Time Taken To Read 3 Minutes
Photo Curtesy: Sari Designed by Jobin, Chief Designer at Sheematyi, for Sabitha Kishor (Australia). Photo shared by Chalakkara Purushu
പ്രിയ സബിത,
ഇന്ന് വാട്സ്ആപ്പിലൂടെ നിങ്ങളുടെ സൃഷ്ടിയെക്കുറിച്ച് ചാലക്കര പുരുഷു എഴുതിയ ലേഖനം വായിച്ചു. ഒരു മറുപടിക്കുറിപ്പ് എഴുതാതിരിക്കാൻ കഴിഞ്ഞില്ല.
എന്റെ കോളേജ് മേറ്റായ നിങ്ങളെക്കുറിച്ചും, അതിലുപരി എന്നെ ഞാനാക്കാൻ പ്രേരിപ്പിച്ച എന്റെ ഗുരുനാഥന്റെ മകളുടെ കഴിവിനെക്കുറിച്ചും ഒരു അനുമോദനക്കുറിപ്പ് എഴുതിയില്ലെങ്കിൽ, പിന്നെ എന്ത് സഹപാഠിബന്ധവും എന്ത് ഗുരുഭക്തിയുമാണ്? നല്ലതിനെ നല്ലതെന്ന് ഉറക്കെ പറയാൻ മടിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ഓർക്കട്ടെ.
നേരിൽ കണ്ടിട്ടില്ലെങ്കിലും ചിത്രങ്ങളിലൂടെ ഈ സാരി കണ്ടപ്പോൾ എന്റെ മലയാളം അധ്യാപകനും നിങ്ങളുടെ പിതാവുമായ ഭാസ്കരൻ മാഷിനെയാണ് ആദ്യം ഓർത്തത്. മാഷിന്റെ മകൾ സബിത എന്റെ കോളേജ് മേറ്റ് ആയിരുന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്. വാക്കുകൾ കൊണ്ട് ലോകം വരയ്ക്കാൻ മാഷാണ് എന്നെ പഠിപ്പിച്ചത്. ആ പാഠമാണ് എന്റെ ബ്ലോഗിന് തുടക്കം കുറിച്ചത്. ഇന്ന് അത് 50-ലധികം രാജ്യങ്ങളിൽ എത്തിനിൽക്കുമ്പോൾ, അതിന്റെ വേരുകൾ അന്വേഷിച്ച് ചെന്നെത്തുന്നത് ഇപ്പോഴും മാഷിന്റെ ക്ലാസ് മുറിയിലാണ്.
നിങ്ങൾ സാരിയിൽ നെയ്ത മയ്യഴി കണ്ടപ്പോൾ, ശ്രീ. എം. മുകുന്ദേട്ടൻ തന്റെ എഴുത്തിലൂടെ ലോകത്തിന് സമർപ്പിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളിലെ കഥാപാത്രങ്ങളാണ് മനസ്സിൽ തെളിഞ്ഞത്. അതുപോലെ എന്റെ “ചുവന്ന കട്ടിക്കനിട്ട മയ്യഴി” എന്ന ബ്ലോഗിലും മുകുന്ദേട്ടന്റെ കഥാപാത്രങ്ങൾക്ക് ഞാൻ ഇടം നൽകിയിട്ടുണ്ട്. തത്വത്തിൽ, ഓരോരുത്തരും അവരവരുടെ ആശയങ്ങളിലൂടെ, അനുയോജ്യമായ മാധ്യമങ്ങളിലൂടെ മയ്യഴിയെ ഓർമ്മയിൽ നിലനിർത്തുന്നു.
മയ്യഴിപ്പുഴയും മാഹി പാലവും വള്ളങ്ങളും 70 എന്ന അക്കവും, എല്ലാം ഈ സാരിയിലൂടെ എന്റെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. നമ്മുടെ വേരുകൾ മറക്കരുതെന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് നിങൾ ഈ സാരി ശീമാട്ടിയിലെ ചീഫ് ഡിസൈനർ ജോബിനിലൂടെ നിങ്ങൾ പ്രവർത്തീക മാക്കിയത്.
ഒരു സാധാരണ സാരിയുടെ നീളവും വീതിയും ഏകദേശം 5.5 മീറ്റർ × 1.2 മീറ്റർ ആയി കണക്കാക്കിയാൽ, അത്രയും സ്ഥലത്ത് താങ്കൾ മയ്യഴിയിൽ നിത്യവും കണ്ടു മനസ്സിൽ പോതിഞ്ഞ കാഴ്ചകൾ അത്ര ഭംഗിയായി നെയ്തിരിക്കുന്നു. മാഷ് പറഞ്ഞുതന്ന കഥകളുടെ ഒരു നേർക്കാഴ്ച പോലെ തോന്നുന്നു ഇത്.
നമ്മുടെ നാടിനെയും ഭാഷയെയും ഇത്രമേൽ സ്നേഹിക്കുന്ന നിങ്ങളെപ്പോലുള്ളവരാണ് നമ്മുടെ യഥാർത്ഥ അഭിമാനം. മാഹി പാലത്തിനും മയ്യഴിപ്പുഴയ്ക്കും നിങ്ങൾ നൽകിയ ഈ സ്നേഹോപഹാരത്തിന് ഒരായിരം നന്ദി. നിങ്ങളുടെ വിരലുകളിലെ ഈ കലയ്ക്ക് സ്നേഹാഭിവാദ്യങ്ങൾ.
സ്നേഹപൂർവ്വം
മഠത്തിൽ ബാബു ജയപ്രകാശ്…………✍️ My Watsapp Contact No 9500716709
My Blog Link
https://chuvannakatukanittamayyazhi.com

