ഭാരത ചരിത്രം പുനർവായന ചെയ്യുമ്പോൾ (Part 1)

Time Taken To Read 5 Minutes

ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, നമുക്കായി ജീവൻ നൽകിയ ധീരദേശാഭിമാനികളെ നമുക്ക് അഭിമാനത്തോടെ ഓർക്കാം.

അവരുടെ ത്യാഗകഥകൾ ഓർക്കുമ്പോൾ നമ്മുടെ ഉള്ള് വിങ്ങുന്നില്ലേ?

ഇന്ത്യയെ ഇഞ്ചിഞ്ചായി ഊറ്റിയെടുത്ത ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ച് ആലോചിക്കുമ്പോൾ നമ്മുടെ രക്തം തിളയ്ക്കാതിരിക്കുമോ?

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി!?  ലണ്ടനിലെ കുറച്ച് വ്യാപാരികൾ ചേർന്ന് തുടങ്ങിയ ഒരു ചെറിയ പ്രൈവറ്റ് കമ്പനി മാത്രമായിരുന്നു അത്.

കച്ചവടം ചെയ്യാൻ എന്ന പേരിൽ ഇന്ത്യയിലെത്തിയ അവർ, പിന്നീട് രണ്ടര ലക്ഷത്തോളം സൈനികരെ വെച്ച് സ്വന്തമായി ഒരു സൈന്യത്തെ തന്നെ ഉണ്ടാക്കി.

നമ്മുടെ നാട്ടുരാജാക്കന്മാരെ തമ്മിലടിപ്പിച്ച്, അവരുടെ ചോര കുടിച്ച്, ജനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ നികുതിയായി പിരിച്ചെടുത്തു.

ഒടുവിൽ ഒരു ഉപഭൂഖണ്ഡത്തെ മുഴുവൻ അടിച്ചമർത്തി ഭരിച്ച ആ ക്രൂരമായ കോർപ്പറേറ്റ് ഭീകരതയുടെ പേരാണ് – *ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി!*

എന്നാൽ 200 വർഷത്തോളം നമ്മുടെ നാടിന്റെ സമ്പത്ത് മുഴുവൻ ഊറ്റിയെടുത്ത ആ കമ്പനി ഇന്ന് ജീവിച്ചിരിപ്പുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ ഇന്നത്തെ മുതലാളി ആരാണെന്ന് നിങ്ങൾക്കറിയാമോ? സിനിമകളെപ്പോലും വെല്ലുന്ന ആ ട്വിസ്റ്റും ചരിത്രവും ഈ സ്വതന്ത്ര ഭാരതത്തിലെ ഓരോ ഭാരതീയനും തീർച്ചയായും അറിഞ്ഞിരിക്കണം!

കഥ ആരംഭിക്കുന്നത് 1600 ഡിസംബർ 31 നാണ്. എലിസബത്ത് ഒന്നാമൻ രാജ്ഞി ലണ്ടനിലെ 200 ലധികം വരുന്ന അതിസമ്പന്നരായ പ്രഭുക്കന്മാർക്കും വ്യാപാരികൾക്കും ഇന്ത്യയുൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളുമായി കച്ചവടം നടത്താനുള്ള 15 വർഷത്തെ കുത്തകാവകാശം നൽകി ഒരു റോയൽ ചാർട്ടർ ഒപ്പിട്ടു നൽകിയതോടുകൂടിയാണ് കഥയുടെ ആരംഭം.

അന്ന് ‘ഗവർണർ ആൻഡ് കമ്പനി ഓഫ് മെർച്ചന്റ്സ് ഓഫ് ലണ്ടൻ ട്രേഡിംഗ് ഇന്റു ദ ഈസ്റ്റ് ഇൻഡീസ്’ എന്ന പേരിൽ പിറന്ന കമ്പനിയുടെ ആദ്യ ലക്ഷ്യം വെറും കച്ചവടം മാത്രമായിരുന്നു. കുരുമുളകും ഏലവും പട്ടും പരുത്തിത്തുണികളും നീലവും വെടിമരുന്നിനുള്ള വെടിയുപ്പും തേയിലയും വാങ്ങിക്കൂട്ടി യൂറോപ്പിൽ കൊണ്ടുപോയി വൻ ലാഭത്തിൽ വിൽക്കുക എന്നതായിരുന്നു പ്ലാൻ.

1612 ൽ മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ ദർബാറിലെത്തി അനുമതി വാങ്ങി സൂറത്തിൽ അവർ ആദ്യത്തെ ട്രേഡിംഗ് ഫാക്ടറി തുറന്നു. തുടർന്ന് ബോംബെ, മദ്രാസ്, കൽക്കട്ട എന്നീ തീരപ്രദേശങ്ങളിൽ അവർ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചു.

എന്നാൽ പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും തമ്മിലുള്ള മത്സരവും പ്രാദേശിക സംഘർഷങ്ങളും മൂർച്ഛിച്ചപ്പോൾ, കമ്പനി തങ്ങളുടെ വെയർഹൗസുകൾ സംരക്ഷിക്കാൻ കോട്ടകൾ കെട്ടി. കോട്ടകൾ കാക്കാൻ അവർ യൂറോപ്യൻ ഓഫീസർമാരുടെ കീഴിൽ ഇന്ത്യയിലെ സാധാരണക്കാരെ കൂലിപ്പട്ടാളക്കാരായി (Sepoys) റിക്രൂട്ട് ചെയ്തു.

ബിസിനസ്സ് സംരക്ഷിക്കാൻ തുടങ്ങിയ ആ കുഞ്ഞു പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്സ് പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഔദ്യോഗിക സൈന്യത്തേക്കാൾ ഇരട്ടി വലിപ്പമുള്ള, ഏകദേശം 2,60,000 ത്തോളം പടയാളികളുള്ള കൂറ്റൻ പ്രൈവറ്റ് ആർമിയായി വളർന്നു!

ഇതിലെ ഏറ്റവും വലിയ വിരോധാഭാസം എന്താണെന്നോ?

ആ 2,60,000 സൈനികരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ തന്നെയായിരുന്നു.

ഒന്നോർത്തു നോക്കൂ…

സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ നമ്മുടെ സഹോദരങ്ങൾക്ക് നേരെ തോക്കുചൂണ്ടിയത് അവർ തന്നെയായിരുന്നു.

കാരണം, ചുരുക്കം ചില വിദേശ യജമാനന്മാരും അവരെ പിന്തുണച്ച നാട്ടിലെ ചില മാടമ്പിമാരും നൽകിയ ഉത്തരവ്.

ആ സൈനികർ മനസ്സുവെച്ച് തോക്ക് തിരിച്ചുപിടിച്ചിരുന്നെങ്കിൽ, നമ്മുടെ ചരിത്രം തന്നെ മാറിയേനെ.

ഈ ചരിത്രം ഇന്ന് ഓർക്കുമ്പോൾ ഒരു കാര്യം മനസ്സിൽ തോന്നും – സ്വന്തം നാടിനെക്കാൾ വിദേശ ശക്തികളെ സേവിക്കാൻ തയ്യാറായ ആ മനോഭാവം, ആ അടിമ മനസ്സ്, ഇന്നും ചിലരിൽ കാണുമ്പോഴാണ് ഏറ്റവും വേദന തോന്നുന്നത്.

പറഞ്ഞുവരുമ്പോൾ 1757 ജൂൺ 23 ന് നടന്ന പ്ലാസ്സി യുദ്ധമാണ് കമ്പനിയുടെ മുഖം മാറ്റിമറിച്ചത്. റോബർട്ട് ക്ലൈവ് എന്ന കമ്പനി ഉദ്യോഗസ്ഥൻ ബംഗാൾ നവാബ് സിറാജ് ഉദ്  ദൗളയുടെ സൈന്യാധിപനായ മിർ ജാഫറിനെ കൂറുമാറ്റി, ചതിയിലൂടെ നവാബിനെ തോൽപ്പിച്ചു. അതോടെ ബംഗാൾ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കയ്യിലായി.

തുടർന്ന് 1764 ലെ ബക്സർ യുദ്ധവും ജയിച്ച കമ്പനി, 1765 ൽ മുഗൾ ചക്രവർത്തി ഷാ ആലം രണ്ടാമനിൽ നിന്ന് ബംഗാൾ, ബീഹാർ, ഒറീസ്സ എന്നീ സമ്പന്ന പ്രദേശങ്ങളിലെ മുഴുവൻ നികുതിയും പിരിക്കാനുള്ള ‘ദിവാനി (ദീവാനി) അവകാശം’ സ്വന്തമാക്കി.

ദിവാനി അവകാശം (ദീവാനി) എന്നാൽ വളരെ സിമ്പിളായി പറഞ്ഞാൽ നികുതി പിരിക്കാനുള്ള അവകാശം.

1765 ൽ ബക്സാർ യുദ്ധത്തിന് ശേഷം, മുഗൾ ചക്രവർത്തി ഷാ ആലം രണ്ടാമനിൽ നിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി തന്ത്രപരമായി നേടിയെടുത്ത അധികാരമാണിത്.

ഇതുകൊണ്ട് കമ്പനിക്ക് കിട്ടിയത് എന്ത്?

പണപ്പിരിവ്: ബംഗാൾ, ബീഹാർ, ഒഡീഷ എന്നീ സമ്പന്നമായ പ്രദേശങ്ങളിലെ കോടിക്കണക്കിന് രൂപയുടെ നികുതി പിരിക്കാനുള്ള മുഴുവൻ അവകാശം.
ഭരണാധികാരം: ആ പ്രദേശങ്ങളിലെ സിവിൽ നീതിന്യായവും സാമ്പത്തിക ഭരണവും നോക്കാനുള്ള അധികാരം.

എന്തായിരുന്നു തന്ത്രം?

പേര് പറയാൻ ചക്രവർത്തി ഇപ്പോഴും മുഗൾ ചക്രവർത്തി ആയിരിക്കും. പക്ഷേ ഖജനാവിന്റെ താക്കോൽ കമ്പനിയുടെ കൈയ്യിൽ. അതായത്, ഭരിക്കാനുള്ള ചെലവും ഉത്തരവാദിത്തവും ചക്രവർത്തിക്ക്, ലാഭം മുഴുവൻ കമ്പനിക്ക്.

ഈ ഒരു അവകാശം കിട്ടിയതോടെയാണ് കമ്പനി വെറും കച്ചവടക്കാരിൽ നിന്ന് ഭരണാധികാരികളായി മാറിയത്. ഇന്ത്യയെ കൊള്ളയടിക്കാനുള്ള ലൈസൻസ് ആയിരുന്നു യഥാർത്ഥത്തിൽ ദിവാനി.

ചരിത്രത്തിലെ ഏറ്റവും ഭയാനകമായ കോർപ്പറേറ്റ് കൊള്ള അവിടെ ആരംഭിക്കുകയായിരുന്നു! ഒരു പ്രൈവറ്റ് കമ്പനി ഒരു രാജ്യത്തെ സാധാരണ ജനങ്ങളിൽ നിന്ന് നേരിട്ട് നികുതി പിരിക്കാൻ തുടങ്ങി. ജനങ്ങളുടെ കയ്യിൽ നിന്ന് പിരിച്ചെടുക്കുന്ന കാശുകൊണ്ട് അവർ ഇന്ത്യയിലെ ഉൽപ്പന്നങ്ങൾ സൗജന്യമായി വാങ്ങി ലണ്ടനിലേക്ക് കടത്തി.

ഈ നിഷ്ഠൂരമായ ചൂഷണം മൂലം 1770 ൽ ബംഗാളിൽ ഉണ്ടായ കൊടും പട്ടിണിയിൽ ഒരു കോടിയോളം പാവം മനുഷ്യരാണ് ഭക്ഷണം കിട്ടാതെ തെരുവിൽ മരിച്ചുവീണത്. എന്നിട്ടും കമ്പനി നികുതി കുറയ്ക്കാൻ തയ്യാറായില്ല, പകരം ലാഭം കൂട്ടി ഷെയർഹോൾഡർമാർക്ക് വീതിച്ചു നൽകി.

എന്നാൽ ഈ കോർപ്പറേറ്റ് കൊള്ളയ്ക്ക് മുന്നിൽ ഭാരതം തലകുനിച്ചു നിന്നില്ല. കമ്പനിയുടെ നികുതിക്കൊള്ളയ്ക്കെതിരെ ബംഗാളിൽ സന്യാസിമാരും ഫക്കീർമാരും ആയുധമെടുത്തപ്പോൾ, കേരളത്തിൽ വയനാടൻ കാടുകൾ കേന്ദ്രീകരിച്ച് വീരപഴശ്ശിരാജ കുറിച്യർക്കൊപ്പം കമ്പനിപ്പടയെ വിറപ്പിച്ചു.

തമിഴ്‌നാട്ടിൽ വീരപാണ്ഡ്യ കട്ടബൊമ്മനും മരുതു സഹോദരന്മാരും പോളിഗാർ യുദ്ധങ്ങളിലൂടെ കമ്പനിയെ വിറപ്പിച്ചപ്പോൾ, തിരുവിതാംകൂറിൽ വേലുത്തമ്പി ദളവ കുണ്ടറ വിളംബരത്തിലൂടെ ജനങ്ങളെ ഒന്നിപ്പിച്ചു.

ഒഡീഷയിൽ പൈക പോരാളികളും, കർണാടകയിൽ കിത്തൂർ റാണി ചെന്നമ്മയും, ജാർഖണ്ഡിലെ കാടുകളിൽ അമ്പും വില്ലുമായി സന്താൾ പോരാളികളും കമ്പനിപ്പടയുടെ ഉറക്കം കെടുത്തി. അങ്ങനെയങ്ങനെ അനേകം സമരമുഖങ്ങൾ…..

ഒടുവിൽ 1857 ൽ മംഗൾ പാണ്ഡെയും ഝാൻസി റാണിയും നയിച്ച ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ മഹാജ്വാലയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സിംഹാസനം തകർന്നുതരിപ്പണമായി. ജനരോഷം കണ്ട് ഭയന്ന ബ്രിട്ടീഷ് സർക്കാർ 1858 ൽ കമ്പനിയുടെ ഭരണാധികാരം പൂർണ്ണമായി റദ്ദാക്കി. തുടർന്ന് 1874 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഔദ്യോഗികമായി പിരിച്ചുവിട്ടു.

എന്നാൽ കമ്പനിയുടെ കച്ചവടക്കൊള്ള മാറിയത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ക്രൂരമായ ഭരണക്കൊള്ളയായി മാറി. ഇതിനെതിരെ ജനങ്ങൾ സംഘടിക്കാൻ തുടങ്ങി.

1885 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ടതോടെ നമ്മുടെ അവകാശങ്ങൾക്കായുള്ള ചിട്ടയായ ശബ്ദം ഉയർന്നു കേട്ടു. എന്നാൽ ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ ഭിന്നിപ്പിച്ചു ഭരിക്കാൻ 1905 ൽ ബംഗാളിനെ വെട്ടിമുറിച്ചപ്പോൾ രാജ്യം ഒന്നടങ്കം ‘സ്വദേശി പ്രസ്ഥാന’ത്തിലൂടെ തെരുവിലിറങ്ങി. വിദേശ വസ്ത്രങ്ങൾ കത്തിച്ചാമ്പലാക്കി അവർ ബ്രിട്ടീഷ് വിപണിയെ തകർത്തെറിഞ്ഞു.

പിന്നീട് ദക്ഷിണാഫ്രിക്കയിലെ പോരാട്ടങ്ങൾ കഴിഞ്ഞ് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതോടെ സ്വാതന്ത്ര്യസമരത്തിന്റെ ഗതി തന്നെ മാറിമറിഞ്ഞു!

ചമ്പാരനിലെയും ഖേദയിലെയും പാവം കർഷകർക്കൊപ്പം നിന്ന് അദ്ദേഹം അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും പുതിയൊരു സമരായുധം ലോകത്തിന് കാട്ടിക്കൊടുത്തു. പക്ഷേ, 1919 ഏപ്രിൽ 13 ന് പഞ്ചാബിലെ ജാലിയൻവാലാബാഗിൽ സമാധാനപരമായി ഒത്തുകൂടിയ ആയിരക്കണക്കിന് നിരപരാധികളെ ജനറൽ ഡയർ എന്ന ക്രൂരൻ വെടിവെച്ചുകൊന്നത് ഭാരതത്തിന്റെ ഹൃദയം പിളർത്തി.

ആ ചോരയിൽ നിന്നാണ് പിന്നീട് രാജ്യത്തെ വിറപ്പിച്ച വലിയ ജനകീയ പ്രക്ഷോഭങ്ങൾ ആളിപ്പടർന്നത്.

1920 ൽ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ വിദ്യാർത്ഥികളും വക്കീലന്മാരും തൊഴിലാളികളും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ചക്രങ്ങൾ നിശ്ചലമാക്കി.

ഒരു വശത്ത് ഗാന്ധിജിയുടെ നേതൃത്വത്തിൽ അഹിംസാ സമരം കൊടുമ്പിരികൊള്ളുമ്പോൾ, മറുവശത്ത് ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും രാജ്ഗുരുവും സുഖ്‌ദേവും തങ്ങളുടെ ചോര നൽകി ഇൻക്വിലാബ് സിന്ദാബാദ് വിളികളോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നെഞ്ചകം പിടിച്ചുലച്ചു!

1930 ൽ ബ്രിട്ടീഷുകാരുടെ ഉപ്പുനികുതിയെ വെല്ലുവിളിച്ച് ഗാന്ധിജി ദണ്ഡി കടപ്പുറത്ത് ഒരു പിടി ഉപ്പ് വാരിയെടുത്തപ്പോൾ അത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറയിളക്കിയ സിവിൽ നിയമലംഘന സമരമായി മാറി.

ഒടുവിൽ 1942 ൽ “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (Do or Die) എന്ന ഗർജ്ജനത്തോടെ ഭാരതം ക്വിറ്റ് ഇന്ത്യാ സമരത്തിലേക്ക് എടുത്തുചാടി.

അതേസമയം തന്നെ നേതാജി സുഭാഷ് ചന്ദ്രബോസ് ‘ആസാദ് ഹിന്ദ് ഫൗജ്’ (INA) എന്ന സ്വന്തം സൈന്യവുമായി ബ്രിട്ടീഷ് പടയോട് പോരാടാൻ അതിർത്തിയിലേക്ക് കുതിച്ചെത്തി.

രണ്ടാം ലോകമഹായുദ്ധത്തിന്റെ തകർച്ചയും, ആസാദ് ഹിന്ദ് ഫൗജിന്റെ വിചാരണകൾ ഉണ്ടാക്കിയ ജനരോഷവും, 1946 ൽ ഇന്ത്യൻ നാവികസേന നടത്തിയ റോയൽ ഇന്ത്യൻ നേവി കലാപവും ഒത്തുചേർന്നപ്പോൾ ഇനി ഇന്ത്യയെ തളച്ചിടാൻ കഴിയില്ലെന്ന് ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞു. അങ്ങനെ ലക്ഷക്കണക്കിന് ധീരദേശാഭിമാനികളുടെ ജീവത്യാഗത്തിന് ഒടുവിൽ,

1947 ഓഗസ്റ്റ് 15ന്റെ അർദ്ധരാത്രിയിൽ, ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഭാരതം സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഉണർന്നെണീറ്റു!

1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോഴും, ഭരണം നഷ്ടപ്പെട്ട് പൂട്ടിപ്പോയ ഈസ്റ്റ് ഇന്ത്യാ കമ്പനി ലണ്ടനിലെ ചില ബ്രിട്ടീഷ് നിക്ഷേപകരുടെ കൈകളിൽ വെറുമൊരു ചരിത്രപ്പേരായി, ഉറങ്ങിക്കിടക്കുകയായിരുന്നു. ചില സ്മരണിക നാണയങ്ങളും ലളിതമായ ചായപ്പൊടിയും വിൽക്കുന്ന ചെറിയൊരു സംരംഭം മാത്രമായി അതൊതുങ്ങി.

എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമാറ്റിക് പ്രതികാരം സംഭവിച്ചത് പതിറ്റാണ്ടുകൾക്ക് ശേഷമാണ്!

ഇന്ത്യയെ 200 വർഷം അടിമയാക്കി ഭരിച്ച, ഇന്ത്യയുടെ സർവ്വസ്വവും കൊള്ളയടിച്ച ആ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മുഴുവൻ ട്രേഡ്മാർക്ക് അവകാശങ്ങളും ആസ്തികളും, ലണ്ടനിലുള്ള ഓഹരി ഉടമകളിൽ നിന്ന് കോടികൾ നൽകി 2005 ൽ പൂർണ്ണമായും വിലയ്ക്കെടുത്തത് മറ്റാരുമല്ല മുംബൈയിൽ ജനിച്ച് വളർന്ന സഞ്ജീവ് മേത്ത (Sanjiv Mehta) എന്ന ഒരു ഇന്ത്യക്കാരൻ വ്യവസായിയാണ്!

അതുവരെ “നമ്മെ ഭരിച്ച, നമ്മെ കൊള്ളയടിച്ച അതേ കമ്പനിയെ ഒരു ഇന്ത്യക്കാരൻ സ്വന്തമാക്കുക എന്നത് ചരിത്രപരമായ ഒരു നീതിയാണ്” എന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം 2010 ൽ ലണ്ടനിലെ മെയ്‌ഫെയറിൽ ആഡംബര തേയിലകളും ചോക്ലേറ്റുകളും സുഗന്ധവ്യഞ്ജനങ്ങളും വിൽക്കുന്ന കമ്പനിയായി ഇതിനെ മാറ്റി.

മഹീന്ദ്ര ഗ്രൂപ്പും ലുലു ഗ്രൂപ്പും പോലുള്ള വമ്പന്മാർ വരെ ഈ പുതിയ കമ്പനിയിൽ നിക്ഷേപം നടത്തി എന്നറിയുന്നു.

പക്ഷെ കാലം വീണ്ടും മുൻപോട്ടു സഞ്ചരിച്ചുകൊണ്ടുചരിത്രം ആവർത്തിച്ചു!

കോവിഡിന് ശേഷം ആഡംബര വിപണി തകർന്നതോടെ കമ്പനി കടക്കെണിയിലായി.

2025 ഒക്ടോബറിൽ സഞ്ജീവ് മേത്തയുടെ ഈസ്റ്റ് ഇന്ത്യാ കമ്പനി 9.5 ലക്ഷം പൗണ്ടിലധികം (ഏകദേശം 11 കോടി രൂപ) കടവുമായി ലണ്ടനിൽ ലിക്വിഡേഷന് അപേക്ഷിച്ചു. കമ്പനി ഹൗസിൽ സമർപ്പിച്ച രേഖകൾ പ്രകാരം മാതൃകമ്പനിക്ക് 6 ലക്ഷം പൗണ്ട്, ജീവനക്കാർക്ക് ശമ്പളമായി 1.6 ലക്ഷം പൗണ്ട്, ബ്രിട്ടീഷ് സർക്കാരിന് നികുതിയായി 1.9 ലക്ഷം പൗണ്ട് എന്നിങ്ങനെ കടബാധ്യതയുണ്ടായിരുന്നു, എന്നാൽ കമ്പനിയുടെ അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്നത് വെറും 60 പൗണ്ട് മാത്രം!

2026 ഫെബ്രുവരിയോടെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പൂട്ടി, മെയ്‌ഫെയറിലെ 97 ന്യൂ ബോണ്ട് സ്ട്രീറ്റിലുള്ള ആഡംബര ഷോറൂം അടച്ചുപൂട്ടി വാടകയ്ക്ക് വെച്ചു.

ഈ വാർത്ത വന്നപ്പോൾ സഞ്ജീവ് മേത്ത പ്രതികരിച്ചത് ഇങ്ങനെയാണ്: “ഈസ്റ്റ് ഇന്ത്യാ കമ്പനി ഇല്ലാതായിട്ടില്ല. യുകെയിലെ റീട്ടെയിൽ കടകൾ മാത്രമാണ് അടച്ചത്. ബ്രാൻഡിന്റെ മാതൃകമ്പനിയും അതിന്റെ എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങളും ഇപ്പോഴും സുരക്ഷിതമാണ്. ഞങ്ങൾ ഇന്ത്യയിലേക്ക് ഉൾപ്പെടെ പുതിയ നിക്ഷേപകരുമായി വലിയ രീതിയിൽ തിരിച്ചുവരും.”

ഒരു കച്ചവട കമ്പനിയായി വന്ന് ഇന്ത്യയെ വിഴുങ്ങിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പോരാടി നമ്മൾ ചോര ചിന്തി സ്വാതന്ത്ര്യം നേടി എന്ന് മാത്രമല്ല… കാലത്തിന്റെ കാവ്യനീതി പോലെ, ഇന്ന് അതേ കമ്പനിയുടെ യഥാർത്ഥ മുതലാളി ഒരു ഇന്ത്യക്കാരനായി, ആ കമ്പനി രണ്ടാം തവണയും ലണ്ടനിൽ വെച്ച് തന്നെ തകർന്നടിഞ്ഞു എന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ്!

ഒരു സാമ്രാജ്യം എത്ര വലുതായാലും, ഒരുനാൾ അത് തകരുമെന്ന് ചരിത്രം രണ്ടു തവണ നമ്മെ ഓർമ്മിപ്പിച്ചു – ഒരിക്കൽ 1858 ലും, വീണ്ടും 2025 ലും!

ജയ് ഹിന്ദ്!… വന്ദേമാതരംതുടരും..

മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My WatsApp Contact No : 9500716709

Leave a Comment