ഓണ സദ്യയുടെ രുചി ഒരുമയും സൗഹാർദവും പങ്കുവെക്കലിന്റേതാണ് ഭിന്നിപ്പിന്റെതല്ല

Time Taken To Read 4 Minutes

വിഷയം: ഓണസദ്യയിലും സ്കൂൾ / പൊതു ആഘോഷങ്ങളിലും മത്സ്യ – മാംസം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു പ്രവണതയാണ്, “ഓണസദ്യയിൽ മീൻ പൊരിച്ചത് കൂടി വേണം” എന്ന തമാശ കലർന്ന ആവശ്യം. ഇത് നിഷ്കളങ്കമായി തോന്നുമെങ്കിലും, ഇതിന് പിന്നിൽ ഗൗരവമുള്ള ചർച്ചയുണ്ടാവേണ്ടതുണ്ട്. 

ഈ വിഷയം കുറച് വർഷങ്ങൾക്കു  മുൻപ്  കേരളം മുഴുവൻ വിവാദമായതും ഒടുവിൽ ‘വേണ്ട’ എന്ന തീരുമാനത്തിൽ ആ വിവാദം കെട്ടടങ്ങിയതുമാണ്. 

അതായത് സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിലും, സർക്കാർ, പൊതു ഓണാഘോഷങ്ങളിലും മത്സ്യ – മാംസം ഉൾപ്പെടുത്തണം എന്ന വാദം സ്കൂൾ യുവജനോത്സവം പോലുള്ള സാംസ്കാരിക വേദികളിൽ വരെ ഇത്തരം വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.

ഇന്ന് ഫേസ്ബുക്കിൽ എന്റെ ഒരു സുഹൃത്തിന്റെ സ്നേഹപൂർവമായ അഭ്യർത്ഥന കാണാനിടയായി.

അദ്ദേഹം ഓണത്തിന്റെ മഹത്വത്തെക്കുറിച്ചും, അതിനെ കൂടുതൽ ജനകീയമാക്കുന്നതിനെക്കുറിച്ചും മനോഹരമായി എഴുതിയതിന്റെ കൂടെ, തികച്ചും നിർദ്ദോഷമെന്നു തോന്നുന്ന ഒരു ആവശ്യം കൂടി ഉന്നയിച്ചു – ഓണസദ്യയുടെ ഒപ്പം പൊരിച്ച മത്സ്യമോ മത്സ്യ – മാംസമോ കൂടി ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു എന്ന്! 

അദ്ദേഹം ഇവിടെ ഓർക്കാതെ പോയ ചില കാര്യങ്ങളുണ്ട്.

ഓണസദ്യയുടെ ആത്മാവ് തന്നെ സസ്യാഹാരമാണ്!

ഓണം എന്ന സങ്കൽപ്പമനുസരിച്ച് ജീവിക്കുന്നവർക്ക് ചില ആചാരനിഷ്ഠകളുണ്ട്. മത്സ്യ – മാംസം വർജിക്കുക മാത്രമല്ല, അത് പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ പോലും അവർ ഉപയോഗിക്കില്ല. അങ്ങനെ ജീവിച്ചു വളർന്ന ചിലർക്ക് ഇതിന്റെ മണം പോലും ഓക്കാനം വരുത്തും.

അങ്ങനെയുള്ള ഒരു മഹത്തായ പാരമ്പര്യത്തെ വികലമാക്കുന്നില്ലേ ഇത്തരം ചിന്തകൾ?

ഇപ്പോൾ ഇങ്ങനെ എടുത്തു പറയേണ്ടി വന്നത്, ഈ കഴിഞ്ഞ വിഷുവിനുണ്ടായ ഒരു വിവാദം ഓർത്തിട്ടാണ്. ഒരു ഹോട്ടലിന്റെ പരസ്യത്തിൽ ചിക്കൻ മന്തി വെച്ച്  ഉണ്ണികൃഷ്‌ണന്റെ ഫോട്ടോവിന് മുൻപിൽ വിഷു കണിയൊരുക്കിയത് ഏറെ വിവാദമായപ്പോൾ, ഒരു മാപ്പു പറഞ്ഞ് തടിയൂരി, ആ ഹോട്ടലുടമ.

ഒരു മാപ്പിലൂടെ തീരാവുന്നതാണോ ആ അറിവില്ലായ്മ?

“പിന്നെന്താ, ഹിന്ദുവല്ലേ, ആരും അത്ര കാര്യമാക്കില്ല” എന്ന ചിന്തയുള്ളിടത്തോളം കാലം ഇത്തരം വിവരക്കേടും തെമ്മാടിത്തവും തുടരും! കാണേണ്ടവരൊക്കെ കണ്ടുകഴിഞ്ഞാൽ ഒരു മാപ്പ് പറഞ്ഞാൽ മതിയല്ലോ, ഇതല്ലേ ഇപ്പോഴത്തെ പ്രവണത!

പറഞ്ഞുവരുന്നത് ചില സമുദായങ്ങളിൽ പെട്ടവരിലെ ചിലർ ഏറെ എതിർപ്പോടെ ഓണത്തെ എതിർക്കുന്നുണ്ടെങ്കിലും  കാലം മാറി വരുമ്പോൾ ഓണം മതത്തിന്റെ മാത്രം ആഘോഷമല്ലാതായി, മലയാളിയുടെ സാംസ്കാരിക ആഘോഷമായി എന്നത് 100% ശരിയാണ്. പക്ഷേ, ആ സംസ്കാരത്തിന്റെ അടയാളം തന്നെയാണ് പൂർണമായും സസ്യാഹാരമായ ഓണസദ്യ എന്നത് ഇവർ സൗകര്യപൂർവ്വം മറക്കുന്നു!

സദ്യ ഒരു വിശ്വാസത്തിന്റെ ഭാഗം മാത്രമല്ല, ഒരു കാർഷിക സംസ്കാരത്തിന്റെ അടയാളം കൂടിയാണ്. സ്വന്തം പറമ്പിലും കൃഷിയിടങ്ങളിലും തൊടിയിലും വിളഞ്ഞ പച്ചക്കറികൾ, കിഴങ്ങുകൾ, ഇലകൾ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ! വിവിധ തരം പൂക്കൾ കൊണ്ടുള്ള പൂക്കളം! അഹിംസയുടെയും സമൃദ്ധിയുടെയും സങ്കൽപ്പമാണ് മാവേലിക്കാലം. അതിനോടോപ്പം മാംസാഹാരം ചേരില്ല!

അങ്ങനെ വരുമ്പോൾ, ആ പാരമ്പര്യത്തെ ഉൾക്കൊള്ളുന്നെങ്കിൽ, ആ തനിമയോടെ തന്നെ അത് ഉൾക്കൊള്ളണം. അതിൽ വെള്ളം ചേർക്കരുത്! എങ്കിലേ അത്തരം ഉൾക്കൊള്ളലുകൊണ്ട് പ്രയോജനമുള്ളൂ. ഇല്ലെങ്കിൽ അത് ഒരു പ്രഹസനമായിരിക്കും.

ഓണത്തിന് മത്സ്യ – മാംസം ആഗ്രഹിക്കുന്നവർക്ക് വീട്ടിലും ഹോട്ടലിലും കഴിക്കാം. പക്ഷേ, “ഓണസദ്യ” എന്ന് പറയുമ്പോൾ അത് സസ്യാഹാരം തന്നെയാണ്. പേരിൽ തന്നെ വ്യക്തത വേണം!

ഉൾക്കൊള്ളൽ (Inclusivity) എന്നാൽ എല്ലാവർക്കും കഴിക്കാൻ പറ്റുന്നതാണ്!

അതായത്  “വൈവിധ്യങ്ങളെ ചേർത്തുപിടിക്കൽ” എന്ന് പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് ഇതാണ്:

സസ്യാഹാര സദ്യ എല്ലാവർക്കും കഴിക്കാം – സസ്യാഹാരം കഴിക്കുന്നവർക്കും, മത്സ്യ – മാംസം കഴിക്കുന്നവർക്കും, എല്ലാ മതത്തിൽ പെട്ടവർക്കും!

മത്സ്യ – മാംസ സദ്യ ആക്കിയാൽ, അത് വെജിറ്റേറിയൻ ആയ കുട്ടികൾക്കും, മുതിർന്നവർക്കും, ചില വിശ്വാസങ്ങൾ പിന്തുടരുന്നവർക്കും കഴിക്കാൻ പറ്റാതാകും. അപ്പോൾ യഥാർത്ഥത്തിൽ എല്ലാവരെയും ഒരുമിച്ച് സന്തോഷിപ്പിക്കുന്നത് ഏതാണ്? സസ്യാഹാര സദ്യ തന്നെ അല്ലേ!

സ്കൂളുകളും പൊതു ഇടങ്ങളും പ്രത്യേകം ശ്രദ്ധിക്കണം!

സ്കൂളിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിലോ, സർക്കാർ സ്പോൺസർ ചെയ്യുന്ന പൊതു ഓണാഘോഷങ്ങളിലോ മത്സ്യ – മാംസം നിർബന്ധമാക്കുന്നത് പല പ്രശ്നങ്ങൾ ഉണ്ടാക്കും.

1. ആരോഗ്യവും ശുചിത്വവും: സ്കൂളിൽ മത്സ്യ – മാംസം പാകം ചെയ്യാനും സൂക്ഷിക്കാനും വലിയ സംവിധാനവും ചെലവും വേണം. ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

2. കുട്ടികളുടെ പരിഗണന: പല വീടുകളിലും കുട്ടികൾ മത്സ്യ-മാംസം കഴിക്കാറില്ല. സ്കൂളിൽ അത് വന്നാൽ അവർ മാറി നിൽക്കേണ്ടി വരും.

3. അനാവശ്യ വിവാദം: ഭക്ഷണം പോലെ വൈകാരികമായ വിഷയം പൊതുവേദിയിൽ തർക്കമാക്കുന്നത് ആഘോഷത്തിന്റെ ലക്ഷ്യമായ “ഒരുമ” ഇല്ലാതാക്കും.

അവസാനമായി, മറ്റൊരു വികലമാക്കൽ കൂടി പറഞ്ഞു നിർത്താം!

എന്റെ ചെറുപ്പത്തിൽ, 1960 കളിൽ ഞാൻ കണ്ട മാവേലിത്തമ്പുരാന്റെ ഫോട്ടോ, ഈ ലേഖനത്തിൽ അറ്റാച്ച് ചെയ്ത ഫോട്ടോയിലേതുപോലെയായിരുന്നു. 

നല്ല തേജസ്സുള്ള മുഖം, ആരോഗ്യമുള്ള, ദൃഢഗാത്രമായ ശരീരം! 

എന്നാൽ കുറച്ചേറെ വർഷമായി മാവേലിത്തമ്പുരാനെ എങ്ങനെയാണ് നമ്മൾ കാണുന്നത്? 

കുടവയറും, ഉന്തിയ കണ്ണുകളും, തടിച്ചു കൊഴുത്ത കൈത്തണ്ടയുമൊക്കെയായി! ആരുടെയോ മനസ്സിൽ ഉരുത്തിരിഞ്ഞ ആശയം പുറത്തിറക്കി, അത് പിന്നെ ആരും ചോദ്യം ചെയ്യാതെ, അത് തന്നെ മാവേലി ബ്രാൻഡായി!

ഇന്നത്തെ സമൂഹവും, വരാനിരിക്കുന്ന കുട്ടികളും കണ്ടുവളരുന്നത് ഈ കോമാളി രൂപം കെട്ടിയ മാവേലിയെയാണ്.     

പറഞ്ഞു വരുന്നത്, മനുഷ്യൻ നൂറ്റാണ്ടുകൾ താണ്ടിയ അറിവിലൂടെ ഇന്ന് 21-ാം നൂറ്റാണ്ടിലെത്തിയിട്ടും, ആ പുരാതനമായ അടിസ്ഥാന അറിവുപോലും മാനിക്കാതെ പറയുന്നതും ചെയ്യുന്നതും കാണുമ്പോൾ, അതും പ്രത്യേകിച്ച് ഹിന്ദു വിശ്വാസികൾക്ക് നേരെ, വേദന തോന്നുന്നു!

വിരിദാഭാസമായി തോന്നുന്നത് ഇതിനെ വികലമാക്കാൻ കൂട്ടുനിൽക്കുന്നതും ചില ഹിന്ദുക്കൾ തന്നെയല്ലേ? ഏറെ സങ്കടമുണ്ട് പറയാൻ.

ഇന്നലെ, ഒരുകൂട്ടം കോൺഗ്രസുകാർ ചില പ്രധാന നേതാക്കളുടെ പ്രേരണയോടെ സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്നും,

മറ്റൊരു വേദിയിൽ മാളികപ്പുറത്തമ്മയോട് ചോദിച്ചാൽ പ്രിയപ്പെട്ട അയ്യപ്പൻ സ്ത്രീപീഡകനാണെന്നൊക്കെ പറയുന്നതും കേട്ടു.

കേവലം രാഷ്ട്രീയ ലാക്കോടെ, വോട്ട് ബാങ്ക് രാഷ്ട്രീയം ഉന്നം വെച്ച്, ചില സമുദായങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റാൻ ചെയ്യുന്ന ഈ പ്രവൃത്തി എത്ര മ്ലേച്ഛമാണെന്ന് ഇവർ തിരിച്ചറിയാതെ പോകുന്നു!

ആർക്കും എന്ത് ഭക്ഷണം കഴിക്കാം എന്ന് വീട്ടിൽ തീരുമാനിക്കാം. അതിൽ ആർക്കും എതിർപ്പില്ല.

എന്നാൽ “ഓണസദ്യ”, “സ്കൂൾ ഭക്ഷണം”, “പൊതു ആഘോഷം” എന്ന് പറയുന്ന പൊതു ഇടങ്ങളിൽ, എല്ലാവർക്കും ഒരുമിച്ചിരുന്ന്, ഒരു മടിയും കൂടാതെ കഴിക്കാൻ പറ്റുന്ന പാരമ്പര്യ സസ്യാഹാര സദ്യ തന്നെ നിലനിർത്തുന്നതാണ് ഏറ്റവും ജനാധിപത്യപരവും, സംസ്കാരത്തിന് ചേർന്നതും!

ഒരു ചോദ്യം കൂടി ചോദിക്കട്ടെ?*

ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും മാത്രമാണോ ഇങ്ങനെ പരീക്ഷണങ്ങൾക്ക് വിധേയമാക്കേണ്ടത്?

മറ്റ് മതങ്ങളുടെ പുണ്യമായ ചടങ്ങുകളിൽ, ആ മതത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമായ കാര്യങ്ങൾ ഉൾപ്പെടുത്താൻ ഇവർക്ക് ധൈര്യമുണ്ടാകുമോ? ഇല്ല! കാരണം എല്ലാവർക്കും അറിയാം, അത് ആ വിശ്വാസത്തെ അപമാനിക്കലാണെന്ന്.

പിന്നെ എന്തുകൊണ്ട് ഹിന്ദു ആഘോഷങ്ങളുടെ കാര്യത്തിൽ മാത്രം ഈ “പരിഷ്കരണ” ആവേശം?

മറ്റ് മതസ്ഥരുടെ വിശ്വാസപരമായ ഭക്ഷണത്തിലോ, ആരാധനാക്രമത്തിലോ ഇടപെടാൻ ആരും ധൈര്യപ്പെടില്ല. അതിന് അവർ കാണിക്കുന്ന മാന്യത, ഹിന്ദു ആചാരങ്ങളുടെ കാര്യത്തിലും കാണിക്കണം.

ഓണത്തിന്റെ രുചി പങ്കുവെക്കലിന്റെ രുചിയാണ്, ഭിന്നിപ്പിന്റെതല്ല! എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

മഠത്തിൽ ബാബു ജയപ്രകാശ്…….✍️ My WatsApp Contact No 9500716709

Leave a Comment