Time Taken To Read 4 Minutes.
ഫ്രഞ്ചു ഓർമ്മകൾ ഉറങ്ങാത്ത മയ്യഴി മണ്ണിനെ ഓർക്കുമ്പോൾ ഫ്രഞ്ചു സ്മൃതികൾക്ക് ഇന്നും ഉറക്കമില്ല. ആ മണ്ണിൽ ആരും മറക്കാത്ത കുറച്ചു അടയാളങ്ങൾ കാലത്തിന്റെ പൊടിപിടിക്കാതെ ഇന്നും നിൽപ്പുണ്ട്: മൂപ്പൻ സായിപ്പിന്റെ ബംഗ്ലാവും മുനിസിപ്പൽ ഓഫീസും, മൂന്നു നാല് കോട്ടകളും.
മയ്യഴി എന്ന മൂന്നക്ഷരം!
മാഹേയെന്നും പിന്നീട് മാഹിയെന്നും മൊഴിമാറി ഒഴുകിയതിന് വാമൊഴികളേറെ. എന്റെ ബ്ലോഗിലും ഞാൻ എന്റേതായ നിഗമനങ്ങളിലൂന്നി, എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലൂടെ ഒരു കാരണം കണ്ടെത്തി എഴുതിവെച്ചിട്ടുണ്ട്. എങ്ങനെയാണ് മയ്യഴിയെന്നു പേരു വിളിച്ചിരിക്കുക വായിച്ചവരാരും അതിനെ ഇതുവരെ ചോദ്യം ചെയ്തതായി ഞാൻ കേട്ടിട്ടുമില്ല.
രണ്ടക്ഷരമായാലും
മൂന്നക്ഷരമായാലും
ഒന്നായ നിന്നെ ഇഹ രണ്ടെന്നു
കൽപ്പിച്ചു മൂന്നാമതൊരാൾ വന്നു ചേർന്നു..
കൈതപ്പറം ദാമോദരൻ നമ്പൂതിരി മുകുന്ദേട്ടന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന സിനിമയ്ക്കുവേണ്ടി ആ ശ്ലോകത്തിലെ വരികളെ അദ്ദേഹം രചിച്ച ഗാനത്തിൽ ഇങ്ങനെ ഓർമ്മപ്പെടുത്തിയിട്ടുണ്ട് എന്ന് നേരിയൊരോർമ്മ!
ഇതൊക്കെ കേൾക്കുമ്പോൾ കടലും ഫ്രഞ്ച് തെരുവുകളും മയ്യഴിപ്പുഴയുടെ തീരവും മനസ്സിലേക്ക് ഓടിയെത്തും. 1721 മുതൽ 1954 ജൂൺ 16 വരെ 233 വർഷം നീണ്ട ഫ്രഞ്ച് ഭരണത്തിന്റെ ശേഷിപ്പുകൾ ഇന്നും ഈ ചെറുനഗരത്തിന്റെ മുക്കിലും മൂലയിലും ഉറങ്ങിക്കിടക്കുന്നു. അതിൽ ഏറ്റവും തലയെടുപ്പുള്ള രണ്ടു സാക്ഷ്യങ്ങളാണ് മൂപ്പൻ സായിപ്പിന്റെ ബംഗ്ലാവും പഴയ മര്യപ്പീസും. (മുനിസിപ്പൽ ഓഫീസ് മന്തിരം)
മാഹി മൂപ്പൻ സായിപ്പിന്റെ ബംഗ്ലാവും പരിസരവും ഫ്രഞ്ച് ചരിത്രവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന മാഹിയുടെ ഹൃദയമാണ്.
മയ്യഴിപ്പുഴ അറബിക്കടലിൽ ചേരുന്ന അഴിമുഖത്താണ് ഈ പ്രദേശം. പുലർകാലങ്ങളിൽ ദേശാടനപ്പക്ഷികളും, സായാഹ്നങ്ങളിൽ സ്വർണ്ണം വാരിവിതറുന്ന സൂര്യാസ്തമയവും ഇവിടത്തെ പ്രത്യേകതയാണ്. പടിഞ്ഞാറുനിന്നും വടക്കു കിഴക്കോട്ടു അഴിമുഖം താണ്ടി കിഴക്കോട്ടു പോകുമ്പോൾ കണ്ടൽക്കാടുകളും ദൂരെ മലനിരകളും ചേർന്ന് പ്രകൃതി നമുക്കായി വരച്ചുവെച്ച ഒരു സിനിമാ സ്കോപ് ചിത്രം പോലെ നിൽക്കും.
മയ്യഴിപ്പുഴയുടെ തീരത്തെ മനോഹരമായ നടപ്പാത യാഥാർഥ്യമായതിന്റെ കഥ? എത്രപേർക്കറിയാം? മയ്യഴിപ്പുഴയോരത്തെ ഈ വശ്യമായ നടപ്പാത പിറന്നത് ഒരു ചിത്രകാരന്റെ ഛായ കൂട്ടൽ നിന്നും ഒരു രാഷ്ട്രീയക്കാരന്റെ സ്വപ്നത്തിൽ നിന്നുമാണ്!
വിദേശരാജ്യങ്ങളിലെ യാത്രക്കിടയിൽ ചിത്രകാരനായ ശ്രീ വത്സരാജിന്റെ മനസ്സിൽ തെളിഞ്ഞ ദൃശ്യങ്ങൾ… സ്വന്തം ജന്മഗൃഹത്തിന്റെ അരികിലൂടെ ഒഴുകുന്ന മയ്യഴിപ്പുഴയും അറബിക്കടലും സംഗമിക്കുന്ന ആ പ്രകൃതിരമണീയമായ തീരത്തേക്ക് അദ്ദേഹം ഭാവനയിലൂടെ പകർത്തി. കടലാസിൽ വരച്ചിട്ട ആ സ്കെച്ചുകകൾക്ക് ഒരു കലാകാരന്റെ ദീർഘദർശനം കല്ലിലും സിമന്റിലും ജീവൻ വെച്ച ചരിത്രമാണിത്.
പുതുച്ചേരിയിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ കുതിപ്പുണ്ടായ കാലമായിരുന്നു ശ്രീ. ഇ. വത്സരാജിന്റെ ഭരണകാലം. ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹം നടപ്പിലാക്കിയ പദ്ധതികളിൽ പലതും ഇന്ന് പുതുച്ചേരിയുടെ അടയാളങ്ങളാണ്.
ഒരു രാഷ്ട്രീയ നേതാവ് മാത്രമല്ല, അദ്ദേഹം പ്രശസ്തനായ ഒരു ചിത്രകാരൻ കൂടിയാണ്. ഡൽഹിയിലെ ലളിതകലാ അക്കാദമി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അദ്ദേഹം ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. സോണിയാ ഗാന്ധി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി തുടങ്ങിയ പ്രമുഖർ ആ പ്രദർശനങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
ആ കലാകാരന്റെ ഭാവനയും സൗന്ദര്യബോധവുമാണ് മയ്യഴിപ്പുഴയുടെ തീരത്തെ ഈ മനോഹരമായ നടപ്പാതയ്ക്ക് പിന്നിൽ. ഏകദേശം 2 കിലോമീറ്റർ നീളമുള്ള ഈ പുഴയോര നടപ്പാത അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു
Phase I ആയി 500 മീറ്റർ ദൂരം 2011 ഫെബ്രുവരി 9 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അഴിമുഖം കുന്ന് മുതൽ മാഹി പാലം വരെയുള്ള ഈ ഭാഗം 5 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. ടാഗോർ പാർക്ക്, കുട്ടികളുടെ പാർക്ക്, സ്വാതന്ത്ര്യ സമര സ്മാരകം, മറിയാനെ പ്രതിമ എന്നിവ ഈ ഭാഗത്താണ് ഉള്ളത്.
പിന്നീട് 2019 നവംബർ 18-ന് മാഞ്ചക്കൽ ഭാഗത്ത് Phase III കൂടി വന്നതോടെ മാഹിയുടെ മുഖച്ഛായ തന്നെ മാറി. ടാഗോർ പാർക്ക്, കുട്ടികളുടെ പാർക്ക്, ബോട്ടിങ്, ചായക്കട എന്നിവയെല്ലാം ഇന്ന് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. വൈകുന്നേരങ്ങളിൽ മാഹിക്കാരുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമായി മാറിയ ഈ നടപ്പാത, മയ്യഴിപ്പുഴയുടെ ഭംഗി ആസ്വദിക്കാൻ വിളക്കുകളും പാർക്കിലെത്തുന്നവർക്ക് വിശ്രമിക്കാനായി അനേകം ഇരിപ്പിടങ്ങളും ഒരുക്കിയിരിക്കുന്നു.
മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ പോലും തന്റെ കഥാപാത്രങ്ങൾക്ക് ഇങ്ങനെയൊരു തീരം ലഭിച്ചതിൽ വത്സരാജിനോട് നന്ദി പറഞ്ഞിട്ടുണ്ട്. ‘
സാഹിത്യത്തിനെന്ത് പുഴയോര നടപ്പാതയിൽ കാര്യമെന്ന് ചിന്തിക്കുന്നവരോട് പറയുവാനുള്ളത്
മാഹിയുടെ ആത്മാവായ ശ്രീ. എം.മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന വിശ്വപ്രസിദ്ധ നോവലിന് ഒരു സ്മാരകം കൂടിയാണ് ഈ നടപ്പാത. നോവലിലെ ചില പ്രധാന കഥാപാത്രങ്ങളുടെ ശില്പങ്ങൾ കരയിലെ ടാഗോർ പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്. ദാസനും, ലെസ്ലിയും, കുറുമ്പി അമ്മയും ഒക്കെ ഇവിടെ പുഴയെ നോക്കി നിൽക്കുന്നു. നടക്കുമ്പോൾ നമ്മളും ആ നോവലിന്റെ ഒരു ഭാഗമാകും.
ഒരു കലാകാരന്റെ ദീർഘവീക്ഷണം ഒരു നാടിന്റെ വികസനമാകുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മാഹിയിലെ ഈ പുഴയോര നടപ്പാത.
ഇന്ന് മയ്യഴിപ്പുഴയുടെ തീരത്തെ ഈ നടപ്പാത മാഹിയുടെ ടൂറിസം വികസനത്തിന്റെ നാഴികക്കല്ലാണ്.
നടപ്പാതയിൽ നിന്ന് നേരെ കയറാവുന്ന മൂപ്പൻകുന്ന് ഇന്ന് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചു. അധികം കയറ്റമില്ലാത്ത പടവുകൾ, പൂന്തോട്ടം, മുകളിൽ പഴയ ലൈറ്റ്ഹൗസ്. അറബിക്കടലിന്റെ വിശാല കാഴ്ചയും സൂര്യാസ്തമയവും ആസ്വദിക്കാൻ പറ്റിയ വ്യൂ പോയിന്റാണിത്. ഹില്ലോക് (Hillock)
നടപ്പാത ഹാർബർ വരെ നീളും. Phase II കൂടി പൂർത്തിയാകുമ്പോൾ 800 മീറ്റർ നടപ്പാതയും 25 മീറ്റർ പാലവും വരും. മാഹിയുടെ ടൂറിസത്തിനും മത്സ്യമേഖലയ്ക്കും പുതുജീവൻ നൽകുന്ന ഹാർബർ ഉടൻ യാഥാർത്ഥ്യമാകും എന്ന പ്രതീക്ഷ സഫലീകരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.
ചരിത്രവും സാഹിത്യവും പ്രകൃതിയും വികസനവും ഒരുപോലെ കൈകോർക്കുന്ന ഇടം അതാണ് മൂപ്പൻ സായിപ്പിന്റെ ബംഗ്ലാവ് പരിസരം.
മാഹിക്കോട്ടയ്ക്ക് സമീപം 1754 ൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ ബംഗ്ലാവ് ഫ്രഞ്ച് കൊളോണിയൽ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ്. ഓടിട്ട മേൽക്കൂര, വിശാലമായ വരാന്ത, തടിയിലുള്ള കഴുക്കോലുകൾ, കടൽക്കാറ്റ് കയറിയിറങ്ങുന്ന വലിയ ആർച്ച് ജനാലകൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ഫ്രഞ്ച് ഭരണകാലത്ത് മാഹിയുടെ ഭരണസിരാകേന്ദ്രമായിരുന്നു ഇവിടം.
ആരാണ് മൂപ്പൻ സായിപ്പെന്നു ചോദിച്ചാൽ മയ്യഴിക്കാർക്കു സംശയമുണ്ടാവാൻ വഴിയില്ല, എങ്കിലും എന്നെ പുറമേനിന്ന് വായിക്കുന്നവർക്ക് ഒരു സംശയം കാണും ‘മൂപ്പൻ സായിപ്പ്’ ആരാണെന്നു? അവർക്കായി എഴുതട്ടെ
ഫ്രഞ്ച് മേയറെ തദ്ദേശീയർ സ്നേഹത്തോടെ വിളിച്ചിരുന്ന പേരാണ് ‘മൂപ്പൻ സായിപ്പ്’. മാഹിയിലെ തലമുതിർന്ന നേതാവ് എന്ന അർത്ഥത്തിലാണ് ‘മൂപ്പൻ’ എന്ന പ്രയോഗം വന്നത്.
ചരിത്രകാരന്മാരുടെ വാമൊഴിപ്രകാരം, ഫ്രഞ്ച് ഇന്ത്യയിൽ മേയർ പദവിയിലെത്തിയ ആദ്യ മലയാളിയും ഇവിടെ ഉണ്ടായിരുന്നു. ഏകദേശം 30 വർഷം ഫ്രാൻസിൽ ജീവിച്ച് ഫ്രഞ്ചുകാരിയെ വിവാഹം കഴിച്ച് മയ്യഴിയിൽ തിരിച്ചെത്തിയ ‘ചെക്കു മൂപ്പർ’ ആദ്യ മേയർമാരിൽ ഒരാളാണെന്നും പറയപ്പെടുന്നു. എന്നാൽ ഇതിന് ഔദ്യോഗിക രേഖകൾ ലഭ്യമല്ല. എങ്കിലും മയ്യഴിയുടെ എഴുത്തുകാരൻ അദ്ദേഹത്തിന്റെ വിഖ്യാതമായ നോവലിൽ ഇതേപ്പറ്റി പരാമർശിച്ചത് വായിച്ചതായി ഓർക്കുന്നു.
മൂപ്പൻ സായിപ്പു താമസിച്ച വസ്തിയുടെ ഇപ്പോഴത്തെ അവസ്ഥ? ‘ഗവൺമെന്റ് ഹൗസ്’ എന്നറിയപ്പെടുന്ന ഈ കെട്ടിടം റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ ക്യാമ്പ് ഓഫീസാണ്. കാലപ്പഴക്കത്താൽ ചുമരുകൾക്ക് ബലക്ഷയം സംഭവിച്ചു തുടങ്ങി. ചോർച്ചയും ചിതൽശല്യവും വിള്ളലുകളും ഈ 270 വർഷം പഴക്കമുള്ള പൈതൃകത്തെ കാർന്നുതിന്നുന്നു.
അതുപോലെത്തന്നെ മയ്യഴിയുടെ വിമോചനത്തിന് കാരണമായ സമരത്തിന് തുടക്കംകുറിച്ച മറ്റൊരു ഫ്രഞ്ചു ശേഷിപ്പാണ് മയ്യഴിയിലെ മര്യാപ്പീസ് (മുനിസിപ്പൽ ഓഫീസ്) ജനാതിപത്യത്തിന്റെ അദ്ദ്യപാഠങ്ങൾ മയ്യഴിക്കാർ പഠിച്ചത് ഫ്രഞ്ചുകാരിൽ നിന്നായിരിക്കണം അതിനു ഫ്രഞ്ചുകാർ തടസ്സതം നിന്നപ്പോഴാണ് മയ്യഴിയിൽ ഒക്ടോബർ വിപ്ലവം ഉണ്ടാകുന്നതു അതിനു എന്റെ പിതാവ് പുത്തൻ പുരയിൽ നാരായണൻ നായർ ആദ്ദ്യകാരണമായി / നിമിത്തമായി എന്നത് ഇങ്ങനെ എനിക്ക് എഴുതാൻ വേണ്ടിത്തന്നെയായിരിക്കും.
ഈ കെട്ടിടത്തിന്റെ പഴക്കവും പ്രാധാന്യവും പരിശോദിക്കുമ്പോൾ? ഏകദേശം ഇരുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള മുനിസിപ്പൽ ഓഫീസ് കെട്ടിടം ഫ്രഞ്ചുകാരുടെ കാലത്ത് പണിതതാണ്. ഫ്രഞ്ച് ഭരണകാലത്ത് ഓഫീസിനെ ‘മെറിയാഫീസ്’ എന്നും മൂപ്പനെ ‘മേയർ’ എന്നും വിളിച്ചു. 19 -ാം നൂറ്റാണ്ടിന്റെ അവസാനം സ്ഥാപിതമായ മാഹി മുനിസിപ്പാലിറ്റി ഇന്ത്യയിലെ ആദ്യകാല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നാണ്. 1880 കളിൽ തന്നെ ഇവിടെ തിരഞ്ഞെടുപ്പിലൂടെ കൗൺസിലർമാരെ തിരഞ്ഞെടുക്കുന്ന രീതി നിലവിലുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ പോലും അക്കാലത്ത് ഇത് അപൂർവമായിരുന്നു.
സ്വതന്ത്ര ഭാരതത്തിൽ മുനിസിപ്പാലിറ്റിയിൽ തിരഞ്ഞെടുപ്പിലൂടെ ചെയർമാനും കോർപോറെഷനിൽ മേയറുംആയാണ് കണ്ടു പരിചയം എന്നാൽ ഫ്രഞ്ചു ഭരണ പ്രദേശമായ മയ്യഴിയിൽ മേയർ പാരമ്പര്യമാണ് മയ്യഴിക്കാർ കണ്ടു ശീലിച്ചത് ആദ്യകാലത്ത് ഫ്രഞ്ചുകാരും ക്രിസ്ത്യാനികളുമായിരുന്നു മേയർ പദവി വഹിച്ചിരുന്നത് എന്ന കേട്ടറിവ് സത്യം തന്നെയായിരുന്നു പിന്നീട് എവിടെയൊക്കെയോ വായിച്ചിട്ടുണ്ട് മയ്യഴിയിലെ നാട്ടുകാരനായ ആദ്യത്തെ മേയർ തിയ്യ സമുദായത്തിൽപ്പെട്ട വടുവൻ കുട്ടി വക്കീലായിരുന്നു. പോണ്ടിച്ചേരി കൊളോണിയൽ അസംബ്ലിയിൽ മാഹിയുടെ പ്രതിനിധിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നു
1899 മുതൽ 1916 വരെ പുന്ന രാമൂട്ടി മേയർ പദവി വഹിച്ചു. ആദ്യ തിരഞ്ഞെടുപ്പിൽ വടുവൻ കുട്ടി വക്കീലിനെ പരാജയപ്പെടുത്തിയാണ് പുന്ന രാമൂട്ടി മേയറായത്. പിന്നീട് നടന്ന ഒരു മേയർ തിരഞ്ഞെടുപ്പിൽ ബൊനൊം സായിപ്പുമായി മത്സരിച്ചപ്പോൾ ഇരുഭാഗത്തും കൗൺസിലർമാർ തുല്യമായി. മാഹി പള്ളിയിലെ കപ്യാർ ഒരു കൗൺസിലറായിരുന്നു. ഇലക്ഷന്റെ തലേന്ന് കപ്യാരെ കാണാതായി. പുന്ന രാമൂട്ടിയുടെ ആൾക്കാർ കപ്യാരെ ചൊക്ലിയിലെ ഒരു വീട്ടിൽ താമസിപ്പിച്ച്, പിറ്റേന്ന് ഇലക്ഷൻ നടത്തി പുന്ന രാമൂട്ടി വിജയിച്ചു. കപ്യാർക്ക് പാരിതോഷികവും മകൾക്ക് ഹെഡ്മിസ്ട്രസ് പദവിയും നൽകിയെന്നാണ് കേട്ടുകേൾവി. ഫ്രഞ്ച് സർക്കാർ പിന്നീട് പുന്ന രാമൂട്ടിയെ പല കീർത്തിമുദ്രകളും നൽകി ആദരിച്ചു. 55-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഇതൊക്കെ വാമൊഴിയായി മയ്യഴിയിലെ പല സൗഹൃദ സദസ്സുകളിലും പറഞ്ഞു കേട്ടിട്ടുണ്ട്.
വാമൊഴികളെ പറ്റി പറയുമ്പോൾ വാമൊഴികൾക്കു ഏറെ പ്രസിദ്ധികേട്ട നാടാണ് വടക്കേ മലബാറും വടക്കൻ പട്ടികളും തച്ചോളി ഒതേനനും ചന്ദുവും ഉണ്ണിയാർച്ചയും ആരോമലും ഒക്കെ വടക്കൻ പാട്ടിലൂടെ ഇവിടങ്ങളിലുള്ളവർ ഓർത്തുകൊണ്ടേയിരുന്നു, ഇത്തരം കഥകളൊന്നും ഇന്നത്തെ തലമുറയ്ക്കറിവില്ലെങ്കിലും. വടക്കൻ പാട്ടിലെ പല വാമൊഴിക്കഥകളും പിന്നീട് ലിഖിത രൂപത്തിൽ സാഹചര്യ തെളിവുകൾ നികത്തി നമുക്ക്മുന്നിലെത്തിച്ച എം ടി എന്നകഥാകാരനും നമുക്കുണ്ട്! ചതിയൻ ചന്തുവിനെ ചതിക്കാത്ത ചന്തുവായി രൂപാന്തരപ്പെടുത്തിയ സിനിമയും ഒരു വിവാദവുമില്ലാതെ നമ്മൾ സ്വീകരിച്ചില്ലേ?
അതുപോലെ മയ്യഴിയുടെ കഥാകാരൻ നമുക്ക് സമ്മാനിച്ച അക്കാലങ്ങളിൽ ജീവിച്ച വ്യക്തികളുടെ അനുഭവങ്ങളും ജീവിത രീതിയും നമുക്ക് അദ്ദേഹത്തിന്റെ തൂലികയിലൂടെ പകർന്നു കിട്ടി ഒട്ടേറെ കഥാപാത്രങ്ങളെ
വായിച്ചറിഞ്ഞ ചില മയ്യഴി മേയർമാരുടെ പേരുകൾ ഓർക്കുമ്പോൾ? ഏറമ്പള്ളി ഗോപാലൻ വക്കീൽ, കക്കാട്ട് സുകുമാരൻ, നാലുപുരയിൽ സഹദേവൻ വക്കീൽ എന്നിവർ മേയർമാരായിരുന്നിട്ടുണ്ട്. മാഹി വിമോചിതമായതിന് ശേഷം വളവിൽ കേശവൻ വക്കീൽ, വി. എൻ. പുരുഷോത്തമൻ എന്നിവർ മേയർ പദവി അലങ്കരിച്ചു. പിന്നീട് വിമോചന സമരത്ത്തിലൂടെ മയ്യഴി ഇന്ത്യയിൽ ലയിച്ചതിനു ശേഷം വി. എൻ. പുരുഷോത്തമൻ അവസാന മേയറും ആദ്യ ചെയർമാനുമായി സേവനമനുഷ്ഠിച്ചു.
1974 ൽ ഇന്ത്യൻ മുനിസിപ്പൽ ആക്ട് ബാധകമാക്കിയതോടെ മേയറും മെറിയും എന്ന പദവികൾ ഇല്ലാതായി. 1978 ൽ മുനിസിപ്പൽ കൗൺസിൽ സ്ഥാപിതമായി. ഏകദേശം 30 വർഷത്തിനുശേഷം 2006 ലാണ് സിവിൽ തിരഞ്ഞെടുപ്പ് നടന്നത്. ചെയർമാനും 15 കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഇപ്പോൾ മാഹിയിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നില്ല. അഡ്വക്കറ്റ് ടി അശോക് കുമാർ എന്ന മനുഷ്യാവകാശ പ്രവർത്തകൻ വർഷങ്ങളോളം കേസ് നടത്തി ഇലക്ഷൻ നടത്താനുള്ള വിധി നേടിയെങ്കിലും, വാർഡ് വിഭജനത്തിന്റെ പേരിൽ സ്റ്റേ വാങ്ങി. അത് ശരിയായി വരുമ്പോൾ സംവരണ പ്രശ്നത്തിന്റെ പേരിൽ സ്റ്റേ… തിരഞ്ഞെടുപ്പ് മുടങ്ങിക്കിടക്കുകയാണ്.
കോടതിവിധിയിലൂടെ തിരഞ്ഞെടുപ്പ് നടത്താനുള്ള വിധി നേടുമ്പോൾ മറുപുറത്തു പുറപ്പെടുവിച്ച വിധിക്കു എന്തെങ്കിലും കാരണം കണ്ടെത്തി സ്റ്റേ വാങ്ങിക്കും ഇതൊക്കെ അധികാരം വികേന്ദ്രീകരിച്ച താഴെ തട്ടിലേക്കെത്താതിരിക്കാനുള്ള രാഷ്ട്രീയ ചവിട്ടു നാടകങ്ങളായിരുന്നു എന്ന് മനസ്സിലാക്കാം.
ഒടുവിൽ എല്ലാ ആക്ഷേപങ്ങളും പരിഹരിക്കാനായി മയ്യഴിക്കാരനും പുതുച്ചേരിയുടെ പൾസറിയാവുന്ന റിട്ടയേർഡ് ജസ്റ്റിസ് കെ ശശീധരനെ കമ്മീഷനായി നിയമിക്കുകയും അദ്ദേഹം വിഷയങ്ങൾ പഠിച്ചു വിശദമായ റിപ്പോർട്ടും നൽകിയിട്ടുണ്ട്
ജസ്റ്റിസ് കെ കെ ശശിധരൻ റിപ്പോർട്ട് നൽകിയിട്ടും തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല!എങ്കിലും പുതിയ സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. അൽപ്പം ആശ്വാസം തരുന്ന വാർത്ത പ്രതിപക്ഷത്താണെങ്കിലും ഇതിനുവേണ്ടി അഹോരാത്രം ഒറ്റയാൾ പട്ടാളമായി പ്രവർത്തിച്ച അഡ്വക്കറ്റ് ടി അശോക് കുമാർ ഇന്ന് എം എൽ എ യുമായി; അസംബ്ലിയിൽ മയ്യഴിയെ പ്രതിനിധാനം ചെയ്തു നമുക്കായി ശബ്ദിക്കാനുണ്ട്. ചിലപ്പോൾ അടുത്ത അസംബ്ലികൂടുമ്പോൾ ഇതിനൊരുപരിഹാരം കാണുമായിരിക്കും! നമുക്കെങ്ങനെ പ്രതീക്ഷിക്കാം
ഇന്നും മാഹി മുനിസിപ്പാലിറ്റി പ്രവർത്തിക്കുന്നത് മെയിൻ റോഡിൽ, കടലിൽ നിന്ന് ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന പഴയ മുനിസിപ്പൽ ഓഫീസ് കെട്ടിടത്തിലാണ്. ഫ്രഞ്ച് – കേരള വാസ്തുശൈലികളുടെ മനോഹരമായ സങ്കലനമാണ് ഈ കെട്ടിടം. ‘Commune de Mahé’ എന്ന മുദ്ര പതിച്ച പഴയ രേഖകൾ പോലും ഇന്നും ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.
ഇതിവിടെ പ്രത്യേകം എടുത്തു പറയാൻ കാരണമുണ്ട്. മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ 12 ഓ 15 ഓ മുറികളുള്ള, മൂന്ന് നിലകളുള്ള ഒരു ടൂറിസ്റ്റ് ഹോം പുതുതായി പണിതിരുന്നു. പക്ഷേ അതിന്റെ അവശിഷ്ടങ്ങൾ പോലും ഇന്ന് അവിടെ കാണാനില്ല. എന്നാൽ 233 വർഷത്തോളം പഴക്കമുള്ള ഈ മുനിസിപ്പൽ കെട്ടിടം ഇന്നും തലയുയർത്തി നിൽക്കുന്നു. അതാണ് ഈ പൈതൃക നിർമ്മിതിയുടെ മഹിമ നമ്മെ ഓർമ്മിപ്പിക്കുന്നത്.
എന്തുകൊണ്ട് പുനരുദ്ധാരണം അനിവാര്യം?
250 വർഷത്തിലേറെ പഴക്കമുള്ള ഈ രണ്ട് കെട്ടിടങ്ങളും മാഹിയുടെ സാംസ്കാരിക സ്വത്വമാണ്. ഇവ ഇല്ലാതായാൽ മാഹിയുടെ ഫ്രഞ്ച് കാലം വെറും പുസ്തകത്താളുകളിൽ മാത്രമാകും.
വാസ്തുവിദ്യാ നിധിയായി മയ്യഴിക്കു ലഭിച്ച ഫ്രഞ്ച് കൊളോണിയൽ ശൈലിയിലുള്ള ഇത്തരം കെട്ടിടങ്ങൾ കേരളത്തിൽ വിരളമാണ്. പോണ്ടിച്ചേരി, കാരയ്ക്കൽ കഴിഞ്ഞാൽ മാഹിയിലാണ് ഇവ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് ബഹുമാന്യനായ ഭാരതത്തിന്റെ പ്രധാനമന്ത്രി പുതുച്ചേരി സംസ്ഥാനത്തിനായി പ്രഖ്യാപിച്ച പുനഃദ്ധാരണ ഫണ്ടിൽ നിന്നും മയ്യഴിയുടെ വികസനത്തിനായി പ്രത്യേകിച്ച് ടൂറിസം മേഖലയ്ക്ക് പ്രാധാന്ന്യം നൽകി പുനരുദ്ധരിച്ച് ഹെറിറ്റേജ് മ്യൂസിയമോ കൾച്ചറൽ സെന്ററോ ആക്കിയാൽ മാഹിയുടെ ടൂറിസം ഭൂപടം തന്നെ മാറും. പോണ്ടിച്ചേരി മോഡൽ ഇവിടെയും പരീക്ഷിക്കാം.
ഇതിലൂടെ പുതിയ തലമുറയിൽപെട്ട കുട്ടികൾ വളർന്നുവരുമ്പോൾ മാഹിയുടെ കുട്ടികൾക്ക് അവരുടെ നാടിന്റെ ഫ്രഞ്ച് പാരമ്പര്യം നേരിൽ കാണാനുള്ള അവസരമാണ് ഈ കെട്ടിടങ്ങൾ.
1948 ലെ മാഹി വിമോചന സമരകാലത്ത് സമരക്കാരും ഫ്രഞ്ച് പട്ടാളവും തമ്മിലുണ്ടായ സംഘർഷങ്ങൾക്ക് ഈ രണ്ടു കെട്ടിടങ്ങളും മൂകസാക്ഷികളായി. എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ’, ‘ദൈവത്തിന്റെ വികൃതികൾ’, സി. എച്ച്. ഗംഗാധരന്റെയും മംഗലാട്ട് രാഘവന്റെയും പുസ്തകങ്ങളിലൂടെ മയ്യഴിയെ അറിഞ്ഞ തലമുറയ്ക്ക് ഈ കെട്ടിടങ്ങൾ വെറും കല്ലും മണ്ണുമല്ല.
മാഹിയിൽ പ്രധാനമായും ഫ്രഞ്ചുകാരുടെ കാലത്തെ കോട്ടകളുടെ അവശിഷ്ടങ്ങളാണ് ഉള്ളത്. പൂർണ്ണമായ കോട്ട ഇപ്പോൾ നിലവിലില്ല. പ്രധാനപ്പെട്ടവ?
സെന്റ് ജോർജ് കോട്ട മാഹി ടൗണിൽ നിന്ന് ഏകദേശം 1 കി.മീ അകലെ, ചെറുകല്ലായി കുന്നിന്റെ മുകളിൽ
1739 ൽ ഫ്രഞ്ചുകാർ പണിതത്
ബ്രിട്ടീഷുകാരുടെയും പ്രാദേശിക ഭരണാധികാരികളുടെയും നിരന്തര ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകാനാണ് ഈ കോട്ട നിർമ്മിച്ചത്. ഇന്ന് കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമേ കാണാനുള്ളൂ.
പ്രത്യേകത കുന്നിൻ മുകളിൽ നിന്ന് മാഹിയുടെ മനോഹരമായ പനോരമിക് കാഴ്ച ലഭിക്കും. ടി.വി റിലേ സ്റ്റേഷൻ ഇപ്പോൾ ഈ കോട്ടയ്ക്ക് സമീപമാണ്.
മാഹി കോട്ട മയ്യഴി പുഴയുടെ തീരത്തിന് സമീപം, മാളിയേമ്മൽ പറമ്പിൽ . 1769 ൽ ഫ്രഞ്ചുകാർ പണി പൂർത്തിയാക്കി
ബ്രിട്ടീഷ് ആക്രമണങ്ങളിൽ നിന്നുള്ള പ്രതിരോധത്തിനായി നിർമ്മിച്ച വലിയ കോട്ടയായിരുന്നു ഇത്. 18-ാം നൂറ്റാണ്ടിലെ ആംഗ്ലോ ഫ്രഞ്ച് യുദ്ധങ്ങളിൽ ഈ കോട്ട നശിപ്പിക്കപ്പെട്ടു. ഇപ്പോൾ കോട്ടയുടെ ചുവരുകളുടെ ഭാഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
കോരക്കുറുപ്പാളുടെകുന്നു, ഇപ്പോഴത്തെ ഹിന്ദു ശ്മശാനം നിൽക്കുന്ന സ്ഥലത്ത്, മറ്റൊന്ന്
താമന്തക്കുന്ന് /മരുന്നറക്കുന്നു ഇന്നത്തെ ആസ്പത്രിക്കുന്ന്, ഗവ. ആശുപത്രി നിൽക്കുന്ന സ്ഥലത്ത്
മാഹിയുടെ കിഴക്ക് ഭാഗത്തെ കുന്നുകളിൽ പണിത പ്രതിരോധ കോട്ടകളായിരുന്നു ഇവ. ഫ്രഞ്ച് കാലത്തെ പഴയ മാപ്പുകളിൽ ഇവ രേഖപ്പെടുത്തിയിട്ടുണ്ട്.
റോക്ക് ബാറ്ററി / Rock Battery എന്നത് മാഹിയിലെ ഫ്രഞ്ച് കാലത്തെ ഒരു തീരദേശ പ്രതിരോധ നിർമ്മിതിയാണ്.
എന്താണ് റോക്ക് ബാറ്ററി?
ഇത് ഒരു കോട്ടയല്ല, ഒരു ‘ബാറ്ററി’ ആണ്. ബാറ്ററി എന്നാൽ കരിങ്കല്ലിൽ തീർത്ത പീരങ്കികൾ സ്ഥാപിച്ച് ശത്രുക്കളെ നേരിടാനുള്ള സൈനിക താവളം.
നിർമ്മാണ രീതി കടലിലേക്ക് തള്ളി നിൽക്കുന്ന വലിയ പാറക്കൂട്ടത്തിന് മുകളിൽ കരിങ്കല്ല് ഉപയോഗിച്ച് പണിത പീരങ്കിത്തറ. ഇന്നത്തെ ‘പറക്കൽ’ എന്നറിയപ്പെടുന്ന തീരപ്രദേശത്തിന് മുകളിലുള്ള പാറപ്പുറത്ത്. 18 -ാം നൂറ്റാണ്ടിലെ ഫ്രഞ്ച് മാപ്പുകളിൽ “Batterie des roches” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
തീരസംരക്ഷണത്തിനായി മാഹി തുറമുഖത്തേക്കും പട്ടണത്തിലേക്കും കടൽ വഴി വരുന്ന ശത്രു കപ്പലുകളെ തടയാനാണ് പ്രധാനമായും പണിതത്.
കൂടാതെ ഫോർട്ട് കോണ്ടെ, ഫോർട്ട് ഡോഫിൻ എന്നിവയ്ക്ക് സംരക്ഷണത്തിനായും ഒരുക്കിയത് കിഴക്ക് ഭാഗത്തെ കുന്നുകളിലെ രണ്ട് പ്രധാന കോട്ടകൾക്കൊപ്പം മാഹിയുടെ പ്രതിരോധ വലയത്തിന്റെ ഭാഗമായിരുന്നു റോക്ക് ബാറ്ററി. മൂന്നും ചേർന്നാണ് മാഹിയെ കരയിൽ നിന്നും കടലിൽ നിന്നും സംരക്ഷിച്ചിരുന്നത്.
കപ്പൽ ഗതാഗത നിയന്ത്രണം മയ്യഴി പുഴയുടെ അഴിമുഖത്തിലൂടെ വരുന്ന കപ്പലുകളെ നിരീക്ഷിക്കാനും, ആവശ്യമെങ്കിൽ വെടിവെക്കാനും പാകത്തിനാണ് സ്ഥാനം തിരഞ്ഞെടുത്തത്.
ഇപ്പോഴത്തെ അവസ്ഥ പറയുമ്പോൾ ഇതേപ്പറ്റി അറിയുന്നവർ തീരെ ഇല്ലെന്നുതന്നെ പറയാം
പറക്കൽ പ്രദേശത്ത് ഇന്ന് ജനവാസം വളരെ കൂടുതലാണ്. പഴയ പാറക്കൂട്ടങ്ങൾക്ക് മുകളിൽ വീടുകളും കെട്ടിടങ്ങളും വന്നു. അതുകൊണ്ട് റോക്ക് ബാറ്ററിയുടെ കൃത്യമായ സ്ഥാനമോ, അവശിഷ്ടങ്ങളോ ഇന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. പുരാവസ്തു വകുപ്പിന്റെ കൃത്യമായ ഖനനം നടന്നിട്ടില്ല.
ചുരുക്കത്തിൽ, റോക്ക് ബാറ്ററി എന്നാൽ ഫ്രഞ്ചുകാരുടെ മാഹിയെ സംരക്ഷിച്ച ‘തീരദേശ പീരങ്കിത്താവളം’ ആയിരുന്നു. കോട്ടയല്ല, പക്ഷേ കോട്ടകൾക്കൊപ്പം നിന്ന് മാഹിയെ കാത്ത ഒരു പ്രധാന പ്രതിരോധ നിർമ്മിതി.
ഗവൺമെന്റ് ഹൗസ് – പഴയ കോട്ട
സ്ഥലം മാഹി പ്രൊമനേഡ് റോഡിന്റെ അവസാനം, ഇന്നത്തെ മാഹി അഡ്മിനിസ്ട്രേറ്റീവ് ഹെഡ്ക്വാർട്ടേഴ്സ്
ചരിത്രം പറയുമ്പോൾ കൊളോണിയൽ കാലത്ത് ഗവർണറുടെ മാൻഷൻ ആയിരുന്ന ഈ കെട്ടിടം ഒരുകാലത്ത് ‘മാഹി കോട്ട’യുടെ ഭാഗമായിരുന്നു. ഏകദേശം 1754 ൽ പണിതതാണെന്ന് പറയപ്പെടുന്നു.
ഇപ്പോൾ ഗവൺമെന്റ് ഹൗസ് എന്നാണ് അറിയപ്പെടുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ല, പക്ഷേ അനുവാദം ചോദിച്ചാൽ അകം കാണാം. പഴയ തറയോടുകളും ഓയിൽ പെയിന്റിംഗുകളും ഇപ്പോഴും ഉണ്ട്. പഴയകോട്ടകളിൽ നിന്ന് ലഭിച്ച ശേഷിപ്പുകൾ ഇവിടെ ഒരു ചെറിയ മ്യൂസിയമായി സംരക്ഷിച്ചുവരുന്നു
ഒതേനൻ കോട്ട കോഴിക്കോട് – കണ്ണൂർ ദേശീയപാതയ്ക്ക് സമീപം, മിനി സിവിൽ സ്റ്റേഷന് അടുത്ത്
വടക്കൻ മലബാറിലെ നാടോടി വീരനായ തച്ചോളി ഒതേനൻ പണിതതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഫ്രഞ്ച് കോട്ടയല്ല. ഇപ്പോൾ അവശിഷ്ടങ്ങൾ മാത്രം.
മാഹിയിലെ കോട്ടകളെല്ലാം ഇന്ന് അവശിഷ്ടങ്ങൾ മാത്രമാണ്. പൂർണ്ണ രൂപത്തിൽ ഒരു കോട്ടയും നിലനിൽക്കുന്നില്ല. 1724 ൽ ആണ് ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി മാഹിയിൽ ആദ്യത്തെ കോട്ട പണിതത്.
പുരാവസ്തു വകുപ്പും പുതുച്ചേരി സർക്കാരും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ മാഹിക്ക് അതിന്റെ ആത്മാവ് നഷ്ടമാകും. മൂപ്പൻ സായിപ്പിന്റെ ബംഗ്ലാവും മുനിസിപ്പൽ ഓഫീസും വെറും കെട്ടിടങ്ങളല്ല. മാഹി എന്ന നഗരത്തിന്റെ ഓർമ്മയും അഭിമാനവുമാണ്. ചരിത്രം മായുമ്പോൾ ഒരു നാടിന്റെ വേരുകളാണ് അറ്റുപോകുന്നത്.
ഇത്രയും പറഞ്ഞത് ഒരു മുന്നറിയിപ്പ് കൂടിയാണ്.
ഇനിയും വൈകിയാൽ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ നമ്മുടെ പൈതൃക പുരാവസ്തുക്കൾ വീണ്ടെടുക്കാനാവാത്ത വിധം നഷ്ടമാകും. അത് തടയാൻ ഫ്രഞ്ചുകാർ ബാക്കിവെച്ച പൈതൃകം നമ്മൾ സംരക്ഷിക്കണം.
അങ്ങനെയായാൽ മയ്യഴി മികച്ച ഒരു ടൂറിസം കേന്ദ്രമാകും. ഹാർബർ പൂർത്തിയാകുന്നതോടെ വെള്ളിയാങ്കല്ലിലേക്കും ലക്ഷദ്വീപിലേക്കും യാത്രാസൗകര്യം ഒരുക്കാനും കഴിയും.
അല്പം അതിരുകടന്ന സ്വപ്നമാണെങ്കിലും പറയട്ടെ? മയ്യഴിക്ക് ഇരുവശവുമുള്ള കേരള പ്രദേശങ്ങളെ പണ്ടത്തെപ്പോലെ മയ്യഴിയോട് ചേർത്ത് ഒന്നാക്കാൻ കഴിഞ്ഞെങ്കിൽ…
അതുകൊണ്ടാണ് ഞാൻ എഴുത്തച്ഛന്റെ ഈ വരികൾ വീണ്ടും ഓർക്കുന്നത്:
പറഞ്ഞുവരുന്നത് ഇതാണ്
വിദേശ അധിനിവേശക്കാർ വിഘടിപ്പിച്ച ഭാരതത്തെ വീണ്ടും യോജിപ്പിച്ച് അഖണ്ഡ ഭാരതമായി മാറ്റുകയാണ് മോദിജിയുടെ ലക്ഷ്യം.
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ഹരിനാമകീർത്തനത്തിലെ വരികൾ ഇങ്ങനെ:
“ഒന്നുമാത്രമായ നിന്നെ ഈ ലോകത്ത് രണ്ടായി കണ്ടപ്പോൾ ഉണ്ടായ ദുഃഖം പറഞ്ഞറിയിക്കാൻ വയ്യ. പണ്ടത്തെ പോലെ ഒന്നായി അനുഭവിക്കാൻ നിന്റെ കൃപ ഉണ്ടാകണേ.”
ഇതിന്റെ പൊരുൾ: ആദിയിൽ ഒന്നായിരുന്നത് പിന്നീട് പലതായി പിരിഞ്ഞപ്പോൾ ഉണ്ടായ വേദന. ആ ഏകത്വം വീണ്ടെടുക്കാൻ ഈശ്വരകൃപ വേണം എന്ന പ്രാർത്ഥന.
മയ്യഴിയുടെ കാര്യത്തിലും ഈ അദ്വൈത ദർശനം തന്നെയാണ് വേണ്ടത്. വേർപെട്ടു കിടക്കുന്നവ ഒന്നാകണം.
ഇത്രയും എഴുതിയ സ്ഥിതിക്ക് ഒരു കാര്യം കൂടി സൂചിപ്പിച്ചു നിർത്താം വിഷയം മാഹി നഗരത്തിന്റെ
തീരസൗന്ദര്യത്തിലെ പ്രധാന അടയാളങ്ങളിൽ ഒന്നാണ് പഴയ ബോട്ട് ഹൗസ്. മാഹിയുടെ ടൂറിസ്റ്റ് ഭൂപടത്തിലും ഔദ്യോഗിക വെബ്‌സൈറ്റിലും ഇടംനേടിയ ഈ സ്ഥലം നിലവിൽ കടുത്ത അവഗണന നേരിടുകയാണ്. ഈ സാഹചര്യത്തിൽ, ബോട്ട് ഹൗസ് അടിയന്തരമായി പുനരുദ്ധരിച്ച് പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ വികസിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്ഥലത്തിന്റെ പ്രാധാന്യവും നിലവിലെ അവസ്ഥയും താരതമ്മ്യം ചെയ്യുമ്പോൾ ശ്രീ വത്സരാജിന്റെ ഭരണകാലത്ത് കൃത്യമായ ഫണ്ട് വകയിരുത്തി മികച്ച ലാൻഡ്സ്കേപ്പിംഗോടെയും പരിപാലനത്തോടെയും നിലനിർത്തിയിരുന്ന സ്ഥലമാണ് ബോട്ട് ഹൗസ്. എന്നാൽ ഇന്ന് ആ സ്ഥലം പൂർണമായും അവഗണിക്കപ്പെട്ടിരിക്കുന്നു.
നിലവിലെ പ്രധാന പ്രശ്നങ്ങൾ:
രാത്രിയിൽ വെളിച്ചമില്ല കൂരിരുട്ടായതിനാൽ സുരക്ഷാ ഭീഷണിയും സാമൂഹ്യവിരുദ്ധ ശല്യവും നിലനിൽക്കുന്നു.
പരിസര ശുചിത്വമില്ലായ്മയേപ്പറ്റി പറയുമ്പോൾ അവിടെയുള്ള ചെറിയ താമരവിരിഞ്ഞു നിന്ന പോണ്ട് ഇന്ന് വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വളരുന്നു. ചുറ്റും കാടുപിടിച്ച് പാമ്പുശല്യത്തിന് സാധ്യതയുണ്ട്.
കൃത്യമായ പരിപാലനമില്ലാത്തതിനാൽ ഏറെ ഉപകാരപ്രദമായിരുന്ന കെട്ടിടവും സ്ഥലവും നശിച്ചുകൊണ്ടിരിക്കുന്നു.
തീരദേശ നടപ്പാതയുടെ ഒന്നാം ഘട്ടവും – മൂന്നാം ഘട്ടവും പൂർത്തിയായി. മൂന്നാം ഘട്ടം വന്നവസാനിക്കുന്നത് ബോട്ട് ഹൗസിലാണ്. ഇടയിലുള്ള രണ്ടാം ഘട്ടം കൂടി പൂർത്തിയായാൽ നടപ്പാതയുടെ കണക്റ്റിവിറ്റി പൂർണമാകും. ഇതോടെ പൊതുജനങ്ങൾക്ക് കാൽനടയായി ബോട്ട് ഹൗസിൽ എത്താൻ കഴിയും. ഇത് പ്രദേശത്തെ ഒരു പ്രധാന വിശ്രമകേന്ദ്രവും സാമൂഹിക ഇടവുമാക്കി മാറ്റും.
ബോട്ട് ഹൗസും പരിസരവും മികച്ച രീതിയിൽ വികസിപ്പിക്കാൻ അനുയോജ്യമായ സ്ഥലമാണ്. നിലവിലുള്ള കെട്ടിടത്തിൽ തന്നെ ഒരു ഹോട്ടലും കോഫീ ഷോപ്പും ആരംഭിക്കാൻ സൗകര്യമുണ്ട്. ഇത് സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രയോജനപ്പെടും.
ഈ സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു:
വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുക, കാട് വെട്ടിത്തെളിക്കുക, കുളങ്ങൾ വൃത്തിയാക്കുക, കെട്ടിടത്തിന്റെ കേടുപാടുകൾ തീർക്കുക.
സ്ഥലത്തിന്റെ ദീർഘകാല പരിപാലനവും നടത്തിപ്പും സുതാര്യമായ ലേലത്തിലൂടെയോ B.O.T, Build – Operate – Transfer, അടിസ്ഥാനത്തിലോ താൽപര്യമുള്ള സ്വകാര്യ സംരംഭകർക്ക് കൈമാറുക.
നടപ്പാത രണ്ടാം ഘട്ടം ബോട്ട് ഹൗസിന്റെ സാധ്യത പൂർണമായി ഉപയോഗിക്കാൻ നടപ്പാതയുടെ രണ്ടാം ഘട്ടം വേഗത്തിൽ പൂർത്തീകരിക്കുക.
രാത്രികാല വെളിച്ചവും ശുചിത്വവും ഉറപ്പാകുന്നതോടെ കുടുംബങ്ങൾക്ക് ധൈര്യമായി വരാൻ കഴിയും.
മാഹിയുടെ ടൂറിസം ഭൂപടത്തിലെ പ്രധാന ആകർഷണമായി ബോട്ട് ഹൗസ് മാറും.
നേരിട്ടും അല്ലാതെയും പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
മുനിസിപ്പാലിറ്റിക്ക് ലേലത്തിലൂടെയോ പാട്ടത്തിലൂടെയോ സ്ഥിര വരുമാനം ലഭിക്കും.
മാഹിയുടെ പൈതൃകവും സൗന്ദര്യവും വിളിച്ചോതുന്ന ഈ ബ്ലോഗിൽ എഴുതിയതുപോലെ എടുത്തുപറഞ്ഞിരിക്കുന്ന സ്ഥലങ്ങളും കെട്ടിടങ്ങൾക്കും ശാപമോക്ഷം നൽകി അവഗണനയുടെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ അങ്ങയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഈ വിഷയത്തിൽ അനുകൂല നടപടി സ്വീകരിച്ച് നാടിന്റെ അഭിമാനമായി മാറേണ്ട റസിഡൻസ് അസോസിയേഷനോടും, മറ്റു സന്നദ്ധ സംഘടനകളോടും പറയാനുള്ളത് ഈ ഇടം സംരക്ഷിക്കുവാൻ തുനിഞ്ഞിറങ്ങേണ്ട നിങ്ങൾ മുട്ടാപ്പോക്കു ന്യായങ്ങൾ നിരത്തി ഇല്ലായ്മ്മചെയ്യരുത് എന്ന് മാത്രം .
നല്ല വർണ്ണമനോഹരമായ സുഗന്ധം പരത്തുന്ന റോസാച്ചെടിയുടെ സൗന്ദര്യം ആസ്വദിക്കാതെ അതിന്റ കമ്പിന് മുള്ളുണ്ടന്നു പറഞ്ഞു അതിനെ വെട്ടി നശിപ്പിക്കരുത് എന്ന് മാത്രം പറഞ്ഞു നിർത്തട്ടെ !
വിശ്വസ്തതയോടെ,
മഠത്തിൽ ബാബു ജയപ്രകാശ്………….✍️ My Watsapp Contact No 9500716709
