Time Taken To Read 4 Minutes
ശ്രീ “എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിലെ കഥാപാത്രങ്ങളോടുള്ള സ്നേഹത്തിൽ നിന്ന് എഴുതിയ ഒരു ആരാധനാ കഥ. കഥപറയുന്ന രീതി ഞാൻ എഴുതിയ മിച്ചിലോട്ട് മാധവന്റെ കഥ പോലെ തികച്ചും സാങ്കൽപ്പീകം മാത്രം.”
“മോക്ഷം കിട്ടിയവരുടെ ഓണം മയ്യഴിയിലെ കഥാകാരനോടൊത്”
ഫ്രഞ്ചുകാർ നാടുവിട്ടുപോയെങ്കിലും മയ്യഴിപ്പുഴ ഇന്നും ഒഴുകുന്നുണ്ട്. പക്ഷെ പുഴയുടെ തീരങ്ങൾ മാറിയിരിക്കുന്നു.
പറഞ്ഞുവരുമ്പോൾ ഫ്രഞ്ചുകാർ മയ്യഴി വിട്ടിട്ട് വർഷം ഏറെയായി. കൃത്യമായി പറഞ്ഞാൽ 72 വർഷം.
(De facto ? വസ്തുതാപരമായി ഭരണം നമ്മൾ ഏറ്റെടുത്തു. ഭാരതത്തിന്റെ പതാക ഉയർന്നു. പോലീസ്, ഭരണം നമ്മുടേത് ആയി. പക്ഷെ പേപ്പറിൽ ഫ്രാൻസ് ഒപ്പിട്ടു കൊടുത്തിരുന്നില്ല.
വീണ്ടും 8 വർഷമെടുത്തു പൂർണ്ണ അധികാരം കൈമാറാൻ. അതായത് 16 Aug 1962 – De jure – ഫ്രാൻസ് നിയമപരമായി വിട്ടുകൊടുത്തത്
1000 പൂർണ്ണചന്ദ്രനുദിച്ച ദിവസങ്ങൾ ആവാൻ ഇനിയും 8 വർഷങ്ങൾ താണ്ടണം എങ്കിലും ഇതിനകം ആയിരം പൂർണ്ണചന്ദ്രനെ മുകുന്ദേട്ടൻ കണ്ടിരിക്കുന്നു. ആ ചന്ദ്രബിംബം മയ്യഴിപ്പുഴയിൽ പ്രതിധ്വനിച്ച വെളിച്ചത്തിൽ…
ഓണത്തിന്റെ തലേന്ന്! വൈകുന്നേരം. വെള്ളിയാങ്കല്ലിൽ ഒരു വെള്ളിവെളിച്ചം വീണു. കടൽ പിളർന്ന പോലെ, കുറെ പേർ നടന്നു വരുന്നു.
മുന്നിൽ ദാസൻ. പിന്നിൽ കുറുമ്പിയമ്മ, ചേക്കോൻ, ദാമു റൈറ്റർ, കുഞ്ഞനന്തൻ മാസ്റ്റർ, കണാരേട്ടൻ, ഗിരിജ, പപ്പൻ, ചിരുത, ലെസ്‌ലി സായിപ്പും. മാഡവും (മിസ്സെ ബോർ ലെസ്‌ലേ.. സായിപ്പിന്റെ ഭാര്യ)
അവർക്ക് അവർക്കു മയ്യഴിലെത്തി മുകുന്ദേട്ടനെ കാണാൻ താൽക്കാലിക മോക്ഷം കിട്ടിയിരിക്കുന്നു. ദൈവങ്ങൾക്ക് പോലും മറക്കാൻ പറ്റാത്ത ആ പഴയ മയ്യഴിയിൽ ഒരു ഓണം കൂടാൻ അവർക്ക് ഒരു ദിവസത്തെ അനുമതി കിട്ടി.
കുറുമ്പിയമ്മ പറഞ്ഞു: “എടാ ദാസാ, ഇതെന്താ ഈ പുഴയ്ക്ക് ഒരു മാറ്റം? പണ്ട് നമ്മുടെ മയ്യഴി ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ?” പാതാറും പാതാറിന് ചുറ്റും ആകെ മാറിയിരിക്കുന്നു.
ഇവിടെ കുറെ കരിങ്കല്ല് ഇട്ടു നികത്തിയിരിക്കുന്നു ഇതെന്താ കടലിനേയും പുഴയേയും വേർതിരിക്കുന്നു… മരക്കാന്മാരുടെ തോണികളൊന്നും കാണാനില്ലൊ ?
തൊട്ടപ്പുറത്തെ പുളിമുട്ട്, ഒരു ദ്വീപ് തന്നെ രൂപം കൊണ്ടിരിക്കുന്നു, ഒരു മിനി പാർക്ക് പോലെ!
ചേക്കോൻ ചിരിച്ചു: “അമ്മേ, അതൊക്കെ മാറി. ഇപ്പൊ മയ്യഴിപ്പുഴയുടെ തീരത്ത് കുടിലുകൾ ഇല്ല, എല്ലാം വാർപ്പിട്ട വീടുകളാണ്.
ആ കാണുന്നതാണ് ഹാർബർ വരാൻ പോകുന്ന സ്ഥലം അടുത്ത തവണ വരുമ്പോഴെക്കെങ്കിലും ഹാർബറിന്റെ പണി പൂർത്തിയാകണേ..?
പണ്ട് നമ്മൾ ഫ്രഞ്ചുകാരെ പേടിച്ചിരുന്നു, ഇപ്പൊ ഇവിടുള്ളവർ വരുത്തന്മാരെ പേടിക്കുന്നു, സ്ഥലം വാങ്ങാൻ വരുമെന്നുള്ള ഭയം .”
ദാമു റൈറ്റർ തന്റെ കണ്ണട തുടച്ചു: “ഞാൻ എഴുതിവെച്ച മയ്യഴി എവിടെ? എന്റെ കഥയിലെ ആ ചാരായ ഷാപ്പ് ഇപ്പൊ ബാറായി. ബാറുകളുടെ ഒരു മാല കോർത്തത് പോലെയുണ്ട് മയ്യഴിക്കു ചുറ്റും. അവിടേക്കു ദിവസവും നൂറുകണക്കിന് ജനങ്ങൾ ഒഴുകിയെത്തുന്നു.”
കുഞ്ഞനന്തൻ മാസ്റ്റർക്ക് പരിഭവം: “ഇവിടെ ആരും ഇപ്പൊ ഫ്രഞ്ച് പറയുന്നില്ലല്ലോ? ബോൺജൂർ പറഞ്ഞാൽ ആളുകൾ നോക്കി ചിരിക്കുന്നു!”
അപ്പോഴാണ് ഗിരിജ പറഞ്ഞത്: “മാഷേ, ഇവിടെ ഇപ്പൊ എല്ലാവർക്കും ഫ്രാൻസിലേക്ക് പോകണം. പഠിക്കാൻ അല്ല, വിസ എടുത്ത് ഓടാൻ.
ആകെയുള്ള ഫ്രഞ്ചുസ്‌കൂളും പൂട്ടിയെന്നോ പൂട്ടാൻ പോകുന്നെന്നോ പറഞ്ഞുകേൾക്കുന്നു.
ദാമു റൈറ്റർ പറഞ്ഞു ജനിച്ചതും പഠിച്ചതും വിവാഹം കഴിച്ചതും എല്ലാം മയ്യഴിയിൽ? എന്നിട്ടും ചിലർ “സർക്കാർ ആനുകൂല്യത്തിനും പെൻഷനും വേണ്ടി മാത്രം വാർദ്ധക്യത്തിൽ ഫ്രഞ്ച് പൗരത്വം എടുക്കുന്ന പ്രവണതയെ എനിക്ക് വ്യക്തിപരമായി യോജിക്കാൻ കഴിയുന്നില്ല.
ലെസ്‌ലി ഒന്നും മിണ്ടിയില്ല. അദ്ദേഹം മയ്യഴിയിലെ പുതിയ കഫേകളും ബാറുകളും ഹോട്ടലുകളും നോക്കി.
പണ്ട് താൻ സൈക്കിൾ ചവിട്ടി നടന്ന വഴിയിലൂടെ ഇപ്പോൾ ബുള്ളറ്റ് മോട്ടോർ സൈക്കിളുകളും കാറുകളും ഓട്ടോറിക്ഷകളും ചീറിപ്പായുന്നത് നോക്കി നിന്നു.
പണ്ട് സായിപ്പ് കപ്പലിൽ കാർ കൊണ്ടുവന്നപ്പോൾ മയ്യഴിക്കാർ നോക്കി നിന്നതുപോലെ, ഇപ്പോൾ മാഡവും ലെസ്‌ലിയും റോഡിലേക്ക് നോക്കി നിൽക്കുന്നു.
കൊറുമ്പി പിറകിൽ നിന്നും വിളിച്ചു പറയുന്നുണ്ട് റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ദിക്കണം കുടിച്ചു ലക്കും ലഗാനുമില്ലാതെയാ വണ്ടികൾ ഓടിച്ചുവരുന്നത് സായിപ്പേ.
എല്ലാവരും അറിയാവുന്ന വഴിയിൽ കൂടി നടന്ന് മണിയമ്പത്തെത്തി…
ചിരുത നീട്ടി വിളിച്ചു, മുകുന്ദാ!
ഒരശരീരി ശബ്ദം പോലെ ആരോ പറഞ്ഞു,
മുകുന്ദൻ നേ പാ ഇസി. (മുകുന്ദൻ ഇവിടെ ഇല്ല…)
“ഊ അബീത് മുകുന്ദാ?”
മുകുന്ദൻ എവിടെയാണ് താമസിക്കുന്നത്?
“മുകുന്ദൻ നേ പാ ഇസി, ഇൽ അബീത് ആ പള്ളൂർ.”
മുകുന്ദൻ താമസിക്കുന്നത് പള്ളൂരിലാണ്
എല്ലാവർക്കും നല്ല ക്ഷീണമുള്ളതുപോലെ. ദാസൻ പറഞ്ഞു, “നമുക്ക് നാളെ പോകാം.”
പിറ്റേന്ന് കാലത്തു അവരെല്ലാം കൂടി മുകുന്ദന്റെ പുതിയ വീട്ടിലേക്കു ചെന്നു.
അവിടെ എം. മുകുന്ദൻ ഒരു കസേരയിൽ ഇരുന്ന് റോഡിലേക്കു നോക്കി ഇരിക്കുന്നു.
മുഖഭാവം കണ്ടാലറിയാം ആരെയോ പ്രതീക്ഷിച്ചാണ് ഇരിക്കുന്നതെന്നു.
അവരെ കണ്ടതും മുകുന്ദൻ ഞെട്ടി എഴുന്നേറ്റു. “ദാസാ… കുറുമ്പിയമ്മേ…!”
കുറുമ്പിയമ്മ മുകുന്ദന്റെ കൈ പിടിച്ചു:
“മോനേ, നീ ഞങ്ങളെ ലോകം മുഴുവൻ എത്തിച്ചു. നിന്റെ പുസ്തകം കൊണ്ട് ഞങ്ങൾ മരിച്ചിട്ടും ജീവിക്കുന്നു. പാരീസിൽ പോലും ഞങ്ങളുടെ പേരിൽ ചായക്കട ഉണ്ടെന്ന് കേട്ടു!”
ദാസൻ പറഞ്ഞു: “മാഷേ, നിങ്ങൾ ഞങ്ങളെപ്പറ്റി എഴുതിയില്ലായിരുന്നെങ്കിൽ ഞങ്ങൾ വെറും മയ്യഴിക്കാരായി മണ്ണിൽ അലിഞ്ഞു പോയേനെ. ഇപ്പൊൾ ഞങ്ങൾക്ക് മോക്ഷം കിട്ടി. നിങ്ങൾക്ക് നന്ദി പറയാൻ വന്നതാ.”
മുകുന്ദൻ കണ്ണ് തുടച്ചു: “ഞാൻ നിങ്ങളെ സൃഷ്ടിച്ചതല്ല, നിങ്ങളാണ് എന്നെ സൃഷ്ടിച്ചത്.”
ഗിരിജ ചിരിച്ചു കൊണ്ട് പറഞ്ഞു: “മാഷേ, അടുത്ത ജന്മത്തിൽ എന്നെ ഒന്നുകൂടി നന്നായി എഴുതണേ. അപ്പോൾ ദാസനെക്കൊണ്ട് എന്നെ കെട്ടിക്കണം.”
എല്ലാവരും പൊട്ടിച്ചിരിച്ചു.
മുകുന്ദൻ ചോദിച്ചു “ഫ്രഞ്ചുകാർക്കെതിരെ സമരം ചെയ്ത നിന്റെ കൂട്ടുകാരൊക്കെ എവിടെ, ദാസാ?”
ദാസൻ ഒന്ന് പതുങ്ങി പറഞ്ഞു: “ആര്? കുമാരനും, സുകുമാരനും, വിജയനുമോ?
അവരെ ഞാൻ വിളിച്ചിരുന്നു. കേരളത്തിലെ പാർട്ടിയുടെ അവസ്ഥ മനസ്സിലാക്കി നിരാശയിലാണ് അവർ. അഞ്ചു കൊല്ലം കഴിഞ്ഞ് വരാമെന്നാ പറഞ്ഞത്.”
കൂട്ടത്തിൽ കണാരേട്ടന്റെ മകൾ പദ്മിനിയെപ്പറ്റിയും മുകുന്ദൻ ചോദിച്ചു.
മുകുന്ദൻ ചോദിച്ചു: “കണാരേട്ടാ, പത്മിനി എവിടെ?”
കണാരേട്ടൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു:
“അവൾ ഇവിടെ ഇല്ല മോനേ… ഫ്രഞ്ചുകാര് പോയപ്പോ ഞാൻ കരുതി ജാതി ഇല്ലാതാകുമെന്ന്.
ഇപ്പൊ മയ്യഴിയിൽ എല്ലാവരും ജാതി നോക്കിയാ പെണ്ണ് കെട്ടിക്കുന്നത്. പത്മിനിയെ ഞാൻ കണ്ണൂരിലെ ഒരു ആശാരിക്ക് കെട്ടിച്ചു കൊടുത്തു.
അവൾക്ക് ഇവിടെ വരാൻ ഇപ്പൊ പേടിയാ… വാർപ്പിട്ട വീടായി, പക്ഷെ മനസ്സ് ഇപ്പോഴും ഓലക്കുടിലാ മോനേ.”
മുകുന്ദേട്ടൻ വിവരങ്ങൾ തിരക്കുന്നതും നോക്കി ലെസ്ലി സായവും മിസ്സിയും മുകുന്ദേട്ടനെ നോക്കുന്നുണ്ടായിരുന്നു
ലെസ്ലി സായിപ്പിന്റെ രണ്ടു മക്കളുടെയും കഥ മുകുന്ദേട്ടന് നന്നായി അറിയാം. അതുകൊണ്ടുതന്നെയാവാം ആൽബർട്ടിനെപ്പറ്റിയോ ഗസ്തോനെപ്പറ്റിയോ ഒന്നും അദ്ദേഹം ചോദിക്കാതിരുന്നത്.
സായിപ്പിന്റെയും മിസ്സിയുടെയും മുഖത്തെ നോവിൽ നിന്ന് എല്ലാം മുകുന്ദേട്ടൻ വായിച്ചെടുത്തു.
സംസാരമൊക്കെ കഴിഞ്ഞപ്പോൾ ശ്രീജയേട്ടത്തി വന്നു പറഞ്ഞു .. ദേ…? സദ്ധ്യ റെഡി …
മുകുന്ദേട്ടൻ എല്ലാവരെയും ഊൺ മുറിയിലേക്കാനയിച്ചു
മുകുന്ദേട്ടന്റെ ഊൺ മുറിയിൽ വാഴയിലകൾ നിരന്നു.
ശ്രീജയേട്ടത്തി എല്ലാവരുടെയും ഇലയിൽ സദ്ദ്യവിളമ്പി.
ഇതിനിടയിൽ കുറുമ്പിയമ്മ ശ്രീജേ ഞീ കൊറച്ചു സാമ്പാറു ഒഴിച്ചാ എത്രകാലായി മയ്യേല് സാമ്പാറും കാളനും പച്ചടിയും അച്ചാറൊക്കെ കൂട്ടീട്ട് …
കണാരേട്ടൻ പറഞ്ഞു ശരിയാ കൊറുബീ എത്രകാലായി ഇങ്ങനെ ഒരുമിച്ചിരുന്നിട്ട്
ദാമു റൈറ്റർ ഇലയിലെ വിഭവങ്ങൾ എണ്ണി തിട്ടപ്പെടുത്തി പറഞ്ഞു.. “ഇപ്പോൾ 26 ആയി…”
കുറുമ്പിയമ്മ പറഞ്ഞു: “ദാമൂ, ഇങ്ങൾ ബേജാറാവേണ്ട, നല്ല പരിപ്പിന്റെ മണമുണ്ട്. പ്രഥമനും പാലടയുമാകുമ്പോൾ 28 ആകും.”
ദാമു എന്തോ പറയാൻ വന്നപ്പോൾ കുഞ്ഞനന്തൻ മാസ്റ്റർ ഇടയിൽക്കയറി: “ദാമൂ, ഓണത്തിന് കണക്കല്ല, മനസ്സാണ് വലുത്.”
ചേക്കോൻ ചിരിച്ചുകൊണ്ട് പപ്പന്റെ ഇലയിൽ നിന്ന് ഒരു പഴം എടുത്തു. പപ്പൻ ഒന്നും പറഞ്ഞില്ല. ചിരുത എല്ലാവർക്കും മോരൊഴിച്ചു കൊടുത്തു.
ഇതിനിടയിൽ പ്രഥമന്റെ വിവരം അറിഞ്ഞപ്പോൾ ദാസനും കണാരനും പറഞ്ഞു:
“ശ്രീജേ, കുറച്ചു പപ്പടവും പൂവൻപഴവും കൂടി എടുത്തോ, കുഴച്ചിട്ട് പ്രഥമൻ കുടിക്കണം.”
കേട്ടപ്പോൾ എല്ലാവരുടെയും നാവിൽ വെള്ളമൂറി.
അങ്ങനെ ദാസന്റെയും കണാരന്റെയും ആവശ്യം എല്ലാവരുടേതുമായി.
ഇതിനിടയിൽ ആരോ മോരിന് ചോദിച്ചു
അപ്പോൾ ചിരുത പറഞ്ഞു രസമാണ് ആദ്ദ്യം വിളമ്പേണ്ടത് ! ശ്രീജയേട്ടത്തി ഒന്നമ്പരന്നു ! എന്നിട്ട് രസവുമായി വന്നു അതിനു ശേഷം മോര് ഒഴിച്ചുകൊടുത്തു
ഗിരിജ മെല്ലെ ദാസന്റെ ഇലയിലേക്ക് നോക്കി. ദാസൻ തല കുനിച്ചുരിക്കുന്നു.
ഒരുപക്ഷെ പഴയ നടക്കാതെ പോയ വിവാഹ സദ്ധ്യയൊക്കെ ഓർത്തയാരിക്കാം.
മൂലയിൽ ഇരുന്ന ലെസ്‌ലി സായിപ്പ് മാഡവും കൈ കൊണ്ട് ചോറുണ്ണാൻ ബദ്ധപ്പെടുന്നു.
മുകുന്ദാ അ ദി “മോം ഷേർ സായിബ്, സെ ലൊനാം ദ് മയേ, ഓം ന് പൊ പാ ല് മാംഷേ അവെക് യൂൻ ക്യുയ്യേർ.”
(മുകുന്ദേട്ടൻ പറഞ്ഞു: “സായിപ്പേ, ഇത് മയ്യഴിയിലെ ഓണമാണ്, സ്പൂൺ കൊണ്ട് തിന്നാൻ പറ്റില്ല.”)
എല്ലാവരും ചിരിച്ചു…
ഇതിനിടയിൽ ചിരുത ഒരു ചോദ്യം ചോദിച്ചു.
“മോരും രസവും തമ്മിലുള്ള വ്യത്യാസം അറിയാമോ?”
എല്ലാവരും അമ്പരന്നു. ചിലർ പറഞ്ഞു പുളി, ചിലർ പറഞ്ഞു എരിവ്… അങ്ങനെ പല ഉത്തരങ്ങൾ.
ഒടുവിൽ ആർക്കും അറിയില്ല എന്നായപ്പോൾ ചിരുത പറഞ്ഞു:
“അത് മോരുകൂട്ടി ഉണ്ണുമ്പോൾ നല്ല രസമുണ്ടാകും… എന്നാൽ രസം കൂട്ടി ഉണ്ണുമ്പോൾ മോരുണ്ടാവില്ല.”
കേട്ടതും എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു..
ഊണൊക്കെ കഴിഞ്ഞു ഇറങ്ങാൻ നേരം മുകുന്ദേട്ടൻ ദാസനോടെന്തോ സ്വകാര്യം പറഞ്ഞു,
…… പോകുമ്പോൾ ഒന്ന് കാണണം എന്ന്?
അതേ എല്ലാവരും ഉറക്കെ കേട്ടുള്ളൂ.. ദാസൻ തലകുലുക്കി. എല്ലാവരും ദുഃഖത്തോടെ വിടവാങ്ങി.
തിരിച്ചു പോകാൻ സമയമായി. വെള്ളിയാങ്കല്ല് വീണ്ടും വിളിക്കുന്നു എന്നതോന്നൽ എല്ലാവരിലും ഉള്ളതുപോലെ?
പാതാറിനടുത്തെത്തിയപ്പോൾ ദാസൻ പറഞ്ഞു: “എനിക്ക് ഒരാളെ കൂടി കാണണമെന്നു പറഞ്ഞു ടാഗോർ പാർക്കിനുള്ളിലേക്കു നടന്നു”
കൂടെഎല്ലാവരും മയ്യഴിയുടെ പുഴയോരത്തുള്ള ടാഗോർ പാർക്കിലുള്ള മറിഅന്ന് ന്റെ പ്രതിമയുടെ അടുത്തേക്ക്.
മഴകൊണ്ടു നനഞ്ഞു കുതിർന്ന ഉണങ്ങിയ ഹാരം കഴുത്തിലിട്ട്, പൊടി പിടിച്ച് നിൽക്കുന്ന ആ പ്രതിമ നോക്കി!
കുറുമ്പിയമ്മ ഒരു മാല എടുത്ത് അതിൽ ചാർത്തി.
ദാസൻ മെല്ലെ വിളിച്ചു: “മറിഅന്ന് …”
ആ കല്ല് പ്രതിമയിൽ നിന്ന് ഒരു ശബ്ദം വന്നു എന്ന് അവർക്ക് തോന്നി.
“ദാസാ, എസ്ക് ത്യു ത് സുവ്യാൻ അങ്കോർ ദ മുവാ?”
(ദാസാ, നീ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടോ?)
“മറിയന്ന്, നമ്മുടെ കഥ തീർന്നിട്ടില്ല. നമ്മൾ കാത്തിരുന്നത് വെറുതെയായി.
ഇന്ന് മയ്യഴി മാറി. ഇവിടെ ഇപ്പൊ ജാതിയും മതവുമേയുള്ളൂ, ഫ്രഞ്ചുകാരില്ല.
ഇവിടെ ഇപ്പോൾ മയ്യഴിക്കാരില്ല, ഇപ്പോൾ ഹിന്ദുവും കൃസ്ത്യാനിയും മുസ്ലീമും…
തീയ്യനും വാണിയനും, നായരും, നമ്പ്യാരും, മുക്കുവനും, ആശാരിയും, തട്ടാനും, മാപ്പിളയുമാണ് ഉള്ളത്!
നീ എന്തിനാ ഇവിടെ ഈ കല്ലിൽ ഇരിക്കുന്നത്? ഞങ്ങളോടൊപ്പം വെള്ളിയാങ്കല്ലിലേക്ക് വരുന്നോ? അവിടെ നമുക്ക് സ്വസ്ഥമായി ഇരിക്കാം. ആരും നമ്മളെ വേർതിരിക്കില്ല.”
എല്ലാവരും കാത്തു നിന്നു.
മറിയാന്ന് ചിരിച്ചു. ആ ചിരി കാറ്റിൽ അലിഞ്ഞു.
ദാസാ, ഴ് ന് വിയെൻദ്രേ പാ. ഴ് റെസ്തറേ ഇസി. കാർ സ് നെ ക്യൂ സി ഴ് റെസ്ത് ഇസി ക്യൂ ലേ ഫ്യൂച്ചുർ ദാസാ എ ഷിരിഷാ അപ്രാന്ദ്രോൺതാ സെമേ.
“ദാസാ, ഞാൻ വരില്ല. ഞാൻ ഇവിടെ തന്നെ നിൽക്കാം. കാരണം ഞാൻ ഇവിടെ നിന്നാലേ, ഇനി വരുന്ന ദാസന്മാരും ഗിരിജമാരും പ്രണയിക്കാൻ പഠിക്കൂ.
സെ പാർസ് ക്യൂ ഴ് റെസ്ത് ഇസി, കോം യൂൻ പിയേർ, ക്യൂ മയ്യാഷി അ അങ്കോർ യൂൻ ഇസ്ത്വാർ. പാർതേ… വുസാവേ അതേം ല് സല്യു, പൂർ മ്വാ, സെത്ത് അതോന്ത് എ ല് സല്യു.
ഞാൻ കല്ലായി ഇവിടെ ഇരിക്കുന്നത് കൊണ്ടാണ് മയ്യഴിക്ക് ഇപ്പോഴും ഒരു കഥയുള്ളത്. നിങ്ങൾ പൊയ്ക്കോളൂ… നിങ്ങൾക്ക് മോക്ഷം കിട്ടി, എനിക്ക് ഈ കാത്തിരിപ്പാണ് മോക്ഷം.”
നല്ല തുമ്പപ്പൂവിന്റെ മണവും അരിപ്പൂവിന്റെ മണവും ചേർന്ന് പരന്നു. ദാസൻ ചുറ്റും നോക്കി – ഒരു കൂട്ടം തുമ്പികൾ അല്ലാതെ ഒരു പൂവു പോലും കാണാനില്ല..
ദാസന്റെ കണ്ണ് നിറഞ്ഞു. അവൻ ആ പ്രതിമയുടെ കാലിൽ തൊട്ടു.
അപ്പോൾ വെള്ളിയാങ്കല്ലിൽ നിന്ന് ഒരു വെളിച്ചം വന്നു. മോക്ഷം കിട്ടിയവർ എല്ലാം ആ വെളിച്ചത്തിലേക്ക് നടന്നു. പുഴയുടെ മീതെ അവരുടെ നിഴലുകൾ മാത്രം ബാക്കിയായി.
പിറ്റേന്ന് തലേദിവസത്തിന്റെ ഹാങ്ങോവറിൽ ആരോ പറഞ്ഞു, ഇന്നലെ രാത്രി പുഴയുടെ തീരത്ത് ദാസനെയും ഗിരിജയെയും പോലെ തോന്നിക്കുന്ന രണ്ടു പേരെ കണ്ടു എന്ന്.
എം. മുകുന്ദൻ മാത്രം ഒന്നും പറഞ്ഞില്ല. അദ്ദേഹം വെള്ളിയാങ്കല്ലിനെ നോക്കി ഒരു പുതിയ കഥ എഴുതാൻ തുടങ്ങി…
അപ്പോഴാണ് ഒരിടിമുഴക്കം കേട്ടത്.
ഞാൻ ഞെട്ടി കണ്ണ് തുറന്നു.
മുന്നിൽ മയ്യഴിപ്പുഴയില്ല, വെള്ളിയാങ്കല്ലില്ല, ദാസനില്ല, മുകുന്ദൻ പോലുമില്ല.
പുറത്ത് മഴ. ജനലിലൂടെ ഇടയ്ക്കിടെ മിന്നൽ വെട്ടം.
ഞാൻ കിടക്കയിൽ. നെഞ്ചത്ത് കമിഴ്ത്തി വെച്ച് തുറന്നു വെച്ചിരിക്കുന്നു – എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’.
അപ്പോഴാണ് മനസ്സിലായത്, ഇത്രയും നേരം ഞാൻ കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നു എന്ന്.
അപ്പോഴും ഈ വാക്കുകൾ എന്റെ ഹൃദയത്തിൽ തട്ടി നിൽക്കുന്നു
സെ പാർസ് ക്യൂ ഴ് റെസ്ത് ഇസി, കോം യൂൻ പിയേർ, ക്യൂ മയ്യാഷി അ അങ്കോർ യൂൻ ഇസ്ത്വാർ. പാർതേ… വുസാവേ അതേം ല് സല്യു, പൂർ മ്വാ, സെത്ത് അതോന്ത് എ ല് സല്യു.
കഥ തുടരും.,..
മഠത്തിൽ ബാബു ജയപ്രകാശ്..………. My WatsApp Contact No 9500716709
