Time Taken To Read 5 Minutes
പലായനവും, കുടിയേറിയ രാജ്യത്തിലെ അസ്വസ്ഥതയും…
സ്വന്തം നാട്ടിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോൾ പലരും പുതിയ രാജ്യങ്ങൾ തേടി പോയി എന്നത് ആ സാഹചര്യം വെച്ച് വിലയിരുത്തുമ്പോൾ അത്യാവശ്യമായിരുന്നിരിക്കാം.
പക്ഷേ ആ പലായനം ചെന്നെത്തിയ സ്ഥലങ്ങളിലും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. ഓപ്പമുള്ളവരിലെ ഭൂരിഭാഗം പേരും മൗനം പാലിക്കുന്നു.
ആ മൗനത്തിന്റെ വില വളരെ അപകടകരമാണെന്നത് നാം തിരിച്ചറിയാതെ പോകരുത്
പറഞ്ഞു വരുന്നത് സ്വന്തം നാട് വിട്ട് പലായനം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും നല്ല ജീവിതം ആഗ്രഹിച്ച് വരുന്നവരാണ്. അവർ അധ്വാനിക്കുന്നു, നിയമം അനുസരിക്കുന്നു.
പ്രശ്നം ഉണ്ടാക്കുന്നത് ബാക്കി വരുന്ന ചെറിയ ശതമാനമാണ് .
ഇവർ എപ്പോഴും ചെന്നെത്തുന്ന രാജ്യത്തെ നിയമം അനുസരിക്കാതിരിക്കുക, കലാപങ്ങൾ ഉണ്ടാക്കുക, തീവ്ര ചിന്തകൾ പ്രചരിപ്പിക്കുക.
ഇവിടെയാണ് ഏറ്റവും വലിയ അപകടം. ഈ ചെറിയ ശതമാനം തെറ്റ് ചെയ്യുമ്പോൾ, നല്ലവരായ ഭൂരിഭാഗം പേരും മിണ്ടാതിരിക്കുന്നു. എതിർക്കാൻ, തിരുത്താൻ തയ്യാറാകുന്നില്ല.
ഈ മൗനം കൊണ്ട് രണ്ട് കാര്യങ്ങൾ സംഭവിക്കുന്നു:
പ്രശ്നക്കാർക്ക് കൂടുതൽ ധൈര്യം കിട്ടുന്നു. ആ നാട്ടുകാർക്ക് എല്ലാ പാലായനക്കാരോടും സംശയവും വെറുപ്പും തോന്നുന്നു.
ഒടുവിൽ ദുരിതം അനുഭവിക്കുന്നത് ആരാണ്? സമാധാനമായി ജീവിക്കാൻ വന്ന ആ ഭൂരിഭാഗം തന്നെ.
അതുകൊണ്ട് പറയുന്നു – ഇനിയെങ്കിലും തിരിച്ചറിഞ്ഞ് “തുറന്ന ചർച്ച നടക്കണം”. മിണ്ടാതിരിക്കുന്ന കാലം കഴിഞ്ഞു.
ഇനി പറയട്ടെ പലായനം തുടങ്ങിയത് 1947 ൽ! സമാധാനമായി കഴിഞ്ഞിരുന്ന ഒരു നാട് പിളർന്നപ്പോൾ?
ഈ പലായനത്തിന്റെ കഥ പറയുമ്പോൾ നമ്മൾ സ്പെയിനിലെ ബോട്ടിൽ നിന്ന് തുടങ്ങിയാൽ പോരാ, 1947 ലെ ഭാരതത്തിൽ നിന്നും തുടങ്ങണം.
അന്ന് വരെ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും സിഖുകാരനും ഒരുമിച്ച് സമാധാനമായി ജീവിച്ചിരുന്ന ഒരു ഭാരതമുണ്ടായിരുന്നു. അവിടെ നിന്ന് മതത്തിന്റെ പേരിൽ ഒരു രാജ്യം വേണം എന്ന് പറഞ്ഞ് പാക്കിസ്ഥാൻ രൂപീകരിക്കപ്പെട്ടു. ഒരു രാത്രി കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളായി. ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും തിരിച്ചും നടന്ന ആ പലായനത്തിൽ 15 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ പലായനം.
(അതിനുശേഷം കാശ്മീരിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പാലായന കഥ! മറന്നതല്ല അത് വേറൊരു തലത്തിൽ വിലയിരുത്തി എഴുതേണ്ടതാണ് അത് പിന്നീടാവാം ഇതുമായി ബന്ധിപ്പിക്കുന്നില്ല)
1947 ൽ തുടങ്ങിയ ആ ശീലം പിന്നീട് അവ അസാനിച്ചില്ല ഒരു തുടർ സംഭവമായി മാറി.
പാക്കിസ്ഥാൻ രൂപീകരിച്ചതിന് ശേഷം, ശരിയായ ഭരണം കൊണ്ടുവരുന്നതിന് പകരം അവിടെ നിന്നും മതം തന്നെ വീണ്ടും രാഷ്ട്രീയ ആയുധമായി.
അഫ്ഗാനിസ്ഥാനിൽ യുദ്ധം വന്നപ്പോൾ, ആദ്യം സോവിയറ്റ് യൂണിയനെതിരെ, പിന്നീട് അമേരിക്കയ്ക്കെതിരെ, ലക്ഷക്കണക്കിന് അഫ്ഗാനികൾക്ക് ജീവിക്കാൻ വേറെ വഴിയില്ലാതായി.
അവർ എങ്ങോട്ട് പോയി എന്നന്വേഷിക്കുമ്പോൾ മനസ്സിലാവുന്നത്?
ആദ്യത്തെ തരംഗം; പാക്കിസ്ഥാനിലേക്ക്
1980 കൾ മുതൽ 35 ലക്ഷത്തോളം അഫ്ഗാനികൾ പാക്കിസ്ഥാനിലേക്ക് കടന്നു. ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ജനസംഖ്യയായി പാക്കിസ്ഥാൻ മാറി. പെഷവാറും ക്വറ്റയുമെല്ലാം അഫ്ഗാൻ ക്യാമ്പുകൾ കൊണ്ട് നിറഞ്ഞു.
രണ്ടാമത്തെ തരംഗം? ഇറാനിലേക്ക്
ഇതേ സമയം 30 ലക്ഷം പേർ ഇറാനിലേക്കും പോയി. ഇറാനികൾക്ക് തുടക്കത്തിൽ സഹോദരങ്ങളെ പോലെ ആയിരുന്നു അവർ. പക്ഷേ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇറാനിലെ സാധാരണക്കാരന് ജോലി കിട്ടാതായി, കൂലി കുറഞ്ഞു. ഇന്ന് ഇറാൻ പറയുന്നു “നിങ്ങൾ തിരിച്ചു പോകൂ” എന്ന്.
മൂന്നാമത്തെ തരംഗം? യൂറോപ്പിലേക്ക്
പാക്കിസ്ഥാനിലും ഇറാനിലും ജീവിക്കാൻ പറ്റാതായപ്പോൾ, അവർക്ക് മുന്നിൽ ഒരു വഴി മാത്രം – തുർക്കി വഴി ഗ്രീസ്, അവിടെ നിന്ന് ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ.
“1947-ൽ രാഷ്ട്രീയ കാരണങ്ങളാൽ രാജ്യം പിളർന്നപ്പോൾ ഉണ്ടായ പലായനത്തിന്റെ തുടർച്ചയായി ഇതിനെ കാണണം. അന്നും ഇന്നും പലായനത്തിന്റെ ദുരിതം അനുഭവിക്കുന്നത് സാധാരണ മനുഷ്യരാണ്.”, ഇവരിൽ പലരും പാക്കിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലെത്തി, അവിടെ നിന്ന് ഇറാനിലേക്കും, ഒടുവിൽ യൂറോപ്പിലെ കാനറി ദ്വീപിലെ ആ ബോട്ട് വരെ എത്തി നിൽക്കുന്നത്.
ഒരു രാജ്യം വിട്ടവർ, വീണ്ടും മറ്റൊരു രാജ്യത്തെത്തി; അവിടെന്നു വീണ്ടും രാജ്യം വിട്ടവർ?. ഒടുവിൽ കൂടുവിട്ട് കൂടുമാറുന്നതുപോലെ രാജ്യം വിട്ട് രാജ്യക്കാരായി മാറിയവരുടെ 75 വർഷത്തെ കഥയാണിത്.
ഇവർ എത്തിയ സ്ഥലങ്ങളിലൊക്കെ അസ്വസ്ഥതയുടെ വിത്തുകൾ പാകി പുതിയ മേച്ചിൽ സ്ഥലങ്ങൾ കണ്ടെത്തിക്കൊണ്ടേയിരുന്നു
1979 മുതൽ തുടങ്ങിയ പലായനം. പാക്കിസ്ഥാനിൽ 30 ലക്ഷത്തിലധികം അഫ്ഗാൻ അഭയാർത്ഥികൾ. ഇറാനിലും സമാനം. ഇപ്പോൾ ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽ അഫ്ഗാൻ സമൂഹം വലുതാണ്. ആദ്യ തലമുറ ജോലിക്കും സുരക്ഷയ്ക്കും വേണ്ടി പോയപ്പോൾ, രണ്ടാം തലമുറയ്ക്ക് അവിടത്തെ സംസ്കാരവുമായി പൊരുത്തപ്പെടാൻ പ്രയാസം നേരിടുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.
സിറിയയിൽ നിന്ന് – തുർക്കി, ലെബനാൻ, ജർമ്മനി, സ്വീഡൻ
2011ലെ യുദ്ധത്തിന് ശേഷം 60 ലക്ഷത്തിലധികം പേർ തുർക്കിയിലേക്കും ലെബനാനിലേക്കും പോയി. ലെബനാൻ പോലെ ചെറിയ ഒരു രാജ്യത്ത് ജനസംഖ്യയുടെ 25% സിറിയൻ അഭയാർത്ഥികളായതോടെ അവിടത്തെ സ്കൂളുകൾ, ആശുപത്രികൾ, തൊഴിൽ മേഖല എന്നിവയിൽ വലിയ സമ്മർദ്ദത്തിലായി. യൂറോപ്പിൽ? ജർമ്മനിയും സ്വീഡനും ഏറ്റവും കൂടുതൽ പേർക്ക് അഭയം കൊടുത്തു, അവിടെ ഇപ്പോൾ ഇന്റഗ്രേഷൻ ആണ് പ്രധാന ചർച്ച.
ലെബനാനിൽ നിന്ന് – ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ബ്രസീൽ
ആഭ്യന്തര യുദ്ധകാലത്ത് (1975 -1990) ലക്ഷക്കണക്കിന് ലബ്‌നാനികൾ രാജ്യം വിട്ടു പുറത്തേക്ക് പോയി. ഓസ്ട്രേലിയയിലെ സിഡ്നി, കാനഡയിലെ മോൺട്രിയൽ എന്നിവിടങ്ങളിൽ വലിയ ലെബനീസ് സമൂഹമുണ്ട്. പൊതുവെ ബിസിനസ്സിലും വിദ്യാഭ്യാസത്തിലും മുന്നിൽ നിൽക്കുന്ന സമൂഹമാണെങ്കിലും, രാഷ്ട്രീയ വിഭാഗീയത പുതിയ നാട്ടിലേക്കും കൊണ്ടുവന്നു എന്ന് പറയപ്പെടുന്നു.
ഈജിപ്തിൽ നിന്ന് – ഗൾഫ് രാജ്യങ്ങൾ, ഇറ്റലി, യു.കെ
60 കൾക്ക് ശേഷം ഈജിപ്തിൽ നിന്ന് അധ്യാപകരും ഡോക്ടർമാരും ഗൾഫിലേക്ക് പോയി. അതാണ് ഗൾഫിലെ വിദ്യാഭ്യാസ മേഖലയെ വളർത്തിയത് എന്ന് പറയപ്പെടുന്നു. പിന്നീട് ഇറ്റലിയിലേക്കും യു.കെയിലേക്കും തൊഴിലിനായി പോയവർ അവിടെ കൃത്യമായ രേഖകളില്ലാതെ താമസിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നുവന്നു.
പാക്കിസ്ഥാനിൽ നിന്ന് – യു.കെ, യു. എസ്. എ, മിഡിൽ ഈസ്റ്റ്
യു.കെയിലെ ബർമിങ്ഹാം, ബ്രാഡ്ഫോർഡ് പോലുള്ള നഗരങ്ങളിൽ വലിയ പാക്കിസ്ഥാനി സമൂഹമുണ്ട്. ആദ്യ തലമുറ ഫാക്ടറി ജോലികൾക്കായി പോയതാണ്. ഇന്ന് മൂന്നാം തലമുറ വരെ ആയപ്പോൾ, സ്വന്തം നാട്ടിലെ ചില ആചാരങ്ങൾ പുതിയ നാട്ടിലെ നിയമങ്ങളുമായി ഉരസുന്ന സാഹചര്യങ്ങൾ വാർത്തകളിൽ വരുന്നു.
ഇറാനിൽ നിന്ന് – യു.എസ്.എ (ലോസ് ആഞ്ചലസ്), കാനഡ, ദുബായ്, തുർക്കി
വിപ്ലവത്തിന് ശേഷം
ഇറാനിൽ നിന്ന് ആദ്യം പോയവർ പാവപ്പെട്ടവർ ആയിരുന്നില്ല. അവർ വിദ്യാഭ്യാസമുള്ളവരായിരുന്നു. ഡോക്ടർമാരും, എഞ്ചിനീയർമാരും, പ്രൊഫസർമാരും, കലാകാരന്മാരും. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഷായെ അനുകൂലിച്ചിരുന്ന ഈ ഉന്നതവർഗ്ഗം ജീവൻ രക്ഷിക്കാൻ അമേരിക്കയിലേക്ക് പോയി.
അവർ ചെന്നെത്തിയത് ലോസ് ആഞ്ചലസിൽ ആയിരുന്നു. ഇന്നും ലോസ് ആഞ്ചലസിലെ ആളുകളെ അമേരിക്കക്കാർ തന്നെ തെഹ്റാൻജെലിസ് എന്ന് വിളിക്കും. (Tehrangeles’) കാരണം, അവിടെ മാത്രം 7 ലക്ഷത്തോളം ഇറാനികൾ ഉണ്ട്. ബെവർലി ഹിൽസിൽ അവരുടെ കടകളും, ഡോക്ടർമാരുടെ ക്ലിനിക്കുകളും, വലിയ ബിസിനസ്സുകളും ഉണ്ടായിരുന്നു.
അവർ പൊതുവെ പോയ സ്ഥലങ്ങളിലെല്ലാം ബിസിനസ്സിലും വിദ്യാഭ്യാസത്തിലും വിജയിച്ചു വെന്നിക്കൊടി പാറിച്ചവരാണ് . അമേരിക്കയിലെ ഇറാനിയൻ വംശജരിൽ 60% ലധികം പേർക്ക് ബിരുദാനന്തര ബിരുദമുണ്ട് – ഇത് അമേരിക്കയുടെ ദേശീയ ശരാശരിയേക്കാൾ 3 ഇരട്ടിയാണ്.
പക്ഷേ, ഒരുകാര്യം പറയാതെവയ്യ ശരീരം അമേരിക്കയിലെത്തിയെങ്കിലും മനസ്സ് ഇറാനിൽ തന്നെ ആയിരുന്നു. ഇറാനിലെ രാഷ്ട്രീയ ഭിന്നതകൾ അവിടെയും തുടർന്നു. ഷായെ അനുകൂലിക്കുന്നവരും, ഖൊമേനിയെ എതിർക്കുന്നവരും,
മുജാഹിദ്ദീൻ – ഇ ഖൽഖിനെ പിന്തുണയ്ക്കുന്നവരും, ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഇപ്പോഴും അനുകൂലിക്കുന്നവരും – എല്ലാവരും L.A. യിൽ വേറെ വേറെ ഗ്രൂപ്പുകളായി. ഒരു വിവാഹത്തിന് പോലും പരസ്പരം കാണാത്ത രീതിയിൽ സമൂഹം പിളർന്നു കിടക്കുന്നു.
നാട് വിട്ടുപോയവർ മോശക്കാരായതുകൊണ്ടല്ല പ്രശ്നം. ഒരു തുറന്ന സമൂഹത്തിൽ നിന്ന് അടഞ്ഞ സമൂഹത്തിലേക്ക് മാറിയപ്പോൾ ഉണ്ടായ ആഘാതം, ആളുകൾക്കൊപ്പം ആചാരങ്ങളും വിശ്വാസങ്ങളും സ്യൂട്ട്കേസിൽ എന്നപോലെ പുതിയ നാട്ടിലേക്കും കൂടെ കൊണ്ടുപോയി ഇവർ. അവിടെ അത് പുതിയൊരു സംഘർഷമായി മാറി.
ആദ്യം മതത്തിന്റെ പേരിൽ നാടിനെ വെട്ടിമുറിച്ചു. പിന്നെ “ഞങ്ങൾ മാത്രമുള്ള നാട്” എന്ന് പറഞ്ഞു. അവിടെയും സമാധാനം ഉണ്ടായില്ല. എന്റെ ഗോത്രം, എന്റെ ആചാരം, എന്റെ നിയമം മാത്രം മതി എന്ന് പറഞ്ഞ് ആ ഒരു സമൂഹത്തെ തന്നെ മൂന്നും നാലുമായി വീണ്ടും പിളർത്തി. ഇന്ന് ലോകം കാണുന്നത് ആ പരസ്പര പോരിന്റെ തുടർച്ചയാണ്.
അതായത് ചെന്നെത്തിയ ഇടങ്ങളിലും ഇതേ നയം തന്നേ സ്വീകരിച്ചുവരുന്ന പ്രവണത തുടർന്നു.
ഇവിടെയാണ് സനാതന ധർമ്മത്തിന്റെ പ്രാധാന്ന്യം തിരിച്ചറിയേണ്ടത്! സനാതന ധർമ്മത്തിന്റെ വേരുകൾ എവിടെയൊക്കെ ഉണ്ടായിരുന്നു, എന്ന് ചോദിച്ചാൽ? മിക്ക രാജ്യങ്ങളിലും ഉണ്ടായിരുന്നു. പക്ഷേ ഓരോ സ്ഥലത്തും ആഴം വ്യത്യസ്തമാണെന്ന് മാത്രം
ഇറാനും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ അടുത്ത ബന്ധമാണ് വൈദിക സംസ്കാരവുമായി ഉള്ളത്.
സിറിയ, ലെബനാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നേരിട്ട് സനാതന ധർമ്മം ഭരിച്ചിട്ടില്ല, പക്ഷേ വ്യാപാരവും സംസ്കാരവും വഴി ബന്ധമുണ്ടായിരുന്നു.
ഇറാനിലേതു – ഒരേ വേരിൽ നിന്ന് പിരിഞ്ഞ രണ്ട് ശാഖകൾ
ഋഗ്വേദത്തിലെ സംസ്കൃതവും, അവെസ്തയിലെ (Zend Avesta) പഴയ പേർഷ്യൻ ഭാഷയും സഹോദര ഭാഷകളാണ്.
ദേവൻ, അസുരൻ എന്നീ വാക്കുകൾ തന്നെ ഇതിന് തെളിവാണ്. വേദത്തിൽ ദേവൻ നല്ലവൻ, അസുരൻ ചീത്തയായി മാറിയെങ്കിൽ, ഇറാനിൽ അഹുരൻ നല്ലവനും ദൈവൻ ചീത്തയുമായി.
അഗ്നി ആരാധന, യജ്ഞം – ഇതെല്ലാം രണ്ടിടത്തും പൊതുവായിരുന്നു.
കൂടുതൽ ചികഞ്ഞാൽ കണ്ടെത്തുന്നത് ഇറാനിലെ നവ്റോസ് (പുതുവർഷം) ആഘോഷം പോലും പ്രകൃതിയെ ആരാധിക്കുന്ന ഒരു സനാതന ആശയമാണ്. പേർഷ്യയിലെ രാജാക്കന്മാർ അഗ്നിയെ കെടാതെ സൂക്ഷിച്ചതും, നമ്മുടെ നിലവിളക്ക് പോലെ തന്നെയാണ്.
അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും നേരിട്ട് സനാതന ഭൂമി
ഇവിടെയാണ് ഏറ്റവും വ്യക്തമായ തെളിവ്.
ഗാന്ധാരം: ഇന്നത്തെ കാണ്ഡഹാറും തക്ഷശിലയും ഒക്കെ ഋഗ്വേദത്തിലെ ഗാന്ധാര രാജ്യമാണ്. തക്ഷശില ലോകത്തിലെ ആദ്യ സർവകലാശാലയായിരുന്നു, ചാണക്യൻ പഠിപ്പിച്ച സ്ഥലം.
സിന്ധു നദീതടം: പാക്കിസ്ഥാനിലെ സിന്ധു നദിയുടെ തീരത്താണ് സനാതന സംസ്കാരത്തിന്റെ ആദ്യ നഗരങ്ങൾ.
ബാമിയാൻ ബുദ്ധ പ്രതിമകൾ വരുന്നതിന് മുൻപ് തന്നെ അവിടെ സൂര്യക്ഷേത്രങ്ങളും ശിവക്ഷേത്രങ്ങളും ഉണ്ടായിരുന്നു. കാബൂളിലെ അസ്മായി ക്ഷേത്രം ഇന്നും അവശേഷിക്കുന്നു.
കൂടുതൽ പറയുമ്പോൾ പാക്കിസ്ഥാനിലെ ഹിംഗ്ലാജ് മാതാ ക്ഷേത്രം 51 ശക്തിപീഠങ്ങളിൽ ഒന്നാണ്. ഇന്നും ബലൂചിസ്ഥാനിലെ മുസ്ലീങ്ങൾ ആ ക്ഷേത്രത്തെ ‘നാനി മന്ദിർ’ എന്ന് വിളിച്ച് സംരക്ഷിക്കുന്നു.
അതുപോലെ കറാച്ചിയിലെ പഞ്ചമുഖി ഹനുമാൻ ക്ഷേത്രത്തിന് 1500 വർഷം പഴക്കമുണ്ട്. കാണ്ഡഹാർ എന്ന പേര് തന്നെ ഗാന്ധാരത്തിൽ നിന്ന് വന്നതാണ്.
സിറിയ, ലെബനാൻ, ഈജിപ്ത് വ്യാപാരത്തിന്റെ വേരുകൾ പരിശോദിക്കുമ്പോൾ മനസ്സിലാവുന്നതു ഇവിടെ രാജഭരണം സനാതന ധർമ്മമായിരുന്നില്ല. പക്ഷേ ബന്ധമുണ്ടായിരുന്നു.
കേരളത്തിൽ നിന്ന് മുസിരിസ് വഴി ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്ക് കുരുമുളക് പോയിരുന്ന അതേ കപ്പലിൽ, ഇന്ത്യൻ തത്വചിന്തയും കഥകളും പോയിരുന്നു എന്ന് വിശ്വസിക്കുന്നു.
സിറിയയിലെ പുരാതന മിറ്റാനി രാജാക്കന്മാർ (BC 1500) യുദ്ധദേവന്മാരായി ഇന്ദ്രൻ, മിത്രൻ, വരുണൻ എന്നിവരെ ആരാധിച്ചിരുന്നു എന്ന് ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഈജിപ്തിലെ ഈസിസ് ദേവിയും ഇന്ത്യയിലെ ദുർഗ്ഗാ സങ്കൽപ്പവും തമ്മിലുള്ള സാമ്യം പല ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലെബനാനിലെ ബാൽബെക്ക് ക്ഷേത്രത്തിലെ വലിയ കൽതൂണുകൾ കാണുമ്പോൾ നമ്മുടെ പുരാതന ക്ഷേത്ര ശില്പകല ഓർമ്മ വരും. ഇത് ഒരു സംസ്കാരം മറ്റൊന്നിനെ കീഴടക്കിയതല്ല, മറിച്ച് ആശയങ്ങൾ കൈമാറിയതിന്റെ തെളിവാണ്.
ചുരുക്കത്തിൽ പറഞ്ഞാൽ..?
അഫ്ഗാനിസ്ഥാൻ – പാക്കിസ്ഥാൻ – ഇറാൻ ഇവ സനാതന ധർമ്മത്തിന്റെ നേരിട്ടുള്ള സാംസ്കാരിക തുടർച്ചയായിരുന്നു.
സിറിയ – ലെബനാൻ – ഈജിപ്ത് നമ്മുടെ വ്യാപാര പങ്കാളികളും ആശയങ്ങൾ കൈമാറിയിരുന്ന ഇടങ്ങളുമായിരുന്നു.
ഒരു സമൂഹത്തിൽ സനാതന ധർമ്മത്തിന്റെ കാതലായ ‘തുറന്ന ചർച്ച’യും ‘എല്ലാ വഴികളും സത്യത്തിലേക്കാണ്’ എന്ന ചിന്തയും ഉള്ളിടത്തോളം കാലം, അവിടെ കലയും, സ്ത്രീ സ്വാതന്ത്ര്യവും, വിദ്യാഭ്യാസവും നിലനിന്നു. ആ വേര് മുറിഞ്ഞപ്പോൾ, എല്ലാ രാജ്യങ്ങളും ഒരേ പോലെ ഇരുട്ടിലേക്ക് പോയി.
അഭയാർത്ഥി പ്രവാഹം അതിർവരമ്പുകൾ ലംഘിച്ചപ്പോൾ സ്വാഗതത്തിൽ നിന്ന് പ്രതിസന്ധിയിലേക്ക് നയിച്ചു.
2015 ലെ സിറിയൻ യുദ്ധത്തോടെ തുടങ്ങിയ കുടിയേറ്റമാണ് ലോകം കണ്ട ഏറ്റവും വലിയത്. ഇറാനിലെ ഭരണകൂട വേട്ട, ലെബനനിലെ സാമ്പത്തിക തകർച്ച, ഈജിപ്തിലെ അസ്ഥിരത എന്നിവ കൂടിയായപ്പോൾ ലക്ഷക്കണക്കിന് ആളുകൾ യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് പോയി.
ആദ്യം സ്വാഗതം ചെയ്തു, പിന്നീട് എന്ത് സംഭവിച്ചു?
ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ – യൂറോപ്പിന്റെ നില
ജർമ്മനിയാണ് ഏറ്റവും കൂടുതൽ പേരെ സ്വീകരിച്ചത് – 27 ലക്ഷത്തോളം അഭയാർത്ഥികൾ. “Wir schaffen das” (നമുക്ക് ഇത് ചെയ്യാൻ കഴിയും) എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. 2025 ലെ കണക്ക് പ്രകാരം യൂറോപ്പിൽ മൊത്തം അഭയാർത്ഥി അപേക്ഷകൾ 20% കുറഞ്ഞു, പക്ഷേ ഫ്രാൻസ് (1,52,000), സ്പെയിൻ (1,43,000) എന്നിവിടങ്ങളിൽ ഇപ്പോഴും കൂടുതലാണ്. (കണക്കുകളിൽ ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം)
ഇന്നത്തെ നില: ജർമ്മനിയിൽ 10,000 സിറിയൻ ഡോക്ടർമാർ ആരോഗ്യ മേഖലയിൽ പലരും നല്ല രീതിയിൽ ഇന്റഗ്രേറ്റ് ആയി ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഒരു വിഭാഗം ഇപ്പോഴും ഭാഷ പഠിക്കാതെ, ജോലി എടുക്കാതെ സർക്കാർ സഹായത്തിൽ ജീവിക്കുന്നു. ഇവരാണ് ഇവരുടെ സമൂഹത്തിനും ആതിഥേയത്വം നൽകിയ രാജ്യത്തിനും തലവേദന സൃഷ്ടിക്കുന്നത്.
പൗരന്മാർ നേരിടുന്ന പ്രശ്നം: വീടിന് വാടക കൂടി, സർക്കാർ വീടുകൾക്ക് വലിയ ക്യൂ ആയി. സ്വീഡനിൽ, 10 വർഷം മുൻപ് ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ഒന്നായിരുന്നിടത്ത്, ഗ്യാങ് വയലൻസ് കൂടിയതായി പോലീസ് റിപ്പോർട്ട് ചെയ്യുന്നു. ജർമ്മനിയിലും ഫ്രാൻസിലും തീവ്ര വലതുപക്ഷ പാർട്ടികൾ (AfD, National Rally) വൻ ശക്തിയായി – കാരണം നാട്ടുകാർക്ക് തോന്നി “ഞങ്ങളുടെ സംസ്കാരം മാറുന്നു” എന്ന്.
യു കെ, യു എസ്, ഓസ്ട്രേലിയയേ പറ്റിപറയുമ്പോൾ?
യു കെ: ചാനൽ കടന്ന് ചെറുബോട്ടിൽ വരുന്നവരുടെ എണ്ണം കൂടി. ഹോട്ടലുകളിൽ താമസിപ്പിക്കാൻ സർക്കാർ ദിവസം ലക്ഷങ്ങൾ ചിലവാക്കുന്നു എന്നത് വലിയ രാഷ്ട്രീയ വിഷയമായി.
സെപ്റ്റംബർ 3, 2026. സ്പെയിനിലെ കാനറി ദ്വീപിന് 120 കിലോമീറ്റർ അകലെ, അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരു ബോട്ട് ഒഴുകി നടക്കുന്നു. അതിൽ 128 പേർ ഉണ്ടായിരുന്നു. 27 ദിവസത്തെ യാത്രക്കൊടുവിൽ 44 പേർ മാത്രം ജീവനോടെ. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ, കടൽ വെള്ളം കുടിച്ച് മരിച്ചവരുടേത്, കടലിൽ തന്നെ ഉപേക്ഷിക്കപ്പെട്ടു.
അവർ ഗാംബിയയിൽ നിന്ന്, മാലിയിൽ നിന്ന്, സെനഗലിൽ നിന്ന് വന്നവരാണ്. പക്ഷേ ഇതേ കടൽ വഴി തന്നെയാണ് ഇറാനിൽ നിന്നും, സിറിയയിൽ നിന്നും, ലെബനനിൽ നിന്നും ആയിരങ്ങൾ യൂറോപ്പിലേക്ക് എത്തിയതും.
അഭയാർത്ഥികൾ തലവേദനയാവുന്നു തിരിച്ചറിവ് പലർക്കുമുണ്ടായപ്പോൾ സ്വീകരിക്കാൻ ചിലർ മടിച്ചു നിന്നപ്പോൾ?
2015 ൽ ജർമ്മനി പറഞ്ഞു “ഞങ്ങൾക്ക് കഴിയും” എന്ന്. സ്വീഡൻ വാതിൽ തുറന്നു, ഫ്രാൻസ് സ്വാഗതം ചെയ്തു. പത്തു വർഷം കഴിഞ്ഞപ്പോൾ എന്തായി? വെളുക്കാൻ തേച്ചപ്പോൾ പാണ്ടായോ എന്ന് യൂറോപ്പ് ഇന്ന് സ്വയം ചോദിക്കുന്നു.
യു എസ്നേ സംബന്ധിച്ച് പറയുമ്പോൾ? സിറിയൻ, ഇറാനിയൻ അഭയാർത്ഥികൾ കൂടാതെ സൗത്ത് അമേരിക്കൻ കുടിയേറ്റവും കൂടിയായപ്പോൾ ടെക്സസ്, ന്യൂയോർക്ക് പോലുള്ള സംസ്ഥാനങ്ങളിൽ സ്കൂൾ, ഹോസ്പിറ്റൽ സംവിധാനങ്ങൾക്ക് തിരക്ക് കൂടി.
ഓസ്ട്രേലിയയാണെങ്കിൽ തുടക്കത്തിൽ കർശന നിലപാട് എടുത്തു, ബോട്ടിൽ വരുന്നവരെ ദ്വീപുകളിൽ തടഞ്ഞു. പിന്നീട് നിയമപരമായി വന്നവർക്ക് വീസ കൊടുത്തു. അവിടെയും മെൽബൺ, സിഡ്നി നഗരങ്ങളിൽ വീടിന് ക്ഷാമം ഒരു പ്രധാന പ്രശ്നമായി.
സാധാരണ പൗരൻ അനുഭവിക്കുന്ന 3 പ്രധാന പ്രശ്നങ്ങൾ ? ഇത് എല്ലാ രാജ്യത്തും ഒരുപോലെയാണ്
സാമ്പത്തിക ഭാരം: സൗജന്യ വീട്, ആരോഗ്യ ഇൻഷുറൻസ്, മാസ സഹായം – ഇതിനെല്ലാം നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിക്കുന്നു.
സാംസ്കാരിക സംഘർഷം: ഒരു തുറന്ന സമൂഹത്തിലേക്ക്, തീർത്തും അടഞ്ഞ ചിന്താഗതിയുമായി വരുന്ന ഒരു ചെറിയ വിഭാഗം, പ്രത്യേകിച്ച് സ്ത്രീസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെ അംഗീകരിക്കാത്തത് പ്രശ്നമുണ്ടാക്കുന്നു.
സുരക്ഷാ ആശങ്ക: 99% അഭയാർത്ഥികളും സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിലും, തിരിച്ചറിയാതെ വരുന്ന 1% തീവ്രവാദ ബന്ധമുള്ളവർ വലിയ ആക്രമണങ്ങൾക്ക് കാരണമായിട്ടുണ്ട് (ഫ്രാൻസിലെ പാരീസ്, ജർമ്മനിയിലെ ബെർലിൻ).
ആദ്യം മാനവികതയുടെ പേരിൽ സ്വാഗതം ചെയ്ത രാജ്യങ്ങൾ ഇന്ന് ഒരു ചോദ്യത്തിന് മുന്നിലാണ് – എങ്ങനെ സഹായിക്കണം എന്നത് പോലെ പ്രധാനമാണ്, ആരെ സഹായിക്കണം എന്നതും. വേര് നഷ്ടപ്പെട്ട ഒരു ജനതയെ സ്വീകരിച്ചപ്പോൾ, സ്വീകരിച്ച രാജ്യങ്ങളുടെ വേരുകൾക്ക് ഇളക്കം തട്ടി എന്നതാണ് ഇന്നത്തെ യാഥാർത്ഥ്യം.
പറഞ്ഞുവരുമ്പോൾ നമ്മുടെ ഭാരതത്തിന്റെ പ്രശ്നവും ഇതൊക്കെത്തന്നെ!
ഇതേ രീതിയിൽ തുടർന്നാൽ എന്ത് സംഭവിക്കും, എന്താണ് പരിഹാരം –
ഇങ്ങനെ തുടർന്നാൽ ഉണ്ടാകുന്ന 5 വലിയ പ്രത്യാഘാതങ്ങൾ
യൂറോപ്പിൽ തീവ്ര വലതുപക്ഷം അധികാരത്തിൽ വരും
ഫ്രാൻസിൽ Marine Le Pen, ജർമ്മനിയിൽ AfD, സ്വീഡനിൽ Sweden Democrats – ഇവരെല്ലാം ഇന്ന് ജയിക്കുന്നത് “അഭയാർത്ഥികളെ തിരിച്ചയക്കും” എന്ന് പറഞ്ഞിട്ടാണ്.
ഇങ്ങനെ പോയാൽ 5 വർഷത്തിനുള്ളിൽ യൂറോപ്പിലെ പല രാജ്യങ്ങളിലും അഭയാർത്ഥി വിരുദ്ധ സർക്കാരുകൾ വരും, അപ്പോൾ ശരിക്കും ജീവൻ അപകടത്തിലായവർക്ക് പോലും അഭയം കിട്ടില്ല.
സമാന്തര സമൂഹങ്ങൾ (Parallel Societies) ഉണ്ടാകും
ഇപ്പോൾ തന്നെ പാരീസിന്റെ പ്രാന്തപ്രദേശങ്ങൾ, ബെർലിൻ, മാൽമോ, ലണ്ടൻ ഈസ്റ്റ് എൻഡ് ഇവിടെയൊക്കെ പോലീസ് പോലും പേടിച്ച് കയറുന്ന ഏരിയകൾ ഉണ്ട്.
അവിടെ ആ രാജ്യത്തെ നിയമമല്ല, അവരുടെ നാട്ടിലെ നിയമമാണ് നടക്കുന്നത്. ഇത് ഭാവിയിൽ രാജ്യത്തിനുള്ളിൽ തന്നെ മറ്റൊരു രാജ്യം പോലെയാകും.
സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസ്സഹമാകും
വീടിന്റെ വാടക 2 – 3 ഇരട്ടിയാകും, സർക്കാർ ആശുപത്രിയിൽ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും, സ്കൂളുകളിൽ ടീച്ചർമാർക്ക് ഭാഷാ പ്രശ്നം കാരണം പഠിപ്പിക്കാൻ കഴിയാതെ വരും. ജർമ്മനിയിൽ ഇപ്പോൾ തന്നെ ഒരു സർക്കാർ വീടിന് 7 വർഷം വരെ കാത്തിരിക്കണം.
ഉത്ഭവ രാജ്യങ്ങൾ ശൂന്യമാകും
ഇറാനിൽ നിന്നും സിറിയയിൽ നിന്നും പോകുന്നത് അവിടുത്തെ ഏറ്റവും നല്ല ഡോക്ടർമാരും എഞ്ചിനീയർമാരുമാണ്. അവർ പോയാൽ ആ രാജ്യങ്ങൾ ഒരിക്കലും നന്നാകില്ല, അവിടെ നിന്ന് വീണ്ടും കൂടുതൽ ആളുകൾ പലായനം ചെയ്യും. ഇത് ഒരു തീരാത്ത ചക്രമാണ്.
എന്താണ് പരിഹാരം? 3 കാര്യങ്ങൾ ചെയ്യണം
ഇതിന് പരിഹാരം “എല്ലാവരെയും തിരിച്ചയക്കുക” എന്നതല്ല, “എല്ലാവരെയും സ്വീകരിക്കുക” എന്നതുമല്ല. നടുക്കുള്ള ഒരു വഴിയാണ്.
അതിർത്തിയിൽ തന്നെ ഫിൽട്ടർ ചെയ്യണം അതായത് ശക്തമായ നിരീക്ഷണം ആരെകൊള്ളണം ആരെ തള്ളണം കാരണം
ശരിക്കും ജീവന് ഭീഷണിയുള്ള രാഷ്ട്രീയ അഭയാർത്ഥിയും, ജോലി തേടി വരുന്ന സാമ്പത്തിക കുടിയേറ്റക്കാരനും തമ്മിൽ വ്യത്യാസമുണ്ട്.
യൂറോപ്പ് ഇപ്പോൾ ചെയ്യുന്നത് എല്ലാവരെയും കയറ്റി വിട്ടിട്ട് വർഷങ്ങൾക്ക് ശേഷം കോടതി വിധിയാകുന്നു എന്നതാണ്.
പകരം, തുർക്കി, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ വെച്ച് തന്നെ പരിശോധിച്ച്, അർഹതയുള്ളവരെ മാത്രം വിമാനത്തിൽ കൊണ്ടുവരിക. ബോട്ടിൽ വരുന്നത് നിർത്തണം.
വന്നാൽ പിന്നെ കർശനമായ ഇന്റഗ്രേഷൻ
ഓസ്ട്രേലിയ, കാനഡ മോഡൽ നോക്കണം. വർഷത്തിനുള്ളിൽ ഭാഷ നിർബന്ധമായും പഠിക്കണം
വന്നവരെ സ്വീകരിക്കുമ്പോൾ യൂറോപ്പ് ഒരു തെറ്റ് ചെയ്തു – “നിങ്ങൾ നിങ്ങളായി ജീവിച്ചോളൂ” എന്ന് പറഞ്ഞു. ലണ്ടനിൽ ഷറിയാ കൗൺസിലുകൾ, സ്വീഡനിൽ സൊമാലി കോളനികൾ, ഫ്രാൻസിൽ മുസ്ലീം ഗെറ്റോകൾ ഉണ്ടായി. ഇന്റഗ്രേഷൻ ഉണ്ടായില്ല.
ഇപ്പോൾ യൂറോപ്പ് തിരുത്തുകയാണ്. കർശനമായ ഇന്റഗ്രേഷൻ.
ജർമ്മനിയിൽ: വന്നാൽ 1 വർഷത്തിനകം ജർമ്മൻ ഭാഷ പഠിച്ചിരിക്കണം, ഇല്ലെങ്കിൽ ആനുകൂല്യം കട്ട് ചെയ്യും.
ഫ്രാൻസിൽ: സ്കൂളിലും ഓഫീസിലും ഹിജാബ് പാടില്ല, “നീ ഫ്രഞ്ചുകാരൻ ആയിരിക്കണം” എന്നാണ് നിയമം.
ഡെന്മാർക്കിൽ: “ഗെറ്റോ നിയമം” – ഒരു ഏരിയയിൽ 50% ൽ കൂടുതൽ വിദേശികൾ പാടില്ല, സർക്കാർ തന്നെ പൊളിച്ചു മാറ്റും.
നെതർലാൻഡ്സിൽ: വരുന്നതിന് മുൻപ് തന്നെ ഡച്ച് ഭാഷയും സംസ്കാരവും പഠിച്ചതിന്റെ പരീക്ഷ പാസ്സാകണം.
ചുരുക്കത്തിൽ, പഴയ മുദ്രാവാക്യം “Welcome” ആയിരുന്നെങ്കിൽ, പുതിയ മുദ്രാവാക്യം “Integrate or Leave” എന്നായി.
ജോലി ചെയ്യാൻ സർക്കാർ സഹായിക്കും, പക്ഷേ 2 വർഷം കഴിഞ്ഞാൽ ജോലി എടുത്തില്ലെങ്കിൽ സഹായം നിർത്തും
കുറ്റകൃത്യം ചെയ്താൽ പൗരത്വം റദ്ദാക്കി തിരിച്ചയക്കും – ഇതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല
ജനസംഖ്യാ നിയന്ത്രണം കർശന ഉപാധികളോടെ നടപ്പിലാക്കണം ലംഘിക്കുന്നവരെ നാടുകടത്തണം.
ആളുകൾക്ക് സ്വന്തം നാട് വിടാൻ താല്പര്യമില്ല. ഇറാനിലും സിറിയയിലും സമാധാനം വരാൻ, തൊഴിൽ ഉണ്ടാകാൻ അമേരിക്കയും യൂറോപ്പും പണം ചിലവാക്കിയാൽ, അവർ അഭയാർത്ഥിയായി വരേണ്ട ആവശ്യമില്ല.
ഒരു അഭയാർത്ഥിയെ ജർമ്മനിയിൽ ഒരു വർഷം നോക്കാൻ 15,000 യൂറോ ചിലവാകും, അതേ പണം കൊണ്ട് ജോർദാനിലെ ക്യാമ്പിൽ 10 കുടുംബത്തെ നോക്കാം.
“മാനവികത കൊണ്ട് മാത്രം രാജ്യം നടത്താൻ പറ്റില്ല, കാർക്കശ്യം കൊണ്ട് മാത്രവും പറ്റില്ല. അതിർത്തിയിൽ കാർക്കശ്യവും, അകത്ത് മാനവികതയും അതാണ് ഇന്ന് ലോകത്തിന് ആവശ്യമുള്ള ബാലൻസ്.”
മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My WatsApp Contact No 9500716709
