Time Taken To Read 6 Minutes
ഡിസ്ക്ലെയിമർ
ഈ ലേഖനം ആശുപത്രികളിലെ ചില കൊള്ളരുതായ്മകളെപ്പറ്റി പൊതുവായി പ്രതിപാദിക്കുന്നതാണ്. മൊത്തത്തിൽ എല്ലാ ആശുപത്രികൾക്കും ഡോക്ടർമാർക്കും അനുബന്ധ സ്റ്റാഫുകൾക്കും ഇത് ബാധകമല്ല.
പണത്തിനോട് ആർത്തിയില്ലാത്ത, സേവനതൽപരരായ, സമ്മർദ്ദത്തിന് വഴങ്ങാത്ത, രോഗികളെ സ്വന്തം കുടുംബത്തെപ്പോലെ കാണുന്ന എല്ലാ ഡോക്ടർമാരോടും നഴ്സുമാരോടും മറ്റ് അനുബന്ധ സ്റ്റാഫുകളോടും ഈ ലേഖനം ഒരു കാരണവശാലും ഉദ്ദേശിച്ചിട്ടില്ല.
ഈ വിഷയം എഴുതുമ്പോൾ അറിയാതെയെങ്കിലും നിങ്ങളുടെ മനസ്സിന് വിഷമമുണ്ടാക്കിയെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ സേവനത്തെ ഈ സമൂഹം വിലമതിക്കുന്നു, ബഹുമാനിക്കുന്നു!
വൈദ്യരാജ നമസ്തുഭ്യം യമരാജസഹോദര!
യമസ്തു ഹരതി പ്രാണാൻ വൈദ്യഃ പ്രാണാൻ ധനാനി ച!!
ചികിത്സയുമായി ബന്ധപ്പെട്ട് ചരകമുനിയുടെ കാലത്തേ പ്രചാരത്തിലുണ്ടെന്ന് കരുതുന്ന ഒരു ശ്ലോകമാണ് മുകളിലെഴുതിയതു
ഇത് കടപ്പാടോടുകൂടി ഇവിടെ കോട്ട് ചെയ്ത്. എഴുതിയതിനുള്ള കാരണം ഈ ലേഖനത്തിന്റെ ഒടുവിൽ വിവരിച്ചിട്ടുണ്ട്.
ഇതിനകം പല വിഷയങ്ങളുമായി ബന്ധപ്പെട്ട എന്റെ നിരീക്ഷണങ്ങളും അതിന്റെ കാരണങ്ങളും ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത്, ഞാൻ കണ്ടറിഞ്ഞതും, കേട്ടറിഞ്ഞതും, വായിച്ചറിഞ്ഞതും, അനുഭവത്തിലൂടെ അറിഞ്ഞതുമെല്ലാം എന്റെ യുക്തിചിന്തയ്ക്ക് വിധേയമാക്കിയാണ് വായനക്കാരിലേക്ക് വിഷയങ്ങളായി കണ്ടെത്തി എഴുതുന്നത്.
ഇതിൽ ചികിത്സയും ആശുപത്രിയുമായി ബന്ധപ്പെട്ട് ദീർഘമായ രണ്ട് ആർട്ടിക്കിളും ഇതേ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്! ഒട്ടേറെ പേർ വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇതിനിടയിലാണ് ആശുപത്രിവാസവുമായി ബന്ധപ്പെട്ട് എനിക്കും ഒട്ടേറെ വിഷമങ്ങൾ അനുഭവിക്കേണ്ടി വന്നത്. അത് വായനക്കാരുമായി പങ്കുവെക്കട്ടെ!
ആശുപത്രി എന്നാൽ എന്താണ്?
പൊതുവെ ആശുപത്രി എന്നത് രോഗികൾക്ക് ചികിത്സയും പരിചരണവും നൽകുന്ന ഒരു സ്ഥാപനമാണെന്ന് നമുക്കെല്ലാവർക്കുമറിയാം. അതായത്, അപകടങ്ങൾ, അസുഖങ്ങൾ, ശസ്ത്രക്രിയകൾ എന്നിവയ്ക്ക് ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ഇടം.
നമ്മുടെ സങ്കല്പത്തിലുള്ളത് നല്ല ആശുപത്രിയെന്നു പറയുമ്പോൾ? നല്ല ആശുപത്രി എങ്ങനെ ആയിരിക്കണം എന്ന് സ്വയം വിലയിരുത്തണം. അത് എന്റെ വീക്ഷണത്തിൽ ?
രോഗിയുടെ സുരക്ഷ, വൃത്തിയുള്ള മുറികൾ, അണുബാധ തടയാനുള്ള നടപടികൾ, ശരിയായ മരുന്ന് വിതരണം, കൃത്യമായ രോഗനിർണയം ഇതൊക്കെ പരിപാലിച്ച് തങ്ങളെ തേടിയെത്തുന്ന രോഗികൾക്ക് പരിചരണം നൽകാൻ യോഗ്യരായവരും ഒപ്പമുണ്ടാവണം .
അതായത് പരിചയസമ്പന്നരായ ഡോക്ടർമാർ, പരിശീലനം ലഭിച്ച നഴ്സുമാർ, സാങ്കേതിക വിദഗ്ധർ. രോഗിയോട് ബഹുമാനത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുന്ന ജീവനക്കാർ.
അത്യാഹിത വിഭാഗം എന്നുപറയുമ്പോൾ 24/7 സർവീസ് ലഭിക്കണം, അപകടം, ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഉടൻ ചികിത്സ ലഭിക്കണം. ആംബുലൻസ് സൗകര്യം വേണം.
ആധുനിക സൗകര്യങ്ങൾ എന്നുപറയുമ്പോൾ ലാബ് ടെസ്റ്റ്, X- ray, CT, MRI സ്കാൻ, ഓപ്പറേഷൻ തിയേറ്റർ, ICU, ഫാർമസി എന്നിവ ഒരേ കെട്ടിടത്തിൽ വേണം.
സുതാര്യതയും ന്യായമായ ചെലവും ഉറപ്പുവരുത്താൻ ചികിത്സയുടെ ചെലവ് മുൻകൂട്ടി പറയണം, ബില്ലിൽ വ്യക്തത വേണം. അനാവശ്യ ടെസ്റ്റുകൾ ഒഴിവാക്കണം!
രോഗികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ വീൽചെയർ സൗകര്യം, ലിഫ്റ്റ്, വ്യക്തമായ സൈൻ ബോർഡുകൾ, പാർക്കിംഗ്. എല്ലാ വിഭാഗം ആളുകൾക്കും മനസ്സിലാക്കത്തക്ക രീതിയിൽ ഉപയോഗിക്കാൻ പറ്റണം.
രോഗിയോടും കൂടെ നിൽക്കുന്നവരോടും മാന്യമായി സംസാരിക്കുക. കൗൺസിലിംഗ്, ശരിയായ വിവരങ്ങൾ നൽകൽ എന്നിവ പ്രധാനം.
എന്നാൽ ചില ഫൈഫ് സ്റ്റാർ – സെവൻ സ്റ്റാർ ആശുപത്രികളുണ്ട് ഈ പറഞ്ഞതെല്ലാമുണ്ടാകും ചിലപ്പോൾ പറഞ്ഞതിനേക്കാൾ കൂടുതൽ സൗകര്യങ്ങൾ ഉള്ള ആശുപത്രി എന്നാൽ നൽകുന്ന സർവീസിന്റെ രീതിയെ പറ്റി പറയുമ്പോൾ ? ഏതാണ്ട് മധുരമുള്ള പാൽപ്പായസം വെച്ചിട്ട്… വിളമ്പുക കോളാമ്പിയിലാണെന്നു പറയുന്നത് പോലെയായിരിക്കും .
ചുരുക്കത്തിൽ, ആശുപത്രി എന്നത് വെറും കെട്ടിടമല്ല, വിശ്വാസം, പരിചരണം, ശാസ്ത്രീയ ചികിത്സ എന്നിവ ഒന്നിക്കുന്ന ഇടമാണ്!
ഇതൊക്കെ ഉറപ്പുവരുത്തും എന്ന മുദ്രാവാക്യവുമായാണ് ജാതി – മത ട്രസ്റ്റുകൾ മുതൽ സ്വകാര്യ കുത്തകകൾ വരെ ആശുപത്രികളുടെ മാറുന്ന മുഖവുമായി പരസ്പരം മത്സരിച്ച് രംഗത്ത് വന്നിരിക്കുന്നത്. അതിന്റെ കാരണം?
സ്വകാര്യ – സർക്കാർ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രികളും ജില്ലാ ആശുപത്രികളും മെഡിക്കൽ കോളേജുകളും 140 -150 കോടി വരുന്ന നമ്മുടെ ജനങ്ങൾക്ക് മതിയാവാതെ വന്നപ്പോഴാണ് പുതിയൊരു പ്രവണത തുടങ്ങിയത്!
ജാതി – മത സംഘടനകളുടെ ഉടമസ്ഥതയിൽ ട്രസ്റ്റുകൾ രൂപീകരിച്ച് ചെറിയ വിലയ്ക്ക് സഥലം ട്രസ്റ്റിന്റെ വരുതിയിലാക്കി എല്ലാ മതക്കാർക്കും വേണ്ടി ആശുപത്രികൾ പൊങ്ങി വന്നു. ഒപ്പം രാഷ്ട്രീയക്കാരുടെ മേൽനോട്ടത്തിലും സഹകരണ മെഡിക്കൽ കോളേജുകളും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും ആരംഭിച്ചു.
ഉദ്ദേശം സേവനമനോഭാവമാണെന്ന് പറയുമെങ്കിലും, എല്ലാ സ്ഥാപനങ്ങളെയും അടക്കിപ്പറയുന്നില്ല! പല ഇത്തരം ആശുപത്രികളും ഒരു “മണി മിന്റിങ് യന്ത്രം” ആക്കി മാറ്റിയിരിക്കുകയാണ് ചില “സ്വകാര്യ കുത്തകകൾ”! ഇവരൊക്കെ കൂടി…
ജനങ്ങളുടെ നിസ്സഹായാവസ്ഥ മുതലെടുക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് ഞാൻ ഇവിടെ എഴുതുന്നത്!
പഞ്ചനക്ഷത്ര ആശുപത്രികളുടെ മായാലോകം എന്ന പരസ്യം നൽകി, അതിനെ അന്വർത്ഥമാക്കും വിധം എല്ലാ സൗകര്യവും ഏർപ്പെടുത്തി പഞ്ചനക്ഷത്ര സ്റ്റൈലിൽ ആശുപത്രി കെട്ടിപ്പൊക്കും ഫൈഫ് സ്റ്റാർ – സെവൻ സ്റ്റാർ റൂമുകൾ ഒരുക്കും! ആകർഷിക്കുന്ന പരസ്യം നൽകി രോഗികളെ വലവീശിപ്പിടിക്കും!
ഈ മായാലോകം കണ്ട് ഈയാംപാറ്റകളെ പോലെ രോഗികൾ ഇവിടങ്ങളിൽ എത്തും! പിന്നെ തുടങ്ങും കളികൾ!
ICU, CCU, SICU, MICU, NICU അങ്ങനെ അക്ഷരമാലയിലെ വിവിധ കോമ്പിനേഷനുകൾ നൽകി തരംതിരിച്ച് അവിടെ എത്തിക്കും. “You are in queue, please wait” എന്ന് പറയുന്നതുപോലെ മണിക്കൂറുകളോളം വെയ്റ്റ് ചെയ്യിപ്പിക്കും!
അതിനും ഒരു പേരുണ്ട് … ഐ സി യുവു മല്ല…. സി സിയുവുമല്ല! രണ്ടിനുമിടയിലുള്ള ഒരു അഡ്ജസ്റ്റ്‌മെന്റാണ്. E . D (എമർജൻസി ഡിപ്പാർട്മന്റ്.) പേരുപോലെത്തന്നെ ഒരു ഇഡി കൊള്ളുന്ന അനുഭവമായിരിക്കും…
പറഞ്ഞുവരുമ്പോൾ, തീർത്ഥാടനത്തിന് പോകുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഇടത്താവളം പോലെയാണ് ഈ സ്ഥലം!
അല്ലെങ്കിലും രോഗവും ഒരുതരത്തിൽ തീർത്ഥാടനം തന്നെയല്ലേ? ആസ്പത്രികളിലേക്കുള്ള തീർത്ഥാടനം! ആദ്യം താലൂക്ക് ആശുപത്രി, പിന്നെ ജില്ലാ ആശുപത്രി, പിന്നെ മെഡിക്കൽ കോളേജ്. ഇവിടം കൊണ്ടൊന്നും ശരിയായില്ലെങ്കിൽ പ്രൈവറ്റ് ആശുപത്രി.
ഇതിലെ ചെറുകിടക്കാർ കോർപ്പറേറ്റുകളുടെ ഇടത്താവളങ്ങൾ ആണ്! ഇത്തരം ചെറുകിടക്കാരിൽ എത്തിയാൽ ഒരാഴ്ചയോ രണ്ടാഴ്ചയോ നോക്കി, അവർ തന്നെ റഫർ ചെയ്യും അവരുടെ നെറ്റ്‌വർക്കിൽ പെട്ട കോർപ്പറേറ്റ് ആശുപത്രികളിലേക്ക്.
ഒടുവിൽ ഇവിടെ എത്തപ്പെട്ടാൽ തീർത്ഥാടനസ്ഥലങ്ങളിൽ ആളുകൾ വിരിവെച്ചു കിടക്കുന്നതുപോലെ കാണാം. ബിൽഡിംഗിന്റെ ഇടനാഴികളിൽ വരെ ബെഡുകളിട്ട് കിടത്തും! രണ്ടും മൂന്നും നാലും ദിവസം കഴിഞ്ഞിട്ടാവും വാർഡിൽ ബെഡ് അലോട്ട് ചെയ്യുന്നത്!!
പറഞ്ഞുവരുന്നത്, നിങ്ങൾ ആശുപത്രിയിലെത്തിയാൽ അഡ്മിഷൻ മിനിറ്റുകൾക്കുള്ളിൽ
തീർത്തു! ആശുപത്രിയുമായുള്ള പൊക്കിൾക്കൊടി ബന്ധിപ്പിക്കും.
ഇതിന്റെ വിശദാംശം അടുത്ത കഥയിൽ. അതുവരെ സസ്പെൻസ് നിൽക്കട്ടെ!
പക്ഷേ, “ഇവിടെ തിരുപ്പതിയിൽ പൊയതുപോലെയാ നേരിട്ട് ദർശനം കിട്ടില്ല . അവിടെ കാണുന്നതുപോലെ വിവിധ സെല്ലുകളിലൂടെ കടന്നുവേണം ദർശനം ലഭിക്കുക. നേരിട്ട് വാർഡിലോ റൂമിലോ എത്തില്ല എന്നർത്ഥം.
കോടിക്കണക്കിന് തീർത്ഥാടകർ വരുന്ന സ്ഥലത്ത് സ്വാധീനം ഇല്ലെങ്കിലും പണം കൊടുത്ത് ദർശനം നേടാം! പണത്തിന്റെ മൂല്യം കൂട്ടുന്നതിനനുസരിച്ച് വേഗവും കൂടും.
എന്നാൽ ഇവിടങ്ങളിൽ അങ്ങനെയൊന്നുമല്ല… സ്വാധീനം ഉണ്ട്, അതിലും വലുത് വേറെ എന്തോ ഉണ്ട് എന്നാണ് എന്റെ സംശയം!
സ്വാധീനത്തിന്റെ കളി!…. ? അവിടെ തുടങ്ങും സ്വാധീനിക്കാനുള്ള ശ്രമം. വേണ്ടിവന്നാൽ അമേരിക്കൻ പ്രസിഡന്റിനെ വരെ വിളിക്കാൻ തോന്നും!
ഇതിനിടയിൽ ഉന്നത സ്വാധീനത്തിന്റെ തീവ്രത അനുസരിച്ച് രോഗികളുടെ മുൻഗണനാക്രമം തെറ്റിച്ച് അഡ്മിഷൻ നൽകും! ശുപാർശയ്ക്ക് പ്രത്യേക പ്രോട്ടോകോൾ ഒന്നുമില്ല അത് നരകിക്കാൻ വിധിക്കപ്പെട്ടവന്റെ ആയുർബലം പോലെയിരിക്കും! ICU! പാവപ്പെട്ടവൻ ആണെങ്കിൽ ഇടനാഴിയിൽ കിടന്ന് നരകിക്കണം!!
പേരിനു അതും ഒരുതരം ഐ സി യു തന്നെ ആളുകൾക്ക് ഐ സീ യു എന്ന് അക്ഷരം കണ്ടാൽ മതി അതിനുള്ളിലെ സൗകര്യമൊന്നും അറിയേണ്ട. അതിനു ആശുപത്രിക്കു അർത്ഥമുണ്ട് . I C U ഞാൻ നിന്നെ കണ്ടു ( I see you) എത്ര ഉദാത്തമായ നാമകരണം!
എന്നാൽ മഞ്ഞപ്പനി കണ്ടെത്താനുള്ളൂ മുത്തച്ചി വൈദ്ദത്തിലെ മൂത്രത്തിൽ അന്നമിട്ടു കണ്ടെത്തുന്ന വിദ്ദ്യ ശാസ്ത്രീയമല്ല എന്ന് പറയുന്ന ആധുനീക വൈദ്ദ്യശാസ്ത്രം? അവരുടെ വിധിയായ മഞ്ഞപ്പനി ഉണ്ടോ എന്ന് കണ്ടെത്താൻ ഡോക്ടർമാർ വൈറസിനെയോ, അല്ലെങ്കിൽ വൈറസിനെതിരെ ശരീരം ഉണ്ടാക്കുന്ന ആന്റിബോഡികളെയോ പരിശോധിക്കുന്ന ലാബ് ടെസ്റ്റുകൾ ചെയ്യും. രോഗലക്ഷണങ്ങൾ തുടങ്ങി എത്ര ദിവസമായി എന്നതിനെ ആശ്രയിച്ചാണ് ടെസ്റ്റ് തിരഞ്ഞെടുക്കുന്നത്? ചിലപ്പോൾ ചെയ്തിട്ടുണ്ടാവാം പറഞ്ഞുവരുന്നത്…?
പക്ഷേ അഡ്മിഷൻ എടുക്കുന്നതിന് ഒരു പ്രോട്ടോകോളുമില്ല അത്രയ്ക്ക് വിശാലമനസ്കരാണ് ഇത്തരം കോർപ്പറേറ്റ് ശൃംഖലകളുടെ ഉടമസ്ഥ സംഘം! ആരും ചികിത്സ കിട്ടാതെ പോകരുത്! എത്തപ്പെട്ടാൽ അവർ വലുപ്പച്ചെറുപ്പമില്ലാതെ, ഒരു അയിത്തവും കാട്ടാതെ സ്വീകരിക്കും!
സ്വീകരണം ഏറ്റുവാങ്ങാൻ പോകുന്ന നിങ്ങൾക്കും അവിടങ്ങളിലെ കളികൾ അറിയില്ല, അറിയാനുള്ള താൽപ്പര്യവും നിങ്ങൾക്കുണ്ടാവില്ല! രോഗിയുമായെത്തുന്ന ചെറുകിട ഹോസ്പിറ്റലുകൾ കോർപ്പറേറ്റ് ആശുപത്രികൾക്ക് ഒരു കളക്ഷൻ ഏജന്റ് മാത്രം! അവർ റഫർ ചെയ്യും, അവരെ വിശ്വസിച്ച് രോഗികളേയുംകൊണ്ട് ആംബുലൻസ് വിമാനവേഗത്തിൽ, “റഡാറും ചുവന്ന സിഗ്നലും കടന്നു ” സ്വപ്നം കാണുന്ന രാജകീയ സൗധത്തിലേക്ക് പറക്കും!
വേണ്ടിവന്നാൽ മുഖ്യമന്ത്രിയുടെയല്ല, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹവും നമുക്ക് വേണ്ടി മാറിത്തരും! അങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും വാർത്തയാവും. വാർത്തകൾ രണ്ടു തരത്തിലായിരിക്കുമെന്നു മാത്രം!
ഒറ്റ ഉദാഹരണം പറയാം: കുറച്ചു മാസങ്ങൾക്കുമുമ്പ് ICU വിൽ കിടന്ന രോഗിയെയും കൊണ്ട് കോർപ്പറേറ്റ് ആശുപത്രിയിലേക്ക് കുതിച്ച ആംബുലൻസ് തോട്ടിൽ വീണതും, രോഗി നീന്തിക്കയറി മുണ്ടു മാടിക്കുത്തി നടന്നുവന്നതും നമ്മൾ കണ്ടു! രക്ഷിക്കാൻ വളയംപിടിച്ചു കൊണ്ടുപോയ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി!
ഈ രംഗം സ്വീകരണമുറിയിൽ ഇരുന്നു ടി.വി. ചാനലുകളിലൂടെ ആശുപത്രി മുതലാളിമാരും കുടുംബവും കണ്ട് പൊട്ടിച്ചിരിക്കുമ്പോൾ, അത്താഴപ്പട്ടിണിക്കാരന്റെ ഗതി നമ്മൾ ഒന്നോർക്കണം!
ഇത് രണ്ടും നമ്മൾ കണ്ടു! കൊറോണ കുറെ കാര്യങ്ങൾ നമ്മളെ പഠിപ്പിച്ചു, എന്നിട്ടും പഠിക്കാതെ നമ്മൾ പ്രബുദ്ധർ!!
ഇന്നലെയും കണ്ടു ജോണ്ടിസ് പിടിച്ച കുട്ടിയെ മറ്റ് അത്യാസന്നനിലയിൽ കിടത്തിയവരുടെ കൂടെ കിടത്തി ECG,ക്കും X-ray ക്കും കുറിച്ചുകൊടുക്കുന്നത്. അത് കഴിഞ്ഞാൽ വാർഡിലെത്തുമ്പോഴേക്കും എന്തെല്ലാം ടെസ്റ്റുകൾ ആ കുട്ടിയെ കാത്തിരിക്കുന്നു!
വേണ്ടുന്നതും വേണ്ടാത്തതുമായ ടെസ്റ്റുകൾ നടത്തി രോഗിയെ പിഴിയും! MRI വേണ്ടാത്തവന് MRI, CT വേണ്ടാത്തവന് CT! ഒടുവിൽ ഡിസ്ചാർജ് സമയം ബില്ല് കണ്ട് രോഗിയും വീട്ടുകാരും ഞെട്ടും!!
ഞെട്ടി വെപ്രാളപ്പെട്ട് തിരിയുമ്പോൾ കാണാം ബോർഡിൽ ഫൈനാൻസ് കമ്പനിയുടെ ഓഫറും പരസ്യവും! “തവണകളായി പണമടക്കാം, ലോൺ!” ഇനി സ്വർണം വെച്ചാൽ അതിനും ലോൺ! ഈ കോർപ്പറേറ്റ് മുതലാളിമാർ സ്നേഹവും കരുതലുമുള്ളതുകൊണ്ട് വെപ്രാളപ്പെട്ട് അലയാതിരിക്കാൻ നിങ്ങൾക്ക് ആശുപത്രിക്കുള്ളിൽത്തന്നെ സൗകര്യമൊരുക്കിത്തരുന്ന കരുതൽ!
സേവനമെന്ന പേരിൽ തുടങ്ങിയ പല സ്ഥാപനങ്ങളും ഇന്ന് ലാഭക്കൊതിയുടെ കേന്ദ്രങ്ങളായി മാറി! വിശ്വാസം വെച്ച് ചെല്ലുന്ന രോഗിയെ വിശ്വാസവഞ്ചനയുടെ ഇരയാക്കുന്ന കാഴ്ച!!
ആശുപത്രി എന്നത് വിശ്വാസത്തിന്റെ കൂടി ഇടമല്ലേ? ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ ആർക്കാണ് ബാധ്യത? ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!!!
ഇത്രയും പറഞ്ഞുവരുമ്പോൾ ആരംഭത്തിൽ എഴുതിയ സംസ്കൃത ശ്ലോകത്തിന്റെ വിശദാംശം പറയാതെ പോവരുതല്ലോ :
മരണത്തിന്റെ ദൈവമായ യമൻ മനുഷ്യന്റെ പ്രാണൻ മാത്രമേ എടുക്കൂ. എന്നാൽ വൈദ്യരാജാവിനെ യമന്റെ സഹോദരൻ എന്നാണ് വിളിക്കുന്നത്, കാരണം അദ്ദേഹം ധനവും ജീവനും രണ്ടും എടുക്കുന്നു. അതായത്, ഡോക്ടർ മരണദേവനേക്കാൾ കേമൻ!
എന്തിനു എങ്ങനെ ഈ ശ്ലോകം ഉണ്ടായി എന്നുചിന്തിക്കുമ്പോൾ മനസ്സിലാകുന്നത്?
ആയുർവേദവും പരമ്പരാഗത വൈദ്യവും വളരെ പ്രചാരമേറിയിരിക്കുന്നു. പക്ഷേ ഡോക്ടർമാരോട് ജനങ്ങൾക്ക് എപ്പോഴും ഒരു ഇഷ്ട – അനിഷ്ടം ഉണ്ടായിരുന്നു. ശക്തരായ ആളുകളെ വിനയാന്വിതരാക്കാൻ വേണ്ടിയുള്ള ഹാസ്യ സാഹിത്യത്തിന്റെ ഭാഗമാണിത്. ഇതൊരു തമാശയാണ്, പക്ഷേ ചികിത്സാ ചെലവിനെയും ഫലിക്കാത്ത ചികിത്സയെയും കുറിച്ചുള്ള സാമൂഹിക വിമർശനം കൂടിയാണ്. എല്ലാ സംസ്കാരത്തിലും ഇതുപോലുള്ള തമാശകൾ കാണാം.
ഇത് അക്ഷരാർത്ഥത്തിൽ എടുക്കണോ? എടുക്കേണ്ട. ഇത് വ്യംഗ്യമാണ് . സമൂഹം കാലങ്ങളായി ഡോക്ടർമാരുടെ അധികാരത്തെയും ഫീസിനെയും കളിയാക്കാറുണ്ട്. ഇന്ന് കോർപ്പറേറ്റ് ആശുപത്രികളുടെ കാലത്ത് ഈ ശ്ലോകത്തിന് പുതിയ അർത്ഥം കിട്ടുന്നു എന്ന് മാത്രം!
വൈദ്യനെ ഒരു രോഗശാന്തി നൽകുന്നയാളായിട്ടാണ് പരമ്പരാഗതമായി കണ്ടിരുന്നത്. ചരകസംഹിത പോലുള്ള ആയുർവേദ ഗ്രന്ഥങ്ങളിൽ പാവപ്പെട്ടവരെ സൗജന്യമായി ചികിത്സിക്കണം എന്ന് തന്നെ പറയുന്നുണ്ട്. അത്തരം ഡോക്ടർമാരും വൈദ്ദ്യന്മാരും ആശുപത്രികളും ഉണ്ടെങ്കിലും?
ഈ ശ്ലോകം ലക്ഷ്യമിടുന്നത് കപട വൈദ്യന്മാരെയും അത്യാഗ്രഹികളായ ഡോക്ടർമാരെയുമാണ്, ആത്മാർത്ഥതയുള്ളവരെയല്ല!
ഇന്നത്തെ കോർപ്പറേറ്റ് ആശുപത്രികളുടെ പണക്കൊതിയെ തുറന്നു കാട്ടുന്നതിനായി, കളിയാക്കുവാൻ നർമ്മം കലർത്തി ഞാൻ പഴയ ശ്ലോകം കടമെടുത്തു.
ഇന്നും ഇത് എവിടെ കേൾക്കുന്നു?
അതായത്, ചികിത്സാ ചെലവ് കൂടുമ്പോഴോ ചികിത്സ ഫലിക്കാതെ വരുമ്പോഴോ കേരളത്തിലും ഇന്ത്യയിലുടനീളവും ആളുകൾ ഇന്നും ഇത് പറയും. ശരിക്കുള്ള വെറുപ്പുകൊണ്ടല്ല, ഒരു ചെറു ചിരിയോടെയാണ് പറയുന്നത്.
ഭാരതത്തിലായാലും വിദേശത്തായാലും, പ്രത്യേകിച്ച് കേരളം പോലുള്ള സ്ഥലങ്ങളിൽ അർത്ഥവത്തും താളാത്മകവുമായ ഈ ശ്ലോകം ആയിരം വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ബന്ധപ്പെടുത്താൻ പറ്റുന്നതുകൊണ്ടുമാണ് ഈ ശ്ലോകം ഇപ്പോഴും നിലനിൽക്കുന്നത്!!
അടുത്ത ഭാഗം!
പഞ്ചനക്ഷത്ര കൂടാരത്തിലെ സർക്കസ് മുതലാളിമാർ വിദഗ്ദ്ധരെക്കൊണ്ടും മറ്റു അനുബന്ധ സ്റ്റാഫുകളെക്കൊണ്ടും കളിപ്പിക്കുന്ന ട്രപ്പീസ് കളിയും കോമാളികളുടെ ചിരിപ്പിക്കുന്ന തമാശകളും!
അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും കുഞ്ഞു പൊക്കിൾക്കൊടി മുറിച്ച് പുറത്തു വരുമ്പോലെ, ഒരു രോഗിയെ പൊക്കിൾക്കൊടി ബന്ധിപ്പിച്ചുമാത്രമേ മിക്കവാറും അഡ്മിറ്റ് ചെയ്യുകയുള്ളൂ. അത് സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നീട് ആശുപത്രി നമ്മുടെ മാതാവ് മാത്രമല്ല, പിതാവും കൂടിയാകും!
പിന്നീട് അത് മുറിച്ചുമാറ്റുന്നതുവരെയുള്ള ഉദ്വേഗജനകമായ സംഭവങ്ങൾ ചേർത്തുള്ള അനുഭവങ്ങൾ കാത്തിരിക്കുക!
ഒന്നുകൂടി നമുക്ക് ആ ശ്ലോകം ഓർമ്മിക്കാം:
വൈദ്യരാജ നമസ്തുഭ്യം യമരാജസഹോദര!
യമസ്തു ഹരതി പ്രാണാൻ വൈദ്യഃ പ്രാണാൻ ധനാനി ച!!…
തുടരും…..
മഠത്തിൽ ബാബു ജയപ്രകാശ്………✍️ My Watsapp Contact No 9500716709
