വീണ്ടുമൊരു വിമോചന സമരത്തിനുള്ള സമയമായോ!

Time Taken To Read 5 Minutes

തിരഞ്ഞെടുപ്പ് നടക്കാത്ത മയ്യഴി മുനിസിപ്പാലിറ്റി! 

അതുകൊണ്ട് മയ്യഴിക്ക് ഇപ്പോൾ അത്യാവശ്യം വേണ്ടത് മുനിസിപ്പൽ കൗൺസിലർമാരും ചെയർമാനുമാണ്! പക്ഷേ ആ സംവിധാനം നിലവിലില്ല എന്നതാണ് സത്യം!

അതിന് ഇനിയും എത്ര നാൾ കാത്തിരിക്കണം!?

ഇതുവരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നത് അഡ്വ. ടി. അശോക് കുമാറിലായിരുന്നു. ഇപ്പോൾ അദ്ദേഹം MLA ആയി, ആ തിരക്കിലുമാണ്. എങ്കിലും തുടങ്ങിവെച്ച ആ യുദ്ധത്തിന് തീർച്ചയായും അദ്ദേഹം തന്നെ പരിഹാരം കണ്ടെത്തിത്തരും എന്ന പൂർണ്ണ വിശ്വാസത്തോടെ എഴുതട്ടെ!

മയ്യഴി മുനിസിപ്പാലിറ്റി എന്ന് പറയുമ്പോൾ പഴയ ‘മെറിയാഫീസ്’ ഓർമ്മയിൽ വരും. 

അതു പറയുമ്പോൾ വിമോചന സമരത്തെ പറ്റി പറയണം. വിമോചന സമരത്തെ പറ്റി പറയുമ്പോൾ ഒക്ടോബർ വിപ്ലവത്തെ പറ്റി പറയണം!

ഇതിനകം എം മുകുന്ദേട്ടനും,സി എച്‌ ഗംഗേട്ടനും, രമേഷും, മംഗലാട്ട് മഹേഷ് മാഷും, ഈയ്യിടെ അഡ്വക്കേറ്റ് അശോക് കുമാറും ഒക്ടോബർ വിപ്ലവത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. അത് വിമോചന സമരത്തിന്റെ ഗതി മാറ്റിയതിനെ കുറിച്ചാണ്. 

പറഞ്ഞുവരുമ്പോൾ അതും മുനിസിപ്പൽ ഓഫീസിലൂടെ  വിതരണം ചെയ്യേണ്ടിയിരുന്ന തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ടായിരുന്നു! ഒരു പക്ഷേ അന്ന് ആ തിരഞ്ഞെടുപ്പിൽ മയ്യഴിക്കാരായ എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശം കിട്ടിയിരുന്നുവെങ്കിൽ, ചിലപ്പോൾ മയ്യഴി ഇന്നും ഒരു ഫ്രഞ്ച് കോളനിയായി തുടരുന്നുണ്ടായിരിക്കാം. ഇതെന്റെ അഭിപ്രായം മാത്രം!

ഒരുപക്ഷേ ജനാധിപത്യത്തിന്റെ പൊരുൾ മയ്യഴിക്കാർ മനസ്സിലാക്കിയത് തന്നെ ഒക്ടോബർ വിപ്ലവത്തിലൂടെയായിരിക്കാം! 

ഇങ്ങനെ വിശ്വസിക്കാനിഷ്ടപ്പെടുമ്പോഴും പുതുച്ചേരി, കാരയ്ക്കൽ, യാനം, പിന്നെ മയ്യഴിക്കാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത് ഭരണ പങ്കാളികളെ കണ്ടെത്താനുള്ള അവകാശം നിഷേധിക്കപ്പെടുന്നു എന്നതാണ് സത്യം.

1954 ൽ ഇന്ത്യയോടൊപ്പം ലയിക്കണോ എന്ന് തീരുമാനിക്കാനുള്ള കൂടിയാലോചന/റഫറണ്ടത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴും… 

ഇന്ത്യൻ അനുകൂലികളായ കുറച്ച് അംഗങ്ങൾക്കും മഹാജനസഭാ വളണ്ടിയർമാർക്കും വോട്ടിംഗ് കാർഡുകൾ/അംഗീകാരങ്ങൾ നൽകാൻ ഫ്രഞ്ച് ഭരണകൂടം വിസമ്മതിച്ചു! 

ഫ്രാൻസിനോട് കൂറുള്ളവർക്ക് മാത്രം പങ്കെടുക്കാൻ അവസരം കൊടുക്കാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ അന്ന് രണ്ടു പക്ഷമുണ്ടായിരുന്നു.

ഈ വിഷയത്തിൽ മുനിസിപ്പൽ ഓഫീസർമാർ തമ്മിൽ തർക്കമായി! 

“എല്ലാ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശം വേണം” എന്ന് ലയനാനുകൂലികളായ കൗൺസിലർമാരും വളണ്ടിയർമാരും ആവശ്യപ്പെട്ടു! 

എന്നാൽ ഫ്രഞ്ചുകാർ നിയമിച്ച മുനിസിപ്പൽ ഓഫീസർമാർ, “ചിലർക്ക് മാത്രമേ യോഗ്യത ഉള്ളൂ” എന്ന് പറഞ്ഞ് നിരസിച്ചു!

ഇതിനെതിരെ മഹാജനസഭയും നാട്ടുകാരും മുനിസിപ്പാലിറ്റിക്ക് മുന്നിൽ പ്രതിഷേധം നടത്തി. പോലീസ് ഇടപെട്ട് കുറച്ചുപേരെ അറസ്റ്റ് ചെയ്തു. 

ഇതിനെ ചോദ്യം ചെയ്ത ശ്രീ. ഐ.കെ. കുമാരൻ മാസ്റ്ററെ ഫ്രഞ്ച് ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചപ്പോൾ, ശ്രീ. പുത്തൻപുരയിൽ നാരായണൻ നായർ ആ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു!

ഇതുമായി ബന്ധപ്പെട്ട് മാഹി മുനിസിപ്പൽ ഓഫീസിനുള്ളിൽ വാക്കേറ്റവും പിന്നെ കയ്യാങ്കളിയും ഉണ്ടായി. തുടർന്ന് കൂരാംകുന്നുമ്മൽ പൈതൽ നായരും കൂടി ചേർന്ന് മുനിസിപ്പൽ ഓഫീസിലെ രേഖകൾ വാരിയെടുത്ത് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു! ഈ സംഭവം മയ്യഴി വിമോചന സമരത്തിന്റെ ഗതി മാറ്റി എന്ന് വിലയിരുത്തപ്പെടുന്നു.

എന്തുകൊണ്ട് ഇത് പ്രധാനമായി? 

ഫ്രഞ്ച് ഭരണകൂടം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം കാണിക്കുന്നു എന്നതിന് തെളിവായി ഈ സംഭവം മാറി. ഇന്ത്യൻ അനുകൂലികളെ മാറ്റിനിർത്തുകയായിരുന്നു അവരുടെ ലക്ഷ്യം.

ഇതിന്റെ ഫലമായാണ് 1954 ഒക്ടോബർ 18-ന് കീഴൂരിൽ നാല് ഫ്രഞ്ച് സെറ്റിൽമെന്റുകൾക്കും വേണ്ടി ഒരൊറ്റ റഫറണ്ടം നടന്നത് – പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം. 

ഇതൊക്കെ തിരിച്ചറിഞ്ഞ സഹദേവൻ വക്കീലിനെ ഫ്രഞ്ച് സർക്കാർ ഷെവലിയാർ പട്ടം നൽകി ആദരിച്ചിട്ടുണ്ടെങ്കിലും ജനഹിത പരിശോധന നടക്കുന്ന സമയത്തു സഹദേവൻ വക്കീലിനെ കോവുക്കൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മഹാജന സസഭാപ്രവർത്തകർ കോവുക്കൽ ബാലേട്ടന്റെ നേതൃത്വത്തിൽ സ്വാധീനിച്ചു കോവ്ക്കലെത്തിക്കുകയും രാത്രി തലശ്ശേരി ജഗനാഥക്ഷേത്രത്തിനടുത്തുള്ള കിനാത്തി എന്ന വീട്ടിലേക്കു മാറ്റി സമരാനുകൂലികൾക്കായി അദ്ദേഹത്തിന്റെ അഭിപ്രായം മാറ്റിച്ചു

ആ റഫറണ്ടത്തിൽ  സഹദേവൻ വക്കീലടക്കം മാഹിയിലെ പ്രതിനിധികളും ഇന്ത്യയോടൊപ്പം ചേരുന്നതിന് വോട്ട് ചെയ്തു എന്ന് വാമൊഴിയായി പറഞ്ഞുകേട്ടിട്ടുണ്ട്.

അങ്ങനെ 1954 നവംബർ 1-ന് മാഹി ഡി ഫാക്ടോ ആയി ഇന്ത്യയുടെ ഭാഗമായി. 1962 ഓഗസ്റ്റ് 16-ന് നിയമപരമായ കൈമാറ്റവും നടന്നു.

ഇന്ന് കാണുന്ന മുനിസിപ്പൽ കെട്ടിടം പണിതത് ഫ്രഞ്ച് ഗവൺമെന്റിന്റെ കാലത്താണ്. ഏകദേശം 200 വർഷത്തിലധികം പഴക്കമുണ്ട് ആ ഓഫീസ് കെട്ടിടത്തിന്!  

ഫ്രഞ്ച് ഭരണകാലത്ത് ഓഫീസിനെ “മെറിയാഫീസ്” എന്നും ഓഫീസിലെ മൂപ്പനെ “മേയർ” എന്നും ആണ് മയ്യഴിക്കാർ വിളിച്ചിരുന്നത്.

ആദ്യത്തെ മേയറെ സംബന്ധിച്ച് കൃത്യമായ രേഖകൾ ലഭ്യമല്ല. എങ്കിലും, മാഹി 1721 മുതൽ 1954 ജൂൺ 16 വരെ ഫ്രഞ്ച് അധികാരപരിധിയിലായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷവും, ഇന്ത്യൻ യൂണിയനിൽ ചേരുന്നതുവരെ ഈ പ്രദേശം ഫ്രഞ്ച് ഭരണത്തിൻ കീഴിൽ തന്നെ ആയിരുന്നു.

മയ്യഴിയിലെ നാട്ടുകാരനായ ആദ്യത്തെ മേയർ തിയ്യ സമുദായത്തിൽപ്പെട്ട വടുവൻ കുട്ടി വക്കീലായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്!  

ഫ്രഞ്ചുകാരും ചട്ടക്കാരുമായ ക്രിസ്ത്യാനികളായിരുന്നു ആദ്യകാലങ്ങളിൽ മേയർ പദവി കൈവശം വെച്ചിരുന്നത്.

വടുവൻ കുട്ടി വക്കീൽ വടക്കേ മലബാറിൽ പ്രസിദ്ധനായിരുന്നു. പോണ്ടിച്ചേരി കൊളോണിയൽ അസംബ്ലിയിൽ മാഹിയുടെ പ്രതിനിധിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വടുവൻ കുട്ടി വക്കീൽ – മയ്യഴിയിലെ ആദ്യത്തെ തിയ്യസമുദായക്കാരിൽ നിന്നുമുള്ള മേയർ  

ഫ്രഞ്ച് ഭരണകാലത്ത് മയ്യഴി മുനിസിപ്പാലിറ്റിയിൽ ആദ്യകാലങ്ങളിൽ മേയർ പദവി കൈവശം വെച്ചിരുന്നത് കൂടുതലും ഫ്രഞ്ചുകാരും, ചട്ടക്കാരായ ക്രിസ്ത്യാനികളുമായിരുന്നു. ഫ്രഞ്ചുകാരോട് വിധേയത്വമുള്ള “ചട്ടക്കാർ” എന്നാണ് അവരെ നാട്ടുകാർ വിളിച്ചിരുന്നത്.

വടുവൻ കുട്ടി വക്കീൽ ഒരു പ്രസിദ്ധ വക്കീലും സാമൂഹ്യ പ്രവർത്തകനുമായിരുന്നു.  

വടക്കേ മലബാറിൽ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ടായിരുന്നു. ഫ്രഞ്ച് കോടതികളിൽ മാത്രമല്ല, ബ്രിട്ടീഷ് മലബാറിലെ കോടതികളിലും അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നു.  

നാട്ടുകാർക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം മയ്യഴിയിലെ ആദ്യത്തെ നാട്ടുകാരനായ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ഫ്രഞ്ച് ഭരണകൂടം സാധാരണ നാട്ടുകാർക്ക് അധികാരം കൊടുക്കാത്ത കാലത്ത്, ഒരു തിയ്യ സമുദായക്കാരന് മേയർ പദവിയും അസംബ്ലി സീറ്റും കിട്ടി എന്നത് വലിയ കാര്യമായിരുന്നു! അദ്ദേഹത്തിലൂടെയാണ് മയ്യഴിയിലെ സാധാരണ ജനങ്ങളുടെ ശബ്ദം ഫ്രഞ്ച് ഭരണകൂടം വരെ എത്തിയത്.

പിന്നീട് ഈ രണ്ട് പദവിയും പുന്ന രാമൂട്ടിക്ക് ലഭിച്ചു.

1899 മുതൽ 1916 വരെ മേയർ പദവി നിലനിർത്താൻ പുന്ന രാമൂട്ടിക്ക് കഴിഞ്ഞു. ഇദ്ദേഹത്തിന്റെ അനന്തിരവനായിരുന്നു ശ്രീമതി സി.കെ. രേവതിയമ്മയുടെ ഭർത്താവ് പൈതൽ കൊമ്മീഷണർ!  

മേയർ പദവിയും കൊമ്മീഷണർ പദവിയും ഒരേ കുടുംബത്തിൽപ്പെട്ടവർക്ക് ആയതുകൊണ്ട് പൊതുവേദിയിൽ എതിരായും അനുകൂലമായും ജനങ്ങൾ സംസാരിച്ചിരുന്നു.

പുന്ന കുടുംബം മയ്യഴി അടക്കി ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു!

ശ്രീ. പുന്ന രാമൂട്ടിയുടെ കാലത്ത് നടന്ന ഒരു മേയർ തിരഞ്ഞെടുപ്പിൽ പുന്ന രാമൂട്ടിയും ശ്രീ. ബൊനോം സായിപ്പും തമ്മിലായിരുന്നു മത്സരം. രണ്ട് ഭാഗത്തും കൗൺസിലർമാർ തുല്യ നിലയിലാണ്. മാഹി പള്ളിയിലെ കപ്പ്യാർ ഒരു കൗൺസിലറാണ്.

ഇലക്ഷന്റെ തലേന്ന് കപ്പ്യാരെ കാണാനില്ല! പോലീസ് മേലധികാരികൾ മാഹിയിൽ മുഴുവൻ അന്വേഷണം നടത്തി. നിരാശയാണ് ഫലം, കപ്പ്യാരെ കണ്ടെത്താനായില്ല.  

ശ്രീ. പുന്ന രാമൂട്ടിയുടെ ആൾക്കാർ കപ്പ്യാരെ കടത്തിക്കൊണ്ടു പോയി ചൊക്ലിയിലെ ഒരു വീട്ടിൽ താമസിപ്പിച്ചു. പിറ്റേന്ന് ഇലക്ഷൻ നടന്നു, പുന്ന രാമൂട്ടി വിജയിച്ചു!  

കപ്പ്യാർക്ക് നല്ല പാരിതോഷികവും ടീച്ചറായിരുന്ന മകൾക്ക് ഹെഡ് ടീച്ചർ പദവിയും നൽകി എന്ന് കേട്ടിട്ടുണ്ട്!

100 – 150 വർഷങ്ങൾക്കും മുൻപേ റിസോർട്ട് രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് കർണാടകയിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും നടന്ന റിസോർട്ട് സംഭവങ്ങൾ നമ്മളെ ഓർമ്മപ്പെടുത്തുന്നത് ഇതുതന്നെയല്ലേ!?

ഇലക്ഷനിൽ വീണ്ടും വിജയിച്ച പുന്ന രാമൂട്ടിയെ ഫ്രഞ്ച് സർക്കാർ പിന്നീട് ഒരു പ്രഗത്ഭനായിട്ടാണ് പരിഗണിച്ചത്.  

അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ സന്തുഷ്ടരായ ഫ്രഞ്ച് ഗവൺമെന്റ് പല കീർത്തിമുദ്രകളും നൽകി ആദരിച്ചു. സർക്കാർ കമ്മിറ്റികളിൽ മിക്കതിലും അദ്ദേഹം അംഗമായിരുന്നു.  

അൻപത്തഞ്ചാമത്തെ വയസ്സിലായിരുന്നു അദ്ദേഹം മരിച്ചത്. ആദ്യത്തെ തിരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിൽ അംഗമായ വടുവൻ കുട്ടി വക്കീലിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് പുന്ന രാമൂട്ടി മേയർ പദവി നേടിയെടുത്തത്!

അദ്ദേഹത്തിന് ശേഷമാണ് പിന്നെ ലയനസമര നേതാക്കളായ ഐ.കെ. കുമാരൻ മാസ്റ്റർ തുടങ്ങിയവർ രംഗത്തേക്ക് വരുന്നത്.

പിന്നീട് മാഹിയിൽ മേയർമാരായത് ഏറമ്പള്ളി ഗോപാലൻ വക്കീൽ, കക്കാട്ട് സുകുമാരൻ, നാലുപുരയിൽ സഹദേവൻ വക്കീൽ എന്നിവരായിരുന്നു.  

മാഹി വിമോചിതമായതിനു ശേഷം ശ്രീ. വളവിൽ കേശവൻ വക്കീൽ, ശ്രീ. വി.എൻ. പുരുഷോത്തമൻ എന്നിവരാണ് മേയർ പദവി അലങ്കരിച്ചത്. വി.കെ അച്യുതൻ വൈദ്യർ,  ശ്രീ. വി.എൻ. പുരുഷോത്തമൻ മേയർ ആയിരുന്നപ്പോൾ ഡെപ്യൂട്ടി മേയർ ആയിരുന്നു.

ഇന്ന് ശ്രീ. പുന്ന രാമൂട്ടിയുടെ വീടുള്ള സ്ഥലം അരയ സമുദായത്തിലെ മൂപ്പനായ ശ്രീ. കിത്തേരി കൃഷ്ണന്റെ മകൾ ശ്രീമതി ഇന്ദിര വേലായുധന്റെ മകൻ ഡോ. പ്രവീണിന്റെ ഉടമസ്ഥതയിലാണ്. പുതായി പണിത വീടും പറമ്പും അതാണ്.  

ശ്രീമതി സി.കെ. രേവതിയമ്മയുടെ ഭർത്താവ് ശ്രീ. പൈതൽ കൊമ്മീഷണറുടെ വീടും പുരയിടവും നേരത്തെ വിൽപ്പന നടത്തിയിരുന്നു. ഇപ്പോൾ അവിടെ കെ.ടി.സി. പെട്രോൾ പമ്പുണ്ട്. പണ്ടുണ്ടായിരുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവർത്തിച്ച കെട്ടിടം ഇടിച്ചു നിരത്തി പുതുതായി എന്തോ വരാനും പോകുന്നു.

കാലം കഴിഞ് 1974-ൽ ഇന്ത്യൻ മുനിസിപ്പൽ ആക്ട് ബാധകമായതോടെ “മേയർ”യും “മെറിയും” എന്നന്നേക്കുമായി ഇല്ലാതായി.  

1978-ൽ മുനിസിപ്പൽ കൗൺസിൽ സ്ഥാപിതമായി.

ഏകദേശം 30 വർഷത്തിനു ശേഷം 2006-ൽ ആണ് സിവിൽ തിരഞ്ഞെടുപ്പ് നടന്നത്!

തിരഞ്ഞെടുപ്പിന് ശേഷം, മാഹി മുനിസിപ്പാലിറ്റിയിലെ ചെയർമാനും 15 കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തു.  

മാഹി മുനിസിപ്പാലിറ്റി ഇന്ത്യയിൽ ലയിച്ചതിനു ശേഷം ശ്രീ. വി.എൻ. പുരുഷോത്തമൻ ആയിരുന്നു അവസാനത്തെ മേയറും ആദ്യത്തെ ചെയർമാനും!

പക്ഷേ ഇപ്പോൾ?

ചെയർമാനുമില്ല, കൗൺസിലർമാരുമില്ല!  

മാഹിയിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടത്താൻ വേണ്ടി ശ്രീ. അശോക് കുമാർ വർഷങ്ങളോളം കേസ് നടത്തി ഇലക്ഷൻ നടത്താനുള്ള വിധി നേടിയിരുന്നു.  

നിർഭാഗ്യം എന്ന് പറയട്ടെ, വാർഡ് വിഭജനത്തിന്റെ പേരിലും മറ്റു പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ഇലക്ഷൻ നടത്തുന്നതിന് സ്റ്റേ വാങ്ങിച്ച് നിർത്തലാക്കി!

ഇവിടെ ന്യായമെന്തെന്നും അന്യായമെന്താണെന്നും സാധാരണക്കാരന് മനസ്സിലാകുന്നില്ല!  

പുതുച്ചേരിയിൽ ഇനി അടുത്ത് എപ്പോഴെങ്കിലും മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുമോ? നിലവിലുള്ള ഗവൺമെന്റിന് ഈ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയുകയില്ലേ!?

ഇത്രയൊക്കെ മാറ്റങ്ങൾ ഉണ്ടായിട്ടും, ഭാരതം മുഴുവൻ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ ഇലക്ഷൻ നടക്കുമ്പോഴും…  

ഫ്രഞ്ചുകാരുടെ ഭരണ കാലത്തുള്ളതു പോലെ പുതുച്ചേരി, കാരയ്ക്കൽ, യാനം, മാഹിയിലെ ജനങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കാതെ! കാലം തള്ളുമ്പോൾ ഓർത്തുപോകുന്നു…

വീണ്ടും ഒരു മഹാജനസഭ രൂപീകരിച്ച് ഒരു വിമോചന സമരം നടത്തേണ്ടി വരുമോ!?

കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് അന്വേഷിക്കുമ്പോൾ മനസ്സിലാകുന്നത്, ഫ്രഞ്ചുകാരുടെ ഭരണപോരായ്മ കൊണ്ടല്ല! അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ പോരായ്മ കൊണ്ടുമല്ല!  

ഫ്രഞ്ച് ഭരണത്തിനെതിരെ മയ്യഴിക്കാർ സമരം ചെയ്തത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഇല്ലായ്മ കൊണ്ടായിരുന്നു.

പറഞ്ഞുവരുന്നത് ഫ്രഞ്ചുകാർ അധിനിവേശംനടത്തി മയ്യഴിക്കാരെ ഭരിച്ചുവെങ്കിലും അന്ന് ഫ്രഞ്ച് ഭരണകൂടം മയ്യഴിക്കാർക്കായി ദീർഘവീക്ഷണത്തോടെ ചെയ്തുതന്ന പല അടിസ്ഥാന സൗകര്യങ്ങളും, പിന്നീട് വന്ന സർക്കാർ വേണ്ടരീതിയിൽ പരിപാലിക്കാത്തതിനാൽ എല്ലാം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.  

പലതിന്റെയും ശേഷിപ്പുകൾ ഇന്നും മയ്യഴിയിൽ അങ്ങിങ്ങായി കാണാം!

അതുകൊണ്ട് മയ്യഴിക്ക് ഇപ്പോൾ അത്യാവശ്യം വേണ്ടത് മുനിസിപ്പൽ കൗൺസിലർമാരും ചെയർമാനുമാണ്! പക്ഷേ ആ സംവിധാനം നിലവിലില്ല എന്നതാണ് സത്യം!

ഇതുകൊണ്ട് മുടങ്ങിക്കൊണ്ടിരിക്കുന്നതു മയ്യഴിയുടെ? നമ്മുടെ വികസന പ്രവർത്തനങ്ങളാണ്!

കൗൺസിലറില്ലാത്തതുകൊണ്ട് ഓരോ വാർഡിലെയും പ്രശ്നം പറയാൻ ആരുമില്ല. റോഡ് കുഴിയായാൽ, വെള്ളം കയറിയാൽ, തെരുവ് വിളക്ക് കത്താതായാൽ പരാതി പറയാൻ ഒരു ജനപ്രതിനിധി ഇല്ല. ഫയൽ പോകുന്നത് അഡ്മിനിസ്ട്രേറ്ററുടെ മേശയിലേക്ക്. അവിടെ മാസങ്ങളോളം കിടക്കും!

കേന്ദ്രത്തിന്റെയും പുതുച്ചേരി സർക്കാരിന്റെയും പല വികസന ഫണ്ടുകളും “തദ്ദേശ സ്വയംഭരണ സ്ഥാപനം ഇല്ല” എന്ന കാരണത്താൽ മയ്യഴിക്ക് കിട്ടുന്നില്ല. 15-ാമത് ധനകാര്യ കമ്മീഷൻ ഫണ്ട്, AMRUT ഫണ്ട്, സ്മാർട്ട് സിറ്റി ഫണ്ട് ഒക്കെ കൗൺസിൽ ഉള്ളിടത്തേക്കേ പോകൂ. നമ്മുടെ പണം മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നു!

പല പദ്ധതികളും അട്ടിമറിക്കപ്പെടുന്നു മാർക്കറ്റ് നവീകരണം, പാർക്ക്, ശ്മശാനം, കുടിവെള്ള പദ്ധതി… ഇതൊന്നും ആരും തിടുക്കപ്പെട്ട് ചെയ്യുന്നില്ല. കാരണം ചോദ്യം ചെയ്യാൻ ഒരു കൗൺസിൽ ഇല്ല. “പിന്നെ നോക്കാം” എന്ന മട്ടാണ്. വർഷങ്ങളായി തുടങ്ങിവെച്ച പദ്ധതികൾ പാതിവഴിയിൽ നിൽക്കുന്നു.

ജനങ്ങളുടെ ശബ്ദം കേൾക്കുന്നില്ല മുൻപ് കൗൺസിലറുടെ അടുത്ത് പോയാൽ ഒരു പരാതി എഴുതി കൊടുക്കാമായിരുന്നു. ഇപ്പോൾ ഓഫീസിൽ കയറിയിറങ്ങിയിട്ടും ഒരു തീരുമാനമാകുന്നില്ല. സാധാരണക്കാരന്റെ പ്രശ്നം സാധാരണക്കാരന്റെ പ്രശ്നമായി തന്നെ അവശേഷിക്കുന്നു.

ജനപ്രതിനിധികൾ ഇല്ലാത്തപ്പോൾ തീരുമാനം എടുക്കുന്നത് 2 – 3 ഉദ്യോഗസ്ഥർ മാത്രം. സുതാര്യതയില്ല, ഉത്തരവാദിത്തവുമില്ല. എന്ത് നടന്നാലും ചോദിക്കാൻ ആരുമില്ല എന്ന അവസ്ഥ!

ഒരു ഉദാഹരണം കൂടി:

പുന്ന രാമൂട്ടിയുടെയും വടുവൻ കുട്ടി വക്കീലിന്റെയും കാലത്ത് പോലും മയ്യഴിക്ക് ഒരു “മെറിയാഫീസും” “മേയറും” ഉണ്ടായിരുന്നു. നമ്മുടെ പ്രശ്നം അന്ന് ഫ്രഞ്ചുകാരോട് പറയാൻ ആളുണ്ടായിരുന്നു. 

ഇന്ന് ഇന്ത്യയുടെ ഭാഗമായിട്ട് 70 – 71 വർഷം ആയിട്ടും നമുക്ക് ഒരു കൗൺസിൽ പോലുമില്ല! ഇതിലും വലിയ നാണക്കേട് വേറെ ഉണ്ടോ!?

ഇനിയും എത്ര നാൾ കാത്തിരിക്കണം!? 

ഭാരതം മുഴുവൻ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മയ്യഴി മാത്രം പിന്നിൽ!  

വികസനം എന്നത് ഫയലിലെ വാക്ക് മാത്രമായി മാറിക്കൊണ്ടിരിക്കുന്നു.

മയ്യഴിക്കാർക്ക് അവരുടെ നികുതി കൊടുക്കാനുള്ള അവകാശം ഉള്ളതുപോലെ, വോട്ട് ചെയ്ത് തങ്ങളുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള അവകാശവും ഉണ്ട്!  അത്  നിഷേധിക്കപ്പെടുമ്പോൾ  മുടങ്ങിക്കൊണ്ടിരിക്കുന്നതു വികസനം മാത്രമല്ല.. നമ്മുടെ ഭാവി തന്നെയാണ്!

അത്കൊണ്ട് എടുത്തു പറയട്ടെ മയ്യഴിക്കു ഒരു ചെയർമാനെയും 15 കൗൺസിലർമാരെയും വേണം! അതാണ് ഇപ്പോഴത്തെ മയ്യഴിയുടെ അത്യാവശ്യം!

മഠത്തിൽ ബാബു ജയപ്രകാശ്……..✍️WhatsApp Contact No: 9500716709

1 Comment

  1. Unknown's avatar Anonymous says:

    Dear Babu,
    Absolutely true and well analysed about the past and present situation. Our late Achuthan vydier used to be the Dy.Mayor when Late Sri V.N.Purushothaman was Mayor.
    Mayor Sahadevan Vakil was decorated by French Govt with one of the highest Chevalier award. The last nail on the coffin of French pulling out was when he was overnight moved by Balan maman and gang to Kinathi house at temple gate and making a statement in support of freedom fighters. French understood that their game over and magnanimously conceded. Have heard this from the horses mouth, My Mamen and Kovuckal Balettan for public at large. He was in touch with Kewal Singh who was in charge from Govt of India.

    Like

Leave a Comment