“വിത്തുഗുണം പത്തുഗുണം” ഇത് പഴഞ്ചൊല്ലല്ല, ശാസ്ത്രമാണ്.

Time Taken To Read 4 Minutes

മനുസ്മൃതി എന്താണെന്നും ആരാണെഴുതിയതെന്നും അറിയാതെ സ്റ്റേജിൽ കയറി പ്രസങ്ങിക്കുന്നതും അതുകേട്ടു കയ്യടിക്കുന്നതുമാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് .

പണ്ടൊരു ചൊല്ലുണ്ട് ‘അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുട പിടിക്കും

അർത്ഥം: യോഗ്യതയില്ലാത്തവന് പെട്ടെന്ന് പണമോ സ്ഥാനമോ കിട്ടിയാൽ അവൻ സമയവും സ്ഥലവും നോക്കാതെ അഹങ്കാരം കാണിക്കും. ഒരറിവുമില്ലെങ്കിലും അറിവുണ്ടെന്ന ഭാവത്തിൽ വിഡ്ഢിത്തം വിളിച്ചു കൂവും.

അതാണിപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

മറ്റൊന്ന് കൂടി പറഞ്ഞിട്ടു ഇന്നത്തെ വിഷയത്തിലേക്കു വരാം …

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും ഭവാൻ,
മാളിക മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പ് കയറ്റുന്നതും ഭവാൻ’…

ഇന്നത്തെ വിഷയം ഭക്ഷണത്തിലെ മായം ചേർക്കലിനെ പറ്റിയാണ് അതിനെതിനാണ് മുകളിലെ വരികൾ എഴുതിയത് എന്ന് ചിന്തിക്കുന്നവരുണ്ടാകും അത് വഴിയേ വായിക്കുമ്പോൾ മനസ്സിലാകും

ആയിരക്കണക്കിന് വർഷം മുൻപ് തന്നെ നമ്മുടെ ഋഷിമാർ ഭക്ഷണത്തിൽ മായം ചേർക്കുന്നത് മഹാപാപവും രാജദ്രോഹത്തിന് തുല്യമായ കുറ്റവുമായിട്ടാണ് പുരാണങ്ങളിൽ കാണുന്നത്.

ധാന്യങ്ങൾ, എണ്ണകൾ, ഉപ്പ്, മരുന്നുകൾ എന്നിവയിൽ സമാനമായ വസ്തു ചേർത്ത് മായം കലർത്തി വിൽക്കുന്നവന്  കഠിനമായ പിഴ നൽകണം എന്ന്. എണ്ണയിൽ എണ്ണ തന്നെ ചേർത്തുള്ള മായത്തെപ്പറ്റി അന്നേ പറഞ്ഞിട്ടുണ്ട്!

മനുസ്മൃതിയിൽ (മനുധർമ്മശാസ്ത്തിൽ പറയുന്നത്)

സുഗന്ധദ്രവ്യങ്ങൾ, ഔഷധങ്ങൾ, എണ്ണകൾ, ധാന്യങ്ങൾ എന്നിവയിൽ മായം ചേർക്കുന്നവനെ രാജാവ് കണ്ടെത്തി കഠിനമായി ശിക്ഷിക്കണം. അവന്റെ കൈവശമുള്ള മുഴുവൻ സ്വത്തും കണ്ടുകെട്ടണമെന്നും പറയുന്നു.

ചരകസംഹിതയിൽ (ആയുർവേദം)

ദുഷിപ്പിക്കപ്പെട്ട (മായം ചേർക്കപ്പെട്ട) ഭക്ഷണം വിഷത്തിന് തുല്യമാണ്. അത് മെല്ലെ മെല്ലെ ശരീരത്തെ കൊല്ലും.

ഭഗവദ്ഗീതയിൽ പറയുന്നതു

പഴകിയതും, രസം നശിച്ചതും, ദുർഗന്ധമുള്ളതും, മായം ചേർന്നതുമായ ഭക്ഷണം അത് വർജിക്കേണ്ടതാണ് രോഗത്തിലേക്കു നയിക്കും.

ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം?

നമ്മുടെ പൂർവികർ പറഞ്ഞത്: അന്നം പരബ്രഹ്മമാണ്. അതിൽ മായം ചേർക്കുന്നത് ദൈവത്തോടുള്ള പാപമാണ്.

“അന്നം ന ദൂഷയേത് – അന്നത്തെ ദുഷിപ്പിക്കരുത്”

ഭക്ഷണത്തിൽ മായം  കാണാതെ കൊല്ലുന്ന വിഷമാണെന്നറിഞ്ഞിട്ടും?

നമ്മൾ ദിവസവും എന്താണ് കഴിക്കുന്നത്?

ഇന്ന് ഒരു സാധാരണ മലയാളി പോലും കറിക്ക് ആവശ്യമായതെല്ലാം പാക്കറ്റിൽ വാങ്ങാൻ ശീലിച്ചു. വെളിച്ചെണ്ണ, എള്ളെണ്ണ, സൺഫ്ലവർ ഓയിൽ, നെയ്യ്  മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി വരെ. ഈ ശീലം വർദ്ധിച്ചതോടെ വിപണിയിൽ നൂറുകണക്കിന് ബ്രാൻഡുകൾ വന്നു.

ഒരു ബ്രാൻഡ് ഉണ്ടാക്കുക എന്നത് എളുപ്പമല്ല. വർഷങ്ങളുടെ അധ്വാനം, കോടികളുടെ പരസ്യം, ഉപഭോക്താവിന്റെ വിശ്വാസം. ആ വിശ്വാസം ഒരിക്കൽ നഷ്ടപ്പെട്ടാൽ കമ്പനി അതോടെ തീരും.

അതുകൊണ്ട് തന്നെ യഥാർത്ഥ ബ്രാൻഡുകൾ ഒരിക്കലും ബോധപൂർവ്വം മായം കലർത്തില്ല എന്ന് നമുക്ക് വിശ്വസിക്കാം. പിടിക്കപ്പെട്ടാൽ ലൈസൻസ് പോകും, കോടികൾ പിഴ അടക്കേണ്ടി വരും, ബ്രാൻഡ് തകരും.

പിന്നെ പിടിക്കപ്പെടുന്ന വ്യാജൻ എവിടെ നിന്ന് വരുന്നു? വ്യാജന്റെ ഉറവിടം എവിടെ?

ഇടയ്ക്കിടെ കാണുന്ന വാർത്തകളുണ്ട്  മായം കലർന്നതിനാൽ കുറച്ച് പ്രശസ്ത കമ്പനികളുടെ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവ നിരോധിച്ചു എന്ന് പറഞ്ഞ് കുറെ കമ്പനികളുടെ പേര് നിരത്തി ഒരു അറിയിപ്പ് കാണാറുണ്ട്.

ഇന്നലെയും  നമ്മൾ  വാർത്ത കണ്ടു പ്രമുഖ ബ്രാൻഡിന്റെ കായം വ്യാജമായി നിർമ്മിച്ചത് പിടികൂടി, പ്രസിദ്ധ കമ്പനിയുടെ നെയ്യ് എന്ന പേരിൽ വ്യാജൻ. ഫാക്ടറിയിൽ മഞ്ഞളില്ലാതെ മഞ്ഞപ്പൊടി നിർമ്മിക്കുന്നു!

ഇന്നലെ തമിഴ്നാട്ടിലെ ഒരു ഫാക്ടറിയിൽ മഞ്ഞൾപ്പൊടി ഉണ്ടാക്കുന്ന വീഡിയോ നിങ്ങൾ പലരും കണ്ടിരിക്കും. അതിൽ എന്താണ് ചേർക്കുന്നത് എന്ന് നമുക്കറിയില്ല.

ചായപ്പൊടിയിൽ   ചേർക്കുന്നത് ചായക്കടകളിൽ നിന്നും ശേഖരിക്കുന്ന ഉപയോഗിച്ച ചായപ്പൊടിയും കളറും, മരപ്പൊടിയും!  മഞ്ഞൾപ്പൊടിയിൽ ചേർക്കുന്നത് മെറ്റാനിൽ യെല്ലോ എന്ന കെമിക്കൽ വരെ – ഇവയെല്ലാം വൃക്കയും കരളും തകരാറിലാക്കും, കാൻസറിന് വരെ കാരണമാകും.

ഇവയിൽ പലതും അന്യസംസ്ഥാനങ്ങളിൽ നിന്നും, ചിലത് അയൽ രാജ്യങ്ങളിൽ നിന്നും പോലും വരുന്നതായി ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പറയുന്നു. അവിടെ വെച്ച് പ്രമുഖ ബ്രാൻഡുകളുടെ കവർ അതേപോലെ അടിച്ചു, കുറഞ്ഞ വിലയിൽ കേരളത്തിലെ ചില മൊത്തവ്യാപാരികൾക്കും ചില്ലറ വ്യാപാരികൾക്കും എത്തിക്കുന്നു. വിലക്കുറവ് കണ്ട് നമ്മൾ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്നു.

ഇവിടെ രണ്ട് സാധ്യതയുണ്ട്:

ഏജന്റും കടക്കാരനും അറിഞ്ഞുകൊണ്ട് തന്നെ വ്യാജൻ വിൽക്കുന്നു – ലാഭം കൂടുതൽ.

കടക്കാരൻ പോലും അറിയാതെ വഞ്ചിക്കപ്പെടുന്നു.

ഒരു ബാച്ച് പിടിക്കപ്പെട്ടാൽ എന്താണ് സംഭവിക്കുന്നത്? ആ ബാച്ച് മാർക്കറ്റിൽ നിന്ന് പിൻവലിക്കും, സർക്കാരിന് പിഴ അടക്കും, വാർത്ത അടങ്ങും. കേസ് അവസാനിക്കും. പക്ഷെ അടുത്ത മാസം വീണ്ടും അതേ വ്യാജൻ പുതിയ കവറിൽ വരും. ഇതൊരു തുടർക്കഥയാണ്.

ശാശ്വത പരിഹാരം എന്ത്?

സർക്കാർ പരിശോധന മാത്രം പോരാ.

ഉത്പാദകർ നേരിട്ട് ഫീൽഡിൽ ഇറങ്ങണം:

ഓരോ വലിയ ബ്രാൻഡും മാസത്തിൽ ഒരിക്കലെങ്കിലും റാൻഡമായി കടകളിൽ നിന്ന് സാമ്പിൾ എടുത്ത് അവരുടെ തന്നെ ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണം. ഇത് ഒരു തുടർപ്രക്രിയ ആകണം. ഇത് ചെയ്താൽ വ്യാജനെ പെട്ടെന്ന് കണ്ടുപിടിക്കാം.

പാക്കേജിംഗ് നിയമത്തിൽ കാതലായ മാറ്റം വേണം:

ഇന്ന് പല കവറുകളും ഫുഡ് ഗ്രേഡ് അല്ല. സർക്കാർ ഇത് നിർബന്ധമാക്കണം:

കവർ ഫുഡ് ഗ്രേഡ് മെറ്റീരിയൽ ആണോ എന്ന് എഴുതണം.

“FIT FOR HUMAN CONSUMPTION”

എണ്ണ, നെയ്യ് ആണെങ്കിൽ “EDIBLE OIL / EDIBLE GHEE” എന്ന് വലിയ അക്ഷരത്തിൽ എഴുതണം.

QR കോഡ് വെച്ച് സ്കാൻ ചെയ്താൽ ബാച്ച് നമ്പർ, ലാബ് റിപ്പോർട്ട് കാണാൻ കഴിയണം.

 ഇതൊന്നുമല്ലെങ്കിൽ ഉപഭോക്താവ് എങ്ങനെ ചതിക്കപ്പെടാതിരിക്കും? 

എങ്കിലും പ്രായോഗിക വഴികൾ

എണ്ണകൾ പരിശോധിക്കാൻ:

വെളിച്ചെണ്ണ ഫ്രിഡ്ജിൽ വെച്ചാൽ കട്ടിയാകണം. ആകുന്നില്ലെങ്കിൽ മിനറൽ ഓയിൽ കലർപ്പ്.

എള്ളെണ്ണയ്ക്ക് സ്വാഭാവിക മണം ഉണ്ടാകണം. മണമില്ലാത്ത എള്ളെണ്ണ വാങ്ങരുത്.

നെയ്യ് ചൂടാക്കുമ്പോൾ തെളിഞ്ഞു വരണം. പത വരികയും കറുത്ത അടിയുകയും ചെയ്താൽ ഡാൽഡ / മൃഗക്കൊഴുപ്പ് ചേർന്നതാണ്. ശബരിമല, തിരുപ്പതി സീസണിൽ വരുന്ന വിലകുറഞ്ഞ നെയ്യ് പാക്കറ്റുകൾ 90% വ്യാജമാണെന്ന് ഫുഡ് സേഫ്റ്റി തന്നെ പറയുന്നു.

മസാലപ്പൊടികൾ പരിശോധിക്കാൻ:

മഞ്ഞൾപ്പൊടി വെള്ളത്തിൽ ഇട്ടാൽ കളർ പെട്ടെന്ന് ഇറങ്ങിയാൽ കെമിക്കൽ ചേർത്തതാണെന്നു ഉറപ്പിക്കാം

മുളകുപൊടിയിൽ ഇഷ്ടികപ്പൊടി ഉണ്ടോ എന്നറിയാൻ വെള്ളത്തിൽ ഇട്ടാൽ അടിയിൽ തരി ഊറിക്കിടക്കും.

മല്ലിപ്പൊടി കൈയിൽ എടുത്ത് തിരുമ്മിയാൽ മണമില്ലെങ്കിൽ മരപ്പൊടിയാണെന്നോ മറ്റു വല്ല കലർപ്പുമാണെന്നോ ഉറപ്പിക്കാം

തേനിൽ വ്യാജൻ കൂടുതലാണ്. ശുദ്ധമായ തേൻ വെള്ളത്തിൽ അലിയാൻ സമയമെടുക്കും. തീപ്പെട്ടി കൊള്ളി തേനിൽ മുക്കി കത്തിച്ചാൽ കത്തണം.

ബ്രാൻഡ് തിരഞ്ഞെടുക്കുമ്പോൾ:

FSSAI ലൈസൻസ് നമ്പർ, Agmark ഉണ്ടോ എന്ന് നോക്കുക.

വില അസാധാരണമായി കുറവാണെങ്കിൽ സംശയിക്കണം. 

സൺഫ്ലവർ ഓയിൽ: 2.5 കിലോ വിത്തിൽ നിന്ന് ഏകദേശം 1 ലിറ്റർ എണ്ണയാണ് കിട്ടുന്നത്. വിത്തിന് തന്നെ 170 രൂപ ആകും. അത് ആട്ടിയെടുക്കാൻ (എക്സ്പെൽ)  കറന്റ്, കൂലി, കവർ, ലാഭം എല്ലാം ചേർക്കുമ്പോൾ 220 രൂപയിൽ താഴെ ആർക്കും തരാൻ പറ്റില്ല. 130 -150 രൂപയ്ക്ക് സൺഫ്ലവർ ഓയിൽ കണ്ടാൽ അതിൽ പാം ഓയിലോ മറ്റു വിലകുറഞ്ഞ എന്തെങ്കിലും  50% ൽ  കൂടുതൽ ചേർത്തിട്ടുണ്ട് എന്ന് ഉറപ്പിക്കുക.

കടല എണ്ണ: 1 ലിറ്ററിന് ഏകദേശം 2.5 കിലോ കടല പരിപ്പ് വേണം. നല്ല പരിപ്പിന്റെ വില ഇന്ന് കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലാണ്. അതുകൊണ്ട് തന്നെ ശുദ്ധമായ കടല എണ്ണയ്ക്ക് 300 രൂപയിൽ താഴെ വില വരാൻ ഒരു സാധ്യതയുമില്ല.

എള്ളെണ്ണ: ഇതാണ് ഏറ്റവും ചിലവ് കൂടിയത്. 1 ലിറ്ററിന് 2 കിലോ എള്ള് വേണം. എള്ളിന്റെ വില കിലോയ്ക്ക് 140 – 160 രൂപയാണ്. അതുകൊണ്ട് 350 രൂപയിൽ താഴെ കിട്ടുന്ന എള്ളെണ്ണയിൽ മായം ഉറപ്പാണ്. മിക്ക വ്യാജന്മാരും എള്ളെണ്ണയിൽ സൺഫ്ലവർ ഓയിലോ പാം ഓയിലോ ചേർത്ത് മണം ചേർക്കുകയാണ് ചെയ്യുന്നത്.

ഓർക്കുക: 1 കിലോ വിത്തിൽ നിന്ന് 1 ലിറ്റർ എണ്ണ കിട്ടും എന്ന് ആരെങ്കിലും പറഞ്ഞാൽ അത് കള്ളമാണ്. ഭൂമിയിൽ ഒരു വിത്തിനും 60 – 65 % ൽ കൂടുതൽ എണ്ണലഭിക്കില്ലെന്ന വസ്തുതയെങ്കിലും തിരിച്ചറിയുക

നല്ല തേങ്ങയിൽ നിന്നല്ലാതെ നല്ല എണ്ണ ഉണ്ടാകില്ല. 10 – 12  തേങ്ങയിൽ നിന്നും 1 ലിറ്റർ വെളിച്ചെണ്ണ കിട്ടുമ്പോൾ, ആ 12 തേങ്ങ എത്ര നല്ലതായിരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ആരോഗ്യം.”

പഴമക്കാരുടെ അറിവാണ് ഏറ്റവും വലിയ ലാബ് റിപ്പോർട്ട് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ

കവർ പ്രിന്റിംഗ് മങ്ങിയതാണോ, അക്ഷരത്തെറ്റ് ഉണ്ടോ എന്ന് നോക്കുക.

ബേച് നമ്പർ പ്രൊഡക്ഷൻ എക്സ്പയറി ബാർ കോഡ് മുതലായവ കൃത്യമായി പ്രിന്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക

കോടതി പോലും പറഞ്ഞു:

അടുത്തിടെ സുപ്രീം കോടതി നെസ്‌ലെ മാഗി, കൊക്കകോള, പെപ്സി തുടങ്ങിയ വൻകിട കമ്പനികളോട് തന്നെ ഉൽപ്പന്നം വിൽക്കുമ്പോൾ മുൻകരുതൽ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാരണം വിശ്വാസം വലുതാണ്.

ആയുർവേദ മരുന്നുകൾ പോലും ഇന്ന് വിശ്വസിച്ച് വാങ്ങാൻ പറ്റാത്ത അവസ്ഥയാണ് കേരളത്തിൽ.

അവസാനമായി:

മായം ചേർക്കുന്നത് ഒരു ബിസിനസ് തട്ടിപ്പല്ല, അത് കൊലപാതകത്തിന് തുല്യമാണ്. ഒരു കുടുംബത്തിന്റെ ആരോഗ്യം മുഴുവൻ തകരും. അതുകൊണ്ട്:

സർക്കാർ പരിശോധന കർശനമാക്കണം, കമ്പനികൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം, ഉപഭോക്താവ് കണ്ണ് തുറന്നിരിക്കണം.

വിലക്കുറവിന് പിന്നാലെ പോകാതെ, വിശ്വസ്തമായ കടയിൽ നിന്ന്, പരിചയമുള്ള ബ്രാൻഡ് മാത്രം വാങ്ങുക. സംശയം തോന്നിയാൽ 

1800 425 1122 എന്ന ഫുഡ് സേഫ്റ്റി ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ, 

Food Safety and Standards Authority of India ആപ്പിൽ പരാതി നൽകുകയോ ചെയ്യുക.

നമ്മുടെ അടുക്കള വിഷമുക്തമാകട്ടെ.

മുകളിൽ പറഞ്ഞത് നമ്മുടെ മനുസ്മ്രിതിയുമായി ചേർത്ത് പറയുമ്പോൾ

മായം കലർത്തൽ – മതഗ്രന്ഥങ്ങൾ പറയുന്നതും ശാസ്ത്രം പറയുന്നതും ഒന്നുതന്നെ

ഫേസ്ബുക്കിൽ “ഈ മുളകുപൊടി, മഞ്ഞൾപ്പൊടി നിരോധിച്ചു” എന്നൊക്കെ പറഞ്ഞു കുറെ ലിസ്റ്റുകൾ കാണാറുണ്ട്. അതിൽ പലതും വ്യാജമാണ്. പക്ഷെ മായം കലർത്തൽ എന്ന പ്രശ്നം ആയിരക്കണക്കിന് വർഷം പഴക്കമുള്ളതാണ്. മൂന്ന് മതഗ്രന്ഥങ്ങളും അതിനെ വലിയ പാപമായി കാണുന്നു.

ഇസ്ലാം പറയുന്നതു ഇത് വഞ്ചനയാണ്

അളവിൽ കുറവ് വരുത്തുന്നവർക്ക് നാശം. അവർ ജനങ്ങളിൽ നിന്ന് വാങ്ങുമ്പോൾ കൂട്ടി വാങ്ങുകയും, കൊടുക്കുമ്പോൾ കുറച്ചു കൊടുക്കുകയും ചെയ്യുന്നു.” – ഖുർആൻ

ഒരിക്കൽ നബി (സ) മാർക്കറ്റിൽ ഒരു ധാന്യക്കൂമ്പാരത്തിൽ കൈ ഇട്ടു. മുകളിൽ ഉണങ്ങിയ നല്ല ധാന്യം, ഉള്ളിൽ നനഞ്ഞ ധാന്യം. അപ്പോൾ അവിടുന്ന് പറഞ്ഞു:

മൻ ഗശ്ശനാ ഫലൈസ മിന്നാ – ആരാണോ മായം കലർത്തി വഞ്ചിക്കുന്നത്, അവൻ നമ്മിൽ പെട്ടവനല്ല.”  (അതായത് മുസ്ലിംഅല്ല)

അതായത് മുളകുപൊടിയിൽ, മഞ്ഞൾപ്പൊടിയിൽ കല്ലുപൊടിയും കളറും ചേർക്കൽ ഹറാമാണ്.

ഹൈന്ദവം / ആയുർവേദം പറയുന്നതു ഇത് വിഷമാണ്

അർത്ഥശാസ്ത്രം (2300 വർഷം മുൻപ്) – ഇന്ത്യയിലെ ആദ്യത്തെ Food Safety നിയമം:
ചാണക്യൻ എഴുതി: ധാന്യം, എണ്ണ, ഉപ്പ്, മുളക് എന്നിവയിൽ മായം കലർത്തിയാൽ 12 പണം പിഴ. ആവർത്തിച്ചാൽ കട അടപ്പിക്കണം.

ചരക സംഹിത പറയുന്നൂ

ദുഷ്ടമന്നം ഹി വ്യാധികരം” – മായം കലർന്ന ആഹാരം വിഷത്തിന് തുല്യമാണ്.

അന്ന് പറഞ്ഞ പരിശോധന ഇന്നും FSSAI ഉപയോഗിക്കുന്നു:

മഞ്ഞൾ പരിശോധന: വെള്ളത്തിൽ ഇടുക. ശുദ്ധമായ മഞ്ഞൾ താഴെ അടിയും. കളർ ചേർത്തതാണെങ്കിൽ വെള്ളത്തിന് മഞ്ഞ നിറമാകും.

മുളക് പരിശോധന: ഇഷ്ടികപ്പൊടി ചേർത്തതാണെങ്കിൽ അത് വെള്ളത്തിൽ താഴെ അടിയും.

ബൈബിൾ – ഇത് ദൈവത്തിന് വെറുപ്പാണ്

“കള്ളത്തുലാസ് കർത്താവിന് വെറുപ്പ്, ഒത്ത തൂക്കമോ അവിടുത്തേക്ക് പ്രസാദകരം.” 

“നിന്റെ സഞ്ചിയിൽ തൂക്കത്തിൽ ഏറിയതും കുറഞ്ഞതുമായ രണ്ടുതരം കട്ടികൾ ഉണ്ടാകരുത്… ഒത്തതും നീതിയുക്തവുമായ തൂക്കം ഉണ്ടായിരിക്കണം.”

ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെ കുറിച്ച് നേരിട്ട് പറയുന്നത്

“അളവ് കുറച്ചും, വില കൂട്ടിയും, കള്ളത്തുലാസ് ഉപയോഗിച്ചും, ഗോതമ്പിനൊപ്പം അതിന്റെ പതിര് വരെ വിറ്റും അവർ പാവങ്ങളെ ചൂഷണം ചെയ്യുന്നു.” – ഇന്ന് മുളകുപൊടിയിൽ മരപ്പൊടി ചേർക്കുന്നത് പോലെ തന്നെ.

ഇന്ന് – FSSAI പറയുന്നത് (2024-26)

സിംഗപ്പൂരും ഹോങ്കോങ്ങും വിവിധ ബ്രാൻഡുകളുടെ ഉത്പന്നങ്ങളിൽ കാൻസർ ഉണ്ടാക്കുന്ന Ethylene Oxide കണ്ടെത്തിയതോടെ FSSAI ഇന്ത്യയിൽ 4000 സാമ്പിളുകൾ പരിശോധിച്ചു. അതിൽ 111 ചെറുകിട കമ്പനികളുടെ ലൈസൻസ് റദ്ദാക്കി, അതിൽ ഭൂരിഭാഗവും കേരളത്തിലും തമിഴ്നാട്ടിലും.

കേരള Food Safety റിപ്പോർട്ടിൽ:

മുളകുപൊടിയിൽ 1240% അധിക കീടനാശിനി

മല്ലിപ്പൊടിയിൽ 1200% അധിക കീടനാശിനി

ഏറ്റവും കൂടുതൽ ചേർക്കുന്ന മായം – Tartrazine, Sunset Yellow എന്നീ നിരോധിത കളറുകൾ.

ചുരുക്കത്തിൽ:

മൂന്ന് മതഗ്രന്ഥങ്ങളും ഒരേ കാര്യം പറയുന്നു – മായം കലർത്തൽ ഒരു കച്ചവട തന്ത്രമല്ല, മറിച്ച് മനുഷ്യന്റെ ആരോഗ്യത്തെയും വിശ്വാസത്തെയും കൊല്ലുന്ന വഞ്ചനയാണ്. അതുകൊണ്ടാണ് എല്ലാ ഗ്രന്ഥങ്ങളും അതിന് ഏറ്റവും വലിയ ശിക്ഷ നൽകുന്നത്.

“കണ്ടു കണ്ടറിയുന്നിതു മായമെന്നു, കണ്ടില്ലെന്നു നടിച്ചു വാങ്ങിപ്പിക്കുന്നതും ഭവാൻ, 

മാളിക മുകളിലേറി മായം വിറ്റീടും മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാനല്ലോ.”

ലളിതമായ അർത്ഥം:

ജനങ്ങൾക്ക് അറിയാം ഈ മുളകുപൊടിയിൽ, മഞ്ഞൾപ്പൊടിയിൽ മായമുണ്ടെന്ന്. എന്നിട്ടും വില കുറവായതുകൊണ്ട് കണ്ടില്ലെന്ന് നടിച്ച് വാങ്ങി തിന്നുന്നു. അങ്ങനെ അറിഞ്ഞുകൊണ്ട് വിഷം വാങ്ങുന്നവരും, അറിഞ്ഞുകൊണ്ട് വിഷം വിൽക്കുന്നവരും ഒരേ തെറ്റ് തന്നെയാണ് ചെയ്യുന്നത്.

Disclaimer

ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനും പഠനാവശ്യത്തിനും മാത്രമുള്ളതാണ്. ഇത് ഒരു നിയമ, മത, അല്ലെങ്കിൽ വൈദ്യ ഉപദേശമായി കണക്കാക്കരുത്.

1. ഇവിടെ പരാമർശിച്ചിരിക്കുന്ന മതഗ്രന്ഥങ്ങളിലെ വാക്യങ്ങൾ വിവിധ വിശ്വസനീയമായ പരിഭാഷകളിൽ നിന്ന് എടുത്തതാണ്, വ്യാഖ്യാനത്തിൽ വ്യത്യാസം വരാം.

2. FSSAI, Kerala Food Safety എന്നിവയെ കുറിച്ചുള്ള കണക്കുകൾ 2024-26 കാലഘട്ടത്തിലെ പൊതുജനങ്ങൾക്ക് ലഭ്യമായ വാർത്താ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏതെങ്കിലും പ്രത്യേക ബ്രാൻഡിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല.

3. ഏതെങ്കിലും ഭക്ഷ്യ ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയമുണ്ടെങ്കിൽ FSSAI യുടെ ഔദ്യോഗിക വെബ്സൈറ്റ് (fssai.gov.in) അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തെ Food Safety Officer-നെ ബന്ധപ്പെടുക.

4. ഈ ലേഖനത്തിന്റെ രചയിതാവ് ഒരു Food Safety വിദഗ്ധനോ മതപണ്ഡിതനോ അല്ല.

മഠത്തിൽ ബാബു ജയപ്രകാശ്……..✍️My WatsApp Contact No 9500716709

Leave a Comment