്ഥി ദിവസം ഗണപതി തന്റെ വാഹനമായ എലിയുടെ പുറത്ത് സഞ്ചരിക്കുമ്പോൾ എലി വഴുതി വീണു ഗണപതിയും വീണു. ലഡ്ഡു ചിതറി. ഇതു കണ്ട് ആകാശത്ത് നിന്ന് ചന്ദ്രൻ പൊട്ടിച്ചിരിച്ചു. കോപിച്ച ഗണപതി ചന്ദ്രനെ ശപിച്ചു ‘നിന്നെ ഇനി ആരും കാണാതിരിക്കട്ടെ നിന്നെ കാണുന്നവർക്ക് അപവാദം കേൾക്കേണ്ടി വരും!”
ചന്ദ്രൻ മാപ്പ് പറഞ്ഞപ്പോൾ ഗണപതി ശാപം പൂർണ്ണമായും പിൻവലിച്ചില്ല.
“ഭാദ്രപദ ശുക്ല ചതുർത്ഥി ദിവസം നിന്നെ കാണുന്നവർക്ക് കള്ളപ്പഴി കേൾക്കേണ്ടി വരും” എന്നാക്കി കുറച്ചു.
അതാണ് ചതുർത്ഥി ദിവസം ചന്ദ്രനെ നോക്കാൻ പാടില്ല എന്ന് പറയുന്നത്.
ഇതിന് തെളിവായി കൃഷ്ണൻ പോലും ഈ ദിവസം ചന്ദ്രനെ കണ്ടതുകൊണ്ട് സ്യമന്തകമണി മോഷ്ടിച്ചു എന്ന അപവാദം കേൾക്കേണ്ടി വന്നു എന്നാണ് ഭാഗവതത്തിൽ പറയുന്നത്.
അറിയാതെ കണ്ടുപോയാൽ ദോഷപരിഹാരം എന്ത്?
പേടിക്കേണ്ട പരിഹാരം ഉണ്ട്. സ്യമന്തക മന്ത്രം ജപിക്കുക:
സിംഹഃ പ്രസേനമവധീത് സിംഹോ ജാംബവതാ ഹതഃസുകുമാരക മാ രോദീസ്തവ ഹ്യേഷ സ്യമന്തകഃഈ മന്ത്രം 3 – 11, 21 തവണ ജപിച്ചാൽ ദോഷം മാറും.
അന്ന് വൈകിട്ട് ഭാഗവതത്തിലെ സ്യമന്തകമണിയുടെ കഥ (കൃഷ്ണൻ എങ്ങനെ അപവാദത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന കഥ) കേൾക്കുകയോ വായിക്കുകയോ ചെയ്താൽ മതി.
പിറ്റേന്ന് രാവിലെ ഗണപതിക്ക് മുന്നിൽ ഒരു നാളികേരം ഉടച്ച് “മിഥ്യാഭിശാപം നീങ്ങണമേ” എന്ന് പ്രാർത്ഥിക്കുക. തെറ്റി കണ്ടുപോയാൽ പോലും ഈ കഥ കേൾക്കുന്നതാണ് ഏറ്റവും വലിയ പരിഹാരം.
സ്യമന്തകമണിയുടെ കഥയാണ് ചന്ദ്ര ദോഷത്തിന് പരിഹാരമായി പറയുന്നത്. കഥ ഇതാ:
ദ്വാരകയിൽ സത്രാജിത്ത് എന്നയാൾ സൂര്യദേവനെ തപസ്സ് ചെയ്ത് സ്യമന്തകമണി എന്ന അത്ഭുത മണി നേടി. ഈ മണി ദിവസവും 8 ഭാരം സ്വർണം നൽകും. പക്ഷെ അത് വെക്കുന്നിടത്ത് ഒരു ദോഷവും വരില്ല.
സത്രാജിത്തിന്റെ കഴുത്തിൽ ഈ മണി കണ്ട കൃഷ്ണൻ പറഞ്ഞു – “ഇത് രാജാവായ ഉഗ്രസേനന് കൊടുക്ക്, എല്ലാവർക്കും ഗുണമാകും”. സത്രാജിത്ത് സമ്മതിച്ചില്ല.
കുറച്ചു ദിവസം കഴിഞ്ഞ് സത്രാജിത്തിന്റെ അനിയൻ പ്രസേനൻ ആ മണിയും കഴുത്തിൽ ഇട്ട് കാട്ടിൽ നായാട്ടിന് പോയി. കാട്ടിൽ ഒരു സിംഹം പ്രസേനനെ കൊന്ന് മണി എടുത്തു.
ആ സിംഹത്തെ ജാംബവാൻ (രാമായണത്തിലെ ജാംബവാൻ) കൊന്ന് മണി തന്റെ ഗുഹയിലേക്ക് കൊണ്ടുപോയി, തന്റെ കുഞ്ഞിന് കളിക്കാൻ കൊടുത്തു.
അതിനിടെ പ്രസേനൻ തിരിച്ചു വരാത്തത്കൊണ്ടു നാട്ടുകാർ പറഞ്ഞു – “കൃഷ്ണൻ തന്നെയാണ് മണിക്ക് വേണ്ടി പ്രസേനനെ കൊന്നത്”.
ഇതാണ് ഭാദ്രപദ ചതുർത്ഥി ദിവസം ചന്ദ്രനെ കണ്ടതിന്റെ ദോഷം കൊണ്ട് കൃഷ്ണന് കേൾക്കേണ്ടി വന്ന അപവാദം.
അപവാദം തീർക്കാൻ കൃഷ്ണൻ കാട്ടിലേക്ക് പോയി. അവിടെ പ്രസേനന്റെ മൃതദേഹവും സിംഹത്തിന്റെ കാൽപ്പാടും കണ്ടു. പാട് പിന്തുടർന്ന് ജാംബവാന്റെ ഗുഹയിൽ എത്തി. ഗുഹയിൽ ജാംബവാന്റെ കുഞ്ഞ് മണി കൊണ്ട് കളിക്കുന്നുണ്ടായിരുന്നു, തൊട്ടിലിൽ
സിംഹഃ പ്രസേനമവധീത് സിംഹോ ജാംബവതാ ഹതഃ
സുകുമാരക മാ രോദീസ്തവ ഹ്യേഷ സ്യമന്തകഃ
(സിംഹം പ്രസേനനെ കൊന്നു, ആ സിംഹത്തെ ജാംബവാൻ കൊന്നു, കുഞ്ഞേ കരയേണ്ട, ഈ സ്യമന്തകമണി നിന്റേതാണ്)
കൃഷ്ണൻ ജാംബവാനുമായി 21 ദിവസം യുദ്ധം ചെയ്തു. ഒടുവിൽ ജാംബവാൻ തോറ്റ്, കൃഷ്ണൻ വിഷ്ണുവിന്റെ അവതാരമാണെന്ന് മനസ്സിലാക്കി മണിയും തന്റെ മകൾ ജാംബവതിയെയും കൃഷ്ണന് നൽകി.
കൃഷ്ണൻ മണിയുമായി ദ്വാരകയിൽ തിരിച്ചെത്തി സത്രാജിത്തിന് തിരികെ കൊടുത്തു, തന്റെ മേലുള്ള കള്ളപ്പഴി തീർത്തു. ലജ്ജിതനായ സത്രാജിത്ത് തന്റെ മകൾ സത്യഭാമയെയും മണിയെയും കൃഷ്ണന് തന്നെ നൽകി.
ഈ കഥ കേൾക്കുന്നവർക്ക് ഒരിക്കലും കള്ളപ്പഴി കേൾക്കേണ്ടി വരില്ല എന്നാണ് ഗണപതി വരം നൽകിയത്. അതുകൊണ്ടാണ് ചതുർത്ഥി ദിവസം ചന്ദ്രനെ കണ്ടാൽ ഈ കഥ കേൾക്കുകയോ ആ മന്ത്രം ജപിക്കുകയോ വേണം എന്ന് പറയുന്നത്.
ഗണപതിക്ക് എങ്ങനെ ആനത്തല കിട്ടി?
പാർവ്വതി കുളിക്കാൻ പോകും മുൻപ് തന്റെ ശരീരത്തിലെ മഞ്ഞൾ കൊണ്ട് ഒരു ബാലനെ സൃഷ്ടിച്ച് കാവലിന് നിർത്തി.
ശിവൻ വന്നപ്പോൾ ബാലൻ തടഞ്ഞു. കോപിഷ്ഠനായ ശിവൻ ബാലന്റെ തല അറുത്തു. പാർവ്വതിയുടെ ദുഃഖം കണ്ട് ശിവൻ തന്റെ ഭൂതഗണങ്ങളോട് വടക്കോട്ട് തല വെച്ച് കിടക്കുന്ന ആദ്യത്തെ ജീവിയുടെ തല കൊണ്ടുവരാൻ പറഞ്ഞു. അവർക്ക് കിട്ടിയത് ഒരു ആനയുടെ തലയായിരുന്നു. ആ തല വെച്ച് ബാലനെ ജീവിപ്പിച്ചു, ഗജാനനനാക്കി.
മറ്റൊരു കഥയിൽ, ശനിയുടെ ദൃഷ്ടി കൊണ്ടാണ് ബാലന്റെ തല നഷ്ടമായതെന്നും പറയുന്നു.
ഗണപതിയെ ഏകദന്തൻ എന്ന് വിളിക്കുന്നതിന്റെ കാരണമാണത്. ഒരു കൊമ്പ് നഷ്ടപ്പെട്ടതിന് രണ്ട് കഥകളുകൾ പറഞ്ഞു കേൾക്കുന്നു.
അതിൽ പരശുമാനുമായി ബന്ധപ്പെട്ടുത്തിയുള്ള കഥയാണ് പ്രസിദ്ധം
പരശുരാമൻ ശിവനെ കാണാൻ കൈലാസത്തിൽ വന്നു. അന്ന് ശിവൻ ഉറക്കത്തിലായിരുന്നു, ഗണപതി കാവൽ നിന്നു.
ഗണപതി പറഞ്ഞു – “അച്ഛൻ ഉറക്കമാണ്, ഇപ്പോൾ കാണാൻ പറ്റില്ല.”
കോപിച്ച പരശുരാമൻ തന്റെ മഴുവുകൊണ്ട് ഗണപതിയെ അടിച്ചു. ആ മഴു ശിവൻ തന്നെ പരശുരാമന് നൽകിയതായിരുന്നു, അതുകൊണ്ട് ഗണപതി അതിനെ ബഹുമാനിച്ച് തടഞ്ഞില്ല. മഴു കൊണ്ട് ഗണപതിയുടെ ഒരു കൊമ്പ് ഒടിഞ്ഞു വീണു.
ശബ്ദം കേട്ട് പാർവതി ഓടിവന്നു, പരശുരാമനെ ശപിക്കാൻ പോയപ്പോൾ ശിവൻ തടഞ്ഞു. അന്നുമുതൽ ഗണപതി ഏകദന്തനായി.
വ്യാസ മഹർഷിയുമായി ബന്ധപ്പെടുത്തി പറഞ്ഞുകേട്ടതു?
വ്യാസൻ മഹാഭാരതം പറഞ്ഞുകൊടുക്കാനും ഗണപതി എഴുതാനും തീരുമാനിച്ചു. വ്യാസൻ പറയുന്ന വേഗത്തിൽ എഴുതാൻ തൂലിക കൊണ്ട് ബെദ്ദിമുട്ടനുഭവപ്പെട്ടു.
എഴുത്ത് നിർത്താൻ പാടില്ലല്ലോ, ഗണപതി തന്റെ ഒരു കൊമ്പ് ഒടിച്ച് തൂലികയാക്കി എഴുതി തുടങ്ങി. അങ്ങനെയാണ് മഹാഭാരതം എഴുതിയത് എന്നൊരു കഥയുമുണ്ട്.
അതുകൊണ്ടാണ് എഴുത്തിന്റെ ദൈവമായും ഗണപതിയെ കാണുന്നത്. അറിവിനു വേണ്ടി തന്റെ കൊമ്പ് പോലും ത്യജിച്ചവൻ.
എന്തുകൊണ്ടാണ് “ഗണപതിയുടെ കല്യാണം പോലെ” എന്ന് പറയുന്നത്?
നാട്ടിൽ ഒരു കാര്യം നീണ്ടു…. നീണ്ടു പോകുമ്പോൾ പറയും – “എന്താ ഗണപതിയുടെ കല്യാണം പോലെ നീളുന്നു”. ഇതിന് പിന്നിൽ തുളസിയും ഗണപതിയും തമ്മിലുള്ള ഒരു കഥയുണ്ട്.
ഗണപതി കാട്ടിൽ ബ്രഹ്മചാരിയായി തപസ്സ് ചെയ്തിരിക്കുകയായിരുന്നു. അപ്പോൾ ധർമ്മധ്വജ രാജാവിന്റെ മകൾ സുന്ദരിയായ തുളസി അവിടെ വന്നു.
ഗണപതിയെ കണ്ടതും തുളസിക്ക് ഇഷ്ടമായി. അവൾ നേരിട്ട് വിവാഹാഭ്യർത്ഥന നടത്തി.
ഗണപതി പറഞ്ഞു, “ഞാൻ ബ്രഹ്മചര്യ വ്രതത്തിലാണ്, കല്യാണം കഴിക്കാൻ താത്പര്യമില്ല.”
ഇത് കേട്ട് ദേഷ്യം വന്ന തുളസി ഗണപതിയെ ശപിച്ചു:
“നീ ഒരിക്കലും ബ്രഹ്മചാരിയായി ഇരിക്കില്ല, നിനക്ക് രണ്ടു വിവാഹം കഴിക്കേണ്ടി വരും!”
ഗണപതിക്കും ദേഷ്യം വന്നു, അദ്ദേഹവും തിരിച്ചു ശപിച്ചു:
“നീ അഹങ്കാരിയാണ്, അതുകൊണ്ട് നിനക്ക് ഒരു അസുരനെ കല്യാണം കഴിക്കേണ്ടി വരും!”
തെറ്റ് മനസ്സിലായ തുളസി മാപ്പ് പറഞ്ഞു.
അപ്പോൾ ഗണപതി ശാപം മയപ്പെടുത്തി പറഞ്ഞു, “നീ അസുരന്റെ ഭാര്യയായ ശേഷം വിശുദ്ധമായ തുളസിച്ചെടിയായി മാറും. എല്ലാ ദൈവങ്ങൾക്കും നീ പ്രിയങ്കരിയാകും, പക്ഷെ എന്റെ പൂജയിൽ മാത്രം നിന്നെ ഉപയോഗിക്കില്ല.”
അതുകൊണ്ടാണ് ഇന്നും ഗണപതിക്ക് തുളസി ഇല വെക്കാത്തത്. തുളസി പിന്നീട് ജലന്ധരൻ എന്ന അസുരനെ വിവാഹം കഴിച്ചു.
അങ്ങനെ ഗണപതിയുടെ കല്യാണം വൈകിയ കഥ
തുളസിയുടെ ശാപം സത്യമായി. ഗണപതിക്ക് ബ്രഹ്മാവിന്റെ പെൺമക്കളായ സിദ്ധിയെയും ബുദ്ധിയെയും (ചിലയിടത്ത് ഋദ്ധി, സിദ്ധി എന്നും പറയും) വിവാഹം കഴിക്കേണ്ടി വന്നു.
പക്ഷെ ഗണപതി ഒരു നിബന്ധന വെച്ചു – “എന്നെക്കാൾ ബുദ്ധിമാനായ ഒരാളെ കണ്ടാൽ മാത്രമേ ഞാൻ വിവാഹം കഴിക്കൂ”.
ഈ നിബന്ധന വെച്ചതോടെ കല്യാണം നീണ്ടുകൊണ്ടേയിരുന്നു. ഒരിക്കലും നടക്കാത്ത കല്യാണം.
അതാണ് നമ്മൾ “ഗണപതിയുടെ കല്യാണം പോലെ” എന്ന് പറയുന്നത്.
അവസാനം ഗണപതി സിദ്ധി ബുദ്ധിമാരെ വിവാഹം കഴിക്കുകയും അവർക്ക് ലാഭം, ശുഭം എന്നീ രണ്ട് മക്കൾ ജനിക്കുകയും ചെയ്തു എന്നാണ് പുരാണം.
ഈ വർഷത്തെ ഗണേശോത്സവം നാളത്തെ വിസർജനത്തോടെ ഈ കഥകളൊക്കെ ഓർത്താവട്ടെ ഗണപതിക്ക് സമർപ്പിക്കുന്ന ഓരോ തേങ്ങ സമർപ്പിക്കലും
ഈ ഗണേശ ചതുർത്ഥിക്ക് വെറുതെ നാളികേരം ഉടയ്ക്കാതെ, അതിന്റെ പിന്നിലെ ഈ തത്വം കൂടി അറിഞ്ഞുകൊണ്ട് ചെയ്യുമ്പോഴാണ് പൂജ പൂർണ്ണമാകുന്നത്.
പലർക്കും തോന്നും, ഇത്രയും ഭക്തിയോടെ ഉണ്ടാക്കിയ വിഗ്രഹം എന്തിനാ വെള്ളത്തിൽ ഒഴുക്കുന്നത് എന്ന്.
ഇതിന് പിന്നിൽ ഒരു വലിയ തത്വമുണ്ട്.
ഗണപതി നമ്മുടെ അതിഥിയാണ്. 3 ദിവസം നമ്മുടെ വീട്ടിൽ താമസിച്ച്, നമ്മുടെ പ്രാർത്ഥനകൾ കേട്ട്, നമ്മുടെ വീട്ടിൽ ഐശ്വര്യം നിറച്ചിട്ട് അദ്ദേഹം തിരിച്ചു പോകുകയാണ്. അതാണ് വിസർജനം. ഇത് ഒരു യാത്രയയപ്പ് ആണ്.
വെറുതെ ഉപേക്ഷിക്കലല്ല, “അടുത്ത വർഷം വേഗം വരണമേ” എന്ന് പറഞ്ഞുള്ള യാത്രയയപ്പ് – ഗണപതി ബപ്പാ മോറിയ, പുഢ്ച്യാ വർഷീ ലവ്കർ യാ.
എല്ലാം പ്രകൃതിയിൽ നിന്ന്, പ്രകൃതിയിലേക്ക് തന്നെ
ഏറ്റവും പ്രധാനം ഇതാണ്. മണ്ണ് കൊണ്ട് ഉണ്ടാക്കിയ വിഗ്രഹം വീണ്ടും മണ്ണിലേക്കും വെള്ളത്തിലേക്കും തന്നെ ലയിക്കുന്നു. എല്ലാം വരുന്നതും പോകുന്നതും പ്രകൃതിയിൽ നിന്നാണെന്നും, ഒന്നിലും അമിതമായി പിടിച്ചുനിൽക്കരുത് എന്നുമുള്ള ജീവിത പാഠമാണത്.
എന്നാൽ ഇന്ന് നമ്മൾ ചെയ്യുന്നത് ശരിയാണോ?
പണ്ട്: നമ്മുടെ മുത്തശ്ശന്മാർ കളിമണ്ണ് (ശാദു മണ്ണ്) കൊണ്ടും, മഞ്ഞൾ, ചന്ദനം, ചാണകം കൊണ്ടുമാണ് വിഗ്രഹം ഉണ്ടാക്കിയിരുന്നത്. മരത്തിന്റെ പശയും പ്രകൃതിദത്ത നിറങ്ങളും മാത്രം. അത് പുഴയിൽ ഒഴുക്കിയാൽ മണ്ണ് പുഴയിൽ അലിയും, മീനുകൾക്ക് പോലും ദോഷമില്ല. മറിച്ച് പുഴയിലെ മണ്ണ് വളക്കൂറുള്ളതാകും.
ഇന്ന്: നമ്മൾ ഭംഗിക്ക് വേണ്ടി പ്ലാസ്റ്റർ ഓഫ് പാരീസ് Plaster of Paris (PoP), രാസ ചായങ്ങൾ, ഗ്ലിറ്റർ പെയിന്റ് എന്നിവ ഉപയോഗിക്കുന്നു. ഇത് വെള്ളത്തിൽ അലിയില്ല.
PoP വെള്ളത്തിൽ അലിഞ്ഞു ചേരാതെ അടിയിൽ അടിഞ്ഞു കൂടി പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നു.
കൂടാതെ രാസ ചായങ്ങളിലെ ലെഡും മെർക്കുറിയും വെള്ളത്തിലെ മീനുകളെയും, ആ വെള്ളം കുടിക്കുന്ന മനുഷ്യരെയും, പക്ഷികളെയും കൊല്ലുന്നു.
ഇത് ഭക്തിയല്ല, പ്രകൃതിയോടുള്ള ദ്രോഹമാണ്.
ഗണപതി വിഘ്നം മാറ്റുന്നവനാണ്, വിഘ്നം ഉണ്ടാക്കുന്നവൻ അല്ല. നമ്മൾ ഉണ്ടാക്കുന്ന വിഗ്രഹം പ്രകൃതിക്ക് വിഘ്നമായാൽ, ആ പൂജയ്ക്ക് എന്ത് അർത്ഥം?
അതുകൊണ്ട് അടുത്ത വർഷം മുതൽ നമുക്ക് ഒന്ന് മാറി ചിന്തിക്കാം – കളിമണ്ണ് കൊണ്ടുള്ള ചെറിയ വിഗ്രഹം മാത്രം വാങ്ങുക, അല്ലെങ്കിൽ വീട്ടിലെ ഒരു ബക്കറ്റ് വെള്ളത്തിൽ തന്നെ നിമഞ്ജനം ചെയ്ത് ആ വെള്ളം ചെടികൾക്ക് ഒഴിക്കുക. ഇതാണ് യഥാർത്ഥ പരിസ്ഥിതി സൗഹൃദ ഗണേശോത്സവം.
അടിക്കുറിപ്പ്
ഈ തത്വം ഉൾക്കൊണ്ടുകൊണ്ട്, ഞങ്ങൾ ശുദ്ധമായ മഞ്ഞൾപ്പൊടിയും കളഭവും റോസ് വാട്ടറിൽ കുഴച്ച് ഒരു ചെറിയ ഗണേശരൂപം ഉണ്ടാക്കി.
പൂജ കഴിഞ്ഞ്, ഇന്നലെ വൈകുന്നേരം തന്നെ ആ രൂപം ഒരു ചെറിയ പാത്രത്തിലെ വെള്ളത്തിൽ ലയിപ്പിച്ച് ചെടികൾക്ക് ഒഴിച്ച് നിമഞ്ജനം ചെയ്തു. ശുഭം.
മഠത്തിൽ ബാനു ജയപ്രകാശ്……………✍️ My WatsApp Contact No 9500716709

Thank you Babu Jayaprakash for sharing a beautiful write up on various aspects of Hindu Religion in depths.
yours Gopalan Poozhiyil.
LikeLike