Time Taken To Read 5 Minutes
മിമിക്രി, മോണോ ആക്റ്റ്, ഓട്ടൻതുള്ളൽ, കഥാപ്രസംഗം… വേദിയിൽ ചിരിയും കയ്യടിയും നിറയ്ക്കുന്ന ഈ കലാരൂപങ്ങൾ കാണുമ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിയുന്ന മുഖം ഒരു പിഞ്ചു കുഞ്ഞിന്റേതാണ്.
അതെ, ഈ വലിയ കലകളുടെയെല്ലാം ആദ്യത്തെ ക്ലാസ് മുറി നമ്മുടെ വീടകം തന്നെ എന്ന സത്യം പലരും ഓർക്കാതെ പോവുന്നു. അങ്ങനെ വിലയിരുത്തുമ്പോൾ വീട് പകർന്നാട്ടക്കാരുടെ ആദ്യത്തെ കലാമണ്ഡലം തന്നെയല്ലേ?
ഓട്ടൻതുള്ളൽ മുതൽ കഥാപ്രസംഗം വരെ, അവരുടെ സിലബസ് പ്രകാരം തുടങ്ങുന്നത് എവിടെ? ആദ്യ അരങ്ങേറ്റ വേദി തൊട്ടിലിൽ! ടിക്കറ്റില്ലാത്ത കലോത്സവം അരങ്ങേറുന്നത് നമ്മുടെ അടുക്കളയിലും കിടപ്പുമുറിയിലും ഹാളിലും. കാണികളായി അച്ഛനും അമ്മയും കൂട്ടുകുടുംബാംഗങ്ങളും.
കുടുംബത്തിൽ ഒരു കുഞ്ഞ് ജനിച്ച് മുട്ടിലിഴഞ്ഞു തുടങ്ങുന്ന കാലം മുതൽ അച്ഛനും അമ്മയും കാണിക്കുന്ന “ആ…” ശബ്ദം കേട്ട് കുഞ്ഞും അതേപോലെ വാ പൊളിക്കും. നമ്മൾ കൈ കൊട്ടിയാൽ കുഞ്ഞും കൊട്ടും. “അമ്മൂമ്മ എവിടെ?” എന്ന് ചോദിച്ചാൽ കുഞ്ഞ് മുഖം തിരിച്ചും കരിമഷിയിട്ട കണ്ണ് മിഴിച്ചും കുട്ടിക്കൈ കാലുകൾ ചലിപ്പിച്ചും നമ്മളോട് പ്രതികരിക്കും, അമ്മൂമ്മയെ തിരയും.
ആദ്യമായി ചുണ്ടമർത്തി ‘മ്…’ ശബ്ദം പുറപ്പെടുവിക്കുമ്പോൾ, മേൽപ്പല്ലിന്റെ ഉള്ളിൽ നാവമർത്തി “ദ്ദാ” എന്ന് പറഞ്ഞു നാവ് കുഴയുമ്പോൾ, വീടുമുഴുവൻ കയ്യടിയായിരിക്കും. അപ്പോഴൊന്നും നമ്മൾ തിരിച്ചറിയുന്നില്ല: നമ്മളെല്ലാവരും ചേർന്ന് ആ കുഞ്ഞു കലാകാരനെ, കലാകാരിയെ അരങ്ങേറ്റത്തിനു ഒരുക്കുകയാണെന്ന്.
പതിയെ കുഞ്ഞ് എഴുന്നേറ്റു നടക്കാൻ തുടങ്ങും. അച്ഛൻ ഫോണിൽ സംസാരിക്കുന്നത് കണ്ടാൽ, ചെവിയിൽ കയ്യിൽ കിട്ടിയ സാധനങ്ങൾ വെച്ച് “ഹലോ… ആം…” എന്ന് പറയും. അമ്മ അടുക്കളയിൽ കറിക്കുള്ള സാധനങ്ങൾ അരിയുന്നതു കണ്ടാൽ സ്പൂണോ സ്‌കെയിലോ പെൻസിലോ കളിപ്പാട്ടമോ എടുത്ത് അനുകരിക്കും. ടി.വി.യിൽ വാർത്ത വായിക്കുന്ന ആളുടെ മുഖഭാവം വരെ കുഞ്ഞ് അനുകരിച്ചു കാണിക്കും.
പാട്ട് പാടുന്നതും നൃത്തം ചെയ്യുന്നതും അനുകരിക്കുമ്പോൾ നമ്മൾ ചിരിക്കും, വീണ്ടും ചെയ്യാൻ പറയും. ഇതൊക്കെ കണ്ട് നമ്മൾ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കും, വീഡിയോ എടുക്കും. ആ ചിരിയും കയ്യടിയുമാണ് കുഞ്ഞിന്റെ ആദ്യത്തെ പ്രതിഫലം, ആദ്യത്തെ പ്രോത്സാഹനം.
ഇതാണ് അനുകരണ കലയുടെ ബാലപാഠം. വേദിയിൽ വലിയ മിമിക്രി താരം നൂറു ശബ്ദം മാറി സംസാരിക്കുമ്പോൾ, അതിന്റെ വിത്ത് പാകിയത് ആരാണ്? “കാക്ക പറന്നു” എന്ന് കൈ കൊണ്ട് കാണിച്ചപ്പോൾ കുഞ്ഞ് അതേപോലെ ചെയ്തു കാണിച്ച ആ നിമിഷത്തിലാണ്.
മോണോ ആക്റ്റിൽ ഒറ്റയ്ക്ക് പത്തു കഥാപാത്രമാകുന്ന കലാകാരന്റെ അടിസ്ഥാനം, അച്ഛന്റെ നടത്തവും അമ്മയുടെ ചിരിയും അനിയന്റെ കരച്ചിലും വീട്ടിൽ അനുകരിച്ചു കാണിച്ച് കയ്യടി വാങ്ങിയ ആ കുഞ്ഞിന്റെ കുസൃതിയിലാണ്.
എനിക്കും കിട്ടിയിട്ടുണ്ട് ആ ഭാഗ്യം. എന്റെ കുഞ്ഞുങ്ങൾ “അച്ഛൻ ദേഷ്യപ്പെടുന്നത് എങ്ങനെയാ” എന്ന് ചോദിച്ച് ഞാഅനുകരണ കലയുടെ ആദ്യ അരങ്ങ് കണ്ണുരുട്ടുന്നത് അനുകരിക്കും. “മുത്തച്ഛൻ എങ്ങനെയാ നടക്കുക?” എന്ന് ചോദിച്ചാൽ അതും കാണിക്കും. “മുത്തച്ഛൻ മോനെ എന്താ വിളിക്കുക?” എന്ന് ചോദിച്ചാൽ “പോക്കരൻ എന്ന് അനുകരിച്ചു പറയും. അത് കാണുമ്പോൾ, അറിയാതെ ഞാനും ചിരിച്ചു പോകും.
തെറ്റിദ്ധരിക്കരുത്, കുഞ്ഞുങ്ങൾ കളിയാക്കുകയല്ല. അവർ ലോകത്തെ പഠിക്കുകയാണ്. മറ്റുള്ളവരെ നിരീക്ഷിച്ച്, അവരുടെ ശബ്ദവും ചലനവും ഭാവവും ഉൾക്കൊണ്ട്, സ്വന്തം രീതിയിൽ അത് പുറത്തേക്ക് വിടുകയാണ്. ഇതാണ് കലയുടെ കാതൽ എന്ന് നമ്മൾ തിരിച്ചറിയണം.
ഇപ്പോൾ എന്റെ പേരക്കുട്ടി അതേ കളി തുടരുന്നു. ഞാൻ ചുമച്ചാൽ അവനും ചുമയ്ക്കും. ഞാൻ ഫോണിൽ നോക്കി ചിരിച്ചാൽ, അവനും എന്റെ ഫോൺ പിടിച്ചുവാങ്ങി അതേപോലെ ചിരിക്കും. ഞാൻ നെറ്റി ചുളിച്ചാൽ അവനും ചുളിക്കും. എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി ഒരു അംഗീകാരത്തിനായി കാത്തിരിക്കും. ഞാൻ കയ്യടിച്ചു കൊടുക്കുമ്പോൾ അവന്റെ മുഖത്തെ ആ ചിരി… അതിന് ഒരു ഓസ്കാറിന്റെ വിലയുണ്ട്.
അപ്പോഴാണ് മനസ്സിലാകുന്നത്: ഒരു മിമിക്രി കലാകാരനും വെറുതെ ജനിക്കുന്നില്ല. അവൻ ആദ്യം ഒരു കുഞ്ഞായി ജനിക്കുന്നു. പിന്നെ നമ്മൾ, വീട്ടുകാർ, ചുറ്റുമുള്ളവർ ചേർന്ന് അവന്റെ അനുകരണങ്ങളെ ചിരിച്ച് പ്രോത്സാഹിപ്പിക്കുന്നു. ആ ചിരിയിൽ നിന്ന് അവൻ ആത്മവിശ്വാസം നേടുന്നു. ആ ആത്മവിശ്വാസമാണ് വർഷങ്ങൾ കഴിഞ്ഞ് വലിയ വേദിയിൽ കയ്യടിയായി മാറുന്നത്.
അതുകൊണ്ട് അടുത്ത തവണ ഒരു കുഞ്ഞ് നിങ്ങളെ അനുകരിക്കുന്നത് കണ്ടാൽ വഴക്ക് പറയരുത്. ചിരിച്ച് കയ്യടിക്കണം. കാരണം നിങ്ങളറിയാതെ നിങ്ങൾ ഒരു കലാകാരനെ വാർത്തെടുക്കുകയാണ്. ഒരു പക്ഷെ നാളത്തെ മികച്ച മിമിക്രി താരത്തെയോ ഓട്ടൻതുള്ളൽ കലാകാരനെയോ. കല എന്നത് പുസ്തകത്തിൽ നിന്ന് മാത്രം പഠിക്കുന്നതല്ല, അത് തലമുറകളായി വീട്ടുമുറ്റത്ത് നിന്ന് തുടങ്ങുന്ന ഒരു പകർന്നാട്ടമാണ്.
ഇങ്ങനെയൊക്കെയായിരുന്നു ഒരു കാലം വരെ. എന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കെത്തുമ്പോൾ?
തൊടിയും തൊഴുത്തും കയ്യടിയും ചിരിയുമായി വീട് ഒരു കലോത്സവ വേദിയായിരുന്നു! എന്നാൽ കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളിലേക്ക് ചുരുങ്ങിയപ്പോൾ, നഗരങ്ങളിലെ ഫ്ലാറ്റുകളുടെ നാല് ചുമരുകൾക്കുള്ളിൽ കുട്ടികളുടെ ലോകവും ചുരുങ്ങി.
കയ്യടിക്കാൻ ആരുമില്ലാതെ, കഥ കേൾക്കാൻ മുത്തശ്ശിയില്ലാതെ, പകർന്നാട്ടത്തിന്റെ ആദ്യ പാഠങ്ങൾ മുറ്റത്തുനിന്ന് മാഞ്ഞുതുടങ്ങി.
അവിടെ തുടങ്ങി ഒറ്റപ്പെടലിന്റെ കാലം
അച്ഛനമ്മമാർ ജോലിത്തിരക്കിലും കുട്ടികൾ സ്ക്രീനിന്റെ വെളിച്ചത്തിലും ഒറ്റപ്പെട്ടുപോയി. ഫ്ലാറ്റ് സമുച്ചയത്തിലെ ബാൽക്കണി മുറ്റമായി, സെൽ ഫോണിലെ റീൽസ് കഥാപ്രസംഗമായി!
ആശ്വാസം എന്ന് കരുതി കയ്യിൽ കൊടുത്ത ഫോൺ പതിയെ യജമാനനായി. അനിയന്ത്രിതമായ സ്ക്രോൾ ചെയ്യലിനിടയിൽ കുട്ടികൾ മറന്നത് ചിരിച്ചു കളിക്കാനും മിമിക്രി കാട്ടി വീട്ടുകാരെ ചിരിപ്പിക്കാനുമാണ്.
ഇതിനു ഒരു തടയിടാൻ ശ്രമിച്ചാൽ – മാനസിക അസ്വസ്ഥതയുടെ സൂചന
അമിതമായ സ്ക്രീൻ ഉപയോഗം കുട്ടികളിൽ ഒരു തരം നിറമില്ലാത്ത ലോകം സൃഷ്ടിക്കുകയാണ്. ക്ഷമ കുറയുന്നു, ദേഷ്യം കൂടുന്നു, ചെറിയ കാര്യത്തിന് പോലും വാശി!
ഒരുകാലത്ത് വീടിനെ ചിരിപ്പിച്ച പിഞ്ചു കലാകാരൻ ഇന്ന് മുറിക്കുള്ളിൽ വാതിലടച്ച് ഫോണിൽ മുഖം പൂഴ്ത്തുന്നു. വേദിയിൽ കയ്യടി വാങ്ങേണ്ടവർ ജീവിതത്തിൽ നിന്ന് തന്നെ ഒറ്റപ്പെടുന്നു!
പറഞ്ഞുവരുന്നത് സാങ്കേതികവിദ്യ തൊട്ടിലിനെയും വീടകങ്ങളെയും മുറ്റത്തെ ജയിലാക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് തന്നെ.
ഇങ്ങനെ പറയാൻ കാരണം, താൽക്കാലിക പരിഹാരത്തിനായി ഫോൺ കുട്ടികളുടെ ആദ്യ ലോകമാകുമ്പോൾ അവർക്ക് നഷ്ടമാകുന്നത് മുറ്റവും കൂട്ടുകാരും ജിജ്ഞാസയും സ്വന്തം ഭാവനയുമാണ്. ഇത് ഒറ്റയ്ക്ക് പരിഹരിക്കാവുന്നതല്ല. വീടും സമൂഹവും ഒരുമിച്ച് ഇടപെടണം.
മാതാപിതാക്കൾക്ക് ചെയ്യാവുന്നത്: മാതൃകയാവുക എന്ന് മാത്രമാണ്
കുട്ടികളുടെ മുന്നിൽ വെച്ച് നിർത്താതെ ഫോൺ നോക്കുന്നതും സീരിയൽ, സിനിമ കാണുന്നതും ഒഴിവാക്കുക. ഭക്ഷണം, കളി, ഉറക്കം എന്നീ സമയങ്ങളിൽ വീട്ടിൽ എല്ലാവർക്കും “സ്ക്രീൻ ഫ്രീ” നിയമം നിർബന്ധമാക്കുക.
വ്യക്തമായ അതിർവരമ്പുകൾ സൃഷ്ടിക്കണം
2 വയസ്സിന് താഴെ: സ്ക്രീൻ വേണ്ട.
2 – 5 വയസ്സ്: ദിവസം 1 മണിക്കൂർ, അതും കൂടെയിരുന്ന്.
6 + വയസ്സ്: ഹോംവർക്ക്, ഉറക്കം, കളി കഴിഞ്ഞ് മാത്രം.
കിടപ്പുമുറിയിൽ ഫോൺ/TV പാടില്ല!
പകരം വെക്കുക, പറിച്ചെടുക്കരുത്: സ്ക്രീൻ എടുത്തുമാറ്റിയാൽ ആ സ്ഥാനത്ത് വിരസത വരും. പകരം തുറസ്സായ സ്ഥലത്തുള്ള കളികൾ, മണ്ണിൽ കളിക്കൽ, കഥപറച്ചിൽ, ചിത്രം വര, സൈക്കിൾ, മുറ്റത്തെ കളികൾ എന്നിവ പ്രോത്സാഹിപ്പിക്കുക.
അതേ സമയം ഇടയ്ക്കൊക്കെ ഒരുമിച്ചുള്ള സ്ക്രീൻ സമയം അനുവദിക്കാം: കുട്ടി എന്താണ് കാണുന്നതെന്ന് അറിയുക. കൂടെയിരുന്ന് കണ്ട് സംസാരിക്കുക. “ഇത് ശരിക്കും സംഭവിക്കുമോ?” എന്ന് ചോദിച്ച് ചിന്തിപ്പിക്കുക.
അങ്ങനെ വരുമ്പോൾ വിരസതയെ പേടിക്കേണ്ട; വിരസതയാണ് ഭാവനയുടെ തുടക്കം! ഓരോ തവണ ബോറടിക്കുമ്പോഴും ഫോൺ കൊടുത്താൽ സ്വയം ചിന്തിക്കാനും കളി കണ്ടുപിടിക്കാനുമുള്ള കഴിവ് നഷ്ടമാകും.
അതേ സമയം ഈ വിഷയത്തിൽ സമൂഹത്തിന് ചെയ്യാവുന്നത്
കളിസ്ഥലങ്ങൾ തിരിച്ചുപിടിക്കുക: ഓരോ റെസിഡന്റ്സ് അസോസിയേഷനും സ്കൂളും സുരക്ഷിതമായ കളിസ്ഥലം ഉറപ്പാക്കണം. മുറ്റമില്ലാത്ത ഫ്ലാറ്റുകളിൽ കുട്ടികൾക്ക് ഒരുമിച്ച് കൂടാൻ കമ്മ്യൂണിറ്റി ഹാളുകൾ, ലൈബ്രറികൾ വേണം.
സ്കൂളുകളുടെ ഇടപെടൽ
സ്കൂളുകളിൽ ഡിജിറ്റൽ ഡീടോക്സ് ദിനങ്ങൾ, ഔട്ട്ഡോർ പഠനം, കൃഷി, കലാ – കായിക പിരീഡുകൾ നിർബന്ധമാക്കുക. രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തുക.
കുട്ടികൾ ഒരു ചിത്രം വരച്ചാൽ, പാട്ടുപാടിയാൽ, കഥ പറഞ്ഞാൽ നമ്മൾ കയ്യടിക്കണം. ലൈക്കിനേക്കാൾ വലുത് അച്ഛന്റെ തോളത്തുതട്ടലും അമ്മയുടെ കയ്യടിയുമാണെന്ന് അവർ അറിയണം!
കുട്ടിക്കൂട്ടങ്ങൾക്ക് വൈകുന്നേരങ്ങളിൽ സുരക്ഷിതമായി കളിക്കാൻ തെരുവുകളിലും മൈതാനങ്ങളിലും പോകാൻ അനുവദിക്കുക. “ശബ്ദമുണ്ടാക്കരുത്” എന്ന് പറഞ്ഞ് അവരെ വീട്ടിൽ പൂട്ടിയിടരുത്!
അപ്പോഴും ഒന്നോർക്കുക: സാങ്കേതികവിദ്യ ഒഴിവാക്കലല്ല, നിയന്ത്രണമാണ് വേണ്ടത്. കുട്ടിയുടെ ആദ്യത്തെ വേദി 6 ഇഞ്ച് സ്ക്രീനല്ല, നമ്മുടെ കൺമുന്നിലെ മുറ്റമാണെന്ന് ഉറപ്പിക്കേണ്ടത് മുതിർന്നവർ ആണ്. ഫോൺ കൊടുത്ത് നിശ്ശബ്ദരാക്കുന്നത് എളുപ്പമാണ്. കൂടെയിരുന്ന് കഥ പറഞ്ഞ് വളർത്തുന്നതാണ് ശരി!
കുട്ടികളെ വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ സ്ക്രീനിന്റെ വേഗതയിൽ നിന്ന് അക്ഷരങ്ങളുടെ ആഴത്തിലേക്ക് കുട്ടികളെ കൊണ്ടുവരാൻ ബലം പിടിത്തമല്ല, കൗതുകമുണ്ടാക്കുന്ന തരത്തിലുള്ള ഇടപെടൽ മാത്രം മതി.
വായന അന്യം നിന്നു പോകുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ വായനയുടെ ലോകത്തേക്ക് തിരിച്ചെത്തിക്കാൻ നമ്മൾ പുസ്തകം വായിക്കുന്നത് കുട്ടികൾ കാണട്ടെ. അച്ഛനും അമ്മയും വായിക്കുന്ന വീട്ടിൽ കുട്ടികൾ വായിക്കും.
ഉറങ്ങും മുൻപ് 5 മിനിറ്റ് കഥ. ശബ്ദം മാറ്റി, അഭിനയിച്ച് വായിക്കുക. കഥ മുറിഞ്ഞാൽ “നാളെ ബാക്കി” എന്ന ആകാംക്ഷ കുട്ടികളിൽ ഉണർത്തി നിർത്തുക.
കുട്ടികളുടെ താൽപ്പര്യം നോക്കി കോമിക്സ്, കഥ, പല അറിവുകൾ, ചിത്രകഥ, കളറിംഗ് ബുക്ക്… എന്തും ആവാം. “ഇത് വായിക്കരുത്” എന്ന് പറയരുത്. വായന ശീലമായാൽ നിലവാരം പിന്നാലെ വരും.
പുസ്തകങ്ങൾ കൈയെത്തും ദൂരത്ത് തന്നെ കഴിവതും സൂക്ഷിക്കാൻ ശ്രമിക്കുക. TV യുടെ അടുത്തല്ല, കളിപ്പാട്ടങ്ങളുടെ കൂടെ പുസ്തകം വെക്കുക. താഴ്ന്ന ഷെൽഫിൽ കുട്ടിക്ക് സ്വയം എടുക്കാവുന്ന വിധം.
മാസത്തിലൊരിക്കൽ പഞ്ചായത്തുകളിലുള്ള ലൈബ്രറിയിലോ സ്കൂൾ ലൈബ്രറിയിലോ പോകാൻ നിർബന്ധിക്കുക. സ്വന്തമായി കാർഡ് എടുത്ത് കൊടുക്കുക. കുട്ടികൾ അതൊരു അംഗീകാരമായി, അഭിമാനമായി കരുതും!
കുട്ടികൾക്ക് എഴുതാൻ ഒരു കാരണം ഉണ്ടാക്കി കൊടുക്കുക. ഉദാഹരണത്തിന് പലചരക്ക് ലിസ്റ്റ് എഴുതിക്കുക, അനിയത്തിക്ക് കുറിപ്പ് എഴുതുക, ഉത്സവത്തിന് ആശംസ കാർഡ് ഉണ്ടാക്കുക. എഴുത്ത് മാർക്കിന് വേണ്ടി മാത്രമല്ലെന്ന് കാണട്ടെ.
ഒപ്പം അവരോട് ഡയറിക്കുറിപ്പ് എഴുതാൻ ശീലിപ്പിക്കുക. അതായത് “ഇന്ന് ഏറ്റവും സന്തോഷം തോന്നിയത് എപ്പോൾ?” എന്ന ഒറ്റ വരി മതി. തെറ്റ് തിരുത്താതെ, അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടാതെ ആദ്യം പ്രോത്സാഹിപ്പിക്കുക.
വെറുതെ ഒരു കഥ പറഞ്ഞു കൊടുക്കുന്ന രീതിയിൽ നമ്മൾ തന്നെ കുട്ടികൾക്ക് ഒരു വരി തുടങ്ങുക: “ഒരു ദിവസം ഒരു കാക്കയ്ക്ക്…”. ബാക്കി കുട്ടി പറയട്ടെ. അതുമില്ലെങ്കിൽ നമ്മൾ തന്നെ മാജിക് സ്ലേറ്റിൽ എഴുതിക്കൊടുക്കുക.
അത് അവർ അനുകരിക്കും. അപ്പോൾ “ഗുഡ് ബോയ്! വെരി സ്മാർട്ട്!” എന്നൊക്കെ പറഞ്ഞ് പ്രോത്സാഹനം കൊടുക്കുമ്പോൾ കുട്ടികൾ കൂടുതൽ ഇൻസ്പയേർഡ് ആവും!
കുട്ടികൾ വരച്ച ചിത്രത്തിനും എഴുതിയ വാക്കിനും വീട്ടിലെ ചുമരിൽ സ്ഥാനം കൊടുക്കുക. ഫ്രിഡ്ജിൽ ഒട്ടിക്കുക. അതൊക്കെ കുട്ടികൾക്ക് പ്രോത്സാഹനമായിരിക്കും.
കുട്ടികളോട് മുത്തശ്ശിക്ക്, കൂട്ടുകാരന് പോസ്റ്റ് കാർഡ് അയപ്പിക്കുക. അവരിൽ നിന്ന് മറുപടി കിട്ടുമ്പോഴുള്ള സന്തോഷം വാട്സാപ്പിലൂടെ കിട്ടില്ല!
മൊബൈൽ, കമ്പ്യൂട്ടർ സ്ക്രീൻ തരുന്ന തൽക്ഷണ സന്തോഷത്തേക്കാൾ വലുതാണ് സ്വന്തമായി ഒരു കഥ ഉണ്ടാക്കുന്നതിന്റെ, ഒരു പുസ്തകം തീർക്കുന്നതിന്റെ ആനന്ദം. അത് ഒരിക്കൽ അറിഞ്ഞാൽ പിന്നെ അവർ തിരികെ പോകില്ല.
സാങ്കേതികവിദ്യ തെറ്റെന്നല്ല പറയുന്നത്, പക്ഷേ അത് തൊട്ടിലിനെ ജയിലാക്കരുത്.
കുട്ടികളുടെ ആദ്യത്തെ വേദി ഫോണിന്റെ 6 ഇഞ്ച് സ്ക്രീനല്ല, നമ്മുടെ കൺമുന്നിലെ മുറികളും വരാന്തയും മുറ്റവും, ഒപ്പം നമ്മുടെ കയ്യടിയുമാണ് എന്ന് ഓർക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പറഞ്ഞുവരുന്നത്, മാതാവിന്റെ ഗർഭപാത്രത്തിൽ ജീവൻ ഉരുവാകുമ്പോഴേ അറിവ് വെച്ച് തുടങ്ങുന്നുണ്ടെന്ന് നമ്മുടെ പുരാണം നമ്മളോട് പറഞ്ഞുവെച്ചിട്ടുണ്ട്. അതിനുള്ള ഒരു ഉദാഹരണമാണ് അഭിമന്യുവിന്റെ കഥ.
ഗർഭിണിയായ അർജ്ജുനന്റെ ഭാര്യ സുഭദ്രയ്ക്ക് പത്മവ്യൂഹത്തെപ്പറ്റിയും അതിൽ എങ്ങനെ നുഴഞ്ഞു കയറണമെന്നും അർജ്ജുനൻ പറഞ്ഞുകൊടുക്കുമ്പോൾ, സുഭദ്ര മൂളിക്കേട്ടുകൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ സുഭദ്ര ഉറങ്ങിപ്പോയത് അർജ്ജുനൻ അറിഞ്ഞില്ല. പത്മവ്യൂഹത്തിൽ എത്തുന്നത് പറഞ്ഞു തീർത്തപ്പോഴാണ്, സുഭദ്ര ഉറങ്ങുകയാണെന്നും മൂളിക്കേൾക്കുന്നത് ഗർഭസ്ഥ ശിശുവാണെന്നും അർജ്ജുനൻ തിരിച്ചറിഞ്ഞത്.
ഉടനെ അർജ്ജുനൻ സുഭദ്രയുടെ ഉറക്കത്തിന് ഭംഗം വരുത്തേണ്ടെന്ന് കരുതി, പത്മവ്യൂഹത്തിൽ നിന്ന് പുറത്തുകടക്കുന്നത് പറയാതെ നിർത്തി.
മഹാഭാരത യുദ്ധത്തിലും അത് തന്നെ സംഭവിച്ചു: കൗരവപ്പട പണിത പത്മവ്യൂഹത്തിൽ അഭിമന്യു കയറിയെങ്കിലും, ശത്രുവലയം ഭേദിച്ച് പുറത്തിറങ്ങാനാവാതെ അഭിമന്യു കൊല്ലപ്പെട്ടു.
ഈ കഥ എന്തിനിവിടെ പറയുന്നു എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. കാരണം, മാതാവിന്റെ ഉദരത്തിൽ ബീജം വളരുമ്പോൾ മുതൽ ആ ബീജം ചുറ്റും നടക്കുന്നതെല്ലാം ഫീൽ ചെയ്തറിയുന്നുണ്ട്. ഈ ബോധം മാതാപിതാക്കളിൽ ഉണ്ടാവണം.
അതായത്, ഗർഭിണിയായത് മുതൽ പ്രസവം വരെയും പ്രസവാനന്തരവും, രക്ഷിതാക്കൾ വീട്ടിൽ അനാവശ്യ വാശി, അസൂയ, വൈരാഗ്യം, കലഹം, അസഭ്യ വാക്കുകൾ, മദ്യപാനം ഒന്നും ചെയ്യാതെ എപ്പോഴും ഉണർന്നിരിക്കണമെന്നാണ്. ഇങ്ങനെ ചെയ്യാത്തതിന്റെ ഫലമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്.
മറ്റൊരു ഉദാഹരണമാണ് ഗാന്ധാരിയുടേത്. തന്റെ ഭർത്താവായ ധൃതരാഷ്ട്രരുടെ അന്ധതയോടൊപ്പം കണ്ണുകെട്ടി ജീവിച്ചപ്പോൾ, തന്റെ കുട്ടികളുടെ സ്വഭാവത്തിൽ വളരുന്ന ഈഗോയും ദുഷ്ടതയും വാശിയും വൈരാഗ്യവും കാണാതെ പോയി. മറിച്ച്, കണ്ണ് തുറന്ന് കുട്ടികളുടെ ഓരോ വളർച്ചയിലും കൂടെ ഉപദേശിച്ച് നിന്നിരുന്നെങ്കിൽ, കുട്ടികൾക്ക് ദുർഗതി വരില്ലായിരുന്നു.
അഭിമന്യുവിന്റെ കഥയിൽ നിന്ന് ഇന്നത്തെ കുട്ടികൾക്ക് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. അതായത് “പാതി അറിവ് അപകടം” എന്ന് പറയുന്നതുപോലെ.
അഭിമന്യു വ്യൂഹത്തിൽ കടക്കാൻ മാത്രം പഠിച്ചു, പുറത്തുകടക്കാൻ പഠിച്ചില്ല.
ഇന്നത്തെ കുട്ടികൾ യൂട്യൂബിൽ ഒരു വീഡിയോ കണ്ടിട്ട് കോഡിംഗ്, സ്റ്റോക്ക് മാർക്കറ്റ്, അല്ലെങ്കിൽ അപകടകരമായ കാര്യങ്ങൾ ചെയ്യാൻ ഇറങ്ങും. അടിസ്ഥാനം പഠിക്കാതെ, റിസ്ക് എന്താണെന്ന് അറിയാതെ “എനിക്കറിയാം” എന്ന ധൈര്യത്തിൽ ചാടും.
എന്ത് ചെയ്യുന്നതിന് മുമ്പും മുഴുവനായും A to Z പഠിക്കുക. സംശയം ചോദിക്കുക. “പുറത്തേക്കുള്ള വഴി അറിഞ്ഞേ അകത്തു പ്രവേശിക്കാവൂ.”_
“കേട്ടറിവ് മാത്രം പോരാ, പരിശീലനം വേണം”
അഭിമന്യുവിന് കേട്ടറിവ് മാത്രമേ ഉള്ളൂ, പ്രാക്ടീസ് ചെയ്തിട്ടില്ല.
ഇന്നത്തെ കുട്ടികൾ ഓൺലൈൻ ക്ലാസ് കേൾക്കും, നോട്ട്സ് എഴുതും, പക്ഷേ സ്വയം ചെയ്തു നോക്കില്ല. പരീക്ഷയിലോ ജീവിതത്തിലോ ഒരു “ചക്രവ്യൂഹം” വരുമ്പോൾ പതറിപ്പോകും.
അതായത്, കേൾക്കുന്നതും പഠിക്കുന്നതും പ്രാവർത്തികമാക്കണം.
“ധൈര്യം മാത്രം പോരാ, ഗുരുത്വവും വേണം”
അഭിമന്യുവിന് ധൈര്യം കൂടുതലായിരുന്നു, പക്ഷേ മുതിർന്നവരുടെ സഹായമില്ലാതെ ഒറ്റയ്ക്ക് കയറി.
ഇന്നത്തെ കുട്ടികൾ “ഞാൻ ഒറ്റയ്ക്ക് ചെയ്യും” എന്ന ഈഗോ. മാതാപിതാക്കളോടോ അധ്യാപകരോടോ ചോദിക്കാൻ മടി. ഓൺലൈനിലൂടെ അപരിചിതരുടെ ഉപദേശം സ്വീകരിക്കും, പക്ഷേ വീട്ടിലുള്ളവരെ വിശ്വസിക്കില്ല.
അതായത്, ധൈര്യം നല്ലതാണ്, പക്ഷേ വഴികാട്ടാൻ ഒരാൾ വേണം.
“ശ്രദ്ധിച്ചു കേൾക്കണം” എന്നതിന് ഒരു ഉദാഹരണം
സുഭദ്ര ഉറങ്ങിപ്പോയത് പോലെ, ഒരു പ്രധാന കാര്യം കേൾക്കുമ്പോൾ ഉറങ്ങരുത് എന്നർത്ഥം.
സുഭദ്ര മുഴുവൻ കേട്ടിരുന്നെങ്കിൽ അഭിമന്യു രക്ഷപ്പെടുമായിരുന്നു.
ഇന്നത്തെ കുട്ടികൾ ക്ലാസിൽ ഇരിക്കുമ്പോൾ ഫോൺ നോക്കി ഇരിക്കും, ശ്രദ്ധ വേറെ എവിടെയോ ആയിരിക്കും. പാതി മാത്രം ശ്രദ്ധിക്കും. പിന്നെ പ്രശ്നം വരുമ്പോൾ “സാർ പറഞ്ഞില്ല” എന്ന് പറയും.
അതായത്, ഒരു കാര്യം പഠിക്കുമ്പോൾ 100% ശ്രദ്ധ കൊടുക്കുക.
“വ്യൂഹങ്ങൾ ഇന്നും ഉണ്ട്”
അന്നത്തെ പദ്മവ്യൂഹം ഇന്ന് മൊബൈൽ ഗെയിം, സോഷ്യൽ മീഡിയ അഡിക്ഷൻ, ഓൺലൈൻ സ്കാം ഒക്കെയാണ്. അറിയാതെ നേരമ്പോക്കിന് തുടങ്ങും, പിന്നീട് അതിൽ നിന്ന് പുറത്തുവരാൻ ബുദ്ധിമുട്ടാകും.
ഉദാഹരണം: ഒരു ഗെയിം ഇൻസ്റ്റാൾ ചെയ്യാൻ 2 മിനിറ്റ്, പക്ഷേ അതിന്റെ അഡിക്ഷനിൽ നിന്ന് പുറത്തുവരാൻ മാസങ്ങൾ വേണ്ടിവരും!
ചുരുക്കത്തിൽ, അഭിമന്യുവിനെ പോലെ ധൈര്യമുള്ളവരാകണം, പക്ഷേ അർജ്ജുനനെ പോലെ മുഴുവൻ പഠിച്ചിട്ടേ യുദ്ധത്തിനിറങ്ങാവൂ. “എൻട്രി” എളുപ്പമുള്ള എല്ലാ കാര്യത്തിനും “എക്സിറ്റ്” എങ്ങനെയെന്ന് ആദ്യമേ ചിന്തിക്കണം.
മഠത്തിൽ ബാബു ജയ പ്രകാശ്………✍️ My Watsapp Contact No 9500716709
