Time Taken To Read 5 Minutes.
ചില വയ്യായ്ക കാരണം ദിവസവും കരുതും ഇന്ന് ഒന്നും എഴുതേണ്ട, ഏഴുത്തിനു ഒരു വിടകൊടുക്കണമെന്നു, പക്ഷെ സാധിക്കാറില്ല. കൃത്യമായി അപ്പോൾ തന്നെ എന്തെങ്കിലും സെൻസിറ്റീവ് വിഷയം വഴിമരുന്നിട്ട് തരും.
ഇന്നലെ ജനം ടിവി എടുത്തിട്ടത് കേരളത്തിലെ കറണ്ട് ക്ഷാമവും പവർ കട്ടുമാണ്. തുടർച്ചയെന്നോണം ഒരു സുഹൃത്തിൽ നിന്നും പഴയ ഒരു പവർ കട്ടിനെ പറ്റിയുള്ള ദീർഘമായ ആർട്ടിക്കിളും കിട്ടി.
ഒന്നോർമ്മിപ്പിക്കട്ടെ?, ഇന്നലത്തെ ചർച്ചയ്ക്ക് വന്നവരും, ചർച്ച നടത്തിയവരും മറന്നുപോയ ആ വിഖ്യാതമായ പവർ കട്ട് നടന്നത് ഭാരതത്തിൽ തന്നെയായിരുന്നു.
പക്ഷെ ഇതൊന്നും ഇന്നലെ ജനം ടിവിയിലെ ചർച്ചയിൽ ആരും ഉയർത്തിക്കാട്ടിയില്ല – ചർച്ച നടത്തിയവരും, ചർച്ചയിൽ പങ്കെടുത്തവരും!
ഞാൻ പറഞ്ഞു വരുന്നത് ഇതാണ്: കേരളത്തിലെ പവർ കട്ട് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബഹുമാനപ്പെട്ട വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിന് ശേഷമോ, ശ്രീ. സണ്ണി ജോസഫ് വൈദ്യുതി മന്ത്രിയായപ്പോഴോ ഉണ്ടായതുമല്ല.
ഇതിന് കാരണക്കാർ കേരളം രൂപം കൊണ്ടതിന് ശേഷം ഭരിച്ച എല്ലാ ഭരണകർത്താക്കളും തന്നെയാണ്. അതിന് രാഷ്ട്രീയ കാരണങ്ങളുണ്ട്, മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയുണ്ട്, തൊഴിലാളി യൂണിയൻ പ്രശ്നങ്ങളുമുണ്ട്. ഇതിൽ അതിന്റെ തോത് എത്രയെന്ന് അളക്കാൻ ഒരു മെഗർ കൊണ്ടും സാധിക്കില്ല.
എന്റെ സുഹൃത്തു അയച്ചുതന്ന ആർട്ടിക്കിൾ പൂർണമായും പകർത്തുന്നില്ല, ആമുഖമായി പരാമർശിച്ചു കൊണ്ട് തുടങ്ങട്ടെ.
രാഷ്ട്രീയത്തിൽ വിമർശനം ആകാം, പക്ഷെ രാജ്യതാൽപര്യം മറന്നാവരുത് ഒരു വിമർശനവും. ഇന്ന് കേരളത്തിൽ 1 – 2 മണിക്കൂർ കട്ട് വരുമ്പോൾ വലിയ ബഹളം വെക്കുന്നവർ, തങ്ങൾ രാജ്യം ഭരിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് ഓർക്കുന്നത് നല്ലതാണ്.
എന്താണ് 2012 – ൽ സംഭവിച്ചത്? (ഫാക്റ്റ്)
2012 ജൂലൈ 30, 31 തീയതികളിലായി ഇന്ത്യയിൽ ലോക ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലാക്ക്ഔട്ട് നടന്നു. [Source: Wikipedia – 2012 India Blackouts, Times of India]
620 മില്യൺ ആളുകൾ – അതായത് അന്നത്തെ ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയോളം പേർ 15 മണിക്കൂറിലേറെ ഇരുട്ടിൽ ആയി.
22 സംസ്ഥാനങ്ങളിൽ വൈദ്യുതി പൂർണമായി പോയി.
കാരണം? ബിന – ഗ്വാളിയോർ – ആഗ്ര 400kv ലൈനിലെ തകരാറും, പല സംസ്ഥാനങ്ങളും അനുവദിച്ചതിലും കൂടുതൽ വൈദ്യുതി വലിച്ചതും (Grid Indiscipline), കൃത്യമായ അറ്റകുറ്റപ്പണി ഇല്ലാത്തതും. ഇതൊക്കെ അന്നത്തെ പവർ മിനിസ്ട്രി തന്നെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതാണ്.
അന്ന് 300 – ലധികം ട്രെയിനുകൾ നിന്നു, ഡൽഹി മെട്രോയിൽ ആളുകൾ കുടുങ്ങി, ആശുപത്രികൾ ജനറേറ്ററിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കുടിവെള്ള പ്ലാന്റുകൾ വരെ നിന്നുപോയി.
അന്നത്തെ കണക്ക് പ്രകാരം 25 – 27% വൈദ്യുതി ട്രാൻസ്മിഷൻ നഷ്ടമായിരുന്നു.
ഈ വലിയ തകർച്ചയ്ക്ക് ശേഷമാണ് എല്ലാ ഗ്രാമത്തിലും വൈദ്യുതി എത്തിക്കേണ്ടതിന്റെ ആവശ്യകത രാജ്യം തിരിച്ചറിഞ്ഞത്.
പിന്നീട് വന്ന സർക്കാർ 2018 ഏപ്രിൽ 28ന് മണിപ്പൂരിലെ ലെയ്സാങ് ഗ്രാമത്തോടെ 100% ഗ്രാമ വൈദ്യുതീകരണം പൂർത്തിയാക്കി.
ഇന്ന് 250 GW ഡിമാൻഡ് വന്നാലും നമ്മുടെ ഗ്രിഡ് പിടിച്ചു നിൽക്കുന്നു. (മോദിജിയാണ് ഇത് സാധിച്ചെടുത്ത് ഒന്ന് ഓർമ്മപ്പെടുത്തുന്നതാ)
കേരളത്തിലെ വൈദ്യുതിയുടെ ചരിത്രം പറയുമ്പോൾ, ആ വകുപ്പിനെ നയിച്ച മന്ത്രിമാരെ മറക്കാൻ പാടില്ല. എന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ചില മന്ത്രിമാരുടെ പേരുകൾ മാത്രം ഇവിടെ പറയാം.
ആർ. ബാലകൃഷ്ണപിള്ള ആദ്യ നായനാർ സർക്കാർ (1980 – 81) കേരളത്തിലെ ഏറ്റവും വിവാദമായ വൈദ്യുതി മന്ത്രി!
ടി. ശിവദാസ മേനോൻ – നായനാർ സർക്കാർ (1987-1991)
സി.വി. പത്മരാജൻ (1991 ജൂലൈ 2 – 1995 മാർച്ച് 16) കെ. കരുണാകരൻ സർക്കാർ
ജി. കാർത്തികേയൻ (1995 മാർച്ച് 22 – 1996 മെയ് 9) എ.കെ. ആന്റണി മന്ത്രിസഭയിൽ.
പിണറായി വിജയൻ, എസ്. ശർമ്മ – നായനാർ സർക്കാർ (1996 – 2001)
എ.കെ. ബാലൻ – വി.എസ്. സർക്കാർ (2006 – 2011)
ആര്യാടൻ മുഹമ്മദ് – ഉമ്മൻ ചാണ്ടി സർക്കാർ 2004 – 2006 & 2011 – 2016
എം.എം. മണി, കടകംപള്ളി സുരേന്ദ്രൻ – ഒന്നാം പിണറായി സർക്കാർ (2016 – 2021) കെ. കൃഷ്ണൻകുട്ടി – രണ്ടാം പിണറായി സർക്കാർ.
ഇപ്പോൾ? സണ്ണി ജോസഫ് – 2026. വി ഡി സതീശൻ മുഖ്യമന്ത്രി.
എം. എം .മണി മന്ത്രിയായിരുന്നപ്പോൾ പ്രളയം വന്നിട്ട് പോലും ഇങ്ങനെ കറണ്ട് കട്ട് ഉണ്ടായിട്ടില്ല എന്ന് പലരും പറയുന്നു. അതുകൊണ്ട് ഇന്നത്തെ ചെറിയ പ്രതിസന്ധിയെ രാഷ്ട്രീയമായി മാത്രം കാണാതെ, പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്.
ഇന്നലെ വൈദ്യുതി മന്ത്രി നടത്തിയ പത്രസമ്മേളനത്തിലെ വാക്കുകളാണ് ഇപ്പോൾ വിവാദമായത് എന്ന് തോന്നുന്നു.
ഇപ്പോഴത്തെ പവർകട്ട് മൂന്ന് മാസം കൊണ്ട് മന്ത്രിക്ക് ഒറ്റയ്ക്ക് പരിഹരിക്കാൻ പറ്റില്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, കാര്യങ്ങൾ പഠിച്ച് വ്യക്തമായ ഒരു വിശദീകരണം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം.
ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തിയത് പോലെയായി. മാധ്യമങ്ങൾക്ക് വേണ്ടതും അതുതന്നെയായിരുന്നു – പ്രകോപിപ്പിക്കുക, എന്തെങ്കിലും പറയിപ്പിക്കുക, അത് വിവാദമാക്കുക. അത് അവർ ഭംഗിയായി സാധിച്ചെടുത്തു.
ഒരു തമാശ കൂടി പറയാം
കേരളത്തിൽ മിക്ക വീടുകളിലും ഒരു കിണർ ഉണ്ട്. സ്വന്തം കിണറിൽ നിന്ന് വെള്ളം കോരുന്ന നമ്മളോട് നാളെ സർക്കാർ പറഞ്ഞാലോ – “നിങ്ങളുടെ കിണറ്റിലെ വെള്ളത്തിന് ടാക്സ്,! കോരുന്ന ബക്കറ്റിന് ജി.എസ്.ടി” എന്ന്!
ഇങ്ങനെയൊന്നും പറയാൻ തോന്നിക്കാത്തതു മഹാഭാഗ്യം.
കറണ്ട് ഇല്ലെങ്കിൽ നമ്മൾ മെഴുകുതിരി വെക്കും, ഇൻവെർട്ടർ വെക്കും. കിണറ്റിന് ടാക്സ് വന്നാൽ നമ്മൾ എന്ത് ചെയ്യും? മഴവെള്ളം പിടിച്ച് വെക്കാൻ അതിനും ടാക്സ് വരുമോ എന്നാ പേടി!
അതുകൊണ്ട് കറണ്ടിന്റെ കാര്യത്തിൽ രാഷ്ട്രീയം കളിക്കാതെ, നമുക്ക് വെളിച്ചം നിലനിർത്താനായി എന്തെങ്കിലും ചെയ്തേ മതിയാവൂ.
ഒരു സംഭവം പറയട്ടെ…
കേരളം മാറിമാറി ഭരിച്ച ഇടത് – വലത് മുന്നണികൾക്ക് വർഷങ്ങളോളം അധികാരം ഉണ്ടായിട്ടും, സൗരോർജം ഉൾപ്പെടെയുള്ള ബദൽ വൈദ്യുതി ഉൽപ്പാദന മാർഗങ്ങളിൽ ആവശ്യമായ വേഗത്തിലും ദീർഘവീക്ഷണത്തിലും മുന്നേറാൻ കഴിഞ്ഞില്ല എന്നതല്ലേ സത്യം
ഇന്ന് പവർകട്ട് വരുമ്പോൾ പരസ്പരം കുറ്റം പറഞ്ഞു രക്ഷപ്പെടുന്ന മുന്നണികൾ .
പക്ഷേ പ്രതിസന്ധി വരുന്നതിന് മുമ്പ് പരിഹാരം കണ്ടെത്തുന്ന ഭരണമാണ് യഥാർത്ഥ ഭരണനൈപുണ്യം എന്ന് പറയുക.
പാലക്കാട് നഗരസഭയിലെ ആ 155 KW സോളാർ പദ്ധതി ഒരു പദ്ധതിമാത്രമായിരുന്നില്ല
ഭാവിയെ മുൻകൂട്ടി കണ്ട ബിജെപി ഭരണത്തിന്റെ ദീർഘവീക്ഷണത്തിന്റെ തെളിവായിരുന്നു.
ഇന്നത്തെ ചോദ്യം ഇതാണ്:
2017 ൽ പാലക്കാട് കാണിച്ച മാതൃക കേരളം മുഴുവൻ വ്യാപിപ്പിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല?
ഇതൊക്കെ കണ്ടപ്പോൾ എന്റെ ഓർമ്മയിലെത്തിയത് പഴയ ഒന്നാം ക്ലാസ്സിൽ പഠിച്ച പാഠമാണ്
പശു നമുക്ക് പാൽ തരുന്നു.
പാൽ കുടിക്കാഞ്ഞാൽ അമ്മ കരയും.
അമ്മ കരഞ്ഞാൽ അച്ഛൻ അമ്മയെ വഴക്കു പറയും.
അതുപോലെ ഇപ്പോൾ നമുക്ക് പറയാം
KSEB നമുക്ക് കറണ്ട് തരുന്നു.
കറണ്ട് കിട്ടാഞ്ഞാൽ കേരളം കരയും. കേരളം കരയുന്നതു കണ്ടാൽ ജനങ്ങൾ മന്ത്രിമാരെ വഴക്കു പറയും….
KSEB കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ്, പക്ഷെ അതിന്റെ കെടുകാര്യസ്ഥതയും കേരളത്തിലെ ഏറ്റവും വലുതാണെന്നാണ് പറഞ്ഞുകേൾക്കുന്നത്.
കറണ്ട് ഉണ്ടാക്കുന്നതിനേക്കാൾ ചെലവ് കൂടുതൽ വിൽക്കാൻ:
KSEB സ്വന്തമായി വൈദ്യുതി ഉണ്ടാക്കുന്നത് വളരെ കുറവാണ്. 70% ലധികം വൈദ്യുതി പുറത്തു നിന്ന് വലിയ വില കൊടുത്ത് വാങ്ങുന്നു. ഒരു യൂണിറ്റ് KSEBയുടെ കണക്ക് പ്രകാരം പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് ശരാശരി വില കൂടുതലാണ് എന്ന് പറയപ്പെടുന്നു നമുക്ക് കുറഞ്ഞ രൂപയ്ക്ക് തരുന്നു. ആ നഷ്ടം ആര് നികത്തും? നമ്മുടെ നികുതി പണം. (കണക്കുകൾ സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു)
ജീവനക്കാരുടെ എണ്ണത്തെ പറ്റി പറഞ്ഞു കേൾക്കുന്നത്? ഒരു ലക്ഷം കണക്ഷന് ഏകദേശം 100 ൽ അധികം ജീവനക്കാർ KSEB യ്ക്ക് ഉണ്ടെന്നാണ് കണക്ക് പറഞ്ഞു കേൾക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ഇത് 40 – 50 ആണെന്നാണറിവ്. ശമ്പളവും പെൻഷനും കൊടുക്കാൻ തന്നെ വരുമാനത്തിന്റെ 50% – ലധികം പോകുന്നു എന്നും കേൾക്കുന്നു
വൈദ്യുതി “ക്രമക്കേട് & ലൈനിലുള്ള പ്രസരണ നഷ്ടം?
വീടുകളിൽ നിന്ന് ഡയറക്ട് കുത്തി വൈദ്യുതി എടുക്കുന്നതും, മീറ്റർ ടേമ്പറിംഗും ഇപ്പോഴും നടക്കുന്നുണ്ട് എന്നും പറഞ്ഞു കേൾക്കുന്നു എല്ലാം ആരോപണങ്ങളാണ്. KSEB ഇതിനെ ‘ട്രാൻസ്മിഷൻ ലോസ്’ എന്ന ഓമനപ്പേരിട്ട് വിളിക്കുന്നു.
രാഷ്ട്രീയ നിയമനം കൊണ്ട് വരുന്ന വിനകൾ വേറെ
KSEB – യിൽ ഒരു താത്കാലിക ജോലി പോലും ആരുടെയെങ്കിലും ശുപാർശ ഇല്ലാതെ കിട്ടില്ല എന്ന് നാട്ടിൽ പറച്ചിൽ ഉണ്ട്. യൂണിയൻ സമരം വന്നാൽ പിന്നെ ഓഫീസിൽ പോയിട്ട് കാര്യമില്ല. ഇതും കേൾക്കുന്ന ആരോപണങ്ങളാണ്.
തമാശയായി പറഞ്ഞാൽ:
KSEB എന്ന് കേട്ടാൽ നമുക്ക് ഓർമ്മ വരുന്നത് കറണ്ട് ബിൽ ആണ്. കറണ്ട് ഇല്ലെങ്കിലും ബിൽ കൃത്യമായി വരും! കറണ്ട് പോയാൽ വിളിക്കാൻ ഒരു നമ്പർ ഉണ്ട് – 1912. ആ നമ്പറിൽ വിളിച്ചാൽ കിട്ടുന്നത് തിരക്കിലാണ് എന്ന മറുപടിയായിരിക്കും മിക്കപ്പോഴും എങ്കിലും ചില മാറ്റങ്ങൾ കാണുന്നുണ്ട് ചിലയിടങ്ങളിൽ
എങ്കിലും എടുത്തുപറയട്ടെ
കൊടുങ്കാറ്റായാലും പെരുമഴയായാലും അപകടം നടന്നാലും, സ്വന്തം ജീവൻ പോലും മറന്ന് പ്രശ്നം പരിഹരിക്കാൻ ഓടിയെത്തുന്നത് ഈ ഫീൽഡ് സ്റ്റാഫാണ്, ലൈനിൽ ജോലി ചെയ്യുന്നവരാണ്.
പക്ഷേ, മറ്റ് പല അനാസ്ഥകൾ കാരണം ജനങ്ങൾ അവരുടെ ഈ സേവനം മറന്നുപോകുന്നു. ഇവരുടെ അനുഭവം ഏതാണ്ട് പട്ടാളക്കാരുടേത് പോലെ തന്നെയാണ്.
പക്ഷെ സത്യം പറഞ്ഞാൽ, കൊടും ചൂടത്തും കൊടും മഴയിലും നമ്മുടെ സുഖത്തിനു വേണ്ടി ലൈൻമാന്മാർ പോസ്റ്റിൽ കയറി പണിയെടുക്കുന്നുണ്ട്. മുകളിലുള്ള മാനേജ്മെന്റിലെ കെടുകാര്യസ്ഥതയാണ് KSEB – യെ നഷ്ടത്തിലാക്കുന്നത്, താഴെയുള്ള ജീവനക്കാരല്ല.
KSEB നന്നായാൽ കേരളം നന്നാകും, പക്ഷെ അത് എന്ന് സംഭവിക്കും എന്ന് KSEB – യ്ക്ക് പോലും അറിയില്ല!
പിന്നെ ഒരു ചൊല്ലുണ്ടല്ലോ തെളിച്ച വഴിയേ പോയില്ലെങ്കിൽ പോകുന്ന വഴിയേ തെളിക്കൂ ഇങ്ങനെ സമസ്സാദാനിക്കാം നമുക്ക്
KSEB യെ രക്ഷിക്കാൻ പറ്റും , പക്ഷെ അതിന് കറണ്ട് പോയപ്പോൾ ഫ്യൂസ് കെട്ടുന്നത് പോലെ താത്കാലിക പരിഹാരം പോരാ, ഫുൾ വയറിംഗ് തന്നെ മാറ്റണം.
പറഞ്ഞുവരുന്നത്
ക്രമക്കേടുകൾ തടയാൻ, സ്മാർട്ട് മീറ്റർ വെക്കുക. ഇപ്പോഴും കേരളത്തിൽ 10 – 12% വൈദ്യുതി ലൈനിൽ വെച്ച് നഷ്ടപ്പെടുന്നു എന്നുകേൾക്കുന്നു. എല്ലാ വീട്ടിലും സ്മാർട്ട് മീറ്റർ വെച്ചാൽ, ആരൊക്കെ എസി 24 മണിക്കൂർ ഇടുന്നു, ആരൊക്കെ മീറ്റർ ടേമ്പർ ചെയ്യുന്നു എന്ന് ഓഫീസിൽ ഇരുന്ന് കാണാം. ഡൽഹിയിലും ഗുജറാത്തിലും ഇത് ചെയ്തപ്പോൾ നഷ്ടം 8% ആയി കുറഞ്ഞു എന്നുകേൾക്കുന്നു
സ്വന്തമായി വൈദ്യുതി ഉണ്ടാക്കുക
KSEB ഇപ്പോൾ ചെയ്യുന്നത് കറണ്ട് കച്ചവടമാണ് – പുറത്ത് നിന്ന് 10 രൂപയ്ക്ക് വാങ്ങി 6 രൂപയ്ക്ക് വിൽക്കുന്നു. ഇത് നിർത്തണം. (ഒരു ഉഉദാഹരണം പറഞ്ഞെന്നു മാത്രം)
പരിഹാരമായി പറയാനുള്ളത് എല്ലാ KSEB ഓഫീസിന്റെ മുകളിലും, ഡാമുകളിലും സോളാർ പാനൽ സ്ഥാപിക്കുക. സാധിക്കുമെങ്കിൽ കളക്ട്രേറ്റിൽ സ്കൂളുകളിൽ ആശുപത്രകളിലും.
വീടുകളിൽ സോളാർ വെച്ചാൽ KSEB തന്നെ നല്ല വില കൊടുത്ത് വാങ്ങണം. ഇപ്പോൾ ജനങ്ങൾക്ക് താൽപര്യം ഇല്ല, കാരണം KSEB കൊടുക്കുന്ന വില കുറവാണ്.
കൂടാതെ പാലിക്കാൻ ബുദ്ദിമുട്ടുള്ള നിബന്ധനകളും എങ്ങനെയൊക്കെ വിനയാകുമെന്നുള്ള ഭയവും ഒപ്പമുണ്ട്
ചെറിയ ഹൈഡ്രോ പ്രോജക്ടുകൾ വേഗത്തിൽ പൂർത്തിയാക്കുക.
ജീവനക്കാരുടെ കാര്യത്തിൽ ഒരു നിയന്ത്രണം വേണം.
ജീവനക്കാരെ പിരിച്ചുവിടണം എന്നല്ല പറയുന്നത്. പുതിയ നിയമനം കുറച്ചുകൂടി ടെക്നിക്കൽ ആളുകളെ മാത്രം എടുക്കണം.
ഒരു ഓഫീസിൽ 10 പേർ ചെയ്യുന്ന ജോലി 3 പേർക്ക് ചെയ്യാൻ പറ്റുന്ന തരത്തിൽ കമ്പ്യൂട്ടർ വൽക്കരണം നടത്തണം. രാഷ്ട്രീയ നിയമനം പൂർണമായി നിർത്തണം.
ബില്ലിംഗ് സത്യസന്ധമാക്കുക 0 -100 യൂണിറ്റ് വരെ പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്ക്, 500 – ന് മുകളിൽ ഉപയോഗിക്കുന്നവർക്ക് കൂടിയ നിരക്ക്. ഇത് കൃത്യമായി നടപ്പാക്കിയാൽ മാത്രം 1000 കോടി ലാഭിക്കാം.
ഇക്കാര്യത്തിൽ ഒരു വിശദമായ പഠനം അത്യാവശ്യമാണ് ശാസ്ത്രം പുരോഗമിക്കുമ്പോൾ ജനങ്ങളും ആധുനീകതയ്ക്കൊപ്പം മാറുന്നു അതനുസരിച്ചുള്ള ഉപയോഗവും കൂട്ടുന്നുണ്ട്. അടിസ്ഥാന യൂണിറ്റ് നിശ്ചയിക്കുമ്പോൾ ഇതുകൂടി പരിഗണിക്കണം.
വ്യവസായങ്ങൾക്ക് രാത്രിയിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി കൊടുക്കുക, അപ്പോൾ പകൽ ലോഡ് കുറയും.
KSEB – യെ രണ്ട് കമ്പനിയാക്കുക
ഇപ്പോൾ KSEB ഒരാൾ തന്നെയാണ് കറണ്ട് ഉണ്ടാക്കുന്നതും, വിതരണം ചെയ്യുന്നതും, ബിൽ കൊടുക്കുന്നതും. ഇതിനെ കുറഞ്ഞത് രണ്ടായി വിഭജിക്കണം
ഒന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും വിതരണം നടത്താനും (Govt)
ഒന്നുകൂടി പരിഷ്ക്കരണം വരുത്തിയാൽ വിൽക്കാൻ മാത്രം (പ്രൈവറ്റ് മത്സരം അനുവദിക്കുക)
ഉദാഹരണത്തിന് പണ്ടു ബി എസ എൻ മാത്രമുള്ളപ്പോൾ നമ്മുടെ ടെലിഫോൺ സമ്പ്രദായം ആലോചിച്ചു നോക്കൂ . ഇന്ന് മാർക്കറ്റിൽ കോമ്പറ്റിഷനായി.
മത്സരം വന്നാൽ സർവീസ് നന്നാകും. ഇപ്പോൾ KSEB – യ്ക്ക് എതിരാളി ഇല്ല, അതുകൊണ്ടാണ് 1912 – ൽ വിളിച്ചാൽ ഫോൺ എടുക്കാത്തത്.
ചുരുക്കത്തിൽ പറഞ്ഞാൽ? KSEB യെ രക്ഷിക്കാൻ സർക്കാരിന്റെ ഖജനാവിൽ നിന്ന് പണം കൊടുത്തിട്ട് കാര്യമില്ല. മോഷണം നിർത്തുക, സ്വന്തമായി വൈദ്യുതി ഉണ്ടാക്കുക, സ്മാർട്ട് ആവുക ഇതാണ് വഴി.
അല്ലെങ്കിൽ നാളെ നമ്മുടെ കിണറിന് ടാക്സ് ഇട്ടു സർക്കാർ ടാക്സ് എടുക്കുന്നത് സങ്കല്പിക്കുന്നതുപോലെ , KSEB – യുടെ നഷ്ടം നികത്താൻ നമ്മുടെ കറണ്ട് ബില്ലിൽ “കെടുകാര്യസ്ഥത സെസ്” എന്ന് ഒരു പുതിയ ചാർജ് വരും!
ഇനിയുമുണ്ട് എളുപ്പ വഴികൾ
കറണ്ട് ബിൽ കൂടുന്നതും കറണ്ട് കട്ടും നമ്മുടെ മാത്രം പ്രശ്നമല്ല, KSEB എന്ന വലിയ സ്ഥാപനം നഷ്ടത്തിലായതിന്റെ പ്രശ്നമാണ്. അതിനെ രക്ഷിക്കാൻ ഇതാണ് ചെയ്യേണ്ടത്. എന്റെ അഭിപ്രായമാണ്.
സർക്കാർ ഓഫീസിലെ ധൂർത്ത് ആദ്യം നിർത്തുക? ഇത് എല്ലാവരും കാണുന്നതാണ്.
വെള്ളിയാഴ്ച വൈകീട്ട് ഓഫീസ് അടച്ച് പോകുമ്പോൾ ഇട്ട ഫാനും ലൈറ്റും എസിയും തിങ്കളാഴ്ച രാവിലെ വന്നിട്ടാണ് ഓഫാക്കുന്നത്!
പലപ്പോഴും കണ്ടിട്ടുണ്ട് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല ഉണ്ട് എന്ന് സംശയിക്കുന്നു
ഒരോ പഞ്ചായത്ത് ഓഫീസിലും, സ്കൂളിലും, കളക്ടറേറ്റിലും ഇങ്ങനെ എത്ര യൂണിറ്റ് വെറുതെ പോകുന്നുണ്ടാവും
പരിഹാരം നിർദ്ദേശം എല്ലാ സർക്കാർ ഓഫീസിലും ഓട്ടോമാറ്റിക് സെൻസർ ലൈറ്റ്, സോളാർ പാനൽ നിർബന്ധമാക്കണം. മാസാമാസം ഏത് ഓഫീസ് കൂടുതൽ വൈദ്യുതി കത്തിച്ചു എന്ന് പരസ്യമായി പ്രസിദ്ധീകരിക്കണം.
കിട്ടാനുള്ള കുടിശ്ശിക യുദ്ധകാല അടിസ്ഥാനത്തിൽ പിരിച്ചെടുക്കുക
വലിയ ഫാക്ടറികളും ചില സർക്കാർ വകുപ്പുകൾ തന്നെയും കോടിക്കണക്കിന് രൂപ KSEB – യ്ക്ക് കൊടുക്കാനുണ്ട് എന്നുകേൾക്കുന്നു.
സാധാരണക്കാരൻ ഒരു മാസം ബിൽ അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരാൻ ആള് വരും, പക്ഷെ വൻകിടക്കാരുടെ കുടിശ്ശിക അങ്ങനെ തന്നെ കിടക്കും.
ഇത് യുദ്ധകാലാടിസ്ഥാനത്തിൽ പിരിച്ചെടുത്താൽ മാത്രം 2000 – 3000 കോടി കിട്ടുമെന്നു എവിടെയോ വായിച്ചു.
വേണമെങ്കിൽ ഏകജാലക സംവിധാന മേർപ്പെടുത്തി കിഴിവ് അനുവദിക്കാവുന്നതാണ്.
കൃത്യമായ ഇടവേളകളിൽ ഡാമുകളിലെ മണൽ വാരുക – ഇത് KSEB-യെ മാത്രമല്ല കേരളത്തെയാണ് രക്ഷിക്കുക
ഇത് ആരും പറയാത്ത ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
നമ്മുടെ ഡാമുകൾ – ഇടുക്കി, ഇടമലയാർ, ശബരിഗിരി – എല്ലാം മണൽ അടിഞ്ഞ് പകുതിയായി. ഡാമിൽ വെള്ളം കുറഞ്ഞാൽ കറണ്ട് ഉണ്ടാക്കാൻ പറ്റില്ല.
കൃത്യമായ ഇടവേളകളിൽ ഡാമുകളിൽ നിന്ന് മണൽ വാരിയാൽ:
KSEB-യ്ക്ക് കൂടുതൽ വെള്ളം സംഭരിക്കാം, കൂടുതൽ കറണ്ട് ഉണ്ടാക്കാം.
കേരളത്തിലെ നദികൾ രക്ഷപ്പെടും.
മണൽ ക്ഷാമം തീരും.
കൃഷിക്കും കുടിവെള്ളത്തിനും വെള്ളം കിട്ടും.
ഇതിന് വലിയ ഇച്ഛാശക്തി വേണം. ഫയലിൽ ഒപ്പിടാൻ മടിക്കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് പറ്റില്ല.
മോഷണം തടയാൻ
വീടുകളിൽ ഡയറക്ട് കുത്തി കറണ്ട് എടുക്കുന്നത് നിർത്താൻ സ്മാർട്ട് മീറ്റർ തന്നെ വഴി. മീറ്റർ റീഡിംഗിന് ആളെ കാത്ത് നിൽക്കേണ്ട, ബില്ല് ഫോണിൽ വരും.
ഇപ്പോഴത്തെ ഫോൺ ബിൽ പേയ്മെന്റ് പോലെ ഉപയോഗത്തിന് ഒരു കൺട്രോൾ വരും താമസിച്ചാൽ കറന്റ് പോകും എന്നുള്ള ഭയം ഉപഭോക്താക്കൾക്കും ഉണ്ടാകും.
സ്വന്തമായി കറണ്ട് ഉൽപ്പാദിപ്പിക്കാനുള്ള വഴി കണ്ടെത്തണം. ഇപ്പോൾ
70% കറണ്ടും പുറത്ത് നിന്ന് വലിയ വിലയ്ക്ക് വാങ്ങുകയാണ് KSEB. സ്വന്തം ഓഫീസുകളുടെ മുകളിൽ പോലും സോളാർ വെക്കുന്നില്ല. വീട്ടിൽ സോളാർ വെക്കുന്നവന് KSEB നല്ല വില കൊടുക്കണം.
ഇതാ വായനസുഖമുള്ള രീതിയിൽ:
സിയാൽ (CIAL) മാതൃകയിൽ പ്രവാസി മലയാളികളെ സംഘടിപ്പിച്ച്, ജില്ലകൾ തോറും ഇത്തരം സ്റ്റോറേജ് യൂണിറ്റുകൾ ആരംഭിക്കാവുന്നതാണ്. ഇത് ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം. ഇതിന്റെ പ്രായോഗികതയെക്കുറിച്ച് വിശദമായ പഠനം നടത്തേണ്ടിയിരിക്കുന്നു.
ജനങ്ങളോട് പറയാനുള്ളത് കാലിലെ മന്തുമാറ്റി കളിച്ചാൽ പോരാ..
ഇടത് കാലിലെ മന്ത് വലത് കാലിലും, വലത് കാലിലെ മന്ത് ഇടത് കാലിലും ആക്കിയാൽ KSEB നന്നാകില്ല. വേണ്ടത് രാഷ്ട്രീയമില്ലാത്ത, വിദഗ്ധരായ ആളുകളുടെ ഭരണമാണ്.
65 കൊല്ലത്തിന് ശേഷം രാജ്യത്തെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ച് NDA സർക്കാരിനെ ഏൽപ്പിച്ചില്ലേ? അതുപോലെ ഒരു മാറ്റം കേരളത്തിലും പരീക്ഷിച്ചു നോക്കൂ. KSEB യെ മാത്രമല്ല, കേരളത്തെ തന്നെ രക്ഷിക്കാൻ ഒരു അവസരം കൊടുത്തു നോക്കൂ.
ഇനി തീരുമാനിക്കേണ്ടത് ഇത് വായിക്കുന്ന നിങ്ങളാണ്.
തുടർച്ചയായി തുടർന്ന തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഇപ്പോൾ മാറിയപ്പോൾ ഉണ്ടാകുന്ന മാറ്റം നമ്മൾ തിരിച്ചറിയുന്നുണ്ടല്ലോ?
ബംഗാളിലെ ? ത്രിപുരയിലെ ഭരണമാറ്റം എല്ലാം ഉദാഹരണങ്ങൾ മാത്രം.
അതുപോലെയാണ് വൈദ്യുതി ബോർഡിന്റെ കാര്യവും. മാറ്റം വരണം എന്ന് എല്ലാവരും പറയുന്നു, പക്ഷേ ഒന്നും മാറുന്നില്ല.
കിണറിന്റെ കാര്യം പറഞ്ഞ പോലെ തന്നെ, നാളെ KSEB പറഞ്ഞേക്കാം – “നിങ്ങൾ വീട്ടിൽ ഇൻവെർട്ടർ വെച്ചല്ലോ, അതിൽ നിന്ന് കറണ്ട് ഉപയോഗിച്ചതിന് ടാക്സ്” എന്ന്!
ഒരു തമാശ കൂടിപറയട്ടെ…
“ഒരാൾ പറഞ്ഞു ഭരണം എന്നെ ഏൽപ്പിക്കൂ, 5 വർഷം കൊണ്ട് ഞാൻ ഗുജറാത്ത് മോഡൽ ആക്കാം എന്ന്. മറ്റൊരാൾ പറഞ്ഞു, 5 വർഷം എന്തിന്, ഞാൻ ഒരു വർഷം കൊണ്ട് എല്ലാം തകിടം മറിക്കാം എന്ന്.”
അങ്ങനെ സംഭവിക്കാതിരിക്കാൻ അതിന്റെ നിയന്ത്രണ സ്വിച്ച് ഇപ്പോഴും നമ്മുടെ കൈകളിൽ തന്നെയുണ്ട്. അതുകൊണ്ട് അടുത്ത തവണ അത് കൂടുതൽ സംയമനത്തോടെയും വിവേകത്തോടെയും ഉപയോഗിക്കുക. കാരണം, നമുക്ക് ശേഷവും ഒരു തലമുറ ഇവിടെ വളരാനുണ്ട്.
Disclaimer:
ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ എന്റെ വ്യക്തിപരമായ നിരീക്ഷണങ്ങളും ഓർമ്മകളിൽ നിന്നുള്ള അഭിപ്രായങ്ങളും മാത്രമാണ്. ആരെയെങ്കിലും വ്യക്തിപരമായി ആക്ഷേപിക്കാനോ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ, സ്ഥാപനത്തെയോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതല്ല.
ചരിത്രപരമായ കാര്യങ്ങളിൽ ഓർമ്മപ്പിശക് സംഭവിക്കാം. ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ ഒരു പൊതു ചർച്ചയ്ക്ക് വേണ്ടി മാത്രം മുന്നോട്ട് വെക്കുന്നതാണ്, വിദഗ്ധ അഭിപ്രായമായി കാണരുത്.
മഠത്തിൽ ബാബു ജയപ്രകാശ്………✍️ My WatsApp Contact No 9500716709

Very good morning,Babu Jayaprakash.
My sincere thanks for sharing a very detailed facts on power situation in India as well as Kerala.
What to do?
Every one is busy with their own problems
and their relatives .
what else we can say?
LikeLike