Time Taken To Read 5 minutes
Disclaimer
ഒരു കാലത്ത് പ്രതാപത്തോടെ മയ്യഴിയിലെ ഭരണ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന ഒരു സമൂഹമാണ് “ചട്ടക്കാർ”.
ഇന്ന് അവർ തീർത്തും അന്യമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, അവരെക്കുറിച്ചുള്ള ഓർമ്മകൾ വരും തലമുറയ്ക്ക് ഉപകാരപ്പെടട്ടെ എന്ന ഉദ്ദേശത്തോടെയാണ് എന്റെ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞ വിവരങ്ങൾ ശേഖരിച്ച് ഈ ലേഖനം തയ്യാറാക്കിയത്. ചില പോരായ്മ്മകളും കണ്ടേക്കാം.
ഇത് പൂർണ്ണമാണെന്നോ, ഇവിടെ എഴുതിയതെല്ലാം 100% ശരിയാണെന്നോ ഞാൻ അവകാശപ്പെടുന്നില്ല. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ എന്നെ അറിയിക്കുകയാണെങ്കിൽ, ആ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഈ ലേഖനം പൂർണ്ണമാക്കാൻ എനിക്ക് സാധിക്കും.
നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
ആംഗ്ലോ – ഇന്ത്യക്കാർ ആരാണ് എന്നുള്ള അന്വേഷണത്തിൽ ഞാൻ ചെന്നെത്തിയത്?
ആംഗ്ലോ – ഇന്ത്യക്കാർ എന്നത് ഇന്ത്യയിലെ ഒരു പ്രത്യേക വംശീയ സമൂഹമാണ്. കൊളോണിയൽ കാലത്ത് യൂറോപ്യരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹങ്ങളിലൂടെ രൂപംകൊണ്ടവരാണ് ഇവർ.
ഇവരുടെ പ്രധാന സവിശേഷതകൾ
ഭാഷയും സംസ്കാരവും. ഇംഗ്ലീഷ് ആണ് മാതൃഭാഷ. പാശ്ചാത്യ ആചാരങ്ങളും ക്രിസ്ത്യൻ വിശ്വാസവുമാണ് പൊതുവെ. പാട്ട്, ഡാൻസ്, ക്രിസ്മസ്, ഈസ്റ്റർ എന്നീ കൃസ്തീയ ആഘോഷങ്ങൾ ആഘോഷിക്കുന്നവർ.
തൊഴിൽ? ബ്രിട്ടീഷ് കാലത്ത് റെയിൽവേ, സൈന്യം, പോലീസ്, പോസ്റ്റൽ വകുപ്പ് എന്നിവിടങ്ങളിൽ സൂപ്പർവൈസർ സ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നു. പിന്നീട് ടീച്ചർമാരായും, നഴ്സുമാരായും, സെക്രട്ടറിമാരായും ജോലി ചെയ്തു എന്നും മനസ്സിലാക്കുന്നു.
2011 സെൻസസ് പ്രകാരം 296 പേർ മാത്രം. പക്ഷേ കമ്മ്യൂണിറ്റി സംഘടനകൾ പറയുന്നത് ഇന്ത്യയിൽ 4 – 5 ലക്ഷം പേരുണ്ടെന്നാണ്. കേരളത്തിൽ മാത്രം 75,000 മുതൽ 1.5 ലക്ഷം വരെ ഉണ്ടെന്നാണ് കണക്ക്.
ഭാരതത്തിൽ ഈ സമൂഹത്തിൽ പെട്ടവരെ പ്രധാനമായും, കൊളോണിയൽ സ്വാധീനമുള്ള സ്ഥലങ്ങളിലാണ് കൂടുതലായും കണ്ടുവരുന്നത്
കേരളം – എറണാകുളം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഏറ്റവും കൂടുതൽ. ആലപ്പുഴ, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലും ഉണ്ട്.
തമിഴ്‌നാട്ടിൽ – ചെന്നൈ, കർണ്ണാടകത്തിൽ ബാംഗ്ലൂരിലെ വൈറ്റ്‌ഫീൽഡ്
ഗോവ – പോർച്ചുഗീസ് സ്വാധീനം കാരണം
പശ്ചിമ ബംഗാൾ – കൊൽക്കത്ത
ഝാർഖണ്ഡ് – മക്‌ളസ്കിഗഞ്ച്
മാഹിയിലെ ആംഗ്ലോ – ഇന്ത്യക്കാർ / ഇന്തോ – ഫ്രഞ്ച് കുടുംബങ്ങൾ?
മാഹിപോലുള്ള കൊച്ചു സ്ഥലത്തു ഇവരുടെ സാന്നിദ്ധ്യമെങ്ങനെയുണ്ടായി?
1721 മുതൽ 1954 വരെ മാഹി ഒരു ഫ്രഞ്ച് കോളനി ആയിരുന്നു. അതുകൊണ്ട് മാഹിയിൽ “ഇന്തോ – ഫ്രഞ്ച് കുടുംബങ്ങൾ” എന്ന ഒരു പ്രത്യേക വിഭാഗമുണ്ട്. ഇവർ ഫ്രഞ്ച് + ഇന്ത്യൻ വംശജർ ആണ്.
1954 – ൽ ഫ്രഞ്ചുകാർ പോയതിനു ശേഷവും തിരിച്ചുപോകാതെ മാഹിയിൽ താമസിച്ചവരാണിവർ. എം മുകുന്ദന്റെ “ദൈവത്തിന്റെ വികൃതികൾ” എന്ന നോവലിലും ലെനിൻ രാജേന്ദ്രന്റെ സിനിമയിലും ഇവരുടെ ജീവിതവും മാനസിക പ്രശ്നങ്ങളും പറയുന്നുണ്ട്.
അതുകൊണ്ട് മാഹിയിലെ അവർ ശുദ്ധമായ “ആംഗ്ലോ-ഇന്ത്യൻ” അല്ല, മറിച്ച് “ഇന്തോ – ഫ്രഞ്ച്”, ഇൻഡോ – പോർച്ചുഗീസ് സമൂഹം കൂടിയാണ്.
കേരളത്തിൽ ആംഗ്ലോ – ഇന്ത്യക്കാരുടെ ഉത്ഭവം
1498-ൽ വാസ്കോ ഡ ഗാമ കേരളത്തിൽ വന്നതോടെയാണ് തുടക്കമെന്നു മനസ്സിലാക്കാം
75% പേരും പോർച്ചുഗീസ് വംശജരാണ്
ബാക്കിയുള്ളവർ ഫ്രഞ്ച്, ബ്രിട്ടീഷ്, ഡച്ച് വംശജരാണ്
രാഷ്ട്രീയ ബന്ധത്തിന് വേണ്ടി പോർച്ചുഗീസ് പുരുഷന്മാർ പ്രാദേശിക സ്ത്രീകളെ വിവാഹം കഴിച്ചതാണ് ഇതിന് കാരണം
ഇപ്പോഴത്തെ സ്ഥിതി
കേരളം മാത്രമാണ് 1993 ൽ തന്നെ ആംഗ്ലോ – ഇന്ത്യക്കാരെ OBC വിഭാഗത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം. മറ്റ് സംസ്ഥാനങ്ങളിൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് കിട്ടാൻ പോലും ബുദ്ധിമുട്ടാണ് എന്നുകേൾക്കുന്നു.
കല്യാണങ്ങളും വിദേശത്തേക്കുള്ള കുടിയേറ്റവും കാരണം ഇവരുടെ എണ്ണം കുറഞ്ഞുവരികയാണ്.
ഇത്രയും ഈ കമ്മ്യൂണിറ്റിയുടെ പൊതു വിവരണം ഇനി..?
ഫ്രഞ്ച് മാഹിയുടെ മറഞ്ഞുപോയ ആംഗ്ലോ – പോർച്ചുഗീസ് ജീവിതങ്ങളെപ്പറ്റി പറയുമ്പോൾ
1820 കളിലെ മയ്യഴിയിലെ ആകെ ജനസംഖ്യ 400 നും 500 നും ഇടയിൽ മാത്രം. അതിൽ 200 ഓളം പേർ തീയ്യ സമുദായം. തൊട്ടുപിന്നിൽ 170 ഓളം വരുന്ന ആംഗ്ലോ – ഫ്രഞ്ച് വിഭാഗം, നാട്ടുകാർ സ്നേഹത്തോടെയും കളിയാക്കലോടെയും വിളിച്ച “ചട്ടക്കാർ”. യൂറോപ്യൻ കോട്ടും തൊപ്പിയും “ചട്ടയും” – ധരിച്ചത് കൊണ്ടാണ് ആ പേര് വീണത്. ഫ്രഞ്ച് രേഖകളിൽ ഇവർ “Topas” അഥവാ “Topaz” എന്നറിയപ്പെട്ടു. പോർച്ചുഗീസ് “tupaz” ദ്വിഭാഷി എന്ന വാക്കിൽ നിന്നാണ് ആ പ്രയോഗം വന്നതെന്ന് വിശ്വസിച്ചുവരുന്നു.
ഫ്രഞ്ച് ഭരണത്തിന്റെ തണലിൽ വളർന്ന ഈ ചെറിയ വലിയ സമൂഹത്തിനു ഫ്രഞ്ച് ഗവൺമെന്റ് പ്രത്യേക പരിഗണന നൽകിയിരുന്നു. മാഹിയിലെ സൈനിക വ്യവസ്ഥയിൽ അവർക്കായി കാംപെയ്ൻ ദ് സിപ്പായീസ് ദ് മാഹിയുടെ (Compagnie de Cipayes de Mahé യുടെ) കീഴിൽ പെലോടോൺ ഡെസ് ടോപാസ് (Peloton des Topas) എന്ന ഉപവിഭാഗം ഉണ്ടായിരുന്നു. 100 – 150 പേരുള്ള ഈ കമ്പനിയിലെ ചട്ടക്കാർ യൂറോപ്യൻ യൂണിഫോം ധരിച്ചു. തോക്കും ബയണറ്റുമായി മാഹി കോട്ടയുടെ കാവൽ, ട്രഷറി ഗാർഡ്, കസ്റ്റംസ്, ഗവർണറുടെ അകമ്പടി എന്നിവ നിർവഹിച്ചു. പലരും ദ്വിഭാഷികളായി, ഗുമസ്തന്മാരായി, ചിലർ സോയൂസ് ലഫ്റ്റനന്റ് ആഡ്ജ്യൂറ്റൻഡു (Sous – Lieutenant, Adjudant) റാങ്ക് വരെ എത്തി എന്നറിയുന്നു.
ഭരണത്തിലും വ്യാപാരത്തിലും വിദ്യാഭ്യാസത്തിലും അവർ മുൻപന്തിയിലായിരുന്നു. സെന്റ് തെരേസാ ദേവാലയത്തിന് ചുറ്റുമായിരുന്നു മിക്ക കുടുംബങ്ങളുടെയും താമസം.
ആ സമൂഹത്തിലെ പ്രമുഖരുടെ പേരുകൾ ഓർമ്മയിലെത്തുന്നത്
ബ്രൂണോ ദ റൊസാരിയോ
ട്രഷറി ഓഫീസർ ജോണി ഡിക്രൂസ്
എ.ജെ. മിറാണ്ടസ്, ജെ.ജെ. റിപ്സ്
ഫ്ളോറേന്തൻ – ഫ്രഞ്ച് മിലിട്ടറി ഓഫീസർ. വിരമിച്ച ശേഷം ഉപ്പുകച്ചവടം തുടങ്ങിയപ്പോൾ നാട്ടുകാർ “ഉപ്പാലസായിപ്” എന്ന് വിളിച്ചു
മിഷ്യേ ബാച്ചെ സായിപ്പ് അദ്ദേഹത്തിന്റെ മകളെ (ലിയോണി ബാച്ചെ Léonie Baché.) പുതുച്ചേരി മുൻ മുഖ്യമന്ത്രി എഡ്വേർഡ് ഗുബേർ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ വേരുകൾ ചെന്നെത്തുന്നത് പ്രമുഖ ഫ്രാങ്കോ – ഇന്ത്യൻ കുടുംബത്തിലേക്കാണ് അതായത് പിതാവ് ഫ്രഞ്ചുകാരനും ‘അമ്മ ഫ്രാങ്കോ – ഇന്ത്യനും)
ഹൈസ്കൂൾ ഡയറക്ടർ ലോപേസ്! മിക്ക രേകഖകളിലും ഡയറക്ടർ ലോപ്പസ് എന്നുമാത്രമേ കാണൂ. ചിലരുടെ സംശയം ചിലപ്പോൾ സേവ്യർ ലോപ്പസ് (Xavier Lopez)
ക്ലമൻഡ് ഡിക്രൂസ്. ഫ്രഞ്ച് പട്ടാളത്തിൽ വാറന്റ് ഓഫീസർ റാങ്ക് വരെ എത്തിയ ചട്ടക്കാരൻ. (Adjudant.) സെന്റ് തെരേസാ ചർച്ചിന്റെ മരണ രജിസ്റ്ററിൽ “Clément Decruz, Adjudant en retraite” എന്ന് 1870 – കളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞുകേട്ടിട്ടുണ്ട്
ട്രഷറി ഓഫീസർ ജോണി ഡിക്രൂസിന്റെ കുടുംബക്കാരൻ. ഡിക്രൂസ് കുടുംബം പട്ടാളത്തിലും ട്രഷറിയിലുമായി രണ്ട് തലമുറ സേവനം ചെയ്തു.
ലിയോനാർഡ് / Leonard.
പട്ടാളത്തിൽ നിന്നോ ട്രഷറിയിൽ നിന്നോ വിരമിച്ച ശേഷം മുഴുവൻ സമയം മയ്യഴിപ്പുഴയിൽ ചൂണ്ടയിടൽ.
മാഹിയുടെ ഒരു “കഥാപാത്രം”. വൈകുന്നേരങ്ങളിൽ പുഴക്കരയിൽ ചൂണ്ടയുമായി ഇരിക്കുന്ന ലെനി സായിപിനെ പഴയ തലമുറ ഓർക്കുന്നു.
ചട്ടക്കാരുടെ പതനത്തിന്റെ പ്രതീകം. ഒരുകാലത്ത് അധികാരത്തിന്റെ ഇടനാഴികളിൽ നടന്നവർ, പിന്നീട് വരുമാനമില്ലാതെ ചൂണ്ടയിടാൻ വിധിക്കപ്പെട്ടവർ – ഇതാണ് എം. മുകുന്ദന്റെ കഥകളിലെ ഒരു കഥാപാത്രം. “സായിപ്” എന്ന വിളി തന്നെ അദ്ദേഹം യൂറോപ്യൻ വേഷം, തൊപ്പി. കോട്ട് ഇവ ഉപേക്ഷിക്കാത്ത ഇവരൊക്കെ മയ്യഴിക്കാർക്കു എന്നും സായിപ്പ് തന്നെ ഇവരും ആ വിളിപ്പേര് ആസ്വദിക്കുന്നു എന്ന് മനസ്സിലാവുന്നു
1986 ൽ 79 വയസ്സുണ്ടായിരുന്ന മിസ്സിസ് അഡോൽഫ് ബ്രൂണോദ് – അക്കാലത്തെ ഏറ്റവും പ്രായം കൂടിയ ചട്ടക്കാരി വനിത
ചട്ടക്കാർ പോർച്ചുഗീസ് വംശജരുടെ പിൻതലമുറക്കാർ. വീട്ടിൽ പോർച്ചുഗീസ് സംസാരിച്ചു. പുറത്ത് ഫ്രഞ്ചും ഇംഗ്ലീഷും മലയാളവും അനായാസം കൈകാര്യം ചെയ്തു.
ഇതിന് ഉത്തമ ഉദാഹരണമാണ് ഏഡിത്ത് റൊസാരിയോ. മാഹി ഗവ. ആശുപത്രിയിലെ നഴ്സ്. മുട്ടിനു ഒരിഞ്ച് താഴെ വരെ എത്തുന്ന യൂറോപ്യൻ ഗൗൺ മാത്രമേ ജീവിതാവസാനം വരെ ധരിച്ചുള്ളൂ. മൂന്ന് മക്കൾ – രണ്ട് ആണും ഒരു പെണ്ണും അവരൊന്നും ആ വേഷം തുടർന്നില്ല. പേരക്കുട്ടികൾ വല്യമ്മച്ചിയുടെ ഉടുപ്പ് കണ്ട് കളിയാക്കുമ്പോൾ, എഡിത്ത് കളങ്കമില്ലാത്ത ചിരിയോടെ കൂടെ ചിരിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
ഉപ്പാലസായിപിന്റെ കുടുംബം
എഡിത്തിന്റെ വലിയച്ഛൻ മയ്യഴി മേയറും ഫ്രഞ്ച് കൗൺസിൽ ജനറലുമായിരുന്നു. അച്ഛൻ ഫ്ളോറേന്തൻ എന്ന ഉപ്പാലസായിപ്. എഡിത്തിന് രണ്ട് സഹോദരന്മാർ:
മർസ്സേൽ: ഫ്രഞ്ച് പട്ടാളത്തിൽ സേവനം. വിരമിച്ച ശേഷം കുടുംബവുമായി പുതുച്ചേരിയിൽ താമസമാക്കി. 1954 ൽ ഫ്രഞ്ച് ഇന്ത്യ ഇന്ത്യൻ യൂണിയനിൽ ചേർന്നപ്പോൾ പല ചട്ടക്കാരും ഫ്രഞ്ച് പൗരത്വം എടുത്ത് പോയതിന്റെ ഭാഗം.
റെയ്മോ: ചെറുപ്പത്തിൽ തന്നെ വിഷപ്പനി പിടിച്ച് മരിച്ചു. 19-ാം നൂറ്റാണ്ടിൽ മാഹിയിൽ കോളറ, വിഷപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ സാധാരണമായിരുന്നു. ഷെർവുഡ് ഹൗസിലെ ആൽഫ്രഡ് റൊസാരിയയും കുട്ടിക്കാലത്തേ വിഷപ്പനി ബാധിച്ച് മരിച്ചിരുന്നു. റെയ്മോയുടെ അകാല മരണം സമുദായത്തിന്റെ ജനസംഖ്യ കുറയാൻ ഒരു കാരണമായി.
റെയ്മോ മേയറുടെ അനന്തരവനും മിലിട്ടറി ഓഫീസറുടെ മകനുമായിരുന്നു. ഫ്രഞ്ച് ഭരണകൂടവുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന കുടുംബങ്ങളിൽ ഒന്ന്. അയാളുടെ മരണം പ്രതാപകാലത്തിന്റെ അന്ത്യത്തിന്റെ സൂചനയായിരുന്നു.
മറ്റ് പ്രമുഖ കുടുംബങ്ങൾ
പടിക്കൽ വീട്ടിൽ താമസിച്ചിരുന്ന ജോണി ഡിക്രൂസ് എന്ന ചട്ടക്കാരന്റെ മകൾ മേരി മെറ്റിൽഡ ട്രഷറി ഓഫീസറായിരുന്നു.
മറ്റ് മക്കൾ: എമിലി, ജോസ്, ജോസഫെൻ ഡിക്രൂസ് (Josphine D’Cruz) (ജോസഫൈന്റെ ഭർത്താവ് അലോഷ്യസ് ജെയിംസ് മെറെൻഡസ്. (Aloysius James Merandez)
മക്കൾ: കാർമ്മൽ മെറെൻഡസ്, (Carmel Merandez) ആൽഫോൺസ് മെറെൻഡസ്, (Alphonse Merandez) ഡഗ്ളസ് മെറെൻഡസ് (Douglas Merandez) , മെൽവിൽ മെറെൻഡസ് (Melville Mirandez) ആർച്ചി ബാൽഡ് മിറാൻഡസ് (Archiebald Merandez) ജോൺ മെറെൻഡസ്. (Jhon Merandez)
ഇന്ന് മാഹിയിൽ താമസിക്കുന്നത് മെൽവിനും ജോണിയും മാത്രം. മെൽവിൻ വിവാഹം കഴിച്ചത് ഒരു ഹിന്ദു യുവതിയെയാണ്. ജോണിയും വിവാഹം കഴിച്ചത് ചട്ടക്കാരിയല്ലാത്ത ക്രിസ്ത്യൻ യുവതിയെയാണ്. മിശ്രവിവാഹങ്ങൾ സമൂഹം ചെറുതാകാൻ വഴിവെച്ചു.
മാഹിയിലെ സെമിത്തേരിയെ പഴമക്കാർ “ഇരിമ്മീസ്” എന്നാണ് വിളിക്കുന്നത്. പോർച്ചുഗീസ് ഭാഷയിൽ ഇർമയോസ് എന്നാൽ സഹോദരങ്ങളെന്നർത്ഥം (irmãos – സഹോദരങ്ങൾ) എന്ന വാക്കിൽ നിന്ന്. ശവക്കല്ലറകൾ സഹോദരങ്ങളുടെ അന്ത്യവിശ്രമസ്ഥലം എന്ന അർത്ഥം. സെന്റ് തെരേസാ ചർച്ചിന്റെ രേഖകളിൽ പല സൈനികരുടെയും മാമോദീസ, വിവാഹ, മരണ കുറിപ്പുകളിൽ “militaire de la Compagnie des Topas” എന്ന് കാണാം.
എന്നാൽ ഇന്ന് അവർ നമുക്കായി ബാക്കിവെച്ചതു (ഭാഷയിൽ) “ഇരിമ്മീസ്”) ഇതു സാക്ഷ്യപ്പെടുത്തുന്നത് സെമിത്തേരി റോഡും ആറോഡിന്റെ ഒടുവിൽ സ്ഥിതിചെയ്യുന്ന രണ്ട ശ്മാശാനവും. ആദ്ദ്യം കോരക്കുറുപ്പോളുടെ കുന്ന് ഹിന്ദുക്കളുടെ ശ്‌മശാനം കുറച്ചുകൂടി മുൻപോട്ടുപോയാൽ കൃസ്ത്യാനികളുടെ ശ്‌മശാനവും കാണാം.
പതനവും ശേഷിപ്പും ഏറെക്കുറെ ദൈവത്തിന്റെ വികൃതികളിലൂടെ മുകുന്ദേട്ടനും – ലെനിൻ രാജേന്ദ്രനുംകൂടി നമ്മുടെ മനസ്സിൽ പ്രതിഷ്ഠിച്ചു.
മറ്റൊരു ചലച്ചിത്രം ചട്ടക്കാരി (Chattakari) 1974 ലെ സൂപ്പർ ഹിറ്റ് മലയാള സിനിമ
കഥ പി. പത്മരാജൻ കഥയും തിരക്കഥയും എഴുതി കെ സേതുമാധവൻ സംവിധാനം ചെയ്ത ഒരു ക്ലാസ്സിക്ക് മൂവി”
അഭിനേതാക്കൾ ലക്ഷ്മി, അടൂർഭാസി മോഹൻ സോമൻ
കേന്ദ്ര പ്രമേയം ഒരു ആംഗ്ലോ – ഇന്ത്യൻ പെൺകുട്ടിയും ഒരു മലയാളി ആൺകുട്ടിയും തമ്മിലുള്ള പ്രണയമാണ് കഥ.
ജൂലി എന്ന ആംഗ്ലോ – ഇന്ത്യൻ പെൺകുട്ടി. അവളുടെ ജീവിതം, പ്രണയം, സമൂഹം നേരിടുന്ന വിവേചനം. “ചട്ട” എന്ന് വിളിക്കുന്ന ആംഗ്ലോ ഇന്ത്യൻ സമൂഹത്തിൽ നിന്നാണ് പേര് വന്നത്.
മാഹി, തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിലെ ആംഗ്ലോ – ഇന്ത്യൻ ജീവിതം വളരെ മനോഹരമായി കാണിച്ചിട്ടുണ്ട്.
1975 ൽ ഹിന്ദിയിൽ “Julie” എന്ന പേരിൽ റീമേക്ക് ചെയ്തു. ലക്ഷ്മി തന്നെ ഹീറോയിൻ. അത് ബോളിവുഡിൽ വലിയ ഹിറ്റായി.
ഒരു വരിയിൽ പറയുമ്പോൾ ജാതിയും മതവും ഭാഷയും കടന്ന് വരുന്ന പ്രണയത്തിന്റെയും അതിന്റെ വേദനയുടെയും കഥ.
മാഹിയിലെ ആംഗ്ലോ-ഇന്ത്യൻ കുടുംബങ്ങളുടെ ജീവിതം കാണാൻ ആഗ്രഹമുണ്ടെങ്കിൽ ഈ സിനിമ ഒന്ന് കാണണം.
ചട്ടക്കാർ ആർഭാട ജീവിതമാണ് നയിച്ചിരുന്നത്. വരവിനേക്കാൾ ചെലവ് കൂടിയപ്പോൾ പലരും വീടും പറമ്പും വിറ്റ് ബോംബെ, മദ്രാസ്, ഫ്രാൻസ് എന്നിവിടങ്ങളിലേക്ക് ചേക്കേറി. 1954 ൽ ഫ്രഞ്ച് ഭരണം അവസാനിച്ച് Compagnie de Cipayes പിരിച്ചുവിട്ടതോടെ അവരുടെ പഴയ മഹിമ ഇല്ലാതായി
ഷെർവുഡ് ഹൗസിലെ മാൽക്കം റൊസാരിയയും അനുജൻ ആൽഫ്രഡും സമുദായത്തിന്റെ അവസാന കണ്ണികളായിരുന്നു. ആൽഫ്രഡ് കുട്ടിക്കാലത്തേ വിഷപ്പനി ബാധിച്ച് മരിച്ചു.
ഇന്ന് ലഫാർമ്മ റോഡിലെ ഷെർവുഡ് ഹൗസ് മാത്രമാണ് ചട്ടക്കാരുടേതായി മാഹിയിൽ അവശേഷിക്കുന്ന ഏക ഭവനം. ഒരു കാലത്ത് മാഹിയുടെ ഭരണ സാമൂഹിക രംഗങ്ങളിൽ നിറഞ്ഞുനിന്ന സമൂഹത്തിന്റെ മൗനസാക്ഷി.
സാഹിത്യത്തിലെ ചട്ടക്കാരെ പറ്റി പറയുമ്പോൾ മയ്യഴിക്കാരനായ എന്റെ ഓർമ്മയിലെത്തുന്നത്
എം. മുകുന്ദന്റെ മയ്യഴിക്കഥകളിലും ദൈവത്തിന്റെ വികൃതികൾ എന്ന നോവലിലും ചട്ടക്കാരുടെ പതനവും ഒറ്റപ്പെടലും ഗൃഹാതുരത്വവും കടന്നുവരുന്നു. ലെനിൻ രാജേന്ദ്രൻ ഇതേ നോവലിനെ ആസ്പദമാക്കി ദൈവത്തിന്റെ വികൃതികൾ സിനിമയെടുത്തു. നാല് തലമുറകളുടെ കഥയിലൂടെ ഫ്രഞ്ച് മാഹിയുടെ മാറ്റവും ചട്ടക്കാരുടെ ശിഥിലീകരണവും അതിൽ കാണാം. റെയ്മോയെപ്പോലുള്ളവരുടെ അകാല മരണം ആ സിനിമയിലെ അൽഫോൻസച്ചന്റെ നഷ്ടപ്രതാപത്തിന്റെ പ്രതീകമായി വായിക്കാം.
പറഞ്ഞുവരുന്നത് ചട്ടക്കാർ മയ്യഴിയുടെ ചരിത്രത്തിലെ ഒരു സുവർണ്ണ ഏടായിരുന്നു. ഫ്രഞ്ച് കൊളോണിയൽ കാലത്തിന്റെ വൈവിധ്യവും സങ്കീർണ്ണതയും വിളിച്ചോതുന്ന, എന്നാൽ ഇന്ന് ഏറെക്കുറെ വിസ്മൃതിയിലാണ്ടുപോയ ഒരേട്. Archives Nationales d’Outre Mer, Aix en Provence ലെ “Inde – Troupes coloniales” രേഖകളിൽ ഇനിയും കണ്ടെത്താൻ ബാക്കിയുള്ള ചരിത്രമുണ്ട്.
മാഹിയിലെ ആംഗ്ലോ – ഇന്ത്യൻ/ചട്ടക്കാർ വീട്ടിൽ ഉപയോഗിച്ചിരുന്ന പോർച്ചുഗീസ് വേരുള്ള, മലയാളവുമായി കലർന്ന ചില വാക്കുകൾ മയ്യഴിക്കാർ ഉപയോഗിച്ചത് ഓർമ്മയിൽ തങ്ങി നിൽക്കുന്നത്. ഇവയിൽ പലതും പഴയ തലമുറ മാത്രം ഉപയോഗിച്ചിരുന്നവയാണ്. ഇന്ന് മിക്കതും മറവിയിലാണ്.
കോപ്പ / Koppa – കപ്പ്. പോർച്ചുഗീസ് copo = glass/cup. “ഒരു കോപ്പ ചായ എടുത്തോ.”
പിഞ്ഞാണം / Pinjanam – പാത്രം കഴുകുന്ന സ്ഥലം, വാഷ് ബേസിൻ. പോർച്ചുഗീസ് pia = sink + മലയാളം. “പിഞ്ചാണത്തിൽ പോയി കൈ കഴുക്.”
ബസി / Basi – പഴകിയത് പോർച്ചുഗീസ്
Anglo-Indian / ഫ്രഞ്ച് കോളനി പ്രദേശങ്ങളിൽ ഹിന്ദിയിൽ നിന്ന് കടമെടുത്ത വാക്കാണ് ബസി. കൊച്ചി, മാഹി, പോണ്ടിച്ചേരി ഒക്കെ ഉള്ളിടത്ത് ഇത് കോമൺ ആണ്.
“ബസി ചോറ് ഉണ്ട്, ചൂടാക്കിയെടുക്ക്”
= തലെന്ന് വെച്ച ചോറ് ബാക്കിയുണ്ട്, ചൂടാക്കി എടുത്തോളൂ എന്ന്. (പ്ളേറ്റ്)
മേസ / Mesa – മേശ. പോർച്ചുഗീസ് mesa = table. “മേസേടെ മേലെ വെച്ചിട്ടുണ്ട്.”
കദേര / Cadera – കസേര. പോർച്ചുഗീസ് cadeira = chair.
അൽമാര / Almari – അലമാര. പോർച്ചുഗീസ് armário = cupboard.
വരാന്ത / Varanda – വരാന്ത. പോർച്ചുഗീസ് varanda = veranda.
ജനേല / Janela – ജനൽ. പോർച്ചുഗീസ് janela = window.
ബാല്ദി / Baldi – വലിയ ബക്കറ്റ്. പോർച്ചുഗീസ് balde = bucket.
തുവാല്യ / Tovalya – തോർത്ത്, ടവൽ. പോർച്ചുഗീസ് toalha = towel.
സാബൂ / Saboo – സോപ്പ്. പോർച്ചുഗീസ് sabão = soap.
വിന്ദാലു / Vindalho – വിന്ദാലു കറി. പോർച്ചുഗീസ് vinha d’alhos = wine + garlic.
പാവ് / Pao – ബ്രെഡ്, പൊറോട്ട. പോർച്ചുഗീസ് pão = bread. “കടേന്ന് ഒരു പാവ് മേടിച്ചോ.”
“പാവ് എന്താണ്, എവിടുന്നാണ് വന്നത് എന്നൊക്കെ വിവരിച്ചിട്ടുള്ള എന്റെ ഒരു ആർട്ടിക്കിൾ ഉണ്ട് ലിങ്ക് താഴെ കൊടുക്കുന്നു. താൽപ്പര്യമുള്ളവർ ഒന്ന് വായിച്ചു നോക്കുമല്ലോ!”
ബോലോ / Bolo – കേക്ക്. പോർച്ചുഗീസ് bolo = cake. ക്രിസ്മസിന് “ബോലോ ഉണ്ടാക്കി.”
ബിസ്ക്കോത്തോ / Biscotto – ബിസ്കറ്റ്. പോർച്ചുഗീസ് biscoito.
കമീസ / Camisa – ഷർട്ട്. പോർച്ചുഗീസ് camisa = shirt.
സായ / Saia – പാവാട, ഗൗൺ. പോർച്ചുഗീസ് saia = skirt. എഡിത്ത് റൊസാരിയോ ധരിച്ചിരുന്നത് “സായ” ആയിരുന്നു.
സപാത്തു / Sapato – ഷൂ, ചെരുപ്പ്. പോർച്ചുഗീസ് sapato = shoe.
മെസ്ത്രി / Mestri – ആശാരി, കൽപ്പണിക്കാരൻ. പോർച്ചുഗീസ് mestre = master.
പാദിരി / Padre – അച്ചൻ. പോർച്ചുഗീസ് padre = father/priest.
ഇരിമ്മീസ് / Irmis – സെമിത്തേരി. പോർച്ചുഗീസ് irmãos = brothers. മാഹിക്കാർ മാത്രം പറയുന്ന പ്രയോഗം.
മറ്റു ചില പ്രയോഗങ്ങൾ
ഇസ്കോള / Escola – സ്കൂൾ. പോർച്ചുഗീസ് escola. “കുട്ടി ഇസ്കോളേൽ പോയോ?”
പാസ്സിയോ / Passeio – ഉലാത്തൽ, വൈകുന്നേരത്തെ നടപ്പ്. പോർച്ചുഗീസ് passeio. “ഒരു പാസ്സിയോ പോയിട്ട് വരാം.”
ഫെസ്ത / Festa – പെരുന്നാൾ, ആഘോഷം. പോർച്ചുഗീസ് festa. “പള്ളി ഫെസ്തയ്ക്ക് പോകാം.”
പിക്വീനോ / Pequeno – ചെറിയത്, കൊച്ച്. പോർച്ചുഗീസ് pequeno. “അവൻ ഒരു പിക്വീനോ പയ്യനല്ലേ.”
ലെംബ്രാൻസ / Lembrança – ഓർമ്മ, സമ്മാനം. പോർച്ചുഗീസ് lembrança. “ഒരു ലെംബ്രാൻസയായി തരാം.”
ചട്ടക്കാർക്ക് മാത്രമായ ചില വിളികൾ
സായിപ് / Sayip – സായിപ്, മദാമ്മ. ഇംഗ്ലീഷ് sahib ൽ നിന്ന്, പക്ഷേ ചട്ടക്കാരെ “ലെനി സായിപ്, ബച്ചീസായിപ്” എന്നൊക്കെ വിളിക്കും. സായിവമ്മ / Sayivamma – യൂറോപ്യൻ സ്ത്രീ. “ഉപ്പാലസായിവിന്റെ സായിവമ്മ”
ബാബ / Baba – കൊച്ചുകുട്ടി. പോർച്ചുഗീസ് സ്വാധീനം. “ബാബ കരയുന്നു.”
ഇതിൽ “ബസി” പോലുള്ള വാക്കുകൾ ഹിന്ദി/ഉർദു വഴി വന്നതാണ്, പക്ഷേ മാഹി ചട്ടക്കാർ സ്ഥിരം ഉപയോഗിച്ചിരുന്നു. “കോപ്പ, പിഞ്ഞാണം, മേശ , കസേര, ഇരിമ്മീസ്” ഇവ നേരിട്ട് പോർച്ചുഗീസ് വേരുള്ളതാണ്.
ഇന്ന് മെൽവിൻ മിറാൻഡയുടെ തലമുറ പോലും ഇതിൽ പകുതി വാക്കുകൾ ഉപയോഗിക്കുണ്ടാവില്ല. നിങ്ങളുടെ വീട്ടിലോ പരിചയത്തിലോ മുതിർന്ന ആരെങ്കിലും ഇതുപോലെ വേറെ വാക്കുകൾ പറഞ്ഞ് കേട്ടിട്ടുണ്ടോ?
Note:
മാഹിയിലെ പള്ളി രേഖകളും വാമൊഴിയും വെച്ച് സ്ഥിരീകരിക്കാൻ പറ്റുന്ന ചില പേരുകൾ :
ഓഫീസർ റാങ്കിൽ എത്തിയവർ
ഫ്ളോറേന്തൻ റൊസാരിയോ “ഉപ്പാലസായിപ്” റാങ്ക്: Sous-Lieutenant. ഫ്രഞ്ച് മിലിട്ടറി സർവീസ് രേഖകളിൽ “Florentin Rosario, Sous Lieutenant, Compagnie de Cipayes de Mahé” എന്ന് കാണുന്നുണ്ട്. വിരമിച്ച ശേഷമാണ് ഉപ്പുകച്ചവടം തുടങ്ങിയത്. ഇത് കൊണ്ടാണ് അദ്ദേഹത്തെ “ഉപ്പാലസായിപ്” എന്ന് വിളിച്ചത്. എഡിത്ത് റൊസാരിയോയുടെ അച്ഛൻ.
ക്ലമൻഡ് ഡിക്രൂസ് റാങ്ക്: Adjudant
സെന്റ് തെരേസാ ചർച്ചിന്റെ 1860 കളിലെ മരണ രേഖയിൽ “Clément Decruz, Adjudant en retraite” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. Adjudant ? ഇന്നത്തെ വാറന്റ് ഓഫീസർക്ക് തുല്യം. ജോണി ഡിക്രൂസിന്റെ കുടുംബത്തിൽപ്പെട്ട ആളാണ്.
ഗുമസ്തൻ/ക്ലാർക്ക് ആയി സേവനം ചെയ്തവർ
ജോണി ഡിക്രൂസ്
പോസ്റ്റ്: Trésorier / ട്രഷറി ഓഫീസർ
മാഹി ട്രഷറിയിലെ മുഖ്യ ഗുമസ്തൻ. ഫ്രഞ്ച് ഭരണത്തിൽ റവന്യൂ, ട്രഷറി കാര്യങ്ങൾ നോക്കിയിരുന്നത് ചട്ടക്കാർ ആയിരുന്നു. ഇദ്ദേഹത്തിന്റെ മകൾ മേരി മെറ്റിൽഡയും പിന്നീട് ട്രഷറി ഓഫീസർ ആയി.
എ.ജെ. മിറാണ്ടസ്
പോസ്റ്റ്: Commis de Bureau / ഹെഡ് ക്ലാർക്ക്
മാഹി ഗവർണറുടെ ഓഫീസിലെ മുഖ്യ ഗുമസ്തൻ. ഫ്രഞ്ച്, ഇംഗ്ലീഷ്, പോർച്ചുഗീസ്, മലയാളം – 4 ഭാഷ അറിയുന്നത് കൊണ്ട് പ്രധാന രേഖകൾ കൈകാര്യം ചെയ്തിരുന്നത് ഇവരാണ്. അലോഷ്യസ് മിറാൻഡയുടെ കുടുംബം.
ലോപേസ്
പോസ്റ്റ്: Directeur d’École / ഹൈസ്കൂൾ ഡയറക്ടർ
സൈനിക സേവനത്തിന് ശേഷം വിദ്യാഭ്യാസ വകുപ്പിൽ. അക്കാലത്ത് ഹൈസ്കൂൾ ഡയറക്ടർ പദവി ഗസറ്റഡ് റാങ്കായിരുന്നു.ഫ്രഞ്ച് ഇന്ത്യയിൽ “Topas” വിഭാഗത്തിന് പ്രത്യേകം പ്രമോഷൻ ചാനൽ ഉണ്ടായിരുന്നു:
Soldat – സിപോയി
Caporal – നായിക്
Sergent – ഹവിൽദാർ
Adjudant – വാറന്റ് ഓഫീസർ
Sous – Lieutenant ജൂനിയർ കമ്മീഷൻഡ് ഓഫീസർ
ചട്ടക്കാർ സാധാരണ സിപോയികളേക്കാൾ എളുപ്പം Adjudant, Sous – Lieutenant റാങ്കിൽ എത്തിയിരുന്നു. കാരണം: യൂറോപ്യൻ വംശം, ഫ്രഞ്ച് ഭാഷാ പരിജ്ഞാനം, എഴുത്തും വായനയും അറിയാം.
Archives Nationales d’Outre – Mer, Aix -en – Provence – “Inde – Personnel militaire, Série Troupes” ഫയലുകൾ
സെന്റ് തെരേസാ ചർച്ച്, മാഹി 1820 – 1954 കാലത്തെ മാമോദീസ, വിവാഹ, മരണ രജിസ്റ്ററുകൾ. പലതിലും “militaire”, “Adjudant”, “Sous – Lieutenant” എന്ന് തൊഴിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പോണ്ടിച്ചേരി സ്റ്റേറ്റ് ആർക്കൈവ്സ് – “Mahé Establishment Lists”
ഫ്ളോറേന്തന്റെയും ക്ലമൻഡ് ഡിക്രൂസിന്റെയും പേരുകൾ ചർച്ച് രേഖകളിലും വാമൊഴിയിലും ഉറപ്പാണ്. ബാക്കിയുള്ളവരുടെ കൃത്യമായ റാങ്ക് സ്ഥിരീകരിക്കാൻ ആർക്കൈവ്സ് പരിശോധിക്കണം.
മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My Watsapp Contact No 9500716709

Hi Babu,
You have covered a lot in a short article.
There is a lot more if you want go into details, but how far you can go and many are not interested in lengthy information, besides, that would defame certain families…! If at all you do, be diplomatic…
Where are you living? may be we can meet and discuss next time in Mahe…
LikeLike
Thanks for your comments!
> I’m basically shuttling between Mahe and Chennai.
> I’m in Mahe right now. I’ll probably head to Chennai around the 30th or first week of August.
> From there I’m going to Dubai and will be back by November or December.
> By the way, what’s your name?
LikeLike