Time Taken To Read 4 Minutes
അപരന് സന്തോഷം നൽകുന്ന രീതിയിൽ ജീവിക്കുന്നതാണ് നന്മ നിറഞ്ഞ ജീവിതം. അത് നമുക്കും നമ്മൾ ഇടപഴകുന്ന മറ്റുള്ളവർക്കും മാനസിക സംതൃപ്തി തരും. ഇടപഴകുന്ന എല്ലാവരിലേക്കും സന്തോഷം പകരുന്നത് വലിയ പുണ്യമുള്ള പണിയാണ്. ഒരു വാക്ക് കൊണ്ടോ ഒരു പുഞ്ചിരി കൊണ്ടോ ആയാലും, സഹജീവികളുടെ മനസ്സില് സന്തോഷം പകർന്നു കൊടുക്കുന്നത് തന്നെ വലിയ നന്മയാണ്. നല്ല പെരുമാറ്റത്തിലൂടെ അത് നമുക്ക് സാധിക്കും.
എല്ലാവരിലും നന്മയുണ്ട്, അത് കണ്ടെത്താൻ ഒരു മനസ്സ് വേണം, അത്രേയുള്ളൂ. താൽക്കാലിക സന്തോഷം തരുന്നതിനെ മാത്രം ‘നല്ലത്’ എന്ന് പറയുമ്പോഴാണ് പല സത്യങ്ങളും സദ്ഗുണങ്ങളും നമ്മൾ മറക്കുന്നത്. എന്തിനെയും നന്നായിട്ടൊന്ന് നോക്കിയാൽ എല്ലാത്തിലും നന്മ കാണാം. ഒന്നിലും നന്മ കാണാൻ പറ്റാത്തവരിൽ നിന്ന് ഒരു നന്മയും ഉണ്ടാവില്ല.
ജീവിതം നമ്മളെ പഠിപ്പിക്കുന്നതും ഇതൊക്കെ തന്നെ. ഒരിക്കൽ ദുരനുഭവം എന്ന് കരുതിയതൊക്കെ പിന്നീട് നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും പാകപ്പെടുത്തിയിട്ടുണ്ട്. ശത്രുക്കളായിരുന്നവർ ചങ്ങാതിമാരെക്കാൾ കൂടുതൽ ദീർഘവീക്ഷണവും ജാഗ്രതയും തന്നിട്ടുണ്ട്. തള്ളിപ്പറഞ്ഞവരും നിഷേധിച്ചവരുമാണ് കയ്യടിച്ചവരെയും പൂച്ചെണ്ട് തന്നവരെയുംകാൾ ആത്മബലം സമ്മാനിച്ചിട്ടുള്ളത്.
മയ്യഴിയുടെ രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന ശ്രീ. ഐ. അരവിന്ദൻ നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നു. അഭിവന്ദ്യനായ അരവിന്ദന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
അരവിന്ദന്റെ വിയോഗം മയ്യഴിയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്.
കെ.എസ്.യുവിലൂടെ കോൺഗ്രസിലെത്തിയ അരവിന്ദൻ മയ്യഴിയിലെ കോൺഗ്രസിൽ മുഴുവൻ സമയവും പണിയെടുത്ത് പാർട്ടിയിൽ പല സ്ഥാനങ്ങളും അലങ്കരിച്ചു. രാഷ്ട്രീയ രംഗത്ത് മാത്രമല്ല, മയ്യഴിയുടെ കലാ-സാംസ്കാരിക രംഗങ്ങളിലും സഹകരണ മേഖലകളിലും അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു. ശ്രീ. അരവിന്ദന് കോൺഗ്രസ് പാർട്ടി ജീവിതത്തിന്റെ ഭാഗമായിരുന്നു. 1977- കാലഘട്ടങ്ങളിൽ ഞങ്ങൾ രാഷ്ട്രീയത്തിൽ മറുപക്ഷത്തായിരുന്നെങ്കിലും ഞങ്ങൾക്കിടയിൽ നല്ല സൗഹൃദം ഉണ്ടായിരുന്നു.
ഇടയ്ക്ക് നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നെങ്കിലും നാട്ടിൽ വരുമ്പോഴൊക്കെ കോൺഗ്രസുകാർ നടത്തുന്ന പരിപാടികളിൽ ഒരു നിമിത്തം പോലെ ഞാനും എത്തിച്ചേരാറുണ്ട്. അതിന് കാരണം, മിക്ക പരിപാടികൾക്കും ശ്രീ. ഐ. അരവിന്ദൻ മുന്നിൽനിന്ന് നേതൃത്വം കൊടുക്കുന്നതുകൊണ്ടാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഗാന്ധി ജയന്തിയായാലും ഐ.കെ. കുമാരൻ മാസ്റ്ററുടെ ജന്മദിനമായാലും മയ്യഴി വിമോചന സമര ദിനമായാലും അരവിന്ദനും വിരലിലെണ്ണാവുന്ന കുറച്ച് പ്രവർത്തകരും അവിടെ കാണും.
ഒരിക്കൽ എന്നെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: “ഇത്തരം പരിപാടികളിൽ വിളിച്ചില്ലെങ്കിലും ബാബു എത്തും…” എന്നിട്ട് ചിരിച്ചുകൊണ്ട് തുടർന്നു, “എന്റെ കാലം കഴിയുന്നതുവരെ ഇങ്ങനെ നടക്കും. അതിനു ശേഷം കണ്ടറിയണം, പ്രത്യേകിച്ച് ഐ.കെ. ട്രസ്റ്റിന്റെ ഭാവി.” ആ പറഞ്ഞത് സത്യമാണെന്ന് അവിടെ പങ്കെടുക്കുന്നവരുടെ അംഗസംഖ്യ വെളിപ്പെടുത്തും.
ഏറെ നാളായി ശാരീരിക അവശതകൾ ഉണ്ടായിട്ടും പല വേദികളിലും അദ്ദേഹത്തെ കാണാമായിരുന്നു.
മാഹി മദ്യനിരോധന സമിതി നേതാവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ശ്രീ. ഐ. അരവിന്ദന്റെ അകാല വിയോഗത്തിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു.
ഒരു ചെറിയ കുറ്റബോധം ബാക്കി. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോ അരവിന്ദന് സുഖമില്ലെന്ന് അറിഞ്ഞിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തിയെന്നും അറിഞ്ഞു. എന്നിട്ടും ഒന്ന് പോയി കാണാൻ സാധിച്ചില്ല.
പറഞ്ഞുവരുന്നത് ജീവിതത്തിൽ മനസമാധാനം ഉണ്ടാവണമെങ്കിൽ ക്ഷമിക്കാനുള്ള സന്നദ്ധത വേണം. മറ്റുള്ളവരോടുള്ള പകയും വിദ്വേഷവും മാറ്റിവെച്ച് സ്നേഹത്തോടെ പെരുമാറണം.
നുള്ളിനോവിച്ചവരോട് പോലും പകരം വീട്ടാൻ തക്കം പാർത്തിരിക്കുന്നവർക്കിടയിൽ, തണൽ മുറിച്ച് മാറ്റിയവരോട് പോലും ക്ഷമിക്കാൻ കഴിയുന്നത് ദൈവികം. ശാന്തതയോടെ, പുഞ്ചിരിയോടെ ജീവിക്കണം. നന്ദിയും നന്മയും നിറഞ്ഞ മനസ്സിന് ഉടമയാവണം.
ചെറുതാകാൻ തയ്യാറല്ലാത്തവർക്ക് ക്ഷമിക്കാനും മറക്കാനും പറ്റില്ല. വാശിയുടെയും മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും പിന്നിലുള്ളത് ചെറുതാകാനുള്ള വിഷമമാണ്. ദേഷ്യത്തിൽനിന്നും വേദനയിൽനിന്നുമുള്ള മോചനമാണ് യഥാർത്ഥത്തിൽ ക്ഷമ.
ഐ. അരവിന്ദൻ എന്ന നാമം മയ്യഴിയുടെ മനസ്സിൽ എന്നും ജീവിക്കും. ആ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം.
ഒരു ചെറിയ കുറ്റബോധത്തോടെ ശ്രീ. അരവിന്ദന് വിട.
അരവിന്ദനെ പറ്റി ഓർമ്മക്കുറിപ്പെഴുതി പോസ്റ്റ് ചെയ്യാനിരുന്നപ്പോഴാണ് താഹിർ പങ്കുവെച്ച ഗ്രൂപ് ഫോട്ടോ കണ്ടത്
പണ്ട് ജവഹർലാൽ നെഹ്റു ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ സ്കൂളിൽ തമാശയുടെ മറവിൽ അരവിന്ദൻ, അക്കാളി, ജെനു, താഹിർ, ഇഫ്തി, ഒ.പി. സുരേന്ദ്രൻ, പെലെ സത്യൻ, കുഞ്ഞഹമ്മദ്, ദേവരാജ്… പിന്നെ ഞങ്ങളൊക്കെ കൂടി സ്കൂളിൽ ഒരു കയ്യെഴുത്ത് പത്രം ഇറക്കാറുണ്ട്.
പത്രാധിപന്മാരിൽ ജെനു മുൻപേ നമ്മളെ വിട്ടുപോയി… ഇപ്പൊ അരവിന്ദനും.
ഒട്ടേറെ കാര്യങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ്, ദിവസവും ഒരു മിനിയേച്ചർ പത്രത്തിന്റെ രൂപത്തിൽ അത് കുട്ടികളുടെ മുന്നിലെത്തും.
വൈകുന്നേരമാവുമ്പഴേക്കും കുട്ടികളെല്ലാം പത്രത്തിനുള്ള കാത്തിരിപ്പാവും. കിട്ടിക്കഴിഞ്ഞാൽ ഒരാൾ ഉറക്കെ വായിക്കും. ചുറ്റും കൂടി ബാക്കിയുള്ള കുട്ടികളും വായിക്കും.
ഇതിലെ വാർത്തകൾ അധ്യാപകരും വായിച്ച് രസിച്ചിരുന്നു.
താഹിർ പങ്കുവെച്ച ആ ഗ്രൂപ്പ് ഫോട്ടോ കണ്ടപ്പോ എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് ‘അന്തിക്കാള’ പത്രവും അന്നത്തെ ആ രംഗങ്ങളുമാണ്.
മഠത്തിൽ ബാബു ജയപ്രകാശ്…………✍️ My Watsapp Contact No 9500716709

Very good morning Babu Jayaprakash.
Read the unexpected write up on I Aravindhan.
Great.
When I am in Mahe residence,I used to see him every day passing by SKBS road.
On free time, I used to talk to him. He mentioned lots to me about his health and his family and unemployed son etc.
He knows me much.But I never knows that.
That is all for now.
May God bless the departed soul of our friend rest in peace.
LikeLike