ഗുജറാത്തിലെ ബാലിയോ?തൃക്കാക്കരയിലെ മാവേലിയോ?ആരാണ് നമ്മുടെ മഹാബലി?’

Part – 1

Time Taken to Read 7 Minutes

ഈ ലേഖനത്തിൽ പറയുന്നവ പുരാണം, സ്ഥലനാമ ഗവേഷണം, കേരളത്തിൽ പ്രചരിക്കുന്ന നാട്ടുകഥകളും നാട്ടുഐതീഹ്യങ്ങളും എന്നിവയെ അടിസ്ഥാനമാക്കി എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ രൂപപ്പെടുത്തിയ ഒരു സമന്വയമാണ്. ഇവ പുരാണങ്ങളിൽ നേരിട്ട് കാണണമെന്നില്ല.

ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്തുകയോ ചരിത്രത്തെ മാറ്റിയെഴുതുകയോ ചെയ്യുക എന്നതല്ല ഉദ്ദേശം.

കേരളത്തിന്റെ കൂട്ടായ സാംസ്കാരിക ഓർമ്മയായ ഓണത്തെ, ഐക്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായി ആഘോഷിക്കുക എന്നതാണ് ലക്ഷ്യം.

ബാലിവംശം മുതൽ മഹാബലി വരെ?പരശുരാമന്റെ ദാനം. മാവേലിയുടെ നാട്. കേരം തിങ്ങിയ നാട് കേരളനാട്.

കേരളം എന്ന പേരിന് പിന്നിൽ ഒരു കഥയല്ല, പല കഥകളുണ്ട്. ഇപ്പോൾ പാർളിമെന്റിൽ ആഗസ്റ്റ് 11 ന് ലൊകസഭയിലും ആഗസ്ത് 13 ന് രാജ്യസഭയിലും പാസാക്കിയ പെരുമാറ്റലിനെ കുറിച്ചല്ല എഴുതുന്നത്.

ത്രേതായുഗം മുതൽ പിന്നീട് ചരിത്രത്തെ ഉദ്ധരിച്ചു പറയുമ്പോൾ ചേര രാജാക്കന്മാരുടെ കാലം മുതലുള്ള കഥയാണ് എഴുതാൻ ശ്രമിക്കുന്നത്

വേദങ്ങളിൽ ‘ബാലി’ എന്ന രാജാവിനെക്കുറിച്ച് നേരിട്ടുള്ള കഥയില്ല. “ബാലി” എന്ന പേര് മഹാഭാരതത്തിലും പുരാണങ്ങളിലും വരുന്നുണ്ട്. എന്നാൽ കേരളത്തിൽ നൂറ്റാണ്ടുകളായി നാം പറഞ്ഞുവരുന്നത് മറ്റൊരു കഥയാണ്.

ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് മറ്റൊരു ചോദ്യം മനസ്സിൽ വന്നത്.  

നമ്മൾ പഠിച്ചത് മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളാണ്. മേൽപ്പത്തൂർ ഭട്ടതിരി എഴുതിയ നാരായണീയത്തിലൂടെയും, മലയാള ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ രാമായണ കിളിപ്പാട്ടിലൂടെയും നമ്മൾ അതറിഞ്ഞു.

എഴുത്തച്ഛൻ രാമായണം തുടങ്ങുന്നതേ “അവതാര സ്തുതി”യോടെയാണ്. രാമൻ ആരാണെന്ന്.

അദ്ധ്യാത്മരാമായണം ബാലകാണ്ഡം ഒന്നാം അധ്യായത്തിൽ:

“മത്സ്യം കൂർമ്മം വരാഹം നരസിംഹം വാമനം പരശുരാമം രാമം ബലഭദ്രം ബുദ്ധൻ കൽക്കി എന്നിങ്ങനെ ദശാവതാരങ്ങൾ ചൊല്ലീടുന്നു”

അപ്പോൾ മറ്റൊരു കഥയും നമ്മുടെ മനസ്സിലുണ്ട്  പരശുരാമൻ മഴുവെറിഞ്ഞുണ്ടായതാണ് കേരളം എന്നത്.

അപ്പോൾ സ്വാഭാവികമായും സംശയം ? നമ്മളിൽ ഉയർന്നുവരുന്ന ചോദ്യം?

ഹിരണ്യകശിപുവിന്റെ മകനായ പ്രഹ്ലാദന്റെ മകനായ മഹാബലി എങ്ങനെ പരശുരാമനും മുൻപേ കേരളം ഭരിക്കും?

വാമനാവതാരത്തിലെ മഹാബലി, പരശുരാമന് ശേഷമാണ്. എന്നാൽ കിഷ്കിന്ധയിലെ ബാലി, ശ്രീരാമന്റെ കാലത്താണ്. രണ്ടും “ബാലി” എന്ന പേര്. രണ്ടു പേരുടെയും പേരിന്റെ ഒടുവിൽ “ബാലി” ഒരു കുടുംബ പരമ്പര പേരുപോലെ?

ഒരുപക്ഷേ ഉത്തരം ഇതാവാം. രാമായണകാലത്ത് ധർമ്മത്തിനൊപ്പം നിന്ന ബാലിയുടെ വംശം, തെക്കേ കടലിനും പടിഞ്ഞാറേ മലനിരകൾക്കും ഇടയിൽ രാമൻ ദാനമായി നൽകിയ നാട്ടിൽ പിൽക്കാലത്ത് താമസമുറപ്പിച്ചിട്ടുണ്ടാവാം.

ആ വംശത്തിൽ പിന്നീട് അവതരിച്ച നീതിമാനാണ് “മഹാബലി” എന്നറിയപ്പെടുന്ന രാജാവ്. അതുകൊണ്ടാണ് “മാവേലി നാട് വാണീടും കാലം” എന്ന് നാം പാടുന്നത്.

അതുപോലെ ശ്രീരാമന്റെ പാദസ്പർശമേറ്റ കഥകളും നമ്മുടെ കേരള മണ്ണിനു പറയാനുണ്ട്.

രാമ – രാവണ യുദ്ധത്തിൽ മുറിവേറ്റ ലക്ഷ്മണന് മരുന്നെടുക്കാൻ പോയ ഹനുമാൻ മലയുമായി പറക്കുമ്പോൾ അടർന്നു വീണതാണ് ഏഴിമല എന്ന് കേട്ടിട്ടുണ്ട്.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ആൽമരം ശ്രീരാമചന്ദ്രനും സീതാദേവിയും ലക്ഷ്മണനും അജ്ഞാത വാസത്തിനിടയിൽ ഈ ക്ഷേത്രത്തിലെത്തി ആൽച്ചുവട്ടിൽ വിശ്രമിച്ചുവെന്നും, അടുത്തുള്ള കുളത്തിൽ സീതാദേവി കുളിച്ചതിനാൽ അതിന് സീതാകുളം എന്നും വിശ്വസിച്ചുവരുന്നു.

തലശ്ശേരിക്ക് ചുറ്റുമുള്ള നാട്ടിലും രാമന്റെ ഓർമ്മയുണ്ട്.

യുദ്ധവിജയത്തിനു ശക്തി തേടി സുബ്രഹ്മണ്യക്ഷേത്രത്തിൽ എത്തിയ  ശ്രീ രാമൻ തന്റെ പെരിയ വള ഊരി സമർപ്പിച്ചുവെന്നും. തുടർന്ന് ആ സ്ഥലം പെരുവളശ്ശേരി എന്നറിയപ്പെട്ടു

പിൽക്കാലത്തു ഭാഷാ പ്രയോഗത്തിലൂടെ ലോപിച്ചു പെരളശ്ശേരിയായി എന്നൊരു ഐതീഹ്യം.

പരശുരാമൻ പ്രതിഷ്ഠിച്ച തിരുവങ്ങാട് മഹാദേവ ക്ഷേത്രം?

ലങ്കായുദ്ധത്തിന് പോകുന്നതിന് മുൻപ്
ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ
എന്നിവർ ഇവിടെ വന്ന് ശക്തി തേടി
പ്രാർത്ഥിച്ചത്രേ.

യുദ്ധത്തിൽ വിജയം കിട്ടിയ ശേഷം
രാമൻ തിരികെ വന്ന് നന്ദി പറയാനായി
ഇവിടെ രാമക്ഷേത്രം പ്രതിഷ്ഠിച്ചു
എന്നാണ് വിശ്വാസം.

അതുകൊണ്ടാണ് ഈ പ്രദേശത്തിന്
“തിരുവങ്ങാട്” അതായത് “തിരു + അംഗാടി” എന്നും   തിരു + വൻ കാട് എന്നും അറിയപ്പെട്ടു എന്ന രണ്ടു ഐതീഹ്യം നിലനിൽക്കുന്നു

മക്രേരി മഹാദേവക്ഷേത്രം

കണ്ണൂർ ജില്ലയിലെ പഴയശ്ശി പഞ്ചായത്തിൽ തലശ്ശേരിക്ക് അടുത്താണ്.’രാമൻ തൊഴുത മക്രേരി മഹാദേവക്ഷേത്രം. ചേര രാജാക്കന്മാരുടെ കാലത്ത് നിർമ്മിച്ചതാണ് എന്ന് പറയുന്നു. പേരിലെ ഐതീഹ്യം ഇങ്ങനെ.

 മക്രേരി എന്നാൽ മകരം + ഏരി. അതായത് മകരമാസത്തിൽ ഉത്സവം നടക്കുന്ന സ്ഥലം.

പരിമഠം ദുർഗ്ഗാ ദേവി ക്ഷേത്രത്തെ കുറിച്ച്

ഐതിഹ്യം പറഞ്ഞുകേട്ടതു
പണ്ടുകാലത്ത് ഇവിടെ ഒരു “പരി” – അതായത് യക്ഷി/ദേവത – ഉണ്ടായിരുന്നത്രേ. 

ആ “പരി”യുടെ “മഠം” ആയിരുന്നു ഇത്. അതിൽ നിന്നാണ് പരിമഠം എന്ന പേര് വന്നത് എന്ന് പറയുന്നു.

പിന്നീട് ഇവിടെ ദുർഗ്ഗാദേവിയുടെ സ്വയംഭൂ പ്രതിഷ്ഠ ഉണ്ടായി. 

ശത്രുനാശത്തിനും വിജയത്തിനും ആളുകൾ ഇവിടെ വരുന്ന പതിവുണ്ട്. അതുകൊണ്ടാണ് യുദ്ധത്തിന് പോകുന്നവർ പോലും ഇവിടെ പ്രാർത്ഥിക്കാൻ വന്നിരുന്നത്.

രാമൻ ഇവിടെയെത്തി യുദ്ധവിജയത്തിന് ദേവിയെ പ്രാർത്ഥിച്ചു എന്ന് ഐതീഹ്യം നിലനിൽക്കുന്നുണ്ടെന്നറിയുന്നു

ഇതെല്ലാം കൂടി ‘രാമപഥ’ത്തിന്റെ ഭാഗമായി നമ്മുടെ നാട്ടുകഥകളിൽ ജീവിക്കുന്നു.

മറ്റൊരു അടയാളം “രാവണനോട് ഏറ്റുമുട്ടി ചിറകുകൾ നഷ്ടപ്പെട്ട് വീണ ജടായു മോക്ഷം പ്രാപിച്ചത് കൊല്ലത്തെ ജടായുപ്പാറയിലാണ്.

രാമൻ സ്വയം അന്ത്യകർമ്മം ചെയ്ത ആ പുണ്യഭൂമി, ധർമ്മത്തിനു വേണ്ടിയുള്ള ത്യാഗത്തിന്റെ പ്രതീകമായി ഇന്നും നിലനിൽക്കുന്നു.

രാമസേതുവിന്റെ ഓർമ്മകളും ഇതൊക്കെ നമ്മുടെ നാട്ടുകഥകളിൽ ജീവിക്കുന്നു.

ഈ സംഭവങ്ങളെല്ലാം ചേർന്ന് വെളിപ്പെടുത്തുന്നത്: ശ്രീ രാമചന്ദ്രൻ എന്നത് നീതിയുടെയും ധർമ്മത്തിന്റെയും പ്രതീകം, 

സുബ്രഹ്മണ്യൻ  എന്നത് ശക്തിയുടെ പ്രതീകം 

ശിവൻ എന്നത്  സംഹാരത്തിന്റെ പ്രതീകം  ഭഗവതി എന്നത് വിജയത്തിന്റെ പ്രതീകം ഇത്രയും ആമുഖം ആയി പറഞ്ഞുകൊണ്ട് എന്റെ നിഗമനത്തിലേക്ക് 

വരൂ, ഈ കഥ ഒന്നുകൂടി കേൾക്കാം…

“മഹാബലി”

ശരിയാണ്. “ബലി” എന്നാൽ ത്യാഗം, ദാനം.  

“മഹാബലി” എന്നാൽ “വലിയ ത്യാഗി”.

വേദങ്ങളിൽ “ബാലി” എന്ന രാജാവിനെക്കുറിച്ച് നേരിട്ടുള്ള കഥയൊന്നുമില്ല. എന്നാൽ “ബാലി” എന്ന പേര് മഹാഭാരതത്തിലും പുരാണങ്ങളിലും വരുന്നുണ്ട്.

അഗ്നിപുരാണം 41/284 – 286, കൂർമ്മപുരാണം 1/16, ഭാഗവതം 8-ാം സ്കന്ധം 15 – 23, വാമനപുരാണം എന്നിവിടങ്ങളിൽ വാമന – ബാലി കഥയുണ്ട്.

പക്ഷേ അവിടെയെല്ലാം ബാലിയുടെ സ്ഥലങ്ങൾ? “സൗരാഷ്ട്ര/വസ്ത്രപഥ/ഭൃഗുകച്ഛം” എന്നാണ് പല പുരാണങ്ങളും പറയുന്നത്. കേരളത്തെക്കുറിച്ച് നേരിട്ട് പറയുന്നില്ല.

സൗരാഷ്ട്ര ഗുജറാത്തിലെ  സ്ഥലങ്ങൾ ജാംനഗർ, രാജ്‌കോട്ട്, ജൂനാഗഢ്, ഭാവ്‌നഗർ, പോർബന്ദർ, ദ്വാരക 

പ്രധാനം: കൃഷ്ണന്റെ ദ്വാരക ഇവിടെയാണ്. സോമനാഥ് ക്ഷേത്രവും ഇവിടെയാണ്.

പുരാണങ്ങളിൽ യാദവന്മാരുടെ നാട് എന്നാണ് പറയുന്നത്.

ഭൃഗുകച്ഛം എന്നാൽ Bhrigukachchha 

ഇന്നത്തെ സ്ഥലം: ഭരൂച്ച് Bharuch

ഗുജറാത്തിലെ നർമദ നദിയുടെ തീരത്തുള്ള ഒരു പ്രധാന തുറമുഖ നഗരം.

പേര് വന്നത്: ഋഷി ഭൃഗുവിന്റെ പേരിൽ നിന്ന്. “കച്ഛം” എന്നാൽ നദീതീരം / തുറമുഖം

പുരാതന കാലത്ത് റോമുമായും അറേബ്യയുമായും വ്യാപാരം നടന്നിരുന്ന പ്രധാന തുറമുഖം.

ഭാഗവതം, വാമന പുരാണം എന്നിവിടങ്ങളിൽ ബലിയുടെ തലസ്ഥാനമായി ഇതിനെ പറയുന്നുണ്ട്.

വസ്ത്രപഥം = Vastrapatha

ഇന്നത്തെ സ്ഥലം: വഡോദരയുടെ (Vadodara)  അടുത്തുള്ള പ്രദേശം എന്നാണ് ചില ഗവേഷകരുടെ അഭിപ്രായം.

“വസ്ത്രം” എന്നാൽ തുണി. “പഥം” വസ്ത്രം വഴി / സ്ഥലം. അതായത് “തുണി വ്യാപാരം നടന്ന വഴി”

മറ്റൊരു വാദം: ഇത് സൗരാഷ്ട്രയുടെ ഒരു ഭാഗം ആണ് എന്നും പറയുന്നു.

കൂർമ്മപുരാണത്തിൽ ബലിയുടെ രാജ്യം എന്ന് വസ്ത്രപഥത്തെ പറയുന്നുണ്ട്.

അപ്പോൾ പ്രധാന കാര്യം  പല പുരാണങ്ങളും ബാലിയുടെ രാജ്യം പടിഞ്ഞാറേ ഇന്ത്യയിലെ ഗുജറാത്ത് ആണ് എന്നാണ് പറയുന്നത്.  

കേരളവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു പുരാണ റഫറൻസ് ഇല്ല. എങ്കിലും ഇവിടങ്ങളിൽ നിന്നുമുള്ള ചില സമുദായങ്ങളുടെ കുടിയേറ്റം കേരളത്തിലും തമിഴ് നാട്ടിലുമുണ്ടായിട്ടുണ്ടെന്നു വിശ്വസിച്ചുവരുന്നു.

അതുകൊണ്ടാണ് നമ്മുടെ കേരളത്തിലെ “മഹാബലി കഥ” പുരാണം + നാട്ടുകഥ + സ്ഥലനാമ ഗവേഷണം കൂടിക്കലർന്നതാണ് എന്ന നിഗമനത്തിലെത്തുന്നത് ശരിയായിരിക്കാം തെറ്റായിരിക്കാം.

രാമായണകാലത്ത് ശ്രീരാമ – രാവണ യുദ്ധത്തിൽ ധർമ്മത്തിനൊപ്പം നിന്നവർക്ക് ശ്രീരാമൻ അനുഗ്രഹം നൽകിയെന്നാണ് ഇപ്പോൾ എന്റെ സങ്കൽപ്പത്തിൽ ഞാൻ വിശ്വസിക്കുന്നത്. 

നമ്മുടെ നാട്ടിലെ ചില മുതിർന്നവരിൽ നിന്ന് കേട്ട ഒരു ഐതീഹ്യം ഇങ്ങനെയാണ്: യുദ്ധശേഷം നീതിയും ദാനശീലവും ഉള്ള ബാലി രാജാവിനെ വിളിച്ച രാമൻ പറഞ്ഞു:

“നീ നന്മയുടെ പ്രതീകമാണ്. തെക്കേ കടലിനും പടിഞ്ഞാറേ മലനിരകൾക്കും ഇടയിൽ ഞാൻ നിനക്ക് ഒരു നാട് ദാനമായി നൽകുന്നു. അവിടെ എപ്പോഴും മഴയുണ്ടാകട്ടെ, വിളവുണ്ടാകട്ടെ, സമാധാനമുണ്ടാകട്ടെ. ആ നാടിന് ‘കേരളം’ എന്ന് പേരിടുന്നു.”

ആ ബാലിവംശത്തിൽ പിന്നീട് അവതരിച്ചതാണ് മഹാബലി എന്ന് പറയപ്പെടുന്ന നീതിമാനായ രാജാവ്. അതുകൊണ്ടായിരിക്കാം “മാവേലി നാട് വാണീടും കാലം” എന്ന് നമ്മൾ ഓർക്കുന്നത്.

രാമൻ ദാനമായി നൽകിയ നന്മയുടെ നാടാണ് കേരളം. അതുകൊണ്ടുതന്നെ ഓണം ഈ മണ്ണിലെ എല്ലാ മക്കളുടെയും ഉത്സവമാണ്.

പറയട്ടെ, കിഷ്കിന്ധയിലെ ബാലിയും പാതാളത്തിൽ പോയ മഹാബലിയും രണ്ടുപേരാണ്. നാട്ടുകഥയിൽ ഈ രണ്ടു നന്മയുടെ പേരുകളും ഒരേ വംശപരമ്പരയായി കൂട്ടിച്ചേർക്കപ്പെട്ടു.

പറഞ്ഞുവരുമ്പോൾ “മാവേലി / മാവേലിക്കര” എന്ന സ്ഥലനാമത്തെക്കുറിച്ചുള്ള 2 ഗവേഷണ വീക്ഷണങ്ങൾ കൂടി പരിശോദിക്കുമ്പോൾ?

വി.വി.കെ. വാല്യത്തിന്റെ വാദം  “മാവേലി എന്നാൽ വലിയ മതിൽ” 

“സ്ഥലനാമ ചരിത്രങ്ങൾ” എന്ന പുസ്തകത്തിൽ വി.വി.കെ. വാല്യത്തും മറ്റ് ചില ഗവേഷകരും പറയുന്നത്?

തിരുവിതാംകൂർ – തിരുകൊച്ചി പ്രദേശത്ത് വലിയ വസ്തുക്കൾക്ക് ചുറ്റും ഉണ്ടായിരുന്ന കൂറ്റൻ മതിലിനെ “വേലി” എന്നാണ് വിളിച്ചിരുന്നത്.

അങ്ങനെ “വലിയ വേലി” ഉള്ള കുടുംബം എന്നാൽ “മാവേലി കുടുംബം” / “മാവേലി തമ്പുരാക്കൾ”.

അവിടെ നിന്നാണ് മാവേലിക്കര  എന്നത് “മാവേലിയുടെ കര/സ്ഥലം” എന്ന് വന്നത് എന്നൊരു ഒരു വാദം. 

ഇത് ഒരു സ്ഥലനാമ ശാസ്ത്രപരമായ വിശദീകരണമാണ്.

മറ്റൊന്ന്: സംഘകാല – ചേര വംശ ബന്ധം പറയുമ്പോൾ

“ആദിചേരന്മാർ / മഹാബലി വംശർ”

കൊങ്ങുനാട് – കരൂർ – ആദിചേരൻ വാദവും ഗവേഷണത്തിൽ ഉണ്ട്.

സംഘസാഹിത്യത്തിലും ചില ചരിത്രകാരന്മാരും പറയുന്നത്: കൊങ്ങുനാട് ഭരിച്ച “കൊങ്കിളം കൊവരസർ” എന്ന ചേരവംശ ശാഖക്ക് “മഹാബലി” എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നുവെന്നാണ്.

പിന്നീട് അവരിൽ ചിലർ തെക്കോട്ട് കുടിയേറി തിരുവിതാംകൂറിലും തിരുകൊച്ചിയിലും സ്ഥിരതാമസമാക്കി. 

അവരിലെ ഒരു പ്രബല രാജാവ് തൃക്കാക്കര കേന്ദ്രമാക്കി ഭരിച്ചു. വലിയ കോട്ടയും മതിലും ഉണ്ടാക്കിയതുകൊണ്ട് “മാവേലി തമ്പുരാൻ” ആയി.

അദ്ദേഹത്തിന്റെ കോട്ടയ്ക്കുള്ളിലെ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ 10 ദിവസത്തെ ഉത്സവം?  അത്തം മുതൽ തിരുവോണം വരെ. 

ഇത് വിളവെടുപ്പ് ഉത്സവമായിരുന്നു എന്നും, രാജാവ് ജനങ്ങൾക്ക് വസ്ത്രം, ഭക്ഷണം, ദാനം കൊടുത്തിരുന്നു എന്നും നാട്ടുചരിത്രങ്ങളിൽ പറഞ്ഞു കേട്ടിട്ടുണ്ട്.

തിരുവല്ല – തോട്ട്, മാവേലിക്കര, ഓണാട്ടുകരയുമായുള്ള ബന്ധം

നേരിട്ട് “മഹാബലി വന്നു” എന്ന പുരാണ കഥയില്ല. പക്ഷേ മൂന്ന് സ്ഥലങ്ങളിലും “ഓണം  മാവേലി”യുമായി ബന്ധപ്പെട്ട നാട്ടുചരിത്രങ്ങളുണ്ട്.

തിരുവല്ല “തോട്ട്” പറയുമ്പോൾ 

തിരുവല്ലയുടെ പഴയ പേര് “തൃവല്ലൂർ” എന്നാണ്. ഇവിടെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം പ്രസിദ്ധമാണ്.

തിരുവല്ല “തോട്ട്” എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് തിരുവല്ല പുഞ്ചപ്പാടത്തെ “തോട്ട്” ആണ്.

തിരുവല്ല തോട്ട് എന്നാൽ എന്ത്?

തോട്ട് എന്നാൽ വലിയ നെൽപ്പാടം / പുഞ്ച. തിരുവല്ലയ്ക്ക് ചുറ്റുമുള്ള ആയിരക്കണക്കിന് ഏക്കർ വരുന്ന നെൽപ്പാടങ്ങളെയാണ് “തിരുവല്ല തോട്ട്” എന്ന് പറയുന്നത്.  

കേരളത്തിലെ ഏറ്റവും വലിയ ഏകീകൃത നെൽകൃഷി സ്ഥലങ്ങളിൽ ഒന്നാണിത്.

പേര് വന്നത്  ഇങ്ങനെ ആയിരിക്കും എന്ന്  കേട്ടുകേൾവി.

“തോട്ട്” എന്ന വാക്കിന് “പാടം, വയൽ, കൃഷിസ്ഥലം” എന്നൊക്കെ അർത്ഥം ഉണ്ട്.  

പണ്ടുകാലത്ത് പാണ്ഡവർ അജ്ഞാതവാസത്തിനിടെ ഇവിടെ കൃഷി ചെയ്തു എന്നും ഒരു ഐതീഹ്യമുണ്ട്.

കേരളത്തിന്റെ നെല്ലറ എന്നും കരുതിപ്പോരുന്നു. 

ഇവിടെ വിളയുന്ന നെല്ലാണ് “തിരുവല്ല അരി” എന്ന പേരിൽ അറിയപ്പെടുന്നത്.

ഇങ്ങനെ വിശ്വസിക്കുമ്പോൾ ഓണത്തിന് വള്ളസദ്യ  എന്ന ചടങ്ങിന്  തിരുവല്ല തോട്ടിലെ പുതിയ അരി കൊണ്ടാണ് വള്ളസദ്യ ഉണ്ടാക്കുന്നത്.

മഴക്കാലത്ത് മുഴുവൻ വെള്ളം നിറഞ്ഞ് ഒരു വലിയ തടാകം പോലെ കാണപ്പെടും. “തോട്ടിലെ വെള്ളം” ഒരു കാഴ്ച തന്നെയാണ് എന്നാണു കഥ!

പ്രചാരത്തിലുള്ള  നാട്ടുകഥ: ഓണക്കാലത്ത് തൃക്കാക്കരയിൽ നിന്ന് മാവേലി “വഞ്ചിയിൽ” വരുന്ന വഴി തിരുവല്ല പമ്പാനദിയുടെ തോട്ടിലൂടെ ആയിരുന്നു എന്ന് ചില പഴമക്കാർ പറയാറുണ്ട്.  

അതുകൊണ്ട് ഓണസമയത്ത് പമ്പയിൽ വള്ളംകളിയും വലിയ ചന്തയും ഉണ്ടായിരുന്നു. “തോട്ട്” എന്നാൽ നദിയുടെ ഓരം/കടവ്.

ആമുഘത്തിൽ എഴുതിയതുപോലെ   മാവേലിക്കര; പേര് സൂചിപ്പിക്കുന്നത് പോലെ “മാവേലിയുടെ കര” എന്നാണ്. ഇവിടെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉണ്ട്.

പ്രചാരത്തിലുള്ള  നാട്ടുകഥ: മാവേലി തമ്പുരാൻ തന്റെ രാജ്യത്തെ 10 കരകളായി തിരിച്ച് ഭരിച്ചിരുന്നു. അതിൽ ഒന്നാണ് “മാവേലിക്കര”. ഓണത്തിന് ഇവിടെ രാജാവ് ജനങ്ങൾക്ക് സദ്യയും നാണയവും കൊടുത്തിരുന്നു എന്നാണ് വിശ്വാസം.

ഓണാട്ടുകര / Oonanaattukara  (ഊനാട്ടുകര) 

“ഊനാട്” എന്നാൽ “ഊരും നാടും” കൂടിയ പ്രദേശം. ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല എന്നിവ ഉൾപ്പെടുന്ന പ്രദേശത്തിന് പഴയ പേര് “ഊനാട്” എന്നായിരുന്നു.

പ്രചാരത്തിലുള്ള  നാട്ടുകഥ: മാവേലി തമ്പുരാന്റെ ഭരണത്തിലെ “നെൽപ്പുര”കളും സംഭരണ കേന്ദ്രങ്ങളും ഉണ്ടായിരുന്ന സ്ഥലമാണ് ഊനാട്. വിളവെടുപ്പ് കഴിഞ്ഞ് ഓണത്തിന് നെല്ല് രാജാവിന് കൊടുക്കുന്ന ചടങ്ങ് ഇവിടെ പ്രസിദ്ധമായിരുന്നു. അതിൽ നിന്നാണ് “ഓണാട്ടുകര” ആയത് എന്നും ഒരു വാദമുണ്ട്.

ചുരുക്കി പറഞ്ഞാൽ മുകളിൽ എഴുതിയ മൂന്നു പോയിന്റുകളിലൂടെ വിലയിരുത്തുമ്പോൾ:

ഒന്ന്,  ബാലി – വാമന കഥ പുരാണങ്ങളിലുണ്ട്, പക്ഷേ സ്ഥലം കേരളം എന്ന് നേരിട്ട് പറയുന്നില്ല.

രണ്ടു ചരിത്രത്തിൽ “മാവേലി” എന്നത് ഒരു രാജാവിന്റെ സ്ഥാനപ്പേരോ, “വലിയ മതിൽ” ഉള്ളവരുടെ പേരോ ആകാം എന്ന് സ്ഥലനാമ ഗവേഷകരുടെ വാദം.

ഈ മൂന്ന് നാട്ടുചരിത്രം പറയുന്നത് തൃക്കാക്കര കേന്ദ്രമാക്കി ഓണം ഒരു വിളവെടുപ്പ് – ദാന ഉത്സവമായി നടന്നു. അതിന്റെ ഓർമ്മയാണ് തിരുവല്ല, മാവേലിക്കര, ഊനാട്ടുകര വരെയുള്ള “ഓണക്കഥകൾ”.

എല്ലാം കൂടി ചേർത്ത് ചുരുക്കിപ്പറയുമ്പോൾ ഇത് “വിശ്വാസവും  ചരിത്രവും  സ്ഥലനാമംവും” കൂടിക്കലർന്നതാണ്. 100% തെളിവുള്ള രേഖയില്ല, പക്ഷേ ഗവേഷണ വഴികളുണ്ട്.

“മാവേലിയും ഓണവും – യഥാർത്ഥ കഥ”

ഇതിന് ഒരൊറ്റ ഉത്തരം ഇല്ല. മുകളിലെഴുതിയതുപോലെ മൂന്നു കഥകൾ കൂടിക്കലർന്നതാണ് നമ്മുടെ ഓണം.

എന്നാൽ ഇതിൽനിന്നെല്ലാം  വ്യത്യസ്തമാണ് നമ്മൾ സ്കൂളിൽ പഠിച്ചതും വീട്ടിൽ കേട്ടതും

ഏറ്റവും പ്രചാരമുള്ളത് – പുരാണ കഥ  

അസുര രാജാവ് മഹാബലി. അദ്ദേഹം ദാനശീലനും നീതിമാനും ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിൽ “ആർക്കും പട്ടിണി ഇല്ല, കള്ളൻ ഇല്ല, കള്ളം ഇല്ല” എന്ന അവസ്ഥയായിരുന്നു.

ദേവന്മാർ ഈ സൽഭരണത്തിൽ അസൂയപ്പെട്ടു. വിഷ്ണു വാമനൻ ആയി വന്നു. മൂന്നു ചുവട് സ്ഥലം ചോദിച്ചു. ഒന്ന് മണ്ണ്, രണ്ട് ആകാശം, മൂന്ന് ബലിയുടെ തലയിൽ ചവിട്ടി അദ്ദേഹത്തെ പാതാളത്തിലേക്ക് അയച്ചു.  

പോകുന്നതിന് മുൻപ് ബലി ഒരു വരം ചോദിച്ചു: “വർഷത്തിൽ ഒരിക്കൽ ഞാൻ എന്റെ ജനങ്ങളെ കാണാൻ വരണം”. വിഷ്ണു സമ്മതിച്ചു. അതാണ് ഓണം.

സാരം: ഓണം എന്നാൽ ഒരു നല്ല രാജാവിന്റെ തിരിച്ചുവരവ്. ഐക്യം, സമൃദ്ധി, സമത്വം.

“എന്നതിന് റഫറൻസ് ഗ്രന്തത്തിൽ വലിയ മതിൽ ഉള്ള രാജാവ്”   

റഫറൻസ്: വി.വി.കെ. വാല്യത്തിന്റെ “സ്ഥലനാമ ചരിത്രങ്ങൾ”  

തിരുവിതാംകൂറിൽ വലിയ വസ്തുവിന് ചുറ്റുമുള്ള മതിലിനെ “വേലി” എന്നാണ് വിളിച്ചിരുന്നത്.  

“മാ” = വലിയ. “വേലി” = മതിൽ. അതുകൊണ്ട് “മാവേലി” = വലിയ കോട്ടയുള്ള തമ്പുരാൻ.  

മാവേലിക്കര എന്നാൽ മാവേലിയുടെ കര/സ്ഥലം. ഇത് ഒരു സ്ഥാനപ്പേരാണ്, വ്യക്തിയുടെ പേരല്ല.

“ആദിചേരൻ / മഹാബലി വംശം” 

പരശുരാമൻ കേരളം സൃഷ്ടിച്ച് ദാനം ചെയ്തത് മഹാബലിയുടെ പിൻഗാമികൾക്കാണ് എന്നാണ് നാട്ടുകഥ.  

അതുകൊണ്ടാണ് നമ്മൾ ഇന്നും ‘മാവേലി’യെ ഓർക്കുന്നത്, ഓണം ആഘോഷിക്കുന്നത്.  

വൈഷ്ണവ വിശ്വാസിയായ മഹാബലി വിഷ്ണുഭക്തനായിരുന്നു. വാമനോട് കള്ളം പറയാതെ ദാനം കൊടുത്തു. അതുകൊണ്ട് “ധർമ്മരാജാവ്” ആയി.  

വാമനൻ മൂന്ന് ചുവട് ചോദിച്ചപ്പോൾ ‘ഞാൻ തരാം’ എന്ന് പറഞ്ഞ ധർമ്മത്തിന്റെ വംശം – അതാണ് ആദിചേരൻ വംശം എന്ന് വിശ്വാസം.  

റഫറൻസ്: സംഘസാഹിത്യം + കൊങ്ങുനാട് ചരിത്രം

കാർഷിക – സാംസ്കാരിക കഥ  ഏറ്റവും യുക്തിപരമായത്  

ചരിത്രകാരന്മാരിൽ പലരും ഇതിനോടാണ് ചേർന്ന് നിൽക്കുന്നത്.  

ഓണം എന്നു പറയുമ്പോൾ വിളവെടുപ്പ് ഉത്സവം.  

ഓ + ണം

എന്നാൽ ഉയർന്ന്, മുകളിലേക്ക്, ആനന്ദം. വേദങ്ങളിൽ “ഓം” പോലെ ഉയർച്ചയുടെയും ശുഭത്തിന്റെയും ശബ്ദം

ണം എന്നാൽ പൂർത്തിയാവുക, നിറയുക, സമൃദ്ധി.  അതായത് “അന്നം” പോലെ. വിളവ് നിറയുക എന്ന അർത്ഥം.

മലയാളം മാസം ചിങ്ങം? നെല്ല് വിളയുന്ന സമയം. കേരളത്തിൽ മുഴുവൻ “പുതിയ നെല്ല്” വീട്ടിൽ വരുന്ന കാലം.  

“അത്തം മുതൽ തിരുവോണം വരെ”: 10 ദിവസം. ഇത് പണ്ടത്തെ “വിളവെടുപ്പ് + സംഭരണം + കണക്കെടുപ്പു കാലം” ആയിരുന്നു.  

“മാവേലി വരുന്നു”: വിളവ് നല്ലതായാൽ “രാജാവിന്റെ കാലം പോലെ” സമൃദ്ധിയുണ്ട് എന്ന് ജനങ്ങൾ പറഞ്ഞു. 

“മാവേലി നാട് വാണീടും കാലം” = നല്ല ഭരണത്തിന്റെ ഒരു വിശ്വാസമായി കരുതിപ്പോന്നു.

അതായത് ഒരു യഥാർത്ഥ “മാവേലി” രാജാവ് ഉണ്ടായിരുന്നോ എന്നതിലും വലുത്, “മാവേലിയുടെ കാലം” എന്ന ആശയം ജനങ്ങളുടെ കൂട്ടായ ഓർമ്മയായി നിലനിർത്തി.

ചുരുക്കി പറഞ്ഞാൽ:  

മഹാബലി എന്ന പുരാണ കഥാപാത്രവും, തൃക്കാക്കരയിൽ ഭരിച്ച “മാവേലി” എന്ന ചരിത്ര/നാട്ടു കഥാപാത്രവും, കേരളത്തിന്റെ വിളവെടുപ്പ് ഉത്സവവും കൂടി ചേർന്നപ്പോഴാണ് “മാവേലി വന്ന് ഓണം കൊണ്ടാടുന്നു” എന്ന നമ്മുടെ കഥ ഉണ്ടായത്.  

അതുകൊണ്ടാണ് ഓണം ഒരു മതത്തിന്റെ ഉത്സവമല്ല. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എല്ലാവരും “മാവേലിയുടെ നാട്” എന്ന് പറഞ്ഞ് ആഘോഷിക്കുന്നത്.

മറ്റൊരു കഥാ ത്രെഡ്  സ്നേഹപൂർവമായ ചിന്ത

ചില സമുദായങ്ങൾക്ക് ഓണം ആഘോഷിക്കുന്നതിനു വൈമനസ്യമുണ്ടെങ്കിൽ, അവർ കൂടി ആഘോഷിക്കുവാൻ ഒരു കഥാ മിത്തായി ഇതിനെ സ്വീകരിച്ചുകൂടെ?

പൂർണ്ണമായും എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ പറയട്ടെ:

മെൽക്കി – Melchi / Melchizedek  

ബൈബിളിലെ ഒരു രാജാവും പുരോഹിതനും. 

“മെൽ” എന്നത് “മഹാ” എന്നതിന് അടുത്ത് വരും. 

“മഹാ – ബലി” എന്നതിന് ഏറ്റവും അടുത്ത പദം.  

മെൽക്കിസേദെക്ക് = “നീതിയുടെ രാജാവ്” എന്നാണ് അർത്ഥം. ഇത് “നീതിമാനായ മാവേലി” എന്ന ആശയത്തോട് അടുത്ത് വരും.

മെഹ്താബ് അലി  

മെഹ്താബ് = ചന്ദ്രൻ / പ്രകാശം.

അലി = ഉന്നതൻ.

വാൽക്കഷ്ണം: ഒരു 

സ്നേഹപൂർവമായ ചിന്ത

ഓണം ഒരു വിളവെടുപ്പ് ഉത്സവവും നന്മയുടെ ഓർമ്മയുമാണ്. അതുകൊണ്ട് മതഭേദമില്ലാതെ കേരളീയർക്ക് മുഴുവൻ അവകാശപ്പെടാവുന്നതാണ്.

ചിലപ്പോൾ നമ്മൾ ചിന്തിച്ചേക്കാം: “മഹാത്യാഗി” എന്ന ആശയം എല്ലാ മതങ്ങൾക്കും പൊതുവല്ലേ?  

ഹിന്ദു പുരാണത്തിലെ മഹാബലി – ദാനത്തിനായി എല്ലാം ത്യാഗം ചെയ്ത രാജാവ്.  

ബൈബിളിലെ മെൽക്കിസേദെക്ക് – “നീതിയുടെ രാജാവ്”.  

ഇസ്ലാമിക സംസ്കാരത്തിൽ മെഹ്താബ് എന്ന പേരിന് “ചന്ദ്രൻ, പ്രകാശം” എന്ന അർത്ഥം.

പേരുകൾ വ്യത്യസ്തമാണെങ്കിലും, “നീതി, ദാനം, സമൃദ്ധി” എന്ന സന്ദേശം ഒന്നല്ലേ?  

ഒരുപക്ഷേ അതുകൊണ്ടാണ് കേരളത്തിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എല്ലാവരും “മാവേലിയുടെ നാട്” എന്ന് പറഞ്ഞ് ഓണം ഒരുമിച്ച് ആഘോഷിക്കുന്നത്.

ചുരുക്കം: ഓണം എന്നാൽ ഒരു കേരളീയത

വീണ്ടും ആവർത്തിച്ചു പറയുന്നു, ഈ ലേഖനത്തിൽ പറയുന്നവ പുരാണം, സ്ഥലനാമ ഗവേഷണം, നാട്ടുകഥകൾ എന്നിവയുടെ ഒരു സമന്വയമാണ്. ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്തുകയോ, ചരിത്രത്തെ മാറ്റിയെഴുതുകയോ ചെയ്യുക എന്നതല്ല ഉദ്ദേശം. കേരളത്തിന്റെ കൂട്ടായ സാംസ്കാരിക ഓർമ്മയായ ഓണത്തെ, ഐക്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായി ആഘോഷിക്കുക എന്നതാണ് ലക്ഷ്യം.

ഇത് മതങ്ങളെ താരതമ്യം ചെയ്യുന്നതല്ല. “നീതി – ദാനം” എന്ന മൂല്യം എല്ലാ വിശ്വാസത്തിലും ഉണ്ട് എന്ന് ഓർമ്മിപ്പിക്കാനുള്ള ഒരു സ്നേഹപൂർവമായ ആലോചന മാത്രമാണ്.

കഥ തുടരും…

മഠത്തിൽ ബാബു ജയപ്രകാശ്……….✍️   My Whatsapp Contact No: 9500716709

Leave a Comment