Time Taken To Read 3 Minutes
ജീവിച്ചിരിക്കേണ്ടതിന്റെ ആവശ്യം?
രണ്ടു മൂന്നു ദിവസംമുൻപ് ഞാൻ അംഗമായിട്ടുള്ള ഒരു ഗ്രൂപ്പിൽ നിന്നും ലഭിച്ച മെസേജാണ് ഇവിടെ കടപ്പാടോടെ ആമുഖമായി കോപ്പി ചെയ്യുന്നത് .
പ്രമുഖർ പങ്കെടുത്ത വിരുന്നിൽ, ഒരു വൃദ്ധൻ വടിയുടെ സഹായത്തോടെ സ്റ്റേജിൽ വരികയും തന്റെ സീറ്റിൽ ഇരിക്കുകയും ചെയ്തു. അവതാരകൻ അദ്ദേഹത്തോട് ചോദിച്ചു:
“നിങ്ങൾ ഇപ്പോഴും പതിവായി ഡോക്ടറെ കാണാൻ പോകാറുണ്ടോ?”
വൃദ്ധൻ പറഞ്ഞു: ”ഉണ്ട്! ഞാൻ പതിവായി പോകാറുണ്ട്!”
അവതാരകൻ ചോദിച്ചു: “എന്തുകൊണ്ട്?”
വൃദ്ധൻ പറഞ്ഞു: “രോഗികൾ പതിവായി ഡോക്ടറെ കാണാൻ പോകണം! എങ്കിൽ മാത്രമേ ആ ഡോക്ടർക്ക് ജീവിച്ചു പോകാൻ കഴിയൂ!”
വൃദ്ധന്റെ രസകരമായ മറുപടി കേട്ട് സദസ്സ് കൈയടിച്ചു. അവതാരകൻ വീണ്ടും ചോദിച്ചു: “നിങ്ങൾ ഫാർമസിസ്റ്റിന്റെ അടുത്തും പോകാറുണ്ടോ?”
വൃദ്ധൻ മറുപടി നൽകി, “തീർച്ചയായും. കാരണം, ഫാർമസിസ്റ്റിനും ജീവിക്കണ്ടേ.”
സദസ്സ് കൂടുതൽ ഉച്ചത്തിൽ കൈയടിച്ചു. അപ്പോള്‍ അവതാരകൻ ചോദിച്ചു: “ഫാർമസിസ്റ്റ് തരുന്ന മരുന്നുകൾ നിങ്ങൾ കഴിക്കാറുണ്ടോ?”
വൃദ്ധൻ പറഞ്ഞു: “ഇല്ല! ഞാൻ അത് പലപ്പോഴും ദൂരേക്ക് എറിഞ്ഞുകളയും. കാരണം എനിക്കും ജീവിക്കണ്ടേ!!”
ഇതുകേട്ട് സദസ്സ് പൊട്ടിച്ചിരിച്ചു. അവതാരകൻ പറഞ്ഞു: “ഈ അഭിമുഖത്തിനു വന്നതിന് നന്ദി.”
വൃദ്ധൻ മറുപടി നൽകി:
“സന്തോഷം! എനിക്കറിയാം, നിങ്ങൾക്കും ജീവിക്കണമെന്ന്!”
ഇത് സദസ്സിൽ വലിയ ചിരിക്കും ആഹ്ലാദാരവങ്ങൾക്കും വഴിതെളിച്ചു. അത് ഏറെ നേരം നീണ്ടുനിന്നു.
അവതാരകൻ അടുത്ത ചോദ്യം ചോദിച്ചു:
“നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവമാണോ?”
വൃദ്ധൻ മറുപടി നൽകി: “അതെ, ഞാൻ ഇടയ്ക്കിടെ സന്ദേശങ്ങൾ അയക്കാറുണ്ട്. കാരണം എനിക്കും ജീവിക്കണം!
ഞാൻ ഇങ്ങനെ ചെയ്തില്ലെങ്കിൽ ഞാൻ മരിച്ചുപോയെന്ന് എല്ലാവരും കരുതും. ഗ്രൂപ്പ് അഡ്മിൻ എന്നെ നീക്കം ചെയ്യുകയും ചെയ്യും!”
എല്ലാവർക്കും ജീവിക്കണം എന്നുള്ളതുകൊണ്ട് ഈ തമാശ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തമാശയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറയപ്പെടുന്നു. അതുകൊണ്ട് എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുക,
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സന്ദേശങ്ങളും പ്രതികരണങ്ങളും അയച്ചുകൊണ്ടിരിക്കുക. ബന്ധങ്ങൾ നിലനിർത്തുക.
നിങ്ങൾ ജീവനോടെയുണ്ടെന്നും, സന്തോഷവാനാണെന്നും, ആരോഗ്യവാനാണെന്നും മറ്റുള്ളവർ അറിയട്ടെ.💗
അതുകൊണ്ട് ഞാനും എന്റെ ബ്ലോഗ് ലിങ്ക് നിങ്ങൾക്കയക്കുന്നു. കാരണം എനിക്കും ജീവിക്കണ്ടേ?
നിങ്ങൾ വായിച്ചില്ലെങ്കിലും ഞാൻ ജീവിച്ചിരിക്കുന്നു എന്ന് നിങ്ങൾക്കുറപ്പിക്കാമല്ലോ!
പറഞ്ഞുവരുന്നത് വീണ്ടും ഒരു നോട്ടിഫിക്കേഷനെ പറ്റിയാണ്!
ഇന്നലെ പതിവുപോലെ വിഷയമെഴുതി പോസ്റ്റ് ചെയ്തപ്പോൾ നോട്ടിഫിക്കേഷൻ വന്നു അപ്പോഴാണ് മനസ്സിലാവുന്നത് അത് എന്റെ 300 ആമത്തെ ലേഖനമായിരുന്നെന്നു.
ആ നിമിഷം ഒരു തിരിച്ചറിവുണ്ടായി എന്റെ സുഹൃത്തു പറഞ്ഞ സ്റ്റാലിന്റെ കഥ? അതായത് എല്ലാവരും ഉറങ്ങിയാലും വേർഡ് പ്രസ്സ് ഉണർന്നിരിക്കുന്നുണ്ടെന്നു!
മയ്യഴിയുമായി ബന്ധപ്പെട്ടുള്ള കുറച്ചു കാര്യങ്ങളിൽ ആരംഭിച്ച ബ്ലോഗ് പിന്നീട് പല അവസരത്തിലും ആനുകാലിക രാഷ്ട്രീയവും മറ്റു സാമൂഹ്യ വിഷയങ്ങളിലുള്ള എന്റെ ചിന്ത ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ എന്ന ബ്ലോഗ് പേജിലൂടെ നിങ്ങളുടെ മുമ്പിലെത്തിച്ചതിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും നിഷ്പക്ഷത പാലിച്ചവരും കണ്ടില്ലെന്നു നടിച്ചവരുമുണ്ട് . അതിലേറെയും കണ്ടില്ലെന്നു നടിച്ചവരാണെന്നുമറിയാം
2021 ൽ തുടങ്ങിയ ഈ യാത്രയ്ക്ക് 4 വയസ്സ് തികയുന്നു.
ഈ 4 വർഷത്തിനിടയിൽ കിട്ടിയത് ഒട്ടേറെ അഭിനന്ദനങ്ങളും. അതുപോലെ ചില അവഗണനകളും, ചില പരോക്ഷ വിമർശനങ്ങളും. ആ വിമർശനങ്ങൾക്കുള്ള മറുപടിയായി എനിക്ക് ഒരു ‘മാർജ്ജാര കഥ’ പോലും എഴുതേണ്ടി വന്നു കാരണം, എഴുത്ത് എന്നത് പ്രതികരണം കൂടിയാണ്.
ഒരു സുഹൃത്തു എനിക്കിങ്ങനെ എഴുതി.
“ഒരിക്കൽ സ്റ്റാലിൻ ഒരു രഹസ്യയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്.
അപ്പോൾ അദ്ദേഹത്തിന്റെ സെക്യൂരിറ്റി വിഭാഗം തലവൻ വന്നു പറഞ്ഞു”
“അങ്ങയെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ട്”!
സ്റ്റാലിൻ അതൊന്നും കാര്യമാക്കിയില്ല. പ്രസംഗം തുടർന്നു.
കുറച്ചു കഴിഞ്ഞ് സെക്യൂരിറ്റി വീണ്ടും വന്നു പറഞ്ഞു
“ഇപ്പോൾ അവർ ഇവിടെ എത്തിയിട്ടുണ്ട്”!!
സ്റ്റാലിൻ വീണ്ടും തന്റെ പ്രസംഗം തുടർന്നു.
കുറച്ചുകൂടി കഴിഞ്ഞ് സെക്യൂരിറ്റി വീണ്ടും വന്ന് പരിഭ്രാന്തിയോടെ പറഞ്ഞു: “സംഗതി ഗുരുതരമാണ്. കൊലയാളി ഈ ഹാളിലെത്തിയിട്ടുണ്ട്!!!
താങ്കളുടെ പ്രസംഗം കേൾക്കുന്നുണ്ടെന്ന വ്യാജേന ഈ ഹാളിൽ ഇരിക്കുന്നുണ്ട്”!!!!
അപ്പോൾ സ്റ്റാലിൻ ഒന്ന് നിന്നു. ചുറ്റും നോക്കി.
പിന്നെ ശാന്തമായി പറഞ്ഞു:
“ശരിയാണ്. അതാ മുൻനിരയിലെ ഇടത്തുനിന്ന് വലത്തോട്ടുള്ള നാലാമത്തെ ആൾ അല്ലേ?”
ഇപ്പോൾ തലയിൽ എന്തെങ്കിലും ഉള്ളവർക്ക് മനസ്സിലാകും..
സ്റ്റാലിൻ ഇതെങ്ങനെ തിരിച്ചറിഞ്ഞുവെന്നു
സ്റ്റാലിൻ പറയാതെ പറഞ്ഞത്: അവിടെ പ്രസംഗം കേൾക്കുന്നവരൊക്കെ ഉറങ്ങുകയാണെന്ന്.
സ്റ്റാലിനെ വധിക്കണമെന്ന ഉദ്ദേശത്തോടെ വന്നവൻ ഉറങ്ങാതെ…. ചെയ്തു തീർക്കാനുള്ള ലക്ഷ്യം നടപ്പിലാക്കാനുള്ള അവസരത്തിനായി കണ്ണടക്കാതെ കാത്തുനിൽക്കുന്നു.
സ്റ്റാലിൻ കണ്ടത് കൊലയാളി ഒഴികെ ആ ഹാളിലുള്ളവ “പ്രസംഗം കേൾക്കുന്നവ മുഴുവൻ ഉറങ്ങുകയായിരുന്നു
അപ്പോൾ കണ്ണ് തുറന്ന് ഇരിക്കുന്ന ഒരേയൊരാൾ ആരാണെന്ന് എല്ലാവർക്കും മനസ്സിലായി
സൂക്ഷ്മ നിരീക്ഷണത്തിന്റെയും ബുദ്ധിയുടെയും കഥയാണ്.
ഭയമില്ലാത്ത നേതൃത്വം, ചുറ്റും എന്ത് നടന്നാലും ലക്ഷ്യത്തിൽ നിന്ന് മാറാത്ത മനസ്.
എന്റെ സുഹൃത്തിനോട് എനിക്ക് പറയാനുള്ളത് ഈ കാര്യമാണ് സമയം നിലച്ച ക്ലോക്കുകൾ പോലും
24 മണിക്കൂറിൽ രണ്ടു പ്രാവശ്യം
കൃത്യത കാണിക്കാറുണ്ട്.
അദ്ദേഹം ഉദ്ദേശിച്ചതും അതായിരിക്കാം. അത് മതി രണ്ട് നേരമെങ്കിലും കൃത്യസമയം കാണിക്കുന്നുണ്ടല്ലോ ?
വായിച്ച വിമർശകർക്കും നിഷ്പക്ഷർക്കും ഞാൻ ഉദ്ദേശിച്ച കാര്യം മനസ്സിലായിട്ടുണ്ടാകുംമെന്നു വിശ്വസിക്കുന്നു ….
പറഞ്ഞുവരുന്നത് ഇന്നലെ ബ്ലോഗ്പ്രസ്സിലെ നോട്ടിഫിക്കേഷൻ വന്നപ്പോഴാണ് 300 ബ്ലോഗ് ആയ വിവരം എനിക്ക് മനസ്സിലായത്. കാരണം ആ നോട്ടിഫിക്കേഷന് ഒരു പ്രത്യേക ശബ്ദമുണ്ടായിരുന്നു …
ഇതുവരെ പ്രസിദ്ധപ്പെടുത്തിയത് കൂടാതെ ഇനിയും കുറച്ചുകൂടി പ്രസിദ്ധപ്പെടുത്താൻ ബാക്കിയുണ്ട്. പ്രസിദ്ധപ്പെടുത്തിയതിൽ നിന്നും രണ്ടെണ്ണം ചില വ്യക്തിപരമായ കാരണങ്ങളാൽ മരവിപ്പിച്ചു വെച്ചിരിക്കുകയാണ്
“ചക്രവ്യുഹം“, മറ്റൊന്ന് “ഒരു സ്കൂളിന്റെ കഥ അപാരകഥ ”
ഒരു എഴുത്തുകാരൻ ഒരു വിഷയത്തിൽ ഊന്നി എഴുതുമ്പോൾ എഴുതുന്ന വിഷയത്തോട് നീതിപുലർത്തണം. അല്ലെങ്കിൽ ആ എഴുത്തിനു പൂർണ്ണതവരില്ല. ഈ ചിന്തയുള്ളതുകൊണ്ടാണ് ചില എഴുത്തുകൾ മരവിപ്പിച്ചു വെച്ചിരിക്കുന്നത്.
എന്താണ് ഈ 300 ലേഖനങ്ങൾ എന്നോട് പറഞ്ഞു തന്നത്? അത് എന്റെ ബോദ്ധ്യത്തിനനുസരിച്ചു നിങ്ങളിലെത്തിച്ചു.
കേൾക്കുന്നതൊന്നും ശബ്ദമവസാനിക്കുമ്പോൾ വിസ്മരിക്കപ്പെടില്ല.
കാണുന്നതെല്ലാം കാഴ്ചനഷ്ടപ്പെട്ടാലും കൺമുന്നിൽ തെളിഞ്ഞുവരും.
നിരാശയും പകയും ജനിപ്പിക്കുന്ന ഓർമകളെക്കാൾ സന്തോഷവും പ്രതീക്ഷയും നൽകുന്ന ഓർമകൾ അവശേഷിപ്പിക്കുന്നതാണ് നല്ലത്.
ചെയ്യുന്നത് നന്മയാണെങ്കിൽ അത് പടർന്നു പന്തലിച്ചു മുന്നോട്ടു നീങ്ങും. തിന്മയാണെങ്കിൽ അതു തുടങ്ങിയിടത്തേക്ക് തിരിച്ചെത്തും.
ഞാൻ എന്റെ എഴുത്തിന്റെ തുടക്കത്തിലെ ആമുഖത്തിന്റെ വരികൾ ഇങ്ങനെ എഴുതിയതാണ്:
“കൊണ്ടുപോകൻ ഒന്നും ഇല്ലാത്ത ഈ ലോകത്ത്, കൊടുത്ത് പോകാം സ്നേഹവും സൗഹൃദവും… നേടിയെടുക്കുന്നത് മാത്രമല്ല ചിലപ്പോഴൊക്കെ വിട്ടുകൊടുക്കുന്നതും വിജയമാണ്…”
സത്യം മാത്രം പറഞ്ഞു പോകാൻ ബുദ്ദിമുട്ടായിരിക്കും എന്നുപറഞ്ഞു ഒഴിഞ്ഞു മാറുന്നതിനേക്കാൾ നല്ലതല്ലേ അസത്യം പറയാതിരിക്കുന്നത്..? അസത്യം കേട്ട് വളരുന്ന തലമുറയോട് സത്യം പറയാതിരന്നാൽ അത് പിന്നീട് വെളിപ്പെടുത്താൻ വരും തലമുറയിൽ പിന്നെ ആരും ബാക്കി കാണില്ല.
ഈ എഴുത്തിനിടയിലാണ് എന്റെ ഗൾഫ് ജീവിത കഥയുംകൂടി ഉൾപ്പെടുത്തി എഴുതാൻ തുടങ്ങിയത്. കഥയ്ക്ക് ഒരു ഒഴുക്കുകിട്ടാനായിരുന്നു. ഇനിയും കുറച്ചു കൂടി ബാക്കിയുണ്ട് കൂട്ടിച്ചേർക്കാൻ.
എന്നെ ഇതുവരെ വായിച്ചവരുടെ കൂട്ടത്തിൽ ഭാരതത്തിൽ നിന്നും മാത്രമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും – ഞാൻ കാണാത്തവർ! എന്നെ അറിയാത്തവർ! ഞാൻ ഇത് വരെ കണ്ടിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരെ എന്നെ വായിക്കുന്നു എന്ന് ആധികാരികമായി ദിവസവും അപ്‌ഡേറ്റായി കിട്ടുന്നത് എന്റെ എഴുത്തിനുള്ള ഏറ്റവും വലിയ സ്വീകാര്യതയാണ്. അവിടെയൊക്കെ മലയാളം വായിക്കുവാൻ ഇഷ്ടപ്പെടുന്നവരുണ്ട് എന്നതിന്റെ തെളിവ് കൂടിയാണിത്.
ഒരു സത്യം കൂടി:
എഴുതിയതത്രയും മുൻകൂട്ടി ഡ്രാഫ്റ്റ് ചെയ്തതല്ല. തലേന്ന് രാത്രി ഒരു സംഭവം ഓർക്കും, ഉറക്കം ഞെട്ടുമ്പോൾ എഴുത്തിനിരിക്കും. കുളിയും ജപവും കഴിഞ്ഞ് അക്ഷരതെറ്റുകൾ മാറ്റി പോസ്റ്റ് ചെയ്യും. അതുകൊണ്ട് പോരായ്മകൾ ഉണ്ടെന്ന് എനിക്കറിയാം.
പുസ്തകരൂപത്തിലാക്കുമ്പോൾ പദസഞ്ചലനം, ചിഹ്നങ്ങൾ, എഡിറ്റിംഗ് എല്ലാം വേണം. പക്ഷേ എന്നെ ഇത്രയും വായിച്ചത് എന്റെ ഭാഷയിലൂടെ, എന്റെ സ്ലാങ്ങിലൂടെ ആയതുകൊണ്ട് പ്രകടമായ മാറ്റങ്ങൾ വരുത്താൻ മനസ്സ് അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ വേണ്ടെന്നുള്ള ചിന്തയിലാണ്.
രണ്ടാം ഘട്ടം ആരംഭിച്ചപ്പോൾ*
നിത്യജീവിതത്തിലെ തിരക്കും യാത്രയും കാരണം frequency കുറഞ്ഞിട്ടുണ്ട്.
എന്നാലും പറ്റുന്ന വിധത്തിൽ പുതിയ വിഷയങ്ങളുമായി എത്താൻ ശ്രമിച്ചിരുന്നു. അതിൽ ഭൂരിഭാഗവും ആനുകാലിക വിഷയങ്ങളായിരുന്നു.
അതിലൂടെ ഒരുപാട് ഇഷ്ടപ്പെട്ടവരുടെ അപ്രീതി ഉണ്ടെന്നും മനസ്സിലാക്കാൻ പറ്റി.
അത്തരത്തിൽ നേരിട്ട് പറയുന്നവർക്ക് പിന്നീട് അയക്കാറില്ല.
ഇതിനിടയിൽ മൂന്നാംഘട്ടവും പൂർത്തിയാക്കി ഇനിയുള്ള 2 – 3 ചാപ്റ്ററുകൾ sensitive ആയതിനാൽ കൂടുതൽ reference വേണം. ചിലരെ കാണണം, സംശയനിവൃത്തി വരുത്തണം. എന്നിട്ടാവാം നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ചില ശാരീരിക വയ്യായ്ക എഴുത്തിനെ ബാധിക്കുന്നുണ്ട്.
അവസാനം ഒരു നന്ദി:
ഈ എഴുത്ത് ഇത്രയും എത്തിക്കാൻ മൂന്നു സെഞ്ചുറി ഇടമുറിയാതെ എത്തിച്ചത് നോക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം!
അതിനു എന്നെ പ്രേരിപ്പിച്ച ജയരാജ് അടിയേരി, അരുൺ കുമാർ അടിയേരി, ജോർജ് ഫെർണാണ്ടസ്, വിനയൻ മാഹി, രാംദാസ്, കുമാർ, യതീന്ദ്രൻ മാസ്റ്റർ, ആന്റണി മാസ്റ്റർ, ചേനോത് രാജീവൻ, ഭാര്യ ശോഭന, റോഹൻ കുമാർ, കോവ്ക്കൽ വേണുവേട്ടൻ, സുശാന്ത് മാസ്റ്റർ, പൂഴിയിൽ ഗോപാലേട്ടൻ…
എന്റെ എഴുത്തുകൾ സ്ഥിരമായി വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും.
എന്റെ എഴുത്ത് വായിച്ചു രസിച്ചവർക്കും ബോറടിച്ചവർക്കും ഒരുപോലെ നന്ദി!
ഇനിയും ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. സമയമാകുമ്പോൾ അവരെയൊക്കെ ഓർത്ത് തന്നെ പറയാം.
300 കഴിഞ്ഞു. ഇനി 400 ലേക്ക്… ചിന്തിക്കേണ്ടിയിരിക്കുന്നു!
സ്നേഹത്തോടെ,
മഠത്തിൽ ബാബു ജയപ്രകാശ്……..✍️My Watsapp Contact No 9500716709

Thank you and have a pleasent day Babu Jayaprakash.
Today’s write up looks much different in style,than the write up shared in the past days and weeks , Babu.
Keep up the momentum and style always.
With best wishes,
Yours ever loving Gopalan Poozhiyil.
LikeLike