ബാർ ഷെൽഫിലെ    CRACKED ചിന്തകൾ……!  KC ? VD ? Or RC ?

 

Time Taken To Read 4 Minutes

ബാർ ഷെൽഫിലെ രാഷ്ട്രീയ ചിന്തകൾ – KC വേണോ, VD വേണോ, അതോ RC വേണോ?

കേരള ജനതയുടെ ഇടയിൽ ഇപ്പോൾ ഏറ്റവും വലിയ ചോദ്യം ഇതാണ് “ഒരു പെഗ്ഗ് അടിക്കാൻ നേരത്ത് ഏത് ബോട്ടിൽ തുറക്കും?” ക്ഷമിക്കണം, “അടുത്ത മുഖ്യമന്ത്രി ആരാകും?” എന്നാണ് ഉദ്ദേശിച്ചത്. രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് ട്രോളന്മാർ പറയുന്നു.

ബാർ അറ്റൻഡർ വന്നു മൂന്ന് കുപ്പികൾ വെച്ചിട്ടു ഓർഡറിനായി കാത്തു നിന്നു. ഓരോന്നിനും അതിന്റേതായ ‘കിക്കും’ ‘ടേസ്റ്റും’ ഉണ്ട്. 

KC – കെനിയ കെയ്ൻ അഥവാ ‘കരുത്തൻ കെയ്ൻ’ . 

‘ട്രിപ്പിൾ ഡിസ്റ്റിൽഡ്’ ആണ് കക്ഷി. അതായത് മൂന്ന് തവണ അരിച്ചെടുത്ത പരിചയം. ഡൽഹിയിലെ ഹൈക്കമാൻഡ് ബാറിലെ സ്ഥിരം ബ്ലെൻഡർ. “സ്മൂത്ത്” ആണെന്ന് ലേബലിൽ എഴുതി വെച്ചിട്ടുണ്ട്. 

പക്ഷെ ലോക്കൽ പീടികയിൽ ഇറക്കുമ്പോൾ ചിലപ്പോൾ കുറച്ച് ‘ഹാർഡ്’ ആകും എന്നാണ് പഴമക്കാർ പറയുന്നത്. 

ദേശീയ ലെവലിൽ ‘സുപ്പീരിയർ ക്വാളിറ്റി’ ആണെങ്കിലും കേരളത്തിലെ ‘ലോക്കൽ വാറ്റിന്’ പിടികൊടുക്കുമോ എന്നാണ് ആശങ്ക.

VD 1990 – വിൻ്റേജ് ഡെസ്സേറ  

ഇതൊരു ‘ഡ്രൈ റെഡ് വൈൻ’ ആണ്. പേര് സൂചിപ്പിക്കുന്നത് പോലെ 1990 മുതലേ ‘ഫെർമെന്റ്’ ചെയ്ത് വരികയാണ്. ‘സിറാ, മെർലോ’ ഒക്കെ ചേർത്ത് നല്ലവണ്ണം ‘ബ്ലെൻഡ്’  ചെയ്തു ഓക്ക് വീപ്പയിലിട്ട് തെയ്യാറാക്കിയത് . 

സഭയിൽ ‘ചിയേഴ്സ്’ പറയുമ്പോൾ നല്ല ‘കിക്കും ‘ടേസ്റ്റും’ ഉണ്ടെന്ന് ആരാധകർ. പക്ഷെ എതിർ ചേരിയിലുള്ളവർ പറയും, “വൈൻ ആണെങ്കിലും ചിലപ്പോൾ പുളിക്കും”. പാർട്ടിയുടെ ‘സെല്ലാറിൽ’ ഏറ്റവും പഴക്കമുള്ളതും പക്വതയുള്ളതും ഇതുതന്നെ. ‘സെക് ശരാബ്’ എന്ന് ലേബലിൽ തന്നെ എഴുതിയിട്ടുണ്ട് – അതായത് ഡ്രൈ ആണ്, കാര്യങ്ങൾ നേരെ പറയും.

RC – റോയൽ ചലഞ്ച് അഥവാ ‘സ്ഥിരം ചലഞ്ചർ’  

‘എക്സ്ക്ലൂസീവ് സ്മൂത്ത് ബ്ലെൻഡ്’ എന്നാണ് വാഗ്ദാനം. കുപ്പിയിൽ കിരീടം വെച്ച സിംഹത്തിന്റെ പടവുമുണ്ട്. രാജകീയമായി കസേര ലക്ഷ്യം വെച്ച് വർഷങ്ങളായി ‘ചിയേഴ്സ്’ അടിക്കുന്നു. 

‘പ്രീമിയം ഗോൾഡ്’ ആണെങ്കിലും ഇതുവരെ ‘ഗോൾഡ് മെഡൽ’ കിട്ടിയിട്ടില്ല എന്നതാണ് സങ്കടം. “ഇത്തവണ എന്റെ ഊഴമാണ്” എന്ന് ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ‘പെഗ്ഗ്’ ഗ്ലാസ് ഉയർത്തും. ‘മാൾട്ടും ഗ്രെയിനും’ ചേർത്ത ഇന്ത്യൻ നിർമ്മിതം ആയതുകൊണ്ട് ‘ലോക്കൽ കണക്ഷൻ’ കൂടുതലാണെന്ന് വാദമുണ്ട്.

ഇനി എന്താണ്  പ്രശ്നം? 

ഇതിനിടയിൽ ബാർ തുറന്നു പുറത്തു കാത്തിരുന്നവരെല്ലാം ബാറിലേക്ക് പ്രവേശിച്ചു, പക്ഷെ കസ്റ്റമർക്ക് കൺഫ്യൂഷൻ. “KC വേണോ VD വേണോ അതോ RC വേണോ?” 

മൂന്ന് പേരും ഒരേ ‘കൗണ്ടറിൽ’ നിരന്നു നിൽക്കുന്നു. ഒരാൾ പറയുന്നു “ഞാനാണ് ഏറ്റവും സ്മൂത്ത്”. മറ്റേയാൾ പറയുന്നു “എനിക്കാണ് പഴക്കവും ടേസ്റ്റും”. മൂന്നാമൻ പറയുന്നു “കിരീടം എനിക്കുള്ളതാണ്”.

ഹൈക്കമാൻഡ് എന്ന ‘ബാർ മാനേജർ’ ഇടയ്ക്ക് വന്ന് പറയും: “ക്ഷമിക്കണം,  വേഗം ഒരു ഐക്യത്തിലെത്തൂ ഇല്ലെങ്കിൽ ഞാൻ ഇരു തീരുമാനത്തിൽ എത്തും അത് പിന്നെ … നിങ്ങൾ ഇതുവരെ കേൾക്കാത്ത ബ്രാൻഡ് ആയിരിക്കും ചിലപ്പോൾ K M  അല്ലെങ്കിൽ മേനേജർ മുൻപ്  പറഞ്ഞതുപോലെ ലേഡി ഡ്രിങ്ക് ആയ B K അല്ലെങ്കിൽ . R H മാവും.നിങ്ങളുടെ ചോയ്‌സ് അടുത്ത ലോട്ട് വരുമ്പോൾ നോക്കാം”. അണികൾ ‘ഹാങ്ങ് ഓവർ’ മാറാതെ കാത്തിരിക്കുന്നുണ്ട് . ചിലരൊക്കെ ഹാങ്ങ് ഓവർ തെരുവിലും ഇറങ്ങിയിട്ടുണ്ട്

ഏതായാലും കേരളത്തിലെ രാഷ്ട്രീയ ‘ബാറിൽ’ ഇപ്പോൾ ‘ഹാപ്പി അവേഴ്സ്’ അല്ല. എല്ലാവരും ‘ലാസ്റ്റ് റൗണ്ട്’ ആർക്കായിരിക്കും എന്ന് നോക്കി ഇരിപ്പാണ്.

ബാർ അറ്റൻഡറുടെ ചെറിയൊരു ഉപദേശം

മദ്ദ്യം കുടിക്കുന്നവൻ ഉന്മത്തനാകുന്നു 

ഉന്മത്തനാകുന്നവൻ ഉറങ്ങുന്നു ഉറങ്ങുന്നവർ പാപംചയ്യുന്നില്ല 

പാപം ചെയ്യാത്തവൻ സ്വർഗത്തിലേക്ക് പോകുന്നു …

മുന്നറിയിപ്പ്: ഈ ലേഖനം രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് വേണ്ടി മാത്രം. മദ്യപാനം ആരോഗ്യത്തിന് ഹാനികരം. 

പക്ഷെ രാഷ്ട്രീയം ചർച്ച ചെയ്യുന്നത് ആരോഗ്യത്തിന് നല്ല തല്ല – BP കൂടും, ഷുഗർ കൂടും, പക്ഷെ ബോറടിക്കില്ല.

വാൽക്കഷ്ണം: അവസാനം മൂന്ന് കുപ്പിയും മാറ്റിവെച്ച് ജനം ‘വേറെ മാർഗ്ഗം സ്വീകരിക്കുമോ  അതായത്  K M  –   B K  –  R H

K K  എന്നൊരു ബ്രാൻഡിന് വേണ്ടി ശ്രമിക്കുണ്ട് പക്ഷെ ബാർ തുറക്കുന്നതിലെ താമസം കണ്ടു അഭിപ്രായം പറഞ്ഞതിൽ അണികൾ ദേഷ്യത്തിലായതിനാൽ ആ ബ്രാൻഡ് ആർക്കും സ്വീകാര്യമല്ല എന്നാണ് കേൾവി.

വരും ദിനങ്ങളിൽ കാത്തിരുന്ന് കാണാം ജനങ്ങൾ ഏതു സ്വീകരിക്കുമെന്ന്?

മഠത്തിൽ ബാബു ജയപ്രകാശ്…………✍️ My Watsap Contact No – 9500716709

Leave a Comment