മയ്യഴിയിലെ കടലോര വിശേഷങ്ങൾ

Reading time 12 minutes

ഫ്രഞ്ചുകാർ മയ്യഴി വിട്ടതോടെ, മയ്യഴിയുടെ സാമ്പത്തികാവസ്ഥ വളരെ പരിതാപകരമായിരുന്നു. പറയത്തക്ക വരുമാനമൊന്നും മയ്യഴിക്കില്ലായിരുന്നു. വ്യാപാരമേഖലയിൽനിന്നുള്ള വരുമാനമൊഴിച്ചാൽ, കാര്യമായിട്ടുള്ളത് മത്സ്യബന്ധനം മാത്രം. അതിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചായിരുന്നു മറ്റു കച്ചവടസ്ഥാപനങ്ങളുടെയും അവസ്ഥ.

ആലങ്കാരികമായി പറഞ്ഞാൽ, മയ്യഴി കടപ്പുറം ഉണർന്നാൽ മയ്യഴിയിൽ ഉത്സവമായി എന്നർത്ഥം. വല നിറയെ ചെമ്മീൻ വന്നാലോ? മയ്യഴിയിൽ മഹോത്സവമായിരിക്കും. സകലമാന കടകൾക്കും ഉണർവാകും അന്നത്തെ ദിവസം. മത്സ്യമേഖലയിൽ ചാകര ആയാൽ പ്രാദേശികമായി വിൽപ്പനയ്ക്കുള്ളത് മാറ്റിവെച്ച്, ബാക്കിയുള്ളത് പാക്ക് ചെയ്ത് വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കും.

പ്രധാനമായും മത്സ്യം കയറ്റി അയച്ചിരുന്നത് മലപ്പുറത്തേക്കും പിന്നെ തൂത്തുക്കുടി ഭാഗങ്ങളിലേക്കുമായിരുന്നു. ഉണക്കമത്സ്യം തൂത്തുക്കുടി വഴി ശ്രീലങ്കയിലേക്കും കയറ്റി അയച്ചിരുന്നു.

മത്തി, മുള്ളൻ, ചെറു, ചെറിയ മാന്തൾ, നെത്തോലി, ചെറിയ ചെമ്മീൻ, അയല, തിരണ്ടി, സ്രാവ്, ഏട്ട മുതലായവയുടെ ലഭ്യതയും സംഭരണച്ചെലവുമൊക്കെ കണക്കുകൂട്ടി നോക്കിയായിരിക്കും ഉണക്കി സംഭരിച്ചുവെച്ചിരുന്നത്.

അതാതു ദിവസം വിറ്റുകഴിഞ്ഞതിന്റെ ബാക്കി മത്സ്യമെല്ലാം ഉണക്കി സൂക്ഷിക്കാതെ നിവൃത്തിയില്ല. ഫ്രഷ് മത്സ്യങ്ങൾ ലഭ്യതയ്ക്കനുസരിച്ച് അക്കാലത്തെ ഏജന്റുമാർ ശേഖരിച്ച് തീവണ്ടി മാർഗം വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു.

മടഞ്ഞ ഓലകളിൽ സമചതുരത്തിലാക്കി കൊട്ടയുണ്ടാക്കി, ചൂടികൊണ്ട് കെട്ടി ഭദ്രമാക്കിയാണ് തീവണ്ടിയിൽ കയറ്റിയിരുന്നത്. തീവണ്ടിയിലെ ബ്രേക്ക് വാനിൽ കയറ്റാൻ നേരത്തേതന്നെ കൈവണ്ടികളിൽ കയറ്റി, രണ്ടും മൂന്നും ട്രിപ്പ് ആയി ആളുകൾ വലിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. കൈവണ്ടി വലിച്ചുപോകുന്ന വഴികളിലൊക്കെ ഐസ് ഇട്ട മത്സ്യത്തിൽനിന്നും ഒലിച്ചിറങ്ങുന്ന വെള്ളം നിരത്തിലൊക്കെ ഉറ്റിക്കൊണ്ടായിരിക്കും.

കൈവണ്ടി: നടുവിൽ രണ്ടു ചക്രം, മുക്കാൽ ഭാഗത്തോളം വീതിയുള്ള പലക അടിച്ചിരിക്കും. അവിടന്നങ്ങോട്ട് മുൻഭാഗം ഒരു ഫ്രെയിം ആയിരിക്കും. നടുവിൽ വലിക്കുന്ന ഒരാൾക്ക് കയറി നിൽക്കാൻ കഴിയുംവിധം ഓപ്പൺ ആയിരിക്കും. വണ്ടി ഉപയോഗിക്കാത്ത അവസ്ഥയിൽ പിൻഭാഗം നിലത്തു തട്ടിയിരിക്കും. പിന്നീട് അത് സപ്പോർട്ട് ക്ലാമ്പ് ഫിറ്റ് ചെയ്ത് നിലത്തിന് സമാന്തരമായി നിൽക്കുംവിധവും ഉണ്ടാക്കാറുണ്ട്.

വണ്ടിയിൽ മത്സ്യം നിറച്ച കെട്ടുകൾ അടുക്കുകളായി കയറ്റി, കയറുകൊണ്ട് വരിഞ്ഞുമുറുക്കി കെട്ടി വലിച്ചുപോകും. എല്ലാ ഭാഗവും ഓപ്പൺ ആയതുകൊണ്ട് വലിക്കുമ്പോൾ ബാലൻസ് പോകാതെ നോക്കണം. മത്സ്യക്കെട്ട് ഒരു പരിധി കയറ്റിയാൽ വലിക്കുന്ന ആൾ വണ്ടിയുടെ കൈപ്പിടിയിൽ പിടിച്ച് പൊക്കി ബാലൻസ് നോക്കി, ലോഡ് ചെയ്യുന്നവർക്ക് നിർദ്ദേശം കൊടുക്കും. എവിടെയൊക്കെ വെയിറ്റ് അഡ്ജസ്റ്റ് ചെയ്യണമെന്ന് നിർദ്ദേശിക്കും. അതുപ്രകാരം സാധനങ്ങൾ കയറ്റി സുരക്ഷിതമാക്കി ബാലൻസ് ചെയ്ത് റെയിൽവേ സ്റ്റേഷനിലേക്ക് വലിച്ചുകൊണ്ടുപോകും.

മയ്യഴിയിലെ മിക്ക സ്ഥലങ്ങളിലും കയറ്റവും ഇറക്കവും ആയതിനാൽ വണ്ടി വലിച്ചുപോകുന്നത് ഏറെ ശ്രമകരമായ ജോലിയാണ്.

കയറ്റം കയറുമ്പോൾ തള്ളലിനൊപ്പം ‘ഐലേസാ’ പാടും. വണ്ടി വലിക്കുന്ന ആൾ കിതച്ചുകൊണ്ട് ഒരു വാക്ക് പറയും. ഉദാഹരണത്തിന്, “തള്ളട മോനേ!” അപ്പോൾ വണ്ടി തള്ളുന്നവർ ഏറ്റുപാടും, “ഐലേസാ!”

അടുത്ത വാക്ക്: “കയറിപ്പോയ്…!” “ഐലേസാ!”  

“എന്തട മോനേ…!” “ഐലേസാ!”

വലിക്കുന്ന ആളുടെ മനസ്സിൽ താളത്തിന് തോന്നുന്ന എന്തു വാക്കും പറയും. എല്ലാത്തിനും തള്ളുന്നവർ ഏറ്റുപറയും, “ഐലേസാ!”

ചിലപ്പോൾ തള്ളലിന് ശക്തി കുറയും. അത് വലിക്കുന്ന ആൾക്ക് ഉടനെ അറിയും. അപ്പോൾ അയാൾ ചില തെറിവാക്കായിരിക്കും പറയുന്നത്. അതൊന്നും ശ്രദ്ധിക്കാൻ തള്ളുന്നവർക്കാവില്ല. ആ താളത്തിൽ അതിനും “ഐലേസാ” പാടും.

ഐലേസാ പാടിക്കഴിഞ്ഞാലായിരിക്കും, വാക്ക് തെറിയാണെന്ന് ഓർക്കുക. പിന്നെ ചിരിയായിരിക്കും. അതിലൊന്നും ആർക്കും പരാതിയോ പരിഭവമോ ഉണ്ടാവാറില്ല. എല്ലാം ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കും.

വണ്ടി കയറ്റം കയറിക്കഴിഞ്ഞാൽ എല്ലാവരും ഒരു ദീർഘനിശ്വാസം വിട്ട് രണ്ടു മിനിറ്റ് നിൽക്കും. അപ്പോൾ മത്സ്യക്കൊട്ടയിൽനിന്നും ഐസ് ഉരുകിയ വെള്ളം നിലത്തു വീണു കെട്ടിനിൽക്കും.

അല്പം ആശ്വാസം ലഭിച്ചാൽ വണ്ടി വീണ്ടും തള്ളി റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങും.

ലോഡുമായി കൈവണ്ടി ഇറക്കമിറങ്ങുന്നത് ഏറെ ശ്രമകരവും അപകടം പിടിച്ചതുമാണ്. കൺട്രോൾ പോയാൽ വണ്ടി വലിക്കുന്ന ആളുടെ ഗതി അധോഗതി.

സ്റ്റേഷനിലെത്തി ലോഡ് ഇറക്കിക്കഴിഞ്ഞാൽ അടുത്ത ലോഡെടുക്കാനുള്ള തിരിച്ചുവരവ് ആടിയും ഓടിയും ഒക്കെ ആയിരിക്കും.

ചിലർ മാറിമാറി വണ്ടിയിൽ ചാടി ഇരിക്കുന്നതും, അല്പദൂരം കഴിഞ്ഞാൽ വീണ്ടും തള്ളി സഹായിച്ചുകൊണ്ട് ഓടുന്നതും കാണാം.

കടപ്പുറത്തെ ഷെഡ്ഡിൽ എത്തി വീണ്ടും ലോഡ് ചെയ്ത് സ്റ്റേഷനിലേക്ക് പോകും. ചിലപ്പോൾ മൂന്നും നാലും ട്രിപ്പുണ്ടാകും. ട്രെയിനിന്റെ സമയം ക്രമീകരിച്ച് സാധനങ്ങൾ വണ്ടി വരുന്നതിനു മുൻപ് സ്റ്റേഷനിൽ എത്തിക്കും. ചിലപ്പോൾ ട്രെയിൻ വരുമ്പോൾ സ്റ്റേഷനടുത്തെത്തിയിട്ടുണ്ടാകും മീനും വണ്ടിയും!

അപ്പോൾ സ്റ്റേഷൻ മാസ്റ്റർ ഒന്ന് കണ്ണടയ്ക്കും, വണ്ടിക്കുള്ള സിഗ്നൽ കൊടുക്കാൻ!

പോയ വഴിയിലൊക്കെ കുറച്ചു നേരത്തേക്ക് മത്സ്യത്തിന്റെ ഗന്ധമുണ്ടാകും. കൂട്ടത്തിൽ ഉണക്കമത്സ്യവും കൂടി ആകുമ്പോൾ പലപ്പോഴും ആ മണം അസഹനീയമായിരിക്കും.

ദിവസവും ഈ കയറ്റിയയക്കൽ ഉള്ളതുകൊണ്ട് മയ്യഴി റെയിൽവേ സ്റ്റേഷനിൽ ഇതിന്റെ മണം മണിക്കൂറുകളോളം നിലനിൽക്കും. ട്രെയിൻ ഇറങ്ങിവരുന്നവർക്ക് ഈ മണം പെട്ടെന്ന് മൂക്കിലടിക്കും.

അക്കാലങ്ങളിൽ ഒരു പ്ലാറ്റ്ഫോം മാത്രമായതിനാൽ കയറ്റിറക്ക് ജോലിയെല്ലാം ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ തന്നെയായിരുന്നു. മിക്കവാറും മത്സ്യങ്ങൾ കയറ്റി അയച്ചിരുന്നത് മംഗലാപുരം – മദിരാശി മെയിലിൽ ആയിരുന്നു.

മയ്യഴി സ്റ്റേഷൻ അക്കാലത്ത് വളരെ ബിസിയായിരുന്നു. മിക്കവാറും എല്ലാ ജോലിയും സ്റ്റേഷൻ മാസ്റ്റർ തന്നെയാണ് ചെയ്തിരുന്നത്. പല കാര്യങ്ങളിലും അന്നത്തെ പോർട്ടർമാരും സ്റ്റേഷൻ മാസ്റ്ററെ സഹായിച്ചിരുന്നു.

മത്സ്യം കൂടാതെ ചിക്കരിയും മയ്യഴി റെയിൽവേ സ്റ്റേഷനിൽനിന്നും കയറ്റി അയച്ചിരുന്നു. ഒരു നിശ്ചിതസമയം മാത്രം ട്രെയിനിനു സ്റ്റോപ്പ് അനുവദിക്കപ്പെട്ടിട്ടുള്ള മയ്യഴിയിൽ, ചരക്കുകൾ കയറ്റുന്നതിനുള്ള സമയം പോരാതെ വരുമായിരുന്നുവെങ്കിലും സ്റ്റേഷൻ മാസ്റ്ററുടെയും ഗാർഡിന്റെയും എൻജിൻ ഡ്രൈവറുടെയും പോർട്ടർമാരുടെയും സാധനത്തിന്റെ ഉടമകളുടെയും തൊഴിലാളികളുടെയുമെല്ലാം സഹകരണവും സഹായവും കൊണ്ട് സാധനങ്ങൾ കയറ്റുന്നതിന് ഒരു തടസ്സവും ഉണ്ടാവാറില്ല.

സമയകൃത്യത പാലിക്കേണ്ടതുകൊണ്ട് ദീർഘദൂരം സ്റ്റോപ്പില്ലാതെ വണ്ടി ഓടുമ്പോൾ നഷ്ടപ്പെട്ട സമയം ഓട്ടത്തിൽ അഡ്ജസ്റ്റ് ചെയ്യും എന്ന് കേട്ടിട്ടുണ്ട്. മത്സ്യത്തിന്റെയും ചിക്കരിയുടെയും കയറ്റുമതി കുറേശ്ശെ കുറേശ്ശയായി കുറഞ്ഞുവരുമ്പോഴേക്കും, മയ്യഴി വളർന്ന് മറ്റ് ഉൽപ്പന്നങ്ങൾ മയ്യഴിയിൽനിന്നും കയറ്റി അയക്കാൻ തുടങ്ങിയിരുന്നു.

അതിൽ പ്രധാനം ആർ.കെ.ജി – പശുവിൻനെയ്യ്, ഡാൽഡ, മറ്റ് എണ്ണകൾ ഒക്കെ മയ്യഴിയിലെ നികുതി ആനുകൂല്യം ഉപയോഗപ്പെടുത്തി ധാരാളമായി മംഗലാപുരം ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കും കയറ്റി അയക്കുമായിരുന്നു.

മയ്യഴി സ്റ്റേഷനിലെ ടീസ്റ്റാൾ നടത്തിയിരുന്നത് കണാരേട്ടനായിരുന്നു. കണാരേട്ടന്റെ വടയും ചായയും പ്രത്യേകം തന്നെ! ആ വടയുടെ രുചി എവിടെയും കിട്ടില്ല.

വണ്ടി വന്നാൽ സ്റ്റേഷനിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി ചായയും വടയും കൊടുക്കുന്നത് ഒരു പ്രത്യേക സ്റ്റൈലിലും സ്പീഡിലുമായിരുന്നു.

ഒരു കയ്യിൽ അടുക്കിവെച്ച കുപ്പി ഗ്ലാസും മറ്റേ കയ്യിൽ തൂക്കിലുള്ള ചായയും, ഒരു ബാഗിൽ വടയും ഒക്കെയായി ഒരഭ്യാസിയെ പോലെയാണ് കണാരേട്ടന്റെ ചായ വിൽപ്പന!

“ചായ… വടേ, ചായ… വടേ, മസാല വടേ, മസാല വടേ…” എന്നും വിളിച്ചുപറഞ്ഞ് ഓടിനടക്കുമ്പോൾ നമുക്ക് തോന്നും ‘മാസല ലവട’ എന്നാണ് പറയുന്നത് എന്ന്. ഇതു പറഞ്ഞ് ഞങ്ങൾ ചിരിക്കാറുണ്ട്.

ചിലപ്പോൾ വണ്ടി വിട്ടുകഴിഞ്ഞാലാവും ചാടിയിറങ്ങുന്നത്. അതും ഒരു അഭ്യാസം ആയിരുന്നു. ആ നല്ല മനുഷ്യന്റെ ജീവിതം അവസാനിച്ചത് തീവണ്ടിയിൽനിന്ന് വീണായിരുന്നു എന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു.

ഇപ്പോൾ ആ ടീസ്റ്റാൾ മകൻ രാമദാസാണ് നടത്തുന്നത്. പേരും രാമദാസ് ടീ സ്റ്റാൾ എന്നു തന്നെ. കണാരേട്ടന്റെയും രാമദാസന്റെയും വേറെ ചില വിവരങ്ങൾ മറ്റൊരിക്കൽ പറയുന്നുണ്ട്.

സ്റ്റേഷനിലെ അറിയപ്പെടുന്ന പോർട്ടർമാർ ഇവരൊക്കെയായിരുന്നു: കുട്ട്യാലിക്ക, കുഞ്ഞാവുള്ളക്ക, അന്ത്രുക്ക, മൊയ്തുക്ക, അഹമ്മദ്കുട്ടിക്ക, കണാരൻച്ഛൻ, കുമാരൻച്ഛൻ, ചാത്തുവേട്ടൻ, പോർട്ടറുടെ ഹെൽപ്പറായി തങ്ങൾ, താടി അലി. പിന്നെയും ഉണ്ട് പലരും. എല്ലാവർക്കും പിടിപ്പതു പണിയും ഉണ്ടായിരുന്നു.

സ്റ്റേഷൻ മാസ്റ്റർമാരിൽ ചിലരുടെ പേരുകൾ ഓർക്കുന്നുണ്ട്. കുര്യൻ മാസ്റ്റർ, വിജയൻ മാസ്റ്റർ – കണ്ണൂരിൽനിന്നും തലശ്ശേരിയിൽനിന്നും ഉണ്ടായിരുന്നു – ബാലഗോപാല കുറുപ്പ്, നാരായണ കുറുപ്പ്, നാണുമാസ്റ്റർ, രാമനാഥ മേനോൻ, ദിവാകരൻ മുതലായവരെ ഓർക്കുന്നു.

ആ കാലങ്ങളിൽ, മയ്യഴിയിലോ പരിസര പ്രദേശത്തോ എന്തെങ്കിലും ആഘോഷ പരിപാടികളോ ഉദ്ഘാടനമോ ഉണ്ടെങ്കിൽ സ്റ്റേഷൻ മാസ്റ്ററെ ക്ഷണിക്കുന്നത് പതിവായിരുന്നു.

മയ്യഴി സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് കേരളത്തിലാണെങ്കിലും വൈദ്യുതി ഇപ്പോഴും മയ്യഴിയുടേതാണ്. സ്റ്റേഷനും മയ്യഴി എന്നറിയപ്പെടുന്നു.

വിഷയത്തിൽനിന്നും മാറി റെയിൽവേ സ്റ്റേഷനിലേക്കെത്തി. മയ്യഴി സ്റ്റേഷന്റെ പ്രാധാന്യത്തെപ്പറ്റിയും മറ്റ് വിശേഷങ്ങളെപ്പറ്റിയും പിന്നീട് വിവരിക്കാം.

കടലോര കഥകൾ? തൽക്കാലം, മയ്യഴി കടലോരവുമായി ബന്ധപ്പെട്ട കാര്യത്തിലേക്കു തിരിച്ചുവരേണ്ടിയിരിക്കുന്നു. കടൽജീവിതവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി അധികാരികമായിട്ടുള്ള ഒരു ഇൻഫർമേഷൻ ലഭിച്ചു. അതിങ്ങനെ:

സ്വതന്ത്ര ഇന്ത്യയിൽ ഫിഷർമാൻ കമ്മ്യൂണിറ്റിയെ ഉദ്ധരിക്കുന്നതിന്, ആധുനിക സംവിധാനം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിൽ പരിശീലനം കൊടുക്കുന്നതിനുള്ള പദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗ് എന്ന സ്ഥാപനത്തിനായിരുന്നു ഇതിന്റെ ചുമതല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതിന്റെ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. കൊച്ചിക്കും ഒരു കേന്ദ്രം അനുവദിക്കപ്പെട്ടു.

മയ്യഴിയിൽനിന്നും ആദ്യ ട്രെയിനിംഗിനു പോയത് മയ്യഴിയിലെ ജെമ്മി അച്യുതന്റെ മൂത്ത മകനായ പി. ഹരിദാസ് ആയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ മദനനും ഈ ട്രെയിനിംഗിനായി കൊച്ചിയിലേക്ക് പോയി. ട്രെയിനിംഗ് കഴിഞ്ഞതിനു ശേഷം ഇവർ രണ്ടു പേരും കേന്ദ്ര സർക്കാർ സ്ഥാപനമായ ഫിഷറീസ് സർവേ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിൽ കാഡറ്റായി ചേരുകയും, പരിശീലനത്തിനിടയിൽ ഉന്നത പരീക്ഷകൾ പാസായി സ്കിപ്പറും എഞ്ചിനീയറുമൊക്കെയായി ഉയരുകയും ചെയ്തു. പിന്നീട് പ്രൊഫഷണൽ ഇംപ്രൂവ്മെന്റിന്റെ ഭാഗമായി മറ്റ് പ്രഗല്ഭ കമ്പനിയിൽ ജോലി ചെയ്യുകയുമുണ്ടായി.

ശ്രീ. ഹരിദാസ് പിന്നീട് എഫ്.എസ്.ഐ യിൽ സ്കിപ്പറായി – (ക്യാപ്റ്റൻ.) ദീർഘകാലമായിട്ടും അർഹിക്കുന്ന പ്രൊമോഷൻ സാങ്കേതിക കാരണം പറഞ്ഞു തടഞ്ഞു എന്നതിനാൽ ഹരിദാസ് കോടതിയെ സമീപിച്ചുവെങ്കിലും കേസ് തീർപ്പാക്കാൻ കുറെ നീണ്ടുപോയി.

എങ്കിലും, റിട്ടയർമെന്റിൽ അർഹിക്കുന്ന പോസ്റ്റായ ഡെപ്യൂട്ടി ഡയറക്ടർ ജനറലിന്റെ തസ്തികയിലുള്ള ശമ്പളം മുൻകാല പ്രാബല്യത്തോടെ നൽകി റിട്ടയർ ചെയ്തു.

മയ്യഴിയിലെ അരയ സമുദായത്തിലെ ഒരു പ്രമുഖ കുടുംബത്തിലെ അംഗമായ ജെമ്മി പൈതലിന്റെ ഇളയ സഹോദരൻ ജെമ്മി അച്യുതനാണ് ഹരിദാസന്റെ പിതാവ്.

മയ്യഴിയിലെ പ്രമുഖ ഉണക്കമീൻ & ചെമ്മീൻ പ്രോസസ് ചെയ്ത് പരിപ്പാക്കി തൂത്തുക്കുടിയിലേക്കും അവിടെനിന്നു ബർമയിലേക്കും അയക്കുന്നതിന് വേണ്ടി കണ്ണൂരിലെ ഈ മേഖലയിലെ പ്രമുഖ കച്ചവടക്കാരൻ – ആളുടെ പേര് ഓർമയിൽ വരുന്നില്ല, സുബൈറിന്റെ പിതാവ് – തങ്ങൾ സംസ്കരിച്ചു തയ്യാറാക്കിയ ഉത്പന്നങ്ങൾ നൽകി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു.

ശ്രീ ഹരിദാസായിരുന്നു ആദ്യകാലങ്ങളിൽ പിതാവിനോടൊപ്പം ഈ മേഖലയിലും പ്രവർത്തിച്ചത് എന്നറിയാൻ കഴിഞ്ഞു.

ജെമ്മി അച്യുതൻ മയ്യഴിയിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ഒളിവിൽ പോയി, മയ്യഴി റെയിൽവേ സ്റ്റേഷനടുത്തു താമസിച്ച് മഹാജനസഭയ്ക്ക് ഒളിവിൽനിന്നുകൊണ്ട് എല്ലാ പിന്തുണയും നൽകി.

മയ്യഴിയിലെ ആദ്യകാല സ്വാതന്ത്ര്യ സേനാനികളിൽ താമ്രപത്രം ഡൽഹിയിൽ പോയി സ്വീകരിച്ച ചുരുക്കം വ്യക്തികളിൽ ജെമ്മി അച്യുതനും ഉണ്ടായിരുന്നു. ഇവരുടെ മക്കളാണ് ഹരിദാസും മദനനും ശശിധരനും വത്സനും ദേവദാസും.

ജെമ്മി അച്യുതന്റെ അനുജനായിരുന്നു കൃഷ്ണൻ. ഇവരുടെയെല്ലാം മൂത്ത സഹോദരൻ ജെമ്മി പൈതൽ, സ്വന്തമായി ഓടവും വലയും ഒക്കെയുള്ള ഈ മേഖലയിലെ ഒരു പ്രമുഖനായിരുന്നു.

ആ കാലങ്ങളിൽ ഓടവും വലയും ഉള്ള ആൾ എന്നു പറയുന്നത് ഇപ്പോൾ മെഴ്‌സിഡസ് കാർ സ്വന്തമായി ഉണ്ട് എന്നു പറയുന്നതുപോലെയാണ് എന്ന് കേട്ടിട്ടുണ്ട്.

ആ കാലഘട്ടത്തിലെ പ്രധാനമായ മറ്റൊരാളായിരുന്നു മള്ളായി കൃഷ്ണൻ. ഇന്ത്യയിലും വിദേശത്തും ദീർഘകാലം ചീഫ് എഞ്ചിനീയർ പദവിയിൽ ജോലിചെയ്തു. പിന്നീട് മള്ളായി കൃഷ്ണേട്ടൻ ഖത്തറിൽ ജോലി ചെയ്യവേ റിട്ടയർ ചെയ്തു. ഇപ്പോൾ മയ്യഴിയിൽ ചോവ്വാർ എന്ന ഭവനത്തിൽ റിട്ടയർമെന്റ് ജീവിതം നയിക്കുന്നു.

ഹരിദാസ് കണ്ണൂരിലും, ശ്രീ മദനനും ശശിധരനും മയ്യഴിയിലും. ഇളയ അനുജൻ ദേവദാസും വത്സനും ഇപ്പോഴും ഈ മേഖലയിൽ തുടരുന്നു.

അന്നത്തെ പ്രമാണിമാരിൽ എടുത്തുപറയുമ്പോൾ പട്ടാണി പറമ്പത്ത് ലക്ഷ്മണേട്ടന്റെ പേര് ഓർമയിൽ വരും. ഓടവും വലയും സ്വന്തമായി ഉണ്ടായിരുന്നു. അതുകൂടാതെ ചെമ്മീൻ കയറ്റുമതിയും. ശ്രീലങ്കയിലേക്ക് ഉണക്കമീനും കയറ്റി അയക്കുമായിരുന്നു.

അതുപോലെ തിരൂരിലേക്ക് ഉണക്കമത്സ്യം കയറ്റി അയക്കുന്നവരിൽ പ്രധാനികളായിരുന്നു നാലകത്ത് അബ്ദുൾ റഹിമാനിക്കയും അദ്ദേഹത്തിന്റെ സഹോദരൻ നാലകത്ത് മൊയ്തുക്കയും. നാലകത്ത് മൊയ്തുക്കയും ഞാനും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു.

മയ്യഴി ബാറിലെ ഒരു വക്കീലും, പൊതുകാര്യ പ്രവർത്തകനും, മയ്യഴി എം.എൽ.എയും, കോൺഗ്രസ് നേതാവും ആയ വളവിൽ കേശവൻ വക്കീൽ മറ്റൊരു പ്രമുഖനായിരുന്നു.

സ്വാതന്ത്ര്യ സമരസേനാനിയായ മാളികവീട്ടിൽ ചിന്നത്തമ്പി, വളവിലേ സുമതിയേട്ടൻ, ഭാർഗവൻ പോലീസ്, നാണു പോലീസ്, ഷമ്മു പോലീസ്, സഹദേവേട്ടൻ, അനന്തേട്ടൻ, നടേശൻ മാസ്റ്റർ, ബാലകൃഷ്ണേട്ടനൊക്കെ. മയ്യഴി സ്പോർട്സ് ഗ്രൗണ്ടിനടുത്തു താമസിച്ച കേശവേട്ടൻ പ്രധാനമായും ഉണക്കമീൻ അയച്ചിരുന്നത് തൂത്തുക്കുടിയിലേക്കും അവിടെനിന്ന് ശ്രീലങ്കയിലേക്കും ആയിരുന്നു. പട്ടാണി പറമ്പത്ത് ലക്ഷ്മണേട്ടന്റെ സഹായത്തോടെ കിട്ടേട്ടനും ഈ മേഖലയിൽ കടന്നുവന്നു. ഒരു കാലം വരെ അദ്ദേഹവും ഈ മേഖലയിൽ തിളങ്ങിയ കച്ചവടക്കാരനായിരുന്നു.

ലോട്ടറി വ്യാപകമാവാത്ത കാലത്ത് അന്നത്തെ വലിയ ലോട്ടറി കൊൽക്കത്താ ലോട്ടറിയായിരുന്നു. പ്രൈസ് മണി നാൽപതിനായിരം രൂപ. ആ കാലത്ത് മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഒരു ലോട്ടറി നടത്തിയിരുന്നു. കിട്ടേട്ടൻ കച്ചവടവുമായി ബന്ധപ്പെട്ട് തൂത്തുക്കുടിയിലും ഒക്കെ ധാരാളം യാത്ര ചെയ്യുന്ന ആൾ ആയതുകൊണ്ടും ശ്രീകൃഷ്ണ ക്ഷേത്രവുമായുള്ള അടുപ്പവും വെച്ച് ധാരാളം ലോട്ടറി ടിക്കറ്റുകൾ വിറ്റിരുന്നു.

ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത് കിട്ടേട്ടനായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇദ്ദേഹം വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അമ്പതിനായിരം രൂപ കിട്ടിയത് എന്നു പറയപ്പെടുന്നുണ്ട്. കേട്ടറിവാണ്.

ഇതേ കാലഘട്ടത്തിലെ ചെമ്മീൻ കച്ചവടവും മെഷീൻ ബോട്ടുമുള്ള ആളായിരുന്നു വലിയപുരയിൽ മാധവേട്ടൻ. അദ്ദേഹം ഫ്രാൻസിൽനിന്നും മടങ്ങിവന്നതിനു ശേഷം മയ്യഴിയിലെ തറവാട്ടിൽ താമസിച്ച് ഈ മേഖലയിലേക്ക് തിരിയുകയായിരുന്നു.

ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ വലിയപുരയിൽ ലക്ഷ്മണേട്ടനും ഫ്രാൻസിൽനിന്നും മടങ്ങി കുറച്ചുകാലം ചെമ്മീൻ കച്ചവടവും ബോട്ടുമൊക്കെയായി ഈ മേഖലയിൽ ഉണ്ടായെങ്കിലും പിന്നീട് കുറച്ചുകാലം ദുബായിൽ പോവുകയും ചെയ്തു. എങ്കിലും അധികകാലമൊന്നും അവിടെ നിന്നിട്ടില്ല. തിരിച്ചു നാട്ടിൽ വന്നു വീണ്ടും ബിസിനസിൽ സജീവമായി.

മാധവേട്ടന്റെ സുഹൃദ്‌വലയത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. അത്രയ്ക്ക് വിശാലമായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ് വലയങ്ങളും വ്യക്തിബന്ധങ്ങളും.

വലിയപുരയിൽ കുടുംബത്തിന് മീൻ പ്രസ്സിംഗ് യൂണിറ്റ് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മീനെണ്ണയുടെ ക്രൂഡ് എടുക്കുന്ന മിഷ്യൻ അക്കാലങ്ങളിൽ എറണാകുളത്തും മാഹിയിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ആ മിഷ്യൻ ഇപ്പോൾ അഡ്വക്കേറ്റ് അശോക് കുമാറിന്റെ പുരാവസ്തു ശേഖരത്തിൽ സൂക്ഷിക്കുന്നുണ്ട്.

ഇവരോടൊപ്പം തന്നെ ഈ മേഖലയിൽ ഉള്ളവർ ശിങ്കാളി ഭരതേട്ടൻ, അറിയപ്പെടുന്ന ഒരു കോൺഗ്രസുകാരനും അതിലുപരി ഒരു നല്ല തൊഴിൽദായകനും സഹായിയും. ചെമ്മീൻ കയറ്റുമതി ഏജന്റായി പ്രാദേശികമായും നല്ലരീതിയിൽ കച്ചവടം ചെയ്തതായി ഓർക്കുന്നു.

ശ്രീ ഹരിദാസ് പിന്നീട് മാളികവീട്ടിൽ ശിവദാസിനെയും ഈ മേഖലയിൽ കൊണ്ടുവരികയായിരുന്നു.

മത്സ്യം ഉണക്കാൻ ധാരാളം ഉപ്പ് ആവശ്യമായി വരുന്നതുകൊണ്ട് തൂത്തുക്കുടിയിൽനിന്നും ഉപ്പ് റെയിൽവേ ബോഗിയിലാണ് കൊണ്ടുവരിക.

മയ്യഴിയിലെ പ്രമുഖ കച്ചവടക്കാരനായ ചപ്പൻ നായരാണ് ഇത് മയ്യഴിയിൽ കൊണ്ടുവരിക.

ഓടവും വലയും ഒക്കെയുള്ള ഈ മേഖലയിലെ മറ്റൊരു പ്രമുഖനായിരുന്നു കിത്തേരി കിട്ടേട്ടൻ – ഇന്ദിരാവിലാസ് വളവിൽ. വീണ്ടും കുറെ പേർ ഈ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

അതിൽ ഓർക്കുന്നത് അയ്യിട്ടവളപ്പിൽ മുകുന്ദേട്ടനും, വലിയപുരയിൽ ബാലേട്ടനും, വളവിൽ ശ്രീധരേട്ടനും, റിച്ചാർഡും ഒക്കെ.

റവറന്റ് ഫാദർ മാത്യൂസിന്റെ കാലത്താണോ? ഫാദർ ബ്രിഗേൻസയുടെ കാലത്താണോ എന്നറിയില്ല, മയ്യഴി സെയ്ന്റ് തെരേസാ ദേവാലയത്തിന്റെ പേരിലും ഓടവും വലയും ഉള്ളതായി ഓർക്കുന്നു. അതുമായി ബന്ധപ്പെട്ട് വേറൊരു കുറിപ്പിൽ പറയാം. ഇപ്പോൾ ഒന്നു പരാമർശിച്ചു എന്നു മാത്രം.

മയ്യഴിയിലെ ആദ്യത്തെ പെട്രോൾ പമ്പിന്റെ അടുത്തുള്ള കെട്ടിടത്തിൽ എം.ബി.ടി എന്ന പേരിൽ മത്സ്യം കയറ്റി അയക്കുന്ന ആളിന്റെ പേര് ഹംസക്ക എന്നാണ് തോന്നുന്നത്. ടി.കെ.എം. എന്ന പേരിലും മത്സ്യം കയറ്റി അയക്കുന്നത് കണ്ടിരുന്നു.

എന്റെ ആദ്യത്തെ എഴുത്തിൽ സുമതിയേട്ടന്റെ കടയെപ്പറ്റി പറഞ്ഞിരുന്നു. ഈ കടയിൽനിന്നുമാണ് അധികവും മത്സ്യങ്ങൾ പായ്ക്ക് ചെയ്യാനുള്ള സാധനങ്ങൾ – അണ്ടിത്താറും, ഓലയും, ചൂടിയും, കയറും – വാങ്ങിക്കാറ്.

ഇദ്ദേഹത്തിന്റെ ഒരു പ്രത്യേകത, കുറഞ്ഞ സാധനങ്ങളെ ഇദ്ദേഹം വിൽക്കാറുള്ളൂ. വിറ്റ സാധനത്തിന്റെ പണം അതാത് സാധനത്തിനായി ഒരു ഭരണിയുണ്ട്, അതിൽ കടലാസിൽ പൊതിഞ്ഞ് ഇടുന്നത് കാണാം. അന്വേഷണത്തിൽ മനസിലായത് വിറ്റതിന്റെ ഓരോന്നിന്റെയും ലാഭം അതിൽനിന്നും മനസിലാവും.

ആ കാലങ്ങളിലെ പ്രസിദ്ധരായ മറ്റ് രണ്ട് മീൻപിടുത്തക്കാരെന്ന് പറയുന്നവരുടെ കൂട്ടത്തിൽ – ഇംഗ്ലീഷിൽ ബോണഫൈഡ് ഫിഷർമെൻ എന്നൊക്കെ പറയുമ്പോലെ എടുത്തുകാട്ടാൻ പറ്റിയ ആളുകളായിരുന്നു നായാടിച്ചനും സുമതി മരയ്ക്കാനും! ഇതിൽ നായാടിച്ചൻ ജെമ്മി പൈതലൻച്ഛന്റെ അനുജനായിരുന്നു!

അക്കാലങ്ങളിൽ കടലിൽ പോകുക എന്നു പറഞ്ഞാൽ സത്യസന്ധമായതും ഒരുപാട് വിശ്വാസങ്ങൾ അനുസരിച്ചും, അതനുസരിച്ചുള്ള ചടങ്ങുകളൊക്കെ നടത്തിയായിരുന്നു.

കടലുമായി ബന്ധപ്പെട്ട് ഒരു തമാശ ചില ഒത്തുകൂടലുകളിൽ കേൾക്കാറുണ്ട്. സത്യമാണോ എന്നറിയില്ല. രണ്ടുമൂന്നു ഒത്തുകൂടലുകളിൽ കേട്ടതുകൊണ്ട് ചിലപ്പോൾ സത്യമാവും.

പാറക്കലിലെ വാസുവേട്ടനും മറ്റേ ആളുടെ പേര് ഓർമയിൽ ഇല്ല. ആളെ എനിക്ക് കണ്ടാൽ അറിയാം. മുകളിൽ പറഞ്ഞിരുന്നു, ആചാരവുമായി ബന്ധപ്പെട്ടാണ് കടലിൽ പോക്ക് എന്ന്.

ഏതോ വിശേഷ ദിവസമോ? സംക്രമത്തിന്റന്നോ? മറ്റോ വിലക്കുള്ള ദിവസം ഇവർ രണ്ടു പേരും കൂടി കല്ലുമ്മക്കായ പറിക്കാൻ പോയത് അമ്പല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തതു പ്രകാരം രണ്ടു പേരെയും വിളിപ്പിച്ചു ചോദിച്ചു, പോയിരുന്നോ എന്ന്? രണ്ടു പേരും നിഷേധിച്ചു!! തെളിവ് നൽകി ചോദിച്ചപ്പോൾ? “നീ” വാസുവേട്ടനോട് മറ്റെയാളെ കണ്ടിരുന്നോ? “ഇല്ല” എന്നുള്ള ഉത്തരം.

മറ്റേയാളോട് ചോദിച്ചു. അയാളും പറഞ്ഞു കണ്ടിട്ടില്ല. “അതെന്താ രണ്ടു പേരും ഒരുമിച്ചു പോയിട്ട് തമ്മിൽ കാണാത്തത്?” അതിനുള്ള ഉത്തരം:

“ഞാൻ കല്ലുമ്മക്കായ പറിക്കാൻ മുങ്ങുമ്പോൾ മറ്റെയാൾ പൊങ്ങും. ഞാൻ വെള്ളത്തിനടിയിൽ ആയതിനാൽ അയാളെ കാണാൻ പറ്റില്ല.”

“പക്ഷേ നീ പൊങ്ങുമ്പോൾ അദ്ദേഹത്തെ കാണാമല്ലോ?” കമ്മിറ്റിയുടെ സംശയം. “ഇല്ല; കാരണം ആ സമയം അയാൾ മുങ്ങും! പിന്നെ ഞാൻ എങ്ങനെ കാണും?”

വീണ്ടും സംശയം: “അയാൾ പൊങ്ങിയാൽ കണ്ടുകൂടെ?” അപ്പോൾ വാസുവേട്ടൻ ദേഷ്യപ്പെട്ട്, “നിങ്ങൾ എന്തു ചോദ്യമാണ് ചോദിക്കുന്നത്? അപ്പോൾ ഞാൻ മുങ്ങുമല്ലോ!” എന്നൊക്കെ. എന്തായാലും കേൾക്കാൻ ഒരു രസം.

മയ്യഴിയിലെ അരയ സമുദായത്തിന്റെ ജീവിതരീതി, വിവിധ ഇല്ലങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. നാലില്ലക്കാരൻ, മൂന്നില്ലക്കാരൻ എന്നൊക്കെ പറഞ്ഞുള്ളതാണ്.

കുടുംബങ്ങൾ? ആദ്യകാലങ്ങളിൽ പല ബന്ധങ്ങളും ഇല്ലം നോക്കി മാത്രമായിരുന്നു നടത്തിയിരുന്നത്. പിന്നീട് അത് പതിയെ ഇല്ലാതായി. അതുമായി ബന്ധപ്പെട്ട് പല സംഭവങ്ങളും ഉടലെടുത്തതായി കേട്ടിട്ടുണ്ട്. ഇപ്പോൾ ഒരു ഇല്ലവും നോക്കാതെയുള്ള ആചാരങ്ങളായി. അത് തന്നെയാണ് തിരിച്ചറിവ്. അത്തരം അനാചാരങ്ങൾ വീണ്ടും തിരിച്ചുവരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.

കാരണം ഈ കൊറോണ മഹാമാരി ചില തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി തുടരുന്നുണ്ട്. വളർന്നുവരുന്ന ചെറിയ തലമുറ ഇത്തരം വേർതിരിവ് കണ്ടാണ് വളരുന്നത്. അവരെ പറഞ്ഞു മനസിലാക്കണം, ഇതു രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ മാത്രമാണ് എന്ന്.

ഒരു പക്ഷേ നമ്മുടെ പൂർവികർ പണ്ടുണ്ടായ പകർച്ചവ്യാധി സമയത്ത് തുടർന്ന സമ്പ്രദായം ആചാരമായി മാറിയതായിരിക്കാം? അന്നത്തെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒക്കെ?

ഇത്തരം വിശ്വാസങ്ങളിൽ ഊന്നിയുള്ള കടൽക്കോടതി തീരുമാനങ്ങളൊക്കെയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

പണ്ടൊക്കെ കർക്കിടകവാവ് സമയങ്ങളിൽ കല്ലിന്മേൽ പോവുക എന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു! വ്രതമെടുത്തായിരിക്കും അവിടെ പോകുക. മയ്യഴി പുഴയുടെ തീരങ്ങളിലൂടെ പ്രസിദ്ധമായ വെള്ളിയാങ്കല്ലിനെയാണ് കല്ലുമ്മൽ എന്ന് ചുരുക്കി പറയുന്നത്.

പോകുന്നതിന്റെ തലേന്ന് ദല്ലാളന്മാർ പരിചയക്കാരോടൊക്കെ പറയും, “നാളെ കല്ലുമ്മൽ പോവുന്നുണ്ട്” എന്ന്. അപ്പോൾ അവരെ ഏല്പിക്കും, “ഇന്ന മീൻ അവർക്ക് ആവശ്യമുണ്ട്” എന്ന്. എല്ലാം വലിയ വലിയ മീനുകളായിരിക്കും അവിടെനിന്നും കിട്ടുക. ചെമ്പല്ലി, തിരുത, തിരണ്ടി, അയക്കൂറ, ഗ്രൂപ്പർ, പൈന്തി, പിന്നെയും എന്തൊക്കെയോ മീനുകളുണ്ടാവും.

ഇന്നത്തെപ്പോലെ എൻജിനൊന്നും ഇല്ല. തുഴഞ്ഞു വേണം പോവാൻ. ശ്രമകരമായ അധ്വാനത്തിലൂടെ അവിടെ എത്തിയാലും മത്സ്യങ്ങൾക്ക് ബലിച്ചോറൊക്കെ കൊടുത്തു വേണം മത്സ്യം പിടിക്കാൻ.

ചില വിശേഷപ്പെട്ട ദിവസങ്ങളിൽ മാത്രമേ അവിടെ പോയി മീൻ പിടിക്കാറുള്ളൂ. ഏതു സമയത്ത് പോയാലും മീൻ കിട്ടുമെങ്കിലും വിശ്വാസത്തിന്റെ ഭാഗമായി ആരും കടൽ നിയമങ്ങൾ തെറ്റിക്കാറില്ല.

അങ്ങനെ പിടിച്ച മീനിൽനിന്നും ഒരിക്കൽ ഭരതേട്ടൻ എനിക്ക് പൈന്തി എന്ന മത്സ്യം തന്നിരുന്നു. അറിയപ്പെടാത്ത മത്സ്യമായതിനാൽ സ്വീകരിക്കാൻ ഒരു വൈമനസ്യം ഉണ്ടായിരുന്നു. “നല്ല മീനാണ്, നീ കൊണ്ടുപൊയ്ക്കോ” എന്ന് പറഞ്ഞു. വീട്ടിലെത്തി പാചകം ചെയ്തപ്പോൾ അതിന്റെ രുചി ഒന്നു വേറെ തന്നെ. പുളിയും മുളകും പൊരിച്ചതും – വറുത്തത് – കറിവെച്ചും നമ്മൾ കഴിച്ചത് ഓർക്കുന്നു.

വെള്ളിയാങ്കല്ലിൽ പോവാൻ എനിക്കും രണ്ട് അവസരം കിട്ടിയിട്ടുണ്ട്. ഒരിക്കൽ വലിയപുരയിലെ ബാലേട്ടനൊപ്പം റിച്ചാർഡ് ചേട്ടന്റെ ബോട്ടിൽ. ബോട്ട് റിപ്പയർ ആക്കിയതിനു ശേഷം ട്രയലിനു പോയതായിരുന്നു.

പിന്നീടൊരിക്കൽ ശ്രീധരേട്ടനോടൊപ്പം പോയതും ഓർക്കുന്നു. മീൻപിടുത്തമൊന്നും നടത്തിയിട്ടില്ല. കല്ലിൽ ഇറങ്ങിയാൽ കാണാൻ സാധിക്കുന്നത് തിരയടിച്ച് നല്ല പാൽ നുരപോലെ കാണും. വെള്ളം വലിഞ്ഞുപോയാൽ തെളിനീരായിരിക്കും.

ധാരാളം വലിയ വലിയ മീനുകളെ കാണാം, കല്ലിടുക്കുകളിൽ. ഇറങ്ങി പിടിക്കണമെന്ന് മോഹിച്ചുപോവും. വിവിധ തരത്തിലും കളറുകളും, പുള്ളികളും വരകളുമായി ഉള്ള മത്സ്യങ്ങൾ കൂട്ടമായും ഒറ്റയായും തിരയടിക്കുമ്പോൾ പല ഭാഗങ്ങളിലായി കാണാം. കുറച്ചു സമയം അവിടെ ചിലവഴിച്ച് ഞങ്ങൾ മടങ്ങി.

പോവുമ്പോൾ മീൻ പിടിക്കുന്ന ചില കഥകളൊക്കെ പറഞ്ഞുതന്നു. മത്തി കണ്ടാൽ വെള്ളത്തിൽ ചാടി മത്തിയെ ഭയപ്പെടുത്തിയാണ് പിടിക്കുക.

കറുത്ത ആവോലിയെ പിടിക്കാൻ മൂന്ന് തോണികൾ ഉപയോഗിച്ചാണ് എന്നൊക്കെ.

ആവോലി നിഴലിലാണ് നിൽക്കുക. തോണിയുടെ അടിയിൽ നിരനിരയായി ഒന്നിന്റെ അടിയിലൊന്നായി താഴോട്ട് താഴോട്ട്!! അപ്പോൾ നടുവിലുള്ള തോണി ഇളക്കാതെ വെച്ച്, രണ്ടു ഭാഗത്തുനിന്നും മറ്റ് രണ്ട് വള്ളങ്ങളും നടുവിലുള്ള തോണിക്കടിയിലൂടെ വല വലിച്ച് പതിയെ – പതിയെ വെള്ളം അനങ്ങാതെ മുൻപോട്ടു നീക്കി ആവോലിയെ വലയിൽ കയറ്റും എന്നൊക്കെ പറഞ്ഞുതന്നത് ഓർക്കുന്നു.

അപ്പോഴാണ് മത്സ്യബന്ധനത്തിന്റെ സാഹസികത എനിക്ക് മനസിലായത്. അല്ലാതെ നമ്മൾ കരുതുന്നതുപോലെ കടലിൽ പോയി കോരി എടുത്തു കൊണ്ടുവരുന്നതല്ല!

മത്തിയെ പിടിക്കാൻ വെള്ളത്തിൽ ചാടി പങ്കായം കൊണ്ടും തുഴ കൊണ്ടും വെള്ളത്തിൽ അടിക്കുമ്പോഴും, വേലിയേറ്റം കൊണ്ടും ഉണ്ടാകുന്ന വെള്ളത്തിന്റെ ഇളക്കം കാരണം തോണികൾ തമ്മിൽ കൂട്ടിയിടിക്കുകയാണെങ്കിൽ തുള്ളിയ ആൾ തോണിക്കിടയിൽ കുടുങ്ങി അപകടം ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്.

ചിലപ്പോൾ മരണം വരെ സംഭവിക്കും. അത്തരം സംഭവങ്ങൾ ഉണ്ടായിട്ടും ഉണ്ട് എന്ന് അറിഞ്ഞു.

ഈ വെള്ളത്തിന്റെ ഇളക്കം കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. സപ്ലൈ ബോട്ടിൽനിന്നും ഓഫ്‌ഷോറിൽ പോയി കപ്പലിൽ കയറാനും ഇറങ്ങാനും റോപ്പ് ലാഡറിൽ എത്തിപ്പിടിക്കാനുള്ള പ്രയാസം കണ്ടാൽ മാത്രമേ മനസിലാവുകയുള്ളൂ.

മത്സ്യബന്ധനം കഴിഞ്ഞു വന്നാൽ വൈകുന്നേരങ്ങളിൽ കൂട്ടമായി ഇരുന്ന് ഓരോ കഥകൾ പറഞ്ഞ് വലകൾ പരിശോധിച്ച് കീറിയ ഭാഗങ്ങളൊക്കെ പുതിയ നൂൽ വെച്ച് തുന്നി ബലപ്പെടുത്തും. വിട്ടുപോയ ഫ്ലോട്ടുകളൊക്കെ വീണ്ടും ഫിറ്റ് ചെയ്യും.

ഇതിനു വേണ്ടുന്ന സാധനങ്ങൾ നന്ദനേട്ടന്റെ കടയിൽനിന്നും യഥേഷ്ടം ലഭിക്കും. നന്ദനേട്ടൻ മരണപ്പെട്ടതിനു ശേഷം ആ കട നടത്തിയിരുന്നത് ഭാര്യ ലീലേടത്തിയായിരുന്നു.

മയ്യഴി വളരുംതോറും ചെറിയ രീതിയിൽ മത്സ്യബന്ധന മേഖല മന്ദഗതിയിലായി. ഇവരുടെയൊക്കെ മക്കൾ വിദ്യാഭ്യാസം പൂർത്തിയാക്കി മാസ്റ്റർ ഓഫ് ഫിഷർമാൻ കോഴ്സ് എന്ന ട്രെയിനിംഗിനു പോയി. അക്കാലങ്ങളിൽ ഈ ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കിയവർക്കൊക്കെ ഉടനെ തന്നെ ഫിഷിംഗ് ട്രോളറിൽ ജോലി കിട്ടുമായിരുന്നു.

അത്തരത്തിൽ ട്രെയിനിംഗ് പൂർത്തിയാക്കിയവരിൽ ഓർമയിലുള്ളവരിൽ ചിലർ: വേൾഡ് ശിവദാസ്! എന്നു വിളിക്കുന്ന മാളികവീട്ടിൽ ശിവദാസ്. അറിയപ്പെടുന്ന പ്രാസംഗികനും, നാടക നടനും, സർവോപരി നല്ല ശബ്ദമാധുര്യത്തിന്റെയും ഒക്കെ ഉടമയായിരുന്നു. നല്ലൊരു സംഘാടകനും സ്കൂൾ ലീഡറും ഒക്കെയായിരുന്നു. ശ്രീ ഹരിദാസിന്റെ സഹായത്തോടെ ഈ മേഖലയിൽ എത്തപ്പെടുകയും ഫിഷിംഗ് ട്രോളറിൽ ജോലിചെയ്ത് ചീഫ് എഞ്ചിനീയർ വരെയായിരുന്നു. സമൂഹത്തിലെ കാപട്യവും കുതികാൽ വെട്ടും അറിയാതെ ജീവിച്ച പച്ചയായ മനുഷ്യൻ!

ഇവരോടൊപ്പം നന്ദനേട്ടൻ, അപ്പു, വിജയേട്ടൻ – നടേശൻ മാസ്റ്ററുടെ മകളുടെ ഭർത്താവ്, ജയപ്രകാശ് – ലക്ഷ്മണേട്ടന്റെ മൂത്ത മകളുടെ ഭർത്താവ്, പാറക്കലിലെ ജോർജ്, വളവിൽ രവീന്ദ്രൻ, മള്ളായി കൃഷ്ണൻ, കിത്തേരി ആനന്ദൻ, മാളികവീട്ടിൽ ദേവദാസ് എന്നിവരും ഉണ്ടായിരുന്നു.

ആനന്ദനും ദേവദാസും ഇവർ രണ്ടു പേരും പിന്നീട് മർച്ചന്റ് നേവിയിൽ സെലക്ഷനായി പോയി. ഇപ്പോൾ ശിഷ്ടജീവിതം ആനന്ദൻ വളവിലെ ഇന്ദിരാവിലാസിലും, ദേവദാസ് കോഴിക്കോടും സെറ്റിൽ ചെയ്തു.

പ്രസന്നൻ, വളവിൽ ജയരാജ്, പട്ടാണി പറമ്പത്ത് ചന്ദ്രൻ, സുകുമാരൻ, ഭാർഗവൻ, ഏറ്റവും ഒടുവിലായി ഈ തലമുറയിലെ ഷെല്ലി, ദേവദാസ് ഒക്കെ ഈ ട്രെയിനിംഗ് കഴിഞ്ഞ് ഈ മേഖലയിൽ പ്രവർത്തിച്ചവരാണ്. ചിലർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

വളവിൽ ദിനേശും, സി.എച്ച്. പുരുഷോത്തമനും ദീർഘകാലം മർച്ചന്റ് നേവിയിൽ ജോലിചെയ്ത് ശിഷ്ടജീവിതം മയ്യഴിയിൽ തുടരുന്നു.

ഇന്ത്യയുടെ വിവിധ കടൽത്തീരങ്ങളിൽ പോയി ജോലി പരിചയം നേടി, തുടർ പരീക്ഷകൾ പാസായി ക്യാപ്റ്റനും ചീഫ് എഞ്ചിനീയറും ഒക്കെ ആയവരാണ് മിക്കവരും.

ഡക്കിൽ ജോലിയെടുക്കുന്നവർ ബോസനും, ഫസ്റ്റ് ഓഫീസറായും, സെക്കൻഡ് ഓഫീസറായും, ചീഫ് ഓഫീസറായും, ക്യാപ്റ്റനായും ഉയർന്നു. അതിനു ശേഷമുള്ള പരീക്ഷ എഴുതി വെസൽ ക്ലാസിഫിക്കേഷൻ അപ്ഗ്രേഡ് ചെയ്തവരും ഉണ്ട്.

അതുപോലെതന്നെ ഫസ്റ്റ് എഞ്ചിനീയറും, സെക്കൻഡ് എഞ്ചിനീയറും, തേർഡ് എഞ്ചിനീയറും, ചീഫ് എഞ്ചിനീയറും ഒക്കെ ആയതിനു ശേഷം അപ്ഗ്രഡേഷൻ ചെയ്തവരാണ് മിക്കവരും.

ഇവരിൽ പലരും ഒറീസ്സ, ചെന്നൈ, ഗുജറാത്ത്, മുംബൈ, കൊച്ചിൻ മേഖലകളിൽ ജോലിയെടുത്ത് അവസാനം വിശാഖപട്ടണം കേന്ദ്രീകരിച്ച് ജോലിയെടുത്തവരാണ്. അപ്ഗ്രഡേഷൻ നേടിയവരിൽ ചിലർ വിദേശ രാജ്യങ്ങളിലെ കപ്പലിലും ജോലിയെടുത്തിട്ടുണ്ട്.

അവരിൽ ചിലരാണ് പാറക്കലിലെ ജോർജ്, മള്ളായി കൃഷ്ണൻ, പ്രസന്നൻ, ചന്ദ്രൻ, ജയരാജ് ഒക്കെ.

വേറെയും ആളുകൾ ഉണ്ടാവാം. ജോർജിന്റെ അനുജൻ ജോൺസണും ഈ മേഖലയിൽ തന്നെയായിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല. പുരുഷു മാസ്റ്ററുടെ മൂത്ത മകനും ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കപ്പലിൽവെച്ചുണ്ടായ ഒരപകടത്തിൽ മരണപ്പെട്ടു. വലിയപുരയിൽ ലക്ഷ്മണേട്ടന്റെ മകൻ സുനിലും ഈ മേഖലയിൽ ജോലിയെടുക്കുമ്പോഴാണ് മരണപ്പെട്ടത് എന്നറിഞ്ഞു.

കടൽജീവിതം, പ്രത്യേകിച്ച് മത്സ്യബന്ധനവും കപ്പൽ ജീവിതവും വളരെ അപകടം പിടിച്ചതാണ്. എന്റെ ജോലിയും ഇതുമായി ബന്ധപ്പെട്ടതായതുകൊണ്ട് ആധികാരികമായി എനിക്ക് പറയാൻ പറ്റും. അത് അനുഭവിച്ചതുകൊണ്ടാണ് ഇത്രയും വിശദമായി എനിക്ക് എഴുതാൻ കഴിഞ്ഞത്. എഴുതാൻ ബാക്കിയുള്ള കഥകൾ ഇതിലും ഭയാനകമാണ്.

കുറച്ചു ദിവസം മുൻപ് അത്തരം ഒരു അനുഭവം പത്രങ്ങളിലൂടെ പങ്കുവെച്ചത് ഓർമവരുന്നു.

എഴുതിയതിന്റെ അതിശയോക്തിയിൽ ചിലർ സംശയം പ്രകടിപ്പിച്ചത് വായിച്ചിരുന്നു. അനുഭവമില്ലാത്തതുകൊണ്ടാണ്! കപ്പൽ തന്നെ കാറ്റിന്റെ ശക്തിയിൽ കരയിലേക്ക് അടിച്ചു കയറ്റിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്! കാറ്റിന്റെ ശക്തി കൊണ്ട് അടിച്ചുവരുന്ന തിരമാലയുടെ പി.എസ്.ഐ. ഒരു പ്രഷർ ഗേജിനും അളക്കാൻ പറ്റില്ല. കൃത്രിമമായി ഉണ്ടാക്കുന്ന പ്രഷർ ഉപയോഗിച്ച് വാട്ടർജെറ്റിലൂടെ ഇരുമ്പ് മുറിക്കാമെങ്കിൽ പെയിന്റ് പോകുന്നത് ഒരു വിഷയമേയല്ല.

ഒരു വിവാദത്തിനും ഞാൻ തയ്യാറല്ല. എന്റെ അറിവും സാക്ഷ്യവുമാണ് എന്റെ എഴുത്ത്.

ഇത്രയും ആളുകളുടെ പേരുകൾ വിശദമായി എഴുതിയത് ഗൾഫ് മേഖലയിലെ കുടിയേറ്റത്തെക്കാൾ ഏറെ, ഇവരുടെ വരുമാനം മയ്യഴിയിൽ എത്തിച്ച് മയ്യഴിയുടെ സമ്പദ്‌വ്യവസ്ഥയ്ക്കു താങ്ങായിട്ടുണ്ട് മയ്യഴിയിലെ കടലോര മക്കളിലൂടെ! ഇവരെപ്പോലെതന്നെ ഓർമിക്കേണ്ടവരാണ് മയ്യഴിയിലെ ഫ്രഞ്ച് പൗരന്മാരെയും! ഫ്രാൻസിൽനിന്നും പെൻഷനായി വരുന്ന പണം, മയ്യഴിക്കു വേണ്ടി മയ്യഴിയിൽ ചെലവഴിച്ച് ജീവിക്കുന്നു.

എഴുപതുകളോടെ, ഗൾഫ് മേഖലയും കുതിച്ചുയർന്നതോടെ ഗൾഫ് പണവും മയ്യഴിയെ സമ്പന്നമാക്കി നിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല.

എന്നിട്ടും ഇവരെ മാറി മാറി വരുന്ന സർക്കാരുകൾ വേണ്ടത്ര പരിഗണിച്ചില്ല എന്നു പറയുന്നില്ല. ഒരുപാട് കാര്യങ്ങൾ മയ്യഴി കടലോരവാസികൾക്ക് സർക്കാർ ചെയ്തിട്ടുണ്ട്. പ്രവാസികളെയും വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന പരാതി പറഞ്ഞു കേൾക്കുന്നുണ്ട്.

പറഞ്ഞുവരുന്നത്, മയ്യഴിയിൽ പുതുതായി വരുന്ന ഫിഷിംഗ് ഹാർബർ ഇവരുടെയൊക്കെ പങ്കാളിത്തത്തോടെ ചെയ്തിരുന്നുവെങ്കിൽ മയ്യഴിയെ ഒരു ഫിഷ് എക്സ്പോർട്ടിംഗ് ഹബ്ബാക്കി മാറ്റാമായിരുന്നു. ഈ മേഖലയിലെ ഇവരുടെ അനുഭവസമ്പത്തും ഒക്കെ അതിനു മുതൽക്കൂട്ടാകും എന്നതിൽ ഒരു തർക്കവും ഇല്ല.

ഇത്രയും ആധികാരികമായി എനിക്ക് പറയുവാൻ കഴിയുന്നത് മത്സ്യമേഖലയെപ്പറ്റി, അതിന്റെ പ്രോസസിംഗിനെപ്പറ്റി, അതിന്റെ ഗ്രേഡിംഗിനെപ്പറ്റി, അത് വിവിധ തരത്തിൽ സംസ്കരിക്കുന്നതിനെപ്പറ്റി. ഈ മേഖലയിലെ എല്ലാ മത്സ്യങ്ങളുടെയും – ചെമ്മീൻ, ലോബ്സ്റ്റർ അടക്കം – പ്രോസസ് ചെയ്യുന്നതും, വിദേശ മാർക്കറ്റിംഗിലും എന്റെ ഗൾഫ് ജീവിതത്തിന്റെ ആദ്യ 12 കൊല്ലത്തോളം ചെലവഴിച്ചതിലൂടെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. പിന്നീടുള്ള 16 കൊല്ലം ഇതിന്റെ ഇൻസ്പെക്ഷനുമായി പ്രവർത്തിച്ചതിന്റെ അനുഭവത്തിലാണ് മുകളിൽ പറഞ്ഞ വിലയിരുത്തൽ.

ഹാർബറിന്റെ പണി പുരോഗമിക്കുന്നു എന്നറിഞ്ഞു. അത് അന്യദേശക്കാർ കച്ചവടക്കണ്ണോടെ ഈ മേഖല കീഴടക്കുന്നതിന് തടയിടാൻ, ഇവരുടെ ശിഷ്ടകാല ജീവിതം കൊണ്ട് സാധിക്കും.

ഏതു ബിസിനസ്സ് നടക്കണമെങ്കിലും മാർക്കറ്റിംഗ് ഒരു പ്രധാന ഘടകമാണ്. ഈ കാര്യത്തിലും ഏതു മത്സ്യം സംസ്കരിക്കുന്നതിന്റെ കാര്യമായാലും, എനിക്കും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനാകും.

മയ്യഴിയിൽ വിജയകരമായി പ്രവർത്തിക്കുന്ന ഒരുപാട് കോ-ഓപ്പറേറ്റീവ് സംവിധാനങ്ങളുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ച് ഹാർബർ പൂർത്തിയാകുന്നതോടെ അതിന്റെ പൂർണ നടത്തിപ്പ് ഈ സൊസൈറ്റിക്ക് കൊടുക്കുകയാണെങ്കിൽ മയ്യഴിക്കാരായ ഒരുപാട് പേർക്ക് തൊഴിലവസരം കിട്ടുന്നതായിരിക്കും.

ഗൾഫ് മേഖല ഒരു ഇറക്കത്തിന്റെ പാതയിലാണെന്ന് എല്ലാവർക്കും അറിയാം. ഒരു കൂട്ടമായ പലായനം ഗൾഫിൽനിന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും, ചെറിയ ചെറിയ സംഘങ്ങളായി തിരിച്ചുവരുന്നുണ്ട് എന്നുള്ളതാണ് യാഥാർഥ്യം!

ഇത് ഉൾക്കൊണ്ട് ബന്ധപ്പെട്ട അധികാരികൾ സഹായിച്ചാൽ മയ്യഴിയെ പൊന്നു വിളയിക്കുന്ന നാടാക്കി മാറ്റി മയ്യഴിക്കാരുടെ ശിഷ്ടജീവിതം ധന്യമാക്കാം!

രണ്ട് അനുബന്ധ കുറിപ്പ് കൂടി എഴുതി ഈ കുറിപ്പ് നിർത്താം.  

ഒന്ന്: തികച്ചും വ്യക്തിപരമായുള്ളത്.  

രണ്ട്: പൊതുനന്മയ്ക്കുള്ളതും!

ഈ മേഖലയിൽ ജോലി ലഭിക്കാൻ എനിക്കും രണ്ടവസരം ലഭിച്ചിരുന്നു.  

ആ കാലങ്ങളിൽ പത്രത്തിലെ പരസ്യം കണ്ട്, മർച്ചന്റ് നേവിയിലേക്ക് ട്രെയിനിംഗിനു വിളിച്ചുകൊണ്ട് മാഹിയിൽനിന്നും കുറെപ്പേർ അപേക്ഷ അയച്ച കൂട്ടത്തിൽ, ഞാനും അയച്ചിരുന്നു.

ഇന്റർവ്യൂവിനു മയ്യഴിയിൽനിന്നും വിളിപ്പിച്ചത് നാലുപേരെ: എന്നെയും, സി.എച്ച്. പുരുഷോത്തമനെയും, വളവിൽ ദിനേശിനെയും, പിന്നെ പാറക്കലുള്ള സുകുമാരനെയും. സി.ഐ.ടി.യു. ചെന്നൈയിൽ വെച്ചായിരുന്നു ഇന്റർവ്യൂ.

അതിൽ സി.എച്ച്. പുരുഷുവിനു മാത്രം സെലക്ഷൻ കിട്ടി.

ഏകദേശം ഒരു വർഷം കഴിഞ്ഞ് വീണ്ടും പരസ്യം വന്നപ്പോൾ വീണ്ടും അപേക്ഷിച്ചു. അന്ന് ഇന്റർവ്യൂവിന് വിളിച്ചത് ദിനേശിനെയും സുകുമാരനെയും എന്നെയും.

ആ ഇന്റർവ്യൂവിൽ ദിനേശും ഞാനും സെലക്ഷൻ ആയി. ആദ്യ ബാച്ചിൽ ദിനേശ് ട്രെയിനിംഗിനു പോയി.

പിന്നീട് എന്നെ മെഡിക്കലിന് വിളിപ്പിച്ചു. മെഡിക്കൽ കഴിഞ്ഞു. ട്രെയിനിംഗിനു വിളിയൊന്നും കാണാഞ്ഞപ്പോൾ ഈ വിവരം ഞാൻ ദിനേശിന്റെ ചേട്ടൻ ആനന്ദേട്ടനോട് പറഞ്ഞു. അവരുടെ പരിചയക്കാരിൽ ആരോ ട്രെയിനിംഗ് സെന്ററുമായി ബന്ധമുള്ളതുകൊണ്ട് അവരെ കാണാൻ ഞാനും, ലീവിന് നാട്ടിൽ വന്ന ആനന്ദേട്ടനും വിശാഖപട്ടണത്ത് പോയി അന്വേഷിച്ചപ്പോൾ പറഞ്ഞത് ഞാൻ മെഡിക്കൽ അൺഫിറ്റ് ആണെന്നാണ്!

എന്തോ തിരിമറി നടന്നിട്ടുണ്ട് എന്ന് അവിടെനിന്ന് അറിയാൻ കഴിഞ്ഞു. അത് മറികടക്കാനുള്ള പോംവഴിയും അവർ ഉപദേശിച്ചു തന്നു.

അതുപ്രകാരം ഞാൻ റീ-മെഡിക്കലിന് അപേക്ഷിച്ചപ്പോൾ സാധ്യമല്ല എന്ന് അറിയിച്ചു. എന്റെ നിരന്തരമായ ഫോളോ-അപ്പ് കൊണ്ട് അതിന് അനുവദിച്ചു. ഒരു മെഡിക്കൽ ബോർഡിന് മുൻപിൽ ഹാജരാകാൻ പറഞ്ഞു. അതും മദ്രാസിൽ.

അങ്ങനെ മദ്രാസ് സീഫെറേഴ്സ് ക്ലബ്ബിൽ വെച്ച് പ്രാഥമിക പരിശോധന. അതിൽ വിജയിച്ചു. പിന്നീട് എക്സ്-റേ. അതും കഴിഞ്ഞു. അതിലും പ്രോബ്ലങ്ങൾ ഒന്നുമില്ല. വീണ്ടും ഒരു പാനൽ ഡോക്ടറുടെ മുൻപിൽ ഹാജരാകണം. അതിന്റെ അറിയിപ്പിനായി കാത്തിരിക്കുമ്പോഴാണ് ദുബായിൽനിന്നും വിസ വന്നത്.

അതേ സമയം തന്നെ പുതുച്ചേരി ഐ.ടി.ഐ.-യിൽ ഇൻസ്ട്രക്ടറായി ജോലിക്കുള്ള ഇന്റർവ്യൂവിനും കാർഡ് കിട്ടി. ആ വഴി റെക്കമെൻഡേഷന് ഒരു ശ്രമം നടത്തി നോക്കി. “ദുബായിൽ പോകുന്നതാണ് നല്ലത്” എന്ന ഉപദേശം കിട്ടി.

അന്ന് എനിക്ക് അറിയാൻ സാധിച്ചത് അവർ പറഞ്ഞ എക്സാക്റ്റ് ക്വാളിഫിക്കേഷൻ എനിക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാണ്!

പിന്നെ ഒരു റിസ്കിന് കാത്തുനിന്നില്ല. അങ്ങനെ ആ ശ്രമം ഉപേക്ഷിച്ചു. ദുബായിൽ വന്നു. ജോലി കിട്ടിയത് “സീ ഫുഡ് പ്രോസസിംഗ് കമ്പനി”യിൽ ഓഫീസ് ഇൻചാർജ് ആയി.

പിന്നീട് ആ കമ്പനിയുടെ ഓൾ-ഇൻ-ഓൾ ആയി മാറി. മത്സ്യ സംസ്കരണത്തിൽ ഒരു പി.എച്ച്.ഡി.ക്കാരനുള്ള അറിവ് നേടി. ഏകദേശം 12 കൊല്ലത്തോളം ആ കമ്പനിയിൽ മാനേജരായി.

അവിടെനിന്ന് പിന്നീട് പ്രീ-ഷിപ്മെന്റ് ഇൻസ്പെക്ഷൻ കമ്പനിയിൽ ഇൻസ്പെക്ഷൻ മാനേജരായി പിരിഞ്ഞു. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പിന്നീട് എഴുതാം.

ജോലിയുടെ സ്വഭാവവുമായി ബന്ധപ്പെട്ട് ഒരു അധ്യായത്തിനുള്ളത് ഉണ്ട്. അത് പിന്നീട് വഴിയെ ഇതുപോലെ ചെറിയ ചെറിയ കുറിപ്പായി എഴുതാം.

അനുബന്ധമായി ചെറിയ ഒരു കുറിപ്പ് കൂടി എഴുതട്ടെ.

ഹാർബറിന്റെ പണി പൂർത്തീകരിക്കുന്നതോടെ ഇപ്പോഴുള്ള റോഡിലൂടെയുള്ള ഗതാഗതം ദുസ്സഹമായിരിക്കും. ഇപ്പോൾ തന്നെ ഒരു ചെറിയ വാഹനം പോകുമ്പോൾ എതിരെനിന്നു വരുന്ന വാഹനത്തിന് കടന്നുപോകാൻ ഏറെ പ്രയാസപ്പെടുന്നുണ്ട്. അല്ലാതെതന്നെ റോഡ് ഇടുങ്ങിയതാണ്.

റോഡ് വീതി കൂട്ടുന്നതിന്റെ അനിവാര്യത അവരെ പറഞ്ഞു മനസിലാക്കി, അർഹമായ പ്രതിഫലം നൽകി റോഡിന്റെ രണ്ടു ഭാഗത്തും ഉള്ളവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടതാണ്.

ഒരു സുപ്രഭാതത്തിൽ അവരോട് മാറുവാൻ പറഞ്ഞാൽ അത് അപ്രായോഗികവും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായിരിക്കും.

ഹാർബറിന്റെ പ്രവർത്തനം സുഗമമാകണമെങ്കിൽ ഹാർബറിലേക്കുള്ള എൻട്രിയും എക്സിറ്റും രണ്ട് വഴികളിലൂടെ ആവേണ്ടതും നിർബന്ധമാണ്. അതിനുള്ള പ്രൊവിഷൻ ഇട്ടുകൊണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു. ഇപ്പോഴത്തെ വഴിയിലൂടെ ഇത് രണ്ടും നടക്കാൻ പ്രയാസമാണ്.

സാധാരണ ദിവസങ്ങളിൽ തന്നെ ഈ ഭാഗത്ത് ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്നതിനെപ്പറ്റി ബന്ധപ്പെട്ട ഭരണകൂടം ശ്രദ്ധിക്കുമല്ലോ. എം.എൽ.എ.യുടെ ശ്രദ്ധയിലും ഈ കാര്യം പെടുത്തട്ടെ.

മഠത്തിൽ ബാബു ജയപ്രകാശ് …..  n✍️  My Watsapp Cobtact No 9500716709 

മയ്യഴിയിലെ പുതിയ വിഷയവുമായി തുടരും .

Leave a Comment