“മൃൺമയിയിൽ നിന്ന് ചിന്മയിലേക്ക് – മണ്ണിൽ നിന്ന് കണ്ണിലേക്കുള്ള യാത്ര”

Time Taken To Read 5 Minutes

കൊൽക്കത്ത എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എന്താണ്? മഞ്ഞ ട്രാം, ഹൗറാ പാലം, വായിലിട്ടാൽ അലിഞ്ഞു ചേരുന്ന രസഗുള, പിന്നെ… കണ്ണഞ്ചിപ്പിക്കുന്ന ദുർഗ്ഗാ പൂജ.

പക്ഷെ ഈ പൂജ വെറുമൊരു ഉത്സവമല്ല. ഇത് കൊൽക്കത്തയുടെ ജന ഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞ ആഘോഷമാണ്.

ഉത്സവം തുടങ്ങിയ കഥ പറയുമ്പോൾ? ഇന്ന് നമ്മൾ കാണുന്നത് പോലെ വലിയ പന്തലുകെട്ടിയുള്ള ദുർഗ്ഗാ പൂജകളൊന്നും ഉണ്ടായിരുന്നില്ല. അന്നത് ജമീന്ദാർമാരുടെ വീടിനുള്ളിൽ ചെറു ദുർഗാ വിഗ്രഹം വെച്ചുള്ള? ഫോട്ടോ വെച്ചുള്ള ഒരു പ്രാർത്ഥന മാത്രമായിരുന്നു.

ചരിത്രം മാറിയത് 1757 ൽ ആണ്. പ്ലാസി യുദ്ധത്തിൽ റോബർട്ട് ക്ലൈവ് ജയിച്ചപ്പോൾ, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദ്വിഭാഷിയായിരുന്ന രാജാ നബകൃഷ്ണ ദേബ് ഒറ്റ രാത്രി കൊണ്ട് കൊൽക്കത്തയിലെ ഏറ്റവും വലിയ ധനികനായി.

വിജയത്തിന്റെ നന്ദി സൂചകമായി, തന്റെ പുതിയ കൊട്ടാരമായ ശോഭാ ബസാർ രാജ്ബാരിയിൽ അദ്ദേഹം ഒരു വലിയ ദുർഗ്ഗാ പൂജ നടത്തി. അന്നത്തെ മുഘ്യഥിതി? റോബർട്ട് ക്ലൈവ് തന്നെയായിരുന്നു.

അതാണ് പിൽക്കാലത്തു “കമ്പനി പൂജ” എന്ന് അറിയപ്പെട്ടതു, കൊൽക്കത്തയിലെ ആദ്യത്തെ പൊതു ദുർഗ്ഗാ പൂജ. അന്ന് തുടങ്ങിയ മത്സരമാണ് ഇന്ന് തെരുവുകൾ തോറും കാണുന്ന തീം പന്തലുകൾ.

അന്നൊക്കെയായിരുന്നു കൊൽക്കത്തയുടെ സുവർണ്ണകാലമെന്നു പറയുന്നത്?

1772 മുതൽ 1911 വരെ കൊൽക്കത്ത ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു. അതാണ് സുവർണ്ണ കാലം.

ലോകത്തിലെ രണ്ടാമത്തെ വലിയ നഗരം,! ഇന്ത്യയിലെ ആദ്യത്തെ മെട്രോ,! ആദ്യത്തെ യൂണിവേഴ്സിറ്റി!, രവീന്ദ്രനാഥ ടാഗോർ, വിവേകാനന്ദൻ, സത്യജിത് റേ – ബംഗാൾ നവോത്ഥാനം ലോകത്തെ വിറപ്പിച്ചു. ദുർഗ്ഗാ പൂജ! അന്ന് ധനികർ ബ്രിട്ടീഷുകാരെ സൽക്കരിക്കാനുള്ള ഒരു ആടംബരമായിരുന്നു ഈ പൂജകൾ.

പിന്നെ എന്ത് സംഭവിച്ചു? സർക്കാരുകൾ മാറി മാറി വന്നപ്പോൾ കൊൽക്കത്തയുടെ പ്രൗഢിയും മങ്ങി കൂടെ നഗരവും  മങ്ങി?

1911 ൽ ബ്രിട്ടീഷുകാർ പെട്ടെന്ന്  ഒരുദിവസം തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റി. അതോടെ കൊൽക്കത്തയുടെ തലയിലെ കിരീടം പോയി.

1947 ൽ ഭാരതം വിഭജിച്ചപ്പോൾ, കിഴക്കൻ ബംഗാളിലെ (ബംഗ്ലാദേശ്) ജൂട്ട് ഫാക്ടറികൾക്കുള്ള അസംസ്കൃത വസ്തു നിന്നു. കൊൽക്കത്തയിലെ മില്ലുകൾ പൂട്ടി. ലക്ഷക്കണക്കിന് അഭയാർത്ഥികൾ നഗരത്തിലേക്ക് ഒഴുകി എത്തി

1967-1977 – നക്സൽബാരി കാലം: കോൺഗ്രസ് ഭരണത്തിന് ശേഷം വന്ന രാഷ്ട്രീയ അസ്ഥിരത, നക്സൽ പ്രസ്ഥാനം, തൊഴിലാളി സമരങ്ങൾ. “ബന്ദ്ന്റെ നഗരം” എന്ന പേര് വീണു.

ടാറ്റയും ബിർളയും ഉൾപ്പെടെ വലിയ വ്യവസായികൾ കൊൽക്കത്ത വിട്ട് മുംബൈയിലേക്ക് പോയി.

1977-2011 – 34 വർഷം ഇടതുപക്ഷം: ലോകത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കമ്മ്യൂണിസ്റ്റ് ഭരണം നടന്നത് ഇവിടെയാണ്. വിദ്യാഭ്യാസം വന്നെങ്കിലും, പുതിയ വ്യവസായങ്ങൾ വന്നില്ല. Computer നെ പോലും “തൊഴിൽ കളയും” ബകൻ എന്ന് പറഞ്ഞ് എതിർത്തു.

അങ്ങനെ ഒരിക്കൽ ഇന്ത്യയെ ഭരിച്ചിരുന്ന നഗരം, ഇന്ന് ഓർമ്മകളിൽ മാത്രം ജീവിക്കുന്ന ഒരു മ്യൂസിയം പോലെയായി.

പക്ഷെ ഒരു കാര്യം മാത്രം ഇന്നും മരിച്ചിട്ടില്ല! ആ ദുർഗ്ഗാ പൂജ.!

കാരണം കൊൽക്കത്തക്കാർക്ക് അത് ഉത്സവമല്ല, അവരുടെ നഷ്ടപ്പെട്ട പ്രതാപത്തിന്റെ അവസാന അടയാളമാണ്.

കൊൽക്കത്ത ദുർഗ്ഗാ പൂജയും വിഗ്രഹ നിർമ്മാണ രഹസ്യവും – മണ്ണിൽ നിന്ന് കണ്ണിലേക്കുള്ള യാത്രാ വിശേഷം

ബംഗാളിൽ ഒരു ചൊല്ലുണ്ട് – “ഭാരതം മുഴുവൻ ഉത്സവമുണ്ട്, ബംഗാളിൽ ദുർഗ്ഗാ പൂജയുണ്ട്”. ഇത് വെറുമൊരു ആഘോഷമല്ല. 2021ൽ യുനെസ്കോ ലോക പൈതൃകമായി പ്രഖ്യാപിച്ച, ഒരു നാടിന്റെ മുഴുവൻ ആത്മാവാണ്. “ദുർഗാപൂജ“

ബംഗാളിൽ ദുർഗ്ഗ ദേവി അല്ല, മകളാണ്.

വർഷത്തിൽ ഒരിക്കൽ നാലു മക്കളോടൊപ്പം – ഗണപതിയും, ലക്ഷ്മിയും സരസ്വതിയും കാർത്തികേയനുമൊപ്പം – അച്ഛന്റെ വീടായ കൈലാസത്തിൽ നിന്ന് അമ്മ വീടായ ബംഗാളിലേക്ക് വരുന്ന മകൾ.

അതുകൊണ്ടാണ് വിസർജ്ജന സമയത്ത് ബംഗാളികൾ കരഞ്ഞു കൊണ്ട് “ആസ്ചേ ബോച്ചോർ ആബാർ ഹോബെ – അടുത്ത വർഷം വീണ്ടും വരണേ മകളേ” എന്ന് പറയുന്നത്.

10 ദിവസത്തെ ആഘോഷത്തിന് തെയ്യാറാക്കുന്ന കാളീ ദേവീ വിഗ്രഹത്തിനുമുണ്ടു എറെ പറയാൻ. വിഗ്രഹ നിർമ്മാണം തുടങ്ങുന്നത് എപ്പോൾ? എന്ന ചോദ്ധ്യത്തിനു ഉത്തരം കണ്ടെത്തുമ്പോൾ?

നമ്മൾ കരുതും പൂജയ്ക്ക് ഒരു മാസം മുൻപ് എന്ന്. അല്ല. കൊൽക്കത്തയിലെ പ്രസിദ്ധമായ കുമാർതുളി എന്ന കുശവ ഗ്രാമത്തിൽ, ഒരു ദുർഗ്ഗാ പൂജ കഴിഞ്ഞ് വിഗ്രഹം ഗംഗയിൽ നിമജ്ജനം ചെയ്യുന്ന ദിവസം തന്നെ, അടുത്ത വർഷത്തെ വിഗ്രഹത്തിന്റെ പണി തുടങ്ങും. ദേവി ഒരിക്കലും പോകുന്നില്ല, അവൾ മണ്ണിൽ തന്നെയുണ്ട് എന്നാണ് വിശ്വാസം.

കുമാർതുളി ഗ്രാമത്തിനുമുണ്ട് ചരിത്രം – 300 വർഷം പഴക്കമുള്ള കുശവ ഗ്രാമത്തിന്റെ കഥ പറയുമ്പോൾ

കുമാർതുളി എന്ന വാക്കിന്റെ അർത്ഥം തന്നെ “കുമാരന്മാരുടെ തെരുവ്” എന്നാണ്. കുമാർ എന്നാൽ കുശവൻ, തുളി എന്നാൽ  ചെറിയ തെരുവുകളുള്ള പ്രദേശം.

എങ്ങനെ തുടങ്ങി എന്നന്വേഷിച്ചുപോയാൽ?

ഇതിന്റെ ചരിത്രം ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്താം.

1757 ൽ പ്ലാസി യുദ്ധത്തിന് ശേഷം, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഫോർട്ട് വില്യം കോട്ട പണിയാൻ വേണ്ടി ഗോവിന്ദപൂർ ഗ്രാമത്തിലെ ആളുകളെ ഒഴിപ്പിച്ചു. അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരെയും വടക്കോട്ട് സുതാനുതി എന്ന സ്ഥലത്തേക്ക് മാറ്റി. 

അവിടെ വെച്ച് കമ്പനിയുടെ ഉദ്യോഗസ്ഥനായ Holwell സാഹിബ്, ഓരോ തൊഴിൽ ചെയ്യുന്നവർക്കും പ്രത്യേക സ്ഥലം നൽകി. 

എണ്ണ ആട്ടുന്നവർക്ക് ? കൊളൂത്തൊല്ല (Colootollah)

മദ്യം ഉണ്ടാക്കുന്നവർക്ക് – സുരിപാറ (Suriparah)

മരപ്പണിക്കാർക്ക് – ചൂത്തർപാറ

കുശവന്മാർക്ക് – കുമാർതുളി (Coomartolly)

ഹൂഗ്ലി നദിയുടെ തീരത്ത് നല്ല പശിമയുള്ള കളിമണ്ണ് ധാരാളം ഉണ്ടായിരുന്നത് കൊണ്ടാണ് കുശവന്മാരെ അവിടെ താമസിപ്പിച്ചത്. 

ഇവർ എവിടെ നിന്ന് വന്നു വെന്ന   അന്വേഷിക്കുമ്പോൾ മനസ്സിലാകുന്നത് ഇങ്ങനെയാണ്

ആദ്യം ഇവർ മൺപാത്രങ്ങൾ മാത്രം ഉണ്ടാക്കുന്നവരായിരുന്നു. പിന്നീട് കൊൽക്കത്തയിലെ വലിയ ജമീന്ദാർ കുടുംബങ്ങൾ (ശോഭാബസാർ രാജവംശം പോലുള്ളവർ) അവരുടെ വീട്ടിലെ പൂജയ്ക്ക് ദുർഗ്ഗാ വിഗ്രഹം ഉണ്ടാക്കാൻ, കൃഷ്ണനഗർ, നബദ്വീപ് എന്നിവിടങ്ങളിൽ നിന്ന് വിദഗ്ദരായ ശില്പികളെ കൊണ്ടുവന്നു. 

കൃഷ്ണനഗർ അന്നും ഇന്നും കളിമൺ ശില്പങ്ങൾക്ക് പ്രസിദ്ധമാണ്. അവിടെ നിന്ന് വന്ന ശില്പികളും കുമാർതുളിയിലെ കുശവന്മാരും കൂടിച്ചേർന്ന് പതിയെ പാത്രം ഉണ്ടാക്കുന്നത് നിർത്തി, ദേവീ വിഗ്രഹങ്ങൾ മാത്രം ഉണ്ടാക്കാൻ തുടങ്ങി.

ഇവരുടെ ജാതിപ്പേര് പാൽ (Pal) എന്നാണ്. ഇപ്പോഴും കുമാർതുളിയിലെ 90% കടകളും പാൽ കുടുംബക്കാരുടേതാണ്.

ഒരു രസകരമായ കഥ പറയുന്നതിങ്ങനെ

ആദ്യകാലത്ത് കുമാർതുളിയിലെ ശില്പികൾക്ക് സിംഹത്തെ കണ്ടിട്ടേ ഇല്ലായിരുന്നത്രെ. ദുർഗ്ഗയുടെ വാഹനം സിംഹമാണ്. കണ്ടിട്ടില്ലാത്തത് കൊണ്ട് അവർ കുതിരയുടെ മുഖവും കടുവയുടെ ശരീരവും വെച്ച് ഒരു ജീവിയെ ഉണ്ടാക്കി. അതാണ് പഴയ ദുർഗ്ഗാ വിഗ്രഹങ്ങളിലെ സിംഹം കുതിരയെ പോലെ തോന്നാൻ കാരണം. 

ഇന്ന് വർഷത്തിൽ 4000 ത്തിലധികം ദുർഗ്ഗാ വിഗ്രഹ സെറ്റുകൾ ഇവിടെ നിന്ന് ഉണ്ടാക്കി ലോകം മുഴുവൻ കയറ്റി അയക്കുന്നുണ്ട്. പക്ഷെ ഇപ്പോഴും അവർ ചെറിയ ഓല ഷെഡുകളിൽ, വെളിച്ചമില്ലാത്ത കടകളിൽ ഇരുന്നാണ് ദേവിയെ ഉണ്ടാക്കുന്നത്.

ഇതാണ് കുമാർതുളി കുമാർ തുളി ഗ്രാമത്തെ പറ്റി പറയുമ്പോൾ? ഒരു നദി തീരത്തെ ചെളിയിൽ നിന്ന് ലോകം കാണുന്ന ദൈവങ്ങളെ ഉണ്ടാക്കുന്ന തെരുവ്.

ശാസ്ത്രപ്രകാരം ദുർഗ്ഗാ വിഗ്രഹം വെറും കളിമണ്ണല്ല, പഞ്ച മൃത്തികകൊണ്ടുള്ള ജനനം. (പ്രധാനമായും അഞ്ചു വസ്തുക്കൾ)

ഗംഗാ മൃത്തിക: ഗംഗയുടെ അടിത്തട്ടിലെ പശിമയുള്ള എക്കൽ മണ്ണ്

ഗോമയവും (ചാണകം) ഗോമൂത്രവും: ശുദ്ധിക്കും ബലത്തിനും വേണ്ടി

വൈക്കോൽ (Khar): വിഗ്രഹത്തിന്റെ ഉൾഭാഗത്തെ കെട്ടുറപ്പിന്

പുണ്യ സ്ഥലങ്ങളിലെ മണ്ണ്: രാജകൊട്ടാര മുറ്റം, നദീ സംഗമം, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിങ്ങനെ ഏഴിടങ്ങളിൽ നിന്ന്

വേശ്യാ ദ്വാര മൃത്തിക: ഇതാണ് ഏറ്റവും പവിത്രമായത്.

എന്തുകൊണ്ട് വേശ്യാലയ മുറ്റത്തെ മണ്ണ്?

മഹാ സപ്തമിക്ക് മുൻപ് കുമാർതുളിയിലെ മുഖ്യ ശില്പി, സോനാഗച്ചി പോലുള്ള ഇടങ്ങളിലെത്തി അവിടുത്തെ വീടിന്റെ ഉമ്മറപ്പടിക്കൽ നിന്ന് ഒരു പിടി മണ്ണ് യാചിച്ചു വാങ്ങും. അത് ഇല്ലാതെ പ്രാണ പ്രതിഷ്ഠ പൂർണ്ണമാകില്ല എന്നാണ് ആചാരം. ഇതിന് രണ്ട് ആഴമുള്ള വിശ്വാസങ്ങളുണ്ട്.

ഒന്ന്, ഒരു പുരുഷൻ തന്റെ ആഗ്രഹ നിവർത്തിക്കായി സ്ത്രീയെ തേടി  ആ വീടിന്റെ പടി കടക്കുമ്പോൾ തന്റെ എല്ലാ പുണ്യവും നന്മയും ആ പടിവാതിൽക്കൽ ഉപേക്ഷിച്ചാണ് അകത്തു കയറുന്നത്രെ.  അതോടെ ആ പടിവാതിൽ അങ്ങനെ പരമ പവിത്രമാകുന്നു. ആ നന്മയുടെ അംശം കൂടി ചേർന്നാണ് ദേവിയുടെ ശരീരം ഉണ്ടാകുന്നത്.

രണ്ട്, സമൂഹം വെറുത്ത് മാറ്റി നിർത്തിയവരെ പോലും തന്റെ ശരീരത്തിന്റെ ഭാഗമാക്കുന്ന, ആരെയും ഉപേക്ഷിക്കാത്ത അമ്മയാണ് ദുർഗ്ഗ. 

ഇതിലൂടെ ‘അമ്മ നൽകുന്ന മെസേജ് “നിങ്ങൾ അശുദ്ധരല്ല, നീങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവരല്ല നിങ്ങളും എന്റെ മക്കളാണ്” എന്ന് ദേവി വിളിച്ചു പറയുന്നു.

അതുകൊണ്ടാണ് ദേവിയെ “പതിത പാവനി” എന്ന് വിളിക്കുന്നത്. ബംഗാളിന്റെ ഉദാര മനസ്സിന്റെ ഏറ്റവും വലിയ അടയാളമാണിത്.

ഗ്രാമത്തിലെ ശിൽപ്പികൾ എല്ലാം ഒത്തുചേർന്നു ചേർന്ന് വിഗ്രഹം ഉണ്ടാക്കി കഴിഞ്ഞാൽ, അനുയോജ്യമായ ചായങ്ങൾ പൂശി കൺഭാഗം മാത്രം ബാക്കിവെച്ച് ആ ഭാഗം മഞ്ഞത്തുണി കൊണ്ട് മൂടിക്കെട്ടി വെക്കും.

കണ്ണ് വരയ്ക്കുന്ന പുണ്യരാത്രിക്ക് ചൊക്കു ദാൻ രാത്രി എന്ന് വിളിക്കുന്നു

ഇതാണ് ആ മഹാ രഹസ്യം. കണ്ണ് വരയ്ക്കുന്നത് വരെ അതൊരു കളിമണ്ണ് മാത്രമാണ്, വിഗ്രഹമല്ല.

മഹാലയ ദിവസം പുലർച്ചെ 4 മണിക്ക് ആണ്. ഈ ചടങ്ങ്. മഹാലയം പിതൃപക്ഷത്തിന്റെ അവസാനവും ദേവീ പക്ഷത്തിന്റെ തുടക്കവുമാണ്. അന്ന് പിതാക്കളെ ഓർമ്മിച്ച് തർപ്പണം ചെയ്യുന്ന അതേ പുലരിയിലാണ് ദേവി ജനിക്കുന്നതും.

അന്ന് കുമാർതുളിയിലെ ഏറ്റവും പ്രായം കൂടിയ ശില്പിയായ ഗ്രാമ മുഖ്യൻ മാത്രമേ കണ്ണ് വരയ്ക്കൂ. പണിശാലയിലെ എല്ലാ വെളിച്ചവും അണയ്ക്കും. ഒരൊറ്റ മൺചിരാത് മാത്രം കത്തിക്കും. ആ ഇരുട്ടിൽ, ആ ഒരൊറ്റ ദീപത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം ദേവിയുടെ കണ്ണ് വരയ്ക്കും. അതിനെ ദൃഷ്ടി ദാൻ അഥവാ ചൊക്കു ദാൻ എന്ന് പറയും.

ആ നിമിഷം ആരും അദ്ദേഹത്തോട് സംസാരിക്കില്ല, നോക്കി നിൽക്കില്ല. കാരണം അപ്പോൾ ശില്പി?… ശില്പി അല്ല,! അദ്ദേഹത്തിൽ ദേവി ആവാഹിച്ചിരിക്കുന്നു എന്നാണ് വിശ്വാസം.

അപ്പോൾ അദ്ദേഹം ദേവിയെ സൃഷ്ടിക്കുന്നില്ല, ദേവി തന്നെ തന്നെ കാണുകയാണ്. കണ്ണ് വരച്ച് കഴിഞ്ഞാൽ മാത്രമേ വിഗ്രഹത്തിന് പ്രാണൻ വരൂ. അതുകൊണ്ടാണ് മഹാ സപ്തമി വരെ ആ കണ്ണ് ആരും കാണരുത് എന്ന് കരുതി മൂടി വെക്കുന്നത്.

പിന്നെ ആരാലും നിയന്ത്രിക്കപ്പെടാത്ത ഭ്രാന്തിന്റെ നാളുകൾ ആഘോഷത്തിന്റെ നാളുകളാണ്. ആ 10 ദിവസം ബംഗാൾ നിയമങ്ങൾക്കതീതമാണ്.

അന്നാടുന്ന നൃത്രത്തിനു ധുനുചി നാച്ച് എന്നാണ് വിളിക്കുക. ദുർഗ്ഗാ പൂജയുടെ അഷ്ടമി, നവമി ദിവസങ്ങളിൽ വൈകിട്ട് പന്തലുകൾക്ക് മുന്നിൽ ചെണ്ടയുടെ താളത്തിൽ ചിരട്ടയിൽ തീയും സാമ്പ്രാണിയും വെച്ച് കണ്ണടച്ച് ഭ്രാന്തമായി നൃത്തം ചെയ്യുന്ന ചടങ്ങാണിത്.

ഇത് ശിവന്റെ താണ്ഡവത്തിന്റെ പ്രതീകമാണ്, മഹിഷാസുരനെ വധിക്കുന്ന ദേവിയുടെ ആവേശമാണ്. അന്ന് എല്ലാവരും ദേവിയുടെ ഗണങ്ങളാണ്, ആർക്കും ജാതിയില്ല, മതമില്ല.

ഈ നൃത്തത്തോടൊപ്പം പാരമ്പര്യമായി നൽകി വരുന്ന ഒരു പ്രസാദത്തെ കുറിച്ച് ആളുകൾ പറയാറുണ്ട്.

അതിനെ ഭാംഗ് എന്ന് വിളിക്കുന്നു.

നിയമപരമായി നോക്കിയാൽ, ഭാരതീയ നിയമപ്രകാരം (NDPS Act) കഞ്ചാവ് ചെടിയുടെ ഇലയിൽ നിന്ന് പരമ്പരാഗതമായി ഉണ്ടാക്കുന്ന ഇത്തരം പാനീയങ്ങൾ പല സംസ്ഥാനങ്ങളിലും സർക്കാർ ലൈസൻസോടെ ഉത്സവകാലങ്ങളിൽ അനുവദനീയമാണ്.

ബംഗാളിൽ ഇതിനെ ശിവന്റെ പ്രസാദമായാണ് കണക്കാക്കുന്നത്. ശിവന്റെ കുടുംബം ഒത്തുചേരുന്ന ഈ ദിവസങ്ങളിൽ അത് ഭക്തിയുടെ ഭാഗമായി കാണുന്നു.

സിന്ദൂർ ഖേല എന്നുവിളിക്കുമ്പോൾ? വിജയ ദശമി ദിവസം വിസർജ്ജനത്തിന് മുന്നേ നടക്കുന്ന മനോഹരമായ ചടങ്ങാണിത്.

വിവാഹിതരായ സ്ത്രീകൾ ദേവിക്ക് സിന്ദൂരം പൂശി, പിന്നെ പരസ്പരം മുഖത്ത് സിന്ദൂരം വാരി പൂശും. വെള്ള സാരി മുഴുവൻ ചുവപ്പ് ആകും. ഭർത്താക്കന്മാരുടെ ദീർഘായുസ്സിന് വേണ്ടി.

അന്ന് അവർക്ക് ഒരു നാണവുമില്ല, അവർ ദേവിയുടെ തോഴിമാരാണ്. ആ ദിവസം അവർ ആരുടെയും ഭാര്യമാരല്ല, അവർ ദുർഗ്ഗമാരാണ്.

ആലോചിക്കുമ്പോൾ ഇതാണ് അത്ഭുതം? വിവിധ ജാതി മത ഗോത്ര രാഷ്ട്രീയ ചിന്തയോടെ ജീവിക്കുന്ന  – ദശലക്ഷക്കണക്കിന് ആളുകൾ 10 ദിവസം ഒരു ചെറിയ അനിഷ്ട സംഭവം പോലും ഇല്ലാതെ,

ലോ ആൻഡ് ഓർഡറിന് ഒരു ഭംഗവും വരുത്താതെ ഇത്ര ഭംഗിയായി ആഘോഷിക്കുന്നു. അതാണ് അമ്മയുടെ കടാക്ഷം എന്ന് ബംഗാളികൾ വിശ്വസിക്കുന്നു.

ഇവിടെ ദേവി കല്ലിൽ അല്ല, മനുഷ്യരുടെ ഭ്രാന്തിലും സ്നേഹത്തിലും സിന്ദൂരത്തിലും കണ്ണീരിലും ജീവിക്കുന്നു. എന്തെല്ലാം വിചിത്രവും മനോഹരവുമായ ആചാരങ്ങൾ!

അതുകൊണ്ടു തന്നെയാണ് ഭാരതത്തെ കർമ്മ ഭൂമി എന്ന് വിളിക്കുന്നത്.

ശ്രദ്ധിക്കുക: ഈ ലേഖനം ബംഗാളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ആചാരങ്ങളുടെ വിവരണം മാത്രമാണ്, ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതല്ല.

മഠത്തിൽ ബാബു ജയ പ്രകാശ്……..✍️My WatsApp Contact No. 9500716709

Leave a Comment