ദൈവം പിന്നോക്കക്കാരൻ, പൂജാരി ബ്രാഹ്മണൻ! പിന്നെ എവിടെയാണ് ജാതി?

Time TakenTo To Read 5 Minutes

ഇതിൽ കൂടുതൽ എന്ത് സമത്വമാണ് വേണ്ടത്?

പിന്നെ എവിടെയാണ് തൊട്ടുകൂടായ്മ?

ഭാരതീയ സംസ്കാരത്തെ കുറിച്ച് സംസാരിക്കുമ്പോൾ ചില ആക്ടിവിസ്റ്റുകളും ദൈവവിശ്വാസം ഇല്ലാത്തവരും എപ്പോഴും ഉന്നയിക്കുന്ന ഒരു ആരോപണമാണ്, ഹിന്ദു മതം ജാതീയതയും തൊട്ടുകൂടായ്മയും പ്രോത്സാഹിപ്പിക്കുന്നു എന്ന്. ഉയർന്ന ജാതിക്കാരാണ് എല്ലാം കൈയ്യടക്കി വെച്ചിരിക്കുന്നത് എന്നാണ് അവരുടെ പ്രചാരണം. എന്നാൽ നമ്മുടെ പുരാണങ്ങളും ചരിത്രവും പരിശോധിച്ചാൽ ഈ വാദം എത്ര പൊള്ളയാണെന്ന് മനസ്സിലാകും.

നമ്മൾ ആരാധിക്കുന്ന ദൈവങ്ങളിൽ ഭൂരിഭാഗവും പിന്നോക്ക, സാധാരണ സമുദായങ്ങളിൽ നിന്നുള്ളവരാണ്.

പ്രകൃതിയും അഹിംസയുമുള്ള സനാതന ധർമ്മത്തെ എന്തിന് എതിർക്കുന്നു?

 പറഞ്ഞുവരുമ്പോൾ നമ്മുടെ ദൈവങ്ങളിൽ ഭൂരിഭാഗവും പിന്നോക്ക സമുദായങ്ങളിൽ നിന്നാണ് എന്ന് നമ്മൾ പറഞ്ഞു. കൃഷ്ണൻ യാദവനാണ്, രാമൻ ക്ഷത്രിയനാണ്, ശിവൻ കിരാതനായ ആദിവാസി ദൈവമാണ്, വാല്മീകി വേടനാണ്, വ്യാസൻ മുക്കുവ പുത്രനാണ്. എന്നിട്ടും ഇവരെയെല്ലാം പൂജിക്കുന്നത് ബ്രാഹ്മണനാണ്.

ഒരു ബ്രാഹ്മണൻ യാതൊരു ജാതി അഹങ്കാരവുമില്ലാതെ ഒരു യാദവന്റെയും ആദിവാസിയുടെയും വേടന്റെയും കാലിൽ വീഴുന്നു. ഇതിൽ തൊട്ടുകൂടായ്മ എവിടെയാണ്? ഇതാണ് സനാതന ധർമ്മത്തിന്റെ യഥാർത്ഥ സമത്വം.

പിന്നെ എന്തുകൊണ്ടാണ് ചിലർ സനാതന ധർമ്മത്തെയും മനുസ്മൃതിയെയും നിരന്തരം എതിർക്കുന്നത്?

കാരണം, സനാതന ധർമ്മം മാത്രമാണ് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള മതം. മറ്റ് മതഗ്രന്ഥങ്ങൾ മനുഷ്യനെ കേന്ദ്രീകരിച്ച് ദൈവത്തിന്റെ കൽപ്പനകൾ പറയുമ്പോൾ, സനാതന ധർമ്മവും മനുസ്മൃതിയും പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണം, ജീവജാലങ്ങളോട് എങ്ങനെ അഹിംസ കാണിക്കണം എന്ന് പഠിപ്പിക്കുന്നു.

മനുസ്മൃതിയെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നവർ അതിലെ ഒരു ശ്ലോകം പോലും വായിച്ചിട്ടില്ല എന്നല്ലേ വിലയിരുത്തേണ്ടത് ?

മനുസ്മൃതി എന്ന് പറയുന്നത് ഒരു നിയമ പുസ്തകമാണ്, ഒരു കാലഘട്ടത്തിലെ സാമൂഹിക ക്രമീകരണത്തിനുള്ള ഗൈഡ് ആണ്.

അതിൽ പറയുന്ന വർണം എന്നത് ജനനം കൊണ്ടല്ല, കർമ്മം കൊണ്ടാണ്. ബ്രാഹ്മണന്റെ മകൻ തെറ്റ് ചെയ്താൽ അവൻ ശൂദ്രനാകും, ശൂദ്രന്റെ മകൻ ജ്ഞാനം നേടിയാൽ അവൻ ബ്രാഹ്മണനാകും. ഇതാണ് മനുസ്മൃതി പറയുന്നത്. ഇതിൽ ജാതീയത എവിടെ?

ലോകത്തിലെ മറ്റ് മത വിശ്വാസങ്ങളെ നോക്കൂ. അവിടെ വിശ്വസിക്കാത്തവരെ ശത്രുവായി കാണുന്നു.

എന്നാൽ സനാതന ധർമ്മം പറയുന്നു – `അഹിംസ പരമോ ധർമ്മഃ`, `വസുധൈവ കുടുംബകം` എന്നൊക്കെ.

ലോകം മുഴുവൻ ഒരു കുടുംബമാണ്.   നദികളെയും, മലകളെയും,   പശുവിനെയും, മരത്തെയും, പാമ്പിനെ പോലും ആരാധിക്കുന്ന ഒരു സംസ്കാരം വേറെ എവിടെയുണ്ട്? ഇതാണ് പ്രകൃതിയുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന മതം. അതുകൊണ്ട് തന്നെയാണ് ഇത് ഏറ്റവും അനുഷ്ഠിക്കാൻ പറ്റിയതും.

കുചേലനും കൃഷ്ണനും – ജാതി നോക്കാത്ത സൗഹൃദം

ഇതിനേക്കാൾ വലിയ ഉദാഹരണം വേറെ എന്തുണ്ട്? കൃഷ്ണന്റെ ഏറ്റവും പ്രിയ സുഹൃത്ത് ആരായിരുന്നു? കുചേലൻ.

കുചേലൻ ജനിച്ചത് ഉയർന്ന ബ്രാഹ്മണ കുലത്തിലാണ്, കൃഷ്ണനോ യാദവ കുലത്തിലും. ഒരാൾ പാവപ്പെട്ട ബ്രാഹ്മണൻ, മറ്റെയാൾ ദ്വാരകയുടെ രാജാവായ യാദവൻ.

എന്നിട്ടും കൃഷ്ണൻ എന്ത് ചെയ്തു? തന്റെ ബാല്യകാല സുഹൃത്തായ കുചേലൻ വന്നപ്പോൾ, ജാതിയോ പദവിയോ നോക്കിയില്ല. തന്റെ സിംഹാസനത്തിൽ പിടിച്ചിരുത്തി, കുചേലന്റെ കാലുകൾ സ്വന്തം കൈകൊണ്ട് കഴുകി. ഒരു യാദവനായ രാജാവ്, ഒരു ബ്രാഹ്മണന്റെ കാല് കഴുകുന്നു.

അതേപോലെ കുചേലനും കൃഷ്ണൻ യാദവനാണോ എന്ന് നോക്കിയില്ല. അവരുടെ സൗഹൃദത്തിന് നടുവിൽ ജാതി എന്നൊരു മതിലുണ്ടായിരുന്നില്ല.

ബ്രാഹ്മണനായ കുചേലനും യാദവനായ കൃഷ്ണനും തമ്മിലുള്ള ഈ സൗഹൃദം തന്നെയാണ് സനാതന ധർമ്മം. ഇവിടെ സൗഹൃദത്തിന് ജാതിയില്ല, സ്നേഹത്തിന് അതിർവരമ്പുകളില്ല.

ഈ സത്യം മനസ്സിലാക്കാൻ? കഴിഞ്ഞ അഷ്ടമി രോഹിണിക്ക് നടന്ന ഒരു സംഭവം തന്നെ ധാരാളം.

ഒരു അപ്പൂപ്പനും 14 വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയും ചേർന്ന് കൃഷ്ണനായി വേഷമിട്ട് ഉണ്ടാക്കിയ ഒരു ചെറിയ വീഡിയോ, ഒരു സീൻ, ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചു. അതിൽ വലിയ സെറ്റോ, പണമോ ഇല്ലായിരുന്നു.

ഉണ്ടായിരുന്നത് ഭക്തി മാത്രമായിരുന്നു. ജാതി നോക്കിയല്ല, പ്രായം നോക്കിയല്ല ആളുകൾ അത് ഏറ്റെടുത്തത്. കാരണം കൃഷ്ണൻ എല്ലാവരുടെയും ഉള്ളിലുണ്ട്.

സനാതന ധർമ്മത്തെ എതിർക്കുന്നവർക്ക് ഈ സ്നേഹത്തെ പേടിയാണ്. ഒരു അപ്പൂപ്പനും കൊച്ചു പെൺകുട്ടിക്കും പോലും കൃഷ്ണനാകാൻ കഴിയുന്ന, യാദവനായ കൃഷ്ണനെ ബ്രാഹ്മണൻ പൂജിക്കുന്ന, പ്രകൃതിയെയും എല്ലാ ജീവനെയും ബഹുമാനിക്കുന്ന ഈ ധർമ്മം നിലനിന്നാൽ അവരുടെ വിദ്വേഷത്തിന്റെ രാഷ്ട്രീയം അവസാനിക്കും. അതുകൊണ്ടാണ് അവർ മനുസ്മൃതിയുടെ പേരിൽ, ജാതിയുടെ പേരിൽ തെറ്റായ കഥകൾ പ്രചരിപ്പിക്കുന്നത്.

ഇതിനായി ചിലർ അംബേദ്കറെയും അയ്യങ്കാളിയെയും കൂട്ടുപിടിക്കും. വാസ്തവത്തിൽ, മനുസ്മൃതി എന്താണെന്നോ, അംബേദ്കർ യഥാർത്ഥത്തിൽ എന്താണ് പറഞ്ഞതെന്നോ പോലും മനസ്സിലാക്കാതെയാണ്  അദ്ദേഹത്തിന്റെ പേര് പറഞ്ഞ് വെറുതെ കൊട്ടിഘോഷിക്കുന്നത്

ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് അടുത്തിടെ യൂട്യൂബിൽ നടന്ന ഒരു ചർച്ച.

അംബേദ്ക്കരുടെ പെരുമായിബന്ധപ്പെട്ടുള്ള ഒരു സംഘടനയുടെ ഭാരവാഹികൾ പങ്കെടുത്ത  ചർച്ചയിൽ ശ്രീ ശ്രീജിത്ത് പണിക്കർ അംബേദ്കറെ പോയിന്റ് ബൈ പോയിന്റായി പഠിച്ച്, ഓരോ ചോദ്യത്തിനും കൃത്യമായ മറുപടി നൽകി അവരെ ഖണ്ഡിച്ചപ്പോൾ,

അവരുടെ ഭാഗത്ത് നിന്ന് ഒരു അക്ഷരം പോലും മറുപടി ഉണ്ടായില്ല. അപ്പോഴാണ് മനസ്സിലായത്, ഇവർക്ക് അംബേദ്കർ എന്ന പേര് മാത്രമേ അറിയൂ, അദ്ദേഹം എന്ത് പറഞ്ഞു, എന്താണ് ഉദ്ദേശിച്ചത് എന്നൊന്നും അറിയില്ല എന്ന്. ഇത് ഞാൻ മനസ്സിലാക്കിയാണ്.

സനാതന ധർമ്മത്തിനെതിരെയുള്ള ഇന്നത്തെ എതിർപ്പുകളും ഇതുപോലെ തന്നെയല്ലേ? ഇത് ഒരുപക്ഷെ എന്റെ മാത്രം തോന്നലായിരിക്കാം.

പറഞ്ഞുവരുന്നത് ?                         

സനാതന ധർമ്മത്തെ എതിർക്കുന്നവരും അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരും അണിയറയിൽ ചില ചതിക്കുഴികൾ ഉണ്ടാക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സമൂഹത്തിൽ എന്തെങ്കിലും കാരണത്താൽ അസ്വസ്ഥരായി നിൽക്കുന്നവരുടെ സാഹചര്യം മുതലെടുത്ത്, ചില വ്യക്തികൾ ചെയ്ത തെറ്റുകളെ പെരുപ്പിച്ചു കാട്ടി, “ആ സമുദായം മുഴുവൻ ഇങ്ങനെയാണ്” എന്ന് പറഞ്ഞ് നുണകൾ മെനഞ്ഞെടുത്ത് പ്രചരിപ്പിക്കുകയല്ലേ ഇവരൊക്കെ ചെയ്യുന്നത്.

ഈ മുതലെടുപ്പ് തിരിച്ചറിഞോ? ചിലപ്പോൾ വിദേശ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരിക്കും കേന്ദ്ര സർക്കാർ FCRA പോലുള്ള നിയമങ്ങൾ ശക്തമാക്കിയത്.

ഏതായാലും പ്രലോഭിപ്പിച്ചോ നിർബന്ധപൂർവ്വമോഉള്ള മതപരിവർത്തനം നിയമം മൂലം പല സംസ്ഥാനങ്ങളും തടഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാവുന്നു

ഒപ്പം ഒരു പ്രധാന നിയമം കൂടി കൊണ്ടുവന്നു. ഒരു മതത്തിൽ നിന്ന് മാറി മറ്റൊരു മതം സ്വീകരിച്ചാൽ, പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംവരണ ആനുകൂല്യങ്ങൾ ഇനി ലഭിക്കില്ല എന്നതാണത്. മതം മാറിയാൽ പിന്നെ പഴയ ജാതിയുടെ പേരിൽ ആനുകൂല്യം പറ്റാൻ കഴിയില്ല.

അങ്ങനെ വിലയിരുത്തിയാൽ ഭാരതത്തിൽ രണ്ടേ രണ്ടു വിഭാഗമേയുള്ളൂ, സനാതനികളും പൂർവ്വ സനാതനികളും.

പറയുന്നത്? ഇനി വരേണ്ടത് സാമ്പത്തിക സംവരണമാണ്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംവരണം പൂർണ്ണമായും എടുത്തുകളയണം.

ഇത് തന്നെയല്ലേ ഡോ. അംബേദ്കറും പറഞ്ഞത്. സംവരണം വെറും പത്തു വർഷത്തേക്ക് മാത്രമുള്ള ഒരു താൽക്കാലിക ക്രമീകരണമായിട്ടാണ് അദ്ദേഹം വിഭാവനം ചെയ്തത്. അദ്ദേഹം നിഷ്ക്കർഷിച്ച 10 വർഷം കഴിഞ്ഞിട്ട് ഏകദേശം 69 വർഷം കഴിഞ്ഞു.

ഇതൊക്കെ ഇപ്പോൾ  അംബേദ്ക്കറ ഉദ്ധരിച്ചു പ്രവർത്തിക്കുന്നവരും സൗകര്യപൂർവ്വം മറക്കുന്നു.

“സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുണ്ട് – സംവരണം ഒരു കുടുംബത്തിലെ ആദ്യ തലമുറയെ കൈപിടിച്ച് ഉയർത്താനുള്ളതാണ്, അത് തലമുറകളോളം നീളുന്ന അവകാശമല്ല എന്ന്. ഒരിക്കൽ സംവരണം കൊണ്ട് ഉയർന്ന കുടുംബം, വീണ്ടും വീണ്ടും അതേ ആനുകൂല്യം വാങ്ങുന്നത് യഥാർത്ഥ പാവപ്പെട്ടവന്റെ അവസരമാണ് ഇല്ലാതാക്കുന്നത്.”.

ഇത് വളരെ ശ്രദ്ധേയമായ ഒരു നിരീക്ഷണമാണ്. അങ്ങനെ നോക്കുമ്പോൾ, പതിറ്റാണ്ടുകളായി സംവരണത്തിന്റെ ആനുകൂല്യം വാങ്ങി മുന്നോട്ട് വന്നവർ ഇനി സംവരണത്തിന് അർഹരല്ല എന്നതല്ലേ യാഥാർത്ഥ്യം? അർഹതയുള്ള, യഥാർത്ഥത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ആ അവസരം ലഭിക്കേണ്ടതല്ലേ?

സനാതന ധർമ്മം ഒരു മതമല്ല, അത് ജീവിത രീതിയാണ്. ഉദാഹരണം

ശ്രീകൃഷ്ണൻ ഭഗവാൻ യാദവ സമുദായത്തിൽ നിന്നുള്ളവൻ. ഇടയ സമൂഹത്തിൽ വളർന്നു, പശുക്കളെ മേയ്ചു ജീവിച്ചവൻ. ഇന്ന് OBC ലിസ്റ്റിൽ ഉള്ള സമുദായമാണ്.

ശ്രീരാമൻ? ക്ഷത്രിയനാണ്. ബ്രാഹ്മണനല്ല. യോദ്ധാവായ ഒരു രാജാവ്.

പരമശിവനെ നോക്കൂ. ജഡ ധരിച്ച, ശ്മശാനത്തിൽ വസിക്കുന്ന, നാഗങ്ങളെ അണിയുന്ന, ആദിവാസി രൂപമുള്ള ദൈവം. ശിവനെ കിരാതൻ എന്നും വേടനായും പുരാണങ്ങൾ വിശേഷിപ്പിക്കുന്നു. അദ്ദേഹം ഒരു തരത്തിലും ഒരു ഉയർന്ന ജാതി ആഡംബരത്തിന്റെ പ്രതീകമല്ല.

വാല്മീകി മഹർഷി? രാമായണം എഴുതിയ മഹർഷി ഒരു വേടനായിരുന്നു. പിന്നോക്ക വിഭാഗത്തിൽ നിന്ന് ഋഷി.അതായത് പിൽക്കാലത്തു കർമ്മംകൊണ്ട് പദവിയിലേക്ക് ഉയർന്ന വ്യക്തി.

മഹാഭാരതം എഴുതിയ വ്യാസൻ മുക്കുവ സമുദായത്തിൽപ്പെട്ട സത്യവതിയുടെ മകനായിരുന്നു.

അതുപോലെ കണ്ണപ്പ നായനാർ, ഗുഹൻ ശിവഭക്തനായ കണ്ണപ്പ നായനാർ വേട സമുദായക്കാരനായിരുന്നു. രാമന്റെ ഉറ്റ സുഹൃത്തായ ഗുഹൻ ഒരു നിഷാദ രാജാവായിരുന്നു, അതായത് മുക്കുവ സമുദായം.

എന്നാൽ ഇവരുടെ പത്നി മാരെപ്പറ്റി പറയുമ്പോൾ 

ശ്രീകൃഷ്ണന്റെ ഭാര്യമാർ ഏതു വംശത്തിൽ നിന്ന്?

കൃഷ്ണൻ യാദവനാണ്, പക്ഷേ അദ്ദേഹത്തിന്റെ ഭാര്യമാരെ നോക്കൂ:

കൃഷ്ണന് പ്രധാനമായി 8 ഭാര്യമാർ ഉണ്ട്, ഇവരെ അഷ്ടഭാര്യമാർ എന്ന് വിളിക്കും. 

ശ്രീകൃഷ്ണന്റെ അഷ്ടഭാര്യമാരും അവരുടെ വംശവും?

രുക്മിണി , വിദർഭ രാജ്യത്തെ രാജകുമാരി, ക്ഷത്രിയ.

സത്യഭാമ – യാദവനായ സത്രാജിത്തിന്റെ മകൾ, യാദവ വംശം.

ജാംബവതി – ജാംബവാന്റെ മകൾ, വനവാസി / ആദിവാസി വംശം.

മിത്രവിന്ദ- അവന്തി രാജകുമാരി, ക്ഷത്രിയ.

സത്യ – കോസല രാജ്യത്തെ രാജാവ് നഗ്നജിത്തിന്റെ മകൾ, ക്ഷത്രിയ.

ലക്ഷ്മണ – മദ്ര രാജ്യത്തെ രാജകുമാരി, ക്ഷത്രിയ.

ഭദ്ര – കൃഷ്ണന്റെ തന്നെ അമ്മാവന്റെ മകൾ, യാദവ വംശം.

കാളിന്ദി – സൂര്യദേവന്റെ മകൾ, യമുനാ നദിയുടെ രൂപം, ദേവ വംശം.

ഇതുകൂടാതെ നരകാസുരൻ തടവിലാക്കിയ 16,100 സ്ത്രീകളെയും കൃഷ്ണൻ രക്ഷിച്ച് അവർക്ക് അഭയം നൽകി ഭാര്യമാരായി സ്വീകരിച്ചു. അവർ പല രാജ്യങ്ങളിൽ നിന്നും പല ജാതികളിൽ നിന്നുമുള്ളവരായിരുന്നു.

അതുകൊണ്ട് തന്നെ ഒരു യാദവനായ കൃഷ്ണൻ ക്ഷത്രിയരെയും, യാദവരെയും, ആദിവാസികളെയും, ദേവകന്യകമാരെയും ഒരുപോലെ വിവാഹം ചെയ്തു. ഇതിൽ തന്നെ വ്യക്തമല്ലേ, സനാതന ധർമ്മത്തിൽ ജാതി വിവാഹത്തിന് ഒരു തടസ്സമായിരുന്നില്ല എന്ന്?

ഒരു യാദവൻ, ഒരു ക്ഷത്രിയ രാജകുമാരിയെയും ഒരു ആദിവാസി പെൺകുട്ടിയെയും വിവാഹം ചെയ്തു. ഇവിടെ ജാതി നോക്കിയിട്ടില്ല.

പരമശിവന്റെ ഭാര്യ ആരായിരുന്നു?

ശിവൻ കിരാതനായി, ശ്മശാനവാസിയായി, ആദിവാസിയായി അറിയപ്പെടുന്നു.

പാർവതി / സതി ദേവി പർവ്വത രാജാവായ ഹിമവാന്റെ മകൾ. ഹിമവാൻ ദേവഗണത്തിൽ പെട്ട ആളാണ്. ശിവൻ ഒരു ആദിവാസിയുടെ ഭാവത്തിലുള്ള ദൈവവും, പാർവ്വതി രാജാവിന്റെ മകളും. ഇവിടെയും വംശ വ്യത്യാസമില്ല.

ശ്രീരാമന്റെ ഭാര്യ ആര്?

രാമൻ ക്ഷത്രിയനാണ്, സൂര്യവംശം.

സീത ദേവി ജനക മഹാരാജാവ് യാഗഭൂമി ഉഴുമ്പോൾ ഭൂമിയിൽ നിന്ന് കിട്ടിയ കുട്ടിയാണ്. ജനകൻ ക്ഷത്രിയ രാജാവ് ആയിരുന്നെങ്കിലും സീത ഭൂമിയുടെ മകൾ, അയോനിജ. അതായത് ജനനം കൊണ്ടല്ല, കർമ്മം കൊണ്ടാണ് മഹത്വം എന്ന് സനാതന ധർമ്മം പറയുന്നു.

അതുകൊണ്ട് സനാതന ധർമ്മത്തിൽ വിവാഹം നോക്കിയത് ജാതി നോക്കിയല്ല, ധർമ്മം നോക്കിയാണ്. യാദവനായ കൃഷ്ണൻ ക്ഷത്രിയയെ കെട്ടി, ആദിവാസിയായ ജാംബവതിയെ കെട്ടി. അതാണ് നമ്മുടെ സംസ്കാരം.

ഇങ്ങനെ നോക്കിയാൽ നമ്മുടെ ദൈവങ്ങളും ഋഷിമാരും എല്ലാ  സമുദായങ്ങളിൽ നിന്നുമുള്ളവരാണ്. ദൈവത്തിന് ജാതി ഇല്ല എന്നതാണ് ഹിന്ദു ധർമ്മം പഠിപ്പിക്കുന്നത്.

എന്നിട്ടും ക്ഷേത്രങ്ങളിലെ പൂജയും വേദം ഓതലും ആര് ചെയ്യുന്നു? ബ്രാഹ്മണൻ ചെയ്യുന്നു. ഒരു യാദവനായ കൃഷ്ണനെയും, ആദിവാസി രൂപിയായ ശിവനെയും, വേടനായ വാല്മീകിയുടെ രാമായണത്തെയും ഒരു ബ്രാഹ്മണൻ യാതൊരു മടിയും കൂടാതെ ദിവസവും പൂജിക്കുന്നു, നെറ്റിയിൽ ചന്ദനം തൊടുന്നു, കാലിൽ വീഴുന്നു.

ഇതിൽ തൊട്ടുകൂടായ്മ എവിടെ? ഇതിൽ ജാതി വിവേചനം എവിടെ?

ഒരു ബ്രാഹ്മണൻ തന്നെക്കാൾ താഴ്ന്ന ജാതിയായി നിങ്ങൾ പറയുന്ന ഒരു ദൈവത്തിന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു എങ്കിൽ, അത് ഭാരതീയ സംസ്കാരത്തിന്റെ ഉൾക്കൊള്ളലിന്റെയും ബഹുമാനത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമല്ലേ?

ഒരു ഡോക്ടറുടെ ജോലി രോഗിയെ ചികിത്സിക്കലും, അധ്യാപകന്റെ ജോലി പഠിപ്പിക്കലും പോലെ, പൂജ ചെയ്യുക എന്നത് ബ്രാഹ്മണ സമുദായത്തിന്റെ കുലത്തൊഴിലായി മാറിയതാണ്.

അത് ആരെയും അടിച്ചമർത്താൻ വേണ്ടിയല്ല, മറിച്ച് ദൈവത്തെ എല്ലാവർക്കും വേണ്ടി ആരാധിക്കാൻ ഏറ്റെടുത്ത ഒരു ഉത്തരവാദിത്തമാണ്.

അതുകൊണ്ട് തൊട്ടുകൂടായ്മയുടെ പേര് പറഞ്ഞ് ഉയർന്ന വർഗ്ഗക്കാരെ എപ്പോഴും കുറ്റപ്പെടുത്തുന്നവർ ഈ സത്യം മനസ്സിലാക്കണം. നമ്മുടെ ദൈവങ്ങൾ തന്നെ എല്ലാ ജാതിയിൽ നിന്നുമുള്ളവരാണ്, അവരെ പൂജിക്കുന്നവർ ബ്രാഹ്മണരും. ഇതിലും വലിയ സമത്വം മറ്റെവിടെയാണ് ഉള്ളത്?

Disclaimer

ഈ ലേഖനം എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, പുരാണങ്ങളെയും ലഭ്യമായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

മഠത്തിൽ ബാബു ജയപ്രകാശ്……….✍️My WatsApp Contact No 9500716709

Leave a Comment