Time Taken To Read 5 Minutes
Disclaimer
“യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ രചന. കഥയിലെ കഥാപാത്രങ്ങളും സംഭവസ്ഥലങ്ങളും സ്വകാര്യത സംരക്ഷണാർത്ഥം സാങ്കൽപ്പികമായി മാറ്റിയെഴുതിയതാണ്. ഈ അനുഭവക്കുറിപ്പ് വായിക്കുമ്പോൾ ചിലപ്പോൾ അത് നിങ്ങൾക്കോ നിങ്ങളുമായി ബന്ധപ്പെട്ട കുടുംബങ്ങൾക്കോ സുഹൃത്തുക്കൾക്കോ സംഭവിച്ച കഥ കേട്ടതുപോലെ തോന്നാം.”
….. ബാപ്പൂട്ടിക്ക പതിവ് പോലെ കാലത്ത് വീടിനു 25 – 30 മീറ്റർ അകലത്തിലുള്ള ഷോപ്പിൽ സാധനങ്ങൾ വാങ്ങിക്കാൻ നടന്നു പോയതായിരുന്നു. കുറച്ചു മാസമായി വെർട്ടിഗോ അസുഖത്തിനുള്ള ചികിത്സ എടുത്ത് സുഖപ്പെടുത്തിയിരുന്നു. എങ്കിലും അതിൽ നിന്നും പൂർണ്ണമായും മുക്തമായിരുന്നില്ല. അതുകൊണ്ടു തന്നെ പഴയതുപോലെയുള്ള മൂവ്മെന്റ്സ് കുറച്ച്, ബാപ്പൂട്ടിക്ക പരമാവധി വിശ്രമത്തിലായിരുന്നു. ആയതിനാൽ അന്ന് ഷോപ്പിംഗ് പോകുമ്പോൾ കോ-ബ്രദറും കൂടി ഒപ്പം അനുഗമിച്ചിരുന്നു.
സാധനങ്ങൾ വാങ്ങി പണം കൊടുക്കുമ്പോൾ ബാപ്പൂട്ടിക്കക്ക് ചെറുതായി തല കറങ്ങുന്നതായ ഒരനുഭവം കോ-ബ്രദറോട് പറഞ്ഞതേ ഓർമ്മയുള്ളൂ! പിന്നീട് ആരൊക്കെയോ താങ്ങി ഓട്ടോറിക്ഷയിൽ വിളിപ്പാടകലെയുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അവിടെ എത്തിയത് മുതൽ ബാപ്പൂട്ടിക്കക്ക് വലിയ പ്രശ്നമൊന്നും ഉള്ളതായി അനുഭവപ്പെട്ടിരുന്നില്ല. വിവരങ്ങൾ കാഷ്വാലിറ്റിയിൽ പറഞ്ഞപ്പോൾ ഡോക്ടർ ബാപ്പൂട്ടിക്കയുടെ പ്രഷറും ഇ.സി.ജി.യും ഷുഗറും പരിശോധിച്ചു. ഇ.സി.ജി.യിൽ ചെറിയ വേരിയേഷനുണ്ട്, ഭയപ്പെടുത്തുന്ന രീതിയിലൊന്നുമില്ല. എങ്കിലും ഒരു വിദഗ്ധ കാർഡിയാക് സംവിധാനമുള്ള ആശുപത്രിയിൽ പോകുന്നതാണ് നല്ലതെന്ന് ഉപദേശം തന്നു.
ഇ.സി.ജി. വേരിയേഷനുണ്ടെന്ന് പറഞ്ഞപ്പോഴേ ബാപ്പൂട്ടിക്കയ്ക്കറിയാമായിരുന്നു ഇ.സി.ജി. അളക്കുന്ന വയറിന്മേൽ ഘടിപ്പിച്ച റബ്ബർ ബോൾ നെഞ്ചിൽ കുത്തിയത് പലതും “വയറിന്മേൽ എത്തിയതും, ഒന്ന് രണ്ടെണ്ണം അഴിഞ്ഞു വീണതൊന്നും ആരും ശ്രദ്ധിച്ചിട്ടില്ലെന്ന്!
പിന്നെ അടുത്തുള്ള പ്രിൻററിൽ നിന്നും പൊന്തിവന്ന കടലാസിലെ നഴ്സറി കുട്ടികൾ വരച്ചു കളിച്ചതു പോലുള്ള പേപ്പർ നോക്കി പറഞ്ഞു “പേടിക്കാനൊന്നുമില്ല, ഒരു ചെറിയ വേരിയേഷൻ…”
“വെള്ളാനകളുടെ നാട്” എന്ന സിനിമയിൽ കുതിരവട്ടം പറഞ്ഞതുപോലെ “ഒരു ചെറീ…യ”???@@
അല്ലെങ്കിലും നാട്ടുകാർ ഈ സ്ഥലത്തെയും സർക്കാർ സംവിധാനത്തെയും വെള്ളാനകളുടെ കൂട്ടമായാണ് കാണുന്നത് എന്നും കേൾക്കുന്നു!
അതായത് പതിവ് റെഡി മേഡ് ഉത്തരം…! ഇതിൽ കൂടുതലൊന്നും ആരും പ്രതീക്ഷിക്കേണ്ട. ഇവിടെ ഇത്തരം സൗകര്യങ്ങളേയുള്ളൂ. കൂടുതൽ ഉത്തരവാദിത്തമൊന്നും ഇവിടെ എടുക്കാൻ പറ്റില്ല. ഞങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു, ഇനി നിങ്ങളുടെ ഇഷ്ടം… ജീവൻ വേണേൽ സ്ഥലംവിട്ടോ എന്ന് പറയാതെ പറഞ്ഞു വെച്ചു.
ഇതുകേട്ടതോടെ ബാപ്പൂട്ടിക്കയും കുടുംബവും “പടച്ചോനെ, ഇതിൽ കൂടുതലൊന്നും സംഭവിച്ചില്ലല്ലോ! തടി കയ്ചലായല്ലോ” എന്ന സമാധാനത്തോടെ അവിടെനിന്നിറങ്ങി…
ഇറങ്ങുമ്പോൾ ആശുപത്രി അധികൃതർ ഒരു കാര്യം കൂടി ചെയ്യാമെന്ന് പറഞ്ഞു “ആംബുലൻസ് വേണമെങ്കിൽ ഒരുക്കാം, വേണോ?” വേണ്ടെന്നുള്ള ബാപ്പൂട്ടിക്കയുടെ ഉത്തരം അവർക്ക് രസിച്ചില്ലെന്ന് മുഖഭാവത്തിൽ മനസ്സിലായി!
തുടർന്ന് വീട്ടിലെത്തി കുളിച്ചു, ബ്രേക്ഫാസ്റ്റ് കഴിച്ചു, സുഹൃത്തിന്റെ കാറിൽ തലശ്ശേരി സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ടു.
കൂടെ ബാപ്പൂട്ടിക്കയുടെ ബന്ധുക്കളും. ബാപ്പൂട്ടിക്ക അപ്പോഴേ പറയുന്നുണ്ട് “ഒന്നുമില്ല, ബാപ്പൂട്ടി ഉഷാറാ! ഒരു കുഴപ്പവുമില്ല, ഇങ്ങളാരും ബേജാറാവണ്ട.” എന്നാൽ ചുറ്റും കൂടിയുള്ളവർ “കുന്തം പോയാൽ കുടത്തിലും തപ്പണം” എന്ന നിലപാടിൽ ഉറച്ചതുകൊണ്ട് വഴിപ്പെട്ടു ബാപ്പൂട്ടിക്കയും.
നാടോടുമ്പോൾ കൂടെ ഓടുക എന്ന തത്വം ബാപ്പൂട്ടിക്കയും പാലിച്ചു.
തലശ്ശേരി സ്വകാര്യ ഹോസ്പിറ്റലിൽ എത്തി. അവിടെയും ഇ.സി.ജി.യും രക്തസമ്മർദ്ദ പരിശോധനയും ആവർത്തിച്ചു. ഫലങ്ങളിൽ വീണ്ടും ആശങ്കാജനകമായ വ്യതിയാനങ്ങൾ കാണുന്നുണ്ടെന്ന് ഡ്യൂട്ടി ഡോക്ട്ടർ. ഓ പി ഡ്യൂട്ടിയിലുണ്ടായിരുന്ന പരിചയക്കാരനായ ഡോക്ടർ ശാന്തനുമായി സംസാരിച്ചു. ഡോക്ടർ എല്ലാം ശാന്തമായി കേട്ട് വിശദമായി പരിശോധിക്കുകയും രണ്ട് ഇ.സി.ജി. റിപ്പോർട്ടുകളും പഠിക്കുകയും ചെയ്തു.
ഉറപ്പുവരുത്താനായി അദ്ദേഹം ട്രോപോണിൻ I രക്തപരിശോധനയ്ക്ക് നിർദ്ദേശിച്ചു. ഫലം വന്നപ്പോൾ ആശുപത്രി അധികൃതർ ഞെട്ടി, എന്നാൽ ബാപ്പൂട്ടിക്ക ഞെട്ടിയില്ല! 252.7 ng/L എന്ന വലിയ തോതിലുള്ള വർദ്ധനവ്! “ആശങ്കപ്പെടാനൊന്നുമില്ല, ബാപ്പൂട്ടിക്കയ്ക്ക് അൽപ്പം പ്രഷറുണ്ടെന്നതൊഴിച്ചാൽ ക്ഷീണമോ നെഞ്ചുവേദനയോ മറ്റു കാര്യമായ ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ സൗകര്യം പോലെ ഒരു കാർഡിയാക് വിദഗ്ധനെ കാണിക്കുന്നത് ഉചിതമായിരിക്കും” എന്ന് ശാന്തനായി ഡോക്ടർ ശാന്തൻ ഉപദേശിച്ചു. ആ ഉറപ്പ് മതിയായിരുന്നു ബാപ്പൂട്ടിക്കയ്ക്ക്.
ആ ഉപദേശത്തിൽ പേടിക്കത്തക്ക രീതിയിലുള്ളതായൊന്നും അനുഭവപ്പെട്ടില്ല! തിരിച്ചു കാഷ്വാലിറ്റിയിൽ എത്തിയതുമുതൽ ബാപ്പൂട്ടിക്ക എന്തോ ഭീകരമായ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതിയെപ്പോലെയായിരുന്നു ഇ ഡി യിലെ (എമർജൻസി വിഭാഗത്തിലെ) നേഴ്സ് മുതൽ ഡോക്ടർമാരുടെ ബാപ്പൂട്ടിക്കയോടുള്ള പെരുമാറ്റം!
മൂത്രമൊഴിക്കാൻ പോലും അനുവദിക്കുന്നില്ല… ഇടത്തോട്ട് തിരിഞ്ഞുകൂടാ, വലത്തോട്ട് തിരിഞ്ഞുകൂടാ, മൂത്രമൊഴിക്കണമെന്ന് വാ തുറന്ന് സംസാരിക്കാനുള്ള അനുവാദമില്ല! ഒരു തരം ഡിജിറ്റൽ അറസ്റ്റ് ചെയ്തതുപോലെ! അവർക്ക് നിർബന്ധം പോലേ അവരുടെ മുകൾനിലയിൽ നടത്തുന്ന കാർഡിയാക് സെന്ററിൽ അഡ്മിറ്റ് ചെയ്യണമെന്ന്!
ഡ്യൂട്ടി ഡോക്ടർക്ക് ഇല്ലാത്ത കരുതലായിരുന്നു ഇ.ഡി. ഡോക്ടർമാർക്ക്. ഇ.ഡി. എന്ന് പറഞ്ഞത് ആ ഇ.ഡി. അല്ല, എമർജൻസി ഡിപ്പാർട്ട്മെന്റ്!
പിന്നീട് മനസ്സിലായി, ഇതൊക്കെ മുകൾ നിലയിലുള്ള കാർഡിയാക് വിഭാഗത്തിൽ നിന്നുള്ള നിർദ്ദേശം താഴത്തെ നിലയിലുള്ളവർ പാലിക്കുകയാണെന്ന്. അല്ലെങ്കിലും കീഴ് വഴക്കം അങ്ങനെയാണല്ലോ – മുകളിലുള്ളവർ പറയുന്നത് താഴെയുള്ളവർ അനുസരിക്കുക എന്നത്!
“ഹാർട്ട് പഞ്ചറാണോ എന്ന് സംശയമുള്ള ഒരു ഇര ഞങ്ങളുടെ പക്കലെത്തിയിട്ടുണ്ട്. ഒന്ന് ഒത്തുപിടിച്ചാൽ അവിടെ എത്തിക്കാൻ സാധിക്കും. ഒരു ദൂതൻ താഴോട്ട് അവതരിച്ചാൽ ചിലപ്പോളൊക്കും” എന്നുള്ള മെസേജ് ഇതിനകം മേലെ എത്തിയിരുന്നു! യിട്ടുണ്ടായിരിക്കണം പൊതു തത്വം പറഞ്ഞതാണ്…
ഇതുപ്രകാരം ഒരു ഡോക്ടർ സേവനതല്പരനായി ബാപ്പൂട്ടിക്കയുടെ മുമ്പിൽ അവതരിച്ചതാണെന്ന് മനസ്സിലായി. പിന്നെ എല്ലാം അവരുടെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമം!
ഇതിനിടയിൽ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് ഹൃദ്രോഗമുള്ള ആൾ അനുഭവിക്കുന്നതിനേക്കാൾ ഭയങ്കരമാണെന്നുള്ള കാര്യം ആശുപത്രി അധികൃതർ മറന്നുപോയിരുന്നു!
ഡിസ്ചാർജ് ചോദിച്ചപ്പോൾ “അവർക്ക് നൽകാനാവില്ല” എന്ന്! പിന്നെ ബാപ്പൂട്ടിക്കാക്കുണ്ടാകുന്ന ഭവിഷ്യത്തും പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമം. ബാപ്പൂട്ടിക്കയുടെ മൂത്രമൊഴിക്കേണ്ട കഥയൊക്കെ അവർ ഇഗ്നോർ ചെയ്തുകൊണ്ടേയിരുന്നു. അവരുടെ താൽപ്പര്യം ബാപ്പൂട്ടിക്കാ, നിങ്ങൾ കിടക്കയിൽ മുള്ളിയാലും കുഴപ്പമില്ല. ഒന്നാം നിലയിലെ വാർഡിൽ നിങ്ങളെ എത്തിക്കുക എന്നതാണ് നമ്മുടെ ഉദ്ദേശം എന്ന് പറയാതെ പറയുന്നുണ്ട്.”
ഒടുവിൽ അവരെ ഞെട്ടിക്കും വിധം! ബാപ്പൂട്ടിക്ക ഗർജ്ജിച്ചു.
ബാപ്പൂട്ടിക്കയുടെ ഗർജനം കേട്ടപ്പോൾ അവിടെയുള്ള ഡോക്ടറും നേഴ്സും അറിയാതെ മൂത്രമൊഴിച്ചോ എന്നൊരു സംശയം ബാപ്പൂട്ടിക്കാക്കില്ലാതില്ല! ബാപ്പൂട്ടിക്ക അതൊന്നും ശ്രദ്ധിക്കാൻ പോയില്ല. അപ്പോഴുണ്ട് ഒരാൾ ഹനുമാൻ മാലയുമായി പറന്നുവരുന്നതുപോലെ യൂറിൻ പോട്ടുമായി പറന്നുവരുന്നു!
ബാപ്പൂട്ടിക്കാന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി അനുജനും ഒരു യൂറിൻ പോട്ട് വാങ്ങിവന്നു. പക്ഷേ അതിനു മുൻപ് ആശുപത്രിയിൽ ആരോ ഉപയോഗിച്ച യൂറിൻ പോട്ട് ബാപ്പുവിന് ഉപയോഗിക്കേണ്ടി വന്നു! തുടർന്ന് ബാപ്പൂട്ടിക്കാന്റെ നിർബന്ധത്തിന് വഴങ്ങി അണ്ടർടേക്കിങ് നൽകി ഡിസ്ചാർജ് വാങ്ങി… അപ്പോഴും അവർക്ക് നിർബന്ധം ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള ആംബുലൻസും അറേഞ്ച് ചെയ്യാനും എവിടേക്കുപോകുന്നു എന്ന് അറിയാനുള്ള തിടുക്കവും! രണ്ടും നിഷേധിച്ചു ബാപ്പൂട്ടിക്കയും കുടുംബവും സ്വയം ആംബുലൻസ് അറേഞ്ച് ചെയ്ത് സ്ഥലം വിട്ടു – നേരെ കണ്ണൂരിലെ പ്രസിദ്ധമായ പഞ്ചനക്ഷത്ര ആസ്പത്രിയിലേക്ക്!
അവിടെ എത്തിയ ഉടനെ അവർ ബാപ്പൂട്ടിക്കാനെ എമർജൻസി വാർഡിൽ പ്രവേശിപ്പിച്ചു. പിന്നീട് രണ്ടു – മൂന്നു മണിക്കൂറുകൾ തുടർച്ചയായ നിരീക്ഷണത്തിലായിരുന്നു. രക്തസമ്മർദ്ദവും താപനിലയും ഗ്ലൂക്കോസ് നിലയും ഇടവിട്ട് പരിശോധിച്ചുകൊണ്ടിരുന്നു, ഒപ്പം ഇ.സി.ജി.യും രക്തപരിശോധനകളും ആവർത്തിച്ചു. ട്രോപോണിൻ I അപ്പോൾ 0.372 ng/mL ആയി അൽപ്പം കുറഞ്ഞിരുന്നു, മറ്റ് പരിശോധനാ ഫലങ്ങളും സാധാരണ നിലയിലായിരുന്നു.
ഇതിനിടയിൽ രക്തത്തിലെ സി.ബി.സി. പരിശോധനാ ഫലം വന്നു – എല്ലാത്തിനും എ പ്ലസ്! പ്ലേറ്റ്ലറ്റ് കൗണ്ട് കുറച്ച് കുറവ്, ബി കാറ്റഗറിയിലാണ്. അപകടഘട്ടത്തിലേക്ക് കടന്നിട്ടില്ല!
ഈ സമയത്താണ് ബാപ്പൂട്ടിക്കയുടെ നെഞ്ചിൽ കടുത്ത കഫക്കെട്ടും നേരിയ പനിയും ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്. ഇതിനകം ബാപ്പൂട്ടിക്കയെ മുഴുവൻ സമയവും കാർഡിയാക് മോണിറ്ററുമായി ബന്ധിപ്പിച്ചാണ് കിടത്തിയിരുന്നത്. ആ മോണിറ്ററിലെ അക്കങ്ങൾ ബാപ്പൂട്ടിക്കയെ ശരിക്കും ഭയപ്പെടുത്തി! രക്തസമ്മർദ്ദം 240/120 mmHg, 260/111 mmHg, 310/185 എന്നിങ്ങനെ മാറിമാറി കാണിച്ചുകൊണ്ടിരുന്നു! ഒരു ഘട്ടത്തിൽ അത് 355/171 – 375/190 mmHg വരെയെത്തി! പൾസ് 79 മുതൽ 82 വരെയും ഓക്സിജൻ 79% മുതൽ 100% വരെയും ചാഞ്ചാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു!
ബാപ്പൂട്ടിക്കന്റെ ചരിത്രം പരിശോധിച്ചാലറിയാം – 32-ാം വയസ്സ് മുതൽ രക്തസമ്മർദ്ദമുണ്ട്, പക്ഷേ 71 വയസ്സായിട്ടും ശാരീരികമായി അളക്കുമ്പോൾ 172/95 mmHg-ന് മുകളിൽ പോയിട്ടേയില്ല! അതുകൊണ്ട് തന്നെ ഈ കണക്കുകൾ വിശ്വസിക്കാൻ പ്രയാസമായിരുന്നു. നഴ്സിനോട് “ഈ ഉപകരണം കൃത്യമായി കാലിബ്രേറ്റ് ചെയ്യാറുണ്ടോ?” എന്ന് ചോദിച്ചപ്പോൾ വ്യക്തമായ മറുപടിയൊന്നും കിട്ടിയില്ല! അദ്ദേഹത്തിന്റെ അപ്പോഴത്തെ മുഖഭാവം കണ്ടപ്പോൾ ആ ചോദ്ധ്യവും കാലിബറേഷൻ എന്താണെന്നുള്ള അങ്കലാപ്പും തെളിഞ്ഞു കണ്ടു.
ഇതിനിടയിൽ ബാപ്പൂട്ടിക്കയെ കാർഡിയാക് മീറ്ററിന് പുറമേ ഇടത്തെ കയ്യിൽ സ്കാൽപ് സെറ്റും ഘടിപ്പിച്ചതോടെ ബാപ്പൂട്ടിക്ക ഒരു ആൻഡ്രോയിഡ് ബാപ്പൂട്ടിക്കയായി! ആശുപത്രിയുമായുള്ള പൊക്കിൾക്കൊടി ബന്ധം സ്ഥാപിച്ചു!
അതോടെ ചികിത്സ ആരംഭിച്ചു. നെബുലൈസേഷൻ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് അതിലും വിചിത്രമായൊരു സംഭവം നടന്നത്! ബാപ്പൂട്ടിക്കയുടെ തൊട്ടടുത്ത കിടക്കയിൽ കടുത്ത മഞ്ഞപ്പനിയുള്ള ഒരു ആൺകുട്ടിയെ കൊണ്ടുവന്ന് കിടത്തി. ബാപ്പൂട്ടിക്കയ്ക്ക് ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങളുള്ള സ്ഥിതിക്ക് ഇത് തീരെ ശരിയല്ലെന്ന് തോന്നി. “ബാപ്പൂട്ടിക്കയുടെ പനി അവന് പകരാം, അല്ലെങ്കിൽ അവന്റെ അസുഖം ബാപ്പൂട്ടിക്കായ്ക്കും വരാം” എന്ന് ബാപ്പൂട്ടിക്ക ഡ്യൂട്ടി ഡോക്ടറോട് മൃദുവായി പറഞ്ഞു.
ഡോക്ടർ വന്ന് മോണിറ്റർ പരിശോധിച്ചപ്പോഴും BP 285/111 mmHg തന്നെ! കാലിബ്രേഷനെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം ഒരു കാര്യം പറഞ്ഞു, “ഞങ്ങൾ ഈ മീറ്ററിനെ പൂർണ്ണമായി ആശ്രയിക്കുന്നില്ല, ശാരീരികമായി അളക്കുന്ന BP-യെയാണ് വിശ്വസിക്കുന്നത്.”
അതുകേട്ടപ്പോൾ ബാപ്പൂട്ടിക്ക അറിയാതെ ചോദിച്ചുപോയി, “അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് ഈ മെഷീൻ ബാപ്പൂട്ടിന്റെ ദേഹത്ത് വെച്ച് ബാപ്പൂട്ടിക്ക് ചാർജ് ചെയ്യുന്നത്? ഇതുനോക്കി നോക്കി അല്പജ്ഞാനിയായ ബാപ്പൂട്ടിന്റെ ബി.പി. കൂട്ടുന്നത് ഡോക്ടറേ?”
ഉടൻ അദ്ദേഹം നഴ്സിനോട് മാനുവലായി അളക്കാൻ നിർദ്ദേശിച്ചു. അളന്നപ്പോൾ 172/91 mmHg, പൾസ് 82, ഓക്സിജൻ 100%. മോണിറ്റർ കാണിച്ചതും യഥാർത്ഥ കണക്കും തമ്മിൽ അജഗജാന്തര വ്യത്യാസം!
അപ്പോഴും കാർഡിയാക് മോണിറ്ററിൽ അക്കങ്ങൾ 311 / 165 / 75 / 98 എന്ന് ചെറിയ ഏറ്റക്കുറച്ചിലുകളോടെ കാണിച്ചുകൊണ്ടേയിരിക്കുന്നുണ്ട്”
പിന്നീട് ബാപ്പൂട്ടിക്കാനെ മറ്റൊരു കിടക്കയിലേക്ക് മാറ്റിയെങ്കിലും അവിടെയും അതേ മോണിറ്റർ പ്രശ്നം തുടർന്നു. അപ്പോൾ അവർ ഒരു കാര്യം ശ്രദ്ധിച്ചു – ബാപ്പൂട്ടിക്കാന്റെ തലയുടെ പിൻഭാഗത്ത്, പെട്ടെന്ന് കഴുത്ത് തിരിച്ചാൽ കാണാൻ സാധിക്കാത്ത അകലത്തിൽ കാർഡിയാക് മൊണീട്ടർ വരത്തക്കരീതിയിൽ ബെഡ് അഡ്ജസ്റ്റ് ചെയ്തിട്ടു. ഡോക്ടർക്കുണ്ടോ ബാപ്പൂട്ടിക്കാന്റെ അറിയാനുള്ള ശുഷ്കാന്തിയേപറ്റി വല്ല വിവരവും? ബാപ്പൂട്ടിക്കായൊരു അഭ്യാസിയുമാണെന്ന് അറിഞ്ഞിട്ടുണ്ടാവില്ല.! എങ്കിലും ബാപ്പൂട്ടിക്ക പഠിച്ച അഭ്യാസ മുറകളിലൂടെ വായിക്കുന്നുണ്ട് എങ്കിലും എന്തോ ആലോചിച്ചു ബാപ്പൂട്ടിക്ക ഒന്നും മിണ്ടാതിരിക്കാൻ തീരുമാനിച്ചിരുന്നു. ചികിത്സ തേടി വന്ന ഒരാൾ ആസ്പത്രി അധികൃതരെ ഓവർ റൂൾ ചെയ്യുന്നത് അവർക്ക് ഇഷ്ടപ്പെടില്ലെന്ന് മനസ്സിലായതുകൊണ്ടാണ് മൗനം പാലിച്ചത്.
തുടർന്ന് ഓക്സിജൻ നൽകി, X-Ray-യും എക്കോകാർഡിയോഗ്രാമും എടുത്തു. രാത്രി ഒമ്പത് മണിയോടെ IV സലൈനും ആന്റിബയോട്ടിക്സും തുടങ്ങി.
ഇങ്ങനെയൊക്കെ നടക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് ബാപ്പൂട്ടിക്ക ഡോക്ടറെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട് – പ്രത്യേകം മുറി അനുവദിക്കാൻ ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാൻ!
ഡോക്ടർ കുതിരവട്ടം പപ്പുവിന്റെ പഴയ പല്ലവി… “ഇപ്പ ശരിയാക്കിത്തരാം…” ചില ഘട്ടത്തിൽ ബാപ്പൂട്ടിക്ക ഭീഷണി ഉയർത്തുന്നുണ്ട് – “റൂം ഇല്ലെങ്കിൽ ഡിസ്ചാർജ് തന്നേക്കൂ!”
ഇത് ആവർത്തിച്ചതോടെ അവർ പറഞ്ഞു, “ഇന്ന് റൂമിലേക്ക് മാറ്റും.” അപ്പോൾ 24-ന് രാത്രി 8 മണിയായി. ഒന്ന് കൂടി പറഞ്ഞു – “കാർഡിയാക് സംബന്ധമായി എല്ലാം നോർമലാണ്. 9 മണിക്ക് ഒരു ട്രോപോണിൻ I ടെസ്റ്റ് കൂടി നടത്തി കുറയുകയാണെങ്കിൽ നാളെ ഡിസ്ചാർജ് ആക്കാം.” ആശ്വാസമായി!
അപ്പോഴാണ് ഒരു കാര്യം അവർ ഓർമ്മിപ്പിച്ചത് – “ഒരു ടെസ്റ്റ് കൂടിയുണ്ട്, ഹോൾട്ടർ ടെസ്റ്റ്. ചെറിയ കാൽക്കുലേറ്റർ പോലുള്ള ഡിവൈസ് നെഞ്ചിൽ ഘടിപ്പിച്ച് 24 മണിക്കൂർ മോണിറ്റർ ചെയ്യും. അതിന്റെ റിസൾട്ട് നോക്കി തീരുമാനിക്കാമെന്ന്.” അവരുടെ എല്ലാ ശ്രമവും ഒരു ആൻജിയോഗ്രാമോ വേണ്ടിവന്നാൽ ആൻജിയോപ്ലാസ്റ്റിയോ നിർദ്ദേശിക്കാനായിരിക്കുമെന്ന്? ബാപ്പൂട്ടിക്കയ്ക്കും ഒരു മുൻവിധി! എന്തായാലും തത്വത്തിൽ ഹോൾട്ടർ ടെസ്റ്റ് ചെയ്യാമെന്നേറ്റു.
അങ്ങനെ 24-ന് അർദ്ധരാത്രി 11 മണിയോടെ ജനറൽ വാർഡിൽ 107 ബെഡ് അലോട്ട് ചെയ്തു. ഒറ്റ ബുദ്ധിമുട്ട് – ബൈസ്റ്റാൻഡേർക്ക് കിടക്കാൻ സൗകര്യമില്ല! വേണ്ടിവന്നാൽ പറഞ്ഞതുപോലെ നിൽക്കാം, പരമാവധി ഒന്ന് ഇരിക്കാം. ഇനി കിടക്കണമെങ്കിൽ ലോബിയിൽ എവിടെയെങ്കിലും പോയി ചുരുണ്ടുകൂടി കിടക്കാം!
ഇതറിഞ്ഞതോടെ ബാപ്പൂട്ടിക്ക വീണ്ടും ഭീഷണി – “ഹോൾട്ടർ ടെസ്റ്റും വേണ്ട, ഒന്നും വേണ്ട, ഡിസ്ചാർജ് മതി! അല്ലെങ്കിൽ സെപ്പറേറ്റ് റൂം!”
എങ്കിലും സഹികെട്ടു മൃദുവായി ചോദിച്ചു, “ഹോൾട്ടർ ടെസ്റ്റിന് വേറൊരു ദിവസം വന്നാലോ? ഡിവൈസ് ഘടിപ്പിച്ച് വീട്ടിലേക്കു പോയിട്ട് 24 മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയോ? അങ്ങനെയുള്ള സൗകര്യമുണ്ടല്ലോ?”
എല്ലാം കേട്ട് നേഴ്സ്, “ഡോക്ടറോട് ചോദിച്ചിട്ട് വരാം” എന്നു പറഞ്ഞു പോയി.
അല്പ സമയം കഴിഞ്ഞ് മറ്റൊരു നേഴ്സ് വന്നു പറഞ്ഞു, “ഹോൾട്ടർ ഡിവൈസ് 26-നു രാവിലെയേ കിട്ടുകയുള്ളൂ. പകരം മറ്റൊരു ടെസ്റ്റുണ്ട്, അത് ചെയ്യട്ടെ?”
ഉള്ളിൽ ഡിസ്ചാർജ് പ്രതീക്ഷിച്ചു കിടക്കുന്ന രോഗമില്ലാത്ത രോഗിയോട് നേഴ്സ് ചോദിക്കുന്നു, “വേറെ ടെസ്റ്റ് നടത്തട്ടെ” എന്ന്!
ബാപ്പൂട്ടിക്കാന്റെ ഉള്ളിൽ പതഞ്ഞുപൊങ്ങിയ ദേഷ്യമമർത്തി ചോദിച്ചു, “അത് ഡോക്ടറല്ലേ തീരുമാനിക്കേണ്ടത്? സംശയം തീർക്കേണ്ടത് ഡോക്ടറല്ലേ? രോഗിക്കെന്തറിയാം!”
അതോടെ നേഴ്സ് പോയി…
ഇതിനിടയിൽ ഇടയ്ക്കിടെ ഡിസ്ചാർജ് ആവശ്യപ്പെട്ടുള്ള ഭീഷണി മൂന്നു നാല് തവണ ആവർത്തിച്ചപ്പോൾ, പി.പി. കിറ്റൊക്കെ ധരിച്ച് ചന്ദ്രയാൻ ദൗത്യത്തിന് പോകുമ്പോലെ 25-ന് കാലത്ത് ആണാണോ പെണ്ണാണോ എന്നൊന്നുമറിയില്ല, ഒരു രൂപം വന്നു ബാപ്പൂട്ടിക്കാന്റെ മൂക്കിൽ നീളമുള്ള കമ്പുകൊണ്ട് കുത്തി സ്രവത്തിന്റെ സാമ്പിൾ ശേഖരിച്ചു!
ബാപ്പൂട്ടിക്ക ഒരു നിമിഷം കൊറോണയെയും നിപ്പയെയും ആ സമയത്തെ രംഗങ്ങളും ഓർത്തു. അൽപ്പം ഭയമില്ലാതില്ല! “ഇനി പരിശോധിച്ച് കൊറോണയോ നിപ്പായോ എന്നെങ്ങാനും പറഞ്ഞാൽ ബാപ്പൂട്ടിക്കാന്റെ ഗതി അധോഗതി!”.
പിന്നെ കൊറോണ വന്നതിന്റെ റൂട്ടുമാപ്പും കോറന്റെനും നിർദേശിച്ചാൽ ഒന്നിന് പകരം 14 ഓ 15 ഓ ദിവസം കിടക്കേണ്ടിവന്നാലോ?
അതൊക്ക ഓർത്തപ്പോൾ തൽക്കാലം ഇനി ഡിസ്ചാർജ് ഭീഷണി വേണ്ടെന്ന് വെച്ചു. അല്ലെങ്കിൽ വീണ്ടും ഡിസ്ചാർജ് ഭീഷണി മുഴക്കാനിരുന്നതാണ്, കാരണം 25-ന് ചെയ്യേണ്ടിയിരുന്ന ഹോൾട്ടർ ടെസ്റ്റിനുള്ള ടെസ്റ്റ് കിറ്റ് ലഭ്യമല്ല! ഇതിനകം മറ്റുള്ളവർക്ക് അലോട്ട് ചെയ്തിരിക്കുന്നു. ആയതിനാൽ 26-ന് ഘടിപ്പിച്ച് 27-ന് ഡിസ്ചാർജ്! ഒന്നും മിണ്ടിയില്ല.
അന്നുരാത്രി 10 മണിയോടെ ഒരു നേഴ്സ് വന്നു പറഞ്ഞു, “റൂം റെഡിയായിട്ടുണ്ട്, ഒരു മണിക്കൂർ കൊണ്ട് ഷിഫ്റ്റാക്കും.” ഇതിനിടയിൽ സ്രവം ടെസ്റ്റിന്റെ റിസൾട്ട് വന്നുവോ എന്ന് അന്വേഷിച്ചപ്പോൾ രണ്ടു മാസ്ക് എടുത്ത് തന്നിട്ട് പറഞ്ഞു, “ടെസ്റ്റ് പോസിറ്റീവാണ്. എപ്പോഴും മാസ്ക് ധരിക്കണം. ഈ റൂം ഒരുമണിക്കൂറിനുള്ളിൽ മാറ്റും” എന്ന്!
ബാപ്പൂട്ടിക്കയ്ക്ക് ഭയം ഇരട്ടിച്ചു… “ഇനി എന്തുപനിയായിരിക്കും? നിപ്പ? കൊറോണ? സാർസ്?” അങ്ങിനെ രോഗങ്ങളുടെ പേരുകൾ ഓരോന്നായി ഓർത്തു. “ശ്ശെ! എന്തും വരട്ടെ” എന്ന് കരുതി ചോദിച്ചു, “എന്ത് വൈറൽ ഫീവർ ആണ്?” “ഇൻഫ്ലുവൻസ ടൈപ്പ് വൺ…”
അങ്ങനെ ബാപ്പൂട്ടിക്കയെ ജനറൽ വാർഡിലെ ഒന്നാം നമ്പർ മുറിയിൽ 107 ബെഡിലേക്ക് മാറ്റി. ട്രോപോണിൻ I വീണ്ടും പരിശോധിച്ചപ്പോൾ 0.361 ng/mL ആയിരുന്നു. പിറ്റേന്ന്, 25-ാം തീയതി, നടത്തിയ നാസോഫാരിഞ്ചിയൽ സ്വാബ് ടെസ്റ്റിൽ ഇൻഫ്ലുവൻസ A വൈറസ് ബാധ സ്ഥിരീകരിച്ചു. ഉടൻ ആന്റിവൈറൽ മരുന്നുകൾ ആരംഭിച്ചു. ആദ്യ ദിവസം മുതൽ ആവശ്യപ്പെട്ടിരുന്നതിനാൽ 25-ാം തീയതി പുലർച്ചെ ഒരു മണിയോടെ – അതായത് പ്രത്യക്ഷത്തിൽ 26-ന് – ബാപ്പൂട്ടിക്കയെ ബിൽഡിംഗ് നമ്പർ 2, വാർഡ് 759-ലെ പ്രത്യേക മുറിയിലേക്ക് മാറ്റി.
അടുത്ത കടമ്പ! ഹോൾട്ടർ ഇൻസ്ട്രുമെന്റ് ദേഹത്ത് ഘടിപ്പിക്കണം. ബാപ്പൂട്ടിക്കയ്ക്കറിയാം ഇത് ഇ.സി.ജി പോലെ അളക്കുന്ന മെഷീനാണ്. ഇ.സി.ജി ഒന്നോ രണ്ടോ മിനിറ്റിൽ അളക്കും. ഇത് മനുഷ്യ ശരീരത്തിൽ ഘടിപ്പിച്ച് 24 മണിക്കൂറും അളക്കും!
അപ്പോഴാണ് ബാപ്പൂട്ടിക്ക മേജർ രവി ഒരു ഇന്റർവ്യൂവിൽ ട്രെയിനിംഗിന്റെ ഭാഗമായി 8 കിലോയോളം വരുന്ന ഭാരം ദേഹത്ത് വെച്ചു കെട്ടിയുള്ള ലോങ് മാർച്ചിനെ പറ്റി പറഞ്ഞുകേട്ടത്.
ബാപ്പൂട്ടിക്ക ആലോചിച്ചു: “ഒരു ഹൃദ്രോഗം കണ്ടുപിടിക്കാൻ ഇതൊക്കെ വേണ്ടി വരുമോ? മൂന്നു മിനിറ്റ് പരിശോധിക്കുന്ന ഇ.സി.ജി മെഷീന് 4 – 5 കിലോ എങ്കിലും വരും. അപ്പോൾ 24 മണിക്കൂർ പരിശോധിക്കുന്ന ഹോൾട്ടർ ഡിവൈസിനു എത്ര കിലോ വരും?”
ഇങ്ങനെയൊക്കെ ചിന്തിച്ച് 12 മണിയായി. അപ്പോൾ ഒരാൾ വന്നു ബെൽ അടിച്ചു. 24-25 വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരൻ ട്രേയുമായി വന്നു. ഗ്ലൗസ് ഇട്ടു. “ കിടക്കയിൽ മലർന്നു കിടക്കാൻ” പറഞ്ഞു.
നെഞ്ച് മുതൽ വയറിന്റെ പകുതി ഭാഗം വരെ സാനിറ്റൈസർ ഉപയോഗിച്ച് ക്ലീൻ ചെയ്തു. ട്രിമ്മർ ഉപയോഗിച്ച് ഷേവ് ചെയ്തു. വീണ്ടും വൃത്തിയാക്കി. എക്കോ എടുക്കുന്ന ലാബിലേക്ക് കൂട്ടിപ്പോയി.
വീൽചെയറിൽ ഇരുത്തിയപ്പോൾ എന്റെ മാറിടം വെളുത്ത് ഏതാണ്ട് ബ്രൂസ് ലിയുടേത് പോലുണ്ടായിരുന്നു!
എക്കോ ലാബിൽ രണ്ട് സ്ത്രീകൾ. ഒന്ന് ട്രെയിനിയാണെന്ന് മനസ്സിലായി. രണ്ടാമത്തേത് എക്സ്പീരിയൻസ് ഉള്ളതാണ് എന്ന് നമുക്ക് വിശ്വസിക്കാം.
പിന്നെ ഒരു പാക്കറ്റിൽ നിന്നും ഒരു പിടി വയർ എടുത്തു. നെഞ്ചിൽ, രണ്ട് കൈകൾക്കിടയിലുമായി വയറുകളുടെ അറ്റം ഒരുതരം സ്റ്റിക്കറിൽ ഒട്ടിച്ചു. ഓരോ വയറും കണക്റ്റ് ചെയ്തു.
ഒടുവിൽ എല്ലാ വയറും കൂടി ഒരു പോയിന്റിലേക്ക് കണക്റ്റ് ചെയ്ത് ഡിവൈസിൽ കുത്തി. വയറുകളെല്ലാം വൃത്തിയായി മടക്കി റബ്ബർ ബാൻഡ് ഇട്ട് ഒതുക്കി. പിന്നീട് വെളുത്ത മാസ്കിംഗ് ടേപ്പ് കൊണ്ട് പൊതിഞ്ഞു.
പിന്നീട് അത് ഹൃദയത്തിന് താഴെയായി വെച്ച് മാസ്കിംഗ് ടേപ്പ് കൊണ്ട് പൊതിഞ്ഞു. അങ്ങനെ എല്ലാ വയറും ഡിവൈസും നീറ്റായി പൊതിഞ്ഞു കഴിഞ്ഞപ്പോൾ എന്നോട് തന്നെ ചിരിച്ചു പോയി!
ടെക്നീഷ്യന് ഒരു സംശയം: “എന്താണ് ചിരിച്ചത്?”
ഞാൻ പറഞ്ഞു: “സിസ്റ്ററേ, ബ്രൂസ് ലിയുടെ മാറിടം പോലെ ഉണ്ടായിരുന്ന ആൾ ഇപ്പോൾ ‘കിലുക്ക’ത്തിലെ ജഗതിയുടെ രൂപത്തിലായി…!”
ബാപ്പൂട്ടിക്ക ഒരു നിമിഷം ഓർത്തു. അല്ലെങ്കിലും ആശുപത്രി അധികൃതരുമായി ജഗഡയിലാണ്. കൈ ഉയർത്തി “ജഗഡ… ജഗഡ” എന്നൊന്നും പറഞ്ഞില്ല.
ഒരുപക്ഷേ പിന്നീടുള്ള ജഗതിയുടെ അനുഭവം ബാപ്പൂട്ടിക്ക ഓർത്തുകാണും… ബാപ്പൂട്ടിക്ക പുറത്തിറങ്ങുമ്പോൾ കണ്ടു ജഗതി ജോക്ക് കേട്ടിട്ട് രണ്ടു പേരും ചിരി അടക്കാൻ പെടുന്ന പാട്!
ഇതിനിടയിലാണ് ഇൻഷുറൻസ് നാടകങ്ങൾ അരങ്ങേറിയത്! ആസ്പത്രിയിലെ ഇൻഷൂറൻസ് ഡസ്ക് എക്സിക്യുട്ടിവുകൾ തന്നെ എല്ലാം കൈകാര്യം ചെയ്യുമെന്നറിയിച്ചതു പ്രകാരം ഒരു വനിതാ എക്സിക്യുടീവ് വന്നു ബാപ്പൂട്ടിക്കയുടെ ഒപ്പും, ആധാർ, ഇൻഷുറൻസ്, പാൻ കാർഡ് വിവരങ്ങളും വാങ്ങി. “Care Insurance-നെ നേരിട്ട് അറിയിക്കണോ?” എന്ന് ബാപ്പൂട്ടിക്ക ചോദിച്ചപ്പോൾ “ആവശ്യമില്ല, ഞങ്ങൾക്ക് അവരുമായി നല്ല ബന്ധമുണ്ട്, ഞങ്ങൾ നോക്കിക്കോളാം” എന്നായിരുന്നു മറുപടി!
പക്ഷേ 27-ാം തീയതി രാവിലെ ഒമ്പതരയ്ക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ Care Insurance-ൽ നിന്ന് യാതൊരു സ്ഥിരീകരണവും വന്നിട്ടില്ലെന്നാണ് അറിഞ്ഞത്! “ബാപ്പൂട്ടിക്കാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ചെയ്യാനുണ്ടോ?” എന്ന് വീണ്ടും ചോദിച്ചിട്ടും “ആവശ്യമില്ല” എന്ന് തന്നെ പറഞ്ഞു. ഞായറാഴ്ച ആശുപത്രി ഓഫീസ് പ്രവർത്തിക്കില്ലെന്നും അന്നേ ദിവസം ഡിസ്ചാർജ് പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞപ്പോഴും അനക്കമുണ്ടായില്ല!
ഏറ്റവും അതിശയം, അറിയിപ്പിന്റെ റഫറൻസ് നമ്പർ ചോദിച്ചപ്പോൾ “അങ്ങനെ ഒന്നും കിട്ടിയിട്ടില്ല” എന്ന് പറഞ്ഞതാണ്! ഇക്കാലത്ത് ഒരു മെസേജ് അയച്ചാൽ പോലും ഓട്ടോ-ജനറേറ്റഡ് റഫറൻസ് നമ്പർ വരുന്ന കാലത്ത് ഇത് വിശ്വസിക്കാൻ പ്രയാസമായിരുന്നു!
“പിന്നെ ബാപ്പൂട്ടിക്ക തന്നെ നേരിട്ട് വിളിക്കാം, നിങ്ങളുടെ അക്നോളജ്മെന്റ് നമ്പർ തരൂ” എന്ന് പറഞ്ഞപ്പോൾ “നോക്കിയിട്ട് വിളിക്കാം” എന്ന് പറഞ്ഞ് പോയ എക്സിക്യൂട്ടീവ് പിന്നെ ആ വഴിക്ക് വന്നതേയില്ല! ബാപ്പൂട്ടിക്കാന്റെ ബൈസ്റ്റാൻഡേർക്ക് ഈ നടപടിക്രമങ്ങളെക്കുറിച്ച് ഒന്നും അറിയില്ലാത്തതിനാൽ അയാളെ വിട്ടിട്ടും കാര്യമില്ല. ബാപ്പൂട്ടിക്ക നേരിട്ട് ഹാൻഡിൽ ചെയ്യാൻ തന്നെ തീരുമാനിച്ചു.
ഒടുവിൽ സഹികെട്ട് ബാപ്പൂട്ടിക്ക തന്നെ എല്ലാ രേഖകളും Insurance-ന് അയച്ചുകൊടുത്തു. അവർ ഒരു ഫോം പൂരിപ്പിച്ച് അയക്കാൻ ആവശ്യപ്പെട്ടു. ഇക്കാര്യം എക്സിക്യൂട്ടീവിനെ അറിയിച്ചപ്പോൾ പഴയ പല്ലവി തന്നെ: “അതൊന്നും വേണ്ട, അവർ എല്ലാം സെറ്റ് ആക്കാം” എന്നറിയിച്ചു വീണ്ടും.
അങ്ങനെ ബാപ്പൂട്ടിക്കയുടെ ഡിസ്ചാർജ് സ്ഥിരീകരിച്ചു. ആ വിവരം എക്സിക്യൂട്ടീവിനെ അറിയിച്ചതോടെയാണ് യഥാർത്ഥ പ്രശ്നങ്ങൾ ആരംഭിച്ചത്…
അതിന്റെ വിശദാംശങ്ങളും, പിന്നീട് നടന്ന അന്തർനാടകങ്ങളും, അതിനു പിന്നിലെ അപസർപ്പക കഥകളും, അത് തരണം ചെയ്യാൻ ബാപ്പൂട്ടിക്ക നടത്തിയ സാഹസങ്ങളും!
ഒടുവിൽ പൊക്കിൾക്കൊടി സ്വയം മുറിച്ച് ആശുപത്രി വിട്ട് ഇറങ്ങിപ്പോകുമെന്നവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നായപ്പോൾ, ആശുപത്രി വാർഡിലെ സ്റ്റാഫുകൾ ഒന്നയഞ്ഞു! രൂപ 60000 പിന്നീട് രൂപ 31000 ത്തിലേക്ക് കൂപ്പുകുത്തിയതും….
ബാക്കി ഭാഗം അടുത്ത അദ്ധ്യായത്തിൽ…
വാൽക്കഷ്ണം: മുകളിൽ പറഞ്ഞത് ബാപ്പൂട്ടിക്കയുടെ നേരനുഭവമാണ്. ചില സാങ്കേതിക കാരണങ്ങളാൽ പേരും സ്ഥാപനവും മറച്ചുവെച്ചു എഴുതിയെന്നുമാത്രം.
മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My Wstsapp Contact No 9500716709
