മൗനത്തിന്റെ ഭാരം

Time Taken To Read 5 Minutes

എന്റെ കഥ… നിങ്ങളുടെയും… കഥ തുടരുന്നു!

ബർത്തിലേക്ക് കിടന്ന് ഒന്നും ഓർക്കാതെ ഉറങ്ങാനുള്ള ഒരു ശ്രമം! 

എന്തുകൊണ്ടോ അതിനു സാധിക്കുന്നില്ല! 

ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു… വീണ്ടും ആലോചനയിൽ മുഴുകി.

അവന്റെ ചിന്തകളുടെ തുടക്കം അമ്മയുടെ ഫോൺ സംഭാഷണത്തിൽ നിന്നാണ്!

ഫോണിലൂടെ നിർത്താതെയുള്ള പരാതി പറച്ചിൽ! 

എത്ര ശ്രമിച്ചിട്ടും “കേൾക്കുക” എന്നല്ലാതെ, മറുത്തൊരക്ഷരം പറയാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. 

എന്റെ മൗനം… അമ്മ ശരിക്കും മുതലെടുക്കുന്നുണ്ട് എന്നറിഞ്ഞിട്ടും ഫോൺ “ഡിസ്ക്കണക്റ്റ്” ചെയ്യാനുള്ള മനസ്സും വരുന്നില്ല!

ഇന്നലെ അനുജൻ ഫോൺ വിളിച്ചപ്പോൾ വീട്ടിൽ നടന്നുകൊണ്ടിരിക്കുന്ന കുറെ കാര്യങ്ങൾ പറഞ്ഞിരുന്നു.

അവൻ പറയുന്നതിലാണ് കാര്യമെന്നറിയാമെങ്കിലും, അവനെ ഉപദേശിച്ചു: 

“നീ വിട്ടുകളടാ! പഴയ ആളുകളല്ലേ? അത്ര കാര്യമാക്കേണ്ട!” 

വേറെ എന്താണ് അവനോട് ഞാൻ പറയേണ്ടത്?

അവൻ ചോദിച്ചു: “എത്രയാ എന്ന് വെച്ചാ ചേട്ടാ ക്ഷമിക്കുക? അതിനും ഒരു അതിരില്ലേ? ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ ചേട്ടാ?”

അവന്റെ വാക്കുകളിലെ ഇടർച്ചയും, നിസ്സഹായതയും തിരിച്ചറിയുന്നുണ്ട്…!

അവൻ തുടർന്നു: “പ്രശ്നം ഞാനുമായോ ശാലിനിയുമായോ ബന്ധപ്പെട്ടുള്ളതല്ല ചേട്ടാ! 

എല്ലാത്തിന്റെയും കാതലായ കാരണം തറവാട് വീടും പറമ്പും ഭാഗം വെക്കുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്!”

“അമ്മയ്ക്ക് ആ വീട് അരുന്ധതിയുടെ പേരിൽ എഴുതി നൽകണം എന്നുണ്ട്! 

അച്ഛന്റെ ഓസ്യത്ത് പ്രകാരം എനിക്കുള്ളതാണ് അത്! 

അത് എങ്ങനെയെങ്കിലും അവളുടെ പേരിലേക്ക് മാറ്റണം! 

അതിനുള്ള എളുപ്പ വഴി ശാലിനിയുടെ സ്വസ്ഥത കെടുത്തുക എന്നതല്ലാതെ മറ്റൊന്നുമല്ല!”

“ശാലിനി… അവൾ എന്ത് ചെയ്തിട്ടാ ഇതൊക്കെ അനുഭവിക്കേണ്ടത്?”

“നമുക്ക് അമ്മയെന്ന് പറഞ്ഞ് സമാധാനിക്കാം! 

പതിവിൽ കവിഞ്ഞുള്ള എല്ലാ ബഹുമാനവും പരിഗണനയും പരിചരണവും അവൾ അമ്മയ്ക്ക് നൽകുന്നുണ്ട്! 

പക്ഷേ അത് ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ അമ്മ കാണിക്കുന്നില്ല…”

“മനപ്പൂർവ്വമാണോ എന്ന് ചോദിച്ചാൽ, അല്ല എന്ന് ഉറപ്പിച്ചു പറയാൻ ബുദ്ദിമുട്ടാണ്…”

സോമൻ ഇത്രയും പറഞ്ഞപ്പോൾ മനസ്സിലായി, അമ്മയുടെ ഇന്നലത്തെ ഫോൺ വിളി അതിനെ തുടർന്നുള്ളതാണെന്ന്!

“ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യും! 

എന്റെ കാര്യം നോക്കാനോ മനസ്സിലാക്കാനോ ആരുമില്ല! 

ഇവിടെ എല്ലാവർക്കും തോന്നിയതുപോലെയാ! 

ഒന്നിനും ഒരു വ്യവസ്ഥയില്ല! 

ഒരുത്തി വന്ന് കയറി എല്ലാം നശിപ്പിച്ചു! 

സോമൻ എന്റെ കാര്യത്തിൽ ഇടപെടുന്നില്ല!”

“എത്ര കാലമായി ഞാൻ ഒന്ന് മൂകാംബികയിൽ പോകണം എന്ന് പറയുന്നു! 

അവന് എന്റെ കൂടെ വരാൻ സമയമില്ല! 

അതെങ്ങനെയാ? അവന് സമയം ഉണ്ടാവുമോ? 

ഒരുത്തിയുണ്ടല്ലോ വന്ന് കയറിയിട്ട്! ഓള് മുടക്കുന്നതാ!”

ഇതേപ്പറ്റി ഞാൻ സോമനുമായി സംസാരിച്ചു. 

അവൻ പറഞ്ഞത്: “ഏട്ടാ, ഞാൻ എല്ലാ ഏർപ്പാടും ആക്കിയതാ! 

മൂകാംബികയിൽ വിളിച്ച് റൂം ബുക്ക് ചെയ്തിരുന്നു! 

രാഘവന്റെ ഇന്നോവയും ഏർപ്പാടാക്കിയതാ! 

അപ്പോഴല്ലേ ലോകം മുഴുവൻ Lock Down ആയത്?”

ഇതെല്ലാം അമ്മയ്ക്ക് അറിയാവുന്ന കാര്യമാണ്! 

പക്ഷേ ഇപ്പോൾ അമ്മ പറയുന്നു: “എല്ലാം എന്റെയും ശാലിനിയുടെയും, മൂകാംബികയിൽ പോകാതിരിക്കാൻ കരുതിക്കൂട്ടിയുള്ള പ്ലാൻ ആണെന്ന്!”

ഇതറിഞ്ഞപ്പോൾ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കാൻ ഞാൻ ശ്രമിച്ചു… 

പക്ഷേ ഒരു മുൻവിധിയോടെയാണ് മറുപടി!

അമ്മയുടെ പ്രധാന ആവശ്യം: “ഞാൻ നേരിട്ട് വന്ന് ഒരു പരിഹാരം കാണണം!” എന്നാണ്.

അമ്മയോട് “ക്ഷമിക്കൂ, നമുക്ക് ഒരു പരിഹാരം കാണാം” എന്ന് പറഞ്ഞെങ്കിലും, 

ഇക്കുറി ഭീഷണിയാണ്! 

“ഞാൻ വന്നില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കും!” എന്നാണ് പറഞ്ഞത്!

പ്രായമായവരല്ലേ? 

എന്തെങ്കിലും സംഭവിച്ചാൽ എല്ലാ കുറ്റവും ഞങ്ങളിലായിരിക്കും! 

അനുജനും ഇത് നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു…

ഇന്നും ഇന്നലെയും തുടങ്ങിയ കുറ്റപ്പെടുത്തലുകൾ അല്ല ഇത്! 

വർഷങ്ങളുടെ പഴക്കമുണ്ട് ഇതിന്! 

ഞാൻ നാട്ടിൽ അധികമില്ലാത്തതുകൊണ്ട് കൂടുതൽ അനുഭവപ്പെടുന്നില്ല എന്ന് മാത്രം! 

എല്ലാം കേട്ടും സഹിച്ചും അവൻ കൂടെ നിന്നു! 

ഇതിപ്പോൾ സഹികെട്ടു കാണും! ക്ഷമ കെട്ടപ്പോൾ അവൻ മറുത്ത് എന്തോ പറഞ്ഞു കാണും!

അതിന്റെ വിശദീകരണമാണ് ഈ ഫോൺ വിളി!

അമ്മയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട്, മറുത്തൊന്നും പറയാതെ എല്ലാം… 

ഇടയ്ക്ക് മൂളിയും മൗനമായും കേട്ടുകൊണ്ടിരുന്നു…

അതൊക്കെ ഓർത്ത് കിടന്നപ്പോൾ, അമ്മയുടെ മനസ്സിലെ അനിഷ്ടം ഓരോന്നായി പുറത്തു കാണിക്കുന്നതിന്റെ പൊരുൾ എനിക്ക് മനസ്സിലാവുന്നുണ്ട്.

അമ്മയുടെ മനസ്സിൽ എപ്പോഴും പഴയ ചിന്തയാണ്! 

ആ പഴയകാല ജീവിത രീതിയിൽ നിന്ന് ഉണ്ടാവുന്നതാണ്!

“വിവാഹം കഴിച്ച് വന്നു കേറിയവൾ, തന്റെ ചൊൽപ്പടിക്ക്, ആജ്ഞാനുസരണം കഴിയണം” എന്ന തീരുമാനം!

ഇത്തരം സംഭവങ്ങൾ പലകുറി ആവർത്തിച്ചപ്പോൾ, ഒരുപക്ഷേ അവൻ പറഞ്ഞു കാണും:

“അമ്മേ, ഇത് പഴയതുപോലെ, അമ്മ ജീവിച്ച കാലമൊന്നുമല്ല! 

ഇപ്പോൾ കാലം കുറെ ഏറെ മാറിയിരിക്കുന്നു!”

“ആ കാലമൊക്കെ മാറി അമ്മേ… അതോടൊപ്പം പെൺകുട്ടികളും, അവരുടെ സങ്കൽപ്പങ്ങളും ഏറെ മാറിയിരിക്കുന്നു!”

“ഇപ്പോഴത്തെ പെൺകുട്ടികളിൽ അധികവും ആരെയും ആശ്രയിക്കാതെ, സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്!”

“എന്നുകരുതി അമ്മ കരുതും പോലെ അവർ തന്റേടികളും അഹംഭാവികളൊന്നുമല്ല! 

എല്ലാവരും നല്ല വകതിരിവോടെ തന്നെയല്ലേ പെരുമാറുന്നത്?”

“ഈ കാലത്ത് ഒരാളുടെ ശമ്പളം കൊണ്ട് ജീവിക്കാൻ പറ്റുമോ? 

ഒരു മാസം കഴിഞ്ഞു പോകുന്നത് എങ്ങനെയാണെന്ന് അമ്മയ്ക്കും അറിയാലോ?”

“ഇപ്പോൾ ഒരു വിധം ബുദ്ദിമുട്ടില്ലാതെ കഴിഞ്ഞു പോകുന്നത്, അവൾക്കും കൂടി ഒരു ജോലി ഉള്ളത് കൊണ്ടല്ലേ? 

അതെന്താ അമ്മ മനസ്സിലാക്കാത്തത്? 

അവൾ കൂടി ജോലി എടുക്കുന്നത് ഈ കുടുംബത്തിന് ഒരു താങ്ങും തണലുമല്ലേ?”

ഞാൻ പറയുന്നതൊന്നും ചെവിക്കൊള്ളുന്ന മട്ടില്ല! 

ഇടയ്ക്ക് എന്തൊക്കെയോ പുലമ്പുന്നുണ്ട്… 

“ശാലിനി ജോലിയെന്നും പറഞ്ഞ് പോകുന്നത് എന്റെ കഴിവുകേടാണ്!”

“ഇതൊക്കെ നീ അനുവദിക്കുന്നത് കൊണ്ടാണ് അവൾ നിനക്ക് വില കൽപ്പിക്കാത്തത്! 

നിന്റെ അച്ഛൻ വരച്ച വരയിൽ നിന്ന് അപ്പുറം കടക്കണേൽ അനുവാദം വാങ്ങണമായിരുന്നു എനിക്കൊക്കെ!”

“കാശില്ലാത്തതിന്റെ പേരിൽ അമ്മയുടെ സ്ഥിരമായി കഴിക്കുന്ന മരുന്ന് വാങ്ങാൻ എത്ര തവണ നമ്മൾ ബുദ്ദിമുട്ടിയിട്ടുണ്ട്! 

അത് മുടങ്ങാതിരിക്കാൻ അമ്മയുടെ സ്വർണ്ണം എത്ര തവണ പണയം വെച്ചിട്ടുണ്ട് നമ്മൾ? 

അതെല്ലാം തിരിച്ചെടുക്കാനായത് ഇവൾ വന്നതിനു ശേഷമല്ലേ അമ്മേ? 

അതെന്തേ അമ്മ  മനസ്സിലാക്കാത്തതു

“അവൾക്ക് നല്ലൊരു ജോലി ഉള്ളതുകൊണ്ടല്ലേ ഒരു ലോൺ കിട്ടിയതും, ഈ കാണുന്ന രീതിയിൽ പുതുക്കിപ്പണിയാൻ ആയതും!”

“പഠിച്ച ഒരു കുട്ടിയുടെ ജീവിതം അടുക്കളയിലും വീടിനുചുറ്റും തളച്ചിടാനുള്ളതാണോ?”

“അവൾ പഠിച്ച് വാങ്ങിയ ഡിഗ്രിയും, അവളിലെ കഴിവുകളും ഒന്നും അമ്മ കണ്ടില്ലെന്ന് നടിക്കരുത്!”

“അതുകൊണ്ട് ഈ കാര്യത്തിൽ അമ്മ എതിർപ്പ് പറയരുത്!”

ഞാൻ ഒന്നിനും കണക്ക് പറയുന്നതല്ല! 

അമ്മയുടെ സഹായത്തിന് ഒരു സ്ത്രീയെ നിർത്തിയതല്ലേ?

എത്ര നല്ല സ്ത്രീയായിരുന്നു അവർ! 

കൂടാതെ അവളുടെ അകന്ന ബന്ധത്തിൽ പെട്ടവരും! 

ഇല്ലാത്ത കുറ്റങ്ങളൊക്കെ കണ്ടെത്തി അമ്മ തന്നെയല്ലേ അവരെ “വേണ്ട” എന്ന് പറഞ്ഞത്?

പിന്നീട് നാണുവേട്ടന്റെ പരിചയത്തിൽ, തെക്കേതിലെ മാധവി ഏട്ടത്തി സഹായത്തിന് വന്നു. 

അവർ പുറം പണിക്കൊന്നും പോകുന്ന സ്ത്രീയല്ല! 

നമ്മുടെ അവസ്ഥ മനസ്സിലാക്കി, നാണുവേട്ടന്റെ നിർബന്ധത്തിന് വഴങ്ങി വന്ന അവരെയും അമ്മ വെറുപ്പിച്ചയച്ചു!

ഇതിനിടെ വീണ്ടും നാണുവേട്ടനെ കണ്ടപ്പോൾ, ഒരാളെ കിട്ടുന്ന കാര്യം അന്വേഷിച്ചിരുന്നു. 

അദ്ദേഹം എടുത്ത് വായിക്ക് പറഞ്ഞു: 

“ഉയ്യന്റപ്പാ! ഞമ്മളില്ലേ, ഇങ്ങക്ക് ആളെ ആക്കിത്തരാൻ!”

“കാരണമെന്താണെന്ന് നിന്റമ്മയ്ക്ക് നല്ലതുപോലെ അറിയാം! 

ആളുകളെ വിശ്വാസത്തിലെടുക്കാൻ മനുഷ്യർക്ക് സാധിക്കണം! 

അത് മോന്റെ അമ്മയ്ക്ക് ആവില്ല! 

പിന്നെ വെറുതെ എന്തിനാ നമ്മളുമായിട്ടുള്ള ബന്ധത്തിന് ഉലച്ചിൽ ഉണ്ടാക്കുന്നത്?”

“…ഇല്ല നാണുവേട്ടാ, അത്…” 

വാക്കുകൾ മുഴുമിപ്പിക്കുന്നതിന് മുൻപേ അദ്ദേഹം ഇടയിൽ കയറിപ്പറഞ്ഞു:

“ശരിയാവില്ല മോനെ! 

ഇങ്ങള് എവിടെയാന്ന് വെച്ചാൽ അന്വേഷിച്ചോളൂ!”

ആലോചിച്ചപ്പോൾ നാണുവേട്ടൻ പറഞ്ഞതിലും കാര്യമുണ്ടെന്ന് മനസ്സിലായി!

പൊതുവെ ശാന്തനായ അവനിൽ നിന്നും, ഒറ്റശ്വാസത്തിൽ പറഞ്ഞ വാക്കുകൾ അമ്മയ്ക്ക് ഉൾക്കൊള്ളാനായിട്ടുണ്ടാവില്ല!

അവന്റെ വാക്കുകൾക്ക് മുന്നിൽ അമ്മ മൗനം പാലിച്ചിട്ടുണ്ടെങ്കിൽ, അതിനെ അത്ര നിസ്സാരമായി കാണാൻ കഴിയില്ല! 

എന്തോ മനസ്സിൽ കരുതി തന്നെയാണ് എന്നോട് സംസാരിച്ചത് എന്ന് കരുതേണ്ടിയിരിക്കുന്നു…

പുറപ്പെടുമ്പോൾ അമ്മയുടെ ഫോൺ വിളിയെ പറ്റി കൂടുതലായി ഒന്നും അവനോട് പറഞ്ഞിട്ടില്ല! 

“കുറെ ദിവസമായില്ലേ നാട്ടിൽ വന്നിട്ട്… അമ്മയെയും ഒന്ന് കാണാം! 

പിന്നെ ഒത്താൽ ഈ പ്രാവശ്യത്തെ ബലിതർപ്പണവും നടത്താം…” 

എന്നൊരു കള്ളം പറഞ്ഞു!

അവനോട് മറുത്ത് കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല! 

മറ്റൊന്ന് ആലോചിക്കാതെ, തത്ക്കാൽ ബുക്ക് ചെയ്ത് പുറപ്പെട്ടതാണ്!

പാതി മനസ്സോടെയുള്ള തീരുമാനമാണെങ്കിലും, 

എന്റെ ഇടപെടലിലുള്ള താമസം കാരണം ഒരു പ്രശ്നം വേണ്ട എന്ന ഒറ്റക്കാരണത്താൽ… 

അമ്മയോട് “വരാം” എന്ന് സമ്മതം മൂളുമ്പോൾ, അപ്പുറത്ത് അമ്മയ്ക്ക് ഒരൽപ്പം ആശ്വാസം വന്നത് ഞാൻ അമ്മയുടെ വാക്കുകളിൽ നിന്ന് തിരിച്ചറിഞ്ഞു!

അപ്പോഴും ഈ പ്രശ്നങ്ങൾക്ക് ഒക്കെ എങ്ങനെ ഒരു പരിഹാരം കാണും എന്നുള്ള ആലോചനയിലായിരുന്നു ഞാൻ!

അമ്മയുടെ ഈ സ്വഭാവം തിരിച്ചറിയാതെയാണെങ്കിലും, 

“വിവാഹമേ വേണ്ട” എന്ന് വെച്ചത് എത്ര നന്നായി എന്ന് ഇപ്പോൾ തോന്നുന്നു!

ആവശ്യത്തിനുള്ള സമ്പത്തുണ്ട്! 

സ്വന്തമായി വീടുണ്ട്! 

വിദേശത്ത് ഉയർന്ന ശമ്പളമുള്ള ഉദ്യോഗമുണ്ടായിരുന്നു! 

എന്നിട്ടും എന്തോ തീരുമാനിച്ചതുപോലെ വിവാഹം കഴിക്കാതിരിക്കാൻ ഓരോ കാരണം കണ്ടെത്തി ഒഴിഞ്ഞു മാറി! 

ആ ഒഴിഞ്ഞു മാറലിന് ഒരു കാരണമുണ്ടായിരുന്നു…

വീണ്ടും അവൻ ആലോചനയിൽ മുഴുകി.

വീണ്ടും എന്റെ മനസ്സിൽ സോമന്റെയും ശാലിനിയുടെയും വിവാഹം ഓർമ്മയിൽ എത്തി! 

ഏറെ പ്രതീക്ഷയോടെ ആ തറവാട്ടിലേക്ക് അനുജന്റെ കൈപിടിച്ച് കയറിവന്നവളല്ലേ ശാലിനി?

അവന്റെ വിവാഹം കഴിഞ്ഞ അഞ്ചാം നാളിൽ തന്നെ, 

അമ്മയിൽ നിന്നും ശാലിനിയെ പറ്റി അരുതാത്ത വാക്കുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്! 

ഒരിക്കലല്ല, പലതവണ!

വീട്ടിൽ വരുന്നവരെല്ലാം തന്റെ ചൊൽപ്പടിക്ക് നിൽക്കേണ്ടവരാണെന്നും, 

സ്വന്തം താല്പര്യപ്രകാരം ഇറങ്ങിപ്പോകുന്നത് അത്ര ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല അമ്മയ്ക്ക്!

“അങ്ങനെ ഇല്ലാതിരിക്കാനാണ് ഇപ്പോഴത്തെ തലമുറ ശ്രമിക്കുന്നത്! 

അമ്മയുടെ കാലത്ത് വകതിരിവില്ലാതെ കാണിച്ചതൊക്കെ ആവർത്തിക്കാൻ ഇപ്പോഴത്തെ കുട്ടികളെ കിട്ടില്ല! 

അമ്മ ഇതൊക്കെ ഉൾക്കൊള്ളണം! 

അമ്മ പ്രസവിച്ച ഒരു മകളില്ലേ? 

അതെങ്കിലും അമ്മയ്ക്ക് ഓർത്ത് സംസാരിച്ചു കൂടേ?”

അമ്മയുടെ കുത്തുവാക്കുകൾ തീരെ അസഹനീയമായപ്പോഴാണ് സോമൻ അപ്രകാരം പ്രതികരിച്ചിട്ടുണ്ടാവുക!

കുത്തുവാക്കുകളുടെ അതിപ്രസരമായിരിക്കും അവനെ അങ്ങനെയൊക്കെ പറയാൻ പ്രേരിപ്പിച്ചിരിക്കുക! 

അല്ലാതെ അവൻ അങ്ങനെയൊന്നും പ്രകോപിതനാവുന്നവനല്ല!

സോമന്റെ ഈ തരത്തിലുള്ള മറുപടി അമ്മ ഒട്ടും പ്രതീക്ഷിച്ചതല്ല! 

ഒരു നിമിഷം അമ്മ മൗനമായിരുന്നു… എന്നിട്ട് തുടർന്നു:

“അതേടാ, ഞ്ഞി എന്നോടിത് പറയണം! 

മംഗലം കഴിഞ്ഞിട്ടേ ഉള്ളൂ, അപ്പളേക്കും തുടങ്ങി തലയണ മന്ത്രം! 

ഇന്നലെ ഞാൻ ഒന്ന് ചോദിച്ചതേയുള്ളൂ, നീ എന്താ താമസിച്ചത് എന്ന്! 

പിന്നെ ഞാൻ ചോദിക്കണ്ടേ?”

“കണ്ടില്ലേ, വിവാഹം കഴിഞ്ഞതേ ഉള്ളൂ… 

അതിനു മുന്നേ തുടങ്ങി ഇറങ്ങിപ്പോക്ക്! 

ഇനി കേറിവരുന്നത് ഏതസമയത്താണെന്ന് ആർക്കറിയാം?”

മറ്റൊരവസരത്തിൽ അമ്മ പറയുന്നത് കേട്ടു: 

“പുതുമോടി മാറും മുന്നേ ജോലിക്കെന്നും പറഞ്ഞ് രാവിലെ ഇറങ്ങിപ്പോകും ഓരോരുത്തി!” 

ശാലിനിയെ നോക്കി ഇങ്ങനെ പറയുമ്പോൾ ഒരു പ്രത്യേക തരം ഭാവമായിരിക്കും അമ്മയുടെ മുഖത്ത്!

“ഇപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നു, വരുന്നു… 

ആര് ചോദിക്കാൻ? 

ഞാൻ വല്ലതും പറഞ്ഞാൽ നാളെ ‘അമ്മായിഅമ്മപ്പോരാണ്’ എന്ന് പറയും! 

നീയാണെങ്കിൽ വായെടുത്ത് ഒരക്ഷരം മിണ്ടില്ല!”

പറയണമെന്നുണ്ടായിരുന്നു: 

“ശരിയാണമ്മേ, ഇത് തന്നെയാ അമ്മായിയമ്മപ്പോര്! 

ഏട്ടന്റെ ഒറ്റവാക്ക് മാനിച്ചാ എല്ലാം സഹിച്ച് കേട്ട് നിൽക്കുന്നത്!”

അപ്രതീക്ഷിതമായുള്ള അച്ഛന്റെ വേർപാട് അമ്മയുടെ സമനില തെറ്റിച്ചിരുന്നു! 

ഏറെ പണിപ്പെട്ടാണ് അതിൽ നിന്നും മോചിതമാക്കിയത്!

അതിനു ശേഷമാണ് അമ്മയുടെ ഈ സ്വഭാവമാറ്റം കണ്ടു തുടങ്ങിയത്! 

അന്നേ അത് നിയന്ത്രിക്കേണ്ടതായിരുന്നു! 

അങ്ങനെ ചെയ്യാത്തത്… ഇപ്പോൾ ഈ പരുവത്തിൽ ആയി!

നമ്മുടെ ചെറുപ്രായത്തിൽ അമ്മ മരണപ്പെട്ടിരുന്നു! 

പിന്നീട് പലരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് അച്ഛൻ വേറെ വിവാഹത്തിന് തയ്യാറായത്!

വളരെ ചെറുപ്രായമായ നമ്മൾക്ക് അതിന്റെ വരും വരായ്കയൊന്നും അറിയില്ലായിരുന്നു!

വിവാഹ ദിവസം, ഉത്സാഹത്തോടെ പുത്തനുടുപ്പൊക്കെ ഇട്ട്, ആഘോഷപൂർവ്വം നമ്മളും വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്തു! 

എങ്കിലും പറഞ്ഞറിയിക്കാനാവാത്ത ഒരു വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു എനിക്ക്! 

“നളിനി മൂത്ത അമ്മായിയായി വന്നിരുന്നെങ്കിൽ” എന്ന ആഗ്രഹം നടക്കാതെ പോയതിലുള്ള സങ്കടം!

ഇപ്പോൾ ഓർത്തെടുക്കുന്നു, അതോടെ അമ്മവീട്ടുകാർ വീട്ടിൽ വരുന്നത് തീരേ ഇല്ലാതായി! 

അച്ഛൻ വേറെ വിവാഹം കഴിച്ചത് അവർക്ക് ഇഷ്ടമായിരുന്നില്ല! 

പിന്നീടാണ് അതിന്റെ കാര്യം മനസ്സിലായത്!

അമ്മയുടെ മൂത്ത ചേച്ചി, അമ്മയേക്കാൾ ഒരു വയസ്സിന് മൂത്തത്, വീട്ടിൽ ഉണ്ടായിരുന്നു! 

അവരുടെ ഭർത്താവ് ഗൾഫിൽ വെച്ച് മരണപ്പെടുകയാണ് ഉണ്ടായത്! 

വിവാഹം കഴിഞ്ഞ് രണ്ടു മാസം മാത്രമുള്ള ദാമ്പത്യം!

ഇതിനിടയിൽ എല്ലാം സംഭവിച്ചു! 

ഇതിന്റെ ആഘാതത്തിൽ നിന്നും ആ കുടുംബം മുക്തമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ! 

ഇതിനിടയിലാണ് അമ്മയുടെ മരണവും!

എല്ലാം ഒരു ഇടിത്തീ പോലെ ആ കുടുംബത്തിൽ പതിച്ചു നിൽക്കുമ്പോഴാണ് അച്ഛന്റെ രണ്ടാം വിവാഹവും!

ഈ വിവരം അറിഞ്ഞ അവർക്ക്, “നളിനി മൂത്തമ്മയെ അച്ഛന് കൊണ്ട് വിവാഹം കഴിപ്പിക്കണം” എന്നുണ്ടായിരുന്നു! 

അമ്മവീട്ടിലെ ബന്ധപ്പെട്ടവരെക്കൊണ്ട് ഈ വിവരം അച്ഛമ്മയോട് അവതരിപ്പിച്ചു! 

അച്ഛന് ഇഷ്ടക്കേടൊന്നും ഇല്ലായിരുന്നു, അച്ഛമ്മയ്ക്കായിരുന്നു എതിർപ്പ്! 

അങ്ങനെ ആ ബന്ധം നടക്കാതെ പോയി!

പിന്നീടാണ് അറിഞ്ഞത്, അച്ഛമ്മ വഴി അകന്ന ബന്ധത്തിലുള്ള ഇവരെ വിവാഹം കഴിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ആ എതിർപ്പ് എന്ന്! 

അച്ഛന് വേണ്ടി ആദ്യം കണ്ട പെണ്ണ് തന്നെയായിരുന്നു ആ സ്ത്രീ! 

പക്ഷേ അച്ഛന് എന്തുകൊണ്ടോ ആ ബന്ധം ഇഷ്ടമായില്ല! 

അങ്ങനെയാണ് അമ്മയെ വിവാഹം കഴിച്ചത്!

അവർക്ക് അന്നുമുതലേ ചെറിയ depression ഉണ്ടായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്! 

ഇടയ്ക്ക് ചില ലക്ഷണങ്ങളൊക്കെ കാട്ടിത്തുടങ്ങിയപ്പോൾ ഡോക്ടറെ സമീപിച്ചിരുന്നു! 

ഡോക്ടർ പറഞ്ഞു: “പേടിക്കാനൊന്നുമില്ല! 

കൂടുതൽ ഒറ്റപ്പെടാതെ നോക്കിയാൽ മതി! 

പിന്നെ കുറച്ച് മരുന്നും സ്ഥിരമായി കഴിക്കാൻ!” 

അത് ഇന്നും തുടരുന്നു!

ചിലപ്പോൾ തോന്നും, അമ്മയുടെ ഇപ്പോൾ കാണുന്ന ഈ സ്വഭാവ മാറ്റമൊക്കെ അതിന്റെ ലക്ഷണമാണോ എന്ന്?

അമ്മയുടെ ഇപ്പോഴത്തെ ഈ സ്വഭാവങ്ങളൊക്കെ കാണുമ്പോൾ തോന്നാറുണ്ട്, 

അച്ഛൻ നളിനി മൂത്തയെ വിവാഹം ചെയ്തിരുന്നുവെങ്കിൽ എന്ന്!

അമ്മയോടൊപ്പം ആ വീട്ടിൽ പോകുമ്പോൾ, നളിനി മൂത്തയ്ക്ക് നമ്മളോട് എന്ത് സ്നേഹമായിരുന്നു! 

രാത്രിയായാൽ അവരോടൊപ്പമുള്ള ഉറക്കം! 

നല്ല – നല്ല കഥകൾ പറഞ്ഞു തരും! 

ചിലപ്പോൾ കുറുമ്പ് കാണിക്കുമ്പോൾ ശാസനയോടെയുള്ള ഉപദേശം! 

വഴക്ക് പറയുമെങ്കിലും അതിലും ഒരു ലാളന ഉണ്ടായിരുന്നു!

ആദ്ദ്യ വിവാഹത്തിലുള്ളതാണ് ഞാനും സോമനും! 

പിന്നീട് ഒരു പെൺകുട്ടി കൂടി വന്നു നമുക്കിടയിൽ!

ആദ്യമൊക്കെ ഏറെ സ്നേഹമായിരുന്നു അമ്മയ്ക്ക് നമ്മളോട്! 

അരുന്ധതിയുടെ ജനത്തോടെ അമ്മയിൽ ചില മാറ്റങ്ങളൊക്കെ കണ്ടു തുടങ്ങി!

ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല! 

അമ്മയുടെ ചിന്താഗതിക്ക് അനുസരിച്ച് മുന്നോട്ട് പോകുക, അത്ര മാത്രമേ ഇപ്പോൾ കരുതുന്നുള്ളൂ!

ഈയ്യിടെ ശാലിനി ഗർഭിണിയാണെന്ന് വളരെ സന്തോഷത്തോടെ അവൻ അമ്മയോട് പറഞ്ഞപ്പോൾ, 

അമ്മയുടെ മറുപടി: 

“അതിനിപ്പോ എന്താടാ? കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾ ഗർഭിണി ആകും! 

അത്ര പുതുമയുള്ള കാര്യമൊന്നുമല്ലോ!”

എന്ന നിസ്സാരമായി പറഞ്ഞുകൊണ്ട് ഒരു നിമിഷം കൊണ്ട് ആ സന്തോഷം തല്ലിക്കെടുത്തി അമ്മ!

അമ്മയുടെ ആ വാക്കുകൾ അവനെ എന്നല്ല, എന്നെയും ഏറെ വേദനിപ്പിച്ചു! 

ശാലിനിയും കുറച്ച് മാറിയിരുന്നു… 

ഒരു വേള അവൾ കേട്ടിരിക്കുമോ അമ്മയുടെ മറുപടി…

ഈ വേദനിപ്പിക്കുന്ന വാക്കുകൾ കേട്ടപ്പോൾ തിരിച്ചു പറയണമെന്നുണ്ടായിരുന്നു: 

“വെറുതെയല്ല അരുന്ധതി വിവാഹം കഴിഞ്ഞിട്ടും പ്രസവിക്കാത്തത്!”

ഇതുവരെ ഒരു പ്രതീക്ഷയുണ്ടായിരുന്നു! 

ഇനി അതിനും സാധ്യതയില്ല എന്ന്! 

ഈയ്യിടെ പെട്ടെന്നുള്ള ഒരു വയറുവേദന വന്നു അരുന്ധതിക്ക്! 

ആശുപത്രിയിൽ എത്തിയപ്പോഴാണ് അറിഞ്ഞത്, uterus-ന് എന്തോ കുഴപ്പമുണ്ടെന്ന്!

ശാലിനിക്ക് ഛർദ്ദിയും ക്ഷീണവും കാരണം ശരീരം വല്ലായ്മകൾ കാണിച്ച് തുടങ്ങിയപ്പോൾ, 

പലപ്പോഴും ക്ഷീണം അനുഭവപ്പെടുമ്പോൾ ഒരിടത്ത് കിടക്കാനുള്ള താൽപ്പര്യം പ്രകടിപ്പിക്കും…

അമ്മ നിർത്താനുള്ള ഭാവമൊന്നും ഇല്ല! 

ശബ്ദം താഴ്ത്തിയും ഉച്ചത്തിലും പിറുപിറുത്തുകൊണ്ടേ ഇരിക്കുന്നുണ്ട്! 

തൊട്ടപ്പുറത്തെ ശാലിനിയുണ്ട് എന്നുള്ള ചിന്തയൊന്നുമില്ല! 

അവൾ എല്ലാം കേൾക്കുന്നുണ്ട്, ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിത്തന്നെയാണ് പറയുന്നത്…

അത്തരം സംഭവങ്ങൾ ഒക്കെ പെരുപ്പിച്ചെടുത്ത് പോരിനിറങ്ങുന്നത് അമ്മയ്ക്ക് ഒരു ലഹരി പോലെയാണ്!

“കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങളായാൽ ഗർഭിണിയാവും! 

ആയില്ലെങ്കിലേ കുഴപ്പമുള്ളൂ! 

പെണ്ണുങ്ങൾ ഗർഭിണിയാവുന്നത് ആദ്യമായിട്ടൊന്നുമല്ല! 

മൂന്ന് മക്കളെ പോറ്റേണ്ടി വന്നെങ്കിലും ഞാനും രണ്ടെണ്ണത്തിനെ പ്രസവിച്ചിരിക്കുന്നു! 

ഒന്നിന് ദൈവം ആയുസ്സ് നൽകിയില്ല എന്നേയുള്ളൂ! 

ഈ അവസ്ഥയെല്ലാം കഴിഞ്ഞു തന്നെയാ ഞാനും ഇവിടം വരെ എത്തിയത്!”

“ഇതും പറഞ്ഞ് ക്ഷീണമെന്നു പറഞ്ഞ് നിനക്ക് അവിടെ കടന്നാൽ മതിയല്ലോ? 

വെച്ച് വിളമ്പേണ്ടത് ഞാനല്ലേ? 

എന്റെ വയ്യായ്കയൊന്നും ആർക്കും പ്രശ്നമല്ല! 

പെങ്കൊന്തനെപ്പോലെ പിറകെ നടക്കാൻ ഒരുത്തനുണ്ടല്ലോ?”

“ക്ഷീണമെന്നും പറഞ്ഞ് കട്ടിലിൽ കയറിക്കിടന്നാൽ എങ്ങനെയാ? 

ഞാനൊക്കെ ഗർഭിണി ആയിരിക്കുമ്പോൾ ഈ വയറും വെച്ച്, 

പറമ്പ് മുഴുവനും നടന്നും, പശുവിനെ കറന്നും, അലക്കിയും, 

അമ്മിയിൽ അരച്ചും, പൊരി വെയിലത്ത് പണിയെടുത്താ വളർന്നത്!”

“അങ്ങനെ പണിയെടുക്കണം എങ്കിലേ പ്രസവം എളുപ്പമാവുകയുള്ളൂ! 

അതെങ്ങനെയാ ഇപ്പോൾ? 

അരക്കണ്ട, തിരുമ്മേണ്ട, പാൽ packet ലായി! 

എല്ലാം machine അല്ലേ? Machine! 

അതുപോലെ തന്നെ പ്രസവവും! 

ഇപ്പോൾ എല്ലാം operation അല്ലേ?”

“ഇപ്പോഴത്തെ പെണ്ണുങ്ങൾ വയറ്റിലുണ്ടെന്ന് അറിയേണ്ട നിമിഷം, 

അതുവരെ ഇല്ലാത്ത ക്ഷീണമായി, ഛർദ്ദിയായി… 

ബാക്കി ഉള്ളവർ ഇതൊന്നും കാണാത്തത് പോലെ!”

“ഓൾക്ക് എന്താ കിടക്കുന്നതിന് താങ്ങാൻ ആളുണ്ടല്ലോ! 

സ്വന്തമായി അധ്വാനിക്കുന്നതിന്റെ അഹങ്കാരമല്ലാതെ എന്താ പറയേണ്ടത്? 

അതിനെയെല്ലാം താങ്ങിനടക്കാൻ ഒരുത്തനും! 

ആരോട് പറയാൻ…”

ശാലിനിയെ കുത്തുവാക്കുകൾ പറഞ്ഞുകൊണ്ട് നടക്കുന്ന അമ്മയെ കണ്ടുകൊണ്ടാണ്, 

സോമൻ വീട്ടിലേക്ക് കയറി വന്നത്! 

അവന്റെ കയ്യിലെ കവറിലേക്ക് നോക്കിക്കൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു അമ്മ:

“ഇതെന്താ? അവൾക്കുള്ള fruits ഉം മറ്റുമാകും അല്ലേ?”

“അതേ” എന്നവൻ പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് room ലേക്ക് കയറാൻ തുടങ്ങുമ്പോൾ, 

പിന്നിൽ നിന്നും അമ്മ ആരോടെന്ന പോലെ പറയുന്നുണ്ടായിരുന്നു:

“ഇപ്പോൾ എന്തൊക്കെ കാണണം? 

പെണ്ണിനൊന്ന് വയറ്റിലായാൽ അപ്പോൾ തുടങ്ങും വെറുതെ ഇരുത്തി തീറ്റിക്കാൻ! 

ഞങ്ങളൊക്കെ വെറും പഴങ്കഞ്ഞി കുടിച്ചാ പ്രസവിച്ചത്! 

എന്നിട്ട് എനിക്കൊന്നും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല! 

ഇതിപ്പോ…”

അതും പറഞ്ഞ് അടുക്കളയിലേക്ക് പോകാനിരുന്ന അമ്മയെ നോക്കി അവൻ ദേഷ്യത്തോടെ പറഞ്ഞു:

“എന്റെ അമ്മേ… അച്ഛൻ അമ്മയെ വിവാഹം കഴിച്ച കാലമൊന്നുമല്ല ഇത്! 

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളൊക്കെ ഉൾക്കൊള്ളാൻ അമ്മയും തയ്യാറാവണം!”

“അമ്മ പറയുന്നത് പോലെ, പണ്ട് പെണ്ണുങ്ങൾ ഗർഭിണി ആയി പാടത്ത് പണി എടുത്തിട്ടുണ്ടാവാം! 

പാടത്തും വരമ്പത്തും മാത്രമല്ല, ഇപ്പോൾ പ്രസവം bus-ലും, തീവണ്ടിയിലും, auto-യിലും നടക്കുന്നുണ്ട്! 

ആ വിവരമൊന്നും അമ്മയ്ക്ക് അറിയില്ലേ?”

“എന്തിന്, സ്വന്തം മകൾക്ക് ഒരു വയറ്റിൽ വേദന വന്നപ്പോൾ 

അമ്മയുടെ ആധിയും വെപ്രാളവും പരവശവും എന്തായിരുന്നു? 

അന്ന് ഞങ്ങൾക്ക് സ്വൈര്യം തന്നിരുന്നോ?”

“ആശുപത്രിയിൽ നിന്നും discharge ആയി വീട്ടിൽ വന്നതിനു ശേഷം 

ചെറിയ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴെല്ലാം അമ്മ, 

എത്രമാത്രം നമ്മളെ ബുദ്ദിമുട്ടിച്ചിട്ടുണ്ട്! 

അതൊക്കെ എങ്ങനെയാണ് അമ്മയ്ക്ക് ഇത്ര പെട്ടെന്ന് മറക്കാൻ കഴിയുന്നത്?”

“അന്നൊന്നും അമ്മ അരുന്ധതിയോട് പറഞ്ഞിട്ടില്ലല്ലോ, 

‘എന്റെ ഈ പ്രായത്തിൽ ഞാനൊന്നും ഇങ്ങനെയായിരുന്നില്ല, 

അതുകൊണ്ട് വീട്ടിൽ തന്നെ കിടന്നാൽ മതി’ എന്നൊന്നും!”

“അതുപോലെ അരുന്ധതിയുടെ അനാവശ്യമായ ശാഠ്യങ്ങൾക്കൊക്കെ 

അമ്മ എന്തെല്ലാം സൗകര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്! 

അതിൽ എന്തെങ്കിലും കാലതാമസമോ വീഴ്ചയോ വന്നാൽ 

അമ്മ നമ്മൾക്ക് സ്വൈര്യം തന്നിരുന്നോ? 

ഇതൊന്നും അമ്മയ്ക്ക് ഓർമ്മയില്ലേ?”

“സ്വന്തം കാര്യം വരുമ്പോൾ എല്ലാം അത്യാവശ്യം! 

മറ്റുള്ളവരുടെ കാര്യത്തിൽ ഒരു ചിറ്റമ്മ നയം! 

അമ്മയുടെ മോളെ പോലെ തന്നെയല്ലേ ശാലിനി!”

“മുറ്റമടിക്കാൻ ബുദ്ദിമുട്ടാണെന്ന് പറഞ്ഞ് മുറ്റം മുഴുവൻ interlock ചെയ്യിച്ചു! 

കിണറ്റിൽ നിന്നും വെള്ളം കോരാൻ ബുദ്ദിമുട്ടാണെന്ന് പറഞ്ഞ് 

വീടിനു ചുറ്റും pipe fit ചെയ്തു! 

Moose ഹാജിയുടെ വീട്ടിൽ അടിച്ചുവാരുന്ന machine ഉണ്ടെന്ന് പറഞ്ഞ്, 

എനിക്ക് കാര്യം മനസ്സിലായി, അങ്ങനെ ഒരു vacuum cleaner വാങ്ങിപ്പിച്ചതൊക്കെ മറന്നോ? 

അരുന്ധതി സുഖമില്ലാതെ വീട്ടിൽ താമസിക്കാൻ വന്നപ്പോഴല്ലേ അത് വാങ്ങിച്ചത്? 

ഒടുവിൽ അവൾ ഭർതൃ വീട്ടിൽ പോകുമ്പോൾ അതും കൊണ്ട് പോയി! 

ഞങ്ങൾ എന്തെങ്കിലും പറഞ്ഞോ?”

“…ഉണ്ട പാത്രങ്ങൾ വരെ നിങ്ങൾ ശാലിനിയെക്കൊണ്ടല്ലേ കഴുകിക്കാറ്! 

മോൾക്ക് വയ്യായ്കയാണെങ്കിൽ പോയി rest എടുത്തോളൂ എന്നല്ലേ 

അന്ന് അരുന്ധതിയോട് പറയാറുള്ളത്!”

“മരുമോളുടെ കാര്യം വന്നപ്പോൾ അമ്മക്ക് ഒരു നിസ്സംഗ നിലപാട്! 

എല്ലാം അവരവർ തന്നെ ചെയ്തോളണം! 

സ്വന്തം മകളുടെ കാര്യത്തിൽ ആ നിലപാട് കാണുന്നില്ലല്ലോ? 

അപ്പോൾ മകൾക്ക് ഒരു രീതി… മരുമകൾക്ക് മറ്റൊരു രീതി… 

ഇത് തന്നെയാണ് അമ്മ പറയുന്ന ‘അമ്മായിയമ്മപ്പോര്’!”

അതും പറഞ്ഞ് അവൻ bedroom-ലേക്ക് പോകാൻ തിരിയുമ്പോൾ 

ഒന്നുകൂടി പറഞ്ഞു: 

“നിങ്ങൾക്ക് അവളുടെ ക്ഷീണവും മറ്റും കാണുമ്പോൾ പുച്ഛം ഒക്കെ തോന്നും! 

ഈ വീടും പറമ്പും കണ്ടിട്ട് അരുന്ധതിയും അമ്മയും മോഹിക്കണ്ട!” 

എന്ന് പിറുപിറുത്തുകൊണ്ട് അകത്തേക്ക് കയറിപ്പോയി… 

അമ്മ ഇത് കേട്ടിട്ടുണ്ടാവും എന്ന വിശ്വാസത്തോടെ!

അതും പറഞ്ഞ് അവൻ മെല്ലെ അകത്തേക്ക് നടക്കുമ്പോൾ, 

“ഇനി ഇപ്പോൾ എന്ത് പറഞ്ഞ് ഒരു തിരിപ്പ് ഉണ്ടാകും” എന്ന ആലോചനയിലായിരുന്നു ആ അമ്മ!

ആത്മഗതം സോമൻ ഓരോന്നോർത്തു..

മാസത്തിലൊരിക്കൽ അവൾ നെഞ്ചും വയറും നീറി കമിഴ്ന്നു കിടക്കുന്നത് കണ്ടിട്ടുണ്ടോ?

“ഇതെല്ലാ മാസവും എല്ലാവർക്കും ഉള്ളതല്ലേ” എന്ന് പറഞ്ഞ് അവഗണിക്കാതെ, 

അവളിലേക്ക് ഒന്ന് ചേർന്നിരുന്നാൽ മതി! 

അവളിൽ ആശ്വാസം പകരാൻ…

ആ സമയങ്ങളിൽ അവളൊന്ന് പൊട്ടിത്തെറിക്കുമ്പോൾ 

സ്നേഹത്തോടെയുള്ള ഒരു കരുതൽ മതി, അവളുടെ മനസ്സ് നിറയാൻ!

തളർന്നുറങ്ങുന്ന അവളെ പുതപ്പിച്ച്… 

ആ നെറ്റിയിൽ ഒരു സ്നേഹചുംബനം മതി, 

അവളിൽ പൂർണ്ണത കൈവരിയാൻ!

ഒന്നും മിണ്ടാതെ കടിച്ചമർത്തുന്ന പിരിമുറുക്കത്തിൽ 

അവളുടെ മുടിയിഴകളിലൂടെ ഒന്ന് വിരലോടിച്ച്, 

ആ നെഞ്ചിൽ ഒന്ന് കിടത്തിയാൽ മതി, 

അവൾക്ക് ആശ്വാസം കിട്ടാൻ!

ചില സമയങ്ങളിൽ ഒരു നോട്ടത്തിനോ, 

അല്ലെങ്കിൽ ചില പ്രവൃത്തി കൊണ്ടോ, 

ഒരു വാക്കിൽ പോലും പല തരത്തിൽ സ്നേഹം പ്രകടിപ്പിക്കാൻ പറ്റും!

അവൾ പറയാതെ സഹിക്കുന്ന വേദനയിൽ 

നിങ്ങൾ പകർന്നു നൽകിയ ആശ്വാസം, 

ഒരു വേദനസംഹാരിയും നൽകാത്ത ആശ്വാസമായിരിക്കും!

ദൈവങ്ങൾ പോലും ഉപേക്ഷിക്കുന്ന അവസരത്തിൽ 

നിങ്ങൾ നൽകുന്ന കരുതൽ, സ്നേഹം – 

അതാണ് ഭൂമിയിൽ ഏറ്റവും വലുതെന്ന് 

നിറകണ്ണുകളോടെ അവൾ പറയും… അതാണ് പെണ്ണ്!

ഇത്രയും നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ 

ഞാൻ പറയും, നിങ്ങളെയാണ് 

അക്ഷരം തെറ്റാതെ “പുരുഷൻ” എന്ന് വിളിക്കാൻ യോഗ്യൻ എന്ന്!

മറ്റുള്ളവർ നിന്നെ എന്തും വിളിച്ചോട്ടെ… 

“അവളുടെ സാരി തുമ്പിൽ ആണോടാ നിന്നെ കെട്ടിയിട്ടേക്കുന്നത്! 

നീ ഒരു പെങ്കൊന്തനായി പോയല്ലോ!” അങ്ങനെ എന്തും പറഞ്ഞോട്ടെ!

പക്ഷേ നീ മനസ്സിലാക്കിയ പോലെ അവളെ 

ലോകത്ത് വേറെ ആരും മനസ്സിലാക്കിയിട്ടില്ല എന്ന് ഞാൻ പറയും!

സ്ത്രീയെ വെറും നാല് ചുവരുകൾക്കുള്ളിൽ, 

പച്ചയായ ശരീരത്തിൽ കാമാസക്തി തീർക്കുന്നതിലുപരി, 

നമ്മളാൽ അവർ മനസ്സിലാക്കപ്പെടാൻ കൊതിക്കുന്ന, 

സ്നേഹചുംബനമേറ്റുവാങ്ങാൻ കൊതിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ട്!

അവളെ തിരിച്ചറിയുമ്പോഴാണ് 

“ആൺ” എന്ന ഭാവത്തിന് പൂർണ്ണത വരുന്നത്!

മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My WatsApp Contact No 9500716709

Leave a Comment