ഒരു കാലത്ത് മലയാളിയുടെ സ്വപ്നഭൂമിയായിരുന്ന പേർഷ്യ ഇന്ന് എവിടെ?

Time Taken To Read 4 Minutes

രണ്ടു ദിവസം മുൻപ് കേരളത്തിൽ നിന്ന് കേട്ട ഒരു പ്രസ്താവന ഇപ്പോഴും കെട്ടടങ്ങാതെ ചർച്ചയായി തുടരുകയാണ് 

“സ്ത്രീകൾ പൊതുവേദിയിൽ ആടിത്തിമിർക്കാൻ പാടില്ല വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയണം.

ഇതിനെ അനുകൂലിച്ചും എതിർത്തും വലിയ തർക്കം നടക്കുന്നു. ഒരു വിഭാഗം ഇതിനെ സംസ്കാരം എന്ന് വിളിക്കുമ്പോൾ മറുവിഭാഗം ഇതിനെ സ്ത്രീയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി കാണുന്നു.

ഈ ചർച്ച കേരളത്തിൽ പുതിയതാണെങ്കിലും ലോകത്ത് ഇതൊരു പുതിയ ചർച്ചയല്ല. ഇത്തരമൊരു ചിന്താഗതി നിയമമായ ഒരു നാടുണ്ട്. ഒരുകാലത്ത് മലയാളിയുടെ സ്വപ്നഭൂമിയായിരുന്ന പേർഷ്യ.

അവിടെ എന്താണ് സംഭവിച്ചത്? സ്ത്രീയെ വീടിനുള്ളിൽ അടച്ചപ്പോൾ ആ സമൂഹത്തിന് എന്ത് സംഭവിച്ചു? ആ ചരിത്രം കൂടി പറയാതിരുന്നാൽ എന്റെ ലേഖനം പൂർണ്ണമാവില്ല!

“പേർഷ്യ” (ഇന്നത്തെ ഇറാൻ)! ഒരു കാലത്ത് നമ്മുടെ നാട്ടിലെ ചായക്കടകളിലും വീട്ടുമ്മറങ്ങളിലും അത്ഭുതത്തോടെയും ആദരവോടെയും ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു പേരാണത്. ഇന്നത്തെ മരുഭൂമിയിലെ അത്ഭുത നഗരങ്ങൾ ജനിക്കുന്നതിനും എത്രയോ മുൻപേ, കടൽ കടന്നുപോയ ഒരു തലമുറയുടെ വിയർപ്പും സ്വപ്നങ്ങളും വീണ മണ്ണാണത്. 

1950 കൾ മുതൽ 1970 കളുടെ അവസാനം വരെ ഇറാൻ ഭരിച്ചിരുന്ന മുഹമ്മദ് റേസ പഹ്‌ലവി എന്ന ഷായുടെ കാലത്ത്, ആ രാജ്യം ലോകത്തിന് മുന്നിൽ ഒരു സ്വപ്നതുല്യമായ ഇടമായിരുന്നു. പാശ്ചാത്യ നാടുകളെ പോലും വെല്ലുന്ന ആധുനികതയും, എണ്ണപ്പണം ഒഴുകിയ സമ്പന്നതയും പേർഷ്യയെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഭാഗ്യഭൂമിയാക്കി മാറ്റി. 

മുംബൈ തുറമുഖത്ത് നിന്ന് കപ്പൽ കയറി ദിവസങ്ങളോളം നീളുന്ന കടൽയാത്രക്കൊടുവിൽ ഇറാനിലെ ഖുറംഷഹറിലും അബാദാനിലും എത്തുമ്പോൾ അവർ കണ്ടത് മറ്റൊരു ലോകമായിരുന്നു. 

ആധുനിക രീതിയിലുള്ള ആശുപത്രികൾ, സ്കൂളുകൾ, ലോകോത്തര നിലവാരമുള്ള റിഫൈനറികൾ എന്നിവയൊക്കെ അവിടെ സജീവമായിരുന്നു. ഇംഗ്ലീഷ് അറിയാവുന്ന മലയാളി ഡോക്ടർമാർക്കും നഴ്സുമാർക്കും എഞ്ചിനീയർമാർക്കും അവിടെ ലഭിച്ചിരുന്ന ആദരവും വരുമാനവും ഇന്നത്തെ ഗൾഫ് ജീവിതത്തേക്കാൾ എത്രയോ മുകളിലായിരുന്നു എന്നുപറയുമ്പോൾ തന്നെ പറയട്ടെ

ദുബായിലും പടർന്നിരുന്നു പേർഷ്യൻ കൈകൾ എന്നുവേണം കരുതാൻ.

ഒരുകാലത്ത് പേർഷ്യയുടെ സ്വാധീനം ഇറാനിൽ മാത്രം ഒതുങ്ങിയിരുന്നില്ല. ഗൾഫിന്റെ വ്യാപാര തലസ്ഥാനമായ ദുബായിലേക്കും ആ കൈകൾ നീണ്ടിരുന്നു.

ഇന്ന് ബർ ദുബായിൽ നമ്മൾ കാണുന്ന പഴയ ഇറാനിയൻ ക്ലബ്ബ്, ഇറാനിയൻ സ്കൂൾ, ഇറാനിയൻ ഹോസ്പിറ്റൽ – ഇതെല്ലാം ആ കാലത്തിന്റെ ബാക്കിപത്രങ്ങളാണ്.

ഷായുടെ ഭരണകാലത്ത്, അതായത് 1979 ലെ വിപ്ലവത്തിന് മുൻപ്, ദുബായിലെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായിരുന്നു ഇറാനിയൻ സ്കൂൾ.

അവിടെ പഠിക്കുന്നത് തന്നെ ഒരു അഭിമാനമായി കണക്കാക്കി. ഇറാനിയൻ കൾച്ചറൽ സെന്ററുകൾ കലയുടെയും സാഹിത്യത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. ചികിത്സയ്ക്ക് ആളുകൾ തേടിച്ചെന്നിരുന്നത് ഇറാനിയൻ ഹോസ്പിറ്റലിനെയായിരുന്നു.

പേർഷ്യൻ സംസ്കാരത്തിന്റെ സൗന്ദര്യവും, വിദ്യാഭ്യാസത്തോടുള്ള ആദരവും, ആതിഥ്യമര്യാദയും എല്ലാം അതിൽ നിറഞ്ഞുനിന്നു.

പിന്നീട് ഭരണം മാറി. തെഹ്റാനിൽ നിന്നുള്ള ഫണ്ടിംഗ് നിയന്ത്രിക്കപ്പെട്ടു, നിയമങ്ങൾ കർക്കശമായി. പതുക്കെപ്പതുക്കെ ആ തിളക്കം കുറഞ്ഞുവന്നു.

ഇന്ന് ആ സ്ഥാപനങ്ങൾ ഇന്നും അവിടെയുണ്ട്, പക്ഷേ പഴയ പ്രതാപമില്ല. ദുബായിലെ പഴയ തലമുറയോട് ചോദിച്ചാൽ അവർ ഇന്നും പറയും  “അതായിരുന്നു ഗോൾഡൻ എറ, പേർഷ്യയുടെ സുവർണ്ണകാലം.”

നാട്ടിലേക്ക് അവധിക്ക് വരുന്ന ‘പേർഷ്യക്കാരൻ’ അക്കാലത്തെ ഒരു വലിയ വിസ്മയമായിരുന്നു. അവർ കൊണ്ടുവരുന്ന വിദേശ നിർമ്മിത വാച്ചുകളും, വസ്ത്രങ്ങളും, പെർഫ്യൂമുകളും ഒരു നാടിന്റെ തന്നെ കണ്ണഞ്ചിപ്പിച്ചിരുന്നു. പഴയ മലയാള സിനിമകളിൽ പോലും സമ്പന്നതയുടെ അടയാളമായി നാം കണ്ടിരുന്നത് ഈ പേർഷ്യൻ പ്രവാസികളെയായിരുന്നു. 

എന്നാൽ ആ സുവർണ്ണകാലത്തിന് അപ്രതീക്ഷിതമായ ഒരു അന്ത്യമുണ്ടായി. 1979 ൽ ഇറാനിൽ ആഞ്ഞടിച്ച ഇസ്ലാമിക വിപ്ലവം ആ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ഷായുടെ ഭരണം അവസാനിക്കുകയും രാജ്യം കർക്കശമായ ഇസ്ലാമിക നിയമങ്ങളിലേക്ക് മാറുകയും ചെയ്തതോടെ, അതുവരെ അവിടെ നിലനിന്നിരുന്ന വ്യക്തിസ്വാതന്ത്ര്യവും ആധുനികാന്തരീക്ഷവും പെട്ടെന്ന് ഇല്ലാതായി. വിദേശികൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് അതൊരു വലിയ ആഘാതമായിരുന്നു. 

ഇതിനു പിന്നാലെ വന്ന ഇറാൻ – ഇറാഖ് യുദ്ധം ആ രാജ്യത്തെ ശ്മശാനതുല്യമാക്കി മാറ്റി. ആകാശത്ത് നിന്ന് ബോംബുകൾ വർഷിക്കുമ്പോൾ, കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത സമ്പാദ്യങ്ങളെല്ലാം അവിടെ ഉപേക്ഷിച്ച്, ജീവൻ മാത്രം കൈയ്യിൽ പിടിച്ച് പലർക്കും മടങ്ങേണ്ടി വന്നു.

അവിടന്ന് തുടങ്ങി അസ്വസ്ഥരായ സമാധാനമാഗ്രഹിക്കുന്ന ജനങ്ങളുടെ പാലായനം. അവരിൽ പലരും ഭാരതമടക്കം പല രാജ്യങ്ങളിലും അഭയങ്കര തേടി. (അവിടങ്ങളിലെ ഇപ്പോഴത്തെ സ്‌ഥിതി അടുത്ത ലക്കത്തിൽ പറയാം)

ഒരു കാലത്ത് ലോകത്തിന്റെ നെറുകയിൽ നിന്നിരുന്ന, കലയും സംസ്കാരവും ആധുനികതയും ഒത്തുചേർന്ന ആ പേർഷ്യ, പിന്നീട് യുദ്ധങ്ങളുടെയും ഉപരോധങ്ങളുടെയും നടുവിൽ തളർന്നുപോകുന്ന കാഴ്ചയാണ് നാം കണ്ടത്. 

വിപ്ലവത്തിന് ശേഷം ഇറാൻ ലോകത്തിന് മുന്നിൽ വാതിലുകൾ അടച്ചപ്പോൾ, അവിടെ നിന്ന് മടങ്ങിയ പ്രവാസികൾ പിന്നീട് പതുക്കെ വളർന്നു തുടങ്ങിയ ഇന്നത്തെ ഗൾഫ് രാജ്യങ്ങളിലേക്ക് ചേക്കേറി. അങ്ങനെ മലയാളിയുടെ ചരിത്രത്തിലെ ആ ‘പേർഷ്യൻ പ്രതാപം’ വെറുമൊരു ഓർമ്മയായി മാറി. എങ്കിലും ഇന്നും പഴയ തലമുറയിലെ പ്രവാസികളുടെ കണ്ണുകളിൽ ആ അബാദാൻ നഗരത്തിന്റെയും അവിടുത്തെ തെരുവുകളുടെയും തിളക്കം കാണാം. 

പേർഷ്യ വെറുമൊരു രാജ്യമല്ലായിരുന്നു, ഒരു ജനതയുടെ സ്വപ്നമായിരുന്നു. ഇന്ന് തങ്ങളുടെ ഭരണാധികാരികൾ ഓരോരുത്തരായി ഇല്ലാതാകുമ്പോൾ, അവിടുത്തെ തെരുവുകളിൽ സാധാരണ ജനങ്ങൾ ആഘോഷിക്കുന്നത് കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നാം. സ്വന്തം ഭരണാധികാരിയുടെ വിയോഗത്തിൽ ഒരു ജനത എന്തിന് സന്തോഷിക്കണം? 

ആ ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ, അത് തങ്ങളുടെ നഷ്ടപ്പെട്ടുപോയ പഴയ ‘പേർഷ്യ’യെ അവർ അത്രമേൽ ആഗ്രഹിക്കുന്നു എന്നത് തന്നെയാണ്.

ഒരു കാലത്ത് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായിരുന്ന ആ സുന്ദരമായ പേർഷ്യയെ തിരികെ കിട്ടാനുള്ള ഒടുങ്ങാത്ത ദാഹമാണത്. 1970 കൾ വരെ ലോകത്തിന് മുന്നിൽ തലയുയർത്തി നിന്നിരുന്ന ആ രാജ്യം, ഇന്നത്തെ യൂറോപ്പിനേക്കാൾ വലിയ ആധുനികതയും ജീവിതസൗകര്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. 

പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രധാരണവും, ആർക്കും എവിടേക്കും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യവും, ഉന്നത വിദ്യാഭ്യാസവും നിലനിന്നിരുന്ന ഒരു കാലം. അവിടുത്തെ ഷാ ഭരണകൂടം പടുത്തുയർത്തിയത് വെറുമൊരു രാജ്യമല്ല, മറിച്ച് സാങ്കേതിക വിദ്യയിലും കലയിലും വിശ്വസിച്ചിരുന്ന ഒരു വലിയ സംസ്കാരമായിരുന്നു. 

എന്നാൽ 1979 ൽ ഇറാൻ നേരിട്ട ആ കറുത്ത ഇരുട്ട് മൂടിയ മാറ്റം ആ രാജ്യത്തെ പതിറ്റാണ്ടുകൾ പുറകിലേക്ക് തള്ളിക്കളഞ്ഞു. പേർഷ്യ എന്ന പേര് മാറി ഇറാൻ എന്ന പേരിൽ ആ രാജ്യം ലോകത്തിന് മുന്നിൽ വാതിലുകൾ അടച്ചു.

കാലം കുറേ കടന്നുപോയിട്ടും, ഇന്നും ഓരോ ഇറാനിയൻ പൗരന്റെയും ഉള്ളിൽ ആ പഴയ പേർഷ്യ ജീവിക്കുന്നുണ്ട്. ഇപ്പോൾ അവിടുത്തെ ഭരണാധികാരികൾക്ക് സംഭവിക്കുന്ന മാറ്റങ്ങളിൽ അവർ തെരുവിൽ ഇറങ്ങുന്നത് ഒരാളുടെ മരണത്തിൽ ആഹ്ലാദിക്കാനല്ല, മറിച്ച് തങ്ങളെ തടവിലാക്കിയ പഴയ നിയമങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. തങ്ങളുടെ പെൺമക്കൾക്ക് തലമുടി കാറ്റിൽ പറത്തി നടക്കാൻ കഴിയുന്ന, സംഗീതവും കലയും ആവോളം ആസ്വദിക്കാവുന്ന, ലോകത്തോട് വീണ്ടും പുഞ്ചിരിക്കാൻ കഴിയുന്ന ആ പഴയ പേർഷ്യൻ വസന്തം തിരികെ വരുമെന്ന് അവർ സ്വപ്നം കാണുന്നു. 

പഴയ ‘പേർഷ്യക്കാരൻ’ എന്ന ഗാംഭീര്യം മലയാളിയുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ടെങ്കിൽ, അത് ആ മണ്ണ് നമുക്ക് നൽകിയ വലിയ സ്നേഹത്തിന്റെ അടയാളം കൂടിയാണ്. ആ പഴയ സുവർണ്ണകാലം ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ചുയരുമെന്ന പ്രതീക്ഷയിലാണ് ഇന്നും ഓരോ പേർഷ്യൻ ഹൃദയവും മിടിക്കുന്നത്

എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി പേർഷ്യയ്ക്ക് ശേഷം ഇറാനിൽ സംഭവിച്ചത്? 1979 മുതൽ 2026 വരെ നോക്കുമ്പോൾ?

 ആ വിപ്ലവം വെറും ഒരു ഭരണമാറ്റം ആയിരുന്നില്ല. അത് പേർഷ്യ എന്ന പേരും ആ പുരോഗമന സംസ്ക്കാരവും തന്നെ ചരിത്രത്തിൽ നിന്ന് മാഞ്ഞു പോകുന്നതിന്റെ തുടക്കമായിരുന്നു എന്നു വിലയിരുത്തേണ്ടിയിരിക്കുന്നു

എന്നാൽ  ഇറാനിലെ പിന്നീടുള്ള ജീവിതം കടന്നുപോയതു  രക്തം വീണ എട്ട് വർഷങ്ങൾ?

വിപ്ലവത്തിന് പിന്നാലെ തന്നെ അമേരിക്കൻ എംബസിയിലെ ബന്ദി പ്രതിസന്ധിയും അമേരിക്കയുടെ ആദ്യ ഉപരോധവും വന്നു. പിന്നാലെ 1980-ൽ ഇറാഖിന്റെ ഏകാധിപതി സദ്ദാം ഹുസൈൻ ഇറാനെ ആക്രമിച്ചു.

എട്ട് വർഷം നീണ്ട ആ യുദ്ധത്തിൽ അഞ്ച് ലക്ഷത്തോളം പേർ മരിച്ചു. ഖുറംഷഹറും അബാദാനും, ഒരിക്കൽ മലയാളികളുടെ സ്വപ്നനഗരങ്ങളായിരുന്ന ഇടങ്ങൾ, ബോംബാക്രമണത്തിൽ ചാരമായി. ഈ യുദ്ധമാണ് ആയിരക്കണക്കിന് മലയാളികളെ കയ്യിലുള്ള സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് ജീവൻ മാത്രം കയ്യിൽ പിടിച്ച് നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കിയത്.

പിന്നെ ഇറാനിൽ ലോകം കണ്ടത് അടഞ്ഞ വാതിലുകളുടെ കാലമായിരുന്നു

1989 ൽ വിപ്ലവ നേതാവ് ആയത്തുള്ള ഖൊമേനി മരിക്കുകയും അലി ഖമേനി പരമോന്നത നേതാവായി അധികാരത്തിലെത്തുകയും ചെയ്തതോടെ ഇറാൻ പൂർണമായും ലോകത്തിൽ നിന്ന് ഒറ്റപ്പെട്ടു.

1990 കളിൽ രാജ്യം പുനർനിർമ്മിക്കാൻ ശ്രമിച്ചെങ്കിലും വ്യക്തിസ്വാതന്ത്ര്യം ദിവസം തോറും കുറഞ്ഞുവന്നു. 1999 ലെ വിദ്യാർത്ഥി പ്രക്ഷോഭവും 2009 ലെ തിരഞ്ഞെടുപ്പ് തട്ടിപ്പിനെതിരായ ഗ്രീൻ മൂവ്മെന്റും സർക്കാർ അതിക്രൂരമായി അടിച്ചമർത്തി.

ഈ സമയത്താണ് ഇറാൻ തങ്ങളുടെ ആണവ പദ്ധതി രഹസ്യമായി വികസിപ്പിക്കുന്നത്. ഇതോടെ 2006 മുതൽ ഐക്യരാഷ്ട്രസഭയുടെയും അമേരിക്കയുടെയും കടുത്ത സാമ്പത്തിക ഉപരോധങ്ങൾ വന്നു. പേർഷ്യയിലെ സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾക്ക് ക്ഷാമം വരാൻ തുടങ്ങി, റിയാലിന്റെ മൂല്യം പകുതിയായി ഇടിഞ്ഞു.

2015 ൽ ഒരു ചെറിയ പ്രതീക്ഷ വന്നു. ലോകശക്തികളുമായി ഇറാൻ JCPOA എന്ന ആണവ കരാർ ഒപ്പിട്ടു. ഉപരോധങ്ങൾക്ക് ഇളവ് കിട്ടി. പക്ഷെ 2018 ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ‘Maximum Pressure’ ഉപരോധം തിരികെ കൊണ്ടുവരികയും ചെയ്തതോടെ ആ പ്രതീക്ഷയും അവസാനിച്ചു.

മുടി പറത്തി നടക്കാൻ ആഗ്രഹിച്ച പെൺകുട്ടികളുടെ ചിന്താധാശ്രയെപ്പറ്റി ചിന്തിക്കുമ്പോൾ വീണ്ടും ഓർത്തുപോകുന്നു നമ്മുടെയൊക്കെ വീട്ടിലുള്ള പെൺകുട്ടികളെ

“സ്വന്തം ഭരണാധികാരിയുടെ വിയോഗത്തിൽ ഒരു ജനത എന്തിന് സന്തോഷിക്കണം?” – അതിന്റെ ഉത്തരം 2022 ൽ ലോകം കണ്ടു.

ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ല എന്ന് പറഞ്ഞ് മഹ്സ അമിനി എന്ന 22 കാരിയെ മോറാലിറ്റി പോലീസ് കസ്റ്റഡിയിൽ എടുത്ത് കൊലപ്പെടുത്തി. അതോടെ “Women, Life, Freedom” എന്ന മുദ്രാവാക്യവുമായി ഇറാനിലെ പെൺകുട്ടികൾ തെരുവിലിറങ്ങി തലമുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ലോകം വാഴ്ത്തിയ  ആ പഴയ പേർഷ്യൻ വസന്തം തിരികെ വേണമെന്ന ആഗ്രഹം തന്നെയായിരുന്നു അത്.

സർക്കാർ ഈ പ്രക്ഷോഭവും അടിച്ചമർത്തി. 2025 ൽ മാത്രം വധശിക്ഷകൾ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

2024 മുതൽ ഇന്ന് വരെ ? തകർച്ചയുടെ അവസാന അധ്യായം

2024 മെയ് 19 ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. 

അതിനു പിന്നാലെ 2025 ഡിസംബറിൽ റിയാലിന്റെ മൂല്യം പൂർണമായും തകർന്നതോടെ ഇറാൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്ന് ആരംഭിച്ചു. ഇന്റർനെറ്റ് 99 % വരെ വിച്ഛേദിക്കപ്പെട്ടു, ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

ഏറ്റവും ഒടുവിൽ 2026 ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന് നേരെ വലിയ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തിൽ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ടെഹ്റാൻ നഗരത്തിലെ ഇന്റർനെറ്റ് 4 % ആയി കുറയുകയും നഗരം ഏതാണ്ട് പ്രേതനഗരമായി മാറുകയും ചെയ്തു.

അവസാനം സംഭവിച്ചത് എന്തെന്ന് വിലയിരുത്തുമ്പോൾ മനസ്സിലാവുക ?

ഒരുകാലത്ത് മലയാളി ചായക്കടകളിൽ അത്ഭുതത്തോടെ പറഞ്ഞിരുന്ന ആ പേർഷ്യക്കാരൻ ഇന്ന് ചരിത്രപുസ്തകത്തിലെ ഒരു ഓർമ്മ മാത്രമാണെന്നതല്ലേ.

അവിടെ നിന്ന് മടങ്ങിയവർ പിന്നീട് ദുബായിലേക്കും ഷാർജയിലേക്കും ദോഹയിലേക്കും ചേക്കേറി. അങ്ങനെ പേർഷ്യൻ ഗൾഫ്, അറേബ്യൻ ഗൾഫായി മാറി.

പഴയ പേർഷ്യ ഇന്ന് രണ്ട് ഇടത്ത് മാത്രമേ ജീവിക്കുന്നുള്ളൂ – ടെഹ്റാനിലെ തെരുവുകളിൽ സ്വാതന്ത്ര്യത്തിനായി ഇപ്പോഴും പോരാടുന്ന യുവതികളുടെ കണ്ണുകളിലും, അബാദാനിലെ ആ പഴയ റിഫൈനറിയുടെ തിളക്കം ഓർക്കുന്ന മലയാളി പ്രവാസി മുത്തച്ഛന്മാരുടെ ഓർമ്മകളിലും തളച്ചിടുമ്പോൾ?

പറഞ്ഞു വരുമ്പോൾ ഇറാനിൽ മാത്രമല്ല, കഥ പലയിടത്തും ഒന്നുതന്നെ

ഇറാനിൽ സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ല എന്ന് ചരിത്രം നോക്കിയാൽ മനസ്സിലാകും.

ലെബനാനിൽ – 60 കളിലും 70 കളിലും ബെയ്റൂട്ട് അറിയപ്പെട്ടിരുന്നത് ‘മിഡിൽ ഈസ്റ്റിലെ പാരീസ്’ എന്നായിരുന്നു. സിനിമയും സംഗീതവും ഫാഷനും കൊണ്ട് നിറഞ്ഞ ഒരു തുറന്ന സമൂഹം. ആഭ്യന്തര യുദ്ധവും പിന്നീട് വിഭാഗീയ രാഷ്ട്രീയവും വന്നതോടെ ആ തിളക്കം നഷ്ടപ്പെട്ടു.

സിറിയയിൽ – ഡമാസ്കസിലും അലപ്പോയിലും സർവകലാശാലകളും സാംസ്കാരിക കേന്ദ്രങ്ങളും സജീവമായിരുന്ന കാലം. സ്ത്രീകൾ സൈന്യത്തിൽ വരെ ഉണ്ടായിരുന്നു. പിന്നീട് അധികാരത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും യുദ്ധങ്ങളും എല്ലാം മാറ്റിമറിച്ചു.

ഈജിപ്തിൽ – 50 – 60 കളിലെ കെയ്റോ അറബ് ലോകത്തിന്റെ സിനിമാ തലസ്ഥാനമായിരുന്നു. ഫാത്തിമ റുഷ്ദി മുതൽ ഉമ്മു കുൽസൂം വരെ വേദികൾ കയ്യടക്കി. ആ കാലത്തെ ഫോട്ടോകൾ കണ്ടാൽ ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസമാണ്.

പാക്കിസ്ഥാനിൽ – കറാച്ചിയിലെ ബീച്ചുകളും, ലാഹോറിലെ കോളേജുകളും ഒരുകാലത്ത് വളരെ ലിബറൽ ആയിരുന്നു. പഴയ പി.ടി.വി ദൃശ്യങ്ങൾ ഇന്നും യൂട്യൂബിൽ തിരഞ്ഞാൽ ലഭിക്കും.

പൊതുവായ ഒരു കാര്യം എന്താണ്?

എല്ലായിടത്തും വിദ്യാഭ്യാസത്തിനും കലയ്ക്കും വലിയ വിലയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു.

ഭരണം മാറിയപ്പോഴോ, ഫണ്ടിംഗ് പുറത്തുനിന്ന് വന്നപ്പോഴോ, മതത്തെ രാഷ്ട്രീയത്തോട് കൂട്ടിക്കലർത്തിയപ്പോഴോ ആ തുറന്ന സമൂഹം ചുരുങ്ങി.            

പറഞ്ഞുവരുന്നത് നമ്മൾ ഇപ്പോൾ കേൾക്കുന്ന ഈ പുതിയ വിവാദമായിക്കൊണ്ടിരിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള പ്രസ്താവനയുമായി ഇതിനെ ബന്ധിപ്പിച്ചാൽ – ഒരു സമൂഹം ഒന്നടങ്കം സ്ത്രീകളെ വേദിയിൽ നിന്ന് വീട്ടിലേക്ക് തിരിച്ചുവിളിക്കാൻ തുടങ്ങുമ്പോൾ, ആദ്യം നഷ്ടപ്പെടുന്നത് കലയും സംസ്കാരവും തന്നെയാണ്.                                    

അതായത്  ഓർമ്മകളിലെ ആ പഴയ പേർഷ്യയിലെ, ലെബനാനിലെ,  സിറിയയിലെ, ഈജിപ്തിലെ, പാക്കിസ്ഥാനിലെ  പ്രതാപം പോലെ, വരാനിരിക്കുന്ന കാലം എല്ലാവർക്കും ഐശ്വര്യവും സമാധാനവും നിറഞ്ഞതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്ന് വെറുതെ മുദ്രാവാക്യം വിളിക്കുന്നവർ ഇത് അറിയണം – ഇറാനിലും അഫ്ഗാനിലും സിറിയയിലും ഈജിപ്തിലും ഒക്കെ സനാതന ധർമ്മത്തിന്റെ വേരുകൾ നേരിട്ട് പടർന്നിരുന്നു. ആ വേരുകൾ വെട്ടിമാറ്റിയപ്പോൾ എന്ത് സംഭവിച്ചു? ആ രാജ്യങ്ങൾ വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് വീണു. അതിന്റെ തുടർച്ചയാണ് നമ്മൾ ഇന്ന് കാണുന്നത്…

അതാണോ നമ്മുടെ ഭാരത്തിലും കാണുവാൻ ആഗ്രഹിക്കുന്നത് ?

തുടരും …

മഠത്തിൽ ബാബു ജയപ്രകാശ്…….✍️ My WatsApp Contact No 9500716709

Leave a Comment