Time Taken To Read 5 Minutes
കേരളത്തിലെ സഞ്ചാര സമുദായങ്ങളുടെ കഥ; വാമൊഴിയും അനുഭവവും ചേർത്തുവെച്ച ച്ചുകൊണ്ടു എഴുതാനുള്ള ശ്രമം.
പൂർണ്ണമായും ശരിയാണോ എന്ന് ഉറപ്പില്ല. ഞാൻ വാമൊഴിയായി കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും സ്വന്തം അനുഭവവുമായി കൂട്ടിവായിച്ച് ഒരു ലോജിക്കിൽ വ്യുവിൽ എന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തോടെ എഴുതുന്നതാണ്. ഇതിനെ വിലയിരുത്തേണ്ടതും തള്ളേണ്ടതും കൊള്ളേണ്ടതും വായിക്കുന്നവരാണ്.
ഇത്തരം അറിവുകളൊക്കെ എഴുതി വരുംതലമുറയ്ക്ക് ഉപയോഗപ്രദമാകുമെങ്കിൽ ആവട്ടെ, അതാണ് എന്റെ ഉദ്ദേശം.
ഞാനടങ്ങുന്ന ഇപ്പോഴത്തെ തലമുറയോട് നമ്മുടെ പൂർവികരെപ്പറ്റി ചോദിച്ചാൽ, പ്രത്യേകിച്ച് ഹിന്ദുക്കളിൽ പെട്ടവരോട്, അവർക്ക് അവരുടെ അച്ഛനെ അറിയാം, മുത്തച്ഛനെ അറിയാം. അതിനും പിന്നിലേക്ക് പോയാൽ കൂടിപ്പോയാൽ ഒന്നോ രണ്ടോ തലമുറയിലുള്ളവരെ പറ്റി അറിയുമായിരിക്കും. അവരുടെ പൂർവികരുടെ ഒരു വിവരവും ആർക്കും അറിയില്ല.
എന്നാൽ മുസ്ലീം – ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവർക്ക് കുറഞ്ഞത് അവരുടെ ബന്ധപ്പെട്ട പള്ളികളിൽ നിന്നും ചില വിവരങ്ങൾ ലഭിക്കുമായിരിക്കും. കാരണം
ഇതിന് അവർക്ക് സാധിക്കുന്നത് അവരുടെ സഭകളെയും മഹല്ലുകളെയും കേന്ദ്രീകരിച്ചാണ്. അവിടെയാണ് അവരുടെ ജനനം, മാമോദീസ, വിവാഹം, മരണം മുതലായവയുടെ രേഖകൾ സൂക്ഷിച്ചിരിക്കുന്നത്
കൂടാതെ, സൗത്ത് കേരളയിലെ ചില കുടുംബങ്ങൾ അവരുടെ കുടുംബവിവരങ്ങൾ പുസ്തകരൂപത്തിൽ തലമുറതലമുറയായി എഴുതി സൂക്ഷിക്കുന്നുണ്ട് എന്നും അറിഞ്ഞു. നായർ തറവാടുകളിൽ ‘തറവാട്ടു ഗ്രന്ഥം’, ചില ഈഴവ – തീയ്യ കുടുംബങ്ങളിൽ ‘കുടുംബചരിത്രം’ എന്നിങ്ങനെ എഴുതിവെക്കുന്ന രീതിയുണ്ട്.
എന്തുകൊണ്ട് പല ഹിന്ദുക്കൾക്ക് ഇതുപോലെ രേഖയില്ല?
ഇതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ജാതിവ്യവസ്ഥയിൽ താഴ്ന്ന വിഭാഗങ്ങൾക്ക് ഭൂമിയും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട കാലത്ത് ‘എഴുത്ത്’ എന്നത് മേൽജാതിക്കാരുടെ കുത്തകയായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. മരുമക്കത്തായ സമ്പ്രദായത്തിൽ തറവാട്ടു സ്വത്ത് ഭാഗം വെക്കാത്തതുകൊണ്ട് പലർക്കും സ്വന്തം ‘കുടുംബവേരുകൾ’ അന്വേഷിക്കേണ്ടി വന്നില്ല. ബ്രിട്ടീഷുകാർ ജനന – മരണ രജിസ്ട്രേഷൻ കൊണ്ടുവരുന്നതുവരെ ക്ഷേത്രങ്ങളിൽ അത്തരം രേഖ സൂക്ഷിക്കാനുള്ള വ്യവസ്ഥിതിയും ഇല്ലായിരുന്നു. അതുകൊണ്ട് 3 തലമുറ കഴിയുമ്പോൾ ഓർമ്മ മാഞ്ഞുപോയി.
ഇത് വെറും ‘നോസ്റ്റാൾജിയ’ അല്ല
കുടുംബചരിത്രം അറിയുന്നത് വെറും വൈകാരികതയല്ല. ജനിതക രോഗങ്ങൾ, സ്വത്തുതർക്കങ്ങൾ, സാമൂഹിക ഗവേഷണം എന്നിവയ്ക്കെല്ലാം ഇത് വേണം. ‘ഞാൻ ആരാണ്’ എന്ന ചോദ്യത്തിന് ഉത്തരം കിട്ടുമ്പോൾ ഒരു വേരുറപ്പ് കിട്ടും. ഇന്നത്തെ കുട്ടികൾക്ക് അവരുടെ മുത്തച്ഛന്റെ അച്ഛന്റെ പേര് പോലും അറിയില്ല എന്നത് ഒരു സാംസ്കാരിക പോരായ്മ്മയല്ലേ?.
എനിക്ക് എന്നെ വായിക്കുന്നവരോട് പറയുവാനുള്ളത്? നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ഇപ്പോൾ ചെയ്യുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം എഴുതിവെക്കുക.
ആദ്യം, വീട്ടിലെ മുതിർന്നവരോട് സംസാരിച്ച് ശബ്ദം റെക്കോർഡ് ചെയ്യുക. പേരുകൾ, സ്ഥലങ്ങൾ, തൊഴിൽ, കുടിയേറ്റ കഥകൾ ചോദിക്കുക.
രണ്ടാമത് കുടുംബത്തിലെ പഴയ ഫോട്ടോ, ആധാരം, കല്യാണക്കുറി, മരണ സർട്ടിഫിക്കറ്റ് എല്ലാം ഒരുമിച്ച് സ്കാൻ ചെയ്ത് സൂക്ഷിക്കുക.
മൂന്നാമത് അങനെ സ്വരൂപിച്ച വിവരങ്ങൾ ബ്ലോഗ് പോലെ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുക ബ്ലോഗിലിടുക. ‘ഇത് വാമൊഴിയാണ്, തെറ്റുണ്ടാകാം’ എന്ന് തുടക്കത്തിൽ എഴുതിയാൽ മതി. ആരും കേസിന് വരില്ല.
എങ്കിലും ഒരു മുൻകരുതൽ
ഇത്തരം എഴുത്തുകൾ ചിലപ്പോൾ ‘ജാതിപുരാണം’ പറച്ചിലായി തെറ്റിദ്ധരിക്കപ്പെടാം. അതുകൊണ്ട് “ഞങ്ങളാണ് മഹാന്മാർ” എന്ന രീതി ഒഴിവാക്കി, “ഞങ്ങൾ ഇങ്ങനെയൊക്കെ ജീവിച്ചു, ഇങ്ങനെയൊക്കെ അതിജീവിച്ചു” എന്ന രീതിയിൽ എഴുതുക.
നിങ്ങൾ തുടങ്ങിവെച്ചത് നിർത്തരുത്. ഇങ്ങനെ പലരും എഴുതുമ്പോൾ ഒരു തലമുറയുടെ ഓർമ്മ മുഴുവൻ നമ്മുടെ പേനത്തുമ്പിലാണ് എന്നോർക്കുക. ഒരു പത്തുപേർ ഇതുപോലെ എഴുതിയാൽ മയ്യഴിയുടെ ഒരു ‘People’s History’ തന്നെ ഉണ്ടാകും.
സീസണൽ കുടിയേറ്റം: കേരളത്തിന്റെ മറന്ന ചരിത്രം?
കേരളം, തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ ചില സമുദായങ്ങൾ പാരമ്പരാഗതമായി ജനിച്ചു വളർന്ന സ്ഥലത്തുനിന്ന് മാറിത്താമസിക്കേണ്ടി വന്നിട്ടുണ്ട്. ക്ഷാമം, വരൾച്ച, കലാപം, തൊഴിൽ, വ്യാപാരം എന്നിവയായിരുന്നു പ്രധാന കാരണങ്ങൾ. ഇത് ലോകവ്യാപകമായി നടന്ന പ്രതിഭാസമാണ്. പശ്ചിമേഷ്യൻ പ്രശ്നങ്ങൾ ഇന്നും അതിന്റെ തുടർച്ചയാണ്.
നമ്മുടെ നാട്ടിൽ കാലാകാലമായി “സീസണൽ മൈഗ്രേഷൻ” നടന്നിരുന്നു എന്നാണ് എന്റെ വിലയിരുത്തൽ. ഒരിടത്ത് പ്രതിസന്ധി വരുമ്പോൾ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് നീങ്ങും. അവിടെ ക്യാമ്പ് ചെയ്ത് ജീവിക്കും. സ്വന്തം നാട്ടിലെ സ്ഥിതി ശാന്തമാകുമ്പോൾ കുറച്ചുപേർ തിരിച്ചുപോകും, കുറച്ചുപേർ അവിടെത്തന്നെ തങ്ങും. രണ്ടോ മൂന്നോ തലമുറ കഴിയുമ്പോൾ തങ്ങിയവർ പ്രാദേശിക ഭാഷയും സംസ്കാരവും പഠിച്ച് ആ നാട്ടുകാരായി മാറും.
കേരളത്തിലേക്ക് അങ്ങനെ വന്ന ചില സമുദായങ്ങളെ പറ്റി നമുക്ക് നോക്കാം
നരിക്കുറവർ / കുറവർ: തമിഴ്നാട്ടിൽ നിന്ന് സീസണലായി കേരളത്തിലേക്ക് വന്നവർ. കൂടാരം കെട്ടി താമസിച്ച് കരകൗശല വസ്തുക്കൾ വിറ്റ് ജീവിച്ചു. കുറച്ചുപേർ ഇവിടെ സ്ഥിരതാമസമാക്കി. ഇപ്പൊഴും ഇത്തരത്തിലുള്ളവരെ നമുക്ക് വഴിയോരങ്ങളിൽ കാണാം
ലംബാഡി / ബഞ്ചാര: കർണാടക, ആന്ധ്ര, തമിഴ്നാട് വഴി കേരളത്തിലും എത്തിയ സഞ്ചാര വ്യാപാരികൾ. ഇന്ന് വയനാട്ടിലും പാലക്കാട്ടും ഇവരുടെ കോളനികളുണ്ട്.
പാണർ, വേട്ടുവർ, മലവേടർ: വനാന്തരങ്ങളിൽ നിന്ന് സീസണൽ തൊഴിലിനായി നാട്ടിലേക്ക് ഇറങ്ങിയ ഗോത്രവിഭാഗങ്ങൾ. പലരും പിന്നീട് നാട്ടിൻപുറങ്ങളിൽ സ്ഥിരതാമസമാക്കി.
പട്ടാണി, റാവുത്തർ
കച്ചവടത്തിനും കുതിര വ്യാപാരത്തിനുമായി എത്തിയവരാണ് പട്ടാണി, റാവുത്തർ വിഭാഗക്കാർ. മലപ്പുറം, കോഴിക്കോട് മേഖലകളിൽ ഇവർ സ്ഥിരതാമസമാക്കി. മയ്യഴിയിലും ഈ സമുദായമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
മയ്യഴി കടപ്പുറത്ത് പട്ടാണികൾ കൂട്ടമായി താമസിച്ചതിനാലാകാം ആ പ്രദേശത്തിന് ‘പട്ടാണിപ്പറമ്പ്’ എന്ന പേര് വന്നത്. ഇവിടെ താമസിച്ച് കുലം വളർത്തിയ ശേഷം പിൽക്കാലത്ത് പലരും കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലേക്ക് മാറിത്താമസിച്ചു. എങ്കിലും അവരുടെ താവഴിക്കാർ ഇന്നും ഈ പ്രദേശങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
കൂടുതൽ കൃത്യതയ്ക്ക്: പട്ടാണികൾ എന്നത് പഠാൻ വംശജരെ സൂചിപ്പിക്കാൻ വടക്കൻ കേരളത്തിൽ ഉപയോഗിക്കുന്ന വാക്കാണ്. റാവുത്തർ എന്നത് തമിഴ് മുസ്ലീം കുതിരക്കച്ചവടക്കാരെയും. ഇവർ 16 – 17 നൂറ്റാണ്ടുകളിൽ മലബാറിലെ സാമൂതിരിയുടെ കുതിരപ്പടയ്ക്ക് കുതിരകളെ എത്തിച്ചിരുന്നു എന്ന് ചരിത്രരേഖകളിൽ കാണാം.
മയ്യഴിയിൽ ഇന്നും പോസ്റ്റൽ അഡ്ഡ്രസ്സായി അതായതു പട്ടാണി പറമ്പു എന്ന് മറ്റു സമുദായങ്ങളും ഉപയോഗിക്കുന്നു ..
ഇവർ താമസിക്കുന്ന സ്ഥലങ്ങളിൽ ഒരു “കൂട്ടമുണ്ടാകും”. ഉദാഹരണം: മലപ്പുറത്തെ ‘കുറവൻകുന്ന്’, കൊച്ചിയിലെ ‘പാണ്ടികശാല’, പാലക്കാട്ടെ ‘ലംബാഡി കോളനി’. 2 – 3 തലമുറ കഴിയുമ്പോൾ അവർ മലയാളം സംസാരിക്കും, ഓണം ആഘോഷിക്കും, പ്രാദേശിക രാഷ്ട്രീയത്തിൽ ഇടപെടും. പക്ഷേ സ്വന്തം സ്വത്വവും ആചാരങ്ങളും പൂർണ്ണമായി കൈവിടില്ല. ഇതാണ് കേരളത്തിന്റെ “മിശ്ര സംസ്കാരം”.
മയ്യഴിയിലെ മറ്റൊരു സമുദായത്തെപാറ്റി പറഞ്ഞുകേട്ടതു മയ്യഴിയുടെ കച്ചവട ചരിത്രത്തിൽ ചെട്ടികളെ ഒഴിവാക്കാനാവില്ല. ഫ്രഞ്ചുകാർക്ക് മലബാറിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞത് ഈ വിശ്വസ്ത വ്യാപാരികളുടെ സഹായം കൊണ്ടാണെന്ന് വാമൊഴിയുണ്ട്.
സാംസ്കാരിക കൂടിച്ചേരലിലൂടെ ഇവരുടെ ഭാഷ, ആചാരം, ഭക്ഷണം എന്നിവയിൽ വലിയ മാറ്റങ്ങൾ വന്നു. “അതിഥി ദേവോ ഭവ” എന്നതിൽ നിന്ന് “അതിഥി നാട്ടുകാരനായി” എന്നതിലേക്കുള്ള കേരളത്തിന്റെ യാത്രയാണിത്. ഇന്ന് ഇവർ നേരിടുന്ന വെല്ലുവിളികൾ ഭൂമി, വിദ്യാഭ്യാസം, സാമൂഹിക അംഗീകാരം എന്നിവയാണ്.
മയ്യഴിയിലെ ചെട്ടി സമുദായം ഫ്രഞ്ച് കാലത്തെ കച്ചവട ചരിത്രം എങ്ങനെ മയ്യഴിയിൽ എത്തപ്പെട്ടു എന്നതിനെ പറ്റി പറഞ്ഞു കേട്ടത്. 18-ാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാർ മയ്യഴിയിൽ വ്യാപാരം തുടങ്ങിയതോടെയാണ് തമിഴ്നാട്, കർണാടക, ആന്ധ്രാ മേഖലകളിൽ നിന്നുള്ള ചെട്ടി സമുദായക്കാർ ഇവിടേക്ക് കുടിയേറിയത്. ഇവരുടെ പൂർവ്വികർ ഉത്തരേന്ത്യയിൽ നിന്നും കുടിയേറിയവരാണെന്ന് കരുതപ്പെടുന്നു.
എന്തുകൊണ്ട് ചെട്ടികൾ മയ്യഴിയിലെത്തിഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിശ്വസ്തരായ ഇടനിലക്കാരെ ആവശ്യമായിരുന്നു. 1722- ൽ വടകര വാഴുന്നോരുടെ അനുമതിയോടെ ഫ്രഞ്ചുകാർ മയ്യഴിയിൽ കോട്ടയും പാണ്ടികശാലയും സ്ഥാപിച്ചു. കുരുമുളക്, ഏലം, തേങ്ങ, കയർ തുടങ്ങിയവ കയറ്റി അയക്കാൻ പ്രാദേശിക വ്യാപാരികൾ വേണമായിരുന്നു. ബ്രിട്ടീഷ് മലബാറിനെ അപേക്ഷിച്ച് ഫ്രഞ്ച് മയ്യഴിയിൽ കസ്റ്റംസ് നികുതി കുറവായിരുന്നു. ഫ്രഞ്ച് പട്ടാളത്തിന്റെ സംരക്ഷണം കൂടി കിട്ടിയതോടെ ഇവർക്ക് ധൈര്യമായി.
ഇവരുടെപ്രധാന തൊഴിൽ മേഖലകൾ സുഗന്ധവ്യഞ്ജന കച്ചവടം! വയനാട്, കുടക് മലകളിൽ നിന്ന് കുരുമുളക് ശേഖരിച്ച് ഫ്രഞ്ച് കപ്പലുകളിൽ എത്തിച്ചു. കൂടാതെ ഇവർ പ്രധാന “ദുഭാഷി”മാരായിരുന്നു.
പണമിടപാട് – ബാങ്കിംഗ്: “നാട്ടുകോട്ടൈ ചെട്ടിയാർ”മാർ പ്രശസ്തർ. കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും പലിശക്ക് പണം നൽകി. ഹുണ്ടിക വ്യാപാരം നടത്തി.
വസ്ത്ര വ്യാപാരം: തമിഴ്നാട്ടിൽ നിന്ന് പട്ടും കോട്ടൺ തുണികളും കൊണ്ടുവന്ന് മയ്യഴി, തലശ്ശേരി, വടകര ചന്തകളിൽ വിറ്റു.
മദ്യ കോൺട്രാക്ട്: ഫ്രഞ്ച് മയ്യഴിയിൽ മദ്യനികുതി കുറവായതിനാൽ അബ്കാരി കോൺട്രാക്ട് എടുത്ത് ബ്രിട്ടീഷ് മലബാറിലേക്ക് കടത്തി.
പാണ്ടികശാല മേൽനോട്ടം: ഫ്രഞ്ച് ഗോഡൗണുകളുടെ കണക്കെഴുത്ത്, ചരക്ക് തൂക്കം നോക്കൽ തുടങ്ങിയവ പ്രമുഖ ചെട്ടി കുടുംബങ്ങൾ ചെയ്തു.
പ്രമുഖ ചെട്ടി കുടുംബങ്ങളേപറ്റി പറയുമ്പോൾ കേൾക്കാൻ കഴിഞ്ഞത്
ചൊക്ലിയിലെ രംഗസ്വാമി ചെട്ടിയാർ: പുന്നോൽ – ചൊക്ലി ഭാഗത്ത് താമസം. ഫ്രഞ്ച് – ബ്രിട്ടീഷ് അതിർത്തി കേന്ദ്രീകരിച്ചു കച്ചവടം നിയന്ത്രിച്ചു. മയ്യഴിപ്പുഴ വഴി തോണിയിൽ ചരക്ക് നീക്കങ്ങൾ നടത്തിവന്നു പള്ളൂർ സുബ്രഹ്മണ്യ ചെട്ടിയാർ: പള്ളൂർ – പന്തക്കൽ മേഖലയിലെ നെല്ല്, തേങ്ങ കച്ചവടക്കാർ. ഫ്രഞ്ച് സർക്കാരിന് നികുതി പിരിക്കുന്ന കോൺട്രാക്ടർമാരായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
നാരായണ ചെട്ടി & സൺസ്: 19 -ാം നൂറ്റാണ്ടിൽ മാഹി ബസാറിലെ വലിയ പലചരക്ക് – ബാങ്കിംഗ് സ്ഥാപനം. ഫ്രഞ്ച് ഇന്ത്യ മുഴുവൻ ഹുണ്ടിക ഇടപാടുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു
ചൂടിക്കോട്ടയിൽ മണ്ടോള ക്ഷേത്രത്തിനടുത്ത് കൃഷ്ണൻ നായർ നടത്തിയ പലചരക്ക് കടയുടെ മുകളിൽ ഒരു ബാങ്കർ ഉണ്ടായിരുന്നു. ഫുൾ കൈ വെള്ള ഷർട്ടും മുണ്ടും ധരിച്ച്, സ്വർണ്ണ കുടുക്കും കഫ് ബട്ടണുമിട്ട് വരുന്നത് കുട്ടിക്കാലത്ത് കണ്ട ഓർമ്മയുണ്ട്. ആളുകൾ അദ്ദേഹത്തെ ‘ബാങ്കർ കിട്ടു’ എന്നാണ് വിളിച്ചിരുന്നത്. ചൂടിക്കോട്ടയിലെ ഓടത്തേരി പറമ്പും വീടും അവരുടേതായിരുന്നു. പിന്നീട് സിംഗപ്പൂർ ചാത്തുനായർ അത് വാങ്ങി.
ഫ്രഞ്ച് ഭരണത്തിന് ശേഷം1954 – ൽ മയ്യഴി ഇന്ത്യൻ യൂണിയനിൽ ചേർന്നതോടെ ഫ്രഞ്ച് കച്ചവട ആനുകൂല്യങ്ങൾ നിലച്ചു. പല ചെട്ടി കുടുംബങ്ങളും തലശ്ശേരി, കണ്ണൂർ, കോഴിക്കോട് ഭാഗത്തേക്ക് ബിസിനസ് മാറ്റി. ചിലർ ചെന്നൈ, മധുര ഭാഗത്തേക്ക് തിരിച്ചുപോയി. ഇന്നും തലശ്ശേരി, പള്ളൂർ, പന്തക്കൽ ഭാഗത്ത് ചെട്ടി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ശ്രീ. എം. മുകുന്ദേട്ടൻ “മയ്യഴിപ്പുഴയുടെ തീരങ്ങളിൽ” എന്ന നോവലിൽ ചെട്ടി സമുദായത്തെ പറ്റി പറയുന്നുണ്ട്!
നോവൽ വായിച്ചിട്ട് ഒട്ടേറെ വർഷങ്ങളായി എങ്കിലും ഇതെഴുതുമ്പോൾ എന്റെ ഓർമ്മയിലെത്തിയത് നെടുമുടി വേണു കഥാപാത്രമായി അഭിനയിച്ച ഇട്ട്യേറ ചെട്ടിയെന്ന കഥാപാത്രത്തെയാണ്.
ഇട്ട്യേറ ചെട്ടിയുടെ സ്വാധീനം പറയുമ്പോൾ “മയ്യഴിയിലെ കച്ചവടത്തിന്റെ നാഡി ഇട്ട്യേറ ചെട്ടിയുടെ കയ്യിലായിരുന്നുവെന്നു കേട്ടറിവ് ഫ്രഞ്ചുകാർക്ക് പോലും അവനെ വേണമായിരുന്നു. പണമിടപാടുകൾ മലഞ്ചരക്ക് കച്ചവടം – എല്ലാം അവന്റെ വാക്കിൽ.”
“പുഴയോരത്തെ വലിയ ചെട്ടിവീട്. ഉള്ളിൽ ഫ്രഞ്ച് കസേരകളും കണ്ണാടിയും. പുറത്ത് നാട്ടുകാർക്ക് കൊടുക്കാനുള്ള കടത്തിന്റെ കണക്കുപുസ്തകവും.”
“ഇട്ട്യേറ ചെട്ടി മലയാളം സംസാരിച്ചു, തമിഴ് കണക്കെഴുതി, ഫ്രഞ്ചുകാരോട് ഫ്രഞ്ചിൽ സംസാരിച്ചു.” മുകുന്ദേട്ടൻ പറഞ്ഞു ചെട്ടി മൂന്ന് സംസ്കാരത്തിന്റെ നടുവിൽ.ജീവിച്ച പ്രതാപി .
അവസാനകാലം! പ്രായമായി, തകർന്നു. ഫ്രഞ്ചുകാർ പോയി. ഇന്ത്യ സ്വതന്ത്രമായി.
ഇട്ട്യേറ ചെട്ടിയെ ആർക്കും ആവശ്യമില്ലാതായി! പണ്ട് കടം കൊടുത്തവർ പോലും തിരിഞ്ഞു നോക്കുന്നില്ല.
വലിയ ചെട്ടിവീട്ടിൽ ഇട്ട്യേറ ചെട്ടി തനിച്ചാണ്. പണമുണ്ടായിരുന്നിട്ടും ഒരു ചായ കൊടുക്കാൻ ആളില്ല.
‘വരുത്തൻ’ എന്ന ലേബൽ ജീവിതാവസാനം വരെ കൂടെ ഉണ്ടായിരുന്നു!
ആരും അറിയാതെ അവൻ മരിക്കുന്നു. മൃതദേഹം എടുക്കാൻ പോലും നാട്ടുകാർ മടിക്കുന്നു. ഒടുവിൽ 2 – 3 ആളുകൾ കൂടി പുഴയോരത്ത് സംസ്കരിക്കുന്നു. ഫ്രഞ്ച് മണിയും, തമിഴ് മന്ത്രവും, മലയാളം നിലവിളിയും ഒക്കെ കൂടിക്കലർന്ന ഒരു ചടങ്ങ്!
മുകുന്ദേട്ടൻ പറയാൻ ഉദ്ദേശിച്ചത് ഇതാണ്:
ഇട്ട്യേറ ചെട്ടി മയ്യഴിക്ക് വേണ്ടി ജീവിച്ചു. പക്ഷേ മയ്യഴി അവനെ സ്വന്തമാക്കിയില്ല!
കൊളോണിയൽ കാലത്ത് പാലം ആയി നിന്നവർ, കാലം മാറുമ്പോൾ ആരാലും ഓർക്കപ്പെടാതെ പോകുന്നു എന്നതാണ് ഈ സീനിന്റെ കാതൽ.
അല്ലെങ്കിലും മുകുന്ദേട്ടൻ കാലത്തിനും മുൻപേ പറഞ്ഞത് ഇന്നും തുടരുന്നു…
ഒരു പഴയ പഴഞ്ചൊല്ല് ഓർമ്മ വരുന്നു:
“പാലം കടക്കുവോളം നാരായണ… നാരായണ! പാലം കടന്നാൽ കൂരായാണ!”
ഇന്നും നമുക്കിടയിൽ പലരെയും കാണാം ഇതുപോലെയുള്ള ആളുകളെ.
ഇട്ട്യേറ ചെട്ടിയുടെ മരണത്തോടെ പഴയ മയ്യഴിയും കൂടെ മരിക്കുന്നു എന്ന ഫീലാണ് മുകുന്ദേട്ടൻ വായനക്കാർക്കു നൽകിയത് – ഇതെന്റെ വിലയിരുത്തലാണ്.
വാണിയ ചെട്ടിയാർ അഥവാ വാണിജ്യ ചെട്ടിയാർ
“വാണിയം” എന്നാൽ കച്ചവടം. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രഞ്ചുകാർ മയ്യഴിയിൽ കോട്ട പണിത കാലത്താണ് വാണിയ ചെട്ടിയാർമാർ എത്തിയത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
പ്രധാനമായും തിരുനെൽവേലി, മധുര, രാമനാഥപുരം ഭാഗങ്ങളിൽ നിന്ന് വന്നവരാണ്. ഇവരുടെ പൂർവികർ ഉത്തർപ്രദേശിൽ നിന്ന് കുടിയേറിയവരായിരുന്നു എന്നും കേട്ടിട്ടുണ്ട്. ‘ബനിയാസ്’ എന്ന വിളിപ്പേരാണ് പിന്നീട് ഭാഷാവ്യത്യാസം വന്ന് ‘വാണിയാസ്’ എന്നായത് എന്ന് സാഹചര്യത്തെളിവ് വെച്ചുനമുക്കു വിലയിരുത്താം.
‘ബനിയാസ്’ എന്നത് ഉത്തരേന്ത്യയിലെ വ്യാപാര സമുദായമാണ്. ഗുജറാത്തി, മാർവാഡി ബനിയകൾ പ്രസിദ്ധം. തമിഴ്നാട്ടിലേക്ക് കുടിയേറിയപ്പോൾ അവിടത്തെ ‘ചെട്ടി’ പട്ടം ചേർന്ന് ‘വാണിയ ചെട്ടി’ ആയി. ‘വാണിയം’ എന്ന തമിഴ് വാക്കിന് കച്ചവടം എന്നുതന്നെ അർത്ഥം. അതുകൊണ്ട് ‘വാണിജ്യ ചെട്ടിയാർ’ എന്ന പേരും യുക്തമാണ്.
പ്രധാന തൊഴിലുകൾ എണ്ണ വ്യാപാരം, പലചരക്ക് കച്ചവടം, മദ്യ കോൺട്രാക്ട്, കൊപ്ര വ്യാപാരം, ചെറുകിട പലിശയിടപാട്. നാട്ടുകോട്ടൈ ചെട്ടിയാർമാരെപ്പോലെ വലിയ ബാങ്കിംഗ് ഇല്ലായിരുന്നു.
പ്രമുഖ കുടുംബങ്ങൾ
മാഹി ബസാറിലെ കുഞ്ഞിരാമൻ ചെട്ടിയാർ , ചാപ്പൻ ചെട്ടിയാർ, ഗോവിന്ദൻ ചെട്ടിയാർ, നാരായണൻ ചെട്ടിയാർ, പൈതൽ ചെട്ടിയാർ, കേളപ്പൻ ചെട്ടിയാർ, ബാലൻ ചെട്ടിയാർ, കണാരൻ ചെട്ടിയാർ അങ്ങനെ പോകുന്നു ഇവരുടെ പേരുകൾ.
പ്രമുഖ തറവാടുകൾ ആയാടത്തിൽ, ഓടിട്ട പുത്തൻപുരയിൽ, പുത്തൻപുരയിൽ, കുറ്റിപ്പുനം, കല്ലാട്ട്, കല്ലാട്ട് മഠത്തിൽ, പൂഴിയിൽ എന്നിങ്ങനെയാണ്. ഇവരുടെ പിൻതലമുറക്കാർ ഇന്നും ഇവിടങ്ങളിൽ താമസിച്ചുവരുന്നുണ്ട്.
ആയാടത്തിൽ തറവാട്: മാഹി ടൗണിലെ ഏറ്റവും പഴക്കമുള്ള ചെട്ടിയാർ തറവാടുകളിൽ ഒന്ന്. ഫ്രഞ്ച് കാലത്ത് പാണ്ടികശാലയിലെ കണക്കെഴുത്തുകാരായിരുന്നു. ‘ആയാടത്തിൽ’ എന്ന പേര് ‘ആയ വ്യാപാരം’ ചെയ്യുന്നവരുടെ തറവാട് എന്ന അർത്ഥത്തിലാണെന്ന് വാമൊഴി.
കുറ്റിപുനം, ഓടിട്ട പുത്തൻപുരയിൽ: പേര് സൂചിപ്പിക്കുന്നതുപോലെ ഓട് മേഞ്ഞ ആദ്യകാല വീടുകളിൽ ഒന്ന്. 19-ാം നൂറ്റാണ്ടിൽ എണ്ണച്ചക്കും പലചരക്ക് കച്ചവടവും നടത്തിയിരുന്നു. മാഹി ബസാറിൽ ഇന്നും ഈ തറവാട്ടുപേര് പറഞ്ഞാൽ ആളുകളറിയും.
കല്ലാട്ട് മഠത്തിൽ: കല്ലാട്ട് കുടുംബത്തിന്റെ ഒരു ശാഖ. ക്ഷേത്രകാര്യങ്ങളിലും ശ്രദ്ധ ചെലുത്തിയിരുന്നു.
പൂഴിയിൽ തറവാട് മയ്യഴി കടൽത്തീരത്തു നിന്നും ഒരു വിളിപ്പാടകലെയുള്ള ഈ സ്ഥലം പൂഴി നിറഞ്ഞ ഭൂപ്രകൃതിയും കടൽത്തീരത്തിനടുത്തു മായതു കൊണ്ട് കിട്ടിയ പേരാകാം.
ഇതിൽ പല തറവാട്ടുപേരുകളും ഇന്ന് വീട്ടുപേരായി മാറി. ഉദാഹരണത്തിന് ‘ആയാടത്തിൽ രാജൻ’, ‘പുത്തൻപുരയിൽ സുരേഷ്’ എന്നൊക്കെ ഇപ്പോഴും മാഹി, തലശ്ശേരി ഭാഗത്ത് കേൾക്കാം.
1954 – ന് ശേഷം പല വാണിയ ചെട്ടിയാർ കുടുംബങ്ങളും തലശ്ശേരി, കണ്ണൂർ ഭാഗത്തേക്ക് മാറി ഹോട്ടൽ, ബേക്കറി, ടെക്സ്റ്റൈൽസ് തുടങ്ങി. ഇന്ന് മാഹി ടൗൺ, പള്ളൂർ, പന്തക്കൽ ഭാഗത്ത് 100 -150ൽ താഴെ വാണിയ ചെട്ടിയാർ കുടുംബങ്ങൾ മാത്രമേയുള്ളൂ. “ചെട്ടിയാർ കട” എന്ന പേരിൽ 2-3 പലചരക്ക് കടകൾ ഇപ്പോഴും മാഹി ബസാറിലും പെരുങ്ങാടി ഭാഗത്തുമുണ്ട്.
മാഹിയിലെ ശ്രീകൃഷ്‌ണ ക്ഷേത്രം ചെട്ടിയാരംഭലമെന്നായിരുന്നു ആദ്ദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് ശ്രീ പൂഴിയിൽ കുഞ്ഞിരാമൻ നായരായിരുന്നു (പി. കെ രാമൻ) ഇതിന്റെ സ്ഥാപകൻ ഈ കുടുംബക്ഷേത്രത്തിന്റെ പൂർണ്ണ വിവരം ഒരു പ്രത്യേക ബ്ലോഗായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്
ഇപ്പോൾ പുനഃപ്രതിഷ്ട്ടയൊക്കെ നടത്തി കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്നു ഇതിന്റെ മേൽനോട്ടം തിരഞ്ഞെടുക്കപ്പെട്ട ജനകീയകമ്മിറ്റിക്കാണ് ഇപ്പോഴത്തെ ഇതിന്റെ പ്രസിഡന്റ് പുത്തൻ പുരയിൽ വിനോദൻ ആണ്
മയ്യഴിയിലെ വാണിയ ചെട്ടിയാർമാർ കാലക്രമേണ മലയാളികളുമായി ഇഴുകിച്ചേർന്നു. ഇന്ന് എല്ലാവരും വീട്ടിൽ മലയാളം മാത്രമേ സംസാരിക്കൂ.
ഹൈന്ദവ ആചാരങ്ങളുമായി ബന്ധപ്പെട്ടു പറയുമ്പോൾ, ചെട്ടികളുടെ വരവോടെയാണ് വടകര, മയ്യഴി, തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിൽ സംക്രമം, പങ്കുനി ഉത്രം, കാർത്തിക ദീപം, നവരാത്രി ആഘോഷം, ദീപാവലി ആഘോഷങ്ങൾ ഒക്കെ കൂടുതൽ ആചരിച്ചുവന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്!
ഫ്രഞ്ച് മയ്യഴിയുടെ കച്ചവടം പിടിച്ചിരുന്നതും, കടയും കണക്കും നോക്കി നടന്നതും കൂടുതലും ചെട്ടി സമുദായക്കാരായിരുന്നു! അവരുടെ കൂടെ കൂടിയാണ് നമ്മുടെ നാട്ടിലും ഈ ആഘോഷങ്ങളൊക്കെ ഒരു “ബിസിനസ് ഉത്സവം” പോലെ ആയത്!
ഈ അടുത്ത കാലം വരെ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് കച്ചവടക്കാർ തമ്മിലും ഇടപാടുകാർ തമ്മിലുമുള്ള കടങ്ങൾ തീർത്ത്, പുതിയ ചരക്കുകൾ വാങ്ങി, കച്ചവട ബന്ധങ്ങൾ പുതുക്കുന്നതും ഒരു ചടങ്ങായിരുന്നു!
ഈ അവസരത്തിൽ മിട്ടായിയും മറ്റു ഉപഹാരങ്ങളും കൊടുത്ത് പരസ്പരം തൃപ്തിപ്പെടുത്തുന്നതും, “പോസ്റ്റ് കാർഡ്” അടിച്ചു ഇടപാടുകാരെ ക്ഷണിക്കുന്നതും ഒരു ആരാധനാ ആഘോഷം തന്നെയായിരുന്നു!
അന്ന് ചെട്ടിത്തെരുവുകളിലെ കടകളിൽ ദീപാവലി ദിവസം ലക്ഷ്മി പൂജയും കണക്കു പൂജയും ഇല്ലാതെ ഒരു കടയും തുറക്കില്ലായിരുന്നു!
ഇന്ന് മയ്യഴിയിലും പരിസര പ്രദേശങ്ങളിലും ഈ സമ്പ്രദായം അന്യം നിന്നുകൊണ്ടിരിക്കുന്നു എന്ന് പറയുമ്പോൾ, അതിനു നമ്മൾ വേറെ അർത്ഥവും കാരണവും കാണേണ്ടിയിരിക്കുന്നു!
ഒരു സമ്പ്രദായം ഇല്ലാതാവുക എന്ന് പറഞ്ഞാൽ, ആ മേഖലയിൽ അത് തുടരാൻ മതിയായ ആളുകൾ ഇല്ല എന്ന് തന്നെ അർത്ഥം!
കച്ചവടം മാറി, ആളുകൾ മാറി, പക്ഷേ ഓർമ്മകൾ ഇപ്പോഴും ഉണ്ട്!
മറ്റൊരു സമുദായ കഥയുമായി ഉടൻ വരാം.
മഠത്തിൽ ബാബു ജയപ്രകാശ് ………..✍️ My Wasapp Contact No – 9500716709
